പരിസ്ഥിതിക്കും, മെച്ചപ്പെട്ട ഉപജീവനത്തിനും, ഭക്ഷ്യസുരക്ഷയ്ക്കും, വനങ്ങൾ അത്യന്താപേക്ഷിത മാണ്. വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് ഭക്ഷണം, ഊര്‍ജ്ജം, പാര്‍പ്പിടം, ജോലി, വരുമാനം എന്നിവ വനമേഖലയില്‍ നിന്നും ലഭിക്കുന്നതാണ്. വനപരിപാലനത്തിന് ‘ഫോറസ്റ്റ് ഹെല്‍ത്ത്’ എന്ന ആശയം അത്യന്താപേക്ഷിതമാണ്. ലഭ്യമായ വനമേഖലയുടേയും, വനമേഖലക്കു പുറത്തുള്ള വൃക്ഷങ്ങളുടേയും വനപ്രദേശങ്ങളുടേയും ശാസ്ത്രീയമായ അവലോകനം കാലാനുസൃത മായി നടപ്പിലാക്കുന്നത് ഇന്ത്യ ഉള്‍പ്പെടയുള്ള വളരെ കുറച്ചു രാജ്യങ്ങളില്‍ മാത്രമേയുള്ളു. ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പശ്ചിമഘട്ട മലനിരകള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്ന നിത്യഹരിത വനങ്ങള്‍ മുതല്‍ ഹിമാലയന്‍ പർവ്വതനിരകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടികള്‍ വരെയുള്ള വിവിധ വനമേഖല പ്രദേശങ്ങളാണ് രാജ്യത്തുള്ളത്. ഈ രണ്ടുതരത്തിലുള്ള വനമേഖല പ്രദേശങ്ങള്‍ കൂടാതെ, ഉഷ്ണമേഖല നിത്യഹരിത വനങ്ങള്‍, ആര്‍ദ്ര നിത്യഹരിത വനങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, ഉപഉഷ്ണമേഖല പ്രദേശങ്ങളിലുള്ള പൈന്‍ മരങ്ങളും നമ്മുടെ രാജ്യത്തുണ്ടു്. ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് 2015 പ്രകാരം 794,245 ച.കി.മീ ആണ് രാജ്യത്തെ മൊത്തം വനമേഖല പ്രദേശം, അതായത് മൊത്തം ഭൂപ്രകൃതിയുടെ 24.16 ശതമാനം. ഇതില്‍ 85,904 ച.കി.മീ നിബിഡ വനവും, 315,374 ച.കി.മീ താരതമ്യേന നിബിഡ വനവും, 300,395 ച.കി.മീ തുറന്ന വനപ്രദേശവുമാണ്. നമ്മുടെ സംസ്ഥാനത്തെ വനങ്ങളേയും, വൃക്ഷ സമ്പത്തിനേയും രണ്ടായി തരം തിരിക്കാം (എ). സര്‍ക്കാര്‍ അധീനതയിലും, നിയന്ത്രണത്തിലുമുള്ള വനങ്ങള്‍ (ബി). വനപ്രദേശത്തിന് പുറത്തുള്ള വൃക്ഷങ്ങള്‍. സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതി 38,863 ച.കി.മീ ആണ്. ഇതില്‍, റിസർവ്ഡ് വനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത് 11,309 ച.കി.മീ ആണ്, അതായത് മൊത്തം ഭൂവിസ്തൃതിയുടെ 29.1 ശതമാനം. ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യയുടെ 2015 കണക്കെടുപ്പ് പ്രകാരം, തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വനമേഖലയുടെ വിസ്തൃതി 19,239 ച.കി.മീ ആണ്. 2013 ലെ ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിലെ തുറന്ന വനപ്രദേശങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് വന്നിട്ടുള്ളതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ നിബിഡ, താരതമ്യേന നിബിഡ വനമേഖലയുടെ വിസ്തൃതിയില്‍ കുറവ് വന്നിട്ടുണ്ടു്.
സംസ്ഥാനത്തെ ഏറ്റവും അധികം വനമേഖല യുള്ള ജില്ല ഇടുക്കിയാണ് (3,770 ച.കി.മീ), തുടര്‍ന്ന് പാലക്കാടും (1,761 ചി.കി.മീ), പത്തനംതിട്ട(1,742 ചി.കി.മീ) ജില്ലകളുമാണ് (ചിത്രം 2.21). സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള വന മേഖല പ്രദേശങ്ങള്‍ അനുബന്ധം 2.87 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള വനപ്രദേശമായ 11,309.48 ച.കി.മീ -ല്‍ ഭൂരിഭാഗവും ഉഷ്ണമേഖല നിത്യഹരിത വനങ്ങളാണ് (34.28%), തുടര്‍ന്ന് ആര്‍ദ്ര നിത്യഹരിത വനങ്ങളുമാണ് (31.97). സംസ്ഥാനത്തെ പ്രധാന ഇനം വനങ്ങള്‍ അനുബന്ധം 2.88 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സ്വാഭാവിക വനങ്ങളുടെ പരിപാലനം
ജൈവ വൈവിദ്ധ്യ സംരക്ഷണവും, ജീവനോപാധിയും നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് വിവിധ പദ്ധതികളിലൂടെ വനങ്ങള്‍ പരിപാലിക്കപ്പെടുന്നത്. വനാതിര്‍ത്തികളുടെ സർവ്വെ, വനസംരക്ഷണം, നശിച്ചു പോയ വനത്തിനു പകരം വനം വച്ചു പിടിപ്പിക്കല്‍ എന്നിവയായിരുന്നു 2016-17 ലെ പ്രധാന പ്രവര്‍ത്തികള്‍. വനാതിര്‍ത്തി വേര്‍തിരിക്കു ന്നതിന്റെ ഭാഗമായി 12,831 ജണ്ടകളും, 8.41 കി.മീ നീളത്തില്‍ കൈയ്യാലകളും നിര്‍മ്മിച്ചു. നശിച്ചു പോയ വനത്തിനു പകരം വനം വച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായി 52 ഹെക്ടര്‍ പ്രദേശത്ത് പുതുതായി നട്ടു പിടിപ്പിക്കുകയും, 384.28 ഹെക്ടറില്‍ നിലവിലുള്ള തോട്ടങ്ങള്‍ പരിപാലിക്കുകയും ചെയ്തു. കാട്ടുതീയില്‍ നിന്നുള്ള സംരക്ഷണ പ്രവര്‍ത്തികളുടെ ഭാഗമായി 5,978.34 കി.മീ. നീളത്തില്‍ കാട്ടുതീ നിയന്ത്രണ രേഖകള്‍ നിര്‍മ്മിക്കുകയും, 77,555 വാച്ചര്‍മാരെ നിയമിക്കുകയും ചെയ്തു.
തോട്ടങ്ങളുടെ ഉല്പാദനക്ഷമത
സംസ്ഥാനത്ത് മുന്‍കാലങ്ങളില്‍ തോട്ട വിളകളില്‍ കൂടുതല്‍ പ്രധാന്യം നല്‍കിയിരുന്നത് തേക്കിനായിരുന്നു. തേക്കിനുള്ള മുന്തിയ ഗുണഗണങ്ങള്‍ കാരണം ഇത് ഏറ്റവും പ്രിയപ്പെട്ട തോട്ടവിളയായി തുടര്‍ന്ന് പോരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചതോടു കൂടി കട്ടി കുറഞ്ഞ തടികള്‍ വച്ചു പിടിപ്പിക്കുന്നത് വര്‍ദ്ധിച്ചു. വന്‍മരതോട്ടങ്ങള്‍ക്കുള്ള ആവശ്യകത പരിഹരിക്കുന്നതിനായി 2016-17 കാലയളവില്‍ 763.06 ഹെക്ടര്‍ പ്രദേശത്ത് പുതുതായി വച്ചു പിടിപ്പിക്കുകയും, 2,499.48 ഹെക്ടറില്‍ പരിപാലിക്കുകയും ചെയ്തു. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നതിന് വേണ്ട തോട്ടങ്ങള്‍ 967.9 ഹെക്ടറില്‍ പുതുതായി നട്ടു പിടിപ്പിക്കുകയും, 1280.78 ഹെക്ടറില്‍ പരിപാലിക്കുകയും ചെയ്തു. ഈ കാലയളവില്‍ തടിയിതര വനഉല്പന്നങ്ങള്‍ പുതുതായി 124.9 ഹെക്ടറില്‍ വച്ചു പിടിപ്പിക്കുകയും, 544.4 ഹെക്ടറില്‍ പരിപാലിക്കുകയും ചെയ്യുകയുണ്ടായി. വനവൃക്ഷത്തോട്ടങ്ങളുടെ തരംതിരിച്ചുള്ള വിസ്തീര്‍ണ്ണം അനുബന്ധം 2.89 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മനുഷ്യ-മൃഗ സംഘര്‍ഷം
വന്യജീവികളുടെ ആവശ്യങ്ങൾ ജനവിഭാഗങ്ങളുടെ മേല്‍ അതിക്രമിക്കുമ്പോഴാണ് മനുഷ്യമൃഗ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. ഇതു മൂലം മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഒരു പോലെ നാശനഷ്ടം സംഭവിക്കുന്നു. ജനസംഖ്യയിലുള്ള വര്‍ദ്ധനവും, വനമേഖലാ പ്രദേശങ്ങള്‍ക്കു മേലുള്ള അധിക സമ്മര്‍ദ്ദവും മൂലമാണ് മനുഷ്യമൃഗ ഏറ്റുമുട്ടലും തല്‍ഫലമായുള്ള സംഘര്‍ഷവും വര്‍ദ്ധിക്കുന്നത്. മനുഷ്യര്‍ക്കുണ്ടാകുന്ന മുറിവുകള്‍, കൃഷിനാശം, വളര്‍ത്തുമൃഗങ്ങളുടെ മോഷണം, വീടുകള്‍ക്കും വസ്തുക്കള്‍ക്കുമുള്ള കേടുപാടുകള്‍ എന്നിങ്ങനെ പലവിധത്തിലാണ് മനുഷ്യമൃഗ സംഘര്‍ഷം പ്രതിഫലിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് മനുഷ്യമൃഗ സംഘര്‍ഷം ക്രമാ തീതമായി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016-17 കാലയളവില്‍ മനുഷ്യ മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 7,765 സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. വന്യജീവികളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി 9.63 കോടി രൂപ വിതരണം ചെയ്തു.
കേരളത്തിന്റെ വനാതിര്‍ത്തിയില്‍ മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ വളരെ സാധാരണമാണ്. ആന, കാട്ടുപന്നി, കുരങ്ങൻ, കടുവ, സർപ്പം എന്നീ മൃഗങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത്. പ്രധാന കാരണങ്ങള്‍
സംഘര്‍ഷത്തിൻറെ വ്യാപ്തി
ആക്രമണത്തിന് ഇരയായവര്‍ക്കുള്ള ധനസഹായം
സ്വീകരിച്ച നടപടികള്‍
പട്ടികവര്‍ഗ്ഗക്കാരേയും മറ്റ് പരമ്പരാഗത വനവാസികളേയും സംബന്ധിച്ച (വനാവകാശം അംഗീകരിക്കല്‍) വനാവകാശ നിയമം 2006
വനമേഖലയെ ആശ്രയിച്ചു കഴിയുന്ന വിഭാഗങ്ങളുടെ വനാവകാശം അംഗീകരിക്കുക എന്നതാണ് വനാവകാശ നിയമം 2006 ലക്ഷ്യമിടുന്നത്. വനവാസികളായ പട്ടികവര്‍ഗ്ഗക്കാരുടെ വ്യക്തിഗത അവകാശങ്ങളും, സാമൂഹിക അവകാശങ്ങളും വനാവകാശ നിയമം അംഗീകരിക്കുന്നു. ഇതിലൂടെ വനവാസികള്‍ക്ക് ജൈവ വൈവിദ്ധ്യം സംരക്ഷിക്കുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനും, പാരിസ്ഥിതിക സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള ഉത്തരവാദിത്വവും അധികാരവും വനാവകാശ നിയമം അനുവദിക്കുന്നു. വ്യക്തിഗതാവകാശങ്ങള്‍, സാമൂഹികാവകാശങ്ങള്‍ എന്നീ ഇനങ്ങളില്‍ യഥാക്രമം 25,081 ഉം 164 ഉം റ്റൈറ്റിലുകള്‍ വിതരണം ചെയ്തു. വികസന അവകാശങ്ങളില്‍ 455 പരാതികളില്‍ തീര്‍പ്പ് കല്പിച്ചു. വ്യക്തിഗത ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ അനുബന്ധം 2.90 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രധാന വനവിഭവങ്ങളും വനത്തില്‍നിന്നുള്ള വരുമാനവും
വനവിഭവങ്ങളുടെ ഉല്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് തടി ഉല്പന്നങ്ങള്‍, ചന്ദനമരം, തേന്‍ എന്നീ വനവിഭവങ്ങളാണ്. 2015-16 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2016-17 കാലയളവില്‍ തടിയുടെ ഉല്പാദനം 40,909.75 ക്യൂബിക് മീറ്ററില്‍ നിന്നും 31,134.51 ക്യൂബിക് മീറ്ററായി കുറഞ്ഞിട്ടുണ്ടു്. അതു പോലെ, ചന്ദനത്തിന്റെ ഉല്പാദനത്തിലും കുറവ് സംഭവിച്ചിട്ടുണ്ടു്. 2015-16 ല്‍ 68,644.6 കി.ഗ്രാം ലഭിച്ചിടത്ത് 2016-17 ല്‍ 52,102.35 കി.ഗ്രാം ആയി കുറയുകയുണ്ടായി. എന്നാല്‍ തേനിന്റെ ഉല്പാദനം 56,176.90 കി.ഗ്രാമില്‍ നിന്നും 60,390.05 കി.ഗ്രാമായി 2016-17 കാലയളവില്‍ വര്‍ദ്ധിച്ചു. 2015-16, 2016-17 വര്‍ഷങ്ങളിലെ പ്രധാന വനവിഭവങ്ങളുടെ ഉല്പാദനം അനുബന്ധം 2.91 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
വനവിഭവങ്ങളുടെ ഉല്പാദനത്തിലുള്ള കുറവ് വനവിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലും പ്രതിഫലിക്കുന്നു. തടിയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-15 -ല്‍ 269.43 കോടി രൂപയായിരുന്നു തടിയില്‍ നിന്നും ലഭിച്ച വരുമാനം. ഇത് 2015-16 -ല്‍ 240.89 കോടി രൂപയായും, 2016-17 -ല്‍ 222.27 കോടി രൂപയായും കുറഞ്ഞു. ഇത്തരത്തില്‍ വരുമാനം കുറയുന്നതിന്റെ പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്.
2012-13 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍, തടിയില്‍ കൂടിയും മറ്റ് വനവിഭവങ്ങളില്‍ കൂടിയും ലഭിച്ച വരുമാനത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 2.92 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ കാലയളവില്‍ വനത്തില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ വിശദാംശങ്ങള്‍ താഴെ പറയുന്ന ചിത്രം 2.22 -ല്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ മൊത്തം മൂല്യവര്‍ദ്ധനവില്‍ വനമേഖലയുടെ പങ്ക് 2015-16 ല്‍ 1.03 ശതമാനമായിരുന്നത്, 2016-17 ആയപ്പോള്‍ 0.97 ശതമാനം ആയി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ പ്രാഥമിക മേഖലയുടെ വിഹിതം, 2015-16 -ല്‍ 10.16 ശതമാനമായിരുന്നത്, 2016-17 -ല്‍ 9.94 ശതമാനമായി കുറഞ്ഞു. വിശദാംശങ്ങള്‍ അനുബന്ധം 2.93 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ജൈവവൈവിദ്ധ്യ സംരക്ഷണവും സംരക്ഷണ മേഖലയുടെ പരിപാലനവും
ലോകത്തിലെ പ്രധാനപ്പെട്ട 32 ജൈവ വൈവിദ്ധ്യ പ്രദേശങ്ങളില്‍പ്പെടുന്നവയാണ് കേരളത്തിലെ വനമേഖല. മെച്ചപ്പെട്ട ജൈവ വൈവിദ്ധ്യ സംരക്ഷണത്തിലൂടെ, സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഘൂകരിക്കുവാന്‍ സാധിക്കും. ദേശീയ ഉദ്യാനങ്ങള്‍, വന്യമൃഗ സങ്കേതങ്ങള്‍, സാമൂഹിക സംരക്ഷണ മേഖല എന്നിവ ഉള്‍പ്പെടുന്ന സംരക്ഷിത മേഖലയാണ് സംസ്ഥാനത്തുള്ളത്. ദേശീയ ഉദ്യാനങ്ങള്‍, വന്യമൃഗ സങ്കേതങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ അനുബന്ധം 2.94 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സാമൂഹിക വനവല്‍ക്കരണം
നമ്മുടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പച്ചപ്പ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകേരളം പദ്ധതി ആരംഭിച്ചത്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൈകള്‍ സൌജന്യമായി നല്‍കിയും, പൊതു സ്ഥലങ്ങളില്‍ ചെടികള്‍ നട്ടു പിടിപ്പിച്ചുമാണ് പ്രസ്തുത ലക്ഷ്യം കൈവരിക്കാനുദ്ദേശിക്കുന്നത്. സാമൂഹിക വനവല്‍ക്കരണത്തിലൂടെ വിതരണം ചെയ്ത വൃക്ഷ തൈകളുടെ വിശദാംശങ്ങള്‍ അനുബന്ധം 2.95 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ നേട്ടങ്ങളുടെ അവലോകനം
പന്ത്രണ്ടാം പദ്ധതിക്കാലയളവില്‍ താഴെപ്പറയുന്ന മേഖലകള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. (1) ജൈവ വൈവിദ്ധ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള സ്വാഭാവിക വനങ്ങളുടെ സംരക്ഷണം (2) വനപരിപാലനത്തില്‍ പങ്കാളിത്ത സമീപനം നടപ്പിലാക്കല്‍ (3) തോട്ടങ്ങളുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, വനമേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍ക്കരിക്കുക (4) ചന്ദനക്കാടുകള്‍ സംരക്ഷിക്കുക (5) ഔഷധ സസ്യങ്ങളുടെ പരിപാലനവും വികസനവം (6) കാവുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുക (7) വനപരിപാലനത്തില്‍ എഫ്.എം.ഐ.എസ്, ജി.ഐ.എസ് എന്നിവയുടെ ഉപയോഗം നടപ്പിലാക്കുക (8) വനമേഖലക്ക് പുറത്തുള്ള വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക (9) വനമേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ലഭ്യമാക്കുക, തടി ഇതര വന ഉല്പന്നങ്ങള്‍ വികസിപ്പിക്കുക (10) കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക (11) മനുഷ്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
പന്ത്രണ്ടാം പദ്ധതിക്കാലത്തെ സുപ്രധാന നേട്ടങ്ങള്‍
പന്ത്രണ്ടാം പദ്ധതിക്കാലത്ത് വനമേഖലക്ക് ആകെ വകയിരുത്തിയിരുന്ന ബഡ്ജറ്റ് വിഹിതം 786.29 കോടി രൂപയായിരുന്നു. ഇതില്‍ 628.22 കോടി രൂപ ചെലവഴിച്ചു. ചെലവ് വിശദാംശങ്ങള്‍ അനുബന്ധം 2.96 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.