വാര്‍ത്താവിനിമയ പശ്ചാത്തല സൗകര്യം

കേരളത്തിലെ തപാല്‍ ശൃംഖല

ഇന്ത്യയുടെ തപാല്‍ സംവിധാനം ലോകത്തു തന്നെ ഏറ്റവും വിപുലമായതാണ്. രാജ്യത്ത് നിലവിലുള്ള 1.55 ലക്ഷം തപാലാഫീസുകളില്‍ 1.39 ലക്ഷം (89.78 ശതമാനം) ഗ്രാമീണ മേഖലയിലും 15,826 (10.22 ശതമാനം) നഗരപ്രദേശങ്ങളിലുമാണ്. ഹെഡ് പോസ്റ്റ് ഓഫീസുകള്‍, സബ് പോസ്റ്റ് ഓഫീസുകള്‍, എക്സ്ട്രാ ഡിപ്പാര്‍ട്ടുമെന്റ് സബ് പോസ്റ്റ് ഓഫീസുകള്‍, എക്സ്ട്രാ ഡിപ്പാര്‍ട്ടുമെന്റല്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകള്‍ എന്നിങ്ങനെ നാലു വിഭാഗത്തിലുളള പോസ്റ്റ് ഓഫീസുകള്‍ ചേര്‍ന്നതാണ് ഇന്ത്യയുടെ തപാല്‍ ശൃംഖല.

കേരള സംസ്ഥാനം മൊത്തമായും, ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ തപാല്‍ ശൃംഖല. എല്ലാ വില്ലേജുകളിലും കുറഞ്ഞത് ഒരു തപാലാഫീസെങ്കിലും ഉള്ള ഒരേയോരു സംസ്ഥാനമാണ് കേരളം. 2017 സെപ്റ്റംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കേരള സര്‍ക്കിളിന്റെ കീഴില്‍ 5,065 പോസ്റ്റ് ഓഫീസുകളാണുള്ളത്. ഇതില്‍ 1,457 ഡിപ്പാര്‍ട്ട്മെന്റ് തപാലാഫീസുകളും ബാക്കിയുള്ള 3,557 എണ്ണം ജോലി ഭാരമനുസരിച്ച് കുറഞ്ഞത് മൂന്ന് മണിയ്ക്കുറും കൂടിയത് അഞ്ച് മണിയ്ക്കുറും പ്രവര്‍ത്തിക്കുന്ന എക്സ്ട്രാ ഡിപ്പാര്‍ട്ടുമെന്റല്‍ പോസ്റ്റാഫീസുകളായും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ (ശരാശരി) തപാലാഫീസ് ഒന്നിന് 7.69 ചതുരശ്ര കി. മീ. പരിധിയും 6,610 ജനസംഖ്യയുമുണ്ട്. ദേശീയ ശരാശരി 21.21 ച. കീ. മീറ്ററും 7,175 ജനസംഖ്യയുമാണ്. 83 ശതമാനം തപാലാഫീസുകളും ഗ്രാമീണ മേഖയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. കേരള തപാല്‍ സര്‍ക്കിളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ബോക്സ് 5.15 -ല്‍ കൊടുത്തിരിക്കുന്നു.

ബോക്സ് 5.15
കേരള തപാല്‍ സര്‍ക്കിളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍

സര്‍ക്കിളിലെ 1508 ഡിപ്പാര്‍ട്ടുമെന്റല്‍ പോസ്റ്റാഫീസുകള്‍ കംപ്യൂട്ടർവല്‍ക്കരിക്കുകയും, eMO സേവനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

പരാതികള്‍ കമ്പ്യൂട്ടര്‍ വഴി നല്‍കുന്നതിനും, പരാതി തീര്‍പ്പാക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ അറിയുന്നതിനുമുള്ള സംവിധാനം.

ഇലക്ട്രോണിക് അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യാധിഷ്ഠിത സേവനങ്ങൾ നടപ്പിലാക്കി.

രജിസ്റ്റേര്‍ഡ്, ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളവ, സ്പീഡ് പോസ്റ്റ്, ഇ. എം. ഒ വിദേശത്തു നിന്നുള്ള സാധനങ്ങള്‍ എന്നിവയ്ക്കും അവയുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള വിവിധ ഘട്ടങ്ങള്‍ www.indiapost.gov.in എന്ന സംവിധാനത്തിലൂടെ അറിയുന്നതിനുള്ള സംവിധാനം

ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് സേവനം ലഭ്യമാക്കുന്ന അന്തര്‍ദേശീയ സ്പീഡ് പോസ്റ്റ് – ഇ എം.എസ് ആരംഭിച്ചു

പായ്ക്ക് പോസ്റ്റോഫീസ് – ലോകത്തെവിടേയ്ക്കും 30 കിലോ.ഗ്രാം സാധനങ്ങള്‍ തപാലാഫീസുകള്‍ മുഖേന അയയ്ക്കുന്നതിനുള്ള സൌകര്യം തിരുവനന്തപുരം ജില്ലയ്ക്കുള്ളില്‍ ആരംഭിച്ചു.

220 രാജ്യങ്ങളുമായി ബന്ധപ്പെടുത്തുന്ന വേള്‍ഡ് നെറ്റ് എക്സ്പ്രസ് സർവീസ് (ഡബ്ള്യൂ എന്‍ എക്സ്) സമ്പ്രദായം ഏര്‍പ്പെടുത്തി.

രണ്ട് പുതിയ പാഴ്സല്‍ പ്രോഡക്ട് ഓഫ് ഇന്ത്യ സംവിധാനമായ "എക്സ്പ്രസ് പാഴ്സല്‍” “ബിസിനസ്സ് പാഴ്സല്‍" സർവീസുകള്‍ ഏര്‍പ്പെടുത്തി

സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചു കൊടുക്കുന്ന പ്രക്രിയ വഴി, ഉപഭോക്താക്കള്‍ക്ക് ദ്രുതഗതിയില്‍ ചരക്ക് അയയ്ക്കാന്‍/എത്തിക്കാന്‍ ലോജിസ്റ്റിക് പോസ്റ്റ് എയര്‍ നടപ്പിലാക്കി.

സംസ്ഥാനത്തെ 1,498 പോസ്റ്റ് ഓഫീസുകള്‍ (51 ഹെഡ് പോസ്റ്റാഫീസുകള്‍, 1441 സബ് പോസ്റ്റാഫീസുകള്‍) എന്നിവ കോര്‍ ബാങ്കിംഗ് സമ്പ്രദായത്തിലേക്കു മാറ്റി.

ഏതു വ്യക്തിക്കും അവരവരുടെ ഫോട്ടോപതിച്ച വ്യക്തിഗത സ്റ്റാമ്പുകള്‍ ലഭ്യമാക്കാന്‍ “മൈ സ്റ്റാമ്പ്”സൗകര്യം നടപ്പിലാക്കി.

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ വേതനം വിതരണം ചെയ്യുന്നതിനായി പബ്ലിക് ഫണ്ട് മോണിറ്ററിംഗ് സിസ്റ്റം (പി.എഫ്.എം.എസ്) അല്ലെങ്കില്‍ എന്‍.ഇ.എഫ്.എം.എസ്).

കോര്‍പ്പറേറ്റ് ഇ – പോസ്റ്റിനായി കേരള സംസ്ഥാന സര്‍ക്കാരുമായി ടൈ അപ്പ്

  1. റീട്ടെയില്‍ പോസ്റ്റ് മുഖാന്തിരം അപേക്ഷാ ഫാറം വില്‍പ്പന സംബന്ധിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുമായി ടൈ അപ്പ്.
  2. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടുമായി ടൈ അപ്പ്.
  3. കേരള ജല അതോറിറ്റിയുമായി ഇ – പേയ്മെന്റ്
  4. ബി.എസ്.എന്‍.എല്ലുമായി ഇ – പേയ്മെന്റ്
  5. നികുതി പിരിവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ടൈ അപ്പ്
  6. 2016-17 അധ്യായന വര്‍ഷം സംസ്ഥാനത്തുടനീളം പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനു് കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) യുമായി ടൈ അപ്പ്
  7. തപാലാഫീസുകള്‍ മുഖേന പെന്റാ മൊബൈലുകളുടെ വില്‍പ്പന
  8. പാസഞ്ചര്‍ റിസർവേഷന്‍ സമ്പ്രദായത്തിലൂടെ (പി.ആര്‍.എസ്) റെയിൽവെ ടിക്കറ്റ് ബുക്കിംഗ്.

ഇന്ത്യന്‍ തപാല്‍ സർവീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി, ഓരോ വ്യക്തിക്കും അവരവരുടെ വീടിനു സമീപം എളുപ്പം പ്രാപ്യമായ കേന്ദ്രം എന്ന നിലയ്ക്കും കേരളത്തിലെ തപാലാഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. വിശദ വിവരങ്ങള്‍ അനുബന്ധം 5.36, 5.37, 5.38, 5.39 എന്നിവയിൽ ചേർത്തിരിക്കുന്നു.

വാര്‍ത്താവിനിമയം

സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും ആധുനികവല്‍ക്കരണത്തിനും ആവശ്യമായ സേവനമാണ് വാര്‍ത്താവിനിമയം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ വാര്‍ത്താ വിനിമയ സേവന സൗകര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. കേരളാ ടെലികോം മേഖലയില്‍ കേരളം, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുശ്ശേരി (മാഹി) എന്നിവ ഉള്‍പ്പെടുന്നു. സര്‍ക്കിളില്‍ പ്രധാനപ്പെട്ട 11 എസ്.എസ്.എ കളും, ലക്ഷ്വദ്വീപ് എസ്.എസ്. എയും ഉള്‍പ്പെടുന്നു. കേരളത്തിലെ ടെലികോം മേഖലയുടെ സ്ഥിതി വിവരം ബോക്സ് 5.16 -ല്‍ കൊടുത്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അനുബന്ധം 5.40 -ല്‍ ചേര്‍ത്തിരിക്കുന്നു.

വാര്‍ത്താവിനിമയ പശ്ചാത്തല മേഖല

സംസ്ഥാനത്തെ ഇ-ഗവേണന്‍സിന്റെ പ്രധാന പശ്ചാത്തലം കേരളാ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് (കെ.എസ്.ഡബ്ല്യൂ.എ.എന്‍), സെക്രട്ടറിയേറ്റ് ഏരിയ നെറ്റ് വര്‍ക്ക്, സ്റ്റേറ്റ് ഡാറ്റാ സെന്റ‍ർ, സ്റ്റേറ്റ് സർവീസസ് ഡെലിവറി ഗേറ്റ് വേ, പബ്ലിക്ക് വൈഫൈ പ്രോജക്ട് എന്നിവയാണ്. സംസ്ഥാനത്തെ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതും, 14 ജില്ലകളില്‍ വ്യാപിച്ചിരിക്കുന്നതും, 152 ബ്ലോക്ക് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ കെസ്വാന്‍ (കെ.എസ്.ഡബ്ല്യൂ.എ.എന്‍) ആണ് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (എസ്.ഐ.ഐ) വളരെ വേഗത്തില്‍ വിവരങ്ങളുടെ കൈമാറ്റം സാധ്യമാക്കുന്നത്. ടെലികോം ലൈന്‍ ഈ ശൃംഖല വഴിയും സ്ഥിരമായ ഉപയോഗത്തിനായി വാടകയ്ക്ക് എടുത്തിട്ടുള്ള ടെലികമ്മ്യൂണിക്കേഷന്‍ ചാനല്‍, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക് മുഖേനയും ഗവണ്‍മെന്റ‍് വകുപ്പുകളിലെ 3500 ഓഫീസുകളുമായി ബന്ധിപ്പിക്കുന്നു. ഒരു സുരക്ഷിത ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല വഴി സംസ്ഥാനത്തെ ഗവണ്‍മെന്റ് തമ്മിലും ഗവണ്‍മെന്റ‍ും പൊതുജനങ്ങളും തമ്മിലുമുള്ള ബന്ധം നിലനിര്‍ത്തുന്നതിന് സ്റ്റേറ്റ് ഡാറ്റാ സെന്റ‍റും, കെസ്വാനും തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നു.

2017-ലെ പുതിയ സംരംഭം

സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രാമ പ്രദേശങ്ങള്‍ എന്നീ മേഖലകളെ ഗവണ്‍മെന്റ‍ുമായി ബന്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ പശ്ചാത്തല മേഖലയായ കേരള ഫൈബര്‍ ഒപ്റ്റിക് സെന്റ‍ർ, കെ-ഫോണ്‍ സംവിധാനം ഗവണ്‍മെന്റ‍് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന് സമാന്തരമായി എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ ഒരു അടിസ്ഥാന ഇന്റര്‍നെറ്റ് സൗകര്യം സര്‍ക്കാര്‍ സൗകര്യത്തിലൂടെ ലഭ്യമാകുന്നതാണ്. 1028.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായ ഈ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന് കിഫ്ബി 823.00 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്.

ബോക്സ് 5.16
കേരളത്തിലെ ടെലികോം മേഖല 2017 മാർച്ച് 31 വരെ
  • ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ എണ്ണം : 1306
  • സജ്ജീകരണ ശേഷി : 3328931
  • പ്രവര്‍ത്തനക്ഷമമായ കണക്ഷനുകള്‍ : 1962582
  • ച: കി. മീറ്റര്‍ കണക്കില്‍ ശരാശരി ടെലിഫോണ്‍ : 61.41
  • ടെലിഫോണ്‍ സാന്ദ്രത : 1000 ന് 70.235