ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്നതിനാല്‍ ഗ്രാമവികസനത്തിന് ഇന്ത്യയില്‍ വലിയ പ്രാധാന്യമുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 68.86 ശതമാനം (833.75 ദശലക്ഷം) പേര്‍ ഗ്രാമീണ മേഖലയിലാണ് വസിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് ജനസംഖ്യയുടെ 52.30 ശതമാനം (17.47 ദശലക്ഷം) ആകുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, മാലിന്യസംസ്കരണം, ശുചിത്വം, അവശ്യ അടിസ്ഥാനസേവനങ്ങള്‍ പ്രദാനം ചെയ്യല്‍, കാര്യശേഷി വികസനം എന്നിവയ്ക്കായുളള നിരവധി പദ്ധതികള്‍ ഗ്രാമീണ മേഖലയില്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ നേരിട്ടോ പരോക്ഷമായോ സംസ്ഥാനത്തെ ഗ്രാമീണമേഖലയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രാമവികസനമേഖലയില്‍ നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികളുടെ ഹ്രസ്വമായ ഒരവലോകനം ചുവടെ ചേര്‍ത്തിരിക്കുന്നു.
ഗ്രാമ പ്രദേശങ്ങളിലെ അവിദഗ്ദ്ധ കായികാധ്വാനത്തിനു സന്നദ്ധതയുള്ള ഓരോ കുടുംബത്തിലേയും മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ശമ്പളത്തോടുകൂടിയ 100 ദിവസത്തെയെങ്കിലും തൊഴിലവസരം ഏര്‍പ്പെടുത്തി നിര്‍ദ്ദേശിക്കുന്ന ഗുണമേന്‍മയും നിലനില്‍പ്പുമുള്ള ഉല്പാദനപരമായ ആസ്തികള്‍ സൃഷ്ടിക്കുക എന്നതാണ് 2005 സെപ്റ്റംബര്‍ 7-ന് പ്രഖ്യാപിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (2005) വ്യവസ്ഥ ചെയ്യുന്നത്. പാവപ്പെട്ടവരുടെ ഉപജീവനഉപാധിയുടെ അടിസ്ഥാനം ശക്തിപ്പെടുത്തുന്നതിനും സാമൂഹ്യ ഉള്‍പ്പെടുത്തല്‍ മുന്‍കൂട്ടിത്തന്നെ ഉറപ്പാക്കുന്നതിനും പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു. 2017 ഏപ്രില്‍ 1 മുതല്‍ കേരളത്തില്‍ ഈ പദ്ധതി പ്രകാരമുള്ള വേതന നിരക്ക് പ്രതിദിനം 258 രൂപയാണ്. 2017-18 മുതല്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ‘ഹരിതകേരളം മിഷനുമായി’ സംയോജിപ്പിച്ച് നടപ്പിലാക്കിവരുന്നു.
2016-17 -ല്‍ എം.ജി.എന്‍.ആര്‍.ഇ.ജി.പി.യുടെ ചെലവ് 2,426.33 കോടി രൂപയായിരുന്നു. അക്കൊല്ലം അനുവദിച്ച മൊത്തം തുകയുടെ 96.5 ശതമാനമാണിത്. ഇക്കാലത്ത് സൃഷ്ടിക്കപ്പെട്ട മൊത്തം തൊഴില്‍ദിനം 6.85 കോടിയായിരുന്നു. ഇതില്‍ 1.16 കോടി തൊഴില്‍ദിനങ്ങള്‍ പട്ടികജാതി വിഭാഗത്തിന്റേതും 0.28 കോടി തൊഴില്‍ദിനങ്ങള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റേതുമായിരുന്നു. 2017-18 ല്‍ (2017 ആഗസ്റ്റ് 31 വരെ) 393.48 കോടി രൂപ ചെലവഴിക്കുകയും 0.99 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ പരിപാടിയുടെ 2016-17-ലെയും 2017-18 -ലെയും (2017 ആഗസ്റ്റ് 31 വരെ) സാമ്പത്തികവും ഭൗതികവുമായ നേട്ടങ്ങള്‍ അനുബന്ധം 6.2.1, 6.2.2, 6.2.3, 6.2.4 എന്നിവയില്‍ നല്‍കിയിട്ടുണ്ട്.
സുരക്ഷിതവും ഉറപ്പുള്ളതുമായ വാസസ്ഥലമെന്നത് മനുഷ്യന്റെ ഒരു അടിസ്ഥാന ആവശ്യമാണ്. അതിനാല്‍ പാര്‍പ്പിട നിര്‍മ്മാണം ഗ്രാമവികസന മേഖലയിലെ ഒരു പ്രധാന പ്രവര്‍ത്തനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി. - 2011) -ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ശുചിത്വത്തോടുകൂടി ഭക്ഷണം പാചകം ചെയ്യുന്നതിനുള്ളയിടം ഉള്‍പ്പെടെ 25 ചതുരശ്ര മീറ്ററാണ് ഒരു യൂണിറ്റിന്റെ (വീട്) ഏറ്റവും കുറഞ്ഞ വിസ്തൃതി. 2016-17 മുതല്‍ വീടൊന്നിനുള്ള ധനസഹായം സമതല പ്രദേശങ്ങളില്‍ 1.20 ലക്ഷം രൂപയും എത്തിപ്പെടുവാന്‍ പ്രയാസമേറിയ മലയോര പ്രദേശങ്ങളില്‍ 1.30 ലക്ഷം രൂപയുമാണ്. 60:40 എന്ന അനുപാതത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിവിഹിതം വകയിരുത്തുന്നത്. ഗുണഭോക്താവ് സന്നദ്ധന്‍/സന്നദ്ധയാണെങ്കില്‍ 70,000 രൂപ വരെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതിനുള്ള സഹായം ചെയ്തു കൊടുക്കുന്നതുമാണ്. ശൗചാലയം നിര്‍മ്മിക്കുക എന്നത് പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ ഒരു അവിഭാജ്യ ഘടകമാണ്. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) അല്ലെങ്കില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. എന്നീ പദ്ധതികളിലൂടെയോ അതുമല്ലെങ്കില്‍ മറ്റ് സാമ്പത്തിക സ്രോതസ്സ് മുഖേന ലഭ്യമാകുന്ന തുകയും ഇതിനായി ചെലവഴിക്കുന്നു.
ഭവന നിര്‍മ്മാണത്തിന് സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന തുകയുമായി ഏകീകരിക്കുന്നതിലേക്കായി കേന്ദ്രസര്‍ക്കാര്‍ പി.എം.എ.വൈ.യ്ക്കായി നിശ്ചയിച്ച തുകയ്ക്ക് പുറമേയുള്ള അധികതുക ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ 25:40:35 എന്ന അനുപാതത്തില്‍ കണ്ടെത്തേണ്ടതാണ്.
പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതിയിലൂടെ 2016-17 -ല്‍ 184.70 കോടി രൂപ ചെലവഴിച്ച് 46,166 പുതിയവീടുകളുടെ നിര്‍മ്മാണവും 2017-18 (2017 ആഗസ്റ്റ് 31 വരെ) 64.04 കോടി രൂപ ചെലവഴിച്ച് 6,377 പുതിയ വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. 2017-18 മുതല്‍ കേരളത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ‘ലൈഫ് മിഷന്റെ’ ഭാഗമായാണ് നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ 2016-17-ലെയും 2017-18-ലെയും (2017 ആഗസ്റ്റ് 31 വരെ) ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ യഥാക്രമം അനുബന്ധം 6.2.5, അനുബന്ധം 6.2.6 എന്നിവയില്‍ നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ.)
ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക, ഒറ്റപ്പെട്ടുകിടക്കുന്ന ആവാസകേന്ദ്രങ്ങളെ തമ്മില്‍ യോജിപ്പിക്കുക എന്നീ കാഴ്ചപ്പാടോടുകൂടിയാണ് 100 ശതമാനം കേന്ദ്രസഹായം ലഭിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ. 2000 ഡിസംബര്‍ 25-ന് ആരംഭിച്ചത്. ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ ആവാസ കേന്ദ്രങ്ങളെ തമ്മില്‍ യോജിപ്പിച്ചുകൊണ്ട് ഏത് കാലാവസ്ഥയിലും ഉപയോഗിക്കുവാന്‍ കഴിയുന്ന റോഡുകള്‍ നിര്‍മ്മിക്കുകയെന്നതാണ് പി.എം.ജി.എസ്.വൈ. പദ്ധതിയുടെ ലക്ഷ്യം. 2015-16 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി വിഹിതം വകയിരുത്തുന്നത് 60:40 എന്ന അനുപാതത്തിലാണ്. കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജന്‍സി (കെ.എസ്.ആര്‍.ആര്‍.ഡി.എ.) ആണ് പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാനതല നിർവ്വഹണ ഏജന്‍സി.
ഈ പദ്ധതി പ്രകാരം റോഡ് നിര്‍മ്മിക്കുന്നതിന് അടങ്കല്‍ അനുസരിച്ചുള്ള യഥാര്‍ത്ഥ നിര്‍മ്മാണ ചെലവ് മാത്രമേ ഭാരതസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍നിന്ന് ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ അടങ്കല്‍ തുകയില്‍ അധികരിച്ചുവരുന്ന ചെലവുകളും സാധന സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും നേരത്തെ സൃഷ്ടിച്ച ആസ്തികളും മറ്റും സംരക്ഷിക്കുന്നതിനുമുള്ള ചെലവുകളും 2010-11 മുതല്‍ സംസ്ഥാന ബഡ്ജറ്റില്‍ നിന്നും പി.എം.ജി.എസ്.വൈ.യ്ക്കുള്ള സംസ്ഥാന സഹായം എന്ന പേരില്‍ നല്‍കി വരുന്നു.
2016-17-ല്‍ പി.എം.ജി.എസ്.വൈ (കേന്ദ്രാ വിഷ്കൃത പദ്ധതി) യിലൂടെ 218.50 കോടി രൂപയും പി.എം.ജി.എസ്.വൈ. - യ്ക്കുള്ള സംസ്ഥാന സഹായം എന്ന പദ്ധതിയിലൂടെ 90.15 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. 2017-18-ല്‍ (2017 ആഗസ്റ്റ് 31 വരെ) 84.42 കോടി രൂപ പി.എം.ജി.എസ്.വൈ. (കേന്ദ്രാവിഷ്കൃത പദ്ധതി) യിലൂടെ ചെലവഴിച്ചിട്ടുണ്ട്. 2016-17, 2017-18 (2017 ആഗസ്റ്റ് 31 വരെ) എന്നീ വര്‍ഷങ്ങളിലായി ഈ പദ്ധതിയിലൂടെ 5,753.59 കിലോമീറ്റര്‍ ദൈര്‍ഘ്യം റോഡ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (പി.എം.കെ.എസ്.വൈ.)-നീര്‍ത്തട ഘടകം
2015 ജൂലൈ 1 മുതല്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി (ഐ.ഡബ്ളിയു.എം.പി.) എന്ന പദ്ധതി പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (പി.എം.കെ.എസ്.വൈ.) - നീര്‍ത്തട ഘടകം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി വിഹിതം വകയിരുത്തുന്നത് 60:40 എന്ന അനുപാതത്തിലാണ്.
ഒഴുക്കുവെള്ളം ഫലപ്രദമായി കൈകാര്യം ചെയ്യല്‍, മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഈര്‍പ്പം സംരക്ഷിക്കുക എന്നീ കാര്യങ്ങള്‍ക്കായി കുന്നിന്‍ പ്രദേശങ്ങളെ തട്ടുകളാക്കി രൂപപ്പെടുത്തുക, അഴുക്കുചാല്‍ ശുചീകരണം, മഴവെള്ള സംഭരണം, ഈര്‍പ്പം അതേപോലെതന്നെ നിലനിര്‍ത്തുക, നീര്‍ത്തട അടിസ്ഥാനത്തിലുള്ള മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്ത പിന്നാക്ക വൃഷ്ടി മേഖലകളിലെ പരമ്പരാഗത ജലാശയ ഉറവിടങ്ങളുടെ നവീകരണം ഉള്‍പ്പെടെ ജലാശയങ്ങളുടെ നിര്‍മ്മാണത്തിനായി തൊഴിലുറപ്പ് പദ്ധതിയുടെ പൂര്‍ണ്ണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതും ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നുണ്ട്.
പി.എം.കെ.എസ്.വൈ.- നീര്‍ത്തട ഘടകം പദ്ധതിയിലൂടെ 2016-17-ലും 2017-18 ലുമായി (2017 ആഗസ്റ്റ് 31 വരെ) 581.97 കോടി രൂപ ചെലവഴിക്കുകയും 616 ചെറിയ നീര്‍ത്തടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 2017-18 മുതല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ‘ഹരിതകേരളം മിഷന്റെ’ ഭാഗമായി നടപ്പിലാക്കിവരുന്നു.
കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയെ ശുചിത്വം, ഖര-ദ്രവ മാലിന്യ സംസ്കരണം എന്നിവയുള്‍പ്പെടെയുള്ള എല്ലാ മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലകളിലും സഹായിക്കുന്ന നിർവ്വഹണ ഏജന്‍സിയായി ശുചിത്വ മിഷന്‍ പ്രവര്‍ത്തിക്കുന്നു.
നൂതന സംരംഭങ്ങള്‍
ഹരിത പെരുമാറ്റച്ചട്ടം - മാലിന്യസൃഷ്ടി കുറയ്ക്കുന്നതിന് സഹായിക്കുന്ന ഹരിത പെരുമാറ്റച്ചട്ടം 2015-ലെ ദേശീയ ഗെയിംസില്‍ വിജയകരമായി നടപ്പിലാക്കുകയും അതിന്റെ തുടര്‍ച്ചയായി വിവിധ സര്‍ക്കാര്‍, സ്വകാര്യ പരിപാടികളിലും ആഘോഷങ്ങളിലും പിന്‍തുടര്‍ന്നുവരികയും ചെയ്യുന്നു. സ്കൂള്‍ കലോത്സവം, ആറ്റുകാല്‍ പൊങ്കാല, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി 2016-17-ല്‍ സംസ്ഥാനത്ത് നടത്തിയ പ്രധാന പരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ചിട്ടുണ്ട്.
ശുചിത്വ കേരളം, സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണം) എന്നീ പദ്ധതികളുടെ ഗ്രാമീണ മേഖലകളിലെ നിർവ്വഹണ ഏജന്‍സിയാണ് ശുചിത്വ മിഷന്‍.
ശുചിത്വ കേരളം
സാർവ്വത്രികമായി അംഗീകരിച്ചിട്ടുള്ള മാലിന്യമുക്ത മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രാദേശിക കൂട്ടായ്മയില്‍ കേന്ദ്രീകരിച്ചുള്ള മാലിന്യമുക്ത കേരളം എന്ന പദ്ധതിയുടെ നിർവ്വഹണ ഏജന്‍സിയാണ് ശുചിത്വ മിഷന്‍. മനുഷ്യ വിസര്‍ജ്ജ്യങ്ങളുടെ സുരക്ഷിത നിര്‍മ്മാര്‍ജ്ജനം, ഗാര്‍ഹിക ശുചീകരണം, ഭക്ഷ്യ സുരക്ഷ, വ്യക്തി ശുചിത്വം, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, ദ്രവമാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ളം സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സാമുഹ്യ-പാരിസ്ഥിതിക ശുചീകരണം എന്നിവയാണ് സാർവ്വത്രികമായി അംഗീകരിച്ചിട്ടുള്ള ഏഴ് പ്രവര്‍ത്തനങ്ങള്‍. 2017-18 മുതല്‍ ഈ പദ്ധതി ‘ഹരിതകേരളം മിഷനില്‍’ ഉള്‍പ്പെടുത്തി നടപ്പിലാക്കിവരുന്നു.
2016-17-ല്‍ 26.00 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും ഇതില്‍ 15.00 കോടി രൂപ മാത്രം വിട്ടുകിട്ടുകയും ഇതില്‍ 11.21 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2017-18-ല്‍ 51.67 കോടി രൂപ വകയിരുത്തുകയും 3.71 കോടി രൂപ (2017 സെപ്തംബര്‍ 30 വരെ) ചെലവഴിക്കുകയും ചെയ്തു.
സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍)
സാർവ്വത്രികമായ പൊതുശുചിത്വനിലവാരം കൈവരിക്കുന്നതിനുള്ള ഉദ്യമങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഭാരത സര്‍ക്കാര്‍ 2014 ഒക്ടോബര്‍ 2-ന് ആരംഭിച്ചതാണ് സ്വച്ഛ് ഭാരത് മിഷന്‍. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന് സമുചിതമായ ശ്രദ്ധാഞ്ജലിയായി 2019-ല്‍ ശുചിത്വ ഭാരതം കൈവരിക്കുകയെന്നതാണ് ഈ മിഷന്റെ ലക്ഷ്യം. ഖര ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വത്തിന്റെ നിലവാരം മെച്ചപ്പെടുത്തുകയും ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്തവും വ്യത്തിയും ശുചിത്വവും ഉള്ളവയാക്കുകയുമാണ് ഗ്രാമീണ ഭാരതത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. 2015-16 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി വിഹിതം 60:40 എന്ന അനുപാതത്തില്‍ വകയിരുത്തുന്നു.
2016-17-ലും 2017-18 -ലുമായി (2017 സെപ്തംബര്‍ 30 വരെ) യഥാക്രമം 100.00 കോടി രൂപയും 102.50 കോടി രൂപയും (കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ഉള്‍പ്പെടെ) വകയിരുത്തുകയും 154.27 കോടി രൂപയും 153.32 കോടി രൂപയും ഈ പദ്ധതിയിലൂടെ ചെലവഴിക്കുകയും ചെയ്തു.
വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ച ഗ്രാമീണ കേരളത്തിന്റെ ജില്ലതിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 6.2.7 -ൽ കൊടുത്തിരിക്കുന്നു.
2016 നവംബര്‍ 1ന് സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ കേരളത്തെ വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയിലൂടെ ഇതുവരെ വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചിട്ടുള്ളതില്‍ മൂന്നാമത്തെതും ഏറ്റവും വലുതുമായ സംസ്ഥാനമാണ് കേരളം. വെളിയിട വിസര്‍ജ്ജന വിമുക്ത പരിപാടിയിലൂടെ ഗ്രാമീണ കേരളത്തിലെ ഒറ്റപ്പെട്ടുനില്‍ക്കുന്ന ആദിവാസി ഊരുകളും വെള്ളം കെട്ടിനില്‍ക്കുന്ന മേഖലകളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായകമായ മേഖലകളില്‍ 174,720 കക്കൂസുകള്‍ നിര്‍മ്മിച്ചു. വ്യക്തിഗത കക്കൂസ് നിര്‍മ്മാണ ചെലവ് 15,400 രൂപയാണ്. ഇതില്‍ 12,000 രൂപ ഗ്രാമപ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ വിഹിതമായി നല്‍കുകയും ബാക്കി തുക അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ.)
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഭരണകാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതിനായാണ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ. - മുന്‍പ് രാജീവ് ഗാന്ധി പഞ്ചായത്ത് ശശാക്തീകരണ്‍ അഭിയാന്‍ - ആര്‍.ജി.പി.എസ്.എ.) ആരംഭിച്ചത്. പുതിയ ചുറ്റുപാടില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളിയെ താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ അഭിസംബോധന ചെയ്യുകയെന്നുള്ളതാണ് പുന: ക്രമീകരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
2016-17 -ലും 2017-18 -ലുമായി (2017 സെപ്തംബര്‍ 30 വരെ) യഥാക്രമം 10.82 കോടി രൂപയും 5.48 കോടി രൂപയും (കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും പ്രാരംഭ ബാക്കിയും ഉള്‍പ്പെടെ) ഈ പദ്ധതിയിലൂടെ ചെലവഴിച്ചു. ഈ കാലയളവില്‍ ആര്‍.ജി.എസ്.എ.യുടെ സഹായത്തോടേ 22 പുതിയ ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങളുടെ നിര്‍മ്മാണവും 33 വെര്‍ച്വല്‍ ക്ലാസ്സ് മുറികളുടെ രൂപീകരണവും പൂര്‍ത്തിയാക്കുകയും ഇതോടൊപ്പം 14 വെര്‍ച്വല്‍ ക്ലാസ്സ് മുറികളുടെ രൂപീകരണം പുരോഗമിക്കുകയും ചെയ്യുന്നു. കൂടാതെ കാര്യശേഷി വികസന പരിപാടികളിലൂടെ 25,000 പരിശീലന ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ (ഗ്രാമവും നഗരവും ഉള്‍പ്പെടെ) കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ വ്യാപൃതമായിരിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കില. 1990-ല്‍ സ്ഥാപിതമായതു മുതല്‍ പരിശീലനം, ആക്ഷന്‍ റിസര്‍ച്ച്, പ്രസിദ്ധീകരണങ്ങള്‍, ചര്‍ച്ചായോഗങ്ങളും ശില്പശാലകളും, വിദഗ്ദ്ധാഭിപ്രായസേവനം, പ്രമാണവത്കരിക്കല്‍, കൈത്താങ്ങ്, വിവരസേവനങ്ങള്‍ തുടങ്ങിയ തദ്ദേശ ഭരണത്തിലും വികേന്ദ്രീകരണത്തിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കില.
പരിശീലന സ്ഥാപനങ്ങളായ സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.ആര്‍.ഡി. – മാനവ വിഭവ വികസന കേന്ദ്രം എന്ന് പുനര്‍നാമകരണം ചെയ്തു), അട്ടപ്പാടി ഹില്‍ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി – സമഗ്രപങ്കാളിത്ത വിഭവ പരിപാലന കേന്ദ്രം (അഹാഡ്സ് – സി.സി.പി.ആര്‍.എം.), മൂന്ന് എക്സ്റ്റെന്‍ഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ (ഇ.റ്റി.സി.) എന്നിവ കിലയുമായി സംയോജിപ്പിച്ചു. 2016-17-ല്‍ കിലയ്ക്കും മാനവ വിഭവ വികസന കേന്ദ്രത്തിനുമായി (മുന്‍പ് എസ്.ഐ.ആര്‍.ഡി. - കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ഉള്‍പ്പെടെ) യഥാക്രമം 22.00 കോടി രൂപയും 2.00 കോടി രൂപയും വകയിരുത്തുകയും അതില്‍ യഥാക്രമം 5.65 കോടി രൂപയും 2.51 കോടി രൂപയും ചെലവഴിക്കുകയുമുണ്ടായി. 2016-17-ല്‍ 1383 വിഭാഗങ്ങളിലായി 76 പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും 98088 പ്രവ്യത്തി ദിനങ്ങളിലായി 79160 പേര്‍ പങ്കെടുക്കുകയും ചെയ്തു. ഇതില്‍ 12 പരിശീലന പരിപാടികള്‍ ദേശീയവും അന്തര്‍ദേശീയവുമായ പരിശീലനം, ശില്പശാലകള്‍, സമ്മേളനങ്ങള്‍ എന്നിവ മാത്രമാണ്. 2016-17 -ലും 2017-18 -ലുമായി (2017 ആഗസ്റ്റ് 31 വരെ) കില നടത്തിയ വിവിധ പരിശീലന പരിപാടികളുടെ വിശദാംശങ്ങള്‍ യഥാക്രമം അനുബന്ധം 6.2.8 -ലും അനുബന്ധം 6.2.9 -ലും കൊടുത്തിരിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യവുമായിട്ടാണ് സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനായ കുടുംബശ്രീ രൂപീകരിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടത്തുന്നതിനായി 1998 -ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച നൂതനവും സ്ത്രീ കേന്ദ്രീകൃതവുമായ പങ്കാളിത്ത ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയാണിത്. സ്ത്രീകളുടെ സാമൂഹികം, സാമ്പത്തികം, മൊത്തത്തിലുള്ള ലിംഗാധിഷ്ഠിത ശാക്തീകരണം എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് മിഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ലക്ഷ്യം നിറവേറ്റുന്നതിനായി ഒരു പ്രവര്‍ത്തന സമീപനത്തിന് ഉപരിയായി ഒരു പ്രക്രിയ സമീപനത്തെയാണ് മിഷന്‍ പിന്തുടരുന്നത്. പരമ്പരാഗത സമീപനത്തില്‍നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ ദാരിദ്ര്യത്തെ ഏതെങ്കിലും തരത്തിലുള്ള ഇല്ലായ്മയായിട്ടാണ് കണക്കാക്കുന്നത്. തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ഉദ്യമങ്ങളും ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്തും അതിലൂടെ സാമൂഹികവും സാമ്പത്തികവും ലിംഗാധിഷ്ഠിതവുമായ ശാക്തീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇന്ന് സംസ്ഥാനത്ത് 43.07 ലക്ഷം വനിതകള്‍ മതപരമായ വിശ്വാസങ്ങള്‍ക്കും രാഷ്ട്രീയ ആശയങ്ങള്‍ക്കും അതീതമായി കുടുംബശ്രീ പ്രസ്ഥാനത്തില്‍ പങ്കെടുക്കുന്നു. 2016-17 -ല്‍ 130.00 കോടി രൂപ കുടുംബശ്രീയുടെ സംസ്ഥാന പദ്ധതിക്കായി വകയിരുത്തുകയും അതില്‍ 124.25 കോടി രൂപ ചെലവഴിക്കുകയും ചെയ്തു.
സംസ്ഥാനത്ത് വിവിധ കേന്ദ്രാവിഷ്കൃത പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള നിർവ്വഹണഏജന്‍സി കൂടിയാണ് കുടുംബശ്രീ. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം.), ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.), സ്റ്റാര്‍ട്ട്-അപ് ഗ്രാമീണ സംരംഭകത്വ പരിപാടി (എസ്.വി.ഇ.പി.), മഹിളാ കിസാന്‍ ശശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി.) എന്നിവ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്നു.
താഴെ പറയുന്നവയാണ് കുടുംബശ്രീ മിഷന്‍ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പ്രധാനപ്പെട്ട നൂതന പരിപാടികള്‍.
ഉപസംഹാരം
ഉപജീവന ഉപാധികള്‍ മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി നിരവധി ഏജന്‍സികളും പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഏജന്‍സികളുടെയും പദ്ധതികളുടെയും അന്യോന്യമുള്ള പ്രവൃത്തികളും സംയോജനസാധ്യതകളും ശക്തിപ്പെടുത്തേണ്ടതുണ്ട്.