പശ്ചാത്തല സൗകര്യം

ദേശീയ സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ സമഗ്ര വികസന നിയന്ത്രണത്തിൽ പശ്ചാത്തല സൗകര്യങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. പ്രധാനപ്പെട്ട പശ്ചാത്തലമേഖലകളായ റോഡുകൾ, റോഡ്ഗതാഗതം, ജലഗതാഗതം, തുറമുഖങ്ങൾ, ഊര്‍ജ്ജം, നഗരവികസനം, വാര്‍ത്താവിനിമയം, കായികം എന്നിവയാണ് പ്രസ്തുത വിഭാഗത്തിൽ ഊന്നൽ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ പശ്ചാത്തല മേഖലയിലുണ്ടാകുന്ന പരിവര്‍ത്തനങ്ങൾ വിദേശ സംരഭത്വം വര്‍ദ്ധിപ്പിക്കുന്നതിന് സഹായമാകുന്നു. സമഗ്ര പശ്ചാത്തല സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് വിവിധ സര്‍ക്കാർ പദ്ധതികൾ, പരിപാടികൾ, നയം എന്നിവയാണ് ഈ അദ്ധ്യായം പ്രതിപാദിക്കുന്നത്. പദ്ധതി മുഖേനയും, പ്രധാനപ്പെട്ട നൂതന സ്ഥാപനമായ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റമെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) മുഖേനയും പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാവുന്നതാണ്. കേരളത്തിൽ, സാമ്പത്തിക വളർച്ചയും, സാമൂഹ്യ പുരോഗതിയും ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് സമീപകാലത്ത് നൽകി വരുന്ന പ്രാധാന്യം തുടരേണ്ടതാണ്. തുല്യത ഉറപ്പാക്കുന്ന പ്രോജക്ടുകൾക്ക് ഊന്നൽ നൽകുന്ന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതു നിക്ഷേപങ്ങൾ കിഫ്ബി വഴി സമാഹരിക്കാവുന്നതാണ്.