സമൂഹത്തിലെ സാമൂഹ്യവികസനത്തിന്റെ നിർണായക മേഖലകളിൽ ഒന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതി. അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് കൂടി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇത് നേടിയെടുക്കാന്‍ കഴിയൂ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഉയർന്ന ആരോഗ്യനിലവാരം കൈവരിച്ചു. മെച്ചപ്പെട്ട സാക്ഷരതാ നിരക്ക്, പൊതുവിതരണ സമ്പ്രദായം, തൊഴിലളിസംഘടനകളുടെ സാന്നിധ്യം മുഖേന തൊഴിലാളി ചൂഷണത്തിലുണ്ടായ കുറവ് തുടങ്ങിയ മറ്റു സാമൂഹ്യ ഘടകങ്ങളെ കൂടാതെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും പ്രാപ്യതയും കേരളത്തിന്റെ ആരോഗ്യ നിലവാരത്തെ സ്വാധീനിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1996 ന് ശേഷം ജനാധിപത്യ വികേന്ദീകരണത്തിന്റെ ഭാഗമായി കേരളത്തിലെ പ്രാഥമിക, ദ്വിതീയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരണങ്ങളും മെച്ചപ്പെടുകയും അതുവഴി ആരോഗ്യ സംരക്ഷണ ലഭ്യത വിസ്തൃതമാകുകയും ചെയ്തു. കേരളത്തില്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സാര്‍വത്രികമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതില്‍ അലോപ്പതിയും ആയുഷും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.
ശിശുമരണനിരക്ക്, ജനനനിരക്ക്, മരണനിരക്ക്, പ്രതീക്ഷിത ആയുര്‍ ദൈര്‍ഘ്യം എന്നീ ആരോഗ്യ സൂചികകളില്‍ കേരളം വന്‍കുതിപ്പുകള്‍ നടത്തിയിരിക്കുന്നു. ഈ നേട്ടങ്ങൾ നിലനിർത്താൻ സംസ്ഥാനം ബുദ്ധിമുട്ടു നേരിടേണ്ടിവരുന്നു. കൂടാതെ ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, ഹൈപ്പർടെൻഷൻ, കൊറോണറി ഹാർട്ട് രോഗങ്ങൾ, അർബുദം, വാർദ്ധക്യകാല രോഗങ്ങൾ തുടങ്ങിയവ സംസ്ഥാനത്ത് വൈഷമ്യം സൃഷ്ടിക്കുന്നു. സാംക്രമിക രോഗങ്ങളായ ചിക്കുന്‍ഗുനിയ പനി, ഡങ്കിപ്പനി, ലെപ്റ്റോസ്പൈറോസിസ് അഥവാ എലിപ്പനി, പന്നിപ്പനി തുടങ്ങിയവയും വളരെ ആശങ്ക ഉണ്ടാക്കുന്നു. ഇതെല്ലാം കൂടാതെ സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് പുത്തന്‍ ഭീക്ഷണികളായി മാനസികരോഗങ്ങള്‍, ആത്മഹത്യ, മദ്യപാനത്തിന്റേയും മയക്കുമരുന്നിന്റേയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗം, കൗമാരകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന റോഡ് ട്രാഫിക് അപകടങ്ങള്‍ എന്നിവയും പ്രധാന പ്രശ്നങ്ങളാണ്. ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ആരോഗ്യ നിലവാരം പൊതുസമൂഹവുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്നിലാണ്. ഇതൊക്കെ കൈകാര്യം ചെയ്യാന്‍ വിവിധ മേഖലകള്‍തമ്മില്‍ ആത്മാര്‍ത്ഥവും അതീവശ്രദ്ധയോടുംകൂടിയ ഏകോപനം അത്യാവശ്യമാണ്.
കേരളത്തിന്റെ ആരോഗ്യ സൂചകങ്ങള്‍
ദേശീയ ശരാശരിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കേരളത്തിന്റെ പ്രധാനപ്പെട്ട ആരോഗ്യ ജനസംഖ്യാ സൂചകങ്ങള്‍ പട്ടിക 4.2. 1-ല്‍ ചേര്‍ത്തിരിക്കുന്നു.
ക്രമ നമ്പര്‍ | സൂചകം | കേരളം | ഇന്ത്യ | |
ആകെ ജനസംഖ്യ (കോടിയില്‍) ((സെന്‍സസ് 2011) | 3.34 | 121.06 | ||
ദശവര്‍ഷ വളര്‍ച്ച (ശതമാനത്തില്‍) | 4.90 | 17.7 | ||
(സെന്‍സസ് 2001) | 1084 | 943 | ||
ലിംഗ അനുപാതം (സെന്‍സസ് 2011) | 964 | 919 | ||
1 | ജനന നിരക്ക് | 14.3 | 20.4 | |
2 | മരണ നിരക്ക് | 7.6 | 6.4 | |
പുരുഷന്‍ | 8.5 | 6.8 | ||
സ്ത്രീ | 6.7 | 5.9 | ||
3 | സാധാരണ വളര്‍ച്ചാനിരക്ക് # | 6.8 | 14 | |
4 | ശിശുമരണനിരക്ക് # | 10 | 34 | |
പുരുഷന്‍ | 9 | 33 | ||
സ്ത്രീ | 11 | 36 | ||
5 | നവജാത ശിശു മരണനിരക്ക് * | 6.00 | 25.00 | |
6 | പെരിനാറ്റല്‍ മോര്‍ട്ടാലിറ്റി നിരക്ക് * | 9.00 | 23.00 | |
7 | ശിശുമരണ നിരക്ക് * | 3.00 | 10.00 | |
8 | 5 വയസ്സിനു താഴെയുള്ള മരണ നിരക്ക് * | 13.00 | 43.00 | |
9 | ഏര്‍ളി നിയോനാറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ് * | 4.00 | 19.00 | |
10 | ലേറ്റ് നിയോനാറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ് * | 2.00 | 6.00 | |
11 | പോസ്റ്റ് നിയോനാറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ് * | 6.00 | 12.00 | |
12 | മരണ നിരക്ക് * | |||
എ) കുട്ടികള്‍ (0-4) | 2.9 | 13.4 | ||
ബി) കുട്ടികള്‍ (5-14) | 0.3 | 0.7 | ||
സി) കുട്ടികള്‍ (15-19) | 2.60 | 3.10 | ||
ഡി) വ്യക്തികള്‍(60 ഉം മുകളിലും) | 35.4 | 42.3 | ||
ഇ) വൈദ്യ ശുശ്രൂഷ ലഭ്യമായ മരണങ്ങളുടെ ശതമാനം * | ||||
സര്‍ക്കാര്‍ | 41.3 | 27.5 | ||
സ്വകാര്യം | 35.3 | 16.9 | ||
നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ | 16.4 | 34.9 | ||
പരിശീലനം ലഭിക്കാത്തവര്‍/ മറ്റുള്ളവര്‍ | 7.1 | 20.7 | ||
13 | ചാപിള്ളയുടെ ജനന നിരക്ക് * | 5 | 4 | |
14 | പ്രത്യൂല്‍പാദന നിരക്ക് * | 1.80 | 2.30 | |
15 | സാധാരണ പ്രത്യുല്‍പാദന നിരക്ക് * | 53.00 | 76.2 | |
16 | ടോട്ടല്‍ മാരിറ്റല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് * | 4 | 4.6 | |
17 | ഗ്രോസ് റീപ്രൊഡക്ഷന്‍ റേറ്റ് * | 0.9 | 1.1 | |
18 | സ്ത്രീകളിലെ വിവാഹ പ്രായം * | |||
എ) 18-ന് മുമ്പ് | 16.70 | 16.30 | ||
ബി) 18-20 | 19.20 | 19.00 | ||
സി) 21-ന് മുകളില്‍ | 24.40 | 23.90 | ||
ഡി) എല്ലാവരും | 24.40 | 20.70 | ||
19 | കപ്പിള്‍ പ്രൊട്ടക്ഷന്‍ റേറ്റ് | 62.30 | 52.00 | |
20 | മാതൃ മരണ നിരക്ക് ** | 61.00 | 167.00 | |
21 | പ്രതീക്ഷിത ആയൂര്‍ ദൈര്‍ഘ്യം * | 74.9 | 67.9 | |
പുരുഷന്‍ | 72 | 66.4 | ||
സ്ത്രീ | 77.8 | 69.6 | ||
അവലംബം: # എസ്.ആര്‍.എസ് 2017 സെപ്തംബർ * എസ്ആർഎസ് സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2015 ## എസ്.ആര്‍.എസ് 2009 ** സ്പെഷൽ ബുള്ളറ്റിൻ ഓൺ എംഎംആർ 2011-13 *** എസ് ആർ എസ് ലൈഫ് ടേബിൾ 2010-14 |
പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ആരോഗ്യ മേഖലയ്ക്കുള്ള കര്‍മ്മ സമിതികള്‍
പതിമൂന്നാം പഞ്ചവല്‍സര പദ്ധതിക്കാലയളവിലേക്ക് വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും, ആയുഷ് എന്നീ പ്രത്യേക കര്‍മ്മ സമിതികള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ.രാജീവ് സദാനന്ദന്‍ ഐ.എ.എസ്, തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ പ്രൊഫസറും തലവനുമായ ഡോ:കെ.ആര്‍ തങ്കപ്പന്‍ എന്നിവര്‍ സഹാധ്യക്ഷരും മറ്റ് പതിമൂന്ന് അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലക്കുള്ള കര്‍മ്മ സമിതി രൂപീകരിച്ചത്. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഐ.എ.എസ്, ഡോ.രവി എം നായര്‍ എന്നിവര്‍ സഹാധ്യക്ഷരും മറ്റ് പതിനാറ് അംഗങ്ങളെയും ഉള്‍പ്പെടുത്തി ആയുഷ് കര്‍മ്മസമിതി രൂപീകരിച്ചു. കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും പതിമൂന്നാം പഞ്ചവല്‍സര പദ്ധതിക്കാലത്ത് അനുവര്‍ത്തിക്കേണ്ട തന്ത്രങ്ങളെപ്പറ്റിയും കമ്മിറ്റി വിശദമായി ചര്‍ച്ച നടത്തി. പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കായി ആരോഗ്യ മേഖലയിലെ മുൻഗണനാ മേഖലകൾ കര്‍മ്മ സമിതികള്‍ കണ്ടെത്തി റിപ്പോർട്ടുകൾ സമർപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. സമിതിയുടെ ശുപാർശകൾ ആരോഗ്യമേഖലയുടെ പദ്ധതികളില്‍ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
കര്‍മ്മസമിതികളുടെ പ്രധാന ശുപാർശകൾ
ഭാരതീയ ചികിത്സാ വകുപ്പ് (ഐഎസ്എം)
ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡി.എ. എം.ഇ)
ഹോമിയോപ്പതി
പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കുള്ള സമീപനം
ആർദ്രം മിഷൻ
2017-18 കാലത്ത് 14 ജില്ലകളിലായി 170 പി.എച്ച്.സി. കൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഒരു മെഡിക്കൽ ഓഫീസർ, രണ്ട് സ്റ്റാഫ് നഴ്സുമാർ, ഒരു ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകൾ സൃഷ്ടിച്ചു നിയമനം നടത്തിയതുമൂലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കുറഞ്ഞത് 3 ഡോക്ടർമാരും 4 നഴ്സുമാരും ഉണ്ടാകും. 29 ഫാമിലി ഹെൽത്ത് സെന്ററുകൾ ഉദ്ഘാടനം ചെയ്യപ്പെടുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു കൂടാതെ 26 എണ്ണം ഉദ്ഘാടനത്തിനായി തയ്യാറായി. പി.എച്ച്.സി. കൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യുന്നത് സമൂഹം അംഗീകരിക്കുകയും അവരുടെ പ്രതികരണം വളരെ പ്രോത്സാഹജനകമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ക്ലിനിക്കൽ കെയർ, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങൾ സേവനം വർദ്ധിപ്പിച്ചിരിക്കുകയാണ്. വൈകുന്നേരം 6.00 മണി വരെ ഔട്ട് പേഷ്യന്റ് കെയർ നൽകി വരുന്നു. ഇ-ഹെൽത്ത് പ്രോജക്ട് നടപ്പിലാക്കുന്നതിലൂടെ കുടുംബ ആരോഗ്യ രജിസ്ട്രേഷൻ ഡാറ്റയെ അടിസ്ഥാനപ്പെടുത്തി വ്യക്തിഗത രോഗ പരിപാലന പദ്ധതിയും കുടുംബ ആരോഗ്യ പദ്ധതിയും കൂടുതൽ വികസിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-ആരോഗ്യ സേവനത്തിനുള്ള രജിസ്ട്രേഷൻ നടപടിക്രമം ഇതിനകം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തുകളുമായും പൊതുജന പങ്കാളിത്തത്തോടെയും സഹകരിച്ചു വാർഡ്, പഞ്ചായത്ത് തലത്തിലുള്ള പ്രതിരോധം, പരിപാലനം, പുനരധിവാസ സംരക്ഷണ സേവനങ്ങൾ എന്നിവയിലൂന്നി ആരോഗ്യ പദ്ധതികൾ വികസിപ്പിച്ചെടുക്കും. ആർദ്രം ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യസേന എന്ന പുതിയ ഹെൽത്ത് വോളന്റിയർ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ സാംക്രമിക രോഗങ്ങളെ അടിസ്ഥാനമാക്കി പ്രാഥമിക ആരോഗ്യ പരിപാലന സംവിധാനം പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകൾ പ്രത്യേകിച്ചും പകർച്ചവ്യാധികൾ സംബന്ധിച്ച പരിപാടികൽ ഇതിന്റെ ഒരു ശ്രദ്ധേയമായ മേഖലയാണ്. പി.എച്ച്.സി. തലത്തിൽ കൈകാര്യം ചെയ്യപ്പെടുന്ന 53 സാധാരണ ചികിത്സാ ഉപാധികൾക്കുള്ള ചികിത്സ മാർഗ്ഗനിർദ്ദേശങ്ങൾ മെഡിക്കൽ ഓഫീസർമാർക്കായി തയ്യാറാക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. പരിഷ്കരിച്ച തൊഴിൽ ഉത്തരവാദിത്തങ്ങളും കുടുംബ ആരോഗ്യ പരിപാലന പരിവർത്തന മാർഗനിർദേശങ്ങളും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ജീവനക്കാർക്ക് മൊഡ്യൂൾ അടിസ്ഥാനത്തിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രികളും ജില്ലാതല ആശുപത്രികളും ദിവസവും ആയിരക്കണക്കിന് രോഗികൾക്ക് ഔട്ട് പേഷ്യന്റ് പരിചരണം നൽകുന്നുവെന്ന വസ്തുത കണക്കിലെടുത്ത് ഈ ആശുപത്രികളുടെ ഔട്ട്പേഷ്യന്റ് വിഭാഗങ്ങൾ രോഗീസൗഹൃദമാക്കുന്നതിനു ആർദ്രം മിഷൻ മുൻഗണന നൽകിയിട്ടുണ്ട്. ഒപി രജിസ്ട്രേഷൻ കൗണ്ടറും രോഗിക്ക് കാത്തുനിൽക്കുന്നത്തിനുള്ള സൗകര്യവും, ഇരിപ്പിടം, ടോക്കൺ സംവിദാനം, കുടിവെള്ളം, ടോയ് ലറ്റ് സൗകര്യം, പബ്ലിക് അഡ്രസ്സ് സിസ്റ്റം, വിവര വിദ്യാഭ്യാസ വാർത്താവിനിമയ സംവിധാനങ്ങൾ, സിഗ്നേജ് സംവിധാനങ്ങൾ തുടങ്ങിയ സംയോജിപ്പിച്ചിരിക്കുന്നു. വലിയ സ്ഥാപനങ്ങൾക്ക് താൽക്കാലിക അടിസ്ഥാനത്തിൽ രോഗി പരിപാലന കോർഡിനേറ്റർമാരുടെ പിന്തുണയും നൽകും. ഗുണനിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനായി കൺസൾട്ടേഷൻ മുറികളിൽ ആവശ്യമായ ഉപകരണങ്ങൾ, ഒ.പി. കമ്പ്യൂട്ടർവൽക്കരണം, നിർദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള കേസ് മാനേജ്മെന്റ് എന്നിങ്ങനെ ആസൂത്രണം ചെയ്തിരിക്കുന്നു. സർക്കാർ മെഡിക്കൽകോളേജ് ആശുപത്രികളിൽ നിർമാണ പരിഷ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാതല ആശുപത്രികളിൽ ഉടൻ പ്രവർത്തനം തുടങ്ങും.
കേരള സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ ആർദ്രം മിഷൻ ആരംഭിച്ചു. ഈ ദൗത്യം ആരോഗ്യ മേഖലയിൽ ഒരു രോഗീ സൗഹൃദ പരിവർത്തനം തന്നെ ഉദ്ദേശിച്ചുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുന്ന ഒരു പദ്ധതിയാണ് ആർദ്രം മിഷൻ. പല സർക്കാർ ആശുപത്രികളിലും രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. സർക്കാർ ആശുപത്രികളിൽ ഔട്ട്പേഷ്യന്റ് മെഡിക്കൽ പരിശോധനകളും മറ്റ് പരിശോധനകകളും കുറഞ്ഞ സമയത്തിനുള്ളിൽ നൽകിക്കൊണ്ടും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കിക്കൊണ്ടും പൊതുജന സൗഹൃദമാക്കാൻ കഴിയും. ഇത് കിടത്തിച്ചികിത്സ ആവശ്യമായ രോഗികൾക്കു വേണ്ടത്ര ശ്രദ്ധ നൽകുന്നതിന് സഹായിക്കും. സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ, ജില്ലാ താലൂക്ക് ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ആർദ്രം മിഷൻ നടപ്പാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബആരോഗ്യ കേന്ദ്രങ്ങളായി മാറ്റി മതിയായ മരുന്ന് വിതരണം, ഉറപ്പായ ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവയിലൂടെ ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തി പൊതുജനാരോഗ്യ വ്യവസ്ഥയിൽ അവരുടെ വിശ്വാസം വർദ്ധിപ്പിക്കാൻ കഴിയും. സർക്കാർ ആശുപത്രികളിലെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ന്യായമായ ചെലവിലും സമയത്തിലും സംതൃപ്തിയിലും ചികിത്സ നൽകുന്നതിനും മിഷൻ ലക്ഷ്യമിടുന്നു. മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെ പറയുന്നു.
ഇ-ഹെൽത്ത് പ്രൊജക്ട്
കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളെ കമ്പ്യൂട്ടർ ശ്രിംഘലയായി ബന്ധിപ്പിക്കുന്നതിന് ഇ-ഹെൽത്ത് പ്രൊജക്ട് ലക്ഷ്യമിടുന്നു. ഡോക്ടർമാർക്ക് എളുപ്പത്തിൽ പരിശോദിക്കാവുന്ന വ്യക്തിഗത മെഡിക്കൽ രേഖകളുടെ ഒരു ഡാറ്റാബേസ് നിർമ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. രോഗിയുടെ സവിശേഷമായ തിരിച്ചറിയൽ, സംസ്ഥാനത്തെ വിവിധ പ്രാഥമിക, ദ്വിതീയ, തൃദീയ തലങ്ങളിലുള്ള വിവിധ ആരോഗ്യ പരിപാലന വിതരണ യൂണിറ്റുകൾ തമ്മിലുള്ള ഡാറ്റ എക്സ്ചേഞ്ച് എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത് മൂലം ആവർത്തിച്ചു വരുന്ന മെഡിക്കൽ പരിശോധനകൾ ഒഴിവാക്കാനും രോഗിയുടെ ചെലവ് കുറക്കുന്നതിനും ക്ലിനിക്കുകളിലും ലാബുകളിലും തിരക്കു കുറയ്ക്കാനും കഴിയും. തിരുവനന്തപുരം പൈലറ്റ് ജില്ലയായി കേരളത്തിലെ ഏഴ് ജില്ലകളിൽ ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.
ദേശീയ ആരോഗ്യ നയം 2017
പഞ്ചവത്സര പദ്ധതികളില്‍ ആരോഗ്യമേഖലയോടുള്ള നയ സമീപനം വ്യക്തമാക്കുന്ന ദേശീയ ആരോഗ്യ നയത്തിന് 1983 -ലും 2002 - ലും അടക്കം രണ്ടു പ്രാവശ്യം ഇന്ത്യ രൂപം നല്കുകയുണ്ടായി. പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം പുതുക്കിയ ദേശീയ ആരോഗ്യനയം 2017 ൽ രൂപപ്പെടുത്തി. ഇതിൽ സാർവത്രിക ആരോഗ്യ പരിരക്ഷ, മാതൃമരണനിരക്കും ശിശുമരണനിരക്കും കുറയ്ക്കല്‍, സൌജന്യമായി പരിശോധനയും മരുന്നുകളും ലഭ്യമാക്കല്‍, കാലഘട്ടത്തിനനുസരണമായി നിയമങ്ങളില്‍ മാറ്റംവരുത്തല്‍ എന്നിവ ഉള്‍പ്പെടുന്നു. സാങ്കേതികവിദ്യകൾ ലഭ്യമാക്കുക, മനുഷ്യ വിഭവങ്ങൾ വികസിപ്പിക്കുക, മെഡിക്കൽ ബഹുഭാഷാ പ്രോത്സാഹിപ്പിക്കുക, വിവരശേഖരം, മെച്ചപ്പെട്ട സാമ്പത്തിക സംരക്ഷണ തന്ത്രങ്ങൾ വികസിപ്പിക്കൽ, നിയന്ത്രണം ശക്തിപ്പെടുത്തുക, ആരോഗ്യപരിരക്ഷ ഉറപ്പിക്കൽ എന്നിവക്കായി ആരോഗ്യരംഗത്ത് നിക്ഷേപം, ആരോഗ്യ സംരക്ഷണ സേവനങ്ങൾ, രോഗപ്രതിരോധത്തിലൂടെ നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ ആരോഗ്യരംഗത്തെ രൂപപ്പെടുത്തുന്നതിൽ ഗവൺമെന്റിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മുൻഗണന നൽകുന്നതിനും 2017 ലെ ദേശീയ ആരോഗ്യ നയം ലക്ഷ്യം വയ്ക്കുന്നു. ദേശീയ ആരോഗ്യനയം 2017-ന്റെ സുപ്രധാന സവിശേഷതകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
സംസ്ഥാനത്ത് ഒരു പുതിയ ആരോഗ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ബി.ഇക്ബാല്‍ തലവനായുള്ള 17 അംഗ സമിതി രൂപീകരിച്ചു. ആരോഗ്യ മേഖലയില്‍ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ ആരായുന്നതിനായി വിവിധ ജില്ലകളില്‍ സമിതി യോഗം ചേരുകയും ചെയ്തു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍, തൊഴില്‍ ചെയ്യുന്നവര്‍, വ്യക്തികള്‍ എന്നിവരുമായി സമിതി കൂടിയാലോചനകള്‍ നടത്തി. രോഗ നിര്‍ണ്ണയത്തിന് മുഖ്യ പങ്ക് വഹിക്കുന്ന പ്രാഥമിക ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത് തടയുന്നതിനുമായി താഴെതട്ടിലേക്കുള്ള രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സമിതി ഊന്നല്‍ നല്‍ന്നു. ചികില്‍സാ സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുറമേ രോഗനിവാരണത്തിന് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സമിതി പരിശോധിച്ചു. സർക്കാർ ധനസഹായത്തിലുള്ള സൗജന്യവും സാർവത്രികവും സമഗ്രവുമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിലൂടെ മാതൃ-ശിശു മരണനിരക്കുകൽ വികസിത രാജ്യങ്ങളിലെ നിരക്കിലെത്തിക്കുക, ജനങ്ങളുടെ ആയുർദൈർഖ്യം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. കരട് റിപ്പോർട്ട് ഗവണ്മെന്റിനു തുടർ നടപടികൾക്ക് സമർപ്പിച്ചിരിക്കുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ: കേരളത്തിന്റെ ലക്ഷ്യം
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഹ്രസ്വകാലത്തേക്കും ഇടക്കാലത്തേക്കും കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഐക്യ രാഷ്ട്ര സഭ രൂപപ്പെടുത്തിയ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍പ്പെടുന്ന പ്രത്യേകിച്ചും എസ്.ഡി.ജി നമ്പര്‍ മൂന്ന് പരാമര്‍ശമായി തെരഞ്ഞെടുത്ത് ദേശീയ അന്തര്‍ദേശീയ ലക്ഷ്യങ്ങളോട് തുലനമുള്ള ലക്ഷ്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ലക്ഷ്യങ്ങളില്‍ കേരളത്തിന് പ്രസക്തമായവ കര്‍മ്മ സമിതി വിശദമായി പരിശോധിക്കുകയും സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള സാംക്രമികരോഗ നിലക്കും വ്യാപ്തിക്കും യോജിച്ചവ തെരഞ്ഞെടുത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ രേഖയിലുള്ള ലക്ഷ്യങ്ങള്‍കൂടാതെ സംസ്ഥാനത്ത് പ്രാധാന്യത്തോടെ പരിഗണി ക്കപ്പെടേണ്ടതായ ദന്തസംരക്ഷണം, നേത്ര സംരക്ഷണം, പാലിയേറ്റീവ് കെയര്‍ എന്നീ ലക്ഷങ്ങളും കേരളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൈവരിക്കേണ്ട ലക്ഷ്യങ്ങളുടെ പുരോഗതി നിര്‍ണ്ണയിക്കുന്നതിനായി മൂല്യങ്ങൾ വിലയിരുത്തുന്നതിന് 2021 ൽ ഒരു സർവേ നടത്തി സംസ്ഥാനത്തിന്റെ പ്രവർത്തനം വിലയിരുത്തും.
പദ്ധതിക്കാലത്തെ ആരോഗ്യമേഖലയ്ക്കുള്ള ധനസഹായം
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനബജറ്റില് നിന്നും തുക നീക്കി വയ്ക്കുന്ന ഒരു പ്രധാന മേഖലയാണ് ആരോഗ്യം. അടുത്ത കാലത്തായി സര്‍ക്കാരിന്റെ ആരോഗ്യ സംരക്ഷണ ചെലവ് നിരന്തരമായി വര്‍ദ്ധിക്കുന്നതായി കാണുന്നു. എന്നിരുന്നാലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും സംഭാവനയെ ഒഴിവാക്കിയാൽ മൊത്തം സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിന്റെ 5 ശതമാനത്തില്‍ താഴെ മാത്രമാണ് ആരോഗ്യ സംരക്ഷണത്തിന് കേരളം ചെലവഴിക്കുന്നത് എന്നതാണ് വസ്തുത. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് പദ്ധതികൾ നടപ്പാക്കുന്നതിന് നീക്കിവച്ചിരുന്ന തുക 331,888.00 ലക്ഷം രൂപ (ബി.ഇ) ആയിരുന്നു. പദ്ധതി കാലയളവിൽ റിപ്പോർട്ട് ചെയ്ത ആകെ ചെലവ് 300,600.50 ലക്ഷം (90.57ശതമാനം). പതിമൂന്നാം പദ്ധതിയുടെ ആദ്യ വർഷത്തിൽ (2017-18) ആരോഗ്യ മേഖലയ്ക്ക് 131,495 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 2017 സെപ്തംബർ വരെ 26.88 ശതമാനം ചെലവഴിച്ചു. കഴിഞ്ഞ നാല് വാർഷിക പദ്ധതി കാലയളവിലെ വകുപ്പനുസരിച്ചുള്ള പദ്ധതി വിഹിതവും ചെലവും 2017 സെപ്റ്റംബർ വരെ (2017-18) ആകെ പദ്ധതി വിഹിതവും ചിലവും പട്ടിക 4.2.2 കൊടുത്തിട്ടുണ്ട്.
വകുപ്പ് | വാര്‍ഷിക പദ്ധതി 2013-14 | വാര്‍ഷിക പദ്ധതി 2014-15 | വാര്‍ഷിക പദ്ധതി 2015-16 | വാര്‍ഷിക പദ്ധതി 2016-17 | വാര്‍ഷിക പദ്ധതി (2017-18 സെപ്റ്റംബർ വരെ) | |||||
വിഹിതം | ചിലവ് ശതമാനം. | വിഹിതം | ചിലവ് ശതമാനം | വിഹിതം | ചിലവ് ശതമാനം. | വിഹിതം | ചിലവ് ശതമാനം. | വിഹിതം | ചിലവ് ശതമാനം. |
|
ആരോഗ്യ സേവന ഡയറക്ടറേറ്റ് | 24530 | 97.67 | 29693 | 78.90 | 32216 | 67.86 | 52174 | 113.30 | 72402 | 36.15 |
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് | 22665 | 93.85 | 25750 | 97.40 | 26699 | 89.69 | 39388 | 77.56 | 47009 | 15.31 |
ഭാരതീയ ചികിത്സാ വകുപ്പ് | 2330 | 95.11 | 2545 | 78.15 | 2670 | 93.85 | 3412 | 94.06 | 4320 | 25.10 |
ആയൂര്‍വേദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് | 2300 | 94.04 | 2567 | 84.10 | 2567 | 94.60 | 3364 | 55.50 | 4600j | 4.20 |
ഹോമിയോപ്പതി ഡയറക്ടറേറ്റ് | 1475 | 61.80 | 1440 | 88.76 | 1440 | 91.26 | 1983 | 76.26 | 2300 | 28.35 |
ഹോമിയോ വിദ്യാഭ്യാസ ഡയറക്ടറേറ്റ് | 800 | 90.50 | 945 | 97.60 | 945 | 93.78 | 990 | 24.30 | 864 | 59.13 |
ആകെ | 54100 | 94.72 | 62940 | 87.76 | 66537 | 79.65 | 101311 | 95.24 | 131495 | 26.88 |
അവലംബം: പ്ലാന്‍ സ്പെയിസ് |
സാംക്രമിക രോഗങ്ങള്‍
കേരളത്തില്‍ സാംക്രമിക സാംക്രമികേതര രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കണ്ടുവരുന്നു. ഡെങ്കി, ചിക്കന്‍ഗുനിയ, ലെപ്റ്റോസ്പൈറോസിസ്, മലേറിയ, ഹെപ്പറ്റൈറ്റിസ്, എച്ച്1 എൻ1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നുവെങ്കിലും അടുത്ത കാലത്തായി രോഗനിരക്കും മരണനിരക്കും വര്‍ദ്ധിക്കാന്‍ ഈ രോഗങ്ങളുടെ പുനരുജ്ജീവനം നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഡെങ്കി, മലേറിയ, ജാപ്പനീസ് എൻസെഫലൈറ്റിസ്, സ്ക്രുബ് ടൈഫസ് മുതലായ വെക്റ്റർ ജന്യ രോഗങ്ങൾ പല ജില്ലകളിലും ഗണ്യമായി വർധിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ ജലജന്യ അണുബാധകൾ പല ജില്ലകളിലും നിരന്തരമായി കണ്ടുവരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കുറവ് രേഖപ്പെടുത്തിയിരുന്ന കോളറ ചില ജില്ലകളിൽ കൂടുതലായി കാണപ്പെട്ടുന്നു. വർഷങ്ങളോളം പരിശ്രമിച്ചിട്ടും ഡിഫ്തീരിയയും വില്ലൻ ചുമയും പോലുള്ള വാക്സിൻ മൂലം തടയാനുള്ള രോഗങ്ങൾ ഇനിയും നിർമാർജനം ചെയ്യേണ്ടിയിരിക്കുന്നു. പല തവണ ദേശീയ പരിപാടികൾക്കു ഒരു മാതൃകയായിരുന്ന സംസ്ഥാനത്ത് ഇത്തരം രോഗങ്ങൽ മൂലം ഉണ്ടായ മരണം ദേശീയവും അന്തർദേശീയവുമായ സംഘടനകളാൽ ശ്രദ്ധിക്കപ്പെട്ടു.
ഡെങ്കിപ്പനി
ഇപ്പോൾ വെക്ടർ ജന്യ രോഗങ്ങളുടെ ഏറ്റവും വലിയ കാരണമായി മാറിയിരിക്കുന്ന ഡെങ്കിപ്പനി കേരളത്തിൽ 1998 ലാണ് പടർന്നു പിടിച്ചത്. 2015 വരെ രോഗം കൂടുതലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ വ്യാപകമായിരുന്നു. എന്നാൽ 2017 -ൽ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ജില്ലയും ഒഴിവാക്കപ്പെട്ടില്ല. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജില്ലകളിൽ കുറഞ്ഞ നിരക്കിലും മറ്റുള്ള ജില്ലകളിൽ കൂടുതലായും കാണപ്പെടു. ഈ വൈവിധ്യമാർന്ന വിതരണത്തിന്റെ മുഖ്യ കാരണം ഡെങ്കി വെക്റ്റർ-ഈഡിസ് കൊതുകുകളുടെ വ്യാപനത്തിനു കാരണമാവുന്ന തരത്തിൽ പരിസ്ഥിതി ഘടകങ്ങളിലെ മാറ്റങ്ങൾ മൂലമാണെന്ന് കരുതുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ മുൻകാലങ്ങളിൽ കണ്ട ഈ കൊതുക് ഇപ്പോൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യാപിച്ചു. ഈ പ്രചാരണത്തിനുള്ള പ്രധാന കാരണങ്ങൾ മനുഷ്യ ജീവിതരീതിയിലെ മാറ്റങ്ങളും കൊതുകിന്റെ ജീവ വ്യതിയാനങ്ങളും കാലാവസ്ഥാ മാറ്റങ്ങളുമാണ്.
എലിപ്പനി
സംസ്ഥാനം അഭിമുഖീകരിക്കുന്ന മറ്റൊരു പൊതുജനാരോഗ്യ വെല്ലുവിളിയാണ് ലെപ്റ്റോസ്പൈറോസിസ്. എൺപതുകളുടെ തുടക്കത്തിൽ അപൂർവരോഗമായി കണക്കാക്കപ്പെട്ടിരുന്ന ഇത് ഇപ്പോൾ എല്ലാ ജില്ലകളിലും വ്യാപിച്ചിരിക്കുന്നു. 2012-13 ൽ ഒരു വലിയ പകർച്ചവ്യാധിയായി വടക്കൻ ജില്ലകളെ രോഗബാധിതമാക്കിയ രോഗം പിന്നീട് കേരളം മുഴുവനായും ബാധിച്ചു. തുടക്കത്തിൽ രോഗം ബാധിച്ച എലികളുടെ മൂത്രത്തിൽ നിന്നും പരിസ്ഥിതി മലിനീകരണം മൂലമാണ് വ്യാപിച്ചത്. പശുക്കൾ, നായ്ക്കൾ, പന്നികൾ തുടങ്ങിയ വളർത്തു മൃഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ട് തന്നെ കൃഷി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രോഗ സാധ്യതയുണ്ട്. സ്തംഭനാവസ്ഥയിലുള്ള കനാലുകളിൽ ശുചീകരണത്തിൽ പങ്കെടുക്കുന്നവർക്കു ഈ രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈയിടെ ലെപ്റ്റോ സ്പൈറോസിസ് കാരണം മരണനിരക്ക് ഉയരുന്നതു വെറ്റിനറി, മൃഗസംരക്ഷണ വകുപ്പുകളുടെ കൂട്ടായ പരിശ്രമത്തിൽ ഫലപ്രദമായി നിയന്ത്രിക്കേണ്ടതുണ്ട്.
കേരളത്തില്‍ 2012 -ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 510 ലെപ്റ്റോസ്പൈറോസിസ് കേസുകളില്‍ 11 മരണമുണ്ടായെങ്കില്‍ 2013 -ല്‍ അത് 613 കേസുകളും 15 മരണവുമായി. 2014 -ല്‍ 717 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, 19 പേര്‍ മരിക്കുകയും ചെയ്തു. 2015 -ല്‍ 666 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, 15 ആളുകള്‍ മരിക്കുകയും ചെയ്തു. 2016-17 കാലത്ത് ചികിത്സ തേടിയ രോഗികളുടെ എണ്ണം 967 ഉം മരണം സംഭവിച്ചവരുടെ എണ്ണം 25 ഉം ആയിരുന്നു. ഇത് മു൯വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 2017-18 -ൽ (2017 ജൂലായ് വരെ) റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 848 ഉം മരണം റിപ്പോർട്ട് ചെയ്തത് 11ഉം ആണ്. 2016-17 ലും 2017-18 ലും (2017 ജൂലായ് വരെ) ലെപ്റ്റോസ്പൈറോസിസ് രോഗം മൂലം ചികിത്സ തേടിയവരുടേയും മരണം സംഭവിച്ചവരുടേയും എണ്ണം ജില്ല തിരിച്ച് അനുബന്ധം 4.2.1 -ല്‍ കൊടുത്തിരിക്കുന്നു.
ചിക്കന്‍ഗുനിയ
2005-06 കാലയളവിൽ അറബിക്കടലിലെ വിദൂര ദ്വീപുകളിലാണ് ഈ രോഗം ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേരളം മുഴുവൻ അതിവേഗം വ്യാപിക്കുകയും നമ്മുടെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ജനങ്ങളെ ബാധിക്കുകയും ചെയ്തു. ഭാഗ്യവശാൽ രോഗംവ്യാപനം കുറയുകയും ജനങ്ങൾക്ക് ദീർഘകാലികമായ പ്രതിരോധശേഷി ലഭിക്കുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കേരളത്തിൽ 200 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുകയും ഈ കാലയളവിൽ മരണം ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടില്ല. ഇവിടെ രോഗം കൈമാറ്റം ചെയ്യുന്നതു ഈഡിസ് കൊതുകുകൾ ആണ്. ഡെങ്കി, ചിക്കുൻഗുനിയ എന്നിവ ഒരേ കൊതുകിലൂടെ പടർന്ന് കൊണ്ടിരി ക്കുന്നതിനാലും സിക വൈറസ്, മഞ്ഞപ്പനിയുടെ ഭീഷണി എന്നിവക്കു ഒരേ കൊതുകുകൾ ഉത്തരവാദികൾ ആയതിനാലും ഭാവിയിൽ നാം ഇവയെ നേരിടാൻ ശ്രദ്ധാലുക്കളായിരിക്കണം.
കേരളത്തില്‍ ചിക്കന്‍ഗൂനിയ ബാധിച്ചവരുടെ എണ്ണം 2011 -ല്‍ 58 ആയിരുന്നത് 2013 -ല്‍ 169 കേസുകളായി വര്‍ദ്ധിച്ചു. ഇതില്‍ 149 കേസുകള്‍ തിരുവനന്തപുരത്തും, 11 കേസുകള്‍ ഇടുക്കിയിലും ആയിരുന്നു. 2014 -ല്‍ 139 ചിക്കന്‍ഗുനിയ കേസുകള്‍ റിപ്പോർട്ട് ചെയ്തതില്‍ 106 എണ്ണവും തിരുവനന്തപുരത്താണ്. 2015 -ല്‍ 104 കേസുകള്‍ റിപ്പോർട്ട് ചെയ്തതില്‍ 99 കേസുകള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. ഇത് 2016-17 -ല്‍ യഥാക്രമം 90 ഉം 67 ഉം ആണ്. ഇത് 2017-18 കാലഘട്ടത്തിൽ യഥാക്രമം 63 ഉം 48 ഉം ആയിരുന്നു. കേരളത്തില്‍ ആകെ 2014-ല്‍ 2046455 വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016-17-ല്‍ ഇത് 1,541,441 ഉം 2017-18 -ല്‍ 2,149,204 ഉം ആണ്. 2016-17 & 2017-18 (ജൂലൈ വരെ) ചിക്കൻഗുനിയക്കും വൈറല്‍ പനിക്കും ചികിത്സതേടിയവരുടെ ജില്ല തിരിച്ചുള്ള വിവരം അനുബന്ധം 4.2.2 -ല്‍ കൊടുത്തിരിക്കുന്നു.
മലേറിയ
കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നമ്മുടെ രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖല നേരിടുന്ന വെല്ലുവിളി അനോഫിലസ് കൊതുകുകളിലൂടെ പകരുന്ന മലേറിയ രോഗമാണ്. ഇതിന്റെ നിർമാർജനം ലക്ഷ്യമിടുന്ന വിവിധ ദേശീയ പരിപാടികൾ പരിമിതമായ വിജയം നേടുന്നു. എഴുപതുകളുടെ ആരംഭത്തിൽ കേരളത്തിൽ നിന്നും മലേറിയ രോഗം നിർമാർജനം ചെയ്തെങ്കിലും ഒരു പൊതുജനാരോഗ്യ വെല്ലുവിളിയായി ഇപ്പോൾ ഉയർന്നു വരുന്നു. മലേറിയ രോഗബാധിത സംസ്ഥാനങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം അടുത്തകാലത്തായി പ്രശ്നം കൂടുതൽ വഷളായി. ഫാൽസിപിയം മലേറിയയുടെ അനുപാതം കേരളത്തിൽ സാവധാനത്തിൽ വർധിച്ചു വരികയാണ്. തദ്ദേശീയമായി മലേറിയ നീക്കം ചെയ്യൽ സംസ്ഥാനത്തെ എസ്.ഡി.ജി. ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് നിറവേറ്റുന്നതിനുള്ള പ്രശ്നങ്ങൾ പലതാണ്. ദ്രുത നഗരവൽക്കരണം, ജില്ലകളിലെ വിപുലമായ അടിസ്ഥാന സൗകര്യ വികസനം, നഗര പ്രദേശത്ത് അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം നിമിത്തം കൊതുകുകളുടെ ജീവിത പരിണാമത്തിൽ ഉണ്ടായ മാറ്റം എന്നിവയാണ് എസ്.ഡി.ജി ലക്ഷ്യം നേടിയെടുക്കുന്നതിൽ വലിയ തടസം. കേരളത്തിലെ മലേറിയയുടെ വാർഷിക കണക്കുകൾ 2000-ൽ കുറവും മരണനിരക്ക് വളരെ കുറവുമാണ് എങ്കിലും പ്രധാന പ്രശ്നം ആഭ്യന്തര മലേറിയ വർദ്ധന യാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തദ്ദേശീയ മലേറിയ പിടിമുറുക്കുന്നു. കർണാടകയിലെ വളരെ ഉയർന്ന മലമ്പനി നിരക്കുള്ള ജില്ലകളുടെ സമീപത്തകയാൽ കാസർകോട് ജില്ലയിൽ വർഷങ്ങളായി വളരെയധികം മലമ്പനി ഉണ്ട്. നമ്മുടെ സംസ്ഥാനത്തെ പടിഞ്ഞാറൻ തീരത്തുള്ള മീൻപിടുത്തക്കാരുടെ സംഘം തീരദേശ ജില്ലകളിൽ മലേറിയ പടരുന്നതിനുള്ള ഒരു ഭീഷണിയാണ്.
ജാപ്പനീസ് എൻസെഫലൈറ്റിസ്
ഇത് മസ്തിഷ്ക്കത്തെ ബാധിക്കുന്ന കൊതുകു ജന്യമായ എൻസൈഫലൈറ്റിസിന്റെ ഒരു രൂപമാണ്. നെൽവയലുകളുടെ സാന്നിധ്യം മൂലം കേരളത്തിൽ ഈ രോഗ സാധ്യത കൂടുതലാണ് കാരണം ഈ രോഗം പരത്തുന്ന വൈറസ് വാഹകരായ കൊതുകുകൾ നെൽവയലുകളിലെ വെള്ളക്കെട്ടുകളിൽ പടർന്ന് കിടക്കുന്നു. മലിനമായ വെള്ളത്തിൽ മുട്ടയിടുന്ന ക്യുലെക്സ് കൊതുകിന്റെ തനതായ സ്വഭാവം മറ്റ് മേഖലകളിൽ രോഗ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെ.ഇ.) ദേശാടന പക്ഷികളുടെ സാന്നിദ്ധ്യം വഴി കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് അധിക അപകടമാണ് കാരണം നമ്മുടെ നാട്ടിൽ ദേശാടന പക്ഷികളെ ആകർഷിക്കുന്ന നിരവധി സങ്കേതങ്ങളുണ്ട്. എന്നാൽ ജെ.ഇ. ക്കെതിരെ ഫലപ്രദമായ വാക്സിൻ ഉള്ളതിനാൽ വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിലൂടെ അതിന്റെ നിയന്ത്രണ പരിപാടിയിൽ നമുക്ക് ശുഭാപ്തി വിശ്വാസമുണ്ട്.
ജല ജന്യ രോഗങ്ങൾ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2017 ൽ കടുത്ത വയറിളക്ക രോഗങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ്-എ, ടൈഫോയ്ഡ് എന്നീ രോഗങ്ങളിൽ 2017 ൽ ഗണ്യമായ കുറവുണ്ടായി എന്നാൽ ഹെപ്പറ്റൈറ്റിസ് രോഗബാധമൂലം മരണം നടന്നതായി സംശയിക്കുന്നു. ഈ വര്‍ഷം മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് കൂടുതൽ ജല ജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം, കൊല്ലം, തൃശൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ കൂടുതൽ ആയിരുന്നു. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ടൈഫോയ്ഡ് സ്ഥിരീകരിച്ചു.
ജില്ലയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ആദിവാസി തീരദേശ പ്രദേശങ്ങളിൽ സുരക്ഷിതമായ കുടിവെള്ള ലഭ്യതയില്ലെന്നതു ജലജന്യ രോഗങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. കിണറുകൾ, പമ്പ്, ടാങ്കർ ലോറിയിലൂടെ വിതരണം ചെയ്ത വെള്ളം, പൊതു ജലവിതരണ പൈപ്പിലെ തകരാറുകൾ നിമിത്തം കുടിവെള്ളത്തോടൊപ്പം അഴുക്കുചാൽ വെള്ളം കലരുന്നത്, ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, വാണിജ്യ ആവസ്യങ്ങൾക്കുള്ള ഐസ് ഉപയോഗിച്ച് ശീതള പാനീയങ്ങൾ തയ്യാറാക്കുന്നത്, മലിനമായ ജലം ഉപയോഗിച്ച് വെൽക്കം ഡ്രിങ്ക് തയ്യാറാക്കുന്നത് തുടങ്ങിയ സുരക്ഷിതമല്ലാത്ത ജല സ്രോതസ്സുകൾ ജല ജന്യ രോഗങ്ങൾക്കു കാരണമണ്. സാംക്രമിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും 2017 നവംബർ മുതൽ 2018 ഡിസംബർ വരെ "ജാഗ്രത" എന്ന പേരിൽ നടപ്പിലാക്കുന്ന ഒരു വർഷത്തെ പ്രവർത്തന പദ്ധതി ആരോഗ്യവകുപ്പ്തയ്യാറാക്കിയിട്ടുണ്ട്.
എച്ച്.ഐ.വി/എയ്ഡ്സ്
ഇന്ത്യയില്‍ 2.4 ദശലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരായി കഴിയുന്നുവെന്ന് കണക്കാക്കപ്പെടുന്നു. എച്ച്.ഐ.വി യുടെ വ്യാപനം നിയന്ത്രി ക്കുക, എച്ച്.ഐ.വി/എയ്ഡ്സ് രോഗത്തിനോട് പ്രതികരിക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവ് ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന അഗ്രഗാമിയായ സ്ഥാപനമാണ് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി. ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ പരിപാടി സംസ്ഥാനത്ത് നടപ്പാക്കാനാണ് ഈ സ്ഥാപനം രൂപീകരിച്ചത്.
സംസ്ഥാനത്തെ എച്ച്.ഐ.വി മഹാമാരി എന്ന പകര്‍ച്ചാവ്യാധി മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍ക്കിടയില്‍ 4.95 ശതമാനം, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരുടെയിടയില്‍ (എം.എസ്.എം) 0.36 ശതമാനം, സ്ത്രീ ലൈംഗിക തൊഴിലാളികളുടെയിടയില്‍ (എഫ്.എസ്.ഡബ്ലിയു) 0.73ശതമാനം എന്ന തോതിലാണ്. സ്ത്രീ ലൈംഗിക തൊഴിലാളികള്‍ക്കിടയിലും, പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കിടയിലുമുള്ള എച്ച്.ഐ.വി വ്യാപനം ഒരു ശതമാനത്തില്‍ താഴെയും, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍ക്കിടയില്‍ 4.95 ശതമാനവുമാണ്. മയക്കുമരുന്ന് കുത്തി വയ്ക്കുന്നവര്‍ക്കിടയിലെ എയ്ഡ്സ് വ്യാപനം 2007-ല്‍ 9.57ശതമാനവും 2008-ല്‍ 5.3 ശതമാനവും 2011-ല്‍ 4.95 ശതമാനവും ആയിരുന്നു. ഇപ്പോഴുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ എച്ച്.ഐ.വി രോഗ സംക്രമണം മിക്കവാറും ഉയര്‍ന്ന അപകട സാദ്ധ്യതയുള്ള വ്യക്തികളിലും അവരുടെ ലൈഗിക പങ്കാളികളിലും ഒതുങ്ങി നില്‍ക്കുന്നു എന്നാണ്. പ്രധാന സാംക്രമിക രോഗങ്ങളുടെ വ്യാപനം സാംക്രമിക രോഗങ്ങളുടെ വ്യാപനം സംബന്ധിച്ച താരതമ്യ വിശകലനം പട്ടിക 4.2.3 ൽ നൽകിയിട്ടുണ്ട്.
രോഗം | 2013 | 2014 | 2015 | 2016 | 2017 (ഒക്ടോബർ വരെ) | ||||||
രോഗികൾ | മരണം | രോഗികൾ | മരണം | രോഗികൾ | മരണം | രോഗികൾ | മരണം | രോഗികൾ | മരണം | ||
ഡെങ്കിപ്പനി | 7,938 | 29 | 2,548 | 13 | 4,114 | 29 | 7,218 | 21 | 18,943 | 34 | |
മലേറിയ | 1,634 | 0 | 1,751 | 6 | 1,549 | 4 | 1,540 | 3 | 816 | 3 | |
സ്ഥിരീകരിച്ച ചിക്കുൻഗുനിയ | 247 | 0 | 264 | 0 | 152 | 0 | 124 | 0 | 70 | 0 | |
ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെ.ഇ.) | 2 | 0 | 3 | 2 | 0 | 0 | 1 | 0 | 0 | 0 | |
ലെപ്റ്റോസ്പൈറോസിസ് | 814 | 34 | 1,075 | 43 | 1,098 | 43 | 1,710 | 35 | 1,028 | 13 | |
ഹെപ്പറ്റൈറ്റിസ് - എ | 6,166 | 8 | 2,833 | 6 | 1,980 | 10 | 1,351 | 10 | 717 | 7 | |
കോളറ | 20 | 0 | 8 | 1 | 1 | 0 | 10 | 0 | 6 | 1 | |
ടൈഫോയ്ഡ് | 2,930 | 0 | 1,955 | 0 | 1,772 | 0 | 1,668 | 2 | 295 | 0 | |
എ.ഡി.ഡി (ഡയേറിയ) | 411,819 | 2 | 442,109 | 5 | 467,102 | 4 | 493,973 | 14 | 379,413 | 5 | |
സ്ക്രബ്ബ് ടൈഫസ് | 68 | 0 | 433 | 6 | 1,149 | 15 | 633 | 3 | 205 | 1 | |
കല അസർ | 0 | 0 | 1 | 0 | 4 | 0 | 2 | 0 | 0 | 0 | |
കൈസനൂർ ഫോറസ്റ്റ് ഡിസീസ് | 1 | 0 | 6 | 0 | 102 | 11 | 9 | 0 | 0 | 0 | |
എച് 1 എൻ 1 | 32 | 1 | 62 | 15 | 900 | 80 | 22 | 1 | 1,328 | 75 | |
പനി | ഒ.പി. | 2,922,351 | 23 | 2,655,507 | 29 | 2,676,842 | 26 | 2,641,311 | 18 | 2,858,291 | 95 |
ഐ.പി. | 119,998 | 85,959 | 96,189 | 80,049 | 95,433 | ||||||
വയറിളക്കരോഗങ്ങൾ | - | - | - | - | - | - | 326,517 | 10 | 293,431 | 4 | |
എന്ററിക് പനി | - | - | - | - | - | - | 1,192 | 0 | 250 | 0 | |
മീസിൽസ് | - | - | - | - | - | - | 870 | 3 | 347 | 0 | |
ചിക്കൻ പോക്സ് | - | - | - | - | - | - | 12,698 | 1 | 20,185 | 9 | |
അവലംബം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് |
സാംക്രമികേതര രോഗങ്ങള്‍
മനുഷ്യജീവന് ഭീഷണിയായിട്ടുള്ളത് അര്‍ബുദം, പ്രമേഹം, കാര്‍ഡിയോവാസ്കുലാര്‍ രോഗങ്ങള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നീ സാംക്രമികേതര രോഗങ്ങളാണ്. ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള കഷ്ടനഷ്ടങ്ങള്‍ വളരെ വലുതായിരിക്കും. പ്രായാധിക്യവും ജീവിത രീതികളും ഇതിനെ സ്വാധീനിക്കുന്നു. താഴ്ന്ന വരുമാനക്കാരെ സംബന്ധിച്ച് മരുന്നുകളുടെ ഉയര്‍ന്ന വിലയും ചികിത്സക്കാവശ്യമായ സുദീര്‍ഘമായ കാലപരിധിയും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്. വൻതോതിൽ ആധുനികവൽക്കരണവും നഗരവൽക്കരണവും, ജീവിത രീതിയിലുള്ള മാറ്റം, മദ്യം, പുകയില എന്നിവയിലുള്ള ആശ്രയത്വം, വൈറ്റ് കോളർ തൊഴിലുകൾക്കുള്ള മുൻഗണന, വിചിത്രമായ ഭക്ഷണരീതികൾ, ശാരീരിക പ്രയത്നത്തിന് കുറഞ്ഞ മുൻഗണന, ജനങ്ങളുടെ ഉയർന്ന തലത്തിലുള്ള മാനസിക സമ്മർദ്ദം എന്നിവ സംസ്ഥാനത്ത് സാംക്രമികേതര രോഗങ്ങള്‍ ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്.
ഇന്ത്യയിൽ അകെ മരണത്തിന്റെ 42ശതമാനം എൻ.സി.ഡി. മൂലമാണ്. കേരളത്തിൽ ഈ അവസ്ഥ ഏറ്റവും ഗൗരവമുള്ളതാണ് എന്തെന്നാൽ 30 വയസിനും 59 വയസിനും ഇടയിലുള്ള മൊത്തം മരണത്തിന്റെ 52 ശതമാനത്തിൽ അധികവും എൻസിഡി മൂലമാണ്. ഹൈപ്പർടെൻഷൻ, പ്രമേഹം, കാർഡിയോ വാസ്കുലർ രോഗങ്ങൾ, സ്ട്രോക്ക്, കാൻസർ തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സാംക്രമികേതര രോഗങ്ങൾ. കേരളത്തിലെ പ്രായപൂർത്തിയായ പുരുഷന്മാരിൽ 27 ശതമാനവും പ്രമേഹ രോഗികളാണ്. ഇന്ത്യയിൽ 15 ശതമാനവും. ജനസംഖ്യയിൽ 19 ശതമാനം സ്ത്രീകൾ പ്രമേഹരോഗികളാണ്. ഇന്ത്യയിൽ ഇത് 11ശതമാനം മാണ്. ജനിതക പ്രവണത, ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതരീതി എന്നിവ ഈ പ്രതിഭാസത്തിനു കാരണമായി കരുതപ്പെടുന്നു. പ്രായപൂർത്തിയായ പുരുഷന്മാരിൽ 40.6 ശതമാനം ഉം പ്രായപൂർത്തിയായ സ്ത്രീകളിൽ 38.5 ശതമാനം ഉം ഇൻഡ്യയിൽ യഥാക്രമം 30.7 ശതമാനം ഉം 31.9 ശതമാനം ഉം ഹൈപ്പർടെൻഷനുള്ളവരാണ്. പൊണ്ണത്തടി, ഹൈപ്പർലിപിഡെമിയ, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവ ഉയർന്ന നിരക്കിലാണ്. ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിലെ പുരുഷന്മാരിൽ കാൻസർ മരണനിരക്ക് വളരെ കൂടുതലാണ്.
അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് നടത്തിയ സർവ്വേയിൽ സംസ്ഥാനത്തെ എൻസിഡി സാഹചര്യം കൂടുതൽ വഷളായിട്ടുണ്ട്. മൂന്ന് പേരിൽ ഒരാൾക്ക് ഹൈപ്പർടെൻഷനും അഞ്ച് പേരിൽ ഒരാൾ പ്രമേഹവുമുണ്ടെന്നാണ് സർവ്വേ പറയുന്നത്. രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും നേരത്തെ കണ്ടെത്തിയാലും സാധാരണ നിലവാരം ലഭിക്കാനുളള സാധ്യത മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. 18 വയസ്സിനു മുകളിലുള്ള മുതിർന്ന ആളുകളിൽ ശരാശരി മൂന്നിലൊന്ന് പേർക്ക് ഹൈപ്പർടെൻഷനും അഞ്ചിൽ ഒരാൾക്കു പ്രമേഹവുമാണ്. ഹൈപ്പർ ടെൻഷനും പ്രമേഹവുമുള്ളവരിൽ ഹൈപ്പർടെൻഷൻ നിയന്ത്രണവും (140 എം.എം/എച്ച്ജി. യിൽ കുറവും ഡയസ്റ്റോളിക് രക്തസമ്മർദ്ദം 90 എം.എം/ എച്ച്ജി യിൽ കുറവും), ഡയബറ്റിസ് നിയന്ത്രണവും (ഭക്ഷണത്തിനു മുൻപ് 126 മില്ലിഗ്രാം / ഡി.എൽ.യിൽ കുറവും) യഥാക്രമം 13 ശതമാനം ഉം 16 ശതമാനം ഉം കുറവായി കാണുന്നു. പാശ്ചാത്യ ജനതയിലെ നിയന്ത്രണ നിരക്കുകൾ 50 ശതമാനത്തിലധികം വരും. കൂടാതെ പ്രായപൂർത്തിയായ നാലു പേരിൽ ഒരാളിൽ പുകയിലയുടെ ഉപയോഗം റിപ്പോർട്ടുചെയ്യുകയും 30 ശതമാനത്തിലധികം മദ്യം ഉപയോഗിക്കുകയും ചെയ്യുന്നു. ശരാശരി 69 ശതമാനം പേർ ശുപാർശചെയ്യപ്പെട്ട നിരക്കായ 5 ഗ്രാം / ദിവസം എന്നതിനേക്കാൾ കൂടുതൽ ഉപ്പു ഉപയോഗിക്കുന്നവരാണ്. പഠനവിദേയമാക്കിയവരിൽ നാലിൽ മൂന്ന് ആളുകളും (77.8 ശതമാനം) ഒരു ദിവസം ശുപാർശ ചെയ്യപ്പെട്ട 3 നേരത്തേക്കാൾ കുറഞ്ഞ അളവിൽ പച്ചക്കറി ഉപയോഗിക്കുന്നവരും 86 ശതമാനം പേരും രണ്ടു നേരത്തേക്കാൾ കുറഞ്ഞ അളവിൽ പഴങ്ങൾ ഉപയോഗിക്കുന്നവരും ആണ്. ഏറ്റവും പുതിയ ഗ്ലോബൽ അഡൽറ്റ് ടുബാക്കോ സർവ്വെ കണക്കുകൾ പ്രകാരം കേരളത്തിൽ പുകയില ഉപയോഗം എട്ടുശതമാനമായി കുറഞ്ഞിരിക്കുന്നത് സംസ്ഥാനത്തിന്റെ നേട്ടമാണ്. ഹൈപ്പർ ടെൻഷന്റേയും പ്രമേഹത്തിന്റെയും വളരെ കുറഞ്ഞ അളവിലുള്ള നിയന്ത്രണം അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും സ്കൂളുകളിലൂടെയും എൻ.സി.ഡിയുടെ എല്ലാ അപകടസാധ്യതകളും (പുകയില, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തിയില്ലായ്മ) കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ നടപ്പിലാക്കുന്നു. എന്നിരുന്നാലും പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവ നിയന്ത്രിക്കുന്നതിന് സെക്കണ്ടറി പ്രിവൻഷൻ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.
അര്‍ബുദം
ജനസംഖ്യയുടെ എല്ലാവിഭാഗങ്ങളെയും ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് അര്‍ബുദം. കേരളത്തില്‍ എല്ലാവര്‍ഷവും 35,000 പുതിയ അര്‍ബുദരോഗികള്‍ തങ്ങളുടെ രോഗം തിരിച്ചറിയുന്നു. വര്‍ഷാവര്‍ഷം ഒരു ലക്ഷം പേര്‍ ഇതിനു ചികിത്സ തേടുന്നു. മെഡിക്കല്‍ കോളേജുകള്‍ കൂടാതെ റീജണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ ക്യാൻസർ ആൻഡ് റിസേർച്ച് സെന്റർ എന്നീ സര്‍ക്കാര്‍ മേഖലയിലുള്ള ആശുപത്രികളും അര്‍ബുദത്തിന് ചികിത്സ നല്‍കി വരുന്നു. ഈ സ്ഥാപനങ്ങൾ കൂടാതെ എല്ലാ പ്രധാന സർക്കാർ മെഡിക്കൽ കോളേജുകളും ക്യാൻസർ ചികിത്സ നൽകുന്നുണ്ട്. നേരത്തേരോഗം തിരിച്ചറിയാതിരിക്കുക, വന്‍ചികിത്സാചെലവ്, തുച്ഛമായ ചികിത്സാ സൗകര്യങ്ങള്‍, അവബോധമില്ലായ്മ എന്നീ കാര്യങ്ങള്‍ ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
മലബാര്‍ ക്യാന്‍സര്‍ സെന്റർ
കേരള സര്‍ക്കാരിനുകീഴിലുള്ള ഒരു സ്വയംഭരണസ്ഥാപനമാണ് കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ബുദചികിത്സ നല്‍കാന്‍ സ്ഥാപിതമായതാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. ഇവിടെ 200 പേരെ കിടത്തി ചികിത്സിക്കാന്‍ സാധിക്കും. അര്‍ബുദരോഗികളെ ചികിത്സിക്കുന്നതിനായി ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. 2016-17 ല്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ ലഭിച്ചതില്‍ 3971 പേര്‍ കിടത്തി ചികിത്സ ലഭ്യമായവരും 60834 പേര്‍ ഔട്ട്പേഷ്യന്റ്സുമാണ്. ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ ശരാശരി എണ്ണം 4392 ആണ്.
മാനസികാരോഗ്യം
ഭാരതസെന്‍സസ് 2011 പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 0.20ശതമാനം മാനസിക രോഗങ്ങളുള്ളവരും 0.20ശതമാനം മാനസികവൈകല്യമുള്ളവരുമാണ്. ദേശീയശരാശരി യഥാക്രമം 0.06ശതമാനംവും 0.12ശതമാനംവുമാണ്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ നിരക്ക് വളരെ കൂടുതലാണ്. ശാരീരികാരോഗ്യത്തിന് നല്‍കുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ മാനസികാരോഗ്യത്തിന് കേരളത്തില്‍ പ്രാധാന്യം കുറവാണ്.
ഒരു മാനസികാരോഗ്യനയത്തിന് സംസ്ഥാനസര്‍ക്കാര്‍ 2013 മെയ് മാസം രൂപം നല്‍കി അംഗീകരിച്ചു. ഈ നയത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന കാര്യങ്ങള്‍ ഇവയാണ്. മാനസികാസ്വസ്ഥ്യത്തിന്റെ ചികിത്സ തുടങ്ങേണ്ടത് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാണ്. സൈക്യാട്രിക് മെഡിസിന്‍ വകുപ്പും മനോരോഗാശുപത്രികളും, റഫറല്‍ സംവിധാനങ്ങളാക്കണം. കൂടാതെ മാനസികരോഗം ചികിത്സിച്ചുഭേദമാക്കുന്നതിനും തടയുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കണം. നയത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റൊരു കാര്യം മനോരോഗങ്ങളെപ്പറ്റി പൊതുജന അവബോധം സൃഷ്ടിക്കുന്ന ഒരു ബോധവത്കരണ പരിപാടിയാണ്. പരിശീലനം നേടാന്‍ തയ്യാറായി മുന്നോട്ട് വരുന്ന ഡോക്ടര്‍മാര്‍ക്ക് അവര്‍ സ്വകാര്യ മേഖലയിലായാലും സര്‍ക്കാര്‍ മേഖലയിലായാലും സൗജന്യമായി പരിശീലനം നല്‍കണം. മാനസികരോഗികളുടെ പുനരധിവാസത്തിനും പരിചരണത്തിനും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനവും പുതിയ സംസ്ഥാന മാനസികാരോഗ്യനയം വിഭാവനം ചെയ്യുന്നു. കേരളത്തില്‍ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങ ളിലായി 1366 കിടക്കകള്‍ നിലവിലുണ്ട്. മാസം തോറും 10080 ഔട്ട്പേഷ്യന്‍സുമായി എല്ലാ ജില്ലകളിലും ജില്ലാമാനസികാരോഗ്യപരിപാടി പ്രവര്‍ത്തിച്ചുവരുന്നു. പ്രസ്തുത കേന്ദ്രങ്ങളിലൂടെ പുനരധിവാസ സൗകര്യവും നല്‍കിവരുന്നു. അവബോധമില്ലായ്മ, പൊതുമനോഭാവം, കുടുംബാംഗങ്ങളുടെ ശ്രദ്ധക്കുറവ്, തുടര്‍ നടപടികളുടെ അഭാവം തുടങ്ങിയവയാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള പ്രധാന പ്രശ്നങ്ങള്‍. സംസ്ഥാനസര്‍ക്കാര്‍ 26 പകൽ വീടുകള്‍ ആരംഭി ച്ചിട്ടുണ്ട്. രോഗം ഭേദമായ 506 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
ജില്ലാ മാനസിക ആരോഗ്യ പരിപാടി
സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ മാനസികാരോഗ്യ പരിപാടി (ഡി.എം.എച്ച്.പി) പ്രവർത്തിക്കുന്നു. 2014 -ഓടു കൂടി തിരുവനന്തപുരം ജില്ല മാനസികാരോഗ്യം പ്രാഥമിക ചികിത്സാ പദ്ധതികളിലേക്ക് വിജയകരമായി സംയോജിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ജില്ലയിലെ എല്ലാ പി.എച്ച്.സികളിലും സി.എച്ച്.സികളിലും ബന്ധപ്പെട്ട ആശുപത്രികളിലെ പരിശീലനം ലഭിച്ച ഡോക്ടർമാർ മാനസികാരോഗ്യ ക്ലിനിക്കുകൾ നടത്തുന്നു. മരുന്നുകൾ തങ്ങളുടെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് രോഗികൾക്ക് ലഭ്യമാക്കും. സംസ്ഥാനം മുഴുവനും ഇതു വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്ത് ഡിഎംഎച്ച്പിയിൽ നിന്ന് ഓരോ മാസവും 17,000 രോഗികൾ ചികിത്സ തേടുന്നുണ്ട്. പൊതു ജനങ്ങൾക്കു അവബോധം സൃഷ്ടിക്കുന്നതിനായി വിവര വിജ്ഞാന വിനിമയ പ്രവർത്തനങ്ങൾ, മാനസികാരോഗ്യവും പ്രാഥമികാരോഗ്യവും ശരിയായി ബന്ധപ്പെടുത്തുന്നതിനായി ഡോക്ടർമാർക്കും നഴ്സുമാർക്കും ഫർമസിസ്റ്റുകൾക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം, ലഹരി വസ്തുക്കളുടെ ദുരുപയോഗം, ആത്മഹത്യ തടയൽ, വയോജന മാനസികാരോഗ്യം, മാനസിക സമ്മർദ്ദം എന്നിവ പ്രവർത്തനങ്ങളാണ്. സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി മാനസിക വൈകല്യമുള്ളവർക്കായി പകൽ പരിചരണ കേന്ദ്രങ്ങൾ ആരംഭിച്ചു. ഇപ്പോൾ സംസ്ഥാനത്ത് 26 പരിചരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയ മാനസികാരോഗ്യ പരിപാടി എൻഎച്ച്എം സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്നു.
സംസ്ഥാനത്തൊട്ടാകെയുള്ള 170 ഫാമിലി ഹെൽത്ത് സെൻററുകളിൽ പ്രാഥമിക പരിചരണത്തിൽ ആശ്വാസം ഡിപ്രഷൻ മാനേജ്മെന്റ് പദ്ധതി ആരംഭിച്ചു. പി. എച്ച്. ക്യു. 9 ഉം മാനസിക പ്രാഥമിക ചികിത്സയും ഉപയോഗിച്ചു പരിശോധന നടത്തുന്നതിന് ആരോഗ്യ പ്രവർത്തകരും സ്റ്റാഫ് നഴ്സുമാരും പരിശീലനം നേടിയപ്പോൾ പ്രാഥമിക ശുശ്രൂഷയിൽ വിഷാദ രോഗനിർണ്ണയത്തിലും മാനേജ്മെന്റിലും ഡോക്ടർമാരെ പരിശീലിപ്പിക്കാനായി. ഡി.എം.എച്ച്.പി മാനസികരോഗവിദഗ്ദ്ധൻ കണ്ടേക്കാവുന്ന കേസുകൾക്കായുള്ള റഫറൽ പ്രോട്ടോക്കോൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 4588 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 626 പേർ വിഷാദരോഗികളാണ്. ഫാർമക്കോതെറാപ്പി 400 പേർക്ക് ആരംഭിച്ചപ്പോൾ മാനസിക സാമൂഹിക ഇടപെടൽ 472 പേർക്ക് ആരംഭിച്ചു.
ആധുനിക വൈദ്യശാസ്ത്രം
കേരളത്തില്‍ ആധുനിക വൈദ്യശാസ്ത്രസേവനങ്ങള്‍ ചെയ്യുന്നത് ആരോഗ്യസേവന ഡയറക്ടറേറ്റും (ഡി.എച്ച്.എസ്) അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലകൈകാര്യം ചെയ്യുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റു(ഡി.എം.ഇ)മാണ്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങള്‍
ആരോഗ്യ സേവനവകുപ്പിന് കീഴിലുള്ള 1280 ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളിലായി 38004 കിടക്കകളും 5335 ഡോക്ടര്‍മാരുമാണുള്ളത്. ഇതില്‍ 848 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 232 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 81 താലൂക്ക് ആസ്ഥാന ആശുപത്രികള്‍, 18 ജില്ലാആശുപത്രികള്‍, 18 ജനറല്‍ ആശുപത്രികള്‍, 3 മാനസികരോഗാശുപത്രികള്‍, 8 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, 3 കുഷ്ഠരോഗാശുപത്രികള്‍ 17 ക്ഷയരോഗക്ലിനിക്കുകള്‍, 2 ക്ഷയരോഗാശുപത്രികള്‍ 5 മറ്റ് സ്പെഷ്യാലിറ്റി ആശുപത്രികള്‍, 45 മറ്റ് ആശുപത്രികള്‍ എന്നിവയുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെന്നാല്‍ എല്ലാത്തരം പ്രാഥമികതല സേവനങ്ങളും നല്‍കുന്ന സ്ഥാപനമാണ്. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളും, താലൂക്ക് ആസ്ഥാന ആശുപത്രികളും ദ്വിദീയതല പരിചരണം ലഭിക്കുന്നയിടങ്ങളാണ്. ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെ ആശുപത്രികൾ എന്നിവ സ്പെഷ്യാലിറ്റി സേവനങ്ങളും ചില സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും നൽകുന്നു. സാമൂഹ്യരോഗ്യ കേന്ദ്ര തലം വരെ എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും സ്പെഷ്യാലിറ്റി കേഡര്‍ നടപ്പിലാക്കുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നിവയ്ക്കാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കുന്നത്. കേരളത്തിലെ ബെഡ് പോപുലേഷൻ അനുപാതം 878 ഉം ശരാശരി ഡോക്ടര്‍ ബെഡ് അനുപാതം 6.95 ഉം ആണ്. കേരളത്തിലെ പ്രധാന ആരോഗ്യസ്ഥാപനങ്ങളും കിടക്കകളും ഇനം തിരിച്ച്, ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് വിവരങ്ങള്‍ ചെറുതും വലുതുമായി നടത്തിയ സര്‍ജറികള്‍, ഡി.എച്ച്.എസിനു കീഴിലുള്ള മെഡിക്കല്‍ പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, എന്നിവ അനുബന്ധം 4.2.3, 4.2.4, 4.2.5 എന്നിവയില്‍ കൊടുത്തിരിക്കുന്നു.
അപകടകരമായ ആരോഗ്യ സംരക്ഷണചിലവില്‍ നിന്നുമുള്ള സാമ്പത്തിക സുരക്ഷ
രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഇത് സമൂഹത്തിലെ ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യം ഗുണനിലവാരമുള്ളതുമായ കിടത്തി ചികിത്സ ലഭ്യമാക്കുന്നു. ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ പരമാവധി 5 അംഗങ്ങള്‍ക്ക് ഒരു വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട പൊതുസ്വകാര്യ ആശുപത്രികള്‍ മുഖേന മുന്‍ധാരണ പ്രകാരമുള്ള വൈദ്യപരിശോധന ശസ്ത്രക്രിയ നിരക്കുകളില്‍ ജനറല്‍ വാര്‍ഡില്‍ 30000 രൂപ വരെയുള്ള സൗജന്യകിടത്തി ചികിത്സ ഉറപ്പു വരുത്തുന്നു. ദേശീയആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുറം രോഗികള്‍ക്ക് ചികിത്സ നല്‍കുന്നില്ല. ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ ആവശ്യമാണ്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട നിരക്കില്‍ 1100-ല്‍ അധികം ശസ്ത്രക്രിയകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആകെ ഇന്‍ഷുറന്‍സ് വരി സംഖ്യയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 3 പ്രധാന സവിശേഷതകള്‍ ഇവയാണ്. (1) ഈ പദ്ധതിയില്‍ അംഗമായി ചേരുന്നതിന് പ്രായപരിധിയില്ല. (2) ഇതു നിലവിലുള്ള രോഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നു. (3) രോഗി ആശുപത്രി വിട്ടുപോകുമ്പോള്‍ വാഹനബത്തയിനത്തില്‍ 100 രൂപ പണമായി നല്‍കുന്നു. ഒരു വര്‍ഷം പരമാവധി നല്‍കാവുന്ന വാഹനബത്ത 1000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. മുന്‍ നിശ്ചയപ്രകാരമുള്ള വേതനം നല്‍കലും ഇതിന്റെ ഒരു ഘടകമാണ്. സംസ്ഥാനത്തിന്റെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ നിര്‍ണ്ണയിക്കുന്ന നിർവചന പ്രകാരം പ്ലാനിംഗ് കമ്മീഷന്റെ നിർവചന പ്രകാരമുള്ളതിനേക്കാള്‍ 10 ലക്ഷം കുടുംബങ്ങള്‍ കൂടുതലായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കുടുംബങ്ങളുടെ ആവശ്യത്തിലേക്കായി പ്രത്യേകം പദ്ധതിയ്ക്ക് രൂപം നല്‍കുകയുണ്ടായി. ഈ രണ്ട് പദ്ധതികളും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരില്‍ നടപ്പിലാക്കിവരികയാണ്. ചിയാക്(സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സി, കേരളം) എന്ന് പ്രത്യേകമായി രൂപീകരിച്ച സ്ഥാപനത്തിനാണ് ഈ പദ്ധതി നടപ്പാക്കലിന്റെ ചുമതല.
കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പോയ വര്‍ഷം 15 ദിവസത്തില്‍ കൂടുതല്‍ തൊഴില്‍ ചെയ്തവരുടെ കുടുംബങ്ങളിലേക്കും തെരുവ് കച്ചവടക്കാര്‍, വീട്ടു ജോലിക്കാര്‍ എന്നിവരുടെ കുടുംബങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇതിനുപരി അസംഘടിത മേഖലയിലെ തൊഴിലാളികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരികയാണ്. സംസ്ഥാനത്ത് മറ്റ് വിഭാഗങ്ങളിലുള്ള ജനങ്ങളെയും ചിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. 2014-15 വര്‍ഷത്തില്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളെയും പെന്‍ഷന്‍കാരെയും പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായങ്ങളില്‍പ്പെട്ടവരെയും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍, മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവയും ഉള്‍പ്പെടുത്തി. ഈ രണ്ടു പദ്ധതികളും ചേര്‍ന്ന് സംസ്ഥാനത്തെ വളരെ വലിയ ഒരു ജനസമൂഹത്തിന് സംരക്ഷണം നൽകുന്നു. പദ്ധതി പുരോഗതി അനുബന്ധം 4.2.6 -ല്‍ നല്‍കിയിരിക്കുന്നു. 2016-17-ല്‍ പദ്ധതിയില്‍ ഉള്‍പ്പെടെ കുടുംബങ്ങളുടെ എണ്ണം 34.83 ലക്ഷമായി വര്‍ദ്ധിച്ചു. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള സാമ്പത്തിക സംരക്ഷണം സ്വകാര്യമേഖലയിലും പ്രാപ്യമായിട്ടുള്ളതാണ്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ അനുപാതം ഓരോ വര്‍ഷവും വര്‍ദ്ധിക്കേണ്ടുന്നതിനുപകരം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണുണ്ടായത്. ഇത് അനുബന്ധം 4.2.7 -ൽ കൊടുത്തിട്ടുണ്ട്.
ആര്‍.എസ്.ബി.വൈ/ചിസ് കാര്‍ഡ് ലഭ്യമാക്കിയിട്ടുള്ള കുടുംബങ്ങള്‍ക്കായി മാരക രോഗങ്ങളായ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ മുതലായവയ്ക്കുള്ള ത്രിതീയതലചികിത്സ നല്‍കുന്നിനായി ആവിഷ്ക്കരിച്ച പുതിയ പദ്ധതി പ്രകാരം 2010-11 മുതല്‍ 70,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്. ചിസ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2011 ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ചിട്ടുണ്ട്. കരൾരോഗം മസ്തിഷ്ക്കരോഗം, അപകടങ്ങള്‍ക്കുള്ള അടിയന്തിരചികിത്സ എന്നിവയെകൂടി ഉള്‍പ്പെടുത്തി 2012-ല്‍ ചിസ് പ്ലസ്സ്പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. ഈ പദ്ധതി സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍കോളേജുകള്‍, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ജില്ലാ സര്‍ക്കാര്‍ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ വഴിയാണ് നടപ്പിലാക്കുന്നത്. കെല്‍ട്രോണ്‍ വികസിപ്പിച്ച ഒരു സോഫ്ട് വെയര്‍ മുഖേനയാണ് ചിയാക് ഈ പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഈ പദ്ധതി ഇന്‍ഷുറന്‍സ് വഴിയല്ലാതെ നടപ്പിലാക്കി വരികയും 2016-17 വരെ 357036 രോഗികള്‍ക്ക് പ്രയോജനപ്പെടുകയും ആകെ 361.43 കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഇത് അനുബന്ധം 4.2.8 -ൽ കൊടുത്തിട്ടുണ്ട്.
ത്രിത്രീയതല ചികിത്സ ആര്‍.എസ്.ബി.വൈയുടെ ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നില്ല. ചിസ് പ്ലസ് പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് ചെറിയ തോതില്‍ ത്രിതീയതല ചികിത്സ ലഭ്യമാണ്. ത്രിതീയ ചികിത്സാചെലവ് വഹിക്കാന്‍ കഴിയാത്ത മറ്റ് വിഭാഗങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള ധാരാളം പേര്‍ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ളവരുടെ ആവശ്യം മനസ്സിലാക്കുകയും അര്‍ഹതപ്പെട്ടവരുടെ ത്രിതീയതലചികിത്സാചെലവ് വഹിക്കുന്നതിനുമായി സംസ്ഥാന ധനകാര്യ മന്ത്രി ആവിഷ്ക്കരിച്ച പുതിയ പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. ഈ പദ്ധതിയില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ നല്‍കുന്ന മതിപ്പ് ചിലവ് ചികിത്സ തേടിയ ആശുപത്രിയിലെ അധികാരപ്പെട്ട വ്യക്തിയുടെ മേലൊപ്പോടുകൂടി മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്നത് പണമില്ലാതെ ചികിത്സ നല്‍കുന്ന ചിസ് പദ്ധതിയില്‍ നിന്നും കാരുണ്യബെനവലന്റ് ഫണ്ടിനെ വ്യത്യസ്തമാക്കുന്നു. വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കുന്ന മുറയ്ക്ക് ആശുപത്രിയ്ക്ക് തുക കൈമാറുന്നു. ഇതു കൂടാതെ ഒരു കുടുംബത്തിനും ഒറ്റത്തവണ സഹായമായി 3000 രൂപ നല്‍കുന്നതിനും വ്യവസ്ഥയുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സതേടാവുന്നതാണ്.
ആരോഗ്യകിരണം
കേരളസര്‍ക്കാരിന്റെ പ്രധാന ആരോഗ്യപദ്ധതികളിലൊന്നാണ് ആരോഗ്യകിരണം. ജനനം മുതല്‍ 18 വയസ്സ് വരെയുള്ള അര്‍ഹതപ്പെട്ട എല്ലാരോഗികള്‍ക്കും പദ്ധതി സൌജന്യചികിത്സയും അനുബന്ധവൈദ്യസേവനങ്ങളും നല്കുന്നു. ഈ പദ്ധതിയിലുള്‍പ്പെടുന്നത് ഒ.പി. രജിസ്ട്രേഷന്‍ ചിലവ്, രോഗനിര്‍ണ്ണയം/മരുന്നുകള്‍/ഇംപ്ലാന്റുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്ന വസ്തുക്കള്‍ എന്നീ ചിലവുകള്‍ക്കാണ്. മേല്‍പ്പറഞ്ഞ ചിലവുകള്‍ നിർവ്വഹിക്കുന്നത് ഓരോ ജില്ലയ്ക്കും നല്‍കുന്ന കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ്. 2013 ഒക്ടോബര്‍ മുതല്‍ 2017 ജൂലൈ വരെയുള്ള കാലയളവില്‍ ഈ പദ്ധതിയിലൂടെ 20,432,275 രോഗികള്‍ക്ക് പ്രയോജനം ലഭിച്ചു. 2016-17 കാലഘട്ടത്തിൽ മാത്രം ഈ പദ്ധതി 7642497 രോഗികൾക്ക് പ്രയോജനപ്പെട്ടു.
ദേശീയ ആരോഗ്യമിഷന്‍
ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്എം) പരിപാടിയിൽ എൻ ആർ എച്ച്എം, എൻയുഎച്ച്എം എന്നീ രണ്ട് ഉപമിഷനുകൾ ഉൾപ്പെടുന്നു. ദേശീയ ആരോഗ്യമിഷന് അഞ്ച് ധനസഹായഘടകങ്ങള്‍ ഉണ്ട്. ഇവ: 1) എന്‍.ആര്‍.എച്ച്.എം/ആര്‍.സി.എച്ച് ഫ്ലെക്സി പൂള്‍ 2) എന്‍.യു.എച്ച്.എം ഫ്ലെക്സി പൂള്‍ 3) സാംക്രമിക രോഗങ്ങള്‍ക്കുള്ള ഫ്ലെക്സി പൂള്‍ 4) സാംക്രമികേതര രോഗങ്ങള്‍, അപകടങ്ങള്‍, അടിയന്തിര വൈദ്യസഹായം എന്നിവയ്ക്കുള്ള ഫ്ലെക്സി പൂള്‍ 5) ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ്. ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് എന്ന ഘടകത്തിന് വിവിധ പദ്ധതി കാലയളവുകളില്‍ ധനസഹായം ലഭ്യമായിട്ടുണ്ട്. ഭരണവും നടത്തിപ്പും (സംസ്ഥാന ജില്ലാതലങ്ങളില്‍ കുടുംബക്ഷേമ ബ്യൂറോകള്‍) സബ്സെന്ററുകള്‍, നഗര കുടുംബക്ഷേമ കേന്ദ്രങ്ങള്‍, അര്‍ബന്‍ റീവാംബിംഗ് സ്കീം (ഹെല്‍ത്ത് തസ്തികകള്‍), എ.എന്‍.എം/എല്‍.എച്ച്.വി പരിശീലന സ്ക്കൂളുകള്‍, ആരോഗ്യകുടുംബക്ഷേമ ട്രെയിനിംഗ് സെന്റര്‍, പുരുഷതൊഴിലാളികളുടെ പരിശീലനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതിനാണ് തുക അനുവദിക്കുന്നത്.
ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ടിയാണ് എന്‍.എച്ച്.എം സംസ്ഥാനത്ത് ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ആകെ വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കുന്നു. ഹെല്‍ത്ത് സർവിസസ് വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് എന്നിവയ്ക്ക് എന്‍.എച്ച്.എം ധനസഹായം നല്‍കുന്നു. ഒറ്റപ്പെട്ടതും വിദൂരവുമായ പ്രദേശങ്ങളിലുള്ള പാവപ്പെട്ടവര്‍ക്ക് നിലവാരമുള്ളതും അഭികാമ്യമായതും താങ്ങാന്‍ കഴിയുന്നതും തിട്ടപ്പെടുത്താന്‍ കഴിയുന്നതുമായ ആരോഗ്യസേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനാണ് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്. എൻആർഎച്ച്എം ഗ്രാമത്തിൽ നിന്ന് ജില്ലയിലേക്കുള്ള ഒരു സജീവ ആരോഗ്യ സംവിധാനമാണ്. എൻ.എച്ച്.എം ന് 83 നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉണ്ട്. 2014-15 ല്‍ ഭാരതസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത് 224.94 കോടിയും, 2015-16 ല്‍ 219.19 കോടിയും 2016-17 ല്‍ 191.94 കോടി രൂപയുമാണ്.
പ്രധാനമന്ത്രിസ്വാസ്ത്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ)
പ്രധാനമന്ത്രി സ്വാസ്ത്യസുരക്ഷായോജന (പി.എം.എസ്.എസ്.വൈ) എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി മെഡിക്കല്‍കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സാങ്കേതിക വിദ്യകളും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനും, മൂന്നാം ഘട്ടത്തില്‍ കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍കോളേജുകൾക്കും 150 കോടി രൂപ വീതമുള്ള പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ 30 കോടി രൂപ സംസ്ഥാന വിഹിതമാണ്. തിരുവനന്തപുരം മെഡിക്കല്‍കോളേജിന്റ ഒന്നാംഘട്ടം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്നവ 2017-18 ല്‍ തുടരും.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്നോളജി (സിമറ്റ്)
സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് (സിമറ്റ്) മെഡിക്കല്‍ വിദ്യാഭ്യാസവും ഗവേഷണവും പരിപോഷിപ്പിക്കുന്നതിന് 2008 ല്‍ ആരംഭിച്ച സ്ഥാപനമാണ്. ഈ സ്ഥാപനത്തിന് കീഴില്‍ 7 നഴ്സിംഗ് കോളേജുകളിലായി 340 കുട്ടികള്‍ വാര്‍ഷിക പ്രവേശനം നേടുന്നു. 2017 ഒക്ടോബറില്‍ സിമറ്റിന് കീഴിലുള്ള നഴ്സിംഗ് കോളേജുകളില്‍ ആകെ 918 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ (സി.ഡി.എസ്)
ശിശുസംരക്ഷണവും വിദ്യാഭ്യാസവും, കൗമാര പരിചരണവും വിദ്യാഭ്യാസവും, വിവാഹപൂർവ കൗണ്‍സിലിംഗ്, വനിതാക്ഷേമം, ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ശിശുവൈകല്യങ്ങള്‍ ഇല്ലാതാക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്വയം ഭരണാധികാരമുള്ള ഒരു മികവിന്റെ കേന്ദ്രമായാണ് ശിശുവികസനകേന്ദ്രം ആരംഭിച്ചത്. കുട്ടികളെയും കൗമാരക്കാരെയും പൂര്‍ണ്ണ ആരോഗ്യവാന്‍മാരാക്കി വളര്‍ത്തി അവരിലൂടെ ആരോഗ്യകരമായ ഒരു യുവതലമുറയെ സൃഷ്ടിക്കലാണ് ലക്ഷ്യം. 2015-16 ല്‍ ചികിത്സിച്ച രോഗികളുടെ എണ്ണം 14174 ഉം 2016-17 ല്‍ 19051 ഉം ആണ്. ഇവിടെ ഔട്ട് പേഷ്യന്റ് സേവനങ്ങള്‍ മാത്രമേ ലഭിക്കു. രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമല്ല. 434 മെഡിക്കൽ, നഴ്സിങ് വിദ്യാർത്ഥികൾ അക്കാദമിക പരിശീലനം നേടി.
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്
ഗുണനിലവാരമുള്ള മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, രേഖപ്പെടുത്തിയിരിക്കുന്ന ചില്ലറ വിലയേക്കാള്‍ കൂടുതല്‍ വില മരുന്നുകള്‍ക്ക് ഈടാക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ചുമതലകള്‍. വകുപ്പിന് കീഴില്‍ 6 മേഖലാ ഓഫീസുകള്‍, 11 ജില്ലാ ഓഫീസുകള്‍, 4 ആയുർവേദവിഭാഗങ്ങള്‍, 2 മരുന്ന് പരിശോധനാ ലബോറട്ടറികള്‍ എന്നിവയുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും മരുന്ന് പരിശോധനാലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നു. 2016-17 –ല്‍ വകുപ്പിന്റെ പ്രധാനനേട്ടങ്ങള്‍ പട്ടിക 4.2.4-ൽ കൊടുത്തിരിക്കുന്നു.
നടത്തിയ പരിശോധനകളുടെ എണ്ണം | 13,712 |
എടുത്ത നടപടികളുടെ എണ്ണം | 77 |
വില്‍ക്കാന്‍ അനുവദിക്കുന്ന ലൈസന്‍സ് സസ്പന്റ് ചെയ്തവരുടെ എണ്ണം | 340 |
ടെസ്റ്റ് ചെയ്ത സാമ്പിളുകളുടെ എണ്ണം | 9,161 |
പുതിയ നിര്‍മ്മാണലൈസന്‍സുകള്‍ (അലോപ്പതിയിലും കോസ്മെറ്റിക്സ്) വിതരണം ചെയ്തവയുടെ എണ്ണം | 26 |
അമിതവില ഈടാക്കുന്നത് കണ്ടെത്തുകയും അത് ദേശീയ ഔഷധവില നിയന്ത്രണ അതോറിറ്റിയെ അറിയിച്ചവയുടെയും എണ്ണം | 27 |
പുതിയ ബ്ലഡ് ബാങ്ക് ലൈസന്‍സ് വിതരണം ചെയ്തവരുടെ എണ്ണം | 15 |
അവലംബം: ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് |
മെഡിക്കല്‍ വിദ്യാഭ്യാസം
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, മഞ്ചേരി, ഇടുക്കി, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിലുള്ള 9 മെഡിക്കല്‍ കോളേജുകളിലൂടെയാണ് കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തി വരുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നഴ്സിങ് വിദ്യാഭ്യാസം നല്‍കുന്നതിനായി 6 നഴ്സിങ് കോളേജുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ 5 ദന്തല്‍കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ 4 ഫാര്‍മസി കോളേജുകളും ഒരു പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളില്‍ 2017-18 -ല്‍ നടത്തിവരുന്ന മെഡിക്കല്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍, വാര്‍ഷിക പ്രവേശനകണക്കുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറുടെ കീഴിലുള്ള മെഡിക്കല്‍കോളേജുകളിലെ ക്ലിനിക്കല്‍, നോണ്‍ക്ലിനിക്കല്‍ വിഭാഗത്തിലുള്ള ജീവനക്കാരുടെ എണ്ണം എന്നിവയുടെ വിശദാംശങ്ങള്‍ അനുബന്ധം 4.2.9 ലും അനുബന്ധം 4.2.10 ലും കൊടുത്തിരിക്കുന്നു. 2016-17 & 2017-18 വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെയും അനുബന്ധ സ്ഥാനങ്ങളുടെയും ഒരു താരതമ്യ വിശകലനം അനുബന്ധം 4.2.11 -ല്‍ കാണാം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2017-18 കാലഘട്ടത്തിൽ മെഡിക്കൽ കോളേജ് സ്ഥാപനങ്ങളിലെ കിടക്കകൽ 330 എണ്ണം വർധിച്ചു. 2016-17 കാലയളവിൽ ഔട്ട്പേഷ്യന്റിന്റെയും പ്രധാന ശസ്ത്രക്രിയകളുടെയും എണ്ണം വർദ്ധിച്ചിരിക്കുന്നു. 2016-17 കാലഘട്ടത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന നേട്ടങ്ങളാണ്;എല്ലാ മെഡിക്കൽ കോളേജുകളിലും ആർദ്രം പദ്ധതി ആരംഭിച്ചുഎല്ലാ മെഡിക്കൽ കോളേജുകളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ആരംഭിച്ചുഇ-ഗവേണൻസ് നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആന്റ് അലൈഡ് സയന്‍സസ്
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആന്റ് അലൈഡ് സയന്‍സസ് ആക്ട് 2010 പ്രകാരം സ്ഥാപിതമായ ഈ സർവകലാശാല കൃത്യവും ചിട്ടയുള്ളതുമായ വിദ്യാഭ്യാസരീതി ഉറപ്പുവരുത്താനും ആധുനികവൈദ്യശാസ്ത്രം, ഹോമിയോ, ഭാരതീയ ചികിത്സാരീതി തുടങ്ങി എല്ലാ മെഡിക്കല്‍ സമ്പ്രദായങ്ങളിലും പരിശീലന ഗവേഷണപരിപാടികള്‍ നടത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. 2010-11 അദ്ധ്യയന വര്‍ഷത്തിലാണ് സർവകലാശാലയില്‍ അദ്ധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സർവകലാശാലയ്ക്ക് കീഴില്‍ 2017 ഒക്ടോബര്‍ വരെ 284 പ്രൊഫഷണല്‍ കോളേജുകളാണ് ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 37 സര്‍ക്കാര്‍ കോളേജുകള്‍, 5 സര്‍ക്കാര്‍ ധനസഹായമുള്ള കോളേജുകള്‍ 242 സ്വാശ്രയ കോളേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അലോപ്പതി, ആയുർവേദ, സിദ്ധ, യുനാനി, യോഗ, നാച്ചുറോപ്പതി, നഴ്സിംങ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, പാരാമെഡിക്കല്‍ തുടങ്ങി കേരളത്തിലെ എല്ലാ മെഡിക്കല്‍ സമ്പ്രദായങ്ങളിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഈ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. വിവിധ ആരോഗ്യശാസ്ത്ര വിഭാഗങ്ങളിലായി ഏകദേശം 20000 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളുടെ വിശദാംശങ്ങള്‍ പട്ടിക 4.2.5-ൽ കൊടുത്തിരിക്കുന്നു.
വിഭാഗം | ഗവണ്‍മെന്റ് | എയ്ഡഡ് | അണ്‍ എയ്ഡഡ് | ആകെ |
മോഡേൺ മെഡിസിന്‍ | എയ്ഡഡ് | ആകെ | 23 | 33 |
ആയുർവേദ മെഡിസിന്‍ | 3 | 2 | 12 | 17 |
ഹോമിയോ മെഡിസിന്‍ | 2 | 3 | 0 | 5 |
ദന്തല്‍ | 5 | 0 | 20 | 25 |
സിദ്ധമെഡിസിന്‍ | 0 | 0 | 1 | 1 |
യുനാനി മെഡിസിന്‍ | 0 | 0 | 1 | 1 |
നഴ്സിംഗ് | 6 | 0 | 113 | 119 |
പാരാമെഡിക്കല്‍ | 7 | 0 | 33 | 40 |
ഫാര്‍മസി | 4 | 0 | 37 | 41 |
ആയുർവേദ ദഫാര്‍മസി | 0 | 0 | 1 | 1 |
ആയുർവേദ നഴ്സിംഗ് | 0 | 0 | 1 | 1 |
ആകെ | 37 | 5 | 242 | 284 |
അവലംബം : കേരളയൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആന്റ് അലൈഡ് സയന്‍സസ് |
ഭാരതീയ വൈദ്യശാസ്ത്ര സമ്പ്രദായം
ആയുർവേദ രോഗങ്ങള്‍ ചികിത്സിക്കാനുള്ള ശാസ്ത്രം മാത്രമല്ല, മറിച്ച് സമ്പൂര്‍ണ്ണമായ ഒരു ജീവിതശൈലി കൂടിയാണ്. ആയുർവേദ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഗ്രാന്റ്-ഇന്‍-എയ്ഡ് ആയുർവേദ സ്ഥാപനങ്ങള്‍, സിദ്ധ, യുനാനി, വിഷ, നേത്ര, പ്രകൃതിജീവനം എന്നീ ശൃംഖലകളിലൂടെ ആയുർവേദ വകുപ്പ് ജനങ്ങള്‍ക്ക് വൈദ്യ സഹായം നല്‍കി വരുന്നു. ഈ വകുപ്പിന് കീഴില്‍ മാനസീകരോഗാശുപത്രി, പഞ്ചകര്‍മ്മ, പ്രകൃതി ചികിത്സ, മര്‍മ്മ തുടങ്ങിയ സ്പെഷ്യല്‍ ആശുപത്രികളും പ്രവര്‍ത്തിച്ചു വരുന്നു. ഐ.എസ്.എം.ന്റെ കീഴില്‍ ഇപ്പോള്‍ 127 ആശുപത്രികളും 819 ഡിസ്പെന്‍സറികളുമുണ്ട്. സംസ്ഥാന ഔഷധബോര്‍ഡ്, ഔഷധസസ്യങ്ങളുടെ കൃഷി, സംരക്ഷണം, ഗവേഷണം, വികസനം, വ്യാപനം, എന്നിവ ഏകോപിപ്പിച്ചുകൊണ്ടുപോകുന്നു. 2016 ലും 2017 ലും ഐ.എസ്.എം.ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനസ്ഥാപനങ്ങള്‍ കിടക്കകൾ രോഗികൾ എന്നിവ ജില്ലതിരിച്ച് അനുബന്ധം 4.2.12 -ല്‍ കൊടുത്തിരിക്കുന്നു.
സാധാരണ വൈദ്യചികിത്സയ്ക്കുപുറമേ സ്പെഷ്യല്‍ പ്രോജക്ടുകളും ഭാരതീയ ചികിത്സാവകുപ്പ് നടപ്പിലാക്കി വരുന്നു. 2016-17-ല്‍ നടപ്പിലാക്കിയ അത്തരം പ്രോജക്ടുകളാണ്; ബാലമുകുളം, ഋതു, പ്രസാദം, കൗമാരസ്തോല്യം, ദൃഷ്ടി, ജീവനി, പുനർനവ, കരൾരോഗമുക്തി, സ്നേഹധാര, ജറിയാട്രിക് കെയര്‍, യോഗ, സ്പോര്‍ട്സ് മെഡിസിന്‍, പഞ്ചകര്‍മ്മ, ക്ഷാരസൂത്ര, മാനസികം, വയോഅമൃതം, ഭാമിനി മുതലായവ.
ആയുഷ് (ആയുർവേദ, യോഗ, പ്രകൃതിചികിത്സ, സിദ്ധ, യുനാനി, ഹോമിയോപ്പതി)
ഭാരതസര്‍ക്കാര്‍ രണ്ട് നിയന്ത്രണ ഏജന്‍സികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ആദ്യത്തേത് ആയുർവേദം, യുനാനി, സിദ്ധ എന്നീ വൈദ്യശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രാക്ടീഷണര്‍മാരുടേയും നിയന്ത്രണത്തിനായുള്ള ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (ഐ.എം.സി.സി) ആക്ട് 1970 ന് കീഴില്‍ ആരംഭിച്ച സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ മെഡിസിന്‍ (സി.സി.ഐ.എം) ആണ്. രണ്ടാമത്തേത് ഹോമിയോ മെഡിക്കല്‍ സംവിധാനത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രാക്ടീഷണര്‍മാരുടെയും നിയന്ത്രണത്തിനുള്ള ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ആക്ട് 1973 കീഴില്‍ ആരംഭിച്ച സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയാണ്. നിലവില്‍ യോഗയും പ്രകൃതി ചികിത്സയും പ്രത്യേകം മരുന്നുകള്‍ ഉപയോഗിക്കാത്തതിനാല്‍ ഇവയെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നില്ല.
ദേശീയ ആയുഷ് മിഷന്‍
കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിലുള്ള ആയുഷ് വകുപ്പ് (ആയുര്‍വ്വേദ, യോഗ, പ്രകൃതിചികിത്സ, സിദ്ധ, യുനാനി, ഹോമിയോപ്പതി) ദേശീയതലത്തില്‍ ആയുഷ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ ആയുഷ്സേവനങ്ങള്‍, വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തല്‍, ആയുർവേദ സിദ്ധ-യുനാനി-ഹോമിയോ മരുന്നുകളുടെ ഗുണനിലവാരം നിയന്ത്രിക്കല്‍, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകളില്‍ ആയുഷ് സംവിധാനം ശക്തിപ്പെടുത്തുകയാണ് ദേശീയ ആയുഷ്മിഷന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ 60:40 എന്ന അനുപാതത്തില്‍ പദ്ധതി വിഹിതം വകയിരുത്തും. ഓഗസ്റ്റ് 08, 2015 ന് സംസ്ഥാനത്ത് കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് ആരംഭിച്ചു. 2016-17 കാലത്ത് കേന്ദ്ര വിഹിതം 858.63 ലക്ഷം രൂപയും 2017-18 കാലഘട്ടത്തിൽ (30.09.2017 വരെ) അത് 1260.82 ലക്ഷം രൂപയും ആണ്.
ആയുര്‍വേദ മരുന്ന് നിര്‍മ്മാണം-ഔഷധി
ഇന്ത്യയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ആയുർവേദ മരുന്ന് നിര്‍മ്മാണശാലയാണ് ഔഷധി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം പൊതുമേഖലാസ്ഥാപനങ്ങളിലൊന്നാണിത്. ആയുർവേദ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ആയുർവേദ മരുന്നുകള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുന്ന സ്ഥാപനം ഔഷധിയാണ്. കേരളത്തില്‍ മരുന്നുകള്‍ ഔഷധി ആയുർവേദവകുപ്പിന് വിതരണം ചെയ്യുന്നു. ഇത് മാര്‍ക്കറ്റ് വിലയെക്കാളും 30 ശതമാനം വിലക്കുറവിലാണ് നല്കുന്നത്. ഐ.എസ്.എം ഈ മരുന്നുകള്‍ സംസ്ഥാനത്തെ ദരിദ്രരായ രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്നു. സംസ്ഥാനത്തുടനീളം 600 പ്രത്യേക ഏജന്‍സികളിലൂടെ പൊതുജനത്തിനും കമ്പനി മരുന്ന് എത്തിക്കുന്നു. 2016-17-ല്‍ കമ്പനിയുടെ വിറ്റ് വരവ് 95.76 കോടി രൂപയും ലാഭം 13.99 കോടി രൂപയുമാണ്.
ആയുർവേദ കോളേജുകള്‍
തിരുവനന്തപുരം, തൃപ്പുണിത്തുറ, കണ്ണൂര്‍ എന്നിവിടങ്ങളിലായി 1389 കിടക്കകളുള്ള മൂന്ന് സര്‍ക്കാര്‍ ആയുർവേദ മെഡിക്കല്‍കോളേജുകളുണ്ട്. 2016-ല്‍ 6650 ഇന്‍പേഷ്യന്‍സിനും 523925 ഔട്ട്പേഷ്യന്‍സിനും ചികിത്സ നല്‍കുകയുണ്ടായി. ഇത് 2017-ല്‍ (ഓഗസ്റ്റ് വരെ) യഥാക്രമം 13100-ഉം 460595-ഉം ആണ്. തിരുവനന്തപുരം ആയുർവേദ മെഡിക്കല്‍കോളേജിന് കീഴില്‍ പഞ്ചകര്‍മ്മാശുപത്രിയും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുമുണ്ട്. 2 എയ്ഡഡ് ആയുർവേദ കോളേജുകളും, 11 സ്വാശ്രയ ആയുർവേദ കോളേജുകളും, ഒരു സ്വാശ്രയസിദ്ധ കോളേജും, ഒരു സ്വാശ്രയ യുനാനി കോളേജും, 6 പാരാമെഡിക്കല്‍ സ്വാശ്രയകോളേജുകളും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ബിരുദകോഴ്സിന് 980, ബിരുദാനന്തര കോഴ്സിന് 127, പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 700 എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പ്രവേശനം നേടുന്നു.
സംസ്ഥാനത്ത് ഹോമിയോപ്പതി വകുപ്പിന് കീഴില്‍ 659 ഹോമിയോപ്പതി ഡിസ്പെൻസറികളും 14 ജില്ലാ ആശുപത്രികൾ, 17 താലൂക്ക് ആശുപത്രികൾ, 2 ടെൻ ബെഡ്ഡ് ആശുപത്രികൾ, 100 കിടക്കകൾ ഉള്ള ഒരു ആശുപത്രി എന്നിവയുണ്ട്. കൂടാതെ ഹോമിയോപ്പതി ഡയറക്ടറേറ്റിന് കീഴില്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഹോമിയോപ്പതിക് സഹകരണഫാര്‍മസി (ഹോംകോ) എന്ന മരുന്ന് നിര്‍മ്മാണ യൂണിറ്റ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഹോംകോ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2016 & 2017 വർഷങ്ങളിലായി ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ജില്ല തിരിച്ചുള്ള സ്ഥാപനങ്ങള്‍, കിടക്കകള്‍, ചികിത്സ നേടിയ രോഗികളുടെ എണ്ണം എന്നിവ അനുബന്ധം 4.2.13 -ല്‍ കൊടുത്തിട്ടുണ്ട്.
2016-17 & 2017-18 വർഷങ്ങളിൽ ഹോമിയോപ്പതി വകുപ്പ് കൈവരിച്ച പ്രധാന നേട്ടങ്ങള്‍
ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസം
സര്‍ക്കാര്‍തലത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടുമുള്ള രണ്ട് ഹോമിയോ മെഡിക്കല്‍കോളേജുകള്‍ വഴി ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തി വരുന്നു. ഇവ കൂടാതെ 3 എയ്ഡഡ് കോളേജും, ഒരു അണ്‍എയ്ഡഡ് കോളേജും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ ആകെ കിടക്കകള്‍ 118-ഉം 2016-17 ല്‍ ചികിത്സ ലഭിച്ച ഇന്‍പേഷ്യന്റ്സ് 1,192-ഉം ഔട്ട് പേഷ്യന്റ്സ് 114,215-ഉം ആണ്. കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ ആകെ കിടക്കകള്‍ 100-ഉം 2016-17 -ല്‍ ചികിത്സ ലഭിച്ച ഇന്‍പേഷ്യന്റ്സ് 1,678- ഉം ഔട്ട് പേഷ്യന്റ്സ് 155,903-ഉം ആണ്. 6 ഹോമിയോ മെഡിക്കല്‍ കോളേജുകളിലെയും കോഴ്സുകള്‍, വിദ്യാര്‍ത്ഥികളുടെ എണ്ണം എന്നിവ അനുബന്ധം 4.2.14 -ല്‍ കൊടുത്തിരിക്കുന്നു.
രോഗപ്രതിരോധവ്യാപനം
മരുന്നും പ്രതിരോധകുത്തിവയ്പും കൊണ്ട് ഒഴിവാക്കാനാകുന്ന ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന വ്യാധികള്‍, വൈകല്യം, മരണം തുടങ്ങിയവയിലേക്ക് നയിക്കുന്ന രോഗങ്ങളഴായ ഡിഫ്റ്റീരിയ, ഹെപ്പറ്റൈറ്റീസ് എ-യും ബി-യും, അഞ്ചാം പനി, മുണ്ടിനീര്, ന്യൂമോണിയയും അനുബന്ധരോഗങ്ങളും, പോളിയോ, അതിസാരം, ടെറ്റനസ് തുടങ്ങിയവ ചെറുക്കുന്നതിന് ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ ഇടപെടലാണ് പ്രതിരോധകുത്തിവയ്പുകള്‍. 2013-14 മുതലുള്ള 5 വര്‍ഷങ്ങളിലെ രോഗവപ്രതിരോധ വ്യാപന പരിപാടി അനുബന്ധം 4.2.15 -ല്‍ കാണാം.
ഭാവി വീക്ഷണം
സാമ്പത്തിക വികസനത്തിനു വളരെ പ്രാധാന്യത്തോടെയും ഫലപ്രദമായും സംഭാവന ചെയ്യാന്‍ ഒരു ആരോഗ്യമുള്ള സമൂഹത്തിന് മാത്രമേ കഴിയൂ. നീണ്ടകാലത്തെ രോഗാവസ്ഥയും ചെലവേറിയ ചികിത്സാരീതിയും ധനികരെപോലും ദരിദ്രരാക്കുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും ആസ്വാദ്യമാക്കുന്നതിന് നല്ല ആരോഗ്യം അനിവാര്യമാണ്. കേരളത്തിൽ നല്ല ആരോഗ്യനിലവാരം നേടിയെടുക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസനിലവാരവും (പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍) ഉയര്‍ന്ന ആരോഗ്യ അവബോധവും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയിലെയും മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾക്കിടയിലെയും ആരോഗ്യ പ്രശ്നങ്ങൾ സാംക്രമിക രോഗങ്ങളുടെ പുനരാവിര്‍ഭാവം രണ്ടാം തലമുറപ്രശ്നങ്ങളായ ജീവിത ശൈലി രോഗങ്ങളുടെ വർദ്ധനവ് വയോജനങ്ങളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ, വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ ചെലവ് എന്നിവ ശ്രദ്ധ കൊടുക്കേണ്ട വിഷയങ്ങളാണ്. ഈ വെല്ലുവിളികൾ വരും വർഷങ്ങളിൽ നേരിടേണ്ടി വരും. പതിമൂന്നാം പദ്ധതിക്കാലയളവില്‍ പൊതുജനാരോഗ്യം, ഗ്രാമീണ ആരോഗ്യം, ഗോത്രാരോഗ്യം, സ്ത്രീ ആരോഗ്യം, മാതൃശിശു ആരോഗ്യം, ആരോഗ്യ ഇന്‍ഷൂറന്‍സ്, ആരോഗ്യടൂറിസം എന്നീ വിവിധങ്ങളായ വിഷയങ്ങള്‍ വിവിധതരത്തില്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടാനായിട്ട് ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്.