മാനവ വികസനത്തിനുവേണ്ടിയുളള നിക്ഷേപത്തിൽ കേരളം പ്രസിദ്ധമാണ്. പൗരന്‍ന്മാര്‍ക്കു വേണ്ടിയുളള ക്ഷേമത്തിന് പ്രഥമ പരിഗണന നല്കുന്നതാണ് കേരളത്തിന്റെ വികസന ഗാഥയുടെ മുഖമുദ്ര. മാനവ വികസനത്തിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ദേശീയ – അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചു നേടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുളള സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, ശുചിത്വ പൂർണമായ പരിസ്ഥിതി എന്നീ മേഖലകളില്‍ നാലു മിഷനുകള്‍ക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്തേയ്ക്ക് കുടിയേറുന്നവര്‍ക്കുവേണ്ടിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭൂമിശാസ്ത്ര അതിരുകള്‍ക്കപ്പുറമുളള പ്രവാസി മലയാളികള്‍ക്കും വേണ്ടിയും സർക്കാർ നയപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായ രീതിയിലാണ് സമഗ്രമായ നയങ്ങളും പദ്ധതികളും രൂപകല്പന ചെയ്തിരിക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങളിലെയും ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ളതും ഏവർക്കും പ്രാപ്യവുമാണ്. വളരെ ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള ഈ സംസ്ഥാനത്ത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി 18 വയസ്സു് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസ വികസന സംവിധാനം നടപ്പാക്കി വരുന്നു. വളരെ കുറച്ചു വിഭാഗങ്ങള്‍ക്കൊഴികെ സംസ്ഥാനത്ത് കൊഴിഞ്ഞുപോകല്‍ അനുപാതം ഏതാണ്ട് പൂജ്യം ആണെന്നു തന്നെ പറയാവുന്നതാണ്. കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും, ഉയര്‍ന്ന സാമൂഹിക വികസനവുമുള്ള കേരളത്തിന്റെ സവിശേഷ വികസന പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് സ്തുത്യര്‍ഹമാണ്.
സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന്റെ അവസ്ഥയും നിലവാരവും വളരെ ശ്രദ്ധേയമാണെങ്കിലും പ്രത്യേകം സംബോധന ചെയ്യേണ്ട ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസത്തില്‍, കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി സ്കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കേണ്ടത് സുപ്രധാന കടമയാണ്. അക്കാദമിക നേട്ടങ്ങള്‍, നൈപുണ്യ വികസന വിദ്യാഭ്യാസം, പാഠ്യപദ്ധതിയില്‍ നൂതന സാങ്കേതിക വിദ്യ നടപ്പാക്കുക, നിലവാരം ഉയര്‍ത്തുന്നതിനും വൈദഗ്ദ്ധ്യം നേടുന്നതിനും അദ്ധ്യാപകര്‍ക്ക് നൂതന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, കലാകായികയിനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകമായി പരിപാടികള്‍ തയ്യാറാക്കുക, ലിംഗപദവി പഠനം തുടങ്ങിയവയാണ് പ്രത്യേകമായി സംബോധന ചെയ്യേണ്ട പ്രധാന പ്രശ്നങ്ങള്‍. അക്കാദമിക മികവും എല്ലാവരെയും ഉള്‍പെടുത്തലും പദ്ധതികളുടെ പ്രാഥമിക കര്‍ത്തവ്യമായി കരുതുമ്പോള്‍ തന്നെ ഉല്‍പ്പാദന- ഉന്നത വിദ്യാഭ്യാസ മേഖലയുടെയും മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെയും ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി പ്രവർത്തിക്കേണ്ടതാണ്.
വിദ്യാഭ്യാസമേഖലയിലെ ആധുനിക ആവശ്യങ്ങളും അതിന്റെ പ്രാധാന്യവും ഉള്‍ക്കൊണ്ട് 13-ാം പഞ്ചവത്സര പദ്ധതിയില്‍ സര്‍ക്കാര്‍ ഇടപെടലിനുള്ള പ്രധാന മേഖലകളില്‍ ഒന്നായി വിദ്യാഭ്യാസത്തെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. 2016-ല്‍ ആരംഭിച്ച നവകേരളാമിഷന്റെ നാലുഘടകങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ മിഷൻ അഥവാ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശാക്തീകരിക്കുന്നതിനു വേണ്ടി പാഠ്യപദ്ധതിയും ക്ലാസ്സ് മുറികളും നവീകരിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ മൂന്ന് മേഖലകളിലെ-സ്കൂള്‍, ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലെ-സുപ്രധാന വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേകിച്ച് പ്രത്യേക ഊന്നല്‍ നല്‍കേണ്ട പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. വിദഗ്ദ്ധരുമായുള്ള യോഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ശുപാര്‍ശകളും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രോജക്ട് പ്രൊപ്പോസലുകളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടുകള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് സമര്‍പ്പിക്കുകയുണ്ടായി.
പൊതുവിദ്യാഭ്യാസ നവീകരണ പ്രവര്‍ത്തനം ലക്ഷ്യം
സംഘടനയുടെ ഘടന
പൊതുവിദ്യാഭ്യാസ നവീകരണ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ചെയര്‍മാനും പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ മിഷന്‍ സെക്രട്ടറിയായും സംസ്ഥാനതല മിഷന്‍ രൂപീകരിക്കുകയുണ്ടായി. മിഷന്‍ സെക്രട്ടറിയായി ജില്ലാ കളക്ടറും അധ്യക്ഷനായി ജില്ലാ ആസൂത്രണ കമ്മിറ്റി ചെയര്‍പേഴ്സനും ഉള്‍പ്പെടുന്ന ജില്ലാതല മിഷനും രൂപീകരിച്ചിട്ടുണ്ട്. പ്രസ്തുത കാംമ്പയിനിന്റെ പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനായി സംസ്ഥാന-ജില്ലാതല ചുമതലാ സംഘടനകളെയും രൂപീകരിച്ചിട്ടുണ്ട്.
1000 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി നിലവാരമുയര്‍ത്തുക.
ഒരു സ്കൂളിനുവേണ്ടി മൊത്തം ചെലവിന്റെ 50ശതമാനം അല്ലെങ്കില്‍ പരമാവധി തുക 5 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കേണ്ടത്. ആവര്‍ത്തനചെലവുകള്‍ വഹിക്കുന്നതിനായുള്ള ബാക്കി തുക സ്കൂള്‍ പി.ടി.എയോ, മറ്റ് ഏജന്‍സികളോ വഹിക്കേണ്ടതാണ്. ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ 37 സ്കൂളുകളുടെ മാസ്റ്റര്‍ പ്ലാന്‍ കിറ്റ്കോ തയ്യാറാക്കുകയും പ്രസ്തുത സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുമുണ്ട്. രണ്ടാം ഘട്ടത്തില്‍ കിറ്റ്കോ 69 സ്കൂളുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും പ്രസ്തുത സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അവലംബം: പൊതുവിദ്യാഭ്യാസ വകുപ്പ്സാക്ഷരത കണക്കിലെടുക്കുമ്പോള്‍, 93.91ശതമാനം സാക്ഷരത നിരക്ക് നേടിക്കൊണ്ട് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ലക്ഷദ്വീപും (92.28ശതമാനം) മിസോറാമും (91.58ശതമാനം) കേരളത്തിന്റെ തൊട്ടു പുറകിലുണ്ട്. (സെന്‍സസ് ഓഫ് ഇന്ത്യ, 2011). 1951-ല്‍ 47.18 ശതമാനമായിരുന്ന കേരളത്തിലെ സാക്ഷരതാനിരക്ക് 2011 ആകുമ്പോള്‍ ഏകദേശം ഇരട്ടിയായിരിക്കുന്നു. 1951-ല്‍ 22ശതമാനം മായിരുന്ന സ്ത്രീ-പുരുഷ സാക്ഷരതാന്തരം 2011-ല്‍ 4.41 ശതമാനമായി താഴ്ന്നു. സ്ത്രീ സാക്ഷരതയില്‍ കേരളം 92 ശതമാനം നിരക്കോടെ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്നു. ഇത് ഏറ്റവും കുറവ് രാജസ്ഥാനിലാണ് (52.66 ശതമാനം). 1951 മുതല്‍ 2011 വരെയുള്ള സാക്ഷരതാ നിരക്കുകള്‍ അനുബന്ധം 4.1.1 -ല്‍ കൊടുത്തിരിക്കുന്നു.
സാക്ഷരതാ നിരക്കിന്റെ കാര്യത്തില്‍ ജില്ലകള്‍ തമ്മിലുള്ള വ്യതിയാനം തുലോം കുറവാണ്. കേരളത്തിന്റെ സാക്ഷരതാനിരക്ക് ജില്ലതിരിച്ച് വിശകലനം ചെയ്യുകയാണെങ്കില്‍ 96.93 ശതമാനത്തോടെ പത്തനംതിട്ടയാണ് ഏറ്റവും മുന്നില്‍. 96.41 ശതമാനത്തോടെ കോട്ടയം ജില്ലയും 96.26 ശതമാനത്തോടെ ആലപ്പുഴയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്കുള്ള ജില്ല പാലക്കാടാണ്. 88.49 ശതമാനം. ഇതിനു കാരണം ആകാവുന്ന വസ്തുത, ജില്ലയില്‍ ജനസംഖ്യയുടെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ അനുപാതം വളരെ കൂടുതലാണ് എന്നതാണ്. 74.44ശതമാനം ശരാശരി സാക്ഷരതയുള്ള പട്ടിക വര്‍ഗ്ഗ ജനസംഖ്യയുടെ 11.01 ശതമാനം ഈ ജില്ലയിലാണുള്ളത്(ജില്ലയിലെ എസ്.ടി. ജനസംഖ്യയുടെ അനുപാതം 1.67ശതമാനം ആണ്). പുരുഷ-സ്ത്രീ വിഭാഗം തിരിച്ചുള്ള ജില്ലകളിലെ സാക്ഷരതാ നിരക്കുകള്‍, 2005, 2015 വര്‍ഷങ്ങളിലേത്, അനുബന്ധം 4.1.2 -ല്‍ കൊടുത്തിരിക്കുന്നു.
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ സാക്ഷരതാ തുല്യതാ പദ്ധതികള്‍ നടപ്പാക്കുന്നത് പ്രേരകു(സാക്ഷരതാ പരിപാടി ഫീല്‍ഡ് തലത്തില്‍ പ്രചരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രതിനിധികള്‍)മാരെ ഉപയോഗിച്ചാണ്. സാക്ഷരതാ മിഷന്റെ തുല്യതാ പരിപാടിയിലൂടെ 2007-08 മുതല്‍ 2015-16 വരെ പ്രയോജനം ലഭിച്ച വ്യക്തികളുടെ എണ്ണം അനുബന്ധം 4.1.3 -ല്‍ കാണാം. 7-ാം തരം തുല്യതാ പരിപാടിയുടെ പരീക്ഷയ്ക്കിരുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണുന്നു. 2005-ല്‍ 11631 ആയിരുന്നത് 2016-ല്‍ 4939 ആയി കുറഞ്ഞു. ഇതിനര്‍ത്ഥം 7-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഇല്ലാത്തവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നാണ്.
മലയാളം നന്നായി എഴുതുവാനും വായിക്കാനും ലക്ഷ്യം വച്ചു കൊണ്ട് കുടിയേറ്റത്തൊഴിലാളികൾക്കായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പ്രത്യേക പരിപാടിയാണ് ചങ്ങാതി. സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയേറ്റ തൊഴിലാളികളുള്ള നഗരമായ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരസഭയിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2016 ഡിസംബർ 12 ന് പദ്ധതിയ്ക്ക് തുടക്കമിടുകയുണ്ടായി. ഈ പരിപാടിക്ക് 'ഹമാരി മലയാളം' (നമ്മുടെ മലയാളം) എന്ന പേരിൽ ഒരു പാഠപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, ആരോഗ്യകരമായതും ശുചിത്വമയവുമായ ജീവിതത്തിന്റെ ആവശ്യകത എന്നിവ ഈ പാഠപുസ്തകത്തിൽ ഉള്‍പെടുത്തിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് ദൈനംദിന ജീവിതത്തിൽ സൗകര്യപ്രദമായും സുതാര്യമായും പ്രാദേശിക ജനതയുമായി ഇടപെടാൻ കഴിയുന്ന വിധത്തിലാണ് ഈ പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുടിയേറ്റത്തൊഴിലാളികളെ തിരിച്ചറിയുന്നതിന്, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ നടത്തിയ സർവേയില്‍ 3211 തൊഴിലാളികളാനുള്ളത്. 432 കുടിയേറ്റത്തൊഴിലാളികളെ ഉൾപ്പെടുത്തികൊണ്ട് 'ചങ്ങാതി ' എന്ന പേരിൽ രജിസ്റ്റർ ചെയ്ത് ഈ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. മദ്രസ ഹാളുകൾ, ഫാക്ടറികൾ, ലൈബ്രറി ഹാളുകൾ, മറ്റ് പൊതുസ്ഥലങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ 27 ബാച്ചുകളിൽ ക്ലാസുകൾ നടന്നു വരുന്നു. പെരുമ്പാവൂരിലെ പരിപാടിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടം ഓരോ ജില്ലയിൽ നിന്നും ഒരു പ്രാദേശിക സ്ഥലം തിരഞ്ഞെടുക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സ്ഥലങ്ങളിൽ സർവേ നടത്തുകയും ചെയ്യുന്നുണ്ട്. രണ്ടാംഘട്ട പരിപാടിയില്‍ കുടിയേറ്റക്കാരുടെ ഹിന്ദിയിലെ സാക്ഷരതാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യപരമായ ജീവിതശൈലി കൈവരിക്കുന്നതിനു സഹായിക്കുന്നതിനുമായാണ് ലക്ഷ്യമിടുന്നത്. കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നല്‍കുന്നതിനും അവരെ ഈ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി പ്രാദേശിക സ്ഥാപനങ്ങളിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംസ്ഥാനത്തിലേക്ക് കുടിയേറിയ 25 ലക്ഷം തൊഴിലാളികൾക്ക് സംസ്ഥാന ഗവൺമെൻറിന്റെ ഈ പ്രത്യേക പദ്ധതി പ്രയോജനകരമായിരിക്കും
അവലംബം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി2016-17-ല്‍ കേരളത്തില്‍ 12981 സ്കൂളുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 4695 (36.17 ശതമാനം) എണ്ണം സര്‍ക്കാര്‍ സ്കൂളുകളായിരുന്നു. കൂടാതെ 7220 (55.62 ശതമാനം) എയ്ഡഡ് സ്കൂളുകളും 1066 (8.2 ശതമാനം) അണ്‍ എയ്ഡഡ് സ്കൂളുകളും ഉണ്ട്. സര്‍ക്കാര്‍ തലത്തിലെ അപ്പര്‍ പ്രൈമറി, ഹൈസ്കൂളുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ ലോവര്‍ പ്രൈമറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലും എയ്ഡഡ് സ്കൂളുകളുടെ എണ്ണം സര്‍ക്കാര്‍ സ്കൂളുകളുടേതിനേക്കാള്‍ കൂടുതലാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ മലപ്പുറം ജില്ലയിലാണ് (1558 എണ്ണം) തൊട്ടു പിന്നാലെ കണ്ണൂരും (1308 എണ്ണം), കോഴിക്കോടുമാണ് (1283 എണ്ണം). സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകളും (553 എണ്ണം) അണ്‍ എയ്ഡഡ് സ്കൂളുകളും (198 എണ്ണം) ഉള്ളതും മലപ്പുറത്തു തന്നെ. എന്നാല്‍ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എയ്ഡഡ് സ്കൂളുകള്‍ ഉള്ളത് (963 എണ്ണം). അനുബന്ധം 4.1.4 -ല്‍ ജില്ല/മാനേജ്മെന്റ്/തലം തിരിച്ച് 2016-17 ലെ കേരളത്തിലെ സ്കൂളുകളുടെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ 1436 സ്കൂളുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായ പാഠ്യപദ്ധതിയാണ് അനുവര്‍ത്തിച്ചുപോരുന്നത്. ഇതില്‍ 1229 സി.ബി.എസ്.ഇ. സ്കൂളുകളും, 157 ഐ.സി.എസ്.ഇ. സ്കൂളുകളും, 36 കേന്ദ്രീയവിദ്യാലയങ്ങളും, 14 നവോദയ വിദ്യാലയങ്ങളും ഉണ്ട്. എല്ലാ ജില്ലയിലും ഓരോ ജവഹര്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. കേരള സര്‍ക്കാര്‍ പാഠ്യപദ്ധതി അല്ലാത്ത പാഠ്യപദ്ധതി അനുവര്‍ത്തിക്കുന്ന 2016-17 വര്‍ഷത്തിലെ സ്കൂളുകളുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് അനുബന്ധം 4.1.5 -ല്‍ കൊടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ പശ്ചാത്തല വികസനവും സൗകര്യങ്ങളും
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും പ്രവര്‍ത്തിക്കുന്നത് ഉറപ്പുള്ള കെട്ടിടങ്ങളിലാണ്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 126 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കേണ്ടതുണ്ട്. കെട്ടിട സൗകര്യമുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് അനുബന്ധം 4.1.6 -ല്‍ കൊടുത്തിട്ടുണ്ട്. സംസ്ഥാനത്തുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ പശ്ചാത്തലവികസനവും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർവ്വശിക്ഷാ അഭിയാന്‍ പോലുള്ള പരിപാടികളും വളരെയെറെ സഹായിച്ചിട്ടുണ്ട്. കണക്കുപ്രകാരം 98.16 ശതമാനം സര്‍ക്കാര്‍ സ്കൂളുകളില്‍ കുടിവെള്ള സൗകര്യവും, 99.95 ശതമാനം സര്‍ക്കാര്‍ സ്കൂളുകളില്‍ മൂത്രപ്പുര/കക്കൂസ് സൗകര്യങ്ങളുമുണ്ട്. കുടിവെള്ളം/ മൂത്രപ്പുര/കക്കൂസ് സൗകര്യങ്ങളോടുകൂടിയ സര്‍ക്കാര്‍ സ്കൂളുകളുടെ 2017-18 ലെ ജില്ല തിരിച്ചുള്ള കണക്ക് അനുബന്ധം 4.1.7 -ല്‍ കാണാം.
വിദ്യാര്‍ത്ഥികളുടെ പ്രവേശനം
സംസ്ഥാനത്ത് സ്കൂളുകളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി കുറവ് കാണുന്നുണ്ട്. 2016-17-ല്‍ 37.02 ലക്ഷത്തില്‍ നിന്ന് 2017-18 (പ്രൊവിഷണല്‍)-ല്‍ 36.8 ലക്ഷമായി കുറഞ്ഞു. എന്നിരുന്നാലും എല്‍.പി. വിഭാഗത്തില്‍ 2016-17 നെ അപേക്ഷിച്ച് 2017-18 ല്‍ 18066 കുട്ടികളുടെ വര്‍ദ്ധനവ് വന്നിട്ടുണ്ട്. യു.പി. വിഭാഗത്തില്‍ ഇതേ കാലയളവില്‍ കുറഞ്ഞത് 11505 കുട്ടികളാണ്. ഹൈസ്കൂള്‍ വിഭാഗത്തിലാകട്ടെ 28641 കുട്ടികളുടെ കുറവാണ് ഇതേ കാലയളവില്‍ ഉണ്ടായത്. കേരളത്തിലെ സ്കൂളുകളില്‍ പ്രവേശനം ലഭിച്ച കുട്ടികളുടെ എണ്ണം വിഭാഗം തിരിച്ച് 2013-14 മുതല്‍ 2017-18വരെ അനുബന്ധം 4.1.8 -ല്‍ കൊടുത്തിരിക്കുന്നു. 2017-18-ല്‍ കേരളത്തിലെ സ്കൂളുകളിലെ ഉടമസ്ഥത തിരിച്ചും, ക്ലാസ് തിരിച്ചുമുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ അനുബന്ധം 4.1.9 -ല്‍ കൊടുത്തിരിക്കുന്നു. ജില്ല തിരിച്ച്, ഘട്ടം തിരിച്ച്, ആണ്‍-പെണ്‍ കണക്കുകള്‍ എണ്ണം തിരിച്ച് 2017-18-ല്‍ കേരളത്തിലെ സ്കൂളുകളില്‍ പ്രവേശനം നേടിയവരുടെ വിശദാംശങ്ങള്‍ അനുബന്ധം 4.1.10 -ല്‍ കൊടുത്തിരിക്കുന്നു. സ്കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ വന്ന കുറവ് ചിത്രം 4.1.2-ല്‍ കാണിക്കുന്നു.
സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തില്‍ ഒരു നല്ല മാറ്റം കഴിഞ്ഞ വർഷം സംഭവിച്ചിട്ടുണ്ട്. 2017-ൽ മുൻ വർഷത്തെ അപേക്ഷിച്ച് എൽ.പി. വിഭാഗത്തില്‍ 14,268 വിദ്യാർത്ഥികളുടെ വര്‍ദ്ധനവും സർക്കാർ സ്കൂളുകളില്‍ മാത്രം 8,070 വിദ്യാർത്ഥികളുടെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ജനസംഖ്യ വര്‍ദ്ധനവിലുള്ള മാറ്റത്തിന്റെ ഫലമായി കേരളത്തിലെ കുട്ടികളുടെ എണ്ണം വർഷങ്ങളായി കുറഞ്ഞു വരികയാണ്. എന്നിട്ടും സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നു പൊതു വിദ്യാലയങ്ങളിലെക്കുള്ള വിദ്യാർത്ഥികളുടെ മാറ്റം മൂലം ഉണ്ടായതാണ്. പട്ടികയിൽ കാണിക്കുന്നതുപോലെ, അൺ എയ്ഡഡ് സ്കൂളുകളിൽ എൻറോൾമെന്റ് കുറയുന്നുണ്ട്.
മാനേജ്മന്റ് | ക്ലാസ് തിരിച്ചുള്ള കണക്ക് | ആകെ I to X | ||||||
I | II | III | IV | ആകെ | V-VII | VIII-X | I-X | |
സര്‍ക്കാര്‍ | 5703 | 354 | 1346 | 667 | 8070 | -5192 | -2409 | 469 |
എയ്ഡഡ് | 6495 | -1243 | 216 | 1302 | 6770 | -5798 | -17143 | -16171 |
അ. എയ്ഡഡ് | -1122 | -63 | -128 | -615 | -572 | -2834 | -1729 | -5135 |
ആകെ മൊത്തം | 11076 | -826 | 1434 | 2584 | 14268 | -13824 | -21281 | -20837 |
അവലംബം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് |
പെണ്‍കുട്ടികളുടെ സ്കൂള്‍ പ്രവേശനം
സ്കൂളുകളിലെ ആകെയുള്ള വിദ്യാര്‍ത്ഥികളില്‍ 48.98 ശതമാനം പെണ്‍കുട്ടികളാണ്. എല്ലാ ജില്ലകളിലും ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളുടേതിനേക്കാള്‍ കൂടുതലാണ്. എന്നിട്ടും സ്കൂള്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ലിംഗസമത്വത്തിന്റെ വിടവ് കേരളത്തില്‍ തുലോം കുറവാണ്.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം
2017-18ലെ കണക്കു പ്രകാരം സംസ്ഥാനത്ത് ആകെയുള്ള വിദ്യാര്‍ത്ഥികളില്‍ 10.60 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരാണ്. സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ്, സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എണ്ണം യഥാക്രമം (13.48), (10.33), (4.13) ശതമാനമാണ്. സര്‍ക്കാര്‍ സ്കൂളുകളിലെ പട്ടികജാതി കുട്ടികളുടെ ശതമാനം പ്രൈവറ്റ് എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലേതിനേക്കാള്‍ കൂടുതലാണ്.
2017-18 -ല്‍ സംസ്ഥാനത്ത് ആകെ സ്കൂള്‍ പ്രവേശനം നേടിയ കുട്ടികളില്‍ 2.107 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇത് യഥാക്രമം 2017-18-ല്‍ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകളില്‍ (3.86), (1.44), (0.46) ശതമാനം വീതമാണ്. 2017-18 ലെ സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ക്ലാസ് തിരിച്ചുള്ള കണക്ക് അനുബന്ധം 4.1.11 -ല്‍ കൊടുത്തിരിക്കുന്നു. പട്ടിക ജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മൊത്തം കുട്ടികളില്‍ 4.38 ശതമാനം പട്ടികജാതി കുട്ടികളും 2.5 ശതമാനം പട്ടികവര്‍ഗ്ഗ കുട്ടികളും മാത്രമാണ് പ്രൈവറ്റ് അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയിരിക്കുന്നത്. ബാക്കിയുള്ള കുട്ടികള്‍ ഗവണ്‍മെന്റ് - പ്രൈവറ്റ് എയ്ഡഡ് സ്കൂളുകളിലായി പ്രവേശിക്കപ്പെട്ടിരിക്കുന്നു.
മാനേജ്മെന്റ് | മറ്റുള്ളവ | പട്ടികജാതി | പട്ടിക വര്‍ഗ്ഗം | ആകെ |
ഗവണ്‍മെന്റ് | 82.66 | 13.48 | 3.86 | 82.66 |
പ്രൈവറ്റ് എയ്ഡഡ് | 88.23 | 10.33 | 1.44 | 88.23 |
പ്രൈവറ്റ് അണ്‍എയ്ഡഡ് | 95.41 | 4.13 | 0.46 | 95.41 |
അവലംബം:-പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് |
കൊഴിഞ്ഞുപോകല്‍ നിരക്ക്
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ ഏറ്റവും കുറവ് കേരളത്തിലാണ്. 2016-17 ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ നിരക്ക് 0.22 ശതമാനമാണ്. യു.പി. തലത്തില്‍ ഉള്ളതിനേക്കാള്‍ കൊഴിഞ്ഞുപോകല്‍ നിരക്ക് എല്‍.പി, ഹൈസ്കൂള്‍ തലങ്ങളില്‍ ഉള്ളതായി കാണുന്നു. ഹൈസ്കൂള്‍ തലങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ ഉയരുന്നതായി കാണാം
സംസ്ഥാനത്തെ ജില്ലകളില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോകല്‍ ഉള്ളത് ഇടുക്കിയിലാണ് (0.55 ശതമാനം). യു.പി. തലത്തിലും (0.58 ശതമാനം) ഹൈസ്കൂള്‍ തലത്തിലും (2.8 ശതമാനം) വയനാട്ടിലാണ് കൊഴിഞ്ഞുപോകല്‍ കൂടുതല്‍. ജില്ല തിരിച്ചും ക്ലാസ് തിരിച്ചും 2016-17 ലെ കൊഴിഞ്ഞുപോകല്‍ നിരക്കുകള്‍ അനുബന്ധം 4.1.12 -ല്‍ കൊടുത്തിട്ടുണ്ട്. 2016-17 ലെ കണക്കനുസരിച്ച് കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ 0.26 ശതമാനവും, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ കൊഴിഞ്ഞുപോകല്‍ 2.27 ശതമാനവുമാണ്. കേരളത്തിലെ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ 2016-17- ലെ ജില്ല തിരിച്ചും ക്ലാസ് തിരിച്ചുമുള്ള കൊഴിഞ്ഞുപോകലിന്റെ വിശദവിവരങ്ങള്‍ അനുബന്ധം 4.1.13 -ലും 4.1.14 -ലും കൊടുത്തിരിക്കുന്നു.
അധ്യാപകരുടെ എണ്ണം
റ്റി.റ്റി.ഐ. അധ്യാപകര്‍ ഉള്‍പ്പെടെ കേരളത്തില്‍ ആകെ അധ്യാപകരുടെ എണ്ണം 2016-17 -ലെ കണക്കനുസരിച്ച് 163160 ആണ്. ഇതില്‍ 97457 (59.7 ശതമാനം) അധ്യാപകര്‍ എയ്ഡഡ് സ്കൂളുകളിലും 15457 (9.47 ശതമാനം) പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്കൂളുകളിലുമാണ് ജോലി ചെയ്യുന്നത്. ബാക്കി 30.8 ശതമാനം അധ്യാപകര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്നു. സംസ്ഥാനത്ത് ആകെയുള്ള അധ്യാപകരില്‍ 51.53 ശതമാനം ഹൈസ്കൂളുകളിലാണ് ജോലി ചെയ്യുന്നത്. ബാക്കിയുള്ളവരില്‍ 24.56 ശതമാനം യു.പി. സ്കൂളുകളിലും, 23.51 ശതമാനം എല്‍.പി. വിഭാഗം സ്കൂളുകളിലും, പിന്നെയും ബാക്കിയുള്ള 0.34 ശതമാനം ടി.ടി.ഐകളിലും പഠിപ്പിക്കുന്നു. സംസ്ഥാനത്ത് ആകെ അധ്യാപകരില്‍ 72.66 ശതമാനം സ്ത്രീകളാണ്. 2016-17-ല്‍ കേരളത്തില്‍ ഘട്ടം തിരിച്ചും മാനേജ്മെന്റ് തിരിച്ചുമുള്ള അധ്യാപകരുടെ എണ്ണം അനുബന്ധം 4.1.15 -ല്‍ കൊടുത്തിരിക്കുന്നു.
അണ്‍ ഇക്കണോമിക് സ്കൂളുകള്‍
വിദ്യാര്‍ത്ഥികളുടെ എണ്ണം പര്യാപ്തമല്ലാത്ത (ഒരു ക്ലാസ്സില്‍ ശരാശരി 15 കുട്ടികളെക്കാള്‍ കുറവ്) സ്കൂളുകളെയാണ് അണ്‍ഇക്കണോമിക് എന്ന് പറയുന്നത്. 2016-17 ലെ കണക്ക് പ്രകാരം കേരളത്തില്‍ 5723 അണ്‍ ഇക്കണോമിക് സ്കൂളുകളുണ്ട്. ഇത് കഴിഞ്ഞവര്‍ഷത്തേക്കാളും 142എണ്ണം കൂടുതലാണ്. ഇതില്‍ 2589 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 3134എയ്ഡഡ് സ്കൂളുകളുമാണ്. ജില്ല തിരിച്ചുള്ള വിശകലനം കാണിക്കുന്നത് ഏറ്റവും കൂടുതല്‍ അണ്‍ ഇക്കണോമിക് സ്കൂളുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണെന്നാണ് (737 എണ്ണം). കോഴിക്കോട് (603), കോട്ടയം (562) എന്നിവയാണ് തൊട്ടു പുറകില്‍. എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ അണ്‍ ഇക്കണോമിക് സ്കൂളുകള്‍ ഉള്ളത് കണ്ണൂരും (583), തൊട്ടുപുറകില്‍ കോഴിക്കോടു(426)മാണ്. സര്‍ക്കാര്‍ മേഖലയില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അണ്‍ ഇക്കണോമിക് സ്കൂളുകളുള്ളത് (283 എണ്ണം), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് (281 എണ്ണം). സര്‍ക്കാര്‍ മേഖലയിലെ അണ്‍ ഇക്കണോമിക് സ്കൂളുകളില്‍ 73.23 ശതമാനം എല്‍.പി. സ്കൂളുകളാണ്. എയ്ഡഡ് മേഖലയിലും 78.05 ശതമാനം അണ്‍ഇക്കണോമിക് സ്കൂളുകള്‍ എല്‍.പി. വിഭാഗത്തിലാണ്. ജില്ല തിരിച്ച് 2016-17 ലെ കേരളത്തിലെ അണ്‍ ഇക്കണോമിക് സ്കൂളുകളുടെ വിശദവിവരങ്ങള്‍ അനുബന്ധം 4.1.16 -ല്‍ കൊടുത്തിരിക്കുന്നു.
സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ)
6 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഉപയോഗപ്രദവും പ്രസക്തവുമായ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായി 2000-2001-ല്‍ ആവിഷ്ക്കരിച്ചതാണ് സർവ്വശിക്ഷാ അഭിയാന്‍. സാമൂഹിക, സാമ്പത്തിക, പ്രാദേശിക, ലിംഗ വ്യത്യാസങ്ങള്‍ തടസ്സമാവാതെ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ സ്കൂളുകൾ നടത്തി കൊണ്ടു പോകുന്നു. മാനേജ്മെന്റ് നടപ്പിലാക്കുന്നു. സ്കൂളുകളുടെ ഭൗതിക അടിസ്ഥാന സൗകര്യ വികസനം, കുട്ടികള്‍ക്ക് സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യുക, പെണ്‍കുട്ടികളുടെ സ്കൂള്‍ പ്രവേശനം പ്രോത്സാഹിപ്പിക്കുക, അദ്ധ്യാപക പരിശീലനം തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പത്താം പഞ്ചവത്സര പദ്ധതിയില്‍ 75:25 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് വകയിരുത്തിയിരുന്നു. ഫണ്ടിങ്ങ് രീതി 60:40 എന്ന അനുപാതത്തിലാക്കി മാറ്റിയിട്ടുണ്ട്.
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സെക്കണ്ടറി വിദ്യാഭ്യാസം പുനഃക്രമീകരിക്കുന്നതിനുവേണ്ടിയാണ് ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ 1990-91 കാലയളവില്‍ സംസ്ഥാനത്ത് നിലവില്‍ വന്നത്. 2016-ല്‍ സംസ്ഥാനത്ത് 2073 ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ നിലവിലുണ്ട്. അതില്‍ 833 എണ്ണം (40.18 ശതമാനം) സര്‍ക്കാര്‍ സ്കൂളുകളാണ്; 854 എണ്ണം (41.2 ശതമാനം) എയ്ഡഡ് സ്കൂളുകളും ബാക്കി 386 എണ്ണം (18.62 ശതമാനം) അണ്‍എയ്ഡഡ്/ ടെക്നിക്കല്‍ സ്കൂളുകളുമാണ്. ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ മലപ്പുറത്താണ് (248 എണ്ണം), തൊട്ടു പിന്നാലെ യഥാക്രമം എറണാകുളവും (209 എണ്ണം) തൃശൂരുമാണ് (204 എണ്ണം).
2017-ല്‍ 7,245 ബാച്ച് ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ ഉണ്ടായിരുന്നു. ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ പ്രവേശനം നേടിയത് 382,051 പേരാണ്. ഏറ്റവും കൂടുതല്‍ ബാച്ചുകള്‍ കോഴിക്കോട് ജില്ലയിലാണ് (1,052 എണ്ണം). ഇവിടെ 56,802 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നു. ജില്ല/മാനേജ്മെന്റ് തിരിച്ചുള്ള ഹയര്‍സെക്കണ്ടറി സ്കൂളുകളുടെ എണ്ണവും ബാച്ചുകളും അനുബന്ധം 4.1.17 –ല്‍ കൊടുത്തിട്ടുണ്ട്. ജില്ലതിരിച്ച് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവേശനം നേടിയ കുട്ടികളുടെ കണക്കുകള്‍ അനുബന്ധം 4.1.18 -ല്‍ കാണാം.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 2015-16-ല്‍ 73.18 ശതമാനമായിരുന്നത് 2016-17-ല്‍ 70.91 ശതമാനമായി കുറഞ്ഞു. 2017-ല്‍ 11911 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 3,053,737 വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. ഇതിന്റെ വിശദവിവരങ്ങള്‍ അനുബന്ധം 4.1.19, 4.1.20 എന്നിവിടങ്ങളില്‍ കൊടുത്തിട്ടുണ്ട്. 2015-16 നെ അപേക്ഷിച്ച് 2016-17-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വിജയശതമാനവും കൂടിയതായി കാണുന്നു. 57.77 ശതമാനത്തില്‍ നിന്ന് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 59.42 ശതമാനമായി കൂടിയപ്പോള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 58.12 ശതമാനത്തില്‍ നിന്നും 58.13 ശതമാനമായി കൂടുകയുണ്ടായി. വിശദവിവരങ്ങള്‍ അനുബന്ധം 4.1.21, 4.1.22 എന്നിവയിലുണ്ട്.
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം സംസ്ഥാനത്ത് ആരംഭിക്കുന്നത് 1983-84 കാലഘട്ടത്തിലാണ്. നേരിട്ടുള്ള വ്യക്തിഗത തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക, എന്നീ ലക്ഷ്യങ്ങളോടെ പ്ലസ് ടു തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യമിടുന്നത്. 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലായി സംസ്ഥാനത്ത് 1,101 ബാച്ചുകളുണ്ട്. ഇതില്‍ 261 സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും, 128 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. 52 എണ്ണത്തോടെ ഏറ്റവും കൂടുതല്‍ വി.എച്ച്.എസ്.എസുകള്‍ ഉള്ള ജില്ല കൊല്ലവും തൊട്ടടുത്ത് 41 എണ്ണത്തോടെ തിരുവനന്തപുരവുമാണ്. 2017-18-ല്‍ ജില്ല തിരിച്ച് വിഎച്ച്.എസ്.എസ്. കളും കോഴ്സുകളും അനുബന്ധം 4.1.23 -ല്‍ കൊടുത്തിരിക്കുന്നു.
മാര്‍ച്ച് 2017 ലെ വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത് 81.5 ശതമാനമാണ്. മാര്‍ച്ച് 2016-ല്‍ ഇത് 74.92 ശതമാനമായിരുന്നു. 2010 മുതല്‍ 2017 വരെ വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതിയവരുടെയും പാസ്സായവരുടെയും എണ്ണവും സ്കൂളില്‍ പോകുന്ന കുട്ടികളുടെ റിസല്‍ട്ടുകളും അനുബന്ധം 4.1.24, 4.1.25 എന്നിവയില്‍ കാണാം.
സ്കൂൾ വിദ്യാഭ്യാസം സംബന്ധിച്ച 13-ാം പഞ്ച വത്സര പദ്ധതിയിലെ വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ട്
സ്കൂൾ വിദ്യാഭ്യാസത്തിലുള്ള വർക്കിങ് ഗ്രൂപ്പ് നാലു പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു. ആദ്യത്തേത് സ്കൂൾ കെട്ടിടങ്ങൾ, ക്ലാസ് റൂം സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, ജല ടാപ്പുകൾ, ലൈബ്രറികൾ, ലബോറട്ടറികൾ, ടോയ് ലറ്റുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ, നിലവാരം, ഉച്ച ഭക്ഷണ പരിപാടി, കാന്റീൻ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തേതിൽ വിദ്യാലയങ്ങളിൽ ഓൺലൈൻ സൗകര്യങ്ങൾ, സ്മാർട്ട് ക്ളാസ് മുറികൾ, അധ്യാപകരുടെ ഉന്നത നിലവാരത്തിലുള്ള പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നു. മൂന്നാമത് ലോകവ്യാപകമായി വിദ്യാഭ്യാസത്തിനുള്ള ഉന്നത നിലവാരത്തിനനുസരിച്ച് പാഠ്യപദ്ധതിയും സിലബിയും രൂപപ്പെടുത്തുന്നതാണ്. ആദിവാസികൾ, ദളിതര്‍, ഭാഷാ ന്യൂനപക്ഷ സമുദായങ്ങള്‍, തീരദേശ കുട്ടികൾ എന്നിവർ ഉൾപ്പെടുന്ന പാർശ്വവത്കരിക്കപ്പെട്ടവരും പിന്നോക്കാവസ്ഥയിലുള്ളവരുമായ കുട്ടികളുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതും ആവശ്യമാണ്. വികലാംഗരായ കുട്ടികൾക്ക് വേണ്ടിയുള്ള പാഠ്യപദ്ധതി നിലവിലെ സിസ്റ്റവുമായി സമന്വയിപ്പിക്കാനുള്ള പ്രാധാന്യവും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സർവ്വകലാശാലയും ഉന്നതവിദ്യാഭ്യാസവും
സംസ്ഥാനത്ത് ആകെ 14 സർവ്വകലാശാലകളുണ്ട്. ഇതില്‍ 4 സർവ്വ കലാശാലകള്‍- കേരള, മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ എന്നിവ - പൊതുസ്വഭാവമുള്ളതും, വിവിധ കോഴ്സുകള്‍ നടത്തുന്നവയും ആണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സർവകലാശാല, കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, കേരള കാര്‍ഷികസർവകലാശാല, കേരള ആരോഗ്യ സർവകലാശാല, കേരള മത്സ്യ, സമുദ്രോല്പന്ന പഠന സർവ്വകലാശാല, കേരള സാങ്കേതിക സർവകലാശാല തുടങ്ങിയവ പ്രത്യേക വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടുന്നതിന് സഹായകമായ കോഴ്സുകള്‍ നടത്തിവരുന്നു. ഇതുകൂടാതെ 2005-ല്‍ സ്ഥാപിതമായ നുവാല്‍സ് അഥവാ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ്, കാസര്‍ഗോഡ് സ്ഥാപിച്ച കേന്ദ്ര സർവ്വകലാശാല എന്നിവയും പ്രവര്‍ത്തിക്കുന്നു.
ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍
സംസ്ഥാനത്ത് 217 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ നിലവിലുള്ളതില്‍ 156 സ്വകാര്യ എയ്ഡഡ് കോളേജുകളും 61 സര്‍ക്കാര്‍ കോളേജുകളും ആണ്. എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉള്ളത് (25 എണ്ണം). തൊട്ടുപുറകില്‍ തിരുവനന്തപുരം, കോട്ടയം, (23 എണ്ണം) ജില്ലകളാണ്. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ കോളേജുകള്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് (10 എണ്ണം). 2016-17 ല്‍ സംസ്ഥാനത്ത് നിലവിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളുടെ എണ്ണം ജില്ല തിരിച്ച് അനുബന്ധം 4.1.26 -ല്‍ കൊടുത്തിരിക്കുന്നു. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് കോളേജുകൾക്കു പുറമെ ധാരാളം അൺഎയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളെജുകളുമുണ്ട്.
കോഴ്സന്റെ പേര് | ആകെ കുട്ടികള്‍ | പെണ്‍കുട്ടികള്‍ | ആണ്‍കുട്ടികള്‍ | പെണ്‍ട്ടികളുടെ ശതമാനം |
ബി.എ | 117,874 | 77,334 | 40,540 | 65.61 |
ബി.എസ്സ്.സി | 99,017 | 73,809 | 25,208 | 74.54 |
ബി.കോം | 42,519 | 26,819 | 5,700 | 63.08 |
ആകെ | 259,410 | 177,962 | 81,448 | 68.60 |
എം.എ | 13,733 | 9,307 | 4,426 | 67.77 |
എം.എസ്.സി | 16,772 | 11,705 | 5,067 | 69.79 |
എം.കോം | 5,632 | 4,009 | 1,623 | 71.18 |
ആകെ- ബിരുദാനന്തര ബിരുദം | 36,137 | 25,021 | 11,116 | 69.24 |
ആകെ- ബിരുദം, ബിരുദാനന്തര ബിരുദം | 295547 | 202983 | 92564 | 68.68 |
അവലംബം: കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്. |
വിദ്യാര്‍ത്ഥികളുടെ പ്രവേശനം
കേരളത്തിലെ നാല് സർവകലാശാലയ്ക്കു കീഴിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ 2016-17- ല്‍ 2.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട് (അണ്‍ എയ്ഡഡ് കോളേജുകള്‍ ഒഴികെ). ഇതില്‍ 2.03 ലക്ഷം (68.68ശതമാനം) പെണ്‍കുട്ടികളാണ്.
ബിരുദ പഠനത്തിന് പ്രവേശനം നേടിയിട്ടുള്ള കുട്ടികളില്‍ 45.43 ശതമാനം പേര്‍ ബി.എയ്ക്കും, 38.17 ശതമാനം പേര്‍ ബി.എസ്.സിയ്ക്കും, 16.39 ശതമാനം പേര്‍ ബി.കോമിനുമാണ് ചേര്‍ന്നിട്ടുള്ളത്. ബിരുദ പഠനത്തിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ 68.68 പേര്‍ പെണ്‍കുട്ടികളാണ്.
ബി.എ. ബിരുദ കോഴ്സിന് ആകെ 27 വിഷയങ്ങളാണുള്ളത്. സാമ്പത്തികശാസ്ത്രമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയ വിഷയം. ബി.എസ്.സി. കോഴ്സിനു കീഴില്‍ ആകെ 31 വിഷയങ്ങള്‍ പഠിക്കാം. ഇവിടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് ഗണിതശാസ്ത്രത്തിനാണ്. ബി.എ., ബി.എസ്.സി., ബി.കോം കോഴ്സുകളിലായി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ അനുബന്ധം 4.1.27, 4.1.28, 4.1.29 വരെ കൊടുത്തിരിക്കുന്നു. 2016-17 കാലഘട്ടത്തില്‍ കേരളത്തില്‍ 36137 വിദ്യാര്‍ത്ഥികള്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനം നേടി. ഇതില്‍ 69.24 ശതമാനം പെണ്‍കുട്ടികളാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ എം.എ, എം.എസ്.സി., എം.കോം കോഴ്സുകള്‍ക്ക് പ്രവേശനം നേടിയവരുടെ വിശദമായ കണക്കുകള്‍ അനുബന്ധം 4.1.30, 4.1.31, 4.1.32 വരെ ഉള്‍പ്പെടുത്തിയിരിക്കുന്നു (ബോക്സ് 4.1.4).
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റങ്ങൾ അനിവാര്യമാക്കുന്ന വശങ്ങളെ കുറിച്ച് വർക്കിംഗ് ഗ്രൂപ്പ് പരിശോധിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും, ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും, വിദ്യാർത്ഥികള്‍ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമായി അധ്യാപന-പഠന പ്രക്രിയ, ഗവേഷണം, അടിസ്ഥാന സൗകര്യം, നൈപുണ്യ വികസനം, നവീകരണം എന്നീ മേഖലകളിൽ വര്‍ക്കിംഗ് ഗ്രൂപ്പ് പ്രത്യേകം ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഈ വശങ്ങള്‍ പരിശോധിച്ചതിനു ശേഷം, 13-ാമത് പഞ്ചവത്സരപദ്ധതികളില്‍ ചില നിർദേശങ്ങളും പ്രോജക്ടുകളും നടപ്പിലാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ, എയ്ഡഡ് മേഖലകളിൽ മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ, വിവിധ തലങ്ങളിൽ നിരീക്ഷണ സംവിധാനങ്ങളും റിക്രൂട്ട്മെന്റ് പ്രക്രിയകളും ശക്തിപ്പെടുത്തുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് മികവിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ഭരണപരമായതും അക്കാദമികവുമായ ഘടനകളുടെ പുനര്‍ക്രമീകരണത്തിനുള്ള ശുപാർശകളും വർക്കിംഗ് ഗ്രൂപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
വർക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന ശുപാർശകൾ ഇവയാണ്:
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍
ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ യഥാക്രമം 33968 ഉം 4847 ഉം പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. 2016-17- ല്‍ പ്രവേശനം നേടിയ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 13.13 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരാണ്. ഇങ്ങനെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പ്രവേശനം നേടിയ പട്ടിക വിഭാഗത്തില്‍പ്പെട്ടവരില്‍ 72.02 ശതമാനം പെണ്‍കുട്ടികളാണ്.
2016-17-ല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പ്രവേശനം നേടിയവരില്‍ 5952 പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ 4623 പേര്‍ ബിരുദതലത്തിലും 1329 പേര്‍ ബിരുദാനന്തരബിരുദ തലത്തിലും പഠിക്കുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ 66.81 ശതമാനം പെണ്‍കുട്ടികളാണ്. 2016-17-ല്‍ കേരളത്തിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ ചേര്‍ന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ അനുബന്ധം 4.1.33 -ല്‍ കാണാം.
കോഴ്സിന്റെ പേര് | ആകെ കുട്ടികളുടെ എണ്ണം | പട്ടിക ജാതി കുട്ടികളുടെ എണ്ണം | പട്ടിക ജാതി കുട്ടികളുടെ ശതമാനം | പട്ടിക വര്‍ഗ്ഗ കുട്ടികളുടെ എണ്ണം | പട്ടിക വര്‍ഗ്ഗ കുട്ടികളുടെ ശതമാനം | ആകെ എസ്.സി-എസ്.റ്റി കുട്ടികള്‍ | എസ്.സി എസ്.റ്റി കുട്ടികളുടെ ശതമാനം |
ബി.എ | 117874 | 13685 | 11.61 | 2946 | 2.50 | 117874 | 13685 |
ബി.എസ്സ്.സി | 99017 | 14476 | 14.62 | 929 | 0.94 | 99017 | 14476 |
ബി.കോം | 42519 | 5807 | 13.66 | 748 | 1.76 | 42519 | 5807 |
ആകെകുട്ടികള്‍ - ബിരുദം | 259410 | 33968 | 13.09 | 4623 | 1.78 | 259410 | 33968 |
എം.എ | 13733 | 2125 | 15.47 | 702 | 5.11 | 13733 | 2125 |
എം.എസ്.സി | 16772 | 1996 | 11.90 | 494 | 2.95 | 16772 | 1996 |
എം.കോം | 5632 | 726 | 12.89 | 133 | 2.36 | 5632 | 726 |
ആകെകുട്ടികള്‍-ബിരുദാനന്തര ബിരുദം | 36137 | 4847 | 13.41 | 1329 | 3.68 | 36137 | 4847 |
ആകെ-ബിരുദം,ബിരുദാനന്തര ബിരുദം | 295547 | 38815 | 13.13 | 5952 | 2.01 | 295547 | 38815 |
അവലംബം: കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് |
സ്കോളര്‍ഷിപ്പുകള്‍
13 തരം കേന്ദ്ര - സംസ്ഥാനതല സ്കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ഇതില്‍ 2016-17 കാലത്ത് നല്‍കിയ സ്കോളര്‍ഷിപ്പുകളിൽ 4000 കേരള സംസ്ഥാന സുവര്‍ണ്ണ ജൂബിലി സ്കോളര്‍ഷിപ്പും, 11586 ജില്ല മെറിറ്റ് സ്കോളര്‍ഷിപ്പും 121215 പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പും ഉള്‍പ്പെടും. ഭാരത, കേരള സര്‍ക്കാരുകള്‍ നല്‍കിയ സ്കോളര്‍ഷിപ്പുകളുടെ വിശദാംശങ്ങള്‍ കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാപിച്ചിട്ടുള്ള എല്‍..ഇ.ഡി. ബോര്‍ഡില്‍ നിന്നും ലഭിക്കും. 2014-15 മുതല്‍ 2016-17 വരെ ഇങ്ങനെ നല്‍കിയ സ്കോളര്‍ഷിപ്പുകളുടെ വിവരം അനുബന്ധം 4.1.34 -ല്‍ കാണാം.
അധ്യാപകര്‍
സംസ്ഥാനത്തെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ 2016-17 ലെ അധ്യാപകരുടെ എണ്ണം 9742 ആണ്. ഇതില്‍ 56.12 ശതമാനം സ്ത്രീകളാണ്. 2014-15 മുതല്‍ 2015-16 വര്‍ഷങ്ങളില്‍ സര്‍ വകലാശാല തിരിച്ച് കേരളത്തിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ അധ്യാപകരുടെ എണ്ണം അനുബന്ധം 4.1.35 -ല്‍ കാണാം. ഇവരില്‍ 3343 പേര്‍ (34.31 ശതമാനം) പി.എച്ച്ഡി. ബിരുദമുള്ളവരാണ്. വിശദവിവരങ്ങള്‍ അനുബന്ധം 4.1.36 –ല്‍ കൊടുത്തിട്ടുണ്ട്. 2017-ല്‍ ഇതേ കോളേജുകളില്‍ 2393 പേര്‍ ഗസ്റ്റ് ലക്ചര്‍മാരായി ജോലിചെയ്തിട്ടുണ്ട്. ഇതിന്റെവിശദാംശങ്ങള്‍ അനുബന്ധം 4.1.37 -ല്‍ കാണാം.
കേരള ചരിത്രഗവേഷണ കൗണ്‍സില്‍(കെ.സി.എച്ച്.ആര്‍)
ചരിത്രത്തിലും പുരാവസ്തുഗവേഷണത്തിലും മറ്റ് സാമൂഹ്യ ശാസ്ത്രവിഷയങ്ങളിലും ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2001-ല്‍ സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള ചരിത്രഗവേഷണ കൗണ്‍സില്‍. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഗവേഷണസ്ഥാപനങ്ങളുമായി അക്കാദമിക അംഗീകാരമുള്ളതും കേരള സർവകലാശാലയുടെ അംഗീകരിക്കപ്പെട്ട ഗവേഷണ കേന്ദ്രവുമാണ് കേരള ചരിത്രഗവേഷണ കൗണ്‍സില്‍. ചരിത്രാതീതകാലം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കേരളത്തിന്റെ ചരിത്രം ശാസ്ത്രീയമായി തയ്യാറാക്കി ഒരു സമഗ്ര വാല്യമായി പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ തയ്യാറെടുക്കുകയാണ്.
കൊടുങ്ങല്ലൂര്‍-പറവൂര്‍ സോണില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചരിത്ര-ടൂറിസം പ്രോജക്ടിന് സാങ്കേതിക സഹായം നല്‍കുന്ന നോഡല്‍ ഏജന്‍സിയായി ചരിത്രഗവേഷണ കൗണ്‍സിലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2006-07 മുതല്‍ കേരള ചരിത്രഗവേഷണ കൗണ്‍സില്‍ “പട്ടണത്തില്‍” വിവിധ തലങ്ങളിലുള്ള ഗവേഷണങ്ങള്‍ നടത്തി വരികയാണ്. കേരളത്തിന്റെ ആദ്യകാല ചരിത്രത്തെ പുനര്‍ നിര്‍മ്മിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഈ ഗവേഷണങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു.
കേരള സംസ്ഥാന നൈപുണ്യ വികസന പ്രോജക്ടും അസാപ്പും
യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അവസരമൊരുക്കികൊണ്ട് കേരള സംസ്ഥാന നൈപുണ്യ വികസന പദ്ധതി 2012 ജൂണിൽ ആരംഭിച്ചു. ഭാരത സർക്കാർ സാമ്പത്തിക കാര്യ വകുപ്പ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി) ന്റെ സഹായത്തോടെ ഏജൻസിയെ ശക്തിപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും സഹായിക്കുന്നു. വിദ്യാർത്ഥികളുടെ താഴ്ന്ന തൊഴിൽ ലഭ്യത പരിഹരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും രൂപകല്‍പന നല്‍കിയ ഒരു പ്രോഗ്രാമാണ് അഡീഷണല്‍ സ്കില്‍ അക്വിസിഷൻ പ്രോഗ്രാം. ഹയർസെക്കന്ററി തലം മുതല്‍ ഗ്രാജ്വേറ്റ് തലം വരെയുള്ള ജനറൽ കരിക്കുലവുമയി ബന്ധപെടുത്തി സുപ്രധാന അടിസ്ഥാന പരിശീലനം, തൊഴിലധിഷ്ഠിത പരിശീലനം, കരിയര്‍ കൌൺസലിംഗ് എന്നിവയിലൂടെ വിദ്യാഭ്യാസ തൊഴിലില്ലായ്മയെ നേരിടാൻ ഇത് ലക്ഷ്യമിടുന്നു. 836 ഹയർ സെക്കൻഡറി സ്കൂളുകളിലും, 26 വി എച്ച് എസ് ഇ കളിലും, 108 കോളേജുകളിലും 2016-17 കാലയളവിൽ അസാപ്പും നടപ്പിലാക്കുകയാണ്. 2016-17 കാലയളവിൽ ആകെ 29411 വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ട്. പ്രോഗ്രാം നടത്തിപ്പിനായി അസാപ്പു സെക്രട്ടേറിയറ്റിനെ സഹായിക്കുന്നതിന് 200-ലധികം പ്രോഗ്രാം മാനേജർമാരെയും, 1900 വൈദഗ്ദ്ധ്യ വികസന എക്സിക്യുട്ടീവുകളെയും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇൻഫർമേഷൻ ടെക്നോളജിയിൽ ഫൗണ്ടേഷൻ ട്രെയിനിംഗ് നൽകുന്നതിനായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. 2016-17 കാലഘട്ടത്തിൽ 30 മേഖലകളിലായി 85 വൈദഗ്ദ്ധ്യ പരിശീലനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക വിദ്യാഭ്യാസം
സമൂഹത്തിന്റെ നേട്ടത്തിനായി സാങ്കേതികവിദ്യയുടെ ഉപയോഗം, ജീവിത നിലവാരം മെച്ചപ്പെടുത്തൽ, സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി വ്യവസായ ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തൽ സാങ്കേതിക വിദ്യകളും വർദ്ധിപ്പിക്കൽ എന്നിവയാണ് സാങ്കേതികവിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. യുവാക്കൾക്ക് സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സുസ്ഥിര വികസനത്തിനും സമൂഹ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ പ്രാപ്തമാക്കുന്നതിന് സാധിക്കുന്നു.
സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നോഡൽ വകുപ്പായി പ്രവര്‍ത്തിച്ചു വരുന്നത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റാണ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണത്തിനു കീഴിലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 4.1.38 -ല്‍ കൊടുത്തിരിക്കുന്നു.
മനുഷ്യവിഭവവികസന മന്ത്രാലയം, ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എ.ഐ.സി.റ്റി.ഇ), സാങ്കേതിക വിദ്യാഭ്യാസ ഗുണമേന്മാ വര്‍ദ്ധന പരിപാടി (റ്റീക്യുപ്), തിരുവനന്തപുരം എഞ്ചിനീയറിംഗ് സയന്‍സ് ആന്റ് ടെക്നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റേഴ്സ് (റ്റി.ബി.ഐ), ശാസ്ത്ര-സാങ്കേതിക വകുപ്പ് (ഡി.എസ്സ്.റ്റി), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ തുടങ്ങിയ വിവിധതരം ഏജന്‍സികളില്‍ നിന്നും ലഭ്യമാകുന്ന തുക ഉപയോഗിച്ച് പലതരം പ്രോജക്ടുകള്‍ നടപ്പിലാക്കി വരുന്നു. ഇതുകൂടാതെ, വിവിധ സ്ഥാപനങ്ങളിലെ ലബോറട്ടറിയുടെ ആധുനികവല്ക്കരണവും ഉപയോഗശൂന്യമായവയെ നീക്കം ചെയ്യുക (എം.ഒ.ഡി.ആർ.ഓ.ബി.എസ്) എന്ന എ.ഐ.സി.ടി.ഇ യുടെ പദ്ധതിയിലൂടെ വിവിധ സ്ഥാപനങ്ങളിലെ ലബോറട്ടറിയുടെ വികസനം നടപ്പിലാക്കി വരുന്നു
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
എഞ്ചിനീയറിംഗ് കോളേജുകള്‍
2017-ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവിലുള്ള 180 എഞ്ചിനിയറിംഗ് കോളേജുകളിലായി 60376 പേര്‍ പ്രവേശനം നേടി. ഇതില്‍ 168 എണ്ണം (93.33 ശതമാനം) സ്വാശ്രയകോളേജുകളും (അണ്‍ എയ്ഡഡ്), 9എണ്ണം (5 ശതമാനം) സര്‍ക്കാര്‍ കോളെജുകളും, 3 എണ്ണം (1.64 ശതമാനം) സ്വകാര്യ എയ്ഡഡ് കോളേജുകളുമാണ്. ഏറ്റവും കൂടുതല്‍ അണ്‍എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ് (33 എണ്ണം). അതു കഴിഞ്ഞാല്‍ തിരുവനന്തപുരം (28 എണ്ണം). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകള്‍ ഇല്ല. ജില്ല തിരിച്ചും, മാനേജ്മെന്റ് തിരിച്ചുമുള്ള എഞ്ചിനീയറിംഗ് കോളേജുകളുടെയും, അനുവദിച്ചിട്ടുള്ള സീറ്റുകളുടെയും എണ്ണം അനുബന്ധം 4.1.39 -ല്‍ ചേര്‍ത്തിട്ടുണ്ട്. 2016-ല്‍ അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍ കോളേജുകളില്‍ 3,340 ആണ് (5.48 ശതമാനം). ഇത് എയ്ഡഡ് കോളേജുകളില്‍ 1,850 (3.22 ശതമാനം) ഉം, അണ്‍എയ്ഡഡ് കോളേജുകളില്‍ 52,354 (90.98 ശതമാനം)ഉം ആയിരുന്നു.
കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഏറ്റവുമധികം സീറ്റുകള്‍ ഉള്ളത് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് (11,211). തുടര്‍ന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (10,912), സിവില്‍ എഞ്ചിനീയറിംഗ് (10,038), കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് (9,897) വിഭാഗങ്ങളിലുമാണ്. 2016-17-ലെ ശാഖ തിരിച്ചുള്ള സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 4.1.40 -ല്‍ ചേര്‍ത്തിരിക്കുന്നു. ഗവണ്‍മെന്റ് എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 2016-17-ലെ 5,134 -ല്‍ നിന്ന് 2017-18 -ല്‍ 6,222 ആയി കൂടിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ പ്രവേശനത്തിന്റെ അനുപാതം 2016-17 -ലെ 36.42 -ല്‍ നിന്ന് 2017-18-ല്‍ 39.86 ശതമാനമായി കൂടിയിട്ടുണ്ട്. 2017-18-ല്‍ 1,606 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കായി പ്രവേശനം ലഭിച്ചു. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സിസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 58.78 ശതമാനം പെണ്‍കുട്ടികളാണ്. വിശദാംശങ്ങള്‍ അനുബന്ധം 4.1.41 ലും, 4.1.42 ലുമായി ചേര്‍ത്തിരിക്കുന്നു.
വിദ്യാർത്ഥികളുടെ പ്രാരംഭ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലും പോളിടെക്നിക്കുകളിലും ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകള്‍ ആരംഭിച്ചത്. കളമശ്ശേരിയിലെ ഗവൺമെന്റ് എൻജിനീയറിങ് കോളെജുകളിലും 8 ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലും 4 പോളിടെക്നിക്കുകളിലും ടെക്നോളജി ഇൻകുബേഷൻ സെന്റര്‍ സർക്കാർ അനുവദിച്ചിട്ടുണ്ട്. സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
നിലവിൽ സിഇറ്റി ൽ എട്ടു ഇൻക്യുബേറ്ററുകളുണ്ട്. അതിനോടോപ്പം തന്നെ പല ആശയങ്ങളും വികസിപ്പിച്ച്കൊണ്ടിരിക്കുന്നുണ്ട്. തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജില്‍, കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ സേവനങ്ങൾ നൽകിക്കൊണ്ട് ടിബിഐയുടെ സേവനം വിപുലപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജില്‍ 5 ഉം, കണ്ണൂരിൽ എഞ്ചിനീയറിംഗ് കോളേജില്‍ 6 ഉം വിഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. M/s CAIRUZ, M/s Lotus Button, M/s Mear Enterprises, M/s KRACKiT and M/s CREA8 എന്നിവയാണ് നിലവിലെ ഇൻകുബേറ്ററുകള്‍. അനുബന്ധം 4.1.43
അവലംബം:- സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്എഞ്ചീനീയറിംഗ് കോളേജുകളിലെ അക്കാദമിക മികവ്
ഗവണ്‍മെന്റ് എഞ്ചീനീയറിംഗ് കോളേജു- കളിലെ അധ്യയന മികവ് ഉയര്‍ന്നതും, ശ്ലാഘനീയവുമാണ്. വിജയശതമാനവും പ്രശസ്തമായ സ്ഥാപനങ്ങളില്‍ മികച്ച ജോലി ലഭിച്ച വിദ്യാര്‍ത്ഥികളുടെ കണക്കും (പ്ലെയ്സ്മെന്റ്) വളരെ മെച്ചപ്പെട്ടതാണ്. ഗേറ്റ്, ക്യാറ്റ് (സി.എ.റ്റി) തുടങ്ങിയ മത്സര പരീക്ഷകള്‍ എഴുതി ഉപരിപഠനത്തിന് അര്‍ഹത നേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വിപ്രോ, മഹീന്ദ്രാ, റ്റി.സി.എസ്സ്, ബോഷ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചിട്ടുള്ളത്. 2016-17 -ല്‍ വിവിധ ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പ്ലേസ്മെന്റിന്റെ വിശദാംശങ്ങള്‍, ചുവടെയുള്ള പട്ടിക 4.1.5 -ല്‍ ചേര്‍ത്തിരിക്കുന്നു. (അനുബന്ധം 4.1.44)
ക്രമ നം | കോളേജിന്റെ പേര് | പ്ലേസ്മെന്റുകളുടെ എണ്ണം |
1 | കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം | 960 |
2 | സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടര്‍ഹില്‍ | 132 |
3 | ആര്‍.ഐ.റ്റി, കോട്ടയം | 129 |
4 | സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി | 13 |
5 | സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍ | 353 |
6 | സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട് | 35 |
7 | സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് | 4 |
8 | സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, വയനാട് | 3 |
9 | സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ | 101 |
ആകെ | 1,730 | |
ഉറവിടം:- സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് |
പോളിടെക്നിക്കുകളും, ടെക്നിക്കല്‍ ഹൈസ്കൂളുകളും
കേരളത്തില്‍ 45 സര്‍ക്കാര്‍ പോളിടെക്നിക്കുകളും, 6 സ്വകാര്യ എയ്ഡഡ് പോളിടെക്നിക്കുകളും ആണ് നിലവിലുള്ളത്. ഇവിടങ്ങളിലെ പ്രവേശനം 2017-18 -ല്‍ യഥാക്രമം 10,749 -ഉം, 1,531 -ഉം ആണ്. 2017-18-ല്‍ 27,163 വിദ്യാര്‍ത്ഥികള്‍ ഗവണ്‍മെന്റ് പോളിടെക്നിക്കുകളിലും, 4209 വിദ്യാര്‍ത്ഥികള്‍ സ്വകാര്യ എയ്ഡഡ് പോളിടെക്നിക്കുകളിലും പഠിക്കുന്നുണ്ട്. 2015-16 മുതല്‍ 2017-18 വരെയുള്ള വര്‍ഷങ്ങളില്‍ പോളിടെക്നിക്കുകളിലെ വാര്‍ഷിക പ്രവേശനവും വിദ്യാര്‍ത്ഥികളുടെ എണ്ണവും അനുബന്ധം 4.1.45, 4.1.46 -ല്‍ കാണാം. 2016-17 ലുള്ള പോളിടെക്നിക്കുകളിലെ വാര്‍ഷിക പ്രവേശനം ട്രേഡ് തിരിച്ച് അനുബന്ധം 4.1.47 -ല്‍ കാണാം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചത് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് (2016), തുടര്‍ന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (2,000) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (1,660)), സിവില്‍ എഞ്ചിനീയറിംഗ്(1,310), എന്നിവയ്ക്കുമാണ്.
സംസ്ഥാനത്തെ പോളിടെക്നിക്കുകളില്‍ 1,905 അധ്യാപകര്‍ ജോലി ചെയ്യുന്നതില്‍ 30.29ശതമാനം സ്ത്രീകളാണ്. സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെ വിദ്യാര്‍ത്ഥി - അധ്യാപക അനുപാതം പട്ടിക 4.1.6 കാണുക
സ്ഥാപനങ്ങള്‍ | 2014 | 2015 | 2016 | 2017 |
സര്‍ക്കാര്‍ | 21 | 20 | 20 | 18 |
പ്രൈവറ്റ് (എയ്ഡഡ്) | 11 | 10 | 11 | 11 |
ആകെ | 19 | 17 | 18 | 16 |
അവലംബം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്. |
പോളിടെക്നിക്കുകളിലെ അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും വിശദാംശങ്ങള്‍, അനുബന്ധം 4.1.48 -ല്‍ കാണാം. ഇതേ വര്‍ഷം ഇവിടെയുള്ള പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം അനുബന്ധം 4.1.49 -ല്‍ കാണാം. പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ശതമാനം കുറവാണെന്നും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഈ അനുപാതം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നും കാണുന്നു (പട്ടിക 4.1.7).
സ്ഥാപനം | 2014-15 | 2015-16 | 2016-17 | |||||||||
എസ്.സി | എസ്.റ്റി | മറ്റുള്ളവര്‍ | ആകെ | എസ്.സി | എസ്.റ്റി | മറ്റുള്ളവര്‍ | ആകെ | എസ്.സി | എസ്.റ്റി | മറ്റുള്ളവര്‍ | ആകെ | |
1. ഗവണ്‍മെന്റ് | 8.19 | 1.01 | 90.8 | 100 | 7.08 | 0.86 | 92.06 | 100 | 6.86 | 0.71 | 92.43 | 100 |
2. പ്രൈവറ്റ് (എയ്ഡഡ്) | 9.84 | 0.47 | 89.69 | 100 | 5.46 | 0.38 | 94.16 | 100 | 5.13 | 0.47 | 94.40 | 100 |
ആകെ | 8.4 | 0.94 | 90.66 | 100 | 6.86 | 0.79 | 92.36 | 100 | 6.62 | 0.68 | 92.70 | 100 |
അവലംബം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് |
കേരളത്തില്‍ 39 ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2017-18-ല്‍ ഇവിടെ ആകെ 7996 വിദ്യാര്‍ത്ഥികളും 731 അധ്യാപകരും ഉണ്ടായിരുന്നു. അധ്യാപകരില്‍ 26.13 ശതമാനം സ്ത്രീകളാണ്. ടെക്നിക്കല്‍ സ്കൂളുകളിലെ 2015-16 മുതല്‍, 2016-17 വരെയുള്ള വര്‍ഷങ്ങളിലെ അധ്യാപക വിദ്യാര്‍ത്ഥി വിവരങ്ങള്‍ അനുബന്ധം 4.1.50 ലുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം 12.76 ശതമാനത്തില്‍ നിന്നും 9.36 ശതമാനമായും 0.96 ശതമാനത്തില്‍നിന്നും 0.63 ശതമാനമായും കുറവാണ് യഥാക്രമം കാണിച്ചിരിക്കുന്നത്. ഇതിന്റെ വിശദവിവരങ്ങള്‍ അനുബന്ധം 4.1.51 -ൽ ചേര്‍ത്തിരിക്കുന്നു.
വിവിധ മേഖലകളിൽ വർദ്ധിച്ചുവരുന്ന തൊഴിൽ അവസരങ്ങൾ നേരിടുന്നതിന് കേരളത്തിലെ ഉന്നതവും സാങ്കേതികവുമായ വിദ്യാഭ്യാസത്തെ സജ്ജമാക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ തൊഴിൽ-നൈപുണ്യ- വ്യവസായ കേന്ദ്രീകൃത കോഴ്സുകൾ സംസ്ഥാനം ആരംഭിക്കേണ്ടതുണ്ട്. നൈപുണ്യ വികസന കോഴ്സുകൾ വിവിധ ഏജൻസികളുമായി സംയോജിപ്പിച്ചുകൊണ്ട് ആവർത്തനം ഒഴിവാക്കി നടപ്പിലാക്കാവുന്നതാണ്.
വിദ്യാഭ്യാസത്തിനുള്ള പദ്ധതി വിഹിതവും ചെലവും
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വർഷത്തിൽ വിദ്യാഭ്യാസ മേഖലയ്ക്കായി 590.24 കോടി രൂപ വകയിരുത്തിയിരുന്നു. അതിൽ 98.78 ശതമാനം ചെലവഴിച്ചു. ഈ അഞ്ചു വർഷക്കാലത്ത് കാര്യമായ വര്‍ദ്ധനവ് വരുത്തി 2016-17 ലെ പദ്ധതി വിഹിതം 1330.79 കോടി രൂപ വര്‍ദ്ധിപ്പിക്കുകയുണ്ടായി. ഈ അഞ്ച് വർഷക്കാലയളവിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ ശതമാനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും ഈ കാലയളവിൽ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ചെലവ് നാമമാത്രമാണ് വർധിച്ചിട്ടുള്ളത്. ഈ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തിന്റെ വിഹിതം മൊത്തം വിഹിതത്തിന്റെ 80 ശതമാനത്തിലധികം വരും. ടെക്നിക്കൽ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തിന്റെ ശതമാനക്കണക്ക് വളരെ കുറവാണ്, എന്നാൽ അതിന്റെ ശതമാനച്ചെലവ് മെച്ചപ്പെടുന്നുണ്ട്. ഈ അഞ്ച് വർഷങ്ങളിലായി മൂന്ന് ഉപവിഭാഗങ്ങളുടേയും മൊത്തം വിഹിതം വർദ്ധിക്കുകയാണ് ചെയ്തതെങ്കിലും (ചിത്രം 4.1.4 കാണുക) സ്കൂൾ വിദ്യാഭ്യാസത്തിന്റെ ശതമാനം അവസാന വർഷത്തിലൊഴികെ ഈ കാലയളവിൽ കുറയുന്ന പ്രവണത കാണിക്കുന്നു. 2012-13-ൽ ഇത് 56 ശതമാനമായിരുന്നത് 2016-17 ൽ 37.8 ശതമാനമായി കുറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രാഥമികമായ ലക്ഷ്യങ്ങൾ കേരളം ഇതിനകം നേടിക്കഴിഞ്ഞതാകാം ഇതിന് കാരണം.
ഭാവി വീക്ഷണം
ഇന്ത്യയിലെ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്ലാൻ ഇന്റർനാഷണൽ എന്ന എൻ.ജി.ഒയുടെ ഈയടുത്ത് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഗോവയ്ക്ക് ശേഷം ഇന്ത്യയിൽ പെൺകുട്ടികൾക്ക് സുരക്ഷിതമായ ജീവിക്കാൻ കഴിയുന്ന രണ്ടാമത്തെ സ്ഥലം കേരളമാണ്. എന്നാൽ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന്റെ സ്ഥാനം എട്ടാമതാണ്. 68 നിർണ്ണായക സൂചികകൾ വിദ്യഭ്യാസ സൂചിക കണക്കാക്കുന്നതിന് പരിഗണിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന് സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തുന്നതിന്റെ ശതമാനം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. അതുപോലെ പെൺകുട്ടികൾക്ക് ശുചിത്വമുള്ള ടെയ് ലറ്റുകളും പ്രതീക്ഷിച്ചതുപോലെയില്ല. വിദ്യാഭ്യാസത്തിലെ നിലവാര കുറവിനെപ്പറ്റി പന്ത്രണ്ടാം പദ്ധതി വിദഗ്ദ്ധ കമ്മിറ്റിയും, എ.എസ്.ഇ.ആർ റിപ്പോർട്ടുംപതിമൂന്നാം പദ്ധതി വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടുകളും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇവയൊക്കെ ഗവൺമെന്റിന്റെ സത്വര ശ്രദ്ധയും ഇടപെടലുകളും ആവശ്യപ്പെടുന്നു.
സെക്ടറുകൾ | വാർഷിക പദ്ധതി 2012-13 | വാർഷിക പദ്ധതി 2013-14 | വാർഷിക പദ്ധതി 2014-15 | വാർഷിക പദ്ധതി 2015-16 | വാർഷിക പദ്ധതി 2016-17 | 12-ാം പഞ്ചവത്സര പദ്ധതി | |||||||
വിഹിതം | ചെലവ് | വിഹിതം | ചെലവ് | വിഹിതം | ചെലവ് | വിഹിതം | ചെലവ് | വിഹിതം | ചെലവ് | വിഹിതം | ചെലവ് | % ചെലവ് | |
സ്കൂൾ വിദ്യാഭ്യാസം | 287.15 | 290.6698 | 333.15 | 318.5813 | 367.81 | 302.3843 | 379.75 | 341.6872 | 502.51 | 503.4127 | 1870.37 | 1756.735 | 93.92 |
ഉന്നത വിദ്യാഭ്യാസം | 202 | 188.8691 | 247.99 | 292.4577 | 367.97 | 206.5545 | 510.42 | 418.5926 | 592.81 | 243.0481 | 1921.19 | 1349.522 | 70.24 |
സാങ്കേതിക വിദ്യാഭ്യാസം | 101.09 | 139.2316 | 117.86 | 152.9403 | 143.22 | 145.8392 | 184.45 | 366.6027 | 235.41 | 166.9842 | 782.03 | 971.598 | 124.24 |
ആകെ | 590.24 | 618.7705 | 699 | 763.9793 | 879 | 654.778 | 1074.62 | 1126.883 | 1330.73 | 913.445 | 4573.59 | 4077.855 | 89.16 |
അവലംബം: വാർഷിക പദ്ധതി രേഖകൾ |