വ്യവസായം

ഏതൊരു രാജ്യത്തിന്റെയും സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്ക്കും മനുഷ്യ ക്ഷേമത്തിനും ആ രാജ്യത്തെ വ്യവസായങ്ങളുടെ വികസനം വളരെ നിര്‍ണായകമാണ്. സാമ്പത്തിക വികസനത്തിന് നല്‍കിയ സംഭാവനയ്ക്ക് പുറമേ, വരുമാനം സൃഷ്ടിക്കുന്നതിനും, ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്യുന്നതിനും, പ്രതിശീര്‍ഷ വരുമാനവും ജനങ്ങളുടെ ജീവിത നിലവാരവും വര്‍ദ്ധിപ്പിക്കുന്നതിനും വ്യവസായ മേഖല സഹായിക്കുന്നു. കൃഷിയുടെ ആധുനികവല്കരണം, സംരംഭകത്വം, വളര്‍ച്ച, പ്രതിരോധ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത, അന്തര്‍ദ്ദേശീയ വ്യാപാരത്തിന്റെ വിജയം, പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായി ഉപയോഗം എന്നിവയുമായും വ്യവസായങ്ങളുടെ വളര്‍ച്ച ബന്ധപ്പെട്ടിരിക്കുന്നു. വ്യവസായത്തിന്റെയും, സേവനങ്ങളുടെയും വ്യാപനം, സാമ്പത്തിക വികസനത്തിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയെ സഹായിച്ച ഒട്ടനവധി ഘടകങ്ങളുണ്ട്. കേരളത്തിലെ ഉന്നത നിലവാരമുള്ള വിദഗ്ധ തൊഴിലാളികളും സംസ്ഥാനത്തെ ഉയര്‍ന്ന അളവിലുള്ള ഉപഭോഗവും അവയില്‍ പ്രധാനപ്പെട്ടവയാണ്. ഗ്രാമീണ കേരളത്തിലെ പ്രതിശീര്‍ഷ ഉപഭോഗ ചെലവിന്റെ അനുപാതം ഗ്രാമീണ ഇന്ത്യയെക്കാള്‍ രണ്ടിരട്ടിയാണ്. ഇന്ത്യന്‍ നഗര പ്രദേശത്തെക്കാള്‍ 1.3 ഇരട്ടിയാണ് കേരള സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലുള്ള പ്രതിശീര്‍ഷ ഉപഭോഗ ചെലവ്. അതിനാല്‍ തന്നെ നിരവധി വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം ഒരു റെഡിമാര്‍ക്കറ്റ് ആയി പ്രവര്‍ത്തിക്കും. കിഴക്കും പടിഞ്ഞാറും തമ്മില്‍ അന്തര്‍ദേശീയ മാരി ടൈം, ദേശീയപാതയില്‍ നിലയുറച്ച കേരളത്തിലെ ജിയോ സ്ട്രാറ്റജിക് പ്രദേശം, വല്ലാര്‍പ്പാടം, വരാനിരിക്കുന്ന വിഴിഞ്ഞം തുറമുഖം, എന്നിവ സംസ്ഥാനത്ത് കയറ്റുമതിയില്‍ അധിഷ്ഠിതമായ വ്യവസായത്തിന് തനതായ ഒരു അവസരം നല്‍കുന്നു. കേരളത്തില്‍ 3 അന്താരാഷ്ട്രാ വിമാനത്താവളങ്ങളും ഒരു പുതിയ വിമാനത്താവളവും കണ്ണൂരിലും ആരംഭിക്കാന്‍ പോകുന്നു കേരളജനതയുടെ ശക്തമായ സാന്നിദ്ധ്യം വിദേശ രാജ്യങ്ങളിലുണ്ട്. എന്നിരുന്നാലും, കേരളത്തിലെ വര്‍ദ്ധിച്ച ജനസാന്ദ്രത വ്യവസായത്തിനായിവലിയ ഭൂവിസ്തൃതി ലഭിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയാണ്. കൂടുതല്‍ സ്ഥലങ്ങളില്‍ വ്യവസായ എസ്റ്റേറ്റുകളുടേയും സോണുകളുടേയും വികസനം, സംസ്ഥാനത്ത് കൂടുതല്‍ പ്രസക്തമാകുകയാണ്.


കേരളത്തിന്റെ വ്യവസായ മേഖല

ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ), പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവ ഉള്‍പെടുന്നതാണ് കേരളത്തിന്റെ വ്യവസായ മേഖല. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ഐ.ഡി.സി), കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര), പബ്ലിക് സെക്ട൪ റീസ്ട്രക്ചറിംഗ് ആന്റ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ് (റിയാബ്), ബ്യൂറോ ഓഫ് പബ്ളിക് എന്റര്‍പ്രൈസസ് (ബി.പി.ഇ), സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സി. എം.ഡി.) എന്നീ വകുപ്പുകള്‍/ഏജന്‍സികളാണ് ഇടത്തരവും വലുതുമായ വ്യവസായങ്ങളുടെ കീഴില്‍ വരുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടേയും പരമ്പരാഗത വ്യവസായങ്ങളുടേയും കീഴില്‍ വരുന്ന ഏജന്‍സികളാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്സ്, ഡയറക്ടറേറ്റ് ഓഫ് ഹാന്റ് ലൂം ആന്റ് ടെക്സ്ടൈല്‍സ്, ഡയറക്ടറേറ്റ് ഓഫ് കയര്‍ ഡവലപ്മെന്റ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കാപ്പെക്സ് എന്നിവ. മൈനിംഗ് ആന്റ് ജിയോളജി വകുപ്പും ഈ സെക്റ്ററിന്റെ കീഴില്‍ വരുന്നതാണ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തേയും 2016-17, 2017-18 വാര്‍ഷിക പദ്ധതിയിലെയും വകുപ്പ് തിരിച്ച് ലഭിച്ച പദ്ധതി വിഹിതവും, ചെലവും സംബന്ധിച്ച വിവരവും പട്ടിക 3.1.1 -ല്‍ കൊടുത്തിരിക്കുന്നു.

ബോക്സ് 3.1.1
13-ാം പഞ്ചവത്സര പദ്ധതി സമീപനം
  • വിവിധ ഉറവിടങ്ങളിൽ നിന്നുമുള്ള നിക്ഷേപം – സ്വകാര്യ, സഹകരണ പൊതുമേഖലാ സ്ഥാപനങ്ങൾ - വഴി വ്യാവസായിക ഉല്പാദന വർദ്ധനവ് .
  • ബയോടെക്നോളജി, നാനോ ടെക്നോളജി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ ഉപയോഗം.
  • കേരളത്തിൽ ശക്തമായ ഉല്പാദന അടിത്തറ നിർമ്മിക്കുന്നതിനായി, സംസ്ഥാനം, കാർഷിക പ്രകൃതിദത്ത, സമുദ്ര വിഭവങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് മുൻഗണന നൽകണം.
  • ഭക്ഷ്യ വസ്തുക്കളും കാർഷിക അധിഷ്ഠിത വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുക
  • ഉല്പന്ന നിരയേയും സാങ്കേതിക വിദ്യയേയും പറ്റി പുനർ വിചിന്തനം നടത്തി ഉല്പന്ന നിർമ്മാണ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ദീർഘകാല പുനരുജ്ജീവനം സാധ്യമാക്കുക.
  • സ്വകാര്യ മേഖലയിലെ ഹൈടെക്നോളജി സംരംഭങ്ങളുടെ ഫസിലിറ്റേറ്റർ ആയി പൊതുമേഖലാ സ്ഥാപനങ്ങളെ രൂപാന്തരപ്പെടുത്തുക.
  • പുതിയതും മൂല്യവർദ്ധിതവുമായ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ബയോടെക്നോളജി, ബയോമെഡിക്കൽ സയൻസ്, ബയോ കെമിക്കൽ എഞ്ചിനീയറിംഗ് മേഖലയിലെ പുതിയ നേട്ടങ്ങളെ ഉപയോഗിക്കുക
  • ബയോടെക്നോളജിയുടെ വികസനത്തിനും ഉപയോഗത്തിനും ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുക.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് വ്യവസായ മേഖലയ്ക്ക് 3,007.34 കോടി രൂപ കേരള സര്‍ക്കാര്‍ അനുവദിക്കുകയും അതില്‍ 2,527.96 കോടി രൂപ ചെലവഴിക്കുകയും ചെയ്തു (84.1 ശതമാനം). 2016-17, 2017-18 വാര്‍ഷിക പദ്ധതിക്കാലയളവില്‍ ഈ മേഖലയ്ക്ക് വകയിരുത്തിയ പദ്ധതി വിഹിതം യഥാക്രമം 658.9 കോടി രൂപയും 888.8 കോടി രൂപയും വീതമാണ്. 2016-17 വാര്‍ഷികപദ്ധതിയില്‍ ചെലവ് 576.7 കോടി രൂപയും (87.5 ശതമാനം), 2017-18 കാലയളവില്‍ 2017 ഒക്ടോബര്‍ വരെയുള്ള ചെലവ് 335.4 കോടി (37.7 ശതമാനം) രൂപയുമാണ്. 2017-18 വാര്‍ഷിക പദ്ധതിയില്‍ വ്യവസായ മേഖലയ്ക്ക് നീക്കിവെച്ച തുക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്.

പട്ടിക 3.1.1
സബ് സെക്ടര്‍ തിരിച്ചുള്ള വിഹിതവും ചെലവും. (തുക ലക്ഷത്തില്‍)
ക്രമ നമ്പര്‍ വകുപ്പിന്റെ പേര്/സ്കീം 12-ാം പഞ്ചവത്സര പദ്ധതി വാര്‍ഷിക പദ്ധതി 2016-17 വാര്‍ഷിക പദ്ധതി 2017-18
വിഹിതം ചെലവ് വിഹിതം ചെലവ് വിഹിതം ചെലവ്
1 ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ 130,643.00 99,932.00 29,178.00 18,023.3 48,296.0 20,407.0
2 മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് 893.0 536.10 84.00 48.8 135.0 88.33
3 ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ 169,198.00 152,328.1 36,631.0 39,593.9 40,446.0 13,048.3
ആകെ 300,734.00 252,796.2 65,893.0 57,666.0 88,877.0 33,543.6
അവലംബം ബഡ്ജറ്റ് എസ്റ്റിമേറ്റ്