മത്സ്യവികസനം

ദേശീയ സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ വിജയ സാധ്യതയുള്ള മേഖലയായാണ് മത്സ്യബന്ധനത്തെ കണക്കാക്കപ്പെടുന്നത്. മൊത്തം ആഭ്യന്തര ഉല്പാദനം, തൊഴില്‍ എന്നീ സംഭാവനകള്‍ക്കു പുറമെ അനേകം ഉപവ്യവസായങ്ങള്‍ക്കും ഈ മേഖല വഴിയൊരുക്കുന്നു. ചെലവു കുറഞ്ഞ പോഷകാ ഹാരത്തിന്റെ സ്രോതസ്സും കൂടിയായ ഈ മേഖല മികച്ച വിദേശ നാണ്യ സ്രോതസ്സാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അക്വാക്കള്‍ച്ചര്‍ വഴി മത്സ്യഉല്പാദനം നടത്തുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യ ചൈനയ്ക്ക് തൊട്ടു പിറകില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 2015-16 (താല്‍ക്കാലിക കണക്ക്) ലെ മൊത്തം മത്സ്യ ഉല്പാദനം 107.9 ലക്ഷം ടണ്‍ ആണ്. ഇതില്‍ 71.65 ലക്ഷം ടണ്‍ ഉള്‍നാടന്‍ മത്സ്യബന്ധനത്തില്‍ നിന്നും 36.3 ലക്ഷം ടണ്‍ സമുദ്ര മത്സ്യബന്ധനത്തില്‍ നിന്നുമുള്ള സംഭാവനയാണ്. രാജ്യത്തെ ആകെ മത്സ്യ ഉല്പാദനത്തിന്റെ 66 ശതമാനം വിഹിതം ഇന്ന് ഉള്‍നാടന്‍ മത്സ്യമേഖലയില്‍ നിന്നാണ്. ഉള്‍നാടന്‍ മത്സ്യബന്ധന ഉല്പാദനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്കും ഉയര്‍ന്നതാണ്. സമുദ്ര മത്സ്യ ഉല്പാദനം കൂടിയിട്ടുണ്ടെങ്കിലും അതിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ കുറഞ്ഞതായി കാണുന്നു. അനിയന്ത്രിതവും തുറസ്സായതുമായ മത്സ്യബന്ധനം മൂലം ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധനം പ്രതിസന്ധി നേരിടുകയാണ്. 14.50 ദശലക്ഷം ആളുകള്‍ പ്രധാനമായും ഈ മേഖലയില്‍ ആശ്രിതരാണ്. വളരെയധികംപേര്‍ ഈ ശൃംഖലയില്‍ ഉള്‍പ്പെടുന്നു. 2016-17 ല്‍ ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി വരുമാനം 37,870.90 കോടി രൂപ ആയിരുന്നു. 2015-16 ലെ കയറ്റുമതി വിവരങ്ങള്‍ പരിശോധിച്ചാല്‍ സമുദ്രോല്പ്ന്നങ്ങളുടെ അളവിലും വിലയിലും കുറവുണ്ടായതായി കാണാം. എന്നാല്‍ 2016-17 ല്‍ ഇതിന് വര്‍ദ്ധനവ് ഉണ്ടായി. 2015-16 കാലയളവില്‍ ദേശീയ മൊത്തം മൂല്യവര്‍ദ്ധനവിന്റെ 0.9 ശതമാനം, ഈ മേഖലയുടെ സംഭാവനയായിരുന്നു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള മൊത്തം മൂല്യവര്‍ദ്ധനവിന്റെ 5.43 ശതമാനവും ഈ മേഖലയില്‍ നിന്നാണ്.

2016-17 ലെ കേരളത്തിന്റെ മൊത്തം മത്സ്യ ഉല്പാദനം 6.76 ലക്ഷം ടണ്ണായിരുന്നു. അതില്‍ 4.88 ലക്ഷം ടണ്‍ സമുദ്ര മത്സ്യഉല്പാദനവും, 1.88 ലക്ഷം ഉള്‍നാടന്‍ മത്സ്യ ഉല്പാദനവുമാണ്. വിശദവിവരങ്ങള്‍ അനുബന്ധം 2.62 -ല്‍ കൊടുത്തിട്ടുണ്ടു്. കേരളത്തിലെ മത്സ്യ ഉല്പാദന വിവരങ്ങള്‍ വര്‍ഷം തിരിച്ച് ചിത്രം 2.16-ല്‍ കൊടുത്തിട്ടുണ്ടു്. 2016-17 -ല്‍ സംസ്ഥാനത്തെ സമുദ്ര മത്സ്യഉല്പാദനം, ഉള്‍നാടന്‍ മത്സ്യ ഉല്പാദനം, മൊത്തം മത്സ്യ ഉല്പാദനം എന്നിവ 2015-16 നെ അപേക്ഷിച്ച് കുറവായിരുന്നു. സംസ്ഥാനത്തിന്റെ മത്സ്യ ഉല്പാദനം വിഭവശേഷിയുടെ അടുത്ത് എത്തി നില്‍ക്കുകയാണ് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ സമുദ്ര മത്സ്യ ലഭ്യതയുടെ അളവില്‍ 2011-12 നു ശേഷം തുടര്‍ച്ചയായി കുറവുണ്ടായി. എന്നാല്‍ 2014-15 ല്‍ നേരിയ വര്‍ദ്ധനവുണ്ടായി. വിലകൂടിയ മത്സ്യങ്ങളുടെ ലഭ്യത ഇപ്പോഴും കുറവാണ്. നെയ്മീന്‍, വാള, കൊഞ്ച്, അയല എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ലഭിക്കുന്ന വിലകൂടിയ മത്സ്യങ്ങളുടെ ഗുണനിലവാരമാണ് മത്സ്യത്തൊഴിലാളികളുടെ വരുമാനം നിര്‍ണ്ണയിക്കുന്നത്. 2013-14 മുതല്‍ 2016-17 വരെ കേരള തീരത്തു നിന്നു ലഭിച്ച മത്സ്യത്തിന്റെ ഇനം തിരിച്ചുള്ള കണക്ക് അനുബന്ധം 2.63 -ല്‍ കൊടുത്തിട്ടുണ്ടു്.

ചിത്രം 2.16
കേരളത്തിലെ മത്സ്യ ഉല്പാദനം (2012-13 മുതല്‍ 2016-17 വരെ)
അവലംബം: ഫിഷറീസ് വകുപ്പ്

ദേശീയ തലത്തില്‍ ആകെ മത്സ്യഉല്പാദനത്തിന്റെ 66 ശതമാനം ഉള്‍നാടന്‍ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഉള്‍നാടന്‍ മത്സ്യ ഉല്പാദനത്തിന്റെ സംഭാവന 28 ശതമാനം മാത്രമാണ്. ഇത് കടല്‍ മത്സ്യ ഉല്പാദനത്തിനേക്കാള്‍ കുറവാണ്. ഇന്ത്യയിലെയും കേരളത്തിലെയും ആകെ മത്സ്യ ഉല്പാദന മേഖലയിലെ വ്യത്യാസം ചിത്രം 2.17 -ല്‍ കൊടുത്തിട്ടുണ്ടു്.

ചിത്രം 2.17
ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യ ഉല്പാദനം (സമുദ്ര-ഉള്‍നാടന്‍ മേഖലകളുടെ വിഹിതം)
ഇന്ത്യയിലെ മത്സ്യ ഉല്പാദനം (2015-16) കേരളത്തിലെ മത്സ്യ ഉല്പാദനം (2016-17)
അവലംബം: ഫിഷറീസ് വകുപ്പ് കേരള സർക്കാർ; ടി.എ.എച്ച്.ടി., ഭാരതസർക്കാർ

2013-14 മുതല്‍ 2016-17 വരെയുള്ള കേരളത്തിലെ ഉള്‍നാടന്‍ മത്സ്യ ഉല്പാദനത്തിന്റെ ഇനം തിരിച്ചുള്ള കണക്കുകള്‍ അനുബന്ധം 2.64 ല്‍ കൊടുത്തിട്ടുണ്ടു്. 1999-2000 മുതല്‍ ഉള്‍നാടന്‍ മത്സ്യ ഉല്പാദനം മെച്ചപ്പെട്ടു വരുന്നു. ഇത് 2015-16 വരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉള്‍നാടന്‍ മത്സ്യമേഖലയിലെ ശേഷി മുഴുവനായി വിനിയോഗിക്കാന്‍ കേരളത്തിനു സാധിച്ചിട്ടില്ല. രാജ്യത്തിന്റെ 7 ശതമാനത്തിനു മുകളില്‍ ജലാശയങ്ങളുള്ള കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യബന്ധനത്തിലെ പങ്ക് ബാക്കി സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായി കാണപ്പെടുന്നു.

2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തിന്റെ ജനസംഖ്യ 334 ലക്ഷമാണ്. മത്സ്യത്തൊഴിലാളികള്‍ സംസ്ഥാന ജനസംഖ്യയുടെ 3.1 ശതമാനമാണ്. സംസ്ഥാനത്തെ 222 സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളിലും 113 ഉള്‍നാടന്‍ മത്സ്യ ബന്ധന ഗ്രാമങ്ങളിലുമായി ഇവര്‍ വസിക്കുന്നു. 2016-17-ല്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ എണ്ണം 10.29 ലക്ഷമാണ്. ഇതില്‍ 7.92 ലക്ഷം പേര്‍ സമുദ്ര മത്സ്യബന്ധനത്തിലും 2.37 ലക്ഷം മത്സ്യത്തൊഴിലാളികള്‍ ഉള്‍നാടന്‍ മത്സ്യ ബന്ധനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. മത്സ്യത്തൊഴിലാളി ജനസംഖ്യയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആലപ്പുഴ ജില്ലയാണ്(1.91 ലക്ഷം). തൊട്ടു പിന്നില്‍ തിരുവനന്തപുരവും (1.70 ലക്ഷം) എറണാകുളവും ഉണ്ടു് (1.37 ലക്ഷം). മത്സ്യത്തൊഴിലാളി ജനസംഖ്യയുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 2.65 -ല്‍ നല്‍കിയിട്ടുണ്ടു്.

2016-17 ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ സജീവ മത്സ്യത്തൊഴിലാളികളുടെ എണ്ണം 236,300 ആണ്. ഇതില്‍ 89 ശതമാനം പുരുഷന്‍മാരാണ്. ഏറ്റവും കൂടുതല്‍ സജീവ മത്സ്യത്തൊഴിലാളികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഉപജീവനത്തിനായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു കീഴില്‍ രജീസ്റ്റര്‍ ചെയ്തിരിക്കുന്നതുമായ മത്സ്യത്തൊഴിലാളികളെയാണ് സജീവ മത്സ്യത്തൊഴിലാളികളായി കണക്കാക്കുന്നത്. 2016-17 ല്‍ മത്സ്യബന്ധന മേഖലയില്‍ 77,597 അനുബന്ധ മത്സ്യത്തൊഴിലാളികളാണ് കേരളത്തില്‍ ഉള്ളത്. ഇതില്‍ 81 ശതമാനം സ്ത്രീകളാണ്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അനുബന്ധ മത്സ്യബന്ധന പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയാണ് അനുബന്ധ മത്സ്യത്തൊഴിലാളികളായി കണക്കാക്കുന്നത്.

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ പ്രാഥമിക മേഖലയില്‍ നിന്നുള്ള ആഭ്യന്തര മൂല്യവര്‍ദ്ധനവില്‍ 8.5 ശതമാനം മത്സ്യബന്ധന അക്ക്വാക്കള്‍ച്ചര്‍ മേഖലയില്‍ നിന്നാണ്. സംസ്ഥാന ആഭ്യന്തര മൂല്യവര്‍ദ്ധനവ് ആണ്ടുതോറും ഉയരുന്നുണ്ടെങ്കിലും ഇതിലേയ്ക്കുള്ള കാര്‍ഷികമേഖലയുടേയും മത്സ്യബന്ധന മേഖലയുടേയും സംഭാവന കുറഞ്ഞു വരുന്നതായി കാണുന്നു. സംസ്ഥാന ആഭ്യന്തര മൂല്യവര്‍ദ്ധനവില്‍ മത്സ്യബന്ധന മേഖലയുടെ സംഭാവന 2011-12 ലെ 1.12 ശതമാനത്തില്‍ നിന്നും 2016-17 -ല്‍ 0.95 ശതമാനമായി കുറഞ്ഞു. കാര്‍ഷിക മേഖലയുടെ പങ്ക് 2011-12 ലെ 15.20 ശതമാനത്തില്‍ നിന്നും 2016-17 -ല്‍ 11.27 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2016-17 -ല്‍ മൊത്തം ആഭ്യന്തരമൂല്യ വര്‍ദ്ധനവില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍ മൊത്തം ആഭ്യന്തര മൂല്യവര്‍ദ്ധനവില്‍ കാര്‍ഷിക മേഖലയുടേയും മത്സ്യബന്ധന ഉപമേഖലയുടേയും വര്‍ദ്ധനവിന്റെ ഗതി മറ്റ് മേഖലകളേക്കാള്‍ കുറവാണ്. സംസ്ഥാന ആഭ്യന്തര മൂല്യവര്‍ദ്ധനവില്‍ മത്സ്യബന്ധന മേഖലയുടെ സംഭാവന അനുബന്ധം 2.66 -ല്‍ കാണിച്ചിരിക്കുന്നു.

സംസ്ഥാനത്തെ ജില്ലാതല മത്സ്യ ഉല്പാദന കണക്കുകള്‍ പരിശോധിച്ചാല്‍ സമുദ്ര മത്സ്യ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് കൊല്ലം ജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളുമാണ്. സംസ്ഥാനത്തെ മൊത്തം സമുദ്ര മത്സ്യ ഉല്പാദനത്തിന്റെ ഏകദേശം 74 ശതമാനം ഈ മൂന്ന് ജില്ലകളില്‍ നിന്നാണ്. ഉള്‍നാടന്‍ മത്സ്യ ഉല്പാദനത്തില്‍ ഏറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തില്‍ കൊല്ലം ജില്ല ഒന്നാമതും എറണാകുളം രണ്ടാമതും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. വിശദാംശങ്ങള്‍ അനുബന്ധം 2.67 -ല്‍ കൊടുത്തിരിക്കുന്നു.

സമുദ്രോല്പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ സംഭാവന പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ദേശീയ സമുദ്ര ഉല്പന്ന കയറ്റുമതിയില്‍ കേരളം ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടു്. 2016-17 കാലയളവില്‍ കേരളത്തില്‍ നിന്ന് 5,008.54 കോടി രൂപ വിലമതിക്കുന്ന 159,141 ടണ്‍ സമുദ്ര ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയുടെ അളവിലും മൂല്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടു്. ഇന്ത്യയില്‍ നിന്നുള്ള മൊത്തം സമുദ്രോല്പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം അളവിലും മൂല്യത്തിലും കുറഞ്ഞിട്ടുണ്ടു്. വിശദാംശങ്ങള്‍ അനുബന്ധം 2.68 -ല്‍ രേഖപ്പെടുത്തിയിട്ടുണ്ടു്.

2017-18 ലെ മുഖ്യ സംരംഭങ്ങള്‍

കേരളത്തിന്റെ ഭാവിക്ക് ഉതകുന്ന ഒരു വാഗ്ദാനമാണ് ഉള്‍നാടന്‍ മത്സ്യബന്ധന മേഖല. നല്ലയിനം മത്സ്യവിത്തുകളുടെ ലഭ്യത കുറവ് ഈ മേഖല നേരിടുന്ന ഒരു പ്രധാന പ്രശ്നമായി കണക്കാക്കപ്പെടുന്നു. നല്ലയിനം മത്സ്യവിക്കുകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുമായി നിലവിലുള്ള ഹാച്ചറികള്‍, നഴ്സറികള്‍, ഫിഷ് ഫാമുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പുതിയ യൂണിറ്റുകള്‍ നിര്‍മ്മിക്കുകയും വേണം. 2017-18 ല്‍ അക്വാക്കള്‍ച്ചറിന്, 28.38 കോടി രൂപ ഉള്‍പ്പെടുത്തിക്കൊണ്ടു് ഉള്‍നാടന്‍ മത്സ്യബന്ധനത്തിനുവേണ്ടി 48.88 കോടി രൂപ അനുവദിച്ചു. മത്സ്യബന്ധനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെടുന്നത് അവസാനിപ്പിക്കുന്നതിന് സമുദ്ര റസ്ക്യൂ ക്രാഫ്റ്റ് കരസ്ഥമാക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ടു്.

കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ താരതമ്യേനയുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 2015-16 -ല്‍ സംസ്ഥാന സര്‍ക്കാര്‍ ‘അടിസ്ഥാന സൌകര്യവും മാനവശേഷി വികസനവും’ എന്ന പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കി. 2017-18 -ല്‍ ഈ പദ്ധതിക്കായി 216 കോടി രൂപ വകയിരുത്തിയിട്ടുണ്ടു്. ഇതില്‍ 150 കോടി രൂപ സമുദ്രതീരത്തിന്റെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന, കടലാക്രമണ ഭീതി നേരിടുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനും, ഭൂമി വാങ്ങുന്നതിനും, ഭവന നിര്‍മ്മാണത്തിനും വേണ്ടി മാത്രമായി നീക്കി വച്ചിട്ടുള്ളതാണ്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലേയും 2016-17 വാര്‍ഷിക പദ്ധതിയിലേയും പ്രവര്‍ത്തനത്തിന്റെ അവലോകനം

അടിസ്ഥാന സൌകര്യവികസനം, ഭവനനിര്‍മ്മാണം, ആരോഗ്യരക്ഷാ പരിപാടികള്‍, കുടിവെള്ളം, ജീവനോപാധികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സമഗ്ര തീരദേശ പ്രോജക്ട് നടപ്പാക്കുക, ഉള്‍നാടന്‍ മത്സ്യ ഉല്പാദനം 1.17 ലക്ഷം ടണ്ണില്‍ നിന്നും 2 ലക്ഷം ടണ്ണായി വര്‍ദ്ധിപ്പിക്കുക, വിത്തുല്പാദനം വര്‍ദ്ധിപ്പിക്കുക, മത്സ്യബന്ധനാന്തര സംരംഭങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ലാന്റിംഗ് കേന്ദ്രങ്ങള്‍, ശീത സംഭരണികളുടെ ശൃംഖലയും, വിപണന സൗകര്യവും മെച്ചപ്പെടുത്തുക, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക, സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുക, വായ്പാ സൗകര്യവും സാമൂഹ്യ സുരക്ഷിതത്വവും ഏര്‍പ്പെടുത്തുക എന്നിവയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്തത്. പഞ്ചവത്സര പദ്ധതികളുടെ മുന്‍ഗണനാക്രമം അനുസരിച്ചാണ് വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. അതിന്‍പ്രകാരം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അഞ്ചാം വാര്‍ഷിക പദ്ധതി 2016-17 -ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ മത്സ്യബന്ധന മേഖലയ്ക്ക് വിഭാവനം ചെയ്ത മൊത്തം വിഹിതമായ 1471 കോടി രൂപ (തീരദേശ വികസനപരിപാടികള്‍ ഉള്‍പ്പെടെ) സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിന്റെ 1.44 ശതമാനവും, കൃഷി അനുബന്ധമേഖലകള്‍ക്കുള്ള വിഹിതത്തിന്റെ 16.66 ശതമാനവുമാണ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലയളവായ 2012-13 മുതല്‍ 2016-17 വരെ വകയിരുത്തിയ ബഡ്ജറ്റ് തുക 1,420.89 കോടി രൂപയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ചെലവ് തുക 1,292.69 കോടി രൂപയുമാണ് (91 ശതമാനം). വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ താഴെ ചിത്രം 2.18 -ലും അനുബന്ധം 2.69 ലും കാണിച്ചിട്ടുണ്ടു്.

ചിത്രം. 2.18
ഫിഷറീസ് തീരദേശ വികസന മേഖല പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലയളവിലെ വകയിരുത്തലും ചിലവും
അവലംബം: ബജറ്റ് പ്രോഗ്രാം ബുക്ക്, പ്ലാൻ സ്പേസ്

2016-17 ല്‍ മത്സ്യബന്ധനത്തിനും തീരദേശ വികസനത്തിനുമായി സംസ്ഥാന വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയത് 345.03 കോടി രൂപയാണ്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചെലവ് തുക 381.22 കോടി രൂപ. ഇത് മേഖലയുടെ പദ്ധതി വിഹിതത്തിന്റെ 104 ശതമാനം ആണ്. ഭാഗികമായി കേന്ദ്രസഹായമുള്ള പദ്ധതികളുടെ വകയിരുത്തല്‍ 63.99 കോടി രൂപയും ചെലവ് 77.44 കോടി രൂപയുമാണ്. സി.എസ്.എസ് പദ്ധതികളില്‍ ഉള്‍പ്പെട്ട എന്‍.സി.ഡി.സി സഹായ പദ്ധതിയുടെ വകയിരുത്തല്‍ 16.50 കോടി രപൂയും ചെലവ് 22.50 കോടി രൂപയുമാണ് (136.4 ശതമാനം). വിവിധ ഏജന്‍സികള്‍ നടപ്പിലാക്കുന്ന ബൃഹത് പദ്ധതികള്‍ ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ വളരെയധികം ഘടകങ്ങളും ഉപഘടകങ്ങളും ഉള്‍പ്പെടുന്നു. വിവിധ ഏജന്‍സികള്‍ നടപ്പിലാക്കുന്ന വിവിധതരം പദ്ധതികള്‍ നിലവിലുള്ളതിനാല്‍ ഓവര്‍ലാപ്പിംഗ് ഒഴിവാക്കാനും മോണിറ്ററിംഗ് ശക്തമാക്കാനും ശ്രദ്ധിക്കണം. വിവിധ ഏജന്‍സികള്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ഒരു എക്സ്റ്റേണല്‍ മോണിറ്ററിംഗ് സംവിധാനം ഏറ്റെടുക്കാവുന്നതാണ്.

പ്രധാന വികസന പദ്ധതികള്‍

മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്ലാന്‍ പദ്ധതികളെ ഇത്തരത്തില്‍ തരം തിരിക്കാം

  1. സമുദ്ര മത്സ്യബന്ധന വികസനം
  2. ഉള്‍നാടന്‍ മത്സ്യബന്ധന വികസനം
  3. നീലവിപ്ലവം – സി.എസ്.എസ്. സ്കീം
  4. വിജ്ഞാന വ്യാപനം, പരിശീലനം, സേവനങ്ങള്‍
  5. വിപണികളുടെ ആധുനികവല്‍ക്കരണവും മൂല്യവര്‍ദ്ധനവും
  6. മത്സ്യബന്ധനത്തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍
  7. മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനവും മാനേജ്മെന്റും – സി.എസ്.എസ്. ഘടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടു്.
  8. ഫിഷറീസ് സർവകലാശാലയ്ക്കുള്ള പദ്ധതി
  9. തീരദേശ വികസനത്തിനായുള്ള പദ്ധതികള്‍

പൊതു മേഖലയില്‍ 218.32 ലക്ഷം മത്സ്യ വിത്തുകളും 1,145.65 ലക്ഷം ചെമ്മീന്‍ വിത്തുകളും ഉല്പാദിപ്പിച്ചു. 2016-17 -ല്‍ 8055 ഹെക്ടര്‍ ശുദ്ധ ജല സ്രോതസ്സുകളിലും, 2,040 ഹെക്ടര്‍ ലവണജലത്തിലും 3,970 ഹെക്ടര്‍ പാടശേഖരങ്ങളിലും മത്സ്യ/ചെമ്മീന്‍ കൃഷി ആരംഭിച്ചു.

മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനായി 2016-17--ല്‍ ഗൃഹനിര്‍മ്മാണത്തിനായി 2421 മത്സ്യത്തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. വീടിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനായി 3722 മത്സ്യത്തൊഴിലാളികള്‍ക്ക് 50,000 രൂപ വീതം ധനസഹായം അനുവദിച്ചു. ശുചീകരണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 2016-17 ല്‍ 1,688 മത്സ്യത്തൊഴിലാളികള്‍ക്ക് ശൗചാല യങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 17,500 രൂപ വീതം ധനസഹായം അനുവദിച്ചു.

തുറമുഖ എഞ്ചിനീയറിംഗ് വകുപ്പും മത്സ്യബന്ധന തുറമുഖങ്ങളും

കേരള സര്‍ക്കാര്‍ ഇതുവരെ 13 മത്സ്യ ബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 11 തുറമുഖങ്ങളുടെ നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയുമാണ്. വിഴിഞ്ഞം, തങ്കശ്ശേരി, നീണ്ടകര, കായംകുളം, തോട്ടപ്പള്ളി, മുനമ്പം, പൊന്നാനി, ബേപ്പൂര്‍, പുതിയാപ്പാ, ചോമ്പാല്‍, മാപ്പിളബേ, അഴീക്കല്‍, ചെറുവത്തൂര്‍ എന്നിവയാണ് പൂര്‍ത്തിയായ തുറമുഖങ്ങള്‍. മുതലപ്പൊഴി, ചെത്തി(ഒന്നും രണ്ടും) അര്‍ത്തുങ്കല്‍ (രണ്ട്), ചെല്ലാനം (ഒന്ന്, രണ്ട്), ചേറ്റുവാ, താനൂര്‍, കൊയിലാണ്ടി, വെള്ളയില്‍, തലായ്, മഞ്ചേശ്വരം, കാസര്‍ഗോഡ് മുതലായവയുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ ലൊക്കേഷന്‍ ചിത്രം 2.19 -ല്‍ കാണിച്ചിട്ടുണ്ടു്.

ചിത്രം 2.19
കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ ലൊക്കേഷന്‍
അവലംബം: തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, കേരള സർക്കാർ

അര്‍ത്തുങ്കല്‍, വെള്ളയില്‍, താനൂര്‍, മഞ്ചേശ്വരം, കൊയിലാണ്ടി എന്നീ തുറമുഖങ്ങള്‍ക്കായുള്ള പദ്ധതി സഹായം 2016-17 ല്‍ ലഭ്യമാക്കിയിട്ടുണ്ടു്. ചേറ്റുവ, ചെറുവത്തൂര്‍, തലായ് എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ പൂര്‍ത്തീകരണത്തിനായും പ്രവര്‍ത്തന ക്ഷമമാക്കുന്നതിനായും ഫണ്ട് അനുവദിച്ചിട്ടുണ്ടു്. മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്ററിനായും ധനസഹായം നല്‍കിയിട്ടുണ്ടു്. 2016-17 -ല്‍ സംസ്ഥാന പദ്ധതിക്കു കീഴില്‍ 26.24 കോടി രൂപ മത്സ്യബന്ധന തുറമുഖങ്ങള്‍ക്കു വേണ്ടി അനുവദിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ചിലവ് 33.48 കോടിയാണ്.

സംസ്ഥാന ഫണ്ട്, കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് (50 ശതമാനം, 75 ശതമാനം സി.എസ്.എസ്) കേന്ദ്ര സ്കീമായ ആര്‍.കെ.വി.വൈ മുതലായവയില്‍ നിന്നുള്ള ഫണ്ട്, നബാര്‍ഡ് പോലുള്ള ഏജന്‍സികളില്‍ നിന്നുള്ള ഫണ്ട് (ആര്‍.ഐ.ഡി.എഫിനു കീഴില്‍) എന്നിവ ഉപയോഗിച്ചാണ് മുന്‍പ് മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം നടത്തിയിരുന്നത്. എന്നാല്‍ ഈയടുത്ത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ടിംഗില്‍ വന്ന മാറ്റങ്ങള്‍ കാരണം കേന്ദ്ര നല്‍കുന്ന ഫണ്ടില്‍ വളരെയധികം കുറവുണ്ടായി. ഇത് കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ പൂര്‍ത്തീകരണത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം വലിയ പദ്ധതികള്‍ക്കായുള്ള ധനസമാഹരണം സംസ്ഥാനത്തിനൊരു വലിയ വെല്ലുവിളിയാണ്. നടന്നുകൊണ്ടിരിക്കുന്ന എല്ലാ മത്സ്യബന്ധന തുറമുഖങ്ങളുടേയും സമയബന്ധിതമായ പൂര്‍ത്തീകരണ ഷെഡ്യൂളുകള്‍ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. നിലവിലുള്ള പല മത്സ്യബന്ധന തുറമുഖങ്ങളും ഉപയോഗശൂന്യവും പ്രവര്‍ത്തനക്ഷമമല്ലാത്തതു മാണെന്നാണ് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ട്. വര്‍ഷത്തിലുടനീളം പ്രവര്‍ത്തനക്ഷമമായ മത്സ്യബന്ധന തുറമുഖങ്ങള്‍ ഉണ്ടാക്കാനുള്ള നടപടികള്‍ എടുക്കേണ്ടതാണ്. മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അനുബന്ധം 2.70-ല്‍ കൊടുത്തിരിക്കുന്നു. മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും ഫിഷ് ലാന്റിംഗ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള മൊത്തവരുമാനം 2015-16 -ല്‍ 422.23 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 2016-17 -ല്‍ വരുമാനം 28 ശതമാനം കുറഞ്ഞ് 302.53 ലക്ഷം രൂപയായി. 2012-13 മുതല്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വരുമാനം നീണ്ടകര തുറമുഖത്ത് നിന്നാണ് ലഭിക്കുന്നത്. 2016-17 -ല്‍ പുതിയപ്പ മത്സ്യബന്ധന തുറമുഖം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും ഫിഷ്-ലാന്റിംഗ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള മൊത്തവരുമാനത്തിന്റെ 58 ശതമാനം നീണ്ടകര, പുതിയപ്പ, കായംകുളം തുറമുഖങ്ങളില്‍ നിന്നാണ്. നീണ്ടകര, പുതിയപ്പ, തങ്കശ്ശേരി, കായംകുളം എന്നീ മത്സ്യബന്ധന തുറമുഖങ്ങളില്‍ 2015-16 നെ അപേക്ഷിച്ച 2016-17 -ല്‍ വരുമാനം വളരെയധികം കുറഞ്ഞിട്ടുണ്ടു്. കടലില്‍ നിന്നു ലഭിക്കുന്ന മത്സ്യത്തിന്റെ അളവിനെ ആശ്രയിച്ചാണ് മൊത്തം വരുമാനം എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ രൂക്ഷമായ കുറവിനും ഏറ്റക്കുറച്ചിലുകള്‍ക്കും കാരണം സമുദ്ര മത്സ്യ ഉല്പാദനത്തിലുണ്ടാകുന്ന കുറവ് മാത്രമല്ല. മറ്റുകാരണങ്ങള്‍ എന്തൊക്കെയാണെന്ന് സൂക്ഷ്മമായ കണ്ടെത്തേണ്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ അനുബന്ധം 2.71 -ല്‍ കൊടുത്തിട്ടുണ്ടു്.

നബാര്‍ഡ് സഹായം ലഭിക്കുന്ന പദ്ധതികള്‍

പുതിയ തുറമുഖങ്ങളുടെ നിര്‍മ്മാണത്തിനു പുറമേ നിലവിലുള്ള തുറമുഖങ്ങളുടെ നവീകരണം, ലാന്റിംഗ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം, റോഡുകള്‍, പാലങ്ങള്‍, ലോക്കര്‍ മുറികള്‍, നടപ്പാതകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചിട്ടുണ്ടു്. 2016-17 ല്‍ കൂപ്പറക്കടവ് ബ്രിഡ്ജ്, രാതിക്കല്‍ തൊട്ടിപ്പാലം ബ്രിഡ്ജ്, കനയംകോട് ഫിഷിംഗ് ലാന്റിംഗ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

ആര്‍.ഐ.ഡി.എഫ് XV -ന് കീഴില്‍ 11 പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയും അതില്‍ 10 എണ്ണം പൂര്‍ത്തിയാവുകയും ചെയ്തു. ആര്‍.ഐ.ഡി.എഫ് XVII നു കീഴില്‍ 7 പാലങ്ങള്‍, ഫിഷ് ലാന്റിംഗ് കേന്ദ്രങ്ങള്‍, നടപ്പാത എന്നിവയുള്‍പ്പെട്ട 10 പദ്ധതികള്‍ക്കായി 62.91 കോടി രൂപ അനുവദിച്ചു. ഇതില്‍ 5 പദ്ധതികള്‍ പൂര്‍ത്തിയാവുകയും മറ്റു പദ്ധതികളുടെ നിര്‍മ്മാണം പൂരോഗമിക്കുകയുമാണ്. ആര്‍.ഐ.ഡി.എഫ് XIX-ന് കീഴില്‍ 13 ഫിഷ് ലാന്റിംഗ് കേന്ദ്രങ്ങള്‍, നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ ശക്തിപ്പെടുത്തല്‍, 9 പാലം പണികള്‍, 2 റോഡു പണികള്‍ എന്നിവയ്ക്കായി 76.72 കോടി രൂപ അനുവദിച്ചു. ആര്‍.ഐ.ഡി.എഫ്-XX ന് കീഴില്‍ രണ്ട് റോഡുകളുടേയും ഒരു പാലത്തിന്റേയും നിര്‍മ്മാണത്തിനായി 7.82 കോടി രൂപ അനുവദിച്ചു. 9 ലാന്റിംഗ് സെന്ററുകളുടെ പണികളും നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ ശക്തിപ്പെടുത്തലും 2 പാലം പണികളും 1 റോഡ് പണിയും പൂര്‍ത്തിയായിട്ടുണ്ടു്. നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആര്‍.ഐ.ഡി.എഫ് XXIII നു കീഴില്‍ നടപ്പാക്കുന്നതിനു വേണ്ടി 25.37 കോടി രൂപ ചെലവു വരുന്ന 4 പുതിയ പ്രൊപ്പോസലുകള്‍ നബാര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടു്. നബാര്‍ഡ് സഹായം ലഭിക്കുന്ന ആര്‍.ഐ.ഡി.എഫ് പദ്ധതികള്‍ക്കായുള്ള 2016-17 ലെ അടങ്കല്‍തുക 20 കോടി രൂപയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ചെലവ് 37.48 കോടി രൂപയാണ്.

കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.സി.എ.ഡി.സി)

സംസ്ഥാനത്തെ തീരദേശ മേഖലയുടെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.സി.എ.ഡി.സി). തീരദേശവികസനം, മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൌകര്യ വികസനം, സാങ്കേതിക വിദ്യ ആര്‍ജ്ജിക്കല്‍, വാണിജ്യ പ്രവര്‍ത്തനവും, വിദഗ്ദ്ധോപദേശം എന്നിവ സ്ഥാപനം നല്‍കുന്നു. കേരള സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്‍.എഫ്.ഡി.ബി, നബാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ച് ഏകദേശം 760 കോടി രൂപയുടെ വര്‍ക്കുകള്‍ കെ.എസ്.സി.എ.ഡി.സി നടപ്പാക്കി വരുന്നു. 2016-17 ല്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ 57 കോടി രൂപയുടെ 63 പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. 2016-17 -ല്‍ അടിസ്ഥാന സൌകര്യങ്ങളും മാനവശേഷി വികസനവും എന്ന പദ്ധതിക്കു കീഴില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ 32.10 കോടി രൂപയുടെ 19 പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിവരുന്നു. വിദ്യാഭ്യാസ മേഖലയിലെ 14 അടിസ്ഥാന വികസന പദ്ധതികള്‍/വിദ്യാഭ്യാസ മേഖലയെ സഹായിക്കുന്ന പദ്ധതികള്‍, ആരോഗ്യമേഖലയിലെ 4 അടിസ്ഥാന വികസന പദ്ധതികള്‍, ഒരു ഡ്രെയിനേജ് പദ്ധതി ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഡ്രെയിനേജ് പദ്ധതി പൂര്‍ത്തിയാക്കികഴിഞ്ഞു. 2016-17 -ല്‍ ആര്‍.ഐ.ഡി.എഫിനു കീഴില്‍ 11 പദ്ധതികള്‍ക്ക് നബാര്‍ഡ് അംഗീകാരം നല്‍കി. മീന്‍ വളര്‍ത്തുന്നതിനായുള്ള കുളങ്ങളുടെ വികസനം/ഹാച്ചറീസ് എന്നിവയ്ക്കുള്ള 6 പദ്ധതികള്‍, ഫിഷറീസ് ട്രെയിനിംഗ് സെന്ററുകളുടെ വികസനവുമായി ബന്ധപ്പെട്ട 2 പദ്ധതികള്‍, വിദ്യാഭ്യാസ മേഖലയിലെ 3 അടിസ്ഥാന വികസന പദ്ധതികള്‍ എന്നിവയ്ക്കായി 31.74 കോടി രൂപ അനുവദിച്ചു. 2016-17 -ല്‍ കൊല്ലം ജില്ലയിലെ കാരിക്കോട് എന്ന സ്ഥലത്ത് ആധുനീക രീതിയിലുള്ള മത്സ്യവിപണന വ്യാപാര കേന്ദ്രം നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചു. അടങ്കല്‍ തുക 356 ലക്ഷം രൂപയാണ്. ഇതില്‍ 178 ലക്ഷം രൂപ ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ ഓഹരിയാണ്.

സാമൂഹ്യ അടിസ്ഥാന വികസനം ഉള്‍പ്പെടെ തീരദേശ അടിസ്ഥാന വികസനത്തിന് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വളരെയധികം രൂപ ചെലവഴിച്ചു. ദീര്‍ഘകാലമായി പൂര്‍ത്തീകരിക്കാത്ത ധാരാളം പദ്ധതികള്‍ ഉണ്ടു്. ഈ പദ്ധതികളുടെ അവസ്ഥ വിലയിരുത്തി, പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപട്ടിക തയ്യാറാക്കി, അത് പ്രാബല്യത്തില്‍ വരുത്തുക അനിവാര്യമാണ്.

മത്സ്യത്തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷിതത്വവും ഉപജീവനോപാധിയും

മത്സ്യത്തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷിതത്വവും ഉപജീവനോപാധിയും ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടു്. സര്‍ക്കാറിന്റെ ഫിഷറീസ് വകുപ്പിന് പുറമെ മത്സ്യഫെഡും, കേരള മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡും ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടു്. ഇതിലെ പല സ്കീമുകള്‍ക്കും പ്ലാന്‍ സഹായം ലഭ്യമാണ്. ഇവയില്‍ ചിലത് കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ഉപജീവനോപാധികള്‍ നല്‍കുന്ന പദ്ധതികള്‍ക്ക് പുറമേ ഭവനനിര്‍മ്മാണം, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ മുതലായവയ്ക്കുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഗ്രൂപ്പ് അപകട ഇന്‍ഷ്വറന്‍സ് പദ്ധതി മുഖേന 2.36 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിച്ചു. 77,597 അനുബന്ധ മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്കും ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി മുഖേന പ്രയോജനം ലഭിച്ചു. 55,335 മത്സ്യത്തൊഴിലാളികള്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ നല്‍കി. ‘പെന്‍ഷന്‍ ഫോര്‍ വൈവ്സ് ഓഫ് ഡിസീസഡ് ഫിഷര്‍മെന്‍’ എന്ന പദ്ധതിയുടെ കീഴില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ഈ പദ്ധതി മുഖേന ആനുകൂല്യം ലഭിച്ചു. 9,965 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. 200 മത്സ്യയാനങ്ങള്‍ക്ക് യന്ത്രം ഘടിപ്പിക്കുന്നതിനായി തുക അനുവദിച്ചു. 960 മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷിംഗ് ഗിയര്‍ വാങ്ങുന്നതിന് ധനസഹായം അനുവദിച്ചു. ‘സേവിംഗ് കം റിലീഫ്’ പദ്ധതി യ്ക്കു കീഴില്‍ 1.9 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് പ ഞ്ഞമാസ(ഓഫ് സീസണ്‍)ത്തിലേയ്ക്കു വേണ്ട സഹായം അനുവദിച്ചു. ഫിഷറീസ് ഡിപ്പാ ര്‍ട്ട്മെന്റും കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡും നടപ്പിലാക്കുന്ന ഇത്തരം സ്കീമുകളുടെ വിശദാംശങ്ങള്‍ അനുബന്ധം 2.72 ലും 2.73 ലും കൊടുത്തിട്ടുണ്ടു്. മത്സ്യത്തൊഴിലാളി സമൂഹത്തിന് കൂടുതല്‍ സഹായം നല്‍കാനും കൂടുതല്‍ ജനങ്ങളെ സാമൂഹിക സുരക്ഷാപദ്ധതികളുടെ ഭാഗമാക്കാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടു്.

മത്സ്യഫെഡ്

പ്രാഥമിക തലത്തിലുള്ള 651 മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളുടെ ഒരു അപെക്സ് ഫെഡറേഷനാണ് മത്സ്യഫെഡ്. ഇതില്‍ 335 സംഘങ്ങള്‍ സമുദ്രമേഖലയിലും 198 സംഘങ്ങള്‍ ഉള്‍നാടന്‍ മേഖലയിലും 118 എണ്ണം വനിതാ സംഘങ്ങളുമാണ്. ഈ സൊസൈറ്റികളിലെ ആകെ അംഗസംഖ്യ 4.45 ലക്ഷത്തില്‍ കൂടുതലാണ്. ഫെഡറേഷന്റെ ആകെ ഓഹരി മൂലധനം 150 കോടി രൂപയാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ളില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപപ്പെടുത്താനും അതുവഴി സമ്പാദ്യശീലം വളര്‍ത്തുവാനും മത്സ്യഫെഡിന് സാധിച്ചിട്ടുണ്ടു്. സമ്പാദ്യശീലത്തിലൂടെ ഈ സംഘങ്ങള്‍ക്ക് ധനസമാഹരണം നടത്താന്‍ സാധിച്ചു. മൈക്രോഫിനാന്‍സും, പലിശരഹിത വായ്പകളും വഴി മത്സ്യഫെഡിന് മൈക്രോ ക്രെഡിറ്റ് മേഖലയില്‍ കാര്യമായ പ്രഭാവം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടു്. 2016-17 -ല്‍ മൈക്രോഫിനാന്‍സിന്റെ പിന്തുണയോടെ സ്വയം സഹായ സംഘം വഴിയുള്ള പ്രയോജനം 26,400 ഗുണഭോക്താക്കള്‍ക്കു ലഭിച്ചു. 17,928 മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പ അനുവദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനാവശ്യമായ ഉപാധികളും അറിവുകളും എത്തിക്കുന്നതില്‍ മത്സ്യഫെഡ് വിജയിച്ചിട്ടുണ്ടു്. പദ്ധതി മുഖേന സബ്സിഡിയിനത്തില്‍ ഫിഷിംഗ് ഗിയറുകള്‍ അനുവദിച്ചു. 899 മത്സ്യത്തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. വിവിധ പരിപാടികളിലൂടെ മത്സ്യഫെഡ് കൈവരിച്ച നേട്ടങ്ങള്‍ അനുബന്ധം 2.74 -ല്‍ കാണിച്ചിട്ടുണ്ടു്.

സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് റ്റു ഫിഷർ വുമണും സ്ത്രീ ശാക്തീകരണവും

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിനും ആകമാനമുള്ള വികസനം സാധ്യമാക്കുന്നതിനും വേണ്ടി സ്ഥാപിതമായ ഏജന്‍സിയാണ് സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് റ്റു ഫിഷര്‍ വുമണ്‍. എസ്.എ.എഫ് മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനു വേണ്ടി സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്‍കി. ചെറുകിട സംരംഭങ്ങളും, നിലനില്‍പ്പിനുവേണ്ടി തൊഴിലുകളും ആരംഭിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉപജീവനോപാധി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകിച്ച് ചെറുകിട സംരംഭങ്ങളുടെ വികസനത്തിനു വേണ്ടിയും 320 ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കി. 542 ഗുണഭോക്താക്കള്‍ക്ക് അവരുടെ കാര്യക്ഷമതാ വളര്‍ത്തുന്നതിനുള്ള പരിശീലനം നല്‍കി. കൂടാതെ നിലവിലുള്ള യൂണിറ്റുകളുടെ നിലനില്‍പ്പ് ഉറപ്പു വരുത്തുന്നതിനു വേണ്ടി, 588 യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തന മൂലധന തുക അനുവദിച്ചു. 100 യൂണിറ്റുകള്‍ക്ക് സാങ്കേതിക അഭിവൃദ്ധിക്കു വേണ്ട സഹായം നല്‍കി. 1,025 യൂണിറ്റുകള്‍ക്ക് കാര്യക്ഷമതാ പരിശീലനം നല്‍കി. 30 വയസ്സിനു താഴെയുള്ള 336 മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് തീരനൈപുണ്യം പദ്ധതി വഴി പ്രയോജനം ലഭിച്ചു. വിവിധ പരിപാടികളിലൂടെ മത്സ്യഫെഡ് കൈവരിച്ച നേട്ടങ്ങള്‍ അനുബന്ധം 2.75 -ല്‍ കൊടുത്തിട്ടുണ്ടു്.

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് സമുദ്ര മത്സ്യ ബന്ധന മേഖല അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. ഈ അടിസ്ഥാന സൗകര്യങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി, പോഷകാഹാരത്തിനും, ഭക്ഷ്യസുരക്ഷയ്ക്കും, സാമ്പത്തിക വളര്‍ച്ചക്കും വേണ്ടി മത്സ്യബന്ധന മേഖലയില്‍ സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുക എന്നതാണ് പന്ത്രണ്ടാം പദ്ധതിയുടെ തന്ത്രം. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെ മാനേജ്മെന്റ്, ഓഫ്ഷോര്‍ സമുദ്ര മത്സ്യ ഉല്പാദനത്തിന്റെ വര്‍ദ്ധന, വിളവെടുത്ത മത്സ്യത്തിന്റെ പൂര്‍ണ്ണമായ വിനിയോഗവും, മൂല്യവര്‍ദ്ധനവും എന്നീ കാര്യങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ടു്.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലേയ്ക്ക് സംസ്ഥാനം നീങ്ങുമ്പോള്‍, സംസ്ഥാനത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവന നല്‍കാന്‍ കെല്‍പ്പുള്ള മേഖലയെന്ന നിലയ്ക്ക് വളരെ താല്പര്യത്തോടെയാണ് മത്സ്യബന്ധന മേഖലയെ ഏവരും കാണുന്നത്. മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പോഷകാഹാര ഭദ്രത ഉറപ്പ് വരുത്തുക, ഉല്പാദന ഫലങ്ങള്‍ സുസ്ഥിരവും നിഷ്പക്ഷവുമായ രീതിയില്‍ വീതിച്ചു നല്‍കുക വഴി മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിലുള്ള ദാരിദ്ര്യം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മേഖല സ്വയം ഏറ്റെടുക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി അധ:പതനവും സൃഷ്ടിക്കുന്ന വെല്ലുവിളികളെ മനസ്സിലാക്കിയാകണം ഇത് കൈവരിക്കേണ്ടത്. ഉള്‍നാടന്‍ ജലസ്രോതസ്സുകളിലെ അക്വാകള്‍ച്ചറിന്റെ വളര്‍ച്ചയ്ക്ക് കേരളത്തിന്റെ വിഭവ അടിത്തറ വിപുലമായ സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്. കാര്യനിർവ്വഹണത്തിന്റെ വിപ്ലവകരമായ ഈ മാറ്റത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവപങ്കും സംഭാവനയും അനിവാര്യമാണ്. എന്നാല്‍ ഭാവി ഉദ്യമങ്ങളില്‍ വിഭവ സംരക്ഷണത്തിനും ഹാനികരമായ മത്സ്യബന്ധന രീതികള്‍ ഇല്ലാതാക്കുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതാണ്. കൂടാതെ ഭാവിയിലെ നിലനില്‍പ്പും ഉറപ്പുവരുത്തേണ്ടതാണ്. പര്യാപ്തമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും, വ്യാപന പ്രവര്‍ത്തനങ്ങളിലൂടേയും മത്സ്യബന്ധന മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ സാധിക്കും.