ആരോഗ്യവും ശുചീകരണവും- കുടിവെള്ളം

ഉയര്‍ന്ന മഴ ലഭ്യത, നദികള്‍, തടാകങ്ങള്‍, ഉള്‍നാടന്‍ ജലസ്രോതസുകള്‍, നിരവധി അരുവികള്‍ ഇങ്ങനെ ജലവിഭവങ്ങളുടെ ഭുമിയായാണ് കേരളം കരുതപ്പെടുന്നത്. എന്നാല്‍, കേരളത്തിലെ നിരവധി ജില്ലകളില്‍ വരള്‍ച്ചയും കടുത്ത ജല ദൗർ‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം വരുന്ന ഗ്രാമീണജനതയും സുരക്ഷിതമല്ലാത്ത കിണറുകൾ ടാങ്കുകൾ, അരുവികൾ, നദികൾ എന്നിവയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. നഗരപ്രദേശത്തിലും പൂർണ്ണമായ തോതിൽ സുരക്ഷിതമായിട്ടുള്ള കുടിവെള്ളവിതരണം നടപ്പിലാക്കിയിട്ടില്ല. പഞ്ചവത്സരപദ്ധതികളിൽ കുടിവെള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകിയിരുന്നുവെങ്കിലും സംസ്ഥാനത്തിലുടനീളം ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയായി നിലനിൽക്കുന്നു. 13-ാം പഞ്ചവത്സര പദ്ധതിയുടെ സമീപനംതന്നെ എല്ലാവര്‍ക്കും, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുക എന്നതാണ്. കിണറുകളുടെ സംരക്ഷണം നടത്തുക, വിതരണ നഷ്ടം കുറയ്ക്കുക എന്നിവയും ലക്ഷ്യങ്ങളില്‍പ്പെടുന്നു.

കേരളത്തിലെ കുടിവെള്ള വിതരണത്തില്‍ പങ്ക് വഹിക്കുന്ന രണ്ട് പ്രധാന ഏജന്‍സികളാണ് കേരള വാട്ടര്‍ അതോറിട്ടിയും (കെ.ഡബ്ലിയു.എ) കെ.ആര്‍.ഡബ്ലിയു.എസ്.എയും (ജലനിധി). തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലും വളരെ പ്രധാനമാണ്. എല്ലാ പൗരൻമാർക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ ഗ്രാമനഗരപ്രദേശങ്ങളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളെ കേന്ദ്രസർക്കാർ സഹായിക്കുന്നു. അതു പോലെ ഗ്രാമീണ നഗര പ്രദേശങ്ങളിൽ ജലവിതരണം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനവും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

ജലസ്രോതസുകള്‍

പശ്ചിമഘട്ടത്തില്‍ ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന 3 നദികളുമാണ് കേരളത്തില്‍ ഉള്ളത്. കേരളത്തിലെ 44 നദികളിൽ 4 ഇടത്തരവും 40 ചെറിയ നദികളുമാണുള്ളത്. ഇതില്‍ സംസ്ഥാനത്തിന് ദേശീയ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു പ്രധാന നദി ഇല്ല. നിരവധി കായലുകളും, ഉള്‍നാടന്‍ ചിറകളും, കുളങ്ങളുമായി കേരളം അനുഗൃഹീതമാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന കടുത്ത ജല ദൗർ‍ലഭ്യവും ശ്രദ്ധിക്കപെടെണ്ട കാര്യം തന്നെയാണ്. എല്ലാ ജലസ്രോതസ്സുകളുടെയും അടിസ്ഥാന ജലസ്രോതസ്സ് മഴയായതിനാല്‍, മഴലഭ്യതയില്‍ ഉണ്ടാവുന്ന കുറവുകള്‍ സംസ്ഥാനത്തിന്റെ കുടിവെള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ മഴലഭ്യതയിലുള്ള കുറവ് കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു

കേരളത്തിന് രണ്ട് മഴക്കാലങ്ങളാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. കേരളത്തിന് ലഭിക്കുന്ന ശരാശരി മഴ 3,055 മില്ലിമീറ്ററാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയോളം വരും. തെക്ക് പടിഞ്ഞാറ് കാലവര്‍ഷത്തിലൂടെയാണ് (ജൂണ്‍-സെപ്റ്റംബര്‍) കേരളത്തിന് 69 ശതമാനം മഴയും ലഭിക്കുന്നത്. വടക്കുകിഴക്കന്‍ കാലവര്‍ഷത്തിലൂടെ (ഒക്ടോബര്‍ -ഡിസംബര്‍) പ്രതിവര്‍ഷം 16 ശതമാനം മഴയും ലഭിക്കുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനപ്രകാരം ജലം വളരെ പെട്ടെന്ന് തന്നെ കടലിലേക്ക് ഒലിച്ചുപോകുന്നു. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മൺസൂൺ അല്ലാത്ത കാലത്ത് ജലത്തിന്റെ ദൗർലഭ്യം അനുഭവപ്പെടുന്നു. സാധാരണ മഴയേക്കാള്‍ വളരെ കുറഞ്ഞ(9ശതമാനം) ലഭ്യതയാണ് 2017 വര്‍ഷത്തില്‍ കാലവര്‍ഷത്തിലൂടെ ലഭിച്ചത്. പട്ടിക 4.2.6 പ്രകാരം കേരളത്തിലെ മഴലഭ്യതയുടെ ജില്ല തിരിച്ചുള്ള വ്യതിയാനത്തിന്റെ കണക്കുകൾ ഉയർന്നതാണെന്ന് കാണാം. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് (59 ശതമാനം). ഇത് സംസ്ഥാനത്തെ ശരാശരി മഴക്കുറവിനേക്കാൾ (37 ശതമാനം) കുറവാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത് കാസർഗോഡാണ് (2,645.6 mm), കുറവ് തിരുവനതപുരം ജില്ലയിലുമാണ്(764 mm). മഴയുടെ വ്യതിയാനം ഏറ്റവും കുറവ് (37 ശതമാനം) വയനാട് ജില്ലയിലാണ്. ഈ ജില്ല മൺസൂൺ സീസണിലെ എറ്റവും തണുത്തതും ദുർബലവുമായ പ്രദേശമാണ്. ഇത് വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒരു കാര്യമായതിനാൽ ഇവിടുത്തെ വികസനതന്ത്രങ്ങൾ ഇതനുസരിച്ച് പുനരാവിഷ്ക്കരിക്കേണ്ടത് ആവശ്യമാണ്.

പട്ടിക 4.2.6
2017-ൽ കേരളത്തിൽ തെക്ക് പടിഞ്ഞാൻ മൺസൂണിൽ (2017 ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ) ലഭിച്ച മഴ
ജില്ലകൾ യഥാർത്ഥത്തിൽ ലഭിച്ചത് സാധാരണ ലഭിക്കാറുള്ളത് വ്യതിയാനം
കേരള 1,855.9 2,039.6 -9
തിരുവനന്തപുരം 764 871.3 -12
കൊല്ലം 1,355.5 1,332.3 2
പത്തനംതിട്ട 1,754 1,715.7 2
ആലപ്പുഴ 1,585.8 1,745.9 -9
കോട്ടയം 1,929.1 1,897.3 2
ഇടുക്കി 2,057.6 2,276.2 -10
എറണാകുളം 2,002.9 2,065 -3
തൃശ്ശൂർ 1876 2,197.5 -15
പാലക്കാട് 1,521.7 1,572.7 -3
മലപ്പുറം 1,926.9 2,060.4 -6
കോഴിക്കോട് 2,521.6 2,603.1 -3
വയനാട് 1,652.1 2,632.1 -37
കണ്ണൂർ 2,301.3 2,669 -14
കാസർഗോഡ് 2,645.6 3,007.5 -12
അവലംബം: മീറ്ററോളജിക്കല്‍ സെന്റര്‍, തിരുവനന്തപുരം

എൻ.എസ്.എസ്.ഒ 69-ാം സമ്മേളനത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ 85.8 ശതമാനവും, നഗര പ്രദേശങ്ങളില്‍ 89.6 ശതമാനവുമാണ് കുടിവെള്ളം ലഭ്യമാകുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ ആവശ്യത്തിന് ഉയർന്ന അനുപാതത്തിൽ കുടിവെള്ളം ലഭ്യമാകുന്നത് ഉത്തർപ്രദേശിലെ ഗ്രാമപ്രദേശങ്ങളിലാണ് (97.1 ശതമാനം). കുടിവെള്ളം കുറഞ്ഞ അനുപാതത്തില്‍ ലഭ്യമാകുന്നത് ജാര്‍ഖണ്ഡു മാണ് (70.3 ശതമാനം). ഇതുപോലെ ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്ന കുടുംബങ്ങളുടെ അനുപാതത്തിൽ പഞ്ചാബ് (99.5 ശതമാനം) ഏറ്റവും മുന്നിലും കേരളം (29.5 ശതമാനം) ഏറ്റവും പിന്നിലുമാണ്. അതുപോലെ നഗരമേഖലയിലും മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സുകളുടെ ശതമാനത്തിൽ ഏറ്റവും താണ അനുപാതം രേഖപ്പെടുത്തിക്കൊണ്ട് കേരളം( 56.8 ശതമാനം) പട്ടികയുടെ ഏറ്റവും ഒടുവിൽ നിലകൊള്ളുന്നു. (അനുബന്ധം 4.2.16) പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ല തിരിച്ചുള്ള കുടിവെള്ള അവലോകന വിശകലനം അനുബന്ധം 4.2.17 നൽകിയിട്ടുണ്ട്.

ചിത്രം .4.2.1
കേരളത്തിലെ കുടിവെള്ള ലഭ്യത (ശതമാനത്തിൽ)
അവലംബം : കേരള ജലഅതോറിറ്റി

വ്യാപനം

2017 മാര്‍ച്ച് 31 -ലെ കണക്കുകൾ പ്രകാരം 3367.13 എം.എൽ.ഡി (പ്രതിദിനം ദശലക്ഷം ലിറ്റർ) സ്ഥാപിത ശേഷിയുള്ള 1073 ജലവിതരണ പദ്ധതികളാണ് കെ.ഡബ്ലിയു.എ യുടെ കീഴിൽ പ്രവർത്തിക്കുന്നത്. പൈപ്പു വഴി ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ ശരാശരി പ്രതിശീർഷ ലഭ്യത പ്രതിദിനം 104.20 ലിറ്ററാണെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. മൊത്തം 1,073 ജലവിതരണ പദ്ധതികളില്‍ 989 എണ്ണം ഗ്രാമീണ മേഖലയിലും 84 എണ്ണം നഗരമേഖലയിലും ആണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷത്തെ (1,078) അപേക്ഷിച്ച് സംസ്ഥാനത്ത് ജലവിതരണ പദ്ധതികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കണക്കുകൾ പ്രകാരം തൃശ്ശൂർ ജില്ലയിൽ 119 ജല വിതരണ പദ്ധതികളും എണാകുളം ജില്ലയിൽ 98 പദ്ധതികളും ഉണ്ട്. കെ.ഡബ്ല്യു.എയുടെ ജലവിതരണ പദ്ധതികളുടെ ഏറ്റവും കുറച്ച് നടപ്പിലാക്കുന്ന പ്രദേശം വയനാട് ജില്ലയാണ്. (അനുബന്ധം 4.2.18 കാണുക.) 2017 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് എൽപിസിഡി എറണാകുള (201.35) ത്തും ഏറ്റവും കുറവ് കാസർഗോഡുമാണ് (35.77). എന്നാൽ എല്ലാ ജില്ലകളിലേയും വ്യത്യസ്ത ആവാസ വ്യവസ്ഥകളിൽ എൽപിസിഡിയിൽ വ്യതിയാനം സംഭവിക്കുന്നുണ്ട്. നിലവിലുള്ള ശരാശരി എൽപിസിഡി കണക്കുകൾ അനുബന്ധം 4.2.19 -ൽ നൽകിയിട്ടുണ്ട് എന്നാൽ വലിയതോതിലുള്ള വിതരണ നഷ്ടം കൂടി കണക്കിലെടുത്താൽ വിതരണത്തിൽ ലഭ്യമാക്കാവുന്ന കുടിവെള്ളം വളരെ കുറവാണ്. മിക്ക ജലവിതരണ പദ്ധതികളും നഗരപ്രദേശങ്ങളിലാണ് നടപ്പിലാക്കിയിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറിയ ജില്ല തിരിച്ചുള്ള വാട്ടർ അതോറിറ്റിയുടെ പദ്ധതികളുടെ വിവരം അനുബന്ധം 4.2.19 -ൽ കൊടുത്തിരിക്കുന്നു. 2017 മാര്‍ച്ച് 31 -ലെ കണക്കനുസരിച്ച് 477 പദ്ധതികൾ ഇപ്രകാരം കൈമാറിയിട്ടുണ്ട് (അനുബന്ധം 4.2.20 കാണുക).

ഗാർഹിക കണക്ഷനും പൊതുടാപ്പും ഉപയോഗിച്ചാണ് കേരളവാട്ടർ അതോറിറ്റി കുടിവെള്ളവിതരണം നടത്തുന്നത്. കേരളവാട്ടർ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 54 ശതമാനം ജനസംഖ്യയുടെ 1.81 കോടി ജനങ്ങള്‍ കേരള ജല അതോറിറ്റിയിലെ ജലവിതരണ പദ്ധതികളുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. 54.19 ശതമാനം ഗ്രാമീണ ജനസംഖ്യയും 54.36 ശതമാനം നഗര ജനസംഖ്യയുമാണ് പൈപ്പ് വഴി കുടിവെള്ള വിതരണം ലഭ്യമാകുന്നത്. ഗ്രാമീണ മേഖലയിൽ 100 എൽ.പി.സിഡി. യും നഗരമേഖലയിൽ 150 എൽപിസിഡി.യും മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കുകയാണ് കേരള വാട്ടർ അതോറിറ്റിയുടെ ലക്ഷ്യം. കേരളത്തിലെ 14 ജില്ലകളിൽ ഏറ്റവും കൂടുതൽ കുടിവെള്ള പദ്ധതികള്‍ ഉള്ളത് എറണാകുളം ജില്ലയിലും (83 ശതമാനം) രണ്ടാമത് തിരുവനന്തപുരം ജില്ലയിലും (72 ശതമാനം) തൃശ്ശൂരിലുമാണെന്നു (71 ശതമാനം) ജില്ലാതല കണക്കുകൾ സൂചിപ്പിക്കുന്നു. കെ.ഡബ്ലിയു.എ. യുടെ ജലവിതരണ പദ്ധതികളുടെ വ്യാപനം ഏറ്റവും കുറവുള്ളത് കാസർഗോഡ് ജില്ലയിലാണ്. വെറും 21 ശതമാനം മാത്രമാണ്. വിശദവിവരങ്ങൾ ചിത്രം 4.2.2 -ലും അനുബന്ധം 4.2.21 -ലും നൽകിയിട്ടുണ്ട്.

ചിത്രം 4.2.2
കുടിവെള്ളത്തിന്റെ ജില്ലാതല വ്യാപനം
അവലംബം: കേരള ജലഅതോറിറ്റി (2017, സെപ്റ്റംബർ വരെയുള്ള ഡാറ്റ)

ഗ്രാമീണ കുടിവെള്ള വിതരണത്തിന്റെ കാര്യത്തിൽ കൊല്ലം ജില്ല 75 ശതമാനത്തോടുകൂടി ഒന്നാമതാണ്. തൊട്ടു പിറകില്‍ എറണാകുളം ജില്ലയും (74 ശതമാനം), തൃശൂര്‍ (68 ശതമാനം), ആലപ്പുഴ (68 ശതമാനം) ജില്ലകളുമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇടുക്കി (29 ശതമാനം)വും കാസര്‍ഗോഡ് (28 ശതമാനം) മാണ് കുടിവെള്ള വിതരണം ലഭ്യമാകുന്നത്. സംസ്ഥാനത്തെ ഗ്രാമീണ കുടിവെള്ള വിതരണത്തിന്റെ ശരാശരി വ്യാപനം 54 ശതമാനമാണ്. (ചിത്രം 4.2.3 കാണുക).

ചിത്രം 4.2.3
ഗ്രാമീണ ജനതയുടെ ജില്ല തിരിച്ചുള്ള കുടിവെള്ള വ്യാപനം
അവലംബം: കേരള ജലഅതോറിറ്റി

നഗര പ്രദേശത്തെ കുടിവെള്ള വിതരണത്തിന്റെ കാര്യമെടുത്താലും കാസര്‍ഗോഡ് ജില്ലയാണ് ഏറ്റവും പിറകിൽ (10 ശതമാനം) കുടിവെള്ള വിതരണത്തിന്റെ വ്യാപനത്തിന്റെ കാര്യത്തിൽ നഗരപ്രദേശങ്ങളില്‍ എറണാകുളം (87 ശതമാനം) ഒന്നാമതും തുടർന്ന് തിരുവനന്തപുരം (76 ശതമാനം) തൃശൂര്‍ (72 ശതമാനം), പാലക്കാട് (72 ശതമാനം) എന്നീ ജില്ലകളിലുമാണ്.(ചിത്രം 4.2.4 കാണുക).

ചിത്രം 4.2.4
നഗരത്തിലെ ജില്ല തിരിച്ചുള്ള കുടിവെള്ള വ്യാപനം
അവലംബം: കേരള ജല അതോറിറ്റി

2017 മാര്‍ച്ച് 31, വരെയുള്ള കണക്കുകകൾ പ്രകാരം കെ ഡബ്ലിയു എ യുടെ കീഴിൽ ഗാർഹീക ഗാർഹികേതര വ്യാവസായിക കണക്ഷനുകള്‍ മു൯വര്‍ഷത്തെക്കള്‍ 283496 എണ്ണത്തിന്റെ വർദ്ധനവാണ് കാണിക്കുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ജല കണക്ഷനുകൾ 1623 മാത്രമാണ്. കണക്കുകൾ പ്രകാരം 214097 പൊതുടാപ്പ് കണക്ഷനുകളാണുള്ളത്. ഇത് മുൻവർഷത്തേക്കാൾ 6,063 എണ്ണം കൂടുതലാണ്. പഞ്ചായത്തുകളില്‍ പൊതു ടാപ്പുകളുടെ എണ്ണം 159,463 ഉം, കോര്‍പ്പറേഷനുകളില്‍ 20,239 ഉം, മുന്‍സിപ്പാലിറ്റികളില്‍ 34,395 ഉം ആണ്. 2015-16-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 162,568 നെ അപേക്ഷിച്ച് പഞ്ചായത്തിൽ പൊതു ടാപ്പുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. (അനുബന്ധം 4.2.22 കാണുക)

കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം നിലച്ചുപോയ ആവാസ വ്യവസ്ഥകൾ

ജില്ലാ അടിസ്ഥാനത്തില്‍ കേരളത്തിൽ നടപ്പിലാക്കിയ ഗ്രാമീണ, നാഗര ജലവിതരണ പദ്ധതികളക്കുറിച്ചും ജില്ലാതലത്തിൽ വിട്ടുപോയ ആവാസ വ്യവസ്ഥകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ പട്ടിക 4.2.7 -ൽ നൽകിയിട്ടുണ്ട്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം നിലച്ചുപോയ ആവാസ വ്യവസ്ഥകൾഎണ്ണം 17 ആണ്. കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം നിലച്ചുപോയ ആവാസ വ്യവസ്ഥകൾ 0.14 ശതമാനത്തിൽ നിന്നും 0.71 ശതമാനമായി വർദ്ധിച്ചു. കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം നിലച്ചുപോയ ആവാസ വ്യവസ്ഥകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തൃശ്ശൂർ ജില്ലയിലാണ് (57). എന്നാൽ പത്തനംതിട്ട, വയനാട് ജില്ലകളിൽ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലച്ചുപോയ ആവാസ വ്യവസ്ഥകൾ ഒന്നും തന്നെ ഇല്ല.

ജലത്തിന്റെ ഗുണ മേന്മ

അശാസ്ത്രീയമായ ശുചിത്വ ശീലങ്ങളും വിവേചന രഹിതമായ മാലിന്യ നിർമാർജ്ജനവും നിമിത്തം നമ്മുടെ സംസ്ഥാനത്തിലെ ഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും മലിനമാക്കപെടുന്നു. ബാക്ടീരിയകളുടേയും സാന്നിധ്യം നിമിത്തം കേരളത്തിലെ ഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും വിഷലിപ്തമായി കഴിഞ്ഞു. മറ്റു മേഖലകളിൽ കേരളം മെച്ചപ്പെട്ടനിലവാരം പുലർത്തുന്നുണ്ടെങ്കിലും ആരോഗ്യ-സാമ്പത്തിക മേഖലകളിൽ സ്വാധീനം ചെലുത്തുന്ന കുടിവെള്ള മാനേജ്മെന്റിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. ജില്ല തിരിച്ചുള്ള മാലിന്യ പരിശോധനാ സ്രോതസ്സ് ചിത്രം 4.2.5-ല്‍ കൊടുത്തിട്ടുണ്ട്.

ചിത്രം 4.2.5
ജില്ല തിരിച്ചുള്ള മാലിന്യ പരിശോധനാ സ്രോതസ്സ് ശതമാനത്തില്‍ (11/11/2017-വരെ)
അവലംബം: എൻ.ആർ.ഡി.ഡബ്ല്യു.പി. കുടിവെള്ള ശുചീകരണ മന്ത്രാലയം ഗവൺമെന്റ് ഓഫ് ഇന്ത്യ

ജനസാന്ദ്രതയും വിവേചന രഹിതവും അനിയന്ത്രിതവുമായ മലിനീകരണവും ജലജന്യ രോഗങ്ങൾ കൂടുന്നതിന് കാരണമാണ്. മരണത്തിന് കാരണമായേക്കാവുന്ന നിരവധി ജലജന്യ രോഗങ്ങളാണ് മലിനജലം ഉപയോഗിക്കുന്നതിലൂടെ പകരുന്നത്. ജലജന്യ രോഗങ്ങളുടെ കണക്ക് പരിശോധിച്ചാൽ വർഷങ്ങളായി അത് വർദ്ധിച്ചു വരികയാണെന്ന് കാണാം. 2012-ൽ 366463-ഉം കേസും 2015-ൽ 470863-ഉം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, 2016-ൽ അത് 497027 ആയി വർദ്ധിച്ചു. 2017 ലെ കണക്കനുസരിച്ച് 97089 ആയി വര്‍ദ്ധിക്കുകയുണ്ടായി. ജലജന്യരോഗങ്ങൾ സംബന്ധിച്ച് വിശദമായ കണക്കുകൾ അനുബന്ധം 4.2.23 -ൽ കൊടുത്തിട്ടുണ്ട്.

കേരളത്തിലെ ജലവിഭവ വകുപ്പിന്റെ സഹായത്തോടുകൂടി ജല വിഭവങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായി സെന്റർ ഫോർവാട്ടർ റിസോഴ്സ് ഡവലപ്പ്മെന്റ് ആന്റ് മാനേജ്മെന്റിന്റെ “എസ്റ്റാബ്ലിഷ്മെന്റ് ഓഫ് മൊബൈൽ ടെസ്റ്റിംഗ് ലബോറട്ടറി ഫോർ ദ ക്വാളിറ്റി അഷ്വറൻസ് ഓഫ് വാട്ടർ റിസോഴ്സ് ഇൻ കേരള” ആവിഷ്ക്കരിച്ചിട്ടുണ്ട്. ജല സ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു അവബോധം വളർത്തുകയാണ് മൊബൈൽ ലബോറട്ടറി കൊണ്ട് ഉദ്ദേശിക്കുന്നത്. മൊബൈൽ ലബോറട്ടറിയുടെ സേവനം ഏകദേശം 120 പഞ്ചായത്തുകളിലേക്കും, 15 മുനിസിപ്പാലിറ്റികളിലും, 3 കോർപ്പറേഷനുകളിലും വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനമുപയോഗിച്ച് 3000-ത്തിൽ കൂടുതൽ സാമ്പിളുകൾ പരിശോധന നടത്തിയിട്ടുണ്ട്. പരിശോധന നടത്തി ഒരു കുടിവെള്ള കാർഡ് നൽകുകയും അതിന്‍ പ്രകാരം പൊതു ജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശത്തെ കുടിവെള്ളത്തിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും സഹായിക്കുന്നു.

പട്ടിക 4.2.7
കേരളത്തിലെ 2016-17-ൽ കുടിവെള്ളപദ്ധതികൾ നിന്നുപോയ ആവാസ വ്യവസ്ഥകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ
ക്രമ നം. ജില്ല ആവാസ വ്യവസ്ഥകൾ നിന്നുപോയവ ആകെ ശതമാനത്തിൽ
(ആവാസ വ്യവസ്ഥകൾ)
1 തിരുവനന്തപുരം 1,462 17 1.16
2 കൊല്ലം 2,260 002 0.09
3 പത്തനംതിട്ട 1,491 0 0.00
4 ആലപ്പുഴ 1,178 5 0.42
5 കോട്ടയം 2,195 10 0.46
6 ഇടുക്കി 822 5 0.61
7 എറണാകുളം 1,538 19 1.24
8 തൃശ്ശൂർ 2,774 57 2.05
9 പാലക്കാട് 1,883 15 0.80
10 മലപ്പുറം 1,972 10 0.51
11 കോഴിക്കോട് 1,455 10 0.69
12 വയനാട് 461 0 0.00
13 കണ്ണൂർ 1,395 1 0.07
14 കാസർഗോഡ് 665 1 0.15
ആകെ 21,551 152 0.71
അവലംബം: കേരള വാട്ടര്‍ അതോറിറ്റി

മലിനജല നിയന്ത്രണം

ഏകദേശം 90,000 കണക്ഷനുൾപ്പെടെ തിരുവനന്തപുരം നഗരത്തില്‍ 37 ശതമാനത്തോളം സിവറേജ് കണക്ഷനുകള്‍ ഉണ്ട്. ഗുരുവായൂരിൽ മൂന്ന് എം.എൽ.ഡി മലിന ശുദ്ധീകരണ പ്ലാന്റിന്റെ പണി ഏകദേശം പൂത്തിയായെങ്കിലും ചില അവസാന മിനുക്കുപണികൾ അവശേഷിക്കുന്നു. ഈ പദ്ധതി ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ മുഴുവൻ താമസക്കാരെയും ഉൾപ്പെടുത്തി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളത്ത് വളരെ നേരിയ തോതിലുള്ള മലിനജലനിവാരണ ശൃംഖലയാണുള്ളത്. ആകെ ആയിരം കണക്ഷനുകളാണുള്ളത്. തിരുവനന്തപുരം മലിനജല നിവാരണ പദ്ധതി 1931-ലാണ് രൂപപ്പെടുത്തിയത്. മലിനജലനിവാരണത്തിനായി പുതിയ കണക്ഷൻ സിസ്റ്റം പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ പ്രത്യേക ബ്ലോക്കുകൾ എന്നീ പ്രധാന തത്ത്വത്തിലൂന്നി വളരെ ഫലപ്രദമായ മലിനജല നിവാരണമാണ് വിഭാവന ചെയ്തിട്ടുള്ളത്. പദ്ധതി എ, ബി, സി,ഡി, ഇ, എഫ്, ജി എന്നീ 7 ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ അവസാന നിവാരണ സ്ഥലം വരെ മുഖ്യമായ മലിനജല പൈപ്പുകളും, ശേഖരണ പൈപ്പുകളും, ശാഖാ പൈപ്പുകളും, ഇടയ്ക്കുള്ള പമ്പിംഗ് മെയിനുകളും, പമ്പിംഗ് സ്റ്റേഷനുകളും വിവിധ ഭാഗങ്ങളിലായി ഉൾപ്പെടുന്നു. ആദ്യ ബ്ലോക്കായ എ 1931-ൽ കമ്മീഷൻ ചെയ്തു. ബി ബ്ലോക്ക് 1965-ലും, സി ബ്ലോക്ക് 1970-ലും കമ്മീഷൻ ചെയ്തു. എന്നാൽ ഡിയും, ഇ-യും ഭാഗീകമായി 1994-ലും 1990-ലും യഥാക്രമം കമ്മീഷൻ ചെയ്തു. മുട്ടത്തറയിലെ സിവറേജ് ഫാമിംഗ് സംസ്കരണ രീതിയാണ്. തിരുവനന്തപുരം സിവറേജ് പദ്ധതി ഭാഗീകമായി 74.93 സ്ക്വയർ കിലോമീറ്ററിലുള്ള 50 വാർഡുകളുടെ മലിനജലനിവാരണം നടത്തുന്നു. ഇപ്പോൾ ഭാഗീകമായോ മുഴുവനായോ എ. മുതൽ ഇ. വരെയുള്ള ബ്ലോക്കുകളിൽ സിവറേജ് സൗകര്യമുണ്ട്. 2013-ൽ ആകെ 107 എം.എൽ.ഡി. കപ്പാസിറ്റിയുള്ള ഒരു സിവറേജ് ട്രീറ്റ്മെന്റ് പ്ലാൻ കമ്മീഷൻ ചെയ്തു. വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 10 പമ്പിംഗ് സ്റ്റേഷനുകളിലെ മലിനജലം സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കുന്നു. നിലവിൽ ഈ പ്ലാന്റിൽ എ മുതൽ ഇ വരെയുള്ള ബ്ലോക്കുകളിലെ മലിനജലം ശുദ്ധീകരിക്കപ്പെടുന്നു. അമൃതിലും സംസ്ഥാന പദ്ധതിയിലും സിവറേജ് സൗകര്യം, ഇല്ലാത്തിടത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിനും, നിലവിലുള്ളവയെ പുനരുജ്ജീവിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

കേരളാ റൂറൽ വാട്ടർ സപ്ലൈ ഏജൻസി (ജലനിധി)

കേരളത്തിലെ ഗ്രാമീണ മേഖലയിലെ എസ്.സി/എസ്.റ്റി (16ശതമാനം), ബി.പി.എൽ (52 ശതമാനം) കാറ്റഗറികളിലെ കുടുംബങ്ങൾക്ക് തുല്യവും മുഴുവൻ ആളുകളെയും ഉൾപ്പടുന്നതും വികേന്ദ്രീകൃതവുമായിട്ടുള്ള ജലവിതരണ പദ്ധതിയാണ് വിഭാവന ചെയ്തിട്ടുള്ളത്. 2005-ൽ പരീക്ഷണാടിസ്ഥാനത്തിൽ 4 ജില്ലകളിലായി നടത്തിയ ഈ പദ്ധതി ആദ്യഘട്ടത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് കേരളാ റൂറൽ വാട്ടർ സപ്ലൈ ഏജൻസി ആവശ്യത്തിനനുസൃതമായിട്ടുള്ളതും വികേന്ദ്രീകൃത സേവന വിതരണ സമീപനത്തോടുകൂടി ഇത് സംസ്ഥാനം മുഴുവനായി വ്യാപിപ്പിച്ചു. ജലവിതരണം നടത്തുന്നതിന് രണ്ട് തരത്തിലുള്ള രീതിയാണുള്ളത്. കേരള വാട്ടർ അതോറിറ്റി, ഗ്രാമപഞ്ചായത്തും സഹകരിച്ച് പ്രധാന വൻകിട ജലവിതരണ പദ്ധതികൾക്കുവേണ്ടി ജി-പാറ്റ്, (ഗ്രാമപഞ്ചായത്ത് ആക്ഷൻ ടീമുകൾ) ഡബ്ലിയു എൽ സി – വാർഡ് തല കമ്മിറ്റികൾ എസ് എല്‍ സി – കള്‍ (പദ്ധതി തല കമ്മിറ്റികൾ എന്നിങ്ങനെയുള്ള സ്ഥാപന ധനകാര്യ മാതൃകകൾ രൂപപ്പെടുത്തിയിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റി എത്തിച്ചു നൽകുന്ന വെള്ളം ഗ്രാമപഞ്ചായത്ത് മുഖേന കേരളാ റൂറൽ വാട്ടർ സപ്ലൈ ഏജൻസി വിതരണം ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. സംസ്ഥാനത്ത് മഴവെള്ള കൊയ്ത്ത് നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസി കേരളാ റൂറൽ വാട്ടർ സപ്ലൈ ഏജൻസി ആണ്. ഇതിനു വേണ്ടി കേരളാ റൂറൽ വാട്ടർ സപ്ലൈ ഏജൻസി യുടെ കീഴിൽ മഴ കേന്ദ്രം എന്ന പേരിൽ ഒരു പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജലവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരളാ റൂറൽ വാട്ടർ സപ്ലൈ ഏജൻസി – യെ.ഡബ്ലിയു.എസ്.എസ്.ഒ. (വാട്ടർ ആന്റ് സാനിട്ടേഷൻ ഓർഗനൈസേഷൻ) ആയി നിയോഗിച്ചിട്ടുണ്ട്. 2000-2008 കാലഘട്ടത്തിലാണ് ജലനിധിയുടെ ആദ്യഘട്ടം നടപ്പിലാക്കിയത്. ഈ കാലഘട്ടത്തിൽ 10.56 ലക്ഷം ആളുകൾക്ക് ഉപയോഗപ്രദമായ 3759 ചെറുകിട ജല വിതരണ പദ്ധതികളും 19 വന്‍കിട ജല വിതരണ പദ്ധതികളും കമ്മീഷൻ ചെയ്തിട്ടുണ്ട്. 2012-13 കാലഘട്ടത്തിൽ നടപ്പിലാക്കിയ ജലനിധി II ജലനിധി I-ന്റെ തുടർച്ചയാണ്. 31.03.2017-ലെ കണക്ക് പ്രകാരം 14.90 ലക്ഷം ആളുകൾക്ക് ജലനിധി I, II പദ്ധതികളുടെ പ്രയോജനം ലഭ്യമായിട്ടുണ്ട്. പാവപ്പെട്ടവരും നിരാലംബരുമായ ആളുകളെ ഉൾപ്പെടുത്തുന്നതിനായിട്ട് പദ്ധതി രൂപകല്പനയിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗുണഭോക്തൃ സംഘങ്ങളിൽ പൊതു വിഭാഗത്തേക്കാളും കുറഞ്ഞ നിരക്കിൽ പാവപ്പെട്ടവരുടെ വിഹിതം നിജപ്പെടുത്തിയാണ് ഇത് നടപ്പിലാക്കിയത്. തൊഴിലായോ പണമായോ ഗുണഭോക്തൃ വിഹിതം നൽകാവുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. കൂടാതെ ആദിവാസികൾക്ക് വേണ്ടി ഒരു പ്രത്യേക ഘടക പദ്ധതി രൂപകല്പന ചെയ്തിട്ടുണ്ട്.

2017 മാർച്ച് 31-ല്‍ ജനങ്ങൾക്ക് കുടിവെള്ളം വിതരണം നടത്തുന്നതിന്റെ ജില്ലതിരിച്ചുള്ള വിശദവിവരം അനുബന്ധം 4.2.24 -ൽ നൽകിയിരുന്നു. 2017 മാർച്ച് 31-ലെ ജലനിധി സാനിറ്റേഷൻ വിവരങ്ങൾ അനുബന്ധം 4.2.25 -ൽ കൊടുത്തിരിക്കുന്നു. 2017 മാർച്ച് 31 മൊത്തം ഭൂഗർഭ റീചാർജ്ജ് സ്ട്രക്ചറുകളുടെ എണ്ണം 2429. ഏറ്റവും കൂടുതൽ റീ ചാർജ്ജ് സ്ട്രക്ചറുകൾ ഉള്ളത് കോട്ടയത്താണ് (833). ആലപ്പുഴയിലും എറണാകുളത്തും ഇത്തരം സ്ട്രക്ചറുകൾ ജലനിധി നിർമ്മിച്ചിട്ടില്ല. അതുപോലെ തന്നെ സംസ്ഥാനത്ത് ജില്ല തിരിച്ചുള്ള മൊത്തം 24666 മഴ വെള്ള സംഭരണി സ്ട്രക്ച്ചറുകൾ ജലനിധി നിർമ്മിച്ചു നൽകി. ഏറ്റവും കൂടുതൽ ഇടുക്കിയിലാണ് (7149), പിറകെ കോട്ടയം(4664), കാസർഗോഡ് (2765), പാലക്കാട് (2242) ആണ് (അനുബന്ധം 4.2.26 കാണുക) 2017 മാർച്ച് 31-ലെ ജലനിധിയുടെ വിവരശേഖരം അനുസരിച്ച് ആകെയുള്ള 5072 പദ്ധതികളിൽ 1293 പദ്ധതികൾ പ്രവൃത്തന രഹിതമാണ്. ഇത്, സാങ്കേതികം, സാമൂഹികം, സാമ്പത്തികം എന്നീ പ്രശ്നങ്ങളാലാണ്. 2017 മാർച്ച് 31 വരെ നടപ്പിലാക്കിയ പദ്ധതികൾ പ്രവർത്തിക്കുന്നവ പ്രവർത്തനരഹിതമായവ എന്നിവയുടെ വിവരങ്ങൾ അനുബന്ധം 4.2.27 -ൽ കൊടുത്തിരിക്കുന്നു.

ബോക്സ് 4.2.2
സാധ്യമാകും വരെ അസാധ്യമാണെന്ന് തോന്നും

തിരുവനന്തപുരത്തുള്ള ജലത്തിന്റെ പ്രധാന ഉറവിടങ്ങൾ അരുവിക്കരയിലും (2 ദശലക്ഷം ക്യൂബിക് മീറ്റർ സ്റ്റോറേജ് കപ്പാസിറ്റി), പേപ്പാറ (70 ദശലക്ഷം ക്യൂബിക് മീറ്റർ സ്റ്റോറേജ് ശേഷി)യുമാണ്. ഇത് അരുവിക്കര ജലസംഭരണിയുടെ 25 കിലോമീറ്ററിനുള്ളിലാണ്. അരുവിക്കര, പി പി ടി നഗർ, വെള്ളയമ്പലം എന്നിവിടങ്ങളിലാണ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറുകളിൽ രണ്ട് ലക്ഷം ഉപഭോക്താക്കൾക്ക് 24 മണിക്കൂറും കുടിവെള്ളം ലഭ്യമാകുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ളതാണ്. കൂടാതെ, ഈ ജലവിതരണ പദ്ധതിക്ക് 5,600 കിലോമീറ്റർ നെറ്റ് വർക്ക് കണക്ഷനാണുള്ളത്.

2016 -ൽ കേരളത്തില്‍ വാർഷിക മഴയുടെ 34 ശതമാനം കുറവ് രേഖപ്പെടുത്തിയത്. സ്ഥിതിഗതിയുടെ ഗൗരവം കണക്കിലെടുത്ത് കേരള മുഴുവൻ സംസ്ഥാനം വരൾച്ച ബാധിച്ചതമാണെന്നു പ്രഖ്യാപിക്കുകയുണ്ടായി. കുടിവെള്ള ലഭ്യതയിലുള്ള കുറവ് കാരണം തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി 2016 ഏപ്രിൽ 18 മുതൽ കുടിവെള്ളം റേഷനിംഗ് സമ്പ്രദായം ഏർപ്പെടുത്തേണ്ടി വന്നു.

നഗരത്തിന്റെ കുടിവെള്ള ലഭ്യത കുറവ് പരിഹരിക്കാൻ ജലവിഭവ വകുപ്പിന് നെയ്യാറിൽ നിന്നു അരവിക്കരയിലേക്ക് ജലവിതരണം നടത്തേണ്ടി വന്നു. അതിൻ പ്രകാരം അടിയന്തിരമായി രണ്ട് ഡ്രഡ്ജിംഗ് ഉപയോഗിച്ച് നെയ്യാറിൽ നിന്നും അരുവിക്കരയിലേക്ക് വെള്ളം പമ്പ് ചെയ്യേണ്ടി വന്നു. 50 എം എല്‍ ഡി കപ്പാസിറ്റിയുള്ള രണ്ട് പുതിയ 180 എച്ച് പി പമ്പുകൾ വാങ്ങാനും 100 എച്ച് പി യുടെ രണ്ട് പമ്പുകൾ വെള്ളയമ്പലത്ത് ലഭ്യമാക്കാനും അടിയന്തിര തീരുമാനം എടുക്കുകയുണ്ടായി. ഇത് നടപ്പിലാകന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നിലവിൽ സ്റ്റേക്കിൽ ഉള്ള പൈപ്പുകളാണ് റിസർവോയറിൽ നിന്നും കനാലിലേക്ക് ബന്ധിപ്പിക്കുന്നതിന് ഉപയോഗിച്ചത്.

21.04.2017 ൽ തുടങ്ങി റെക്കോർഡ് വേഗത്തിൽ 14 ദിവസം കൊണ്ട് പ്രവൃത്തി പൂർത്തികരിക്കുകയുണ്ടായി. ഓരോ ദിവസവും 117 എം എല്‍ ഡി നെയ്യാറിൽ നിന്നും കരമനയാറിലേക്ക് മാറ്റുന്നതിന് 1 എം എല്‍ ഡി കപ്പാസിറ്റിയുള്ള ഒരു ഡ്രെഡ്ജിംഗും 29 എം എല്‍ ഡി കപ്പാസിറ്റിയുള്ള മറ്റൊരു ഡ്രഡ്ജുമാണ് പ്രവർത്തിപ്പിച്ചത്. കേരള വാട്ടർ അതോറിറ്റി, ഇലക്ട്രിസ്റ്റി ബോർഡ്, വനം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ യോജിച്ചുള്ള പ്രവർത്തനം ഈ പദ്ധതിയുടെ വിജയത്തിന് കാരണമായി.

ആസൂത്രണത്തിലെ സൂക്ഷ്മത, കൂട്ടായ പ്രവർത്തനം, മികവുറ്റ നേതൃത്വവും, കേരള വാട്ടർ അതോറിറ്റിയിലെ എഞ്ചിനീയർമാരുടേയും മറ്റ് വകുപുകളിലെ ഉദ്യോഗസ്ഥരുടെ അർപ്പണബോധവും കൊണ്ടാണ് ഈ വലിയ ദൗത്യം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്. വകുപ്പുകളുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രവർത്തനമായിരുന്നു വകുപ്പുകൾ കാഴ്ച വച്ചത്. പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ യോജിച്ച പ്രവർത്തനം എത്രമാത്രം സഹായകരമാണെന്നതിന് മാതൃകയാണിത്.

അവലംബം - കേരള വാട്ടർ അതോറിറ്റി

ബോക്സ് 4.2.3
ജല ക്ഷാമം പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടുകൂടിയ പദ്ധതികൾ
  1. ഹരിത കേരളം - സുസ്ഥിര കുടിവെള്ള പ്രവൃത്തികൾ
    സംസ്ഥാന സർക്കാര്‍ ആവിഷ്കരിച്ച നവകേരള പദ്ധതിയിലെ പ്രധാന പദ്ധതികളിലൊന്നാണ് ഹരിത കേരള പദ്ധതി. കേരളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും, സുസ്ഥിരതയ്ക്കും, ഉപയോഗത്തിലും പുതിയ സംസ്കാരം വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. വർദ്ധിച്ച് വരുന്ന കുടിവെള്ളത്തിന്റെ ആവശ്യം നിറവേറ്റുന്നതിന് ജനപങ്കാളിത്തത്തോടെ ശാസ്ത്രീയമായ രീതിയിൽ നീർത്തടാധിഷ്ഠിത പദ്ധതികളിലൂടെ ജല ലഭ്യത വർദ്ധിപ്പിക്കകയാണ് ലക്ഷ്യം. പ്രകൃതിദത്തമായ ജലസ്രോതസ്സുകളുടെ സംരക്ഷണം, അരുവികൾ, കിണർ റീച്ചർജിംഗ്, ജലത്തിന്റെ പുനരു പയോഗം, വെള്ളത്തിന്റെ ഉപയുക്തതയിലെ വർദ്ധനവ്, മിതമായ ജല ഉപയോഗം, പ്രാദേശികമായി നടപ്പിലാക്കാവുന്ന പുതിയ സംഭരണികൾ, വിവിധ ഘടകങ്ങളുടെ സംയോജനം എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
  2. ജലശ്രീ
    തിരുവനന്തപുരം ജില്ലയിൽ സുസ്ഥിരമായ കുടിവെള്ള സമ്പത്ത് ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതിയാണിത്. ക്ഷയോൻമുഖമായ കുടിവെള്ള സ്രോതസ്സുകൾ ജനപങ്കാളിത്തത്തോടു കൂടി നവീകരിക്കുക, ജല സാക്ഷരത എന്നിവയാണ് ഈ പദ്ധതിയുടെ സുപ്രധാന ലക്ഷ്യം. കൂടാതെ, നദികളുടെ പുനരുദ്ധാരണവും സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു. ജില്ലാ പഞ്ചായത്തിന്റേയും ജില്ലാ ആസൂത്രണ മിഷന്റേയും സംയോജിത പദ്ധതിയാണെങ്കിലും ഇത് സംസ്ഥാനത്തിന്റെ ഹരിത കേരളം പദ്ധതിയുടെ കീഴിലാണ് ഉൾപ്പെടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ തിരുവനന്തപുരത്ത് നൂറ് ശതമാനം വെള്ളം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
  3. ജല സൗഹൃദ വിദ്യാലയം
    മഴവെള്ള സംരക്ഷണം, ഭൂഗർഭ ജല റീചാർജിംഗ് എന്നിവയുടെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ 14 ജില്ലകളിലെ 840 സർക്കാർ സ്കൂളകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ജലനിധിയും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളെ വിദ്യാഭ്യാസ വകുപ്പാണ് തെരഞ്ഞെടുക്കുന്നത് . മഴവെളളം സംഭരിക്കന്നതിന് പതിനായിരം ലിറ്റർ ഫെറോസിമൻറ് ടാങ്ക് സ്കൂളുകളിൽ സ്ഥാപിക്കുന്ന പ്രവൃത്തി ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ജലനിധിയുടെ മഴ കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകളിലെ ജലലഭ്യതയിലെ കുറവ് ഒരു പരിധി വരെ പരിഹരിക്കുന്നതിന് ജലം ശേഖരിച്ച് വയ്ക്കുന്നത് സഹായകരമാകുന്നുണ്ട്. നിലവിലുള്ള വരൾച്ച സാഹചര്യത്തിൽ ഈ പദ്ധതിക്ക് വളരെയധികം പ്രാധാന്യമുണ്ട്.
ബോക്സ് 4.2.4
ജലസമൃദ്ധി പദ്ധതി - കാട്ടാക്കടയിലെ ജല സംരക്ഷണ പ്രവർത്തനങ്ങൾ

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടപ്രദേശത്തുള്ള ജലസ്രോതസ്സുകൾ പുനർ നിർമ്മിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികളെ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ബോധവൽക്കരണം നടത്താനും സ്കൂൾ തലത്തിൽ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെയും കുടുംബശ്രീ, എൻജി ഒ, നാഷണൽ സർവ്വീസ് സ്കീം, യുവജന ക്ലബ്ബുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ സഹകരണത്തോടെ റാലികൾ, പൊതുയോഗങ്ങൾ എന്നിവയിലൂടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനു പുറമെ സ്കൂളുകളിലെ കുളങ്ങളുടെ നവീകരണം, കിണറുകളിലെ കൃത്രിമ ജലം നിറയ്ക്കൽ തുടങ്ങിയ പ്രവൃത്തികളും ഏറ്റെടുത്തു നടത്തന്നു. ജല സമുദ്ധിയിലൂടെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി ശുചിത്വമിഷനും യുവജന ബോർഡും ചേർന്ന് ജലമിത്രം വളണ്ടിയർമാരെ തെരഞ്ഞെടുകയുണ്ടായി. ഈ പദ്ധതിയിൽ ഉപേക്ഷിച്ച ക്വാറികളിൽ നിന്നും കിണറുകളുടെ അടുത്ത് സ്ഥാപിച്ച റീചാർജ് പിറ്റിലേക്ക് ജലം തിരിച്ച് വിടുന്ന പ്രവൃത്തിയും ഉൾപ്പെടുന്നു. ടാപ്പ് ഉപയോഗിച്ച് ക്വാറിയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നു. പദ്ധതിയുടെ ഭാഗമായി കാട്ടാക്കട നിയമസഭാ പരിധിയിലുള്ള 6 കുളങ്ങൾ ജലസംരക്ഷണത്തിനായി ഉപയോഗിച്ചു. മഴക്കുഴി' നിർമ്മിക്കാൻ നിർദ്ദേശിച്ച ആറ് വാർഡുകളിൽ ഇതിന്റെ പ്രവർത്തനം ആദ്യഘട്ടം പൂർത്തീകരിച്ചു. ഉപയോഗിച്ച വെള്ളം പുനരുപയോഗിക്കുന്നതിനുള്ള പദ്ധതി മലയിൻ കീഴ് സ്കൂളിൽ നടന്ന് വരുകയാണ്. പള്ളിച്ചൽ പഞ്ചായത്തിലെ കണ്ണംകോട് വാർഡിൽ പ്രവർത്തനം നിലച്ച ഗ്രാനൈറ്റ് ക്വാറിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.

ജലനിധിയുടെ സഹായം: ജലനിധിയുടെ സിസിഡി യൂണിറ്റ് ജലസമൃദ്ധി പദ്ധതി നടപ്പിലാക്കുന്നതിനായി കാട്ടാകടയിൽ 7 ട്രെയിനിംഗ് പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. അതിൽ 6 എണ്ണം പഞ്ചായത്ത്തലത്തിലും ഒരെണ്ണം ബ്ലോക്ക് തലത്തിലുമാണ് നടത്തിയത്. സ്കൂളുകൾ (അദ്ധ്യാപകർ, കുട്ടികൾ) ആശാ വർക്കർമാർ, അംഗനവാടി ടീച്ചർമാർ, കുടുംബശ്രീ, പ്രേരക്, കെ.എസ്.പി.യു, എൻ.ജി.ഒ തുടങ്ങിയവയുടെ പ്രതിനിധികളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നത്. ജലസംരക്ഷണം, ഗുണവനിവാരം, പരിഹാരമാർഗ്ഗങ്ങൾ, ജലഗുണനിലവാര കിറ്റ് ഉപയോഗിച്ചുള്ള വ്യക്തിഗത/പൊതു ജലസ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന തുടങ്ങിയവയിൽ പരിശീലനം നൽകുകയുണ്ടായി. സിസിഡി യൂണിറ്റ് 250 ഫീൽഡ് ടെസ്റ്റിംഗ് കിറ്റ്, ബാക്ടീരിയ ടെസ്റ്റിംഗിന് വേണ്ടിയുള്ള 2500 H2s സ്ട്രിപ്പ്, അവയുടെ ഫലം രേഖപ്പെടുത്തുവാനുള്ള ഫോർമാറ്റ് തുടങ്ങിയവ നൽകുകയുണ്ടായി. ഇതിൽ 76066 പരിശോധനാ ഫലങ്ങളുടെ ഫീഡ്ബാക്ക് ലഭിക്കുകയുണ്ടായി. ബാക്കിയുള്ള വിവരങ്ങൾ ഉടനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജലഗുണനിലവാരത്തിന്റെ തോതനുസരിച്ച് ചെലവ് കുറഞ്ഞ രീതിയിലുള്ള പരിഹാരമാർഗ്ഗങ്ങൾ ഗ്രാമീണ ജനങ്ങൾക്ക് നിർണ്ണയിച്ച് നൽകുകയും വിവരങ്ങൾ വിശകലനം നടത്തുകയും ചെയ്യും.

ഗ്രാമീണ ജനത വെള്ളം ശേഖരിക്കുന്ന സ്വകാര്യ ജലസ്രോതസ്സുകളുടെ ഗുണമേന്മ നിരീക്ഷിക്കുന്നതിനായി പഞ്ചായത്തിന്റെ ഉത്തരവാദിത്തമാക്കി മാറ്റുന്നതിന് സിസിഡി യൂണിറ്റ് ഉദ്ദേശിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങളുടെ പിന്തുണയോടുകൂടി നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

ബോക്സ് 4.2.5
കുടിവെള്ളത്തെ സംബന്ധിച്ചുള്ള പതിമൂന്നാം പഞ്ചവത്സ പദ്ധതി വർക്കിംഗ് ഗ്രൂപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ
  • സ്രോതസ്സിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ജല ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വകുപ്പിന് ഫലപ്രദമായിട്ടുള്ള സ്ഥാപന സംവിധാനമുണ്ടാക്കുന്നതിനും ഊന്നൽ നൽകുക
  • ഗ്രാമ നഗര പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന പൈപ്പു മുഖേനയുള്ള വിതരണ സംവിധാനത്തിൽ തുല്യത ഉറപ്പുവരുത്തുക
  • ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പ് വരുത്തുക
  • വ്യത്യസ്തങ്ങളായ സേവന വിതരണ മാത്യകകൾ നടപ്പിലാക്കുന്നതിനായി സമൂഹത്തിനും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടേയും സാങ്കേതികവും - ഭരണപരവുമായ ശേഷികൾ ശക്തിപ്പെടുത്തുക
  • വിവരങ്ങൾ കൃത്യതയോടുകൂടി രേഖപ്പെടുത്തൽ, വിവരങ്ങളുടെ സമാഹരണം, ക്രോഡീകരണം, വിശകലനം, ചോർച്ച കണ്ടു പിടിക്കുന്നതും തടയുന്നതമായ സങ്കേതങ്ങളുടേയും സാങ്കേതിക വിദ്യയുടേയും മെച്ചപ്പെടുത്തൽ, പ്രൊജക്ടുകൾ സമയബന്ധിതമായ നടപ്പിലാക്കൽ, സേവനാധിഷ്ഠിതമായ സമീപനം തുടങ്ങിയവ ആവശ്യമാണ് .
  • കേരള വാട്ടർ അതോറിറ്റി, ജലനിധി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ തുടങ്ങിയവ കുടിവെള്ള മേഖലയിൽ നടപ്പിലാക്കിയ പദ്ധതികൾ ജി ഐ എസ് ഉപയോഗിച്ച് ഒരേ തലത്തിൽ കൊണ്ട് വന്ന് വിശകലനം നടത്തി കുടിവെള്ള മേഖലയിലെ ന്യൂനത പരിഹരിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുക.
  • വിവിധങ്ങളായ ഏജൻസികൾ സാധൂകരിക്കുന്നതിനോടെപ്പം ഒരു സമ്പൂർണ്ണമായ വിവര ശാഖകൂടി രൂപപ്പെടുകയും കുടിവെള്ള മേഖലയിലെ വിവിധ ഗുണഭോക്താക്കളുടെ പ്രവർത്തനങ്ങൾ കാലാനുസൃതമായി അവലോകനം നടത്തേണ്ടതുണ്ട്. ഇതിനു വേണ്ടി ജലവിഭവ സെക്രട്ടറി ചെയർമാനായും കേരള വാട്ടർ അതോറിറ്റി, ഇറിഗേഷൻ, സി ജി ഡബ്ലിയു ബി, മണ്ണ് സംരക്ഷണം, ഭൂഗർഭ ജലവകുപ്പ്, പ്ലാനിംഗ്, തദ്ദേശസ്വയംഭരണം, സെൻട്രൽ വാട്ടർ കമ്മീഷൻ, ജലനിധി, കൃഷി വകുപ്പ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള ചേർന്നുള്ള ഒരു സെൽ രൂപീകരിക്കേണ്ടതുണ്ട്.
  • ജി.ഐ.എസ് ഫ്രെയിം വർക്കിൽ കൃത്രിമ റീചാർജ്ജ് സ്ട്രക്ച്ചറുകൾ രേഖപ്പെടുത്തുക. കുടിവെള്ള സ്രോതസ്സുകളുടെ സുസ്ഥിരതയ്ക്ക് കൃത്രിമമായി റീ ചാർജ്ജ് ചെയ്യാൻ പറ്റുന്ന സ്ട്രക്ച്ചറുകൾ ആവശ്യമാണ്. ഇതിനുശേഷമുള്ള വിലയിരുത്തൽ പഠനം ഭാവിയിൽ ആവശ്യമാണ്. പദ്ധതി അനുമതി വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നൽകിയാൽ ആവര്‍ത്തനം ഒഴിവാക്കാം.
  • കിണറിലെ വെള്ളം ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അതിന്റെ ഗുണമേൻമ ഉറപ്പു വരുത്തേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. കുടിവെള്ളത്തിന്റെ ഗുണമേൻമയെ സംബന്ധിച്ച് പൊതുജനത്തിന് അവബോധം നൽകേണ്ടതും ജല ഗുണനിലവാര പരിശോധനാ ലാബുകൾ ഏകീകരിക്കേണ്ടതുമാണ്.
  • ജലസ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിന് നിലവിലുള്ള നിയമം കർശനമായി ഉപയോഗിക്കേണ്ടതാണ്.
  • മഴവെള്ള കൊയ്ത്തും ഭൂഗർഭ ജല പുനരുജ്ജീവനവും ഉറപ്പ് വരുത്തേണ്ടതാണ്.
  • കുടിവെള്ള സംഭരണ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കർത്തവ്യം വർദ്ധിപ്പിക്കേണ്ടതാണ്
  • കാലാ കാലങ്ങളായി വരൾച്ച സമയങ്ങളിൽ ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങൾക്ക് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് മുൻഗണന നൽകേണ്ടതാണ്.

പ്രശ്നങ്ങളും വെല്ലുവിളികളും

ശുദ്ധജലത്തിന്റെ വർദ്ധിച്ച് വരുന്ന ആവശ്യകത സംസ്ഥാനത്തിന്റെ ഒരു പ്രധാന വെല്ലുവിളിയാണ്. മലിനമാകാത്ത ജലസ്രോതസ്സുകളുടെ ലഭ്യത സംസ്ഥാനത്ത് ദുർലഭവും വളരെ വേഗത്തിൽ കുറയുന്നവയുമാണ്. ശരിയായ ശുചിത്വ സംവിധാനത്തിന്റെ അഭാവം ലഭ്യമായ ജല സ്രോതസുകളെ മാലിന്യമാക്കും. നഗര കേന്ദ്രീകൃതമായ വളർച്ചയുടെ സ്ഥിതിമാറ്റം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ജനങ്ങൾ വളരെയധികം കേന്ദ്രീകരിക്കുന്നതിനിടയാകും. ഇതും അശാസ്ത്രീയമായ ശുചീകരണ പ്രക്രിയയും കൂടി ചേർന്നാൽ ലഭ്യമായ ജലസ്രോതസ്സുകൾ മലിനമാക്കപ്പെടും. വ്യാവസായിക വളർച്ചയും മലിനീകരണത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. സംസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിയുടെ തീവ്രത നേരിടുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജലത്തിന്റെ ഗുണനിലവാരവും മലിനീകരണവും, ഭൂഗർഭ ജല ശോഷണം, മഴ ലഭ്യതയിലുള്ള കുറവ്, അഴുക്ക് ചാൽ, വിവരങ്ങളുടെ ലഭ്യത കുറവ്, കുടിവെള്ളം – ശുചിത്വം എന്നീ മേഖലകളിലുള്ള ഏജൻസികളുടെ ഏകീകരണം, മഴക്കൊയ്ത്ത്, ഭൂഗർഭ ജല പരിപോഷണം, ഉപരിതല ജലം ഒഴുകിപോകുന്നത് തടയുക, വരൾച്ച തുടങ്ങിയവയാണ് അടിയന്തിര ശ്രദ്ധ പതിയേണ്ട മേഖലകൾ. ജല പദ്ധതികൾ നടപ്പിലാക്കുന്നതിനും നിലനിർത്തുന്നതിനും പ്രാദേശികമായി ലഭ്യമായിട്ടുള്ള വൈദഗ്ദ്ധ്യം ഉപയോഗിക്കേണ്ടതാണ്, ഇതിലേക്കായി മേഖലയിൽ കൂടുതൽ തുക വകയിരുത്തേണ്ടതുണ്ട്.