സാംസ്കാരികമായ ഉയര്‍ച്ച ഉണ്ടായതു മുതല്‍ മനുഷ്യജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളാണ് മൃഗസംരക്ഷണവും ഡയറിയും. ജനങ്ങള്‍ക്ക് വേണ്ടി ചെലവ് കുറഞ്ഞ പോഷകസമൃദ്ധമായ ആഹാരം ലഭ്യമാക്കുക മാത്രമല്ല പാരിസ്ഥിക തുലനാവസ്ഥ നിലനിര്‍ത്തുകയും മൃഗസമ്പത്ത് ലഭ്യമാക്കുകയും ചെയ്യുന്നു. കന്നുകാലി ഉല്പാദനവും കൃഷിയും പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. കൃഷിക്കാവശ്യമായ നിര്‍ണ്ണായക സാധനങ്ങള്‍ ലഭ്യമാക്കുകയും, പ്രധാനമായും മറ്റൊരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിക്ക് ഉപവരുമാനം സമ്പാദിക്കാനും ഈ മേഖല സഹായിക്കുന്നു.
സമ്പദ് വ്യവസ്ഥയിലെ ദേശീയ, സംസ്ഥാന സംഭാവനകള്‍
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട ഉപമേഖലയാണ് കന്നുകാലി വളര്‍ത്തല്‍. 2011-12 മുതല്‍ രാജ്യത്തെ മൊത്തം ആഭ്യന്തര മൂല്യവര്‍ദ്ധനവില്‍ കൃഷി (ധാന്യം, വനപരിപാലനം, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം ഉള്‍പ്പെടെ)യുടെ പങ്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാല്‍ കന്നുകാലി വളര്‍ത്തലിന്റെ കാര്യത്തില്‍ ഇത് 4 ശതമാനമായി തുടരുന്നു. കൂടാതെ, കൃഷി മേഖലയുടെ മൂല്യവര്‍ദ്ധനവില്‍ കന്നുകാലി വളര്‍ത്തല്‍ മേഖലയുടെ പങ്ക് 2011-12 -ല്‍ 21.80 ശതമാനം ആയിരുന്നത് 2015-16 -ല്‍ 25.7 ശതമാനമായി വര്‍ദ്ധിച്ചു.
കേരളത്തില്‍ കൃഷിയില്‍ നിന്നുള്ള മൊത്തം ആഭ്യന്തര മൂല്യ വര്‍ദ്ധനവില്‍ കന്നുകാലി വളര്‍ത്തലിന്റെ പങ്ക് ഏകദേശം 29 ശതമാനമാണ്. ഇത് 2015-16 -ല്‍ 29.35 ശതമാനം ആയിരുന്നത് 2016-17 -ല്‍ 29.14 ശതമാനമായി കുറഞ്ഞു. ഈ മേഖലയില്‍ നിന്നുള്ള മൊത്തം ആഭ്യന്തര വര്‍ദ്ധനവ് കൂടിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്തെ മൊത്തം ആഭ്യന്തര മൂല്യവര്‍ദ്ധനവില്‍ ഇതിന്റെ പങ്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടു് 2015-16 -ല്‍ 3.18 ശതമാനമായിരുന്നത് 2016-17 -ല്‍ 3.08 ശതമാനമായി കുറഞ്ഞു.
കന്നുകാലികളുടെ എണ്ണം
പത്തൊന്‍പതാം കന്നുകാലി കണക്കെടുപ്പ് (2012), അനുസരിച്ച് രാജ്യത്തെ കന്നുകാലികളുടെ എണ്ണം 512 മില്ല്യണ്‍ ആണ്. ഇതില്‍ 299.61 മില്ല്യണ്‍ കാള, 65.07 മില്ല്യണ്‍ ചെമ്മരിയാട്, 135.2 മില്ല്യണ്‍ ആട്, 10.3 മില്ല്യണ്‍ പന്നി എന്നിവ ഉള്‍പ്പെടുന്നു. 2007 ലെ പതിനെട്ടാം കന്നുകാലി കണക്കെടുപ്പ് പ്രകാരം രാജ്യത്തെ കന്നുകാലികളുടെ എണ്ണം 529 മില്ല്യണ്‍ ആയിരുന്നു. രാജ്യത്തെ മൊത്തം കന്നുകാലികളുടെ എണ്ണത്തിലുണ്ടായ കുറവ് മുൻവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാണാം. എങ്കിലും എരുമയുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടു്. കോഴികളുടെ എണ്ണത്തില്‍ 649 മില്ല്യണ്‍ (പതിനെട്ടാം കന്നുകാലി കണക്കെടുപ്പ് 2007) എന്നത് 729 മില്ല്യണ്‍ (പത്തൊന്‍പതാം കന്നുകാലി കണക്കെടുപ്പ് 2012) ആയി. ഇത് പന്ത്രണ്ട് ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് കാണിക്കുന്നു.
പത്തൊന്‍പതാം കന്നുകാലി കണക്കെടുപ്പ് പ്രകാരം (2012) സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണം 27.35 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 23 ശതമാനം കുറവാണ്. ശതമാനത്തിലുണ്ടായ ഈ കുറവിന്റെ പ്രഥമ കാരണം കന്നുകാലിയുടേയും ആടിന്റേയും എണ്ണത്തിലുണ്ടായ കുറവാണ്. ഇവയുടെ എണ്ണത്തില്‍ യഥാക്രമം 23.62 ശതമാനം, 27.9 ശതമാനം എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി. മൊത്തം കന്നുകാലികളില്‍ സങ്കരയിനത്തില്‍പ്പെട്ടവ 12.51 ലക്ഷം (94 ശതമാനം) ആണ്. എന്നാല്‍ നാടന്‍ ഇനത്തില്‍പ്പെട്ടവ വെറും 77,000 മാത്രമേ ഉള്ളു. നാടന്‍ ഇനത്തില്‍പ്പെട്ട കന്നുകാലികളുടെ എണ്ണത്തില്‍ മുൻവര്‍ഷത്തേക്കാള്‍ 35.18 ശതമാനം കുറവ് രേഖപ്പെടുത്തി. പത്തൊന്‍പതാം കന്നുകാലി കണക്കെടുപ്പ് പ്രകാരം (2012) 242.82 ലക്ഷം എണ്ണം കോഴികളാണ് കേരളത്തിലുള്ളത്. ഇതില്‍ രാജ്യത്തെ മൊത്തം കോഴികളുടെ എണ്ണത്തിന്റെ 3.3 ശതമാനമാണ്. കോഴികളുടെ എണ്ണത്തില്‍ പതിനെട്ടാം സെന്‍സസിനേക്കാള്‍ 54 ശതമാനം വര്‍ദ്ധനവ് പത്തൊന്‍പതാം സെന്‍സസില്‍ രേഖപ്പെടുത്തുകയുണ്ടായി. ദേശീയ തലത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണ് കേരളത്തിന്റെ വളര്‍ച്ചാ നിരക്ക്. കോഴികളുടെ എണ്ണത്തില്‍ സംസ്ഥനങ്ങള്‍ക്കിടയില്‍ കേരളത്തിന് എട്ടാം സ്ഥാനമാണ് ഉള്ളത്. ഇന്ത്യയിലേയും കേരളത്തിലേയും കന്നുകാലികളുയേും കോഴികളുടേയും ഇനം തിരിച്ചുള്ള എണ്ണം പട്ടിക 2.6 -ല്‍ കാണുക.
കേരളം | ഇന്ത്യ | |||
പതിനെട്ടാം സെന്‍സസ് (2007) | പത്തൊന്‍പതാം സെന്‍സസ് (2012) | പതിനെട്ടാം സെന്‍സസ് (2007) | പത്തൊന്‍പതാം സെന്‍സസ് (2012) | |
കന്നുകാലി | 17.4 | 13.29 | 1990.75 | 1909.04 |
പോത്ത് | 0.58 | 1.02 | 1053.42 | 1087.02 |
ചെമ്മരിയാട് | 0.01 | 0.02 | 715.58 | 650.69 |
ആട് | 17.29 | 12.46 | 1405.37 | 1351.73 |
പന്നി | 0.59 | 0.56 | 111.33 | 102.93 |
മറ്റുള്ളവ | 20.48 | 19.88 | ||
ആകെ (കന്നുകാലി) | 35.87 | 27.35 | 5296.93 | 5121.29 |
ആകെ (കോഴി) | 156.85 | 242.82 | 6488.29 | 7292.09 |
അവലംബം: പത്തൊന്‍പതാം കന്നുകാലി സെന്‍സസ് |
കന്നുകാലി മേഖലയിലെ തൊഴില്‍
68-ാം നാഷണല്‍ സാമ്പിള്‍ സർവ്വെ പ്രകാരം (2011 ജൂലൈ മുതൽ 2012 ജൂണ്‍) തൊഴില്‍, തൊഴിലില്ലായ്മ എന്നിവയില്‍ നടത്തിയ സർവ്വെയില്‍ ഇന്ത്യയില്‍ 16.44 മില്ല്യണ്‍ തൊഴിലാളികള്‍ സാധാ നിലയില്‍ (പ്രിന്‍സിപ്പല്‍ സ്റ്റാറ്റസ് – സബ്സിഡിയറി സ്റ്റാറ്റസ്) കന്നുകാലി വളര്‍ത്തല്‍, മിശ്ര കൃഷിരീതി, മത്സ്യബന്ധനം, ജലകൃഷി എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതില്‍ കന്നുകാലി വളര്‍ത്തല്‍ മേഖലയ്ക്ക് പ്രാധാന്യമായ സ്ഥാനമുണ്ടു്.
കന്നുകാലികളില്‍ നിന്നുള്ള പ്രധാന ഉല്പന്നങ്ങളുടെ ലഭ്യത
സംസ്ഥാനത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട കന്നുകാലി ഉല്പന്നങ്ങളാണ് പാല്‍, മാംസ്യം, മുട്ട. മുൻവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാംസ്യ ഉല്പാദനത്തില്‍ നേരിയ വര്‍ദ്ധനവും പാല്‍, മുട്ട എന്നിവയുടെ ഉല്പാദനം കുറഞ്ഞതായിട്ടുമാണ് കാണാന്‍ സാധിക്കുന്നത്. പന്ത്രണ്ടാം പദ്ധതിക്കാലത്തെ ഓരോവര്‍ഷത്തെയും പാല്‍, മാംസ്യം, മുട്ട എന്നിവയുടെ ഉല്പാദനം ചിത്രം 2.10 -ല്‍ ചേര്‍ത്തിട്ടുണ്ടു്.
പാല്‍ ഉല്പാദനം
ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്പാദക രാഷ്ട്രമാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് ദശാബ്ദമായി ക്ഷീരോല്പാദനം ദേശീയതലത്തില്‍ സ്ഥിരമായി വര്‍ദ്ധിക്കുന്നു. 2015-16 -ല്‍ 155.5 മില്ല്യണ്‍ ടണ്‍ ആയിരുന്നത് 2016-17 -ല്‍ 163.7 മില്ല്യണ്‍ ടണ്ണായി വര്‍ദ്ധിച്ച് 5.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഓരോ വര്‍ഷവും ഇന്ത്യയില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2015-16 -ല്‍ പ്രതിദിനം 337 ഗ്രാം ആയിരുന്നത് 2016-17 -ല്‍ 352 ഗ്രാം ആയി വര്‍ദ്ധിച്ചു.
രാജ്യത്തെ ക്ഷീരോല്പാദന സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന് 14-ാം സ്ഥാനമാണുള്ളത്. രാജ്യത്തെ മൊത്തം പാലുല്പാദനത്തിന്റെ 1.5 ശതമാനമാണ് കേരളം ഉല്പാദിപ്പിക്കുന്നത്. 2016-17 -ല്‍ പാലുല്പാദനം 26.49 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 25.20 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. പന്ത്രണ്ടാം പദ്ധതിക്കാലയളവില്‍ കേരളത്തില്‍ നിന്നുള്ള പാലിന്റെ പ്രതിശീര്‍ഷ ലഭ്യത കുറഞ്ഞു. 2015-16 -ല്‍ പ്രതിദിനം 200 ഗ്രാം ആയിരുന്നത് 2016-17 -ല്‍ പ്രതിദിനം 189 ഗ്രാം ആയി കുറഞ്ഞു. ഇത് ദേശീയ ശരാശരിയുടെ പകുതിയുടെ തൊട്ട് മുകളിലാണ്.
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന 25.20 ലക്ഷം മെട്രിക് ടണ്‍ പാലിന്റെ ഭൂരിഭാഗവും സങ്കരയിനത്തില്‍പ്പെട്ട പശുക്കളുടേതാണ് (93.5 ശതമാനം). നാടന്‍ പശുക്കള്‍ 1,640 മെട്രിക് ടണ്‍ (0.07 ശതമാനം) പാല്‍മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ. ആട് 1.26 ലക്ഷം മെട്രിക് ടണ്‍ (5 ശതമാനം) പാല്‍ ഉല്പാദിപ്പിക്കുന്നു. ബാക്കിയുള്ളത് എന്‍.ഡി കന്നുകാലികള്‍ നാടന്‍ എരുമകള്‍, എന്‍.ഡി എരുമകള്‍ എന്നിവ ഉല്പാദിപ്പിക്കുന്നവയാണ്. 2016-17 ലെ കേരളത്തിലെ ക്ഷീര ഉല്പാദനം ഇനം തിരിച്ച് ചിത്രം 2.11 -ല്‍ കാണിച്ചിട്ടുണ്ടു്.
മുട്ട ഉല്പാദനം
2000-01 മുതല്‍ മുട്ട ഉല്പാദനം ദേശീയതലത്തില്‍ കാര്യമായി വര്‍ദ്ധിച്ചു. 2015-16 -ല്‍ മൊത്തം മുട്ട ഉല്പാദനം 82.9 ബില്ല്യണ്‍ എണ്ണം ആയിരുന്നത് 2016-17 -ല്‍ 88.1 ബില്ല്യണ്‍ ആയി വര്‍ദ്ധിച്ചു. ഇക്കാലയളവിലെ നിരക്ക് 6.2 ശതമാനം സമാനമായി 2000-01 മുതല്‍ മുട്ടയുടെ പ്രതിശീര്‍ഷ ലഭ്യതയും വര്‍ദ്ധിച്ചു. 2015-16 -ല്‍ പ്രതിവര്‍ഷം 66 മുട്ട ആയിരുന്നത് 2016-17 -ല്‍ പ്രതിവര്‍ഷം 69 മുട്ട ആയി വര്‍ദ്ധിച്ചു.
പന്ത്രണ്ടാം പദ്ധതിക്കാലത്താണ് കേരളത്തില്‍ മുട്ട ഉല്പാദനത്തില്‍ വലിയ മാറ്റം ഉണ്ടായത്. 2012-13 ല്‍ സംസ്ഥാനത്തെ മൊത്തം മുട്ട ഉല്പാദനം 2.23 ബില്ല്യണ്‍ ആയിരുന്നത് തുടര്‍ച്ചയായ വര്‍ദ്ധനവിലൂടെ 2014-15 ല്‍ 2.50 ബില്ല്യണില്‍ എത്തിച്ചേര്‍ന്നു. 2015-16 ലും 2016-17 ലും മുട്ടഉല്പാദനം കുറഞ്ഞ് യഥാക്രമം 2.44 ബില്ല്യണ്‍ 234 ബില്ല്യണ്‍ എന്നിങ്ങനെ ആയി. മുട്ടഉല്പാദനത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം 9 ആണ്. പന്ത്രണ്ടാം പദ്ധതിയുടെ ആദ്യ നാലു വര്‍ഷങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലായിരുന്നു മുട്ടയുടെ പ്രതിശീര്‍ഷ ലഭ്യത. എന്നാല്‍ 2016-17 -ല്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയായി. 2014-15 വരെ മുട്ടയുടെ പ്രതിശീര്‍ഷ ലഭ്യത വര്‍ദ്ധിച്ച് പ്രതിവര്‍ഷം 70 എണ്ണം ആയി. 2015-16 -ല്‍ ഇത് 67 ആയി കുറയുകയും 2016-17 -ല്‍ വീണ്ടും കുറഞ്ഞ് 64 -ല്‍ എത്തിച്ചേരുകയും ചെയ്തു.
സംസ്ഥാനത്തെ മൊത്തം മുട്ട ഉല്പാദിപ്പിക്കുന്നതില്‍ 69 ശതമാനം മെച്ചപ്പെട്ട ഇനത്തില്‍പ്പെട്ട കോഴികളും 25 ശതമാനം നാടന്‍ വിഭാഗത്തില്‍പ്പെട്ട കോഴികളുമാണ്. സംസ്ഥാനത്തെ മൊത്തം മുട്ട ഉല്പാദനത്തില്‍ മെച്ചപ്പെട്ട ഇനം താറാവിന്റെയും, നാടന്‍ വിഭാഗം താറാവിന്റെയും മുട്ട ഉല്പാദന ശതമാനം യഥാക്രമം 2.96, 2.40 എന്നിങ്ങനെയാണ്. കേരളത്തിലെ മുട്ട ഉല്പാദനം ഇനം തിരിച്ച് ചിത്രം 2.12 -ല്‍ ചേര്‍ത്തിട്ടുണ്ടു്. സംസ്ഥാനത്തെ 99.18 ശതമാനം മുട്ട ഉല്പാദനം പിന്നാമ്പുറ കോഴിവളര്‍ത്തലില്‍ നിന്നാണ്. വളരെ ചെറിയ ഓഹരി മാത്രമാണ് വാണിജ്യത്തിനു വളര്‍ത്തുന്ന കോഴികളില്‍ നിന്ന് ലഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ബാക്ക് യാഡ് പൗള്‍ട്രിക്ക് വളരെയധികം പ്രാധാന്യം നല്‍കണം.
മൊത്തം മുട്ട ഉല്പാദനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് കണക്കാക്കിയാല്‍, കേരളത്തിന്റേത് 2.7 ശതമാനമാണ്. എന്നാല്‍ മൊത്തം കോഴികളുടെ എണ്ണം കണക്കാക്കിയാല്‍ അത് 3.3 ശതമാനം ആണ്. എന്നാല്‍ ഉല്പാദനക്ഷമതയുടെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്, പ്രത്യേകിച്ച് പിന്നാമ്പുറത്തെ കോഴിവളര്‍ത്തല്‍. മെച്ചപ്പെട്ട ഇനം കോഴികളുടെ ഉല്പാദനക്ഷമത ഒരു വര്‍ഷം 220 മുട്ട ആണ്. ഇതിന്റെ ദേശീയശരാശരി 145 മുട്ടയാണ്. എന്നാല്‍ വാണിജ്യപരമായ കോഴിവളര്‍ത്തലില്‍ മെച്ചപ്പെട്ട ഇനം കോഴികളുടെ ഉല്പാദനക്ഷമത ദേശീയശരാശരിയേക്കാള്‍ കൂടുതലാണ്. നാടന്‍താറാവുകളുടെ ഉല്പാദനക്ഷമത ഏകദേശം ദേശീയശരാശരിയോടൊപ്പം നില്‍ക്കുന്നു. ഇന്ത്യയിലേയും കേരളത്തിലേയും പിന്നാമ്പുറത്തെ കോഴിവളര്‍ത്തല്‍ സംബന്ധിച്ച വിശദാംശം ചിത്രം 2.13 -ല്‍ ചേര്‍ത്തിട്ടുണ്ടു്.
മാംസ ഉല്പാദനം
2007-08 മുതല്‍ ഇന്ത്യയില്‍ മാംസ ഉല്പാദനത്തില്‍ സ്ഥിരവര്‍ദ്ധനവുണ്ടായി. 2015-16 -ല്‍ രാജ്യത്തെ മൊത്തം മാംസ ഉല്പാദനം 7 മില്ല്യണ്‍ ടണ്‍ ആയിരുന്നത് 2016-17 -ല്‍ 7.4 മില്ല്യണ്‍ ടണ്‍ ആയി വര്‍ദ്ധിച്ചു. ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക് 5.71 ശതമാനമാണ്. പതിനൊന്നാം പദ്ധതിയുടെ തുടക്കത്തില്‍ കേരളത്തിലെ മാംസ ഉല്പാദനം ഏകദേശം 2 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 2011-12 -ല്‍ 4.26 മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. പിന്നീട് നേരിയ വ്യത്യാസത്തില്‍ 4 ലക്ഷം മെട്രിക് ടണ്‍ ആയി തുടര്‍ന്നു. 2015-16 -ല്‍ 4.66 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 2016-17 -ല്‍ 4.69 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന മാംസത്തിന്റെ 6.3 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ മാംസ ഉല്പാദന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ മൊത്തം മാംസ ഉല്പാദനത്തിന്റെ 40.26 ശതമാനം കോഴി മാംസം, 31.15 ശതമാനം കന്നുകാലി മാംസം 22.6 ശതമാനം പോത്ത് മാംസം എന്നിങ്ങനെയാണ്. ആട്, പന്നി എന്നിവയുടെ മാംസം യഥാക്രമം 4.51 ശതമാനം, 1.45 ശതമാനം എന്നിങ്ങനെയാണ്. കേരളത്തിലെ മാംസ ഉല്പാദന വിവരങ്ങള്‍ ഇനം തിരിച്ച് ചിത്രം 2.14 -ല്‍ കാണിച്ചിട്ടുണ്ടു്.
ക്ഷീരവിപണനം
രാജ്യത്തിലെ കര്‍ഷകര്‍ക്ക് പാലിന് ഉയര്‍ന്ന വില നല്‍കുന്ന ഒരു സംസ്ഥാനമാണ് കേരളം. പാലിന്റെ ആവശ്യകത ദിനംപ്രതി വര്‍ദ്ധിക്കുകയും മില്‍മ പാല്‍ വില്‍പ്പന ഇക്കൊല്ലം മികവ് കാണിക്കുകയും ചെയ്യുന്നു. 2016-17 -ല്‍ സംസ്ഥാനത്തു നിന്നും ക്ഷീര സഹകരണ സംഘങ്ങള്‍ 5,940 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചതില്‍ 3,779 ലക്ഷം ലിറ്റര്‍ ഡയറിയിലേയ്ക്ക് അയയ്ക്കുകയും 2,161 ലക്ഷം ലിറ്റര്‍ സൊസൈറ്റികള്‍ വഴി പ്രാദേശികമായി വില്പന നടത്തുകയും ചെയ്തു. 2016-17 -ല്‍ ആനന്ദ് മോഡല്‍ സഹകരണ സംഘങ്ങളുടെ (ആപ്കോസ്) പ്രതിദിന ക്ഷീരസംഭരണം 1,082 മെട്രിക് ടണ്‍ ആണ്. മുൻവര്‍ഷം ഇത് ശരാശരി 1,109 മെട്രിക് ടണ്‍ ആയിരുന്നു. ഓരോ സൊസൈറ്റിയുടേയും പ്രതിദിന സംഭരണം 2015-16 -ല്‍ 372 ലിറ്റര്‍ ആയിരുന്നത് 2016-17 ല്‍ 360 ലിറ്റര്‍ ആയി കുറഞ്ഞു. 2016-17 -ല്‍ കെ.സി.എം.എഫിന്റെ പാല്‍ സംഭരണം കുറഞ്ഞ് 3,834.58 ലക്ഷം ലിറ്ററും വിപണനം 4,774.20 ലക്ഷം ലിറ്ററുമായിരുന്നു. പാലക്കാട്, വയനാട് ഡയറികള്‍ ഒഴികെ ബാക്കി എല്ലാ ഡയറികളിലും പാല്‍ വിതരണം സംഭരണത്തെക്കാള്‍ കൂടുതലാണ്. ആഭ്യന്തര ലഭ്യത കുറവായതിനാല്‍ കര്‍ണ്ണാടകം, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിലെ മില്‍മ ഫെഡറേഷനില്‍ നിന്നും പാല്‍ ഇറക്കുമതി ചെയ്യുകയും പാട നീക്കം ചെയ്ത പാല്‍ പൊടിയായി വാങ്ങുകയും ചെയ്യുന്നു. കെ.സി.എം.എം.എഫിന്റെ ക്ഷീരശാലകള്‍ സംഭരിച്ചതും വില്പന നടത്തിയതുമായ പാലിന്റെ വിവരങ്ങള്‍, ഇക്കാലയളവിലെ കെ.സി.എം.എം.എഫിന്റെ പ്രവര്‍ത്തനങ്ങള്‍, ആഫ്കോസ് പ്രതിദിനം സംഭരിച്ച പാലിന്റെ ശരാശരി കണക്ക് എന്നിവ യഥാക്രമം അനുബന്ധം 2.46, 2.47, 2.48 എന്നിവയില്‍ ചേര്‍ത്തിട്ടുണ്ടു്. ഇപ്പോഴത്തെ പുതുക്കിയ വിലയും 2010 മുതലുള്ള വിലകളും യഥാക്രമം അനുബന്ധം 2.49, 2.50 എന്നിവയില്‍ കൊടുത്തിട്ടുണ്ടു്.
കാലിത്തീറ്റ
കേരളത്തില്‍ പുല്ല്, വയ്ക്കോല്‍ എന്നിവയുടെ ലഭ്യതയിലും കാലിത്തീറ്റ ഉല്പാദനത്തിലുമുള്ള കുറവ് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കേണ്ടിയിരിക്കുന്നു. കേരളത്തിലെ തീറ്റപ്പുല്‍ വികസന പ്രവര്‍ത്തനത്തിന്റെ നോഡല്‍ ഏജന്‍സി ക്ഷീരവികസന വകുപ്പാണ്. കൃഷിക്കാരുടെ ഭൂമിയിലും ക്ഷീരോല്പാദന സഹകരണ സംഘങ്ങളിലും കാലിത്തീറ്റ ഉല്പാദനവും സൂക്ഷിക്കലും എന്ന പദ്ധതിയുടെ കീഴില്‍ വാണിജ്യാടിസ്ഥാനത്തില്‍ തരിശു ഭൂമിയില്‍ തീറ്റപ്പുല്‍ക്കൃഷി വ്യാപനം എന്ന ഘടകം കൂടി പുതുതായി ഉള്‍പ്പെടുത്തി. പുരോഗമന ചിന്താഗതിയുള്ള കര്‍ഷകര്‍, മറ്റ് വ്യക്തികള്‍, എല്‍.എസ്.ജി.ഡി, പി.എസ്.യു മുതലായവരുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഫലപുഷ്ടിയുള്ള ഭൂമി തീറ്റപ്പുല്‍കൃഷി വികസനത്തിനായി തെരഞ്ഞെടുക്കുന്നു. 2016-17 ല്‍ ഡിപ്പാര്‍ട്ട്മെന്റ് നിലവിലുള്ള കൃഷി സ്ഥലത്തിനേക്കാള്‍ 2,050 ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷി ചെയ്യുകയും 3.28 ലക്ഷം മെട്രിക് ടണ്‍ തീറ്റപ്പുല്‍ അധികമായി ഉല്പാദിപ്പിക്കുകയും ചെയ്തു. കൂടാതെ, അസോള കൃഷിക്കും, തീറ്റപ്പുല്‍ക്കൃഷിയും വിളവെടുപ്പും യന്ത്രവത്ക്കരിക്കുന്നതിനും ഇറിഗേഷന്‍ സൌകര്യത്തിനും കര്‍ഷകര്‍ക്ക് സഹായം നല്‍കി. കൊല്ലം, എറണാകുളം ജില്ലകളില്‍ സമഗ്രക്ഷീരവികസന പ്രോജക്ടുകള്‍ നൂതന തീറ്റപ്പുല്‍ വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി. 2015-16 ലെ മൊത്തം കാലിത്തീറ്റ ഉല്പാദനം 3.97 ലക്ഷം മെട്രിക് ടണ്‍ എന്നത് 2016-17 ല്‍ 3.70 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. കാലിത്തീറ്റ ഉല്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ക്ക് അനുബന്ധം 2.51, 2.52, 2.53എന്നിവ കാണുക.
സംസ്ഥാനത്ത് പ്രത്യേക ഡയറി സോണുകള്‍ രൂപീകരിക്കല്‍
കൊമേഴ്സ്യല്‍ ഡയറി ആന്റ് മില്‍ക് ഷെഡ് വികസന പദ്ധതിയുടെ കീഴില്‍ പ്രത്യേക ഡയറി സോണുകള്‍ രൂപീകരിക്കല്‍ എന്ന ഒരു പുതിയ ഘടകം കൂടി ഉള്‍പ്പെടുത്തി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ 14 അഗ്രോ എക്കോളജിക്കല്‍ യൂണിറ്റുകളുടെ കീഴില്‍ 50 പൊട്ടന്‍ഷ്യന്‍ ഡയറി എക്സ്റ്റന്‍ഷന്‍ യൂണിറ്റുകള്‍ തെരഞ്ഞെടുത്തു. കറവപ്പശുക്കളുടെയും പശുക്കുട്ടികളുടെയും വര്‍ദ്ധനവ് പുരോഗമന ചിന്താഗതിക്കാരായ കര്‍ഷകരുടെ ആവശ്യാനുസരണം സഹായം, ശാസ്ത്രീയമായ രീതിയില്‍ കന്നുകാലി ഷെഡുകള്‍ നിര്‍മ്മിക്കുന്ന തിനാവശ്യമായ സഹായം, യന്ത്രവത്ക്കരണം, കറവയന്ത്രങ്ങള്‍ വാങ്ങുക, സൈലേജ് യൂണിറ്റുകള്‍, കറവപ്പശുക്കള്‍ക്ക് അന്തരീക്ഷ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുള്ള ഘടകങ്ങള്‍ മുതലായവയാണ് ഈ പദ്ധതിയിലെ ഘടകങ്ങള്‍.
പ്രജനനത്തിനുള്ള പിന്തുണ
മരവിപ്പിച്ച ബീജം ഉല്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിന്റെ ചുമതല കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിനാണ്. 2015-16 -മായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-17 ല്‍ ബീജ ഉല്പാദനം 24.47 ലക്ഷ മാത്രകളില്‍ നിന്നും 27.66 ലക്ഷം മാത്രയായി വര്‍ദ്ധിച്ചു. ഈ കാലയളവില്‍ ഇതിന്റെ വിതരണം സംസ്ഥാനത്തിനകത്തും പുറത്തും 17.65 ലക്ഷം മാത്രയില്‍ നിന്നും 16.62 ലക്ഷം മാത്രയായും 10.71 ലക്ഷം മാത്രയില്‍ നിന്നും 4.94 ലക്ഷം മാത്രയായി കുറയുകയും ചെയ്തു. വിശദവിവരങ്ങള്‍ അനുബന്ധം 2.54 -ല്‍ കാണാവുന്നതാണ്.
സംസ്ഥാനത്തെ കൃത്രിമ ഗര്‍ഭോല്പാദന കേന്ദ്രങ്ങളുടെ എണ്ണം 2016-17 ല്‍ 2,515 ആയിരുന്നു. 2016-17 -ല്‍ 12.32 ലക്ഷം കുത്തിവയ്പ് നടത്തിയതില്‍ 3.10 ലക്ഷം കിടാങ്ങളുണ്ടായി. ഒരു കിടാവ് ജനിക്കുന്നതിന് ശരാശരി 4 കുത്തിവയ്പ്പുകള്‍ ആവശ്യമായിട്ടുണ്ടു്. കൃത്രിമ ഗര്‍ഭോല്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 2.55 -ല്‍ കാണുക. കൃത്രിമ ഗര്‍ഭോല്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതല്ലാത്തതിനാല്‍, വിതരണം ചെയ്യുന്ന ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് അടിയന്തിര നടപടികള്‍ ആവശ്യമാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 2.56 -ല്‍ കൊടുത്തിട്ടുണ്ടു്.
പ്രത്യേക കന്നുകുട്ടി പരിപാലന പരിപാടി (എസ്.എല്‍.ബി.പി)
കന്നുകാലി വളര്‍ത്തുന്നതിന് 32 മാസം വരെ സബ്സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കിയും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയും പശുക്കിടാവുകളെ വളര്‍ത്തുന്ന പദ്ധതി 1976 മുതല്‍ നിലവിലുണ്ടു്. എരുമകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ കുറവ് പരിഹരിക്കാ നുദ്ദേശിച്ച്, 2006-07 ല്‍ ഈ പദ്ധതി എരുമക്കിടാങ്ങള്‍ക്കും ബാധകമാക്കി. ഈ പദ്ധതിയില്‍ എരുമക്കിടാങ്ങളെ ഉള്‍പ്പെടുത്തുന്ന പ്രവണ കുറഞ്ഞു വരുകയും 2014-15 മുതല്‍ 2016-17 വരെ ഒറ്റ എരുമക്കിടാങ്ങളെ പ്പോലും ഉള്‍പ്പെടുത്തിയിട്ടുമില്ല. 2015-16 -ല്‍ 29,164 കിടാങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 2016-17 -ല്‍ കിടാങ്ങളുടെ എണ്ണം 73,538 ആയി വര്‍ദ്ധിച്ചു. 2006-07 മുതലുള്ള ആണ്ടുതിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 2.57-ല്‍ കാണുക.
മൃഗങ്ങളുടെ ആരോഗ്യസുരക്ഷ
കൃത്രിമ ബീജസങ്കലന പരിപാടികള്‍ മുഖേന കന്നുകാലികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം, അന്യദേശത്തു നിന്നുള്ളതുള്‍പ്പെടെ പലതരം രോഗങ്ങളും വര്‍ദ്ധിക്കുകയുണ്ടായി. 14 ജില്ല വെറ്റിനറി സെന്ററുകള്‍, 50 വെറ്റിനറി പോളീക്ലിനിക്കുകള്‍, 215 വെറ്റിനറി ആശുപത്രികള്‍, 885 വെറ്റിനറി ഡിസ്പെന്‍സറികള്‍, 38 പ്രാദേശിക മൃഗസംരക്ഷണ സെന്ററുകള്‍, 1,359 വെറ്റിനറി സബ്സെന്ററുകള്‍, 9 മൊബൈല്‍ വെറ്റിനറി ആശുപത്രികള്‍, 7 മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റ്, ഒരു മോട്ടോര്‍ ബോട്ട് വെറ്ററിനറി ആശുപത്രി എന്നിവ മുഖേന മൃഗങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ വകുപ്പ് നല്‍കി വരുന്നു. ഫലപ്രദമായി സമയാസമയങ്ങളില്‍ രോഗനിര്‍ണ്ണയം നടത്തി രോഗം പൂര്‍ണ്ണമായും തുടച്ചുമാറ്റുന്നതിനായി ആശുപത്രികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ശൃംഖല ശക്തിപ്പെടുത്തി. തുടര്‍ന്ന് കുളമ്പുരോഗ നിയന്ത്രണപരിപാടി, റാബീസ് ഫ്രീ കേരള വാക്സിനേഷന്‍ പരിപാടി, എ.എസ്.സി.എ.ഡി പൌള്‍ട്രി വാക്സിനേഷന്‍ പരിപാടി തുടങ്ങിയ വാക്സിനേഷന്‍ പരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുകയുണ്ടായി. 2010-11 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ കേരളത്തിലെ കന്നുകാലികളെ ബാധിച്ച പ്രധാന പകര്‍ച്ചവ്യാധികള്‍, രോഗബാധ, ചത്തൊടുങ്ങിയ മൃഗങ്ങളുടെ എണ്ണം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 2.58 ല്‍ കാണുക. ആന്ത്രാക്സ് (Anthrax), ഹെമറാജിക് സെപ്റ്റിസീമിയ (Hemorrhagic Septicemia), കുളമ്പുരോഗം (FMD) മുതലായ രോഗങ്ങള്‍ 2016-17 ലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടു്. ഹെമറാജിക് സെപ്റ്റിസീമിയ മുൻവര്‍ഷത്തെ അപേക്ഷിച്ച് 2016-17 -ല്‍ വളരെ കൂടുതലാണ്.
രാത്രികാലങ്ങളിലെ അടിയന്തിര മൃഗചികിത്സാ സേവനങ്ങള്‍
വെറ്ററിനറി ഡോക്ടറുടെ സേവനം പകല്‍ സമയങ്ങളില്‍ മാത്രമേ ലഭിക്കാറുള്ളു. രാത്രികാലങ്ങളില്‍ സേവനം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വൈകിട്ട് 6 മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് ഡോക്ടറുടെ സേവനം ബ്ലോക്ക് തലത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പ്രോജക്ടിന് രൂപം നല്‍കിയത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം നല്‍കുന്നു. ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ഒരു വെറ്റേറിനറി സ്ഥാപനത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ മരുന്നുകള്‍ യൂണിറ്റിന് ലഭ്യമാക്കും. രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം 2016-17 വരെ 65 ബ്ലോക്കിലും 2017-18 ല്‍ 85 ബ്ലോക്കിലേയ്ക്കും വ്യാപിപ്പിക്കുകയുണ്ടായി.
പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിന്‍ ഉല്പാദനം
സംസ്ഥാനത്ത് മൃഗങ്ങള്‍ക്കുള്ള വാക്സിന്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഒരേയൊരു സ്ഥാപനമാണ് പാലോടുള്ള വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവിടെ ഉല്പാദിപ്പിക്കുന്ന വാക്സിനുകളുടെ വിശദവിവരങ്ങള്‍ അനുബന്ധം 2.59 -ല്‍ ചേര്‍ത്തിട്ടുണ്ടു്. 2016-17 ല്‍ 194.95 ലക്ഷം ഡോസ് പൗള്‍ട്രി വാക്സിനും 4.36 ലക്ഷം ഡോസ് കന്നുകാലികള്‍ക്കുള്ള വാക്സിനും ഉല്പാദിപ്പിച്ചു. മുൻവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൗള്‍ട്രി വാക്സിന്‍ ഉല്പാദനം 21.48 ശതമാനം കുറയുകയും കന്നുകാലികള്‍ക്കുള്ള വാക്സിന്റെ ഉല്പാദനം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. 2016-17 -ല്‍ കന്നുകാലികള്‍ക്ക് 26.76 ലക്ഷവും കോഴികള്‍ക്ക് 69.52 ലക്ഷവും വാക്സിനേഷനുകള്‍ നടത്തി. മുൻവര്‍ഷത്തെ അപേക്ഷിച്ച് കന്നുകാലികളുടെ വാക്സിനേഷന്‍ 7.47 ശതമാനം ആയി വര്‍ദ്ധിക്കുകയും കോഴികള്‍ക്കുള്ള വാക്സിനേഷന്‍ 34.64 ശതമാനമായി കുറയുകയും ചെയ്തു. പേവിഷത്തിന് നായ്ക്കളില്‍ നടത്തിയ കുത്തിവയ്പ്പുകളുടെ എണ്ണം മുൻവര്‍ഷം 2.87 ലക്ഷമായിരുന്നത് 2016-17 -ല്‍ 2.83 ലക്ഷമായി കുറഞ്ഞിട്ടുണ്ടു്. (അനുബന്ധം 2.60).
വിലകള്‍
കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ കാലിവളര്‍ത്തല്‍ മേഖലയിലെ പ്രധാന ഉല്പന്നോപാധികളുടേയും ഉല്പന്നങ്ങളുടേയും ശരാശരി വില അനുബന്ധം 2.61 ലുണ്ടു്. ഈ കാലയളവില്‍ എല്ലാ ഉല്പന്നങ്ങളുടേയും വില വര്‍ദ്ധിച്ചു. ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില 1.66 ശതമാനവും, നാടന്‍ കോഴി ഇറച്ചിയുടെ വില 15.30 ശതമാനവും, ആട്ടിറച്ചി 7.96 ശതമാനവും മാട്ടിറച്ചി 8.07 ശതമാനവും, പന്നിയിറച്ചി വില 2.99 ശതമാനവും വര്‍ദ്ധിച്ചു. 2016-17 ല്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് ചിക്കന്‍ഡെസിക്കും(15.30 ശതമാനം) തുടര്‍ന്ന് മാട്ടിറച്ചി (8.07 ശതമാനം) യ്ക്കുമാണ്. 2015-16 ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-17 ല്‍ വെള്ള ക്കോഴി മുട്ടയുടെ വില 13.81 ശതമാനവും, തവിട്ടുനിറത്തിലുള്ള മുട്ടയുടെ വില 15 ശതമാനവും, താറാമുട്ടയുടെ വില 22.31 ശതമാനവും വര്‍ദ്ധിച്ചു. 2015-16 ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-17 -ല്‍ പശുവിന്‍ പാലിന്റെ വില 7.31 ശതമാനവും എരുമപ്പാലിന്റെ വില 24.38 ശതമാനവുമായി വര്‍ദ്ധിച്ചു.
ഉല്പന്നോപാധികളെ സംബന്ധിച്ചിടത്തോളം, 2016-17 -ല്‍ വയ്ക്കോലിന്റെ വില 13.34 ശതമാനവും പുല്ലിന്റെ വില 5.26 ശതമാനവും വര്‍ദ്ധിച്ചു. 2015-16 ലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-17 -ല്‍ നിലക്കടല പിണ്ണാക്കിന്റെ വില 10.95 ശതമാനവും, തേങ്ങാപ്പിണ്ണാക്കിന്റെ വില 9.25 ശതമാനവും, എള്ളിന്‍പിണ്ണാക്കിന്റെ വില 7.63 ശതമാനവും വര്‍ദ്ധിച്ചു. ഈ വില വര്‍ദ്ധന ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഭീഷണിയാണ്. ആയതിനാല്‍ സംസ്ഥാനത്ത് യഥേഷ്ടം ലഭ്യമാകുന്ന പരമ്പരാഗത രീതിയിലുള്ള തീറ്റകളുടെ സാധ്യത കണ്ടെത്തുന്നതിനുള്ള നടപടി ഉണ്ടാകേണ്ടതാണ്. 2011-12 മുതല്‍ 2016-17 വരെ കന്നുകാലി ഉല്പന്നങ്ങളുടെ ശരാശരി വിലകളില്‍ ദൃശ്യമാകുന്ന പ്രവണത ചിത്രം 2.15 -ല്‍ കാണിച്ചിട്ടുണ്ടു്.
മാംസം | മുട്ട |
![]() |
![]() |
പാൽ | കാലിത്തീറ്റ |
![]() |
![]() |
അവലംബം: മൃഗസംരക്ഷണ വകുപ്പ് |
2016-17 ലെ ഭൗതിക നേട്ടങ്ങള്‍
2017-18 ലെ മുഖ്യ സംരംഭങ്ങള്‍