കാര്‍ഷിക ഉല്പാദനത്തിന് സഹായകരമാകുന്ന ഒരു പ്രധാന വിതരണ ഘടകങ്ങളി ലൊന്നാണ് കാര്‍ഷിക വായ്പ. കാര്‍ഷിക മേഖലയ്ക്ക് സമയോചിതവും ആവശ്യവുമായ വായ്പ നല്‍കുന്നതിനുള്ള ഫലപ്രദമായ വായ്പ വിതരണ സംവിധാനം അനിവാര്യമാണ്. വാണിജ്യ ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയാണ് കാര്‍ഷിക ധനവിനിമയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍. ദേശീയ തലത്തില്‍ 2016-17 കാലഘട്ടത്തില്‍ ബാങ്കുകള്‍ 959,826 കോടി രൂപ (2017 ഫെബ്രുവരി 28 ന് താല്‍ക്കാലികം) കാര്‍ഷിക മേഖലയ്ക്ക് (കൃഷിയും അനുബന്ധ മേഖലകളും, കൃഷി-അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ) വിതരണം ചെയ്തു. 900,000 കോടി രൂപയായിരുന്നു ലക്ഷ്യം. വാണിജ്യ ബാങ്കുകള്‍, റീജിയിണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, 733,201 കോടി രൂപ (76.3 ശതമാനം), 103,974 കോടി (10.8 ശതമാനം), 122,651 കോടി (12.77 ശതമാനം) എന്നിങ്ങനെയാണ് യഥാക്രമം വിതരണം ചെയ്തത്. 2015-16 വര്‍ഷത്തില്‍ 8.7 ലക്ഷം കോടി രൂപയാണ് കാര്‍ഷിക വായ്പയായി വിതരണം ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷ കാലയളവില്‍ (2007-08 മുതല്‍ 2016-17) കാര്‍ഷിക വായ്പാ ഇനത്തില്‍ ആകര്‍ഷകമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവില്‍ ഇത് 2.54 ലക്ഷം കോടി രൂപയില്‍ നിന്നും 9.60 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍, ആകെയുള്ള കാര്‍ഷിക വായ്പയില്‍ ദീര്‍ഘകാല വായ്പയുടെ പങ്ക് 30.2 ശതമാനത്തില്‍ നിന്നും 22.1 ശതമാനമായി കുറഞ്ഞു വരികയായിരുന്നു. 2012-13 ല്‍ ഈ പ്രവണത മാറി. ദീര്‍ഘകാല വായ്പയുടെ പങ്ക് കൂടി 2016-17 ല്‍ 35.1 ശതമാനമായി.
കേരളത്തിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കാര്‍ഷിക വായ്പകള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടു്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതികാലയളവ് നോക്കുകയാണെങ്കില്‍ 2012-13 ല്‍ 37,710 കോടി രൂപയായിരുന്നത് 2017 മാര്‍ച്ച് ആകുമ്പോഴേക്കും 54,270 കോടി രൂപയായി വര്‍ദ്ധിച്ചു (43.9 ശതമാനം) ചിത്രം 2.3. നിലവില്‍ ഇത് ദേശീയ കാര്‍ഷിക വായ്പയുടെ 5.64 ശതമാനമാണ്. ആകെയുള്ള കാര്‍ഷിക വായ്പയായ 54,270 കോടി രൂപയില്‍ വാണിജ്യ ബാങ്കുകള്‍, ആര്‍.ആര്‍.ബി, സഹകരണ ബാങ്കുകള്‍ വഴി യഥാക്രമം 33,802 കോടി രൂപ (62.2 ശതമാനം), 8,515 കോടി രൂപ (15.6 ശതമാനം), 11,953 കോടി രൂപ (22.2 ശതമാനം) വിതരണം ചെയ്തു. കാര്‍ഷിക വായ്പ ഇനത്തില്‍ വാണിജ്യ ബാങ്കുകളുടെ പ്രാധാന്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
കാര്‍ഷിക വായ്പ ഇനത്തെ ഉല്പാദന വായ്പ, നിക്ഷേപ വായ്പ എന്ന് തരംതിരിച്ചാല്‍ നിക്ഷേപ വായ്പയുടെ പങ്ക് 13.4 ശതമാനത്തില്‍ നിന്നും (12-ാം പദ്ധതിയുടെ തുടക്കത്തില്‍) ക്രമേണ 25.54 ശതമാനമായി (2016-17) വര്‍ദ്ധിച്ചതായാണ് കാണാന്‍ കഴിയുന്നത് (ചിത്രം 2.4, അനുബന്ധം 2.23). ഇത് തീര്‍ച്ചയായും ഒരു നല്ല പ്രവണതയാണ്. പ്രത്യേകിച്ചും മുൻവര്‍ഷങ്ങളില്‍ നിക്ഷേപവായ്പയുടെ പങ്ക് തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരുന്നു എന്നതിനാല്‍ (2008-09 -ലെ 22 ശതമാനത്തില്‍ നിന്നും 2011-12 ല്‍ 11 ശതമാനമായി കുറഞ്ഞു). എന്നിരുന്നാലും ഹ്രസ്വകാല വിളവായ്പ അഥവാ ഉല്പാദനവായ്പയ്ക്ക് അനുകൂലമായ അനുപാതം, മൂലധനം അഥവാ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന ആസ്തികളില്‍ നിക്ഷേപം കുറച്ചിട്ടുണ്ടു്. ആയതിനാല്‍ വിവിധ മേഖലകള്‍ക്ക് ആവശ്യമായ വായ്പയുടെ തോത് വിലയിരുത്തി അനുയോജ്യമായ പലിശനിരക്കുകള്‍ സബ് വെന്‍ഷന്‍ വഴി നടപ്പിലാക്കേണ്ടതാണ്. ഇത് പ്രധാനപ്പെട്ട എന്നാല്‍ പുരോഗമിക്കാത്തതുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും (സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ 2017, നബാര്‍ഡ്).
ഉപമേഖല തിരിച്ചുള്ള നിക്ഷേപ വായ്പയുടെ ഒഴുക്ക് പരിശോധിച്ചാല്‍ 2015-16 -ല്‍ ഏറ്റവും കൂടുതല്‍ വിഹിതം പ്ലാന്റേഷന്‍ ആന്റ് ഹോര്‍ട്ടീക്കള്‍ച്ചര്‍ (18.3 ശതമാനം), ഭൂവികസനം (15.96 ശതമാനം) എന്നിവയ്ക്കായിരുന്നു. യന്ത്രവത്ക്കരണം, ക്ഷീര വികസനം എന്നിവയ്ക്കാണ് യഥാക്രമം 8.34 ശതമാനം, 11.21 ശതമാനവും ആയിരുന്നു. ഉല്പാദന മേഖലകളായ മത്സ്യബന്ധനം, കോഴി, ചെമ്മരിയാട്/ആട്, പന്നി തുടങ്ങിയവയ്ക്ക് 5 ശതമാനത്തില്‍ താഴെ മാത്രമേ വിതരണം ചെയ്തിട്ടുള്ളു (ചിത്രം 2.5, അനുബന്ധം 2.24, 2.25).
ഏജന്‍സി തിരിച്ചുള്ള നിക്ഷേപ വായ്പയുടെ ഒഴുക്ക് പരിശോധിച്ചാല്‍ വാണിജ്യ ബാങ്കുകളാണ് ഏറ്റവും കൂടുതല്‍ നിക്ഷേപ വായ്പ നല്‍കിയിട്ടുള്ളത് (63 ശതമാനം). സഹകരണ സ്ഥാപനങ്ങൾ 22 ശതമാനവും ബാക്കി ആര്‍.ആര്‍.ബിയും വിതരണം ചെയ്തിട്ടുണ്ടു്. എന്നാല്‍ ഇവ വായ്പകള്‍ നല്‍കിയിട്ടുള്ള മേഖലകള്‍ പരിശോധിച്ചാല്‍, വാണിജ്യ ബാങ്കുകള്‍ പ്രധാനമായിട്ടും കൃഷി ഭൂമിയുടെ യന്ത്രവല്‍ക്കരണം പ്ലാന്റേഷന്‍ ആന്റ് ഹോര്‍ട്ടീക്കള്‍ച്ചര്‍, ഭൂവികസനം, ക്ഷീര വികസനം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത് (ചിത്രം 2.6). സഹകരണ സ്ഥാപനങ്ങള്‍, പ്ലാന്റേഷന്‍, ഭൂവികസനം കൂടാതെ ചെറുകിട ജലസേചനത്തിനുമാണ് ഊന്നല്‍ നല്‍കിയത്. ആര്‍.ആര്‍.ബി ആവട്ടെ ഭൂവികസനത്തിനും ക്ഷീര വികസനത്തിനും. ഉല്പാദന മേഖലകളായ മത്സ്യബന്ധനം, ആട്/പന്നിവളർത്തൽ, കോഴിവളർത്തൽ എന്നിവ വലിയ തോതിൽ അവഗണിക്കപ്പെട്ടു.
ദീര്‍ഘകാല ഗ്രാമീണ വായ്പ ഫണ്ട്
ആകെയുള്ള കാർഷിക വായ്പയിൽ ദീര്‍ഘകാല വായ്പയുടെ പങ്ക് വര്‍ഷം തോറും കുറഞ്ഞു വരികയും ആസ്തികള്‍ സൃഷ്ടിക്കുന്നതിന് ഇത് വിപരീതമായി ബാധിച്ചു വരുന്ന സാഹചര്യത്തില്‍, ഭാരത സര്‍ക്കാര്‍ നബാര്‍ഡിന്റെ സഹായത്തോടെ ദീര്‍ഘകാല ഗ്രാമീണ വായ്പ ഫണ്ട് രൂപീകരിച്ചിട്ടുണ്ടു്. സഹകരണ ബാങ്കുകള്‍ക്കും ആര്‍.ആര്‍.ബി ക്കും കുറഞ്ഞ പലിശ നിരക്കില്‍ കൃഷി അനുബന്ധ മേഖലകളിൽ ദീര്‍ഘകാല വായ്പകള്‍ വിതരണം ചെയ്യുവാന്‍ വേണ്ടിയുള്ള സഹായമായാണ് ഈ ഫണ്ട് രൂപീകരിച്ചിട്ടുള്ളത്.
എല്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്കും ആര്‍.ആര്‍.ബികള്‍ക്കും നബാര്‍ഡില്‍ നിന്നുള്ള ഈ സഹായം പ്രയോജനപ്പെടുത്താനുള്ള അര്‍ഹതയുണ്ടു്. സ്വാഭാവിക പുനർവായ്പാ സഹായം കൃഷി അനുബന്ധ മേഖലകളിലെ എല്ലാ പദ്ധതികൾക്കും ഉപയോഗിക്കാവുന്നതാണ്. (പുനർ വായ്പയുടെ അളവ്, ആകെയുള്ള വിഹിതം, ബാങ്ക് വായ്പ എന്നിവയ്ക്ക് ഉയർന്ന പരിധിയില്ലാതെ).
2015-16 -ല്‍, കേരള, എല്‍.റ്റി.ആര്‍.സി ഫണ്ടില്‍ നിന്നും 750 കോടി രൂപ കെ.എസ്.സി.എ.ആര്‍.ഡി.ബി ക്കും 181 കോടി രൂപ കെ.എസ്.സി.ബി 38 കോടി രൂപ കേരള ഗ്രാമീണ ബാങ്കിനും നല്‍കിയിട്ടുണ്ടു്./
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്
ആവശ്യാനുസരണവും സമയബന്ധിതവുമായി വായ്പ നല്‍കുന്നതിനുള്ള ഫലപ്രദമായ വായ്പ വിതരണ ഉപകരണമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എസ്.എല്‍.ബി.സി യില്‍ നിന്നും ലഭ്യമായുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ 17,826.27 കോടി രൂപ വിനിയോഗിച്ച് 518,802 കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ആണ് വിതരണം ചെയ്തിട്ടുള്ളത്.
കെ.സി.സി യുടെ പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഇത് എ.റ്റി.എം-ലും സ്വൈപ്പിംഗ് മെഷിനുകളിലും ഉപയോഗിക്കാന്‍ പറ്റുന്ന സ്മാര്‍ട്ട് കാര്‍ഡും ഡെബിറ്റ് കാര്‍ഡുമായിരിക്കണം. കെ.സി.സി.യുടെയും റുപെയുടെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന റുപെയ് കെ.സി.സി കാര്‍ഡ് റുപെയ് പുറത്തിറക്കിയിട്ടുണ്ടു്. സാധാരണ കെ.സി.സി യില്‍ നിന്ന് വ്യത്യസ്തമായി ഒരു ഐഡന്റിറ്റി കാര്‍ഡായും ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഒരു കാര്‍ഡായി മാത്രമല്ല മറിച്ച് ഒരു സ്മാര്‍ട്ട് കാര്‍ഡായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് അടുത്തുള്ള എ.റ്റി.എം കളില്‍ നിന്നും പി.ഒ.എസില്‍ നിന്നും പണം പിൻവലിക്കാവുന്നതാണ്. അക്കൌണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘത്തിലേക്കോ ബാങ്കിലേക്കോ പോകുന്നതിന്റെ ആവശ്യകത ഇത് നീക്കം ചെയ്യുന്നു. നിലവില്‍ കേരളത്തില്‍ റുപെയ് കെ.സി.സി യുടെ വിനിമയം പ്രാരംഭ ഘട്ടത്തിലാണ്.
കേരളത്തിലെ കര്‍ഷകരുടെ കട ബാധ്യത
സംസ്ഥാനത്തെ വിവിധ ഏജന്‍സികളുടെ കാര്‍ഷിക വായ്പ വിതരണത്തെക്കുറിച്ചാണ് മുകളില്‍ വിശകലനം ചെയ്തത്. എന്നാല്‍ കേരളത്തിലെ കര്‍ഷകന്റെ കാഴ്ചപ്പാടില്‍ നിന്നും വായ്പയുടെ ഘടന എന്താണ്, അല്ലെങ്കില്‍ സംസ്ഥാനത്ത് കര്‍ഷക കടബാധ്യത എത്രയാണ്? കാര്‍ഷിക വായ്പയുടെ ഘടനയെക്കുറിച്ചും രാജ്യത്തെ നിലവിലുള്ള കര്‍ഷക കടബാധ്യതയെക്കുറിച്ചും സമഗ്രമായ കണക്കുകള്‍ നല്‍കുന്ന ഒരു റിപ്പോര്‍ട്ടാണ് എന്‍.എസ്.എസ്.ഒ പുറത്തിറക്കുന്ന സിറ്റുവേഷന്‍ അസ്സെസ്സ്മെന്റ് സർവ്വെ ഓഫ് അഗ്രിക്കള്‍ച്ചര്‍ ഹൌസ്ഹോള്‍ഡ്സ് (പട്ടിക 2.4). ഇതു സൂചിപ്പിക്കുന്നത് കേരളത്തിലെ മൊത്തം കര്‍ഷക വായ്പ 38,821 കോടി രൂപയാണ്. ഇതില്‍ 34,835 കോടി രൂപ (89.7 ശതമാനം) സുസ്ഥാപിതമായ ഏജന്‍സികളില്‍ നിന്നും എടുത്തവയാണ്. സുസ്ഥാപിതമല്ലാത്ത ഏജന്‍സികളില്‍ നിന്നും എടുത്ത വായ്പകള്‍ തീരെ കുറവാണ് എന്നു മാത്രമല്ല ചെറുകിട ഇടത്തരം കര്‍ഷകരുടെ വായ്പകളാണ് സുസ്ഥാപിതമായ ഏജന്‍സികളില്‍ നിന്ന് എടുത്ത ഏറെയും സംസ്ഥാനത്തിലെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ തോതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മൊത്തം ചിത്രം എടുത്താല്‍ ഇതിന്റെ നേര്‍ വിപരീതമായമാണ് കാണാന്‍ കഴിയുക. ഇവിടെ ചെറുകിട ഇടത്തരം കര്‍ഷകര്‍ എടുത്തിരിക്കുന്ന 85 ശതമാനം വായ്പയും സുസ്ഥാപിതമല്ലാത്ത ഏജന്‍സികളില്‍ നിന്നാണ്.
ചെറുകിട ഇടത്തരം കര്‍ഷകര്‍ | വന്‍കിട കര്‍ഷകന്‍ | ആകെ | |||||||
സുസ്ഥാപിതമായ | സുസ്ഥാപി തമല്ലാത്ത | ആകെ | സുസ്ഥാപിതമായ | സുസ്ഥാപി തമല്ലാത്ത | ആകെ | സുസ്ഥാപിതമായ | സുസ്ഥാപി തമല്ലാത്ത | ആകെ | |
കേരളം | 34429 | 3993 | 38361 | 407 | 53 | 461 | 34835 | 3986 | 38821 |
ഇന്ത്യ | 93253 | 208771 | 102024 | 31515 | 10645 | 42160 | 324768 | 219417 | 544185 |
അവലംബം: സാന്ദ്രത്തിക സർവ്വേ - ഭാരത സര്‍ക്കാര്‍, സിറ്റുവേഷന്‍ അസ്സെസ് മെന്റ് സർവ്വേ 2017-18 ല്‍ നിന്ന് കണക്കാക്കിയിട്ടുളളത് |
നബാര്‍ഡിൽ നിന്നുള്ള സഹായം
കേരളത്തില്‍ നബാര്‍ഡില്‍ നിന്നുള്ള മൊത്തം പുനര്‍ വായ്പാ വിതരണം 2015-16-ല്‍ 5,820 കോടി രൂപയായിരുന്നു. ഇതില്‍ 5,090 കോടി രൂപ പുനർവായ്പയായിട്ട് വാണിജ്യ ബാങ്കുകള്‍ക്ക് വിതരണം ചെയ്തു, 600 കോടി സംസ്ഥാന സര്‍ക്കാരിന് ഗ്രാമീണ പശ്ചാത്തല വികസന നിധി (ആര്‍.ഐ.ഡി.എഫ്) ആയിട്ടും, 115 കോടി രൂപ സഹകരണ ബാങ്കുകള്‍ക്ക് നേരിട്ടുള്ള സഹായമായിട്ടും 15 കോടി രൂപ വിവിധ ഏജന്‍സികള്‍ക്ക് ഗ്രാന്റായിട്ടുമാണ് നല്‍കിയിട്ടുള്ളത്. പുനർവായ്പയായിട്ട് വിതരണം ചെയ്ത 5,090 കോടി രൂപയില്‍ 2,390 കോടി രൂപ ദീർഘകാല ധനസഹായമായിട്ടും 2,708 കോടി രൂപ ഹ്രസ്വകാല ധനസഹായമായിട്ടുമാണ് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 10 വര്‍ഷത്തിന് ശേഷമാണ് സഹകരണ ബാങ്കുകള്‍ക്ക് ദീര്‍ഘകാല നിക്ഷേപത്തിനുള്ള പുനർവായ്പ പദ്ധതി പുനരാരംഭിച്ചത്. ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ 710 കോടി രൂപയുള്ള പുതിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചിരുന്നു.
ഗ്രാമീണ പശ്ചാത്തല വികസന നിധി (ആര്‍.ഐ.ഡി.എഫ്)
നബാർഡ് ആരംഭം മുതൽ തന്നെ വായ്പാ അനുബന്ധ സേവനങ്ങലിലൂടെ ഗ്രാമീണ സമൃദ്ധി എന്ന ദൗത്യം പൂർത്തീകരിക്കുന്നതിനായി മുൻഗണന നൽകിയിട്ടുണ്ട്. 1995 മുതൽ ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ആർ.ഐ.ഡി.എഫ് വഴി തുക ചെലവഴിച്ചിട്ടുണ്ട്. 2.60 ലക്ഷം കോടി രുപയുടെ പദ്ധതികൾക്കാണ് ധനസഹായം നൽകിയിട്ടുള്ളത്. കേരളത്തിൽ 9,789 കോടി രൂപയുടെ പദ്ധതികൾക്കാണ് സഹായം നൽകിയിട്ടുള്ളത്. ആര്‍. ഐ. ഡി. എഫ് XXI ല്‍ 673.99 കോടി രൂപ അനുവദിക്കുകയും 134.8 കോടി രൂപ വിതരണം ചെയ്യുകയുമുണ്ടായി. ഓരോ ഘട്ടത്തിലും അനുവദിച്ചതും വിതരണം ചെയ്തതുമായ തുകയുടെ വിശദാംശങ്ങള്‍ അനുബന്ധം 2.26, 2.27, 2.28 എന്നിവയില്‍ കൊടുത്തിരിക്കുന്നു.
സഹകരണം
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ വിപുലമായ ശൃംഖലകള്‍ മുഖേന ഗ്രാമീണ മേഖലയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആകെയുള്ള കാര്‍ഷിക വായ്പയുടെ 12 ശതമാനം പങ്ക് സഹകരണ സ്ഥാപനങ്ങളുടേതാണ്, എന്നു മാത്രമല്ല പലപ്പോഴും പ്രാദേശിക വികസനത്തിന് ഇന്ധനം നല്‍കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ ഇല്ലാതാകുന്നു. ഈ വേളയില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ ഏറ്റവും മികച്ച സ്ഥാപനമാണ് സഹകരണ സ്ഥാപനങ്ങള്‍. എന്തെന്നാല്‍ ഇത് ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരുള്ളവയും സമത്വം പ്രോത്സാഹിപ്പിക്കുന്നതുമാണ്.
വായ്പ നല്‍കുന്ന പ്രസ്ഥാനമായിട്ടാണ് ആദ്യം ഇത് തുടങ്ങിയതെങ്കിലും പിന്നീട് സാമൂഹിക സാമ്പത്തിക മുന്‍നിരയിലെ മറ്റ് പല പ്രവര്‍ത്തികളിലേയ്ക്കും ഇത് വൈവിദ്ധ്യവത്ക്കരിക്കപ്പെട്ടിട്ടുണ്ടു്. 15,428 സഹകരണ സംഘങ്ങളാണ് റജിസ്റ്റാര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 11,966 എണ്ണം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നുണ്ടു്. ഇതില്‍ ഭൂരിഭാഗവും വായ്പാ സഹകരണ സംഘങ്ങളും (4,048) ഉപഭോക്തൃ സംഘങ്ങളും (4,665) വനിതാ സഹകരണ സംഘങ്ങളുമാണ് (1,160). ഇതു കൂടാതെ, വിപണന, ആരോഗ്യ, പട്ടികജാതി പട്ടിക വർഗ്ഗ സംഘങ്ങളാണുള്ളത്. ഇതില്‍ പകുതിയോളം പ്രവര്‍ത്തനരഹിതമോ നഷ്ടത്തിലോ പ്രവര്‍ത്തിക്കുന്നവയാണ്. വിശദവിവരങ്ങള്‍ അനുബന്ധം 2.29, 2.30 ലും ചേര്‍ത്തിരിക്കുന്നു.
വായ്പാ സഹകരണ സംഘങ്ങള്‍
വായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ ഏറ്റവും ആകര്‍ഷകമായതും, സാധ്യതയുള്ളതുമായ സഹകരണപ്രസ്ഥാനങ്ങളിലൊന്ന്. ഹ്രസ്വകാലം, ദീര്‍ഘകാലം എന്നിവ അടങ്ങുന്നതാണ് സഹകരണ വായ്പാ ഘടന. സംസ്ഥാന സഹകരണ ബാങ്ക് (ഏറ്റവും മേലേത്തട്ടില്‍), 14 ജില്ലാ സഹകരണ ബാങ്കുകള്‍, താഴേത്തട്ടില്‍ 1,647 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഒരു ത്രിതല സംവിധാനമാണ് ഹ്രസ്വകാല കാര്‍ഷിക സഹകരണ വായ്പാ ഘടനയിലുള്ളതു്. ഈ ത്രിതല സംവിധാനം കൂടാതെ നന്നായി വികസിച്ച അര്‍ബന്‍ സഹകരണ ബാങ്കുകളും കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടു്.
കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന 78 പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ എന്നിവയടങ്ങുന്നതാണ് ദീര്‍ഘകാല സഹകരണ വായ്പാ സംവിധാനം. ദീര്‍ഘകാല നിക്ഷേപ വായ്പവഴി കാര്‍ഷിക ഗ്രാമവികസന മേഖലയിലെ മൂലധനത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളസംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവകിസന ബാങ്കിന് സുപ്രധാന പങ്കുണ്ട്.
സഹകരണ വായ്പ പ്രസ്ഥാനത്തിന്റെ കാര്യശേഷി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേരളത്തില്‍ 2.35 കോടി അംഗങ്ങള്‍ അടങ്ങുന്ന ആകെ 1,647 സൊസൈറ്റികളാണുള്ളത്. എന്നിരുന്നാലും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഈ സൊസൈറ്റികളുടെ ഓഹരി മൂലധനം 1,497.06 കോടി രൂപയില്‍ നിന്ന് 1,802.81 കോടി രൂപയായി കൂടിയിട്ടുണ്ടു്. നിക്ഷേപങ്ങള്‍ 80,190.41 കോടി രൂപയില്‍ നിന്ന് 83,157.38 കോടി രൂപയായി കൂടിയപ്പോള്‍, വായ്പകള്‍ 76,007.84 കോടിയില്‍ നിന്ന് 75,350.90 കോടി രൂപയായി കുറഞ്ഞിട്ടുണ്ടു്. ആകെ വായ്പകള്‍ നല്‍കിയതിന്റെ ഏകദേശം 10 ശതമാനം കാര്‍ഷിക വായ്പയാണ്. ഇതു കൂടാതെ ഈ വര്‍ഷത്തിലെ ഒരു പ്രധാന സംഭവമാണ് മധ്യകാല ദീര്‍ഘകാല കാര്‍ഷിക വായ്പകളിലെ കുറവ്. ഇത് മൂലധന രൂപീകരണത്തിൽ വിപരീത ഫലമാണുളവാക്കുന്നത്. വിശദവിവരങ്ങള്‍ അനുബന്ധം 2.31, 2.32, 2.33 ലും കൊടുത്തിരിക്കുന്നു. 2016-17 വർഷത്തിൽ 37 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 34.25 ലക്ഷം രൂപ മൂലധനസഹായമായി നൽകിയിട്ടുണ്ട്.
ഉപഭോക്തൃ സഹകരണ സംഘങ്ങള്‍
പൊതു ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ പൊതുമാര്‍ക്കറ്റിലെ വിലയേക്കാള്‍ കുറവില്‍ ന്യായമായ വിലയില്‍ നല്‍കി കൊണ്ടു് ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ പൊതു വിതരണ സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാന തലത്തില്‍, സംസ്ഥാന ഉപഭോക്തൃ സഹകരണ ഫെഡറേഷന്‍, 14 ജില്ലാതല മൊത്ത വ്യാപാര സ്റ്റോറുകള്‍, പ്രാഥമിക തലത്തില്‍ 643 പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കേരളത്തിലെ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍. സംസ്ഥാന ഉപഭോക്തൃ സഹകരണ ഫെഡറേഷന്‍ ബള്‍ക്കായി പ്രോഡ്യൂസ് ചെയ്ത് ജില്ലാതല മൊത്ത വ്യാപാര സ്റ്റോറുകള്‍ക്കും, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ക്കും (ത്രിവേണി) നല്‍കുന്നു. ജില്ലാതല മൊത്ത വ്യാപാര സ്റ്റോറുകളും പ്രാഥമിക സഹകരണ സംഘങ്ങളും അവരുടെ തന്നെ സൂപ്പര്‍ സ്റ്റോറുകള്‍, പ്രൈമറി സ്റ്റോറുകള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഉപഭോക്തൃത സഹകരണസംഘങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുണിത്തരങ്ങള്‍, പലവ്യഞ്ജനം, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവയുടെ ചില്ലറ, മൊത്ത വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നു. ഇതിനു പുറമെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്കൂള്‍, കോളേജ് തലത്തിലും സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും സാധാരണ ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചത്. നിലവില്‍ 204 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും, മൊബൈല്‍ ത്രിവേണി യൂണിറ്റുകളും, ഫ്ലോട്ടിംഗ് ത്രിവേണി സ്റ്റോറുകളും അവശ്യ സാധന വിതരണത്തിനായുണ്ട്.
കേരള സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം 1998 -ല്‍ ആരംഭിച്ച പദ്ധതിയായ നീതി പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുന്നു. ആയിരത്തില്‍പ്പരം പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികള്‍ വഴി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് കൊടുക്കപ്പെടുന്നു. മരുന്നുകള്‍ കുറഞ്ഞ വിലക്ക് കൊടുക്കുന്നതിനാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചത്. കണ്‍സ്യൂമര്‍ഫെഡ്ഡാണ് ഈ മരുന്നുകള്‍ മൊത്തവിലയ്ക്ക് സംഭരിക്കുകയും, ആവശ്യാനുസരണം നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നത്. നിലവില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘ ങ്ങള്‍ നേരിട്ട് നടത്തുന്ന 600 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ കൂടാതെ ഫെഡറേഷന്‍ നടത്തുന്ന 96 സ്റ്റോറുകളാണ് ഉള്ളത്.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെയും താഴെതട്ടിലുള്ളവരെയും ഉദ്ദേശിച്ചുകൊണ്ടാണ് 2,180 ചില്ലറ വില്പന കേന്ദ്രങ്ങള്‍ വഴി 10 അത്യാവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് നന്മ സ്റ്റോറുകള്‍ തുടങ്ങിയത്. നിലവില്‍ 751 നന്മ സ്റ്റോറുകളാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ ഉള്ളത്. ഇതില്‍ 1,311 എണ്ണം തെരെഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങളും 869 എണ്ണം ഫെഡറേഷന്റെ ത്രിവേണി ശാഖയുമാണ് നടത്തുന്നത്. ഇവിടെ കമ്പോള വിലയെക്കാളും 20 ശതമാനം കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങൾ വില്‍ക്കപ്പെടുന്നത്. ഇതു കൂടാതെ പ്രാഥമിക സംഘങ്ങള്‍ നടത്തുന്ന നന്മ സ്റ്റോറുകളില്ലാത്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി വാര്‍ഡുകളിലും നേരിട്ട് നന്മ സ്റ്റോറുകള്‍ തുടങ്ങുന്ന ഒരു പ്രധാന പദ്ധതിയുമുണ്ടു്.
സഹകരണ വായ്പാ സംഘങ്ങളുടെ നിക്ഷേപ സമാഹരണ പരിപാടി
സഹകരണ വായ്പാ സ്ഥാപനങ്ങളുടെ നിക്ഷേപ സമാഹരണ പരിപാടി റിപ്പോര്‍ട്ട് വര്‍ഷത്തിലും തുടരുകയുണ്ടായി. അവലോകന വര്‍ഷത്തില്‍ 6,386.18 കോടി രൂപയാണ് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തില്‍ സമാഹരിച്ചതു് 7,311 കോടി രൂപയാണ്. ഓരോ വര്‍ഷത്തെയും ലക്ഷ്യവും നേട്ടവും അനുബന്ധം 2.34 -ല്‍ കൊടുത്തിരിക്കുന്നു.
2016-17 വര്‍ഷത്തിലെ പ്രധാന നേട്ടങ്ങള്‍
കേരള ബാങ്കിന്റെ രൂപീകരണം
14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ഏകോപിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. വലിയ ഡെപ്പോസിറ്റ് അടിത്തറ സംസ്ഥാനത്ത് ആകെയുള്ള ബാങ്കിംഗ് ഇടപാടുകളില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാലും സ്റ്റേറ്റ് ബാങ്കിനു ശേഷം ഏറ്റവും വലിയ ബാങ്കായി മാറും. കേരളത്തിലെ മൊത്തം ബാങ്കിംഗ് ഇടപാടുകളിലെ സഹകരണ സ്ഥാപനങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ കേരള ബാങ്കിന്റെ രൂപീകരണത്തോടെ ഇത് ഇനിയും വളരുവാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള ലയനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ഒഴിവ് നികത്താനും സാധിക്കും. കേരളാ ബാങ്കും പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഒരു പരിപൂരകമായ രീതിയിലാണ് പ്രവൃത്തിക്കുക. പാക്സ് അതിന്റെ നിലവിലുള്ള ബാങ്കിംഗ് പ്രവൃത്തികള്‍ തുടര്‍ന്ന് കൊണ്ടു് പോവുകയും കേരളാ ബാങ്ക് മൂല്യവര്‍ദ്ധിത സേവനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.
ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍.സി.ഡി.സി) സഹായം
കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റ് ആക്ട് പ്രകാരം സ്ഥാപിച്ച സ്ഥാപനം ആണ് ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍, സഹകരണ സ്ഥാപനങ്ങള്‍ വഴി കാര്‍ഷിക ഉപയോഗ സാധനങ്ങള്‍ ഉല്പാദിപ്പിക്കാനും, സംസ്ക്കരണത്തിനും, വിപണനം, സംഭരണം, കയറ്റുമതി ഇറക്കുമതി എന്നിവയ്ക്ക് വേണ്ടിയുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് ഇത് നിലവില്‍ വന്നത്. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ പ്രമുഖ ധനകാര്യ സ്ഥാപനമായി ഇത് മാറിയിട്ടുണ്ടു്. 2017 മാര്‍ച്ച് 31 വരെ വിവിധ സഹകരണ വികസന പദ്ധതികള്‍ക്കായി എന്‍. സി. ഡി. സി യുടെ കേരളത്തിനുള്ള മൊത്തം സാമ്പത്തിക സഹായം 6,736.00 കോടി രൂപയായിരുന്നു. ഇതില്‍ 1,610.84 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുഖേനയും 5,125.3 കോടി രൂപ നേരിട്ടുള്ള സഹായമായും നല്‍കിയിട്ടുണ്ടു്. കൂടാതെ 1,670.84 രൂപയില്‍ 1,506.47 കോടി രൂപ ദീര്‍ഘകാല വായ്പയായി നല്‍കിയിട്ടുണ്ടു്. 56.65 കോടി രൂപ മാത്രമാണ് സബ് സിഡി ഇനത്തില്‍ നല്‍കിയിട്ടുള്ളതു്. പ്രവര്‍ത്തന മൂലധനമായി 5,173 കോടി രൂപ നല്‍കിയിട്ടുണ്ടു്. എന്‍.സി. ഡി. സി യുടെ വിവിധ തരത്തിലുള്ള വിതരണത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 2.35 -ല്‍ ചേര്‍ത്തിരിക്കുന്നു.
2016-17 സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്കുള്ള എന്‍. സി. ഡി. സി യുടെ സഹായം വിതരണം ചെയ്യുന്നതില്‍ കേരളം ആറാം സ്ഥാനത്തായിരുന്നു. 2015-16 ലേക്ക് എന്‍. സി. ഡി. സി കേരളത്തിനു വേണ്ടി അനുവദിച്ചതു് 603.73 കോടി രൂപയും, വിതരണം ചെയ്തത് 462.79 കോടി രൂപയും ആയിരുന്നു. ഇതു് രാജ്യമൊട്ടാകെ അനുവദിച്ച തുകയുടെ 2.39 ശതമാനവും വിതരണത്തിന്റെ 2.91 ശതമാനവും ആണ്. 2015-16 വര്‍ഷത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് മുഖേനയോ നേരിട്ടുള്ള സഹായമായോ ലഭിച്ച എന്‍. സി. ഡി. സി. ഫണ്ട് കേരളത്തിലെ 108 സഹകരണ സംഘങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. ഹ്രസ്വകാല കാര്‍ഷിക വായ്പ, കാര്‍ഷികോല്പന്ന വിപണനം, വളങ്ങളുടെയും ഉല്പാദനോപാധികളുടേയും വിതരണം, ഉപഭോക്തൃ സഹകരണ സംഘങ്ങള്‍, സംഭരണ/ശേഖരണ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും, സേവന മേഖല, വ്യാവസായിക സംരംഭങ്ങള്‍, സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍, തൊഴിലാളി സഹകരണ സംഘങ്ങള്‍ എന്നിവ കൂടാതെ മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം പോലുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പരിപാടിയും ഉള്‍പ്പെടെ കാര്‍ഷിക അനുബന്ധ മേഖലകളിലെ മിക്കവാറും എല്ലാ പ്രവര്‍ത്തനങ്ങളും 2016-17 -ലെ എന്‍.സി. ഡി. സി സാമ്പത്തിക സഹായത്തിലുള്‍പ്പെടുന്നു. അനുബന്ധം 2.35, 2.36, 2.37.