മറ്റു സേവനങ്ങൾ- കലയും സംസ്കാരവും

വളരെ സമ്പന്നമായൊരു കലാ സാംസ്ക്കാരിക പൈതൃകത്തിന് കീർത്തികേട്ട സംസ്ഥാനമാണ് കേരളം. സമ്പദ് വ്യവസ്ഥയുടെ മുഖ്യ ചാലക ശക്തികളിൽ ഒന്നായി സംസ്ക്കാരത്തെ മാറ്റുന്നതിന് സംസ്ഥാനം ലക്ഷ്യമിടുന്നു . സാംസ്ക്കാരിക ഉൽപ്പന്നങ്ങളുടെ ചോദനം സംസ്ഥാനത്ത് വർദ്ധിച്ചു വരുന്നു. ചോദനത്തിലുള്ള ഈ വർദ്ധനവ് നേരിടുന്നതിനായി സംസ്ഥാനം ഫലപ്രദമായ നടപടികൾ എടുക്കുന്നുണ്ട് . കേരളത്തിന്റെ സംസ്ക്കാരത്തെ സമഗ്രമായ രീതിയിൽ പരിപോഷിപ്പിക്കുന്നതിന് കേരളത്തിന് വൻ അവസരങ്ങൾ ഇന്നുണ്ട്.

പതിമൂന്നാം പദ്ധതി കേരളത്തിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക വളർച്ചയേയും വികസനത്തെയും മുന്നോട്ടു നയിക്കുന്നതിന് ഉദിച്ചു വരുന്ന മേഖലയായി കലാ സാംസ്ക്കാരിക മേഖലയെ അംഗീകരിച്ചിട്ടുണ്ട്. പദ്ധതിക്കാലത്ത്, സംസ്ഥാന സർക്കാർ ഇതിന്റെ സമ്പന്നവും വൈവിധ്യവുമായ സംസ്ക്കാരത്തെ പരിപോഷിപ്പിക്കുകയും കലയും പൈതൃകവും സംയോജിപ്പിച്ച സാംസ്ക്കാരിക ആസൂത്രണത്തിന് പ്രത്യേക ഊന്നൽ നൽകുകയും ചെയ്യും. കലയ്ക്കും സംസ്ക്കാരത്തിനുമുള്ള വകയിരുത്തൽ ഗണ്യമായി ഉയർത്തും. കേരളത്തിന്റെ ചരിത്രത്തെയും സാംസ്ക്കാരിക പൈതൃകത്തെയും പറ്റിയുള്ള ഗവേഷണത്തെ പ്രേത്സാഹിപ്പിക്കും.

കലാ സാംസ്ക്കാരിക നയം ആധുനിക മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന്റെ വികസനത്തിന് സൗകര്യമൊരുക്കുന്നതായിരിക്കണം. കേരളത്തിന്റെ സാംസ്ക്കാരിക നവോത്ഥാന പാരമ്പര്യത്തിന്റെ തുടർച്ചയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം പ്രസ്തുത നയം. അത് ഭൂരിപക്ഷീയതയിൽ നിന്നും നവോത്ഥാനത്തിൽ നിന്നും ഉയർന്നുവരുന്ന സമകാലീന വെല്ലുവിളികൾക്കുള്ള പുരോഗമനാത്മകമായ പ്രതികരണമായിരിക്കണം. കേരള സാംസ്ക്കാരിക ചരിത്രത്തിന്റെ അനേകം വ്യവസ്ഥാപിത പ്രത്യേകതകളുടെ സംയോജനം ആവശ്യമാണ്. ഗ്രാമീണ ഗ്രന്ഥശാലകളും വായനശാലകളും, സാംസ്ക്കാരിക സംഘങ്ങൾ, ഫിലിം സൊസൈറ്റികൾ, പ്രാദേശിക വായ്മൊഴി ചരിത്ര പ്രോജക്ടുകൾ, മതനിരപേക്ഷ സന്ദേശമുൾക്കൊള്ളുന്ന ജനപ്രിയ കലാരൂപങ്ങൾ എന്നിവ ശക്തിപ്പെടുത്തണം, നൂതന സാങ്കേതിക വിദ്യകളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തണം. മുതലായവയ്ക്കാണ് പതിമൂന്നാം പദ്ധതിയുടെ സമീപനത്തിൽ ഊന്നൽ നൽകിയിരിക്കുന്നത്.

സാംസ്ക്കാരിക പൈതൃകത്തിന്റെ പ്രോത്സാഹനത്തിനും പ്രചാരണത്തിനുമായി ധാരാളം സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കലാ സാംസ്ക്കാരിക മേഖലയ്ക്കുള്ള സാമ്പത്തിക സഹായം പ്രധാനമായും നൽകുന്നത് സാംസ്ക്കാരിക കാര്യ വകുപ്പ് മുഖേനയാണ്. മേഖലയ്ക്ക് കീഴിൽ വരുന്ന പ്രധാനപ്പെട്ട പദ്ധതി നിർവ്വഹണ വകുപ്പുകളാണ് പുരാവസ്തു വകുപ്പ്, പുരാരേഖ വകുപ്പ്, സാംസ്ക്കാരിക ഡയറക്ടറേറ്റ്, കാഴ്ചബംഗ്ലാവ് മൃഗശാലാ വകുപ്പ്, ചലച്ചിത്ര വികസന കോർപ്പറേഷൻ മുതലായവ. സാംസ്ക്കാരിക കാര്യ വകുപ്പിന് കീഴിൽ വരുന്ന പ്രധാന സ്ഥാപനങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഫോക്ക് ലോർ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, ഭാരത് ഭവൻ, കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ, വാസ്തുവിദ്യാ ഗുരുകുലം, കേരള കലാമണ്ഡലം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ബുക്ക് മാർക്കറ്റിംഗ് സൊസൈറ്റി മുതലായവ. ഇത്തരം സ്ഥാപങ്ങളുടെ പ്രവർത്തനങ്ങളിൽ ഏകോപനമില്ലായ്മ, പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, മോണിറ്ററിംഗ് എന്നിവയുടെ അഭാവം ഇവയാണ് മേഖലയിലുള്ള പ്രധാന പരിമിതികൾ. അതിനാൽ ഇത്തരം സ്ഥാപങ്ങളുടെ ഏകോപനത്തിനായി ഒരു ഉന്നത സമിതി രൂപീകരിക്കുവാൻ ഉദ്ദേശിക്കുന്നു .

2017-18 വർഷത്തിൽ കലയും സംസ്ക്കാരവും മേഖലയ്ക്ക് കീഴിൽ വരുന്ന ചില വകുപ്പുകൾ കൈവരിച്ച നേട്ടങ്ങളുടെ ഒരു സംക്ഷിപ്ത വിവരണം ചുവടെ കൊടുത്തിരിക്കുന്നു.

പുരാവസ്തു വകുപ്പ്

വകുപ്പിന്റെ നേട്ടങ്ങളിലൊന്നാണ് ജില്ലാ പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കൽ. തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജില്ലാ പൈതൃക മ്യൂസിയങ്ങളുടെ ജോലി പുരോഗമിക്കുന്നു. വകുപ്പ്, മടവൂർ പാറയിൽ ഒരു പരിസ്ഥിതി സൗഹാർദ്ദ പാർക്ക് സ്ഥാപിക്കുകയും കുട്ടികളുടെ പാർക്ക് നവീകരിക്കുകയും ചെയ്തു. തൃപ്പൂണിത്തുറയിലെ ഹിൽപാലസ് മ്യൂസിയം, ശ്രീപാദം കൊട്ടാരം, പത്മനാഭപുരം കൊട്ടാരം, പുതുപള്ളി വെണ്ണിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം എന്നിവിടങ്ങളിൽ അടിയന്തിര നവീകരണ ജോലികൾ ചെയ്തു. വിവിധ എക്സിബിഷനുകൾ, സെമിനാറുകൾ കോഴിക്കോട്ടുള്ള പൂവമ്പായി, നെയ്യാറ്റിൻകര, തൃശ്ശൂർ, കൊല്ലംകോട് കൊട്ടാരം, മുളയം എന്നിവിടങ്ങളിൽ‍ ശാസ്ത്രീയ ഉത്ഖനന പ്രവർത്തനങ്ങളും വകുപ്പ് നടത്തി. ഫെബ്രുവരി 26 മുതൽ 28 വരെ ഹൈദ്രാബാദിലെ പ്രവാസി കേരളീയർക്കിടയിൽ സാംസ്ക്കാരികാവബോധം സൃഷ്ടിക്കുന്നതിനായി "കേരള തെലുങ്കാന ഹെറിറ്റേജ് ഫെസ്റ്റ് 2017" വകുപ്പ് സംഘടിപ്പിച്ചു.

പുരാരേഖാ വകുപ്പ്

സംസ്ഥാന സർക്കാർ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുമായി ബന്ധപ്പെട്ട് സ്ഥിരമൂല്യമുള്ളതും, നിലവിൽ ഉപയോഗത്തിലില്ലാത്തതുമായ പ്രധാന രേഖകളുടെ സൂക്ഷിപ്പിന് ചുമതലപ്പെട്ട വകുപ്പാണ് പുരാരേഖാ വകുപ്പ്. സ്ഥായിയായി സംരക്ഷിക്കപ്പെടേണ്ടതായ ചരിത്ര പ്രാധാന്യമുള്ള രേഖകൾ, താളിയോലകൾ, കൈയ്യെഴുത്തു പ്രതികൾ, സർക്കാർ രേഖകൾ തുടങ്ങിയവയുടെ സംരക്ഷണം പുരാരേഖാ വകുപ്പ് ഏറ്റെടുത്തു നടത്തുന്നു. അത്തരം രേഖകളെ റഫറൻസ് ആവശ്യങ്ങൾക്കായി വകുപ്പ് ശാസ്ത്രീയമായി സംരക്ഷിച്ച് സൂക്ഷിക്കുന്നു. 2017-18 വർഷത്തിൽ വകുപ്പ് കൈവരിച്ച നേട്ടങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

  • പൊതുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന കമ്മ്യൂണിറ്റി ആർക്കൈവ്സ് പദ്ധതിയിലൂടെ വകുപ്പിന് ധാരാളം സ്വകാര്യ രേഖകൾ കണ്ടെത്തി സംരക്ഷിച്ച് സൂക്ഷിക്കാൻ കഴിയും. പ്രസ്തുത പദ്ധതിക്കായി 50 ലക്ഷം രൂപയുടെ ഭണാനുമതി ലഭിക്കുകയും പ്രാരംഭ ജോലികൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
  • 2017 ഫെബ്രുവരി 25 മുതൽ 27 വരെ പ്രവാസി കേരളീയർക്കിടയിൽ പൈതൃകാവബോധം സൃഷ്ടിക്കുന്നതിനായി പുരാരേഖാ പ്രദർശനങ്ങൾ, സെമിനാറുകൾ, അവബോധ പരിപാടികൾ എന്നിവ ഹൈദ്രാബാദിൽ വകുപ്പ് സംഘടിപ്പിച്ചു.
  • വകുപ്പിന്റെ ഡിജിറ്റൽ രേഖകളും സേവനങ്ങളും ഗവേഷണ വിദ്യാർത്ഥികൾക്കും, ചരിത്രകാരൻമാർക്കും, പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിനായി ഇന്ററാക്ടീവ് ഓൺലൈൻ ആർക്കൈവ്സ് വെബ്സൈറ്റ് വികസിപ്പിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു.
  • വകുപ്പിന്റെ തെരഞ്ഞെടുത്ത രേഖകളിലൊന്നായ "ചരിത്ര രശ്മി" യുടെ പ്രസിദ്ധീകരണ ജോലികൾ അന്തിമഘട്ടത്തിലാണ്. "പെരുമ്പടപ്പ് ഗ്രന്ഥവരി", "വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള തെരഞ്ഞെടുത്ത വിവരങ്ങൾ", "പ്രാചീനലിപി മാതൃകകൾ" എന്നിവയുടെ പുന:പ്രസിദ്ധീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു.
  • വകുപ്പ്, 46,718 താളിയോലകളുടെ മൊഴിമാറ്റം ചെയ്തു, സി.ഡിറ്റ് മുഖേന 6 ലക്ഷം പേപ്പർ രേഖകളും 2 ലക്ഷം ചുരുണ ഇലകളും ഡിജിറ്റലൈസ് ചെയ്തു.

കാഴ്ചബംഗ്ലാവും മൃഗശാലയും വകുപ്പ്

കാഴ്ച ബംഗ്ലാവും മൃഗശാലയും വകുപ്പ് സാംസ്ക്കാരിക വകുപ്പിന്റെ നിയന്ത്രണത്തിൻ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസും, കാഴ്ചബംഗ്ലാവും, ചിത്രശാലയും, മൃഗശാലയും, കോഴിക്കോട്ടുള്ള ചിത്രശാലയും, കൃഷ്ണമേനോൻ കാഴ്ചബംഗ്ലാവും ഈ വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ് ഈ സ്ഥാപനങ്ങൾ. 2017-18 വർഷത്തിൽ വകുപ്പിന്റെ പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്.

  • നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ എയർ കണ്ടീഷനിംഗ് യൂണിറ്റും ഗുണനിലവാരമുള്ള ഇലക്ട്രിക്കൽ സംവിധാനങ്ങളും ഉൾപ്പെടുത്തിയുള്ള നവീകരണ ജോലികൾ പുരോഗമിക്കുന്നു. തൃശ്ശൂർ കാഴ്ചബംഗ്ലാവ് മൃഗശാലയിലെ ക്യാന്റീൻ നവീകരിച്ചു, പഴയ ഗാർഡൻ ഓഫീസിലെ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തി.
  • എല്ലാ ആധുനിക മ്യൂസിയങ്ങളും ഭിന്നശേഷിസൗഹൃദമായി പുനർസൃഷ്ടിക്കുന്നതിലൂടെ ഭിന്നശേഷിക്കാർക്കും മ്യൂസിയങ്ങളുടെ മനോഹാരിത നന്നായി സൂക്ഷ്മ പരിശോധന നടത്താനാകും. ആദ്യപടിയായി വകുപ്പിന്റെ കീഴിലുള്ള വിവിധ മ്യൂസിയങ്ങളിൽ ലിഫ്റ്റ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
  • തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും മൃഗശാലകൾ വർഷം മുഴുവൻ ഇന്ത്യയ്ക്കകത്തു നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്. വർഷംതോറും സന്ദർശകരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. മൃഗശാലയിൽ വിവിധ സന്ദർശക സൗകര്യങ്ങളായ കുടിവെള്ള പോയിന്റുകൾ, ടോയ് ലെറ്റുകൾ, വാഹന പാർക്കിംഗ് സൗകര്യം, വീൽ ചെയറുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, സുവനീർ ഷോപ്പ് മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം സന്ദർശക സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇ-ടോയ് ലെറ്റുകളും, ഷീ-ടോയ് ലെറ്റുകളും, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ടോയ് ലെറ്റുകളും സജ്ജീകരിക്കുന്നുണ്ട്.
  • തിരുവനന്തപുരം കാഴ്ചബംഗ്ലാവ് മൃഗശാല ക്യാമ്പസിൽ നിർമ്മിച്ച അക്വാറിയം സന്ദർശകർക്ക് മുഖ്യാകർഷണമാണ്. അതിനാൽ തൃശ്ശൂർ കാഴ്ചബംഗ്ലാവ് മൃഗശാല ക്യാമ്പസിൽ നിലവാരമുള്ള അക്വാറിയം നിർമ്മിക്കുന്നതിന് വകുപ്പ് ലക്ഷ്യമിടുന്നു. പ്രസ്തുത ആവശ്യത്തിന് പര്യാപ്തമായ സ്ഥലം ലഭ്യമായിട്ടുണ്ട്.
  • വകുപ്പിന്റെ വാർഷിക പരിപാടിയാണ് വന്യജീവി വാരാഘോഷം. ക്വിസ്, ചിത്രരചന, പ്രസംഗം, ഉപന്യാസ രചന തുടങ്ങി വിവിധ മത്സരങ്ങൾ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്.

സാംസ്ക്കാരിക കാര്യ ഡയറക്ടറേറ്റ്

2016-17 മാർച്ച് വരെ സാംസ്ക്കാരിക കാര്യ ഡയറക്ടറേറ്റ് പദ്ധതി പദ്ധതിയേതര വിഹിതത്തിൽ നിന്നും തുഞ്ചൻ സ്മാരകം ഉണ്ണായി വാര്യർ സ്മാരകം ഉൾപ്പെടെ ഏകദേശം 21 സാംസ്ക്കാരിക സ്ഥാപനങ്ങൾക്ക് ധനസഹായം നൽകി. ഡയറക്ടറേറ്റിന്റെ പുതിയ പദ്ധതികളാണ് യുവകലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ്, മ്യൂസിയങ്ങളുടെ ശൃംഖലയും വികസനവും, കലാകാരന്മാർക്കുള്ള ഉപജീവനം റൂറൽ ആർട്ട് ഹബ്ബുകൾ, സാംസ്ക്കാരിക ഉന്നത സമിതി, കൂടാതെ സാംസ്ക്കാരിക സ്ഥാപങ്ങൾക്കുള്ള ആവർത്തനേതര ധനസഹായം, കേരള സംസ്ക്കാരത്തിന്റെ വ്യാപനം എന്നീ രണ്ട് തുടർ പദ്ധതികളും ഉണ്ട്. കേരള സംസ്ക്കാരത്തിന്റെ വ്യാപനം എന്ന പദ്ധതിയിൻ കീഴിൽ സാംസ്ക്കാരിക കാര്യ ഡയറക്ടറേറ്റ് www.keralaculture.org എന്ന പേരിൽ ഒരു വെബ്സൈറ്റ് ഉണ്ടാക്കുകയും സാംസ്ക്കാരികോത്സവങ്ങളുടെ വീഡിയോകളും വിവിധ സാംസ്ക്കാരിക വീക്ഷണങ്ങളും ഉൾക്കൊള്ളിച്ച് ഇതിനെ പരിഷ്ക്കരിച്ചിട്ടുമുണ്ട്. ഭാരത് ഭവൻ, പുരാവസ്തു, പുരാരേഖ വകുപ്പുകളുമായി സംയോജിച്ച് 2017 ഒക്ടോബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ പൈതൃകോത്സവം എന്ന പേരിൽ സാംസ്ക്കാരിക വിനിമയ പരിപാടികൾ വകുപ്പ് സംഘടിപ്പിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ

2017-18 ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചിറ്റൂരിലുള്ള ചിത്രാജ്ഞലി തീയേറ്ററിനെ രണ്ട് ഭാഗങ്ങളാക്കി വേർതിരിച്ചുള്ള ആധുനീകരണ ജോലികൾ ആരംഭിച്ചു. 2017 ഡിസംബറോടുകൂടി തിയേറ്റർ പ്രദർശനത്തിനായി തുറക്കാനാകും. കിഫ്ബിയുടെ സഹായത്തോടുകൂടി സാംസ്ക്കാരിക കാര്യ വകുപ്പിന് കീഴിൽ കേരളത്തിലെ എല്ലാ ജില്ലകളിലും സാംസ്ക്കാരിക സമുച്ചയങ്ങളുടെ നിർമ്മാണം, തിരുവനന്തപുരം ചിത്രജ്ഞലി സ്റ്റുഡിയോ ഫിലിം സിറ്റിയാക്കി മാറ്റൽ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്കുവേണ്ടി കേരളം മുഴുവൻ 100 തീയേറ്ററുകളുടെ നിർമ്മാണം, തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ വിവിധോദ്ദേശ്യ സാംസ്ക്കാരികോത്സവ സമുച്ചയ നിർമ്മാണം തുടങ്ങിയ 4 പ്രധാന പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുള്ള പ്രത്യേക ഉദ്ദേശ്യ മാധ്യമമായി (Special purpose vehicle) സർക്കാർ KSFDC യെ തിരഞ്ഞെടുത്തിട്ടുണ്ട്. ഡി.പി.ആർ തയ്യാറാക്കേണ്ട ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള ടെണ്ടർ പ്രക്രിയ അന്തിമ ഘട്ടത്തിലാണ്.

വാസ്തു വിദ്യാ ഗുരുകുലം

പരമ്പരാഗത ശിൽപ്പവിദ്യയും അനുബന്ധ വിഷയങ്ങളും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സർക്കാരിനു കീഴിലുള്ള ഇന്ത്യയിലെ തന്നെ ഒരേയൊരു സ്ഥാപനമാണ് വാസ്തു വിദ്യ ഗുരുകുലം. ഭാരത സർക്കാറിന്റെ മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം വാസ്തുവിലും മറ്റ് അനുബന്ധ വിഷയങ്ങളിലുമുള്ള അംഗീകൃത നോഡൽ ഏജൻസിയായി വാസ്തു വിദ്യാ ഗുരുകുലത്തെ അംഗീകരിച്ചിട്ടുണ്ട്. വാസ്തുവിദ്യാ ഗുരുകുലത്തെ ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വാസ്തുവിദ്യയിലും ചുമർചിത്രകലയിലും 5 അക്കാദമിക് കോഴ്സുകൾ വാസ്തുവിദ്യാ ഗുരുകുലം നടത്തുന്നു. വാസ്തുവിദ്യാ ഗുരുകുലത്തിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം 250 ആണ്. കേന്ദ്ര ഗവണ്മെന്റും യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമും അവരുടെ വിനോദ സഞ്ചാര പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുള്ള കേന്ദ്രബിന്ദുവായി ആറൻമുള ഗ്രാമത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിൽ അവർ 31 ഗ്രാമങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ആ പട്ടികയിലെ പ്രമുഖമായ സാംസ്ക്കാരിക പൈതൃക ഗ്രാമങ്ങളിലൊന്നാണ് ആറൻമുള. പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുന്നതിനുള്ള ഏജൻസിയായി ഗുരുകുലത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിനുവേണ്ടി കേരളത്തിലെ എല്ലാ പാരമ്പര്യ ശിൽപ്പവിദ്യാ നിർമ്മിതികളും ഡോക്യുമെന്റ് ചെയ്യുന്നത് വാസ്തുവിദ്യാ ഗുരുകുലമാണ്. സംസ്ഥാന നഗരാസൂത്രണ വകുപ്പിനുവേണ്ടി ആലപ്പുഴയുടെയും തലശ്ശേരിയുടെയും ഹെറിറ്റേജ് പ്ലാൻ വാസ്തുവിദ്യാ ഗുരുകുലം തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുത്ത 50 പ്രധാനപ്പെട്ട ശിൽപ്പ നിർമ്മിതികളെ ഗുരുകുലം ഡോക്യൂമെന്റ് ചെയ്തിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെയും ആലപ്പുഴ എസ്.ഡി കോളേജിന്റെുയും ചുമർ ചിത്രങ്ങളുടെ നവീകരണ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർവ്വവിജ്ഞാന കോശ പ്രസിദ്ധീകരണ ഇൻസ്റ്റിറ്റ്യൂട്ട്

2017-18 വർഷത്തിൽ സംസ്ഥാന സർവ്വവിജ്ഞാന കോശ പ്രസിദ്ധീകരണ ഇൻസ്റ്റിറ്റ്യൂട്ട് വിശ്വസാഹിത്യ വിജ്ഞാനകോശത്തിന്റെ പത്താം വാല്യം പ്രസിദ്ധീകരിച്ചു. പൊതുവിജ്ഞാനകോശം 17 -ാം വാല്യം തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. കൂടാതെ നവസാങ്കേതിക വിദ്യാവിജ്ഞാന കോശത്തിന്റെയും കേരള വിജ്ഞാനകോശത്തിന്റെയും പ്രസിദ്ധീകരണ ജോലികൾ ആരംഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനത്തിനും വികസനത്തിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി. അക്കാദമിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തെലുങ്ക്, കന്നഡ, തമിഴ്, കൊങ്കിണി, മലയാളം ഭാഷകളിലെ പ്രമുഖരായ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് 2016 നവംബറിൽ ശിൽപ്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി അക്കാദമി 2016 ഡിസംബർ 27 മുതൽ 30 വരെ സംസ്ഥാനതല വിദ്യാരംഗം സർഗ്ഗോത്സവം നടത്തി. 2017 ജനുവരിയിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ കവികളെ പങ്കെടുപ്പിച്ചുകൊണ്ട് ദക്ഷിണേന്ത്യൻ കവിതാ തർജ്ജിമയിൽ 4 ദിവസത്തെ ശിൽപ്പശാല അക്കാദമി സംഘടിപ്പിച്ചു. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി നാടകരചനയിൽ അഞ്ചുദിവസത്തെ ശിൽപ്പശാല സംഘടിപ്പിച്ചു.

കേരള സംഗീത നാടക അക്കാദമി

സംഗീതം, നൃത്തം, നാടകം, കഥകളി, നാടൻ കലകൾ എന്നീ മേഖലകളിൽ സംസ്ഥാനത്തിന്റെ സാംസ്ക്കാരിക പൈതൃകം സംരക്ഷിച്ച് പരിപോഷിപ്പിക്കുന്നതിനുവേണ്ടി കേരള സംഗീത നാടക അക്കാദമി സ്ഥാപിക്കപ്പെട്ടു. 2016 ഒക്ടോബർ 30 മുതൽ നവംബർ 5 വരെ ചെമ്പൈ മെമ്മോറിയൽ സംഗീത കോളേജുമായി സഹകരിച്ച് സംഗീത നാടക അക്കാദമി "നാട്യകൈരളി" കഥകളി ഉത്സവം സംഘടിപ്പിച്ചു. പ്രസ്തുത ഉത്സവത്തിൽ പ്രമുഖ കഥകളി കലാകാരന്മാരുടെ കഥകളിയും സെമിനാറുകളും അവതരിപ്പിച്ചു. 2016 നവംബർ 4 മുതൽ 6 വരെ ഷഡ്കാല ഗോവിന്ദ മാരാർ സംഗീതോത്സവം എറണാകുളം ജില്ലയിൽ സംഘടിപ്പിച്ചു. 2017 ഫെബ്രുവരി 5 മുതൽ 8 വരെ സി.എം.എസ് കോളേജിൽ "ശ്രുതി പഞ്ചമം" സ്വരവാദ്യോത്സവം സംഘടിപ്പിച്ചു. ഒൻപതാമത് അന്താരാഷ്ട്ര നാടകോത്സവം 2017 ഫെബ്രുവരി 20 മുതൽ 28 വരെ തൃശ്ശൂരിൽ സംഘടിപ്പിച്ചു. 15 അന്തർദേശീയ നാടകങ്ങളും 8 ദേശീയ നാടകങ്ങളും 7 മലയാളം നാടകങ്ങളും 9 ദിവസത്തെ പരിപാടിയിൽ അവതരിപ്പിച്ചു.

കേരള ലളിതകലാ അക്കാദമി

കലാകാരന്മാരുടെ പ്രത്യേകിച്ചും ചിത്രകാരന്മാരുടെയും ശിൽപ്പികളുടെയും കലാവാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികളാണ് കേരള ലളിതകലാ അക്കാദമി നടപ്പാക്കി വരുന്നത്. പ്രദർശനങ്ങൾ സംഘടിപ്പിക്കുവാൻ കലാകാരൻമാർക്ക് ധനസഹായവും ലളിതകലാ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും അക്കാദമി നൽകി വരുന്നു. ‘2017 പാവായിൽ ഫെസ്റ്റിന്റെ’ ഭാഗമായി കോഴിക്കോട്ടെ പാവായിൽ ഒരു ദിവസത്തെ ചിത്രകലാ ക്യാമ്പ് അക്കാദമി സംഘടിപ്പിച്ചു. ഏകദേശം 50 കലാകാരൻമാർ ഇതിൽ പങ്കെടുത്തു. 2017 മെയ് 4 മുതൽ 6 വരെ ദേശീയ കാർട്ടൂണ്‍ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ദർബാർഹാൾ കലാകേന്ദ്രയിൽ ജൂലൈ 14 മുതൽ 23 വരെ സമന്വയ എന്ന പേരിൽ പത്ത് ദിവസത്തെ കലാ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നലിംഗക്കാർ, ഗോത്രവർഗ്ഗക്കാർ തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കലാകാരൻമാർ ഇതിൽ പങ്കെടുത്തു. 40 ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ടതും 18 ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട കലാകാരൻമാരും ഉൾപ്പെടെ 250 ഓളം കലാകാരൻമാർ ഇതിൽ പങ്കെടുത്തു. വിദ്യാർത്ഥികളെ ശിൽപ്പ നിർമ്മാണത്തിലും ചിത്രകലയിലും ആകർഷിക്കുന്നത് ലക്ഷ്യമിട്ട് സർക്കാർ സ്കൂളുകളിൽ ചിത്രകലാ ക്യാമ്പുകളും ശിൽപ്പ നിർമ്മാണവും അക്കാദമി സംഘടിപ്പിക്കുന്നു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മലയാളത്തിൽ നല്ല സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 1998 ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിച്ചു. സിനിമ, ടെലിവിഷൻ രംഗത്തെക്കുറിച്ചുള്ള നയപരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ അക്കാദമി ഗവണ്മെന്റിനെ സഹായിക്കുന്നു. അന്തർദേശീയ ചലച്ചിത്രോത്സവം, ദേശീയ ചലച്ചിത്രോത്സവം, അന്തർദേശീയ ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേള എന്നീ മൂന്ന് ചലച്ചിത്രോത്സവങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രധാനമായും സംഘടിപ്പിക്കുന്നത്. 2017 മാർച്ച് 18 മുതൽ 21 വരെ അക്കാദമി ദേശീയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഫിലിം സൊസൈറ്റികൾ, സ്കൂളുകൾ, കോളേജുകൾ, സാംസ്ക്കാരിക സംഘടനകൾ എന്നിവയുമായി സഹകരിച്ച് ടൂറിംഗ് ടാക്കീസ് (സഞ്ചരിക്കുന്ന ഫിലിം ഷോ) അക്കാദമി സംഘടിപ്പിച്ചു. അക്കാദമി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് 2017 മാർച്ച് 6 മുതൽ 10 വരെ കോഴിക്കോട് ടാഗോർ തീയേറ്ററിൽ ആദ്യവനിതാ അന്തർദേശീയ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ഇന്ത്യൻ സിനിമയിലെ പ്രമുഖ വനിതാ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം ചലച്ചിത്രോത്സവത്തിന്റെ മുഖ്യാകർഷണമായിരുന്നു. 2017 ജൂണ്‍ 16 മുതൽ 20 വരെ പത്താമത് അന്തർദേശീയ ഡോക്യുമെന്ററി – ഹ്രസ്വ ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഇതിൽ 1500 പ്രതിനിധികൾ പങ്കെടുക്കുകയും 218 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥിരം തീയേറ്റർ ഫെസ്റ്റിവൽ കോംപ്ലക്സ് കഴക്കൂട്ടത്തെ കിൻഫ്രാ പാർക്കിൽ അന്തർദേശീയ ചലച്ചിത്ര പഠന ഗവേഷണ കേന്ദ്രം/ഡിജിറ്റൽ ആർക്കൈവിന്റെയും നിർമ്മാണം എന്നിവയും ആരംഭിച്ചിട്ടുണ്ട്.

ഗുരുഗോപിനാഥ് നടന ഗ്രാമം വട്ടിയൂർക്കാവ്

വിവിധ ഇന്ത്യൻ നൃത്തരൂപങ്ങളുടെ ഒരു പഠന, പരിശീലന ഗവേഷണ കേന്ദ്രമായാണ് ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥാപിതമായത്. പ്രാഗൽഭ്യമുള്ള കുട്ടികൾക്ക് നൃത്തരൂപങ്ങളുടെയും സംഗീതോപകരണങ്ങളുടെയും പരിശീലന ക്ലാസുകൾ നടനഗ്രാമം നടത്തി വരുന്നു. കേരളത്തിലെ നൃത്തരൂപങ്ങളെ കുറിച്ചുള്ള സെമിനാറുകളും ഇവിടെ സ്ഥിരമായി നടത്തി വരുന്നു. 2017-18 വർഷത്തിൽ ചിലമ്പൊലി തീയറ്റർ, സംഗീതോപകരണങ്ങൾ, മ്യൂസിയത്തിന്റെ ചുറ്റുമതിൽ എന്നിവ നവീകരിച്ചു. 2017 ഫെബ്രുവരി 9 ന് "അന്തർദേശീയ മ്യൂസിയ ശിൽപ്പശാല" സംഘടിപ്പിച്ചു. ദേശീയ നൃത്ത മ്യൂസിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കുകയായിരുന്നു ശിൽപ്പശാലയുടെ മുഖ്യലക്ഷ്യം. ആസ്ട്രിയ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദർ ഉൾപ്പെടെ ഏകദേശം 40 മ്യൂസിയ സജ്ജീകരണ വിദഗ്ദർ ശിൽപ്പശാലയിൽ പങ്കെടുത്തു. 2017 ഫെബ്രുവരി 7 മുതൽ 12 വരെ ദേശീയ നൃത്തോത്സവം സംഘടിപ്പിച്ചു. ഇതിൽ ഒഡീഷ, മണിപ്പൂർ, കർണ്ണാടകം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള നൃത്തസംഘങ്ങൾ പങ്കെടുത്തു. 2017 ജനുവരിയിൽ കേരളനടനം ഒന്നാംഘട്ട ഡോക്യുമെന്റേഷൻ പൂർത്തീകരിച്ചു.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മലയാള ഭാഷയിൽ ബാലസാഹിത്യത്തിനുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അവയുടെ സ്വീകാര്യത വർദ്ധിപ്പിച്ച് ജനപ്രിയമാക്കുകയും ചെയ്യുന്നു. കുട്ടികൾക്കായി ‘തളിര്’ എന്ന മാസിക ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നു. കുട്ടികളിലെ വായനാശീലവും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിവിധ പരിപാടികളും കുട്ടികളിലെ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തു നടത്തുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് 2016 നവംബറിൽ തെരെഞ്ഞെടുത്ത സ്കൂളുകളിൽ സംഘടിപ്പിച്ച ‘അക്ഷരയാത്ര’. കുട്ടികൾക്കിടയിൽ മാതൃഭാഷാ സ്നേഹം പകരുകയും വായനാശീലം പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് നല്ല പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകി. ഇൻസ്റ്റിറ്റ്യൂട്ട് 2017 ൽ 8 ജില്ലകളിൽ അവധിക്കാല ക്യാമ്പ് (സർഗ്ഗ വസന്തം) നടത്തി. നാടകം, കവിത, കഥ, ചിത്രരചന, മീഡിയ, ശാസ്ത്രം, പരിസ്ഥിതി തുടങ്ങിയവയായിരുന്നു ക്യാമ്പിലെ 7 വിഷയങ്ങൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ , ലൈബ്രറി കൗണ്‍സിൽ എന്നിവ മുഖേന നടത്തിയ പുസ്തകമേളകളിലൂടെ 1 കോടി രൂപ വിലയുള്ള പുസ്തകങ്ങൾ വിറ്റഴിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞു.

സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

ഒരു അക്കാദമിക പുസ്തക പ്രസാധക ഏജൻസിയായ കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക വികസനത്തിന്റെ ദേശീയ നയത്തിന്റെ ഭാഗമായി 1968 ലാണ് സ്ഥാപിതമായത്. 2017 ജൂലൈ വരെ 4260 വിജ്ഞാന സാഹിത്യ പുസ്തകങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. ഭരണരംഗത്ത് മലയാള ഭാഷ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥർക്കായി ഒരു മൊബൈൽ ആപ്പ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. സ്പെൽചെക്ക്, ഗ്രാമർ ചെക്ക് ഉൾപ്പെടെ മലയാളം കമ്പ്യൂട്ടിംഗ്, മലയാളം ഫോണ്ടുകൾ നിർമ്മിക്കൽ, ഇ-കോമേഴ്സിലൂടെ പുസ്തകങ്ങളുടെ വിൽപ്പന എന്നിവയ്ക്കായി സി-ഡാക്കുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ട്.

മാർഗി

കഥകളി എന്ന കലാരൂപത്തിന്റെ പരിപോഷണത്തിനായി 1970 ൽ സ്ഥാപിക്കപ്പെട്ട സ്ഥാപനമായ മാർഗി, കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയ കലകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്ക്കാരിക കേന്ദ്രമായി മാറിയിരിക്കുന്നു. കളിയോഗ (ട്രെയിനിംഗ് കം പെർഫോമിംഗ് ഗ്രൂപ്പ്) മാതൃകയിലാണ് സ്ഥാപനം പ്രവർത്തിച്ചുപോരുന്നത്. കഥകളി വിഭാഗത്തിൽ 26 കലാകാരൻമാരുണ്ട്. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സ്കൂൾ വിദ്യാർത്ഥികൾക്കായി കഥകളി, ചെണ്ട എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെയാണ് കൂടിയാട്ട വിഭാഗം പ്രവർത്തിക്കുന്നത്. കൂടിയാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സെമിനാറുകളും ക്ലാസുകളും നടത്തുന്നുണ്ട്. വർഷം തോറും കേരളത്തിനകത്തും പുറത്തുമായി 100 ൽ കൂടുതൽ കഥകളി, കൂടിയാട്ടം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

കേരള സംസ്ഥാന ഗ്രന്ഥശാലാ കൗണ്‍സിൽ

കേരള സംസ്ഥാന ഗ്രന്ഥശാല കൗണ്‍സിൽ ഗ്രന്ഥശാലകളുടെ ഒരു സംയോജിത സമ്പ്രദായം ആവിഷ്കരിക്കുവാൻ തങ്ങളുടെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ശ്രമിക്കുന്നു. കേരള പബ്ലിക് ലൈബ്രറീസ് ആക്ട് 1989 പ്രകാരമുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളും സാമൂഹിക പ്രസക്തിയുള്ള മറ്റ് പ്രവർത്തനങ്ങളും ഈ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നു. ഗ്രന്ഥശാലാ സേവനം സാർവ്വത്രികമാക്കുക, വിവര ശേഖരണത്തിനായി ആധുനിക സൗകര്യമൊരുക്കുക, പഠിക്കാൻ മോശമായ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധൻമാർക്കും തടവുകാർക്കും പ്രത്യേക ഗ്രന്ഥശാലാ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഗ്രന്ഥശാലാ കൗണ്‍സിലിന്റെ പ്രധാന പ്രവർത്തനങ്ങൾ. മാതൃകാ ഗ്രാമീണ ഗ്രന്ഥശാലകൾ, 14 ജില്ലകളിലെയും അക്കാദമിക പഠന കേന്ദ്രങ്ങൾ, 15 ജയിലുകളിലെ ജയിൽ ലൈബ്രറി സേവനങ്ങൾ എന്നിവയിലൂടെയാണ് സംസ്ഥാന ഗ്രന്ഥശാലാ കൗണ്‍സിൽ ഇതിന്റെ സേവനങ്ങൾ നൽകുന്നത്. അധികമായി മൂന്ന് ജയിലുകളിലും , 5 ജുവനൈൽ ഹോം ലൈബ്രറികളും, 7 ആശുപത്രി ലൈബ്രറികളും, 4 അനാഥാലയ ലൈബ്രറികളും ഉൾപ്പെടുത്തി സംസ്ഥാന ഗ്രന്ഥശാലാ കൗണ്‍സിൽ ഇതിന്റെ സേവനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു.

മലയാളം മിഷൻ

പ്രവാസി മലയാളികളുടെ കുട്ടികൾക്ക് മലയാള ഭാഷാ പഠനം സാധ്യമാക്കുന്നതിനും കേരള സംസ്കാരം പരിചയപ്പെടുത്തുന്നതിനുമായി 2009 ജനുവരി 19 ന് സ്ഥാപിക്കപ്പെട്ടതാണ് മലയാള മിഷൻ. മിഷന് 10 വർഷ കാലയളവുള്ള 4 കോഴ്സുകളുടെ പാഠ്യപദ്ധതിയാണുള്ളത്. കണിക്കൊന്ന എന്ന പേരിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് (2 വർഷം), സൂര്യകാന്തി ഡിപ്ലോമ കോഴ്സ് (2 വർഷം), ആമ്പൽ ഹയർ ഡിപ്ലോമ കോഴ്സ് (3 വർഷം), നീലക്കുറുഞ്ഞി സീനിയർ ഡിപ്ലോമ കോഴ്സ് (3 വർഷം). 2016-17 -ൽ, മിഷൻ യു.കെ.യിലും കുവൈറ്റിലും പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചതു കൂടാതെ തമിഴ്നാട്ടിൽ ഒരു പുതിയ പഠനകേന്ദ്രം ആരംഭിക്കുകയും ചെയ്തു.