സാമ്പത്തിക പാരിസ്ഥിതിക മേഖലകളിൽ ജലസമ്പത്തിന്റെ പങ്കിനെക്കുറിച്ച് 2016 ലെ വേള്‍ഡ് വാട്ടര്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ടില്‍ (ഡബ്ല്യു.ഡബ്ല്യു.ഡി.ആര്‍) വിശദമായി പ്രതിപാദിച്ചിട്ടുണ്ടു്. സുസ്ഥിര വികസനത്തിനും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ജലസമ്പത്ത് അത്യന്താപേക്ഷിതമാണ്. ജലത്തിന്റെ ഉല്പാദനക്ഷമത ഭാരതത്തില്‍ വളരെ കുറവാണ്. എല്ലാ കൃഷിയിടങ്ങളിലും ജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി, ഭാരത സര്‍ക്കാര്‍ പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) എന്ന പദ്ധതി ആവിഷ്ക്കരിക്കുകയുണ്ടായി. ജലസമ്പത്തിന്റെ നയപരമായ ഉപയോഗം മൂലം ‘ഒരു കണിക ജലത്തില്‍ നിന്ന് കൂടുതല്‍ വിളവ്’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്.
ദേശീയ തലത്തിലെ സ്തിത്ഥിവിവര കണക്കു പ്രകാരം, 2014-15 കാലഘട്ടത്തില്‍, രാജ്യത്തെ മൊത്തം കൃഷി ഭൂമി 1,983.60 ലക്ഷം ഹെക്ടറും, മൊത്തം ജലസേചിത പ്രദേശം 964.57 ലക്ഷം ഹെക്ടറും ആയിരുന്നു. എന്നാല്‍, ഇതേ കാലഘട്ടത്തില്‍, കൃഷി ഭൂമിയുടെ അറ്റവിസ്തീര്‍ണ്ണം 1,401.30 ലക്ഷം ഹെക്ടറും, ജലസേചിത പ്രദേശത്തിന്റെ അറ്റവിസിതീര്‍ണ്ണം 683.83 ലക്ഷം ഹെക്ടറും ആയിരുന്നു. എന്നാല്‍ പ്രസ്തുത കാലയളവില്‍ കേരളത്തിലെ മൊത്തം ജലസേചിത പ്രദേശം 4.69 ലക്ഷം ഹെക്ടര്‍ ആയിരുന്നു.
ജലസമ്പത്ത് ധാരാളമുള്ള സംസ്ഥാനമാണ് കേരളം. മഴവെള്ളം ധാരാളമായി ലഭിക്കുന്നുണ്ടെങ്കില്‍പ്പോലും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജലദൗർലഭ്യം (ജലത്തിന്റെ ഗുണത്തിലും, അളവിലും) അനുഭവപ്പെടുന്നുണ്ടു്. മഴവെള്ളം ഭൂമിയില്‍ പതിച്ചതിനുശേഷം അത് ഉപരിതലത്തിലൂടെ ഒലിച്ചു പോവുകയോ, ഭൂഗര്‍ഭജലം പുനരുജ്ജീവിപ്പിക്കുന്നതിന് സഹായകമാവുകയോ ചെയ്യും. ജലസേചന സാധ്യതയുള്ള പ്രദേശങ്ങളും, ജലസേചനം നടപ്പിലാക്കിയ പ്രദേശങ്ങളും തമ്മിലുള്ള വിടവ് വളരെ വലുതാണ്. വിതരണ ശൃംഖലാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനാലും, കമാന്റ് ഏരിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാത്തതിനാലും, കൃത്യമായ പ്രവര്‍ത്തനവും പരിപാലനവും ഇല്ലാത്തതിനാലുമാണ് ജലസേചന സാധ്യതയുള്ള പ്രദേശങ്ങളും ജലസേചനം നടപ്പിലാക്കിയ പ്രദേശങ്ങളും തമ്മിലുള്ള അനുപാതം കുറഞ്ഞു വരുന്നത്. ജലസമ്പത്ത് കൃത്യമായി നിയന്ത്രിക്കുന്നതിലൂടെ ഈ വിഷയത്തില്‍ ഒരു ഇടപെടല്‍ സാധ്യമാണ്. ജലത്തിന്റെ ആവശ്യകതയ്ക്കനുസൃതമായി വേണം ഒരു ഏകീകൃത ജലവിഭവ നിയന്ത്രണം നടപ്പിലാക്കേണ്ടത്. പരിമിതമായ ജലവിഭവം വളരെ ഫലപ്രദമായി വിനിയോഗിക്കുവാന്‍ ഇതു മൂലം സാധിക്കും.
ജലസംഭരണികളിലെ ഉപയോഗക്ഷമമായ സംഭരണ ശേഷി
54 ഡാമുകളാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. ഇതില്‍ 14 ഡാമുകളും, 6 ബാരേജുകളും ജലസേചന വകുപ്പിന്റെ അധീനതയിലാണ്. സംസ്ഥാനത്തെ ജലസംഭരണികളിലെ ഉപയോഗക്ഷമമായ സംഭരണശേഷിയുടെ തോത് 1,431 ദശലക്ഷം ക്യൂബിക് മീറ്ററായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 2015-17 കാലഘട്ടത്തിലെ അണക്കെട്ടുകളുടെ സംഭരണനിലയുടെ വിശദാംശങ്ങള്‍ (വര്‍ഷകാലാരംഭത്തെ സംഭരണവും, വര്‍ഷകാലാവസാനത്തെ സംഭരണവും) അനുബന്ധം 2.76 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
2017 ലെ കാലവര്‍ഷാരംഭത്തില്‍ ആകെ സംഭരണം 266.24 ദശലക്ഷം ക്യബിക് മീറ്റര്‍ ആയിരുന്നു. എന്നാല്‍ കാലവര്‍ഷത്തിന്റെ അവസാനം ഇത് 523.23 ദശലക്ഷം ക്യബിക് മീറ്റര്‍ ആയി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് യഥാക്രമം 488.35 ദശലക്ഷം ക്യബിക് മീറ്ററും 690 ദശലക്ഷം ക്യബിക് മീറ്ററും ആയിരുന്നു. ജലസംഭരണികളില്‍ കാലവര്‍ഷത്തിനു ശേഷം സംഭരിക്കുന്ന ജലത്തിന്റെ തോത് പരിശോധിക്കുമ്പോള്‍, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സംഭരണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്ന പ്രവണതയാണ് കാണുന്നത്. 2015 കാലയളവില്‍ 373.32 ദശലക്ഷം ക്യൂബിക് മീറ്റര്‍ ആയിരുന്നത് 2016 ആയിരുന്നപ്പോള്‍ 201.65 ദശലക്ഷം ക്യുബിക് മീറ്ററായി കുറയുകയുണ്ടായി. എന്നാല്‍ 2017 ല്‍ ഇത് 256.99 ദശലക്ഷം ക്യുബിക് മീറ്ററായി വര്‍ദ്ധിച്ചു (ചിത്രം 2.20).
വന്‍കിട ഇടത്തരം ജലസേചന പദ്ധതികള്‍
വന്‍കിട ഇടത്തരം ഇനത്തില്‍പ്പെട്ട 23 ജലസേചന പദ്ധതികളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. ഇതില്‍ 19 പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും, 4 പദ്ധതികള്‍ നടപ്പിലാക്കി വരുകയും ചെയ്യുന്നു. 1970-80 കാലഘട്ടങ്ങളില്‍ ആരംഭിച്ച മൂവാറ്റുപുഴ ജലസേചന പദ്ധതി, ഇടമലയാര്‍ ജലസേചന പദ്ധതി, കാരാപ്പുഴ ജലസേചന പദ്ധതി, ബാണാസുരസാഗര്‍ ജലസേചന പദ്ധതി എന്നിവയാണ് പൂര്‍ത്തീകരിക്കേണ്ട സമയപരിധിയും, ചെലവഴിക്കേണ്ട തുകയും അതിക്രമിച്ചിട്ടും പണി പൂര്‍ത്തീകരിക്കാതെ ഇപ്പോഴും നടപ്പിലാക്കി വരുന്നത്. സാങ്കേതികവും ഭരണസംബന്ധവുമായ വിവിധ കാരണങ്ങള്‍ കൊണ്ടാണ് പ്രസ്തുത പദ്ധതികളുടെ നിർവ്വഹണത്തില്‍ ഇത്രയധികം കാലതാമസം ഉണ്ടാകുന്നത്. വിശദാംശങ്ങള്‍ അനുബന്ധം 2.77 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി (എം.വി.ഐ.പി)
കേരളത്തിലെ പ്രധാന ജലസേചന പദ്ധതികളില്‍ ഒന്നാണ് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൌസില്‍ നിന്നും തൊടുപുഴ നദിയുടെ സംഭരണ പ്രദേശത്ത് നിന്നുമുള്ള മിച്ചജലം ഉപയോഗിച്ച് ജലസേചന സൗകര്യം ലഭ്യമാക്കാനുളളതാണ് ഈ പ്രോജക്ട്. 1974 –ല്‍ 20.86 കോടി രൂപ മതിപ്പുചെലവില്‍ ആരംഭിച്ച ഈ പദ്ധതിക്ക്, 1983 ജൂണ്‍ മാസത്തില്‍ ആസൂത്രണ കമ്മിഷന്‍ 48.08 കോടി രൂപയ്ക്ക് അനുമതി നല്‍കുകയുണ്ടായി. 1994 ല്‍ ഈ പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്തു. ഈ സമയം മുതല്‍ പൂര്‍ത്തീകരിച്ച കനാല്‍ ശൃംഖലകളില്‍ കൂടി ജലം വിതരണം ചെയ്യുന്നുണ്ടു്. 35,619 ഹെക്ടര്‍ നേട്ടമാണ് ഈ പദ്ധതിയില്‍ കൂടി വിഭാവനം ചെയ്തത്. ഇതില്‍ 32,608 ഹെക്ടര്‍ നേട്ടം ഇതുവരെ കൈവരിച്ചു. എന്നാല്‍ ചില പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ ഇതു വരെ പരിഹരിച്ചിട്ടില്ല. 2015 ലെ ഡി.എസ്.ആര്‍ നിരക്ക് അനുസരിച്ച് പദ്ധതിയുടെ അടങ്കല്‍ തുക 945 കോടി രൂപയാണ്. 2017 മാര്‍ച്ച് വരെയുള്ള മൊത്തം ചെലവ് 918.32 കോടി രൂപയാണ്.
ഇടമലയാര്‍ ജലസേചന പദ്ധതി
പെരിയാര്‍ നദിയില്‍ നിന്നുള്ള വെള്ളം തിരിച്ച് കൃഷിയോഗ്യമായ പെരിയാര്‍, ചാലക്കുടി നദീതടങ്ങളിലെ 14,394 ഹെക്ടര്‍ പ്രദേശത്തെ ജലസേചനത്തിനു വേണ്ടിയുള്ള ഒരു വ്യതിയാന പദ്ധതിയാണ് ഇടമലയാര്‍ ജലസേചന പദ്ധതി. 17.85 കോടി രൂപ എസ്റ്റിമേറ്റ് തുക വകയിരുത്തി 1981 ലാണ് ഈ പദ്ധതി ആരംഭിച്ചതു്. 2012 ലെ ഷെഡ്യൂള്‍ നിരക്ക് അനുസരിച്ച് എസ്റ്റിമേറ്റ് 750 കോടി രൂപയാക്കി ഭേദഗതി ചെയ്തു. ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ ഇവയെല്ലാമാണ് - (1) പ്രധാന കനാല്‍ ആരംഭിക്കുന്നിടത്ത് കനാലിന് കുറുകെയുള്ള റെഗുലേറ്റര്‍ (2) പ്രധാന കനാല്‍ (32.278 കി.മീ), ലോ ലെവല്‍ കനാല്‍ (27.25 കി.മീ), ലിങ്ക് കനാല്‍ (7.575 കി.മീ) എന്നിവ ഉള്‍പ്പെടുന്ന കനാല്‍ ശൃംഖല. 32.278 കി.മീ നീളമുള്ള പ്രധാന കനാലിന്റെ പണി പൂര്‍ത്തീകരിച്ചു. എം.സി. റോഡ് ക്രോസ്സിംഗ്, റെയിൽവെ ക്രോസ്സിംഗ് എന്നീ തടസ്സങ്ങള്‍ ഒഴികെ ലൊ ലെവല്‍ കനാലിന്റെ 15 കി.മീ വരെയും, ലിങ്ക് കനാലിന്റെ 2 കി.മീ വരെയുമുള്ള പണികള്‍ പൂര്‍ത്തീകരിച്ചു. 32.278 കി.മീ നീളത്തില്‍ പ്രധാന കനാലിലൂടേയും, 7.3 കി.മീ നീളത്തില്‍ ലോ ലെവല്‍ കനാലിലൂടേയും ജലവിതരണം 2013, 2014, 2015, 2016, 2017 (ജനുവരി മുതല്‍ ജൂണ്‍ വരെ) വര്‍ഷങ്ങളില്‍ നടത്തുകയുണ്ടായി. ഇതു മൂലം എറണാകുളം ജില്ലയിലെ മലയാറ്റൂര്‍-നീലേശ്വരം, അയ്യാമ്പുഴ, മഞ്ഞപ്ര, തുറവൂര്‍ പഞ്ചായത്തുകളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും, കുടിവെള്ള ആവശ്യങ്ങള്‍ക്കും ഗുണം ലഭിച്ചു. 2998 ഹെക്ടര്‍ അയാക്കട്ട് (അറ്റ) നേട്ടം കൈവരിച്ചു. 2017 മാര്‍ച്ച് മാസം വരെ ഈ പദ്ധതിയുടെ ആകെ ചെലവ് 433 കോടി രൂപയാണ്.
കാരാപ്പുഴ ജലസേചന പദ്ധതി
കാവേരി നദിയുടെ ഉപനദീതടമായ കബനിയില്‍ ആദ്യമായി നടപ്പിലാക്കിയ ഇടത്തരം ജലസേചന പദ്ധതിയാണ് കാരാപ്പുഴ ജലസേചന പദ്ധതി. കാവേരി നദിയുടെ 2.80 റ്റി.എം. സി ജലമാണ് കാരാപ്പുഴ പദ്ധതിക്ക് കാവേരി നദീതട ട്രിബ്യൂണല്‍ അനുവദിച്ചിട്ടുള്ളത്. എ.ഐ.ബി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 99 മുന്‍ഗണനാ പദ്ധതികളില്‍ ഒന്നാണ് കാരാപ്പുഴ പദ്ധതി. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍, വാഴവട്ട എന്ന സ്ഥലത്ത് കാരാപ്പുഴ നദിക്ക് കുറുകെ ഒരു അണക്കെട്ടും, ജലനിര്‍ഗ്ഗമന മാര്‍ഗ്ഗവും പണിയുന്നതിനാണ് പ്രസ്തുത പദ്ധതി. ഇതു മൂലം വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി തൂലൂക്കുകളിലായി 5,221 ഹെക്ടര്‍ (നെറ്റ്) സ്ഥലത്ത് ജലസേചനം നടത്തുവാന്‍ സാധിക്കും. റിസർവോയറിന്റെ ആകെ സംഭരണശേഷി 76.50 ദശലക്ഷം ക്യൂബിക് മീറ്ററും, നിലവിലെ സംഭരണശേഷി 72 ദശലക്ഷം ക്യുബിക് മീറ്ററുമാണ്.
ഈ പദ്ധതിക്ക് 1978 ല്‍ പ്ലാനിംഗ് കമ്മിഷന്‍ 7.60 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിരുന്നു. 5,600 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം കൈവരിക്കാനും ജലസേചനസാധ്യതാ പ്രദേശമായി 8,721 ഹെക്ടര്‍ കൈവരിക്കാനും ലക്ഷ്യമിട്ടിരുന്നു. 2014 -ലെ ഡി.എസ്.ആര്‍ നിരക്കനുസരിച്ച് 560 കോടിരൂപയാണ് ഭേദഗതി ചെയ്ത അടങ്കല്‍ തുക. ജൂണ്‍ 2010 ല്‍ പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്തു. 2017 മാര്‍ച്ച് പ്രകാരം, ആകെ ചിലവഴിച്ച തുക 318.08 കോടി രൂപയാണ്. 601 ഹെക്ടറില്‍ നേട്ടം കൈവരിക്കുവാനും, 938 ഹെക്ടര്‍ ജലസേചന സാധ്യതാ പ്രദേശമായി വികസിപ്പിക്കുവാനും സാധിച്ചു.
ബാണാസുര സാഗര്‍ ജലസേചന പദ്ധതി
വയനാട് ജില്ലയിലെ രണ്ടാമത്തെ ജലസേചന പദ്ധതിയാണ് ബാണാസുരസാഗര്‍ ജലസേചന പദ്ധതി. പനമരം നദിയുടെ പോഷകനദിയായ കരമന്‍തോട് നദീതടത്തിലാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലായി 2,800 ഹെക്ടര്‍ കൃഷിഭൂമിയില്‍, രണ്ടാമത്തെയും മൂന്നാമത്തെയും വിളകള്‍ക്ക് ജലസേചന സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1979-ല്‍ എട്ട് കോടി രൂപ മതിപ്പ് ചെലവ് കണക്കാക്കി ആരംഭിച്ചതാണ് ഈ പദ്ധതി.
2.73 കി.മീ നീളമുള്ള പ്രധാന കനാലും, 2 ശാഖാ കനാലുകളുമാണ് ഉള്ളത്. ഇതില്‍ പടിഞ്ഞാറത്തറ ശാഖാ കനാലിന് 9.030 കി.മീ നീളവും, വെണ്ണിയോട് ശാഖാ കനാലിന് 5.390 കി.മീ നീളവും ഉണ്ടു്. പ്രധാന കനാലിന്റെ 2,360 മീ. നീളത്തിലുള്ള പണികള്‍ പൂര്‍ത്തീകരിച്ചു. പടിഞ്ഞാറത്തറ, വെണ്ണിയോട് ശാഖാ കനാലിന്റെ പണികള്‍ പുരോഗമിക്കുന്നു. 2016 ഡി.എസ്.ആര്‍ പ്രകാരമുള്ള പുതുക്കിയ എസ്റ്റിമേറ്റ് തുക 390 കോടി രൂപയാണ്. മാര്‍ച്ച് 2017 ലെ കണക്ക് പ്രകാരം ഈ പദ്ധതിക്ക് ചെലവഴിച്ച തുക 54.01 കോടി രൂപയാണ്.
കുട്ടനാട് പാക്കേജ്
ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളും, കോട്ടയം ജില്ലയിലെ 27 പഞ്ചായത്തുകളും, പത്തനംതിട്ട ജില്ലയിലെ 5 പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കുട്ടനാടന്‍ ചതുപ്പ് പ്രദേശം. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി 1840 കോടി രൂപയുടെ (2007 വിലനിലവാരത്തില്‍) ഒരു പദ്ധതി എം.എസ്.എസ്.ആര്‍.എഫ് നിര്‍ദ്ദേശിക്കുകയുണ്ടായി. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും, ജലത്തിലെ ഉപ്പുരസം നിയന്ത്രിക്കുന്നതിനും, ജലനിര്‍ഗ്ഗമന സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി 1,517.90 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ജലസേചന വകുപ്പ് നടപ്പിലാക്കി വരുന്നു. വെള്ളപ്പൊക്ക നിയന്ത്രണ പരിപാടികളില്‍ ഉള്‍പ്പെടുത്തി 4 പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചത്. കെ.ഇ.എല്‍ 1 – വെള്ളപ്പൊക്ക നിവാരണം (14 പാടശേഖരങ്ങള്‍), കെ.ഇ.എല്‍ 2 - വെള്ളപ്പൊക്ക നിവാരണം (9 പാടശേഖരങ്ങള്‍), കെ.ഇ.എല്‍ 3 - വെള്ളപ്പൊക്ക നിവാരണം (231 പാടശേഖരങ്ങള്‍), കെ.ഇ.എല്‍ 4 – 12 നീര്‍ത്തടങ്ങളില്‍ വെള്ളപ്പൊക്ക നിവാരണം. കെ.ഇ.എല്‍ 1, കെ.ഇ.എല്‍ 2 എന്നിവയുടെ പണി പൂര്‍ത്തീകരിച്ചു. കെ.ഇ.എല്‍ 3 ന്റെ പണികള്‍ 92 ശതമാനവും, കെ.ഇ.എല്‍ നാലിന്റെ പണികള്‍ 62 ശതമാനവും പൂര്‍ത്തീകരിച്ചു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന മറ്റ് പദ്ധതികള്‍ പുരോഗമിച്ചു വരുന്നു.
ജലസേചന നിലവാരം
2016-17 കാലയളവിലെ ജലസേചന സൌകര്യമുള്ള പ്രദേശത്തിന്റെ സ്രോതസ്സ് തിരിച്ചുള്ള അറ്റ വിസ്തീർണ്ണം അനുബന്ധം 2.78 ലും അനുബന്ധം 2.79 ലും രേഖപ്പെടുത്തിയിരിക്കുന്നു. ജലസേചന സൗകര്യമുള്ള പ്രദേശത്തിന്റെ അറ്റ വിസ്തീർണ്ണം കുറഞ്ഞു വരുന്ന പ്രവണതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ജലസേചന സൗകര്യമുള്ള പ്രദേശത്തിന്റെ അറ്റ വിസ്തീർണ്ണം 2014-15 -ല്‍ 4.14 ലക്ഷം ഹെക്ടര്‍ ആയിരുന്നത് 2015-16 -ല്‍ 4.13 ലക്ഷം ഹെക്ടര്‍ ആയും 2016-17 -ല്‍ 3.77 ലക്ഷം ഹെക്ടറായും കുറഞ്ഞു. ജലസേചനത്തിന്റെ പ്രധാന സ്രോതസ്സ് കിണറുകളാണ്. 1.22 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ഇവ മൂലം ജലസേചനം ലഭ്യമാകുന്നു. സർക്കാർ കനാലില്‍ കൂടി 0.63 ലക്ഷം ഹെക്ടറില്‍ ജലേസേചനം ലഭിക്കുന്നു. എന്നാൽ പോലും, കിണറുകളും കനാലുകളും മുഖാന്തിരം ജലസേചനം ലഭ്യമാകുന്ന പ്രദേശങ്ങളുടെ വിസ്തൃതി കുറഞ്ഞു വരുന്നു.
മൊത്തം ജലസേചന സൌകര്യമുള്ള പ്രദേശത്തിന്റെ വിസ്തൃതിയില്‍ വ്യതിയാനം ഉണ്ടാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-15 -ല്‍ 4.69 ലക്ഷം ഹെക്ടര്‍ ആയിരുന്നത്, 2015-16 ആയപ്പോള്‍ 4.83 ലക്ഷം ഹെക്ടര്‍ ആയി വര്‍ദ്ധിച്ചുവെങ്കിലും, 2016-17 -ല്‍ ഇത് 4.57 ലക്ഷം ഹെക്ടറായി കുറയുകയുണ്ടായി. മൊത്തം ജലസേചിത പ്രദേശത്തിന്റെ വിശദാംശങ്ങളും, ജലസേചനത്തിന്റെ പ്രയോജനം ഏറ്റവും അധികം ലഭിച്ച വിളകളുടെ വിശദാംശങ്ങളും അനുബന്ധം 2.80 ലും അനുബന്ധം 2.81 ലും രേഖപ്പെടുത്തിയിരിക്കുന്നു. നാളികേരം, നെല്ല്, അടയ്ക്ക, പച്ചക്കറികള്‍ എന്നീ വിളകള്‍ക്കാണ് ഈ കാലഘട്ടത്തില്‍ കൂടുതല്‍ പ്രയോജനം ലഭിച്ചത്. എന്നിരുന്നാല്‍പ്പോലും, ഈ വിളകള്‍ക്ക് ജലസേചനം ലഭ്യമായ പ്രദേശത്തിന്റെ വിസ്തൃതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2016-17 കാലയളവില്‍ കുറഞ്ഞതായിട്ടാണ് കാണുന്നത്. 2015-16 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, നാളികേരത്തിന് ജലസേചനം ലഭ്യമായ പ്രദേശത്തിന്റെ വിസ്തൃതി 1.65 ലക്ഷം ഹെക്ടറില്‍ നിന്നും 1.59 ലക്ഷം ഹെക്ടറായിട്ടും, നെല്‍കൃഷിയുടേത് 1.50 ലക്ഷം ഹെക്ടറില്‍ നിന്നും 1.31 ലക്ഷം ഹെക്ടറായിട്ടും 2016-17 വര്‍ഷത്തില്‍ കറയുകയുണ്ടായി. മൊത്തം കൃഷി ഭൂമിയും മൊത്തം ജലസേചിത പ്രദേശവും തമ്മിലുള്ള അനുപാതം 2015-16 ല്‍ 18.4 ശതമാനമായിരുന്നത് 2016-17 ല്‍ 17.7 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന വന്‍കിട ഇടത്തരം വിഭാഗത്തില്‍പ്പെട്ട ജലസേചന പദ്ധതികളുടെ അവലോകനത്തിനായി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ആര്‍ രാമകുമാറിന്റെ അധ്യക്ഷതയില്‍ അഞ്ചംഗ സാങ്കേതിക കമ്മിറ്റി രൂപവല്‍ക്കരിച്ചു.
കമ്മിറ്റിയില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങള്‍
കമ്മിറ്റി സ്വീകരിച്ച പ്രവര്‍ത്തന രീതികള്‍
അവലോകന റിപ്പോര്‍ട്ടിന്റെ കരട് രേഖ തയ്യാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്.
ചെറുകിട ജലസേചനം
2000 ഹെക്ടറിന് താഴെ വിസ്തൃതിയുള്ള പ്രദേശത്ത് ജലസേചനം എത്തിക്കുന്ന പദ്ധതികളെയാണ് ചെറുകിട ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹെക്ടര്‍ അനുപാതത്തില്‍ വേണ്ടി വരുന്ന കുറഞ്ഞ മുതല്‍ മുടക്ക്, മെച്ചപ്പെട്ട രീതിയിലുള്ള ആദായം, ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ പ്രവര്‍ത്തനം എന്നീ കാരണങ്ങള്‍ കൊണ്ട് നമ്മുടെ സംസ്ഥാനത്ത് ചെറുകിട ജലസേചന പദ്ധതികള്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. തടയണകളുടെ നിര്‍മ്മാണം, ജലസേചന ടാങ്കുകളുടെ നിര്‍മ്മാണവും പുനരുദ്ധാരണവും, റഗുലേറ്ററുകള്‍, ബണ്ടുകള്‍, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ മുതലായവയാണ് പ്രധാനമായും ചെറുകിട ജലസേചന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചെയ്തു വരുന്നത്. കുളങ്ങളുടേയും ടാങ്കുകളുടേയും നവീകരണം, ലിഫ്റ്റ് ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള ചെറുകിട ജലസേചന പദ്ധതികള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടായിരുന്നു പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് ചെറുകിട ജലസേചന മേഖലയ്ക്ക് പ്രാധാന്യം നല്‍കിയത്. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് അനുയോജ്യമായ സാഹചര്യമാണ് നമ്മുടെ സംസ്ഥാനത്തുള്ളതെങ്കിലും, ഇതിന്റെ മുഴുവന്‍ സാധ്യതയും പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. പന്ത്രണ്ടാം പദ്ധതിക്കാലയളവ് വരെ 1,231.50 കോടി രൂപ ചെറുകിട ജലസേചന മേഖലയ്ക്ക് ചെലവഴിച്ചതു വഴി 325,565 ഹെക്ടര്‍ (അറ്റ) നേട്ടം കൈവരിക്കുവാന്‍ സാധിച്ചു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കലാത്ത് മാത്രം 43,699 ഹെക്ടര്‍ നേട്ടം കൈവരിച്ചു.
2014-15 മുതല്‍ 2016-17 വര്‍ഷം വരെയുള്ള ചെറുകിട ജലസേചന പദ്ധതിയുടെ ഭൗതികനേട്ടങ്ങള്‍ അനുബന്ധം 2.82 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജലസേചന പദ്ധതികള്‍ക്ക് ആര്‍.ഐ.ഡി.എഫ് പദ്ധതികളില്‍ കൂടി നബാര്‍ഡ് വായ്പ അനുവദിക്കുന്നുണ്ട്. ഘട്ടം I മുതല്‍ XXI വരെയുള്ള വിവിധ പദ്ധതികളില്‍ ഇതുവരെ 1329 പണികള്‍ പൂര്‍ത്തിയായി. വിശദാംശങ്ങള്‍ അനുബന്ധം 2.83 -ല്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. ആര്‍.ഐ.ഡി.എഫ് XXII ല്‍ 27.50 കോടി രൂപയുടെ 3 പദ്ധതികള്‍ക്ക് നബാര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടു്.
ഹരിതകേരളം മിഷന്‍ - ജല സംരക്ഷണവും പ്രകൃതി വിഭവ പരിപാലനവും
ജലസംരക്ഷണം അഥവാ ജലസമൃദ്ധി എന്നതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഉത്തരവാദിത്വം ജലസേചന വകുപ്പിനാണ്. നിലവിലുള്ള ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിലൂടേയും, പുനരുദ്ധരിക്കുന്നതിലൂടേയും ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും. ഇതിലൂടെ ജലസേചനത്തിനും കുടിവെള്ളത്തിനുമായി ശുദ്ധജലം ഉറപ്പു വരുത്താനാകും. ജല മേഖലയിലുള്ള എല്ലാ ഗുണഭോക്താക്കളേയും ഒരുമിപ്പിച്ച് ഒരു ഏകീകൃത നീര്‍ത്തടാധിഷ്ടിത മാര്‍ഗ്ഗത്തിലൂടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രകൃതി വിഭവ പരിപാലനവും സാധ്യമാകും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ കുളങ്ങളുടെ നവീകരണവും, രണ്ടാം ഘട്ടത്തില്‍ നദികള്‍, കായലുകള്‍ മുതലായ ജലാശയങ്ങളുടെ പുനരുദ്ധാരണവും, വലിയകുളങ്ങളെ ജലസേചന കനാലുകളുമായി ബന്ധിപ്പിക്കുന്നതിനും, ജലസേചന കനാലിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിനും ലക്ഷ്യമിടുന്നു.
ഭൂഗര്‍ഭ ജല വികസനം
ആഗോളതലത്തിലുള്ള ജല ഉപയോഗത്തില്‍ ഭൂഗര്‍ഭജല വിനിയോഗം വളരെയധികം പുരോഗതി നേടിയിട്ടുണ്ടു്. പട്ടണങ്ങളിലും നഗരങ്ങളിലും ഗാര്‍ഹിക ഉപയോഗത്തിനുള്ള ജലത്തിന്റെ ഒരു പ്രധാന സ്രോതസ്സ് ഭൂഗര്‍ഭജലമാണ്. കേന്ദ്ര ഭൂഗര്‍ഭജല വകുപ്പും, സംസ്ഥാന ഭൂഗര്‍ഭജല വകുപ്പുമാണ് ഭൂഗര്‍ഭജലത്തിന്റെ നിര്‍ണ്ണയം നടത്തുന്നത്. ഓരോ പ്രദേശത്തേയും ഭൂഗര്‍ഭജലത്തിന്റെ അളവനുസരിച്ചാണ് നിര്‍ണ്ണയം നടത്തുന്നത്.
2013 ലെ സംസ്ഥാന ഭൂഗര്‍ഭജല കണക്ക് പ്രകാരം, സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ ആകെ വാര്‍ഷിക റീചാര്‍ജ്ജ് 6,251.31എം.സി.എം ഉം, യഥാര്‍ത്ഥ വാര്‍ഷിക ഭൂഗര്‍ഭ ജല ലഭ്യത 5,651.53 എം.സി.എം ഉം ആണ്. സംസ്ഥാനത്ത് ജലസേചനവികസനത്തിനാവശ്യമായി വരുന്ന യഥാര്‍ത്ഥ ഭൂഗര്‍ഭ ജലം 2,944.62 എം.സി.എം ആണ്. നമ്മുടെ സംസ്ഥാനത്ത് ഭൂഗര്‍ഭ ജല വികസനത്തിന്റെ സ്റ്റേജ് 46.68 ശതമാനം ആണ്. ജില്ലാതലത്തില്‍, ഏറ്റവും കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ് (69.81 ശതമാനം), തുടര്‍ന്ന് തിരുവനന്തപുരത്തും (60.27 ശതമാനം). ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് (19.48 ശതമാനം). വിശദാംശങ്ങള്‍ അനുബന്ധം 2.84 -ല്‍ രേഖപ്പെടുത്തി യിരിക്കുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലയളവിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ - ഭൂഗര്‍ഭജല പര്യവേഷണം (44643 എണ്ണം), കിണര്‍ നിര്‍മ്മാണം (8,259 എണ്ണം), 104 ബോട്ടിലിംഗ് പ്ലാന്റുകള്‍ക്ക് അനുമതി നല്‍കല്‍, ചിറ്റൂര്‍ ബ്ലോക്കില്‍ സബ് സര്‍ഫസ് ഡൈക്കിന്റെ നിര്‍മ്മാണം, തുറന്ന കിണര്‍ റീച്ചാര്‍ജ്ജിംഗ് (150 എണ്ണം), 4 ചെക് ഡാമുകള്‍, 6 ബോർവെൽ റീച്ചാര്‍ജ്ജിനുള്ള സംവിധാനങ്ങള്‍, ചെക്ക് ഡാമിന്റെ സൈഡ് കെട്ടല്‍ നിര്‍മ്മാണം വ്യാപിപ്പിക്കല്‍ മുതലായവയാണ്. ഭൗതികനേട്ടങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 2.85 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ജലസേചന മേഖലയുടെ പ്രവര്‍ത്തന നേട്ടം
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ജലസേചന മേഖലയ്ക്ക് 2,560.06 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. വന്‍കിട ഇടത്തര ജലസേചന പദ്ധതികള്‍ക്കാണ് തുകയുടെ ഏറിയ പങ്കും വകയിരുത്തിയിരുന്നത് (69.43 ശതമാനം). തുടര്‍ന്ന് ചെറുകിട ജലസേചനം (19.63 ശതമാനം), വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ (9.84 ശതമാനം), കമാന്റ് ഏരിയ വികസനപ്രവര്‍ത്തനങ്ങള്‍ (1.09 ശതമാനം). പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് വകയിരുത്തിയ ബഡ്ജറ്റ് വിഹിതവും ചിലവ് വിശദാംശങ്ങളും അനുബന്ധം 2.86 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.