വിനോദ സഞ്ചാരം

ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളിൽ സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വികസനം എന്നിവയ്ക്ക് അന്തര്‍ദേശീയ പ്രാദേശിക വിനോദസഞ്ചാരം സംഭാവന നല്‍കുന്നു. ആഗോളതലത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനവും മൊത്തം കയറ്റുമതിയുടെ 7 ശതമാനവും തൊഴിലിന്റെ കാര്യത്തിൽ, 10ല്‍ ഒരാള്‍ക്ക് എന്ന തോതിൽ പങ്കു നല്‍കുന്നതുമായ ഒരു മേഖലയാണ് വിനോദ സഞ്ചാരം. 2016 ൽ അന്താരാഷ്ട്രാതലത്തിൽ വിനോദസഞ്ചാരികളുടെ എണ്ണം 1.2 ബില്യണ്‍ ആയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും1.8 ബില്യണ്‍സഞ്ചാരികള്‍ രാജ്യാന്തര അതിര്‍ത്തികൾ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോക സാമ്പത്തിക ഫോറം 2017-ന്റെ സഞ്ചാര മത്സര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 40-ആണ്. വൈവിധ്യമായ ഭൂമിശാസ്ത്ര ഘടന കേരളത്തെ ഏഷ്യയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മുഖമുദ്രയായ വിനോദ സഞ്ചാര മേഖല സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന സംഭാവന നല്‍കുന്നു. ഇന്ന് കേരളം അന്താരാഷ്ട്ര തലത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. കൂടാതെ, വ്യാപാരം, ഗതാഗതം, ആതിഥേയ മേഖലയില്‍ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക വഴി സുസ്ഥിര പ്രാദേശിക വികസനത്തിന് ഈ മേഖല സഹായിക്കുന്നു. വിനോദസഞ്ചാരം വിദേശവരുമാനം നേടിത്തരുകയും പരമ്പരാഗത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കേരളത്തിലെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ വിനോദസഞ്ചാരത്തിന്റെ സംഭാവന ഏകദേശം 10 ശതമാനമാണ്.വിനോദ സഞ്ചാരം തൊഴിൽ സൃഷ്ടിക്കുന്നു, വരുമാനം കൊണ്ട് വരുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും ലോകത്തിലേക്കും സംസ്കാരത്തിന്റെ വാതിൽ തുറക്കുന്നു.മറ്റു വികസന മേഖലകളുമായുള്ള പരസ്പര ബന്ധമാണ് വിനോദ സഞ്ചാരത്തിന്റെ ഒരു പ്രത്യേകത. ആരോഗ്യം, ശുചീകരണം, നഗര, ഗ്രാമ ആസൂത്രണം, ഗതാഗതം, കണക്ടിവിറ്റി, തദ്ദേശ സ്ഥാപനങ്ങൾ, ഇതര മേഖലകൾ എന്നിവയുടെ ഒരുപോലെയുള്ള വികസനം ഉണ്ടായില്ലെങ്കിൽ വിജയകരമായ വിനോദ സഞ്ചാരം സാധ്യമല്ല.

വികസനത്തിനായുള്ള അന്താരാഷ്ട്ര സുസ്ഥിര വിനോദ സഞ്ചാര വര്‍ഷം

സുസ്ഥിര സാമ്പത്തികത്തിനായുള്ള ആഗോള അജണ്ട-2030, 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി) എന്നിവയുടെ വ്യാപനത്തിനായി വിനോദസഞ്ചാരത്തിന്റെ സാധ്യത കണക്കിലെടുത്ത് ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലി വികസനത്തിനായുള്ള അന്താരാഷ്ട്രാ സുസ്ഥിര വിനോദ സഞ്ചാര വര്‍ഷമായി 2017 നെ പ്രഖ്യാപിച്ചിട്ടുണ്ട്. വികസന അജണ്ടയിൽ വിനോദ സഞ്ചാര മേഖലയുടെ സംഭാവന തിരിച്ചറിഞ്ഞതു കൊണ്ടാണ് സാമ്പത്തിക വളര്‍ച്ച, സാമൂഹിക അംഗീകാരം, സാസ്ക്കാരിക പാരിസ്ഥിതിക സംരക്ഷണം എന്നിവയിലേക്ക് നയിക്കുന്നതിൽ ഈ മേഖലയ്ക്കുള്ള സംഭാവന കണക്കിലെടുത്തുകൊണ്ടാണ് ഐക്യരാഷ്ട്രസംഘടന ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ബോക്സ് 3.2.1
2017-വികസനത്തിനായുള്ള അന്താരാഷ്ട്രാ സുസ്ഥിര വിനോദ സഞ്ചാര വര്‍ഷം
  • വികസനത്തിനായുള്ള സുസ്ഥിര വിനോദ സഞ്ചാര വര്‍ഷം ലക്ഷ്യമിടുന്നത് നയങ്ങൾ, വ്യാപാര പ്രവര്‍ത്തനങ്ങൾ, ഉപഭോക്താക്കളുടെ മനോഭാവം എന്നിവയെ കൂടുതൽ സുസ്ഥിരമായ വിനോദ സഞ്ചാരത്തിനായി മാറ്റിയെടുക്കുന്നതിന് സഹായിക്കുകയും അതുവഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് (എസ്.ഡി.ജി) കാര്യമായ സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ്.
  • അന്താരാഷ്ട്ര വര്‍ഷാചരണം താഴെപ്പറയുന്ന അഞ്ച് സുപ്രധാന മേഖലകളിൽ വിനോദ സഞ്ചാരത്തിന്റെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതാണ്.
  • സുസ്ഥിര വികസനത്തിനൊപ്പമുള്ള സാമ്പത്തിക വളര്‍ച്ച.
  • തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ദാരിദ്ര്യ ലഘൂകരണവും ഉള്‍പ്പെടുന്ന സാമൂഹ്യമേഖല
  • വിഭവങ്ങളുടെ കാര്യക്ഷമത, പരിസ്ഥിതി സംരംക്ഷണം, കാലാവസ്ഥാ വ്യതിയാനം
  • സാംസ്ക്കാരിക മൂല്യങ്ങള്‍, വൈവിധ്യം, പാരമ്പര്യം
  • പരസ്പര ധാരണ, സമാധാനം, സുരക്ഷിതത്വം
അവലംബം: ലോക വിനോദ സഞ്ചാര സംഘടന (യു.എന്‍.ഡബ്ല്യൂ.റ്റിഒ)

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നേട്ടങ്ങള്‍

വിനോദസഞ്ചാര മേഖലയ്ക്ക് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് അനുവദിച്ച ബജറ്റ് വിഹിതം 1,101.40 കോടിരൂപയും ചെലവഴിച്ചതുക 1,046.37 കോടി രൂപയും (95 ശതമാനം) ആയിരുന്നു. ഇത് കൂടാതെ, എസ്.ഡി.ജി മുഖേനയും ഫണ്ട് ശേഖരിക്കുകയുണ്ടായി. പ്രദേശ വികസനം, മേളകളും പരിപാടികളും, ഗവേഷണ അധിഷ്ഠിത പ്രോജക്ടുകള്‍ എന്നിവയ്ക്ക് കേന്ദ്ര സഹായവും ലഭ്യമായിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയുടെ കീഴില്‍ ഉള്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍/ഏജന്‍സികള്‍

  1. വിനോദസഞ്ചാര വകുപ്പ്
  2. കേരള വിനോദസഞ്ചാര കോര്‍പ്പറേഷന്‍ (കെ.റ്റി.ഡി.സി)
  3. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെ.റ്റി.ഐ.എല്‍)
  4. ബേക്കല്‍ റിസോര്‍ട്ട്സ് വികസന കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി)
  5. എക്കോ ടൂറിസം ഡയറക്ടറേറ്റ്
  6. കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ട്രാവല്‍ ആന്റ‍് ടൂറിസം സ്റ്റഡീസ് (കെ.ഐ.റ്റി.റ്റി.എസ്)
  7. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.സി.ഐ)
  8. സ്റ്റേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ‍് (എസ്.ഐ.എച്ച്.എം)

പന്ത്രണ്ടാം പദ്ധതിക്കാലത്തു നടപ്പിലാക്കിയ പ്രധാന പദ്ധതികൾ

  1. പശ്ചാത്തല സൗകര്യങ്ങൾ, നിർമാണവും നവീകരണവും - മാസ്റ്റർ പ്ലാനുകൾ മുഖന പ്രധാന വിനോദസഞ്ചാര കേന്ദങ്ങളുടെ വികസനം നടപ്പിലാക്കുകയുണ്ടായി.വിനോദസഞ്ചാരികളുടെ സുരക്ഷാ ഉറപ്പാക്കിക്കൊണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ വിനോദസഞ്ചാര വകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചു
  2. വിപണനം - വിപണിയിലെ ആധിപത്യം നിലനിർത്തുന്നതിനായി നൂതനവും പുതുമയുള്ളതുമായ വിപണന പ്രചാരണ പ്രവർത്തനങ്ങൾ സ്വദേശ, വിദേശ വിപണികളിൽ കേരളം വിനോദസഞ്ചാരം ആരംഭിച്ചു
  3. കേരള വിനോദ സഞ്ചാര പ്രോത്സാഹന, വിപണന പ്രവർത്തനങ്ങൾ -അന്താരാഷ്ട്ര, ദേശീയ വിനോദസഞ്ചാര മേളകളിൽ കേരള വിനോദസഞ്ചാരം സ്ഥിരമായി പങ്കാളിത്തം വഹിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര മേളകളിൽ കേരള വിനോദസഞ്ചാരം പന്ത്രണ്ടാം പദ്ധതിക്കാലത്തു പങ്കാളിത്തം വഹിച്ചിട്ടുണ്ട്
  4. മുസിരിസ് ഹെറിറ്റേജ് &സ്പൈസ് റൂട്ട് പ്രോജക്റ്റ് - മുസിരിസ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി. 100 മ്യുസിയങ്ങൾ, കൊട്ടാരങ്ങൾ, കോട്ടകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, സിനഗോഗുകൾ, മറ്റു ചരിത്ര സ്മാരകങ്ങൾ എന്നിവ ജലമാർഗം ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. അതുപോലെ, യുനെസ്കോയും മറ്റ് പങ്കാളിത്ത രാജ്യങ്ങളുമായിചേർന്നുകൊണ്ട് വിനോദ സഞ്ചാര വകുപ്പിന്റെ സംരംഭമായ സ്പൈസ് റൂട്ട് കേരളം സംസ്ഥാനം കേന്ദ്രീകരിച്ചു കൊണ്ടു ആഗോള തലത്തിലെ ഒരുപ്രത്യേക വിനോദ സഞ്ചാര സംരംഭമായി മാറിക്കൊണ്ടിരിക്കുന്നു
  5. ഉത്തരവാദിത്ത വിനോദ സഞ്ചാരം - ഉത്തരവാദിത്ത വിനോദസഞ്ചാര സംരംഭം മുഖേന വിനോദ സഞ്ചാര പ്രവർത്തനങ്ങളിൽ സമൂഹ പങ്കാളിത്തം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു
പട്ടിക 3.2.1
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി വിഹിതവും ചെലവും &വാർഷിക പദ്ധതി 2017 -18
ക്രമ നമ്പർ വകുപ്പ്/ഏജൻസി പന്ത്രണ്ടാം പദ്ധതി 2012-17 വാർഷിക പദ്ധതി 2017-18
വിഹിതം ചെലവ് വിഹിതം (ചെലവ് 30/9/17)
1 വിനോദസഞ്ചാര വകുപ്പ് 992.85 962.59 316.51 97.81
2 കേരള വിനോദസഞ്ചാര കോര്‍പ്പറേഷന്‍ (കെ.റ്റി.ഡി.സി) 32.00 19.00 7.20  
3 കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെ.റ്റി.ഐ.എല്‍) 11.00 8.91 1.67  
4 ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) 7.00 3.45 3.00  
5 എക്കോ ടൂറിസം ഡയറക്ടറേറ്റ് 17.05 15.44 3.85  
6 കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ട്രാവല്‍ ആന്റ‍് ടൂറിസം സ്റ്റഡീസ് (കെ.ഐ.റ്റി.റ്റി.എസ്), ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.സി.ഐ)&സ്റ്റേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ‍് (എസ്.ഐ.എച്ച്.എം) 41.50 36.98 10.50 .5
  ആകെ 1101.40 1046.37 342.73 98.31
അവലംബം :വാർഷിക പദ്ധതി രേഖ, സംസ്ഥാന ആസൂത്രണ ബോർഡ്

പന്ത്രണ്ടാം പദ്ധതിക്കാലത്തു നടപ്പിലാക്കിയ പദ്ധതികളുടെ സംഗ്രഹം

എ. വിനോദ സഞ്ചാര കേന്ദ്രവികസന സംരംഭങ്ങള്‍

    • എറണാകുളത്തെ ഫോർട്ട് കൊച്ചി, കോവളം-പൂവാർ വിനോദസഞ്ചാര നടപ്പാത, കോട്ടയം കുമരകം, തേക്കടിയിലും അതിന്റെ സമീപപ്രദേശങ്ങള്‍ എന്നിവയുടെ വികസനത്തിനായി 30 വർഷത്തെ വികസന പദ്ധതികൾ
    • കൊല്ലം ജില്ലയിലെ അഷ്ടമുടി, തിരുവനന്തപുരത്തെ ഗോള്‍ഡൻവലി, കക്കയം-പെരുവണ്ണാമൂഴി, കാലടി-മലയാറ്റൂര്‍-അതിരപ്പള്ളി വിനോദ സഞ്ചാര സര്‍ക്യൂട്ട്, നിലമ്പൂര്‍ എന്നിവയ്കായുള്ള മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കല്‍.

ബി. വിനോദ സഞ്ചാര കേന്ദ്ര വികസനത്തിനായുള്ള ഗ്രീന്‍കാര്‍പെറ്റ് സംരംഭം

    • വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടാസ്ക് ഫോഴ്സുകളും മോണിറ്ററിങ് സെല്ലുകളും.
    • കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കായ് 10 പോയിന്റ് പെരുമാറ്റ ചട്ടം.

സി. കേരള വിനോദ സഞ്ചാരത്തിന്റെ വിപണി സംരംഭങ്ങൾ

    • 15 രാജ്യങ്ങളിലെ 17 സംഘങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്പൈസ് റൂട്ട് അന്തർദേശീയ പാചക മേള
    • ഒരു സംസ്ഥാനത്തിന്റെ തന്നെ ആദ്യത്തെ വാട്സ് ആപ് ക്യാമ്പയിൻ ആയ '"മയാ"
    • മിഡില്‍ ഈസ്റ്റിൽ കേരള മോഡല്‍ ടാക്സികൾ
    • 2015 -16 നെ വിസിറ്റ് കേരളവർഷമായി പ്രഖ്യാപനം
    • വിസിറ്റ് കേരളയോട് അനുബന്ധിച്ചുള്ള ദേശീയ പ്രചാരണ പ്രവർത്തനങ്ങൾ
    • 42 അന്തർദേശീയ വ്യാപാര മേളകളിലും 66 അന്തർദേശീയ റോഡ് ഷോകളിലും പങ്കാളിത്തം
    • 37 ഇന്ത്യൻ നഗരങ്ങളിൽ ദേശീയ പങ്കാളിത്ത സംഗമങ്ങൾ, 50 ഭാരതീയ നഗരങ്ങളിൽ ദേശീയ വ്യാപാര മേളകൾ, ദേശീയ ഡ്രീം സീസൺ ക്യാമ്പയിൻ
    • ഡിജിറ്റൽ ക്യാമ്പയിനുകൾ -ഡ്രീം ഡീൽസ്, സോഷ്യൽ മീഡിയ ഒപ്ടിമൈസേഷൻ, ട്രിപ്പ് അഡ്വൈസർ ക്യാമ്പയിൻ

ഡി. കേരള വിനോദ സഞ്ചാരത്തിന്റെ വിവര സാങ്കേതിക വിദ്യ സംരംഭങ്ങൾ

    • 11 അന്തർദേശീയ ഭാഷകളിലും 10 ഇന്ത്യൻ ഭാഷകളിലും കേരള വിനോദ സഞ്ചാര വെബ്സൈറ്റ്
    • റെസ്പോൺസീവ് മാതൃകയിലുള്ള വെബ്സൈറ്റ്
    • പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിർച്യുൽ സിനിമകളും കേരളത്തിന്റെ ഏറ്റവും മികച്ച ദൃശ്യങ്ങൾ പ്രദര്‍ശിപ്പിക്കുന്നതിനായി വിർച്യുൽവീഡിയോ വോൾ എന്നിവ വികസിപ്പിച്ചു
    • വെബ്സൈറ്റിലൂടെ ഉത്സവങ്ങളുടെയും മറ്റു പരിപാടികളുടെയും എച് ഡി മികവോടെയുള്ള തല്സമയം വെബ്കാസ്റ്റിംഗ്
    • മലബാറിലെ 100 തെയ്യം ഉത്സവങ്ങളെ സംബന്ധിക്കുന്ന ഒരു ജിയോ കോഡഡ് കലണ്ടർ, മൺസൂൺ സീസണിൽ നടത്തപ്പെടുന്ന ഉത്സവങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ അടങ്ങിയ ജിയോ കോഡഡ് മൺസൂൺ കലണ്ടർ, അഡ്വാൻസ്ഡ് ഓൺലൈൻ ടൂർ പ്ലാനർ എന്നിവ തയ്യാറാക്കി
    • സഞ്ചാര വ്യവസായത്തിനായി മെച്ചപ്പെട്ട നിലവാരത്തിലുള്ളതും ലഘുവായ രജിസ്ട്രേഷൻ നടപടിക്രമങ്ങളോട് കൂടിയതുമായ ഒരു നൂതന മെസേജ് ബോർഡ് തയാറാക്കി
    • ടൂർ ഓപ്പറേറ്റര്‍മാര്‍ക്ക് ഓൺലൈൻ അംഗീകാര സംവിധാനം
    • കേരളത്തിലെ പാചക കലകളുടെ ഒരു ഓഡിയോ വിഷ്വൽ ഗൈഡ്

വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു കേരള വിനോദ സഞ്ചാരത്തിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിക്കുകയുണ്ടായി.

വിനോദ സഞ്ചാര മേഖല 2016-17 - അവലോകനം

ലോക വിനോദ സഞ്ചാരത്തിന്റെ സംക്ഷിംപ്തരൂപം

ആഗോളതലത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 2016 ല്‍ 4 ശതമാനം വര്‍ദ്ധനവോടെ ആകെ 1.2 ദശലക്ഷം ആയി. 2010 ലെ മാന്ദ്യത്തിനു ശേഷം ഓരോ വർഷവും ശരാശരി 4 ശതമാനമോ അതിലധികമോ വളർച്ച അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുവാന്‍ സാധിക്കുന്ന തുടർച്ചയായ ഏഴാമത്തെ വർഷമാണിത്. അന്താരാഷ്ട്ര സഞ്ചാരികളുടെ വരവില്‍ 2015 നേക്കാള്‍ 46 ദശലക്ഷം വര്‍ദ്ധനവിന് 2016 സാക്ഷ്യം വഹിച്ചു. വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകളിലേതിനേക്കാള്‍ (+2 ശതമാനം) അധികമാണ് വികസിത രാഷ്ട്രങ്ങളിലെ സമ്പദ് വ്യവസ്ഥകളില്‍ (+5 ശതമാനം) ഈ വളര്‍ച്ചാ നിരക്ക്.യൂറോപ്പ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവുമധികം ആളുകളാല്‍ സന്ദര്‍ശിക്കപ്പെട്ട മേഖലകള്‍ ഏഷ്യയും പസഫിക്കുമാണ്. അന്താരാഷ്ട്രാ വിനോദ സഞ്ചാരികളുടെ വരവിന്റെ ഏറ്റവുമധികം സംഭാവന ചെയ്തിരിക്കുന്ന രാഷ്ട്രങ്ങള്‍ ഫ്രാന്‍സ് (6.7 ശതമാനം), യു.എസ്.ഏ, സ്പെയിന്‍ (6.1 ശതമാനം) എന്നിവയാണ്. ഇതില്‍ ഇന്ത്യയുടെ സംഭാവന 1.2 ശതമാനമാണ്. ഏഷ്യയിലും പസഫിക്കിലും ഉള്‍പ്പെടുന്നതും കൂടെ ചേര്‍ന്നുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രധാന വിപണി ഉറവിടമായി ചൈന ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്നു. 2016-ല്‍ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ സംവിധാനം ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ പ്രധാനപ്പെട്ട രാജ്യങ്ങളാണ് യു.കെ. യും യു.എസ്.എ. യും.

വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ സമീപകാല പ്രവണത

2015 നേക്കാള്‍ 9.68 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി കൊണ്ട് 2016 ല്‍ കേരളത്തില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 8.80 ദശലക്ഷം ആയി. ഇത് 2015 ല്‍ 8.3 ദശലക്ഷം ആയിരുന്നു. 2016 ൽ രാജ്യത്ത്, വിനോദ സഞ്ചാരത്തിൽ കേരളത്തിന്റെ സംഭാവന 11.79 ശതമാനമാണ്. ഇത് 2015 ൽ 12.18 ശതമാനം ആയിരുന്നു. കേരളത്തിലേക്കും ഇന്ത്യയിലേക്കുമുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ചിത്രം 3.2.1 - ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 3.2.1
കേരളത്തിലേക്കും ഇന്ത്യയിലേക്കുമുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് (2006 മുതല്‍ 2016 വരെ, ശതമാനത്തില്‍)
അവലംബം: വിനോദ സഞ്ചാര വകുപ്പ്, കേരള സർക്കാർ

വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ വളര്‍ച്ചാ നിരക്ക് ഇന്ത്യയിലേക്കാള്‍ ഉയര്‍ന്നതാണ് കേരളത്തില്‍. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് 2014 ല്‍ സംസ്ഥാനത്തെ വിദേശ വിനോദ സഞ്ചാരികളുടെ വളര്‍ച്ച നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറയുകയുണ്ടായി. എന്നാല്‍ 2010 മുതല്‍ സംസ്ഥാനത്ത് വിദേശ വിനോദ സഞ്ചാര വളര്‍ച്ച നിരക്ക് കുറഞ്ഞ് വരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2010 ലെ വളര്‍ച്ചാ നിരക്ക് 18.31 ശതമാനമായിരുന്നത് 2013 ല്‍ 8.12 ശതമാനമായി കുറയുകയും 2015 ആയപ്പോള്‍ വീണ്ടും കുറഞ്ഞ് 5.86 ശതമാനമാകുകയും ചെയ്തു. 2016-ല്‍ മുൻവര്‍ഷത്തെ അപേക്ഷിച്ച് 6.23 ശതമാനം കൂടുതല്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. 2006 മുതല്‍ വിദേശ വിനോദ സഞ്ചാരികളുടെ വരവിന്റെ ദേശീയ/സംസ്ഥാന വളര്‍ച്ച നിരക്ക് അനുബന്ധം 3.2.1 -ല്‍ കൊടുത്തിരിക്കുന്നു.

വിദേശ വിനോദ സഞ്ചാരികളുടെ ആഗമനത്തിലെ കാലികത

ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെ സംബന്ധിക്കുന്ന വിശകലനം സൂചിപ്പിച്ചിരിക്കുന്നത് 2016-ൽ ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികള്‍ എത്തിച്ചേര്‍ന്നത് നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. 2015 ലും ഇതേ പ്രവണത കാണുവാന്‍ സാധിക്കും. 2015 ലും 2016 ലും ഏറ്റവും അധികം വിദേശ വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയത് ഫെബ്രുവരിയിലെ തുടർന്ന് ജനുവരിയിലുമാണ്. 2016 ൽ സംസ്ഥാനം സന്ദർശിച്ച മൊത്തം വിദേശ വിനോദ സഞ്ചാരികളിൽ ഏകദേശം 13.6 ശതമാനം പേർ ഫെബ്രുവരിയിലും ആണ് എത്തിയത്. ഏറ്റവും കുറഞ്ഞ തിരക്ക് അനുഭവപ്പെട്ടത് ജൂൺ മാസത്തിൽ ആണ്. 2010 മുതൽ 2016 വരെ കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിന്റെ മാസാടിസ്ഥാനത്തിലുള്ള താരതമ്യം ചിത്രം 3.2.2 - ൽ കൊടുത്തിരിക്കുന്നു.

ചിത്രം 3.2.2
2010 മുതൽ 2016 വരെ കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെഎണ്ണം (മാസാടിസ്ഥാനത്തിൽ)
അവലംബം: വിനോദ സഞ്ചാര വകുപ്പ്, കേരള സർക്കാർ

വിനോദ സഞ്ചാരികളുടെ ആഗമനം സംബന്ധിക്കുന്ന വിപണി ഉറവിടം

2016 ല്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദ സഞ്ചാരികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഏകദേശം 15.68 ശതമാനം വിദേശ വിനോദ സഞ്ചാരികള്‍ കടന്നു വരുന്നത് ബംഗ്ലാദേശില്‍ നിന്നും തുടര്‍ന്ന് അമേരിക്ക (14.73 ശതമാനം), യു.കെ (10.7 ശതമാനം) എന്നിവിടങ്ങളില്‍ നിന്നുമാണ്.

കേരളത്തിൽ, സംസ്ഥാനത്തേക്കു ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിൽ 15 ശതമാനം സംഭാവന ചെയ്തുകൊണ്ട് യു കെ മുൻപന്തിയിലാണ്. 8.5 ശതമാനത്തോടെ യു എസ് എ രണ്ടാം സ്ഥാനത്താണ്. തൊട്ടടുത്ത സ്ഥാനങ്ങൾ സൗദി അറേബ്യയ്ക്കും (8.4 ശതമാനം) ഫ്രാൻസിനുമാണ് (7.7 ശതമാനം). 2016 ൽ കേരള വിനോദ സഞ്ചാരത്തിന്റെ പ്രധാന വിപണി ഉറവിടങ്ങളുടെ സംഭാവന അനുബന്ധം 3.2.2 ലും 2007 മുതല്‍ 2016 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തേക്കു ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെ സംഭാവന ചെയ്യുന്നതില്‍ മുൻപന്തിയില്‍ നില്ക്കുന്ന 10 രാജ്യങ്ങളുടെ സംഭാവന ചിത്രം 3.2.3 - ലും കൊടുത്തിരിക്കുന്നു.

ചിത്രം 3.2.3
വിദേശ വിനോദ സഞ്ചാരികളെ സംഭാവന ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന 10 രാജ്യങ്ങൾ
അവലംബം: വിനോദ സഞ്ചാര വകുപ്പ്, കേരള സർക്കാർ

വിദേശ വിനോദ സഞ്ചാരികളുടെ ആഗമനം സംബന്ധിക്കുന്ന വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരവും എറണാകുളവുമാണ് സംസ്ഥാനത്ത് ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികള്‍ എത്തിച്ചേര്‍ന്ന രണ്ട് ജില്ലകള്‍. റിപ്പോർട്ട് കാലയളവിൽ, 407,653 വിദേശ വിനോദ സഞ്ചാരികൾ എറണാകുളം ജില്ലയും 383,608 സഞ്ചാരികൾ തിരുവനന്തപുരം ജില്ലയും സന്ദർശിച്ചു. ഇത് സംബന്ധിക്കുന്ന വിശദാംശങ്ങൾ അനുബന്ധം 3.2.3 -ല്‍ കൊടുത്തിരിക്കുന്നു.

ആഭ്യന്തരവിനോദ സഞ്ചാരികളുടെ ആഗമനം

2016 ല്‍ കേരളത്തിലെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 13172535 ആയിരുന്നു. 2015 ലെ വിനോദ സഞ്ചാരികളുടെ എണ്ണത്തേക്കാള്‍ 5.67 ശതമാനം വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരത്തില്‍ നിന്നും ലഭ്യമായ വരുമാനം 2016 ല്‍ 15348 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10.93 ശതമാനം കൂടുതലാണ്. 2006 മുതല്‍ 2016 വരെ കേരളത്തിലെത്തിയ സ്വദേശികളായ.വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ അനുബന്ധം 3.2.4 -ല്‍ കൊടുത്തിരിക്കുന്നു.

കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് മാസാടിസ്ഥാനത്തിൽ

2016 ലെ കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് സംബന്ധിക്കുന്ന മാസാടിസ്ഥാനത്തിലുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് ഏറ്റവുമധികം സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടതു ഡിസംബർ മാസത്തിലും ഏറ്റവും കുറവ് ജൂൺ മാസത്തിലുമാണ് ആഭ്യന്തരവിനോദ സഞ്ചാരികളുടെ വരവിന്റെ 2010 മുതൽ 2016 വരെയുള്ള മാസാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ചിത്രം 3.2.4 - ൽ കൊടുത്തിരിക്കുന്നു.

ചിത്രം 3.2.4
കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 2010 മുതൽ 2016 വരെ
അവലംബം: വിനോദ സഞ്ചാര വകുപ്പ്, കേരള സർക്കാർ

ആഭ്യന്തര വിനോദ സഞ്ചാരം പ്രദാനം ചെയ്യുന്ന ഉറവിടം

2016 ലെ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളില്‍ ഏകദേശം 66.05 ശതമാനവും സംസ്ഥാനത്തിനകത്ത് നിന്ന് തന്നെയുള്ള സന്ദർശകർ ആണെന്നാണ്. സന്ദർശകരുടെ വിതരണത്തിൽ മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിൽ 8.23 ശതമാനം സന്ദർശകരെ സംഭാവന ചെയ്തുകൊണ്ട് തമിഴ്നാട് ഒന്നാം സ്ഥാനത്താണ്. കർണാടകവും (5.89) മഹാരാഷ്ട്രയും (3.72) ആണ് മറ്റു പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ. കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ മുൻപന്തിയിൽ നിൽക്കുന്ന 15 സംസ്ഥാനങ്ങളുടെ സംഭാവന സംബന്ധിക്കുന്ന വിശദാംശങ്ങൾ അനുബന്ധം 3.2.5 -ൽ കൊടുത്തിരിക്കുന്നു.

ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് ജില്ലാടിസ്ഥാനത്തിൽ

കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ എറണാകുളവും തിരുവനന്തപുരവും ആണ് മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ. സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ജില്ലാ എറണാകുളവും സഞ്ചാരികളെ ആകർഷിക്കുന്നത് പത്തനംതിട്ടയുമാണ്. 2015 ലും 2016 ലും കേരളത്തിലെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ അനുബന്ധം 3.2.6 -ൽ കൊടുത്തിരിക്കുന്നു.

ചിത്രം 3.2.5
കേരളത്തിലെ വിനോദസഞ്ചാരത്തിൽ നിന്നും ലഭ്യമായ മൊത്തം വരുമാനം, 2007 മുതൽ 2016 വരെ
അവലംബം: വിനോദ സഞ്ചാര വകുപ്പ്, കേരള സർക്കാർ

വിനോദ സഞ്ചാരത്തിന്റെ സാമ്പത്തിക പ്രതിഫലനം

2016 ല്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനം 7,749.51 കോടി രൂപയും ആഭ്യന്തര വിനോദ സഞ്ചാര വരുമാനം 15,348.64 കോടി രൂപയുമായിരുന്നു. നേരിട്ടും അല്ലാതെയും ഈ മേഖലയ്ക്ക് ലഭിച്ച വരുമാനം 29,658.56 കോടി രൂപയാണ്. 2015 ലേക്കാള്‍ 11.12 ശതമാനം വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. വിശദാംശങ്ങൾ അനുബന്ധം 3.2.7 -ൽ കൊടുത്തിരിക്കുന്നു. 2007 മുതൽ 2016 വരെ കേരളത്തിലെ വിനോദസഞ്ചാരത്തിൽ നിന്നും ലഭ്യമായ മൊത്തം വരുമാനം ചിത്രം 3.3.5 - ൽ കൊടുത്തിരിക്കുന്നു.

സംസ്ഥാന, കേന്ദ്ര സർക്കാർ പദ്ധതി വിഹിതം

2012-13 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ലഭിച്ച സംസ്ഥാന, കേന്ദ്ര പദ്ധതി വിഹിതം സംബന്ധിച്ച വിശദാംശങ്ങള്‍ പട്ടിക 3.2.2, 3.2.3 എന്നിവയില്‍ നല്‍കിയിരിക്കുന്നു.

പട്ടിക 3.2.2
സംസ്ഥാന പദ്ധതി വിഹിതം (രൂപ കോടിയില്‍)
വര്‍ഷം വിഹിതം (എസ് ഡി ജി ഉൾപ്പെടെ)
2012-13 1805.53
2013-14 214.89
2014-15 245.36
2015-16 230.45
2016-17 314.32
അവലംബം: വിനോദ സഞ്ചാര വകുപ്പ്, കേരള സർക്കാർ
പട്ടിക 3.2.3
കേന്ദ്ര പദ്ധതി വിഹിതം (രൂപ കോടിയില്‍)
വര്‍ഷം വിഹിതം
2012-13 78.26
2013-14 346.67
2014-15 -
2015-16 99.23
2016-17 194.43
അവലംബം: വിനോദ സഞ്ചാര വകുപ്പ്, കേരള സർക്കാർ

വിനോദ സഞ്ചാരത്തിന് ലഭ്യമായ നേട്ടങ്ങള്‍, പുരസ്ക്കാരങ്ങള്‍

കേരള വിനോദ സഞ്ചാരത്തെ ഉന്നതിയിൽ എത്തിക്കുന്നതിന് പൊതു, സ്വകാര്യ മേഖലകളുടെ സംയുക്തമായ പ്രയത്നത്തിന്റെ ഫലമായി ധാരാളം പുരസ്ക്കാരങ്ങളും നേട്ടങ്ങളും കേരള വിനോദ സഞ്ചാരത്തിനു ലഭിക്കുകയുണ്ടായി.

  • പി.എ.ടി.എ ഗോള്‍ഡ് അവാര്‍ഡ് ഫോര്‍ വിസിറ്റ് കേരള കൊമേഴ്സിയല്‍ ക്യാംപെയിന്‍ 2016
  • പി.എ.ടി.എ ഗോള്‍ഡ് അവാര്‍ഡ് ഫോര്‍ ഇ-ന്യൂസ് ലെറ്റര്‍ 2016
  • ട്രാവല്‍ ആന്‍ഡ് ലെഷര്‍ അവാര്‍ഡ് ഫോര്‍ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ 2016.
  • കോണ്‍ടെനാസ്റ്റ് ട്രാവലര്‍ റീഡേഴ്സ് അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ലെഷര്‍ ഡെസ്റ്റിനേഷന്‍ 2016.
  • ലോണ്‍ലി പ്ലാനെറ്റ് ട്രാവല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ ഫാമിലീസ്.
  • ലോണ്‍ലി പ്ലാനെറ്റ് ട്രാവല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഓഫ് റൊമാന്‍സ്, ഇന്ത്യ – മൂന്നാര്‍, കേരളം 2017.
  • 2017 ലെ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ വാട്ടര്‍ ഫ്രണ്ട് ഡെസ്റ്റിഷേനുള്ള ബെറ്റര്‍ ഹോളിഡേ അവാര്‍ഡ്
  • ഏറ്റവും മികച്ച വെല്‍നസ്സ് ആന്റ‍് സ്പിരിച്ചാലിറ്റി കേന്ദ്രത്തിനുള്ള 2017 ലെ ഔട്ടലുക്ക് ട്രാവലര്‍ അവാര്‍ഡ്
  • മികച്ച ഉപഭോക്തൃ യാത്ര ലഘുലേഖയ്ക്കുള്ള പി.എ.ടി.എ ഗോള്‍ഡ് അവാര്‍ഡ് 2017.
  • ഏറ്റവും മികച്ച ജലാശയങ്ങള്‍, ആയുര്‍വേദം, സ്പാ, വെല്‍നസ്സ് എന്നിവയ്ക്കുള്ള വി.റ്റി.എച്ച് ഇന്റ‍ര്‍ നാഷണല്‍ ടൂറിസം കോണ്‍ക്ലേവ് & ട്രാവല്‍ അവാര്‍ഡുകള്‍.
  • - 2016 ല്‍ നാഷണല്‍ ജോഗ്രാഫിക്ക് ചാനലിന്റെ എറൗണ്ട് ദ വേള്‍ഡില്‍ സ്ഥാനം നേടിയ ഒരേയൊരു സംസ്ഥാനമാണ് കേരളം.

സാംസ്ക്കാരിക സംരംഭങ്ങള്‍

ഓണം 2016 - മികച്ച ജനപങ്കാളിത്തത്തോടെ 2016 ലെ ഓണം സെപ്റ്റംബര്‍ മാസം 12 മുതല്‍ 18 വരെ നടത്തുകയുണ്ടായി.

നിശാഗന്ധി ഫെസ്റ്റിവല്‍- 2016-ല്‍ ഭക്ഷ്യമേള, നൃത്തോത്സവം, കഥകളി ഉത്സവം എന്നിവ ഉള്‍പ്പെടുത്തി ജനുവരി മാസം നിശാഗന്ധി ഫെസ്റ്റിവല്‍ നടത്തി. 7 ദിവസം പരിപാടി നീണ്ടു നിന്നു.

ഉല്‍സവം - പ്രാദേശിക കലാപരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയായ ഉത്സവം തിരഞ്ഞെടുക്കപ്പെട്ട 14 കേന്ദ്രങ്ങളില്‍ 2016 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ നടത്തി.

വിനോദ സഞ്ചാരം- പ്രോത്സാഹനവും പ്രചരണവും

വിനോദ സഞ്ചാര പ്രോത്സാഹനത്തിനും പ്രചരണത്തിനുമായി വിനോദ സഞ്ചാര വകുപ്പ് നിരവധി നൂതന സംരംഭങ്ങള്‍ നടത്തുകയുണ്ടായി. 2016-17 ല്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 12 അന്താരാഷ്ട്രാ വ്യാപാരമേളകളിലും 18 ശില്പശാലകളിലും പങ്കെടുത്തു.

ബോക്സ് 3.2.2
പതിമൂന്നാം പദ്ധതി സമീപന രേഖ
  • സംസ്ഥാനത്തിന്റെ തുടരുന്ന വാഗ്ദാന സാധ്യതയായി വിനോദ സഞ്ചാരം നിലനില്‍ക്കുന്നു. പാരമ്പര്യ കേന്ദ്രങ്ങളായ കൊച്ചി, കൊച്ചിയുടെ തെക്കെ പ്രദേശങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവ ഇന്നും സാധ്യതയുള്ളവയാണ്. സ്ഥിരതയാര്‍ന്നതും വര്‍ദ്ധിച്ചു വരുന്നതുമായ തീര്‍ത്ഥാടകരുടെ വരവിലെ വര്‍ദ്ധനവ് ഒരു സാധ്യതയാണ്. വിസ്തൃതമായതും ഇതുവരെ ഉപയോഗപ്പെടുത്തിട്ടില്ലാത്തതും വിനോദ സഞ്ചാരം സാധ്യതകള്‍ സംസ്ഥാനത്തിന്റെ വടക്ക് ഭാഗങ്ങളിലുണ്ട്.
  • വിനോദ സഞ്ചാര വികസനത്തിന് സാങ്കേതിക വൈദഗ്ദ്ധ്യവും മൊത്തത്തിലുള്ള ആസൂത്രണവും ആവശ്യമാണ്. അത് എല്ലാ വിഭാഗ വിനോദ സഞ്ചാരികളുടേയും, സുഖഭോഗ സഞ്ചാരികള്‍ തുടങ്ങി കുറഞ്ഞ വരുമാനമുള്ള കുടുംബ സഞ്ചാരികളുടേയും യാതൊരു തയ്യാറെടുപ്പുമില്ലാതെ ചുമലില്‍ ബാഗുമായി എത്തുന്നവരുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായിരിക്കണം. അത് ഉത്തരവാദിത്വ വിനോദ സഞ്ചാരം ആയിരിക്കണം. വാഹക ശേഷിയോട് സംവേദിക്കുന്നതും സംസ്ഥാനത്തിന്റെ പരിസ്ഥിതിയുടേയും ജനങ്ങളുടേയും ആവശ്യത്തിനു യോജിച്ചതാകണം. ഈ വെല്ലുവിളിയില്‍ തീര്‍ച്ചയായും നമുക്ക് വിജയിക്കാനാകും.
  • സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്കു വേണ്ടി പുതിയ വളര്‍ച്ചാ തന്ത്രത്തിന് പതിമൂന്നാം പദ്ധതി ശ്രമിക്കും. പ്രധാന ഫലസൂചികകളായ വിദേശത്തു നിന്നു വരുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കും. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 50 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കും. അതുപോലെ പതിമൂന്നാം പദ്ധതിക്കാലത്ത് ഈ രംഗത്ത് ഏകദേശം 400,000 തൊഴിലുകള്‍ സൃഷ്ടിക്കും.
  • അന്തര്‍ദേശീയമായി വിനോദ സഞ്ചാരത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ ചെലവഴിക്കല്‍ പൊതുവില്‍ ഊന്നല്‍ നല്‍‍കുന്നത് പലതരത്തില്‍ വിനോദ സഞ്ചാരം പ്രചരിപ്പിക്കുന്നതിനാണ്. അതേസമയം പശ്ചാത്തല സൌകര്യവും വിനോദ സഞ്ചാര കേന്ദ്ര വികസനവും പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയാകുന്നു. നേരെ മറിച്ചാണ് കേരളത്തിലെ സാഹചര്യം. ഇവിടെ വിനോദ സഞ്ചാര വികസനത്തിനു വേണ്ടി വകയിരുത്തുന്നതിന്റെ 60 ശതമാനത്തിലധികവും പശ്ചാത്തല സൗകര്യത്തിനും 25 ശതമാനം വിനോദ സഞ്ചാര പ്രചരണത്തിനും എടുക്കുന്നു. ഈ അസമത്വം പതിമൂന്നാം പദ്ധതി ഭാഗികമായി ശരിയാക്കും. മൊത്തം വകയിരുത്തലിന്റെ ചുരുങ്ങിയത് മൂന്നിലൊന്ന് വിഹിതമെങ്കിലും വിനോദ സഞ്ചാര പ്രചരണത്തിനായി മാറ്റിവെയ്ക്കും.
  • കടല്‍ത്തീരം, ചരിത്രം, പൈതൃകം, സാംസ്ക്കാരികം, വനം, പരിസ്ഥിതി വിഭവങ്ങള്‍, മെഡിക്കല്‍ എന്നീ കേരളത്തിലെ വിനോദ സഞ്ചാരത്തിന്റെ പൂര്‍ണ്ണ സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യണം. അത് പാരമ്പര്യേതര വിനോദ സഞ്ചാര കേന്ദ്രങ്ങളുടേയും ഉല്‍പ്പന്നങ്ങളുടേയും വികസനത്തെ പ്രോത്സാഹിപ്പിക്കും. അങ്ങിനെ ഏതെങ്കിലും പ്രത്യേക സീസണില്‍ മാത്രം ഒതുങ്ങുന്ന നിലവിലുള്ള വിനോദ സഞ്ചാരത്തെ അതില്‍ നിന്നും വര്‍ഷം മുഴുവനായും വ്യാപിപ്പിക്കും.
  • വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതും ഈ മേഖലയില്‍ സാധ്യതയുള്ള വിവിധ പ്രവര്‍ത്തനങ്ങളായ ബിനാലെ, കേരളത്തിലെ പലതരം കലകളുടെ ഉത്സവങ്ങള്‍, പരിസ്ഥിതി വിനോദ സഞ്ചാരം, സുഗന്ധദ്രവ്യ ഇടനാഴിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പരിപാടികളും, ഉത്തരകേരളത്തിലെ താരതമ്യേന ഉപയോഗപ്പെടുത്താത്ത വിനോദ സഞ്ചാര സാധ്യതകള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനും പതിമൂന്നാം പദ്ധതി വിഭവങ്ങള്‍ വകയിരുത്തും
  • കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ ഉന്നത നിലവാരമുള്ള സേവനങ്ങള്‍ പ്രധാനം ചെയ്യുന്നതിന് നൈപുണ്യ, വൈദഗ്ദ്ധ്യമുള്ള കൂടുതല്‍ യുവാക്കളെ ആവശ്യമുണ്ട്. ഇത് ചെയ്യേണ്ടത് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിലെ മനുഷ്യവിഭവ ശേഷി ഉയര്‍ത്തുന്നതിനു മാത്രമല്ല, ഇന്ത്യുടെ മറ്റു ഭാഗങ്ങളിലും ലോകത്തുതന്നെയും ഈ രംഗത്ത് തൊഴിലെടുക്കാന്‍ യുവാക്കളെ തയ്യാറെടുക്കുന്നതിനുമാണ്.
  • കേരളത്തിലേക്കു വരൂ വര്‍ഷ പ്രചരണം വിജയിക്കണമെങ്കില്‍ ഇതോടൊപ്പം ആരോഗ്യം, പൊതുജനാരോഗ്യം, ശുചീകരണം, ചവറുകള്‍ വലിച്ചെറിയുന്നത് നിരോധിക്കല്‍, ഖരമാലിന്യ സംസ്ക്കരണം, ജലാശയങ്ങലുടെ ശുചീകരണം എന്നിവയും ആവശ്യമാണ്. ഈ ശ്രമം എല്ലാ അര്‍ത്ഥത്തിലും വിജയിക്കണമെങ്കില്‍ സംസ്ക്കാരം, പരിസ്ഥിതി, വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണ സര്‍ക്കാരുകള്‍, പുരാവസ്തുവും കാഴ്ച്ചബംഗ്ലാവും,കൃഷി തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോജിപ്പിച്ചുകൊണ്ടുപോകുവാന്‍ സംഘാടക സമിതിയ്ക്ക് കഴിയണം.

അവലംബം: വിനോദ സഞ്ചാര വകുപ്പ്, കേരള സർക്കാർ


അനുവദിച്ച പ്രോജക്ടുകള്‍

2016-17 ല്‍ 212 കോടി രൂപയുടെ 223 പദ്ധതികള്‍ക്കും 194കോടി രൂപയുടെ രണ്ട് കേന്ദ്ര പദ്ധതികള്‍ക്കും അനുമതി ലഭിക്കുകയുണ്ടായി. ഇതില്‍ കേന്ദ്ര സർക്കാർ 37 കോടി രൂപ അനുവദിക്കുകയും ചെയ്തു. കേന്ദ്ര സഹായ പദ്ധതികള്‍ താഴെ പറയുന്നവയാണ്.

I. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ 94 കോടി രൂപയ്ക്ക് ശ്രീ പത്മനാഭ, ആറന്‍മുള, ശബരിമല എന്നിവ സ്പിരിച്വല്‍ സര്‍ക്യൂട്ട് ആക്കികൊണ്ട് സ്വദേശ ദര്‍ശന്‍ സ്കീമിന്റെ കീഴില്‍ വികസിപ്പിക്കല്‍. ഇതില്‍ 18 കോടി രൂപ ഭാരത സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

II. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ശബരിമല-എരുമേലി-പമ്പ-സന്നിധാനം ഒരു സ്പിരിച്വല്‍ സര്‍ക്യൂട്ട് ആയി 99 കോടി രൂപയ്ക്കു വികസിപ്പിക്കുന്നതിന് സ്വദേശി ദർശൻ പദ്ധതിയുടെ കീഴിൽ, ഭാരത സർക്കാർ 19 കോടി രൂപ അനുവദിച്ചു.

ഉപസംഹാരം

അയൽ രാജ്യങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള വർധിച്ച തോതിലുള്ള മത്സരം, സംസ്ഥാനത്തിനകത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലെ അപര്യാപ്തത, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മാലിന്യ നിർമ്മാർജനം, സുരക്ഷാ സംവിധാനങ്ങൾ, പ്രധാനപ്പെട്ട പ്രാദേശിക, അന്തർദേശീയ വിപണികളെ കേരളത്തിലേക്ക് ബന്ധിപ്പിക്കുന്നതിനാവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങളുടെ അപര്യാപ്തത എന്നിങ്ങനെ വിനോദ സഞ്ചാര മേഖലയിലെ വെല്ലുവിളികൾ/പ്രശ്നങ്ങൾ നേരിടേണ്ടതുണ്ട്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി ആരോഗ്യം, ശുചിത്വം, നഗര, ഗ്രാമ ആസൂത്രണം, ഗതാഗതം, കണക്ടിവിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു മേഖലകൾ എന്നിവയുടെയെല്ലാം ഏകോപിച്ചുള്ള പ്രവർത്തനം എന്നിവ വിനോദ സഞ്ചാര വികസനത്തിന് അത്യാവശ്യമാണ്.