എല്ലാ ജനങ്ങള്‍ക്കും എല്ലായിപ്പോഴും സജീവവും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതം നയിക്കുന്നനായി ഭക്ഷണാഭിരുചിയും ആഹാരാവശ്യങ്ങളും നിറവേറ്റത്തക്ക രീതിയില്‍ മതിയായതും സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണത്തിന്റെ ഭൗതിക, സാമൂഹിക, സാമ്പത്തിക പ്രാപ്യതയുണ്ടെങ്കില്‍ ഭക്ഷ്യസുരക്ഷ നിലനില്‍ക്കുന്നുവെന്ന് പറയാം. ലഭ്യത, പ്രാപ്യത, ഉപയുക്തത, സ്ഥിരത എന്നിവയാണ് ഭക്ഷ്യസുരക്ഷയുടെ നാല് സ്തംഭങ്ങള്‍. ഭക്ഷ്യസുരക്ഷ എന്ന ആശയത്തില്‍ പോഷകാഹാരം, എന്നത് സമന്വയിച്ചിരിക്കുന്നു. ‘വിശപ്പുരഹിതസമൂഹം’ എന്ന ലക്ഷ്യം നേടുന്നതിനായി വിശപ്പ് അവസാനിപ്പിക്കല്‍, ഭക്ഷ്യസുരക്ഷയും മെച്ചപ്പെട്ട പോഷകാഹാരവും സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കല്‍ എന്നിവയെ ഐക്യരാഷ്ട്രസഭ സുസ്ഥിരവകസന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ച് കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ഒരു വിശപ്പുരഹിത സംസ്ഥാനമാക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക ഭക്ഷ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 2016-ലെ കണക്കനുസരിച്ച് ലോകത്താകമാനം ഭക്ഷ്യദൗർലഭ്യം അനുഭവപ്പെടുന്ന ജനതയുടെ എണ്ണം 815 ദശലക്ഷമായി വര്‍ദ്ധിച്ചിട്ടുണ്ട്. അതില്‍ 520 ദശലക്ഷംപേര്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് താമസിക്കുന്നത്. 2011-12 -ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 264.9 ദശലക്ഷം പേര്‍ ദരിദ്രരാണ്. കൂടാതെ, ഇന്ത്യയില്‍ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണത്തില്‍ കലോറിയുടെയും പ്രോട്ടീന്റെയും അളവ് ഗ്രാമപ്രദേശങ്ങളില്‍ സാധാരണനിരക്കിനേക്കാള്‍ കുറവാണ്. ഭക്ഷ്യകാര്‍ഷിക സംഘടനയുടെ സ്റ്റേറ്റ് ഓഫ് ഫുഡ് ഇന്‍ സെക്യുരിറ്റി (2015) അനുസരിച്ച് ലോകത്തെ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന ജനതയില്‍ (194.6 മില്യണ്‍) രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഇത് ലോക ജനസംഖ്യയില്‍ പോഷകാഹാരക്കുറവ് നേരിടുന്നവരുടെ 15.2 ശതമാനം വരും. ഇന്ത്യയിലെ 120 കോടി വരുന്ന ജനസംഖ്യയുടെ മൂന്നിൽ രണ്ടിനും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി ദാരിദ്ര്യത്തിന്റെ വ്യാപ്തികുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ഇന്ത്യാഗവണ്മെന്റ് ഭക്ഷ്യ ഭദ്രതാനിയമം 2013 -ല്‍ പാസ്സാക്കുകയുണ്ടായി.
ഭക്ഷ്യോല്പാദനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മൊത്തം ഭക്ഷ്യാവശ്യത്തിന്റെ 15 ശതമാനം മാത്രമേ സംസ്ഥാനത്തിനകത്ത് ഉല്പാദിപ്പിക്കുന്നുള്ളു. പച്ചക്കറിയുടെ കാര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളെ നാം വളരെയധികം ആശ്രയിക്കുന്നു. ഭക്ഷ്യസുരക്ഷയും കാര്‍ഷിക ഉല്പാദനസ്ഥിരതയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. അതിനാല്‍ ഭക്ഷ്യ സബ്സിഡിയ്ക്കൊപ്പംതന്നെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കാര്‍ഷികോല്പാദന സ്ഥിരതയിലും വിതരണശൃംഖലാ മേല്‍നോട്ടത്തിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങള്‍, ഗുണഭോക്താക്കളുടെ അവബോധം എന്നിവയിലെല്ലാം കേരളം വളരെ പുരോഗതി പ്രാപിച്ചെങ്കിലും ‘വിശപ്പ് രഹിത കേരളം’ എന്ന ലക്ഷ്യം സഫലീകരിക്കുന്നതിനായി ഏറ്റവും ദുര്‍ബല വിഭാഗത്തിന്റെയും പോഷകാഹാര സുരക്ഷ ഉറപ്പാക്കേണ്ടതാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ജീവിതചക്ര സമീപനത്തിലൂടെ ഭക്ഷ്യസുരക്ഷയില്‍ എത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പരിപാടികളായ പൊതുവിതരണ സംവിധാനം, ഐ.സി.ഡി.എസ്., ഉച്ചഭക്ഷണപരിപാടി എന്നിവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സംയോജിപ്പിക്കുകയും ആധുനികവല്‍കരിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ആവശ്യക്കാര്‍ക്ക് വളരെകുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കിക്കൊണ്ട് ഒരു വിശപ്പ് രഹിത സംസ്ഥാനമായി (ബോക്സ് 2.1) കേരളത്തെ മാറ്റുകയെന്നത് പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. നവ കേരള മിഷന്റെ നാല് ഉപഘടകങ്ങളിലൊന്നായ ഹരിതകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭക്ഷ്യ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
സുസ്ഥിര വികസനത്തിനുവേണ്ടി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030 എന്നത് ലോക നേതാക്കള്‍ സെപ്തംബര്‍ 2015-ല്‍ അംഗീകരിച്ചു. 2030-ല്‍ നേടത്തക്കരീതിയില്‍ കൃത്യമായി നിര്‍വ്വചിക്കപ്പെട്ട 5 ലക്ഷ്യങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളിലുള്ളത്. വിശപ്പ് അവസാനിപ്പിക്കുകയും എല്ലാവര്‍ക്കും സുരക്ഷിതവും പോഷക സമൃദ്ധവും ആവശ്യമായതുമായ ഭക്ഷണത്തിന്റെ പ്രാപ്യത വര്‍ഷം മുഴുവന്‍ ഉറപ്പുവരുത്തുക, എല്ലാത്തരത്തിലുമുള്ള പോഷകക്കുറവും അവസാനിപ്പിക്കുക, ചെറുകിട കര്‍ഷകരുടെ വരുമാനവും ഉല്പാദനവും ഇരട്ടിയാക്കുക, സുസ്ഥിരമായ ഭക്ഷ്യ ഉല്പാദന വ്യവസ്ഥ ഉറപ്പുവരുത്തുക, വിത്തിന്റെ ജനിതക വൈവിധ്യം നിലനിര്‍ത്തുകയും, മൃഗങ്ങളെ വളര്‍ത്തുകയും ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്യുക എന്നിവയാണ് അവ.
2030 ഓടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും പോഷകാഹാരക്കുറവിന്റെ എല്ലാ രൂപങ്ങളും ഇല്ലാതാക്കുക എന്നതാണ് വിശപ്പ് രഹിത ചട്ടക്കൂട് 2030 -ന്റെ അജണ്ട. ആവശ്യക്കാര്‍ക്ക് ദിനംപ്രതി ഒരു നേരത്തെ ഭക്ഷണം സൗജന്യമായി പ്രദാനം ചെയ്യുന്നതിനുദ്ദേശിച്ചുള്ള പദ്ധതി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ചിട്ടുണ്ട്. 2017-18 മുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ജില്ലകളില്‍ മുന്‍പരിചയമുള്ള കുടുംബശ്രീയുടേയും മറ്റ് സന്നദ്ധസംഘടനകളുടേയും സര്‍ക്കാരിതര സംഘടനകളുടെയും സഹായത്തോടെ നടപ്പാക്കുന്നതാണ്. സംസ്ഥാന ഗവണ്മെന്റ് നയത്തെ പിന്തുടര്‍ന്ന് നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013
120 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ ഏകദേശം മൂന്നില്‍ രണ്ടിനും കുറഞ്ഞനിരക്കില്‍ ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ദേശീയ ഭക്ഷ്യഭദ്രതാനിയമം 2013 ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കി. ഒരു വ്യക്തിക്ക് ഒരു മാസം 5 കിലോ എന്ന കണക്കിന് രാജ്യത്തെ 75 ശതമാനം ഗ്രാമീണരും 50 ശതമാനം നഗരവാസികളും ഉള്‍പ്പെടുന്ന രീതിയിലാണ് ഈ നിയമം. അന്ത്യോദയ അന്നയോജന കുടുംബങ്ങള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായതിനാലും നിലവില്‍ പ്രതിമാസം 35 കി.ഗ്രാം ഭക്ഷ്യധാന്യം ലഭിക്കുന്നതിനാലും എ.എ.വൈ കാര്‍ഡുടമകള്‍ക്ക് തുടര്‍ന്നും പ്രതിമാസം 35 കി.ഗ്രാം ഭക്ഷ്യധാന്യം ലഭിക്കുന്നതാണ്. കേരളത്തില്‍ 2016-ല്‍ ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കിയത് മുതല്‍ സര്‍ക്കാര്‍ ആ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുകയാണ്. 2017-18 ലെ വാര്‍ഷിക പദ്ധതിയില്‍ 117 കോടി രൂപ ഇതിലേയ്ക്കായി നീക്കിവച്ചിട്ടുണ്ട്. വിതരണ ശൃംഗല രൂപപ്പെടുത്തലും ഇ-പോസ് യന്ത്രങ്ങളുടെ സ്ഥാപിക്കലും 2017 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാവും.
പരമാവധിപേരെ ഉള്‍പ്പെടുത്തുന്ന രീതിയില്‍ പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമം ശ്ലാഘനീയമാണ്. കേരളം വിഭാവനംചെയ്ത രീതിയില്‍ എന്‍.എഫ്.എസ്.എ. നടപ്പാക്കുകയാണെങ്കില്‍ പൊതുവിതരണ സമ്പ്രദായം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ചെലവ് വളരെ ഉയര്‍ന്നതായിരിക്കും. ഈ വെല്ലുവിളി നേരിടുന്നതിന് സംസ്ഥാനത്തിന് സഹായകരമാകുന്ന ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. വിളവെടുപ്പിന് ശേഷമുള്ള ഭക്ഷ്യധാന്യ നഷ്ടം കുറയ്ക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ ഭക്ഷ്യധാന്യ ചോര്‍ച്ച തടയുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.
റേഷന്‍കാര്‍ഡ് വിതരണം
ഇന്ത്യാഗവണ്മെന്റിന്റെ 1955 -ലെ അവശ്യവസ്തു നിയമപ്രകാരം 1965 ജൂലായ് 1 ന് പൊതുവിതരണ സമ്പ്രദായം നിലവില്‍വന്നു. കേന്ദ്രപൂളില്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യം കൃത്യസമയത്തും കാര്യക്ഷമമായും എടുക്കുന്നതോടൊപ്പം സംസ്ഥാനത്തെ 14,335 റേഷന്‍കടകളിലൂടെ ഇവ വിതരണം ചെയ്യുന്നത് ഉറപ്പാക്കേണ്ടതും പൊതുവിതരണ സമ്പ്രദായത്തിന്റെ ഒരു പ്രധാന ചുമതലയാണ്. സാർവ്വത്രിക റേഷന്‍ സമ്പ്രദായം’ നടപ്പിലാക്കുന്നതില്‍ കേരളം മികച്ചനേട്ടം കൈവരിച്ചിട്ടുണ്ട്.
കേരളത്തിലെ റേഷന്‍കാര്‍ഡുടമകളുടെ എണ്ണം 2015-16-ലെ 83.14 ലക്ഷത്തിൽ നിന്നും 2016-17-ല്‍ 80.24 ലക്ഷമായി കുറഞ്ഞു. ആകെയുള്ള 80.24 ലക്ഷം കാര്‍ഡുടമകളില്‍ 35.08 ലക്ഷം കാര്‍ഡുകള്‍ എന്‍.എഫ്.എസ്.എ. വിഭാഗത്തിലും (മുന്‍ഗണന) 45.16 ലക്ഷം നോണ്‍ എന്‍.എഫ്.എസ്.എ. (മുന്‍ഗണനേതര) വിഭാഗത്തിലും വരുന്നു. എന്‍.എഫ്.എസ്.എ. വിഭാഗത്തില്‍ 5.96 ലക്ഷം എ.എ.വൈ.കാര്‍ഡുടമകളും 5,726 അന്നപൂര്‍ണ്ണ കാര്‍ഡുടമകളും ഉള്‍പ്പെടുന്നു. എന്‍.എഫ്.എസ്.എ. ഇതര വിഭാഗത്തില്‍ 29.35 ലക്ഷം മുന്‍ഗണനേതര സബ്സിഡി കാര്‍ഡുടമകളും 15.80 ലക്ഷം മുന്‍ഗണനേതര കാര്‍ഡുടമകളും ഉള്‍പ്പെടുന്നു. ഭക്ഷ്യ ഭദ്രതാനിയമം 2013 നടപ്പാക്കിയതോടെ കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തില്‍ വലിയ പരിവര്‍ത്തനം വന്നു. കേരളത്തില്‍ നാല് നിറങ്ങളോടെ നാല്തരം റേഷന്‍കാര്‍ഡുകള്‍ നിലവില്‍ വന്നു. എ.എ.വൈ. കാര്‍ഡുകള്‍ മഞ്ഞനിറത്തിലും മുന്‍ഗണനാകാര്‍ഡുകള്‍ പിങ്ക്നിറത്തിലും മുന്‍ഗണനേതര സബ്സിഡി കാര്‍ഡുകള്‍ നീലനിറത്തിലും മുന്‍ഗണനേതര കാര്‍ഡുകള്‍ വെള്ളനിറത്തിലുമാണ് തയ്യാറാക്കിയിരിക്കുന്നത്. (ചിത്രം 2.7 കാണുക). ഇത് കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി കുറഞ്ഞനിരക്കില്‍ ഭക്ഷ്യധാന്യം നല്കുന്നതിനായി 6,044 കാര്‍ഡുകള്‍കൂടി വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തിലെ ആകെ 80.19 ലക്ഷം കുടുംബങ്ങളില്‍നിന്നും 35.03 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി എന്‍.എഫ്.എസ്.എ. സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്കുന്നതിനായി 1.54 കോടി അംഗങ്ങളുള്ള ഒരു ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി. ശേഷിച്ച 1.87 കോടി അംഗങ്ങളുള്‍പ്പെടുന്ന 45.16 ലക്ഷം കുടുംബങ്ങളില്‍നിന്നും 29.35 ലക്ഷം (1.21 കോടി അംഗങ്ങള്‍) കുടുംബങ്ങളെ സംസ്ഥാന സബ്സിഡി വിഭാഗത്തിലുള്‍പ്പെടുത്തി. റേഷന്‍കാര്‍ഡിന്റെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും ഇനം തിരിച്ച് പട്ടിക 2.5 -ല്‍ നല്കിയിരിക്കുന്നു. 2016-17 -ല്‍ കേരളാഗവണ്മെന്റ് വിവിധ വിഭാഗങ്ങള്‍ക്കുനല്കിയ സബ്സിഡിയുടെ വിവരങ്ങള്‍ അനുബന്ധം 2.38 -ല്‍ നൽകിയിരിക്കുന്നു.
ക്രമ നം. | വിഭാഗം | റേഷന്‍കാര്‍ഡിന്റെ എണ്ണം | അരി | ഗോതമ്പ് | ആട്ട |
1 | എ.എ.വൈ. | 595,800 | 28 കി.ഗ്രാം/ മാസം - സൗജന്യം | 7 കി.ഗ്രാം/ മാസം - സൗജന്യം | |
2 | മുന്‍ഗണന | 2,906,709 | 4 കി.ഗ്രാം/ മാസം/അംഗം - സൗജന്യം | 1 കി.ഗ്രാം/ മാസം/അംഗം - സൗജന്യം | |
3 | മുന്‍ഗണനേതര സബ്സിഡി | 2,935,436 | 2 കി.ഗ്രാം/ മാസം/അംഗം 2 രൂപ നിരക്കില്‍ | 1 കി.ഗ്രാം/ മാസം 15 രൂപ നിരക്കില്‍ | |
4 | മുന്‍ഗണനേതരം | 1,580,085 | കി.ഗ്രാമിന് 8.90 രൂപ നിരക്കില്‍ ലഭ്യതയ്ക്ക് അനുസരിച്ച് | കി.ഗ്രാമിന് 6.70രൂപ നിരക്കില്‍ ലഭ്യതയ്ക്ക് അനുസരിച്ച് | 2 കി.ഗ്രാം/ മാസം 15 രൂപ നിരക്കില്‍ |
5 | അന്നപൂര്‍ണ്ണ | 5,726 | 10 കി.ഗ്രാം/ മാസം - സൗജന്യം | ||
സ്രോതസ്: സിവില്‍ സപ്ലൈസ് വകുപ്പ് 2017 |
വ്യത്യസ്ത വിഭാഗം കാര്‍ഡുടമകള്‍ക്ക് കേരള സര്‍ക്കാര്‍ ചെലവഴിച്ച സബ്സിഡി
2016-17-ല്‍ മൊത്തം 48,163.87 ലക്ഷം രൂപ സബ്സിഡിയായി നല്കിയതില്‍ 7,305.21 ലക്ഷം രൂപ എ.എ.വൈ. കാര്‍ഡുടമകള്‍ക്കും (15.17 ശതമാനം) 21,384.76 ലക്ഷം രൂപ മുന്‍ഗണനാ കാര്‍ഡുടമകള്‍ക്കും (44.40 ശതമാനം) 19,472.72 ലക്ഷം (40.43 ശതമാനം) മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്കുമായി ചെലവഴിച്ചു. (ചിത്രം 2.8, അനുബന്ധം 2.38 എന്നിവ കാണുക) 2016-17 –ല്‍ എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച അരി 4.05 ലക്ഷം ടണ്ണും ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് 4.29 ലക്ഷം ടണ്ണുമായിരുന്നു. 2017-18-ല്‍, 2017 ആഗസ്റ്റ് 31, വരെ, എ.എ.വൈ., എ.എന്‍.പി. കാര്‍ഡുടമകള്‍ക്കായി 2.14 ലക്ഷം ടണ്‍ അരിയും 0.53 ലക്ഷം ടണ്‍ ഗോതമ്പും വിതരണം ചെയ്തിട്ടുണ്ട്. അതേ സമയം, മുന്‍ഗണനേതര വിഭാഗത്തിന് 1.37ലക്ഷം ടണ്‍ അരിയും, 0.12 ലക്ഷം ടണ്‍ ഗോതമ്പും വിതരണം ചെയ്തിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണംചെയ്ത സാധനങ്ങളുടെ വിവരങ്ങള്‍ അനുബന്ധം 2.39 -ലും എ.എ.വൈ., എ.എന്‍.പി. വിഭാഗങ്ങള്‍ക്ക് 2017 ആഗസ്റ്റ് 31, വരെ നല്കിയ ഭക്ഷ്യധാന്യത്തിന്റെ വിവരങ്ങള്‍ അനുബന്ധം 2.40 -ലും നല്‍കിയിട്ടുണ്ട്.
അന്ത്യോദയ അന്നയോജന (എ.എ.വൈ.) യും അന്നപൂര്‍ണ്ണ പദ്ധതിയും (എ.എന്‍.പി.)
എന്‍.എഫ്.എസ്.എ. വിഭാഗത്തില്‍പ്പെടുന്നവരിലെ ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് ഒരു മാസം 35 കി.ഗ്രാം. ഭക്ഷ്യധാന്യം നൽകുന്ന ഈ പദ്ധതി 2001 ഡിസംബര്‍ 25 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നു. കേരളത്തില്‍ അന്ത്യോദയ അന്നയോജന കാര്‍ഡുടമകളുടെ എണ്ണം 2015-16-ല്‍ 5.82 ലക്ഷം ആയിരുന്നത് 2016-17-ല്‍ 5.96 ലക്ഷമായി. 2016-17 -ല്‍ എ.എ.വൈ. പദ്ധതിയുടെ കീഴില്‍ ഇന്ത്യാ ഗവണ്മെന്റ് കേരളത്തിനായി 230,022 ടണ്‍ അരിയാണ് അനുവദിച്ചത്. ഈ പദ്ധതിപ്രകാരം ഒരു കിലോയ്ക്ക് മൂന്നു രൂപ നരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യധാന്യം ലഭ്യമാക്കുന്നത്. എന്നാല്‍ സംസ്ഥാന ഗവണ്മെന്റ് അതിന്റെ സബ്സിഡി ഉള്‍പ്പെടുത്തി സൗജന്യ നിരക്കിലാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. (അനുബന്ധം 2.38).
അന്നപൂര്‍ണ്ണ പദ്ധതിയില്‍ 65 വയസ് പ്രായമുള്ള, ക്ഷേമപെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്ത അഗതികളായവര്‍ക്ക് പ്രതിമാസം 10 കി.ഗ്രാം അരി സൗജന്യമായി നല്‍കുന്നു. കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ച ഗുണഭോക്താക്കളുടെ എണ്ണം 44,980 ആണ്. 2015-16 -ല്‍ സംസ്ഥാന ഗുണഭോക്താക്കളുടെ എണ്ണം 23,322 ആയിരുന്നു. 2017 മാർച്ച് 31 -ലെ കണക്ക് പ്രകാരം ഇത് 5,726 ആണ്. 2016-17 -ല്‍ അന്ത്യോദയ അന്നയോജന, അന്നപൂര്‍ണ്ണ പരിപാടികളിലൂടെ വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിന്റെ വിശദവിവരം അനുബന്ധം 2.41ലും അനുബന്ധം 2.42 -ലും നല്‍കിയിരിക്കുന്നു.
പഞ്ചസാരയുടെയും മണ്ണെണ്ണയുടേയും കേന്ദ്രവിഹിതം
പൊതുവിതരണ സമ്പ്രദായംവഴി പഞ്ചസാര വിതരണം ചെയ്യുന്നത് കേന്ദ്രഗവണ്മെന്റ് മാർച്ച് 1, 2017 മുതല്‍ നിര്‍ത്തലാക്കി. 2017-18 -ല്‍ സംസ്ഥാന ഗവണ്മെന്റ് ഓണത്തിന് കിലോയ്ക്ക് 22 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാര എല്ലാ കാര്‍ഡുടമകള്‍ക്കും നല്‍കി. ആഗസ്റ്റ് 31, 2017 വരെ 2718.78 ടണ്‍ പഞ്ചസാര വിതരണം ചെയ്തു. കേരളത്തിന് 2016-17 -ല്‍ 123,632.16 ടണ്‍ പഞ്ചസാരയും 2015-16 -ല്‍ 53,664 ടണ്‍ പഞ്ചസാരയും വിതരണംചെയ്തു. 2017-18-ല്‍ 130.38 ശതമാനം വര്‍ദ്ധനയുണ്ടായി. മണ്ണെണ്ണയുടെ വിതരണത്തില്‍ 2016-17 -ല്‍ 26.04 ശതമാനം കുറവുണ്ടായി. 2015-16 -ല്‍ 114,422 കി.ലിറ്ററും 2016-17 -ല്‍ 84,628.45 കി.ലിറ്ററും മണ്ണെണ്ണ വിതരണംചെയ്തു. കേന്ദ്ര അലോട്ട്മെന്റിന്റെ വിശദവിവരം അനുബന്ധം 2.43 -ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യ ധാന്യത്തിന്റെ ജില്ലാതല വിതരണം
കേരളത്തിലെ ജില്ലകളിലെ വിതരണം പരിശോധിച്ചാല്‍ 2016-17 -ല്‍ വിതരണം ചെയ്ത ആകെ 438,279.3 ടണ്‍ എന്‍.എസ്.എഫ്.എ.അരിയുടെ ഏറ്റവും കൂടുതല്‍ (12 ശതമാനം) മലപ്പുറം ജില്ലയും രണ്ടാംസ്ഥാനം (11.3 ശതമാനം) തൃശ്ശൂര്‍ ജില്ലയുമാണ് നേടിയത്. അതേസമയം എന്‍.എസ്.എഫ്.എ. ഗോതമ്പിന്റെ കാര്യത്തില്‍ തൃശ്ശൂര്‍ ജില്ല 11.3 ശതമാനവും മലപ്പുറം 10.9 ശതമാനവുമായി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. എന്‍.എസ്.എഫ്.എ. അരിയുടെയും ഗോതമ്പിന്റെയും കാര്യത്തില്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് നല്‍കിയത് (2 ശതമാനം). മുന്‍ഗണനേതര അരിയുടെ ഏറ്റവും കൂടുതല്‍ തിരുവനന്തപുരവും 13.29 ശതമാനം രണ്ടാമത് മലപ്പുറം ജില്ലയുമാണ് (12 ശതമാനം). മുന്‍ഗണനേതര ഗോതമ്പിന്റെ വിതരണത്തില്‍ ഒന്നാമത് തിരുവനന്തപുരവും (11.65 ശതമാനം) എറണാകുളം (11.6 ശതമാനം) രണ്ടാമതുമാണ്. മുന്‍ഗണനേതര ഭക്ഷ്യധാന്യത്തില്‍ ഏറ്റവും കുറവ് അരി പത്തനംതിട്ട (2.06 ശതമാനം)യിലും ഗോതമ്പ് വയനാട് (2.24 ശതമാനം) ജില്ലയിലുമാണ് വിതരണം ചെയ്തത്.
കേരള സംസ്ഥാന സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ)
രാജ്യത്തെ മികച്ച പൊതുവിതരണ ശൃംഖലകളിലൊന്നാണ് കേരളത്തിലേത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയ്ക്കായി 1974-ല്‍ സ്ഥാപിതമായ സപ്ലൈകോ അവശ്യവസ്തുക്കളുടെ വിലസ്ഥിരത ഉറപ്പുവരുത്തുന്നതില്‍ പൊതുവിതരണ സമ്പ്രദായത്തിന്റെ ഒരു ഉപസ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് വര്‍ഷം മുഴുവന്‍ പൊതുവിതരണ സംവിധാനം കമ്പോളത്തില്‍ ഫലപ്രദമായി ഇടപെടേണ്ടതുണ്ട്. സംസ്ഥാനത്ത് ഓരോ വ്യക്തിയ്ക്കും ലഭ്യമാകുന്നതരത്തില്‍ സപ്ലൈകോ അതിന്റെ ന്യായ വില സ്റ്റോറുകളിലൂടെ അവശ്യ സാധങ്ങളെത്തിക്കുന്നു. സപ്ലൈകോ അതിന്റെ 1,406 സ്റ്റോറുകളിലൂടെ 13 അവശ്യ വസ്തുക്കളുടെ വിതരണം നടത്തി അവയുടെ വില നിയന്ത്രിക്കുന്നതില്‍ പങ്ക് വഹിക്കുന്നു.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സപ്ലൈകോയ്ക്ക് അഞ്ച് പ്രാദേശിക ഓഫീസുകളും, 56 ഡിപ്പോകളും 1,100 -ല്‍ അധികം ചില്ലറവില്പന ശാലകളുമുണ്ട്. സപ്ലൈകോയുടെ ഔട്ടലെറ്റുകളുടെ വിശദവിവരം അനുബന്ധം 2.44 -ല്‍ കൊടുത്തിരിക്കുന്നു. കുറഞ്ഞവിലയില്‍ അത്യാവശ്യ ഉപഭോക്തൃ സാധനങ്ങളുടെ ചില്ലറവില്പന, ഉത്സവ സീസണുകളില്‍ പ്രത്യേക വില്പനശാലകള്‍ ആരംഭിച്ച് വിലനിലവാരം പിടിച്ചുനിര്‍ത്തല്‍, മെഡിക്കല്‍ സ്റ്റോറുകളിലൂടെ മരുന്നുകളുടെ ചില്ലറവില്പന, നെല്ല് സംഭരണം, ഗോതമ്പും അതിന്റെ ഉല്പന്നങ്ങളുടെയും സംസ്കരണവും വിതരണവും, മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍, എല്‍.പി.ജി. എന്നിവയുടെ ഡീലറായി പ്രവര്‍ത്തിക്കല്‍, സംസ്ഥാനത്ത് മൈക്രോബയോളജി ലാബ്, ഭക്ഷ്യസംസ്കരണ യൂണിറ്റ് എന്നീ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി എന്നിവയാണ് സപ്ലൈകോയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 2016-17 - ല്‍ 8 മാവേലിസ്റ്റോറുകളും, 10 സൂപ്പര്‍ മാര്‍ക്കറ്റുകളും, ഒരു പീപ്പിള്‍ ബസാറും, 4 മെഡിക്കല്‍ സ്റ്റോറുകളും ആരംഭിച്ചു. സപ്ലൈകോയുടെ 2010-11 -ലെ വിറ്റുവരവ് 2,223 കോടി രൂപയായിരുന്നത് 2015-16 ആയപ്പോഴേയ്ക്കും 3,857 കോടി രൂപയായി വര്‍ദ്ധിച്ചു. ഏപ്രില്‍ 1, 2017 - ലെ കണക്ക് പ്രകാരം എഫ്.സി.ഐ. ഗോഡൗണുകളുടെ എണ്ണം 21 ഉം, മൊത്ത വല്‍പ്പന ശാലകള്‍ 140 ഉം, റീട്ടെയില്‍ ഷോപ്പുകള്‍ 11,572 ഉം ആയി. വിശദ വിവരങ്ങള്‍ അനുവന്ധം 2.44 -ല്‍ നല്‍കിയിരിക്കുന്നു.
ലീഗല്‍ മെട്രോളജി
അളവ് തൂക്കങ്ങളുടെ കാര്യത്തില്‍ സുരക്ഷിതത്വവും കൃത്യതയും ഉറപ്പ് വരുത്തുകയാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഉദ്ദേശ്യം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പങ്ക് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. വിവിധ വകുപ്പുകള്‍ കൈകാര്യംചെയ്യുന്ന വ്യത്യസ്ത മേഖലകളിലെ ഉപഭോക്താക്കളെ (പ്രത്യേകിച്ച് ചൂഷണങ്ങള്‍ക്ക് വേഗം വിധേയരാകാവുന്ന ഗ്രാമീണ ജനതയുള്‍പ്പെടെ) ബോധവല്‍ക്കരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ഇത് നേടുന്നതിന് ലീഗല്‍ മെട്രോളജി നിയമം നടപ്പാക്കലാണ് ലീഗല്‍ മെട്രോളജി വകുപ്പ് ചെയ്യുന്നത്. ഭാരം, അളവ്, എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ വില്‍ക്കുന്ന സാധനങ്ങളുടെയും വ്യാപാരം ചെയ്യുന്ന അളവുകളുടെയും തൂക്കങ്ങളുടെയും നിയന്ത്രണവും അളവുകളുടെയും തൂക്കങ്ങളുടെയും കൃത്യത, നിലവാരം എന്നിവ ഉറപ്പുവരുത്തുകയാണ് ലീഗല്‍ മെട്രോളജി നിയമം ലക്ഷ്യമിടുന്നത്. 2016-17 -ല്‍ വകുപ്പ് നിരവധി പരിശോധനകള്‍ നടത്തി 26,021 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 71 ലക്ഷം രൂപ പെനാല്‍റ്റി ചുമത്തുകയും ചെയ്തു.
ഉച്ചഭക്ഷണ പരിപാടി
കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടി നടപ്പിലാക്കുന്നത്. സ്കൂള്‍ പ്രവേശനം, സ്ഥിരം ഹാജരാകല്‍, പഠനം തുടരല്‍ എന്നിവയിലൂടെ പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനും പ്രൈമറി സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാര ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടുകൂടി 1995 -ല്‍ ഭാരതസര്‍ക്കാരിന്റെ മാനവശേഷിവികസന മന്ത്രാലയം ആരംഭിച്ചതാണ് ഈ പദ്ധതി.സംസ്ഥാനത്ത് ഉച്ചഭക്ഷണ പരിപാടിയ്ക്കായി സാധനങ്ങളെത്തിക്കുന്നതിന് സപ്ലൈ കോയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2016-17-ല്‍ 26.55 ലക്ഷം കുട്ടികള്‍ക്കായി സപ്ലൈകോ 57,494 ടണ്‍ അരിയും 12,333.5 ടണ്‍ സ്പെഷ്യല്‍ അരിയും വിതരണം ചെയ്തു. ഗുണഭോക്താക്കളായ കുട്ടികളുടെയെണ്ണം 2015-16 -ലെ 25.02 ലക്ഷത്തില്‍നിന്നും 2016-17 -ല്‍ 26.55 ലക്ഷമായി വര്‍ദ്ധിച്ചിട്ടും അരിയുടെ വിതരണത്തില്‍ 2015-16 -ലെ 96458 ടണ്ണില്‍നിന്നും 2016-17 -ല്‍ 57,494 ടണ്ണായി കുറയുകയാണുണ്ടായത്. സ്പെഷ്യല്‍ അരിയുടെ വിതരണത്തിലും നേരിയ കുറവ് വന്നിട്ടുണ്ട്. 2017-18-ല്‍, 2017 ആഗസ്റ്റ് 31 വരെ, സപ്ലൈകോ 250,674.1 ടണ്‍ അരിയും 124,545.9 ടണ്‍ സ്പെഷ്യല്‍ അരിയും വിതരണം ചെയ്തിട്ടുണ്ട്. 2013-14 മുതല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ വതരണം ചെയ്യുന്നില്ല. ഉച്ചഭക്ഷണ പരിപാടിയില്‍ ഗുണഭോക്താക്കളായ കുട്ടികളുടെയും നല്‍കിയ ഭക്ഷ്യധാന്യത്തിന്റെ അളവും ചിത്രം 2.9 -ല്‍ കാണിച്ചിരിക്കുന്നു. (അനുബന്ധം 2.45 കാണുക).