കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് മാനേജ് ചെയ്യുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് 1999 പ്രകാരം 1999 നവംബര്‍ 11 ലാണ് കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) നിലവിൽ വന്നത്. ആദ്യ ബോർഡ് ചെയർമാനായി സംസ്ഥാന ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാന ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിമാരും രണ്ട് സാമ്പത്തിക വിദഗ്ദ്ധരും അംഗങ്ങളായിരുന്നു. ഫിനാൻസ് റിസോഴ്സ് സെക്രട്ടറി ഫണ്ട് മാനേജറായിരുന്നു. KIIF(ഭേദഗതി) ആക്ട് 2016 പ്രകാരം KIIF ആക്ട് പരിഷ്ക്കരിച്ചു. ഇതിനാൽ സംസ്ഥാനത്ത് വൻതോതിൽ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം നടത്താൻ KIIFB യുടെ ഘടന മാറ്റുകയും സർക്കാരിന്റെ പ്രധാന കരമായി ശാക്തീകരിക്കുകയും ചെയ്തു. പ്രോജക്ടുകൾക്കുള്ള വിവിധ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിന് പുറമെ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അംഗീകാരം നൽകിയിട്ടുള്ള പുതിയ ഇൻഫ്രാസ്ട്രക്ടർ ഫണ്ട് മൊബിലൈസേഷൻ ഘടനകൾ ഉപയോഗപ്പെടുത്താനും ഈ ഭേദഗതി അനുവദിക്കുന്നു. ഈ ഭേദഗതി ആക്ട് പ്രകാരം ബോർഡിന്റെ പരിഷ്കരിച്ച ഘടന പട്ടിക 5.26 -ലും ബോർഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പട്ടിക 5.27 -ലും കൊടുത്തിരിക്കുന്നു.

പട്ടിക 5.26
ബോർഡിന്റെ പരിഷ്കരിച്ച ഘടന
1 മുഖ്യമന്ത്രി ചെയർപേഴ്സൺ
2 ധനകാര്യ മന്ത്രി വൈസ് ചെയർപേഴ്സൺ
3 ചീഫ് സെക്രട്ടറി മെമ്പർ
4 വൈസ് ചെയർപേഴ്സൺ, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ
5 നിയമവകുപ്പ് സെക്രട്ടറി മെമ്പർ
6 ധനകാര്യ വകുപ്പ് സെക്രട്ടറി മെമ്പർ
7 ഫിനാൻസ് റിസോഴ്സ് സെക്രട്ടറി മെമ്പർ
8 ധനകാര്യം, ബാങ്കിംഗ്, ഇക്കണോമിക്സ് മെമ്പർ എന്നിവയിലൊന്നോ അതിലധികമോ മേഖലകളിൽ ദേശീയ ഖ്യാതിയുള്ള ഒരു സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുള്ള ഏഴ് വിദഗ്ദ്ധർ സ്വതന്ത്ര അംഗങ്ങൾ മെമ്പർ
9 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മെമ്പർ സെക്രട്ടറി
പട്ടിക 5.27
ബോർഡിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ
a) ധനകാര്യമന്ത്രി ചെയർപേഴ്സൺ
b) ചീഫ്സെക്രട്ടറി മെമ്പർ
c) നിയമ വകുപ്പ് സെക്രട്ടറി മെമ്പർ
d) ധനകാര്യ വകുപ്പ് സെക്രട്ടറി മെമ്പർ
e) ഫിനാൻസ് റിസോഴ്സ് സെക്രട്ടറി മെമ്പർ
f) ഗവൺമെന്റ് തെരഞ്ഞെടുക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങൾ മെമ്പർ
g) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മെമ്പർ സെക്രട്ടറി
  • നിലവിൽ ബോർഡിലെ സ്വതന്ത്ര അംഗങ്ങൾ
    • ഡോ. ഡി. ബാബുപോൾ, മുൻ ഫിനാൻസ് സെക്രട്ടറി, ഗവ. ഓഫ് കേരള
    • പ്രൊഫ. സി.പി. ചന്ദ്രശേഖർ, പ്രൊഫസർ, സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് & പ്ലാനിംഗ്, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂഡൽഹി
    • പ്രൊഫ. സുശീൽ ഖന്ന, പ്രൊഫസർ, (ഇക്കണോമിക്സ് & ഫിനാൻസ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൊൽക്കത്ത
    • ശ്രീ. സലീം ഗംഗാധരൻ, മുൻ റീജണൽ ഡയറക്ടർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം
    • ശ്രീ. ജെ.എൻ ഗുപ്ത, മുൻ എക്സിക്യുട്ടീവ് ഡയറക്ടർ, SEBI & മാനേജിംഗ് ഡയറക്ടർ, സ്റ്റേക്ക് ഹോൾഡേഴ്സ് എംപവർമെന്റ് സർവ്വീസസ്
    • ശ്രീ. രാധാകൃഷ്ണൻ നായർ, മുൻ എക്സിക്യുട്ടീവ് ഡയറക്ടർ, സെക്യുരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)
    • ഡോ. സുദീപ്തോ മുണ്ട്ലേ, പതിനാലാമത് ഫിനാൻസ് കമ്മീഷൻ മെമ്പർ, സ്ട്രാറ്റജി ആന്റ് പോളിസി ഡിപ്പാർട്ട്മെന്റ്, ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് (ADB) മുൻ ഡയറക്ടർ, എമറിറ്റേസ് പ്രൊഫസർ ആന്റ് മെമ്പർ, ബോർഡ് ഓഫ് ഗവണേഴ്സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസി (NIPFP).

മുകളിൽ പറഞ്ഞ ബോർഡിന്റെ സ്വതന്ത്ര അംഗങ്ങളിൽ പ്രൊഫ. സുശീൽഖന്ന, ശ്രീ. സലീം ഗംഗാധരൻ, ശ്രീ. ജെ.എൻ ഗുപ്ത എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്വതന്ത്ര അംഗങ്ങളായി നിയമിച്ചിരിക്കുന്നു. ഡോ. കെ. എം. എബ്രഹാം CFA IAS, ചീഫ് സെക്രട്ടറി, ഗവ. (ഫിനാൻസ്) ആണ് നിലവിൽ KIIFB യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. ഗവൺമെന്റ് ഫിനാൻസ് വകുപ്പിന്റെ -ഫിനാൻസ് (ഇൻഫ്രാസ്ട്രക്ചർ) വകുപ്പ് കീഴിൽ KIIFB യുടെ ഒരു പ്രത്യേക ഭരണകാര്യ വിഭാഗം സ്ഥാപിക്കുകയുണ്ടായി. ഈ വിഭാഗം KIIFB യോടൊപ്പം പ്രവർത്തിക്കുന്നു.

സംസ്ഥാനത്തെ വിവിധ പ്രധാനപ്പെട്ട ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് ഫണ്ടുകൾ സമാഹരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും KIIFB ഒരു പ്രധാന സ്പെഷ്യൽ പർപസ് വെഹിക്കിൾ (SPV) ആയി പ്രവർത്തിക്കും. KIIFB യുടെ സംഘടിതവും പ്രൊഫഷണൽ സമീപനവും വഴി സർക്കാരിന്റെ പ്രധാന കരമായി പ്രവർത്തിക്കുകയും സംസ്ഥാനത്തിന്റെ ക്ഷേമവും സമൃദ്ധിയും ഉറപ്പുവരുത്തുന്നതിന് ഭൗതീകവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ ആസൂത്രണം, തടസ്സരഹിതവും സുസ്ഥിരവുമായ വികസനം സാധ്യമാക്കുകയും ചെയ്യുന്നു. ഇതിന് മൊത്തം പദ്ധതി തുക കുറഞ്ഞത് 100 കോടി രൂപയ്ക്ക് മുകളിൽ ആയിരിക്കണം. എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള സാമൂഹീകവും സാമ്പത്തികവുമായ വികസനം സമാന്തരമായി സ്ഥാപിക്കാൻ സാമൂഹ്യവും ഭൗതീകവുമായ അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകളാണ് നിക്ഷേപത്തിനായി പരിഗണിക്കപ്പെടുന്നത്. ആധുനിക നിക്ഷേപ ഘടനകളായ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റമെന്റ് ട്രസ്റ്റ് (InVIT), ഇൻഫ്രാസ്ട്രക്ചർ ഡെറ്റ് ഫണ്ട് (IDF), ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (AIF), സാമ്പത്തിക ഉപകരണങ്ങളായ ജനറൽ ഒബ്ലിഗേഷൻ ബോണ്ടുകളും ലാന്റ് ബോണ്ടുകളും ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളും കേരളാ സ്റ്റേറ്റ് ഫിനാൻസിംഗ് എന്റർപ്രൈസസ് (KSFE) പോലുള്ള സർക്കാർ ഫിനാൻഷ്യൽ ഏജൻസികൾ വഴി നിലവിലുള്ള നിക്ഷേപ പാക്കേജുകൾ; ഗ്രാന്റുകൾ, ആന്വിറ്റീസ്, ഗവൺമെന്റിന്റെ വിവിധ ഗ്യാരന്റീട് പേ മെന്റുകൾ, ഇൻവെസ്റ്റമെന്റിൽ നിന്നുള്ള റിട്ടേണുകൾ, ആഭ്യന്തര/ഉഭയകക്ഷി/ബഹുരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ തുടങ്ങിയ ഒന്നിലധികം നിക്ഷേപ വഴികളിലൂടെ KIIFB അതിന്റെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ്.

2016-17 -ലെ പരിഷ്ക്കരിച്ച ബഡ്ജറ്റ് പ്രസംഗത്തിൽ 24,192 കോടി രൂപയുടെയും 2017-18- ലെ ബഡ്ജറ്റ് പ്രസംഗത്തിൽ 23,251 കോടി രൂപയുടെയും മൊത്തം 92 ഇൻഫ്രാസ്ട്കചർ പ്രോജക്ടുകൾ KIIFB യിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചു. KIIFB യുടെ പ്രോജക്ടുകളുടെ ആശയം, രൂപകല്പന, സമർപ്പിക്കൽ എന്നിവയ്ക്ക് വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. KIIFB ഫണ്ടു ചെയ്ത പ്രോജക്ടുകൾക്ക് ബാധകമാകുന്ന സെന്റേജ് ചാർജുകളുടെ പലിശ നിരക്കുകളും പണം അടയ്ക്കൽ വ്യവസ്ഥകളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സ്പെഷ്യൽ പർപസ് വെഹിക്കിൾ (SPV) പബ്ലിക് ഏജൻസി, KIIFB എന്നിവയ്ക്കിടയിലുള്ള ത്രിപാത്രം കരാറിന്റെ നടപടി ക്രമവും, ഫോർമാറ്റും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ധന വിപണിയിൽ നിന്ന് വായ്പയെടുക്കാൻ KIIFB യുടെ വിത്ത് മൂലധന കോർപ്പസിന് 2,498.42 കോടി രൂപ വകയിരുത്തുന്നതിന് പുറമെ മോട്ടോർ വെഹിക്കിൾ ടാക്സ് വിഹിതത്തിന് 281.43 കോടി രൂപയും പെട്രോളിയം ഉല്പന്നങ്ങളുടെ സെസായി 448.1 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്. 2017-18 -ലെ നിശ്ചിത ഓഹരിയുടെ ആദ്യ ഗഡുവായി മോട്ടോർ വെഹിക്കിൾ ടാക്സ് വിഹിതത്തിന്റെ 210 കോടി രൂപയും പെട്രോളിയം ഉല്പന്നങ്ങളുടെ സെസിൽ 165 കോടി രൂപയും സർക്കാർ അനുവദിച്ചു. ഈ തുക KIIFB ക്ക് ഉടൻ കൈമാറും. വിത്ത് മൂലധന കോർപ്പസ്, ട്രഷറിയിൽ പലിശ രഹിത അക്കൗണ്ടിൽ സൂക്ഷിക്കുന്നു. വിവിധ പ്രോജക്ടുകൾ ഫണ്ടുകളെ കൈപ്പറ്റുന്ന പ്രക്രിയ ആരംഭിക്കേണ്ടതിനാൽ മറ്റ് തുകയെല്ലാം വിവിധ സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

KIIFB, പ്രോജക്ടുകളുടെ വേഗത്തിലുള്ള അംഗീകാരത്തിനും പ്രശ്ന രഹിതമായ ഫണ്ട് റിലീസിനും വേണ്ടി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (NIC) സഹായത്തോടെ സമഗ്രമായ ഒരു ഓൺലൈൻ പ്രോജക്ട് സമർപ്പണം, പണമിടപാട് സംവിധാനം സ്ഥാപിക്കുകയുണ്ടായി. 2016 -ൽ ബോർഡ് പുനഃസംഘടിപ്പിച്ചതിനു ശേഷം ബഹു. മുഖ്യമന്ത്രി ചെയർമാനായ KIIFB ജനറൽ ബോഡി നാലു തവണ കൂടിക്കാഴ്ച നടത്തി. ഇതുവരെ മൊത്തം അടങ്കൽ തുകയായ 9,281.56 കോടി രൂപ 144 പ്രോജക്ടുകൾ/സബ് പ്രോജക്ടുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പ്രോജക്ടുകൾ നടപ്പാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. KIIFB അംഗീകരിച്ച പ്രോജക്ടുകളുടെ എണ്ണവും മൊത്തം അടങ്കൽ തുകയും പട്ടിക 5.28 -ൽ ചേർത്തിരിക്കുന്നു.

പട്ടിക 5.28
KIIFB അംഗീകരിച്ച പ്രോജക്ടുകളുടെ എണ്ണവും മൊത്തം അടങ്കൽ തുക* (രൂപ കോടിയിൽ)
ക്രമ
നം.
മേഖല പ്രോജക്ടുകളുടെ
എണ്ണം
മൊത്തം
അടങ്കൽ തുക
1. റോഡ് 55 1,761.99
2. റെയിൽവേ ഓവർ ബ്രിഡ്ജ് 15 447.56
3. ബ്രിഡ്ജ് 19 263.09
4. ഫ്ലൈ ഓവറുകൾ (ലൈറ്റ് മെട്രോ ഫ്ലൈ ഓവറുകൾ ഉൾപ്പെടെ) 6 453.01
5. സ്കൂളുകൾ 24 562.61
6. സ്പോർട്സ് 8 117.89
7. ആരോഗ്യം 4 293.68
8. വിനോദസഞ്ചാരം 1 39.42
9. ഇൻഫർമേഷൻ ടെക്നോളജി (IT) 3 1,174.13
10. വനമേഖല 1 100
11. പൊതു വിദ്യാഭ്യാസം (Hi-Tech) 1 493.5
12. ദേവസ്വം 1 141.75
13. ഊർജ്ജ മേഖല 2 521.73
14. ജലസേചനം 1 88.93
15. ഇൻഡസ്ട്രീസ് 2 1565.17
16. ജലവിഭവം 1 1257.1
  ആകെ 144 9,281.56
അവലംബം: KIIFB
*2017 സെപ്റ്റംബർ വരെയുള്ള കണക്ക്