സാമൂഹിക സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് സംരക്ഷണവും പിന്തുണയും ഉറപ്പുവരുത്തുകയും ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് സാമൂഹ്യസുരക്ഷാപരിപാടികളും ക്ഷേമപരിപാടികളും കൊണ്ട് ഉദ്ദേശിക്കുന്നത്. ഐഎൽഒയുടെ നിർവചന പ്രകാരം സാമൂഹ്യ സംരക്ഷണം എന്നാൽ യാദൃച്ഛികമായി നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങളുടെ ഭാഗമായുണ്ടാകുന്ന അശ്രദ്ധയോ വരുമാനത്തിലുണ്ടാകുന്ന കുറവോ മൂലം സാമൂഹിക സാമ്പത്തിക ദുരന്തങ്ങളിൽ നിന്നും സമൂഹം അതിലെ അംഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുള്ള പൊതു മുൻകരുതലുകളും ജീവിത ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയും മാനദണ്ഡങ്ങളിലൂടെയും സമീപിക്കുക എന്നതുമാണ്. ഇതിൻ പ്രകാരം എല്ലാവർക്കും സാമൂഹ്യസുരക്ഷിതത്വം എന്നതാണ് വിഭാവനം ചെയ്യുന്നത്, "രാഷ്ട്രീയ, പാരിസ്ഥിതിക, സാമ്പത്തിക, അനിശ്ചിതത്വങ്ങളുടെ അഭൂതപൂർവ്വമായ ചൂഷണത്തിന് കാരണമായ ഒരു പ്രതിസന്ധിയേറിയ ലോകത്തിൽ എവിടെ ജീവിക്കുന്നവരാണെങ്കിലും സാമൂഹ്യ സുരക്ഷിതത്വം ഒരു മനുഷ്യാവകാശമാണ്, ഒരു തലത്തിലെങ്കിലും അടിസ്ഥാന സാമൂഹ്യ സംരക്ഷണം ഉറപ്പാക്കണം" (ഐ.എൽ.ഒ, എല്ലാവർക്കും സാമൂഹ്യസുരക്ഷിതത്വം, 2012). ഇത്തരം സാമൂഹ്യസുരക്ഷാപരിപാടികളും ക്ഷേമപരിപാടികളും വെറുതെ ഒരു ക്ഷേമപ്രിസത്തിൽ ഒതുക്കി നിർത്താതെ ഈ പരിപാടികളെ അവകാശാടിസ്ഥാനത്തിലുള്ള ചട്ടക്കൂട്ടിലേക്ക് മാറ്റിയെടുക്കണമെന്നുള്ള ആവശ്യം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. ജനസംഖ്യയുടെ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വലിയ വിഭാഗത്തിന് സേവനങ്ങൾ ലഭിക്കുന്നതിനും സാമ്പത്തിക വിപണിയുടെ പ്രയോജനം ലഭിക്കുന്നതിനും കഴിയാതെ വരുന്ന രാജ്യങ്ങളിൽ ഇത്തരത്തിലുള്ള സംരക്ഷണം അത്യാവശ്യമാണ്. സുസ്ഥിര വികസന പദ്ധതി ലക്ഷ്യമിട്ട് നേട്ടങ്ങൾ കൈവരിക്കുന്നതിനും ദാരിദ്ര്യത്തെ ലഘൂകരിക്കുന്നതിനുമുള്ള ശക്തമായ ഉപകരണങ്ങളാണ് സാമൂഹ്യ സുരക്ഷാ പദ്ധതികൾ. മുൻകാലങ്ങളിൽ വികസന സിദ്ധാന്തങ്ങൾ സാമൂഹ്യനയങ്ങളെ അവഗണിച്ചിരുന്നെങ്കിലും സാമ്പത്തിക സാമൂഹ്യ നയങ്ങളെ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ഉയർന്നുവരുന്നു. സാമ്പത്തിക വികസനപ്രക്രിയയിൽ മുൻകൂട്ടിത്തന്നെ രാജ്യം സാമൂഹ്യ സുരക്ഷാ സമ്പ്രദായങ്ങൾ കെട്ടിപ്പടുക്കുന്നത് മൊത്തമായുള്ള വികസനത്തിന് ഒരു മുതൽക്കൂട്ടാണ്.
ശക്തമായ സാമൂഹ്യ സുരക്ഷിതത്വ വലയങ്ങൾ ഉണ്ടായിട്ടും വളരെയധികം ജനങ്ങളും അവഗണന, മാരകരോഗങ്ങൾ, വൈകല്യങ്ങൾ, ദാരിദ്ര്യം എന്നിവയെ ഫലപ്രദമായി നേരിടുന്നതിന് ഇപ്പോഴും പ്രയാസപ്പെടുന്നു. സാമൂഹ്യ സുരക്ഷിതത്വ വലയങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന വിഭാഗങ്ങളുമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗത്തിനും അവസരങ്ങളും കഴിവുകളും തത്തുല്യമായി ലഭ്യമാക്കുന്നതിനും ശ്രേഷ്ഠമായ ജീവിതം നയിക്കുന്നത് ഉറപ്പാക്കുന്നതിനും പരിഷ്കൃത സമൂഹം ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. ലഭ്യമായ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും മോണിട്ടറിംഗ് ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികളുണ്ടാകേണ്ടതാണ്. സാമൂഹ്യ സുരക്ഷിതത്വത്തിന്റെ ഒട്ടുമിക്ക പദ്ധതികളും മേൽ സൂചിപ്പിച്ചവയ്ക്കൊക്കെയായി വിഭാവന ചെയ്തിട്ടുള്ളതാണ്. സമഗ്രമായ ഉൾക്കൊള്ളിക്കലിൽ കുറവു വന്നിട്ടുണ്ടെങ്കിൽ പുതുതായി എന്തെങ്കിലും ഇടപെടലുകൾ ആവശ്യമുണ്ടെങ്കിൽ കണ്ടെത്തുന്നതിനും ഇരട്ടിക്കലിനെ ഇല്ലാതാക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകേണ്ടതാണ്.
അംഗപരിമിതർ, മുതിർന്നവർ, ക്ലേശകരമായ ജീവിതം നയിക്കുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷാ നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. കേരളത്തിൽ സാമൂഹ്യനീതി വകുപ്പും അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികളുമാണ് സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. സാമൂഹ്യസുരക്ഷാ പരിപാടികൾക്കായി നിലകൊള്ളുന്ന വകുപ്പുകളും ഏജൻസികളും അവരുടെ പ്രധാന പ്രവർത്തനങ്ങളും അനുബന്ധം 4.3.53 -ൽ കൊടുത്തിരിക്കുന്നു.
പതിമൂന്നാം പഞ്ചവത്സര പദ്ധതി - സാമൂഹ്യനീതി വകുപ്പിന്റെ വീക്ഷണം
സാമൂഹ്യതുല്യതയ്ക്കും സംരക്ഷണത്തിനുമായി:
കേരളത്തിലെ സാമൂഹ്യ സുരക്ഷാ പരിപാടികളെ രണ്ട് വിഭാഗമായി തരം തിരിക്കാവുന്നതാണ്.
എ. സ്ഥാപനങ്ങളിലൂടെ നൽകുന്ന സംരക്ഷണം
സംസ്ഥാനത്ത് സർക്കാരും സർക്കാരിതര സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും ചേർന്ന് സമൂഹത്തിൽ ദുർബലരായവർക്ക് സ്ഥാപനങ്ങളിലൂടെയുള്ള പരിചരണവും സംരക്ഷണവും നൽകുന്നു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ദുർബലർക്ക് പരിചരണവും സംരക്ഷണവും നൽകുന്ന 75 ക്ഷേമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ 27 സ്ഥാപനങ്ങൾ കുട്ടികൾക്കും, 16 എണ്ണം സ്ത്രീകൾക്കും, 16 എണ്ണം വൃദ്ധർക്കും 16 എണ്ണം അംഗപരിമിതർക്കുമുള്ളതാണ്. സ്ഥാപനങ്ങളിലൂടെയുള്ള സേവനം മുഖേന, സാമൂഹ്യനീതി വകുപ്പ് വിവിധ വിഭാഗങ്ങളിലെ 2800 -ൽ അധികം പേർക്കും സർക്കാരിതര സംഘടനകളുടെ സഹായം മൂലം 80,000 ലധികം പേർക്കും പുനരധിവാസം നൽകിയിട്ടുണ്ട്. 2016-17-ൽ 2,142 പേർക്കും 2017 ആഗസ്റ്റ് 30 വരെ 1,308 പേർക്കും സാമൂഹ്യ നീതി ക്ഷേമസ്ഥാപനങ്ങളിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ, രജിസ്റ്റർ ചെയ്ത വിവിധ ക്ഷേമസ്ഥാപനങ്ങൾ മുഖേന 2017 ആഗസ്റ്റ് 30 വരെ 2,068 പേർക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ചില ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ എണ്ണം അനുവദനീയമായ അംഗ സംഖ്യയേക്കാൾ കുറവാണെന്ന് കാണാം. കൂടുതൽ അന്തേവാസികളെ സംരക്ഷിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഏറി വരുന്നതിനാലാകാം ഒരുപക്ഷെ ഈ സ്ഥാപനങ്ങളിൽ അനുവദനീയമായ അംഗ സംഖ്യ നിലനിർത്താൻ കഴിയാതെ പോകുന്നത്. അനുവദനീയമായ അന്തേവാസികളുടെ അംഗസംഖ്യ 148,227 ആയിരിക്കെ 2016-ൽ ഈ സ്ഥാപനങ്ങളിലുണ്ടായിരുന്ന ആകെ അന്തേവാസികൾ 85,178 പേർ മാത്രമായിരുന്നു. ഇത് മൊത്തം അനുവദനീയമായ അംഗസംഖ്യയുടെ 57 ശതമാനം വരും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന നിർഭയാ ഷെൽട്ടർ ഹോമുകളിലും ഭിക്ഷാടന ഹോമുകളിലും അന്തേവാസികളുടെ എണ്ണം അനുവദനീയമായ അംഗസംഖ്യയേക്കാൾ കൂടൂതലും മാനസിക വൈകല്യമുള്ളവർ, അനാഥർ എന്നിവർക്കുളള സ്ഥാപനങ്ങളിൽ കുറവും ആയിരുന്നു.
സർക്കാർ തലത്തിൽ 75 ക്ഷേമസ്ഥാപനങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും ഇന്റലക്ച്വൽ ഡിസബലിറ്റീസ് (ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബലിറ്റീസ്, ബുദ്ധിമാന്ദ്യം) ബാധിച്ച കുട്ടികൾക്കുള്ള ഏതെങ്കിലും തരത്തിലുള്ള പരിചരണ സ്ഥാപനങ്ങളോ/അസിസ്റ്റഡ് ലിവിംഗ് ഹോമുകളോ സംസ്ഥാനത്ത് ഇല്ലാത്തത് വളരെ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. മുൻപുള്ളതിന് ഉപരിയായി പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ ഒരു സംയോജിത സമീപനത്തിലൂന്നിയ നയ രൂപീകരണവും സൂക്ഷ്മമായ ആസൂത്രണവും ആവശ്യമാണെന്ന് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള പ്രധാന ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ജില്ല തിരിച്ചുള്ള വിവരം അനുബന്ധം 4.3.54 -ലും രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടേത് അനുബന്ധം 4.3.55 -ലും ചേർത്തിട്ടുണ്ട്.
ബി. സാമൂഹ്യ സഹായ പരിപാടികൾ
സമൂഹത്തിൽ ഉപജീവനത്തിന് വഴിയില്ലാത്ത പാവപ്പെട്ടവരുടെ ഇടയിൽനിന്ന് ദാരിദ്ര്യവും മറ്റ് പിന്നോക്കാവസ്ഥയും തുടച്ച് നീക്കാൻ ലക്ഷ്യമിട്ട പരിപാടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വിവിധ സാമൂഹ്യ സഹായ പരിപാടികൾ ചുവടെ ചേർക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ
വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മേലെ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ എന്നിവയാണ് പ്രധാനപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ. ഇതിൽ ആദ്യത്തെ മൂന്നെണ്ണം ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ ഭാഗമാണ്. ഈ പെൻഷൻ പദ്ധതികൾക്ക് കേന്ദ്ര സഹായം ലഭിക്കുന്നുണ്ട്. 2015, ഏപ്രിൽ മാസം മുതൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴിയാണ് പെൻഷൻ വിതരണ നടപടികൾ നടപ്പാക്കിവരുന്നത്. 2017 മാർച്ച് 31 വരെ സംസ്ഥാനത്ത് 42.45 ലക്ഷം പെൻഷൻകാർ ഉണ്ടായിരുന്നു. വാർദ്ധക്യകാല പെൻഷൻ വിഭാഗത്തിലും (49.02 ശതമാനം) തുടർന്ന് വിധവാ പെൻഷനിലുമാണ് (29.15 ശതമാനം) ഏറ്റവും കൂടുതൽ പെൻഷൻകാർ ഉള്ളത് (ചിത്രം 4.3.11 ).
പെൻഷൻ പദ്ധതികളിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ തിരുവനന്തപുരം ജില്ല യിലും കുറഞ്ഞത് വയനാട് ജില്ലയിലുമാണ്. സംസ്ഥാനത്തെ എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷനുകളും ഒററ ശീർഷകത്തിൽ നിന്നും പ്രവർത്തിപ്പിക്കുകയും പെൻഷൻകാരുടെ സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്താൽ പെൻഷൻ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനും ഇതിന്റെ പരിധിയിൽ വരാത്ത ദരിദ്രരായവർക്ക് കൂടി ഈ പദ്ധതിയുടെ ആനുകൂല്യം നൽകാനും കഴിയും. ജില്ല തിരിച്ചുള്ള കണക്ക് അനുബന്ധം 4.3.56 -ൽ ചേർത്തിരിക്കുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള സാമൂഹ്യ സുരക്ഷയും ക്ഷേമവും
അസംഘടിത മേഖലയിൽ സാമൂഹ്യ സുരക്ഷാ പരിപാടികൾ നടപ്പാക്കുന്നത് ക്ഷേമനിധി ബോർഡുകളാണ്. 32 ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നതിൽ 16 എണ്ണം തൊഴിൽ വകുപ്പിന്റെ നേരിട്ടുളള നിയന്ത്രണത്തിലാണ്. ക്ഷേമനിധി ബോർഡുകളെല്ലാം തന്നെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണെങ്കിൽ മോണിറ്ററിംഗ് എളുപ്പമാക്കാനും അവയുടെ പ്രവർത്തനം ഏകീകൃത രൂപത്തിലാക്കി മാറ്റാനും കഴിയുന്നതാണ്.
മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഈ അദ്ധ്യായത്തിലെ 'വാർദ്ധക്യം' എന്ന ഭാഗത്തിൽ കൊടുത്തിട്ടുണ്ട്
അംഗപരിമിതരുടെ ക്ഷേമം
അംഗപരിമിതർക്കുള്ള സേവനം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നതുപോലെ ഭിന്നശേഷിക്കാരെ ഇനിയും വെറുതെയുള്ള ഒരു ക്ഷേമ പ്രിസത്തിൽക്കൂടി നോക്കിക്കാണാതെ ഈ പരിപാടികളെ അവകാശാടിസ്ഥാനത്തിലും വികസനോന്മുഖമായും തിരിച്ചറിയേണ്ടതുണ്ട്. നിഷ്ക്രിയരായ ഗുണഭോക്താക്കൾ എന്നതിലുപരി വികസനരംഗത്ത് തുല്യപങ്ക് വഹിക്കുന്നവരും വേണ്ട സംഭാവന ചെയ്യുന്നവരുമായി അംഗപരിമിതരെ പരിഗണിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന പരിഗണനയിലുള്ള അംഗപരിമിതരുടെ അവകാശാടിസ്ഥാനത്തിലുള്ള സമഗ്രമായ ജീവിതചക്രസമീപനത്തിന് പതിമൂന്നാം പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രതിരോധനടപടികൾ, പ്രാരംഭ നിർണ്ണയം, സി.ഇ.ഐ.സി മുഖേനയും മറ്റും ആരോഗ്യ, സാമൂഹ്യ സ്ഥാപനങ്ങൾ മുഖേനയും പ്രാരംഭ ഇടപെടൽ, സ്പെഷ്യൽ അംഗൻവാടികൾ മുഖേനയുള്ള വിദ്യാഭ്യാസ പിന്തുണ, ബഡ്സ് സ്കൂളുകൾ, മാതൃകാശിശുപുനരധിവാസ കേന്ദ്രങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസം, വൊക്കേഷണൽ പരിശീലനം, ഷെൽറ്റേഡ് ശില്പശാലകൾ, സാമൂഹ്യാധിഷ്ഠിത പുനരധിവാസം, അസിസ്റ്റഡ് ലീവിംഗ് പ്രോജക്ടുകൾ എന്നിവ ഇതിലുൾപ്പെടുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രവേശനം നല്കുന്നതിനോടൊപ്പം തന്നെ അവർക്കനുയോജ്യമായ യാന്ത്രിക ഘടനകൂടി തയ്യാറാക്കേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് അദ്ധ്യാപകർക്ക് അവബോധം നൽകേണ്ടതുമാണ്. ആശുപത്രികളിൽ നിലവിൽ നഴ്സിംഗ് പരിശീലനം നൽകുന്നതുപോലെ സ്പെഷ്യൽ എഡ്യൂക്കേഷൻ പരിശീലന പരിപാടി കൂടുതൽ പ്രയോഗികമാക്കേണ്ടതാണ്. നിലവിലുള്ള സിദ്ധാന്തപരമായ സമ്പ്രദായം മാറേണ്ടതുണ്ട്. പെരുമാറ്റ വൈകല്യമുള്ളവർ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. വ്യക്തി സംരക്ഷണ പദ്ധതി രൂപീകരണവും തുടർനടപടികളും മറ്റൊരു വലിയ സംരംഭമാണ്. ഇതിന് സേവനങ്ങളുടെയും, വിഭവങ്ങളുടെയും, സ്ഥാപനങ്ങളുടെയും ഒരു സംയോജനം ആവശ്യമാണ്.
കേരളത്തിൽ കേരള സാമൂഹ്യ സുരക്ഷാമിഷന്റെ നേതൃത്വത്തിൽ 2015 -ൽ ഒരു അംഗപരിമിത സർവേ നടത്തുകയുണ്ടായി. 22 തരത്തിലുള്ള വൈകല്യം അടിസ്ഥാനമാക്കി നടത്തിയ ഈ സർവേ ഇന്ത്യയിലെ തന്നെ ആദ്യത്തേയാണ്. ഇതനുസരിച്ച് കേരളത്തിൽ 7.94 ലക്ഷം പേർ അംഗപരിമിതരാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയിൽ 2.32 ശതമാനം വരും. അംഗപരിമിതരിൽ സ്ത്രീകൾ 44.57 ശതമാനവും, പട്ടികജാതി വിഭാഗത്തിലുള്ളവർ 10.93 ശതമാനവും, പട്ടികവർഗ്ഗക്കാർ 2.15 ശതമാനവുമാണ്. ഏറ്റവും കൂടുതൽ അംഗപരിമിതർ മലപ്പുറം ജില്ലയിലും (12.5 ശതമാനം) തുടർന്ന് തിരുവനന്തപുരം (9.72 ശതമാനം) ജില്ലയിലും ഏറ്റവും കുറവ് വയനാട് (2.91 ശതമാനം) ജില്ലയിലുമാണ്. വൈകല്യത്തിന്റെ ലക്ഷണം നോക്കിയാൽ ചലനവൈകല്യം ഏറ്റവും മുന്നിലും (32.89 ശതമാനം) ബഹുഗുണവൈകല്യം (17.31 ശതമാനം) രണ്ടാമതുമാണ്.
അംഗപരിമിതർക്കായുള്ള സംസ്ഥാന നയം
കേരള സർക്കാർ 2015-ൽ വികസന പ്രക്രിയ, പ്രവർത്തന നടപടി, മറ്റ് പരിപാടികൾ തുടങ്ങിയ മേഖലകളിൽ വൈകല്യത്തിന്റെ മാനം അനിവാര്യവും അത്യന്താപേക്ഷിതവുമാണെന്ന് അംഗീകരിച്ചുകൊണ്ട് അംഗപരിമിതർക്കായുള്ള ഒരു നയം നിയമമാക്കി. വികസനപ്രക്രിയയിൽ അംഗപരിമിതരുടെ പങ്കാളിത്തം ഉറപ്പാക്കുക, വൈകല്യം ഒരു മനുഷ്യാവകാശ പ്രശ്നമായി കണക്കാക്കുക, അധിക്ഷേപത്തിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുക, ഉൾപ്പെടുത്തൽ വികസനത്തിൽ അനുകൂലമായ സാഹചര്യവും മനോഭാവവും സൃഷ്ടിക്കുക, അംഗപരിമിതരുടെ ശാക്തീകരണം തുടങ്ങിയവയ്ക്ക് ഈ നയം ഊന്നൽ കൊടുക്കുന്നു. നിഷ്ക്രിയരായ ഗുണഭോക്താക്കൾ എന്നതിലുപരിയായി വികസന രംഗത്ത് തുല്യപങ്ക് വഹിക്കുന്നവരും വേണ്ട സംഭാവന ചെയ്യുന്നവരുമായി അംഗപരിമിതരെ കണക്കാക്കേണ്ടിയിരിക്കുന്നു.
പ്രധാന നിർദ്ദേശങ്ങൾ
ഭിന്നശേഷിക്കാർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്)
വൈകല്യരംഗത്തെ പ്രമുഖ സ്ഥാപനമായ നിഷ് അംഗപരിമിതരായവർക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ മികച്ച അവസരം ഒരുക്കുന്നു. നാഷണൽ യൂണിവേഴ്സിറ്റി ഫോർ ഡിസബിലിറ്റീസ് സ്റ്റഡീസ് ആന്റ് റീഹാബിലിറ്റേഷൻ സയൻസസ് ആയി നിഷിനെ പ്രഖ്യാപിച്ചിട്ടുണ്ട്. കേൾവിശേഷി വിലയിരുത്തൽ, സ്പീച്ച് ലാംഗ്വേജ് റീഹാബിലിറ്റേഷൻ, പ്രീ-സ്ക്കൂൾ പരിപാടികൾ, ഇ.എൻ.റ്റി. സേവനങ്ങൾ, മനഃശാസ്ത്രസേവനം, സ്പീച്ച് തെറാപ്പി, കേൾവിശേഷിയില്ലാത്തവർക്കായുള്ള ഡിഗ്രി കോഴ്സുകൾ, മനുഷ്യവിഭവ വികസനത്തിലുള്ള ഡിഗ്രി, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകൾ ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഈ സ്ഥാപനത്തിൽ ലഭിക്കുന്നു.
2016 ഏപ്രിൽ മുതൽ 2017 മാർച്ച് വരെ നിഷിന്റെ പ്രാരംഭ ഇടപെടൽ പരിപാടി 226 കെയ്സുകൾ (കുട്ടികളുടെ എണ്ണം) കൈകാര്യം ചെയ്യുന്നതു കൂടാതെ, ഹിയറിംഗ് ആന്റ് സ്പീച്ച് ലാംഗ്വേജ് ഡിസോഡർ പരിപാടിയിൽ 4553 കെയ്സുകളും ആരോഗ്യ, മനഃശാസ്ത്ര തുടർ സേവന പരിപാടിയിൽ 2,165 കെയ്സുകളും കൈകാര്യം ചെയ്തു. നിഷ് നടത്തിയ അക്കാഡമി പരിപാടികൾ 188 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെട്ടു. പരിശീലനം, വ്യാവസായ ഉദ്യോഗ നിയമനം എന്നീ പരിപാടികൾ 24 പേർക്കും വോളണ്ടിയറിംങ്ങ് ആന്റ് ഇന്റേണ്‍ഷിപ്പ് 43 പേർക്കും അവസരം നല്കി.
കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ
അംഗപരിമിതരുടെ സാമ്പത്തിക ഉന്നമനത്തിനും പുനരധിവാസത്തിനുമുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ നടപ്പാക്കുന്നു. 2016-17-ൽ ട്രൈസൈക്കിൾ, വീൽചെയർ, ശ്രവണ സഹായി എന്നിവ 1,455 അംഗപരിമിതർക്കു നൽകുകയുണ്ടായി. സ്ത്രീകൾ ഉൾപ്പെടെ 23 പേർക്ക് 10,000 രൂപ ക്രമത്തിൽ യന്ത്രവത്കൃത ട്രൈസൈക്കിൾ സബ്സിഡിയിനത്തിൽ നൽകുകയുണ്ടായി. ദേശീയ വികലാംഗ സാമ്പത്തിക വികസന കോർപ്പറേഷന്റെ സഹായത്തോടെ സ്വയം തൊഴിൽ പദ്ധതിക്കായി 92 അംഗപരിമിതർക്ക് കോർപ്പറേഷൻ വായ്പ വിതരണം ചെയ്തു (63 പുരുഷന്മാർ, 29 സ്ത്രീകൾ). ഇതു കൂടാതെ കോർപ്പറേഷൻ സ്വന്തമായി 214 പേർക്ക് (150 പുരുഷന്മാർ, 64 സ്ത്രീകൾ) സ്വയം തൊഴിലിനുള്ള വായ്പ നൽകുകയും പാറശ്ശാല വൃദ്ധമന്ദിരത്തിൽ അംഗപരിമിതരായ 18 പുരുഷന്മാർക്കും 6 സ്ത്രീകൾക്കും പുനരധിവാസവും നൽകി. ഗുരുതരമായ ഭിന്നശേഷിയുള്ള കുട്ടികൾക്ക് 20,000 രൂപ ക്രമത്തിൽ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം പ്രകാരം 235 കുട്ടികൾക്ക് (111 പെണ്‍കുട്ടികൾ, 124 ആണ്‍കുട്ടികൾ) കോർപ്പറേഷൻ സഹായം നൽകിയിട്ടുണ്ട്. 2017-18 -ൽ സഹായസാമഗ്രികളായ ട്രൈസൈക്കിൾ, വീൽചെയർ, ശ്രവണ സഹായി എന്നിവ 648 അംഗപരിമിതർക്കു നൽകുകയും ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 20,000 രൂപ ക്രമത്തിൽ 35 കുട്ടികൾക്ക് സഹായം നൽകുകയും ദേശീയ വികലാംഗ സാമ്പത്തിക വികസന കോർപ്പറേഷന്റെ സഹായത്തോടെ 58 അംഗപരിമിതർക്ക് സ്വയം തൊഴിലിനുള്ള വായ്പയും അനുവദിച്ചു.
അംഗപരിമിതർക്ക് വേണ്ടിയുള്ള സംസ്ഥാന കമ്മീഷണറേറ്റ്
കേന്ദ്രസർക്കാരിന്റെ 1995 -ലെ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് നിയമപ്രകാരം സ്ഥാപിതമായതാണ് ഈ സ്ഥാപനം. അംഗപരിമിതർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനം, സംസ്ഥാനത്ത് ഇവർക്ക് വേണ്ടി അനുവദിക്കുന്ന ഫണ്ട് യഥാവിധി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക എന്നതുമാണ് കമ്മിഷണറേറ്റിന്റെ പ്രധാന ചുമതല. ബോധവത്കരണ ക്യാമ്പുകൾ നടത്തുക, അംഗപരിമിതരുടെ പരാതികൾക്ക് പരിഹാരം കാണുക, ഇവർക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തുക എന്നിവയാണ് കമ്മീഷണറേറ്റിന്റെ മറ്റ് പ്രവർത്തനങ്ങൾ.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ)
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഒരു പുതിയ സംരംഭമാണ് എൻ.ഐ.പി.എം.ആർ. ബഹുഗുണ വൈകല്യമുള്ള കുട്ടികൾക്കും, സെറിബ്രൽ പാൾസി ഉൾപ്പെടെ മറ്റ് ക്രമക്കേടുകൾ ബാധിച്ച മുതിർന്നവർക്കുമുളള രോഗ നിർണ്ണയം, തെറാപ്പി ചികിത്സ എന്നിവ ഈ സ്ഥാപനത്തിലൂടെ നൽകുന്നു. ഈ സ്ഥാപനത്തിന്റെ ആഡിയോളജി സ്പീച്ച് ലാംഗ്വേജ് പാതോളജി ഡിപ്പാർട്ടുമെന്റ് ശരാശരി 20 ഉപഭോക്താക്കൾക്ക് ഏറെയും കുട്ടികൾക്ക് സ്പീച്ച് തെറാപ്പി നൽകുന്നു. സ്ട്രോക്ക്, അപകടം എന്നിവ വന്നവരെയും ഇവിടെ ചികിത്സിക്കുന്നുണ്ട്. പ്രോസ്തെറ്റിക് ആന്റ് ഓർത്തോപീഡിയാക് വകുപ്പിന്റെ നവീകരണം നടന്നു വരുന്നു. മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൊഗ്നിറ്റീവ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഡിസോഡർ ആന്റ് ന്യൂറോ സയൻസും, ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററും വൈകല്യ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ പൊതുജനാരോഗ്യ അദ്ധ്യായത്തിൽ കൊടുത്തിട്ടുണ്ട്.
അംഗപരിമിതർക്കുള്ള പരിപാടികൾ
അംഗപരിമിതരുടെ ക്ഷേമത്തിനുള്ള പദ്ധതികൾ സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ നടപ്പാക്കുന്നു. സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യസുരക്ഷാ മിഷനും ഏറ്റെടുക്കുന്ന പരിപാടികൾ താഴെ ചേർക്കുന്നു.
അംഗപരിമിതർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി
2015 -ലെ ഭിന്നശേഷിവിഭാഗക്കാരുടെ സർവ്വേ പ്രകാരം കേരളത്തിൽ 7-9 ലക്ഷം പേർ ഭിന്നശേഷിക്കാരാണ്. അംഗപരിമിത നിയമം, 1995 പ്രകാരം എല്ലാ അംഗപരിമിതർക്കും സർട്ടിഫിക്കറ്റ് നല്കേണ്ടത് നിർബന്ധമാണ്. 2009 മുതൽ 2015 മാർച്ച് വരെ കേരള സാമൂഹ്യസുരക്ഷാ മിഷൻ 1495 ക്യാമ്പുകൾ സംഘടിപ്പിച്ച് 283,277 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി. 2017-18 -ൽ 31 ക്യാമ്പുകൾ സംഘടിപ്പിച്ച് 7,750 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി. അംഗപരിമിതരായവർക്ക് ദൂരെ സ്ഥലത്ത് പോയി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ ലഘൂകരിക്കാൻ ഇത്തരത്തിലുള്ള ക്യാമ്പുകൾ സഹായകമായി.
ആശ്വാസകിരണം
കടുത്ത മാനസികവെല്ലുവിളികൾ നേരിടുന്നവർക്കും ശാരീരിക വൈകല്യം ബാധിച്ച് ശയ്യാവലംബികളായവർക്കും 100 ശതമാനം അന്ധതയുള്ളവരെയും, ക്യാൻസർ, സെറിബ്രൽ പൾസി, ഓട്ടിസം, മാനസിക പരാധീനത ഉള്ളവരെയും പരിചരിക്കുന്ന സഹായികൾക്ക് കേരള സാമൂഹ്യ സുരക്ഷാമിഷൻ വഴി ധനസഹായം നൽകുന്നതാണ് ഈ പദ്ധതി. 2016-17 കാലയളവിൽ 90251 പരിചരണ സഹായികൾക്ക് ധനസഹായം നൽകി.
വിശപ്പു വിമുക്ത നഗരം
ആഹാരം വേണ്ടവർക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതി ആദ്യമായി ആരംഭിച്ചത് കോഴിക്കോട് നഗരത്തിലാണ്. 2016-17-ൽ 970157 പേർ ഗുണഭോക്താക്കളായി.
സ്റ്റേറ്റ് ഇനിഷ്യേറ്റീവ്സ് ഓണ്‍ ഡിസബിലിറ്റീസ് (എസ്.ഐ.ഡി)
വൈകല്യം തടയുക, നിർണ്ണയിക്കുക, മുൻകൂട്ടി ഇടപെടുക, അംഗപരിമിതർക്ക് വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ വേണ്ടി സർക്കാർ പ്രത്യേക താല്പര്യമെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാമൂഹ്യനീതി വകുപ്പാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഈ പരിപാടിയുടെ പ്രധാന നേട്ടങ്ങൾ ചുവടെ ചേർക്കുന്നു.
സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിമെൻഷ്യാ
ഡിമെൻഷ്യാ രോഗികളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട ഈ പദ്ധതി പ്രകാരം തൃശ്ശൂർ മുനിസിപ്പാലിറ്റിയിൽ ഒരു ഡേ കെയർ സെന്ററും എടവനക്കാട് വൃദ്ധസദനത്തിൽ ഒരു പൂർണ്ണസമയ സെന്ററും സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചു.
ഇൻസൈറ്റ് പ്രോജക്ട്
അറിവുനേടുന്നതിനും ആശയവിനിമയം നടത്തുന്നതിനും അംഗപരിമിതർ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുമായി 2007-ൽ ഇൻസൈറ്റ് പ്രോജക്ട് ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഈ പരിപാടി ഊന്നൽ നൽകിയത് കാഴ്ചവൈകല്യമുള്ളവരിലാണ്. 2009 -ൽ ധാരണാശക്തികൊണ്ടു് തിരിച്ചറിയുന്നതിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഒരു പരിശീലനപരിപാടികൂടി ഈ പ്രോജക്ടിൽ ഉൾപ്പെടുത്തി. കേരള സംസ്ഥാന ഐ.ടി.മിഷന്റെ ധനസഹായത്തോടെയുള്ള ഈ പ്രോജക്ട് നടപ്പാക്കുന്നത് ‘സ്പേസ്’ എന്ന ലാഭരഹിത സംഘടനയാണ്. 2013 -ൽ ഈ പദ്ധതി സാമൂഹ്യനീതി വകുപ്പിന് കൈമാറി. ഇതിൽ കാഴ്ച വൈകല്യമുള്ളവർക്കായുള്ള പദ്ധതി നടപ്പാക്കുന്നതിനായി കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്ന സംഘടനയ്ക്ക് കൈമാറുകയും കൊഗ്നിറ്റീവ് വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പദ്ധതി ‘സ്പേസ്’ തുടരുകയും ചെയ്തു. ഇവർക്കായുള്ള ഇൻസൈറ്റ് പ്രോജക്ട് 60 -ൽ കൂടുതൽ കുട്ടികൾക്ക് സഹായം നൽകുന്നു (അടിസ്ഥാനനൈപുണ്യവും വിദ്യാഭ്യാസപരമായ പരിശീലനവും ഉൾപ്പെടെ). പാരമ്പര്യ സമ്പ്രദായങ്ങളുടെയും പുതിയ സാങ്കേതിക വിദ്യയുടെയും ഒരു സംയോജനമാണ് ഇത്. സ്പേസിൽ പുതിയ സാങ്കേതിക വിദ്യ ഉപകരണങ്ങളും പ്രയോഗവും പരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. പരിശീലനകേന്ദ്രങ്ങൾ സോഫ്റ്റ് വെയർ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യക്തിഗത വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കുട്ടികളിലുണ്ടാകുന്ന മികവ് ക്രമപ്രകാരം നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു. പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിനായി നൂതന വിദ്യാഭ്യാസപരമായ പാഠഭാഗങ്ങളും ഉപകരണങ്ങളും വികസിപ്പിച്ചുവരുന്നു. പ്രത്യേക വിദ്യാഭ്യാസത്തിനുള്ള ICT പരിശീലന പരിപാടികൾ, പാഠഭാഗങ്ങൾ തയ്യാറാക്കൽ, മാതാപിതാക്കൾക്കുള്ള പരിശീലനം എന്നിവയും നടപ്പാക്കിവരുന്നു. ഈ പരിപാടിയിലൂടെ മറ്റു സംഘടനകൾക്കും നേരിട്ടല്ലാതെ അറിവു ലഭിക്കുന്നു. ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ കൂടുതൽ ജനങ്ങൾക്ക് അറിവു പകരുന്നതിനും പരിപാടിയുടെ നേട്ടങ്ങൾ ലഭ്യമാക്കാനും കഴിയുന്നു.
വനിതാക്ഷേമം
സംസ്ഥാന ജനസംഖ്യയുടെ 52 ശതമാനം സ്ത്രീകളും കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 1084 സ്ത്രീകളുമാണ്. ഇന്ത്യയിൽ സ്ത്രീ സാക്ഷരത ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണ് (92 ശതമാനം). ഇന്ത്യയിലെ സ്ഥിതിവിശേഷവുമായി താരതമ്യം ചെയ്യുമ്പോൾ ശിശുമരണനിരക്ക് കേരളത്തിൽ വളരെ കുറവാണ്. കേരളത്തിലെ സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥാവിശേഷം ജെൻഡർ വികസനം എന്ന ഭാഗത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വനിതാശാക്തീകരണത്തിനുള്ള സ്ഥാപനങ്ങളെക്കുറിച്ചും സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പുനരധിവാസത്തിനായുള്ള പ്രധാന പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന
19 വയസ്സിന് മുകളിൽ പ്രായമുള്ള ഗർഭിണികളായ സ്ത്രീകൾക്ക് ആദ്യത്തെ രണ്ട് പ്രസവങ്ങൾക്ക് ധനസഹായം നൽകുന്ന ഈ കേന്ദ്ര പദ്ധതി പാലക്കാട് ജില്ലയിൽ നടപ്പാക്കി വരുന്നു.
സ്നേഹസ്പർശം
കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി മുഖാന്തിരം 1,000 രൂപ ധനസഹായം നൽകി അവിവാഹിതരായ അമ്മമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. 2017-18 -ൽ 2,044 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
വനിതാവികസന പദ്ധതികൾ
സ്ത്രീധന നിരോധനം, ഗാർഹിക പീഢനം, ലൈംഗീക അധിക്ഷേപത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുക, പിഢനത്തിന് ഇരയാകുന്നവരുടെ പുനരധിവാസവും നഷ്ടപരിഹാരവും, വനിത കുടുംബനാഥയായിട്ടുള്ളവർക്കും ബി.പി.എൽ കുടുബത്തിലെ വനിതകൾക്കുമുള്ള സഹായം, സ്വയം തൊഴിൽ ചെയ്യുന്ന കുറഞ്ഞ വേതനം പറ്റുന്ന സ്ത്രീകളുടെ കാര്യശേഷി ഉയർത്താനുള്ള ധനസഹായം എന്നീ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ഒരു മുഖ്യ പദ്ധതിയാണിത്.
നിർഭയാ പരിപാടികൾ
സാമൂഹ്യനീതി വകുപ്പിന്റെ നിർഭയാ പദ്ധതി ലൈംഗിക പീഢനത്തിന് ഇരയായ സ്ത്രീകൾക്ക് സംരക്ഷണം നൽകാനുള്ള നിർഭയാകേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് വിഭാവനം ചെയ്യുന്നു. ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ സംരക്ഷണത്തിനായി 12 ഷെൽട്ടർ ഹോമുകൾ പ്രവർത്തിച്ചു വരുന്നു (തിരുവനന്തപുരം– 3, കൊല്ലം-1, എറണാകുളം-1, തൃശ്ശൂർ-1, കാസർഗോഡ്-1, കോഴിക്കോട്-1, മലപ്പുറം-1, പാലക്കാട്-1, വയനാട്-1, ഇടുക്കി-1). ഈ പദ്ധതിയുടെ കീഴിൽ സംസ്ഥാനത്തെ 14 ജില്ലാ ആശുപത്രികളിലുമായി 21 വണ്‍സ്റ്റോപ്പ് ക്രൈസിസ് സെൽ പ്രവർത്തനമാരംഭിച്ചിരുന്നു. ലൈംഗിക പീഢനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് വേണ്ടുന്ന അടിയന്തിര ആരോഗ്യ പരിചരണം, മനഃ ശാസ്ത്ര കൗണ്‍സലിംഗ്, പോലീസ് സഹായം, നിയമസഹായം, സുരക്ഷിത ഷെൽട്ടർ സേവനം എന്നിവ ഈ സെല്ലുകളിലൂടെ നൽകുന്നു. 2016-17-ൽ (2017 ആഗസ്റ്റ് 30 വരെ) ഈ കേന്ദ്രങ്ങൾ 331 സ്ത്രീകൾക്ക് സഹായം നൽകി. വനിതകൾക്കും കുട്ടികൾക്കും മാത്രമായുള്ള 3 അതിവേഗ കോടതികൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിച്ചു.
വണ്‍ സ്റ്റോപ്പ് കേന്ദ്രം
പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വച്ച് പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സഹായവും പിന്തുണയും വണ്‍ സ്റ്റോപ്പ് കേന്ദ്രം മുഖേന നൽകി വരുന്നു. തിരുവനന്തപുരത്ത് ഈ കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ട്. കേന്ദ്ര സർക്കാർ 2016-17 -ൽ പുതിയ 4 വണ്‍ സ്റ്റോപ്പ് കേന്ദ്രങ്ങൾ തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ അനുവദിച്ചിട്ടുണ്ട്.
ഭിന്നലിംഗക്കാർ
ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്കായിട്ടുള്ള നയം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. ഇതിൽ ഭൂരിഭാഗം പേരും തന്റെ വ്യക്തിത്വം വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. ഭിന്നലിംഗക്കാർ അവരുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്കായി വളരെയധികം കഷ്ടപ്പേടേണ്ടിവരുന്നു. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കേരളത്തിൽ 2015-16 -ൽ നടത്തിയ ഭിന്നശേഷിക്കാരുടെ സർവ്വേ പ്രകാരം 1,187 ഭിന്നലിംഗക്കാരാണുള്ളത്. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി 2016-17 -ൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നു. 3 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനും ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ജീവിക്കാൻ ആവശ്യമായ പരിശീലനം നൽകുന്നതിനും ജില്ലാതല ശില്പശാല സംഘടിപ്പിക്കുന്നതിനും വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. 2017-18 -ൽ ഭിന്നലിംഗക്കാർക്കായി ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പ്രധാന ഘടകങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ബോക്സ് 4.3.11 -ൽ ചേർത്തിരിക്കുന്നു.
ബേട്ടി ബച്ചാവോ ബേട്ടീ പഠാവോ
സാമൂഹ്യ നീതി വകുപ്പ് തൃശ്ശൂർ ജില്ലയിൽ പൈലറ്റ് ആയി ആരംഭിച്ച ഈ പദ്ധതി ഒരു കേന്ദ്ര പദ്ധതിയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് സുദീർഘമായി പരിഹാരം കാണുവാനും കുറഞ്ഞുവരുന്ന ആണ്‍-പെണ്‍ അനുപാതത്തിന്റെ ഗതി തിരിച്ചുവിടാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പെണ്‍കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമുള്ള കേന്ദ്രസഹായം ഈ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്.
കേരള സംസ്ഥാന വനിതാ കമ്മീഷൻ
സ്ത്രീകൾക്കെതിരെയുള്ള ന്യായരഹിതമായ ഏർപ്പാടുകളെപ്പറ്റി അന്വേഷിക്കാനും പരിഹാരം നിർദ്ദേശിക്കാനും, സ്ത്രീകളുടെ പദവി ഉയർത്താനുമായി 1996 –ൽ കമ്മീഷൻ നിലവിൽ വന്നു. ജെൻഡർ അവബോധന പരിപാടികൾ, നിയമ പരിശീലനം/സെമിനാർ, അദാലത്തുകൾ ഡി.എൻ.എ പരീക്ഷണം എന്നീ പ്രവർത്തനങ്ങൾ കമ്മീഷൻ ഏറ്റെടുക്കുന്നു. 2016-17 -ൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റിയുള്ള 262 നിയമപരിശീലനങ്ങൾ/സെമിനാറുകൾ, പഞ്ചായത്ത് ജാഗ്രതാസമിതി പ്രവർത്തകർക്ക് വനിതകളുമായി ബന്ധപ്പെട്ട നിയമങ്ങൾ മറ്റ് നിയമ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള 46 കൗണ്‍സലിംഗ്/നൈപുണ്യ പരിശീലനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ 120 അദാലത്തുകൾ സംഘടിപ്പിച്ച് 3,350 പരാതികൾക്ക് തീരുമാനം എടുക്കുകയും ചെയ്തു. ജെൻഡർ അവബോധന പരിപാടികൾ പ്രകാരം 27 വിവാഹപൂർവ കൗണ്‍സലിംഗ് പരിപാടികൾ വനിതാ സർക്കാരിതര സംഘടനകളുടെ പങ്കാളിത്തത്തോടെ സംസ്ഥാനമൊട്ടാകെ നടത്തുകയും, 309 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെൻഡർ സൂക്ഷ്മബോധന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
2016-17 കാലയളവിൽ കമ്മീഷന് 6,402 പരാതികൾ ലഭിച്ചു. പരാതികളുടെ സ്വഭാവം പരിശോധിച്ചാൽ സ്ത്രീകൾക്കെതിരെയുള്ള ഗാർഹികപീഡനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, കുടുംബപ്രശ്നങ്ങൾ എന്നിവ വർദ്ധിച്ചുവരുന്നതായി കാണാം. മാർച്ച് 2017 വരെ പരാതികളുടെ ഇനം തിരിച്ചും ജില്ല തിരിച്ചുമുള്ള വിവരം അനുബന്ധം 4.3.57 -ൽ ചേർത്തിരിക്കുന്നു.
കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷൻ
വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതിയും ജെൻഡർ അവബോധന മുൻനിര പരിപാടി, ഫിനിഷിംഗ് സ്ക്കൂൾ എന്നിവയുടെ ഫ്ലാഗ്ഷിപ്പ് പരിപാടികളുമാണ് കോർപ്പറേഷന്റെ പ്രധാന പരിപാടികൾ. നാഷണൽ കോർപ്പറേഷന്റെ സ്വയം തൊഴിൽ വായ്പാപദ്ധതി പ്രകാരം 1,772 വനിതകൾക്ക് 35.74 കോടി രൂപ വിതരണം നടത്തി. സംസ്ഥാന പദ്ധതി വിഹിതമായ 3 കോടി രൂപ പൊതുവിഭാഗത്തിൽപ്പെട്ട 173 സ്ത്രീകൾക്കും കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ നൽകി. സംസ്ഥാനത്താകെ 49 ഷീ-ടോയിലറ്റ് യൂണിറ്റുകൾ കോർപ്പറേഷൻ സ്ഥാപിച്ചു. ഇതിൽ 8 എണ്ണം പ്രധാന റെയിൽവേ സ്റ്റേഷനുകളിലായിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കും ആർത്തവസംബന്ധമായ ആരോഗ്യവും ശുചിത്വവും പാലിക്കുന്നതിന് ഉയർന്ന നിലവാരമുള്ള സാനിട്ടറി പാഡുകൾ മിതമായ വിലയ്ക്ക് നൽകുകയും സംസ്ഥാനത്തുടനീളം 623 സ്ക്കൂളുകളിൽ വെൻഡിംഗ് മെഷിനും ഇൻസിനറേറ്ററും സ്ഥാപിക്കുകയും ചെയ്തു. മുൻനിര ഫിനിഷിംഗ് സ്കൂൾ പരിപാടിയിൽ ഉൾപ്പെടുത്തി, തിരുവനന്തപുരത്തും കണ്ണൂരും പ്രവർത്തിക്കുന്ന റിസോഴ്സ് എൻഹാൻസ്മെന്റ് അക്കാഡമി ഫോർ കരിയർ ഹൈറ്റ്സ് (റീച്ച്) മുഖേന 712 വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നല്കി. ഇ.ഡി.പി/സ്വയം തൊഴിൽ പരിശീലന പരിപാടികൾ 7 ജില്ലകളിൽ 800 വനിതകൾക്കും പ്രയോജനപ്പെട്ടു. ജെൻഡർ അവബോധ പരിപാടിയുടെ ഭാഗമായി 40 വനിതാ കോളേജുകളിൽ വനിതാസെല്ലുകൾ തുടങ്ങുകയുണ്ടായി. സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് യുവജനങ്ങൾക്ക് അവബോധം ഉണ്ടാക്കാനും ദൈനംദിന പ്രവൃത്തികൾ സുഗമമായി നിർവ്വഹിക്കാൻ കഴിയത്തക്ക തരത്തിൽ സജ്ജരാക്കുകയെന്നതുമാണ് വനിതാ സെല്ലിന്റെ പ്രധാന ലക്ഷ്യം. ലിംഗസമത്വം സംബന്ധിച്ച് ആശയം പ്രചരിപ്പിക്കുന്നതിനും ലിംഗ സൗഹൃദമായ കാമ്പസ് ഉണ്ടാക്കുന്നതിനുമായി സംസ്ഥാനത്തെ മിക്സഡ് കോളേജുകളിൽക്കൂടി വനിതാസെൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കായി വനിതാശിശു വികസന മന്ത്രാലയം വിഭാവനം ചെയ്തപോലെ ഒരു ഹെൽപ്പ് ലൈൻ സംവിധാനം - അത്യാവശ്യ ഉത്തരവാദിത്വ സംവിധാനം ഉണ്ട്. മിത്ര ഹെൽപ് ലൈൻ (181) 2017 മാർച്ച് 27-ന് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുകയും ആവശ്യമായ സ്ത്രീകൾക്ക് (24x7) സമീപിക്കാവുന്ന വിധത്തിലും അടിയന്തിര ഉത്തരവാദിത്വ സേവനങ്ങൾ നൽകി വിജയകരമായി പ്രവർത്തിക്കുന്നു. 6,300 -ൽ പരം കേസുകളിൽ ഈ ഹെൽപ് ലൈൻ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടുണ്ട്.
ജെൻഡർ പാർക്ക്
ലിംഗസമത്വം, വനിതാശാക്തീകരണം എന്നിവ സംബന്ധിച്ചുള്ള പഠനം, ഗവേഷണം എന്നിവയ്ക്കുള്ള ഒരു വേദിയായാണ് സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് ജെൻഡർ പാർക്ക് എന്ന ആശയം (ആരംഭിച്ചത് 2011 ലാണെങ്കിലും) 2013-ൽ പ്രാവർത്തികമാക്കിയത്. സമൂഹം ഉയർത്തുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കടമ്പകൾ തരണം ചെയ്തു ലിംഗ സമത്വത്തിനുള്ള ഒരു പ്രവേശനമാർഗ്ഗമായി ഈ വേദി പ്രയോജനപ്പെടുന്നു. കൂടാതെ, സാമ്പത്തിക സംസ്കാരിക സാമൂഹിക മേഖലകളിൽ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രധാന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നത് ഗവേഷണം – നയരൂപീകരണത്തിന് ഗവേഷണം; നൈപുണ്യ വികസന കേന്ദ്രം - കഠിനമായതും ഭാരമേറിയതുമായ യന്ത്രപ്രവർത്തനങ്ങൾ പഠിപ്പിക്കുന്നു; ഉല്പാദനകേന്ദ്രം – എസ്.ഡി.സിയുടെ ഒരു വില്പന കേന്ദ്രമോ സ്വതന്ത്ര സ്വഭാവമുള്ളതോ ആയി പ്രവർത്തിക്കാവുന്നതാണ്; ലൈബ്രറിയും ഡൊക്യുമെന്റേഷൻ സെന്ററും – ഗവേഷണ ഗ്രന്ഥങ്ങളും സ്ത്രീകളുടെ പൈതൃക ചരിത്രങ്ങളും പൈതൃക മ്യൂസിയത്തിൽ സൂക്ഷിക്കണം,. സ്ത്രീകൾക്ക് ഡ്രോയിംഗ്, പെയിന്റിംഗ്, ഡാൻസ്, സംഗീതം, സാംസ്കാരികപരമായ മറ്റു കലകൾ തുടങ്ങിയവയിലുള്ള കഴിവുകൾ അവതരിപ്പിക്കാനുതകുന്ന ഒരു സാംസ്കാരിക സ്ഥലം എന്നിവ ഉൾപ്പെടുന്നു. ഇതിന് ഒരു ആംഭി തിയേറ്ററും നിയമകേന്ദ്രവും ഉണ്ടായിരിക്കണം.
ജെൻഡർ പാർക്ക് ഏറ്റെടുത്ത ഷീ ടാക്സി പദ്ധതി ഇന്ത്യയിലെത്തന്നെ ആദ്യത്തെ 24x7 സമയം പ്രവർത്തിക്കുന്ന വനിതകൾ നടത്തുന്നതും തൊഴിലെടുക്കുന്നതുമായ ഒരു പ്രവർത്തനമാണ്. സ്ത്രീകളുടെ സംരംഭകത്വം, സ്വയം തൊഴിൽ, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കാൻ ടി പദ്ധതി ലക്ഷ്യമിടുന്നു.
വിമുക്ത ഭടന്മാരുടെയും യുദ്ധാനന്തര വിധവകളുടെയും ക്ഷേമം
വിമുക്ത ഭടന്മാർ, യുദ്ധാനന്തര വിധവകൾ ഇവരുടെ ആശ്രിതർ എന്നിവരെ സന്നദ്ധമാക്കാൻ സ്വയം തൊഴിൽ/തൊഴിൽപരം/സാങ്കേതികപഠനം എന്നിവയിലൂന്നിയുള്ള പുനരധിവാസ പരിശീലനമായിരുന്നു പ്രധാന പ്രവർത്തനം. 2017-18 കാലയളവിൽ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പരിശീലന സെന്ററുകൾ വഴി 184 പേർക്ക് പുനരധിവാസ തൊഴിൽ പരിശീലനം നൽകി. ഇതിൽ 57 പേർ വനിതകളാണ്. ഫാഷൻ ഡിസൈനിംഗിൽ 9 വനിതകൾക്ക് പരിശീലനം നൽകി.
തടവുകാരുടെ ക്ഷേമം
കേരളത്തിന്റെ ജയിൽ സംവിധാനത്തിൽ 44 ജയിലുകളും (വിചാരണ ചെയ്യാനുള്ള അന്തേവാസികളും ചെറിയ രീതിയിൽ ശിക്ഷയനുഭവിക്കുന്നവർക്കും) 11 പ്രിസണുകളുമുണ്ട് (ഗൗരവതരമായ കുറ്റകൃത്യത്തിന് ദീർഘകാലമായി ശിക്ഷയനുഭവിക്കുന്നവർക്കായുള്ള) 2017 മാർച്ച് വരെ 7,542 തടവുകാരുണ്ടായിരുന്നു. ഇതിൽ 190 വനിതാ തടവുകാരാണ്. വനിതാ തടവുകാരുടെ അനുപാതം കേരളത്തിൽ 2.5 ശതമാനം ആണെങ്കിൽ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ അനുപാതം 4 മുതൽ 6 ശതമാനം വരെയാണ്. ജയിലുകളുടെ ആധുനികവല്ക്കരണവും, തടവുകാരുടെ ക്ഷേമവുമാണ് ജയിൽ വകുപ്പിന്റെ രണ്ട് പ്രധാന പരിപാടികൾ. ജയിലുകളിൽ സി.സി.ടി.വി സ്ഥാപിക്കൽ, സെൻട്രൽ ജയിലുകളിൽ നൂതനമായ ഇന്റർവ്യു ഹാൾ നിർമ്മാണം, പബ്ലിക് അഡ്രസ്സ് സിസ്റ്റം, ഭരണം സംബന്ധിച്ച സംസ്ഥാനതല ശില്പശാല എന്നിവ പ്രധാനപ്പെട്ട പരിപാടികളായിരുന്നു. 2016-17 -ൽ ചീമേനി തുറന്ന ജയിലിൽ വിവിധ ഫാമുകൾ സ്ഥാപിക്കുകയും കണ്ണൂർ സെൻട്രൽ ജയിലിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കുകയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഫ്രീ ഫാഷനിസ്റ്റ് യൂണിറ്റ് വ്യാപിപ്പിക്കുകയും വകുപ്പ് തലത്തിൽ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ സെൻട്രൽ ജയിലുകളിൽ പ്രാർത്ഥനാഹാൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ജയിലുകളിലെ തടവുകാരെ സംബന്ധിച്ച വിവരം അനുബന്ധം 4.3.58 -ൽ കൊടുത്തിട്ടുണ്ട്.
കുട്ടികളുടെ ക്ഷേമം
2011 സെൻസസ് പ്രകാരം, കേരളത്തിൽ പൂജ്യത്തിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ജനസംഖ്യ സംസ്ഥാനത്തെ മൊത്തജനസംഖ്യയുടെ 30 ശതമാനം വരും. ഇതിൽ പൂജ്യം മുതൽ 6 വയസ്സുള്ളവർ 9.36 ശതമാനമാണ്. സംസ്ഥാനത്ത് 5 വയസ്സിൽ താഴെയുള്ള മരണനിരക്ക് 1,000 ൽ 12 ആണ്. കുട്ടികളുടെ നിലനില്പ്, വികാസം, സുരക്ഷ, പങ്കാളിത്തം എന്നീ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം സമഗ്ര പുരോഗതി കൈവരിച്ചിട്ടുണ്ട്.
കുട്ടികളുടെ സംരക്ഷണാവകാശം
കുട്ടികളോടുള്ള അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം എന്നിവയിൽ നിന്ന് അവരെ മോചിപ്പിച്ച് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയെന്നതാണ് കുട്ടികളുടെ സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ തരത്തിലുമുള്ള മോശമായ പെരുമാറ്റത്തിൽ നിന്നും അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിൽ കേരളം വളരെ മുന്നോട്ട് പോയിട്ടുണ്ട്. എന്നിരുന്നാലും കുട്ടികൾക്ക് സാമൂഹ്യ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന കാര്യത്തിൽ പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് നൽകേണ്ട സുരക്ഷിതത്വത്തിൽ താഴെപ്പറയുന്ന പരിമിതികൾ സംസ്ഥാനത്തിന് തടസ്സമാകുന്നു.
കുട്ടികൾക്കെതിരെയുള്ള അതിക്രമം
കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തോത് തുടർച്ചയായി ഉയർന്നു വരുന്നതോടൊപ്പം തട്ടിക്കൊണ്ടു പോകലും ബലാത്സംഗവും കൂടിവരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോവിന്റെ കണക്ക് പ്രകാരം കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 2016-ൽ 2,881 എണ്ണവും 2017 ജൂലൈ വരെ 2,037 എണ്ണവുമാണ്.
പെണ്‍കുട്ടികൾ
ഇന്ത്യയിൽ പൂജ്യം മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികളുടെ ആണ്‍പെണ്‍ അനുപാതത്തിൽ പെട്ടെന്ന് വന്നിട്ടുള്ള കുറവ് വനിതാശാക്തീകരണത്തിനെതിരായുള്ള ഒരു പ്രധാന സൂചകമാണ്. 2001 -ൽ ഈ അനുപാതം 1,000 ആണ്‍കുട്ടികൾക്ക് 927 പെണ്‍കുട്ടികൾ എന്ന നിരക്കിലായിരുന്നു. എന്നാൽ 2011 -ൽ ഈ അനുപാതം 919 ആയി താണു. 2011 സെൻസസ് അനുസരിച്ച് കേരളത്തിൽ പൂജ്യം മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ ആണ്‍പെണ്‍ അനുപാതം (964) 2001 സെൻസസിനേക്കാൾ (960) നാല് പോയിന്റ് മുകളിലാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും ഈ അനുപാതം 1,000 ൽ താഴെയാണ്. എന്നിരുന്നാലും ആലപ്പുഴ (951), എറണാകുളം (961), കാസർഗോഡ് (961), തൃശ്ശൂർ (950) എന്നീ ജില്ലകളിൽ ഈ അനുപാതം സംസ്ഥാന ശരാശരിയേക്കാൾ താഴെയാണെന്നുള്ളത് ആപൽസൂചകമാണ്. സെക്സ് സെലക്ഷൻ ടെക്നിക്കുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക, പെണ്‍കുട്ടികൾക്ക് പാരിതോഷികം ഏർപ്പെടുത്തുക, അവബോധനം സൃഷ്ടിക്കുക എന്നീ ഇടപെടലുകളിലൂടെ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
ശൈശവ വിവാഹം
കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണ് ശൈശവ വിവാഹം. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റം കേരളത്തിൽ ശൈശവവിവാഹം അടുത്തകാലത്ത് വർദ്ധിച്ചിട്ടുണ്ടെന്ന് യൂണിസെഫ് ചൂണ്ടിക്കാണിക്കുന്നു. യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം സമീപവർഷത്തിൽ ഹരിയാനയിലെ യുവാക്കൾക്ക് വധുക്കളെ കണ്ടെത്തുന്നതിനുള്ള സൗകര്യപ്രദമായ സ്ഥലമായി കേരളം മാറിയിട്ടുണ്ട് (വടക്കൻ സംസ്ഥാനങ്ങളിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞിരിക്കുന്നതിനാൽ). ഈ വിഷയം തുടർ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.
കുട്ടികൾക്കെതിരെയുള്ള അധിക്ഷേപം
കുട്ടികൾക്കെതിരെയുള്ള അധിക്ഷേപം പ്രത്യേകിച്ച് പെണ്‍കുട്ടികൾക്കെതിരെയുള്ള ലൈംഗിക അധിക്ഷേപ സംഭവങ്ങൾ കൂടി വരുന്നുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം, കേരളത്തിൽ 2017 ജൂലൈ വരെ 754 ലൈംഗിക അധിക്ഷേപം നടന്നിട്ടുണ്ട്. പദാർത്ഥ ദുരുപയോഗം പ്രത്യേകിച്ച് കൗമാര പ്രായക്കാരിൽ കൂടി വരുന്നു. മദ്യത്തിന്റെ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ ഉൽക്കണ്ഠ ഉളവാക്കുന്ന മറ്റ് പ്രധാന പ്രശ്നങ്ങളാണ്.
കുട്ടികളുടെ വികസനാവകാശം
കുട്ടികളുടെ ബാല്യകാലം അവരുടെ പുരോഗതിയുടെ ഏറ്റവും പ്രബലമായ കാലഘട്ടമാണ്. 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ശാരീരികം, മാനസികം, വികാരം, സാമൂഹ്യം എന്നീ തലങ്ങൾ കേന്ദ്രീകരിച്ചുള്ള സമഗ്ര പുരോഗതിയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ നാല് മണ്ഡലങ്ങളിലുമുള്ള കുട്ടികളുടെ വളർച്ചയെ പ്രോൽസാഹിപ്പിക്കുന്ന കാര്യത്തിൽ കേരളം എപ്പോഴും മുൻപന്തിയിലാണ്. എന്നിരുന്നാലും കുട്ടികളുടെ ബാല്യകാല വികസനത്തിൽ ചില തടസ്സങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രതിരോധകുത്തിവയ്പ് എടുക്കുന്ന കാര്യത്തിൽ സംസ്ഥാനം വളരെ മുന്നിലാണെങ്കിലും (ഡിസ്ട്രിക്ട് ലെവൽ ഹെൽത്ത് സർവ്വേ (ഡി.എൽ.എച്ച്.എസ്) - 4 പ്രകാരം 12 മുതൽ 23 മാസംവരെ പ്രതിരോധകുത്തിവെയ്പ് 82.5 ശതമാനം) കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വാക്സിനേഷനെതിരെയുള്ള ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. അതുപോലെതന്നെ കേരളം പൂർണ്ണമായ മുലയൂട്ടൽ (ആദ്യത്തെ 6 മാസ ശൈശവ ഘട്ടത്തിൽ) നടത്തുന്നതിൽ സാവധാന പുരോഗതിയാണ് പ്രകടിപ്പിക്കുന്നത് (ഡി.എൽ.എച്ച്.എസ് -3 പ്രകാരം 0 മുതൽ 5 വയസ്സുള്ള കുട്ടികൾക്ക് പൂർണ്ണമായ മുലയൂട്ടൽ നടത്തുന്നതിന്റെ ആധിക്യം 69.1 ശതമാനവും ഡി.എൽ.എച്ച്.എസ്-4 പ്രകാരം 69.8 ശതമാനവുമാണ്). പാലൂട്ടലിന് മുമ്പായി ആഹാരം നൽകൽ, മുലപ്പാൽ നൽകുന്നതിനുള്ള കാലതാസം, കുപ്പിപ്പാൽ നൽകൽ തുടങ്ങിയ അനാരോഗ്യപരമായ ആഹാര ഊട്ടൽ സമ്പ്രദായം കേരളത്തിൽ നടക്കുന്നുണ്ടെന്ന് അനവധി ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സാർവലൗകികമായ പ്രീ-സ്ക്കൂൾ വിദ്യാഭ്യാസത്തിന്റെ അഭാവം മറ്റൊരു പ്രധാന പ്രശ്നമാണ്. ഇതിന് അടിയന്തിര ശ്രദ്ധ നൽകേണ്ടതാണ്. റാപ്പിഡ് സർവ്വേഓഫ് ചിൽഡ്രൻ (ആർ.എസ്.ഒ.സി)-14 പ്രകാരം മൂന്ന് വയസ്സിനും 6 വയസ്സിനും ഇടയിൽ പ്രായമായ 26.2 ശതമാനം കുട്ടികൾക്ക് പ്രീ-സ്ക്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന് കാണുന്നു. കൂടാതെ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠ്യപദ്ധതിയുടെ അഭാവവും പരിഹാരം കാണേണ്ട വിഷയമാണ്.
കുട്ടികളുടെ അതിജീവനാവകാശം
ശിശുമരണ നിരക്കും നവജാത ശിശുക്കളുടെ തൂക്കകുറവിന്റെ ബാഹുല്യവും കുട്ടികളുടെ അതിജീവനത്തിൽ ഉത്കണ്ഠ ജനിപ്പിക്കുന്ന കാര്യങ്ങളാണ്. സംസ്ഥാനത്ത് ശിശുമരണ നിരക്ക് 1,000 ജനനത്തിന് 12 എന്നതിൽ നിന്ന് 8 ആയി കുറയ്ക്കാനാണ് സുസ്ഥിര വികസന ലക്ഷ്യം (എസ്.ഡി.ജി) വിഭാവനം ചെയ്യുന്നത്. അതുപോലെ 2020 ആകുമ്പോഴേക്കും മാതൃമരണ നിരക്ക് ഒരു ലക്ഷം ജനനത്തിന് 66 -ൽ നിന്ന് 30 ആയി കുറയ്ക്കാനും 5 വയസ്സിന് താഴെയുള്ള ശിശുമരണ നിരക്ക് 1,000 ജനനത്തിന് 9 ആയി കുറയ്ക്കാനും ലക്ഷ്യമിടുന്നു. മുകളിൽ പറഞ്ഞിട്ടുള്ള രംഗത്തെല്ലാം സംസ്ഥാനം കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, കുട്ടികളിലെ പോഷക വൈകല്യത്തിന്റെ ബാഹുല്യവും (ഡി.എൽ.എച്ച്-4 പ്രകാരം 5 വയസ്സിന് താഴെ ഉദ്ദേശം 21 ശതമാനം കുട്ടികൾക്ക് തൂക്കകുറവും 19.4 ശതമാനം കുട്ടികൾക്ക് വളർച്ചാമുരടിപ്പും), കുട്ടികളിലെ വിളർച്ചയും (ഡി.എൽ.എച്ച്-4 പ്രകാരം 34.6 ശതമാനം കുട്ടികൾ വിളർച്ചയുള്ളവരും, 2.4 ശതമാനം പേർ കടുത്ത വിളർച്ച ഉള്ളവരും) പ്രതിരോധകുത്തിവെയ്പ്പിന്റെ സാവധാനത്തിലുള്ള പുരോഗതിയും (സംസ്ഥാനത്ത് ഉദ്ദേശം 17 ശതമാനം കുട്ടികൾക്ക് അവരുടെ ആദ്യ ജന്മദിനത്തിന് മുമ്പായി 5 വാക്സിനുകൾ ലഭിക്കുന്നില്ല) സംസ്ഥാനത്ത് ചില ജില്ലകളിൽ കൂടുതലാണ്. പ്രത്യേകിച്ച് പട്ടിക വർഗ്ഗക്കാരുടെയിടയിൽ. ഈ പ്രശ്നങ്ങൾ എല്ലാം തന്നെ സുസ്ഥിര വികസന ലക്ഷ്യം നേടിയെടുക്കാൻ സർക്കാരിന് ഒരു വെല്ലുവിളിയായി മാറും.
കുട്ടികളുടെ പങ്കാളിത്താവകാശം
തീരുമാനങ്ങൾ എടുക്കുന്ന വേളയിൽ കുട്ടികളുടെ കാഴ്ചപ്പാട് സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള ഒരു ചുറ്റുപാട് സൃഷ്ടിക്കുകയാണ് കുട്ടികളുടെ പങ്കാളിത്താവകാശം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തിന്സമഗ്ര സംഭാവന ചെയ്യുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള അയൽക്കൂട്ട ശ്യംഖലയായ കേരളാ മോഡൽ ബാലസഭകളും ബാലപഞ്ചായത്തുകളും ദേശവ്യാപകമായി അംഗീകാരം പിടിച്ചു പറ്റിയതാണ്.
കുട്ടികളുടെ സുരക്ഷ, പരിചരണം, വളർച്ച എന്നിവയ്ക്കുളള പ്രധാന പരിപാടികൾ
സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനുമാണ് കുട്ടികളുടെ സുരക്ഷ, പരിചരണം, വളർച്ച എന്നിവയ്ക്കായുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുന്നത്. കുട്ടികൾക്കുള്ള അവകാശങ്ങൾ നടപ്പാക്കുന്നതിനായി പ്രധാനപ്പെട്ട നിയമങ്ങൾ, നയങ്ങൾ, പരിപാടികൾ എന്നിവ താഴെ പ്രതിപാദിക്കുന്നു.
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്(പോക്സോ) നിയമം 2012
കുട്ടികൾക്കെതിരെയുള്ള അധിക്ഷേപങ്ങളെക്കുറിച്ചും ലൈംഗീക കൈയ്യേറ്റം, ലൈംഗീക പീഡനം, അശ്ലീല സാഹചര്യം എന്നിവയിൽനിന്ന് കുട്ടികളെ സംരക്ഷിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ഈ നിയമം പ്രതിപാദിക്കുന്നു. പ്രസ്തുത നിയമം നടപ്പാക്കുന്നതിൽ സംസ്ഥാനം ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന പരിചരണവും സുരക്ഷയും കുട്ടികൾക്ക് നൽകാനായി സംസ്ഥാനത്തെ 9 ജില്ലകൾ കേന്ദ്രീകരിച്ച് 11 പ്രത്യേക പരിചരണ കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ ജില്ലകളിലും സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് ആരംഭിച്ചു. ഈ നിയമത്തിന്റെ കീഴിൽ വരുന്ന കേസ്സുകൾ പെട്ടെന്ന് വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു.
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
ഈ കമ്മീഷൻ നിയമ പ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബാലാവകാശം സംരക്ഷിക്കാൻ നിലവിലെ നിയമങ്ങൾ പരിശോധിച്ച് അവലോകനം നടത്തുക, കുട്ടികളുടെ അവകാശ ലംഘനം നടന്നത് അന്വേഷിക്കുക, കുട്ടികളുടെ അവകാശങ്ങളുടെ പൂർണ്ണ സ്വാതന്ത്ര്യത്തിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടു പിടിക്കുക, വസ്തുതകൾ പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കുക എന്നിവ കമ്മീഷന്റെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളാണ്. 2016-17 കാലയളവിൽ, 2,512 പരാതികൾ കമ്മീഷന് ലഭിച്ചു. ഇതിൽ 1138 പരാതികൾക്ക് പരിഹാരം കണ്ടു. പരിഹാരം കണ്ട പരാതികളിൽ 118 എണ്ണം പോക്സോ ആക്ടുമായി ബന്ധപ്പെട്ടതും, 128 എണ്ണം ആർ.റ്റി.ഇമായും ബാക്കിയുള്ളത് കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ടതുമാണ്.
ദത്തെടുക്കൽ സേവനങ്ങൾ
കേരളത്തിൽ 18 പ്രത്യേക ദത്തെടുക്കൽ ഏജൻസികളും, രാജ്യാന്തര ദത്തെടുക്കലിന് നേതൃത്വം കൊടുക്കുന്ന 5 അംഗീകൃത ദത്തെടുക്കൽ ഏജൻസികളും ലൈസൻസുള്ള മറ്റ് 20 ദത്തെടുക്കൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 2013-14 മുതൽ 2016-17 വരെ, 613 രാജ്യത്തിനകത്തുളള ദത്തെടുക്കലും 53 രാജ്യാന്തര ദത്തെടുക്കലും നടന്നു. 2016-17-ൽ കേരളത്തിൽ 136 കുട്ടികളെ ദത്തെടുത്തു. ഇതിൽ 67 പേർ പെണ്‍കുട്ടികളാണ് (രാജ്യത്തിനകത്തുള്ളത് 55 ഉം, രാജ്യാന്തരം 12 ഉം). ദത്തെടുത്ത കുട്ടികളെ സംബന്ധിച്ച വിവരം അനുബന്ധം 4.3.59 -ൽ ചേർത്തിരിക്കുന്നു.
ചൈൽഡ് ലൈൻ സേവനങ്ങൾ
അപകടാവസ്ഥയിൽപ്പെട്ട കുട്ടികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ടോൾഫ്രീ ടെലിഫോണ്‍ (1098)സേവനമാണ് ചൈൽഡ് ലൈൻ. ഇൻഡ്യയിൽ 278 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. കേരളത്തിൽ 15 സ്ഥലത്ത് (ഗ്രാമങ്ങളിൽ 3-ഉം, നഗരങ്ങളിൽ - 12 ഉം) ഈ സംവിധാനം പ്രവർത്തിക്കുന്നു. സർക്കാരിത സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ ചൈൽഡ് ലൈൻ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
സംയോജിത ശിശുവികസന സേവനങ്ങൾ (ഐ.സി.ഡി.എസ്)
കുട്ടികളുടെ ബാല്യത്തിൽതന്നെയുള്ള വളർച്ച സാധ്യമാക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒരു ഫ്ലാഗ്ഷിപ്പ് പരിപാടികളിലൊന്നാണിത്. പൂരകപോഷകാഹാരം, പ്രതിരോധകുത്തിവെയ്പ്, ആരോഗ്യപരിശോധന, റഫറൽ സർവീസസ്, ആരോഗ്യ പോഷകാഹാര വിദ്യാഭ്യാസം, പ്രീ-സ്ക്കൂൾ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്ന ഒരു സമഗ്ര പദ്ധതിയാണിത്. 6 വയസ്സിന് താഴെയുള്ള കുട്ടികൾ, അമ്മമാർ, പാലൂട്ടുന്ന അമ്മമാർ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. 2016-17 -ൽ 33,114 അംഗ൯വാടികൾ മുഖേന ഈ പദ്ധതിയിലൂടെ നടപ്പാക്കുന്ന പൂരകപോഷകാഹാര പരിപാടി 11.16 ലക്ഷം പേർക്കും, പ്രീ-സ്ക്കൂൾ വിദ്യാഭ്യാസ പരിപാടി 3 മുതൽ 6 വയസ്സുളള 4.32 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെട്ടു. പൂരകപോഷകാഹാര പരിപാടിയിൽ 2.57 ലക്ഷം പേർ ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും ആയിരുന്നു. പ്രീ-സ്ക്കൂൾ വിദ്യാഭ്യാസ പരിപാടിയിൽ 2.15 ലക്ഷം പേർ 3 വയസ്സിനും 6 വയസ്സിനും ഇടയിലുളള പെണ്‍കുട്ടികളും ആണ് (അനുബന്ധം 4.3.60).
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ വിവിധതരം നൂതനമായ പ്രക്രിയകൾ ഐ.സി.ഡി.എസിന്റെ കീഴിൽ തുടക്കം കുറിച്ചിട്ടുണ്ട്. പട്ടികവർഗ്ഗ പ്രദേശങ്ങളിൽ കുട്ടികളുടെ പോഷകാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അമൃതം നൂട്രിമിക്സ് തയ്യാറാക്കുന്നതിനായി വയനാട്ടിൽ കുടുംബശ്രീ ഉല്പാദന യൂണിറ്റുകൾ ആരംഭിച്ചു. ഗുരുതരമായ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി യൂണിസെഫിന്റെ സഹായത്തോടെ ഒരു സാമൂഹ്യാധിഷ്ഠിത പോഷകാഹാര പുനരധിവാസ പരിപാടി അട്ടപ്പാടി പട്ടിക വർഗ്ഗ പ്രോജക്ട് പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. പോഷകാഹാര അവസ്ഥയുടെ തത്സമയ മോണിറ്ററിംഗിനായി GIS അധിഷ്ഠിതമായ ജാതക്-ജനനി അട്ടപ്പാടിയിൽ ആരംഭിച്ചു. കുട്ടികളുടെ 5 വയസുവരെയുള്ള വളർച്ച നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ജാതക്. മൊബൈൽ ആപ്ലിക്കേഷൻ വഴി ശബ്ദരേഖയും ചിത്രവും സ്ഥാനവും ഉൾപ്പെടുന്ന തത്സമയ വിവരങ്ങൾ ജാതകിലൂടെ ലഭിക്കുന്നു. ഇത് അട്ടപ്പാടിയിലും മാനന്തവാടിയിലും പ്രവർത്തിച്ചുവരുന്നു. മുംബൈ ആസ്ഥാനമായിട്ടുള്ള ടിസ്സ്-ന്റെ സാങ്കേതിക സഹായത്തോടെ വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലും തിരുവനന്തപുരം ജില്ലയിലെ നേമം പ്രോജക്ടിലും ഐ.സി.ഡി.എസിന്റെ സാമൂഹ്യ ആഡിറ്റ് നടത്തുകയുണ്ടായി. സാമൂഹ്യ ആഡിറ്റിന്റെ മാന്വലും ടൂൾ കിറ്റും മലയാളത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ 33,115 അംഗൻവാടി കേന്ദ്രങ്ങളിലും സാമൂഹ്യ ആഡിറ്റ് നടത്തുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുന്നതാണ്. അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ എന്നിവരുടെ ക്ഷേമത്തിനായി അംഗൻവാടി ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ബാല്യത്തിൽത്തന്നെയുള്ള വളർച്ചയും സംരക്ഷണവും പ്രീ സ്കൂൾ വിദ്യാഭ്യാസ പരിപാടിയും അംഗൻവാടികൾ മുഖേന പ്രീ സ്കൂൾ വിദ്യാഭ്യാസവും ഇ.സി.സി.ഇ പദ്ധതി പ്രകാരം നൽകുന്നു.
സംയോജിത ശിശു സംരക്ഷണ പദ്ധതി
സുരക്ഷയും സംരക്ഷണവും ആവശ്യമുള്ളവരും നിയമക്കുരുക്കിൽ അകപ്പെട്ടവരുമായ കുട്ടികൾക്ക് പ്രതിരോധം, നിയമ സുരക്ഷ, പുനരധിവാസ സേവനങ്ങൾ എന്നിവ നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. സംസ്ഥാനത്ത് ജെ.ജെ ആക്ടിൽ ഉൾപ്പെട്ട നിബന്ധനകൾ വേഗത്തിൽ നടപ്പിലാക്കുവാനായി ശിശു സംരക്ഷണ യൂണിറ്റുകൾ, ശിശുക്ഷേമ കമ്മറ്റികൾ, പ്രത്യേക ജുവനൈൽ പോലീസ് യൂണിറ്റുകൾ, സംസ്ഥാന ശിശു സംരക്ഷണ സൊസൈറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജെ.ജെ ബോർഡുകൾ എന്നിവ സ്ഥാപിച്ചു. ചൈൽഡ് മാര്യേജ് റീസ്റ്റ്റെയിന്റ് നിയമം, കേരള യാചക നിരോധന നിയമം, ചൈൽഡ് റൈറ്റ്സ് കൺവെൻഷൻ പരിപാടികൾ, ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ പോലുള്ള വിവിധ സാമൂഹ്യ നിയമങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ ഈ പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്നുണ്ട്. പോക്സോ നിയമത്തിൻ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രയൽ കേസുകൾ തീർപ്പാക്കാൻ പ്രത്യേക കോടതികൾ ആരംഭിച്ചു. ഷഫീക്ക് കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ‘ബാലസുരക്ഷ’ സംബന്ധിച്ച് ഒരു മാതൃകാ പ്രോട്ടോക്കോൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. 1. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ, 2. കേസുകൾ കണ്ടെത്തി നേരത്തെ തന്നെ ഇടപെടൽ നടത്തുക, 3. ഇരയ്ക്ക് സുരക്ഷയും സംരക്ഷണവും നൽകുക, 4. ആവർത്തിക്കുന്ന അക്രമങ്ങൾ തടയൽ എന്നിവ ഇതിൽ പെടുന്നു. 12-ാം പദ്ധതിയിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി സാമൂഹ്യ നീതി വകുപ്പ് ഐ.സി.ഡി.എസിനു കീഴിൽ വളരെയധികം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദുർബലരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനും, ഫ്രണ്ട് ലൈൻ ഏജന്റുമാരുടെ കഴിവു വികസിപ്പിക്കുന്നതിനും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതും അദ്ധ്യാപകരുടെ കഴിവു വികസിപ്പിക്കൽ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൗമാരക്കാരായ പെൺകുട്ടികളുടെ പദ്ധതി (മുമ്പുള്ള രാജീവ് ഗാന്ധി പദ്ധതി)
കൊല്ലം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ നടപ്പാക്കുന്ന ഈ കേന്ദ്രാവിഷ്കൃത പദ്ധതി 11 നും 18 നും മദ്ധ്യേ പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ പോഷകാരോഗ്യ നിലവാരം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഈ ജില്ലകളിലുള്ള 84 ഐ.സി.ഡി.എസ് പ്രോജക്ടുകളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 12-ാം പദ്ധതി കാലയളവിൽ 46.95 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതു വഴി പ്രയോജനം ലഭിച്ചു.
കിശോരി ശക്തി യോജന
ഐ.സി.ഡി.എസ് പ്രോജക്ട് മുഖേനേ 11-18 വയസ്സ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. കൗമാരക്കാരായ പെൺകുട്ടികൾക്കു തൊഴിലധിഷ്ഠിത പരിശീലനം, ആരോഗ്യ ക്ലിനിക്കുകൾ ഉൾപ്പെടെയുളള ആരോഗ്യ പോഷകാഹാര ദിനാഘോഷം, വിവിധ തലങ്ങളിലുള്ള നിരീക്ഷണവും വിശകലനവും, നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയുടെ കീഴിൽ വരുന്നത്.
കാൻസർ സുരക്ഷയും ശിശുരോഗികൾക്കുള്ള താലോലം പദ്ധതിയും
കാൻസർ, മറ്റു ജീവനു ഭീഷണിയായ രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സർക്കാർ അംഗീകൃത ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ പദ്ധതിയാണിത്. കാൻസർ സുരക്ഷ 12 സർക്കാർ ആശുപത്രികൾ മുഖേനയും താലോലം പദ്ധതി 18 സർക്കാർ ആശുപത്രികൾ മുഖേനയും നടപ്പാക്കി വരുന്നു. 2017-18 വർഷം കാൻസർ സുരക്ഷാ പദ്ധതിയിലൂടെ 5791 കുട്ടികൾക്കും താലോലം പദ്ധതിയിലൂടെ 13,801 കുട്ടികൾക്കും സഹായം ലഭിച്ചിട്ടുണ്ട്.
സ്നേഹപൂർവ്വം
മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ടതോ ഒരാളില്ലാത്തതോ മറ്റേയാൾക്ക് കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതോ ആയ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ഒരു പദ്ധതിയാണിത്. കുട്ടികൾക്ക് ബിരുദ പഠനം വരെ വിദ്യാഭ്യാസ സഹായം നൽകുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പദ്ധതി. HIV/AIDS ബാധിതരായ കുട്ടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. മാർച്ച് 2017 വരെ 58106 കുട്ടികൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ട്.
സ്നേഹ സാന്ത്വനം
സംസ്ഥാനത്തെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസ നടപടികൾ കൈക്കൊള്ളുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം 2010 ഡിസംബർ മുതൽ നൽകി വരുന്നു. 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ബഡ്സ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കും വിദ്യാഭ്യാസ സഹായം നൽകുന്നു. 2016-17 -ൽ ഈ പദ്ധതിയിൽ 10320 പേർ ഗുണഭോക്താക്കളായിരുന്നു.
ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ കേരള (ഒ.ആർ.സി)
പോലീസ്, വിദ്യാഭ്യാസ/ആരോഗ്യ വകുപ്പുകൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ മറ്റ് തല്പരകക്ഷികൾ എന്നിവരുടെ സഹായത്തോടെ ദ്രവ്യ ദുർവിനിയോഗം പോലുള്ള ഹാനികരമായ സ്വഭാവങ്ങളിൽ നിന്നും കുട്ടികളെ തടഞ്ഞ് അവർക്ക് മനഃശാസ്ത്ര സാമൂഹ്യ – വൈകാരിക പരമായ പിന്തുണ ഈ പദ്ധതിയിലൂടെ നൽകുന്നു. 12-ാം പദ്ധതിക്കാലത്ത് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ 93 തെരഞ്ഞെടുക്കപ്പെട്ട സ്കുളുകളിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
കൗമാരക്കാരായ പെൺകുട്ടികൾക്കു വേണ്ടിയുള്ള മനഃശാസ്ത്ര സാമൂഹ്യ സേവനങ്ങൾ
സാമൂഹ്യനീതി വകുപ്പിന്റെ ഈ പദ്ധതി കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, മാർഗ്ഗോപദേശം തുടങ്ങിയ സഹായങ്ങൾ നൽകുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ വകുപ്പിന്റേയും പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട 807 സ്കൂളുകളിൽ മനഃശാസ്ത്ര സാമൂഹ്യ കൗണ്‍സലിംഗ് സെന്റർ ആരംഭിച്ചു. കുട്ടികൾക്ക് കൗണ്‍സലിംഗും മാർഗ്ഗോപദേശവും നൽകുന്നതിനായി ഓരോ സ്കൂളിലും ഒരു ഫുൾടൈം കൗണ്‍സിലറെ നിയമിച്ചിട്ടുണ്ട്.
കുട്ടികളിലെ കോക്ലിയർ ഇംപ്ലാന്റേഷൻ
പ്രാദേശിക സംസ്ഥാനതല സാങ്കേതിക കമ്മിറ്റികൾ തെരഞ്ഞെടുത്ത അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് കേരള സാമൂഹ്യ സുരക്ഷാമിഷൻ (കെ.എസ്.എസ്.എം) ഈ പദ്ധതിയിലൂടെ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിക്കുളള സഹായം നൽകുന്നു. പ്രത്യേക പട്ടികയിലുള്ള ആശുപത്രികളിലൂടെ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾക്ക് ആഡിറ്ററി വെർബൽ ഹബിലിറ്റേഷൻ (എ.വി.എച്ച്) വേണ്ടി സാമ്പത്തിക സഹായവും നൽകുന്നു. 2016-17 കാലയളവിൽ 109 കുട്ടികൾക്ക് ഈ പദ്ധതി വഴി സഹായം ലഭിച്ചു.
അട്ടപ്പാടിയിലെ ശിശുക്കൾക്ക് വേണ്ടിയുള്ള ആദ്യ 1000 ദിന പരിപാടി
അട്ടപ്പാടിയിലെ ശിശുക്കൾക്കു വേണ്ടി നടപ്പിലാക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ ഒരു പ്രത്യേക പരിപാടിയാണിത്. ശിശുക്കൾക്കു നേരത്തേ മുലയൂട്ടലിന് അമ്മമാരെ പ്രേരിപ്പിക്കുക, 6 മാസമാകുമ്പോൾത്തന്നെ മറ്റ് ആഹാരങ്ങൾ യഥാസമയം നൽകുക, മുലപ്പാലിനു പുറമേയുള്ള ആഹാരങ്ങൾ നൽകുമ്പോൾ ശുചിത്വം പാലിക്കുക, എല്ലാ പ്രതിരോധ കുത്തിവയ്പുകളും, വിറ്റാമിൻ-എയും വിരനാശക മരുന്നുകളും നൽകുക, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മാനന്തവാടി ബ്ലോക്കിലെ ജി.ഐ.എസ് അടിസ്ഥാനമാക്കിയുള്ള അമ്മയും കുഞ്ഞും ആരോഗ്യ അനുഗമന വ്യവസ്ഥ
ജാതക്, ജനനി എന്നീ സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിൽ കുട്ടികളുടേയും ഗർഭിണികളുടേയും ആരോഗ്യനില അറിയുന്നതിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ഒരു പ്രാരംഭ പദ്ധതിയാണിത്.
മാതൃകാ അംഗൻവാടികൾ/ജനറേഷൻ അംഗൻവാടികൾ
മൂന്നു തലമുറയിലെ ജനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മുതിർന്ന പൗരന്മാർക്കും, 6 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, കൗമാരക്കാരായ പെൺകുട്ടികൾക്കും, അമ്മമാർക്കും ഒരു പൊതു കേന്ദ്രത്തിൽ വച്ച് തമ്മിൽ ആശയവിനിമയം നടത്തുന്നതിനും അവരവരുടെ പരിചയം പങ്കുവയ്ക്കുന്നതിനായുള്ള ഒരു അവസരം ഒരുക്കുക എന്ന ആശയമാണ് മാതൃകാ അംഗൻവാടിയുടേത്. ഈ മാതൃകാ അംഗ൯വാടി കേന്ദ്രങ്ങളിൽ സാധാരണ അംഗൻവാടികളിലെ പോലെ എല്ലാ സൗകര്യങ്ങളും ഉള്ളതിനു പുറമേ മുതിർന്ന പൗരന്മാർക്കായി ഒരു വായനാമുറിയുമുണ്ട്. ഭരണാനുമതി ലഭിച്ച 119 മാതൃകാ അംഗൻവാടികളും നബാർഡ്, ആർ.ഐ.ഡി.എഫ്. കെട്ടിടനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 506 -ൽ പ്പരം അംഗൻവാടികളും അനുവദിച്ചിട്ടുണ്ട്.
വീക്ഷണം
വിവിധ ഘടകങ്ങൾ മൂലമുണ്ടാകുന്ന സുരക്ഷിതത്വമില്ലായ്മയിൽ നിന്നും നഷ്ടങ്ങളിൽ നിന്നുമാണ് അക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷമുണ്ടാകുന്നത്. പ്രത്യാഘാതങ്ങളെ സഹിക്കാനും, ദോഷകരമായ അവസ്ഥയെ കുറയ്ക്കുവാനും സാമൂഹ്യ സംരക്ഷണ സമ്പ്രദായം സഹായിക്കുന്നു. ദാരിദ്ര്യമില്ലാതാക്കുന്നതിനും ദാരിദ്ര്യത്തിലേക്കു നയിക്കുന്ന സാമ്പത്തിക സാമൂഹ്യ സ്ഥിതി വിശേഷങ്ങളെ ഇല്ലാതാക്കുവാനോ കുറയ്ക്കുവാനോ ചെയ്യുന്നതിനും അക്രമങ്ങളെ തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ സംരക്ഷണ സമ്പ്രദായത്തിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിലെ അവകാശാധിഷ്ഠിതമായ സാമൂഹ്യ സുരക്ഷിതത്വ ചട്ടക്കൂടിൽ (i) ഔപചാരിക മേഖലയുടെ സംരക്ഷണ നടപടികൾ (ii) പ്രോത്സാഹന നടപടികൾ (a) അനൗപചാരിക മേഖലയിലെ വരുമാന വർദ്ധനവ് (b) സാമൂഹ്യ സഹായ പെൻഷനുകൾ (c) എം.ജി.എൻ.ആർ.ഇ.ജി.എസ് പോലെയുള്ള പൊതുതൊഴിൽ (d) ഭക്ഷ്യ സുരക്ഷ: ഐ.സി.ഡി.എസും ഉച്ചഭക്ഷണ പരിപാടിയും (iii) സമൂഹത്തിലെ അംഗപരിമിതർ, വൃദ്ധർ, അധിക്ഷേപത്തിനിരയായവർ, ഭിന്നലിംഗക്കാർ, മറുനാടൻ തൊഴിലാളികൾ എന്നിവർക്ക് സംരക്ഷണം എന്നിവ പ്രധാന ഘടകങ്ങളാണ്. നിയമപ്രകാരം അർഹമായവ ലഭ്യമാക്കുന്നതിനുള്ള സാമൂഹ്യ സംരക്ഷണ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്വന്തമായി (a) പ്രൈമറി വിദ്യാഭ്യാസം, കുട്ടികളുടെ പോഷകാവസ്ഥയും ആരോഗ്യവും (b) എം.ജി. എൻ.ആർ.ഇ.ജി.എസ് കേന്ദ്രീകൃതമാക്കിക്കൊണ്ട് തൊഴിലും ജീവിതസുരക്ഷയും (c) വൃദ്ധർ, വിധവകൾ, ഭിന്നശേഷിക്കാർ, കൃഷിക്കാർ എന്നിവർക്കായുള്ള സാമൂഹ്യപെൻഷൻ (d) ആരോഗ്യ സംരക്ഷണം (e) ഭക്ഷ്യസുരക്ഷ (f) ഭവനനിർമ്മാണം, കുടിവെള്ളം, ശുചിത്വം എന്നീ 6 മേഖലകളിൽ സാമൂഹ്യ സുരക്ഷിതത്വ പരിപാടികൾ രൂപീകരിക്കാൻ കഴിയുന്നു.