സാമൂഹ്യ നീതി- ഭവന നിർമ്മാണം

കെട്ടുറപ്പും സുരക്ഷിതത്വവുമുള്ള അനുയോജ്യമായ വാസസ്ഥലം, ജീവിതത്തിന്റെ മൗലികാവശ്യവും ഒരു അടിസ്ഥാന മനുഷ്യാവകാശവുമാണ്. ലോകം ഉടനീളം പ്രത്യേകിച്ച് ദക്ഷിണ പ്രദേശങ്ങളിൽ ദ്രുതഗതിയിലുള്ള നഗര വളർച്ചയുടെ ഫലമായി വാസയോഗ്യമായ നഗര പ്രദേശങ്ങൾ സൃഷ്ടിക്കുക എന്നത് 21-ാം നൂറ്റാണ്ടിന്റെ ഒരു വലിയ വെല്ലുവിളിയാണ്. ലോകത്തിലെ പകുതിയിലേറെ ജനസംഖ്യയും നഗരങ്ങളിലാണ് പാർക്കുന്നത്. 2050-ഓടു കൂടി ലോക ജനസംഖ്യയുടെ 70ശതമാനം വഹിക്കുന്ന നഗരങ്ങളുടെയും പട്ടണങ്ങളുടേയും പ്രാധാന്യം ‘സ്ഥായിയായ വികസന’ത്തിനു വേണ്ടിയുള്ള 2030 അജണ്ട തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരങ്ങളേയും ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടങ്ങളേയും സുരക്ഷിതവും ഉൾച്ചേർന്നതും മാന്ദ്യമുക്തവും നിലനിൽക്കുന്നതുമായി മാറ്റുന്നതിലായിരുന്നു എസ്.ഡി.ജി II-ന്റെ പ്രത്യേക ഊന്നൽ. 2016-ലെ ഐക്യരാഷ്ട്രസഭയുടെ ‘ഭവന നിർമ്മാണവും സ്ഥായിയായുള്ള നഗര വികസനവും’ എന്ന വിഷയത്തിനെക്കുറിച്ചുള്ള യോഗം (ഹാബിറ്റാറ്റ് iii) സ്ഥായിയായ നഗരവൽക്കരണത്തെ1 എങ്ങനെ ഏറ്റുവും നന്നായി പ്രോത്സാഹിപ്പിക്കാം എന്നതിനു വേണ്ടി ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി ഒരു പുതിയ നഗര കാര്യപരിപാടിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞതിൽ അതിശയോക്തി ഇല്ല.

എങ്ങനെയായാലും ധാരാളം വികസ്വര രാജ്യങ്ങളും, വാസസ്ഥലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിറവേറ്റുന്നതിന് തുച്ഛമായ വിഭവങ്ങളുമായാണെങ്കിലും നഗരവത്ക്കരണത്തിന്റെ പാതയിലാണ്. 2001നും 2011 നും ഇടയിലുള്ള കാലയളവിൽ കേരളം പ്രകടമായിതന്നെ നഗരവത്ക്കരിക്കപ്പെടുകയും ഇന്ത്യൻ സംസ്ഥാനങ്ങളിൽ 47.72 ശതമാനത്തോടുകൂടി നഗര ജനസംഖ്യയുടെ അനുപാതത്തിൽ കേരളം ഏറ്റവും മുന്നിലാവുകയും ചെയ്തു. (ഇന്ത്യയൊട്ടാകെ 31.12 ശതമാനം). നഗരത്തിലെ വീടു നിർമ്മാണം അനുയോജ്യമായ രീതിയിൽ ആസൂത്രണം ചെയ്യേണ്ടതാവശ്യമാണ് എന്ന കാര്യത്തിൽ സംശയമില്ല. അവയെ എല്ലാവർക്കും ഉൾച്ചേർക്കപ്പെട്ടതും സ്ഥായിയായതുമായ ഭവനങ്ങളാക്കുക എന്നതിലാണ് കാതലായ പ്രശ്നം സ്ഥിതിചെയ്യുന്നത്. 2016 അവസാനത്തിൽ കേരളം സമാരംഭിച്ച ആശാവഹമായ ഒരു ഭവനനിർമ്മാണ/ജീവനോപാധി പദ്ധതിയായ ലൈഫ്(ജീവനോപാധി, ഉൾച്ചേർക്കൽ, സാമ്പത്തിക ശാക്തീകരണം), വികസനത്തിന്റെ ഒരു സ്ഥായിയായ മാതൃക എന്ന നിലയിൽ ഹാബിറ്റാറ്റ് III -നെ യഥാർത്ഥത്തിൽ പ്രദർശിപ്പിക്കുന്നു.

വാസസ്ഥലം ഇല്ലായ്മ കുറയ്ക്കുന്നതിലും ഗുണമേന്മയുള്ള ഭവന നിർമ്മാണത്തിലും കേരളം മറ്റുള്ള ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ്. പക്ഷേ ചില പ്രദേശങ്ങളിൽ ദരിദ്രർക്കിടയിലുള്ള ഭവനമില്ലായ്മയും സമൂഹത്തിലെ ദുർബ്ബലവിഭാഗങ്ങൾക്കിടയിലുള്ള ഗുണനിലവാരമില്ലാത്ത അപൂർണ്ണമായ വീടുകളുമാണ് കേരളത്തിലെ ഭവന നിർമ്മാണ മേഖലയിലെ പ്രധാന പ്രശ്നങ്ങൾ. സംസ്ഥാന ആസൂത്രണബോർഡ് ദുർബ്ബലവിഭാഗങ്ങളുടെ ഭവനനിർമ്മാണത്തിനെക്കുറിച്ച് നടത്തിയ സർവ്വെ 2016-ൽ, 12.04 ശതമാനം ഉപയോഗശൂന്യമായ വീടുകളിലാണ് താമസിക്കുന്നത്. തൊണ്ണൂറുകളുടെ അവസാനം മുതലുള്ള വികേന്ദ്രീകൃതാസൂത്രണവും തദ്ദേശസ്ഥാപനങ്ങളുടെ ഭവന നിർമ്മാണവും ഭവന നിർമ്മാണമേഖലയുടെ പ്രശ്നങ്ങളെ ഒരു പരിധിവരെ പരിഹരിച്ചു. കേരളത്തിലുടനീളമുള്ള ഗ്രാമീണ നഗര തദ്ദേശസ്ഥാപനങ്ങളിലെ ഭവന രഹിത കുടുംബങ്ങളുടേയും ഭൂരഹിത ഭവന രഹിത കുടുംബങ്ങളുടേയും അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. 1011 പഞ്ചായത്തുകൾ, 59 മുനിസിപ്പാലിറ്റികൾ, 5 കോർപ്പറേഷനുകൾ എന്നിവയിൽ നിന്ന് ക്രോഡീകരിച്ച വിവരങ്ങൾപ്രകാരം 2009 വർഷത്തിൽ 4,20,806 കുടുംബങ്ങൾക്ക് വീടില്ലെന്നും 1,57,562 കുടുംബങ്ങൾക്ക് ഭൂമിയില്ലെന്നും കാണാം (ഭവന നിർമ്മാണമേഖലയിൽ സംസ്ഥാന ആസൂത്രണ ബോർഡിലെ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് 2016). 2010-2015 (മാർച്ച് 2015) കാലയളവിൽ ഏകദേശം 1,35,769 പുതിയ വീടുകൾ ഭവന രഹിതർക്കായി നിർമ്മിക്കുകയും 10,186 കുടുംബങ്ങൾക്കായി ഭൂമിയോടുകൂടി വീടുകൾ അനുവദിക്കുകയും ചെയ്തു. ഇതിനെ അടിസ്ഥാനമാക്കി 1) ഭൂമിയുള്ളവർക്ക് 285037 വീടുകളുടെ അഭാവമുണ്ടെന്നും 2) 147376 കുടുംബങ്ങൾ ഭൂരഹിതരായി ശേഷിക്കുന്നതായും കണക്കാക്കാം. ഭവന രഹിതരായ കുടുംബങ്ങളേയും ഭൂരഹിതരായ കുടുംബങ്ങളേയും രണ്ടു പ്രാവശ്യം കണക്കാക്കുമെന്നോ പല എണ്ണങ്ങളിലും കണക്കാക്കുമെന്നോ കരുതി കൊണ്ട് 432,413 (ഭവന രഹിതരും ഭൂരഹിതരും)-നേക്കാൾ കുറവായിരിക്കും വീടുകളുടെ അഭാവം എന്ന നിഗമനത്തിൽ വിദഗ്ദ്ധ സമിതി എത്തിയിട്ടുണ്ട്. 2017 മാർച്ച് 31-ൽ ഇത് ഏകദേശം 3.5 ലക്ഷം വീടുകളായിരിക്കുമെന്ന് (ഭൂരഹിത ഭവന രഹിത കുടുംബങ്ങൾ ഉൾപ്പെടെ) അവർ കണക്കാക്കുന്നു.

2011-ലെ പാർപ്പിട സെൻസസ് പ്രകാരം ഓരോ 1000 പേർക്കും കേരളത്തിൽ 336 വീടുകളുണ്ട്. (ഇന്ത്യ മൊത്തത്തിൽ ഇത് 1000 പേർക്ക് 273 വീടുകളാണ്). 1961 മുതൽ 2011 വരെയുള്ള കാലയളവിൽ കേരളത്തിലെ വാസയോഗ്യമായ കെട്ടിടങ്ങളുടെ വളർച്ച 3 മടങ്ങും, ദേശീയതലത്തിൽ ഇത് 2 മടങ്ങുമാണ്. 2017-ൽ ലൈഫ് മിഷൻ ഉറവിടങ്ങൾ സൂചിപ്പിച്ചിട്ടുള്ളതും ഭവന മേഖലയ്ക്കു വേണ്ടി പതിമൂന്നാം വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട് സ്വീകരിച്ചിട്ടുള്ളതുമായ വിവരങ്ങൾ പ്രകാരം ആകെയുള്ള 4.32 ലക്ഷം ഭവന രഹിത കുടുംബങ്ങളിൽ 1.58 ലക്ഷം ഭൂരഹിത ഭവന രഹിതരും 2.3 ലക്ഷം ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവരും 44000 വീടുകൾ അപൂർണ്ണവുമാണ്. കേരളത്തിലെ ശരാശരി വീടുകളുടെ വലിപ്പവും ഗുണവും രാജ്യത്തെ മറ്റിടങ്ങളേക്കാൾ വളരെ നല്ലതാണ്. ഇന്ത്യയൊട്ടാകെയുള്ള 53.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മൂന്നിൽ രണ്ടിലേറെ കുടുംബങ്ങളും ഗുണനിലവാരമുള്ള വീടുകളിലാണ് താമസിക്കുന്നത്. കേരളത്തിലെ 95 ശതമാനം വീടുകളും വൈദ്യുതീകരിച്ചവയാണ്. എന്നാൽ അഖിലേന്ത്യാതലത്തിലിത് 67 ശതമാനം മാത്രമാണ്. അങ്ങിനെയായിരുന്നാലും കേരളത്തിലെ ഒരു വീടിന്റെ ഓരോ യൂണിറ്റിന്റെയും ശരാശരിചെലവ് അഖിലേന്ത്യാതലത്തിലേതിനേക്കാൾ 4 മടങ്ങ് കൂടുതലാണ്. കെട്ടിട നിർമ്മാണത്തിനുവേണ്ടി പരിസ്ഥിതി വിഭവങ്ങൾ ഉപയോഗിക്കുന്നതും ഭവന നിർമ്മാണ മേഖലയിൽ ഒരു വലിയ വെല്ലുവിളിയാണ്. ഏറ്റവും പുതിയ ഭവന സെൻസസ് കാണിക്കുന്നത് കേരളത്തിലെ കണക്കെടുത്ത ആകെ വീടുകളിൽ 10.6 ശതമാനത്തോളം ഒഴിഞ്ഞു കിടക്കുന്നു എന്നാണ്.

അടുത്ത 5 വർഷത്തിനുള്ളിൽ ഭവനരാഹിത്യം നിർമാർജ്ജനം ചെയ്യുക എന്നലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച സമ്പൂർണ്ണ ഭവന മിഷൻ അഥവാ പ്രോജക്ട് ലൈഫ് (ജീവനോപാധി, ഉൾച്ചേർക്കൽ, സാമ്പത്തിക ശാക്തീകരണം), പതിമൂന്നാം പദ്ധതി കാലയളവിലെ ഒരു മുഖ്യ ശ്രദ്ധാകേന്ദ്രമാകും. സംസ്ഥാനത്തെ ഭൂരഹിത-ഭവനരഹിതർക്കുവേണ്ടി സാമൂഹ്യസാമ്പത്തിക സുരക്ഷിതത്വം, ശരിയായ ജീവനോപാധി ലക്ഷ്യമാക്കിയുള്ള നൈപുണ്യ നവീകരണം എന്നിവ പോലുള്ള അവരുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര പുനരധിവാസ പദ്ധതിയാണ് ഈ മിഷൻ വിഭാവനം ചെയ്യുന്നത്. ഏകദേശം 200,000 പാർപ്പിടങ്ങൾ ആകെ നിർമ്മിക്കുവാനാണ് ലൈഫ് മിഷൻ ലക്ഷ്യമാക്കുന്നത്. ഇതിന്റെ കൂടെതന്നെയുള്ള പരിശീലനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഏകദേശം 4.32 ലക്ഷം കുടുംബങ്ങൾക്ക് നേരിട്ടു് ഗുണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലൈഫ് മിഷന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും കുടുംബശ്രീയുടേയും സഹായത്തോടെ ഭൂരഹിതർ, ഭവന രഹിതർ, പൂർത്തീകരിക്കാത്ത വീടുകൾ എന്നിവയുടെ ഒരു സമഗ്രമായ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. മറ്റു വകുപ്പുകളുടെ നിലവിലുള്ള ഭവന നിർമ്മാണ പദ്ധതികൾ ഈ പദ്ധതിയുടെ കുടക്കീഴിൽ കൊണ്ടുവരേണ്ടതാണ്. ആദ്യഘട്ടമായി ലൈഫ് മിഷന്റെ പ്രഥമപ്രവർത്തനങ്ങളിലൊന്നായ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് പുരോഗമിച്ചു വരുന്നു. ആദ്യ ഘട്ടത്തിൽ അപൂർണ്ണമായ വീടുകളുടെ പൂർത്തിയാക്കൽ ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയ്ക്കുവേണ്ടിയുള്ള സമീപനം

എല്ലാവർക്കും സുരക്ഷിതവും അന്തസ്സുള്ളതും താങ്ങാനാവുന്നതുമായ ഭവനം എന്ന നയമാണ് കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പതിമൂന്നാം പദ്ധതി കാലയളവിൽ നടപ്പിലാക്കുന്ന ഭവന നിർമ്മാണ മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ താഴെപ്പറയുന്നവ ഉൾക്കൊള്ളുന്നതാണ്.

  1. സാമൂഹികമായി ഒഴിച്ചുനിർത്തപ്പെട്ടവർക്കും പാവങ്ങൾക്കും വേണ്ടി ഭവന നിർമ്മാണത്തിലെ പ്രശ്നങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് വിഭവ സമാഹരണത്തിന് നൂതന രീതികൾ പരീക്ഷിക്കുക
  2. ഭൂമിയുടെ ലഭ്യത മെച്ചപ്പെടുത്തുകയും ഉയരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതുമുൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഭൂമി ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക.
  3. പുതിയ സാങ്കേതിക വിദ്യ, നൈപുണ്യം എന്നിവയുടെ ഉപയോഗം വഴി മൂലധന ഉല്പാദന ക്ഷമത മെച്ചപ്പെടുത്തുക
  4. നഗര പ്രദേശം വ്യാപിക്കുന്നതിന്റെ പ്രശ്നങ്ങളെ നേരിടുന്നതിനായി തന്ത്രപരമായി സാമൂഹിക ഭവന സങ്കേതം സ്ഥാപിക്കുക
  5. പുതിയ ഉപജീവന മാർഗ്ഗങ്ങളുടെ സൃഷ്ടിയുമായി ഭവന നിർമ്മാണ നയം ബന്ധിപ്പിക്കുക.

കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടിയുള്ള ഭവന നിർമ്മാണവും കേരളസർക്കാർ ഗൗരവമായി ഏടുക്കേണ്ടതും തൊഴിൽ മേഖലയിൽ റിപ്പോർട്ടു ചെയ്യേണ്ടതുമാണ്.

ബോക്സ് 4.3.14
ഭവന നിർമ്മാണ മേഖലയിൽ പതിമൂന്നാം പഞ്ചവത്സര പദ്ധതിയ്ക്കുവേണ്ടിയുള്ള വർക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ.
  • അടിസ്ഥാന സൗകര്യവും (ഭൗതികവും സാമൂഹ്യവും) ആവശ്യമായ ഹരിതാഭമായ തുറന്ന സ്ഥലങ്ങൾക്കു സൗകര്യം നൽകുന്നതുൾപ്പെടെയുള്ള പരിസ്ഥിതിയും ചേർന്ന പൂർണ്ണതയുള്ളൊരു ഉൽപ്പന്നമായി വാസസ്ഥലത്തെ പരിഗണിക്കേണ്ടതാണ്. ക്യാമ്പയിൻ രീതിയിൽ ആവാസ സംസ്ക്കാരത്തേയും സാക്ഷരതയെയും പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  • വീടുകളുടേയും ഗുണഭോക്താക്കളുടേയും വിവരങ്ങൾ ഉൾപ്പെടെ തദ്ദേശ സ്വയംഭരണ തലത്തിലുള്ള വിശ്വസനീയവും സമഗ്രവുമായ ഒരു ഡാറ്റാബെയ്സ് തയ്യാറാക്കുക
  • മാലിന്യ സംഭരണികൾ, വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലങ്ങൾ എന്നിവ പോലുള്ള പ്രകൃത്യാലുള്ളതും മനുഷ്യ നിർമ്മിതവുമായ അനഭിലഷണീയമായവയെ ഒഴിവാക്കി, സ്ഥാനം, എത്തിച്ചേരാൻ കഴിയുന്നത്, ഭൂപ്രകൃതി, സാമീപ്യം തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ചതിനുശേഷം ഭവനനിർമ്മാണത്തിനുവേണ്ടി തെരഞ്ഞെടുത്ത ഭൂമി അനുയോജ്യമാണെന്ന് ഉറപ്പു വരുത്തുക.
  • തദ്ദേശീയമായ നിർമ്മാണ വസ്തുക്കൾ, അനുയോജ്യമായ ഇതര സാങ്കേതിക വിദ്യകൾ എന്നിവയുടെ ഉപയോഗത്തിലൂടെ പരിസ്ഥിതി സൗഹൃദപരവും നിർമ്മാണ ചെലവ് കുറയ്ക്കുന്നതുമായ സമീപനങ്ങൾ പ്രചരിപ്പിക്കുക
  • വിവിധ വകുപ്പുകളുടേയും പൊതു ഏജൻസികളുടേയും സഹായത്തോടെ സാമ്പത്തികമായിപിന്നോക്കം നിൽക്കുന്നവർക്കു വേണ്ടിയുള്ള ഭവന നിർമ്മാണ പരിപാടികളെ ഏകോപിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക
  • ഗുണഭോക്താക്കൾ മുന്നോട്ട് വരുന്നതിനനുസരിച്ച് ഭവന നിർമ്മാണത്തിലെ വർദ്ധനവ് സുഗമമാക്കുക
  • സ്ഥാനം, കാലാവസ്ഥ, വലിപ്പം, സ്ഥലത്തിന്റെ ഭൂപ്രകൃതി, തൊഴിൽ സംബന്ധമായ കാര്യങ്ങൾ, സാമൂഹ്യ സാംസ്ക്കാരിക ആവശ്യങ്ങൾ മുതലായവ കണക്കിലെടുത്തു കൊണ്ടാവണം വീടിന്റെ രൂപരേഖ തയ്യാറാക്കുന്നത്.
  • കുടിയേറ്റതൊഴിലാളികൾ, തോട്ടം തൊഴിലാളികൾ എന്നിവർക്കു വാസസ്ഥലം നൽകുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ
  • ഭവന നിർമമാണ പരിപാടികളെ പരിശീലിനവും നൈപുണ്യ നവീകരണ പദ്ധതികളുമായി സംയോജിപ്പിക്കുകയും അങ്ങനെ ഗുണഭോക്തൃ പങ്കാളിത്തം ഉറപ്പു വരുത്തുകയും അവർക്ക് ജീവനോപാധിക്കുള്ള അവസരങ്ങൾ നൽകുകയും ചെയ്യുക
  • ദുർബ്ബല വിഭാഗങ്ങൾക്കായുള്ള ഭവന നിർമ്മാണ പദ്ധതികളുടെ നിയന്ത്രണം, നിർവ്വഹണം, നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവര സാങ്കേതിക വിദ്യയുടേയും ബാങ്കുകളുടെയും സേവനങ്ങളും ഉപയോഗപ്പെടുത്തുക.
  • ഓരോ തദ്ദേശ സ്വയംഭരണ തലങ്ങളിലും ഒരു ഭവന നിർമ്മാണനിധി രൂപീകരിക്കുക.
  • ഭവന ദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി തദ്ദേശ ഭവന നിർമ്മാണനിധി അപര്യാപ്തമായ സ്ഥലങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ഉപയോഗിക്കുക
  • ഗവേഷണ വികസന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി ധനം കരുതി വയ്ക്കുക
  • പൈതൃക കെട്ടിടങ്ങളെ സംരക്ഷിക്കുകയും നിലനിറുത്തുകയും ചെയ്യുക.
  • ഗുണഭോക്താക്കളേയും സർക്കാരിനേയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുവാൻ, ഭവനമേഖലയിൽ വ്യാപൃതരായ വ്യക്തി കേന്ദ്രീകൃത സർക്കാരിതര സംരംഭങ്ങളെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ഭവന നിർമ്മാണ മേഖലയിലെ ഏജൻസികൾ

സാമ്പത്തിക ദുർബല വിഭാഗങ്ങളെ സഹായിക്കുവാനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ധാരാളം പുതിയ പദ്ധതികളും പരിപാടികളുമായി ഭവന നിർമ്മാണ മേഖലയിൽ സജീവമാണ്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുള്ള ധാരാളം ഭവന പദ്ധതികൾ എൻ.ആർ.ഇ.പി, ആർ.എൽ.ഇ.ജി.പി തുടങ്ങിയ കേന്ദ്രാവിഷ്കൃത തൊഴിലുൽപ്പാദന പദ്ധതികളുമായി സംയോജിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട ഗ്രാമീണരുടെ ഭവന നിർമ്മാണ പ്രശ്നങ്ങളെ നേരിടുന്നതിനായി 1996-ൽ കൊണ്ടു വന്ന കേന്ദ്ര സർക്കാരിന്റെ ഒരു ഫ്ളാഗ്ഷിപ്പ് പരിപാടിയാണ് ഇന്ദിരാ ആവാസ് യോജന. വാല്മീകി അംബേദ്കർ ആവാസ് യോജന(വാംപെയ്), സമഗ്ര ഭവന നിർമ്മാണ ചേരി വികസന പദ്ധതി (ഐ.എച്ച്.എസ്.ഡി.പി), നഗര ദരിദ്രർക്കായുള്ള അടിസ്ഥാന സേവനം (ബി.എസ്.യു.പി), മത്സ്യബന്ധനതൊഴിലാളികൾക്കുള്ള ദേശീയ ക്ഷേമനിധി (എൻ.എഫ്.ഡബ്ലിയു. എഫ്.), നഗര ദരിദ്രർക്ക് ഭവന നിർമ്മാണത്തിനായുള്ള പലിശ സബ്സിഡി പദ്ധതി (ഐ.എസ്.എച്ച്.യു.പി), പങ്കാളിത്ത വ്യസ്ഥയിൽ താങ്ങാനാവുന്ന ഭവന നിർമ്മാണം (എ.എച്ച്.പി) തുടങ്ങിയ കേന്ദ്രാവിഷ്കൃത ഭവന നിർമ്മാണ പദ്ധതികൾ സാമൂഹ്യ, സാമ്പത്തിക ദുർബല വിഭാഗങ്ങൾക്ക് വീടു നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി വരുന്നു. ജവഹർലാൽ നെഹ്റു ദേശീയ നഗര നവീകരണ മിഷൻ പോലുള്ള പരിപാടികൾ, നഗര ദരിദ്രർക്കുള്ള അടിസ്ഥാന സേവനങ്ങളിലും ചേരികളുടെ വികസനത്തിലും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ഭൂമി, വാസസ്ഥലം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വിതരണം വർദ്ധിപ്പി്ക്കുന്നതിന് ലക്ഷ്യമിടുന്നു. രാജീവ് ആവാസ് യോജന നഗരത്തിലെ പാവപ്പെട്ടവരുടെ ഭവന നിർമ്മാണ പ്രശ്നങ്ങൾ പരഹരിക്കുന്നതിനുള്ള പദ്ധതിയാണ്. ‘2022-ഓടു കൂടി എല്ലാവർക്കും ഭവനം’ എന്ന ലക്ഷ്യം നേടുന്നതിനായി നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന (പി.എം.എ.വൈ). പി.എം.എ.വൈ. ഗ്രാമീണം, പി.എം.എ.വൈ നഗരം, എന്നിങ്ങനെ പി.എം.എ.വൈക്ക് രണ്ടു ഘടകങ്ങളുണ്ട്. പി.എം.എ.വൈ (നഗരം)യുടെ നടത്തിപ്പിനു വേണ്ടിയുള്ള സംസ്ഥാനതല നോഡൽ ഏജൻസി കുടുംബശ്രീയും പി.എം.എ.വൈ (ഗ്രാമീണം) യുടെ നടത്തിപ്പ് ഏജൻസി നഗര വികസന കമ്മീഷണറേറ്റുമാണ്. ഭവന രഹിതരായി പട്ടിക ജാതി വർഗ്ഗക്കാർ, കരാർ മുക്ത തൊഴിലാളികൾ, പട്ടിക വിഭാഗങ്ങളിൽപെടാത്ത ദാരിദ്ര്യരേഖയ്കുതാഴെയുള്ള ദരിദ്ര ഗ്രാമീണർ എന്നിവർക്ക് വാസസ്ഥലങ്ങൾ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളതും ഒരു ഹൈസ്കൂൾ വിദ്യാർത്ഥി കുടുംബാംഗം ആയിട്ടുള്ളതുമായ പട്ടികജാതി കുടുംബങ്ങളുടെ വീടുകളിൽ ഒരു അധിക മുറികൂടി നിർമ്മിക്കുവാൻ ഇത് സാമ്പത്തിക സഹായം നൽകുന്നുണ്ട്. പി.എം.എ.വൈ (നഗരം) പദ്ധതി 2015 മുതൽ 2022 വരെ രാജ്യത്തെ 93 നഗരങ്ങളിൽ‍ നടപ്പിലാക്കേണ്ടതുണ്ട്.

കേരളത്തിൽ 20-ലേറെ ഏജൻസികൾ ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. മിക്ക പദ്ധതികളിലും ഭവന നിർമ്മാണത്തിനായി സ്ഥാപന സഹായം നൽകുന്നതിന് ദരിദ്രരെ തിരിച്ചറിയുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ സുതാര്യമാണ്. ഇത്തരം മാനദണ്ഡങ്ങൾ യോജിക്കാത്തവർക്ക് പൊതു പദ്ധതികളുടെ ഗുണ ഭോക്താക്കളാകാൻ മിക്കവാറും കഴിയാറില്ല. ഭവന പദ്ധതികളിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്പഷ്ടമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഓരോ പദ്ധതികളിലും ഭവന നിർമ്മാണത്തിന്റെ നിയമങ്ങൾ, ഓരോന്നിന്റേയും ചെലവ്, ആകൃതി, ഘടന, രൂപരേഖ, ധനവിനിയോഗക്രമം,സബ്സിഡി തുക എന്നിവ വിപുലമായ രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. വ്യക്തികൾക്കുള്ള ഭവന പദ്ധതികളിൽ 2 മുതൽ 7 ലക്ഷം വരെയും ഫ്ലാറ്റുകൾ, ഇരട്ടവീടുകൾ എന്നിവ പോലുള്ള സാമൂഹ്യഭവന പദ്ധതികളിൽ 15 മുതൽ 85 ലക്ഷം വരെയും ഓരോന്നിലും ചെലവാകുന്നു എന്ന് വിവിധ വകുപ്പുകൾ/നടത്തിപ്പ് ഏജൻസികളുടെ മാർഗ്ഗരേഖകൾ സൂചിപ്പിക്കുന്നു. ഓരോ വകുപ്പിന്റെ/നടത്തിപ്പ് ഏജൻസിയുടെ തന്നെ വിവിധ പദ്ധതികളിൽ ഓരോ വീടിനുമുളള ചെലവ് വ്യത്യാസപ്പെട്ടിരിക്കുന്നതു കാണാം. അതുപോലെ വ്യക്തികൾക്കുള്ള വീടുകളുടെ രൂപരേഖകളിലും 20 മുതൽ 60 സ്ക്വയർ മീറ്റർ വരെ വ്യത്യാസമുണ്ട്. വിവിധ നടത്തിപ്പ് ഏജൻസികളുടെ വിവിധ പദ്ധതികളുടെ കീഴിലുള്ള സബ്സിഡി നിരക്കുകളും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഗൃഹശ്രീ, സാഫല്യം ഭവന പദ്ധതികളുടെ അർഹമായ സബ്സിഡി 2 ലക്ഷമാണെങ്കിലും ഗൃഹശ്രീ പദ്ധതിയുടെ ഓരോ വീടിന്റെയും ചെലവ് 4 ലക്ഷവും സാഫല്യത്തിന്റെത് 3.5 ലക്ഷവുമാണ്. പട്ടിക ജാതി വികസനവകുപ്പ് 2 ലക്ഷവും പട്ടികവർഗ്ഗവികസന വകുപ്പ് 2.5 ലക്ഷവുമാണ് അവരുടെ ഗുണഭോക്താക്കൾക്കായി അനുവദിക്കുന്ന സബ്സിഡി തുക. മിക്ക പദ്ധതികളിലും ഭവന നിർമ്മാണത്തിനായി ഗുണഭോക്തൃ വിഹിതം ശേഖരിക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ അത് നിർബന്ധമായും പാലിക്കപ്പെടുന്നില്ല. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ വിവിധ വകുപ്പുകൾ വ്യത്യസ്ത നിയമങ്ങളാണ് പിന്തുടരുന്നത്. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ള ഗുണഭോക്താക്കൾക്ക് ഒരു ലക്ഷവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗുണഭോക്താക്കൾക്ക് 2 ലക്ഷവുമാണ് സാമ്പത്തികസഹായം നൽകുന്നതിനുള്ള ഹൗസിംഗ് ബോർഡിന്റെ വരുമാന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിലേയ്ക്കായി ഗുണഭോക്താവിന് ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ 2 മുതൽ 3 സെന്റ് വരെ ഭൂമി കൈവശമുണ്ടാവണം.

കുടുംബശ്രീ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, കേരള സംസ്ഥാന പട്ടികജാതി/പട്ടിക വർഗ്ഗ വികസന വകുപ്പ്, പട്ടികജാതി/പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന ഏജൻസികൾ ധാരാളമുണ്ട്. സർക്കാരിതര ഏജൻ‍സികളായ കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്,, കേരള സംസ്ഥാന സഹകരണഭവന ഫെഡറേഷൻ, സഹകരണ സംഘങ്ങൾ മുതലായവയും ഭവന നിർമ്മാണ മേഖലയെ സഹായിച്ചിട്ടുണ്ട്. വിവിധ സർക്കാരിതര സംഘടനകളും ഈ മേഖലയിൽ കാര്യമായി സംഭാവനകൾ നൽകിയിട്ടുണ്ട്. തൊഴിൽ, മത്സ്യത്തൊഴിലാളി, സൈനികക്ഷേമം, നഗര കാര്യം, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകളും സാമ്പത്തിക ദുർബ്ബല വിഭാഗക്കാർക്കും പാവപ്പെട്ട തൊഴിലാളികൾക്കും താങ്ങാനാകുന്ന തരത്തിലുള്ള വിവിധ ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഈ ഏജൻസികൾ/വകുപ്പുകൾ 2011-12 മുതൽ 2017 മാർച്ച് വരെ ഏകദേശം 513795 വീടുകളുടെ നിർമ്മാണത്തിന് സഹായം നൽകിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഭവന നിർമ്മാണ ഏജൻസികൾ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഭവന പദ്ധതികളിലെ നേട്ടങ്ങൾ അനുബന്ധം 4.3.66 -ൽ കൊടുത്തിരിക്കുന്നു.

ഭവന പദ്ധതികളും അതു നടപ്പിലാക്കുന്ന ഏജൻസികളും

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്

നവീന ഭവന പദ്ധതി - ദൂരദേശങ്ങളിൽ നിന്നും നഗര പ്രദേശങ്ങളിൽ വന്നു താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് വാടകയ്ക്ക് ഫ്ലാറ്റുകൾ നൽകുന്ന പദ്ധതി. 2016-17 കാലയളവിൽ നിർമ്മിച്ച 24 ഫ്ലാറ്റുകൾ ഉൾപ്പെടെ ആകെ 184 ഫ്ലാറ്റുകൾ വിവിധ നഗര കേന്ദ്രങ്ങളിലായി ഈ പദ്ധതിയിൻ‍ കീഴിൽ നിർമ്മിച്ചു.

ഗൃഹശ്രീ ഭവന പദ്ധതി - ഇതിൽ സാമ്പത്തിക ദുർബ്ബല വിഭാഗങ്ങൾക്കും താഴ്ന്ന വരുമാനക്കാർക്കും വീടു നിർമ്മിക്കുന്നതിന് ഓരോ വീടിനും 2 ലക്ഷം രൂപ വീതം സാമ്പത്തികസഹായം സർക്കാർ സബ്സിഡിയായി നൽകുന്നു. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഗുണഭോക്താക്കളുടെ സ്വന്തം സ്ഥലത്താണ് നിർമ്മാണം. ഈ പദ്ധതിയിൽ 2016-17 കാലയളവിൽ 1288 വീടുകൾക്കും 2017 ആഗസ്റ്റ് 31 വരെ 157 വീടുകൾക്കും സഹായം നൽകി. ഈപദ്ധതിയിൻ കീഴിൽ ആകെ 2337 വീടുകൾ നിർമ്മിക്കുകയും ചെയ്തു. ഈ പദ്ധതിയുടെ ആകെ ഗുണഭോക്താക്കളായ 3144 പേരിൽ 913 പേർ സ്ത്രീകളാണ്.

സാഫല്യം ഭവന പദ്ധതി - (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കായി ഫ്ലാറ്റുകളുടെ നിർമ്മാണം) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് അടിസ്ഥാന സൗകര്യങ്ങളുടേയും ആനുകൂല്യസേവനങ്ങളുടേയും രൂപീകരണമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. 280 ച.അടി നിർമ്മിക്കുന്നതിന് ചെലവ് 3.50 ലക്ഷം രൂപ (2 ലക്ഷം രൂപ സർക്കാർ സബ്സിഡി ഒരു ലക്ഷം രൂപ- ഹഡ്കോ ലോണ്‍, 0.25 ലക്ഷം സർക്കാരിതര സന്നദ്ധസംഘടനാ വിഹിതം, 0.25 ലക്ഷം ഗുണഭോക്തൃ വിഹിതം). 2016-17-ൽ ഏകദേശം 24 ഫ്ലാറ്റുകളും ഇതുവരെ ആകെ 72 ഫ്ലാറ്റുകളും ഈ പദ്ധതിയിൻ കീഴിൽ നിർമ്മിച്ചു.

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം

ഹരിത സാങ്കേതിക വിദ്യയുടെ ആശയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവബോധം സൃഷ്ടിക്കുന്നതിനായി ‘സീറോ എനർജി സീറോ ഡിസ്ചാർജ്ജ്’ കെട്ടിടങ്ങൾക്കു വേണ്ടിയുള്ള ആശയ നിർദ്ദേശത്തിൽ വിവിധ സ്ഥലങ്ങളിലായി 8 പരിശീലനങ്ങളും ബയോഗ്യാസ് യൂണിറ്റിന്റെ നിർമ്മാണത്തെക്കുറിച്ച് 7 പരിശീലനങ്ങളും 2016-17 കാലയളവിൽ നിർമ്മിതി കേന്ദ്രം സംഘടിപ്പിച്ചു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിവിധ ഗുണഭോക്താക്കൾക്ക് സിമന്റ്, സ്റ്റീൽ തുടങ്ങിയ കെട്ടിട നിർമ്മാണ സാമഗ്രികൾ ‘ കലവറകൾ’ വഴി വിതരണം ചെയ്തു. പാരമ്പര്യ കെട്ടിട നിർമ്മാണ വസ്തുക്കൾ, കരകൗശല സാധനങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നതിനായി പി.റ്റി.പി നഗറിലുള്ള നിർമ്മിതി കേന്ദ്രം ക്യാമ്പസിൽ ദേശീയ ഹാബിറ്റാറ്റ് മ്യൂസിയം സ്ഥാപിച്ചു. കെട്ടിടപ്പണി, മരപ്പണി ചെലവു കുറഞ്ഞതും ഊർജ്ജകാര്യക്ഷമതയുള്ളതും പരിസ്ഥിതിയ്ക്കിണങ്ങിയതുമായ നിർമ്മാണ സാമഗ്രികളുടെ നിർമ്മാണം എന്നിവയിലും ഇതുമായി ബന്ധപ്പെട്ട ഭവനകല, ടെറാക്കോട്ട, ലാന്റ്സ്കേപ്പിംഗ് തുടങ്ങിയ മേഖലകളിലും നിർമ്മിതി കേന്ദ്രത്തിന്റെ 14 പ്രാദേശിക കേന്ദ്രങ്ങളിലായി 652 പേർക്ക് ഗുണമുണ്ടാകുന്ന രീതിയിൽ 49 പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ 570 പേർ സ്ത്രീകളാണ്. ഈ പരിശീലനങ്ങൾ വഴി ഗുണഭോക്താക്കൾക്ക് അതാതു മേഖലകളിൽ സ്വയം തൊഴിൽ അവസരങ്ങൾ കണ്ടെത്താനാകും. ലാറി ബേക്കർ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് ചെലവു കുറഞ്ഞതും പരിസ്ഥിതിക്കിണങ്ങിയതുമായ സാങ്കേതിക വിദ്യയെക്കുറിച്ച് അവബോധം മെച്ചപ്പെടുത്തുന്നതിനായി കോളേജ് വിദ്യാർത്ഥികൾക്കായി 8 പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.

കേരള സംസ്ഥാന സഹകരണ ഭവന നിർമ്മാണ ഫെഡറേഷൻ

ഫെഡറേഷനിൽ അംഗങ്ങളായുള്ള പ്രാഥമിക സഹകരണ ഭവന നിർമ്മാണ സംഘങ്ങൾക്ക് (പി.സി.എച്ച്.എസ്) ഭവന നിർമ്മാണത്തിനും പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കും സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നു. സാമ്പത്തിക ദുർബ്ബലവിഭാഗം, താഴ്ന്നവരുമാനക്കാർ, ഇടത്തരവരുമാനക്കാർ, മറ്റുള്ളവർ എന്നിവർക്കായി 2016-17 കാലത്ത് 1361 വീടുകളുടെ നിർമ്മാണത്തിനായി 5948.47 ലക്ഷം രൂപയും 2017-18 ജൂലൈ 31 വരെ 452 വീടുകൾക്കായി 1795.46 ലക്ഷം രൂപയും വിതരണം ചെയ്തു. ഭവന നിർമ്മാണ ഫെഡറേഷൻ സഹായം നൽകിയ വീടുകളുടെ എണ്ണവും വിതരണം ചെയ്ത തുകയും അനുബന്ധം 4.3.67 -ൽ ചേർത്തിട്ടുണ്ട്.

ഭവന നിർമ്മാണത്തിലേർപ്പെട്ട മറ്റ് ഏജൻസികൾ

  • എ. തദ്ദേശ സ്വയം ഭരണ വകുപ്പ്: 2016-17 കാലയളവിൽ കുടുംബശ്രീ നടപ്പിലാക്കിയ വിവിധ പദ്ധതികളിലായി 829 വീടുകളും ഗ്രാമവികസന കമ്മീഷണറേറ്റ് 46166 വീടുകളും നിർമ്മിച്ചു. നഗര കാര്യ പഞ്ചായത്ത് ഡയറക്ടറേറ്റുകൾ വിവിധ പദ്ധതികളിലായി 3450 വീടുകൾ നിർമ്മിച്ചു.
  • ബി. പട്ടിക വർഗ്ഗവികസന വകുപ്പ്: പൊതുവിഭാഗ പദ്ധതി- ഭവന രഹിതരായ പട്ടികവർഗ്ഗക്കാർക്ക് വീടു നിർമ്മാണം അറ്റകുറ്റപ്പണികൾ എന്നിവയ്ക്കു വേണ്ടി സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ വീടുകൾ ഓരോന്നിനും 3.5 ലക്ഷം രൂപയാണ് നൽകുന്നത്. ഇതുവരെ ഈ പദ്ധതിയിൽ ആകെ 2498 വീടുകൾക്കാണ് സഹായം നൽകിയിട്ടുള്ളത്.
  • സി. പട്ടികജാതി വികസന വകുപ്പ്: ദുർബല സമുദായങ്ങളായ വേടൻ, നായാടി തുടങ്ങിയവർക്കായിട്ടുള്ള വികസന പരിപാടി. പട്ടികജാതിക്കാർക്ക് വാർഷിക വരുമാനം 0.5 ലക്ഷം രൂപയിൽ കൂടുതലില്ലെങ്കിൽ സ്ഥലം വാങ്ങുന്നതിനോ വീടു നിർമ്മാണം/പുനരുദ്ധാരണം എന്നിവയ്ക്കോ വേണ്ടി 7.25 ലക്ഷവും സാമ്പത്തിക സഹായം നൽകുന്നപദ്ധതിയാണിത്. 2016-17 കാലയളവിൽ 102 വീടുകൾക്ക് ഈ പദ്ധതിയിൽ സഹായം നൽകി.
  • ഡി. സൈനിക ക്ഷേമ ഭവന വകുപ്പ്: കരാർ കാലാവധി തീരുന്നതിനുമുമ്പ് അവശരായ ഭടന്മാർ, റിക്രൂട്ട്സ്, യുദ്ധത്തിൽ മരിച്ചവരുടേയും സേവനത്തിലിരിക്കെ മരിച്ചവരുടേയും വിധവകൾ എന്നിവർക്ക് ഭവന നിർമ്മാണത്തിനായി ഗ്രാന്റ് നൽകുന്നു. ഗുണഭോക്താക്കളുടെ വാർഷിക വരുമാന പരിധി 1.5 ലക്ഷം രൂപയും ഇപ്പോഴത്തെ ഗ്രാന്റ് നിരക്ക് 1 ലക്ഷം രൂപയുമാണ്. യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾക്കും അവശരായ വിമുക്തഭടന്മാർക്കും വരുമാന പരിധി ബാധകമല്ല. 2016-17 കാലയളവിൽ ഒരു കുടുംബത്തിനു് ഈ പദ്ധതിയുടെ കീഴിൽ സഹായം നൽകി.
ഉറവിടം: ഹൗസിംഗ് കമ്മീഷണറേറ്റ്, തിരുവനന്തപുരം.



1 ലോക വ്യാപകമായി സ്ഥായിയായ നഗരവികസനത്തെ നയിക്കുന്നതിനായി 20 വർഷത്തേക്കുള്ള ഒരു മാർഗ്ഗ് നിർദ്ദേശം ഈ അജണ്ട നൽകുന്നു.