പരിസ്ഥിതി

ആരോഗ്യകരവും ശുചിയുള്ളതും സുസ്ഥിരവുമായ പരിസ്ഥിതി മനുഷ്യന്റെ അടിസ്ഥാന അവകാശമായി ആഗോളതലത്തിലും ദേശീയ തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം എന്നിവയോടൊപ്പം ശുദ്ധമായ പരിസ്ഥിതിയും മനുഷ്യ ക്ഷേമ ത്തിന് ആവശ്യമാണ്. പ്രതിരോധ ആരോഗ്യ പരിപാലനത്തിൽ പരിസ്ഥിതി ഒരു സുപ്രധാന നിവാരക കടമ വഹിക്കുന്നു. ഉയർന്ന നിലവാരമുള്ള പാരിസ്ഥിതിക സേവനങ്ങൾ നിലനിർത്തുന്നതിൽ വീഴ്ച വരുത്തിയാൽ രോഗ ഭാരം കൂടുകയും സർക്കാരിന്റെയും കുടുംബങ്ങളുടെയും ആരോഗ്യ പരിപാലന ചെലവുകൾ വർദ്ധിക്കുകയും ചെയ്യും. പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഉത്ഭവം പലപ്പോഴും ബഹുമുഖമായിരിക്കും, അതിൽ വിവിധ സാമൂഹിക സാമ്പത്തിക മേഖലകൾ ഉൾപ്പെട്ടിരിക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ ചില നിർണായക കാര്യ നിർവഹണ നടപടികൾ എടുത്താൽ സർവ്വ സാധാരണമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് പോംവഴിയുണ്ടാകും.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 48 എ രാജ്യത്തെ പരിസ്ഥിതി, വനം, വന്യജീവി സംരക്ഷണത്തിന് സംസ്ഥാനങ്ങളെ അധികാരപ്പെടുത്തുന്നു. തദനുസൃതമായി 2007-ല്‍ പരിസ്ഥിതി മാനേജ്മെന്റ് ഏജന്‍സി രൂപീകരിക്കപ്പെട്ടു. 2010-ല്‍ അത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റായി മാറി. മേഖലാ പരിസ്ഥിതി മാനേജ്മെന്റ് പദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തലും സുപ്രധാന പാരിസ്ഥിതിക സംരംഭങ്ങള്‍ തയ്യാറാക്കാനുള്ള തന്ത്രങ്ങൾ‍ രൂപപ്പെടുത്തലുമായിരുന്നു ഡയറക്ടറേറ്റ് തുടക്കത്തില്‍ ചെയ്ത് പോന്നത്. സാമ്പത്തിക വികസനവും വൃത്തിയുള്ള പരിസ്ഥിതിയും ഉറപ്പ്നല്‍കുന്ന സന്തുലിത സമീപനമുള്ള പാരിസ്ഥിതിക മാനേജ്മെന്റിനാണ് പ്രാധാന്യം നല്‍കിയത്. പരിസ്ഥിതി മാനേജ്മെന്റിന് പുറമേ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളും പരിസ്ഥിതി വകുപ്പ് ഏകോപിപ്പിക്കുന്നു.

കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലയളവില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള വിവിധ കോളേജുകളില്‍ ഭൂമിത്രസേന എന്ന പേരില്‍ പരിസ്ഥിതി ക്ലബ്ബുകള്‍ സ്ഥാപിച്ചു. ഈ ക്ലബ്ബുകള്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ചതുപ്പു നിലങ്ങളുടെ പരിസ്ഥിതി പുന:സ്ഥാപനം, പരിസ്ഥിതി ശാസ്ത്രത്തിലും കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക മാനേജ്മെന്റിലും അനുബന്ധ എഞ്ചിനീയറിങ് സാങ്കേതിക വിദ്യയിലും ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഡയറക്ടറേറ്റിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ തിരഞ്ഞെടുത്ത വന ജൈവ വ്യവസ്ഥകളിലെ കാര്‍ബണ്‍ സ്വീക്കസ്ട്രേഷന്‍ നില, ജൈവഇന്ധന ഉല്പാദനത്തിനായി ഫ്ല്യൂഗ്യാസില്‍ നിന്നും ഹരിതഗൃഹവാതകങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള തദ്ദേശീയ പായല്‍ വികസനം, കൊതുക് നിയന്ത്രണത്തിന് ചെടികളുടെ ദ്വിതീയ മെറ്റബോളൈറ്റുകള്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങിയ ചില പഠനങ്ങള്‍ക്കാണ് വകുപ്പ് ധനസഹായം നല്‍കിയിട്ടുള്ളത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലയളവില്‍ 3 സ്ഥാപനങ്ങൾക്ക് (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജൈവ വൈവിദ്ധ്യ ബോര്‍ഡ്, പരിസ്ഥിതി ഡയറക്ടറേറ്റ്) ബഡ്ജറ്റ് വിഹിതമായി വകയിരുത്തിയത് 118.42 കോടി രൂപയായിരുന്നു. ഇതില്‍ 79.80 കോടി രൂപ (67.40 ശതമാനം) വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ഈ 3 സ്ഥാപനങ്ങളും വിനിയോഗിച്ചു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്തെ പദ്ധതി വിഹിതവും ചെലവും അനുബന്ധം 2.97 -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വായു ജല മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും വായു, ജലം, മണ്ണ്, പരിസ്ഥിതി എന്നിവയുടെ സംരക്ഷണത്തിനും പുനസ്ഥാപനത്തിനുമുള്ള അധികാരം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. ക്ലിപ്തമായ ഇടവേളകളില്‍ വായു ജല ഗുണ നിലവാര പരിശോധനയും വായു ജല ഗുണനിലവാരം സംബന്ധിച്ചുള്ള അടിസ്ഥാന വിവര ശേഖരണത്തിന് ആവശ്യമായ പ്രാരംഭനടപടികളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശക്തിപ്പെടുത്തിയിരിക്കുന്നു. റിസ്പയറബിള്‍ സസ്പെന്റഡ് പാര്‍ട്ടിക്കിള്‍ മാറ്റര്‍ (ആര്‍.എസ്.പി.എം), സള്‍ഫര്‍ഡയോക്സൈഡ് (എസ്.ഒ2), നൈട്രജന്‍ ഓക്സൈഡുകള്‍ (എന്‍.ഒ.എക്സ്) എന്നിവയുടെ അളവ് വ്യാവസായിക, ജനവാസ മേഖലകളിലുള്ള 30 സ്റ്റേഷനുകളില്‍ നിന്നും ശേഖരിച്ച് വായുവിന്റെ ഗുണനിലവാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വായു ജല ഗുണനിലവാര ഡയറക്ടറി (2016) അനുസരിച്ച് ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന നിരീക്ഷണ സ്റ്റേഷനുകളില്‍ എറണാകുളത്തെ പെരുമ്പാവൂരില്‍ മാത്രമാണ് ക്യുബിക് മീറ്ററില്‍ 60 മൈക്രോ ഗ്രാം എന്ന അനുവദനീയമായ തോതില്‍ നിന്നും റിസ്പയറബിള്‍ സസ്പെന്റഡ് പാര്‍ട്ടിക്കിള്‍ മാറ്റര്‍ ഉയര്‍ന്ന അളവില്‍ രേഖപ്പെടുത്തിയത് (61 മൈക്രോഗ്രാം). എസ്.ഒ2 എന്‍.ഒ.എക്സ് അളവുകള്‍ നിശ്ചയിച്ചിട്ടുള്ള പരിധിയിലാണുള്ളത്. 2016 -ല്‍ 9 പ്രധാന നീരീക്ഷണ സ്റ്റേഷനുകളിലെ വായു ഗുണനിലവാരത്തിന്റെ അളവുകള്‍ മുകളിൽ ചേര്‍ക്കുന്നു (ചിത്രം 2.23).

ചിത്രം 2.23
2016 ല്‍ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലുള്ള 9 നിരീക്ഷണ സ്റ്റേഷനുകളിലെ വായു മലിനീകരണത്തിന്റെ വാര്‍ഷിക ശരാശരി മൂല്യങ്ങള്‍
അവലംബം: വായു ജല ഗുണനിലവാര ഡയറക്ടറി 2016, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ഗ്രാമ നഗര പ്രദേശങ്ങള്‍ പുറന്തള്ളുന്ന മാലിന്യ ങ്ങള്‍, നദീജല മലിനീകരണം മുതല്‍ കടുത്ത ശബ്ദ മലിനീകരണം വരെ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ശ്രദ്ധ ആവശ്യമാണ്. ഇത്തരം വിപുലമായ പ്രശ്നങ്ങള്‍ക്ക് വിവിധ നിർവ്വഹണ ഏജന്‍സികളുടെ പ്രത്യേകിച്ചും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ, സംയോജിതമായ ശ്രദ്ധ ആവശ്യമാണ്. നിർവ്വഹണ ഏജന്‍സികളുടെ നടത്തിപ്പും നിർവ്വഹണവും ആവശ്യമെങ്കില്‍ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാനുള്ള ഉദ്യമങ്ങളും കഴിവുറ്റതാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. 65 നദീകേന്ദ്രങ്ങളിലും 7 അരുവികളിലും 3 ശുദ്ധജലതടാകങ്ങളിലും 8 അഴിമുഖങ്ങളിലും 6 ജലസംഭരണികളിലും 3 കനാലുകളിലും 2 കുളങ്ങളിലും 34 കിണറുകളിലുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നു. നിരീക്ഷിത ദത്തങ്ങള്‍ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് ജലഗുണനിലവാര മാനദണഡവുമായി താരതമ്യം ചെയ്യുന്നു. ഒരു ജലാശയത്തിന്റെ പ്രാഥമിക ഉപയോഗം കണക്കിലെടുത്ത് ജലാശയങ്ങളുടെ ആരോഗ്യാവഹമായ അവസ്ഥ നിലനിര്‍ത്തേണ്ട അല്ലെങ്കില്‍ പൂർവ സ്ഥിതിയില്‍ എത്തിക്കേണ്ട അളവായ ഡെസിഗ്നേറ്റഡ് ബെസ്റ്റ് യൂസ് (ഡി.ബി.യു) അഥവാ ഏറ്റവും മികച്ച ഉപയോഗം എന്ന സങ്കല്‍പ്പനം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവിഷ്കരിച്ചിട്ടുണ്ടു്. ഡി.ബി.യു അളവുകളനുസരിച്ച് ഒരു ലിറ്ററില്‍ 2 മില്ലീഗ്രാമോ അതില്‍ താഴെയോ അളവില്‍ ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്റുള്ള (ബി.ഒ.ഡി) ജലസ്രോതസ്സ് അണു നശീകരണത്തിന് ശേഷം കുടിവെള്ളമായി ഉപയോഗിക്കാവുന്നതാണ്. ലിറ്ററില്‍ 3 ഗ്രാം ബി.ഒ.ഡി അളവുള്ള ജല സ്രോതസ്സ് കുളിക്കാനുപയോഗിക്കാവുന്നതാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് (2016) കേരളത്തിലെ തിരഞ്ഞെടുത്ത പ്രധാന നദീസ്റ്റേഷനുകളിലെ ബി.ഒ.ഡി നില രേഖപ്പെടുത്തുന്നത് പ്രധാന നദികളില്‍ കനത്ത മലിനീകരണമില്ലെന്നാണ്. എന്നാല്‍ പ്രധാനപ്പെട്ട 7 നദീ കേന്ദ്രങ്ങളിലും 2016 -ല്‍ 2011 നെ അപേക്ഷിച്ച് ബി.ഒ.ഡി നില വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു (ചിത്രം 2.24).

ചിത്രം 2.24
തിരഞ്ഞെടുത്ത നദീകേന്ദ്രങ്ങളിലെ ബി.ഒ.ഡി നില – 2011 ലും 2016 ലും
അവലംബം: വായു ജല ഗുണനിലവാര ഡയറക്ടറി 2016, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ഹരിതകേരളമിഷനു കീഴില്‍ എല്ലാ തലങ്ങളിലുമുള്ള പരിസ്ഥിതി സംരക്ഷണത്തിനും പരിരക്ഷക്കുമായി കേരള സര്‍ക്കാര്‍ ശ്രമങ്ങള്‍ ശക്തിപ്പെടുത്തി വരുന്നു. സംയോജിത മിഷനായതു കൊണ്ടുതന്നെ പരിസ്ഥിതി വകുപ്പിന്റേത് മാത്രമല്ല മറിച്ച് വിവിധ വകുപ്പുകളുടെ സംരംഭങ്ങള്‍ ഇതിന്റെ സാധ്യതയില്‍പ്പെടുന്നു.

ജൈവ വൈവിദ്ധ്യ സംരക്ഷണം

പരിസ്ഥിതിവകുപ്പിനു കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ്. ജൈവ വൈവിദ്ധ്യ സംരക്ഷണം ഉറപ്പു വരുത്തുക, അവയുടെ സുസ്ഥിര ഉപയോഗം, അവയില്‍നിന്ന് ലഭിക്കുന്ന ആദായങ്ങളുടെ ഉചിതമായ പങ്ക് വയ്പ് തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി 2002 ലെ ജൈവ വൈവിദ്ധ്യ ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് 2005 ല്‍ കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ് രൂപീകൃതമായത്.

ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ് കേരളം. എന്നാല്‍ വര്‍ദ്ധിച്ച ജനസാന്ദ്രതയും ഭൂപ്രകൃതിയില്‍ വന്ന സാരമായ പരിവര്‍ത്തനങ്ങളും വൈവിദ്ധ്യമാര്‍ന്ന സസ്യജാലങ്ങളുടേയും മൃഗങ്ങളുടേയും സംരക്ഷണത്തിനും വിഭവങ്ങളുടെ സ്ഥായിയായ ഉപയോഗത്തിനും പ്രാമുഖ്യം കൊടുക്കേണ്ടതിന്റെ അടിയന്തരാവശ്യത്തെ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 4,500 തരം പൂച്ചെടി വര്‍ഗ്ഗങ്ങളുണ്ട്. ഇതില്‍ 1,500 ന് മുകളില്‍ ഇനങ്ങള്‍ പ്രത്യേക സ്ഥലത്ത് മാത്രം കണ്ട് വരുന്നവയാണ്. കേരളത്തില്‍ കണ്ട് വരുന്ന 1,847 കശേരു മൃഗങ്ങളില്‍ 205 ഇനങ്ങള്‍ അതായത് ഏകദേശം 11 ശതമാനം, ഇന്റർ നാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എന്‍) ചുവന്ന പട്ടികയില്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇതില്‍ 23 ഇനങ്ങള്‍ തീവ്രമായ വംശനാശ ഭീഷണി നേരിടുന്നു. 90 എണ്ണം വംശനാശ ഭീഷണിയിലാണ്. 92 എണ്ണം വംശനാശം നേരിടാന്‍ സാധ്യതയുള്ള ഗണത്തില്‍പ്പെടുന്നു. 98 ശതമാനം മത്സ്യങ്ങളും 87 ശതമാനം ഉഭയജീവികളും ഇന്ത്യന്‍ വന്യജീവി ആക്ട് (1972) ല്‍ ഒരു പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 173 ഉരഗ വര്‍ഗ്ഗങ്ങളില്‍ 17 ശതമാനം ഐ.യു.സി.എന്‍-ന്റെ വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍പ്പെടുന്നു. ഉള്‍നാടന്‍ സമുദ്ര മത്സ്യങ്ങളില്‍ 950 ഇനങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇവയില്‍ 30 ശതമാനം ശുദ്ധജല മത്സ്യങ്ങള്‍ സംസ്ഥാനത്ത് മാത്രം കാണപ്പെടുന്നതാണ്. 779 ഇനം സമുദ്ര മത്സ്യങ്ങളില്‍ 93 ശതമാനവും വന്യജീവി സംരക്ഷണ ആക്ടില്‍ പെട്ടിട്ടില്ല. തനത് മത്സ്യസമ്പത്ത് ഏറ്റവും കൂടുതലുള്ളതും (ഓരോ ഉപനദീതടത്തിലും 77-102 മത്സ്യഇനങ്ങള്‍) മത്സ്യഇനസമൃദ്ധവുമാണ് (ഓരോ ഉപനദീതടത്തിലും 133-160 മത്സ്യഇനങ്ങള്‍) പമ്പ, പെരിയാര്‍, ചാലക്കുടി, ഭാരതപ്പുഴ, ചാലിയാര്‍ തുടങ്ങി പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍. ഈ നദികളില്‍ പലയിടത്തും തനത് മത്സ്യസമ്പത്താണുള്ളത്.

കേരളത്തിന്റെ ദുര്‍ബലമായ പാരിസ്ഥിതിക അന്തരീക്ഷം ആശങ്കയുളവാക്കുന്നതാണ്. സ്വാഭാവികവും മനുഷ്യനിര്‍മ്മിതവുമായ പല കാരണങ്ങളും ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജൈവ വൈവിദ്ധ്യ സംരക്ഷണ പരിപാടികള്‍ താഴെ കൊടുത്തിരിക്കുന്നു.

  • 2017 മാര്‍ച്ച് വരെ 863 ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്ററുകള്‍ തയ്യാറാക്ക പ്പെട്ടിട്ടുണ്ടു്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ വന്നതിന്റെ ഫലമായി 2016-17 -ല്‍ 1,022 ജൈവ വൈവിദ്ധ്യ പരിപാലന സമിതികള്‍ പുനർരൂപീകരിക്കപ്പെട്ടു. വിവിധ ജൈവ വൈവിദ്ധ്യ പരിപാലന സമിതികള്‍ സമര്‍പ്പിച്ച തിരഞ്ഞെടുത്ത 11 ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതികള്‍ക്കായുള്ള 14 ലക്ഷം രൂപ ധനസഹായമായി നല്‍കി. 2016-17 -ല്‍ 264 ജൈവ വൈവിദ്ധ്യ ക്ലബ്ബുകള്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പുതുതായി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
  • അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജാലങ്ങളെ സംരക്ഷി ക്കുന്നതിന് 2.45 ഏക്കറില്‍ ശാന്തിസ്ഥല്‍ ‍സ്ഥാപിക്കുകയുണ്ടായി. 17 സ്ഥാപനങ്ങളില്‍ ശാന്തിസ്ഥല്‍ സ്ഥാപിക്കുന്നതിന് 2016-17 -ല്‍ സാമ്പത്തിക സഹായം നല്‍കി. ജൈവ വൈവിദ്ധ്യ രജിസ്റ്ററുകളില്‍ നിന്ന് ലഭിച്ച അറിവുകളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനുള്ള നിരവധി പദ്ധതികള്‍ ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു. ജൈവ വൈവിദ്ധ്യ നിയമനിര്‍മ്മാണത്തിലെ പ്രാപ്യത ആദായ പങ്കുവെയ്പ് (ആക്സിസ് ആന്റ് ബെനിഫിറ്റ് ഷെയറിംഗ്) വ്യവസ്ഥയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയും വളരെയേറെയാണ്.

കാലാവസ്ഥാ വ്യതിയാനം

വികസനത്തിന് ഉയർന്ന ഒരു തടസ്സമാണ് കാലാവസ്ഥാ വ്യതിയാനം. ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നത് കുറയ്ക്കുന്നതുമായും കാലാവസ്ഥാ വ്യതിയാനം വിവിധ മേഖലകളിൽ ഏൽപ്പിക്കുന്ന ആഘാതം കൈകാര്യം ചെയ്യുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെയുള്ളത്. ആഗോള താപനത്തിന്റെ ഒരു പ്രധാന അനന്തരഫലം കൃഷിയിലും ബന്ധപ്പെട്ട മേഖലകളിലും അതേല്പിക്കുന്ന വർദ്ധിച്ച പ്രയാസങ്ങളാണ്. പശ്ചാത്തല സൗകര്യ വികസനമാണ് മറ്റൊരു പ്രശ്നമേഖല. സമുദ്ര നിരപ്പ് ഉയരുന്നതിനാൽ തീരദേശം പൊതുവിലും അവിടങ്ങളിലെ പശ്ചാത്തല സൗകര്യങ്ങൾ പ്രത്യേകമായും അപകട സാധ്യതയിലാണ്. ഭാവിയിലുണ്ടാകുന്ന ഗുരുതരമായ കാലാവസ്ഥാ വ്യതിയാന ഫലങ്ങൾ പുതിയ പശ്ചാത്തല സൗകര്യ വികസനം ആസൂത്രണം ചെയ്യുമ്പോഴും നിർമ്മിക്കുമ്പോഴും കണക്കിലെടുക്കണം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അന്തരാഷ്ട്ര സഹകരണം ഉപയോഗപ്രദമായ ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങളും വിജ്ഞാനവും ലഭിക്കുന്നതിൽ സഹായിക്കും. എന്നിരുന്നാലും ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിൽ അന്തർദേശീയ, ദേശീയ, സംസ്ഥാന തല നയരൂപീകരണത്തിൽ പ്രദേശത്തെ ജനങ്ങളുടെ വികസന മുൻഗണനകൾക്ക് വേണ്ടത്ര പരിഗണന നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

കേരളത്തിന്റെ പ്രത്യേക സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സാഹചര്യങ്ങള്‍ മൂലം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങള്‍ രൂക്ഷമാണ്. തന്മൂലം കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളുമായി പൊരുത്തപ്പെടുന്നത് ക്ലേശകരമാകുന്നു. ഉയര്‍ന്ന, താഴ്ന്ന, ശരാശരി താപനിലകള്‍ നോക്കിയാല്‍ സംസ്ഥാനത്ത് ചൂട് കൂടുന്നതായി കാണാം. 2016 ലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ ഹരിതഗൃഹ വാതകങ്ങളുടെ കേന്ദ്രീകരണം 400 പി.പി.എം ല്‍ കൂടിയത് കൃഷിക്ക് വിനാശകരമായി തീരും. മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങള്‍മൂലം പ്രകൃതിവിഭവങ്ങളുടെ തകര്‍ച്ചയും ഉയര്‍ന്ന ചെലവുകളും അടിക്കടിയുണ്ടാകുന്നത് കൃഷിക്കാര്‍ ഇന്നു നേരിടുന്ന വെല്ലുവിളികളാണ്.

അടുത്തകാലത്ത് മാത്രമാണ് കേരളത്തിലെ വികസന ആസൂത്രണ അജണ്ടയില്‍ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. 2014 ല്‍ കേരളം സംസ്ഥാന കാലാവസ്ഥാ വ്യതിയാന കര്‍മ്മ പദ്ധതി (എസ്.എ.പി.സി.സി) അംഗീകരിച്ചു. എന്നാല്‍ ഈ കര്‍മ്മ പദ്ധതി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതില്‍ കൂടുതലായും ദേശീയ കാലാവസ്ഥ വ്യതിയാന കര്‍മ്മപദ്ധതിയെ ആണ് ആശ്രയിക്കുന്നത്. പ്രധാന മേഖലകളായ കൃഷി, കന്നുകാലിവളര്‍ത്തല്‍, ജലവിഭവങ്ങള്‍, വനം, ജൈവ വൈവിദ്ധ്യം, മത്സ്യബന്ധനം, ആരോഗ്യം, ഊര്‍ജ്ജം, നഗരവികസനം, ഗതാഗതം, വിനോദസഞ്ചാരം എന്നിവയിലെ പ്രത്യേക പ്രശ്നങ്ങള്‍ എസ്.എ.പി.സി.സി കണ്ടെത്തിയിട്ടുണ്ടു്. സംസ്ഥാനത്തെ വികസന ആസൂത്രണ പ്രക്രിയയില്‍ കാലാവസ്ഥാ വ്യതിയാന തന്ത്രങ്ങൾ‍ ഏകോപിപ്പിക്കുന്നതിന് എസ്.എ.പി.സി.സി ലക്ഷ്യമിടുന്നു. സുസ്ഥിര വികസനത്തിനായി കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ഉല്‍ക്കണ്ഠകള്‍ക്ക് പ്രാധാന്യം നല്‍കുകയും അതുവഴി സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആഗോള തലത്തില്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറംതള്ളുന്നതില്‍ ഇന്ത്യയുടെ പങ്ക് 3 ശതമാനമാണ്. 1990 മുതല്‍ 2014 വരെയുള്ള കാലയളവില്‍ രാജ്യത്തെ കാര്‍ബണ്‍ഡയോക്സൈഡ് പുറംതള്ളപ്പെടുന്നതിന്റെ ആളോഹരി അളവ് പടിപടിയായി ഉയര്‍ന്ന് വരികയാണ്. പുറംതള്ളപ്പെടുന്ന ഹരിതഗൃഹവാതക തീവ്രതയും മൊത്തം ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം കാലക്രമേണ കുറച്ച്കൊണ്ട് വരുന്നതിന് ലക്ഷ്യം വയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ (എമിഷന്‍ ഗ്യാപ് റിപ്പോര്‍ട്ട്, യു.എന്‍.ഇ.പി). പുറംതള്ളുന്ന ഹരിതഗൃഹ വാതക തീവ്രതയുടെ മൊത്തം ആഭ്യന്തര ഉല്പാദനവുമായുള്ള അനുപാതം 2005 മുതല്‍ 33 ശതമാനം വീതം കുറയ്ക്കുന്നതിനും 2030 ല്‍ 35 ശതമാനം കുറയ്ക്കുന്നതിനും ഐ.എന്‍.ഡി.സി ലക്ഷ്യമിടുന്നു.

കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പ്രയത്നം രാജ്യത്ത് ആരംഭിച്ചിട്ടുണ്ടു്. ഇന്ത്യയില്‍ കാലാവസ്ഥ വ്യതിയാനം പ്രധാനമായും ജൈവ മേഖലയുമായി ബന്ധപ്പെട്ട കാര്‍ഷിക വിളകളുടെ ഉല്പാദനം, തോട്ടമേഖല, തീരദേശം, വനം എന്നീ മേഖലകളില്‍ അതിരൂക്ഷമായിരിക്കുന്നുവെന്ന് ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരളത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കുറവായതിനാല്‍ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിന് കേരളത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ക്ലീന്‍ എൻവയോണ്‍മെന്റ് സെസ്സ്

കാര്‍ബണ്‍ നികുതികള്‍ ഏര്‍പ്പെടുത്തുക എന്നതാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള പ്രധാന മാർഗ്ഗം എന്നിരുന്നാലും വികസ്വര രാജ്യങ്ങളില്‍ കാര്‍ബണ്‍ നികുതികളുടെ പങ്കുവയ്ക്കലിലെ വിപരീതഫലത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ആഗോളതലത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ടു്. ജൈവ ഇന്ധനങ്ങളുടെ ഉയര്‍ന്ന വില ഇന്ത്യയില്‍ കാര്‍ബണ്‍ നികുതി ഫലപ്രദമാക്കാന്‍ സഹായിക്കുന്നു. പാരീസ് ചര്‍ച്ചകളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആസൂത്രിത ദേശീയ നിശ്ചിത വിഹിതം (ഐ.എന്‍.ഡി.സി) ആയി കാണിച്ചത് എണ്ണയുടെ നികുതിയില്‍ പെട്രോളില്‍ നിന്ന് വമിക്കുന്ന സി.ഒ-2 ഒരു ടണിന് 140 യു.എസ് ഡോളര്‍ എന്ന കണക്കാണ്. ഡീസലില്‍ നിന്ന് വരുന്ന സി.ഒ-2 ഒരു ടണിന് 64 യു.എസ് ഡോളര്‍ ആണ്. ഒരു ടണിന് 25 -35 യു.എസ്.ഡോളര്‍ എന്ന അന്തര്‍ദേശീയതലത്തില്‍ അംഗീകരിച്ച മിതമായ നികുതിയേക്കാള്‍ വളരെ കൂടുതലാണ് ഇത്. 2010 -ല്‍ ഇന്ത്യാഗവണ്‍മെന്റ് കല്‍ക്കരിക്ക് ക്ലീന്‍ എനര്‍ജി സെസ്സ് ഏര്‍പ്പെടുത്തി. 2010-11 -ല്‍ ധനകാര്യ ബില്ല് മുഖാന്തരം കല്‍ക്കരി നികുതിയില്‍ നിന്നും ക്ലീന്‍ എനര്‍ജി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ധനസഹായം നല്‍കുന്നതിനും, ക്ലീന്‍ എനര്‍ജിയെ സംബന്ധിക്കുന്ന ഗവേഷണ പഠനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുമായി നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ടു് (എന്‍.സി.ഇ.എഫ്) രൂപീകരിച്ചു. 2014-15 ബഡ്ജറ്റില്‍ കല്‍ക്കരിയില്‍ നിന്നുള്ള നികുതി ടണ്ണിന് 50 രൂപയില്‍ നിന്നും 100 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 2016-17 ലെ കേന്ദ്ര ബഡ്ജറ്റില്‍ ഇത് ടണ്ണിന് 400 രൂപയായി വര്‍ദ്ധിപ്പിച്ചു. കൂടാതെ ഈ നികുതിയെ ക്ലീന്‍ എൻവിയോണ്‍മെന്റ് സെസ്സ് എന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായി.

കാലാവസ്ഥാ ധനകാര്യം

കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആഘാതം ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്ത് അതുമായി ഇണങ്ങിച്ചേരുന്നതിന് വിവിധ ദേശീയ, അന്തര്‍ദേശീയ ഫണ്ടുകള്‍ ലഭ്യമാണ്. അതിൽ പ്രധാനപ്പെട്ടവയാണ്: (1) അഡാപ്റ്റേഷന്‍ ഫണ്ട് (2) ഹരിതകാലാവസ്ഥാ ഫണ്ട് (3) അന്തര്‍ദേശീയ കാലാവസ്ഥാ സംരംഭം (ഐ.കെ.ഐ) (4) പ്രത്യേക കാലാവസ്ഥാ വ്യതിയാന ഫണ്ട് (എസ്.സി.സി.എഫ്) (5) കാലാവസ്ഥാ വ്യതിയാനത്തിനുള്ള ദേശീയ അഡാപ്റ്റേഷന്‍ ഫണ്ടു് (എന്‍.എ.എഫ്.സി.സി).

അഡാപ്റ്റേഷന്‍ ഫണ്ട്

2001 ല്‍ യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കൺവെന്‍ഷന്റെ ക്യോട്ടോ പ്രോട്ടോക്കോളിന് കീഴിലാണ് അഡാപ്റ്റേഷന്‍ ഫണ്ട് രൂപീകരിക്കപ്പെട്ടത്. 2010 മുതല്‍ നടപ്പില്‍ വന്ന് തുടങ്ങിയ ഈ സംവിധാനം കാലാവസ്ഥ അനുരൂപ/അനുയോജ്യ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയില്‍ ഇതിന്റെ ദേശീയ നിർവ്വഹണ ഏജന്‍സി നബാര്‍ഡാണ്.

ഹരിത കാലാവസ്ഥാ ഫണ്ട്

കാലാവസ്ഥ ധനകാര്യത്തിനായുള്ള കേന്ദ്ര ആഗോള നിക്ഷേപക വാഹനമായി ഹരിതകാലാവസ്ഥ ഫണ്ട് പ്രവര്‍ത്തിക്കുന്നു. വ്യാവസായിക രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് ഈ ഫണ്ട് വഴി പൊതു സ്വകാര്യ മേഖല പദ്ധതികളും പരിപാടികളും നടത്തുന്നതിനായി ധനസഹായം നല്‍കുന്നു. അഡാപ്റ്റേഷന്‍ ഫണ്ടിന് സമാനമായി ഹരിതകാലാവസ്ഥ ഫണ്ട് സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക്, ദേശീയ, പ്രാദേശിക, അന്താരാഷ്ട്ര ഇടനിലക്കാരില്‍ നിന്നും ധനസഹായം സ്വീകരിക്കാവുന്നതാണ്. ഇന്ത്യയില്‍ നബാര്‍ഡാണ് ഹരിതകാലാവസ്ഥ ഫണ്ടിന്റെ ദേശീയ നിർവ്വഹണ ഏജന്‍സി.

അന്തര്‍ദേശീയ കാലാവസ്ഥ സംരംഭം

ജര്‍മന്‍ ഫെഡറല്‍ മിനിസ്ട്രിയുടെ ധനസഹായമാര്‍ഗ്ഗമാണിത്. വികസ്വര രാജ്യങ്ങളിലേയും നവ വ്യാവസായിക രാജ്യങ്ങളിലേയും കാലാവസ്ഥ ജൈവ വൈവിദ്ധ്യ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്നു.

പ്രത്യേക കാലാവസ്ഥ വ്യതിയാന ഫണ്ട്

യു.എന്‍.എഫ്.സി.സി യുടെ കീഴില്‍ 2001 ലാണ് പ്രത്യേക കാലാവസ്ഥ വ്യതിയാന ഫണ്ട് നിലിവില്‍ വന്നത്. ഊര്‍ജ്ജം, ഗതാഗതം, വനവത്ക്കരണം, സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നിവയ്ക്കാണ് പ്രത്യേക കാലാവസ്ഥ ഫണ്ട് മുന്‍തൂക്കം നല്‍കുന്നത്.

നാഷണല്‍ അഡാപ്റ്റേഷന്‍ ഫണ്ട് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (എന്‍.എ.എഫ്.സി.സി)

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന ദേശീയ ആക്ഷന്‍ പ്ലാനും സംസ്ഥാന ആക്ഷന്‍ പ്ലാനും അടിസ്ഥാനപ്പെടുത്തി കാലാവസ്ഥാ മാറ്റങ്ങളുടെ വിപത്ത് കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ മാറ്റങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന പദ്ധതികളില്‍ ഇടപെടുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയം എന്‍.എ.എഫ്.സി.സി രൂപീകരിച്ചു. 2015-16 ലും 2016-17 ലും 350 കോടിരൂപയാണ് ഇതിനായി ബഡ്ജറ്റില്‍ വകയിരുത്തിയത്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമിച്ചിട്ടുള്ള ദേശീയ നിർവ്വഹണ ഏജന്‍സിയാണ് ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്). സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നിർവ്വഹണ ഏജന്‍സികളായി വര്‍ത്തിക്കുന്നു. വകുപ്പുകള്‍ക്ക് പ്രോജക്ട് പ്രൊപ്പോസലുകള്‍ നല്‍കി എന്‍.എ.എഫ്.സി.സി ഫണ്ടുകള്‍ ലഭ്യമാക്കാം.

കേരളത്തിലെ എന്‍.എ.എഫ്.സി.സി പ്രോജക്ട്: "കേരളത്തിലെ തീരദേശ നീര്‍ത്തടങ്ങളിലെ സംയോജിത കൃഷി രീതിയായ കൈപ്പാട്, പൊക്കാളി പ്രോത്സാഹനം"

നാഷണല്‍ അഡാപ്റ്റേഷന്‍ ഫണ്ട് ഫോര്‍ ക്ലൈമറ്റ് ചെയിഞ്ച് (എന്‍.എ.എഫ്.സി.സി) നു കീഴില്‍ കേരളത്തില്‍ നിന്നുള്ള –“കേരളത്തിലെ തീരദേശ നീര്‍ത്തടങ്ങളിലെ സംയോജിത കൃഷി രീതിയായ കൈപ്പാട്, പൊക്കാളി പ്രോത്സാഹനം” – എന്ന പദ്ധതിക്ക് നാഷണല്‍ സ്റ്റിയറിംഗ് കമ്മിറ്റി ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്റെ അംഗീകാരം ലഭിച്ചു. ഈ പദ്ധതിക്കായി 25 കോടി രൂപയാണ് അനുവദിച്ചത്.

പ്രോജക്ടിന്റെ കാലയളവ് 4 വര്‍ഷമാണ് (2015-19). കേരളസര്‍ക്കാരിന്റെ മത്സ്യബന്ധന വകുപ്പുവഴി എ.ഡി.എ.കെ ആണ് പ്രോജക്ടിന്റെ നിർവ്വഹണം നടത്തുക. കാലാവസ്ഥ വ്യതിയാനത്താല്‍, പ്രത്യേകിച്ച് സമുദ്ര നിരപ്പ് ഉയരുകയും അത് കടല്‍ വെള്ളത്തിന് ഉപ്പ് രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മത്സ്യ സമ്പത്ത് കുറയുന്നത് തടയാനുള്ള പദ്ധതികള്‍ സംയോജിത കൃഷി രീതിയിലൂടെ നടപ്പിലാക്കാന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ഈ പദ്ധതി 600 ഹെക്ടര്‍ പ്രദേശത്ത് നടപ്പിലാക്കാനാണ് പ്രോജക്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് (കണ്ണൂര്‍ ജില്ലയിലെ 300 ഹെക്ടറും, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലയിലെ 300 ഹെക്ടറും).