ഇന്ത്യയില്‍നിന്നുളള എല്ലാ ഇറക്കുമതിയും കയറ്റുമതിയും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ വിദേശവാണിജ്യം ഏകദേശം 190 രാജ്യങ്ങളിലേക്ക് 7,500 വസ്തുക്കള്‍ ഇന്ത്യയില്‍ നിന്നും കയററുമതി ചെയ്യുകയും 6,000 വസ്തുക്കള്‍ 140 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയുടെ കയററുമതി മൂല്യത്തില്‍ 2016-2017 വര്‍ഷം 4.71 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നു. 2015-16-ല്‍ ഇത് 1,716,377.99 കോടി രൂപയായിരുന്നത് 2016-17-ല്‍ 1,841,314.39 കോടി രൂപയായി വര്‍ദ്ധിച്ചു. കഴിഞ്ഞ 12 മാസത്തെ കയറ്റുമതിയിലുള്ള വളര്‍ച്ചയുടെ തുടര്‍ച്ചയായി, കയറ്റുമതി മുല്യം ആഗസ്റ്റ് 2016-ല്‍ 144,570.03 കോടി രൂപയായിരുന്നത് 2017 ആഗസ്റ്റ് -ല്‍ 5.39 ശതമാനം വര്‍ദ്ധിച്ച് 152,365.23 കോടി രൂപയായി. ശുദ്ധിചെയ്ത പെട്രോളിയം, രത്നങ്ങള്‍, അമൂല്യമായ ലോഹങ്ങള്‍, നാണയങ്ങള്‍, വാഹനങ്ങള്‍, യന്ത്രങ്ങള്‍, എന്‍ജിനുകള്‍, പമ്പുകള്‍, ജൈവ രാസവസ്തുക്കള്‍, മരുന്നുകള്‍, ഭക്ഷ്യ ധാന്യങ്ങള്‍, ഇരുമ്പ്, ഉരുക്ക്, തുണിത്തരങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയാണ് കയറ്റുമതി ചെയ്യുന്ന 10 പ്രധാന വസ്തുക്കള്‍.
പ്രധാനമായും എന്‍ജിനീയറിംഗ് സാമഗ്രികള്‍ (19.53 ശതമാനം), പെട്രോളിയം ഉല്പന്നങ്ങള്‍ (36.56 ശതമാനം), ജൈവ അജൈവ രാസവസ്തുക്കള്‍ (32.41 ശതമാനം), മരുന്നുകളും ഔഷധങ്ങളും (4.21 ശതമാനം), എല്ലാത്തുണിത്തരങ്ങളുടെയും റെഡിമെയിഡ് ഗാര്‍മെന്റ്സ് (0.56 ശതമാനം) എന്നിവയുടെ കയറ്റുമതിയിലാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതിയേക്കാള്‍ വളര്‍ച്ചയുണ്ടായിട്ടുള്ളത്. 2017-18 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലെ മൊത്തം കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതിയായ 731,420.12 കോടി രൂപയില്‍നിന്നും 4.34 ശതമാനം വര്‍ദ്ധിച്ച് 76,145.37 കോടി രൂപയായി ഉയര്‍ന്നു. ഇറക്കുമതി മുൻവര്‍ഷത്തേക്കാള്‍ 2.43 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. 2016-17 വര്‍ഷം 2,550,926.19 കോടി രൂപയുടെ ഇറക്കുമതി ഇന്ത്യ നടത്തുകയുണ്ടായി. മുന്‍ വര്‍ഷം ഇത് 2,490,298.03 കോടി രൂപയായിരുന്നു. ആഗസ്റ്റ് 2016-ല്‍ 196,154.44 കോടി രൂപയായിരുന്ന ഇറക്കുമമൂല്യം 15.65 ശതമാനം വര്‍ദ്ധിച്ച് 2017 ആഗസ്റ്റില്‍ 226,849.74 കോടി രൂപയായി. 2017-18 –ല്‍ ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യ 1,169,589.74 കോടി രൂപ മൂല്യം വരുന്ന ഇറക്കുമതി നടത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ ഇറക്കുമതി മൂല്യമായ 961,178.43 കോടി രൂപയേക്കാള്‍ 21.68 ശതമാനം കൂടുതലാണ്. എണ്ണ, രത്നങ്ങള്‍, അമൂല്യമായ ലോഹങ്ങള്‍, നാണയങ്ങള്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, യന്ത്രങ്ങള്‍, എന്‍ജിനുകള്‍, പമ്പുകള്‍, ജൈവ രാസവസ്തുക്കള്‍, പ്ലാസ്റ്റിക്സ്, ഇരുമ്പുരുക്ക് സാധനങ്ങള്‍, മൃഗങ്ങളുടെയും സസ്യങ്ങളുടെയും കൊഴുപ്പുകളും എണ്ണകളും, അയിരുകള്‍, ലോഹമാലിന്യം, ലോഹാവശിഷ്ടം, ചാരം, മെഡിക്കല്‍ സാങ്കേതിക ഉപകരണങ്ങള്‍ എന്നിവയാണ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന 10 പ്രധാനപ്പെട്ട സാമഗ്രികള്‍.
കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ സംബന്ധിച്ച് ആഗസ്റ്റ് 2017-ല്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ സാധനങ്ങള്‍ പെട്രോളിയം, പെട്രോളിയം ഉല്പന്നങ്ങള്‍ (14.22 ശതമാനം), ഇലക്ട്രോണിക്സ് സാധനങ്ങള്‍ (27.44 ശതമാനം), യന്ത്രങ്ങള്‍, ഇലക്ട്രിക്കലും ഇലക്ട്രിക്കല്‍ അല്ലാത്തവയും (18.35 ശതമാനം), സ്വര്‍ണ്ണം (68.90 ശതമാനം), പവിഴം, അമൂല്യമായ കല്ലുകള്‍ (30.88 ശതമാനം) എന്നിവയാണ്.
കയറ്റുമതിയില്‍ തുടര്‍ച്ചയായുള്ള ഇടിവിന്റെ പ്രവണത നേരിടുന്നതിനും വ്യാപാര വ്യവസായ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനും നിര്‍മ്മാണ സേവനമേലകളിലെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്കിക്കൊണ്ട് ഒരു പുതിയ വിദേശ വ്യാപാരനയത്തിന് 2015-20 കാലഘട്ടത്തിലേയ്ക്ക് ഇന്ത്യാ ഗവണ്മെന്റ് (എഫ്.ടി.പി.) തുടക്കമിട്ടു. കേന്ദ്രസര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’ എന്നീ പരിപാടികള്‍ ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഒരു രൂപരേഖയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ നല്ലൊരുഭാഗം സംഭാവനചെയ്യുന്നതിലൂടെ രാജ്യത്തിന്റെ കയറ്റുമതിയില്‍ കേരളം പ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിലെ വിദേശവാണിജ്യം പ്രധാനമായും കൊച്ചി തുറമുഖം വഴിയാണ് നടക്കുന്നത്. കശുവണ്ടി, കയര്‍, കയറുല്പന്നങ്ങള്‍, തേയില, കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങളുടെ എണ്ണ, സമുദ്രോല്പന്നങ്ങള്‍, യന്ത്ര സാമഗ്രികള്‍, രാസവസ്തുക്കള്‍, കല്ക്കരി, രാസവളം, അസംസ്കൃതവസ്തുക്കള്‍ എന്നിവയാണ് കേരളത്തിന്റെ പ്രധാന വിദേശവ്യാപാര സാധനങ്ങള്‍.
ആഭ്യന്തരവും വിദേശവും ഉള്‍പ്പെടെ കൊച്ചിതുറമുഖം 2015-16-ല്‍ കൈകാര്യംചെയ്തിരുന്ന മൊത്തം ചരക്ക് 220.18 ലക്ഷം മെട്രിക് ടണ്ണായിരുന്നത് 13.16 ശതമാനം വര്‍ദ്ധിച്ച് 2016-17 -ല്‍ 250.07 ലക്ഷം ടണ്ണായി. 2015-16-ല്‍ ഇതിന് മുന്‍പുള്ള വര്‍ഷത്തേക്കാള്‍ 2.33 ശതമാനം വളര്‍ച്ചയേ ഉണ്ടായിരുന്നുള്ളു. ഇതില്‍, 47.59 ലക്ഷം ടണ്‍ കയറ്റുമതിയും 202.48 ലക്ഷം ടണ്‍ ഇറക്കുമതിയുമാണ്. (പട്ടിക 3.4.1 കാണുക)
വ്യാപാരം | കയറ്റുമതി | ഇറക്കുമതി | ||||||||||
2011-12 | 2012-13 | 2013-14 | 2014-15 | 2015-16 | 2016-17 | 2011-12 | 2012-13 | 2013-14 | 2014-15 | 2015-16 | 2016-17 | |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ആഭ്യന്തരം | 14.86 | 14.05 | 17.18 | 16.48 | 12.86 | 14.18 | 51.74 | 52.12 | 60.63 | 52.15 | 60.4 | 56.56 |
വിദേശം | 28.25 | 24.29 | 25.32 | 24.10 | 26.28 | 33.41 | 106.06 | 107.99 | 105.73 | 123.22 | 121.44 | 145.92 |
ആകെ | 43.11 | 38.34 | 42.50 | 40.58 | 39.14 | 47.59 | 157.80 | 160.11 | 166.36 | 175.37 | 181.84 | 202.48 |
അവലംബം: വാര്‍ഷിക റിപ്പോര്‍ട്ട് 2015-16 കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് |
കൊച്ചിതുറമുഖം വഴിയുള്ള വിദേശ, ആഭ്യന്തര കയറ്റുമതി 2016-17 – ല്‍ 21.59 ശതമാനം വര്‍ദ്ധിച്ചു. (അനുബന്ധം 3.4.1). ആഭ്യന്തര കയറ്റുമതി 2015-16 – ല്‍ 12.86 ലക്ഷം ടണ്ണായിരുന്നത് 2016-17-ല്‍ 14.18 ലക്ഷം ടണ്ണായും വിദേശ കയറ്റുമതി 2015-16-ല്‍ 26.28 ലക്ഷം ടണ്ണായിരുന്നത് 2016-17-ല്‍ 33.41 ലക്ഷം ടണ്ണായും വര്‍ദ്ധിച്ചു. അവലോകന വര്‍ഷം മൊത്തം ഇറക്കുമതി 2015-16 വര്‍ഷത്തേക്കാള്‍ 11.35 ശതമാനം വര്‍ദ്ധിച്ച് 202.48 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഈ കാലയളവില്‍ വിദേശ ഇറക്കുമതി 121.44 ലക്ഷം ടണ്ണില്‍നിന്നും 145.92 ലക്ഷം ടണ്ണായി ഉയര്‍ന്നതാണ് ഇതിനു കാരണം. ആഭ്യന്തര ഇറക്കുമതി ഈ കാലയളവില്‍ മുൻവര്‍ഷത്തേയ്ക്കാള്‍ 6.35 ശതമാനം കുറയുകയാണുണ്ടായത്.
തേയില, കശുവണ്ടി, കയര്‍, കയറുല്പന്നങ്ങള്‍, കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, സമുദ്രോല്പന്നങ്ങള്‍, യന്ത്ര സാമഗ്രികള്‍, രാസവസ്തുക്കള്‍, രാസവളം മറ്റ് അസംസ്കൃത സാധനങ്ങള്‍ എന്നിവയാണ് കൊച്ചി തുറമുഖം വഴി കയറ്റുമതിചെയ്യുന്ന പ്രധാന വസ്തുക്കള്‍. മുൻവര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയതുപോലെ തന്നെ 2016-17 വര്‍ഷവും തേയില, അസംസ്കൃത കശുവണ്ടി എന്നിവയുടെ കയറ്റുമതിയിലെ കുറവ് തുടരുകയാണുണ്ടായത്. തേയില, കശുവണ്ടിപ്പരിപ്പ് എന്നിവയുടെ കയറ്റുമതിയില്‍ യഥാക്രമം 4.19 ശതമാനത്തിന്റെയും, 22.75 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. ഏറെകാലങ്ങള്‍ക്കുശേഷം കയറിന്റെ കയറ്റുമതിയില്‍ ഭീമമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. 2015-16-ല്‍ നിന്ന് ഈ കാലയളവിലെ കയറ്റുമതി 69.89 ശതമാനം വര്‍ദ്ധിച്ച് 211,177 മെട്രിക് ടണ്ണായി. കടലില്‍നിന്നും ലഭിക്കുന്ന ഭക്ഷ്യ സമ്പത്ത്, കാപ്പി എന്നിവയുടെ കയറ്റുമതിയില്‍ യഥാക്രമം 16.43 ശതമാനവും 2.11 ശതമാനവും വളര്‍ച്ച ഈ കാലയളവില്‍ ഉണ്ടായി. മൊത്തം കയറ്റുമതി 2015-16-ല്‍ 39.14 ലക്ഷം മെട്രിക് ടണ്ണായിരുന്നത് 21.59 ശതമാനം വര്‍ദ്ധിച്ച് 2016-17-ല്‍ 47.59 ലക്ഷം മെട്രിക് ടണ്ണായി. 2011-12-ല്‍ 43.11 ലക്ഷം മെട്രിക് ടണ്ണായിരുന്ന കയറ്റുമതിയുടെ അളവ് ആറുവര്‍ഷത്തെ കാലയളവില്‍ 10.39 ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തി 2016-17-ല്‍ 47.59 ലക്ഷം മെട്രിക് ടണ്ണായി. (അനുബന്ധം 3.4.1)
കൊച്ചിതുറമുഖം മുഖേനയുള്ള ഇറക്കുമതിയിലുള്ള വര്‍ദ്ധന 2016-17ലും തുടര്‍ന്നു. 2015-16-ല്‍ 181.84 ലക്ഷം ടണ്ണായിരുന്ന ഇറക്കുമതി 11.36 ശതമാനം വര്‍ദ്ധിച്ച് 2016-17 -ല്‍ 202.48 ലക്ഷം ടണ്ണായി. രാസവളം, അസംസ്കൃത വസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്ര സാമഗ്രികള്‍, പത്രക്കടലാസ്, അസംസ്കൃത കശുവണ്ടി, ഭക്ഷ്യധാന്യം, പെട്രോളിയം എന്നിവയാണ് പ്രധാന ഇറക്കുമതി സാധനങ്ങള്‍. 2016-17-ല്‍ രാസവളങ്ങളുടെയും
അസംസ്കൃത സാധനങ്ങളുടെയും ഇറക്കുമതിയില്‍ 0.41 ശതമാനം കുറവുണ്ടായി. പലവക സാധനങ്ങളുടെ ഇറക്കുമതി 2016-17-ല്‍ 11.74 ശതമാനം വര്‍ദ്ധിച്ചു. 2015-16-ല്‍ ഇത് 4.63 ശതമാനമായിരുന്നു. ഇരുമ്പുരുക്ക്,യന്ത്ര സാമഗ്രികള്‍ എന്നിവയുടെ ഇറക്കുമതിയില്‍ 2015-16 വര്‍ഷം 44.47 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ 2016-17-ല്‍ 35.33 ശതമാനം കുറവാണുണ്ടായിട്ടുള്ളത്. അവലോകന കാലയളവില്‍ കൊച്ചിതുറമുഖം വഴി 174,344 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്തു. ഈ കാലയളവില്‍ കൊച്ചിതുറമുഖം വഴി പത്രക്കടലാസ് ഇറക്കുമതി ചെയ്തിട്ടില്ല. അസംസ്കൃത കശുവണ്ടിയുടെ ഇറക്കുമതിയില്‍ 44.21 ശതമാനം കുറവുണ്ടായി. അസംസ്കൃത കശുവണ്ടി, വളവും അസംസ്കൃത വസ്തുക്കളും, പലവക സാധനങ്ങള്‍ എന്നിവയൊഴികെ എല്ലാത്തിന്റെയും ഇറക്കുമതിയില്‍ ഈ കാലയളവില്‍ കുറവുണ്ടായി. (അനുബന്ധം 3.4.2 കാണുക)
അന്താരാഷ്ട്ര കമ്പോളത്തില്‍ ഇന്ത്യയില്‍നിന്നുള്ള ശീതീകരിച്ച ചെമ്മീനിനും മത്സ്യത്തിനുമുള്ള ഡിമാന്റ് കുതിച്ചുയരുമ്പോള്‍ ഇന്ത്യ 2016-17-ല്‍ 37,870.91 കോടി രൂപ മൂല്യംവരുന്ന 11.35 ലക്ഷം മെട്രിക് ടണ്‍ സമുദ്രോല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയുണ്ടായി. മുൻവര്‍ഷം ഇത് 30,420.83 കോടി രൂപ മൂല്യമുള്ള 9.46 ലക്ഷം മെട്രിക് ടണ്ണായിരുന്നു. 2015-16 വര്‍ഷവുമായി താരതമ്യംചെയ്യുമ്പോള്‍ സമുദ്രോല്പന്ന കയറ്റുമതിയുടെ അളവിലും മൂല്യത്തിലും 2016-17 -ല്‍ യഥാക്രമം 19.98 ശതമാനവും 24.49 ശതമാനവും വര്‍ദ്ധനവുണ്ടായി. കേരളത്തില്‍നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതിയുടെ അളവിലും മൂല്യത്തിലും 2016-17 -ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായി. സമുദ്രോല്പന്ന കയറ്റുമതി 2015-16-ല്‍ 1.49 ലക്ഷംമെട്രിക്ടണ്ണായിരുന്നത് 2016-17 -ല്‍ 1.59 ലക്ഷം മെട്രിക്ടണ്ണായി വര്‍ദ്ധിച്ചു. കയറ്റുമതിമൂല്യം 4,644.42 കോടി രൂപയില്‍ നിന്നും 5008.54 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതിയിൽ കേരളത്തിന്റെ പങ്ക് അവലോകന കാലയളവില്‍ 15.77 ശതമാനത്തില്‍ നിന്നും 14.02 ശതമാനമായും മൂല്യത്തിന്റെ കാര്യത്തില്‍ 15.27 ശതമാനത്തി ല്‍നിന്ന് 13.23 ശതമാനമായും കുറഞ്ഞു. 2010-11 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍നിന്നും കേരളത്തില്‍നിന്നുമുള്ള സമുദ്രോല്പന്ന കയറ്റുമതിയുടെ മൂല്യത്തില്‍ യഥാക്രമം 193.54 ശതമാനവും 150.16 ശതമാനവും വര്‍ദ്ധനവുണ്ടായി. (പട്ടിക 3.4.2 കാണുക).
വര്‍ഷം | ഇന്ത്യ | കേരളം | കേരളത്തിന്റെ ഓഹരി (ശതമാനത്തില്‍) | |||
അളവ് | മൂല്യം | അളവ് | മൂല്യം | അളവ് | മൂല്യം | |
2010-11 | 813,091 | 1,290,147 | 124,615 | 200,210 | 15.33 | 15.52 |
2011-12 | 862,021 | 1,659,723 | 155,714 | 298,833 | 18.06 | 18.00 |
2012-13 | 928,215 | 1,885,626 | 166,399 | 343,585 | 17.93 | 18.22 |
2013-14 | 983,756 | 3,021,326 | 165,698 | 470,636 | 16.84 | 15.58 |
2014-15 | 1051,243 | 3,344,161 | 166,754 | 516,608 | 15.86 | 15.45 |
2015-16 | 945,892 | 3,042,083 | 149,138 | 464,442 | 15.77 | 15.27 |
2016-17 | 1134,948 | 3,787,090 | 159,141 | 500,854 | 14.02 | 13.23 |
അവലംബം: സമുദ്രോല്പന്നകയറ്റുമതി വികസന അതോറിറ്റി |
കൊഞ്ച്, മത്സ്യം, സ്കിഡ്, ഉണക്കിയ വിഭവങ്ങള്‍, തണുപ്പിച്ചതും അല്ലാത്തതുമായ സമുദ്രോല്പന്നങ്ങള്‍ എന്നിവയാണ് പ്രധാന സമുദ്രോല്പന്ന കയറ്റുമതി വിഭവങ്ങള്‍. 2016-17 -ല്‍ കേരളത്തില്‍നിന്നുമുള്ള സമുദ്രോല്പന്ന കയറ്റുമതിയുടെ ഇനംതിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 3.4.3 -ല്‍ കൊടുത്തിരിക്കുന്നു.
2016-17-ല്‍ ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയുടെ അളവിന്റെ 38.28 ശതമാനവും മൂല്യത്തിന്റെ 65.25 ശതമാനവും രേഖപ്പെടുത്തി ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയില്‍ സ്ഥിരമായി മുന്നിലുള്ള സ്ഥാനം നിലനിര്‍ത്തി. 2015-16 -നെ അപേക്ഷിച്ച് ശീതീകരിച്ച ചെമ്മീന്റെ കയറ്റുമതി 2016-17-ല്‍ അളവില്‍ 16.21 ശതമാനവും മൂല്യത്തില്‍ 23.28 ശതമാനവും വര്‍ദ്ധിച്ചു. കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 28.84 ശതമാനം വളര്‍ച്ച കൈവരിച്ച് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ശീതീകരിച്ച മത്സ്യത്തിന്റെ അളവ് മൊത്തം കയറ്റുമതിയുടെ 26.15 ശതമാനവും മൂല്യം 11.78 ശതമാനവുമാണ്.
2013-14 മുതല്‍ കേരളത്തില്‍നിന്നുള്ള കയറ്റുമതിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ശീതീകരിച്ച ചെമ്മീനിന്റെ കയറ്റുമതിയുടെ അളവിലും മൂല്യത്തിലും 2015-16-നെ അപേക്ഷിച്ച് 2016-17-ല്‍ യഥാക്രമം 10.56 ശതമാനത്തിന്റേയും 8.56 ശതമാനത്തിന്റേയും കുറവുണ്ടായി. 2016-17-ല്‍ 2,178.01 കോടിമൂല്യം വരുന്ന 45,133 മെട്രിക് ടണ്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യുകയുണ്ടായി. ഇത് യഥാക്രമം മൊത്തം കയറ്റുമതിയുടെ മൂല്യത്തിന്റെ 43.49 ശതമാനവും അളവിന്റെ 28.36 ശതമാനവുമാണ്. കയറ്റുമതിയുടെ മൂല്യത്തിന്റെ 19.10 ശതമാനം രേഖപ്പെടുത്തി ശീതീകരിച്ച കണവയ്ക്കാണ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനം.
അമേരിക്കയും തെക്ക്-കിഴക്കേഏഷ്യയും തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനും ജപ്പാനും സമുദ്രോല്പന്നങ്ങളുടെ ഇറക്കുമതിയില്‍ മുന്‍പന്തിയിലുള്ള സ്ഥാനങ്ങള്‍ 2016-17 ലും നിലനിര്‍ത്തി. ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി ഏറ്റവും കൂടുതല്‍ യു.എസ്.എ (30.32 ശതമാനം) യിലേയ്ക്കാണ്. തുടര്‍ന്ന് തെക്ക്-കിഴക്കേ ഏഷ്യ (30.27 ശതമാനം), യൂറോപ്യന്‍ യൂണിയന്‍ (18.20 ശതമാനം), ജപ്പാന്‍ (6.92 ശതമാനം), മറ്റു രാജ്യങ്ങള്‍ (5.92 ശതമാനം), മധ്യേഷ്യ (4.83 ശതമാനം), ചൈന (3.54 ശതമാനം) എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലേയ്ക്കുള്ള സമുദ്രോല്പന്ന കയറ്റുമതി. 2016-17 ല്‍ ഇന്ത്യയില്‍ നിന്നും 1,88,617 മെട്രിക് ടണ്‍ സമുദ്രോല്പന്നങ്ങള്‍ യു.എസ്.എ. ഇറക്കുമതി ചെയ്തു. 2015-16 -നെ അപേക്ഷിച്ച് ഇറക്കുമതിയുടെ അളവില്‍ 22.72 ശതമാനവും മൂല്യത്തില്‍ 33 ശതമാനവും വളര്‍ച്ചയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2016-17-ല്‍ ഇന്ത്യയില്‍നിന്നുള്ള സമുദ്രോല്പന്ന ഇറക്കുമതിയില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളും അവരുടെ പങ്കും താഴെ കാണിച്ചിരിക്കുന്ന ചിത്രത്തില്‍ കൊടുത്തിരിക്കുന്നു. (ചിത്രം 3.4.1 കാണുക)
കയറ്റുമതി – ഇറക്കുമതി കണക്കുകളനുസരിച്ച് 2015-16-ല്‍ രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 6.84 ശതമാനം കാര്‍ഷികോല്പന്നങ്ങളാണ്. അതില്‍ മൊത്തം കാര്‍ഷികോല്പന്ന കയറ്റുമതിയുടെ 4.28 ശതമാനം സംഭാവന ചെയ്തുകൊണ്ട് കശുവണ്ടി ആറാം സ്ഥാനത്താണ്. 2016-17-ല്‍ ഇന്ത്യയില്‍നിന്നും 5168.78 കോടി രൂപയുടെ 82,302 മെട്രിക് ടണ്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്തു. 2015-16-ല്‍ ഇത് 4,952.12 കോടി രൂപയുടെ 96,346 മെട്രിക് ടണ്‍ കശുവണ്ടിയായിരുന്നു. കയറ്റുമതിയുടെ അളവില്‍ 14.58 ശതമാനത്തിന്റെ കുറവും മൂല്യത്തില്‍ 4.38 ശതമാനത്തിന്റെ വര്‍ദ്ധനയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു.എസ്.എ., യു.എ.ഇ., ജപ്പാന്‍, സൗദി അറേബ്യ, നെതർലാന്റ്, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി, ബല്‍ജിയം, കൊറിയ എന്നിവയാണ് ഇന്ത്യന്‍ കശുവണ്ടിയുടെ 2016-17-ലെ പ്രധാന കമ്പോളങ്ങള്‍. യു.എസ്.എ.യെ രണ്ടാംസ്ഥാനത്താക്കി ഇത് ആദ്യമായി യു.എ.ഇ. ഇന്ത്യയിൽ നിന്നും ഏറ്റവുംകൂടുതല്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്ന രാജ്യമായി. മൊത്തം കശുവണ്ടിയിറക്കുമതിയുടെ 23 ശതമാനം യു.എ.ഇ. യിലും 21 ശതമാനം യു.എസ്.എ.യിലുമാണ്. പ്രധാന കമ്പോളങ്ങളില്‍ സിങ്കപ്പൂര്‍, ഖത്തര്‍, അള്‍ജീരിയ, ജോര്‍ദ്ദാന്‍ എന്നിവ ഇറക്കുമതിയുടെ അളവില്‍ വര്‍ദ്ധന രേഖപ്പെടുത്തി. മറ്റ് പ്രധാന കമ്പോളങ്ങളില്‍ ഇറക്കുമതി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016-17-ല്‍ കശുവണ്ടിപ്പരിപ്പിന്റെ കയറ്റുമതിയില്‍ കുത്തനെയുള്ള ഇടിവാണുണ്ടായിട്ടുള്ളത്. അളവില്‍ 24.87 ശതമാനവും മൂല്യത്തില്‍ 6.36 ശതമാനവും കുറവ് ഈ കാലയളവില്‍ രേഖപ്പെടുത്തുകയുണ്ടായി. 2016-17 -ല്‍ കശുവണ്ടി കയറ്റുമതി 2,415.32 കോടി രൂപയുടെ 38054 മെട്രിക് ടണ്ണായിരുന്നു. എന്നാല്‍ 2015-16 -ല്‍ 2,579.49 കോടി രൂപയുടെ 50,652 മെട്രിക് ടണ്‍ കശുവണ്ടിയാണ് കയറ്റുമതി ചെയ്തത്. 2015-16 -ല്‍ ഇന്ത്യയുടെ മൊത്തം കശുവണ്ടി കയറ്റുമതിയുടെ അളവില്‍ കേരളത്തിന്റെ വിഹിതം 52.57 ശതമാനമായിരുന്നത് 2016-17-ല്‍ 46.24 ശതമാനമായി കുറഞ്ഞു. കയറ്റുമതി മൂല്യത്തിന്റെ കാര്യത്തില്‍ 2015-16-ല്‍ 52.09 ശതമാനമായിരുന്നത് 2016-17-ല്‍ 46.73 ശതമാനമായി കുറഞ്ഞു. (പട്ടിക 3.4.3 കാണുക)
വര്‍ഷം | കേരളം * | ഇന്ത്യ | കേരളത്തിന്റെ വിഹിതം (ശതമാനത്തില്‍) | |||
അളവ് | മൂല്യം | അളവ് | മൂല്യം | അളവ് | മൂല്യം | |
2010-11 | 56,578 | 1,478.67 | 105,755 | 2,819.39 | 53.50 | 52.45 |
2011-12 | 68,655 | 2,295.84 | 130,869 | 4,383.82 | 52.46 | 52.37 |
2012-13 | 53,624 | 2,138.47 | 100,105 | 4,046.23 | 53.57 | 52.85 |
2013-14 | 65,679 | 2,861.75 | 114,791 | 5,058.73 | 57.22 | 56.57 |
2014-15 | 68,150 | 3,098.75 | 118,952 | 5,432.85 | 57.29 | 57.04 |
2015-16 | 50,652 | 2,579.49 | 96,346 | 4,952.12 | 52.57 | 52.09 |
2016-17 | 38,054 | 2,415.32 | 823,02 | 5,168.78 | 46.24 | 46.73 |
*കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി അവലംബം: കാഷ്യു എക്സ്പോര്‍ട്ട് കൌണ്‍സില്‍ ഓഫ് ഇന്ത്യ |
2015-16-ല്‍ ഇന്ത്യയില്‍ നിന്നുള്ള കശുവണ്ടിത്തോടെണ്ണക്കയറ്റുമതി 57.59 കോടി രൂപയ്ക്കുള്ള 11,677 മെട്രിക് ടണ്ണായിരുന്നത് 2016-17-ല്‍ 44 കോടി രൂപയ്ക്കുള്ള 11,422 മെട്രിക് ടണ്ണായി കുറഞ്ഞു. ഇതിന്റെ കയറ്റുമതിയുടെ അളവിലും മൂല്യത്തിലും യഥാക്രമം 2.18 ശതമാനത്തിന്റെയും 23.63 ശതമാനത്തിന്റെയും കുറവാണുണ്ടായിട്ടുള്ളത്. 2015-16-ല്‍ കൊച്ചിതുറമുഖം വഴിയുള്ള കയറ്റുമതി 0.27 കോടിരൂപയുടെ 111 മെട്രിക് ടണ്ണായിരുന്നു. (അനുബന്ധം 3.4.4 കാണുക)
ലോകത്തിലെ അസംസ്കൃത കശുവണ്ടി ഉല്പാദകരില്‍ ഒന്നാം സ്ഥാനത്തുതന്നെ ഇന്ത്യ തുടരുകയാണ്. 2015-16-ല്‍ അസംസ്കൃത കശുവണ്ടി ഉല്പാദനം 670,300 മെട്രിക് ടണ്ണായിരുന്നത് 2016-17-ല്‍ 779,335 മെട്രിക് ടണ്ണായി. വിയറ്റ്നാം, ബ്രസീല്‍, താന്‍സാനിയ, ഐവറികോസ്റ്റ്, ഗിനിയ, മൊസാംബിക്ക്, ഇന്തോനേഷ്യ എന്നിവയാണ് മറ്റ് പ്രമുഖ അസംസ്കൃത കശുവണ്ടി ഉല്പാദക രാജ്യങ്ങള്‍. 2016-17-ല്‍ 8,839.42 കോടി രൂപയ്ക്കുള്ള 770,446 മെട്രിക് ടണ്‍ അസംസ്കൃത കശുവണ്ടി ഇന്ത്യയിലേയ്ക്ക് ഇറക്കുമതിചെയ്തു. 2015-16-ല്‍ ഇത് 8,561.01 കോടി രൂപയ്ക്കുള്ള 958,339 മെട്രിക് ടണ്ണായിരുന്നു. അസംസ്കൃത കശുവണ്ടിയുടെ യൂണിറ്റ് വില കി.ഗ്രാമിന് 89.33 രൂപയില്‍ നിന്നും 114.73 രൂപയായി വര്‍ദ്ധിച്ചതാണ് അസംസ്കൃത കശുവണ്ടിയുടെ ഇറക്കുമതിമൂല്യം ഉയര്‍ന്നതിനുകാരണം. അതേസമയം കൊച്ചിതുറമുഖം വഴിയുള്ള അസംസ്കൃത കശുവണ്ടി ഇറക്കുമതി 2015-16-ല്‍ 157,905 മെട്രിക് ടണ്ണായിരുന്നത് 45 ശതമാനം കുറഞ്ഞ് 2016-17-ല്‍ 86,821 മെട്രിക് ടണ്ണായി.
2016-17 -ല്‍ ഇന്ത്യയില്‍ നിന്നുള്ള കാപ്പി കയറ്റുമതി 5,634.84 കോടി (താല്‍കാലികം) രൂപയ്ക്കുള്ള 355,665 മെട്രിക് ടണ്ണാകുന്നു. 2015-16-ല്‍ ഇത് 5,175.61 കോടി രൂപയ്ക്കുള്ള 318,039 മെട്രിക് ടണ്‍ ആയിരുന്നു. മുൻവര്‍ഷത്തെ അപേക്ഷിച്ച് അളവില്‍ 11.83 ശതമാനവും മൂല്യത്തില്‍ 8.87 ശതമാനവും വര്‍ദ്ധനവുണ്ടായി. 2016-17-ല്‍ കേരളത്തില്‍ കൊച്ചിതുറമുഖം വഴിയുള്ള കാപ്പി കയറ്റുമതി 885.22 കോടി രൂപയ്ക്കുള്ള 55,874 മെട്രിക് ടണ്ണായിരുന്നു. 2015-16-ല്‍ ഇത് 858.16 കോടി രൂപയ്ക്കുള്ള 54,720 മെട്രിക് ടണ്‍ ആയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി 2016-17-ല്‍ 4,632.50 കോടി രൂപയ്ക്കുള്ള 227,630 മെട്രിക് ടണ്ണായിരുന്നു. 2015-16-ല്‍ ഇത് 4493.1 കോടി രൂപയ്ക്കുള്ള 232,920 മെട്രിക് ടണ്‍ ആയിരുന്നു. കയറ്റുമതിയുടെ മൂല്യത്തില്‍ 3.1ശതമാനം വര്‍ദ്ധനവും അളവില്‍ 2.27 ശതമാനം കുറവുമുണ്ടായി. കേരള തുറമുഖങ്ങളിൽ നിന്നും 2015-16 -ല്‍ 1,025.34 കോടി രൂപയ്ക്കുള്ള 69,706 മെട്രിക് ടണ്‍ തേയില കയറ്റുമതിചെയ്തു. 2014-15 -ല്‍ ഇത് 948.78 കോടി രൂപയ്ക്കുള്ള 69,343 മെട്രിക് ടണ്ണായിരുന്നു. തേയില കയറ്റുമതി അളവില്‍ 0.52 ശതമാനവും മൂല്യത്തില്‍ 8.07 ശതമാനവും നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. (പട്ടിക 3.4.4 കാണുക)
വര്‍ഷം | കേരളം | ഇന്ത്യ | ||
അളവ് | മൂല്യം | അളവ് | മൂല്യം | |
2010-11 | 48,104 | 552.12 | 222,019 | 3,058.31 |
2011-12 | 71,784 | 742.87 | 214,355 | 3,304.83 |
2012-13 | 69,017 | 904.62 | 216,231 | 4,005.93 |
2013-14 | 75,036 | 1,064.67 | 225,764 | 4,509.09 |
2014-15 | 69,343 | 948.79 | 199,077 | 3,823.64 |
2015-16 | 69,706 | 1,025.34 | 232,920 | 4,493.10 |
2016-17* | 227,630 | 4,632.50 | ||
അവലംബം: റ്റീബോര്‍ഡ് ഇന്ത്യ, *ഏപ്രില്‍ മുതല്‍ സെപ്തംബർവരെ |
ഇന്ത്യയിൽ നിന്നുള്ള കയറുല്പന്നങ്ങളുടെ കയറ്റുമതി 2015-16-ല്‍ 1,901.43 കോടിയുടെ 752,020 മെട്രിക് ടണ്ണായിരുന്നത് 2016-17 -ല്‍ 228,164 കോടി രൂപയുടെ 957,045 മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. കയര്‍മാറ്റു്, കയര്‍നാര്, കയറ്റുപായ, ചകിരി, ചവിട്ടി, കാര്‍പ്പറ്റ് മറ്റ് കയറുല്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ യു.എസ്.എ. (23 ശതമാനം), നെതർലാന്‍ഡ് (8 ശതമാനം), യു.കെ. (4.85 ശതമാനം) എന്നിവയാണ് കയറുല്പന്നങ്ങളുടെ 2016-17-ലെ പ്രധാന കമ്പോളങ്ങള്‍. ഈ കാലയളവില്‍ യു.എസ്.എ. 532.87 കോടി രൂപയുടെ 133,536.72 മെട്രിക് ടണ്‍ കയറുല്പന്നങ്ങളും നെതർലാന്‍ഡ് 181.48 കോടി രൂപയുടെ 82,487.53 മെട്രിക് ടണ്‍ കയറുല്പന്നങ്ങളും ഇറക്കുമതി ചെയ്യുകയുണ്ടായി. 2011-17 കാലയളവില്‍ യു.എസ്.എ. 6.27 കോടി രൂപയുടെ 595.89 മെട്രിക് ടണ്‍ കയറ്റുപായയും 30.60 കോടി രൂപയുടെ 28,604.63 മെട്രിക് ടണ്‍ ചവിട്ടിയും ഇറക്കുമതി ചെയ്യുകയുണ്ടായി. മേല്‍പ്പറഞ്ഞ കാലയളവില്‍ കയര്‍നാരിന്റെ പ്രധാനപ്പെട്ട കമ്പോളങ്ങള്‍ നെതർലാന്‍ഡും അതുകഴിഞ്ഞാല്‍ ഇറ്റലിയുമാണ്. 11.69 കോടി രൂപയുടെ 1,547.89 മെട്രിക് ടണ്‍ ചകിരിനാര് ഈ കാലയളവില്‍ നെതർലാന്‍ഡ് ഇറക്കുമതി ചെയ്തു.
2010-11 മുതല്‍ 2015-16 വരെയുള്ള വര്‍ഷങ്ങളിലെ കയറിന്റെയും കയറുല്പന്നങ്ങളുടെയും ഇറക്കുമതിയുടെ പ്രവണത ചിത്രം 3.4.2 -ല്‍ കാണിച്ചിരിക്കുന്നു.
ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിലുള്ള വളര്‍ച്ച 2016-17 -ലും തുടരുകയും അളവിലും ആദായത്തിലും റിക്കാര്‍ഡ് വര്‍ദ്ധന കൈവരിക്കുകയും ചെയ്തു. 2015-16 -ല്‍ 16,238.23 കോടി രൂപയുടെ 843,255 മെട്രിക് ടണ്‍ ആയിരുന്ന ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി 2016-17 -ല്‍ 17,664.61 കോടി രൂപ മൂല്യംവരുന്ന 947,790 മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. അളവില്‍ 12.39 ശതമാനത്തിന്റെയും മൂല്യത്തില്‍ 8.78 ശതമാനത്തിന്റെയും വര്‍ദ്ധനയാണ് ഇത് കാണിക്കുന്നത്.
കേരളത്തില്‍നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതി (കൊച്ചി, തിരുവനന്തപുരം തുറമുഖങ്ങൾവഴി) 2015-16 -ല്‍ 3,905.18 കോടിയുടെ 100,076 മെട്രിക് ടണ്ണായിരുന്നത് 2016-17-ല്‍ 3857.88 കോടി രൂപ മൂല്യംവരുന്ന 84,656.95 മെട്രിക് ടണ്ണായി കുറയുകയാണുണ്ടായത്. അളവില്‍ 15.41 ശതമാനത്തിന്റെയും മൂല്യത്തില്‍ 1.21 ശതമാനത്തിന്റെയും കുറവാണ് ഇത് കാണിക്കുന്നത്. 2016-17-ല്‍ കേരളത്തില്‍ നിന്നുമുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ കുറവുണ്ടായെങ്കിലും മഞ്ഞള്‍, ജീരകം, സെലറി, ചതകുപ്പ, വെളുത്തുള്ളി, ജാതിക്ക, ചോളം, കറിപൗഡര്‍/കൂട്ട് എന്നീ സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിയില്‍ അളവിലും മൂല്യത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനയുണ്ടായിട്ടുണ്ട്.