രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിനുള്ള ഒരു അവശ്യ ഘടകമാണ് അടിസ്ഥാന സൗകര്യ വികസനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന നഗര വത്ക്കരണത്തിന് കൂടുതല്‍ നിക്ഷേപം പശ്ചാത്തല സൗകര്യ വികസനത്തില്‍ ആവശ്യമായി വരുന്നു. വിവിധ നഗര പശ്ചാത്തല വികസന പരിപാടികള്‍ രൂപപ്പെടുത്തുന്നതിന് കേരളത്തിന്റെ നഗരവത്ക്കരണത്തിന്റെ പ്രത്യേകത, ഭൂമി ശാസ്ത്രപരമായ സവിശേഷതകള്‍ എന്നിവ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന ജനസാന്ദ്രതയും പ്രത്യേക രീതിയിലുള്ള നഗരവത്ക്കരണവും നഗര പശ്ചാത്തല വികസനം ഒരുക്കുന്നതിന് വലിയ വെല്ലുവിളികളാണ്.
കുടിവെള്ള വിതരണം, മാലിന്യ പരിപാലനം, നഗര ശുചീകരണ പദ്ധതികള്‍, പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കലും അവയുടെ വ്യാപനവും, അഴുക്കുചാലുകളുടെ നിര്‍മ്മാണവും മെച്ചപ്പെടുത്തലും, ഓവുചാലുകളുടെ നിര്‍മ്മാണം, ഫലപ്രദമായ വാഹന പാര്‍ക്കിംഗ് നയവും ആധുനിക യന്ത്രവത്കൃത പാര്‍ക്കിംഗ് സംവിധാനവും, നഗരങ്ങളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കലും ഹരിത നഗരം സൃഷ്ടിക്കലും, യന്ത്രവത്കൃതമല്ലാത്ത നഗര ഗതാഗത സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവ നഗര പശ്ചാത്തല വികസന പരിപാടികളില്‍ ഉള്‍പ്പെടുന്നു. വിവിധ വകുപ്പുകള്‍ മുഖേനയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പ്രധാന നഗര പശ്ചാത്തല വികസന പരിപാടികള്‍ ചുവടെ വിവരിക്കുന്നു.
1. അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (അമൃത്)
കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ കീഴില്‍ 2015 ജൂണില്‍ ആരംഭിച്ച പുതിയ സംരംഭങ്ങളില്‍ ഒന്നാണ് അമൃത്. 2015-16 മുതല്‍ 2019-20 വരെയുള്ള അഞ്ച് വര്‍ഷമാണ് അമൃത് പദ്ധതിയുടെ കാലയളവ്. നിലവില്‍ അമ്പതോളം നഗരങ്ങള്‍ അമൃതിനു കീഴില്‍ വരുമെന്നാണ് കണക്കാക്കുന്നത്. കേരള സംസ്ഥാനത്ത് നിന്നും ആറ് കോര്‍പ്പറേഷനുകളും ആലപ്പുഴ, പാലക്കാട്, ഗുരുവായൂര്‍ എന്നീ മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ ഒന്‍പത് നഗരങ്ങളെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക, നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയിലൂടെ എല്ലാവരുടേയും പ്രത്യേകിച്ച് പാവങ്ങളുടേയും പ്രതികൂല ജീവിത സാഹചര്യമുള്ളവരുടേയും ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പശ്ചാത്തല സൗകര്യ വികസനമാണ് ഈ പദ്ധതി ഊന്നല്‍ നല്‍കുന്നത്. കുടിവെള്ള വിതരണം, കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യ സംസ്ക്കരണത്തിനുള്ള സൗകര്യം, വെള്ളപ്പൊക്കം കുറയ്ക്കുന്നതിനായുള്ള മഴവെള്ള ഓവു ചാലുകള്‍, നടപ്പാതകള്‍, യന്ത്രവത്കൃതമല്ലാത്ത പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ നിലവാരം ഉയര്‍ത്തുന്നതിലൂടെ നഗര പ്രദേശങ്ങളുടെ വികസനം സാധ്യമാക്കുക, കാര്യശേഷി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലുള്‍പ്പെട്ട പ്രധാനപ്പെട്ട പശ്ചാത്തല സൗകര്യ വികസന ഘടകങ്ങള്‍.
2015 സെപ്റ്റംബര്‍ മുതല്‍ 2017 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് നിന്നും മൂന്ന് സംസ്ഥാനതല വാര്‍ഷിക കര്‍മ്മ പദ്ധതികള്‍ (SAAP) തയ്യാറാക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്തു. 255 പദ്ധതികള്‍ക്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കുകയും അതില്‍ 217 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുകയും 45 പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നേടുകയും ചെയ്തു. 2016-17 കാലയളവില്‍ 3.08 കോടി രൂപ ചെലവഴിക്കുകയും 2017 ആഗസ്റ്റ് 31 വരെയുള്ള സഞ്ചിത ചെലവ് 5.58 കോടി രൂപയുമാണ്.
2. സ്മാര്‍ട്ട് സിറ്റി മിഷന്‍ (എസ്.സി.എം)
അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ (2015-16 മുതല്‍ 2019-20 വരെ) 100 നഗരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഒരു ഫ്ലാഗ്ഷിപ്പ് പരിപാടിയാണ് സ്മാര്‍ട്ട് സിറ്റി മിഷന്‍. പ്രാദേശിക അടിസ്ഥാനത്തിലുള്ള വികസനത്തിനും സമഗ്രമായ വികസനത്തിനും ഊന്നല്‍ നല്‍കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് നിന്നും കൊച്ചി നഗരത്തെ തെരഞ്ഞെടുക്കുകയും 2015-16 -ല്‍ കൊച്ചി നഗരത്തിന് സ്മാര്‍ട്ട് സിറ്റി പ്ലാന്‍ തയ്യാറാക്കുന്നതിന് 2 കോടി രൂപ നല്‍കുകയും ചെയ്തു. പ്രാദേശിക അടിസ്ഥാന വികസന ഘടകത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും, നഗരത്തിന്റെ മധ്യഭാഗത്തുമുള്ള പൈതൃക സ്ഥലങ്ങളെ തെരഞ്ഞെടുക്കുകയും വാട്ടര്‍ മെട്രോ വഴി ബന്ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സമഗ്രമായ വികസന ഘടകത്തില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി തെരഞ്ഞെടുത്ത മേഖലകളില്‍ നഗര സഞ്ചാരം, വിനോദ സഞ്ചാരം, നഗര ഗതാഗതം, സോഫ്റ്റ് വെയര്‍ വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുകയും ഈ മേഖലകളില്‍ പ്രോജക്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. 2076 കോടി രൂപയ്ക്കുള്ള പദ്ധതി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുകയും അനുമതി നേടുകയും ചെയ്തു.
ഒരു പ്രോജക്ടിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കുകയും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ചെയ്തു. 2016-17 കാലയളവില്‍ 1.75 കോടി രൂപ ചെലവഴിക്കുകയും 2017 ആഗസ്റ്റ് 31 വരെയുള്ള സഞ്ചിത ചെലവ് 1.89 കോടി രൂപയുമാണ്. 2017-18 -ല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തെയും തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പ്രോജക്ടിനുവേണ്ടി സമര്‍പ്പിച്ച 1538.19 കോടി രൂപയ്ക്ക് അംഗീകാരവും ലഭിച്ചു.
3. തലസ്ഥാന മേഖലാ വികസന പദ്ധതി
നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങളായ റോഡുകള്‍, കുടിവെള്ള വിതരണം, ഖരമാലിന്യ സംസ്ക്കരണ സംവിധാനം, ഓടകളുടെ നിര്‍മ്മാണം, നഗര സൗന്ദര്യവല്‍ക്കരണം, ബസ്സ് ടെര്‍മിനലുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ തലസ്ഥാന നഗരിയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2002–ല്‍ ആരംഭിച്ച പദ്ധതിയാണ് തലസ്ഥാന മേഖല വികസന പ്രോജക്ട്. 2016-17 കാലഘട്ടത്തില്‍ തലസ്ഥാന മേഖല വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 1.71 ലക്ഷം രൂപയും 2017-18 കാലഘട്ടത്തില്‍ 2017 ആഗസ്റ്റ് 31 വരെ 23.64 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. തലസ്ഥാന മേഖല വികസന പ്രോജക്ടിന്റെ ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്ത പ്രോജക്ടുകളുടെ വിവരം അനുബന്ധം 6.3.1 -ല്‍ കൊടുത്തിരിക്കുന്നു.
2012-ല്‍ തലസ്ഥാന മേഖലാ വികസന പ്രോജക്ടിന്റെ രണ്ടാം ഘട്ടം വിഭാവനം ചെയ്യുകയുണ്ടായി. നഗരപ്രാന്ത പ്രദേശങ്ങള്‍ ഉള്‍പ്പെടെ തലസ്ഥാന മേഖലയുടെ എല്ലാ പ്രദേശങ്ങളുടേയും സംയോജിത വികസന പ്രക്രിയ ആരംഭിക്കുകയെന്നതായിരുന്നു രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി കണ്ടെത്തിയ പ്രോജക്ടുകളെ പൊതുജനങ്ങളുടെ സഞ്ചാരക്ഷമതയും റോഡ് സുരക്ഷിതത്വവും മെച്ചപ്പെടുത്തുക, സാമ്പത്തിക വികസനം എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചിട്ടുണ്ട്. ഇതില്‍ നഗരത്തിലെ റോഡുകള്‍ വികസിപ്പിക്കുക, കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിത പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പാതയിലെ കവലകള്‍ മെച്ചപ്പെടുത്തുക, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, പാര്‍ക്കിംഗ് നയം ആവിഷ്കരിക്കുക എന്നിവ ഉള്‍പ്പെടുന്നു. 2017 ആഗസ്റ്റ് 31 വരെ ഈ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിലെ സഞ്ചിത ചെലവ് 4.99 കോടി രൂപയാണ്.
4. നഗര ഗ്രാമാസൂത്രണ വകുപ്പ്
മാസ്റ്റര്‍ പ്ലാനുകളും വിശദമായ നഗര പ്ലാനുകളും തയ്യാറാക്കുക, ഗവേഷണവും വികസനവും, ഭൂമി ശാസ്ത്രപരമായ വിവരശേഖരണം, പ്രാദേശിക വികസന പദ്ധതികളും സംയോജിത ജില്ലാ വികസന പദ്ധതികളും തയ്യാറാക്കുക എന്നിവയാണ് നഗര ഗ്രാമാസൂത്രണ വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍. 2016-17, 2017-18 കാലയളവില്‍ ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗര പ്രദേശത്തിനായി പാര്‍ക്കിംഗ് നയം രൂപീകരിക്കുകയും തല്പര കക്ഷികളുമായി കൂടിയോലോചിച്ച് അത് പൂര്‍ത്തീകരിക്കുന്ന നടപടി അന്തിമഘട്ടത്തിലുമാണ്. അതോടൊപ്പം കൊച്ചി നഗര മേഖലയിലെ നെൽവയല്‍, ചതുപ്പു പ്രദേശങ്ങളുടെ സംരക്ഷണവും വികസനവും സംബന്ധിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ വിവരശേഖരണ സംവിധാനവും വാനഭൂപട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എല്ലാ അംഗീകരിച്ച/പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്ലാനുകളും ലാസ്റ്റര്‍ അല്ലെങ്കില്‍ വെറ്റര്‍ രീതിയില്‍ പൊതു ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും കേരള സംസ്ഥാന ഐ.ടി മിഷനുമായി ചര്‍ച്ച ചെയ്ത് ഇന്ററാക്ടീവ് വെബ് ജി.ഐ.എസ് വികസിപ്പിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനുകളും വിശദമായ നഗര പ്ലാനുകളും തയ്യാറാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമായി 32 നഗരങ്ങളുടേയും രണ്ടാം ഘട്ടമായി 31 നഗരങ്ങളുടേയും മൂന്നാം ഘട്ടമായി 24 നഗരങ്ങളുടേയും വികസന പദ്ധതികള്‍ തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട എല്ലാ മാസ്റ്റര്‍ പ്ലാനുകളുടേയും രണ്ടാം ഘട്ടത്തിലെ 14 മാസ്റ്റര്‍ പ്ലാനുകളുടേയും സാങ്കേതികപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാവുകയും ബാക്കിയുള്ളവ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. 2016-17 കാലഘട്ടത്തില്‍ 3.40 കോടി രൂപ അനുവദിച്ചതില്‍ 2.96 കോടി രൂപ ചെലവായിട്ടുണ്ട്. അതായത് അനുവദിച്ചതിന്റെ 87.23 ശതമാനം. 2017-18 കാലഘട്ടത്തില്‍ 3.65 കോടി രൂപ അനുവദിച്ചതില്‍ 2017 ആഗസ്റ്റ് 31 വരെ 79 ലക്ഷം രൂപ അതായത് അനുവദിച്ചതിന്റെ 21ശതമാനം ചെലവഴിച്ചു. മൂന്ന് ഘട്ടങ്ങളിലുമായി രൂപീകരിച്ച മാസ്റ്റര്‍ പ്ലാനിനെ സംബന്ധിച്ച വിവരം അനുബന്ധം 6.3.2 -ല്‍ കൊടുത്തിരിക്കുന്നു.
5. വികസന അതോറിറ്റികള്‍
വികസന അതോറിറ്റികളുടെ ലക്ഷ്യം എന്നത് അവയുടെ പരിധിയില്‍ വരുന്ന പ്രദേശത്തിന്റെ സുസ്ഥിര സമഗ്ര വികസനം നേടുക എന്നുള്ളതാണ്. ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബസ് സ്റ്റാന്റുകളും ടെര്‍മിനലുകളും, പാര്‍ക്കിംഗിനുള്ള പൊതു സ്ഥലം, നഗരങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിനും പ്രധാന റോഡുകളുടെ വീതി കൂട്ടുന്നതിനും സ്ഥലങ്ങള്‍ ഏറ്റെടുക്കുക മുതലായവയാണ് വികസന അതോറിറ്റികള്‍ നടപ്പാക്കുന്ന പ്രധാന പ്രവൃത്തികള്‍. അഞ്ച് വികസന അതോറിറ്റികള്‍ മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് ട്രിഡയെയും ജി.സി.ഡി.എ യും മാത്രം നിലനിര്‍ത്തിക്കൊണ്ട് കാലിക്കറ്റ്, കൊല്ലം, തൃശ്ശൂര്‍ വികസന അതോറിറ്റികളെ 2017-18 ല്‍ പിരിച്ചുവിട്ടു. പന്ത്രണ്ടാം പദ്ധതി കാലഘട്ടത്തില്‍ 150.25 കോടി രൂപ അഞ്ച് വികസന അതോറിറ്റികള്‍ക്കുമായി അനുവദിക്കുകയും 44.98 കോടി രൂപ (അതായത് 29 ശതമാനം) ചെലവഴിക്കുകയും ചെയ്തു. 2017-18 വര്‍ഷം യഥാക്രമം 25 കോടി രൂപയും, 7 കോടി രൂപയും ട്രിഡയ്ക്കും ജി.സി.ഡി.എ യ്ക്കുമായി അനുവദിച്ചതില്‍ 2017 ആഗസ്റ്റ് 31 വരെ ഒരു തുകയും അതോറിറ്റികള്‍ ചെലവഴിച്ചിട്ടില്ല. തിരുവനന്തപുരം വികസന അതോറിറ്റി ഏറ്റെടുത്ത പ്രധാന പ്രോജക്ടുകളെ സംബന്ധിച്ച വിവരം അനുബന്ധം 6.3.3 -ല്‍ നല്‍കിയിരിക്കുന്നു.
6. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) (നഗരം)
2015 ഡിസംബർ 8 ന് ആരംഭിച്ച ഈ പദ്ധതി സംസ്ഥാനത്തെ 93 നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്നു. 2022 ഓടുകൂടി എല്ലാവര്‍ക്കും വീടെന്ന നിര്‍ദ്ദേശം നടപ്പാക്കാനായി നഗരത്തില്‍ താമസിക്കുന്ന ചേരി നിവാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ദരിദ്രരുടെയും ഭവന പ്രശ്നത്തിനു പരിഹാരം കണ്ടെത്താനാണ് മിഷന്‍ ശ്രമിക്കുന്നത്. 2015 ജൂണില്‍ ഇന്ത്യാ ഗവണ്‍മെന്റ് രാജീവ് ആവാസ് യോജന പദ്ധതിയെ പി.എം.എ.വൈ യുമായി സംയോജിപ്പിച്ചു. 93 നഗര സഭകള്‍ക്കായി ഗുണഭോക്തൃ വിഹിത ഭവന നിര്‍മ്മാണ ഘടകത്തില്‍ 1,107.54 കോടി രൂപ മുടക്കില്‍ 36,918 വീടുകള്‍ വയ്ക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. 2016-17 കാലയളവില്‍ 12,168 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും 229 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. മൊത്തം പദ്ധതി ചെലവ് 1,476.72 കോടി രൂപയാണ്. പി.എം.എ.വൈ പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങളെ സംബന്ധിച്ച വിവരം അനുബന്ധം 6.3.4 -ല്‍ നല്‍കിയിരിക്കുന്നു.
7. സ്വച്ഛ് ഭാരത് മിഷന്‍ (നഗരം)
രാജ്യത്താകമാനം ശുചിത്വം, മാലിന്യ സംസ്ക്കരണം, വൃത്തി എന്നിവ കൈവരിക്കുകയും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര ഗവണ്‍മെന്റിന്റെ നഗര വികസന മന്ത്രാലയം ആവിഷ്ക്കരിച്ചിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത ശുചിത്വ പദ്ധതിയാണിത്. ഭവനങ്ങള്‍തോറും കക്കൂസുകള്‍ (ഐ.എച്ച്.എച്ച്.എല്‍), പൊതു കക്കൂസുകള്‍ എന്നിവയുടെ നിര്‍മ്മാണം, ഖര ദ്രവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വിവര വിദ്യാഭ്യാസ വിനിമയ സംവിധാനം, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. സംസ്ഥാന ഗവണ്‍മെന്റ് 2016 നവംബര്‍ 1 ന് ഗ്രാമ പ്രദേശങ്ങളെ വെളിയിട വിസര്‍ജ്ജനവിമുക്തമായി (ഒ.ഡി.എഫ്) പ്രഖ്യാപിച്ചു. നഗര പ്രദേശങ്ങളില്‍ 2017 മാർച്ച് 31 ന് 93 നഗര സഭകളില്‍ 92 നഗര സഭകള്‍ വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിക്കുകയും അതില്‍ 20 നഗര സഭകളെ ഇന്ത്യാ ഗവണ്‍മെന്റ് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. നഗര സഭകളില്‍ 29,559 വ്യക്തിഗത കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചതില്‍ 29,456 എണ്ണം പൂര്‍ത്തിയായി. 2016-17 കാലഘട്ടത്തില്‍ 26,681 കക്കൂസുകളും, 2017-18 വര്‍ഷം 2017 ആഗസ്റ്റ് 31 വരെ 2040 കക്കൂസുകളുടെയും നിര്‍മ്മാണവും പൂര്‍ത്തിയാക്കി. നഗര പ്രദേശങ്ങളില്‍ നടപ്പിലാക്കിയ വെളിയിട വിസര്‍ജ്ജന മുക്ത പ്രോജക്ടിനെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 6.3.5 -ല്‍ കൊടുത്തിരിക്കുന്നു.
8. ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം)
നഗരത്തിലെ പാവപ്പെട്ടവരുടെ ദാരിദ്ര്യവും കഷ്ടപ്പാടും ലഘൂകരിക്കുന്നതിന് നിലവിലുണ്ടായിരുന്ന പദ്ധതിയായ സ്വര്‍ണ്ണ ജയന്തി ഷഹരി റോസ്ഗാര്‍ യോജന (എസ്.ജെ.എസ്.ആര്‍.വൈ.) -ക്ക് പകരം കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ പദ്ധതിയാണ് ദേശീയ നഗര ഉപജീവന മിഷന്‍. ഒന്നാം ഘട്ടത്തില്‍ ഈ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട 14 നഗരങ്ങളില്‍ ആരംഭിക്കുകയും 2016 നവംബര്‍ മുതല്‍ ബാക്കിയുള്ള 79 നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുയും ചെയ്തിട്ടുണ്ട്. ഈ അവലോകന ഘട്ടത്തില്‍ 4987 പുതിയ അയല്‍ക്കൂട്ട ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും, 333 വ്യക്തിഗത സംരംഭങ്ങള്‍, 39 ഗ്രൂപ്പ് സംരംഭങ്ങള്‍ എന്നിവ ആരംഭിക്കുകയും 180 സംരംഭങ്ങള്‍ക്ക് പലിശയിളവ് വായ്പ സഹായം നല്‍കുകയും ചെയ്തു. നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് സഹായം നല്‍കുക എന്ന പദ്ധതി ഘടകത്തിലൂടെ 93 നഗര സഭകളില്‍ നിന്നായി 19,838 വഴിയോര കച്ചവടക്കാരെ തെരഞ്ഞെടുക്കുകയും 1357 വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. നഗരത്തിലെ വീടില്ലാത്തവര്‍ക്ക് വീട് എന്ന പദ്ധതി ഘടകത്തിലൂടെ 3,195 ഗുണഭോക്താക്കളെ കണ്ടെത്തുകയും 10 നഗരങ്ങളിലായി 26 അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2016-17 വര്‍ഷം 48.78 കോടി രൂപയും 2017-18 വര്‍ഷം 2017 ആഗസ്റ്റ് 31 വരെ 12.19 കോടി രൂപയും ഈ പദ്ധതിയില്‍ ചെലവഴിച്ചിട്ടുണ്ട്. എന്‍.യു.എല്‍.എം പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങള്‍ അനുബന്ധം 6.3.6 ലും അവലോകന ഘട്ടത്തിലെ ഭൗതിക നേട്ടങ്ങള്‍ അനുബന്ധം 6.3.7 -ലും നല്‍കിയിരിക്കുന്നു.
9. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
2009-10-ലാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. നഗരത്തിലെ ജനങ്ങളുടെ തൊഴിലില്ലായ്മയും യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിലിന്റെ അഭാവവും പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പദ്ധതിയാണ് ഇത്. 2016-17–വര്‍ഷം 1,500 ലക്ഷം രൂപ ഈ പദ്ധതിക്കായി വകയിരുത്തുകയും മൊത്തം തുകയും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും മുഖേന ചെലവഴിക്കുകയും ചെയ്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഈട് നില്‍ക്കുന്ന ആസ്തികള്‍ ഉണ്ടാക്കാനാണ് പ്രസ്തുത തുക വിനിയോഗിച്ചത്. ഈ പദ്ധതിയിലൂടെ 2017 ആഗസ്റ്റ് 31 വരെ 403,022 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പ്രസ്തുത പദ്ധതിയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി വിതരണംചെയ്ത തുകയെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 6.3.8 -ല്‍ നല്‍കിയിരിക്കുന്നു.
2017-18 വാര്‍ഷിക പദ്ധതിയോടുകൂടി നിര്‍ത്തലാക്കിയ പ്രധാന പശ്ചാത്തല സൗകര്യ വികസന പ്രോജക്ടുകള്‍
ഏഷ്യന്‍ വികസന ബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെ വായ്പാ കാലാവധി 2016 ജൂൺ 30-ന് അവസാനിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളായ ജവഹർലാല്‍ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യം (ജെ.എന്‍.എന്‍.യു.ആര്‍.എം), ചെറുകിട ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൗകര്യ വികസന പദ്ധതി, രാജീവ് ആവാസ് യോജന (ആര്‍.എ.വൈ), സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (ഐ.എച്ച്.എസ്.സി.പി), നഗരത്തിലെ പാവപ്പട്ടവര്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ (ബി.എസ്.യു.പി) എന്നിവയാണ് 2017-18 വാര്‍ഷിക പദ്ധതിയോടുകൂടി നിര്‍ത്തലാക്കുന്ന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍.
കേരള സുസ്ഥിര നഗര വികസന പദ്ധതിയില്‍ ആകെ അംഗീകരിച്ച 102 പാക്കേജുകളില്‍ 88 എണ്ണം പൂര്‍ത്തിയായി. ആകെ 11 സിവറേജ് പാക്കേജുകളും, കൊല്ലം കോര്‍പ്പറേഷനിലെ കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്റും, കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ഖരമാലിന്യ സംസ്ക്കരണ പ്ലാന്റും പൂര്‍ത്തിയാക്കേണ്ടതുണ്ട്. 2016-17 വര്‍ഷം 27.19 കോടി രൂപയാണ് ചെലവായിട്ടുള്ളത്. 2017-18 വര്‍ഷം പദ്ധതി പൂര്‍ത്തീകരണത്തിനും മുന്‍കാല വര്‍ഷങ്ങളിലെ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി 87 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെ.എസ്.യു.ഡി.പി പദ്ധതിയുടെ വര്‍ഷം തിരിച്ചുള്ള പദ്ധതി വിഹിതവും ചെലവും സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 6.3.9 -ലും കെ.എസ്.യു.ഡി.പിയില്‍ ഉള്‍പ്പെട്ട പ്രധാന പ്രോജക്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 6.3.10 -ലും കൊടുത്തിരിക്കുന്നു.
ജവഹർലാല്‍ നെഹ്റു ദേശീയ നഗര നവീകരണ ദൗത്യം (ജെ.എന്‍.എന്‍.യു.ആര്‍.എം) പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ ബസ് പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൊതു എതിര്‍പ്പ് കാരണം മൂന്ന് പ്രോജക്ടുകള്‍ ഒഴിവാക്കേണ്ടിവരുകയും ഒരു പ്രോജക്ട് പൂര്‍ത്തീകരിക്കാനും കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള പ്രോജക്ടുകള്‍ സ്പില്‍ ഓവര്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016-17 വര്‍ഷം പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 12.48 കോടി രൂപ ചെലവഴിച്ചു. ഈ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തില്‍ കോഴിക്കോട്, കല്‍പ്പറ്റ, മലപ്പുറം, കോട്ടയം, തൊടുപുഴ, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ 110 എ.സി. ലോ ഫ്ലോര്‍ ബസുകളും 279 നോണ്‍ എ.സി. ലോ ഫ്ലോര്‍ ബസുകളും വാങ്ങി. ശേഷിക്കുന്ന ബസുകള്‍ വാങ്ങുന്നത് വിവിധ ഘട്ടങ്ങളിലാണ്. 2016-17 വര്‍ഷം 99.96 കോടി രൂപ ചെലവായിട്ടുണ്ട്. 2017-18 വര്‍ഷം പദ്ധതി പൂര്‍ത്തീകരണത്തിനും മുന്‍കാല വര്‍ഷങ്ങളിലെ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി 63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതിയുടെ വര്‍ഷം തിരിച്ചുള്ള പദ്ധതി വിഹിതവും ചെലവും സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 6.3.11 ലും ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതിയിൽ അംഗീകരിച്ച് നടപ്പിലാക്കിയ പ്രോജക്ടുകളെ സംബന്ധിച്ച വിവരങ്ങൾ അനുബന്ധം 6.3.12 -ലും കൊടുത്തിരിക്കുന്നു.
ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതിയുടെ ഉപപദ്ധതിയായ ചെറുകിട ഇടത്തരം പട്ടണങ്ങള്‍ക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനം (യു.ഐ.ഡി.എസ്.എസ്.എം.ടി) പദ്ധതിയില്‍ അഞ്ച് കുടിവെള്ള വിതരണ പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൊതു എതിര്‍പ്പും ഭൂമിയുടെ അഭാവവും കാരണം ഒമ്പത് ഖരമാലിന്യ സംസ്ക്കരണ പദ്ധതികള്‍ മുടങ്ങിപ്പോയി. നിലവില്‍ അഞ്ച് കുടിവെള്ള വിതരണ പദ്ധതികളും രണ്ട് ഖരമാലിന്യ സംസ്ക്കരണ പദ്ധതികളും സ്പില്‍ ഓവര്‍ പ്രോജക്ടുകളായി പുരോഗമിക്കുന്നു. 2016-17 വര്‍ഷം 56.39 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് 31 വരെയുള്ള സഞ്ചിത ചെലവ് 453.28 കോടി രൂപയാണ്.
2014 ഏപ്രിൽ 01 മുതലുള്ള മൂന്ന് വര്‍ഷക്കാലയളവായ യു.ഐ.ഡി.എസ്.എസ്.എം.ടി യുടെ രണ്ടാം ഘട്ടത്തില്‍ ആറ് പ്രോജക്ടുകള്‍ക്കായി 184.47 കോടി രൂപ അനുവദിച്ചതില്‍ ഖരമാലിന്യ സംസ്ക്കരണ പ്രോജക്ടിന്റെ തുകയായ 14.66 കോടി രൂപ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്. യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതിയുടെ വര്‍ഷം തിരിച്ചുള്ള പദ്ധതി വിഹിതവും ചെലവും സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 6.3.13 -ലും യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതിയില്‍ അംഗീകരിച്ച പ്രോജക്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 6.3.14 -ലും കൊടുത്തിരിക്കുന്നു.
നീതിപൂർവ്വകവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നഗരങ്ങളുള്ള ചേരിരഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ 2010 ജൂണില്‍ ആരംഭിച്ച പദ്ധതിയാണ് രാജീവ് ആവാസ് യോജന (ആര്‍.എ.വൈ). കുടുംബശ്രീയെ സംസ്ഥാനതല നോഡല്‍ ഏജന്‍സിയാക്കി 2011 ലാണ് ഈ പദ്ധതി ആരംഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലുള്ള 811 ചേരികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2015 ജൂണില്‍ ഇന്ത്യാ ഗവണ്‍മെന്റ് ആര്‍.എ.വൈ. പദ്ധതിയെ പ്രധാന മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുണ്ട്. ആര്‍.എ.വൈ. പദ്ധതിയില്‍ 2017 ആഗസ്റ്റ് 31 വരെ 123 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആര്‍.എ.വൈ. പദ്ധതിയില്‍ നടപ്പിലാക്കിയ പ്രോജക്ടുകളെ സംബന്ധിച്ച വിവരം അനുബന്ധം 6.3.15 -ല്‍ കൊടുത്തിരിക്കുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (ഐ.എച്ച്.എസ്.ഡി.പി) നഗര പ്രദേശങ്ങളിലെ ചേരികളുടെ പൂര്‍ണ്ണ വികസനമാണ് ലക്ഷ്യമിടുന്നത്. 45 നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഐ.എച്ച്.എസ്.ഡി.പി പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതിയുടെ നിർവ്വഹണം സംസ്ഥാനതല നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയാണ് നടത്തുന്നത്. കൂത്തുപറമ്പ്, തലശ്ശേരി, മലപ്പുറം എന്നീ മൂന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഈ പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. മൊത്തം പദ്ധതി ചെലവ് 273.32 കോടി രൂപയും ചെലവഴിച്ചത് 169.37 കോടി രൂപ, അതായത് 62 ശതമാനവുമാണ്.
ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതിയുടെ ഉപദൗത്യമായ നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ (ബി.എസ്.യു.പി) പദ്ധതിയിലൂടെ നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് താമസ സൗകര്യം, അടിസ്ഥാന സേവനങ്ങള്‍, നഗരത്തിലെ പാവപ്പെട്ടവര്‍ക്കുപകരിക്കുന്ന മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കിക്കൊണ്ട് ചേരികളുടെ സമഗ്ര വികസനമാണ് ഉദ്ദേശിക്കുന്നത്. ബി.എസ്.യു.പി പദ്ധതിയില്‍ സംസ്ഥാനത്ത് നിന്നും തിരുവനന്തപുരം, കൊച്ചി, കോര്‍പ്പറേഷനുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. മൊത്തം പദ്ധതി അടങ്കല്‍ 343.67 കോടി രൂപയും പദ്ധതിക്കായി ചെലവായത് 226.13 കോടി രൂപയുമാണ് (66ശതമാനം). ഐ.എച്ച്.എസ്.ഡി.പി, ബി.എസ്.യു.പി പദ്ധതികള്‍ 2017 മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഐ.എച്ച്.എസ്.ഡി.പി പദ്ധതിയില്‍ 31.08.2017 വരെ 8718 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 10,819 വീടുകള്‍ നവീകരിക്കുകയും ചെയ്തു. ബി.എസ്.യു.പി പദ്ധതിയില്‍ 18004 വീടുകള്‍ നിര്‍മ്മിക്കുകയും 809 വീടുകള്‍ നവീകരിക്കുകയും ചെയ്തു. ഐ.എച്ച്.എസ്.ഡി.പി, ബി.എസ്.യു.പി പദ്ധതികളുടെ ഭൗതിക നേട്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 6.3.16 -ല്‍ കൊടുത്തിരിക്കുന്നു.