വിദേശ കുടിയേറ്റവും വിദേശത്തു നിന്ന് കിട്ടുന്ന വരുമാനവും കേരള മോഡൽ ഡവലപ്മന്റിന്റെ രണ്ടു സുപ്രധാന ഘടകങ്ങളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക ജീവിതത്തിൽ വിദേശ കുടിയേറ്റം എന്ന പ്രയോഗം നിർണ്ണായകമായ പങ്കു വഹിക്കുന്നു. ജോലിക്കു വേണ്ടി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിൽ നിന്നും കുടിയേറ്റമുണ്ടെങ്കിൽ പോലും ജോലി നൈപുണ്യവും സാഹചര്യങ്ങൾക്ക് ഇണങ്ങി ജോലി ചെയ്യുന്ന വിഹിതവും തൊഴിൽ മേഖലയിൽ വരുന്ന സാങ്കേതികമാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ്. ഇത് കേരളത്തിൽ നിന്നും വിദേശത്ത് കുടിയേറുന്നവർക്ക് അനുകൂലമാണ്. ഇതിന്റെ ഗുണം പ്രവാസിമലയാളികൾ ജി.സി.സി രാജ്യങ്ങളിൽ മാത്രമല്ലാതെ ലോകം മുഴുവനും വ്യാപിച്ചതായി കാണാം. പൊതുവേ അന്തർദേശീയ കുടിയേറ്റം കുടിയേറുന്ന രാജ്യങ്ങൾക്കും കുടിയേറിയ രാജ്യങ്ങൾക്കും വികസന സംഭാവന നടത്തുന്നു. വിദേശ മലയാളികൾ നാടിന്റെ പുരോഗതിയിൽ വഹിക്കുന്ന പങ്ക് കുടുംബതലത്തിലും, പ്രാദേശിക/സാമൂഹികതലത്തിലും, ദേശീയതലത്തിലും ദൃശ്യമാണ്. 6-ാമത് കേരള കുടിയേറ്റ സർവ്വേ 2014 അനുസരിച്ച് ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വിദേശ മലയാളികൾ 36.5 ലക്ഷമാണ്. ഇത് 2011 -ൽ 34.3 ലക്ഷംവും 2008 -ൽ 33.5 ലക്ഷവുമായിരുന്നു. ഈ കാലയളവിൽ വിദേശ കുടിയേറ്റ മലയാളികൾ 24 ലക്ഷമാണ്. ഇത് 2011 -ൽ 22.8 ലക്ഷ വും 2008 -ൽ 21.9 ലക്ഷവുമായിരുന്നു. ഈ എണ്ണം കേരളത്തിൽ നിന്നും വിദേശത്ത് കുടിയേറിയവരുടെ നേരെയുള്ള വളർച്ചയെയാണ് ചൂണ്ടി കാണിക്കുന്നത്. ഈ കാലയളവിൽ തന്നെ വിദേശത്തുനിന്നും മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 12.52 ലക്ഷമാണ്. ഇത് 2011-ൽ 11.5 ലക്ഷം 2008-ൽ 11.6 ലക്ഷവുമായിരുന്നു. പുതിയ സാങ്കേതിക കഴിവുകൾ നേടിയവർക്ക് അവസരങ്ങൾകിട്ടാത്തതു കാരണം മടങ്ങി വന്നതായിട്ട് കാണുന്നത്. ഈ സാഹചര്യം സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ പുതിയ തൊഴിലവസരം സൃഷ്ടിക്കേണ്ട അവസ്ഥയാണ്. മടങ്ങിവരുന്ന വിദേശികളുടെ കഴിവുകളെ വിലയിരുത്തി തൊഴിൽ ലഭ്യമാക്കുന്ന സംവിധാനം തൊഴിൽ മേഖലയിൽ മെച്ചപ്പെട്ട മാറ്റം സൃഷ്ടിക്കാൻ സഹായിക്കും.
കേരളത്തിലെ ജില്ല തിരിച്ചുള്ള വിദേശ മലയാളികൾ
ജില്ല തിരിച്ചുള്ള കണക്കനുസരിച്ച് ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചിട്ടുള്ള വിദേശ മലയാളികളുടെ എണ്ണത്തിൽ മലപ്പുറമാണ് ഒന്നാം സ്ഥാനം (7.56 ലക്ഷം 2014 -ൽ). തിരുവനന്തപുരം (4.61 ലക്ഷം), കണ്ണൂർ (4 ലക്ഷം) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിലെ ജില്ല തിരിച്ചുള്ള വിദേശ മലയാളികളുടെ വിശദാംശങ്ങൾ ചിത്രം 4.4.1 -ൽ കൊടുത്തിട്ടുണ്ട്.
2011-2014 കാലയളവിൽ പ്രവാസി മലയാളികളുടെ മൊത്ത വർദ്ധനവ് 2.22 ലക്ഷമാണ്. ജില്ല തിരിച്ച് പരിശോധിച്ചാൽ 1.93 ലക്ഷം അധിക പ്രവാസി മലയാളികൾ രേഖപ്പെടുത്തി മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. പത്തനംതിട്ട (0.71 ലക്ഷം), എറണാകുളം (0.62 ലക്ഷം) മാണ് രണ്ടും മൂന്നും സ്ഥാനത്ത്. ജില്ലതിരിച്ചുള്ള പ്രവാസി മലയാളികളുടെ വർദ്ധനവ്/കുറവ് ചിത്രം 4.4.2-ൽ കൊടുത്തിരിക്കുന്നു. ജില്ല/വർഷം തിരിച്ചുള്ള വിദേശ മലയാളികളുടെ വിശദാംശങ്ങൾ അനുബന്ധം 4.4.1 -ൽ കൊടുത്തിരിക്കുന്നു.
കേരളത്തിൽ നിന്നുള്ള വിദേശ കുടിയേറ്റക്കാർ
കുറച്ച് വർഷങ്ങളായി കേരളത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണത്തിൽ കുറവ് കാണപ്പെടുന്നു. 1998-2003 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ 2011-14-ൽ അധിക കുടിയേറ്റക്കാരുടെ എണ്ണം 4.77 ലക്ഷത്തിൽ നിന്നും 1.19 ലക്ഷമായി കുറഞ്ഞതായി രേഖപ്പെടുത്തുന്നു. വിവിധ കാലഘട്ടത്തിൽ ജില്ല തിരിച്ചുള്ള കുടിയേറ്റക്കാരുടെ കണക്ക് ചിത്രം 4.4.3 - കാണിച്ചിരിക്കുന്നു. ജില്ല തിരിച്ചുള്ള കുടിയേറ്റക്കാരുടെ വിശദാംശങ്ങൾ അനുബന്ധം 4.4.2 -ൽ കൊടുത്തിരിക്കുന്നു.
ജില്ല തിരിച്ചുള്ള വിദേശ കുടിയേറ്റക്കാർ
മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 2008 നേക്കാൾ 2014 ൽ പ്രവാസികളുടെ അനുപാതം കൂടിയിട്ടുണ്ട്. കേരളത്തിന്റെ മൊത്തം പ്രവാസികളുടെ 19 ശതമാനം ഉള്ള മലപ്പുറം ആണ്ഏറ്റവും കൂടിയ അനുപാതം കാണിക്കുന്നത് . കണ്ണൂരിലെ പ്രവാസി അനുപാതം 12 ശതമാനമാണ് തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ 2008 നേക്കാൾ 2014 ൽ പ്രവാസികളുടെ അനുപാതം കുറഞ്ഞു. 9 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറഞ്ഞ പാലക്കാടാണ് ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയത്. ജില്ലതിരിച്ചുള്ള വിദേശ കുടിയേറ്റക്കാരുടെവിശദാംശങ്ങൾ ചിത്രം 4.4.4-ൽ കൊടുത്തിരിക്കുന്നു.
കേരളത്തിൽ തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം
മധ്യേഷ്യയിലെ സ്വദേശി നയങ്ങളും ലോകം മുഴുവൻ വ്യാപിച്ച സാമ്പത്തിക അസ്ഥിരതയും മൂലം കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 1998 ലെ 7.3 ലക്ഷത്തിൽ നിന്ന് 2014 ൽ തിരിച്ചു വന്ന പ്രവാസികളുടെ എണ്ണം 12.5 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്. ചിത്രം. 4.4.5-ൽ കേരളത്തിൽ തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണത്തിലുള്ള കണക്ക് കാണിക്കുന്നു.
ജില്ല തിരിച്ചുള്ള വിശകലനം കാണിക്കുന്നത് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ഒന്നാം സ്ഥാനത്തും തിരുവനന്തപുരം, കോട്ടയം എന്നിവ രണ്ടും മൂന്നും സ്ഥാനത്തുമാണ്. തിരിച്ചു വന്ന മലയാളികളുടെ ജില്ല തിരിച്ചുള്ള വിവരം ചിത്രം. 4.4.6 -ൽ കാണിക്കുന്നു. വിശദാംശങ്ങൾ അനുബന്ധം 4.4.3 -ൽ കൊടുത്തിരിക്കുന്നു.
രാജ്യം തിരിച്ച് ജോലിചെയ്യുന്ന വിദേശ മലയാളികൾ
രാജ്യം തിരിച്ച് കണക്കാക്കിയാൽ ഏറ്റവും കൂടുതൽ വിദേശ മലയാളികൾജോലിയിലേർപ്പെട്ടിരിക്കു ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് യുഎ.ഇ-ലാണ് 37.5 ശതമാനം. 21.8 ശതമാനം രേഖപ്പെടുത്തിയ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യം തിരിച്ചുള്ള വിദേശ കുടിയേറ്റക്കാരിൽ 86.3 ശതമാനവും പശ്ചിമേഷ്യയിലാണ്. കാനഡ, യു.കെ മറ്റ് തെക്ക് കിഴക്കൻ രാജ്യങ്ങളിലോട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. 2008-2014 വരെയുള്ള രാജ്യം തിരിച്ച് ജോലി ചെയ്യുന്ന വിദേശ മലയാളികളുടെ വിവരം ചിത്രം. 4.4.7-ൽ കൊടുത്തിരിക്കുന്നു.
ജോലി തിരിച്ചുള്ള വിദേശ മലയാളികൾ
കേരളത്തിന്റെ മനുഷ്യ വിഭവ ശേഷി ലോകത്തെവിടെയും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ജോലി അന്വേഷണത്തിന്റെ രീതി അനുസരിച്ച് വിദേശ രാജ്യങ്ങളിൽ കുടിയേറിപ്പാർക്കുന്നവരുടെ രീതിയിൽ മാറ്റം വന്നിരിക്കുകയാണ്. 1970 കാലഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ കുടിയേറി പാർത്തിട്ടുള്ള ആകെ തൊഴിലാളികളിൽ വൈദഗ്ദ്ധ്യം ഉള്ളവർ കുറവായിരുന്നു. നിലവിൽ വിദഗദ്ധ തൊഴിൽ ചെയ്യുന്നവരായ ഡോക്ടർമാർ, നഴ്സുമാർ, എഞ്ചിനീയർമാർ, വിവര സാങ്കേതിക വിദഗ്ദ്ധർ, അദ്ധ്യാപകർ എന്നിവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശ മലയാളികളെ തൊഴിൽ തിരിച്ചു നോക്കിയാൽ 11.85 ശതമാനം പേർ ഡ്രൈവർ തൊഴിൽ ചെയ്യുന്നവരാണ്. 10.99 ശതമാനം കടകളിലും മറ്റും സാധനങ്ങൾ വിൽക്കുന്നവരും, 6.37 ശതമാനം നഴ്സുമാരും, 3.78 ശതമാനം എൻജിനീയർമാരും 2.23 ശതമാനം വിവര സാങ്കേതിക വിദഗ്ദ്ധരും, 0.53 ശതമാനം ഡോക്ടർമാരുമാണ്. പിന്നെയുള്ള 64.25 ശതമാനം പേർ ബിസിനസ്, അദ്ധ്യാപന, ബാങ്ക് മുതലായ മേഖലകളിൽ ജോലികൾ ചെയ്യുന്നവരുമാണ്.
ഡോക്ടർമാരിൽ നിന്നും 14.39 ശതമാനവുമായി തിരുവനന്തപുരത്തുള്ള വരാണ് ജോലിക്കാര്യത്തിൽ ഏറ്റവും മുന്നിൽ നില്കുന്നത്. 14.38 ശതമാനമുള്ള കോട്ടയം രണ്ടാം സ്ഥാനത്തും 14.34 ശതമാനമുള്ള എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. വിദേശ മലയാളി ഡോക്ടർമാർ ഏറ്റവും കുറവ് എണ്ണം രേഖപ്പെടുത്തിയത് വയനാട്ടിലാണ്. നഴ്സുമാരുടെ കാര്യത്തിൽ, 23.73 ശതമാനം രേഖപ്പെടുത്തിയ കോട്ടയമാണ് ഒന്നാം സ്ഥാനത്ത്, 20.75 ശതമാനമുള്ള പത്തനംതിട്ട രണ്ടാം സ്ഥാനത്തും 18.16 ശതമാനം രേഖപ്പെടുത്തിയ എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. എഞ്ചിനീയർമാരെ സംബന്ധിച്ച് 13.47 ശതമാനമുള്ള എറണാകുളത്തിനാണ് ആദ്യ സ്ഥാനം. 13.23 ശതമാനമുള്ള തൃശ്ശൂരും, 10.11 ശതമാനമുള്ള കോട്ടയവുമാണ് രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. അദ്ധ്യാപകരെ സംബന്ധിച്ച് 16.69 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയാണ് ആദ്യ സ്ഥാനത്ത്. 15.99 ശതമാനമുള്ള ആലപ്പുഴ രണ്ടാം സ്ഥാനത്തും 9.74 ശതമാനം രേഖപ്പെടുത്തിയ കോട്ടയം മൂന്നാം സ്ഥാനത്തുമാണ്. തൊഴിലെടുക്കുന്ന പ്രവാസികളുടെ ജില്ലതിരിച്ചുള്ള എണ്ണം ചിത്രം. 4.4.8- ൽ കാണാവുന്നതാണ്.
സംസ്ഥാനത്തിന്റെ സാമൂഹ്യ - സാമ്പത്തിക - രാഷ്ട്രീയ - സാംകാരിക വികസനത്തിൽ വിദേശ മലയാളികളുടെ നിർണ്ണായക പങ്ക് സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശ മലയാളികളുടെ എല്ലാോ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുടെ നൂതനമായ സമീപനം വരുന്ന 5 വർഷങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യും.
പ്രവാസികളെ ഔദ്യോഗികമായി അംഗീകരിക്കുക എന്നത് വളരെ നിർണ്ണായകമാണ്. ഒരു പ്രാതിനിധ്യ വേദി സൃഷ്ടിക്കുന്നത് അവർക്ക് ഒരുമിച്ച് കൂടുന്നതിനും അവർക്ക് സ്വദേശവുമായി ബന്ധം പുലർത്തുന്നതിനും വേണ്ടിയുള്ള അർത്ഥവത്തായ ഒരു മാർഗ്ഗമാണ്. സ്വദേശവും പ്രവാസി മലയാളികളും തമ്മിലുള്ള സമ്പർക്ക പ്രാധാന്യം കണക്കിലെടുത്ത് നിയമസഭ സാമാജികരും, ഓരോ രാജ്യത്തും മേഖലയിലുമുള്ള പ്രവാസി മലയാളികളുടെ ജനസംഖ്യയ്ക്ക് ആനുപാതികവുമായി ഗവണ്‍മെന്റ് നാമനിർദ്ദേശം ചെയ്യുന്ന പ്രതിനിധികളും ഉൾപ്പെട്ട "ലോക കേരളസഭയ്ക്ക്" രൂപം നൽകുന്നതാണ്. രാജ്യത്തിനകത്തോ, പുറത്തോ മേഖല അടിസ്ഥാനത്തിലോ ആഗോള കൂട്ടായ്മ എന്ന നിലയിൽ ഈ സഭയ്ക്ക് രൂപം നൽകാവുന്നതാണ്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയ്ക്കും വിചിന്തനത്തിനും പ്രാപ്തമാക്കുന്നതിനും രാജ്യത്തിന് അകത്തും പുറത്തുമുള്ള കേരളീയർ തമ്മിലുള്ള ബന്ധം നിർമ്മിച്ചെടുക്കുന്നതിനും ലോക കേരളസഭ സഹായിക്കും. ഈ സഭ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും സമ്മേളിക്കണം. ഉപദേശക സ്വഭാവമുള്ളതും പ്രവാസി മലയാളികളുടെ ആകുലതകളുടെ ശബ്ദം വെളിവാക്കുന്നതിനുമുള്ള വേദി ആയിരിക്കുകയും നയരൂപീകരണത്തിനാവശ്യമായ സംഭാവനകൾ നൽകുകയും വേണം. ഈ സഭ 2 വർഷത്തിൽ ഒരിയ്ക്കലെങ്കിലും കൂടുന്നതായിരിക്കും. പ്രവാസികളെ ബന്ധപ്പെട്ടുള്ള നയരൂപീകരണത്തിന് ശുപാർശ നൽകുന്ന വേദിയായിരിക്കും.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം: തിരിച്ചെത്തുന്ന പ്രവാസികൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുക, അല്ലെങ്കിൽ അവർക്കു സ്വയം തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഗവണ്‍മെന്റ് നോർക്കാ ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് എന്ന പ്ദധതി ആരംഭിച്ചു. സുസ്ഥിര ബിസിനസ് മാതൃക തയ്യാറാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. അഗ്രി-ബിസിനസ്സ്, വ്യാപാരം, സേവനം, നിർമ്മാണം എന്നീ മേഖലകളിലെ സംരംഭകർക്ക് അവരുടെ പദ്ധതി ആരംഭിക്കാൻ പത്തു ശതമാനം മൂലധന സബ്സിഡിയായി നൽകും.
സാന്ത്വനം: വിദേശത്ത് രണ്ടു വർഷത്തിൽ കുറയാത്ത സേവനം നടത്തി തിരിച്ചെത്തി 10 വർഷം കഴിയാതെ, വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ളവർക്കായി വൈദ്യ സഹായം, കുട്ടികളുടെ വിവാഹാവശ്യങ്ങൾ എന്നിവയ്ക്കുള്ള സഹായ പദ്ധതിയാണിത്. ഈ പദ്ധതിയുടെ കീഴിൽ ചികിത്സാ സഹായമായി 50,000 രൂപയും,
മരണത്തിനായി 100,000 രൂപയും വിവാഹ സഹായമായി 15,000 രൂപയും വീൽച്ചെയറിനും ക്രച്ചസ്സിനും കൃത്രിമ കാലിനും 10,000 രൂപയും നൽകുന്നുണ്ട്.
സ്വപ്ന സാഫല്യം: താഴ്ന്ന തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികൾ വളരെയധികം ദുരിതങ്ങൾക്ക് ഇരയാകുന്നു. സൗദി അറേബ്യയിൽ മാത്രമായി തങ്ങളുടേതല്ലാത്ത കുറ്റങ്ങളാൽ ജയിലിലായ പ്രവാസി മലയാളികൾക്ക് അവർ ജയിലിൽ നിന്ന് മോചിതരാവുന്ന സമയത്ത് എയർടിക്കറ്റ് നൽകുന്നതിനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
പ്രവാസി ലീഗൽ അസിസ്റ്റൻസ് (പ്രവാസി ലീഗൽ എയ്ഡ് സെൽ): കേരളത്തിൽ നിന്നും മധ്യകിഴക്കൻ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്ന തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അവർ നേരിടുന്ന കോടതി കേസുകളും നിയമ പ്രശ്നങ്ങളും. ഒരു വ്യക്തമായ നിയമസഹായം ഇല്ലാത്തതിനാൽ പാവപ്പെട്ട പ്രവാസികൾ ജയിലുകളിൽ പോലും എത്തപ്പെടുകയും എല്ലാതരത്തിലുള്ള ശിക്ഷകൾക്ക് വിധേയരാകേണ്ടി വരികയും ചെയ്യുന്നു. യഥാർത്ഥത്തിൽ നിസ്സാര കേസ്സുകളിൽ ചിലപ്പോൾ യാതൊരു കുറ്റവും ചെയ്യാതെപോലും വലിയ ശിക്ഷയാണ് അനുഭവിക്കേണ്ടി വരുന്നത്. ഇത്തരം കേസുകളുടെ ആധിക്യം പരിഗണിച്ച് അർഹരായവർക്ക് ഏതെങ്കിലും തരത്തിലുള്ള നിയമ സഹായം സർക്കാർ നൽകണമെന്ന കുടിയേറ്റ തൊഴിലാളികളുടെ ആവശ്യം കണക്കിലെടുക്കേണ്ടതുണ്ട്.
24 മണിക്കൂർ ഹെൽപ്പ് ലൈൻ/കോൾ സെന്ററുകൾ: വിദേശ മലയാളികളുടെ പരാതികൾ പരിഹരിക്കുന്നതിനും വിഷമഘട്ടത്തിലുള്ളവർക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനും വിദേശത്ത് പോകുന്നവർക്കും പോകാൻ ആഗ്രഹിക്കുന്നവർക്കും അംഗീകൃത കുടിയേറ്റത്തിനെക്കുറിച്ചും ഈ മേഖലയിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുക, പ്രവാസി മലയാളികൾക്കു വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന സഹായിയായി നിൽക്കുക തുടങ്ങിയവയ്ക്കായി സർക്കാരും നോർക്കാ റൂട്ട്സും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരവ്യാപനം നടത്തുക എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
പ്രീഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം: കുടിയേറ്റത്തെക്കുറിച്ചു് പൊതുവായും വിദേശ തൊഴിൽ നിയമങ്ങളെക്കുറിച്ചു് പ്രത്യേകിച്ചും പൊതുജനങ്ങൾക്ക് അവബോധം കുറവാണ്. നിയമാനുസൃതമായ കുടിയേറ്റം സാദ്ധ്യമാകുന്ന തരത്തിൽ തൊഴിൽ അന്വേഷകർക്ക് പരിശീലനവും അവബോധവും നൽകുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് കൂടുതൽ ഗ്രാമീണ മേഖലകളിലേക്ക് ഈ പരിപാടി വ്യാപിപ്പിക്കുന്നത് വഴി വിസതട്ടിപ്പ്, അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ നിയമാനുസൃതമല്ലാത്ത കുടിയേറ്റം തുടങ്ങിയ കാര്യങ്ങൾ അവസാനിപ്പിക്കുന്നതിന് സഹായകരമായിരിക്കും.