ഊര്‍ജ്ജമേഖല

രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസനത്തിനും മാനവിക ക്ഷേമത്തിനും ഊര്‍ജ്ജം നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. കാര്യക്ഷമവും ആശ്രയിക്കത്തക്കതുമായ ഊര്‍ജ്ജം മിതമായ വിലയ്ക്ക് ലഭ്യമാക്കുക എന്നത് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും തദ്വാര മനുഷ്യ പുരോഗതിക്കും അത്യാവശ്യ ഘടകമാണ്. വരുമാനം, തൊഴിൽ, ജീവിതനിലവാരം തുടങ്ങിയവ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും തദ്വാര സാമ്പത്തിക വികസനത്തിനും ഈ മേഖല സംഭാവന നല്‍കുന്നു. ആവശ്യമായ ഊര്‍ജ്ജം മിതമായ നിരക്കിൽ ഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഏതൊരു വികസ്വര രാജ്യത്തിന്റെയും സമഗ്ര വികസനത്തിന് ഊര്‍ജ്ജോല്പാദനം ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ്.

ഇന്ത്യയിലെ ഊര്‍ജ്ജ മേഖല

ഇന്ത്യയിൽ, താപോര്‍ജ്ജത്തിൽ നിന്നുള്ള വൈദ്യുതിയാണ് ഊര്‍ജ്ജ സ്രോതസ്സുകളിൽ പ്രധാനമായിട്ടുള്ളത്. ഇത് രാജ്യത്തിന്റെ മൊത്തം സ്ഥാപിത ശേഷിയുടെ 67 ശതമാനം വരുന്നു. നാഷണൽ ഗ്രിഡിലേക്ക് വിവിധ ഊര്‍ജ്ജ സ്രോതസ്സുകളിൽ നിന്നു് ആഗസ്റ്റ് 31, 2017 അടിസ്ഥാനമാക്കിയുള്ള ഊര്‍ജ്ജ വിഹിതവും അതിന്റെ ശതമാനവും പട്ടിക 5.14 -ൽ കൊടുത്തിരിക്കുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജ സ്ഥാപിത ശേഷി 329,226 മെഗാവാട്ടാണ്. അടുത്തകാലത്ത്, പുനരാവര്‍ത്തക ഊര്‍ജ്ജസ്രോതസ്സുകളിൽ നിന്നുള്ള ഊര്‍ജ്ജ ഉല്‍പാദനം ജല വൈദ്യുതി ഉല്‍പാദനത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.

പട്ടിക 5.14
2017 ആഗസ്റ്റ് 31 അനുസരിച്ചുള്ള ഇന്ത്യയുടെ മൊത്തം സ്ഥാപിതശേഷി
ഊര്‍ജ്ജം 30.9.2015 അനുസരിച്ചുള്ള സ്ഥാപിത ശേഷി (മെ.വാ.) മൊത്തം സ്ഥാപിത ശേഷിയുടെ ശതമാനം 30.9.2016 അനുസരിച്ചുള്ള സ്ഥാപിത ശേഷി (മെ.വാ.) മൊത്തം സ്ഥാപിത ശേഷിയുടെ ശതമാനം 31.8.2017 അനുസരിച്ചുള്ള സ്ഥാപിത ശേഷി (മെ.വാ.) ശതമാനം
1 2 3 4 5 6 7
താപവൈദ്യുതി 194,200.00 69.68 213,228.90 69.60 219,490.00 66.67
ജല വൈദ്യുതി 42,283.00 15.17 43,112.43 14.07 44,653.00 13.56
ആണവോര്‍ജ്ജം 5,780.00 2.07 5,780.00 1.89 6,780.00 2.06
പുനരാവര്‍ത്തക ഊര്‍ജ്ജം 36,471.00 13.08 44,236.92 14.44 58,303.00 17.71
ആകെ 278,734.00 100.00 306,358.25 100.00 329,226.00 100.00
അവലംബം: കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി (CEA)

ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ മേഖല തിരിച്ചുള്ള ആകെ കണക്കുകൾ പട്ടിക 5.15 -ൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിൻ പ്രകാരം 81,652 മെഗാവാട്ട് (24.8 ശതമാനം) സംസ്ഥാന മേഖലയിൽ നിന്നും, 102,933 മെഗാവാട്ട് (31.3 ശതമാനം) കേന്ദ്ര മേഖലയിൽ നിന്നും 144,641 മെഗാവാട്ട് (43.9 ശതമാനം) സ്വകാര്യ മേഖലയിൽ നിന്നുമാണ്.

പട്ടിക 5.15
2017 ആഗസ്റ്റ് 31 അനുസരിച്ചുള്ള ഇന്ത്യയുടെ മൊത്തം സ്ഥാപിത ശേഷി
മേഖല സ്ഥാപിതശേഷി(മെ.വാ.) ശതമാനം (ശതമാനം)
സംസ്ഥാനമേഖല 8,1652 24.8
കേന്ദ്രമേഖല 102,933 31.3
സ്വകാര്യമേഖല 144,641 43.9
ആകെ 329,226 100
അവലംബം: കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി (CEA)

കേരളത്തിലെ ഊര്‍ജ്ജ മേഖല

ജലം, താപം, കാറ്റ്, സൂര്യൻ എന്നീ നാല് ഊര്‍ജ്ജ സ്രോതസ്സുകളിൽ നിന്നാണ് കേരളത്തിൽ വൈദ്യുതോല്പാദനം നടക്കുന്നത്. ഇതിൽ ഭൂരിഭാഗവും ജലം, താപം എന്നീ സ്രോതസ്സുകളിൽ നിന്നാണ്. കാറ്റ്, സൂര്യൻ എന്നിവയിൽ നിന്ന് നാമമാത്രമായ ഉല്പാദനം മാത്രമേ നടക്കുന്നുളളു. കേരളത്തിൽ ജല വൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം പ്രധാനമായും കാലവര്‍ഷത്തെ ആശ്രയിച്ചാണ് നില നില്‍ക്കുന്നത്. മഴ ലഭ്യതയിലുണ്ടാകുന്ന കുറവ് കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കാറുണ്ടെന്നിരിക്കിലും ജല വൈദ്യുതിയാണ് കൂടുതൽ വിശ്വാസവും ആശ്രയയോഗ്യവുമായ സംസ്ഥാനത്തിന്റ പ്രധാന ഊര്‍ജ്ജ സ്രോതസ്സ്.

2016-17 കാലയളവിലെ ഉല്‍പാദന ശേഷി വര്‍ദ്ധന

കേരളത്തിലെ 2017 മാര്‍ച്ച് വരെയുള്ള മൊത്തം ഊര്‍ജ്ജ സ്ഥാപിത ശേഷി 2,961.11 മെഗാവാട്ട് ആണ്. ഇതിൽ 2,107.96 മെഗാവാട്ട് (71.19 ശതമാനം) ജല വൈദ്യുത പദ്ധതികളിൽ നിന്നും, 718.46 മെഗാവാട്ട് തെര്‍മൽ പദ്ധതികളിൽ നിന്നും, 59.27 മെഗാവാട്ട് കാറ്റിൽ നിന്നും, 75.42 മെഗാവാട്ട് സൗരോര്‍ജ്ജത്തിൽ നിന്നും ഉല്‍പാദിപ്പിക്കുന്നു. ജലം, താപം, പുനരാവര്‍ത്തക ഊര്‍ജ്ജ സ്രോതസ്സുകൾ എന്നിവയിൽ നിന്നുള്ളകേരളത്തിന്റെ മൊത്തം സ്ഥാപിത ശേഷി ചിത്രം 5.8 - ൽ കൊടുത്തിരിക്കുന്നു.

ചിത്രം 5.8
മൊത്തം സ്ഥാപിത ശേഷി
അവലംബം: കെ.എസ്.ഇ.ബി.എൽ.

2016-17 വര്‍ഷം മൊത്തം സ്ഥാപിത ശേഷിയിൽ ഉണ്ടായ വര്‍ദ്ധനവ് 55.03 മെഗാവാട്ട് ആണ്. അതിന്റെ സ്കീം തിരിച്ചുള്ള വിശദാംശങ്ങൾ പട്ടിക 5.16 -ൽ നല്‍കിയിരിക്കുന്നു.

പട്ടിക 5.16
2016-17 ലെ സ്ഥാപിത ശേഷി വര്‍ദ്ധന
ക്രമ
നമ്പർ
ഊര്‍ജ്ജ പദ്ധതിയുടെ പേര് സ്ഥാപിത ശേഷി
(മെഗാവാട്ട്)
1 വെള്ളത്തൂവൽ 3.60
2 സൗരോര്‍ജ്ജം കെ.എസ്.ഇ.ബി.എൽ, എടയാർ 1.25
3 സൗരോര്‍ജ്ജം കെ.എസ്.ഇ.ബി.എൽ, കൊല്ലങ്കോട് 1.00
4 ബാരാപോൾ സോളാർ കനാൽ ബാങ്ക്, കെ.എസ്.ഇ.ബി.എൽ 3.00
5 ബാരാപോൾ സോളാർ കനാൽ ടോപ്പ്, കെ.എസ്.ഇ.ബി.എൽ 1.00
6 അനർട്ട്, കുഴൽമന്ദം 2.00
7 അമ്പലത്തറ സൗരോര്‍ജ്ജപാർക്ക് 36.00
8 (സിയാൽ)- അഡിഷണൽ 7.18
  ആകെ 55.03
അവലംബം: കെ.എസ്.ഇ.ബി.എൽ.

ഊർ‍ജ്ജ സ്രോതസ്സ് സംബന്ധിച്ചും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സ്ഥാപിതശേഷി സംബന്ധിച്ചും ഉള്ള വിശദാംശങ്ങൾ അനുബന്ധം 5.25 -ലും മേഖല തിരിച്ചുള്ള വിശദാംശങ്ങൾ അനുബന്ധം 5.26 -ലും നൽകിയിരിക്കുന്നു. 2016-17 ലെ മൊത്തം സ്ഥാപിത ശേഷിയായ 2,961.11 മെഗാവാട്ടിൽ, 2220.56 മെഗാവാട്ട് (74.99 ശതമാനം) സംസ്ഥാന മേഖലയിൽ നിന്നും, 359.60 മെഗാവാട്ട് (12.14 ശതമാനം) കേന്ദ്ര മേഖലയിൽ നിന്നും, 380.95 മെഗാവാട്ട് (12.87 ശതമാനം) സ്വകാര്യ മേഖലയിൽ നിന്നുമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഊര്‍ജ്ജ ലഭ്യത സംബന്ധിച്ച വിശദംശങ്ങൾ അനുബന്ധം 5.27 -ൽ നല്‍കിയിരിക്കുന്നു.

ബോക്സ് 5.11
പതിമൂന്നാം പഞ്ചവത്സര പദ്ധതി - ഊർജ്ജ മേഖല - സമീപന രേഖ
  1. പതിമൂന്നാം പദ്ധതിക്കാലത്ത് ജലവൈദ്യുതി, സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊര്‍ജ്ജം എന്നിവയിലൂടെ ആഭ്യന്തര ഊർജ്ജോത്പാദന ശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം.
  2. പ്രസരണവും വിതരണവും, പ്രത്യേകിച്ച് ഉയർന്ന വോൾട്ടേജ് സംപ്രേക്ഷണ പാതകൾ, ഗണ്യമായി ശക്തിപ്പെടുത്തുവാൻ ലക്ഷ്യമിടുന്നു.
  3. എല്ലാ ഭവനങ്ങളിലും വൈദ്യുതി
  4. പതിമൂന്നാം പദ്ധതിക്കാലത്ത്, വൻതോതിലുള്ള സൗരോർജ്ജ വൈദ്യുതി ഉത്പാദനം ഗണ്യമായി വർദ്ധിക്കും. ചെറുകിട ഉത്പാദന ശേഷിക്ക് സ്റ്റാൻഡ്-എലോണിൽ നിന്നും ഗ്രിഡ് ബന്ധിത സിസ്റ്റത്തിലേക്ക് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്.
  5. നിലവിൽ പാചകത്തിനു ഗണ്യമായ ഉദ്വമനമുള്ള വാതകങ്ങളേയും ഇന്ധനത്തെയും ആശ്രയിക്കുന്ന വീടുകൾക്ക് ശുദ്ധ ഇന്ധനങ്ങളിലേക്ക് മാറുന്നതിന് പദ്ധതി ആസൂത്രണം ചെയ്യും.
ബോക്സ് 5.12
കേരളം - സമ്പൂര്‍ണ്ണ വൈദ്യുത സംസ്ഥാനം

വികസനത്തിന്റെയും പുരോഗതിയുടേയും കാര്യത്തിൽ എപ്പോഴും കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം കേരളം ഇപ്പോൾ നേടിയിരിക്കുന്നു. ഒന്നരലക്ഷം അപേക്ഷകര്‍ക്ക് വൈദ്യുതി നല്‍കി കൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതി സംസ്ഥാനമായി 2017 മെയ് 29 ന് കേരളം മാറി.

നിബിഡ വനങ്ങളിൽ താമസിക്കുന്ന 150 പട്ടികവര്‍ഗ്ഗ കുടുംബങ്ങൾ ഉള്‍പ്പെടെ 1,000 കുടുംബങ്ങൾ ഒഴികെ മുഴുവൻ കുടുംബങ്ങള്‍ക്കും സംസ്ഥാന വൈദ്യുത ബോര്‍ഡ് വൈദ്യുതി ലഭ്യമാക്കി. വനംവകുപ്പിന്റെ അനുമതി ലഭ്യമല്ലാത്തതിനാലും കോടതികളിൽ കേസ് നിലനില്‍ക്കുന്നതിലുമാണ് മേൽ സൂചിപ്പിച്ച കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കാൻ കഴിയാത്തത്.

കേരളത്തിന്റെ ഊര്‍ജ്ജ മേഖലയിലെ പ്രൊജക്ഷനുകൾ

സെൻട്രൽ ഇലക്ട്രിക് അതോറിറ്റി നടത്തിയ 19-ാം ഇലക്ട്രിക് പവർ സർവേ പ്രകാരം കേരളത്തിന്റെ അടുത്ത 10 വർഷത്തേക്ക് ഊർജ്ജ ഉപഭോഗം 2017-18 ൽ 25,480 മില്യൺ യൂണിറ്റും (മില്യൺ യൂണിറ്റ്, 1 യൂണിറ്റ്= 1 കിലോ വാട്ട് ഹവർ), 2020-21 ൽ 29,924 മില്യൺ യൂണിറ്റും, 2023-24 ൽ 34,393 മില്യൺ യൂണിറ്റും 2026-27 ൽ 38756 മില്യൺ യൂണിറ്റുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ സർവേ കണക്കിലെടുത്താൽ, 10 വർഷത്തിന് ശേഷം കേരളത്തിന്റെ വൈദ്യുതി ഉപഭോഗം നിലവിലെ ഉപഭോഗത്തെക്കാൾ 52 ശതമാനം കൂടുതലായിരിക്കും.

ഊര്‍ജ്ജ മേഖലയിലെ ഏജന്‍സികളുടെ പ്രവര്‍ത്തന നേട്ടം

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, അനര്‍ട്ട്, ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ്, എനര്‍ജി മാനേജ്മെന്റ് സെന്റർ എന്നീ നാല് ഏജന്‍സികൾ മുഖേനയാണ് മുഖ്യമായും കേരളത്തിൽ ഊര്‍ജ്ജ വികസന പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. ഈ വകുപ്പുകളുടെ 12-ാം പഞ്ചവല്‍സര പദ്ധതിയിലേയും 2017-18 വര്‍ഷത്തെയും വിഹിതം, ചെലവ്, ചെലവ് ശതമാനം എന്നിവ പട്ടിക 5.17 -ൽ കൊടുത്തിരിക്കുന്നു.

പട്ടിക 5.17
12-ാം പഞ്ചവത്സര പദ്ധതിയിലെയും 2017-18 വർഷത്തെയും വിഹിതവും ചെലവുകളും (രൂപ ലക്ഷത്തിൽ)
ക്രമ നമ്പർ വകുപ്പ് 12-ാം പഞ്ചവല്‍സര പദ്ധതി
(2012-17)
വാര്‍ഷിക പദ്ധതി 2017-18
വിഹിതം ചെലവ് ചെലവ് ശതമാനത്തിൽ വിഹിതം ചെലവ്(ഒക്ടോബർ 2017 വരെ) ചെലവ് ശതമാനത്തിൽ
1 കെ.എസ്.ഇ.ബി.എൽ 658,267 520,999 79.15 156,525.00 76,522.29 48.89
2 അനെര്‍ട്ട് 21,154 7,404 35.00 4,830.00 1,587.27 32.86
3 ഇ.എം.സി 3,074 2,204 71.7 814.00 186.91 22.96
4 ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് 2,310 1,715 74.24 760.00 2.70 0.35
  ആകെ 684,805 532,323 77.73 162,929.00 78,299.17 48.06
അവലംബം: പ്ലാൻസ്പേസ്

2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിൽ 162,929.00 ലക്ഷം രൂപയാണ് ഊര്‍ജ്ജമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. 2017 ഒക്ടോബര്‍ 20 -ൽ റിപ്പോര്‍ട്ട് ചെയ്ത ആകെ ചെലവ് 48.06 ശതമാനമാണ്. വാര്‍ഷിക പദ്ധതിയിൽ 156,525.00 ലക്ഷം രൂപ കെ.എസ്.ഇ.ബി ലിമിറ്റഡിനും 4,830.00 ലക്ഷം രൂപ അനർട്ടിനും 814.00 ലക്ഷം രൂപ എനര്‍ജി മാനേജ്മെന്റ് സെന്റ‍റിനും 760.00 ലക്ഷം രൂപ ഇലക്ടിക്കൽ ഇന്‍സ്പക്ടറേറ്റിനും വകയിരുത്തിയിട്ടുണ്ട്. പ്ലാൻ സ്പെയ്സിൽ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം, 2017 ഒക്ടോബർ വരെ 78,299.17 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്, അതായത് മൊത്തം വിഹിതത്തിന്റെ 48.06 ശതമാനം. ഇതിൽ, കെ.എസ്.ഇ.ബി എൽ 76,522.29 ലക്ഷവും (48.89 ശതമാനം), അനര്‍ട്ട് 1,587.27 ലക്ഷവും (32.86 ശതമാനം), ഇ.എം.സി 186.91 ലക്ഷവും (22.96 ശതമാനം) ഇലക്ടിക്കൽ ഇന്‍സ്പക്ടറേറ്റ് 2.70 ലക്ഷവും (0.35 ശതമാനം) ഫണ്ട് 2017 ഒക്ടോബർ വരെ ചെലവഴിച്ചിട്ടുണ്ട്.

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ)

കേരള സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കുന്ന പ്രധാന സ്ഥാപനമാണ് കെ.എസ്.ഇ.ബി.എൽ. സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം, പ്രസരണം, വിതരണം എന്നിവ കെ.എസ്.ഇ.ബി.എൽ നിർവഹിക്കുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കുംവേണ്ട വൈദ്യുതി താങ്ങാവുന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം.

വൈദ്യുതി ആക്ട് 2003 പ്രകാരം കേന്ദ്രസര്‍ക്കാർ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കേരള സര്‍ക്കാർ G.O (MS) നമ്പർ 37/2008/PD തീയതി 25/09/2008 ഉത്തരവിലൂടെ കെ.എസ്.ഇ.ബി.യുടെ എല്ലാ ആസ്തികളും ബാധ്യതകളും സര്‍ക്കാരിലേക്ക് മാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു. അങ്ങനെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ ആസ്തി ബാധ്യതകൾ മുഴുവൻ ഇന്ത്യൻ കമ്പനീസ് ആക്ട് 1956 പ്രകാരം രൂപീകരിച്ച പൂര്‍ണ്ണമായും സര്‍ക്കാർ ഉടമസ്ഥതയിലുളള കെ.എസ്.ഇ.ബി. ലിമിറ്റഡിന് 2011 ജനുവരി 14 -ന് കൈ മാറി.

ഉല്പാദനം

വ്യാപാരികൾ, സ്വതന്ത്ര ഊര്‍ജ്ജോല്‍പ്പാദകർ (ഐ.പി.പി), കേന്ദ്ര ഉല്‍പ്പാദക നിലയങ്ങൾ, കെ.എസ്.ഇ.ബി.എൽ എന്നിവയിലൂടെയാണ് സംസ്ഥാനത്തിന്റെ ഊര്‍ജ്ജാവശ്യം നിറവേറ്റുന്നത്. കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയിലുള്ള 35 ജല വൈദ്യുത നിലയങ്ങളും, 2 തെര്‍മൽ പവർ പ്ളാന്റുകളും, കഞ്ചിക്കോടുള്ള ഒരു കാറ്റാടിപ്പാടവും നിലവിലുണ്ട്. 2016-17 -ൽ സ്വതന്ത്ര വൈദ്യുത പ്രോജക്ടുകൾ വിവിധ സ്രോതസ്സുകളിൽ നിന്നായി 55.03 മെഗാവാട്ട് വൈദ്യുതി അധിക സ്ഥാപിതശേഷിയുംആകെ 2,961.11 മെഗാവാട്ടിൽ ചേര്‍ക്കുകയുണ്ടായി. എൽ.ടി/എച്ച്.ടി പ്രോസ്യുമേഴ്സുകളുടെ സൗരോര്‍ജ്ജ നിലയങ്ങളിൽ നിന്നും ലഭ്യമായ 6.19 മെഗാവാട്ട് വൈദ്യുതി ഗ്രിഡിലേക്ക് കൂട്ടി ചേർത്തു(പ്രോസ്യുമേഴ്സ് – ഒരേ സമയം ഉല്പാദകരും ഉപഭോക്താക്കളും).

സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ജല വൈദ്യുത പദ്ധതികൾ

സംസ്ഥാനത്തെ നിര്‍മ്മാണത്തിലിരിക്കുന്ന പ്രധാന ജല വൈദ്യുതി പദ്ധതികളും അവയുടെ പ്രതീക്ഷിക്കുന്ന പൂര്‍ത്തീകരണ മാസവും പട്ടിക 5.18 -ൽ നല്‍കിയിരിക്കുന്നു.

പട്ടിക 5.18
നിര്‍മ്മാണം പുരോഗമിക്കുന്ന സംസ്ഥാനത്തെ പ്രധാന ജല വൈദ്യുത പദ്ധതികൾ
ക്രമ
നമ്പർ
പദ്ധതിയുടെ പേര് സ്ഥാപിത ശേഷി (മെ.വാ) പ്രതീക്ഷിക്കുന്ന പൂർ‍ത്തീകരണ മാസം
1 തോട്ടിയാർ എച്ച്.ഇ.പി 40 ജൂണ്‍ 2020
2 സെങ്കുളം ഓഗ്മെന്റേഷൻ പദ്ധതി 85 എം.യു ജൂണ്‍ 2020
3 ചാത്തന്‍കോട്ടു നട II എസ്.എച്ച്.ഇ.പി 6 നവംബർ 2019
4 കക്കയം എസ്.എച്ച്.ഇ.പി 3 ഫെബ്രുവരി 2018
5 പെരുംന്തേനരുവി എസ്.എച്ച്.ഇ.പി 6 കമ്മീഷൻ ചെയ്തു (23.10.17)
6 പെരിങ്ങല്‍കുത്ത് എസ്.എച്ച്.ഇ.പി 24 മെയ് 2018
7 ഭൂതത്താന്‍കെട്ട് എസ്.എച്ച്.ഇ.പി 24 ഡിസംബർ 2018
8 അപ്പർ കല്ലാർ 2 ഓഗസ്റ്റ് 2018
9 പള്ളിവാസൽ എക്സ്റ്റൻഷൻ 60 ഡിസംബർ 2020
അവലംബം: കെ.എസ്.ഇ.ബി. എൽ

പട്ടിക 5.18 -ൽ നിന്ന് മനസ്സിലാക്കാവുന്നത് 2017-18 വര്‍ഷം പൂര്‍ത്തീകരിച്ചത് ഒരു ജല വൈദ്യുത പദ്ധതി മാത്രമാണ്. 2017-18 -ൽ ഒന്നു കൂടി പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന മറ്റു ജല വൈദ്യുതി പദ്ധതികളുടെ വിശദാംശങ്ങൾ അനുബന്ധം 5.28 -ൽ നല്‍കിയിരിക്കുന്നു.

നിര്‍മ്മാണത്തിലിരിക്കുന്ന സൗരോര്‍ജ്ജ പദ്ധതികൾ

സംസ്ഥാനത്ത് കെ.എസ്.ഇ.ബി.എൽ ന്റെ നിര്‍മ്മാണത്തിലിരിക്കന്ന സൗരോര്‍ജ്ജ പദ്ധതികളും അവയുടെ നിലവിലുള്ള സ്ഥിതിയും പട്ടിക 5.19 - ൽ ചേര്‍ത്തിരിക്കുന്നു.

പട്ടിക 5.19
നിര്‍മ്മാണത്തിലിരിക്കുന്ന സൗരോര്‍ജ്ജ പദ്ധതികൾ
ക്രമ നമ്പർ പദ്ധതികൾ ശേഷി (കി വാ) നിലവിലുള്ള സ്ഥിതി
1 ഏറ്റുമാനൂർ 1,000 പ്രവർത്തനം പുരോഗമിക്കുന്നു
2 മുവാറ്റുപുഴ 1,250 പ്രവർത്തനം പുരോഗമിക്കുന്നു
3 പോത്തൻകോട് 2,000 പ്രവർത്തനം പുരോഗമിക്കുന്നു
4 പീരുമേട് 500 പ്രവർത്തനം പുരോഗമിക്കുന്നു
5 കുറ്റിപ്പുറം 500 പ്രവർത്തനം പുരോഗമിക്കുന്നു
6 പൊന്നാനി 500 പ്രവർത്തനം പുരോഗമിക്കുന്നു
7 നെന്മാറ 1,500 പ്രവർത്തനം പുരോഗമിക്കുന്നു
8 കൊട്ടിയം 500 ടെൻഡർ പ്രക്രിയയിൽ
9 മൈലാട്ടി 1,000 ടെൻഡർ പ്രക്രിയയിൽ
10 പേരുംന്തേനരുവി 450 ടെൻഡർ പ്രക്രിയയിൽ
11 ഐ പി ഡി എസ് (സൗത്ത്, സെൻട്രൽ & നോർത്ത്) 1,120 ടെൻഡർ പ്രക്രിയയിൽ
12 ഡിസ്ട്രിബ്യൂഷൻ കെട്ടിടങ്ങളുടെ മുകളിൽ റൂഫ്ടോപ്പ് 460 പ്രവർത്തനം പുരോഗമിക്കുന്നു

പൂർത്തീകരണ ഘട്ടത്തിലാണ്

13 ട്രാന്‍സ്മിഷൻ കെട്ടിടങ്ങളുടെ മുകളിൽ റൂഫ് ടോപ്പ് 910 പ്രവർത്തനം പുരോഗമിക്കുന്നു പൂർത്തീകരണ ഘട്ടത്തിലാണ്
14 8 സ്കൂളുകളിൽ 5 കി വാട്ട് റൂഫ് ടോപ്പ് പദ്ധതി 40 ടെൻഡർ പ്രക്രിയയിൽ
15 ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള

സർക്കാർ കെട്ടിടങ്ങൾക്ക് റൂഫ് ടോപ്പ് സോളാർ പദ്ധതികളുമായി ബന്ധിപ്പിച്ച് ഗ്രിഡ് നടപ്പിലാക്കുക

1,285.5 ടെൻഡർ പ്രക്രിയയിൽ
16 ചൂലിശ്ശേരി, മാടക്കത്തറ 1,500 റീ - ടെൻഡറിങ്ങ് പ്രക്രിയ
അവലംബം: കെ.എസ്.ഇ.ബി. എൽ

സോളാർ പാര്‍ക്ക്

കേരള സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ തരത്തിലുള്ള സൗരോര്‍ജ്ജ പദ്ധതികളുടെ വികസനത്തിനായി സോളാർ എനര്‍ജി കോര്‍പ്പറേഷൻ ഓഫ് ഇന്‍ഡ്യ (SECI) യുമായി കെ.എസ്.ഇ.ബി.എൽ 2015 ഫെബ്രുവരി 18-ന് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കാസർഗോഡ് 200 മെഗാവാട്ട് ശേഷിയുള്ള സോളാർ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ മിനിസ്ട്രി ഓഫ് റിന്യൂവബിൾ എനര്‍ജി (MNRE) 2015 മാര്‍ച്ച് 19 -ന് തത്വത്തിൽ അംഗീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ അമ്പലത്തറ, കിനാലൂർ, കരിന്തളം, പൈവേലിക്കൈ, മീഞ്ച് വില്ലേജുകളിൽ 200 മെഗാവാട്ട് ശേഷിയുള്ള സോളാര്‍പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കേരളാ സര്‍ക്കാർ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിൽ ഈ പദ്ധതി നടപ്പാക്കുന്നതിനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയും കെ.എസ്.ഇ.ബി.എല്ലും സംയോജിച്ച് സോളാർ പവർ പാർക്ക് ഡെവലപ്പർ (SPPD) എന്ന ജോയിന്റ് വെഞ്ച്വർ കമ്പനിക്ക് കേരള സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എസ്.പി.പി.ഡി 2016 ജനുവരി 15 ന് സംയോജിപ്പിച്ചു.കെ.എസ്.ഇ.ബി.എൽ നിന്നും 50 ശതമാനം ഓഹരി മൂലധനമായ 50 ലക്ഷം രൂപ, ജോയിന്റ് വെഞ്ച്വർ കമ്പനിയ്ക്ക് കൈമാറിയിട്ടുണ്ട്. 200 മെഗാവാട്ടിൽ, 50 മെഗാവാട്ട് നടപ്പിലാക്കാൻ 2015 ഒക്ടോബര്‍ 29 ന് ഏൽപ്പിക്കുകയും, 50 മെഗാവാട്ട് വൈദ്യുതി ഗ്രിഡുമായി ചേർക്കുകയും ചെയ്തു. ഇതിൽ 14 മെഗാവാട്ട് ഈ വർഷം ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, പാർക്കിന് വിഭാവനം ചെയ്തിരുന്ന മൊത്തം വിസ്തൃതിയിൽ (500 ഏക്കറിന്റെ) കുറവുണ്ടായി. തന്മൂലം പദ്ധതിയിൽ നിന്ന് പ്രതീക്ഷിച്ച മൊത്തം സൗരോർജ്ജ ഉല്പാദനത്തിൽ ആനുപാതികമായ കുറവ് ഉണ്ടാകും.

ഊര്‍ജ്ജ ഉപഭോഗത്തിന്റെ രീതി

കേരളത്തിൽ മൊത്തം വൈദ്യുത ഉപഭോഗത്തിന്റെ 51.18 ശതമാനം ഗാര്‍ഹിക മേഖലയിലാണ്. ഗാര്‍ഹിക ഉപഭോക്താക്കളിൽ നിന്നുളള വരുമാനം മൊത്തം വരുമാനത്തിന്റെ 35.82 ശതമാനമാണ്. ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണത്തിൽ 2.70 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. ഗാര്‍ഹിക ഉപഭോക്താക്കളുടെ എണ്ണം 2015-16-ലെ 9,124,747-ൽ നിന്ന് 2016-17-ൽ 9,371,285 ആയി വര്‍ദ്ധിച്ചു. 2016-17-ൽ 1,103,587 ലക്ഷം രൂപക്കുളള 20,087 മില്യൻ യൂണിറ്റ് വൈദ്യുതി (സംസ്ഥാനത്തിനകത്ത്) വില്‍ക്കുകയുണ്ടായി. ഇത് മുൻ വര്‍ഷത്തെ 19,325 മില്ല്യണ്‍ യൂണിറ്റിനെക്കാൾ 762 മി.യൂണിറ്റിന്റെ വര്‍ദ്ധനവാണ് കാണിക്കുന്നത്. 2012-13 മുതൽ 2016-17 വരെയുള്ള വൈദ്യുതി ഉപയോഗത്തിന്റെ വിശദാംശങ്ങൾ പട്ടിക 5.20 -ലും 2016-17-ലെ ഊര്‍ജ്ജ ഉപഭോഗ രീതിയുടെയും വരുമാനത്തിന്റെയും കണക്ക് അനുബന്ധം 5.29 -ലും കൊടുത്തിരിക്കുന്നു.

പട്ടിക 5.20
കേരളത്തിലെ വൈദ്യുതി ഉപഭോഗം
വര്‍ഷം മൊത്തം വൈദ്യുതി ഉപയോഗം (മി.യു). വളര്‍ച്ചാ നിരക്ക് (ശതമാനം)
1 2 3
2012-13 16,838  
2013-14 17,454 3.65
2014-15 18,426 5.57
2015-16 19,325 4.88
2016-17 20,453 5.84
അവലംബം: കെ.എസ്.ഇ.ബി. എൽ

പട്ടിക 5.20 -ൽ നിന്നും മനസ്സിലാക്കാവുന്നത് കേരളത്തിലെ വൈദ്യുത ഉപയോഗം അസ്ഥിരമായ രീതിയിലുള്ള വളര്‍ച്ചയാണെന്നതാണ്.

വൈദ്യുതോര്‍ജ്ജ ഉപഭോഗം

കേരളത്തിലെ വൈദ്യുതോര്‍ജ്ജ ഉപഭോഗം 2015-16 വര്‍ഷത്തെ 19,325 മി.യു -ൽ നിന്ന് 2016-17 വര്‍ഷം 20,453 മി.യു. ആയി വര്‍ദ്ധിച്ചു. 5.84 ശതമാനം വര്‍ദ്ധനവാണ് ഇക്കലായളവിലുണ്ടായത്. 2012-13 മുതൽ 2016-17 വരെയുള്ള കേരളത്തിലെ വൈദ്യുതോര്‍ജ്ജ ഉപഭോഗം, ചിത്രം 5.9 -ൽ നല്‍കിയിരിക്കുന്നു.

ചിത്രം 5.9
മൊത്തം സ്ഥാപിത ശേഷി
അവലംബം: കെ.എസ്.ഇ.ബി.എൽ.

സംസ്ഥാനത്തിന്റെ അടുത്ത പത്ത് വര്‍ഷത്തെ പ്രതീക്ഷിക്കാവുന്ന വൈദ്യുത ഉപയോഗം

പട്ടിക 5.21-ൽ സംസ്ഥാനത്തിന്റെ അടുത്ത പത്ത് വര്‍ഷത്തെ പ്രതീക്ഷിക്കാവുന്ന വൈദ്യുത ഉപയോഗം കാണിച്ചിരിക്കുന്നു. സെന്‍ട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ 19-ാം ഇലക്ട്രിക് പവർ സർവ്വേ പ്രകാരം സംസ്ഥാനത്ത് നിലവിലെ ഉപഭോഗത്തിൽ നിന്ന് 2026-27-ൽ കൊമേഴ്സ്യൽ മേഖലയിൽ 74 ശതമാനവും ഗാര്‍ഹിക മേഖലയിൽ 60 ശതമാനവും വർദ്ധന ഉണ്ടാവുമെന്ന് വ്യക്തമാകുന്നു.

പട്ടിക 5.21
കേരളത്തിലെ വൈദ്യുതി ഉപഭോഗം
വിഭാഗം 2017-18 2020-21 2023-24 2026-27 2017-18 നെ അപേക്ഷിച്ച്
വർദ്ധന %
ഗാര്‍ഹികം 11,123 13,098 15,293 17,805 60
വാണിജ്യം 3,689 4,497 5,399 6,414 74
വ്യവസായം 4,344 4,715 5,086 5,450 25
കൃഷി 313 339 365 391 25
മൊത്തം പ്രദാനം 1,380 1,601 1,839 2,086 51
തെരുവു വിളക്കുകൾ 428 513 605 703 64
പൊതു വാട്ടർ വർക്ക് 392 437 484 534 36
റെയിൽവെ ട്രാക്ഷൻ 231 260 292 335 45
ആകെ 21,900 25,460 29,363 33,718 54
അവലംബം: കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ 19-ാം ഇലക്ട്രിക്ക് പവർ സർവെ

വൈദ്യുതി വാങ്ങൽ കരാർ (PPA)

ദക്ഷിണ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളിൽ നിന്ന് വിശിഷ്യ എൻ.ടി.പി.സി, നെയ് വേലി ലിഗ്നൈറ്റ്കോര്‍പ്പറേഷൻ (എൻ.എൽ.സി.) എന്നിവിടങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുവാൻ കെ.എസ്.ഇ.ബി.എൽ കരാറിൽ ഏര്‍പ്പെട്ടിട്ടുണ്ട്. 2016-17 ൽ ഇതിൽ 235.38 മെഗാവാട്ട് ഊര്‍ജ്ജം ആണവ ഊര്‍ജ്ജസ്റ്റേഷനിൽ നിന്നും, 1,245.77 മെ.വാ ഊര്‍ജ്ജം വിവിധ തെര്‍മൽ സ്റ്റേഷനുകളിൽ നിന്നുമാണ്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകൾ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, അഗളി (18.60 മെ.വാട്ട്), രാമക്കല്‍മേട് (14.25 മെ.വാട്ട്) എന്നീ കാറ്റാടി വൈദ്യുതി പദ്ധതികളിൽ നിന്നും, ചെറുകിട ജല വൈദ്യുത നിലയങ്ങളായ മീൻവല്ലം (3 മെ.വാ), ഇരുട്ടുകാനം (3 മെ.വാ.), കരിക്കയം (10.5 മെ.വാ), ഉള്ളൂങ്കൽ (7 മെ.വാ), ഇരുട്ടുകാനം (4.5 മെ.വാ.), മാങ്കളം മിനി ഹൈഡ്രോ (0.11 മെ.വാ.) എന്നിവിടങ്ങളിൽ നിന്നും വൈദ്യുതി വാങ്ങുവാൻ കെ.എസ്.ഇ.ബി.എൽ കരാർ ഒപ്പുവെച്ചിട്ടുണ്ട്. കോജനറേഷൻ പ്ലാന്റായ എം.പി.എസ്. സ്റ്റീലിൽ നിന്ന് (10 മെ.വാട്ട്) വൈദ്യുതി വാങ്ങി കൊണ്ടിരിക്കുന്നു. വൈദ്യുതി വാങ്ങൽ കരാറിൽ ഏര്‍പ്പെട്ടിട്ടുള്ള വിവിധ നിലയങ്ങളും അവയുടെ വിഹിതവും സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 5.30 -ൽ കൊടുത്തിരിക്കുന്നു.

പ്രസരണം

കൂടുതൽ ദൂരത്തിൽ ഉയര്‍ന്ന വോള്‍ട്ടേജുള്ള പ്രത്യേകിച്ച് 110 കെ.വി.യോ അതിലുപരിയോ വോള്‍ട്ടേജുള്ള വൈദ്യുതി മൊത്തമായി എത്തിക്കുക എന്നതാണ് വൈദ്യുതി പ്രസരണത്തിലൂടെ അര്‍ത്ഥമാക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി കൊണ്ടു വരുന്നതിനും അതിന്റെ ഫലപ്രദമായ വിതരണത്തിനും മെച്ചപ്പെട്ട പ്രസരണ സൗകര്യം അത്യാവശ്യമാണ്. ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ, ലൈൻ വലിക്കുന്നതിലെ പ്രശ്നങ്ങൾ എന്നിവ മൂലം പ്രസരണ രംഗത്ത് ഉദ്ദേശിച്ച പല പ്രവൃത്തികളും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മൂന്ന് 110 കെ.വി ഉപനിലയങ്ങൾ, ഏഴ് 33 കെ.വി ഉപനിലയങ്ങൾ കമ്മീഷൻ ചെയ്യൽ, 143.43 കിലോമീറ്റർ നീളത്തിൽ 33 കെ.വിലൈൻ ഉള്‍പ്പെടെയുള്ള ലൈനുകളും പൂര്‍ത്തിയാക്കാനും, പുതിയ ഉപനിലയങ്ങൾ ഉള്‍പ്പെടെ 498.8 എം.വി.എ ശേഷി വര്‍ദ്ധിപ്പിക്കൽ എന്നീ നേട്ടങ്ങൾ കൈവരിക്കുവാൻ 2016-17 കാലയളവിൽ പ്രസരണ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ പ്രസരണ സംവിധാനം സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 5.31 -ലും അനുബന്ധം 5.32 -ലും നല്‍കിയിരിക്കുന്നു. സംസ്ഥാനത്തിന്റെ ഊര്‍ജ്ജമേഖലയിൽ പ്രസരണ വിഭാഗത്തിന്റെ ദീര്‍ഘകാല പദ്ധതിയായ ട്രാന്‍സ്ഗ്രിഡ് 2.0 രൂപീകരിക്കാനും ഫണ്ട് അനുവദിക്കൽ അടക്കമുള്ള സര്‍ക്കാർ അനുമതി ലഭ്യമാക്കാനും കഴിഞ്ഞതാണ് ഈ കാലയളവിലെ പ്രധാന നേട്ടം. ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി തയ്യാറാക്കാനും അത് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്റെ ദീര്‍ഘകാല പ്രസരണ പദ്ധതിയുമായി ബന്ധപ്പെടുത്താനും കഴിഞ്ഞത് സംസ്ഥാനത്ത് പ്രസരണ മേഖലയിൽ ഉണ്ടായ പ്രധാന വികസനമാണ്. ചണ്ഢിഗഡ്ഡിലെ റായ്ഗറിൽ നിന്നും തമിഴ്നാടിലെ പുഗളൂരിൽ എത്തി നില്‍ക്കുന്ന എച്ച്.വി.ഡി.സി (ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ‍്) ലിങ്കിൽ നിന്നും തൃശ്ശൂർ മാടക്കത്തറയിലേക്ക് 2,000 മെഗാവാട്ട് എച്ച്.വി.ഡി.സി ലിങ്ക് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഭാവിയിൽ സംസ്ഥാനത്തിന്റെ ഊര്‍ജ്ജസുരക്ഷ ഭദ്രമാക്കുന്നതിന് സഹായിക്കുകയും നാഷണൽ ഗ്രിഡിലെ നിരക്ക് ഒഴിവാക്കാൻ കഴിയുകയും ചെയ്യും. ഇടമണ്‍, കൊച്ചി ലൈൻ പ്രവര്‍ത്തികൾ 19 മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാൻ കഴിഞ്ഞതും പ്രസരണ വിഭാഗത്തിന്റെ പ്രധാന നേട്ടമാണ്.

ബോക്സ് 5.13
റിന്യൂവബിൾ എനർജി പ്ലാൻ

റിന്യൂവബിൾ പര്‍ച്ചേസ് ഒബ്ലിഗേഷന്റെ (ആർ.പി.ഒ) കീഴിൽ ഊര്‍ജ്ജമന്ത്രാലയം പുറപ്പെടുവിച്ച താരിഫ് പോളിസിയുടെ ഭാഗമായി ഓരോ സംസ്ഥാനവും അവര്‍ക്കാവശ്യമായ വൈദ്യുതിയുടെ ഒരു നിശ്ചിതഭാഗം സൗരോര്‍ജ്ജ നിലയങ്ങളിൽ നിന്നും വാങ്ങേണ്ടതുണ്ട്. ഈ ആവശ്യം നിറവേറ്റുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് സൗരോര്‍ജ്ജം, കാറ്റ്, ബയോഗ്യാസ് മുതലായവ ഉപയോഗിക്കുന്ന ഊര്‍ജ്ജനിലയങ്ങളെ ആശ്രയിക്കാവുന്നതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ താരിഫ് പോളിസിയുടെ ഭാഗമായി കെ.എസ്.ഇ.ബി.എൽ 2017-18 -ൽ മൊത്തം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 14.25 ശതമാനം പുനരാവര്‍ത്തക ഊര്‍ജ്ജത്തിൽ നിന്നായിരിക്കണമെന്നും ഇതിൽ 4.75 ശതമാനം സൗരോര്‍ജ്ജവും, 9.5 ശതമാനം സൗരോര്‍ജ്ജേതരവും ആയിരിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നു. 2018-19 -ൽ ഇത് യഥാക്രമം 6.75 ശതമാനവും 10.25 ശതമാനവും ആയിരിക്കും. പകൽ സമയം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20 ശതമാനം മാത്രമാണ് ഗ്രിഡിലേക്ക് നല്‍കാൻ കഴിയുക. അതായത് 2017-18 ൽ 878 മില്യൻ യൂണിറ്റും, 2018-19 -ൽ 1,083 മില്യണ്‍ യൂണിറ്റുമായിരിക്കും.

ട്രാന്‍സ്ഗ്രിഡ് 2.0

ഗുണനിലവാരമുള്ളതും വിശ്വസിക്കാവുന്നതുമായ ഊര്‍ജ്ജ പ്രസരണം ദീര്‍ഘകാലത്തേക്ക് സംസ്ഥാനത്ത് സാധ്യമാക്കുക എന്നതാണ് ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ലക്ഷ്യം. 5 വര്‍ഷത്തേയ്ക്ക് 6,375 കോടി രൂപ ചെലവ് കണക്കാക്കുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയ്ക്ക് സര്‍ക്കാർ ഭരണാനുമതി നല്‍കിയിട്ടുണ്ട്. രണ്ട് പ്രധാന ഘട്ടങ്ങളിലായി ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി പൂര്‍ത്തീകരിക്കാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മറ്റൊരു ഘടകമായി കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി ഗ്രീൻ കോറിഡോര്‍എന്ന പദ്ധതിയും ട്രാന്‍സ്ഗ്രിഡിനോടു കൂടി ചേര്‍ത്തിട്ടുണ്ട്. ട്രാന്‍സ്ഗ്രിഡ് പദ്ധതിയ്ക്കായി കിഫ്ബിയിൽ നിന്ന് 5200 കോടി രൂപയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സൗരോര്‍ജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും ലഭ്യമാകുന്ന ഊര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ട്രാന്‍സ്ഗ്രിഡിന്റ‍േയും ഗ്രീൻ കോറിഡോർ പദ്ധതിയുടേയും സംയോജനത്തിലൂടെ ലക്ഷ്യമിടുന്നത്. (പട്ടിക 5.22).

പട്ടിക 5.22
കേരളത്തിലെ വൈദ്യുതി ഉപഭോഗം
വോൾട്ടേജ് ഉപനിലയങ്ങളുടേ
ശേഷി
ലൈനുകൾ
(സർക്യൂട്ട് കി മീ)
400 കെ വി 5 507
220 കെ വി 24 1,965
110 കെ വി   2,009
അവലംബം: കെ.എസ്.ഇ.ബി. എൽ

മൊത്തം സാങ്കേതിക വാണിജ്യ (എ.റ്റി.&സി) നഷ്ടങ്ങൾ

2016-17 വര്‍ഷം മൊത്തം സാങ്കേതിക വാണിജ്യ നഷ്ടം 15.71 ശതമാനത്തിൽ നിന്നും 16.30ശതമാനം ആയി വര്‍ദ്ധിക്കുകയും പ്രസരണ വിതരണ നഷ്ടം 13.93 ശതമാനം ആയി കുറയുകയും ചെയ്തു. ഇന്ത്യയുടെ മൊത്തം സാങ്കേതിക വാണിജ്യ നഷ്ടം 23.97 ശതമാനമാണ്. ഇത് സൂചിപ്പിക്കുന്നത് മൊത്തം സാങ്കേതിക വാണിജ്യ നഷ്ടം കുറച്ചു കൊണ്ടു വരുന്നതിൽ മികച്ച നേട്ടം കൈവരിക്കാൻ കെ.എസ്.ഇ.ബിയ്ക്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ്. കേടായ മീറ്റർ മാറ്റി സ്ഥാപിച്ചതിലൂടെയും, ഊര്‍ജ്ജ മോഷണം തടഞ്ഞതിലൂടെയും പുതിയ ലൈനുകളും ഉപസ്റ്റേഷനുകളും സ്ഥാപിച്ചും, ഉപട്രാന്‍സ്മിഷൻ മെച്ചപ്പെടുത്തിയും എ.പി.ഡി.ആർ.പി പദ്ധതിയിലൂടെ വിതരണശൃംഖല മെച്ചപ്പെടുത്തിയും ആധുനികവൽക്കരണം നടത്തിയും 2016-17 വര്‍ഷം ഒഴികെ കുറച്ചു വര്‍ഷങ്ങളായി മൊത്തം സാങ്കേതിക വാണിജ്യ നഷ്ടം സ്ഥിരമായി കുറയ്ക്കാൻ കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായുളളഎ.റ്റി.&സി നഷ്ടം അനുബന്ധം 5.33 –ൽ കൊടുത്തിരിക്കുന്നു. ടി&ഡി നഷ്ടങ്ങൾ നെറ്റ്വർക്കിലെ എല്ലാ നഷ്ടങ്ങളും പിടിച്ചെടുക്കാൻ കഴിയാത്തതിനാൽ, മൊത്തം സാങ്കേതിക-വാണിജ്യ നഷ്ടങ്ങൾ (എ.റ്റി.&സി) എന്ന ആശയം അവതരിപ്പിച്ചു. നെറ്റ് വർക്കിലെ സാങ്കേതികവും വാണിജ്യപരവുമായ നഷ്ടങ്ങൾ എ.റ്റി.&സി നഷ്ടം പിടിച്ചെടുക്കുന്നു, ഇത് സിസ്റ്റത്തിലെ മൊത്തം നഷ്ടങ്ങളുടെ യഥാർത്ഥ സൂചകമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി, മൊത്തം സാങ്കേതിക വാണിജ്യ (എ.റ്റി.&സി) നഷ്ടത്തിലും പ്രസരണ വിതരണ നഷ്ടത്തിലും ഉണ്ടായിട്ടുള്ളപ്രവണത ചിത്രം 5.10 -ൽ കൊടുത്തിരിക്കുന്നു.

ചിത്രം 5.10
(എ.റ്റി.&സി) നഷ്ടവും പ്രസരണ വിതരണ നഷ്ടവും (ശതമാനത്തിൽ)
അവലംബം: കെ.എസ്.ഇ.ബി.എൽ.

2012-13 മുതൽ 2016-17 വരെ പ്രസരണ വിതരണ നഷ്ടം 1.365 ശതമാനം ആയി കുറഞ്ഞു.

വിതരണം

വിതരണ വിഭാഗത്തിൽ, 59,252 കിലോമീറ്റർ 11 കെ.വി. ലൈനുകൾ, 277422 കിലോ മീറ്റർ എൽ.ടി. ലൈനുകൾ, 75,579 എണ്ണം വിതരണ ട്രാന്‍സ്ഫോര്‍മറുകളും ഉണ്ട്. 2016-17 സാമ്പത്തിക വര്‍ഷം 462,237 സർവീസ് കണക്ഷനുകൾ (400,000 എണ്ണമാണ് ലക്ഷ്യമിട്ടത്) 1,844.4 കി.മീ. 11 കെ.വി ലൈനുകൾ (3050 കി.മീ. ആണ് ലക്ഷ്യമിട്ടത്) 5,356.71 കി.മീ. എൽ ടി ലൈനുകൾ (3,500 കി.മീ. ആണ് ലക്ഷ്യമിട്ടത്) എന്നിവ കമ്മീഷൻ ചെയ്തു. 2016-17 -ൽ വിതരണ വിഭാഗത്തിൽ ലക്ഷ്യമിട്ടിരുന്ന അടിസ്ഥാന സൗകര്യങ്ങളും നേട്ടങ്ങളും അനുബന്ധം 5.34 -ൽ കൊടുത്തിരിക്കുന്നു.

പുന:സംഘടിപ്പിച്ച ത്വരിത ഊര്‍ജ്ജ വികസന നവീകരണ പദ്ധതി (ആർ-എ.പി.ഡി.ആർ.പി)

ഈ പദ്ധതിയുടെ പ്രായോജകർ ഭാരത സര്‍ക്കാരും പദ്ധതിക്കാവശ്യമായ ഫണ്ട് വിതരണം ചെയ്യുന്നത്-പവർ-ഫിനാന്‍സ് കോര്‍പ്പറേഷനുമാണ്(പി.എഫ്.സി).ഊര്‍ജ്ജപ്രായോജകര്‍ക്ക് ശക്തമായ വിവര സാങ്കേതിക പശ്ചാത്തല സൗകര്യങ്ങൾ പ്രത്യേകിച്ച് ഡാറ്റാ സെന്റർ, വൈഡ് ഏര്യ നെറ്റ് വര്‍ക്ക് എന്നിവ ഒരുക്കുക എന്നതാണ് ഈ പദ്ധതിയിലെ പാര്‍ട്ട് എ കൊണ്ട് ഉദ്ദേശിക്കുന്നത്. കെ.എസ്.ഇ.ബി യിൽ ഈ പദ്ധതിയുടെ പുരോഗതി താഴെ ചുരുക്കി നല്കിയിരിക്കുന്നു.

1. ഡാറ്റാസെന്റർ: കെ.എസ്.ഇ.ബി യുടെ കംപ്യൂട്ടർ അധിഷ്ഠിതപ്രോഗ്രാമുകൾ പ്രവര്‍ത്തിക്കുന്നതിന് സെക്യൂരിറ്റി സിസ്റ്റംസ്, നെറ്റ് വര്‍ക്കിംഗ്, സ്റ്റോറേജ്, സെർവർ ഉള്‍പ്പെടെ പൂര്‍ണ്ണമായും സജ്ജമായ ഒരു ഡാറ്റാ സെന്റർ തിരുവനന്തപുരത്തെ വൈദ്യുതി ഭവനിൽ ആരംഭിച്ചു.

2. വൈഡ് ഏരിയാ നെറ്റ് വര്‍ക്ക്: വൈഡ് ഏരിയാ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായി 680 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾ ഡാറ്റാ സെർവറുമായി എം.പി എൽ.എസ് വി.പി.എൻ.നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിച്ചു. ശേഷിക്കുന്ന ഇലക്ട്രിക്കൽ സെക്ഷനുകൾ, ഇലക്ട്രിക് സര്‍ക്കിളുകൾ, ഡിവിഷനുകൾ മുതലായവ ഡാറ്റാസെന്ററുമായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിച്ചു വരുന്നു.

3.കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ (സി.സി.സി): കോളുകൾ കൈകാര്യം ചെയ്യുന്നതിനും ഉപഭോക്തൃ സേവനം ഉറപ്പു വരുത്തുന്നതിനും തിരുവനന്തപുരത്തെ വൈദ്യുതി ഭവനിൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ 2014 മുതൽ പ്രവര്‍ത്തനം തുടരുന്നു. സംസ്ഥാനത്തെ വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളിലായി ഏകദേശം 28 കോൾ സെന്റർ എക്സിക്യൂട്ടിവുകൾ ഉപഭോക്താക്കളുടെ പരാതികൾ/സംശയങ്ങൾ ദൂരീകരിക്കുന്നതിനായി മേല്‍പറഞ്ഞ സെന്ററുകളിലായി പ്രവര്‍ത്തിക്കുന്നു. കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലേക്ക് 2015-16 വര്‍ഷം 295,073 കോളുകൾ വരുകയും അതിൽ 248,069 പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി 680 ഇലക്ട്രിക്കൽ സെക്ഷനുകൾ കേന്ദ്രീകൃത ഉപഭോക്തൃ കേന്ദ്രങ്ങളുമായി (സി.സി.സി) ബന്ധപ്പെടുത്തി ഉപഭോക്താക്കളുടെ ബില്ലുകൾ എളുപ്പത്തിൽ അടവാക്കുന്നതിനായി സി.സി.സി യിൽ കാഷ് ഡെപ്പോസിറ്റ് മെഷീൻ (സി.ഡി.എം) സ്ഥാപിച്ചു. കോര്‍പ്പറേറ്റ് ഉപഭോക്താക്കളുടെ ബില്ലുകൾ ഏകജാലക സംവിധാനത്തിലൂടെ അടവാക്കുന്നതിനായി സി.സി.സി-യിൽ കോര്‍പ്പറേറ്റ് സർവീസ് സെന്റ‍ർ പ്രവര്‍ത്തനമാരംഭിച്ചു.

4. വെബ് അധിഷ്ഠിത സ്വയം സഹായങ്ങൾ: ഇ പേയ്മെന്റ്, ബിൽവ്യൂ , ഉപഭോഗരീതി, മീറ്റർ റീഡിംഗ് ഹിസ്റ്ററി എന്നിവ ഈ ഓൺലൈൻ പോര്‍ട്ടൽ സംവിധാനത്തിലൂടെ സൗകര്യങ്ങൾ ലഭ്യമാക്കുന്നു. ഉപഭോക്തൃ സേവനത്തിനായി 680 ഇലക്ട്രിക്കൽ സെക്ഷനുകളെ ഈ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ആർ-എ.പി.ഡി.ആർ.പി യുടെ പാര്‍ട്ട് ബി പ്രകാരം, 1078.3 കോടി രൂപയുടെ 43 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. 40 നഗരങ്ങളിൽ 530.70 കോടി രൂപ അടങ്കലിലുള്ള പദ്ധതികൾ വകുപ്പടിസ്ഥാനത്തിൽ നടന്നു കൊണ്ടിരിക്കുന്നു. 2017 മാര്‍ച്ച് 31 വരെ 444.93 കോടി രൂപയുടെ വര്‍ക്കുകൾ പൂര്‍ത്തിയായി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ 547.5 കോടി രൂപയുടെ പദ്ധതികൾ ടേണ്‍ കീ അടിസ്ഥാനത്തിൽ നടന്നു വരുന്നു. 2017 മാര്‍ച്ച് 31 വരെ 456.16 കോടി രൂപയുടെ പ്രവൃത്തികൾ പൂര്‍ത്തീകരിച്ചു. ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ ഇവയാണ്. 5 പുതിയ 33 കെ.വി സബ്സ്റ്റേഷനുകൾ പൂര്‍ത്തികരിച്ചു, നിലവിലെ 4 സബ്സ്റ്റേഷനുകളിൽ കൂടുതൽ ട്രാന്‍സ്ഫോര്‍മറുകൾ സ്ഥാപിച്ചു, 19 കി.മീറ്റർ 33 കെ.വി ഒ.എച്ച് ലൈൻ നിര്‍മ്മിച്ചു, 9 കി.മീറ്റർ 33 കെ.വി യു.ജി കേബിൾ സ്ഥാപിച്ചു, 1,629 കി.മീറ്റർ എച്ച്.ടി.ഒ.എച്ച് ലൈൻ നിര്‍മ്മിച്ചു, 1,141 കി.മീറ്റർ എച്ച്.ടി.യു.ജി കേബിൾ സ്ഥാപിച്ചു, 629 കി.മീറ്റർ എച്ച്.ടി റീ കണ്ടക്ടറിംഗ് നടത്തി, 89 കി.മീറ്റർ എച്ച്.ടി.എ.ബി.സി സഥാപിച്ചു, 2846 എണ്ണം വിതരണ ട്രാന്‍സ്ഫോര്‍മറുകൾ സ്ഥാപിച്ചു, 270 കി.മീറ്റർ എൽ.റ്റി ലൈൻ നിര്‍മ്മിച്ചു, 8,312 കി.മീറ്റർ എൽ.ടി റീ കണ്ടക്ടറിംഗ് നടപ്പിലാക്കി, 411 കി.മീറ്റർ എൽ.റ്റി.എ.ബി.സി സ്ഥാപിച്ചു, 1,333,788 എണ്ണം കേടായതോ മെക്കാനിക്കലോ ആയ മീറ്ററുകൾ ഇലക്ട്രോ സ്റ്റാറ്റിക്ക് മീറ്ററുകളാക്കി മാറ്റി, 38,811 സ്ട്രീറ്റ് ലൈറ്റ് മീറ്ററുകൾ സ്ഥാപിച്ചു.

സംയോജിത ഊര്‍ജ്ജ വികസന പദ്ധതി (ഐ.പി.ഡി.എസ്)

നഗര പ്രദേശങ്ങളിലെ വിതരണ സൗകര്യം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജജ മന്ത്രാലയം ആവിഷ്ക്കരിച്ച പദ്ധതിയാണിത്. ഈ പദ്ധതിയിൽ, 33 കെ.വി, 66കെ.വി സബ്സ്റ്റേഷനുകളുടെ നിര്‍മ്മാണം, പവർ ട്രാന്‍സ്ഫോര്‍മറുകൾ, ആർ & എം സബ്സ്റ്റേഷൻ, പുതിയ 66 കെ.വി, 33 കെ.വി, 11 കെ.വി ഫീഡറുകൾ, 11 കെ.വി ലൈൻ റീ കണ്ടക്ടറിംഗ്, എബിസി കേബിള്‍സ് (എച്ച്ടി & എല്‍ടി), പുതിയ 11 കെ.വി യു.ജി കേബിള്‍സ്, ഡി.ടി.ആറുകൾ സ്ഥാപിക്കൽ, ഡി.ടി.ആർ.കളുടെ ശേഷി വര്‍ദ്ധിപ്പിക്കൽ, എച്ച്.വി.ഡി.എസ്, മീറ്ററിംഗ്, സൗരോര്‍ജ്ജ നിലയങ്ങൾ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയ്ക്കായി 100.95 കോടി രൂപ ലഭിച്ചിട്ടുണ്ട്. അതിൽ 6.51 കോടി രൂപ 2016-17-ൽ ചെലവഴിച്ചിട്ടുണ്ട്.

ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (ഡി.ഡി.യു.ജി.ജെ.വൈ)

എ.ടി.&.സി.നഷ്ടം കുറയ്ക്കുന്നതിനും വൈദ്യുതി എല്ലാ ഭവനങ്ങളിൽ എത്തിക്കുന്നതിനും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനുമായി ഊര്‍ജ്ജമന്ത്രാലയം ആവിഷ്ക്കരിച്ചതാണ് ഈ പദ്ധതി. കേരളത്തിലെ 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാർ 2016 ജനുവരി 5 ന് 485.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, 161,199 ഗ്രാമീണ ഭവനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനായി ഉദ്ദേശിക്കുന്നു. ഇതിൽ 41,884 ഭവനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. 33 കെ.വി. സബ്സ്റ്റേഷനുകളുടെയും 33 കെ.വി ലൈനുകൾ എന്നിവയുടെ നിര്‍മ്മാണം, വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ സ്ഥാപനം, ഊര്‍ജ്ജ മീറ്ററുകളുടെ മാറ്റി സ്ഥാപിക്കൽ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സർവ്വീസ് കണക്ഷനുകൾ നല്‍കൽ എന്നിവയാണ് ഈ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയ്ക്കായി 86.93 കോടി രൂപ ലഭിച്ചിട്ടുണ്ട്. അതിൽ 8.04 കോടി രൂപ 2016-17 -ൽ ‍ചെലവഴിച്ചിട്ടുണ്ട്.നടപ്പിലാക്കി കൊണ്ടിരുന്ന ആർ.ജി.ജി.വി.വൈ. പദ്ധതിയെ ഈ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഡി.ഡി.യു.ജി.വി.വൈ/ആർ.ജി.ജി.വി.വൈ പദ്ധതിയുടെ സാമ്പത്തിക–ഭൗതിക നേട്ടങ്ങൾ അനുബന്ധം 5.35 -ൽ ചേര്‍ത്തിരിക്കുന്നു.

വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ കെ.എസ്.ഇ.ബി.എൽ -ന്റെ പ്രവര്‍ത്തനങ്ങൾ

സംസ്ഥാനത്തെ വൈദ്യുത ഉപഭോക്താക്കളുടെ ഉന്നമനത്തിനും മെച്ചപ്പെട്ട ഊര്‍ജ്ജവിതരണത്തിനുമായി കെ.എസ്.ഇ.ബി.എൽ നിരവധി വിവര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി അടുത്ത കാലത്തായി ആരംഭിച്ച രണ്ട് പദ്ധതികൾ താഴെ പറയുന്നു.

1. ഊര്‍ജ്ജദൂത്, ഔട്ടേക്ക് മാനേജ്മെന്റ് സിസ്റ്റം

വൈദ്യുത ശൃംഖലയിലെ ഊര്‍ജ്ജ തടസ്സങ്ങൾ മുന്‍കൂട്ടി എസ്.എം.എസ് വഴി ഉപഭോക്താക്കളെ സൗജന്യമായി അറിയിക്കുന്നതിനുള്ള പദ്ധതിയാണ്. എത്ര സമയം വൈദ്യുത തടസ്സമുണ്ടാവുമെന്ന് ഇതുവഴി മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്നു. അപ്രതീക്ഷിത തടസ്സങ്ങളും ഉപഭോക്താക്കളെ അറിയിക്കുന്നു. മുന്‍കൂട്ടി അറിയിപ്പ് ലഭിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ജോലികൾ ആസൂത്രണം ചെയ്യുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിത തടസ്സങ്ങളുടെ വിവരം ലഭിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആശങ്കകൾ ഒഴിവാകുന്നു. 2016 ഒക്ടോബര്‍ 25 -ൽ ഈ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. ജനുവരി 2017 വരെ 4,872,093 എസ്സ്.എം.എസ് ഇതുവഴി നല്‍കിയിട്ടുണ്ട്.

2. ഊര്‍ജ്ജ സൗഹൃദ, ബിൽ വിവര സംവിധാനം

എസ്സ്.എം.എസ്സ് വഴിയും ഇ-മെയിൽ വഴിയും വൈദ്യുതി ബില്ലിലെ വിവരങ്ങളുടെ ബില്‍തുക, അടയ്ക്കേണ്ട തീയതി, വൈദ്യുതി വിച്ഛേദിക്കുന്ന തീയതി എന്നിവ ഉപഭോക്താക്കളിൽ എത്തിക്കുന്ന പദ്ധതിയാണിത്. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനത്തിലൂടെ ബിൽ തയ്യാറാക്കുമ്പോൾ തന്നെ ഇത്തരം വിവരങ്ങൾ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുന്നു. നിശ്ചിത തീയതിക്കു മുമ്പായി വീണ്ടും എസ്സ്.എം.എസ് നല്‍കുന്നു. സമയാസമയങ്ങളിൽ അറിയിപ്പ് ലഭിക്കുന്നത് മൂലം അവസാന നിമിഷത്തെ ബില്ലടക്കുന്ന തിരക്ക് ഒഴിവാക്കാനും വൈദ്യുതി വിച്ഛേദിക്കുന്ന അവസ്ഥ ഇല്ലാതാക്കാനും കഴിയുന്നു. വൈദ്യുതി വിച്ഛേദിക്കുന്നതിന് മുമ്പ് ലഭിക്കുന്ന എസ്സ്.എം.എസ്സ് വളരെയധികം ഉപകാരപ്രദമാണെന്ന് ഉപഭോക്താക്കൾ സമ്മതിക്കുന്നു. 2016 ഒക്ടോബര്‍ 25 ന് ആരംഭിച്ച്, 2017 ജനുവരി വരെ 1,162,201 എസ്എംഎസ് ആണ് കൊടുത്തത്.

വൈദ്യുതി ആവശ്യകത പരിപാലന പ്രവർത്തനങ്ങൾ

വിജിലന്‍സ് & സെക്യൂരിറ്റി വിംഗും ഊര്‍ജ്ജമോഷണ വിരുദ്ധ സ്ക്വാഡും (എ.പി.റ്റി.എസ്)

കെ.എസ്.ബി.ഇ.എൽ-ലെ ഉദ്യോഗസ്ഥരുടെ അഴിമതിയും മോശമായ പെരുമാറ്റവും തടയുന്നതിനായി രൂപീകരിച്ചതാണ് വിജിലന്‍സ് വിംഗ്. വൈദ്യുതി മോഷണം തടയുന്നതിനായി പോലീസ് ഐ.ജിയുടെ കീഴിൽ പ്രവര്‍ത്തിക്കുന്നതാണ് ഊര്‍ജ്ജമോഷണ വിരുദ്ധ സ്ക്വാഡ്. (എ.പി.റ്റി.എസ്).

2016-17 ലെ നേട്ടങ്ങൾ

2016-17-ൽ വിവിധ മേഖലകളിൽ നിന്നും വിജിലന്‍സ് വിംഗിന് ലഭിച്ച 993 പരാതികളിൽ അന്വേഷണം നടത്തുകയും 714 കേസുകളിൽ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഊര്‍ജ്ജമോഷണ വിരുദ്ധ സ്ക്വാഡ് 2016-17-ൽ സംസ്ഥാനത്ത് 31706 പരിശോധനകൾ നടത്തി. 194 പരിശോധനകളിൽ വൈദ്യുത മോഷണം കണ്ടെത്തുകയും 495,501,027 രൂപയുടെ (നാല്‍പ്പത്തി ഒമ്പത് കോടി അന്‍പത്തി അഞ്ച് ലക്ഷത്തി ആയിരത്തി ഇരുപത്തി ഏഴ് രൂപ) നഷ്ടം കണക്കാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 220,890,875 രൂപ (ഇരുപത്തി രണ്ട് കോടി എട്ട് ലക്ഷത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി എഴുപത്തി അഞ്ച് രൂപ) വൈദ്യുതി മോഷണത്തിന്റെ പേരിൽ ബന്ധപ്പെട്ട ഉപഭോക്താക്കളിൽ നിന്നും തിരിച്ചു പിടിച്ചിട്ടുണ്ട്.

കെ. എസ്.ഇ.ബി എല്ലിന്റെ 2016-17 ലെ നേട്ടങ്ങൾ

  1. വെള്ളത്തൂവൽ ചെറുകിട ജലവൈദ്യുത പദ്ധതി (3.6 മെഗാവാട്ട്) കമ്മീഷൻ ചെയ്തു.
  2. 110 കെ.വി യുടെ 3 ഉപ നിലയങ്ങളും, 33 കെ.വി യുടെ 7 ഉപ നിലയങ്ങളും കമ്മീഷൻ ചെയ്തു.
  3. 73.96 സര്‍ക്യൂട്ട് കിലോ മീറ്റർ 110 കെ.വി ലൈനുകളും 63.37 സര്‍ക്യൂട്ട് കിലോ മീറ്റർ 33 കെ.വി ലൈനുകളും കൂട്ടിച്ചേര്‍ത്തു. പുതിയത് ഉള്‍പ്പെടെയുള്ള ആകെ പ്രസരണശേഷി - 280.5 എം.വി.എ.
  4. 462,237 പുതിയ സർവീസ് കണക്ഷനുകൾ നല്കി. 2,270 എണ്ണം പുതിയ വിതരണ ട്രാന്‍സ്ഫോര്‍മറുകൾ സ്ഥാപിച്ചു.
  5. 1,844 കീ.മീറ്റർ 11 കെ.വി ലൈനുകളും, 5,357 കീ.മീറ്റർ എൽ.ടി ലൈനുകളും നിർമ്മിച്ചു. 2,281 കീ.മീറ്റർ സിംഗിൾ ഫേസ് ലൈനുകൾ ത്രീഫേസ് ലൈനുകളാക്കി, 15,025 സര്‍ക്യൂട്ട് കിലോ മീറ്റര്‍റീ -കണ്ടക്ടറിങ്ങ് പൂർത്തിയാക്കി.
  6. 469,285 എണ്ണം കേടായ മീറ്ററുകൾ മാറ്റിസ്ഥാപിച്ചു.
  7. കൂട്ടിച്ചേര്‍ത്ത സൗരോര്‍ജ്ജ പദ്ധതികൾ കൊല്ലങ്കോട് സബ്സ്റ്റേഷൻ (1മെഗാവാട്ട്), ഇടയാർ സബ്സ്റ്റേഷൻ (1.25 മെഗാവാട്ട്), ബാരാപോൾ കനാല്‍ടോപ്പ് (3 മെഗാവാട്ട്), ബാരാപോൾ കനാൽ ബാങ്ക് (1 മെഗാവാട്ട്), പടിഞ്ഞാറെത്തറ ഡാംടോപ്പ് (440 കിലോവാട്ട്), ഉല്‍പ്പാദന നിലയങ്ങളുടെ മേല്‍ക്കൂര (700 കിലോവാട്ട്), മറ്റുള്ളവ (65 കിലോവാട്ട്).

ഏജന്‍സി ഫോർ നോണ്‍-കൺവെന്‍ഷണൽ എനര്‍ജി ആന്റ് റൂറൽ ടെക്നോളജി (അനര്‍ട്ട്)

കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനമായാണ് ഏജന്‍സി ഫോർ നോണ്‍-കൺവെന്‍ഷണൽ എനര്‍ജി ആന്റ് റൂറൽ ടെക്നോളജി രൂപീകരിച്ചിട്ടുളളത്. കേരള സര്‍ക്കാരും, കേന്ദ്രസര്‍ക്കാരും സംസ്ഥാനത്ത് നടപ്പിലാക്കുന്ന പാരമ്പര്യേതര ഊര്‍ജ്ജപ്രചരണത്തിനും നടപ്പാക്കലിനും അധികാരമുളള നോഡൽ ഏജന്‍സിയാണ് അനെര്‍ട്ട്.

സോളാർ ഫോട്ടോവോള്‍ട്ടേക് പരിപാടികൾ, സോളാർ തെര്‍മൽ പരിപാടികൾ, വിന്റ് എനര്‍ജി പരിപാടികൾ, ബയോ ഗ്യാസ് പരിപാടികൾ, മെച്ചപ്പെട്ട ചൂള, ബോധവത്ക്കരണ പ്രചാരണ പദ്ധതികൾ തുടങ്ങിയവയാണ് അനര്‍ട്ട് നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങൾ.കേന്ദ്ര നവീന നവീകരണ മന്ത്രാലയത്തിന്റെ (എം.എൻ.ആർ.ഇ) സഹായങ്ങൾ ഇത്തരം പദ്ധതികള്‍ക്ക് ലഭിക്കുന്നുണ്ട്. അനർട്ടിന്റെ വിഹിതവും ചെലവുകളും പട്ടിക 5.23 -ൽ കൊടുത്തിരിക്കുന്നു.

പട്ടിക 5.23
അനർട്ടിന്റെ വിഹിതവും ചെലവുകളും (രൂപ ലക്ഷത്തിൽ)
ക്രമ നമ്പർ പദ്ധതിയുടെ പേര് 12-ാം പഞ്ചവല്‍സര പദ്ധതി (2012-17) വാര്‍ഷിക പദ്ധതി 2017-18
വിഹിതം ചെലവ് ചെലവ് ശതമാനം വിഹിതം ചെലവ് ചെലവ് ശതമാനം
1 പുനരാവർത്തക ഊർജ്ജത്തിലുള്ള പരിപാടികൾ 3,065.00 313.76 10.24
2 പുനരാവർത്തക ഊർജ്ജ പൊതു സമ്പർക്കം, ഔട്ട് റീച്ച്,പഠനങ്ങളും വികസനവും 1,765.00 108.91 6.17
3 അനര്‍ട്ട്നടപ്പിലാക്കുന്നപാരമ്പര്യേതരഊർജ്ജ പരിപാടികൾ 8,150.00 4,796.51 58.85 373.32
4 പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ചുള്ള വൈദ്യുതീകരണം 11,328.00 2,395.08 21.14 895.32
5 പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ വിലയിരുത്തൽ 500.00 51.17 10.23
6 പരിശോധനക്കും കണ്ടത്തലിനുമുള്ള ലാബ്, മറ്റു അടിസ്ഥാന സൗകര്യ വികസനം 500.00 80.86 16.17
7 പരിശീലനം, വ്യാപനം, വിപണനം 176.00 80.46 45.72
8 മൈക്രോ ഹൈഡൽ പ്രൊജക്റ്റുകൾ 250.00 0.00
9 വിൻഡ് എനർജി പ്രൊജക്റ്റുകൾ 250.00 0.00
  ആകെ -അനര്‍ട്ട് 21,154.00 7,404.08 35.00 4,830.00 1,691.31 35.02

അനര്‍ട്ടിന്റെ 2016-17 ലെ നേട്ടങ്ങൾ

  1. 2016-17 വര്‍ഷം സംസ്ഥാനത്ത് 2,197 ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകളും 144 കമ്മ്യൂണിറ്റി ചൂളകളും സ്ഥാപിക്കുവാൻ അനര്‍ട്ടിന് സാധിച്ചു.
  2. 9,519 സ്ക്വയർ മീറ്റർ കളക്ടർ ഏരിയ ഉള്ള സോളാർ വാട്ടർ ഹീറ്റിംഗ് സിസ്റ്റം സ്ഥാപിച്ചു. ഇതുവഴി ഒരു ദിവസം 630,000 ലിറ്റർ വെള്ളം ചൂടാക്കുവാൻ കഴിയും.
  3. 2,761 ഗാര്‍ഹിക ചൂളകൾ സ്ഥാപിച്ചു.
  4. 1 കിലോവാട്ട് ശേഷിയുള്ള 2 സോളാർ പ്ലാന്റ‍് സ്ഥാപിച്ചു.
  5. സോളാർ ഹോംലൈറ്റിംഗ് സിസ്റ്റം 2,316 എണ്ണവും, തുല്യ തോതിലുള്ള സോളാർ റാന്തലുകളും നല്‍കി.
  6. 1349 കിലോവാട്ട് ശേഷിയുള്ള 664 എണ്ണം ഓഫ് ഗ്രിഡ് സോളാർ സ്മാര്‍ട്ട് പ്രോഗ്രം നടപ്പിലാക്കി.

എനര്‍ജി മാനേജ്മെന്റ് സെന്റർ - കേരള (ഇ.എം.സി)

കേരള ഊര്‍ജ്ജ വകുപ്പിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ്. സംസ്ഥാനത്ത് ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, ഗവേഷണം, പരിശീലനം, പ്രദര്‍ശന പരിപാടികൾ, ബോധവല്‍ക്കരണം തുടങ്ങിയവയിലൂടെ ഊര്‍ജ്ജ സംരക്ഷണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയവ ഇ.എം.സിയുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. സ്വകാര്യ പങ്കാളിത്തത്തോടെ ചെറുകിട ജലവൈദ്യുതപദ്ധതികൾ വികസിപ്പിക്കുന്നതിനായി സംസ്ഥാനസര്‍ക്കാർ ഊര്‍ജ്ജവകുപ്പിൻ കീഴിൽ സ്വീകരിച്ച എസ്.എച്ച്.പി.സെൽ ഇ.എം.സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു (പട്ടിക 5.24).

പട്ടിക 5.24
ഇ.എം.സി യുടെ വിഹിതവും ചെലവുകളും (രൂപ ലക്ഷത്തിൽ)
ക്രമ നമ്പർ പദ്ധതിയുടെ പേര് 12-ാം പഞ്ചവല്‍സര പദ്ധതി
(2012-17)
വാര്‍ഷിക പദ്ധതി 2017-18
വിഹിതം ചെലവ് ചെലവ് ശതമാനം വിഹിതം ചെലവ് ചെലവ് ശതമാനം
1 സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ 98.00 93.00 94.90 25.00 9.12 36.48
2 ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ 670.00 658.97 98.35 345.00 104.81 30.38
3 പശ്ചാത്തല വികസനവും സ്ഥാപനം ശക്തിപ്പെടുത്തലും 1,200.00 1,080.00 90.00 72.00 25.29 35.13
4 കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ നിധി 441.00 356.59 80.86 372.00 47.69 12.82
5 സി.എഫ്.എൽ- ന്റെ സുരക്ഷിത നിർമ്മാർജ്ജനം 25.00 15.00 60.00  
6 ചെറുകിട ജലവൈദ്യുത വികസനം (ആർ ഐ ഡി എഫ്) 640.00 0.00 0.00  
  ആകെ - ഇ എം സി 3,074.00 2,203.56 71.68 814.00 186.91 22.96

ഇ.എം.സി.യുടെ 2016-17 -ലെ നേട്ടങ്ങൾ

  1. ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്ത് 300 മി.യു. വൈദ്യുതിയും 3,192 മെട്രിക് ടണ്‍ എണ്ണയും 4,100 മെട്രിക് ടൺ കല്‍ക്കരിയും ലാഭിക്കുവാനായി.
  2. വ്യവസായികള്‍ക്കായി 29 ഊര്‍ജ്ജ സംരക്ഷണ പ്രോഗ്രാമുകൾ നടത്തി.
  3. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 1,020 ഊര്‍ജ്ജ സംരക്ഷണ പ്രോഗ്രാമുകൾ നടത്തി.
  4. ദേശീയ ഊര്‍ജ്ജ സ്ഥാപന ദിനത്തിന്റെ ഭാഗമായി 14 ജില്ലാ ആസ്ഥാനങ്ങളിൽ ഊര്‍ജ്ജസംരക്ഷണറാലി സംഘടിപ്പിക്കുകയും 140 ജില്ലാ കേന്ദ്രങ്ങളിൽ പൊതു ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. 19 പൊതുമേഖലാ സ്ഥാപനങ്ങളിലും 8 എഞ്ചിനിയറിംഗ് കോളേജുകളിലും ബോധവല്‍ക്കരണപരിപാടികൾ നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 സെന്ററുകളിൽ എനര്‍ജി ക്ലിനിക്ക് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.
  5. എനര്‍ജി ക്ലിനിക്ക് പ്രോഗ്രാമിന്റെ ഭാഗമായി 14 ജില്ലകളിലായി 700 വനിതകള്‍ക്ക് പരിശീലനം നല്‍കുകയും 1,081 എനര്‍ജി ക്ലിനിക്കുകൾ സംഘടിപ്പിക്കുകയും ചെയ്തു.
  6. 2016-17 കാലയളവിൽ ഊര്‍ജ്ജകിരണിന്റെ ഭാഗമായി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിൽ എൻ.ജി.ഒ-കളുമായി സഹകരിച്ച് 304 ബോധവൽക്കരണ പരിപാടികൾ നടത്തി
  7. ട്രെയിനിംഗ് നല്‍കിയ വിദഗ്ദ്ധ വ്യക്തികൾ (ആർ.പി.മാർ) വഴി 2,278 ബോധവല്‍ക്കരണ ക്ലാസ്സുകൾ നടത്തി.
  8. ഊര്‍ജ്ജ സംഭരണവുമായി ബന്ധപ്പെട്ട് ഇ.എം.സി 12 പ്രദര്‍ശനങ്ങൾ സംഘടിപ്പിച്ചു.
  9. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി 41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 4,270 സ്കൂളുകളിലെ 2 ലക്ഷം വിദ്യാര്‍ത്ഥികൾ പങ്കാളിയായി. 41 സെന്‍സിറ്റെസേഷൻ ക്യാമ്പുകളും 37 ഊര്‍ജ്ജോത്സവമത്സരങ്ങളും 14 ജില്ലാതല പ്രോഗ്രാമുകളും നടത്തി.
  10. ജില്ലാതലവിജയികളായ യു.പി, ഹൈസ്ക്കുൾ വിദ്യാര്‍ത്ഥികള്‍ക്കായി 4 വ്യത്യസ്ത മത്സരങ്ങളിലായി കേരള സ്റ്റേറ്റ് സ്റ്റുഡന്റ‍സ് എനര്‍ജി കോണ്‍ഗ്രസ്സ് 2017 സംഘടിപ്പിച്ചു.
  11. ഊര്‍ജ്ജ സംരക്ഷണത്തിനായി 3 ആർ&ഡി പ്രോജക്ടുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ 16 പ്രോജക്ടുകള്‍ക്കും സാമ്പത്തിക സാങ്കേതിക സഹായം നല്‍കി.
  12. 5 സ്റ്റാർ റേറ്റിംഗ് ഉള്ള ഫാൻ, എൽ.ഇ.ഡിബള്‍ബ്, റ്റി 5 എൽ.ഇ.ഡി. ട്യൂബ് എന്നിവ നല്‍കിയത് വഴി സംസ്ഥാനത്തെ 70 സ്കൂളുകൾ ഊര്‍ജ്ജ സംരക്ഷണ സ്ഥാപനങ്ങളായി മാറി.
  13. ഐ.ടി.ഐ/ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കായി എനര്‍ജി കണ്‍സർവെഷൻ ടിപ് ഷീറ്റ് വികസിപ്പിച്ചു.
  14. സംസ്ഥാനത്തിന്റെ മലയോര ഉള്‍പ്രദേശങ്ങളിൽ ഒരു കിലോവാട്ട് ശേഷിയുള്ള 30 പൈകോ ഹൈഡൽ പ്രോജക്ടുകൾ സ്ഥാപിച്ചു.
  15. ബൂട്ട് പദ്ധതിയുടെ കീഴിൽ 8 മെഗാവാട്ട് ശേഷിയുള്ള പത്താംകയം ചെറുകിട ജലവൈദ്യുത പദ്ധതി ബഹു. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു.
  16. എറണാകുളം ജില്ലയിലെ ചിറ്റാനിക്കര പഞ്ചായത്ത് ഊര്‍ജ്ജ പര്യാപ്ത പഞ്ചായത്തായി മാറി.
  17. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നല്‍കുന്ന ഏറ്റവും നല്ല ഡെസിഗ്നേറ്റഡ് ഏജന്‍സിക്കുള്ള അവാര്‍ഡിൽ മൂന്നാം സ്ഥാനം ഇ.എം.സി ക്ക് ലഭിച്ചു.

ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ്

കേരള ഊര്‍ജ്ജ വകുപ്പിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് ഇലക്ട്രിക്കൽ ഇന്‍സ്പക്ടറേറ്റ്. സംസ്ഥാനത്ത് ഊര്‍ജജ വകുപ്പിന്റെ കീഴിലാണ് സുരക്ഷാ പരിശോധനകൾ നടത്തുന്നതും ഹൈടെന്‍ഷൻ, എക്സ്ട്രാ ഹൈടെന്‍ഷൻ, മീഡിയം വോള്‍ട്ടേജ് ഇന്‍സ്റ്റലേഷൻ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കുന്നതും ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് ആണ്. വിവിധ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പരിശോധന, കാലിബറേഷൻ എന്നിവ നടത്തുക എന്നതാണ് മീറ്റർ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്റേര്‍ഡ് ലബോറട്ടറിയുടെ ലക്ഷ്യം. വോള്‍ട്ടേജ്, കറന്റ്, റെസിസ്റ്റന്‍സ്, ഫ്രീക്വന്‍സി, പവർ, പവർ ഫാക്ടർ, എനര്‍ജി മുതലായവയുടെ കാലിബ്രേഷൻ അളക്കുന്നതിനുള്ള സൗകര്യങ്ങൾ നിലവിൽ ഇവിടെ ലഭ്യമാണ്. പ്രൊട്ടക്ഷൻ റിലെ, ഇന്‍സ്ടുമെന്റ് ട്രാന്‍സ്ഫോര്‍മർ എന്നിവയ്ക്കുള്ള പ്രീ കമ്മീഷണിംഗ് ടെസ്റ്റിംഗ് സൗകര്യം എന്നിവ ഇതിലുള്‍പ്പെടുന്നു. പവർ ട്രാന്‍സ്ഫോര്‍മറുകൾ, കേബിളുകൾ, സര്‍ക്ക്യൂട്ട് ബ്രേക്കുകൾ എന്നിവയ്ക്കുള്ള പ്രീ കമ്മീഷണിംഗ് ടെസ്റ്റുകൾ എന്നിവ ഇവിടെ നടത്തപ്പെടുന്നു. ഇവിടെ നടത്തുന്ന എല്ലാ കാലിബറേഷനുകളും ടെസ്റ്റുകളും ദേശീയ, അന്തർ ദേശീയ നിലവാരത്തിനൊത്തതാണ്. സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക്കൽ അപകടങ്ങളും അന്വേഷിക്കുന്നതും അന്വേഷണ റിപ്പോര്‍ട്ടുകൾ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതും അപകടങ്ങള്‍ക്ക് ഉത്തരവാദിയായ വ്യക്തി/അധികാരികൾ എന്നിവര്‍ക്കെതിരെ നടപടികൾ എടുക്കുന്നതും ഈ വകുപ്പാണ്. (പട്ടിക 5.25).

പട്ടിക 5.25
ഇലക്ട്രിക്കല്‍ഇൻസ്പെക്ടറേറ്റിന്റെ വിഹിതവും ചെലവുകളും (രൂപ ലക്ഷത്തിൽ)
ക്രമ നമ്പർ പദ്ധതിയുടെ പേര് 12-ാം പഞ്ചവല്‍സര പദ്ധതി
(2012-17)
വാര്‍ഷിക പദ്ധതി 2017-18
വിഹിതം ചെലവ് ചെലവ് ശതമാനം വിഹിതം ചെലവ് ചെലവ് ശതമാനം
1 മീറ്റർ ടെസ്റ്റിംഗ് & സ്റ്റാന്‍ഡേര്‍ഡ്സ് ലബോറട്ടറി (എം.റ്റി.എസ്.എൽ) 1,910.00 1,415.38 74.1 380.00 0.39 0.10
2 ഗുണനിലവാര നിയന്ത്രണ ഓർഡർ ഫലപ്രദമായി നടപ്പിലാക്കൽ 400.00 300.08 75.02 200.00 1.35 0.68
3 ഇ-സേഫ് കേരള - - - 180.00 0.95 0.53
  ആകെ 2,310.00 1,715.46 74.26 760.00 2.69 0.35

ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റിന്റെ 2016-17 ലെ നേട്ടങ്ങൾ

  1. വൈദ്യുതി സംരക്ഷണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക വഴി വൈദ്യുതി മൂലമുണ്ടാകുന്ന അപകട നിരക്ക് 30 ശതമാനം കുറയ്ക്കാൻ സാധിച്ചു.
  2. ഇലക്ട്രോ ടെക്നിക്കൽ കാലിബറേഷനു വേണ്ടിയുള്ള നാഷണൽ ബോര്‍ഡ് ഫോർ ടെസ്റ്റിംഗ് & കാലിബറേഷൻ ലബോറട്ടറി, (എൻ.എ.ബി.എൽ) തിരുവനന്തപുരം എം.ടി.എസ്.എൽ-ൽ പ്രവര്‍ത്തിച്ചു വരുന്നു.
  3. ഐ.എസ് 15700:2005 പ്രകാരമുള്ള ബ്യൂറോ ഓഫ് ഇന്‍ഡ്യൻ സ്റ്റാന്റ‍േഡ്സിന്റെ സേവോത്തമം സര്‍ട്ടിഫിക്കേഷൻ (sevothamam certification)(സേവന ഗുണമേന്മ മേല്‍നോട്ട സിസ്റ്റം സര്‍ട്ടിഫിക്കറ്റ്)നിലനിര്‍ത്തുന്നു.
  4. ക്വാളിറ്റി കണ്‍ട്രോൾ ഉത്തരവ്, 2003 ഫലപ്രദമായി നടപ്പിലാക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്‍പരിശോധനയും ബോധവല്‍ക്കരണവും നടത്തുന്നു.
  5. വൈദ്യുത അത്യാഹിത നിവാരണ നിരീക്ഷണ അത്യാഹിത വിഭാഗം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം.ടി.എസ്.എൽ-ൽ രണ്ടു നിലകൾ നിര്‍മ്മിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
  6. പതിനൊന്ന് മേഖലാ മീറ്റർ ടെസ്റ്റിംഗ് &സ്റ്റാന്‍ഡേര്‍ഡ്സ് ലബോറട്ടറികൾ സംസ്ഥാനത്ത് ആരംഭിച്ചു.
  7. 2013-ലെ സൗരോര്‍ജ്ജ നയത്തിന്റെ ഭാഗമായി സൗരോര്‍ജ്ജ ഉപകരണങ്ങൾ പരിശോധിക്കുന്നതിനായി ലാബ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടന്നു വരുന്നു.
  8. കോഴിക്കോടും എറണാകുളത്തുമുള്ള റീജിയണൽ ടെസ്റ്റിംഗ് ലബോറട്ടികളിലേക്ക് പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയ 0.05 കൃത്യതയുള്ള എനര്‍ജി മീറ്റർ ടെസ്റ്റ് ബഞ്ച് (കുറഞ്ഞത് 10 സ്ഥാനം) ലഭ്യമാക്കി.
  9. എൽ.ഇ.ഡി പരിശോധനയ്ക്കുള്ള കോമ്പാക്റ്റ് സിസ്റ്റം ലഭ്യമാക്കി.
  10. വൈദ്യുത സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുകയും എക്സിബിഷൻ നടത്തുകയും ചെയ്തു.
  11. എല്ലാ ജില്ലകളിലും ഫീസുകൾ (ഇന്‍സ്പെക്ഷൻ ഫീ, ഡ്യൂട്ടി ഫീ, മറ്റു ഫീസുകൾ) ഓൺലൈനായി അടക്കുന്നതിനായി ഇ-ട്രഷറി പോര്‍ട്ടൽ സംവിധാനം ഏര്‍പ്പെടുത്തി.

കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെ.എസ്.ഇ.ആർ.സി)

ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍സ് ആക്ട് പ്രകാരം 2002-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെ.എസ്.ഇ.ആർ.സി) അര്‍ദ്ധ ജുഡീഷ്യൽ സ്വഭാവമുളള ഒരു സ്റ്റാറ്റ്യൂട്ടറി ഓര്‍ഗനൈസേഷൻ ആണ്. സംസ്ഥാനത്തെ ഊര്‍ജ്ജ രംഗത്ത് ഫലപ്രദവും കാര്യക്ഷമവുമായ നിയന്ത്രണ നടപടിക്രമങ്ങൾ സ്ഥാപിക്കുന്നതിന് കമ്മീഷന് സാധിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ആർ.സി. യുടെ 2016-17 ലെ പ്രധാന പ്രവര്‍ത്തനങ്ങൾ

2016-17 കാലയളവിൽ കമ്മീഷന് ലഭിച്ചിട്ടുള്ള കേസുകൾ തീര്‍പ്പാക്കുന്നതിനായി 68 ഹിയറിംഗുകൾ നടത്തി. കൂടാതെ, ദൈനംദിന ഭരണ നിർവഹണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ചട്ടങ്ങൾ രൂപീകരിക്കുന്നതിന്റെയും അന്തിമമാക്കുന്നതിന്റെയും ഭാഗമായും പെറ്റീഷനുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും ലൈസന്‍സികളുടെ അഗ്രഗേറ്റ് റവന്യു റിക്വയര്‍മെന്റും എക്സ്പെക്റ്റഡ് റവന്യൂ ചാര്‍ജ്ജുകളുടെ (എ.ആർ.ആർ & ഇ.ആർ.സി) കാര്യങ്ങള്‍ക്കു വേണ്ടിയും സാധാരണ ഇന്റേണൽ മീറ്റിംഗുകളും കമ്മീഷൻ ഇക്കാലയളവിൽ നടത്തുകയുണ്ടായി.

ഇക്കാലയളവിൽ, കമ്മീഷനു ലഭിച്ച 57പരാതികളിൽ ലൈസന്‍സികളുടെ എ.ആർ.ആർ. & ഇ.ആർ.സി സംബന്ധിച്ചവ ആയിരുന്നു. 29 മുൻ വര്‍ഷ പരാതികൾ ഉള്‍പ്പെടെ 51 പരാതികളിൽ ഉത്തരവ് പുറപ്പെടുവിക്കുവാൻ കമ്മീഷനു സാധിച്ചു.

ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി 2003 ലെ വൈദ്യുത ചട്ടപ്രകാരം സ്ഥാപിച്ചതാണ് ഉപഭോക്തൃ പരാതി പരിഹാര ഫോറം (സി.ജി.ആർ.എഫ്). ഈ ഫോറത്തിൽ ഇക്കാലയളവിൽ 634 പരാതികൾ ലഭിക്കുകയും (മുമ്പുണ്ടായിരുന്ന 197 പരാതികൾ ഉള്‍പ്പെടെ) 584 പരാതികൾ തീര്‍പ്പാക്കുകയും ചെയ്തു. സി.ജി.ആർ.എഫ് മുഖേന പരിഹാരം ലഭിക്കാത്ത ഉപഭോക്താക്കളുടെ പരാതികള്‍പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ആർ.സി നിയോഗിച്ചിരിക്കുന്ന സ്റ്റാറ്റ്യൂട്ടറി അതോറിറ്റി ആണ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ. ഇക്കാലയളവിൽ ഓംബുഡ്സ്മാൻ 103 പരാതികൾ സ്വീകരിക്കുകയും (പഴയ 61 പരാതികൾ ഉള്‍പ്പെടെ) 136 പരാതികൾ തീര്‍പ്പാക്കുകയും ചെയ്തു. താഴെ പറയുന്ന ചട്ടങ്ങൾ 2017-18 കാലയളവിൽ രൂപീകരിച്ചു.

  1. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (റിമൂവൽ ഓഫ് ഡിഫിക്കല്‍റ്റീസ്) തീയതി 26-10-2016.
  2. കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (ഭേദഗതി) തീയതി 24-01-2017.
  3. കെ.എസ്.ഇ.ആർ.സി (താരിഫ് ഭേദഗതി 2017 ന്റെ ചട്ടങ്ങളും നിബന്ധനകളും) തീയതി20-03-2017.
  4. കെ.എസ്.ഇ.ആർ.സി (ബിസിനസ് ഭേദഗതി 2017) തീയതി 26-07-2017.

മുന്നോട്ടുള്ള വഴി

വരും വർഷങ്ങളിൽ സംസ്ഥാനം നിരവധി വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരിസ് കരാറിനനുസരിച്ച് ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനായി രൂപകൽപ്പന ചെയ്ത സെൻട്രൽ ഗവൺമെന്റിന്റെ നയങ്ങൾക്ക് അനുസരിച്ച് പുനരവർത്തകഊർജ്ജത്തിലേക്കുള്ള മാറ്റം ശക്തിപ്പെടുത്തേണ്ടതുണ്ട്. എങ്കിലും കേന്ദ്രസർക്കാർ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നടപ്പിലാക്കിയിട്ടുള്ള കാര്യനിർവ്വഹണ ഭരണക്രമത്തിലൂടെ ഊർജ്ജ മേഖലയിലെ ഘടനയിലുള്ള പരിവർത്തനം, ഇതിനെത്തുടർന്നുള്ള മറ്റു വെല്ലുവിളിയാണ്. ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു മേഖലയിൽ തന്നെ മുഖ്യമായും നിലനിർത്തണം എന്നുള്ളതുംമൊത്തത്തിലുള്ള വളർച്ചയും വികസനവും സംബന്ധിച്ച സംസ്ഥാനത്തിന്റെ കാഴ്ച്ചപ്പാടുകളും, ഈ സന്ദർഭത്തിൽ അത്തരം മാറ്റങ്ങൾ വെല്ലുവിളി സൃഷ്ടിക്കുന്നു.

ഉപസംഹാരം

ഊർജ്ജം പര്യാപ്തമായ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി ഊർജ്ജ മേഖലയിലെ ഏജൻസികളുടെ ഉണർവുള്ള പരിശ്രമം അനിവാര്യമാണ്. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം, സോളാർ ഫോട്ടോ വോൾട്ടായിക്സ്, ചെറുകിട, ഇടത്തരം ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പികേണ്ടതാണ്. ഈ മേഖലയുടെ വികസനത്തിനു ആവശ്യമായ മൂലധനം ആകർഷിക്കുകയും ഉപയോഗപ്രദവുമായ പ്രോജക്ടുകൾ ഉൾപ്പെടുന്നനവീനപദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെവൈദ്യുതി മേഖലയിലെഏജൻസികളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്ഥാപനപരമായ മാറ്റങ്ങൾ, വർദ്ധിച്ച ഉൽപ്പാദനശേഷി, വർദ്ധിച്ച പുനരാവർത്തക ഊർജ്ജ ഉൽപ്പാദനം, ഡിമാന്റ് സൈഡ് മാനേജ്മെന്റ്, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരുസംയോജിത സമീപനം ഭാവിയിൽ ഈ മേഖലയിൽ ആവശ്യമാണ്.

ബോക്സ് 5.14
13-ാം പഞ്ചവത്സര പദ്ധതി - ഊര്‍ജ്ജ മേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ രൂപീകരണം

13-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജ മേഖലയിലെ വര്‍ക്കിംഗ് ഗ്രൂപ്പ് ശ്രീ. പോൾ ആന്റണി അഡീഷണൽ ചീഫ് സെക്രട്ടറി, ഊര്‍ജ്ജ വകുപ്പ്, ശ്രീ പ്രബീർ പുര്‍ക്കയാസ്ത, പ്രസിഡണ്ട്, സെന്റർ ഫോർ ടെക്നോളജി & ഡവലപ്പ്മെന്റ്, ന്യൂഡല്‍ഹി & ചെയര്‍പേഴ്സണ്‍, നോളജ് കോമണ്‍സ് എന്നിവരെ കോ ചെയര്‍പേഴ്സണ്‍മാരായി നിയോഗിച്ച് പുന സംഘടിപ്പിച്ചു. ഊര്‍ജ്ജ രംഗത്ത വിവിധ മേഖലകളിലെ പ്രഗല്‍ഭരായ വിദഗ്ദ്ധരാണ് കമ്മിറ്റിയിലുള്ളത്. വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിന്റെ പ്രധാന ശുപാർശകൾഇവയാണ്:

  1. ഉല്പാദനം
    • നിലവിലുള്ള ആവശ്യകത – 4,200 മെഗാവാട്ട്, പ്രൊജക്റ്റഡ് ഡിമാൻഡ്- 5400 മെഗാവാട്ട്. ഇത് നേടിയെടുക്കുന്നതിനായി, ജലവൈദ്യുതി (ചെറുതും മിനി അടക്കമുള്ള) പദ്ധതികളിൽ നിന്ന് - 300 MW, ഗ്രിഡുമായി ബന്ധിപ്പിച്ച സോളാർ പദ്ധതികളിൽ നിന്ന് - 600 MW, റൂഫ് ടോപ്പ് സോളാർ പദ്ധതികളിൽ നിന്ന് - 500 MW, കാറ്റിൽ നിന്ന് - 100 MW എന്നിവ ലക്ഷ്യമിടുന്നു
  2. വിതരണം
    • 100 ശതമാനം വൈദ്യുതീകരണം, അടുത്ത 5 വർഷം 11 കെ.വി. ലൈനുകൾ 18,000 കിലോമീറ്റർ ചെയ്യുന്നതിന് ലക്ഷ്യമിടുന്നു, അതായത് 3,600 കിമീ / വർഷം.പുനർനിർമ്മാണം - 10000 കിലോമീറ്റർ പഴയ 11 കെ.വി. ലൈനുകൾ, പുതിയ നിർമ്മാണങ്ങൾ - 3000 കി.മീ, പുതിയ 11 കെ.വി. ലൈനുകളുടെ നിർമ്മാണം - 5000 കി.മീ.
  3. പ്രസരണം
    • നിർദ്ദിഷ്ട സബ്സ്റ്റേഷനുകളും ട്രാൻസ്മിഷൻ ലൈനുകളും ഇവയാണ്: മൂന്ന്(3) പുതിയ 400 kV സബ്സ്റ്റേഷനുകൾ - നീലേശ്വരം, മയിലാട്ടി (2*500 MVA), കോട്ടയം, ഏറ്റുമാനൂർ (2 * 315 MVA), കൊല്ലം, കുണ്ടറ (2*315 MVA), ട്രാൻസ്ഫോർമറിന്റെ കാര്യ ശേഷി വർദ്ധിപ്പിക്കൽ - (എ) കോഴിക്കോട് 400 kV സബ്സ്റ്റേഷൻ (1 * 315) (ബി) മടക്കത്തറ പി.ജി.സി.ഐ.എൽ. എച്ച്.വി.ഡി.സി 2000 MW. ദീർഘകാല പ്രസരണ പദ്ധതിയായ ട്രാൻസ്ഗ്രിഡ് 2.0. മൊത്തം സാങ്കേതിക വാണിജ്യ (എ.ടി.&സി.) നഷ്ടം 10ശതമാനം ആയി കുറക്കുവാൻ ലക്ഷ്യമിടുന്നു.
  4. മറ്റ് പ്രധാന ശുപാർശകൾ
    1. പ്രായോഗികത പരിശോധിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ വിൻഡ് ടർബൈനുകൾ സ്ഥാപിക്കുക.
    2. വലിയ അളവിലുള്ള സൗരോർജ്ജം കൊണ്ടുവരുന്നതിന് വ്യവസ്ഥകളും സ്ഥാപനപരമായ ക്രമീകരണങ്ങളും രൂപകൽപ്പന ചെയ്യണം.
    3. സർക്കാർ സ്ഥാപനങ്ങൾ പ്രത്യേകിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവയിൽ റൂഫ് ടോപ്പ് സോളാർ പിവി. സംവിധാനം സ്ഥാപിക്കൽ
    4. പമ്പെട് സ്റ്റോറേജ് നിർമ്മിക്കാനുള്ള ആവശ്യമായ പദ്ധതിക്ക് അനുയോജ്യമായ ഇളവ് നൽകുക.
    5. പുകയില്ലാത്ത അടുപ്പുകൾ, ബയോഗ്യാസ് പ്ലാന്റുകൾ മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് വഴി, ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിടുന്നു.
    6. ഊർജ്ജ സംരക്ഷണത്തിനും വൈദ്യുത സുരക്ഷക്കും ഊന്നൽ നൽകുന്നു.