ശാസ്ത്ര സേവനങ്ങളും ഗവേഷണവും

ദേശീയ വികസനത്തിലെ ഒരു പ്രധാന ഘടകമാണ് ശാസ്ത്രവും സാങ്കേതികതയും. നൂതനവും വർദ്ധിച്ച തോതിലും ഉള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാന വര്‍ദ്ധനവിനും കാരണമാകുന്ന വിധത്തിലുള്ള സന്തുലിതവും സുസ്ഥിരവുമായ വളർച്ചക്ക് സഹായകമാകുന്നതിനും മെച്ചപ്പെട്ട സാമ്പത്തിക വികസനം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലയിലെ പൊതു നിക്ഷേപം.

സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉൾപ്പെടുന്ന രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ആണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (കെ എസ് സി എസ് ടി ഇ) തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെൻറ്ററും (ആർ സി സി).

1. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ)

കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ കെ.എസ്.സി.എസ്.ടി.ഇ ശാസ്ത്രസാങ്കേതികതയിലൂടെ മാറ്റത്തിനും വികസനത്തിനുമുള്ള ഒരു ഏജൻസി ആയി പ്രവർത്തിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പ്രസിഡന്റും കെ.എസ്.സി.എസ്.ടി.ഇ യുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അധ്യക്ഷനായുള്ള എക്സിക്യൂട്ടീവ് കൗൺസിലും ചേർന്നുള്ള സ്റ്റേറ്റ് കൗൺസിൽ ആണ് കെ.എസ്.സി.എസ്.ടി.ഇ യെ നിയന്ത്രിക്കുന്നത്. പൂര്‍ണമായി സജ്ജീകരിച്ച 7 ഗവേഷണ വികസനകേന്ദ്രങ്ങളും ഗവേഷണകേന്ദ്രങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്ന രണ്ടു സ്ഥാപനങ്ങളും, സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളും നിലവിൽ കെ എസ് സി എസ് ടി യുടെ കീഴില്‍ ഉണ്ട്. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ശാസ്ത്ര, സാങ്കേതിക, നൂതന നയങ്ങൾക്ക് രൂപം കൊടുക്കുകയും ആവിഷ്കരിക്കുകയും ചെയ്യുകയെന്നതാണ് കെ.എസ്.സി.എസ്.ടി.ഇ യുടെ പ്രധാന ലക്ഷ്യം. കൗണ്‍സിലിന്റെ പദ്ധതികളും പരിപാടികളും സംസ്ഥാനത്തു ഉന്നതഗുണ നിലവാരമുള്ള ശാസ്ത്ര വിദ്യാഭ്യാസ സംവിധാനം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ളവയാണ്.

സംസ്ഥാനത്തെ വികസനം സംബന്ധിക്കുന്ന ശാസ്ത്ര സാങ്കേതിക നൂതന പദ്ധതി രൂപീകരിക്കുകയാണ് കെ എസ് സി എസ് ടി ഇ യുടെ പ്രധാന ലക്ഷ്യം. ശാസ്ത്ര പഠനത്തിന്റെ അടിസ്ഥാന ഗവേഷണത്തിനും പ്രോത്സാഹനത്തിനും ആവശ്യമായ പശ്ചാത്തല സൗകര്യ വികസനത്തിലൂടെ സംസ്ഥാനത്ത് ഉന്നത നിലവാരത്തിലുളള ശാസ്ത്ര പഠനവും ഈ കൗണ്‍സിലിന്റെ പദ്ധതികളും പരിപാടികളും ലക്ഷ്യമിടുന്നു. തെരഞ്ഞെടുത്ത ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവേഷണ വികസന കേന്ദ്രങ്ങളുടെ ഗവേഷണത്തിനും പുരോഗതിക്കുമായി പശ്ചാത്തല സൗകര്യം ഒരുക്കല്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവക്ക് സഹായങ്ങള്‍ കെ.എസ്.സി.എസ്. ടി. ഇ. നല്‍കുന്നു കൗണ്‍സിലിന്റെ മറ്റു സംരംഭങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.

  • ശാസ്ത്ര പ്രചാരണ പരിപാടികള്‍
  • ഗവേഷണ വികസന പരിപാടികള്‍
  • ആവാസ വ്യവസ്ഥ, പരിസ്ഥിതിപരിപാടികള്‍
  • ശാസ്ത്ര പ്രോത്സാഹനത്തിനായുളള അംഗീകാരവും പുരസ്കാരങ്ങളും
  • സാങ്കേതിക വിദ്യ-വികസിപ്പിക്കലും കൈമാറ്റവും
  • സ്കൂൾ തലപരിപാടികൾ

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

പന്ത്രണ്ടാം പദ്ധതിക്കാലത്തെ ബജറ്റ് വിഹിതം 435.45 കോടി രൂപയും ചെലവ് 311.66 കോടി രൂപയും ആയിരുന്നു. (പട്ടിക 3.3.1)

പട്ടിക 3.3.1
വിഹിതവും ചെലവും, - പന്ത്രണ്ടാം പദ്ധതി&വാർഷിക പദ്ധതി 2017-18 (രൂപ കോടിയിൽ)
ക്രമ നമ്പർ പദ്ധതിയുടെ പേര് പന്ത്രണ്ടാം പദ്ധതി വാർഷിക പദ്ധതി 2017-18
വിഹിതം ചെലവ് വിഹിതം ചെലവ്
(30/09/2017 ൽ)
1 കെ എസ് സി എസ് ടി ഇ യുടെ കീഴിലുള്ള ഗവേഷണ വികസന സ്ഥാപനങ്ങൾ 240.20 100.90 63.58 0
2 കെ എസ് സി എസ് ടി ഇ യുടെ അടിസ്ഥാന സൗകര്യ വികസനം 9.55 2.24 2.26 0.37
3 കെ എസ് സി എസ് ടി ഇ യുടെ പദ്ധതികളും പരിപാടികളും 116.93 25.42 31.08 7.14
4 ഗവേഷണ വികസന സ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനസഹായം 9.90 53.99 1.90 0
5 ബയോടെക്നോളജി വികസന പരിപാടികൾ 11.50 6.46 3.05 0.66
6 കെ എസ് സി എസ് ടി ഇ യുടെ പ്രത്യേക പരിപാടികൾ 13.85 1.23 4.20 0.27
7 കരമന നദി ശാസ്ത്രീയ പരിപാലന പദ്ധതി 29.00 12.83 3.00 0
8 മറ്റു പദ്ധതികൾ 4.52 108.59    
  ആകെ 435.45 311.66 109.07 8.44
അവലംബം: വാര്‍ഷിക പദ്ധതി, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്

പന്ത്രണ്ടാം പദ്ധതി കാലയളവിലെ പ്രധാന ഭൗതിക നേട്ടങ്ങൾ

|. കെ എസ് സി എസ് ടി ഇ യുടെ കീഴിലുള്ള ഗവേഷണ വികസന സ്ഥാപനങ്ങൾ

    • ശാസ്ത്രത്തിന്റെ സമകാലീന മേഖലകളിലെ യുവ വൈജ്ഞാനികർ, ഗവേഷകർ, ബിരുദാനന്തരബിരുദ വിദ്യാർഥികൾ എന്നിവർക്കായി കാര്യശേഷി വികസനത്തിന് വേണ്ടി കോട്ടയം ജില്ലയിലെ പാമ്പാടിയിൽ 2013-ല്‍ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് സ്ഥാപിതമായി.
    • തിരുവന്തപുരം, കോഴിക്കോട് എന്നീ ജില്ലകൾക്കായി നാഷണൽ ട്രാൻസ്പോർറ്റേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) ഒരു സമഗ്രമായ മൊബിലിറ്റി പ്ലാൻ തയ്യാറാക്കുകയുണ്ടായി
    • പശ്ചിമ ഘട്ടത്തിലെ മുഴുവൻ സസ്യ സമ്പത്തിനെയും സംബന്ധിക്കുന്ന വിവരണം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ജെ എൻ ടി ബി ജി ആർ ഐ) തയ്യാർ ചെയ്തു പ്രസിദ്ധീകരിച്ചു
    • ജല വിഭവ വികസന മാനേജ്മന്റ് കേന്ദ്രം (സി.ഡബ്ല്യൂ.ആര്‍.ഡി.എം) ചാലിയാർ നദീ തടത്തിനായി ഒരു മാനേജ്മന്റ് പ്ലാൻ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സും (സെസ്) കേരള വനഗവേഷണ കേന്ദ്രവും (കെ എഫ് ആർ ഐ) ആയി യോജിച്ചു കൊണ്ട് തണ്ണീർത്തടങ്ങൾ സംബന്ധിക്കുന്ന അറ്റ്ലസ് എന്നിവ തയ്യറാക്കുകയും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ കുടിവെള്ള കാർഡുകൾ വിതരണം ചെയ്യുകയും ഒരു ജല പൈതൃക മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു
    • ഇന്ത്യൻ ഫോറെസ്റ് സർവീസിലുള്ള ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്നതിനുള്ള സ്ഥാപനങ്ങളിൽ ഒന്നായി പീച്ചിയിലുള്ള കേരള വന ഗവേഷണ കേന്ദ്രത്തെ ഭാരതസർക്കാർ തിരഞ്ഞെടുത്തു. റിമോട്ട് സെൻസിംഗ് ഉപയോഗിച്ച് ജൈവ വിഭവ നിർണയം നടത്തുന്നതാണ് ഈ സ്ഥാപനത്തിന്റെ ഒരു പ്രധാന നേട്ടം

||. കെ.എസ്.സി.എസ്.ടി.ഇ. യുടെ പദ്ധതികളും പരിപാടികളും

    • ക്രിട്ടിക്കൽ മിനറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സി എം ആർ ഐ) - മൂല്യ വര്‍ദ്ധനവിനായി സമുദ്ര മേഖലയിലെ ധാതുക്കളെ സംബന്ധിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള ഗവേഷണത്തിനും വികസനത്തിനും അത് വഴി ഈ മേഖലയിലെ വ്യാവസായിക സാങ്കേതിക കണ്ടുപിടിത്തങ്ങൾ വിപുലമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു നൂതന സംരംഭം
    • കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജിൽ കാഴ്ച വൈകല്യം ഉള്ളവർക്കായി ഒരു കേന്ദ്രം സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജി ആരംഭിക്കുകയുണ്ടായി.
    • കരമന നദി ശാസ്ത്രീയ പരിപാലന പദ്ധതി ആരംഭിച്ചു.
    • വൈദഗ്ധ്യ മേഖലകളിൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനായി ഡോ.എ.പി.ജെ.അബ്ദുൽകലാം യൂത്ത് ചലഞ്ച് പ്രോഗ്രാം ആരംഭിച്ചു.
    • വർഗീസ് കുര്യൻ യുവ ശാസ്ത്രജ്ഞ ഫെലോഷിപ് ആരംഭിച്ചു.

2016-17 അവലോകനം

എ. ശാസ്ത്ര ഗവേഷണത്തിൽ കെ.എസ്.സി.എസ്.റ്റി.ഇ. യുടെ മുഖ്യ ശാഖകൾ

കൗൺസിലിന്റെ കീഴിൽ 7 ഗവേഷണ വികസന സ്ഥാപനങ്ങൾ പ്രത്യേക മേഖലകളിൽ ഗവേഷണവും വികസന പ്രവർത്തനങ്ങളും നടത്തി വരുന്നു. ഗവേഷണ വികസന സ്ഥാപനങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 2016-17 കാലയളവില്‍ 56.50 കോടി രൂപ ബജറ്റ് വിഹിതമായി വകയിരുത്തുകയും 43.38 കോടി രൂപ ചെലവാകുകയും ചെയ്തു.

കേരള വന ഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ)

പ്രകൃതി വിഭവസംരക്ഷണം, സുസ്ഥിര വിനിയോഗം, ശാസ്ത്രീയ പരിപാലനം എന്നിവക്ക് ഊന്നല്‍ നൽകിക്കൊണ്ട് വനപരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശാസ്ത്രീയ പിന്തുണ നല്‍കിക്കൊണ്ട് ഉഷ്ണമേഖലാ വനപരിപാലനത്തില്‍ ഒരു മികവിന്റെ കേന്ദ്രമായി കേരള വന ഗവേഷണ കേന്ദ്രം (കെ എഫ് ആർ ഐ)നിലകൊള്ളുന്നു.വനം വകുപ്പും മറ്റു സ്റ്റേക്ക് ഹോൾഡർമാരുമായും കൂടിച്ചേർന്നു പ്രവർത്തിച്ചു കൊണ്ട് വനപരിപാലനത്തിലെ ശാസ്ത്രീയ അടിത്തറ മെച്ചപ്പെടുത്തുന്നതിൽ കെ എഫ് ആർ ഐ പ്രധാന പങ്കു വഹിക്കുന്നു.

പ്രധാന നേട്ടങ്ങൾ

  • വ്യാപന പ്രവർത്തനങ്ങൾ
    • നാഷണൽ ബാംബൂ മിഷന്റെ (എന്‍.ബി.എം) സഹകരണത്തോടെ ബാംബൂടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പിന്റെ കീഴിൽ ബാംബൂ പ്രൈമറി പ്രോസസ്സിംഗ് സെന്ററിനു രൂപം കൊടുത്തു.
    • വിവിധ ഇനം തടി വൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ, ആവാസ വ്യവസ്ഥകൾക്ക് അനുയോജ്യമായ വിധത്തിലുള്ള സസ്യ ഇനങ്ങൾ, ആർ ഇ ടി സസ്യങ്ങൾ, വന്യ ഫലങ്ങൾ, നാടൻ ചോല മരങ്ങൾ, എന്നിവയുടെ 350,000 ൽ അധികം ഗുണനിലവാരമുള്ള നടീൽ വസ്തുക്കൾ വികസിപ്പിച്ചെടുക്കുകയും അവ വിവിധ സർക്കാർ വകുപ്പുകൾ, സജ്ജീകരിച്ച ക്ലസ്റ്ററുകൾ, തോട്ടം ഉടമകൾ, പൊതു ജനങ്ങൾ എന്നിവർക്ക് വിതരണം ചെയ്യുകയുമുണ്ടായി
    • വംശനാശ ഭീഷണി നേരിടുന്ന 24 തരംഓർക്കിടുകളും ചതുപ്പുനിലങ്ങളും കണ്ടെത്തുകയുണ്ടായി
    • കെ എഫ് ആർ ഐയുടെ കേന്ദ്ര ഇൻസ്ട്രമെന്റഷൻ സെൻററിൽ 1,000 അന്വേഷണങ്ങൾ വിശകലനത്തിനായി ലഭിക്കുകയും അവയിൽ 859 സാമ്പിളുകളുടെ വിശകലനം നടത്തുകയും ചെയ്തു. 2016-17 കാലയളവിൽ ഈ യൂണിറ്റ് 2.7 ലക്ഷം രൂപയുടെ വരുമാനം നേടി. ഇത് 2015-16 വർഷത്തേക്കാൾ 59 ശതമാനം കൂടുതലാണ്.
    • നിലവിലുള്ള ജനിതക ദ്രവ്യങ്ങൾ സമ്പുഷ്ടമാക്കുന്നതിനായി 95 തരം ഔഷധ സസ്യങ്ങൾ ശേഖരിക്കപ്പെടുകയുണ്ടായി
    • കേരള ഫോറെസ്റ് സീഡ് കേന്ദ്രം മുഖേന 44 സസ്യ ഇനങ്ങൾ ശേഖരിക്കപ്പെട്ടു. 32,258.46 കിലോ ഗ്രാം വിത്തുകൾ ശേഖരിക്കുകയും 893.30 കിലോഗ്രാം വിത്തുകൾ സംസ്ക്കരിച്ച് 4.22 ലക്ഷം രൂപയ്ക്കു വിൽക്കുകയും ചെയ്തു
  • ഗവേഷണ പ്രോജക്ടുകൾ
    • കേരളത്തിലെ വനങ്ങൾക്കായി ഒരു വിവര സംവിധാനം എന്ന ശീർഷകത്തിൽ ഫോറസ്ട്രി ലിറ്ററേച്ചർ ഡേറ്റാബേസ് വികസിപ്പിച്ചെടുത്തു. സ്കാൻ ചെയ്ത പുസ്തകങ്ങൾ, റിപ്പോർട്ടുകൾ, ആനുകാലിക ലേഖനങ്ങൾ, വർക്കിംഗ് പ്ലാനുകൾ, മാനേജ്മന്റ് പ്ലാനുകൾ,പ്രബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്ന 6,200 റെക്കോർഡുകൾ അടങ്ങിയതാണ് ഈ ഡാറ്റാബേസ്. ഓരോ റെക്കോർഡിനും മെറ്റാ ഡേറ്റാ ഉൾപ്പെടുത്തിയിട്ടുണ്ട്.
    • ഭാരതത്തിലെ വനമേഖലയുമായി ബന്ധപ്പെട്ട 9600 ലേഖനങ്ങളുടെ ഗ്രന്ഥസൂചി അവലംബം ഉൾപെടുത്തുകയുണ്ടായി.
    • 5 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റിസേഷൻ പൂർത്തിയായി.
    • തേക്ക് മ്യൂസിയത്തിനായി ഒരു ഡിജിറ്റൽ ലൈബ്രറിക്ക് രൂപം കൊടുത്തു. 1,200 റെക്കോര്‍ഡുകളും കൂടെ ചേർത്ത് കൊണ്ട് 2004 ൽ വികസിപ്പിച്ചെടുത്ത ഡേറ്റാബേസ് പുതുക്കുകയുണ്ടായി.
    • കേരളത്തിലെ കേന്ദ്ര നഴ്സറികളിൽ ഫംഗൽ ഡിസീസ് സർവ്വേ നടത്തുകയുണ്ടായി.
    • പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് കേരളത്തിലെ കണ്ടല്‍ മേഖലകൾ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയും ഗ്രൗണ്ട് ട്രൂതിങ് നടപ്പിലാക്കുകയും പ്ലോട്ടുകൾ സ്ഥാപിക്കുന്നത് പൂർത്തീകരിക്കുകയും ചെയ്തു. ഈ പ്ലോട്ടുകളിലെ കണ്ടൽ ഇനങ്ങൾ കണ്ടെത്തി വിവരങ്ങൾ രേഖപ്പെടുത്തി.

ദേശീയ ഗതാഗതആസൂത്രണ കേന്ദ്രം (നാറ്റ് പാക്ക്)

ഗതാഗത എഞ്ചിനീയറിങ്, ഗതാഗത ആസൂത്രണം, ദേശീയ പാത എഞ്ചിനീയറിംഗ്, പൊതു ഗതാഗതം, പൊതു ഗതാഗതത്തിനു ബദൽ സംവിധാനം, ട്രാൻസ്പോർട്ട് എനർജി, ഉൾനാടൻ ജല ഗതാതം,വിനോദസഞ്ചാര ആസൂത്രണം, ഗ്രാമീണ റോഡുകള്‍ എന്നിവ സംബന്ധിക്കുന്ന ഗവേഷണവും കൺസൾട്ടൻസി ജോലികളും ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനം ആണ് നാറ്റ്പാക്.റോഡ്, റെയിൽ,ജല മാർഗം, തുറമുഖങ്ങൾ,വിമാനത്താവളങ്ങൾ എന്നിവയിലെ മാതൃകാ സംവിധാനങ്ങൾ ഉൾപ്പെടുത്തി അടിസ്ഥാനസൗകര്യ വികസനത്തിനായി സർവേ മുതൽ സാങ്കേതിക സാമ്പത്തിക പഠനങ്ങൾ, പ്രായോഗിക വിശകലനങ്ങൾ,വിശദമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ വരെ തയാറാക്കുന്നതും നാറ്റ്പാക്കിന്റെ പ്രവർത്തന പരിധിയിൽ വരുന്നു.

പ്രധാന നേട്ടങ്ങൾ

  • 2016 -17 കാലയളവിൽ നാറ്റ്പാക് 28 ഗവേഷണ പ്രോജക്ടുകൾ, പുറമെ നിന്ന് ധന സഹായം ലഭ്യമായ 19 പ്രോജക്ടുകൾ, 13 റോഡ് സുരക്ഷാ പ്രോജക്ടുകൾ എന്നിവ ഏറ്റെടുത്തു നടത്തുകയുണ്ടായി.
  • തൃശൂർ ജില്ലക്കായി വിശദമായ ഒരു മൊബിലിറ്റി പ്ലാൻ തയ്യാറാക്കി.
  • സംസ്ഥാനത്തെ റോഡുകൾക്കായി ജി ഐ എസ് അടിസ്ഥാനപ്പെടുത്തിയുള്ള റോഡ് ഗതാഗത ഡേറ്റാബേസ് തയ്യാറാക്കി.
  • സംസ്ഥാനത്തെ വായു മലിനീകരണ സൂചിക തയ്യാറാക്കി.
  • പ്രദർശന മാതൃകയിൽ കോഴിക്കോട് ഡിവിഷൻ ദേശീയ പാതയ്ക്ക് വേണ്ടി ഒരു പര്യപ്രേക്ഷണ പദ്ധതി തയ്യാറാക്കി.
  • കേരളത്തിലെ ദേശീയ പാതകൾക്കായി ഒരു വികസന മാതൃക തയ്യാറാക്കി.
  • നഗര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളുടെ എണ്ണം കണക്കാക്കുന്നതിനു അപകട സാധ്യത പ്രവചന മാതൃകകൾ തയാറാക്കി.
  • കഴിഞ്ഞ 3 വർഷത്തെ അപകടങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് അപകട മേഖലകൾ കണ്ടെത്തുന്നതിനും അവയെ മുൻഗണന അടിസ്ഥാനത്തിൽ തരം തിരിക്കുന്നതിനും ഒരു മാതൃക വികസിപ്പിച്ചു.
  • മൂവായിരത്തിൽ അധികം റോഡ് ഉപയോക്താക്കളിൽ എത്തിച്ചേരുക എന്ന ലക്ഷ്യം പൂർത്തിയാക്കികൊണ്ടു സ്കൂളുകൾ, പഞ്ചായത്തുകൾ, ഡ്രൈവർമാർ, മറ്റു റോഡ് ഉപയോക്താക്കൾ എന്നിവർക്കായി ഏകദേശം നൂറോളം റോഡ് സുരക്ഷാ പദ്ധതികൾ/പരിപാടികൾ നടപ്പിലാക്കി.
  • സംസ്ഥാനത്തെ ഉൾനാടൻ ജല സംവിധാനങ്ങൾ അടിസ്ഥാനമായുള്ള അപകടങ്ങൾ, മറ്റു സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പഠനങ്ങൾ നടത്തുകയും ജല സംബന്ധിയായ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ടി ഭൗമ വിവര സംവിധാനം അടിസ്ഥാനമാക്കി ഒരു ഡാറ്റാബേസ് തയ്യാറാക്കി.

ജലവിഭവ വികസന മാനേജ്മെൻറ് കേന്ദ്രം (സി.ഡബ്ള്യു.ആർ.ഡി.എം)

ജലവിഭവ മേഖലയിലെ ഒരു മുഖ്യ ഗവേഷണ സ്ഥാപനമാണ് കെ എസ് സി എസ് ടി ഇ യുടെ കീഴിൽ പ്രവർത്തിക്കുന്ന സി ഡബ്ള്യു ആർ ഡി എം. ജല വിഭവ സംരക്ഷണത്തിനും ജല സംബന്ധിയായ ശാസ്ത്രീയ പഠനങ്ങൾക്കും ഗവേഷണത്തിനും സി ഡബ്ള്യു ആർ ഡി എം സംഭാവന നൽകുന്നു, പ്രത്യേകിച്ച് വൃഷ്ടി പ്രദേശ സംബന്ധിയായ വിഷയങ്ങളിൽ. നീർത്തട വികസനം, തണ്ണീർത്തട പരിപാലനം, കൃഷിക്കാവശ്യമായ ജല സംരക്ഷണം, വനമേഖലയും നഗര പ്രദേശവും സംബന്ധിക്കുന്ന ജല സംരക്ഷണം, നദിമുഖം, പാഴ്ജലം എന്നിവ സംബന്ധിക്കുന്ന പ്രശ്നങ്ങൾ, ഭൂഗർഭ ജല വികസനം, ജല ഗുണ നിലവാര സംരക്ഷണം, ജല സംബന്ധിയായ പാരിസ്ഥിക പ്രശ്നങ്ങൾ ജലസേചനവും പാഴ്ജലവും സംബന്ധിക്കുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ ഗവേഷണത്തിന് ആവശ്യമായ വിദഗ്ധ സഹായങ്ങൾ നൽകുന്നു. നിലവിൽ ഈ സെന്ററിന് 9 ശാസ്ത്രിയ വിഭാഗങ്ങളും 3 എക്സ്റ്റൻഷൻ കേന്ദ്രങ്ങളും ഉണ്ട്.

പ്രധാന നേട്ടങ്ങൾ

  • ജലനിധിപ്രോജക്ടിനുവേണ്ടി 13 ഗ്രാമപഞ്ചായത്തുകൾക്കായി സി ഡബ്ള്യു ആര്‍ ഡി എം ജല സുരക്ഷ പദ്ധതി തയ്യാറാക്കി-മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ രണ്ടാം ഘട്ടം.
  • കേരളത്തിലെ നദീ തടങ്ങൾക്കായി ഹൈഡ്രോളജിക്കൽ ഇൻഫർമേഷൻ സിസ്റ്റം തയ്യാറാക്കി.
  • പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ/കോർപറേഷനുകൾ/മറ്റു പൊതു സംവിധാനങ്ങൾ എന്നിവയിൽ നിന്നുള്ള ആവശ്യങ്ങൾക്ക് അനുസരണമായി ജലത്തിന്റെ ഗുണനിലവാര പരിശോധന നടത്തുകയും വാട്ടർ കാർഡ് വിതരണം നടത്തുകയും ചെയ്തു.
  • യൂണിസെഫ് പ്രോജക്ടിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്കിലെ ജല, ശുചിത്വ, ആരോഗ്യ സൗകര്യങ്ങൾ വിലയിരുത്തുകയുണ്ടായി.
  • പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജനയുടെ (പി എം കെ എസ് വൈ) കീഴിൽ പാലക്കാട്, ഇടുക്കി ജില്ലകൾക്കായി ജില്ലാ ജലസേചന പദ്ധതി തയ്യാറാക്കുന്നതിന് നേതൃത്വം കൊടുത്തു.
  • വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്കായി നാളികേരത്തിനും കുരുമുളകിനുമായി ജലസേചന പട്ടിക വികസിപ്പിച്ചെടുത്തു.
  • കവ്വായി, കാട്ടാമ്പള്ളി തണ്ണീര്‍ തടങ്ങൾക്കായി സംരക്ഷണ കർമ്മ പദ്ധതികൾ തയ്യാറാക്കി.
  • മേലെ കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ലഘൂകരണ നടപടികൾക്കുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി.
  • 2016-17 കാലയളവിൽ വരൾച്ചാ ദുരിതങ്ങൾ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സി ഡബ്ള്യു ആർ ഡി എം മുൻഗണന എടുക്കുക ഉണ്ടായി.
  • 67 ഗവേഷണ, കൺസൾട്ടൻസി പ്രൊജെക്ടുകൾ സി ഡബ്ള്യു ആർ ഡി എം 2016 -17 വർഷത്തിൽ ഏറ്റെടുക്കുകയും ഇതിൽ 16 എണ്ണം പൂർത്തീകരിക്കുകയും ചെയ്തു,. ഇതിൽ 12 എണ്ണം പുറമെ നിന്നുള്ള ഏജൻസികളുടെ ധന സഹായത്തോടെ പൂർത്തിയാക്കിയവയാണ്.
  • റിപ്പോർട്ട് കാലയളവിൽ സി ഡബ്ള്യു ആർ ഡി എം 29 പേപ്പറുകൾ പ്രസിദ്ധീകരിച്ചു, 6 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു, കൂടാതെ കോൺഫെറൻസുകളിൽ 12 പേപ്പറുകൾ അവതരിപ്പിച്ചു.

ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. (ജെ.എൻ.ടി.ബി.ജി.ആർ.ഐ)

കേരളത്തിലെ സസ്യ വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിനായി ജെ എൻ ടി ബി ജി ആർ ഐ ഗവേഷണപരിപാടികൾ നടത്തുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സംരക്ഷിത തോട്ടമായി കണക്കാക്കപ്പെടുന്ന ഇവിടെ 4,000-ത്തിൽ അധികം വിവിധ തരം പൂച്ചെടികളും ഏകദേശം 300 തരത്തിലുള്ള വിവിധയിനം പുഷ്പിക്കാത്ത സസ്യങ്ങളും നിലവിൽ സംരക്ഷിക്കപ്പെടുന്നു. തിരുവനന്തപുരത്തെ പുത്തൻതോപ്പിൽ സ്ഥിതി ചെയ്യുന്നതും ബയോ ഇൻഫോമാറ്റിക്സ് കേന്ദ്രം സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമായ സരസ്വതി തങ്കവേലു കേന്ദ്രം ഈ സ്ഥാപനത്തിന്റെ എക്സ്റ്റൻഷൻ കേന്ദ്രം ആണ്. ഭാരത സർക്കാർ ഈ കേന്ദ്രത്തെ ദേശീയ തലത്തിലുള്ള ഒരു മികവിന്റെ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്.

  • കേരളത്തിലെ മൂന്നു ജില്ലകളിലെ 17 ഗ്രാമ പഞ്ചായത്തുകളിലെ 13 പട്ടിക വർഗ വിഭാഗങ്ങൾക്കിടയിൽ എത്നോമെഡിക്കൽ സർവേയും പരമ്പരാഗത അറിവുകൾ സംബന്ധിക്കുന്നവിവര ശേഖരണവും പൂർത്തിയായി.
  • കേരളത്തിലെ മൂന്നു തെക്കൻജില്ലകളിലെ തീരപ്രദേശങ്ങൾ സംബന്ധിക്കുന്ന എത് നോ ബൊട്ടാണിക്കൽ സർവ്വേ പൂർത്തീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 422 ഭക്ഷ്യ യോഗ്യമായ സസ്യങ്ങൾ, 2,117 ഔഷധങ്ങൾ, 132 കാലിത്തീറ്റകൾ, 281 മൽസ്യബന്ധന ഉപകരണങ്ങൾ, 117 ഇന്ധനങ്ങൾ എന്നിവയുൾപ്പെടുന്ന പരമ്പരാഗത വിവരങ്ങൾ ശേഖരിച്ചു രേഖപ്പെടുത്തുകയുണ്ടായി
  • പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന സസ്യങ്ങളിലെ എണ്ണകൾ, കൊഴുപ്പുകൾ എന്നിവ സംബന്ധിക്കുന്ന ഫൈറ്റോ കെമിക്കൽ ഇൻവെസ്റ്റിഗേഷൻ
  • കേരള സർക്കാരിന്റെ, കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ സഹകരണത്തോടെ ഹരിത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ കുഴൂർപഞ്ചായത്തിൽ ഒരു കേന്ദ്രം സ്ഥാപിച്ചു
  • 43 ഗവേഷണ പ്രബന്ധങ്ങളും3 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു

കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് (കെ.എസ്.ഒ.എം)

ഗണിത ശാസ്ത്രത്തിൽ ഉന്നത പഠനവും ഗവേഷണവുംനടത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ കെ എസ് സി എസ് ടി ഇ യും, കേന്ദ്ര സർക്കാരിന്റെ അണുശക്തി വകുപ്പും സംയുക്തമായി 2009 രൂപീകരിച്ചതാണ് കേരളാ സ്കൂൾ ഓഫ് മാത്തമാറ്റിക്സ്.

  • റിപ്പോർട്ട് കാലയളവിൽ ഈ സ്ഥാപനം നാലു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.
  • ഔട്ട് റീച് പരിപാടിയും പന്ത്രണ്ടു പരിശീലന പരിപാടികൾ/ശില്പശാലകൾ നടത്തുകയും ചെയ്തു.

ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് (എസ്.ആർ.ഐ.ബി.എസ്)

അടിസ്ഥാന ശാസ്ത്രത്തിൽ ഗവേഷണം, അധ്യാപനം, പഠനം എന്നിവക്കായി വിഭാവനം ചെയ്തിട്ടുള്ളതും കാര്യ ശേഷി വികസനത്തിനും വേണ്ടിയുള്ള സ്ഥാപനമാണ് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് (എസ് ആർ ഐ ബി എസ്). ശാസ്ത്ര അനുബന്ധ മേഖലകളിൽ യുവ അധ്യാപകർ, ഗവേഷകർ, ബിരുദാനന്തര ബിരുദധാരികൾ എന്നിവർക്കായി കഴിവുകൾ വിപുലമാക്കുന്ന തരത്തിലുള്ള പരിപാടികൾക്ക് രൂപം കൊടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

2016 കാലയളവില്‍ ഈ സ്ഥാപനം ശാസ്ത്രത്തിന്റെ വിവിധ വിവിധമേഖലകളിൽ വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ വിദ്യാഭ്യാസ സമ്മേളനങ്ങൾ, സെമിനാറുകൾ, എന്നിവ നടത്തുകയുണ്ടായി. 2016-17 കാലയളവിൽ എസ് ആർ ഐ ബി എസ് 6 വിദ്യാഭ്യാസ പരിപാടികൾ നടത്തി.

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ് (എം.ബി.ജി.ഐ.പി.എസ്.)

വിവിധയിനം ജലാശയ സസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, മലബാർ മേഖലയിലെ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനും ഗവേഷണത്തിനുമായി പ്രവർത്തിക്കുന്നതും സസ്യശാസ്ത്രത്തിന്റെ വിവിധ തലങ്ങളെസംബന്ധിക്കുന്ന വിജ്ഞാനം പകർന്നു നൽകുന്നതിനും വേണ്ടിയുള്ള കെ എസ് സി എസ് ടി ഇ യുടെ സ്ഥാപനമാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ് (എം.ബി.ജി.ഐ.പി.എസ്).

പ്രധാന നേട്ടങ്ങൾ

  • സുസ്ഥിര വിദ്യാഭ്യാസത്തിൽ പ്രാദേശിക വിദഗ്ധ കേന്ദ്രമായി ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ ഗവേഷണ ഘടകമായ ഐക്യ രാഷ്ട്ര സർവകലാശാല-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എം ബി ജി ഐ പി എസിനെ അംഗീകരിച്ചു.
  • ചെടികളിലെ വിറ്റാമിൻ ഉറവിടങ്ങളെ വിശദീകരിക്കുന്ന ഒരു പുതിയ വിഭാഗമായ ബയോ ഫോർട്ടിഫിക്കേഷൻ ഗാർഡൻ വികസിപ്പിച്ചെടുത്തു.
  • നിലവിലെ പാം ഗാർഡനെ പാം പാർക്ക് ആയി നവീകരിച്ചു.
  • മലബാറിലെ സുഗന്ധ വിളകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പുതിയ വിഭാഗം ആരംഭിച്ചു.
  • ഓയിൽ ഡീഗ്രേഡിങ് ബാക്റ്റീരിയകളുടെയും ആല്ഗകളുടെയും 24 ജെൻ ബാങ്ക് സബ്മിഷൻസ്.
  • മൈക്രോപ്രൊപഗേഷൻ സ്ഥാപിച്ചു.
  • ഹരിതകേരളം പരിപാടിയുടെ ഭാഗമായി എം ബി ജി ഐ പി എസും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും കൂടി ചേർന്ന് കൊണ്ട് വനം വകുപ്പുമായി സംയോജിച്ചു 50,000 വനവൃക്ഷങ്ങളും 33 തരം ഫലവൃക്ഷങ്ങളും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു.
  • എം ബി ജി ഐ പി എസിന്റെ ഹെർബേറിയത്തിൽ 500 മാതൃകകൾ തരം തിരിക്കുകയും ശേഖരിക്കുകയും ചെയ്തു.
  • എട്ടു ഗവേഷണ വികസന പ്രൊജക്ടുകൾക്കു അനുമതി നൽകി.
  • റിപ്പോര്‍ട്ടിംഗ് കാലയളവിലെ പ്രസിദ്ധീകരണങ്ങളുടെ എണ്ണം 4 ആണ്.

ഗവേഷണ സ്ഥാപനങ്ങളുടെ പഠനപരമായ നേട്ടങ്ങൾ

ഗവേഷണ പ്രസിദ്ധീകരണങ്ങൾ -വ്യത്യസ്ത മേഖലകളിൽ വിജ്ഞാനസമ്പാദനത്തിനായി പ്രവർത്തിക്കുന്നവയാണ് കെഎസ് സി എസ് റ്റി യുടെ ഗവേഷണ വികസന സ്ഥാപനങ്ങൾ. ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ, ആനുകാലിക പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം എന്നിവയിൽ ഈ സ്ഥാപനങ്ങൾ പങ്കാളികളാകുന്നു. 2012 കാലയളവ് മുതല്‍ ഗവേഷണസ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം ചിത്രം 3.3.1-ല്‍ കാണിച്ചിരിക്കുന്നു

ചിത്രം 3.3.1
ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം (2012-13 മുതല്‍ 2016-17 വരെ)

അവലംബം: കെ.എസ്.റ്റി.ഇ. ശാസ്ത്ര ഭവന്‍, തിരുവനന്തപുരം

കൗണ്‍സിലിന്റെ കീഴിലുള്ള ഏഴു ഗവേഷണ വികസന സ്ഥാപനങ്ങളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ ജെ എൻ ടി ബി ജി ആർ ഐ, സി ഡബ്ള്യൂ ആർ ഡി എം എന്നിവയാണ് 2016-17 ലെ ഏറ്റവും മുൻനിരയിലുള്ള സ്ഥാപനങ്ങൾ.

2016-17ൽ ജെ.എൻ.ടി.ബി.ജി.ആർ.ഐ. 3 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇതേ കാലയളവിൽ സി.ഡബ്ള്യു.ആർ.ഡി.എം. 6 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അന്തർദേശീയ/ദേശീയ/പ്രാദേശികസമ്മേളനങ്ങളിൽ 44 പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

മാനവശേഷി പരിശീലനം

കെ.എസ്.സി.എസ്.ടി.ഇ. യുടെ ഗവേഷണ വികസന സ്ഥാപനങ്ങൾ 2016 ൽ 8 പി.എച്ച്.ഡി. കൾ നൽകുകയും 488 പേർക്ക് ഗവേഷണത്തിലും 170 പേർക്ക് സാങ്കേതികതയിലും പരിശീലനം നൽകുകയും ചെയ്തു. മെച്ചപ്പെട്ട മാനവശേഷി പ്രദാനം ചെയ്യുന്നതിലും പേറ്റന്റുകൾ, സാങ്കേതികത കൈമാറ്റം എന്നിവയിലും ഗവേഷണ വികസന സ്ഥാപനങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനം പട്ടിക 3.3.2 - ൽ കൊടുത്തിരിക്കുന്നു.

പട്ടിക 3.3.2
ഗവേഷണ വികസന സ്ഥാപനങ്ങളുടെ പ്രവർത്തനം
ഗവേഷണ വികസന സ്ഥാപനം 2012 2013 2014 2015 2016
പി.എച്.ഡി. കൾ 12 10 11 12 8
ഗവേഷണത്തിലെ മാനവ ശേഷി പരിശീലനം(പിഎച് ഡി അല്ലാതെയുള്ളവ) 171 1017 703 534 1086
സാങ്കേതികതയിലെ മാനവശേഷി പരിശീലനം 146 283 473 243 488
ഫയൽ ചെയ്ത പേറ്റന്റുകൾ 1 1 - 1 1
സാങ്കേതികത കൈമാറ്റം         3
അവലംബം: കെ.എസ്.റ്റി.ഇ,. ശാസ്ത്ര ഭവന്‍, തിരുവനന്തപുരം

ബി. കെ എസ് സി എസ് ടി ഇയുടെ മറ്റു പദ്ധതികളും പരിപാടികളും

2016-17-ൽ കെ.എസ്.സി.എസ്.ടി യുടെ പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നതിനായി 43.29 കോടി രൂപ അനുവദിക്കുകയും 32.08 കോടി രൂപ ചെലവാക്കുകയും ചെയ്തു.

സയൻസ് റിസർച് സ്കീം (എസ്.ആർ.എസ്.)

കൗൺസിലിന്റെ ശാസ്ത്ര സാങ്കേതിക പ്രചാരണ വിഭാഗത്തിന്റെ (എസ് ടി ഡി പി)ഫ്ലാഗ്ഷിപ് പ്രവർത്തനങ്ങളിൽ ഒന്നാണ് എസ് ആർ എസ്. സംസ്ഥാനത്തെ അടിസ്ഥാന, പ്രായോഗിക ഗവേഷണത്തിൽ വികസന, ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു ഈ പദ്ധതിയുടെ കീഴിൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗവേഷണത്തിന് സാമ്പത്തിക സഹായം നൽകുന്നു. സർവകലാശാല വിഭാഗങ്ങൾ, കലാലയങ്ങൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗവേഷണ പ്രൊജക്ടുകൾക്കാണ് സഹായം നൽകുന്നത്. 2016-17 ൽ അനുവദിച്ച പ്രോജക്ടുകളുടെ എണ്ണം 37 ആണ്. കൂടാതെ, സഹായം ലഭ്യമായ പ്രൊജക്ടുകളിൽ നിന്നും 7 പേറ്റന്റുകൾ ഫയൽ ചെയ്യുകയും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ 162 പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും 40 പി.എച്ച്.ഡി. കൾ നൽകുകയും ചെയ്തു.

കെ എസ് സി എസ് ടി ഇ എമിരറ്റസ് സയന്റിസ്റ് സ്കീം

പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാർക്ക് വ്യത്യസ്ത മേഖലകളിൽ അവരുടെ വൈദഗ്ധ്യം തെളിയിക്കുന്നതിനായി ഗവേഷണം നടത്തുന്നതിന് പിന്തുണ നൽകുന്നതിനും അവരുടെ കഴിവുകൾ സംസ്ഥാനത്തിലെ പ്രധാന പ്രശ്നങ്ങൾ നേരിടുന്നതിന് വിനിയോഗിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. 2016-17 ൽ ഈ പദ്ധതിയുടെ കീഴിൽ 9 ശാസ്ത്രജ്ഞന്‍മാര്‍ക്ക് എമിരറ്റസ് അവാര്‍ഡ് നൽകുകയും 54 പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും 11 പി.എച്.ഡികൾ നൽകുകയും ചെയ്തു.

വിദ്യാർത്ഥികൾക്കായുള്ള പ്രോജക്ടുകൾ

ഈ പ്രോജക്ടിന്റെ കീഴിൽ സംസ്ഥാനത്തെ സർവകലാശാല വകുപ്പുകളിലേയും കലാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് ശാസ്ത്രസംബന്ധമായ പ്രോജക്ടുകൾ ചെയ്യുന്നതിനായി വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയും 2016-17-ൽ, മൊത്തം 424 പ്രോജക്ട് പ്രൊപ്പോസലുകൾ ലഭിക്കുകയും അതിൽ 204 എണ്ണം സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ശുപാർശ ചെയ്യപ്പെടുകയും ചെയ്തു.

യുവ ശാസ്ത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടി (സ്പൈറ്റിസ്)

8, 9 എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് പുരസ്കാരങ്ങൾ നൽകുന്നതിനും (സ്പൈറ്റിസ്-I)

ശാസ്ത്ര സാങ്കേതികയിൽ നൂതന ആശയങ്ങൾ ഉള്ള കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പ്രൊജക്ടുകൾ ചെയ്യുന്നതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനും (സ്പൈറ്റിസ്-II) വേണ്ടിയുള്ളതാണ് ഈപദ്ധതി. 2016 -17 ൽ,132 പ്രോജക്ടുകൾക്കു സഹായം അനുവദിച്ചിട്ടിട്ടുണ്ട് .

കെ എസ് സി എസ് ടി ഇ ഗവേഷണ ഫെല്ലോഷിപ്പുകൾ

454 അപേക്ഷകൾ ലഭിച്ചതിൽ നിന്ന് 2016-17- ൽ 50 ഗവേഷണ ഫെലോഷിപ്പുകൾക്കു അനുമതി നൽകി. 2016 ല്‍ 4 സ്പെഷ്യല്‍ ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ കെ എസ് സി എസ് ടി ഇ യില്‍ ആരംഭിക്കുകയുണ്ടായി. 15 പോസ്റ് ഡോക്ടറൽ ഫെലോഷിപ്പുകളും 1 സ്പെഷ്യൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും 2016-17-ൽ നൽകുകയുണ്ടായി.

2016 -17 ലെ കെ എസ് സി എസ് ടി ഇ ഗവേഷകരുടെ നേട്ടങ്ങൾ ചിത്രം 3.3.2-ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 3.3.2
കെ.എസ്.സി.എസ്.ടി.ഇ. ഗവേഷകരുടെ 2016 -17 ലെ നേട്ടങ്ങൾ
അവലംബം: കെ.എസ്.റ്റി.ഇ. ശാസ്ത്ര ഭവന്‍, തിരുവനന്തപുരം

ശാസ്ത്ര സാങ്കേതികതയിലെ പശ്ചാത്തല വികസന പരിപാടികൾ

ശാസ്ത്ര മേഖലയിലെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം വ്യാപിപ്പിക്കുന്നതിനും കലാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനായി ലാബുകളും അനുബന്ധ സൗകര്യങ്ങളും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമീകരിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം കൗൺസിൽ നൽകുന്നുണ്ട്.സെലെക്ടിവ് ഓഗ്മെന്റഷന്‍ ഓഫ് റിസർച് ആൻഡ് ഡെവലപ്മെൻറ് (എസ് എ ആർ ഡി), ശാസ്ത്രപോഷിണി എന്നീ രണ്ടു പരിപാടികൾ കൗൺസിൽ ഇതിനായി നടത്തുന്നുണ്ട്. കലാലയങ്ങളിലും സർവകലാശാലകളിലും നിർദ്ദിഷ്ട മേഖലകളിൽ ഗവേഷണം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് എസ് എ ആർ ഡി പരിപാടി.ലബോറട്ടറികളിലെസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റ പണികൾക്കുമായി ഈ പരിപാടിയിലൂടെ ധനസഹായം നൽകുന്നു. ഇത്തരത്തിൽ കേരളത്തിലെ 57 സയൻസ് ബിരുദാനന്തര ബിരുദ ലബോറട്ടറികളിലും ഗവേഷണ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെ വർധിപ്പിച്ചിട്ടുണ്ട്. ഹൈസ്കൂൾ തലത്തിൽ മെച്ചപ്പെട്ട ശാസ്ത്ര അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിൽ മാതൃക ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നതിനു സഹായം നൽകിയിട്ടുണ്ട്. 2016 -17 ൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി അഞ്ചു സർക്കാർ സ്കൂളുകൾ തെരഞ്ഞെടുക്കുകയുണ്ടായി.

എഞ്ചിനീറിങ് ആൻഡ് ടെക്നോളജി പ്രോഗ്രാം (ഇ.റ്റി.പി)

എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലയിൽ ഉന്നത നിലവാരത്തിലുള്ള ഗവേഷണ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പരിപാടിയാണ് ഇ ടി പി. സംസ്ഥാനത്തെ എഞ്ചിനീറിങ് കോളേജുകളിലെ പ്രഗല്‍ഭര്‍ക്കും ഗവേഷണ വികസന സ്ഥാപനങ്ങളെ ശാസ്ത്രജ്ഞർക്കും വേണ്ടി ആരംഭിച്ചിട്ടുള്ളതാണ് ഈ പദ്ധതി. 2012 -13 മുതൽ 2016-17 വരെയുള്ള കാലയളവിൽ ഇ.ടി.പിയുടെ കീഴിൽ ലഭ്യമായതും അംഗീകരിക്കപ്പെട്ടതുമായ പ്രൊപ്പോസലുകളുടെ എണ്ണം ചിത്രം 3.3.3 -ൽ കൊടുത്തിരിക്കുന്നു.

ചിത്രം 3.3.3
ഇ ടി പിയുടെ കീഴിൽ ലഭ്യമായതും അംഗീകരിക്കപ്പെട്ടതുമായ പ്രൊപ്പോസലുകളുടെ എണ്ണം (2012-13 മുതല്‍ 2016-17 വരെ)
അവലംബം: കെ.എസ്.റ്റി.ഇ. ശാസ്ത്ര ഭവന്‍, തിരുവനന്തപുരം

സാങ്കേതിക വിദ്യ വികസനവും അനുരൂപീകരണവും പരിപാടി (റ്റി.ഡി.എ.പി)

നൂതനവും ആവശ്യാധിഷ്ഠിതവുമായ സാങ്കേതിക വിദ്യയുടെ വികസനത്തിനും പരീക്ഷണത്തിനും വേണ്ട സഹായം നൽകുക എന്നതാണ് ഈ പരിപാടിയുടെ ശരിയായ ലക്ഷ്യം. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വാണിജ്യവത്കരണം വരെ എത്തിക്കുക എന്നതും പരിപാടി ലക്ഷ്യമിടുന്നു. 2016-17 ൽ ലഭിച്ച 18 പ്രൊപ്പോസലുകളിൽ 11 എണ്ണത്തിനു അനുമതി നൽകിയിട്ടുണ്ട്.

ഗ്രാമീണ സാങ്കേതിക പരിപാടി (ആർ.ടി.പി)

പരമ്പരാഗത ഗ്രാമീണ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും അവ നവീകരിക്കുന്നതിനും വേണ്ടി ധനസഹായത്തിന്റെ രൂപത്തിൽ സഹായം പ്രദാനം ചെയ്യുന്നതിനും അതുവഴി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി വ്യാപകമായി ഉപയോഗിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമീണ നിവാസികളുടെ കഠിനമായ ജോലിഭാരം കുറയ്ക്കുന്നതിനും ലഷ്യമിട്ടുകൊണ്ടുള്ളതാണ് ആർ.ടി.പി. പദ്ധതി. അടിസ്ഥാന തലത്തിലുള്ള വ്യക്തികളെയും നൂതന കണ്ടുപിടിത്തങ്ങൾ നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ ഗ്രാമീണ സാങ്കേതിക മേഖലയിലുള്ള നൂതന ആശയങ്ങൾ മെച്ചപ്പെടുത്തുന്നതിനും നൂതന കണ്ടുപിടിത്തങ്ങൾ സംരംഭക നിലയിൽ എത്തിക്കുന്നതിനും ആണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 2016-17 ൽ ലഭിച്ച 13 പ്രൊപ്പോസലുകളിൽ 5 എണ്ണത്തിന് അംഗീകാരം നൽകി.

പേറ്റന്റ് ഇൻഫർമേഷൻ സെന്റർ കേരളം

കേരള സംസ്ഥാനത്തിലെ ജനങ്ങൾക്ക് ഐ പി ആർ സംബന്ധിക്കുന്ന സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കെ എസ് സി എസ് ടി ഇ ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ 2003 ൽ പേറ്റന്റ് ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. ബോധവത്കരണ ക്യാമ്പയിനുകൾ, പ്രസിദ്ധീകരണങ്ങൾ, എന്നിവയിലൂടെ സംസ്ഥാനത്ത് ഐ പി ആർ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പേറ്റന്റ് ഇൻഫർമേഷൻ സെന്റർ വിവിധ പരിപാടികൾ നടപ്പിലാക്കുന്നുണ്ട്. കണ്ടുപിടിത്തം നടത്തുന്ന വ്യക്തികൾക്ക് തങ്ങളുടെ ഐ പി ആർ സംരക്ഷിക്കുന്നതിനും പേറ്റന്റ് സംബന്ധിക്കുന്ന രേഖകൾ ലഭ്യമാക്കുന്നതിനും ഈ കേന്ദ്രം മാർഗനിർദ്ദേശം നൽകുന്നു. ഈ കേന്ദ്രത്തിന്റെ ആത്യന്തിക ലക്ഷ്യം സംസ്ഥാനത്തെ ഐ പി ഔട്ട്പുട്ട് വർധിപ്പിക്കുക എന്നതാണ്. 2012-13 മുതൽ 2016-17 വരെ ലഭിച്ചിട്ടുള്ള പേറ്റന്റ് അപേക്ഷയുടെ എണ്ണം പട്ടിക 3.3.3 - ൽ കൊടുത്തിരിക്കുന്നു.

പട്ടിക 3.3.3
ലഭിച്ചിട്ടുള്ള പേറ്റന്റ് അപേക്ഷയുടെ എണ്ണം
വര്‍ഷം പേറ്റന്റ് അപേക്ഷയുടെ എണ്ണം
2012-13 87
2013-14 89
2014-15 59
2015-16 60
2016-17 105
അവലംബം: കെ.എസ്.റ്റി.ഇ. ശാസ്ത്ര ഭവന്‍, തിരുവനന്തപുരം

സ്ത്രീകൾക്കായുള്ള ശാസ്ത്ര പരിപാടികൾ

സ്ത്രീ സാക്ഷരരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണെങ്കിലും ശാസ്ത്ര ഗവേഷണത്തിൽ അവരുടെ പങ്കാളിത്തം വളരെ കുറവാണ്. സ്ത്രീകളെയും പെൺകുട്ടികളെയും ശാസ്ത്ര രംഗത്തേക്കു ആകര്‍ഷിക്കുന്നതിനും ഈ മേഖലയിൽ നിന്ന് തൊഴിൽ സ്വീകരിക്കുന്നതിനും സഹായകരമാകുന്ന സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിനുമായി ശാസ്ത്രം, സാങ്കേതികത, എഞ്ചിനീറിങ്, കൃഷി, വൈദ്യ ശാസ്ത്രം (എസ് ടി ഇ എ എം) എന്നീ മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതിനായി വളരെയധികം പദ്ധതികളും പരിപാടികളും കെ എസ് സി എസ് ടി ഐയുടെ വനിതാ ശാസ്ത്ര വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ കൌൺസിൽ നടപ്പിലാക്കുന്ന പ്രധാന പരിപാടികൾ താഴെ ചേർക്കുന്നു.

വിമൻ ഇൻ സയൻസ്

  1. ബാക് ടു ലാബ് റിസർച് ഫെലോഷിപ് പരിപാടി-
    ഈ പരിപാടിയുടെ ഭാഗമായി 14 പദ്ധതികൾക്ക് അനുമതി ലഭിക്കുകയും, 1 പേറ്റന്റ് അപേക്ഷ ഫയൽ ചെയ്യപ്പെടുകയും,48 അന്തർദേശീയ/ദേശിയ ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുകയും 6 വ്യക്തികൾ പി എച് ഡി പൂർത്തിയാക്കുകയും ചെയ്തു.
  2. ജീവിതത്തിൽ മാറ്റങ്ങൾ ഉളവാക്കുന്നതിൽ ശാസ്ത്ര പുരോഗതിയുടെ പ്രാധാന്യം സംബന്ധിക്കുന്ന 3 അവബോധ പരിപാടികൾ ഈ പ്രോജക്ടിന്റെ ഭാഗമായി അനുവദിച്ചു.
  3. ശാസ്ത്രരംഗത്തെ കേരളത്തിലെ സ്ത്രീകളെ സംബന്ധിക്കുന്ന ഡേറ്റാബേസ് തയ്യാറാക്കൽ- സംസ്ഥാനത്തെ വിവിധ ശാസ്ത്ര മേഖലകളിൽ സ്ത്രീകളുടെ സ്ഥിതി യെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയ ഓൺലൈൻ ഡിറക്ടറിയിൽ 506 രജിസ്ട്രേഷൻ നടത്തുകയുണ്ടായി.

സ്റ്റാർസ് (ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നതിന് പ്രാഗത്ഭ്യവും അഭിരുചിയും ഉള്ള വിദ്യാർത്ഥികൾക്കായുള്ള പരിപാടി)

  1. പ്രതിഭ സ്കോളർഷിപ് പദ്ധതി-200 വിദ്യാർത്ഥികളെ ഈ സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തു.
  2. സ്പീഡ് (വിദ്യാർത്ഥികൾക്കായി പരീക്ഷണ മാതൃകകളിൽ മികവിനുള്ള പരിപാടി)-2016-17 ല്‍ ഈ പരിപാടിയുടെ കീഴില്‍ അനുവദിച്ച പ്രോജക്ടുകളുടെ എണ്ണം1 ആണ്.

ശാസ്ത്രസേവനങ്ങൾക്കും ഗവേഷണത്തിനും സർക്കാർ വിനിയോഗം

സംസ്ഥാനത്തെ വർദ്ധിച്ചു ശാസ്ത്ര സേവനങ്ങൾക്കും ഗവേഷണത്തിനും ആവശ്യമായി വരുന്ന നിക്ഷേപങ്ങളുടെയും അതുമായി ബന്ധപ്പെട്ട ചെലവുകളുടെയും വർധിച്ചു വരുന്ന ആവശ്യകത മനസ്സിലാക്കിക്കൊണ്ട്, അഞ്ചാം പഞ്ചവത്സര പദ്ധതി കാലയളവ് മുതൽ സർക്കാർ ഈ മേഖലക്ക് വേണ്ടി ധന വിനിയോഗം നടത്തുന്നുണ്ട്. അഞ്ചാം പദ്ധതിക്കാലത്തു (1974-78) 7.98 കോടി ആയിരുന്ന വിഹിതം വർധിച് പന്ത്രണ്ടാം പദ്ധതി (2012-17) ആയപ്പോൾ 435.45 കോടി രൂപ ആയി. 2012 -13 മുതൽ 2012 -17 വരെയുള്ള പദ്ധതി വിഹിതവും ചെലവും പട്ടിക 3.3.4-ൽ കൊടുത്തിരിക്കുന്നു.

പട്ടിക 3.3.4
2012 -13 മുതൽ 2012 -17 വരെയുള്ള പദ്ധതി വിഹിതവും ചെലവും
വര്‍ഷം വിഹിതം ചെലവ്
2012-13 66.20 63.96
2013-14 78.95 51.36
2014-15 91.71 54.64
2015-16 99.79 66.24
2016-17 99.79 75.47
അവലംബം: കെ.എസ്.റ്റി.ഇ. ശാസ്ത്ര ഭവന്‍, തിരുവനന്തപുരം

2. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി),തിരുവനന്തപുരം

ആഗോളതലത്തിൽ ക്യാൻസർ രോഗ നിയന്ത്രണത്തിൽ പൊതുവായി നേരിടുന്ന വെല്ലുവിളികൾ രോഗ നിർണയവും ചികിത്സയുടെ ലഭ്യതക്കുറവുമാണ്. 2030 ആകുമ്പോഴേക്കും ലോകവ്യാപകമായി കാൻസർ ബാധിത മരണങ്ങളുടെഎണ്ണംവർധിച്ചു 13.1 മില്യനാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം 2020 ൽ ബ്രസ്റ്റ്, ശ്വാസകോശം, ഗർഭാശയം എന്നീ ശരീരഭാഗങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിധത്തിൽ ഇന്ത്യയിൽ ക്യാൻസർ മുഖേന മരിക്കുന്നവരുടെ എണ്ണം 8.8 ലക്ഷം കവിയുകയും 17.3 ൽ അധികം പുതിയ കേസുകളും ഉണ്ടാകുമെന്നു കരുതുന്നു.

അര്‍ബുദരോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ആവശ്യമായ സൌകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന രാജ്യത്തെ മുന്‍നിര ക്യാന്‍സര്‍ സെന്ററുകളില്‍ ഒന്നാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജണല്‍ ക്യാന്‍സര്‍ ‍ സെന്റര്‍. അര്‍ബുദ രോഗ പഠന വൈദ്യ ശാസ്ത്ര മേഖലയിലെ വിവിധ മേഖലകളെ സംബന്ധിക്കുന്ന അടിസ്ഥാന, പ്രായോഗിക, സ്ഥിതി വിവര ശാസ്ത്ര ഗവേഷണം നടത്തുക എന്നതാണ് ഈ സെന്ററിന്റെ പ്രധാന ലക്ഷ്യം. ഇവിടെ അടിസ്ഥാന, പ്രായോഗിക, ചികിത്സ സംബന്ധിയായ ഗവേഷണങ്ങൾ നടത്തുകയും വിജ്ഞാനം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ക്യാൻസർ നിയന്ത്രണം, ചികിത്സ, ഗവേഷണം, പരിശീലനം എന്നിവക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും നൂതന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. രാജ്യത്തെ നിലവിലുള്ള 28 റീജണല്‍ ക്യാന്‍സര്‍ സെന്ററുകളില്‍ മുന്‍പന്തിയിലുള്ള മൂന്നെണ്ണത്തിലൊന്നാണ് ആര്‍.സി.സി. അന്താരാഷ്ട്ര സംഘടനകളായ ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര ക്യാന്‍സര്‍ ഗവേഷണ കേന്ദ്രം (ഫ്രാന്‍സ്), അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (വിയന്ന), ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (യു.എസ്എ), ക്യാന്‍സര്‍ ഗവേഷണ കേന്ദ്രം (യു.കെ), ലീഡ്സ് യൂണിവേഴ്സിറ്റി ( യു.കെ), ആരോഗ്യ ഗവേഷണ കേന്ദ്രം (ജപ്പാന്‍) എന്നിവയും മറ്റ് പ്രമുഖ സംഘടനകളുമായി ആര്‍.സി.സി മെച്ചമായ ബന്ധം നിലനിര്‍ത്തുന്നു.

കഴിഞ്ഞ 36 വര്‍ഷങ്ങളായി, കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട അര്‍ബുദ പരിശോധനയും ചികില്‍സയും നല്‍കി കൊണ്ട് കേരളത്തിലെയും തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന അര്‍ബുദ രോഗാവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ അര്‍.സി.സി ഗണ്യമായ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ, അര്‍ബുദ രോഗം നിയന്ത്രണ വിധേയമാക്കുന്നതിനും അര്‍ബുദ ചികില്‍സയുടെ വിവിധ മേഖലകളിലാവശ്യമായ മാനുഷിക ശേഷി വളര്‍ത്തുന്നതിനും പുതിയ ചികിത്സാ രീതികള്‍ ലഭ്യമാക്കുന്നതിനായി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതും ആര്‍.സി.സിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനു വേണ്ടി അനുവദിച്ച ബഡ്ജറ്റ് വിഹിതം 229.43 കോടി രൂപയും ചെലവ് 106.71 കോടി രൂപയുമാണ്(47 ശതമാനം).

ബോക്സ് 3.3.1
പതിമൂന്നാം പഞ്ചവത്സര പദ്ധതി സമീപന രേഖ
  • കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര, സാങ്കേതിക വിദ്യ മേഖലയുടെ മൊത്തം നിക്ഷേപം സംസ്ഥാന സർക്കാരുകളുടെ ചെലവഴിക്കലിനേക്കാൾ കുറവാണ്. 2000 ത്തിന്റെ ആദ്യ ദശകത്തിൽ സംസ്ഥാന സർക്കാരുകളുടെ മൊത്തം ചെലവഴിക്കൽ ദേശീയ ചെലവഴിക്കലിനെ അപേക്ഷിച്ചു ഏകദേശം 18 ശതമാനത്തിൽ നിന്ന് 16 ശതമാനത്തിലേക്ക് താഴ്ന്നു. എന്നിരുന്നാലും സാങ്കേതിക വിദ്യയിൽ ഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾക്കുമായി പരിപാടികൾ രൂപകൽപന ചെയ്യുന്നതിന് സംസ്ഥാന തലചെലവഴിക്കൽ അനിവാര്യമാണ്. അവ സംസ്ഥാനത്തിന്റെ സാധ്യതക്കും ആവശ്യങ്ങൾക്കും അനുസരിച്ചു പരുവപ്പെടുത്തിയിട്ടുള്ളതായിരിക്കണം. നിക്ഷേപം ആകര്‍ഷിക്കുന്നതിനും പ്രാദേശിക വിഭവങ്ങൾ വികസിപ്പിക്കുന്നതിനും കണ്ടുപിടിത്തങ്ങൾക്കു സൗകര്യമൊരുക്കുന്നത്തിനും ശാസ്ത്ര സാങ്കേതിക രംഗത്തെ സംസ്ഥാന തല നിക്ഷേപം സംസ്ഥാന സർക്കാരിന്റെ ശേഷി മെച്ചപ്പെടുത്തും.
  • വ്യത്യസ്ത പദ്ധതികളിലായി ശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി എന്നീ ഹെഡുകളിൽ കേരളത്തിന്റെ പദ്ധതി ചെലവഴിക്കാൻ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെക്കൂടുതലാണ്. സംസ്ഥാനത്തു സ്ഥാപനങ്ങളുടെ ഒരു ശൃംഖല വികസിപ്പിച്ചിട്ടുണ്ട്. ഈസ്ഥാപനങ്ങളിലൂടെ ശാസ്ത്ര, സാങ്കേതിക വിദ്യ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകുന്നതിനും ഏകോപിപ്പിക്കുന്നതിനും പുറമെ, ശാസ്ത്ര പ്രചാരണം ഉൾപ്പെടെ ഒരു കൂട്ടം വ്യത്യസ്ത പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഒരു അപെക്സ് ഏജൻസിയായി കേരളസംസ്ഥാനശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൌൺസിൽ സ്ഥാപിച്ചു. ഈ പ്രവർത്തനങ്ങളുടെ സാധ്യത സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക വിദ്യ വികസനനത്തിന്റെ മൊത്തത്തിലുള്ള സമീപനനത്തിൽ നിന്നും വ്യക്തമാണ്. ഗവേഷക സ്ഥാപനങ്ങൾ, സർവകലാശാല കേന്ദ്രങ്ങൾ, ഗവേഷണ കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടുള്ള കോളേജ് വകുപ്പുകൾ എന്നിവ നടത്തുന്നത് ശാസ്ത്രീയ ഗവേഷണങ്ങളിൽ തനിയായിരിക്കണം പ്രധാന ഊന്നലെന്നു നിർദേശിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യക്കുള്ള കേന്ദ്ര സഹായത്തിനു പകരം വയ്ക്കുന്നതിനായല്ല, മറിച്ചു പരിപോഷിപ്പിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ ഇടപെടലുണ്ടാവേണ്ടത്
  • ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനം പുരോഗമിക്കുമ്പോൾ തന്നെ കൃത്യമായ അവലോകനം നടത്താൻ അനുയോജ്യമായ വ്യവസ്ഥയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും ദേശീയ അന്തർദേശീയ മികച്ച പ്രവർത്തനങ്ങളെ കണക്കിലെടുത്തു കൊണ്ട് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. നിലവിലുള്ള പദ്ധതികളുടെ ഇടയ്ക്കിടെയുള്ള അവലോകനവും തുടർന്നും ധനസഹായം ലഭിക്കുന്നതിന് ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസത്തിലോ നിലവിലുള്ള ഗവേഷണ സ്ഥാപനങ്ങളിലോ സ്ഥിതി ചെയ്യുന്ന ഗവേഷണത്തിന് വേണ്ട പുതിയ വകുപ്പുകളോ ഷ്പങ്ങളോ വലിയ പ്രയോജനം ചെയ്യാം. ഗവേഷണ പ്രോജക്ടുകൾ, ഗവേഷണ ഗ്രാന്റുകൾ, പ്രോജക്ട് വിലയിരുത്തൽ, കൃത്യ സമയത്തെ എത്തിച്ചു കൊടുക്കൽ മതിയായ വ്യവസ്ഥയും ഉറപ്പുവരുത്തേണ്ടതുണ്ട്.
  • കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട് എന്നത് കേരളത്തിന്റെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്. ഇവ സംസ്ഥാന തല ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ ശേഷിയും വികസനം പൊതുവിലും വർധിപ്പിക്കാനുള്ള ഒരു വിലയേറിയ സ്രോതസ്സാണ്.
  • വ്യവസായം, അക്കാദമിക്,സർക്കാർ എന്നിവ തമ്മിലുള്ള ബന്ധമാണ് ശാസ്ത്ര സാങ്കേതിക രംഗത്തെ ആഗോള തലത്തിൽ മുൻപന്തിയിലുള്ള പ്രദേശങ്ങളിലെ ശക്തി. ഇവിടങ്ങളിൽ ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും തമ്മിൽ ശക്തമായ ബന്ധമുണ്ട്. അത് ശാസ്ത്ര, സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള വ്യാവസായിക രംഗത്തെ മൂല്യവര്‍ദ്ധനവിന്റെ വളർച്ച ത്വരിതപ്പെടുത്തും. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയും വ്യവസായവും സർക്കാരും തമ്മിലുള്ള സഹകരണവും യോജിച്ച പ്രവർത്തനവും സർക്കാർ പ്രോത്സാഹിപ്പിക്കണം.
  • ഒരു വിഭിന്നവും ഉൾച്ചേർച്ചയുമുള്ള മനുഷ്യ വിഭവ അടിത്തറ ശാസ്ത്ര, സാങ്കേതികവിദ്യക്കു വലിയ മൂല്യം നൽകുന്നു. സ്ത്രീകളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിലെ ആളുകളെ ശാസ്ത്ര, സാങ്കേതിക വിദ്യയിൽ പങ്കെടുപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും സർക്കാർ പിന്തുണക്കണം.
അവലംബം: പതിമൂന്നാം പഞ്ചവത്സരപദ്ധതി സമീപന രേഖ, സംസ്ഥാന ആസൂത്രണ ബോർഡ്ഡ്
ബോക്സ് 3.3.2
2017 ലോകാരോഗ്യ സംഘടന ക്യാന്‍സര്‍ പ്രമേയം

2017 ലോകാരോഗ്യ സംഘടന ക്യാന്‍സര്‍ പ്രമേയം "ക്യാന്‍സര്‍ പ്രതിരോധവും നിയന്ത്രണവും ഒരു ഏകീകൃത സമീപനം"

2017 മെയ് 30ന് നടന്ന ലോകാരോഗ്യ സമ്മേളനത്തില്‍, ലോകാരോഗ്യ സംഘടന ക്യാന്‍സറിന്റെ പ്രതിരോധവും നിയന്ത്രണവും ഏകീകൃത സമീപനം എന്ന ഒരു കരട് പ്രമേയം സ്വീകരിക്കുകയുണ്ടായി. സാര്‍വത്രിക ആരോഗ്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള പകരാത്ത രോഗങ്ങളാലുള്ള മരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2030 ആകുമ്പോഴക്കും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് ക്യാന്‍സറിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ഒരു സമീപനമാണ് ഈ പ്രമേയം മുന്നോട്ട് വച്ചിരിക്കുന്നത്. ക്യാന്‍സര്‍ ബാധിതരായ ആളുകള്‍ക്ക് ക്യാന്‍സര്‍ പ്രതിരോധം, നേരത്തെയുള്ള രോഗനിര്‍ണ്ണയം, ശരിയായ ചികിത്സ, പാലിയേറ്റീവ് കെയര്‍ എന്നിവയെ സമബന്ധിക്കുന്ന വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിനും വ്യക്തമായ ഒരു മാര്‍ഗ്ഗരേഖ ഈ പ്രമേയത്തില്‍‍ പ്രതിപാദിക്കുന്നു. ക്യാന്‍സര്‍ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി വിവരങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയടങ്ങുന്ന ഒരു ആഗോള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെ കുറിച്ചും ഈ പ്രമേയം പരാമര്‍ശിക്കുന്നു.

അവലംബം: ലോകാരോഗ്യ സംഘടന
പട്ടിക 3.3.5
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) വാര്‍ഷിക വിഹിതം (രൂപ കോടിയില്‍)
വര്‍ഷം വിഹിതം ചെലവ് ചെലവ് (%)
2012-13 34.00 34.00 100
2013-14 42.17 42.17 100
2014-15 40.40 20.00 50
2015-16 53.50 00 00
2016-17 59.36 10.54 18
ആകെ 229.43 106.71 47
അവലംബം: വാര്‍ഷിക പദ്ധതി, സംസഥാന ആസൂത്രണ ബോര്‍ഡ്

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ പ്രധാന ഭൗതിക നേട്ടങ്ങള്‍

അടിസ്ഥാന സൗകര്യ വ്യാപനം

    • രോഗികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് പുതിയ 10 നില കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. എല്ലാ ഔട്ട് പേഷന്റ് വിഭാഗങ്ങള്‍, ന്യൂക്ലിയാര്‍ മെഡിസിന്‍ ഡിവിഷന്‍, കീമോതെറാപ്പി വാര്‍ഡുകള്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍, അക്കാഡമിക് ഓഫീസുകള്‍, ക്യാന്‍സര്‍ എപ്പിഡമോളജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ എന്നിവയെല്ലാം തന്നെ ഈ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
    • പി ഇ റ്റി -സി.റ്റി സ്കാനര്‍, സ്പെക്ട് ഗാമ ക്യാമറ, 4 ഡി.സി.റ്റി സ്കാനര്‍, ഹൈ എന്‍ഡ് യു.എസ്.എസ് മെഷീന്‍ എന്നീ ഉപകരണങ്ങള്‍ സെന്ററില്‍ ലഭ്യമാക്കുകയും ഡിജിറ്റല്‍ ഓഡിയോഗ്രാഫി, പോര്‍ട്ടബിള്‍ എക്സ് റേ ഡെക്സാ സ്കാനര്‍, എന്‍ഡോസ്കോപ്പി സംവിധാനം, മോളിക്യുലാര്‍ ജെനറ്റിക് സൌകര്യങ്ങള്‍ എന്നിവ സ്ഥാപിക്കുകയും ടെലിമെഡിസിന്‍ സൌകര്യങ്ങള്‍ നവീകരിക്കകയും ചെയ്തു.

ഗവേഷണവും പരിശീലനവും

    • മറ്റുള്ള ചികിത്സാ സംവിധാനങ്ങളുമായി ചേര്‍ന്ന് കൊണ്ട് അടിസ്ഥാന, സാംക്രമിക രോഗ ശാസ്ത്ര, ട്രാന്‍സലേഷണല്‍, ക്ലിനിക്കല്‍ ഏകീകൃത ഗവേഷണം-155 തുടര്‍ ഗവേഷണ പ്രോഗ്രാമുകളും 30 ഡോക്ടറൽ ഗവേഷണ പ്രോഗ്രാമുകളും നടപ്പിലാക്കി.
    • 1,700 അധികം ലേഖനങ്ങളും, പൂസ്തകങ്ങളില്‍/കോണ്‍ഫറന്‍സ് പേപ്പറുകളില്‍ 600 അദ്ധ്യായങ്ങളും പ്രസിദ്ധീകരിച്ചു.
    • കഴിഞ്ഞ 5 വര്‍ഷത്തിനിടയ്ക്ക് പുസ്തകങ്ങളില്‍ 489 ലേഖനങ്ങളും 189 അദ്ധ്യായങ്ങളും പ്രസിദ്ധീകരിച്ചു.
    • 79 പി.എച്ച്.ഡി കള്‍ നല്‍കുകയുണ്ടായി.(23 എണ്ണം കഴിഞ്ഞ 5 വർഷങ്ങളിൽ)

ക്ഷേമ പരിപാടികള്‍

    • സര്‍ക്കാര്‍, സര്‍ക്കാരിതര സഹായത്തോടെയുള്ള പരിപാടികളിലൂടെ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം, സൌജന്യ ഭക്ഷണം, സൌജന്യ മരുന്നുകള്‍, വിവിധ പുനരധിവാസ സൌകര്യങ്ങള്‍ എന്നിവ നല്‍കുന്നതിനായി ആര്‍.സി.സി വിവിധ പദ്ധതികള്‍ നടപ്പിലാക്കി. രോഗികള്‍ക്ക്സൌജന്യമായും കുറഞ്ഞ നിരക്കിലുമുള്ള വിവിധ സഹായ പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ചിട്ടുണ്ട്. സുകൃതം, ക്യാന്‍സര്‍ സുരക്ഷാ പദ്ധതി, ചിസ് പ്ലസ്സ്, കാരുണ്യ ഫണ്ട്, താലോലം, പട്ടിക വര്‍ഗ്ഗ രോഗികള്‍ക്കുള്ള സഹായം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ളപദ്ധതിയായ സ്നേഹ സ്വാന്തനം, പ്രധാന മന്ത്രിയുടെ സഹായ നിധി, ആരോഗ്യമന്ത്രിയുടെ രാഷ്ട്രീയ ആരോഗ്യ നിധി എന്നിവയാണ് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍.
    • റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ 'ന്യൂക്ലിയാര്‍ മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്', 'ഹോളിസ്റ്റിക്ക് മെഡിസിന്‍ കേന്ദ്രം' എന്നിവ സ്ഥാപിച്ചു.
    • ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് (സി.സി.എല്‍)-ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ജനങ്ങളില്‍ നിന്നും വലിയ തോതില്‍ പ്രതികരണം ലഭിച്ചതിനാല്‍ ആര്‍.സി.സി ഈ പദ്ധതി കൂടുതല്‍ വിപുലമാക്കി കൊണ്ടിരിക്കുന്നു.
    • സൗജന്യ മരുന്നു ബാങ്ക്, രോഗികള്‍ക്ക് സൌജന്യ ഭക്ഷണം (അക്ഷയ പാത്രം) തുടങ്ങിയ മറ്റ് സംരംഭങ്ങള്‍.
    • 'കിങ്ങിണിച്ചെപ്പ്' - പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ഭക്ഷണവും, ചികിത്സയും സന്നദ്ധ സേവനമായി നല്‍കുന്ന പരിപാടി.

റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തല്‍

ക്യാന്‍സര്‍, പ്രമേഹം, കാര്‍ഡിയോവാസ്ക്കുലാര്‍ രോഗങ്ങള്‍, പക്ഷാഘാതം എന്നീ രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായുള്ള ദേശീയ പരിപാടിയുടെ (എന്‍.പി.സി.ഡി.സി.എസ്) കീഴില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിനായി 120 കോടി ചെലവ് വരുന്ന പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയുടെ പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. 2016-17 ല്‍ ഇതിന്റെ കേന്ദ്ര വിഹിതത്തിന്റെ ആദ്യ തവണയായി 46.95 കോടി രൂപ അനുവദിയ്ക്കുകയുണ്ടായി. ഇതേ വര്‍ഷം സംസ്ഥാന വിഹിതമായി 31.31 കോടി രൂപയും 2017-18 ല്‍ 10.56 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ആര്‍ .സി.സി യുടെ രൂപ രേഖ പട്ടിക 3.3.6 -ല്‍ നല്‍കുന്നു.

പട്ടിക 3.3.6
ആര്‍.സി.സി യുടെ 2015 -16 ലെ രൂപ രേഖ ഒറ്റനോട്ടത്തില്‍
രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകള്‍ 16255
പുന: പരിശോധനയക്കായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍- 234,271 234271
കിടത്തി ചികിത്സിച്ച രേഗികള്‍ 11416
റേഡിയോ തെറാപ്പി 7141
ബ്രചി തെറാപ്പി 1482
ശാസ്ത്രക്രിയ സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ 6539
എന്‍ഡോസ്കോപ്പിക് പ്രവര്‍ത്തനങ്ങള്‍ 2045
കീമോതെറാപ്പി 10572
മജ്ജമാറ്റിവയ്ക്കല്‍ 41
ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ പരിപാടകള്‍ 423
ക്യാന്‍സര്‍ രോഗ വിദ്യാഭ്യാസ പരിപാടികള്‍ 280
നിലവിലുള്ള ഗവേഷണ പ്രോജക്ടുകള്‍ 155
അവലംബം: ആര്‍ .സി.സി, തിരുവനന്തപുരം

2012-13 മുതല്‍ 2016-17 വരെ ഉളള കാലയളവില്‍ ആര്‍ സി സിയില്‍ രജിസ്റ്റര്‍ ചെയ്തത പുതിയ കേസുകളുടെ എണ്ണം പട്ടിക 3.3.7 -ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 3.3.7
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകള്‍ (2012-13 മുതല്‍ 2016-17 വരെ)
വര്‍ഷം പുതിയ കേസുകളുടെ എണ്ണം
2012-13 14958
2013-14 14903
2014-15 15999
2015-16 16042
2016-17 16255
ആകെ 78157
അവലംബം: ആര്‍ .സി.സി, തിരുവനന്തപുരം

ചിത്രം 3.3.4 - ല്‍ വിവിധ ശരീരഭാഗങ്ങളില്‍ വ്യാപിച്ച അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ 2016-17 ല്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണത്തിന്റെ ശതമാനത്തില്‍ കാണിച്ചിരിക്കുന്നു.

ചിത്രം 3.3.4
വിവിധ ശരീരഭാഗങ്ങളില്‍ വ്യാപിച്ച അര്‍ബുദ രോഗത്തിന്റെ വിവരങ്ങള്‍ (രോഗികളുടെ എണ്ണം ശതമാനത്തില്‍)
അവലംബം: ആര്‍.സി.സി, തിരുവനന്തപുരം

ഈ കാലയളവില്‍ കൂടുതല്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് നെഞ്ച് ഗ്രാസ്ട്രോഇന്റസ്റ്റീനല്‍ അര്‍ബുദ രോഗങ്ങള്‍ക്കാണ്. തുടര്‍ന്ന് ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഗര്‍ഭാശയ, ജെനിറ്റോ യൂറിനറി, ബ്രെസ്റ്റ് കേന്ദ്രനാഡീ വ്യവസ്ഥാ ക്യാന്‍സറുകളാണ്. 2016-17 ല്‍ പുതിയതായി ചികിത്സ തേടിയിട്ടുള്ളതും പുന:പരിശോധനയ്ക്ക് വിധേയമായതുമായ രോഗികളുടെ എണ്ണം പട്ടിക 3.3.8 -ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 3.3.8
2016-17 ല്‍ ചികിത്സ തേടിയിട്ടുള്ള രോഗികളുടെ എണ്ണം (പുതിയതും പുന: പരിശോധിച്ചതും സ്പെഷ്യാലിറ്റി ക്ലിനിക്ക് അടിസ്ഥാനത്തില്‍)
ക്ലീനിക് പുതിയത് റിവ്യൂ ആകെ
നെഞ്ച്. ഗ്രാസ്ട്രോഇന്റസ്റ്റീനല്‍ 3782 35009 38791
ഗൈനക്, ജനിറ്റിനറി 2764 33259 36023
സ്തനം, കേന്ദ്ര നാഡീ വ്യൂഹം 2621 48567 51188
ഹെഡ്, നെക്ക് 2668 33773 36441
ഹിമറ്റോ ലിം ഫോറിറ്റിക്യുലാര്‍, ബോണ്‍, സോഫ്റ്റ്, ടിഷ്യൂ സര്‍കോമ 2378 45996 48374
പീഡിയാട്രിക് 620 21924 22544
തൈറോയിഡ് 1422 15843 17265
ആകെ 16255 234371 250626
അവലംബം: ആര്‍.സി.സി, തിരുവനന്തപുരം

പ്രായം/എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നത് രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളില്‍ മധ്യവയസ്കരാണ് കൂടുതല്‍ രോഗ ബാധിതര്‍ എന്നാണ്. പുരുഷന്മാരില്‍ ‍ 55-64 പ്രായമുള്ളവരില്‍ ഏകദേശം 28.8 ശതമാനം പേര്‍ രോഗ ബാധിതരാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇതിലും കുറഞ്ഞ പ്രായമുള്ളവരാണ് രോഗ ബാധിതര്‍. അതായത് 24.5 ശതമാനം ക്യാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ ഉള്‍പ്പെടുന്നത്. 45-54 പ്രായ പരിധിയിലാണ്. (25.1 ശതമാനം) ചിത്രം 3.3.5 -ല്‍ ലിംഗ/പ്രായമനുസരിച്ച് 2016-17 ല്‍ ആര്‍.സി.സി യില്‍ കാന്‍സര്‍ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്ത രോഗികളുടെ വിവരങ്ങള്‍ കൊടുത്തിരിക്കുന്നു.

ചിത്രം 3.3.5
2016-17 ല്‍ രജിസ്റ്റര്‍ ചെയ്ത പുതിയ രോഗികളുടെ പ്രായവും ലിംഗവുമനുസരിച്ചുളള കണക്ക്
അവലംബം: ആര്‍.സി.സി, തിരുവനന്തപുരം

അര്‍ബുദ രോഗികളുടെ എണ്ണം ലിംഗാടിസ്ഥാനത്തില്‍ (ശതമാനം)

വിവിധ സ്പെഷാലിറ്റി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളുടെ എണ്ണം പട്ടിക 3.3.9 -ല്‍ കൊടുത്തിരിക്കുന്നു. പട്ടിക 3.3.10 -ല്‍ ലിംഗാടിസ്ഥാനത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം ശതമാനത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ചിലതരം അര്‍ബുദ രോഗങ്ങള്‍ ബാധിക്കുന്നതിലെ ലിഗംഭേദം കണക്കിലെടുത്താല്‍ ഓറല്‍ ക്യാവിറ്റി, ഫാരിന്‍കസ് ക്യാന്‍സര്‍, ശ്വാസകോശ ക്യാന്‍സര്‍ എന്നിവ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരെയാണ് ബാധിക്കുന്നത് എന്ന് കാണാം.

പട്ടിക 3.3.9
വിവിധ സ്പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ രജിസ്ററര്‍ ചെയ്ത പുതിയ കേസുകളുടെ എണ്ണം (ലിംഗ അടിസ്ഥാനത്തില്‍)
ക്ലിനിക്ക് പുരുഷന്‍മാര്‍ സ്ത്രീകള്‍
നെഞ്ച്, ഗ്യാസ്ട്രോഇന്റസ്റ്റീനിയൽ 2698 1084
ഗൈനക്, ജെനിറ്റോയൂറിനറി 986 1778
ബ്രെസ്റ്റ്, കേന്ദ്ര നാഡീവ്യവസ്ഥ 224 2397
ശിരസ്സ്, കഴുത്ത് 2016 652
ഹെമറ്റോലിംഫററ്റിക്യുലേര്‍, മജ്ജ, സോഫ്റ്റ്ടിഷ്യൂസർക്കോമ 1419 959
പീഡിയാട്രിക്ക് 348 272
തൈറോയിഡ് 266 1156
ആകെ 7957 8298
അവലംബം: ആര്‍.സി.സി, തിരുവനന്തപുരം
പട്ടിക 3.3.10
ആര്‍.സി.സി യിലെ എച്ച്.ബി.സി.ആര്‍ സെന്റര്‍ രജിസ്റ്റര്‍ ചെയ്ത പ്രകാരം ലിംഗാടിസ്ഥാനത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം (ശതമാനത്തില്‍) 2016-17
സിസ്റ്റം പുരുഷന്‍മാര്‍ N=7172 സ്ത്രീകള്‍ N =7329
ബ്രെയിന്‍, നാഡീ വ്യവസ്ഥ 2.4 1.9
ഓറല്‍ ക്യാവിറ്റി&ഫാരിങ്സ് 19.5 6.8
തൈറോയിഡ് 3.9 15.6
റെസ്പിറേറ്ററി സിസ്റ്റം 19.5 3.6
ബ്രെസ്റ്റ് 0.5 28.3
അന്നനാളം, ഉദരം 8.1 3.3
ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് അവയവങ്ങള്‍ 13.1 6.8
യൂറിനറി ട്രാക്റ്റ് 3.7 1.1
റീപ്രൊഡക്റ്റീവ് സിസ്റ്റം 5.9 17.2
ബോണ്‍, ടിഷ്യൂ, ത്വക്ക് 4.1 2.7
ലുക്കീമിയ, മെലോമ 9.4 7.2
ലിംഫോമ 7.4 3.6
മറ്റുള്ളവ 2.8 1.9
അവലംബം: ആര്‍.സി.സി, തിരുവനന്തപുരം

ആര്‍.സി.സി യിലെ എച്ച്.ബി.സി.ആര്‍ സെന്ററില്‍ 2016-17 -ല്‍ രജിസ്റ്റര്‍ ചെയ്ത ക്യാന്‍സര്‍ രോഗികളുടെ എണ്ണം ലിംഗാടിസ്ഥാനത്തില്‍ പട്ടിക 3.3.11 -ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 3.3.11
എച്ച്.ബി.സി.ആര്‍ യൂണിറ്റ് – രോഗികളുടെ എണ്ണം (ലിംഗ അടിസ്ഥാനത്തില്‍)
സൈറ്റ് പുരുഷന്മാര്‍ സ്ത്രീകള്‍ ആകെ
എണ്ണം % എണ്ണം % എണ്ണം %
ഇേവസീവ് 7172 90.2 7329 88 14501 89.2
നോണ്‍ ഇേവസീവ് 785 9.8 969 12 1754 10.8
ആകെ രജിസ്ട്രര്‍ ചെയ്തവ 7957 100 8298 100 16255 100
അവലംബം: ആര്‍.സി.സി, തിരുവനന്തപുരം

2016-17 ല്‍ മൊത്തം രജിസ്റ്റര്‍ ചെയ്ത 16,258 കേസുകളില്‍ 14,501 എണ്ണം ഇവേസീവ് ക്യാന്‍സറും 1,754 എണ്ണം നോണ്‍ ഇേവസീവ് ക്യാന്‍സറും ആണ്.

റഫറല്‍ സിസ്റ്റം

ത്രിദീയ തലത്തിലുളള ഒരു റഫറല്‍ ആശുപത്രിയായ ആര്‍.സി.സി. യിലേക്ക് മറ്റ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുമുളള രോഗികളെ റഫര്‍ ചെയ്യപ്പെടുന്നു. 2016-17 കാലയളവില്‍ ആര്‍.സി.സി യിലേക്ക് ആകെ 16,255 കേസുകള്‍ റഫര്‍ ചെയ്തു. 2016-17 ല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുമാണ് മിക്കവാറും കേസുകള്‍ റഫര്‍ ചെയ്യപ്പെട്ടത്. (3757 കേസുകള്‍) തുടര്‍ന്ന് കൊല്ലം(2,782), മലപ്പുറം (1,112), പാലക്കാട് (1,037), ആലപ്പുഴ(933) എന്നിവിടങ്ങളില്‍ നിന്നുമാണ്. കൂടാതെ തമിഴ്നാട്ടില്‍ നിന്നും 1908 കേസുകളും കര്‍ണ്ണാടകയില്‍ നിന്നും 29 ഉം ലക്ഷദ്വീപില്‍ നിന്ന് 15 ഉം, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 56 ഉം റഫര്‍ ചെയ്യപ്പെട്ടിടുണ്ട്. 2016-17 ല്‍ മാലിദ്വീപില്‍ നിന്ന് 178 പേരേയും മിഡില്‍ ഈസ്റ്റില്‍ നിന്നും 16 പേരേയും റഫര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര –സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍

രോഗികള്‍ക്ക് സൗജന്യ നിരക്കിലും കുറഞ്ഞ നിരക്കിലും ചികിത്സ ലഭ്യമാക്കുന്നത് ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ കാരുണ്യ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ പട്ടിക 3.3.12-ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 3.3.12
കേന്ദ്ര –സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ (2016-17)
ക്രമ.നം പദ്ധതി രജിസ്റ്റര്‍ ചെയ്ത രോഗികൾ (പുതിയത്) പ്രയോജനം ലഭിച്ചവരുടെ എണ്ണം ചെലവായ തുക (ലക്ഷത്തില്‍)
1 പ്രധാനമന്ത്രിയുടെ ആശ്വാസ ഫണ്ട് 204 953 180.49
2 ആരോഗ്യമന്ത്രിയുടെ രാഷ്ട്രീയ ആരോഗ്യനിധി 505 2053 263.73
3 ആരോഗ്യമന്ത്രിയുടെ ഡിസ്ക്രീഷണറി ഫണ്ട്   15 .42
4 ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റി 26 202 35.37
സംസ്ഥാന സർക്കാർ പദ്ധതികൾ
5 ക്യാന്‍സര്‍ സുരക്ഷ പദ്ധതി 541 4390 602.68
6 ചിസ് പ്ലസ്സ് 5232 27210 1416.25
7 കാരുണ്യ ഫണ്ട് 4179 17349 2929.58
8 സുകലം 2585 6043 1654.61
9 താലോലം 13 83 4.74
10 പട്ടിക വർഗ വിഭാഗത്തിലുള്ള രോഗികൾക്കായുള്ള ഫണ്ട് 24 305 24.11
11 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സ്നേഹ സാന്ത്വനം പരിപാടി 3 37 4.22
ആകെ 13312 58640 7116.2
അവലംബം: ആര്‍.സി.സി, തിരുവനന്തപുരം

ആര്‍.സി.സിയുടെ പ്രധാന സംരംഭങ്ങള്‍

സര്‍ക്കാര്‍ സഹായ പദ്ധതികള്‍ക്കു പുറമേ കാന്‍സര്‍ രോഗികുളെയും കുടുംബങ്ങളെയും താഴെ പറയുന്ന മറ്റു പദ്ധതികള്‍ വഴിയും സഹായിക്കുന്നു.

  1. ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് (സി.സി.എല്‍) പദ്ധതി
    ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ജനങ്ങളില്‍ നിന്നുമുളള പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി ആര്‍.സി.സി പരിഷ്ക്കരിക്കുന്നുണ്ട്. 2015-16 ല്‍ ഈ പദ്ധതി പ്രകാരം 179 രോഗികള്‍ ചികിത്സ നേടിയിട്ടുണ്ട്.
  2. സൗജന്യമരുന്ന് ബാങ്ക്
    പ്രത്യേകമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരണമായി, ആര്‍.സി.സിയുടെ ഡയറക്ടര്‍ രൂപീകരിച്ചിട്ടുളള ഒരു കമ്മറ്റിയുടെ നിരീക്ഷണങ്ങള്‍ക്കുനുസരിച്ചാണ് ഈ സൗജന്യമരുന്ന് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. റിപ്പോര്‍ട്ട് കാലയളവില്‍ 3,440 രോഗികള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ ഇതിലൂടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
  3. സൗജന്യ ഭക്ഷണം (അക്ഷയപാത്രം)
    വിവിധ സഹായ സംഘടനകളുടെ സഹായത്തോടെ 2016-17 ല്‍ മെച്ചമല്ലാത്ത സാമൂഹിക സാമ്പത്തിക സ്ഥിതിയിലുളള 6750 രോഗികള്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കിയിടുണ്ട്.
  4. രോഗ ബാധിതരായ കുട്ടികള്‍ക്കുളള സഹായം.
    ശിശുരോഗ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സന്നന്ധസംഘടനയായ 'പ്രത്യാശ' കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സഹായവും മാനസിക പിന്തുണയും നല്‍കുന്നു.
  5. ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സഹായ പദ്ധതി
    ക്യാന്‍സര്‍ രോഗ ചികിത്സക്കായി ഇന്ത്യന്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹായം ലഭിക്കുന്ന രാജ്യത്തുട നീളമുളള 5 ക്യാന്‍സര്‍ സെന്ററുകളില്‍ ഒന്നായി ആര്‍.സി.സി യെ തെരഞ്ഞെടുത്തിട്ടുണ്ട്

ഗവേഷണ വികസന പരിപാടികള്‍

ഒരു മുന്‍നിര ക്യാന്‍സര്‍ ഗവേഷണ സ്ഥാപനമെന്ന നിലയില്‍ ധാരാളം പി.എച്ച്.ഡികള്‍ ആര്‍.സി.സി നല്‍കിയിടുണ്ട്. 2016-17 ല്‍ ഏകദേശം 25 ഗവേഷകര്‍ ഗവേഷണം നടത്തുന്നു, 33 പേര്‍ വൈദ്യശാസ്ത്രം, ശിശുരോഗം, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ വിഷയങ്ങളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളും 49 പേര്‍ അനസ്തേഷ്യ, രോഗനിര്‍ണ്ണയ ശാസ്ത്രം, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പഠിക്കുന്നു. 155 ഗവേഷണ പദ്ധതികളും ആര്‍.സി.സി. ഏറ്റെടുത്തിട്ടുണ്ട്.

ക്യാന്‍സര്‍ നിയന്ത്രണ പരിപാടികള്‍, 2016-17

പരിശീലകര്‍-പരിശീലന പരിപാടി – സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളിലെ ആരോഗ്യസംരക്ഷണദായകരായ ഡോക്ടര്‍മാര്‍, വൈദ്യശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കായി 53 പരിശീലകര്‍-പരിശീലന പരിപാടി നടത്തുകയും 2352 പേര്‍ക്ക് പരിശീലനം ലഭിക്കുകയും ചെയ്തു.

അന്താരാഷ്ട്ര കോള്‍പോസ്കോപ്പി സ്കൂള്‍
8 ഗൈനക്കോളജി വിദഗ്ധര്‍ക്ക്വി.ഐ.എ, വി.ഐ.എല്‍.ഐ, കോള്‍പോസ്കോപ്പി എന്നിവ സംബന്ധിച്ച് ഒരാഴ്ചത്തെ പരിശീലനവും 151 ബി.എസ്.സി. (എം.എല്‍.റ്റി) വിദ്യാര്‍ത്ഥികള്‍ക്ക്ഓറിയന്റേഷന്‍ പ്രോഗ്രാമും നടത്തി.

പ്രാരംഭദിശയില്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിനുളള പരിപാടി 2016

റിപ്പോര്‍ട്ട് കാലയളവില്‍ പ്രാരംഭദിശയില്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിനുളളവിഭാഗത്തില്‍ 10,483 പേര്‍ പരിശോധനയ്ക്ക് വിധേയരാവുകയും 7,111 പേര്‍ ഔട്ട്റീച്ച് ക്യാമ്പുകളില്‍ പങ്കെടുക്കുകയും ചെയ്തു.

ക്യാന്‍സര്‍ ഔട്ട്റീച്ച് പ്രോഗ്രാമുകള്‍-2016

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന 102 പരിശോധന ക്യാമ്പുകളില്‍ 2016-17 ല്‍ 9,223 പേര്‍ പരിശോധനയ്ക്ക് വിധേയമായി. സമൂഹത്തില്‍ ക്യാന്‍സര്‍ അവബോധം നല്‍കുന്നതിനായി 6,971 പേര്‍ സംബന്ധിച്ച 48 ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയുണ്ടായി. കൂടാതെ ഇടുക്കി ജില്ലയില്‍ 10 ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികളും 9 പരിശോധന ക്യാമ്പുകളും നടത്തുകയുണ്ടായി.

ഉപസംഹാരം

ക്യാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുന്നതിന് പ്രാധാന്യം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതില്‍ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പ്രധാന പങ്കു വഹിക്കേണ്ടതുണ്ട്. ആയതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ കൂടുതലായുള്ള ഇടപെടല്‍ ഇതിനാവശ്യമാണ്. പ്രാഥമിക, ദ്വിതീയ ക്യാന്‍സര്‍ തടയുന്നതിന് വ്യാപകമായ രീതിയില്‍ സാമൂഹ്യ അടിസ്ഥാനത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.