ഇന്ത്യ സെന്‍സസ് 2011 പ്രകാരം കേരളത്തിന്റെ ജനസംഖ്യ 33,406,061 അല്ലെങ്കിൽ ഇന്ത്യന്‍ ജനതയുടെ 2.76 ശതമാനമാണ്. കേരളത്തില്‍ ആകെ ജനസംഖ്യയിൽ 48.6 ശതമാനം പുരുഷന്മാരും 51.4 ശതമാനം സ്ത്രീകളുമായിരുന്നു.
ജനസംഖ്യയുടെ ദശാബ്ദവളര്‍ച്ചാനിരക്ക് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കുറവ് (4.9 ശതമാനം) കേരളത്തിലാണ്. ജില്ലകളില്‍ ഏറ്റവുമുയര്‍ന്ന വളര്‍ച്ചാനിരക്ക് മലപ്പുറത്തും (13.4 ശതമാനം) ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ് (-3.0) ശതമാനം ഇടുക്കിയും പൂജ്യത്തില്‍ താഴെയാണ് കാണിക്കുന്നത് (-1.8) ശതമാനം. ജനസംഖ്യാ വളര്‍ച്ചാനിരക്ക് ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിൽ മറ്റു ജില്ലകളേക്കാൾ താരതമ്യേന കുറവാണ്.
കുട്ടികളുടെ ജനസംഖ്യ
2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളുടെ (0-6 വയസ്സ്) ജനസംഖ്യ 37,93,146 ആയിരുന്നത് 2011-ല്‍ 3,472,955 ആയി. കുട്ടികളുടെ ജനസംഖ്യ വളർച്ചാനിരക്ക് സംസ്ഥാനത്ത് പൂജ്യത്തിനും താഴെയാണ് (-)8.44 ശതമാനം. കേരളത്തിൽ കുട്ടികളുടെ ജനസംഖ്യ കുറഞ്ഞു വരുന്ന വ്യക്തമായ പ്രവണതയാണ് സെന്‍സസ് ഡാറ്റ കാണിക്കുന്നത്. 2001 -ലെ സെൻസസ് കണക്കനുസരിച്ച് കുട്ടികളുടെ ജനസംഖ്യ 12 ശതമാനമായിരുന്നത് 2011 -ല്‍ 10 ശതമാനമായിരുന്നു (ദേശീയ തലത്തിൽ ഇത് 13.2 ശതമാനമായിരുന്നു). കേരളത്തിലെ കുട്ടികളുടെ ജനസംഖ്യയുടെ 2001-ലെയും 2011 -ലെയും ശതമാനത്തിന്റെ താരതമ്യ ചിത്രം 1.1 -ൽ ജില്ലതിരിച്ച് കാണിച്ചിരിക്കുന്നു. കുട്ടികളുടെ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന അനുപാതം മലപ്പുറം ജില്ലയിലും ഏറ്റവും കുറഞ്ഞ അനുപാതം പത്തനംതിട്ട ജില്ലയിലുമാണ്. കേരളത്തിലെ കുട്ടികളുടെ ജനസംഖ്യാനുപാതം എല്ലാ ജില്ലകളിലും കുറയുന്ന പ്രവണത കാണുന്നുണ്ട്. കൊല്ലം ഒഴികെയുള്ള തെക്കൻ ജില്ലകളിൽ രണ്ടു ശതമാനം കുറവ് കാണിക്കുമ്പോൾ വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ ഈ കുറവ് ഒരു ശതമാനമാണ്. കൊല്ലം ജില്ലയിൽ ഇത് ഒരു ശതമാനവും വയനാട് ജില്ലയിൽ ഇത് രണ്ടു ശതമാനവുമാണ്. ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് തെക്കൻ കേരളത്തേക്കാൾ വേഗത്തിൽ വടക്കൻ കേരളം ജനസംഖ്യയിൽ കൂട്ടിച്ചേർക്കൽ നടത്തുന്നു എന്നാണ്. വിശദ വിവരങ്ങൾ അനുബന്ധം 1.1 -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
2001-2011 കാലഘട്ടത്തിൽ കേരളത്തിലെ നഗര ജനസംഖ്യ മൊത്തം ജനസംഖ്യുടെ 21.74 ശതമാനത്തിൽ നിന്നും 47.7 ശതമാനമായി. കേരളത്തിൽ 15,934,926 നഗരത്തിൽ താമസിക്കുമ്പോൾ 17,471,135 പേർ ഗ്രാമങ്ങളിൽ താമസിക്കുന്നു. നഗര ജനസംഖ്യയുടെ അനുപാതം എറണാകുളം ജില്ലയിലാണ് (68 ശതമാനം) ഏറ്റവും കൂടുതൽ, വയനാട് ജില്ലയിലാണ് (3.9 ശതമാനം) ഏറ്റവും കുറവ്.
അവലംബം: സെന്‍സസ് 2001 & 2011
സാക്ഷരത
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം (93.91 ശതമാനം). 2001 -ല്‍ ഇത് 90 ശതമാനമായിരുന്നു. ജില്ലകളിൽ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് 97.2 ശതമാനവുമായി കോട്ടയം നില്ക്കുമ്പോള്‍ തൊട്ടുപിന്നില്‍ 96.5 ശതമാനവുമായി പത്തനംതിട്ടയാണുള്ളത്. ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്ക് വയനാട്ടിലാണ് (89 ശതമാനം). തൊട്ടു മുന്നില്‍ പാലക്കാട് (89.3 ശതമാനം) ആണ്. ദേശീയ സാക്ഷരതാ നിരക്കായ 72 ശതമാനത്തിനും മുകളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്കായ വയനാട്ടിലെ 89 ശതമാനം. എല്ലാ ജില്ലകളിലും വര്‍ദ്ധനവ് ഉണ്ടായതായിക്കാണാവുന്നതാണ്. സാക്ഷരതാനിരക്കില്‍ ഏറ്റവും കുറവും കൂടുതലും തമ്മിലുള്ള വ്യത്യാസം കേരളത്തില്‍ 8.2 ആണെന്ന് കാണാം. വിശദാംശങ്ങള്‍ അനുബന്ധം 1.2 -ല്‍ കൊടുത്തിട്ടുണ്ട്.
സ്ത്രീപുരുഷ അനുപാതം
2001-ലെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ 2011 – ല്‍ കേരളത്തിലെ സ്ത്രീപുരുഷാനുപാതം (ആയിരം പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ എണ്ണം) 26 പോയിന്റ് വര്‍ദ്ധിച്ച് 1084 ല്‍ എത്തി. 1961-ല്‍ കേരളത്തിലെ സ്ത്രീപുരുഷാനുപാതം 1022 ആയിരുന്നു. 2011-ല്‍ തമിഴ്നാട്ടിൽ സ്ത്രീപുരുഷാനുപാതം 996 ഉം, കര്‍ണ്ണാടകയില്‍ 973-ഉം, ആന്ധ്രാപ്രദേശില്‍ 993 ഉം ദേശീയാനുപാതം 943 -ഉം ആണ്. ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീ പുരുഷാനുപാതം (1,136) കണ്ണൂരും തൊട്ടുപിന്നില്‍ പത്തനംതിട്ടയുമാണ് (1,132). ഏറ്റവും കുറവ് ഇടുക്കി (1,008), തൊട്ടുമുകളില്‍ എറണാകുളം (1,027). എല്ലാ ജില്ലകള്‍ക്കും അനുപാതം 1000 -നു മുകളിലാണ്. 2001 -ല്‍ വയനാട് അനുപാതം 1000 -ല്‍ താഴെയായിരുന്നു (994). സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ഇടുക്കിയും (1,006) ഏറ്റവും ഉയര്‍ന്ന കണ്ണൂരും (1,136) തമ്മില്‍ 130 പോയിന്റിന്റെ അന്തരമാണുള്ളത്. വിശദാംശങ്ങള്‍ അനുബന്ധം 1.1 -ല്‍ കാണാം.
കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം (0-6 വയസ്)
കേരളത്തില്‍ കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം 2011 -ലെ സെന്‍സസ് പ്രകാരം 964 ആണ്. 2001 -ല്‍ ഇത് 960 ആയിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം തമിഴ്നാട്ടില്‍ 943 ഉം, കര്‍ണ്ണാടകയില്‍ 948 ഉം ആന്ധ്രാപ്രദേശില്‍ 939 ഉം ദേശീയ അനുപാതം 919 ഉം ആണ്. ജില്ലകളിൽ പത്തനംതിട്ടയാണ് ഏറ്റവും മുന്നില്‍ (976). തൊട്ടുപിന്നിലായി കൊല്ലം (973) കണ്ണൂര്‍ (971) ജില്ലകളാണ്. തൃശൂരിന്റെ അനുപാതം 950 ഉം ആലപ്പുഴയുടേത് 951 ഉം ആണ്. ഏറ്റവും കുറഞ്ഞതും കൂടിയതും തമ്മില്‍ 26 പോയിന്റ് അന്തരമാണുള്ളത്. എല്ലാ ജില്ലകളിലേയും കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം 1,000 -ന് താഴെയാണ്. ദശാബ്ദമാറ്റം വിശകലന വിധേയമാക്കിയപ്പോള്‍ ഏറ്റവും ഉയര്‍ന്ന മാറ്റവുമായി കൊല്ലവും (13 പോയിന്റ്) തൊട്ടുപിന്നില്‍ കോഴിക്കോടുമാണുള്ളത് (10 പോയിന്റ്). മറ്റെല്ലാ ജില്ലകളുടെയും സ്ഥാനം പത്ത് പോയിന്റില്‍ താഴെയാണ്. തൃശൂര്‍ (-)8, ഇടുക്കി (-)5, ആലപ്പുഴ (-)5 എന്നീ ജില്ലകളില്‍ കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതത്തില്‍ ദശാബ്ദ വളര്‍ച്ച പൂജ്യത്തിലും താഴെയാണ്. വിശദാംശങ്ങള്‍ അനുബന്ധം 1.1 -ല്‍ കാണാം.
ജനസാന്ദ്രത
2011 -ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്രകിലോമീറ്ററില്‍ 860 ആളുകള്‍ എന്നതാണ് കേരളത്തിന്റെ ജനസാന്ദ്രത. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെ ജനസാന്ദ്രത 555, കര്‍ണ്ണാടക 319, ആന്ധ്രാപ്രദേശ് 308, ദേശീയ ശരാശരി 382 എന്നിങ്ങനെയാണ്. ജില്ലകളില്‍ തിരുവനന്തപുരം ഒന്നാമതും (1,508) ഇടുക്കി ഏറ്റവും പിന്നിലും ആണ് (255). പത്തനംതിട്ട (-)16, ഇടുക്കി (-)4 ഒഴികെ എല്ലാ ജില്ലകളിലും ജനസാന്ദ്രത ഉയര്‍ന്നതായിക്കാണുന്നു. വിശദാംശങ്ങള്‍ അനുബന്ധം 1.2 -ല്‍ കാണാം.
ക്രമ നമ്പർ | 1981 | 1991 | 2001 | 2011 |
കേരളം | 100.0 | 100.0 | 100.0 | 100.0 |
കാസർകോട് | 3.4 | 3.7 | 3.8 | 3.9 |
കണ്ണൂർ | 7.6 | 7.7 | 7.6 | 7.6 |
വയനാട് | 2.2 | 2.3 | 2.5 | 2.4 |
കോഴിക്കോട് | 8.8 | 9.0 | 9.0 | 9.2 |
മലപ്പുറം | 9.4 | 10.6 | 11.4 | 12.3 |
പാലക്കാട് | 8.0 | 8.2 | 8.2 | 8.4 |
തൃശൂർ | 9.6 | 9.4 | 9.3 | 9.3 |
എറണാകുളം | 10.0 | 9.7 | 9.8 | 9.8 |
ഇടുക്കി | 3.8 | 3.7 | 3.5 | 3.3 |
കോട്ടയം | 6.7 | 6.3 | 6.1 | 5.9 |
ആലപ്പുഴ | 7.3 | 6.9 | 6.6 | 6.4 |
പത്തനംതിട്ട | 4.4 | 4.1 | 3.9 | 3.6 |
കൊല്ലം | 8.5 | 8.3 | 8.1 | 7.9 |
തിരുവനന്തപുരം | 10.2 | 10.1 | 10.2 | 9.9 |
അവലംബം: സെന്‍സസ് 1981, 1991, 2001 & 2011 |
ജനസംഖ്യയുടെ ജില്ലാതല കണക്ക്
കേരള ജനസംഖ്യയുടെ ജില്ലതിരിച്ചുള്ള 1981 മുതല്‍ 2011 വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ജനസംഖ്യയുടെ കൂടുതല്‍ ഭാഗ (12.3 ശതമാനം)വുമായി മലപ്പുറംജില്ല മുമ്പില്‍ നില്ക്കുന്നു. തിരുവനന്തപുരം (9.9 ശതമാനം) എറണാകുളം (9.8ശതമാനം) തൃശ്ശൂര്‍ (9 ശതമാനം) കോഴിക്കോട് (9 ശതമാനം) ജില്ലകളാണ് തൊട്ടു പുറകിൽവരുന്നത്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ജനസംഖ്യയുടെ 3-4 ശതമാനം വീതം വരുമ്പോള്‍ 2.4 ശതമാനവുമായി വയനാട് ജില്ലയാണ് ഏറ്റവും കുറവ് ജനസംഖ്യ.
പ്രായവിഭാഗ വിതരണം
വിവിധ പ്രായവിഭാഗങ്ങളിലായി ജനസംഖ്യയുടെ വിതരണം പരിശോധിക്കുമ്പോള്‍ 0-14 പ്രായ വിഭാഗത്തിലുള്ള ജനസംഖ്യ 1961-ല്‍ 43 ശതമാനമായിരുന്നത് 2011-ല്‍ 23 ശതമാനമായി കുറഞ്ഞു. എന്നാല്‍ തൊഴില്‍സേനയുള്‍പ്പെടുന്ന 15-59 വിഭാഗം വളരെകുറഞ്ഞ നിരക്കില്‍ വര്‍ദ്ധിച്ചുവരുന്നതായിക്കാണാം. എന്നാല്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയും, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതും കാരണം 60 വയസ്സിനു മുകളിലുള്ള ആശ്രിതവിഭാഗം 1961 -ലെ 5 ശതമാനത്തില്‍നിന്നും 2011-ലെ 13 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. (ചിത്രം 1.2 )
അവലംബം: സെന്‍സസ് 1961, 1971, 1981, 1991, 2001 & 2011
തൊഴില്‍സേനയുള്‍ക്കൊള്ളുന്ന (15-59) പ്രായവിഭാഗത്തിലെ വര്‍ദ്ധനവ് സാമ്പത്തിക അഭിവൃദ്ധിക്ക് അനുകൂലമാണ്. എന്നാല്‍ 0-14 പ്രായവിഭാഗത്തിലെ കുറവ് ഉത്കണ്ഠയുളവാക്കുന്നു. അതുപോലെ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം കൂടുന്നത്, അവര്‍ക്ക് സാമൂഹ്യസുരക്ഷിതത്ത്വ നടപടികള്‍ക്കായി സർക്കാരിന്റെ ചിലവ് വർദ്ധിപ്പിക്കേണ്ടി വരും.
നഗരവൽകരണം
1981 മുതൽ കേരളത്തിന്റെ ദശാബ്ദ വളർച്ചാ നിരക്ക് ദേശീയ തലത്തിലേതിനെക്കാള്‍ കൂടുതൽ വേഗത്തിലാണ് കുറയുന്നതെന്ന് ശ്രദ്ധേയമാണ്. 2001-2011 കാലയളവിൽ കേരളത്തിലെ ദശാബ്ദ വളർച്ചാ നിരക്ക് 4.86 ശതമാനമാണ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തിന്റെ ദശാബ്ദ വളർച്ചാ നിരക്കായ 17.64 ശതമാനത്തേക്കാള്‍ വളരെ കുറവാണിത്. ഇന്ത്യയുടെയും കേരളത്തിന്റെയും ജനസംഖ്യാ വളര്‍ച്ചാ നിരക്കിലെ അന്തരം 1981 മുതല്‍ കൂടി വരുകയാണ്. 2001 നും 2011 നും ഇടക്ക് 181 ദശലക്ഷം ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടായതില്‍ 0.83 ശതമാനം മാത്രമാണ് കേരളത്തിന്റേത്. 2001-ൽ ഒഴികെ ഗ്രാമീണ ജനസംഖ്യയിലെ ദശാബ്ദ വളർച്ചാനിരക്ക് 1971 മുതല്‍ കുറഞ്ഞാണ് വരുന്നത്. ഈ പ്രവണത സംസ്ഥാനത്തിന്റെ തനതായ വാസരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, താമസസ്ഥലത്തെ വേർതിരിക്കുന്ന വളരെ തുറന്ന ഭൂപ്രദേശങ്ങളോ വയലുകളോ ഇല്ലാതെ സംസ്ഥാനത്തെ ജനവാസ സ്ഥലങ്ങള്‍ തുടർച്ചയായി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിൽ മറ്റെവിടെയും ഗ്രാമീണ പ്രദേശം വ്യക്തമായി കാണാം. അതില്‍ പ്രധാനമായും വലിയ കൃഷി ഭൂമിയില്‍ അവിടവിടെയായി വീടുകളുടെ കൂട്ടങ്ങളും കാണപ്പെടുന്നു. കേരളത്തിലുടനീളം, ചെറുതും ഇടത്തരവുമായ പട്ടണങ്ങൾ ഗ്രാമീണ പശ്ചാത്തലത്തിൽ വിതരണം ചെയ്യുന്നതു പോലെയാണ് കാണപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ സെൻസസിൽ (1901 -ൽ) സംസ്ഥാന ജനസംഖ്യ 6.4 ദശലക്ഷം ആയിരുന്നു. ഇതിൽ 5.9 ദശലക്ഷം അതായത് 92.9 ശതമാനം ഗ്രാമീണ മേഖലയിലാണ് ജീവിച്ചിരുന്നത്. നഗര ജനസംഖ്യയുടെ കണക്ക് അഞ്ച് ലക്ഷം മാത്രമായിരുന്നു. ഇത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെയായിരുന്നു. നൂറു വർഷത്തിനിടയിൽ, ഗ്രാമീണ ജനതയുടെ വിഹിതം ക്രമേണ കുറഞ്ഞു, 2001 -ൽ മൊത്തം ജനസംഖ്യയുടെ 74 ശതമാനം ആയിത്തീര്‍ന്നു. പ്രത്യേകിച്ചും 2011 ലെ സെൻസസ് പ്രകാരം, ഗ്രാമീണ, നഗര പ്രദേശങ്ങൾക്കിടയിൽ സംസ്ഥാനത്തിന്റെ ജനസംഖ്യ ഏകദേശം തുല്യമായി വിഭജിക്കപ്പെട്ടു. നിലവിൽ സംസ്ഥാനത്തിന്റെ നഗര ജനസംഖ്യ 159 ദശലക്ഷം ആണ്. ഇത് ആകെ ജനസംഖ്യയിൽ 47.7 ശതമാനമാണ്. അതേ സമയം ഗ്രാമീണ ജനസംഖ്യ 174 ദശലക്ഷം (52.3%) -വുമാണ്. നഗര ജനസംഖ്യയുടെ ദശാബ്ദ വളർച്ചാനിരക്ക് 2011-ൽ 92.72 ശതമാനമാണ്.
2011 -ൽ സെൻസസ്സ് നഗരങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായതിനാൽ നഗരങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായി എന്നത് വ്യക്തമാണ്. ഒരു സെൻസസ്സ് ടൗൺ എന്നത് നിയമപരമായി നഗരമായി പ്രഖ്യാപിക്കപ്പെടാത്തതും ജനസംഖ്യ 5,000-ല്‍ കവിഞ്ഞതും ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 400 വ്യക്തികളും; ചുരുങ്ങിയത് 75 ശതമാനം പുരുഷന്‍മാര്‍ കാർഷികമേഖലയ്ക്ക് പുറത്ത് തൊഴിലെടുക്കുന്ന നഗര സ്വഭാവത്തിലെത്തപ്പെട്ടതുമായ പ്രദേശമാണ്. 2011 സെൻസസ് അനുസരിച്ച്, കേരളത്തിൽ 461 സെൻസസ് നഗരങ്ങളും, 59 സ്റ്റാറ്റ്യൂട്ടറി നഗരങ്ങളുമുണ്ട്. 2001 സെൻസസ് കണക്കുകൾ പ്രകാരം ഇവ യഥാക്രമം 99 ഉം 60 ഉം ആണ്. ഇതില്‍ നിന്നും സെൻസസ് നഗരങ്ങളുടെ എണ്ണത്തിൽ 366 ശതമാനം വളർച്ചയുണ്ടായതായി കാണുന്നു. സെൻസസ് നഗരങ്ങളുടെ ഈ വർഗ്ഗീകരണം ഗ്രാമീണ ജനസംഖ്യാ വളർച്ച നെഗറ്റീവ് സംഖ്യയില്‍ എത്തിച്ചിരിക്കുന്നു. 2001 ലും 2011 ലും നിലവിലുണ്ടായിരുന്ന നഗരങ്ങളുടെ സെൻസസ് ജനസംഖ്യയുടെ ദശാബ്ദ ജനസംഖ്യാ വളർച്ചാ നിരക്ക് 3.90 ശതമാനമാണ്. ഇത് സംസ്ഥാനത്തിന്റെ ശരാശരി 4.86 ശതമാനം ദശാബ്ദ ജനസംഖ്യാ വളർച്ചാനിരക്കിനേക്കാൾ കുറവാണ്. നഗരങ്ങളിലെ ജനസംഖ്യാ വളർച്ചയുടെ ആധാരം നഗരങ്ങളിലേക്കുള്ള കുടിയേറ്റമല്ലെന്ന് ഇത് കാണിക്കുന്നു. നഗര ജനസംഖ്യാ വളർച്ച മുഖ്യമായും സെന്‍സസ് ടൗണുകളുടെ വര്‍ദ്ധനവ് മൂലമാണ്. അത് സംസ്ഥാനത്തെ നഗരവൽകരണത്തിലേക്ക് നയിച്ചു.
135 നഗരങ്ങളുള്ള തൃശ്ശൂർ ജില്ലയിലാണ് ഏറ്റവുമധികം നഗരങ്ങൾ ഉള്ളത്. ഇത് സംസ്ഥാനത്തെ ആകെ പട്ടണങ്ങളുടെ 25 ശതമാനത്തിലധികമാണ്. ഏകദേശം 60 ശതമാനം നഗരങ്ങളും തൃശ്ശൂർ, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. 8 ജില്ലകളില്‍ നഗര ജനസംഖ്യ ദശലക്ഷം കടന്നു. ഇതിൽ എറണാകുളത്താണ് ഏറ്റവും കൂടുതല്‍, തുടര്‍ന്ന് തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളും. സംസ്ഥാനത്തെ ആകെ നഗരജനസംഖ്യയുടെ 50 ശതമാനത്തോളം ഈ നാലു ജില്ലകളിലാണ് വരുന്നത്. വയനാട്, ഇടുക്കി ജില്ലകളിൽ ഓരോ സ്റ്റാറ്റ്യൂട്ടറി ടൗണുകളൊഴികെ 2011-ല്‍ സെൻസസ് പട്ടണങ്ങളൊന്നും ഇല്ല. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ നഗരവാസികളുള്ള ജില്ലയാണ് വയനാട്. 2001-2011 കാലയളവിൽ നഗരങ്ങളുടെ ജനസംഖ്യാ വളർച്ചയുടെ കണക്കെടുത്താല്‍ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും സൂചിക വർദ്ധിച്ചു. മലപ്പുറം ജില്ല നഗര സൂചികയുടെ വളർച്ചയിൽ ഗണ്യമായ വർദ്ധനവ് കാണിക്കുന്നു, തൊട്ടുപിന്നിൽ കൊല്ലം, തൃശ്ശൂർ, കാസർഗോഡ് എന്നിവയാണ്. വയനാടിനാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ചാ സൂചിക. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ ഗ്രാമീണ ജനസംഖ്യയുടെ ഭാഗം കണക്കാക്കിയാല്‍ 25 ശതമാനത്തോളം മലപ്പുറം, പാലക്കാട് എന്നീ രണ്ട് ജില്ലകളിലാണുള്ളത്. കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഗ്രാമീണ ജനസംഖ്യ നഗര ജനസംഖ്യയേക്കാള്‍ കൂടുതലുള്ളത്. ഇടുക്കിയിലും വയനാട്ടിലും ആകെ ജനസംഖ്യയുടെ 95 ശതമാനനവും ഗ്രാമീണ ജനസംഖ്യയാണ്.
സംസ്ഥാനത്തെ ലിംഗാനുപാതം 1,000 പുരുഷന്‍മാര്‍ക്ക് 1,084 സ്ത്രീകള്‍ എന്നതാണ്. ഗ്രാമീണ മേഖലയിലെ ലിംഗാനുപാതം 1,077 ഉം നഗരമേഖലയിൽ 1,091 ഉം ആണ്. 2011-ലെ സെൻസസിലെ ലിംഗാനുപാതത്തിലെ ശ്രദ്ധേയമായ മാറ്റം 2001 ലെ സെൻസസ് പ്രകാരം വയനാട് ജില്ലയിലും, ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലകളിലും പുരുഷന്മാരുടെ എണ്ണം കൂടുതലാണ് എന്നതാണ്. 2011-ൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ, എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്ക് മുന്‍തൂക്കമുള്ള രീതിയില്‍ മാറി. 0-6 വയസ്സിനിടയിലുള്ള കുട്ടികളുടെ കാര്യത്തില്‍ ആകെ എണ്ണത്തില്‍ 470,899 -ന്റെ കുറവുണ്ടായി. അത് ജനസംഖ്യ വളർച്ച ഭാവിയിൽ കുറയുന്നതിന്റെ അനുകൂല സൂചകമാണ്. കുട്ടികളുടെ സ്ത്രീ പുരുഷ അനുപാതം ഗ്രാമ-നഗരങ്ങളില്‍ വളരെ ചെറുതാണ്.