സാമൂഹ്യസേവനം- വാർദ്ധക്യം

ജീവിതതോടൊപ്പം ആരംഭിച്ച് ജീവിതചക്രം മുഴുവൻ തുടരുന്ന ഒരു പ്രക്രിയയാണ് വാർദ്ധക്യം. ഇത് വെല്ലുവിളികളും അവസരങ്ങളും പ്രദാനംചെയ്യുന്നു. പ്രായമായവർ അഥവാ വയോജനങ്ങൾ ആയ വ്യക്തികൾ മനുഷ്യരുടെ ശരാശരി ആയുസിനോട് അടുത്തെത്തിയവരാണ്. എല്ലാ സമൂഹങ്ങളിലും വാർദ്ധക്യത്തിന്റെ പ്രായ പരിധി ഒരേ പോലെ അല്ലാത്തതിനാൽ ആയതു കൃത്യമായി നിർവചിക്കാനാവില്ല. ഇന്ത്യൻ നിയമപ്രകാരം അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യൻ പൗരനായ ഒരാളെ ഒരു മുതിർന്നപൗരൻ എന്നാണ് അർത്ഥമാക്കുന്നത്.

കേരളത്തിലെ ജനസംഖ്യ സംക്രമണം

ഉയർന്ന ജനനനിരക്കും മരണനിരക്കും എന്നതിൽ നിന്നും കുറഞ്ഞ ജനനനിരക്കും മരണനിരക്കും എന്നതിലേക്കുള്ള മാറ്റമാണ് ജനസംഖ്യാ സംക്രമണം. ജനസംഖ്യാപരമായ പരിവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ ആശങ്കകളും ഉയർത്തിയിട്ടുണ്ട്. ജനനനിരക്കുംമരണനിരക്കും തമ്മിലുള്ള വ്യതിയാനം ജനസംഖ്യയുടെ പ്രായഘടനയിൽ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജനസംഖ്യാ പ്രവണത വ്യക്തമാക്കുന്നത് ജനനനിരകക്കിലും മരണനിരക്കിലും ഉണ്ടായ മാറ്റം പ്രേത്യേകിച്ചും 70-കളിലും 80-കളിലും കുത്തനെ ഉണ്ടായ മാറ്റങ്ങളും തുടർന്നു പ്രായഘടനയിൽ ഉണ്ടായ മാറ്റങ്ങളും മൂലം കേരളം ജനസംഖ്യാ സംക്രമണത്തിന്റെ നിർണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ജനസംഖ്യാ പരിവർത്തനത്തിന്റെ പ്രധാനപ്പെട്ട അന്തരഫലം വാർദ്ധക്യമാണ്. ഒരുജനസമൂഹത്തിന്റെ പ്രായമാകൽ എന്നതു പ്രായമായവരുടെ എണ്ണത്തിലുള്ള ആപേക്ഷിക വർദ്ധനവാണ്. ജനനനിരകക്കിലും മരണനിരക്കിലും ഉണ്ടായ മാറ്റം പ്രായമായവരുടെ എണ്ണത്തിൽ നല്ല മാറ്റങ്ങൾ വരുത്തിയതായി വ്യക്തമാണ്. മുതിർന്നവർക്ക് അനുകൂലമായി പ്രായഘടനയിൽ ഉണ്ടായ മാറ്റം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യത്തെ ബാധിക്കുന്നതാണ്.

ഇന്ത്യയിലെയും കേരളത്തിലെയും അവസ്ഥ

പരമ്പരാഗത ഇന്ത്യൻ സംസ്കാരത്തിലും സാമൂഹ്യക്രമങ്ങളിലും കുടുംബങ്ങൾക്ക് നൽകിയിരുന്ന സാമൂഹ്യസുരക്ഷാ സമ്പ്രദായം പ്രാധാന്യമർഹിക്കുന്നതാണ്. മുതിർന്നവർ അവരുടെ കുടുംബത്തിലും അയൽക്കാരുടെ ഇടയിലും സമൂഹത്തിലും ആദരിക്കപ്പെട്ടിരുന്നു. എന്നാൽ അണുകുടുംബങ്ങളുടെ ആവിർഭാവത്തോടെ ഈ സംവിധാനം ഏകദേശം പൂർണമായും ഇല്ലാതാകുകയും മുതിർന്നവരെ പരിപാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ദുർബലമാവുകയും ചെയ്തു. വളരെയധികം ചെറുപ്പക്കാർ ഉപജീവനത്തിനുള്ള തൊഴിലിനായി മറ്റു ദേശങ്ങളിലേക്കു (പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേയ്ക്ക്) പോയിരിക്കുന്നു എന്ന വസ്തുത മുതിർന്നവരുടെ ഒറ്റപ്പെടലിനു കൂടുതൽ ഉൗന്നൽ നൽകി. കൂടാതെ, പരമ്പരാഗതമായി കുടുംബത്തിനെ പരിചരിച്ചുപോന്നിരുന്ന പല സ്ത്രീകളും ഇപ്പോൾ പുറത്തു പോയി ജോലി ചെയ്യുന്നതിനാൽ വയോജന പരിപാലനവും പുറംജോലിയും സംയോജിപ്പിക്കേണ്ടിവരുന്നു.

നഗര ഗ്രാമീണ സംവിധാനങ്ങളിൽ പരമ്പരാഗതമായ ക്രമീകരണങ്ങൾ സാവധാനത്തിൽ കുറയുന്നതായി കാണുന്നു. 2011 ലെ ജനസംഖ്യാ സെൻസസ് അനുസരിച്ച് ഏതാണ്ട് 10.4 കോടി വൃദ്ധർ (60 വയസ്സിനു മേൽ പ്രായമുള്ളവർ) ഇന്ത്യയിൽ ഉണ്ട്; 5.3 കോടി സ്ത്രീകളും 5.1 കോടി പുരുഷന്മാരും. കാലാകാലങ്ങളിൽ പ്രായമായവരുടെ എണ്ണം വർധിച്ചുവരികയാണ്. 1961-ൽ 5.6 ശതമാനം ആയിരുന്നത് 2011-ൽ 8.6 ശതമാനം ആയി വർദ്ധിച്ചു. പുരുഷന്മാരിൽ ഇത് 8.2 ശതമാനവും സ്ത്രീകളുടേത് 9.0 ശതമാനവുമാണ്. ഗ്രാമീണ നഗര പ്രദേശങ്ങളിൽ താരതമ്യപ്പെടുത്തുമ്പോൾ 71 ശതമാനം പ്രായമായ ജനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ബാക്കി 29 ശതമാനം നഗരപ്രദേശങ്ങളിലാണ്. 2009-13 കാലയളവിൽ പുരുഷന്മാരുടെ ആയുർദൈർഘ്യം 65.8 ഉം സ്ത്രീകളിൽ 69.3 ഉം വയസ്സായിരുന്നു.

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെക്കാൾ വേഗത്തിലാണ് കേരളത്തിലെ വയോജനങ്ങളുടെ വളർച്ച. 60 വയസിനു മുകളിലുള്ള ജനസംഖ്യ 1961 ൽ 5.1 ശതമാനമായിരുന്നപ്പോൾ ദേശീയ ശരാശരി 5.6 ശതമാനം ആയിരുന്നു. 1980 മുതൽ കേരളം മറ്റുപ്രദേശങ്ങളെ പിന്നിലാക്കി ബാക്കിയുള്ളത് 2001 ൽ ഇത് താരതമ്യേന 10.5 ശതമാനവും 7.5 ഉം ആയിരുന്നത്. 2011 ആകുമ്പോഴേക്കും ജനസംഖ്യയിൽ ഏകദേശം 13 ശതമാനം പേർ 60 വയസ്സ് കഴിഞ്ഞവരായിരിക്കും. കേരളത്തിലെ പ്രായമായ ജനസംഖ്യാവളർച്ച 2.3 ശതമാനം നിരക്കിലെന്നു ഒരു പഠനറിപ്പോർട്ടിൽ (സെന്റർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസ്, 2013, "കേരളത്തിൽ പ്രായമാകലിനെ സംബന്ധിച്ചുള്ള ഒരു സർവ്വേ") പറയുന്നു. 70 അല്ലെങ്കിൽ 80 വയസ്സിന് മുകളിലുള്ള പ്രായമായവരുടെ വളർച്ചയാണ് ഏറ്റവും കൂടുതൽ. നിലവിൽ കേരളത്തിലെ 42 ലക്ഷം ആളുകൾ 60 വയസ്സിനു മുകളിലാണുള്ളത്. ഇതിൽ 13 ശതമാനം വേഗത്തിൽ വളരുന്ന 80 വയസും അതിനുമുകളിലുള്ളവരുമാണ്. അറുപതു വയസിനു മുകളിലുള്ള സ്ത്രീപുരുഷന്മാരിൽ കൂടുതലും സ്ത്രീകളാണ്. അവരിൽ ഭൂരിഭാഗവും വിധവകളാണ്. കേരളമാണ് ഏറ്റവും ഉയർന്ന ആയുർദൈർഖ്യമുള്ള സംസ്ഥാനം. എസ്.ആർ.എസ്. റിപ്പോർട്ട് 2009 -13 അനുസരിച്ച് കേരളത്തിൽ പ്രീതീഷിത ആയുർദൈർഘ്യം പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 71.8 വയസും 77.8 വയസും ആണ്. സാധാരണയായി സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരെക്കാൾ ഉയർന്നതാണ് (ഇന്ത്യയിലും). എന്നാൽ കേരളത്തിൽ ഇത് വളരെ കൂടുതലാണ്. പുരുഷന്മാർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം ചെയ്യുന്നതുകൊണ്ടുതന്നെ വയോജനങ്ങളിൽ വിധവകളുടെ എണ്ണം കൂടുതലാണ്. 65ശതമാനം വൃദ്ധരും രോഗികളാണെന്നു എൻഎസ്എസ് സർവേ 2015 വ്യക്തമാക്കുന്നു.

വൃദ്ധജനങ്ങളെ വൃദ്ധസദനത്തിലേക്ക് അയയ്ക്കുന്ന സംസ്കാരം കേരളത്തിൽ വളരെ വേഗത്തിൽ വികസിക്കുകയാണ്. കേരളത്തിലെ പ്രായമായവരിൽ ഭൂരിഭാഗവും വിധവകളാണ്. 1991 ൽ 60-69 വരെ പ്രായമുള്ളവരിൽ 53.8ശതമാനം വിധവകളാണ്. 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് 69.20 ശതമാനമാണ്. 2025 ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയിൽ 20 ശതമാനവും പ്രായമായവരാകുമെന്നതിനാൽ സാമൂഹ്യ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യം വളരെ വലിയ തോതിൽ ഉണ്ടാകും. അതിനാൽ മുതിർന്ന പൗരന്മാർക്ക് സാമൂഹ്യ സുരക്ഷ എന്നത് സഹാനുഭൂതിയല്ലെന്നത് ഓർക്കുക, അത് അവരുടെ അടിസ്ഥാന മനുഷ്യാവകാശമാണ്. കേരളത്തിലെ മുതിർന്ന പൗരന്മാരുടെ പ്രായ സങ്കലനം പട്ടിക 4.1.10-ൽ കൊടുത്തിരിക്കുന്നു. കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ദാമ്പത്യാവസ്ഥ പട്ടിക 4.1.11-ൽ കൊടുത്തിരിക്കുന്നു.

പട്ടിക 4.1.10
കേരളത്തിലെ മുതിർന്ന പൗരന്മാരുടെ പ്രായസങ്കലനം (എണ്ണത്തില്‍)
പ്രായസങ്കലനം ആകെ പുരുഷന്‍ സ്ത്രീ
ആകെ ജനസംഖ്യ 33,406,061 16,027,412 17,378,649
ആകെ മുതിർന്നവരുടെ ജനസംഖ്യ 4,193,393 1,853,595 2,309,798
60-69 2,416,805 (58%) 1,114,368 (60%) 1,272,437 (55%)
70-79 1,234,739 (29%) 534,879 (29%) 699,860 (30%)
80+ 541,849 (13%) 204,348 (11%) 337,501 (15%)
അവലംബം : സെന്‍സസ് 2011
പട്ടിക 4.1.11
കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ദാമ്പത്യാവസ്ഥ (ശതമാനം)
ആകെ പുരുഷന്‍ സ്ത്രീ
വിവാഹം കഴിക്കാത്തവര്‍ 2.6 1.8 3.3
നിലവില്‍ വിവാഹിതരായവര്‍ 60.8 88.9 37.8
വിധവ/വിഭാര്യന്‍ 35.7 8.8 57.0
മറ്റുള്ളവര്‍ 0.9 0.5 1.9
പങ്കാളിയില്ലാത്തവര്‍ 39.2 11.1 62.2
അവലംബം : സെന്‍സസ് 2011

നിലവിലെ വിവാഹിതരുടെ എണ്ണം തെറ്റിദ്ധാരണജനകമാണ്. നിലവിൽ വിവാഹിതർ 60.8ശതമാനവും ഇതിൽ പുരുഷൻമാർ 88.9ശതമാനം വും സ്ത്രീകൾ 37.8ശതമാനവും മാത്രമാണ്. കേരളത്തിലെ മുതിർന്നവരുടെ ദാമ്പത്യ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ ഭൂരിപക്ഷം പുരുഷന്മാരുടേയും (89 ശതമാനം) ഭാര്യമാർ പ്രായാവസ്ഥയിലും ജീവിച്ചിരിക്കുന്നവരാണ്. എന്നാല്‍ 38 ശതമാനം സ്ത്രീകളുടെ ഭർത്താക്കന്മാർ മാത്രമേ പ്രായമായി ജീവിച്ചിരിക്കുന്നുള്ളൂ. പുരുഷന്മാർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം ചെയ്യുന്നതുകൊണ്ടുതന്നെ പുരുഷന്മാർക്ക് അറുപത് വയസ്സു പ്രായമാകുമ്പോൾ അവരുടെ ഭാര്യമാർ വളരെ ചെറുപ്പമായിരിക്കും (അവരുടെ അന്പതുകളുടെ അവസാന കാലഘട്ടത്തിൽ). അതായത് 80 ൽ, 17ശതമാനം പുരുഷൻമാർ വിഭാര്യരാണ്, 84.2ശതമാനം സ്ത്രീകൾ വിധവകളാണ് (പട്ടികയിൽ കാണിച്ചിട്ടില്ല).

കേരള അംഗപരിമിത സെൻസസ് 2015

2011 സെൻസസ് പ്രകാരം മുതിർന്ന പൗരൻമാർ 41,93,393 ആണ്. എന്നാൽ 2015 ൽ അംഗപരിമിത സെൻസസ് കണക്കനുസരിച്ച് 8217434 കുടുംബങ്ങളിൽ 34254086 ജനസംഖ്യയുള്ളതിൽ 42,33,474 മുതിർന്ന കുടുംബ അംഗങ്ങളാണുള്ളത് ഇത് ആകെ കുടുംബാംഗങ്ങളുടെ12.36ശതമാനം ആണ്. മുതിർന്ന അംഗങ്ങളിൽ 19,34,758 പുരുഷന്മാരും 2,298,716 സ്ത്രീകളുമാണുള്ളത്. 2011 സെൻസസ് പ്രകാരം പ്രായമായവരുടെ ഏറ്റവും സാധാരണമായ വൈകല്യം ലോക്കോ മോട്ടോർ വൈകല്യവും ദൃശ്യവൈകല്യവുമായിരുന്നു. അൽഷിമേഴ്സ് രോഗികൾ 35,041 പേരുണ്ട്. കേരളത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജീവിക്കുന്ന വൈകല്യമുള്ള മുതിർന്ന പൗരന്മാരുടെ എണ്ണം 4,260 ആണ്. ഇതിൽ 2,352 സ്ത്രീകളും 1,908 പുരുഷന്മാരും ആണ്. ഇതിൽ 80 വയസ്സിനു മുകളിലുള്ളവർ 570 പേരാണ്. മൊത്തം അംഗങ്ങൾ സീനിയർ അംഗങ്ങൾ ആയ 432,953 കുടുംബങ്ങൾ ആണുള്ളത്. ഇത് ആകെ കുടുംബങ്ങളുടെ 5.27 ശതമാനം ആണ്. മുതിർന്ന വനിതാ അംഗങ്ങളുടെ എണ്ണം 2,298,716 ഉം മുതിർന്ന പുരുഷ അംഗങ്ങളുടെ എണ്ണം 1,934,758 ഉം ആണ്. ഇത് യഥാക്രമം 54.3 ഉം 45.7 ഉം ശതമാനമാണ്.

വയോജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആശ്രയത്വം

ആശ്രിതജനസംഖ്യയുടെ അനുപാതം തൊഴിലെടുക്കുന്ന പ്രായ പരിധിയിലുള്ളവരുടെ അനുപാതവുമായി താരതമ്യപ്പെടുത്തുന്നതാണ് ആശ്രയത്വ അനുപാതം എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്. ഓരോ തൊഴിലാളിയും വഹിക്കുന്ന സാമ്പത്തിക ഭാരത്തിന്റെ ഒരു പ്രധാന സൂചകമാണിത്. 60 വയസും അതിനു മുകളിലും പ്രായമുള്ള വ്യക്തികളുടെ എണ്ണം തൊഴിലെടുക്കുന്ന പ്രായ പരിധിയിലുള്ളവരുമായി താരതമ്യപ്പെടുത്തുന്നതാണ് വയോജന ആശ്രയത്വ അനുപാതം. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ 'ഓൾഡ്' ഡിപ്പൻഡൻസി റേഷ്യോ 142 ഉം കേരളത്തിൽ ഉയർന്ന ആയുർദൈർഖ്യം മൂലം ഇത് 196 ഉം ആണ്. വാർദ്ധക്യകാല ആശ്രിതത്വ അനുപാതം കേരളത്തിൽ വർധിച്ചുവരുന്ന പ്രവണത കാണിക്കുന്നു ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതലാണിത്. (എൽഡർലി ഇൻ ഇന്ത്യ 2016, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം, ഭാരത സർക്കാർ). മൊത്തം ജനസംഖ്യയിൽ മുതിർന്നവരുടെ അനുപാതം അധ്വാനിക്കുന്ന ജനസംഖ്യക്കു അനുപാതമായി വർധിക്കുന്നതായി ഡിപൻഡൻസി അനുപാതം സൂചിപ്പിക്കുന്നു.

മുതിർന്ന പൗരന്മാർ അനുഭവ പരിചയമുള്ള മനുഷ്യവിഭവശേഷി എന്നനിലയിൽ

സംസ്ഥാന സർക്കാർ സേവനത്തിലുള്ള വിരമിക്കൽ പ്രായം 56 വയസ്സാണ്. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത് 60 ആണ്. പ്രായമാകൽ വ്യക്തികളുടെ പ്രവർത്തനജീവിതം കുറയ്ക്കുന്നു. കേരളത്തിൽ വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ ലഭിക്കുന്നതിനാൽ അവർക്ക് സുഖപ്രദമായ ജീവിതം നയിക്കാൻ കഴിയും. ഈ അനുഭവ സമ്പന്നരായ മനുഷ്യശക്തിയെ ശരിയായി വിന്യസിക്കുന്നത് ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയാണ്. പ്രായപൂർത്തിയായവർ തിരക്കുപിടിച്ചു ജോലിയിൽ ഏർപ്പെടുമ്പോഴും ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കുന്നു. എന്നാൽ അത്തരം ജോലി ഇല്ലാതിരുന്നവർക്കും മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും പെൻഷനും വിരമിക്കലും ഇല്ല. ചില വിഭാഗങ്ങളിൽ പെൻഷൻ ആയി നാമമാത്രമായ തുക മാത്രം ലഭിക്കുന്നത് അവരുടെ മെഡിക്കൽ ആവശ്യകതക്കു പോലും സഹായിക്കില്ല. വികസിത രാജ്യങ്ങളിൽ സാമൂഹ്യസുരക്ഷാ സംവിദാനം വളരെ ശക്തമായതുകൊണ്ട് വാർദ്ധക്യത്തിൽ അവർക്ക് വിഷമിക്കേണ്ട കാര്യമില്ല.

പ്രായമായവർക്കായുള്ള പോഷക പരിഗണനകൾ

അറുപതു വയസ്സിനു മേലെയുള്ള പ്രായമുള്ള വ്യക്തികളുടെ എണ്ണവും വർദ്ധിക്കുന്നു. മിക്കപ്പോഴും ഇത് പോഷകാഹാരക്കുറവുള്ള ആരോഗ്യപ്രശ്നങ്ങൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു ഗ്രൂപ്പാണ്. ആവശ്യമായ ഊർജ്ജവും പോഷകാഹാര ആവശ്യങ്ങളും നിറവേറ്റുന്നതിനായി ശരിയായ അളവിലുള്ള ഭക്ഷണവും ഭക്ഷണ രീതിയും ലഭിക്കുന്നതിൽ പ്രായമായവരിൽ അധികവും പരാജയപ്പെടുന്നു. വികസ്വര രാജ്യങ്ങളിലെ ജനങ്ങൾ ഇപ്പോൾ സാമൂഹ്യവും ജനസംഖ്യാ സംബന്ധവുമായ മാറ്റങ്ങൽ മൂലം പോഷകാഹാരക്കുറവിനെ അഭിമുഖീകരിക്കുകയാണ്. അതേസമയം, കൊഴുപ്പ്, മൃഗാധിഷ്ഠിത ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണസാധനങ്ങൾ എന്നീ നാരുകുറഞ്ഞ ഭഷ്യവസ്തുക്കൾക്കു കൂടുതൽ പ്രാധാന്യം ലഭിക്കുന്നുവെന്നും ഇതുമൂലം പൊണ്ണത്തടി, ടൈപ്പ് 2 ഡയബറ്റിസ് രോഗികളുടെ എണ്ണം കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രായപരിധിയിലെ മാറ്റങ്ങൾക്കനുസരിച്ചു പോഷക ആവശ്യങ്ങൾ സംബന്ധിച്ച കൃത്യമായ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള ഡാറ്റയുടെ കുറവ് കാരണം പ്രായമായവർക്കുള്ള ഭക്ഷണം ക്രമം ഒരു വെല്ലുവിളിയാണ്.

ആരോഗ്യം

വാർദ്ധക്യം ബാധിക്കാത്ത ആരുമുണ്ടാവില്ല. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും സ്വാഭാവികമായി നിർണയിക്കപ്പെട്ട ചക്രം പിന്തുടരുന്നു. അത് ഒരാളെ കൗമാരപ്രായം, യൗവനം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെ കൊണ്ട് പോകുന്നു. ഓരോ ഘട്ടത്തിനും അതിന്റേതായ ശക്തിയും ഉത്തരവാദിത്തങ്ങളും പ്രശ്നങ്ങളും ഉണ്ട്. സാധാരണഗതിയിൽ പ്രായത്തിന്റെ പുരോഗതിയോടെ മുഴുവൻ രംഗവും ഒരു വലിയ മാറ്റത്തിന് വിധേയമാകുന്നു. ഉത്തരവാദിത്തങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റംചെയ്യപ്പെടുകയും കഴിവുകൾ സാവധാനത്തിൽ മങ്ങുകയും ഫലപ്രദത്വത്തെ തടസ്സപ്പെടുത്തുന്ന സങ്കീർണ പ്രശ്നങ്ങളുമായി ക്രമേണ നയിക്കപ്പെടുന്നു. ഈ പ്രശ്നങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. ഇന്ത്യയിലെ മികച്ച ആരോഗ്യ പരിപാലന സംവിധാനമുള്ള സംസ്ഥാനമായി കേരളം പരിഗണിക്കുന്നു. എന്നാൽ ഏറ്റവും രോഗാവസ്ഥയുള്ള സംസ്ഥാനവും കേരളമാണ്. മോർബിഡിറ്റിയുടെ നാഷണൽ സാമ്പിൾ സർവേ 71-ാം റൗണ്ട് (ജനുവരി - ജൂൺ, 2015) പ്രകാരം ഇന്ത്യയിലുടനീളം നടത്തിയ 15 ദിവസത്തെ സർവേയിൽ പങ്കെടുത്ത 1000 പേരിൽ 89 പേരാണ് രോഗബാധിതരെന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ള കണക്കുപ്രകാരം 1000 ൽ 310 ആണ്. അറുപതു വയസ്സിനു മുകളിലുള്ളവരിൽ ഇത് ഇന്ത്യയിൽ 276 ഉം കേരളത്തിൽ 646 ഉം ആയിരുന്നു. ഇന്ത്യയിൽ സംക്രമികേതര രോഗങ്ങൾ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ പ്രമേഹ രോഗത്തിന്റെ തലസ്ഥാനമാണ് കേരളം. റെജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് ഡെത്ത് റിപ്പോർട്ട് പറയുന്നത് 2013 ൽ പ്രമേഹം മൂലം ഇന്ത്യയിൽ വെറും 3ശതമാനം പേർ മാത്രമാണ് മരിച്ചതെങ്കിൽ അത് കേരളത്തിൽ 10.2ശതമാനം ആയിരുന്നു. രക്താതിസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ കാരണങ്ങളും വ്യത്യസ്തമല്ല. ജീവിത ദൈർഖ്യവും ജീവിതനിലവാരവും കുറയ്ക്കുന്നതിനു ഇത് കാരണമാകുന്നു. കേരളത്തിലെ എല്ലാ പ്രായവിഭാഗങ്ങളേയും ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളാണിതെൻകിലും, ആരോഗ്യ പ്രശ്നങ്ങളിൽ കൂടുതൽ ദുർബലരായ പ്രായമായവരെ ഇത് കൂടുതലായി ബാധിക്കുന്നു.

ബോക്സ് 4.1.12
മുതിർന്ന പൗരന്മാരുടെ സാമൂഹ്യ സംരക്ഷണത്തിനായുള്ള പതിമൂന്നാം പദ്ധതി വിദഗ്ദ്ധ ഗ്രൂപ്പിന്റെ പ്രധാന ശുപാർശകൾ
  • മുതിർന്ന പൗരന്മാർക്കായി പകൽ പരിചരണ കേന്ദ്രങ്ങൾ തുറക്കണം
  • മുതിർന്ന പൗരന്മാർക്കായി വകുപ്പിന്റെ രൂപീകരണം
  • മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള സ്റ്റേറ്റ് കമ്മീഷൻ
  • മുതിർന്ന പൗരന്മാർക്കായി സംസ്ഥാന ജില്ലാ കൗൺസിലുകൾ
  • മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന ക്ഷേമ നിയമം, 2007 നടപ്പിലാക്കുന്നതിലൂടെ മുതിർന്നവരെ അപമാനിക്കൽ തടയുക. പഞ്ചായത്തുകളും സാമൂഹ്യനീതി വകുപ്പും മുതിർന്ന പൗരൻമാരുടെ ക്ലബുകൾ അല്ലെങ്കിൽ വയോജന സഭകൾ പ്രാദേശിക തലത്തിൽ സ്പോൺസർ ചെയ്യണം. അത് മൂലം മുതിർന്ന പൗരൻമാരോടുള്ള മോശമായ സമീപനം ഫലപ്രദമായി തടയാൻ കഴിയും.
  • മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമനിധി
  • ബിപിഎൽ വിഭാഗത്തിലുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യവും സമഗ്രവുമായ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതാണ്.
  • മുതിർന്ന പൗരന്മാർ ഇടക്കിടെ സന്ദർശിക്കുന്ന പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങൾ, യൂട്ടിലിറ്റികൾ എന്നിവ കൂടുതൽ വായോസൗഹൃദമായി നിലനിർത്തണം

പ്രായമായവരുടെ ക്ഷേമത്തിൽ സർക്കാരിന്റെ പങ്ക്

സ്വാതന്ത്ര്യാന്തര കാലം മുതൽക്കുതന്നെ ചില സാമൂഹ്യ ക്ഷേമ പരിപാടികളിലൂടെ നമ്മുടെ സമൂഹത്തിൽ മുതിർന്ന ആളുകളെ പിന്തുണയ്ക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വാർഷിക വയോജന വർഷം ആയി 1999 പ്രഖ്യാപിച്ചു തുടർന്നു പ്രായമായവരെ അവർക്ക് ഗുണപ്രദമായ വഴികളിൽ ശാക്തീകരിക്കുകയും ക്ഷേമ നടപടികൾ വേഗത്തിലാക്കുകയും ചെയ്യുന്നതിനായി 1999 ജനവരി 13 ന് ഭാരതസർക്കാർ വയോജനങ്ങൾക്കായുള്ള ദേശീയ നയം അംഗീകരിച്ചു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന ക്ഷേമ നിയമം, 2007 മുതിർന്നവരുടെ അവകാശങ്ങൾക്ക് സംരക്ഷണം നല്കുന്നു. ഭരണഘടനാ വ്യവസ്ഥകൾക്ക് പുറമെ വൃദ്ധജന സുരക്ഷ, വൃദ്ധജന പെൻഷൻ, വയോജന ഭവനങ്ങൾ സ്ഥാപിക്കുക, വാർദ്ധക്യസഹജമായ സേവനങ്ങൾ വികസിപ്പിക്കുക, മുതിർന്നവർക്കായുള്ള ഭവന നയം ഉദാരവൽക്കരിക്കൽ എന്നിവ നടപ്പിലാക്കുന്നു.

സംസ്ഥാന വയോജന നയം 2013

മുതിർന്ന പൗരന്മാർക്കായി ഒരു നയം അവതരിപ്പിച്ച ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആദ്യത്തെ നയരേഖ 2006 ൽ നിലവിൽവന്നു. പിന്നീട് സർക്കാർ 2006 ലെ വയോജന നയം അവലോകനം ചെയ്യുകയും 2013 ലെ പുതിയ സംസ്ഥാന വയോജന നയം പുറത്തിറക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ വയോജനങ്ങൾക്കും പരമാവധി ക്ഷേമ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് നയം ലക്ഷ്യം വയ്ക്കുന്നത്. പ്രായമായവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ സംസ്ഥാന സർക്കാർ പോലീസ് കേസ് രജിസ്റ്റർ ചെയ്യും.

മുതിർന്ന പൗരന്മാരുടെ ദേശീയ നയം 2011

ദേശീയ നയം മുതിർന്ന വ്യക്തികളുടെ സമ്പന്നമായ അനുഭവത്തെ തിരിച്ചറിയുകയും അവരെ പ്രധാനപ്പെട്ട മനുഷ്യവിഭവങ്ങൾ എന്ന നിലയിൽ പരിഗണിക്കുകയും അവരുടെ അവസാനകാലത്തിൽ അന്തസ്സായ ജീവിതം ഉറപ്പുവരുത്തുകയും ശാരീരികവും സാമ്പത്തികവുമായ സുരക്ഷ, ആരോഗ്യ സംരക്ഷണം, അഭയം എന്നിവ ഉറപ്പുവരുത്തുകയും സർക്കാർ ഉറച്ച തീരുമാനമെടുക്കേണ്ടവ അംഗീകരിക്കുകയും ചെയ്യുന്നു. പ്രേത്യേകിച്ചും മുതിർന്ന സ്ത്രീകളുടെയും പാവപ്പെട്ട ഗ്രാമീണരുടെയും കാര്യത്തിൽ. സാമ്പത്തിക ഭക്ഷ്യ സംരക്ഷണം, ആരോഗ്യപരിചരണം, അഭയം, പ്രായമായവരുടെ മറ്റ് ആവശ്യങ്ങൾ, വികസനത്തിൽ നീതിനിഷ്ഠമായ പങ്കാളിത്തം, ചൂഷണത്തിനെതിരായ സംരക്ഷണം, ജീവിത നിലവാരം ഉയർത്തുന്നതിന് സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തൽ എന്നിവയ്ക്കായി സർക്കാർ പിന്തുണ നൽകി.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന ക്ഷേമ നിയമം, 2007

മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും അവരുടെ ക്ഷേമത്തിനും ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനും 2007 ഡിസംബറിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന ക്ഷേമ നിയമം, 2007 നടപ്പിലാക്കി. മാതാപിതാക്കൾ / മുതിർന്ന പൗരന്മാർക്ക് മക്കളും ബന്ധുക്കളും സംരക്ഷണം നൽകുന്നത് ന്യായസഭകൾ മുഖേന നിർബ്ബന്ധിതവും നിയമപരവുമായി, ബന്ധുക്കൽ അവഗണിച്ചാൽ മുതിർന്ന പൗരന്മാർക്ക് സ്വത്ത് കൈമാറ്റം ചെയ്യൽ പിൻവലിക്കാവുന്നതാണ്, മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്ന കാര്യത്തിൽ പീനൽ പ്രൊവിഷൻ, വയോജന പരിപാലന ഹോമുകൾ സ്ഥാപിക്കൽ, മുതിർന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണവും, മുതിർന്ന പൗരന്മാർക്ക് ആവശ്യമായ വൈദ്യസഹായ സൗകര്യങ്ങൾ തുടങ്ങിയവക്കു ഈ നിയമം സംരക്ഷണം നൽകുന്നു.

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ പരിപാലന ക്ഷേമ ചട്ടങ്ങൾ 2008

ഈ ചട്ടങ്ങൾ പ്രകാരം സ്വയം പരിപാലനം നടത്താൻ കഴിയാത്ത മുതിർന്ന പൗരന്മാർക്കു പരിപാലനത്തിനായി മെയ്ന്റനൻസ് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്. ഈ ചട്ടങ്ങൾ പ്രകാരം ഓരോ സബ് ഡിവിഷനിലും മെയ്ന്റനൻസ് ട്രിബുണലിന്റെ പ്രെസീഡിങ് ഓഫീസർ ആയി റെവന്യൂ ഡിവിഷണൽ ഓഫീസർ നിയമിക്കപ്പെടുന്നു. ജില്ലാ കളക്ടർമാരെ ഓരോ ജില്ലയുടെയും അപ്പലേറ്റ് ട്രിബ്യൂണലിന്റെ പ്രെസീഡിങ് ഓഫീസർമാരായി നിയമിച്ചിരിക്കുന്നു. ഓരോ ജില്ലയുടെയും പരിപാലന ഓഫീസറായി ജില്ലാ വെൽഫെയർ ഓഫീസർ നിർദേശിക്കപെട്ടിരിക്കുന്നു.

സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം

സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം പേര് സൂചിപ്പിക്കുന്നത് പോലെ സാമൂഹ്യ അസമത്വങ്ങൾ, ചൂഷണം, വിവേചനം, അനീതി എന്നിവ അനുഭവിക്കുന്ന സമൂഹത്തിലെ വിഭാഗങ്ങൾക്ക് തുല്യമായ നീതി ഉറപ്പാക്കുന്നതിനു വേണ്ടിയാണു നിലകൊള്ളുന്നത്. മന്ത്രാലയത്തിന്റെ സോഷ്യൽ ഡിഫൻസ് ഡിവിഷൻ പ്രധാനമായും മുതിർന്ന പൗരൻമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. കൂടാതെ മദ്യപാനത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ഇരകൾ, ഭിന്നലിംഗക്കാർ, യാചകർ/അഗതികൾ എന്നിവരുമുൾപ്പെടുന്നു. മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും മാന്യവും ഉല്പ്പാദനക്ഷമവുമായ ജീവിതം നയിക്കാൻ മന്ത്രാലയം സംസ്ഥാന സർക്കാരുകളും / യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ എന്നിവയുമായി സഹകരിച്ചു മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള നിയമങ്ങൾ, നയങ്ങൽ, പരിപാടികൽ എന്നിവ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.

പ്രായമായവർക്ക് വയോശ്രേഷ്ഠ സമ്മാൻ അവാർഡ്

എല്ലാ വർഷവും ഒക്ടോബർ 1 ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം എല്ലാ വർഷവും വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും മുതിർന്ന പൗരന്മാർ, സംഘടനകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് വയോശ്രേഷ്ഠ സമ്മാൻ അവാർഡ് നൽകുകയും ചെയ്യുന്നു. പ്രായമായവരുടെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും സമൂഹത്തെ ബോധവൽക്കരിക്കാനും പ്രായമായവരോടുള്ള ഗവൺമെൻറിൻറെ പ്രതിബദ്ധതയെ ഊന്നിപ്പറയാനും മുതിർന്ന പൗരന്മാർ നൽകുന്ന സേവനങ്ങളെ അംഗീകരിക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം. വിവിധ വിഭാഗങ്ങളിലായി 10 അവാർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാർധക്യത്തെ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കുന്ന സ്ഥാപനങ്ങൾ, വയോജന ക്ഷേമ സേവനം നൽകുന്ന അസോസിയേഷനുകൾ, പ്രായമായവർക്കിടയിൽ സാമൂഹ്യപ്രവർത്തനം തുടരുന്ന 90 വയസ്സിന് മുകളിൽ പ്രായമുള്ളവർ, തങ്ങളുടെ കുട്ടികളെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരാൻ കഠിനമായി ശ്രമിച്ച നല്ല അമ്മമാർ, ധീരരായ വയോജനങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങളിൽ ദേശീയ / അന്തർദേശീയ അവാർഡുകൾ നേടിയവർ, വാർദ്ധക്യകാല ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മികച്ച പഞ്ചായത്തുകൾ, കായികരംഗത്ത് പ്രവർത്തിക്കുന്ന വൃദ്ധജനങ്ങൾ, സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടി ജോലി ചെയ്യുന്ന പ്രായമായ ആളുകൾ എന്നിവർക്ക് ബന്ധപ്പെട്ട ബഹുമതികൾക്ക് അപേക്ഷിക്കാവുന്നതാണ്.

വയോജനങ്ങൾക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ

മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള നയങ്ങളും പരിപാടികളും വൃദ്ധസദനങ്ങൾ, പകൽ പരിചരണ കേന്ദ്രങ്ങൾ, മൊബൈൽ വൈദ്യചികിത്സാ യൂണിറ്റുകൾ തുടങ്ങിയവയ്ക്കായി അവരുടെ ക്ഷേമവും പരിപാലനവും ലക്ഷ്യംവച്ചുള്ളതാണ്.

രാഷ്ട്രീയ വയോശ്രീ യോജന - മുതിർന്ന പൗരന്മാർക്ക് ഭൗതിക സഹായവും സഹായ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള ഒരു കേന്ദ്രപദ്ധതി

ബിപിഎൽ വിഭാഗത്തിൽപെടുന്ന പ്രായപരിധി വൈകല്യങ്ങളുള്ള മുതിർന്ന പൗരന്മാർക്ക് ഈ കേന്ദ്ര ഗവൺമെൻറ് സ്കീം സഹായവും സഹായ ഉപകരണങ്ങളും നൽകുന്നു. കാഴ്ച, കേൾവി, പല്ല്, ലോക്കോമോട്ടോർ എന്നീ വൈകല്യങ്ങളെ/രോഗങ്ങളെ അഭിമുഖീകരിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. വോക്കിങ് സ്റ്റിക്സ്, വാക്കേഴ്സ്/ക്രച്ചസ്, ക്രാച്ചുകൾ, ട്രൈപോഡ്സ്/ക്വാഡ്പോഡ്സ്, കണ്ണടകൾ, ശ്രവണസഹായികൾ, കൃത്രിമ ദന്തങ്ങൾ, വീൽചെയർ തുടങ്ങിയവ ഈ പദ്ധതിക്ക് കീഴിൽ നൽകി വരുന്ന സഹായങ്ങളും സഹായ ഉപാധികളുമാണ്.

വയോജനങ്ങൾക്കായുള്ള സംയോജിത പദ്ധതി - പ്രായമായവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതി

സർക്കാർ/സർക്കാരിതര സംഘടനകൾ/പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/സമൂഹം എന്നിവക്ക് പിന്തുണ നൽകുന്നതിലൂടെ ഉൽപാദനക്ഷമവും സജീവവുമായ ജീവിതം പ്രോത്സാഹിപ്പിക്കുക താമസം, ഭക്ഷണം, വൈദ്യ പരിചരണം, വിനോദ അവസരങ്ങൾ എന്നീ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കി പ്രായമായവരുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പഞ്ചായത്തി രാജ് സ്ഥാപനങ്ങൾക്കും/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അർഹരായ സർക്കാർ ഏജൻസികൾക്കും ഈ സ്കീമിൽ സഹായം ലഭിക്കും.

സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ

വയോജന സൗഹൃദ പഞ്ചായത്തുകള്‍

സംസ്ഥാന വയോജന നയം, 2013-ന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണ് വയോജന സൗഹൃദ പഞ്ചായത്ത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും വയോജന സൗഹൃദ പഞ്ചായത്തുകളായി മാറ്റിയെടുത്ത് വയോജനങ്ങള്‍ക്ക്മെച്ചപ്പെട്ട ആരോഗ്യവും പങ്കാളിത്തവും ഉറപ്പാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഈ പദ്ധതി ലക്ഷ്യമിടന്നു.

വയോമിത്രം

കേരള സാമൂഹിക സുരക്ഷാ മിഷൻ സംസ്ഥാനത്തെ കോർപ്പറേഷൻ/മുനിസിപ്പൽ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സിന് മുകളിലുള്ള പ്രായമായവർക്ക് ആരോഗ്യ പരിരക്ഷയും പിന്തുണയും നൽകുന്ന വയോമിത്രം പദ്ധതി നടപ്പാക്കുന്നു. മൊബൈൽ ക്ലിനിക്കുകൾ, സാന്ത്വന പരിപാലനം, പ്രായമായവരുടെ സഹായ കേന്ദ്രങ്ങൾ എന്നിവ വഴി സൗജന്യ മരുന്നുകൾ വയോമിത്രം പരിപാടി നൽകുന്നു. അതാതു പ്രദേശത്തെ തദ്ദേശഭരണസ്ഥാപനവുമായി (മുനിസിപ്പാലിറ്റി/കോർപ്പറേഷൻ) ഒരു സംയുക്ത സംരംഭമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി വാർഡ് തലത്തിൽ ക്ലിനിക്കുകൾ നടത്തിക്കൊണ്ട് മരുന്ന് സൗജന്യമായി നൽകുന്നു. സേവനം ലഭ്യമാക്കാൻ സാമ്പത്തിക മാനദണ്ഡങ്ങൾ ഇല്ല. ഓരോ മൊബൈൽ യൂണിറ്റിലും മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവ ഉൾപ്പെടുന്നു. പദ്ധതി പ്രേദേശത്തെ കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണ സേവനം നൽകുന്നു. പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാരുടെയും ജെ.പി.എച്. എൻ മാരുടെയും സേവനം ലഭ്യമാണ്. വയോമിത്രം കോ-ഓർഡിനേറ്റർമാർ ഈ പ്രദേശത്തെ ആവശ്യമുള്ള വയോജനങ്ങൾക്കു സഹായ കേന്ദ്രത്തിന്റെ സേവനം നൽകും. വയോജനങ്ങൾക്കു വയോമിത്രം ഓഫീസിൽ നിന്ന് സഹായം ലഭ്യമാകാൻ കഴിയും. ഈ പ്രത്യേക മെഡിക്കൽ ക്യാമ്പിനു പുറമേ സല്ലാപം, സ്നേഹയാത്ര എന്നീ വിനോദപരിപാടികൾ വയോജന ഭവനങ്ങളിൽ അഗതികൾക്ക് വേണ്ടി നടത്തിയിട്ടുണ്ട്. വയോമിത്രം ഗുണഭോക്താക്കൾ, എൻ.ജി.ഒകളുടെ സഹായത്തോടെ സ്പോൺസർഷിപ്പ് പരിപാടികളും പ്രത്യേക ദിന പരിപാടികളും സംഘടിപ്പിക്കുന്നു. വയോമിത്രം കോ-ഓർഡിനേറ്റർമാർ മൊബൈൽ ക്ലിനിക്കുകളിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായത്തോടെ കൗൺസിലിങ് സേവനം നൽകിവരുന്നു. വാർധക്യവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രശ്നങ്ങളിൽ വയോമിത്രത്തിന്റെ സജീവ പങ്കാളിത്തവും ഉണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഈ പരിപാടി 6 മുനിസിപ്പൽ കോർപ്പറേഷനുകളിലും 14 ജില്ലകളിലായി 70 മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്നുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ 38 പുതിയ വയോമിത്രം യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. 2016-17 കാലഘട്ടത്തിൽ ഗുണഭോക്താക്കളുടെ എണ്ണം 1,75,865 ആണ്.

വയോ അമൃതം

ആരോഗ്യപരിരക്ഷാ പ്രോട്ടോക്കോളുകളുടെ ഫലമായി ആയുർദൈർഖ്യം വർധിക്കുകയും വയോജനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്തു. ഇന്നത്തെ സമൂഹത്തിലെ അണു കുടുംബങ്ങൾ വളരെയധികം വൃദ്ധജന പരിപാലന കേന്ദ്രങ്ങൾ ഉണ്ടാകുന്നതിനു വഴിയൊരുക്കിയിട്ടുണ്ട്. പ്രായമായ ആളുകൾ പലപ്പോഴും ആണു കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെടാൻ നിർബന്ധിതരാകുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം പ്രായമായ ജനസംഖ്യാ സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അംഗങ്ങളുടെ ചികിത്സയ്ക്കായി ഭാരതീയ ചികിത്സ വകുപ്പിന്റെ (ഐ.എസ്.എം) സഹായത്തോടെ 15 വൃദ്ധസദനങ്ങളിൽ സാമൂഹ്യനീതി വകുപ്പ് ഈ പരിപാടി ഏറ്റെടുത്തു നടപ്പിലാക്കി. പ്രമേഹ രോഗങ്ങൾ, ആസ്ത്മ, ത്വക് രോഗങ്ങൾ, വാതം, കണ്ണ്, ചെവി രോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് ചികിത്സിക്കുന്ന കേസുകളിൽ ഭൂരിഭാഗവും. ആരോഗ്യ പരിചരണത്തിൽ കൗൺസിലിംഗും സാന്ത്വന പരിചരണവും ഉൾപ്പെടുന്നു. ഈ പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള എല്ലാ വയോജന ഭവനങ്ങളിലെയും അന്തേവാസികൾക്കും ആയുർവേദ ചികിത്സ ലഭ്യമാകും. ഒരു ഡോക്ടറുടെയും അറ്റൻഡറുടെയും സഹായം ഈ അന്തേവാസികൾക്കു നൽകുന്നു.

മന്ദഹാസം

മുതിർന്ന പൗരന്മാർക്ക് സൗജന്യമായി പല്ല് നൽകുന്ന സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയാണ് മന്ദഹാസം. പല്ലുകൾ നഷ്ടപ്പെട്ടശേഷം പ്രായമായവർ നേരിടുന്ന പോഷകാഹാരവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. ഗുണഭോക്താക്കൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന ഡൻറൽ കോളേജുകളുടെയും ഡെൻറൽ ട്രീറ്റ്മെന്റ് സെന്ററുകളുടെയും ലിസ്റ്റ് വകുപ്പു തയ്യാറാക്കിയിട്ടുണ്ട്. നിലവാരവും മാനദണ്ഡവും ഉറപ്പാക്കുന്നതിലൂടെ കൃത്രിമ പല്ലിന്റെ ഗുണനിലവാരവും ചികിത്സയുടെ ഗുണനിലവാരവും ഉറപ്പാക്കും. ബിപിഎൽ വിഭാഗത്തിൽ വരുന്ന മുതിർന്ന പൗരന്മാർ ഈ സ്കീമിന്റെ പ്രയോജനങ്ങൾക്ക് യോഗ്യരായിരിക്കും. ഒരു ഗുണഭോക്താവ് അയ്യായിരം രൂപയാണ് പരമാവധി സാമ്പത്തിക സഹായം ലഭിക്കുക.

സായംപ്രഭ പദ്ധതി - മുതിർന്ന പൗരന്മാർക്കായുള്ള സമഗ്ര പദ്ധതി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി പകൽ പരിചരണ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന സാമൂഹ്യനീതി വകുപ്പിന്റെ പുതിയ സംരംഭമാണ് സായംപ്രഭ പദ്ധതി. ഈ പകൽ പരിചരണ കേന്ദ്രങ്ങൾ മുതിർന്നവർക്ക് തടസ്സമില്ലാത്ത സ്വതന്ത്രപ്ലാറ്റ്ഫോമിൽ ഏറ്റവും ആവശ്യമായ സേവനങ്ങളും സഹായവും നൽകും. മുതിർന്ന പൗരന്മാർക്ക് അവരുടെ പ്രായക്കാരുമായി ഒത്തുചേരാനും പകൽ സമയത്ത് ഏകാന്തത അനുഭവിക്കുന്ന വൃദ്ധർക്ക് ആശ്വാസം നൽകാനും ഈ പകൽ പരിചരണ സൗകര്യങ്ങൾ അവസരമൊരുക്കുന്നു. ആദ്യഘട്ടത്തിൽ 70 അത്തരം പകൽ പരിചരണ കേന്ദ്രങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാൽ രൂപീകരിക്കുകയും മുതിർന്ന പൗരന്മാർക്ക് കൗൺസിലിംഗ് പ്രോഗ്രാമുകളും യോഗാ ധ്യാന പരിപാടികളും നൽകുന്നുണ്ട്.

വ്യദ്ധസദനങ്ങളും പകൽ പരിചരണ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹായം

സംസ്ഥാനത്തിന്റെ വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഭരണപരമായ ചെലവുകൾക്കായി ഓരോ സ്ഥാപനത്തിനും 2 ലക്ഷം രൂപ നൽകിക്കൊണ്ട് വാർഡ് ഹോമുകൾ / പകൽ പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം നൽകും. സ്ഥാപനത്തിന്റെ നടത്തിപ്പിന് കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും അറ്റകുറ്റപ്പണികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൽ നൽകും. ഇതിനുവേണ്ടി ബന്ധപ്പെട്ട പ്രാദേശിക സർക്കാർ ഒരു നിരീക്ഷക സമിതി രൂപവത്കരിക്കും. അംഗീകരിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് ആവർത്തന ചെലവ് വകുപ്പ് നൽകും. ഭൂമി, കെട്ടിടം, പശ്ചാത്തല സൗകര്യങ്ങൾ, ദൈനംദിന സംരക്ഷണം, പ്രാദേശിക കുടുംബശ്രീ അംഗങ്ങളെ നടത്തിപ്പിനായി തിരഞ്ഞെടുക്കുക എന്നിവയാണ് ഈ പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതല.

വൃദ്ധസദനങ്ങളും പകൽ പരിചരണ കേന്ദ്രങ്ങളും

ആരും സംരഷിക്കാനില്ലാത്ത മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനു വേണ്ടി ഈ സ്ഥാപനങ്ങൾ പരിപാലിക്കപ്പെടുന്നു. ഈ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്നവർ സ്ഥാപനത്തിലെ സൂപ്രണ്ടിന് അപേക്ഷ നൽകണം. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം പ്രവേശനം ഉറപ്പുവരുത്തും. അത്തരത്തിലുള്ള പരിചരണ കേന്ദ്രങ്ങളുടെ എണ്ണം 15 ഉം കിടക്കയുടെ എണ്ണം 1125-ഉം ആണ്.

ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി

ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി എന്നത് 60 വയസിനും അതിനു മുകളിലുള്ളവർക്കും ദാരിദ്രൃ രേഖയ്ക്കു താഴെ ജീവിക്കുന്നവർക്കുമുള്ള ഒരു നോൺ-കോൺട്രിബ്യൂട്ടറി വാർധക്യകാല പെൻഷൻ പദ്ധതിയാണ്. ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്ന 60 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികൽകും ഐ.ജി.എൻ.ഒ.എ.പി.എസ്. നു അപേക്ഷ നൽകാവുന്നതാണ്. 60-79 വയസ് പ്രായമുള്ള എല്ലാ ഐ.ജി.എൻ.ഒ.എ.പി.എസ്. ഗുണഭോക്താക്കൾക്കും പ്രതിമാസം 1,100 രൂപ പെൻഷൻ ലഭിക്കുന്നു. 80 വയസ്സും അതിനുമുകളിലും ഉള്ളവർക്ക് പ്രതിമാസ പെൻഷൻ ആനുകൂല്യം 1500 രൂപയും ലഭിക്കുന്നു. ഇന്ത്യൻ ഭരണഘടനാ ഭേദഗതി നിയമം 1993 പ്രകാരം വികേന്ദ്രീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിലെ റവന്യൂവകുപ്പ് കൈകാര്യം ചെയ്ത ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ പെൻഷൻ അപേക്ഷ, സംസ്കരണം, വിതരണം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.

പൊതു ഗതാഗത സംവിധാനത്തിൽ സംവരണം

ഷിപ്പിംഗ്, റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയത്തിന്റെ നിർദേശത്തിലൂടെ സംസ്ഥാന റോഡ് ഗതാഗത സ്ഥാപനങ്ങളുടെ ബസുകളിൽ മുൻനിരയിൽ മുതിർന്ന പൗരന്മാർക്ക് രണ്ട് സീറ്റുകളിൽ സംവരണം നൽകുന്നു. കേരളത്തിലെ സംസ്ഥാന ബസ് സർവീസുകളിൽ 65 വയസ്സിനും അതിനു മുകളിലുള്ളവർക്കും രണ്ടു സീറ്റുകളിൽ സംവരണം ലഭിക്കാൻ അർഹതയുണ്ട്. റെയിൽവേ മന്ത്രാലയം മുതിർന്ന പൗരന്മാർക്കായി പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങളിൽ ഷിഫ്റ്റിലെ ശരാശരി ഡിമാൻഡ് 120 ടിക്കറ്റിനു മുകളിലാണെങ്കിൽ പ്രത്യേക ടിക്കറ്റ് കൌണ്ടറുകൾ നൽകുന്നു. കൂടാതെ 60 വയസിനും അതിനു മുകളിലുമുള്ള പുരുഷന്മാർക്കും 45 വയസും അതിനു മുകളിലുമുള്ള സ്ത്രീകൾക്കും താഴെയുള്ള ബെർത്ത് നൽകും. കൂടാതെ 60 വയസിനും അതിനു മുകളിലുമുള്ള പുരുഷന്മാർക്കും 58 വയസും അതിനു മുകളിലുമുള്ള സ്ത്രീകൾക്കും യഥാക്രമം 45 ശതമാനവും 50 ശതമാനവും യാത്രക്കൂലി ഇളവും പ്രായമായ യാത്രക്കാർക്കായി സ്റ്റേഷനുകളിൽ വീൽ ചെയറും നൽകും.

വീക്ഷണം

ഇന്ന് വയോജനങ്ങളുടെ വളരെ വലിയ ജനവിഭാഗം കേരളത്തിലുണ്ട്. ഈ ജനസംഖ്യാ മാറ്റങ്ങൾ മറ്റു ദ്രുതഗതിയിലുള്ള സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളോടൊപ്പം മുതിർന്ന ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ പ്രായോഗിക നയങ്ങളും പുനഃപരിശോധിക്കേണ്ടതും പ്രായമായവരുടെ ആവശ്യങ്ങളും അവകാശങ്ങളും കണക്കിലെടുത്ത് ഒരു പ്രായോഗിക സമീപനമായി ഇത് നടപ്പിലാക്കേണ്ടതുമാണ്. വരും വർഷങ്ങളിൽ സംസ്ഥാനത്തിനു മുൻപിലുള്ള പ്രധാന വെല്ലുവിളി പ്രായമായവരുടെ തൊഴിലവസരങ്ങൾ, സാമൂഹ്യ സുരക്ഷ, പെൻഷൻ എന്നിവയാണ്.