വികേന്ദ്രീകൃത ആസൂത്രണം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കേരളത്തിന്റെ വികേന്ദ്രീകരണ ഉദ്യമങ്ങൾ പൊതു ഭരണ നിർവ്വഹണ രംഗത്ത് നടപ്പിലാക്കിയ ഏറ്റവും മികച്ച സ്ഥാപനതല പരിഷ്ക്കാരങ്ങളിൽ ഒന്നായി ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1996 ആഗസ്റ്റ് 15 ന് ജനകീയാസൂത്രണ ക്യാംപയിനിലൂടെ ഒരു മഹാ വിസ്ഫോടന സമീപനത്തോടെയായിരുന്നു (Big bang approach) കേരളത്തിൽ വികേന്ദ്രീകൃതാസൂത്രണം ആരംഭിച്ചത്. ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് കേരള പഞ്ചായത്ത് രാജ് നിയമവും (1994), കേരള നഗര പാലിക നിയമവും (1994) നിര്‍മ്മിച്ചതിന് തുടര്‍ച്ചയായി ഒന്‍പതാം പഞ്ചവത്സര പദ്ധതിക്കാലത്താണ് കേരളത്തിൽ വികേന്ദ്രീകൃതാസൂത്രണം ആരംഭിച്ചത്. പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ പുനരാവിഷ്ക്കരിച്ച് 'കേരള വികസന പദ്ധതി' എന്ന പേരിൽ നടപ്പിലാക്കി. 'ജനകീയാസൂത്രണത്തിന്റെ' ആശയങ്ങള്‍ക്ക് കൂടുതൽ ഊന്നൽ നല്‍കിക്കൊണ്ട് വികേന്ദ്രീകരണത്തിന്റെ സ്ഥാപനവല്‍ക്കരണ പ്രക്രിയ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെപതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രക്രിയ പൂര്‍ണ്ണമായും നവീകരിച്ചു. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആസൂത്രണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ക്കാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഊന്നൽ നല്‍കിയത്. ജനകീയ ആസൂത്രണത്തിന്റെ രണ്ടാഘട്ടത്തിലും കേരളത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. സാമൂഹിക സാമ്പത്തിക രംഗത്ത് സംസ്ഥാനം അഭിമുഖീകരിക്കുന്ന രണ്ടാം തലമുറ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പതിമൂന്നാം പദ്ധതിയുടെ പ്രധാന ദൗത്യം. ശക്തമായ ഭരണ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതിനൊപ്പം യഥാർത്ഥ ജനപങ്കാളിത്തം ഉറപ്പാക്കി രണ്ടാം തലമുറ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.


കേരളത്തിലെ വികേന്ദ്രീകരണത്തിന്റെ ഏറ്റവും സവിശേഷമായ ഘടകം സുതാര്യവും, സമത്വവും മാനദണ്ഡങ്ങളിൽ അധിഷ്ഠിതവുമായ ധനകാര്യ വികേന്ദ്രീകരണം ആണ്. ഇപ്രകാരം സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി വിഹിതത്തിൽ നിന്നുംഒരു നിശ്ചിത തുക വികസന ഫണ്ടായി പ്രാദേശിക പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുവാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക്നല്‍കുന്നുണ്ട്. വികേന്ദ്രീകരണത്തിന്റെ ആരംഭകാലം (1997-98) മുതൽ സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിന്റെ ഏകദേശം 25 ശതമാനം തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികസന ഫണ്ടായി ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ 3.5 ശതമാനം തുക ജനറൽ പര്‍പ്പസ് ഫണ്ടായും 5.5 ശതമാനം തുക മെയിന്റനന്‍സ് ഫണ്ടായും എല്ലാ വര്‍ഷവും നല്‍കുന്നു. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി മുന്‍ഗണനാടിസ്ഥാനത്തിൽ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും അവ നടപ്പിലാക്കുന്നതിനും ഉള്ള സ്വാതന്ത്യം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്.

കേരളത്തിൽ 941 ഗ്രാമപ്പഞ്ചായത്തുകൾ, 152 ബ്ലോക്ക്പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോര്‍റേഷനുകള്‍ ഉള്‍പ്പെടെ 1200 തദ്ദേശഭരണ സ്ഥാപനങ്ങളുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് പൊതുവിഭാഗം, പട്ടിക ജാതിക്കാര്‍ക്കുള്ള പ്രത്യേകപദ്ധതി (എസ്.സി.എസ്.പി), പട്ടിക വര്‍ഗ്ഗ ഉപപദ്ധതി (ടി.എസ്.പി) എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് വികസനഫണ്ട് അനുവദിക്കുന്നത്. നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശൂപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 2011-12 മുതൽ 2015-16 വരെയുള്ള കാലയളവിൽ ഓരോ വിഭാഗത്തിലും വികസന ഫണ്ട് അനുവദിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിൽ സംസ്ഥാന പദ്ധതി വിഹിതത്തിൽ ഉണ്ടായ വര്‍ദ്ധനവിനനുസരിച്ച് പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള വിഹിതവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2011-12 മുതൽ 2015-16 വരെയുള്ള കാലയളവിൽ മൊത്തം സംസ്ഥാന പദ്ധതി വിഹിതത്തിന്റെ കുറഞ്ഞത് 25 ശതമാനം തുക തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറണമെന്ന് നാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. പ്രസ്തുത തുകയിൽ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റും ലോക ബാങ്ക് സഹായമുള്ള പ്രോജക്ടായ 'കേരള ലോക്കല്‍ ഗവണ്മെന്റ് സർവ്വീസ്ഡെലിവറി പ്രോജക്ടിൽ (കെ.എൽ.ജി.എസ്.ഡി.പി) നിന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടും ഉള്‍പ്പെടുന്നു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അവലോകനം

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിൽ പദ്ധതി മാര്‍ഗ്ഗരേഖയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. മുഖ്യമായും മേഖലാപരിധിയിലും പദ്ധതിയുടെപരിശോധനയിലുമാണ് മാറ്റങ്ങളുണ്ടായത്. ആദ്യ നാലു വര്‍ഷങ്ങളിൽ ഉല്പാദന മേഖലയിൽ കുറഞ്ഞ പരിധി ഉണ്ടായിരുന്നില്ല. പശ്ചാത്തലമേഖലയിൽ, പൊതുവിഭാഗത്തിലെ പദ്ധതി വിഹിതത്തിൽ ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക്പഞ്ചായത്തുകള്‍ക്കും 45 ശതമാനവും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 55 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ക്ക് 50 ശതമാനവും പരിധിനിശ്ചയിച്ചിരുന്നു. ഇതിനു പുറമെ വികസനഫണ്ടിന്റെ 10 ശതമാനം വനിത ഘടക പദ്ധതിക്കും 5 ശതമാനം കുട്ടികൾ, വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍, സാന്ത്വന ചികിത്സ ആവശ്യമുള്ളവര്‍, മറ്റു ദുര്‍ബല വിഭാഗങ്ങൾ എന്നിവര്‍ക്ക് വേണ്ടിയും മാറ്റിവെച്ചു. എന്നാൽ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ നാല് വര്‍ഷത്തെ അനുഭവം പുതിയ സര്‍ക്കാര്‍ വിലയിരുത്തിയതിനു ശേഷം 2016-17 വാര്‍ഷിക പദ്ധതിയിൽ ഉല്പാദന മേഖലയ്ക്ക് കുറഞ്ഞത് 20 ശതമാനവും ശുചിത്വ മാലിന്യ സംസ്കരണത്തിന് കുറഞ്ഞത് 10 ശതമാനവും നിര്‍ബന്ധമാക്കിയിരുന്നു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ബഡ്ജറ്റിൽ വികസന ഫണ്ട് ഇനത്തിൽ വകയിരുത്തിയ തുകയുടെ കണക്കുകൾ പട്ടിക 6.1.1 -ൽ ചേര്‍ക്കുന്നു.

പട്ടിക 6.1.1
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട്-പന്ത്രണ്ടാം പദ്ധതി (രൂപ കോടിയിൽ)
വര്‍ഷം സംസ്ഥാന പദ്ധതി
വിഹിതം*
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള
വികസന ഫണ്ട്
മൊത്തം സംസ്ഥാന പദ്ധതി
വിഹിതത്തിന്റെ ശതമാനം
2012-13 14010.00 3228.00 23.04
2013-14 17000.00 4000.00 23.52
2014-15 20000.00 4700.00 23.50
2015-16 20000.00 4800.00 24.00
2016-17 24000.00 5000.00 20.83
ആകെ 95010.00 21728.00 22.90
*കെ.എസ്.ഇ.ബി വിഹിതം ഉള്‍പ്പെടെ

ഒരു സാമ്പത്തിക വര്‍ഷം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ലഭ്യമാകുന്ന മൊത്തം വികസന ഫണ്ടിൽ മുൻവര്‍ഷം വിനിയോഗിക്കാന്‍ കഴിയാത്ത തുക കൂടി ഉള്‍പ്പെട്ടിരുന്നു. എന്നാൽ മുൻവര്‍ഷത്തിൽ ചെലവഴിക്കാന്‍ കഴിയാത്ത തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ പ്രാരംഭബാക്കിയായി വകയിരുത്തി ഉപയോഗിക്കുന്ന രീതി 2016 ഏപ്രിൽ 1 മുതൽ നിര്‍ത്തലാക്കി. 12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വികസന ഫണ്ടായി ബഡ്ജറ്റിൽ വകയിരുത്തിയിരുന്ന തുക 21,728.00 കോടി രൂപയാണ്. ഇതിൽ 19,001.75 കോടി രൂപ ചെലവഴിച്ചു (പട്ടിക 6.1.2 കാണുക). ഇത് സൂചിപ്പിക്കുന്നത് ബഡ്ജറ്റിൽ വകയിരുത്തിയിരുന്ന തുകയുടെ 87 ശതമാനം തുക വിവിധ പ്രാദേശിക സര്‍ക്കാരുകൾ ചെലവഴിച്ചിട്ടുണ്ട് എന്നാണ്.

പട്ടിക 6.1.2
വികസന ഫണ്ട്-പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ വര്‍ഷം തിരിച്ചുള്ള വിഹിതവും ചെലവും (രൂപ കോടിയിൽ)
വര്‍ഷം ബഡ്ജറ്റ് വിഹിതം ചെലവ് ബഡ്ജറ്റ് വിഹിതത്തിന്റെ
ശതമാനം
2012-13 3,228.00 2,741.97 85.00
2013-14 4,000.00 3,918.27 98.00
2014-15 4,700.00 4,033.94 86.00
2015-16 4,800.00 4,467.76 93.00
2016-17 5,000.00 3,839.81 76.00
ആകെ XII -ാം പദ്ധതി 21,728.00 19,001.75 87.00
*കെ.എസ്.ഇ.ബി വിഹിതം ഉള്‍പ്പെടെ

13-ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷം പ്രാവര്‍ത്തികമാക്കിയ പ്രധാന മാറ്റങ്ങൾ

രണ്ട് പതിറ്റാണ്ടുകളായി കേരളം പിന്തുടരുന്ന വികേന്ദ്രീകൃത ആസൂത്രണ അനുഭവം സമാനതകൾ ഇല്ലാത്തതും ലോകമാകെ അംഗീകരിച്ചിട്ടുള്ളതും ആണ്. പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് സംസ്ഥാനം വിഭാവനം ചെയ്യുന്നത് മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യ ഭരണ നിർവ്വഹണത്തിന്റെ പൂര്‍ണ്ണതോതിലുള്ള നവീകരണമാണ്. അവലോകന വര്‍ഷത്തിൽ കേരളത്തിലെ പ്രാദേശികതല പങ്കാളിത്ത ആസൂത്രണത്തിന്റെ രീതിശാസ്ത്രത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഈ മാറ്റങ്ങൾ 13-ാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയ്ക്ക് അനുസരണമായിട്ടായിരുന്നു. പ്രാദേശികതല പദ്ധതി രൂപീകരണത്തിനും അതിന്റെ നടത്തിപ്പിനും വേണ്ടി പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചുകൊണ്ടാണ് കേരളത്തിലെ രണ്ടാം ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചത്. നടപടിക്രമങ്ങൾ ലഘൂകരിക്കുകയും അതുവഴി പദ്ധതി നടത്തിപ്പിലെ കാലവിളംബം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പ്രധാന ലക്ഷ്യം. ഇതുവരെ പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും ഉണ്ടായിരുന്ന സങ്കീര്‍ണ്ണമായ നടപടിക്രമങ്ങൾ കാരണം പദ്ധതി രൂപീകരണത്തിനും അതിന്റെ അംഗീകാരത്തിനും പദ്ധതി നടത്തിപ്പിനെക്കാൾ കൂടുതൽ സമയം ആവശ്യമായി വന്നിരുന്നു. അതിനാൽ പ്രാദേശിക സര്‍ക്കാരുകൾ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളിൽ തിരക്കിട്ട് പദ്ധതികൾ നടപ്പാക്കുന്നതിന് നിര്‍ബന്ധിതരായിരുന്നു. ഇതുമൂലം ചെലവുകള്‍മാര്‍ച്ച് മാസത്തിൽ കുമിഞ്ഞുകൂടുന്ന സ്ഥിതി സംജാതമായി. പുതുക്കിയ പദ്ധതി മാര്‍ഗ്ഗരേഖ നടപ്പിൽ വരുത്തിയതോടെ സംസ്ഥാനത്തെ ഏല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും 2017-18 വര്‍ഷത്തെ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങൾ 2017 ജൂണ്‍ 15 -ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണ ചരിത്രത്തിലെ മുന്‍ അനുഭവമില്ലാത്ത ഒരു നേട്ടമായി ഇതിനെ കണക്കാക്കാം. ഇക്കാരണത്താൽ പദ്ധതി നിർവ്വഹണം കാലേക്കൂട്ടി ആരംഭിക്കാന്‍ കഴിഞ്ഞു. 2018-19 വാര്‍ഷിക പദ്ധതി രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ അടുത്ത വര്‍ഷത്തെ പദ്ധതിക്ക് അംഗീകാരം നേടുകയാണ് ലക്ഷ്യം. ഇതിന്റെ പരണിത ഫലമായി, 2018-19 കാലയളവിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയും ബഡ്ജറ്റും ആദ്യമായി സംയോജിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ത്വരിതഗതിയിൽ നടന്നു കൊണ്ടിരിക്കുന്ന നഗരവത്‍ക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് 13 -ാം പദ്ധതിയിൽ പ്രത്യേക ഊന്നൽ നല്‍കുന്നുണ്ട്. നഗരവത്‍ക്കരണത്തിന്റെ ഫലമായുണ്ടാകുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിനും അവസരങ്ങളെ മുതലാക്കുന്നതിനും പ്രത്യേക പദ്ധതികളും അനുയോജ്യ തന്ത്രങ്ങളും ആവിഷ്ക്കരിക്കേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ആദ്യമായി നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിന് പ്രത്യേകം മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഇതുപോലെ നടപ്പ് സാമ്പത്തിക വര്‍ഷം തുടക്കം കുറിച്ച പ്രധാനപ്പെട്ട മറ്റൊരു പ്രവര്‍ത്തനമാണ് ജില്ലാ പദ്ധതി രൂപീകരണം. ജില്ലാ ആസൂത്രണ സമിതികളുടെ ഭരണഘടനാപരമായ ചുമതലയാണ് ജില്ലയിലെ വിവിധ തലങ്ങളിൽ ഉള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ സംയോജിപ്പിക്കുകയും ജില്ലയ്ക്ക് മൊത്തത്തിൽ ബാധകമായ ജില്ലാ പദ്ധതി രൂപീകരിക്കുകയും ചെയ്യുക എന്നത്. ജില്ലാ പദ്ധതി രൂപീകരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ പുറപ്പെടുവിക്കുകയും സംസ്ഥാനത്തെ ജില്ലാ ആസൂത്രണ സമിതികൾ പദ്ധതി രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വളരെയേറെ മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്. അതിനാൽ ജില്ലാ പദ്ധതിയിലെ നിര്‍ദ്ദേശങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018-19 -ലെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിയും.

പദ്ധതി നിർവഹണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണഭോക്തൃ സമിതികൾ രൂപീകരിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അവ അഴിമതിയുടെ ഏജന്‍സികളായി മാറി എന്നതാണ്പല പഠനങ്ങളും തെളിയിക്കുന്നത്. 13-ാം പദ്ധതിക്കാലത്ത് ഇത്തരത്തിലുള്ള പഴുതുകൾ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നു. കാര്യമായി ഇടപെടാന്‍ കഴിയുന്ന മേഖലകളിൽ മാത്രമായി ഗുണഭോക്തൃസമിതി വഴിയുള്ള നിർവ്വഹണം പരിമിതപ്പെടുത്തുന്നതിനും ഇ-ടെണ്ടറിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതിനും പുതിയ മാര്‍ഗ്ഗരേഖ നിഷ്കര്‍ഷിക്കുന്നു. മരാമത്ത് പണികളുടെ നടത്തിപ്പിലെ ഈ മാറ്റത്തിലൂടെ ചെലവിൽ വലിയ മിച്ചം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക തലത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്ന രീതിയിലാണ് പുതുക്കിയ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വഴി നല്‍കുന്ന സബ്സിഡികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ, സബ്സിഡി മാനദണ്ഡങ്ങൾ പ്രകാരം ഏറ്റെടുക്കാന്‍ കഴിയാത്ത നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിനുള്ള അനുമതിയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്നല്‍കിയിട്ടുണ്ട്. മറ്റു പ്രധാന മാറ്റങ്ങൾ താഴെ പറയുന്നു.

പൊതുവിഭാഗം ഫണ്ടിൽ ഉല്പാദന മേഖലയിൽ നിര്‍ബന്ധിതമായി ത്രിതല പഞ്ചായത്തുകൾ കുറഞ്ഞത് 30 ശതമാനവും സഗരസഭകൾ 10 ശതമാനവും തുക വകയിരുത്തിയിരുന്നത് ഉറപ്പുവരുത്തി. അതുപോലെ കുട്ടികളുടെയും ഭിന്നശേഷി ഉള്ളവരുടെയും വികസനത്തിന് 5 ശതമാനവും വയോജനങ്ങളുടെ ക്ഷേമത്തിന് 5 ശതമാനവും, വനിതാ ഘടക പദ്ധതിക്ക് 10 ശതമാനവും ശുചിത്വത്തിന് 10 ശതമാനവും തുക നിര്‍ബന്ധമാക്കി. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും പദ്ധതി ആസൂത്രണം, നിർവഹണം, മോണിട്ടറിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇതുവഴി തല്പരരായ എല്ലാ വിഭാഗം ആള്‍ക്കാരുടെയും പൂര്‍ണ്ണ പങ്കാളിത്തം 2017-18 പദ്ധതി രൂപീകരണത്തിൽ ഉറപ്പാക്കാന്‍ കഴിഞ്ഞു.

എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും 2017-18 കാലയളവിൽ അവസ്ഥാ വിശകലന രേഖ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന നിരവധി വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള വികസന മിഷനുകളായ ആര്‍ദ്രം, ഹരിതകേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങിയവ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുമായി സമന്വയിപ്പിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

ബോക്സ് 6.1.1
ജില്ലാ പദ്ധതി

ബഹുതല ആസൂത്രണം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ തലങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാനത്തും ജില്ലാ തലത്തിലുമുള്ള വ്യത്യസ്ഥ സാമൂഹ്യ സാമ്പത്തിക ജനവിഭാഗങ്ങളുടെയും വികസന ആവശ്യങ്ങളുടെയും മുന്‍ഗണനകളുടെയും ഏറ്റവും നല്ല രീതിയിലുള്ള സംയോജനം ഉറപ്പാക്കുന്നതിനായി ജില്ലാ പദ്ധതി രൂപീകരണം ആരംഭിച്ചു. സംസ്ഥാനത്തിന് കീഴി ൽ ജില്ലയ്ക്കുള്ള ഭരണ സംവിധാനത്തിൽ ആസൂത്രണത്തിന് പ്രമുഖ സ്ഥാനമാണുള്ളത്. ജില്ലയിലെ വിവിധ വികസന ഏജന്‍സി കളുടെയും വിവിധ തട്ടുകളിലെ പ്രാദേ ശിക സര്‍ക്കാരുകളുടെയും സംയോജനത്തിനും ഏകോപനത്തിനും ജില്ലാ തലത്തിൽ ഒരു സമഗ്ര ജില്ലാ പദ്ധതി രൂപീകരിക്കേണ്ടതുണ്ട്. പ്രാദേശിക സര്‍ക്കാരുകളെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിക്കുന്നതിനും അതുവഴി സംയോജിത പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും ജില്ലാ പദ്ധതിയിലൂടെ സാധ്യമാകും. ഈ പശ്ചാത്ത ലത്തിലാണ് ബഹുതല ആസൂത്രണം സാധ്യമാക്കിക്കൊണ്ട് സമഗ്രമായ ജില്ലാ പദ്ധതികൾ പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് രൂപീകരിക്കുവാന്‍ ലക്ഷ്യമിടുന്നത്. സ്ഥലപരസംയോജനം, മേഖലാപരമായ സംയോജനം, വിഭവങ്ങളുടെ സംയോജനം, വിവിധതല സര്‍ക്കാരുകളുടെ തിരശ്ചീനവും ലംബവുമായുള്ള ഏകോപനം എന്നിങ്ങനെയുള്ള വിവിധ സംയോജന ഏകോപന സാധ്യതകൾ ഉറപ്പാക്കി ജില്ലകളുടെ സന്തുലിതവും, സംയോജിതവും, സമഗ്രവും ആയ വികസനം സാധ്യമാക്കുക എന്നതാണ് ജില്ലാ പദ്ധതികൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതുവഴി ജില്ലകളുടെ ഏകോപിതമായ വികസനം സാധ്യ മാക്കുന്നതിനും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും മുന് ഗണനകളുമായി കൂടുതൽ സുതാര്യത ഉറപ്പാക്കാന്‍ സഹായകമാകും.

ഗവർണുറുടെ 2017-ലെ നയപ്രഖ്യാപനത്തിനനുസരണമായി 2017 സെപ്റ്റംബർ 29-ലെ സ.ഉ.(പി)19/2017/പ്ലാനിംഗ് നമ്പര്‍ ഉത്തരവ് പ്രകാരം ജില്ലാ ആസൂത്രണ സമിതികളുടെ നേതൃത്വത്തില്‍ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുവേണ്ട വിശദമായ മാർഗരേഖ സർക്കാര്‍ പുറപ്പെടുവിച്ചു. എല്ലാ ജില്ലാ ആസൂത്രണ സമിതികളും ജില്ലാ പദ്ധതി രൂപീകരണത്തിനുള്ള ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കുലര്‍ അംഗീകരിച്ച കലണ്ടര്‍ പ്രകാരം ജില്ലകള്‍ കരട് ജില്ലാ പദ്ധതി തയ്യാറാക്കി 2018 ജനുവരി ആദ്യവാരം ആംഗീകാരത്തിനായി സര്‍ക്കാരിന് അയച്ചുകൊടുക്കേണ്ടതുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിലെ ധന വിന്യാസം– 2016-17 വാര്‍ഷിക പദ്ധതി

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ പ്രധാന സാമ്പത്തിക വിഭവങ്ങൾ- വികസന ഫണ്ട് തനതു ഫണ്ട്, കേന്ദ്രാവിഷ്കൃത പദ്ധതികൾ, സംസ്ഥാനാവിഷ്കൃത പദ്ധതികൾ, ഗുണഭോക്തൃ വിഹിതം എന്നിവയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതിയുടെ മൊത്തം അടങ്കൽ തുക 11,644.6 കോടി രൂപ ആണ്. ഇതിൽ 5,724.9 കോടി രൂപയാണ് വികസനഫണ്ടായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തത്. ഇത് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള മൊത്തം വിഹിതത്തിന്റെ 49 ശതമാനമാണ്. മൊത്തം വിഹിതത്തിൽ 9 ശതമാനം തനതു ഫണ്ടും ബാക്കി മറ്റ് സ്രോതസുകളില്‍നിന്നു മായിരുന്നു. ചിത്രം 6.1.1 -ൽ 2015-16 ലെയും 2016-17 ലെയും സ്രോതസ്സു് തിരിച്ചുള്ള ഫണ്ടിന്റെ വിശദാംശങ്ങൾ ചേര്‍ത്തിരിക്കുന്നു. സ്രോതസ്/ഉപമേഖല വിശദാംശങ്ങള്‍ അനുബന്ധം 6.1.1 -ലും അനുബന്ധം 6.1.2 -ലും കൊടുത്തിട്ടുണ്ട്.

ചിത്രം 6.1.1
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഭവ സ്രോതസ്സുകൾ (ശതമാനത്തിൽ)(2015-16, 2016-17)
അവലംബം: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, 2017

അനുബന്ധം 6.1.3 പരിശോധിച്ചാൽ 2016-17 ലെ മൊത്തം പദ്ധതി അടങ്കൽ തുകയിൽ വികസന ഫണ്ട് വിഹിതം 49 ശതമാനമാണെന്ന് കാണാന്‍ കഴിയും. അതേ സമയം മൊത്തം ചെലവിൽ 70.6 ശതമാനം വികസന ഫണ്ടാണ്. ഇത് കാണിക്കുന്നത് വിവിധ ചെലവുകള്‍ക്കു വേണ്ടി തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൂടുതലായി വികസന ഫണ്ടിനെ ആശ്രയിക്കുന്നു എന്നതും സ്വന്തം വരുമാനമായ തനതുഫണ്ട് ആര്‍ജ്ജിക്കുന്നതിനുള്ള സാധ്യതകൾ ഫലപ്രദമായി ചൂഷണം ചെയ്യുന്നില്ലായെന്നുമാണ്.

ചിത്രം6.1.2
വിവിധസ്രോതസ്സുകളിലെ ചെലവിന്റെ ശതമാനം (2016-17)
* 'മറ്റുള്ളവ'എന്ന വിഭാഗത്തിൽ സംസ്ഥാനാവിഷ്കൃതം, കേന്ദ്രാവിഷ്കൃതം, സഹകരണസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ, പുറമേനിന്നുള്ള ധനസഹായം, സന്നദ്ധസേവനം. ഗുണഭോക്തൃവിഹിതം, മറ്റ് സ്രോതസുകൾ (വികസന ഫണ്ട്, തനതുഫണ്ട് ഒഴിച്ചുള്ളവ) എന്നിവ ഉള്‍പ്പെടുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വിലയിരുത്തൽ - വികസന ഫണ്ട്

2016-17-ലും 2017-18-ലും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ബഡ്ജറ്റ് വിഹിതമായി അനുവദിച്ച വിഹിതത്തിന്റെ വിഭാഗം തിരിച്ചുള്ള വിവരങ്ങൾ പട്ടിക 6.1.3 -ൽ നല്‍കിയിരിക്കുന്നു.

പട്ടിക 6.1.3
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2016-17 ലും 2017-18ലും ബഡ്ജറ്റ് വിഹിതമായി അനുവദിച്ച വിഹിതത്തിന്റെ വിഭാഗം തിരിച്ചുള്ള വിവരങ്ങൾ (രൂപ കോടിയിൽ)
തദ്ദേശ ഭരണ സ്ഥാപനങ്ങൾ 2016-17 2017-18
പൊതു വിഭാഗം എസ്.സി.എസ്.പി റ്റി.എസ്.പി ആകെ പൊതു വിഭാഗം എസ്.സി.എസ്.പി റ്റി.എസ്.പി ആകെ
ഗ്രാമപഞ്ചായത്ത് 1968.25 516.46 88.62 2573.34 2409.97 582.66 99.98 3092.22
ബ്ലോക്ക് പഞ്ചായത്ത് 361.66 178.69 30.76 571.11 556.20 201.59 34.71 792.50
ജില്ലാ പഞ്ചായത്ത് 361.66 178.69 30.76 571.11 556.20 201.59 34.71 792.50
മുനിസിപ്പാലിറ്റി 642.33 95.82 5.82 743.98 761.67 108.10 6.57 876.34
കോര്‍പ്പറേഷന്‍ 471.19 69.22 0.01 540.43 595.81 78.10 0.02 673.94
ആകെ 3805.10
(4529.6)
1038.90
(1039.3)
156.00
(156.01)
5000.00
(5724.9)
4879.85 1172.04 175.99 6227.50
(ബ്രാക്കറ്റിൽ നല്‍കിയിരിക്കുന്നത് പുതുക്കിയ ബഡ്ജറ്റ് എസ്റ്റിമേറ്റ് പ്രകാരം അനുവദിച്ച തുക)അവലംബം: അനുബന്ധം IV 2016-17& 2017-18.

സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയ്ക്കും തദനുസരണമായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും അനുസരണമായിട്ടാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം നിശ്ചയിക്കുന്നത്. സംസ്ഥാന ബഡ്ജറ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്ന അനുബന്ധം IV -ൽ ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും ഉള്ള വികസന ഫണ്ട് വിഹിതം വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനയുടെയും പദ്ധതി മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വികസന ഫണ്ട് വിഹിതം ഉൽപ്പാദനം, സേവനം, പശ്ചാത്തലം എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് വകയിരുത്തുന്നത്. ഉൽപാദന മേഖലയിൽ ‍കൃഷിയും അനുബന്ധ വിഭാഗങ്ങളും, മണ്ണുംജലസംരക്ഷണവും, ജലസേചനം, വ്യവസായം എന്നിവയും സേവനമേഖലയിൽ വിദ്യാഭ്യാസവും ബന്ധപ്പെട്ട മേഖലകളും, ആരോഗ്യവും അനുബന്ധ സേവനങ്ങളും, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, തൊഴിലും, തൊഴിലാളി ക്ഷേമവും ഉള്‍പ്പെടുന്നു. പശ്ചാത്തല മേഖലയിൽ ഊര്‍ജ്ജം, ഗതാഗതം, കെട്ടിട നിര്‍മ്മാണം ഉപമേഖലകളാണ് ഉള്‍പ്പെടുന്നത്.

2016-17 വര്‍ഷത്തില്‍ വികസന ഫണ്ട് ഇനത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് 5,724.90 കോടി രൂപയാണ്. ഇത് ബഡ്ജറ്റ് വിഹിതമായ 5000 കോടി രൂപയെക്കാളും കൂടുതലാണ്. മൊത്തം അനുവദിച്ച തുകയിൽ 3,839.88 കോടി രൂപ വിവിധ മേഖലകള്‍ക്കായി 2016-17 -ൽ ചെലവഴിച്ചു. അതായത് 67.07 ശതമാനംതുക വിനിയോഗിച്ചു. ഇത് മുന്‍വര്‍ഷത്തെ ചെലവ് ശതമാനമായ 73.6 ശതമാനത്തേക്കാൾ കുറവാണ്. 2016-17 -ൽ വിവിധ തലങ്ങളിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചെലവ് ശതമാനത്തിൽ പ്രകടമായ വ്യതിയാനങ്ങൾ കാണുന്നുണ്ട്. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്തുകൾ 70 ശതമാനം തുക ചെലവഴിച്ച് മികച്ച പ്രകടനം നടത്തിയപ്പോൾ ഗ്രാമ പഞ്ചായത്തുകൾ 69 ശതമാനവും ജില്ലാ പഞ്ചായത്തുകൾ 68 ശതമാനവും 2016-17 -ൽ ചെലവഴിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റികളും (64 ശതമാനം) കോര്‍പ്പറേഷനുകളും (59 ശതമാനം) കുറഞ്ഞ ചെലവ് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2015-16 -ലെയും 2016-17-ലെയും വിഹിതം, വകയിരുത്തിയ തുക, ചെലവ് എന്നിവ സംബന്ധിച്ച് വിഭാഗം തിരിച്ചുള്ള വിവരങ്ങൾ ചിത്രം 6.1.3-ലും അനുബന്ധം 6.1.3 & 6.1.4 -യിലും നല്‍കിയിരിക്കുന്നു.

ചിത്രം 6.1.3
വികസന ഫണ്ട് ഇനത്തിൽ (2016-17) വിഭാഗം തിരിച്ച് വിതരണം ചെയ്ത തുക (രൂപ കോടിയിൽ)

വിഭാഗം തിരിച്ചുള്ള പ്രകടനം

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അവയുടെ വികസനഫണ്ട് വിഹിതം പൊതുവിഭാഗം, പട്ടികജാതിക്കാര്‍ക്കുള്ള പ്രത്യേക പദ്ധതി (എസ്.സി.എസ്.പി), പട്ടികവര്‍ഗ ഉപപദ്ധതി (ടി.എസ്.പി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അനുവദിക്കുന്നത്. സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയ്ക്കനുസരിച്ചാണ് ഓരോ മേഖലയിലെയും തുക നിശ്ചയിക്കുന്നത്. 2016-17 -ൽ വിവിധ വികസന മേഖലകള്‍ക്കായി 5,724.90 കോടി രൂപ വിതരണം ചെയ്തതിൽ പൊതു വിഭാഗം, എസ്.സി.എസ്.പി, ടി.എസ്.പി എന്നിവയുടെ ശതമാന വിഹിതം യഥാക്രമം 79 ശതമാനം, 18 ശതമാനം, 3 ശതമാനം എന്നിങ്ങനെയാണ്. 2016-17 വര്‍ഷത്തെ വികസന ഫണ്ട് വിനിയോഗത്തിന്റെ മേഖല തിരിച്ച് അവലോകനം ചെയ്താൽ പൊതു വിഭാഗത്തിൽ മൊത്തം അനുവദിച്ച തുകയുടെ 66 ശതമാനവും എസ്.സി.എസ്.പി ഫണ്ടിൽ അനുവദിച്ച തുകയുടെ 70 ശതമാനവും ടി.എസ്.പി ഫണ്ടിൽ അനുവദിച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചതായി കാണാം. മുന്‍ വര്‍ഷങ്ങളിൽ എല്ലാ തലത്തിലേയും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ എസ്.സി.എസ്.പി, ടി.എസ്.പി. വിഹിതങ്ങളിലെ ചെലവ് ശതമാനം കുറയുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. എന്നാൽ 2016-17 -ൽ എസ്.സി.എസ്.പി, ടി.എസ്.പി വിഭാഗത്തിലെ ചെലവ് ശതമാനം ജനറൽ വിഭാഗത്തെക്കാൾ കൂടുതലായിരുന്നു. ഇതൊരു മികച്ച നേട്ടമാണ്. 2016-17 വര്‍ഷത്തെ വിഭാഗം തിരിച്ചുള്ള ചെലവിന്റെ വിവരങ്ങൾ ചിത്രം 6.1.4 ലും അനുബന്ധം 6.1.5 -ലും അനുബന്ധം 6.1.6 -ലും നല്‍കിയിരിക്കുന്നു.

ചിത്രം 6.1.4
2016-17 ലെ വിഭാഗം തിരിച്ചുള്ള ചെലവിന്റെ വിവരങ്ങൾ (വിതരണം ചെയ്ത തുകയെ അടിസ്ഥാനമാക്കിയുള്ള ശതമാനം)
അവലംബം: ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍

മേഖലാതല വിശകലനം

തദ്ദേശ ഭരണ സ്ഥാപനങ്ങൾ അവയ്ക്ക് ലഭ്യമാകുന്ന ഫണ്ടുകൾ ഉല്പാദനം, സേവനം, പശ്ചാത്തലം എന്നിങ്ങനെ മൂന്ന് മേഖലകള്‍ക്കായാണ് വിഭജിച്ച് വകയിരുത്തുന്നത്. 2016-17 സാമ്പത്തിക വര്‍ഷം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആകെ ചെലവിൽ ഉല്പാദനം, സേവനം, പശ്ചാത്തലം എന്നീ മേഖലകളുടെ വിഹിതം യഥാക്രമം 11 ശതമാനം, 64 ശതമാനം, 25 ശതമാനം എന്നതാണ്. ഇതിൽ, ഉല്പാദന മേഖലയിൽ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അവലോകന വര്‍ഷത്തിൽ ചെലവ് വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. പക്ഷേ ഇത് ഇപ്പോൾ ഉല്പാദന മേഖലയ്ക്ക് നിശ്ചയിച്ചിട്ടുള്ള മേഖലാ വകയിരുത്തലിന്റെ കുറഞ്ഞ നിരക്കിനെക്കാളും വളരെ താഴെയാണ്. ഉല്പാദന മേഖലയിലെ ചെലവിൽ ഉണ്ടായിരിക്കുന്ന ഈ പുരോഗതി കാര്‍ഷികമേഖലയുടെയും അനുബന്ധ മേഖലകളുടെയും പുനര്‍ജീവനത്തിന്റെ സൂചന യാണ് നല്‍കുന്നത്. ഉല്പാദന മേഖലയിലെ ചെലവിൽ ഗ്രാമ പഞ്ചായത്തുകളുടെ കാര്യത്തിൽ പുരോഗതി ഉണ്ടായപ്പോൾ നഗര പ്രദേശങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിരാശാജനകമായ ചിത്രമാണ് കാണുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തെ മേഖല തിരിച്ചുള്ള ചെലവിന്റെ വിവരങ്ങൾ പട്ടിക 6.1.4 ലും 2015-16 -ലെയും 2016-17-ലെയും ഉപമേഖല തിരിച്ചുള്ള ചെലവ് വിവരങ്ങൾ അനുബന്ധം 6.1.5 -ലും 6.1.6 -ലും നല്‍കിയിരിക്കുന്നു.

പട്ടിക 6.1.4
2015-16 ലെയും 2016-17 ലെയും മേഖല തിരിച്ചുള്ള ചെലവ് ശതമാനം (ആകെ ചെലവിന്റെ അടിസ്ഥാനത്തിൽ)
തദ്ദേശഭരണ സ്ഥാപനങ്ങൾ 2015-16 2016-17
ഉല്പാദന മേഖല സേവന മേഖല പശ്ചാത്തല മേഖല ആകെ ഉല്പാദന മേഖല സേവന മേഖല പശ്ചാത്തല മേഖല ആകെ
ഗ്രാമ പഞ്ചായത്തുകൾ 8.81 53.21 37.98 100 12.22 63.73 24.05 100
ബ്ലോക്ക് പഞ്ചായത്തുകൾ 7.92 59.43 32.65 100 14.84 62.27 22.89 100
ജില്ലാ പഞ്ചായത്തുകൾ 6.93 60.43 32.64 100 14.73 67.71 17.55 100
നഗരസഭകൾ 5.27 51.37 43.35 100 7.25 61.94 30.81 100
കോര്‍പ്പറേഷനുകൾ 4.30 48.59 47.10 100 3.14 65.55 31.31 100
ആകെ 7.68 54.47 37.85 100 11.31 63.94 24.75 100
അവലംബം: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, 2017

ഉല്പാദന മേഖല

ഉല്പാദന മേഖലയിൽ പ്രധാനമായും ഉള്‍പ്പെടുന്ന ഉപ മേഖലകൾ കൃഷി, മൃഗസംരക്ഷണം, ജലസേചനം, ക്ഷീര വികസനം, വ്യവസായം, ഊര്‍ജ്ജ സംരക്ഷണം, മത്സ്യ ബന്ധനം തുടങ്ങിയവയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തിൽ ഉല്പാദന മേഖലയിൽ ആകെ 434.32 കോടി രൂപ വികസന ഫണ്ടിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. എല്ലാ തട്ടുകളിലെയും പ്രാദേശിക സര്‍ക്കാരുകൾ ചേര്‍ന്ന് ചെലവഴിച്ച മൊത്തം തുകയിൽ 44ശതമാനംതുകയുംവിനിയോഗിച്ചത് കൃഷി-അനുബന്ധ ഉപമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ്; അതായത് പ്രാദേശിക സര്‍ക്കാരുകൾ ഉല്പാദന മേഖലയിലെ മറ്റ് ഉപമേഖലകളെക്കാൾ കൂടുതൽ ശ്രദ്ധ നല്കിയിരിക്കുന്നത് കാര്‍ഷിക അനുബന്ധ മേഖലകളിലാണ്. അവലോകന കാലയളവിൽ വ്യവസായിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്ന് കാണാം. ത്രിതല പഞ്ചായത്തുകൾ പ്രത്യേകിച്ച് ഗ്രാമ പഞ്ചായത്തുകൾ ഉല്പാദന മേഖലയിൽ കൂടുതൽ പ്രാമുഖ്യം കാര്‍ഷിക മേഖലയ്ക്കും അതോടനുബന്ധിച്ച ഉപമേഖലയ്ക്കും നല്കിക്കൊണ്ട് കൂടുതൽ തുക ചെലവഴിച്ചിട്ടുണ്ട്. 2016-17 ലെ ഉല്പാദന മേഖലയിലെ ഉപമേഖലകളുടെ ചെലവിന്റെ വിവരങ്ങൾ ചിത്രം 6.1.5 -ലും അനുബന്ധം 6.1.7 -ലും നല്കിയിരിക്കുന്നു.

ചിത്രം 6.1.5
ഉല്പാദന മേഖലയിലെ ഉപമേഖല തിരിച്ചുള്ള ചെലവ് ശതമാനം 2016-17 (ഉല്പാദന മേഖലയിലെ ആകെ ചെലവിനെ അടിസ്ഥാനമാക്കി)

സേവന മേഖല

സേവന മേഖലയ്ക്കാണ് പ്രാദേശിക സര്‍ക്കാരുകൾ അവയുടെ പദ്ധതി വിഹിതത്തിൽ നിന്നും ഏറ്റവും കൂടുതൽ പദ്ധതി തുക വകയിരുത്തുന്നത്. സേവന മേഖലയിൽ പ്രധാനമായും ഉള്‍പ്പെടുന്ന ഉപമേഖലകൾ പാര്‍പ്പിടം, വിദ്യാഭ്യാസം, ശുചിത്വം, മാലിന്യ പരിപാലനം എന്നിവയാണ്. സേവന മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പ്രാദേശിക പൊതുഭരണ രംഗത്ത് നിര്‍ണ്ണായകമായ സ്ഥാനം ഉണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സേവന മേഖലയിലെ ഈ മുന്‍ഗണന ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക്നല്‍കുന്ന അടിസ്ഥാന സേവനങ്ങളുടെ ഗുണ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് കഴിയുന്നുണ്ട്. സേവന മേഖലയിലെ വികസന ഫണ്ട് വിനിയോഗം 2016-17 കാലയളവിൽ ഉല്പാദന പശ്ചാത്തല മേഖലകളെക്കാൾ മെച്ചപ്പെട്ടുകൊണ്ട് 64 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. 2016-17 കാലയളവിൽ സര്‍ക്കാര്‍ ഉത്തരവുപ്രകാരം സേവന മേഖലയിലെ സംഭാവനതുകയായി ചെലവഴിച്ച തുക 449.11 കോടി രൂപയാണ്. സേവനമേഖലയിൽ 2016-17 വര്‍ഷം മൊത്തം ചെലവഴിച്ച തുക 24,505.24 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാളും കൂടുതലാണ്. സേവന മേഖലയിൽ ചെലവഴിച്ച മൊത്തം തുകയുടെ സിംഹഭാഗവും പാര്‍പ്പിടത്തിനും അനുബന്ധ ചെലവുകള്‍ക്കുമാണ്. 434.76 കോടി രൂപ ഈ മേഖലകള്‍ക്ക് ചെലവഴിച്ചിട്ടുണ്ട്. ശുചിത്വവും മാലിന്യ സംസ്ക്കരണവും ആണ് സേവന മേഖലയിൽ പദ്ധതി തുക കൂടുതലായി ചെലവഴിച്ച (299.44 കോടി രൂപ) മറ്റൊരു ഉപമേഖല. വിദ്യാഭ്യാസ മേഖലയിലും പോഷകാഹാരത്തിനുമായി യഥാക്രമം 287.9 കോടി രൂപയും 198.01 കോടി രൂപയും യഥാക്രമം ചെലവഴിച്ചിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തെ സേവന മേഖലയിലെ ചെലവിന്റെ വിവരങ്ങൾ അനുബന്ധം 6.1.8 -ലും ചിത്രം 6.1.6 -ലും നല്‍കിയിരിക്കുന്നു.

ചിത്രം 6.1.6
സേവന മേഖലയിലെ ഉപമേഖല തിരിച്ചുള്ള ചെലവ് ശതമാനം 2016-17 (സേവന മേഖലയിലെ ആകെ ചെലവിന്റെ അടിസ്ഥാനമാക്കി)

പശ്ചാത്തല മേഖല

2016-17 സാമ്പത്തിക വര്‍ഷം തദ്ദേശ ഭരണ സ്ഥാപനങ്ങൾ അവയുടെ മൊത്തം ചെലവിന്റെ 25 ശതമാനമാണ് പശ്ചാത്തലമേഖലയിലെ പ്രവര്‍ത്തനങ്ങളായ വഴിവിളക്ക് സ്ഥാപിക്കൽ, ഗതാഗതം, പൊതു നിര്‍മ്മാണ പ്രവൃത്തികൾ എന്നിവയ്ക്കായി ചെലവഴിച്ചത്. 2015-16 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ പ്രാദേശിക സര്‍ക്കാരുകൾ 2016-17 -ൽ പശ്ചാത്തലമേഖലയിൽ ചെലവഴിച്ച വിഹിതത്തിൽ കുറവുണ്ടായിട്ടുണ്ട്. അതായത് ചെലവ് ശതമാനം 38 ശതമാനത്തിൽ നിന്നും 25 ശതമാനമായി കുറഞ്ഞു. പശ്ചാത്തലമേഖലയിലെ മൊത്തം ചെലവിൽ ഭൂരിഭാഗവും റോഡുകൾ, പാലങ്ങൾ എന്നിവ ഉള്‍പ്പെടുന്ന ഗതാഗത ഉപമേഖലയ്ക്കാണ് ചെലവഴിച്ചത്. പശ്ചാത്തലമേഖലയിൽ ആകെ 950.32 കോടി രൂപ എല്ലാ തലത്തിലെയും പ്രാദേശിക സര്‍ക്കാരുകൾ ചേര്‍ന്ന് ചെലവഴിച്ചതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ഗ്രാമപഞ്ചായത്തുകളും (492.44 കോടി രൂപ) തൊട്ടു പുറകിൽ മുനിസിപ്പാലിറ്റികളുമാണ് (164.77 കോടി രൂപ). 2016-17 ലെ പശ്ചാത്തല മേഖലയിലെ ഉപമേഖല തിരിച്ചുള്ള ചെലവിന്റെ വിശദാംശങ്ങൾ അനുബന്ധം 6.1.9 -ലും ചിത്രം 6.1.7 -ലും നല്‍കുന്നു.

ചിത്രം 6.1.7
2016-17 വര്‍ഷത്തെ പശ്ചാത്തല മേഖലയിലെ ഉപമേഖല തിരിച്ചുള്ള ചെലവ് ശതമാനം 2016-17 (പശ്ചാത്തല മേഖലയിലെ ആകെ ചെലവിനെ അടിസ്ഥാനമാക്കി)

പട്ടികജാതിക്കാര്‍ക്കുള്ള ഉപപദ്ധതിയും (എസ്.സി.എസ്.പി) പട്ടികവര്‍ഗ്ഗ ഉപപദ്ധതിയും (ടി.എസ്.പി)

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 46 പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തുകയും അവരുടെ താല്‍പര്യം സംരക്ഷിക്കുകയുമാണ് പട്ടിക ജാതിക്കാര്‍ക്കുള്ള പ്രത്യേക പദ്ധതിയുടെയും പട്ടിക വര്‍ഗ്ഗ ഉപപദ്ധതിയുടെയും ലക്ഷ്യം. ഭരണഘടനാ വ്യവസ്ഥപ്രകാരം സാമൂഹ്യനീതി ഉറപ്പു വരുത്തുവാനുള്ള സമഗ്രമായ നടപടികള്‍ വഴി ഒരു സമത്വാധിഷ്ഠിത ഭരണക്രമം നിര്‍മ്മിക്കുന്നതിന് സംസ്ഥാനങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും സാമൂഹ്യസമത്വം ശാക്തീകരിക്കുന്നതിന് ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുകയെന്നത് വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാകയാല്‍ പ്രത്യേക ഘടക പദ്ധതികള്‍ക്കുള്ള ധന വിനിയോഗം കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ അതീവ പ്രാധാന്യമാണുള്ളത്.

സംസ്ഥാനത്തെ മൊത്തം പട്ടികജാതി/പട്ടികവര്‍ഗ്ഗ ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടാണ് സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്നും എസ്.സി.പിയ്ക്കും ടി.എസ്.പിയ്ക്കും പദ്ധതി വിഹിതം വകയിരുത്തുന്നത്. മൊത്തം എസ്.സി.പി/ ടി.എസ്.പി വിഹിതത്തിൽ ‍നിന്നും, ഒരു നിശ്ചിത ശതമാനം തുക വികേന്ദ്രീകൃതാസൂത്രണ പദ്ധതികളുടെ നടത്തിപ്പിലേക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടി വകയിരുത്തുന്നു. പന്ത്രണ്ടാം പദ്ധതി കാലയളവില്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പദ്ധതികള്‍ക്കായി വകയിരുത്തിയ വിഹിതത്തിന്റെയും ചെലവിന്റെയും കണക്കുകള്‍ പട്ടിക 6.1.5 -ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക: 6.1.5
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള എസ്.സി.എസ്.പി/റ്റി.എസ്.പി വകയിരുത്തലും ചെലവും (2012-13 മുതല്‍ 2016-17 വരെ (രൂപ കോടിയില്‍)
വര്‍ഷം എസ്.സി.എസ്.പി റ്റി.എസ്.പി
ബഡ്ജറ്റ് വിഹിതം ചെലവ്* ബഡ്ജറ്റ് വിഹിതം ചെലവ്*
2012-13 739.46 661.58 110.98 99.65
2013-14 828.2 882.49 124.3 136.89
2014-15 927.58 811.56 139.21 121.61
2015-16 927.58 857.03 139.21 149.78
2016-17 1038.90* 726.02 156.00 124.69
ആകെ 4461.72 3938.68 669.7 632.62
*പുതുക്കിയ വകയിരുത്തല്‍ 1039.29 കോടി രൂപ
അവലംബം: ബഡ്ജറ്റ് അനുബന്ധം IV & ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, 2017

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പട്ടിക ജാതിക്കാര്‍ക്കുള്ള ഉപപദ്ധതി, പട്ടിക വര്‍ഗ ഉപപദ്ധതി വിനിയോഗത്തില്‍ അവലോകന വര്‍ഷം (2016-17) കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രത്യേക ഘടക പദ്ധതിയുടെ കാര്യത്തില്‍ വിതരണം ചെയ്ത തുകയുടെ 70 ശതമാനം ചെലവഴിച്ചു. അതേ സമയം പട്ടിക വര്‍ഗ ഉപപദ്ധതി വിഹിതത്തിലെ ചെലവ് 80 ശതമാനമാണ്. ഇത് കാര്യക്ഷമമായ ഫണ്ട് വിനിയോഗത്തിന്റെ സൂചനയാണ് നല്‍കുന്നത്. പട്ടിക ജാതിക്കാര്‍ക്കുള്ള ഉപപദ്ധതി വിനിയോഗത്തിലെ വിവിധ തട്ടുകളിലെ ചെലവ് സംബന്ധിച്ച കണക്കുകള്‍ കാണിക്കുന്നത് ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വിനിയോഗത്തില്‍ മുന്നിലാണെന്നാണ്. അതേ സമയം പട്ടികവര്‍ഗ ഉപപദ്ധതിയുടെ വിനിയോഗത്തില്‍ ജില്ലാ പഞ്ചായത്തുകളാണ് മുന്നില്‍. കോര്‍പ്പറേഷനുകള്‍, പട്ടിക ജാതിക്കാര്‍ക്കുള്ള ഉപപദ്ധതി, പട്ടിക വര്‍ഗ ഉപപദ്ധതി ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല (അനുബന്ധം 6.1.4).

പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളുടെ നിർവ്വഹണം

വനിതാ ഘടകപദ്ധതിയും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള (വൃദ്ധര്‍, കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, സാന്ത്വന പരിചരണം ആവശ്യമുള്ളവര്‍) പദ്ധതിയുമാണ് കേരളത്തിലെ വികേന്ദ്രീകരണത്തിന്റെ ഒരു സവിശേഷത. 2016-17 വാര്‍ഷിക പദ്ധതിയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മൊത്തം പദ്ധതി വിഹിതത്തിന്റെ കുറഞ്ഞത് 10 ശതമാനം തുക വനിതാ ഘടകപദ്ധതിക്കും 5 ശതമാനം തുക കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരുടെ പ്രത്യേക പദ്ധതിക്കും 5 ശതമാനം തുക വയോജനങ്ങള്‍, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍ എന്നിവരുടെ പദ്ധതിക്കും നിര്‍ബന്ധമായും വകയിരുത്തണം.

2016-17-ല്‍ ആകെ ചെലവിലെ വനിതാ ഘടക പദ്ധതിയുടെ ചെലവ് 9.5 ശതമാനമാണ്. ഇത് നിര്‍ബന്ധമായും ചെലവഴിക്കേണ്ട 10 ശതമാനത്തില്‍ അല്‍പം കുറവാണെന്ന് കാണാം. കുട്ടികളുടെ പദ്ധതിക്ക് 3.5 ശതമാനവും ഭിന്നശേഷിയുള്ളവരുടെ പദ്ധതിക്ക് 2.3 ശതമാനവും തുക ചെലവഴിച്ചിട്ടുണ്ട്. 2016-17-ല്‍ പ്രത്യേക പദ്ധതികള്‍ക്ക് ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പട്ടിക 6.1.6 -ല്‍ നല്‍കുന്നു. വിവിധ തലങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2015-16 -ലെയും 2016-17 -ലെയും ചെലവ് വിവരങ്ങള്‍ അനുബന്ധം 6.1.10 -ലും അനുബന്ധം 6.1.11 -ലും നല്‍കുന്നു.

പട്ടിക 6.1.6
പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ (2016-17)
പ്രത്യേക പദ്ധതികള്‍ ചെലവ് (രൂപ കോടിയില്‍) (ആകെ ചെലവിന്റെ ശതമാനം)
വനിതാ ഘടക പദ്ധതി 366.35 (ആകെ ചെലവിന്റെ ശതമാനം)
കുട്ടികള്‍ക്കായുള്ള പദ്ധതി 134.72 3.5
വയോജന പദ്ധതി 56.88 1.2
ഭിന്നശേഷിയുള്ളവര്‍ക്കുള്ള പദ്ധതി 89.8 2.3
സാന്ത്വന പരിരക്ഷ 66.61 1.7
യുവജനക്ഷേമം 77.55 2.0
*അവലംബം: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍,2017

ജില്ലാ ആസൂത്രണ സംവിധാനത്തിന്റെ ശാക്തീകരണം

ജില്ലയ്ക്ക് മൊത്തത്തില്‍ ബാധകമായ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനും, അതിനുതാഴെ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി ഭരണ ഘടനയുടെ അനുശ്ചേദം 243 ZD പ്രകാരം ഓരോ ജില്ലയിലും ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. വികേന്ദ്രകൃതാസൂത്രണത്തിന്റെ ആദ്യകാലം മുതല്‍ തന്നെ ഒരു ജില്ലയുടെ ഏകോപിതവും അര്‍ത്ഥവത്തുമായ വികസന തന്ത്രമായി ജില്ലാ ആസൂത്രണം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ 14 ജില്ലകളിലും ജില്ലാ ആസൂത്രണ സമിതികള്‍ നിലവിലുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളുടെ രൂപീകരണത്തിന് മേല്‍നോട്ടം വഹിക്കല്‍, അംഗീകാരം, പദ്ധതി രൂപീകരണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍, പദ്ധതി നടത്തിപ്പിന്റെ മോണിട്ടറിംഗ്, തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ ജില്ലാതലത്തില്‍ സംയോജിപ്പിക്കല്‍, സംസ്ഥാന പദ്ധതിയുമായി ബന്ധിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് ജില്ലാ ആസൂത്രണസമിതി പ്രധാന പങ്ക് വഹിക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തലവനും ജില്ലാകളക്ടര്‍ മെമ്പര്‍സെക്രട്ടറിയും ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ഒരു സംവിധാനമാണ് ജില്ലാ ആസൂത്രണ സമിതി. എല്ലാ എം.പിമാരും എം.എല്‍എമാരും ജില്ലാ ആസൂത്രണ സമിതിയിലെ സ്ഥിരം ക്ഷണിതാക്കളും ജില്ലാതല ഉദ്യോഗസ്ഥര്‍ എക്സ്-ഒഫീഷ്യോ ജോയിന്റ് സെക്രട്ടറിമാരുമാണ്. സംസ്ഥാനത്ത് എല്ലാ ജില്ലാ ആസൂത്രണ സമിതികളും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നു. ഏകോപന ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ആസൂത്രണസമിതിയുടെ യോഗങ്ങള്‍ നടത്തുന്നതിനും, അജണ്ട തയ്യാറാക്കുന്നതിനും യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കുന്നതിനും മറ്റ് സെക്രട്ടേറിയറ്റ് ചുമതലകള്‍ നിറവേറ്റുന്നതിനും മെമ്പര്‍ സെക്രട്ടറിയെ സഹായിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് പൊതു തിരഞ്ഞെടുപ്പു നടക്കുന്നതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മുടക്കമില്ലാതെ വ്യവസ്ഥാനുസരണം ഡി.പി.സി പുനഃസംഘടിപ്പിക്കുന്നു. എറണാകുളം, തൃശ്ശുര്‍, കാസര്‍ഗോഡ്, വയനാട്, കണ്ണുര്‍, ആലപ്പുഴ, എന്നീ ജില്ലകളില്‍ ജില്ലാ ആസൂത്രണ സമിതി മന്ദിരങ്ങളുടെ പണി പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിലെ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗതിയിലാണ്.

ബോക്സ് 6.1.2
കേരള ലോക്കല്‍ ഗവണ്മെിന്റു് സർവ്വീസ് ഡെലിവറി പ്രോജക്ട് (കെ.എല്‍.ജി.എസ്.ഡി.പി)

2011-12 സാമ്പത്തിക വർഷ്മാണ് ലോക ബാങ്ക് ധനസഹായത്തോടെയുള്ള കേരള ലോക്കല്‍ ഗവണ്മെമന്റു് സർവ്വീസ് ഡെലിവറി പ്രോജക്ട് കേരളത്തില്‍ ആരംഭിച്ചത്. ഈ പദ്ധതിയുടെലക്ഷ്യം മികച്ചതും സുസ്ഥിരമായതുമായ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിന് കേരളത്തിലെ പ്രാദേശിക ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ്. ഈ പദ്ധതി 2011 മുതല്‍ 2015 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ നടപ്പാക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ഡിസംബര്‍ 2017 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. ഈ പദ്ധതിയുടെ നാല് പ്രധാന ഘടകങ്ങള്‍ (1) ഗ്രാമ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഉള്ള പെർഫോമൻസ് ഗ്രാന്റ് (2) കാര്യശേഷി വികസനം (3) സംസ്ഥാനതല മോണിട്ടറിംഗ് സംവിധാനം ശക്തിപ്പെടുത്തല്‍ (4) പ്രോജക്ട് മാനേജ്മെന്റ് എന്നിവയാണ്. പെർഫോമൻസ് ഗ്രാന്റിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 2017 മാർച്ച് 31 വരെ വിവിധ മേഖലകളിലായി 40,000 പ്രോജക്ടുകള്‍ പൂർത്തിയാക്കുകയും സ്ഥായിയായ ആസ്തികളുടെ സംരക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ബഡ് സ്ക്കൂളുകള്ക്കുയള്ള കെട്ടിടങ്ങള്‍, റോഡ് നിർമ്മാണം, ബസ് സ്റ്റേഷനുകള്‍, ചെക്ക് ഡാമുകള്‍, അങ്കണവാടികള്‍, മത്സ്യ മാർക്കറ്റുകള്‍ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ പ്രോജക്ടുകള്‍ ലോക ബാങ്കിന്റെ വാങ്ങള്‍ നടപടിക്രമങ്ങളനുസരിച്ചും പാരിസ്ഥിതിക സാമൂഹിക പരിപാലന ചട്ടക്കൂടിന്റെ മാനദണ്ഡങ്ങൾക്കസനുസരണമായിട്ടാണ് പൂർത്തിയാക്കിയത്.

പട്ടിക 6.1.7
കെ.എല്‍.ജി.എസ്.ഡി.പിയുടെ പുതുക്കിയ പ്രോജക്ട് വിഹിതം (രൂപ കോടിയില്‍)
ഘടകങ്ങള്‍ കേരള സര്‍ക്കാര്‍ ലോക ബാങ്ക് ആകെ
പെര്‍ഫോര്‍മന്‍സ് ഗ്രാന്റ് 471.32 1,019.59 1,490.91
കാര്യശേഷി വികസനം 0.00 73.75 73.75
സംസ്ഥാനതല മോണിട്ടറിംഗ് സംവിധാനം ശക്തിപ്പെടുത്തല്‍ 0.00
പ്രോജക്ട് മാനേജ് മെന്റ് 0.00
ആകെ പ്രോജക്ട് തുക 471.32 1,093.34 1,564.66
പട്ടിക 6.1.8
കെ.എല്‍.ജി.എസ്.ഡി.പി ഘടകങ്ങള്‍ തിരിച്ചുള്ള ചെലവ് (31.03.2017 വരെ) (രൂപ കോടിയില്‍)
ഘടകങ്ങള്‍ 2011-12 2012-13 2013-14 2014-15 2015-16 2016-17 ആകെ
പെര്‍ഫോര്‍മന്‍സ് ഗ്രാന്റ് 93.54 190.35 271.19 115.30 276.57 217.95 1164.90
കാര്യശേഷി വികസനം 0.09 2.82 4.18 3.14 2.49 7.27 19.99
സംസ്ഥാനതല മോണിട്ടറിംഗ് സംവിധാനം ശക്തിപ്പെടുത്തല്‍ 0.02 0.49 0.53 0.59 0.90 1.32 3.85
പ്രോജക്ട് മാനേജ് മെന്റ് 1.02 1.99 5.02 4.04 2.95 3.64 18.66
ആകെ 94.67 195.6 280.92 123.07 282.91 230.18 1207.4