കേരളത്തിലെ തൊഴിലില്ലായ്മയുടെ അവസ്ഥ
തൊഴിലാളികളുടെയും തൊഴിലന്വേഷകരുടെയും എണ്ണത്തിലുണ്ടായ വര്‍ദ്ധനയെ തുടര്‍ന്ന് സമീപഭാവിയില്‍ അന്താരാഷ്ട്ര തൊഴിലില്ലായ്മയുടെ തോതും നിരക്കും ഉയര്‍ന്നതായാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടന 2017 -ൽ പ്രസിദ്ധീകരിച്ച വേൾഡ് എംപ്ലോയ്മെന്റ് & സോഷ്യൽ ഔട്ട് ലുക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് അന്താരാഷ്ട്ര തൊഴിലില്ലായ്മയുടെ നിരക്ക് 2016 -ല്‍ 5.7 ശതമാനമായിരുന്നത് 2017 ല്‍ 5.8 ശതമാനമായി ചെറിയ തോതില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ 2017 ല്‍ തൊഴിലില്ലായ്മ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോക്കം വലിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നതെന്നും സാമൂഹിക അസമത്വവു, തൊഴിലില്ലായ്മയും ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2017-18 ലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ അതിന്റെ ഗതിവേഗം കൂട്ടാത്തതിനാല്‍ തൊഴിലില്ലായ്മയുടെ ശതമാനം ഉയര്‍ന്ന് നിശ്ചലാവസ്ഥയിലേക്ക് എത്തിച്ചേരും. ഇന്ത്യയില്‍ തൊഴിലില്ലായ്മ 2016 ല്‍ 17.7 ദശലക്ഷവും 2017-ല്‍ 17.8 ദശലക്ഷം ആയിരുന്നത് 2019 ല്‍ 18 ദശലക്ഷമായി കുതിച്ചുയരുമെന്നും റിപോർട്ടിൽ പ്രതിപാദിക്കുന്നു, ശതമാനകണക്കില്‍ 2017-18 -ല്‍ ഇത് 3.4 ശതമാനമായി തുടരുന്നതാണ്.
തൊഴില്‍ സൃഷ്ടി കേരളത്തിന്റെ സഗൗരവ പരിഗണനയിലുള്ള വിഷയമാണ്. ഇന്ത്യന്‍ ശരാശരിയുടെ ഇരട്ടിയോളമുള്ള തൊഴിലില്ലായ്മയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും സാമൂഹിക അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. സമൂഹത്തിലും സാമ്പത്തിക മേഖലയിലും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാനായി തങ്ങള്‍ നേടിയ അറിവും നൈപുണ്യങ്ങളും ഉപയോഗരഹിതമാക്കുന്നത് അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കേരളത്തില്‍ സുലഭമായിട്ടുള്ള കഴിവുറ്റ മനുഷ്യ വിഭവത്തെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പുതിയ നയങ്ങള്‍ രൂപീകരിക്കേണ്ടതാണ്.
2015-16 -ലെ അഞ്ചാം വാര്‍ഷിക തൊഴില്‍-തൊഴിലില്ലായ്മ സർവ്വെ അനുസരിച്ച് ദേശീയതലത്തില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് (എല്‍.എഫ്.പി.ആര്‍.) 50.3 ശതമാനമാണ് (യു.പി.എസ്. സമീപനം). ദേശീയതലത്തില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് പുരുഷന്മാരേക്കാള്‍ വളരെക്കുറവാണ്. സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 23.7 ശതമാനവും പുരുഷ തൊഴില്‍പങ്കാളിത്ത നിരക്ക് 75 ശതമാനവും ഭിന്നലിംഗ വിഭാഗക്കാരുടെ തൊഴില്‍പങ്കാളിത്ത നിരക്ക് 48 ശതമാനവുമാണ്. അതുപോലെ ദേശീയതലത്തില്‍ തൊഴിലാളി ജനസംഖ്യാനുപാതം 47.8 ശതമാനമായി കണക്കാക്കിയിരിക്കുന്നു. ഇതിൽ 27.7 ശതമാനം സ്ത്രീകളും 72.1 ശതമാനം പുരുഷന്മാരും 45.9 ശതമാനം ഭിന്നലിംഗക്കാരും ഉൾപ്പെടുന്നു. ഭാരത തൊഴില്‍ മന്ത്രാലയം 2015-16-ല്‍ നടത്തിയ അഞ്ചാമത് വാര്‍ഷിക തൊഴില്‍-തൊഴിലില്ലായ്മ സർവ്വെ പ്രകാരം പ്രധാന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം (12.5 ശതമാനം). കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരി (5 ശതമാനം) യേക്കാള്‍ കൂടുതലാണ്. (അനുബന്ധം 4.1.52, ചിത്രം 4.1.5) കേരളത്തേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്ക് രേഖപ്പെടുത്തിയത് സിക്കിം, ത്രിപുര എന്നീ രണ്ട് ചെറിയ സംസ്ഥാനങ്ങളില്‍ മാത്രമാണ് യു.പി.എസ്. സമീപനമനുസരിച്ച്, ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം ഗുജറാത്തും (0.9 ശതമാനം) കേന്ദ്ര ഭരണ പ്രദേശം ദാമന്‍ദ്യൂയുമാണ് (0.3 ശതമാനം). ദേശീയ ശരാശരി (5 ശതമാനം)യേക്കാള്‍ കുറവ് തൊഴിലില്ലായ്മാനിരക്ക് രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങള്‍ കര്‍ണ്ണാടകം (1.5 ശതമാനം), ഛത്തീസ്ഗഡ് (1.9 ശതമാനം), മഹാരാഷ്ട്ര (2.1 ശതമാനം ശതമാനം), ആന്ധ്രാ പ്രദേശ് (3.9 ശതമാനം), തമിഴ്നാട് (4.2 ശതമാനം), മദ്ധ്യപ്രദേശ് (4.3 ശതമാനം), പശ്ചിമബംഗാള്‍ (4.9 ശതമാനം) എന്നിവയാണ്. മൊത്തം തൊഴില്‍ ശക്തിയില്‍ (15-60) തൊഴില്‍ ഇല്ലാത്തവരുടെ അനുപാതമാണ് തൊഴിലില്ലായ്മ നിരക്ക് എന്ന് നിർവ്വചിച്ചിട്ടുണ്ട്. യൂഷ്യല്‍ സ്റ്റാറ്റസ്, വീക് ലി സ്റ്റാറ്റസ്, ഡെയ് ലി സ്റ്റാറ്റസ് എന്നിങ്ങനെ ഇതിനെ മാപനം ചെയ്യുന്നു. യൂഷ്യല്‍ സ്റ്റാറ്റസ് സ്ഥിരതൊഴിലില്ലായ്മെയും വീക് ലി സ്റ്റാറ്റസും ഡെയ് ലി സ്റ്റാറ്റസും സീസണിലോ താല്‍ക്കാലികമായ തൊഴിലില്ലായ്മയെയും കാണിക്കുന്നു. ചിത്രം 4.1.6 -ല്‍ വിവിധ സമീപന പ്രകാരം കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ പുരുഷ തൊഴിലില്ലായ്മ നിരക്ക് കാണിക്കുന്നു. ഏത് സമീപനത്തിലൂടെയാണെങ്കിലും കേരളത്തിലെ തൊഴിലില്ലായ്മ മൂന്ന് മുതല്‍ നാല് ഇരട്ടി ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് കാണാം. യു.പി.സ് സമീപിന പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.8 ശതമാനമാണ്. എന്‍.എസ്.എസ്.ഒ കൂടുതല്‍ ശാസ്ത്രീയമായി തയ്യാറാക്കുന്ന സമീപനം ആയതിനാല്‍ ഈ നിരക്ക് കൂടുതല്‍ കൃത്യതയുള്ള കണക്കായി എടുക്കവുന്നതാണ്. സ്ത്രീകളിലെ തൊഴിലില്ലായ്മ, പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന വിഷയമായിരിക്കുകയാണ്. എന്നിരുന്നാലും സ്ത്രീകളിലെ തൊഴില്‍ പങ്കാളിത്തനിരക്ക് ദേശീയ ശരാശരിയായ 23.7 ശതമാനത്തേക്കാള്‍ കേരളത്തില്‍ കൂടുതലാണെന്ന് കാണാം. (30.8 ശതമാനമാണ്) തൊഴിലിന്റെയും തൊഴില്‍ ഇല്ലായ്മയുടെയും വ്യത്യസ്ത സൂചികകള്‍ ദേശീയ സംസ്ഥാന തലത്തില്‍ അനുബന്ധം 4.1.53 -ലും അനുബന്ധം 4.1.54 -ലും നല്‍കിയിട്ടുണ്ട്. അഞ്ചാം വാര്‍ഷിക തൊഴില്‍ - തൊഴില്‍ ഇല്ലായ്മ സർവ്വെ അനുസരിച്ച് കേരളത്തില്‍ നഗര പ്രദേശങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് ഗ്രാമപ്രദേശങ്ങളിലാണെന്ന് കാണാവുന്നതാണ് (ചിത്രം 4.1.6). ഇന്ത്യയിലെ തൊഴില്‍-തൊഴിലില്ലായ്മ അവസ്ഥ സർവ്വെ (എന്‍.എസ്.എസ്. 68-ാം തവണ) അനുസരിച്ച് തൊഴിലില്ലായ്മാനിരക്ക് നഗര പ്രദേശങ്ങളിലേക്കാള്‍ ഗ്രാമപ്രദേശങ്ങ ളിലാണ് കൂടുതല്‍.
സാമ്പത്തിക വികസനത്തിന്റെ അവശ്യ ഘടക ങ്ങളിലൊന്നാണ് യുവജനങ്ങള്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഉല്പാദനപരമായ തൊഴില്‍ അവസരങ്ങള്‍. കേരളത്തിന്റെ ആകെ ജനസംഖ്യയുടെ ഏകദേശം 23 ശതമാനമാണ് യുവാക്കള്‍. ഈ സർവ്വെ റിപ്പോര്‍ട്ടനുസരിച്ച് യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് മൊത്തം ജനവിഭാഗത്തിന്റെ തൊഴിലില്ലായ്മാ നിരക്കിനേക്കാള്‍ കൂടുതലാണെന്നത് തൊഴിലില്ലായ്മയുടെ തീവ്രത തുറന്ന് കാണിക്കുന്നു. യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് ഗ്രാമ പ്രദേശങ്ങളില്‍ 21.7 ശതമാനവും നഗര പ്രദേശങ്ങളില്‍ 18.0 ശതമാനവുമാണ്. കൂടാതെ, യുവതികളായ സ്ത്രീകളിലെ തൊഴിലില്ലായ്മാ നിരക്ക് യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. ഗ്രാമ പ്രദേശത്ത് യുവാക്കളിലെ തൊഴിലില്ലായ്മാ നിരക്ക് 9.7 ശതമാനമാണെങ്കില്‍ യുവതികളില്‍ ഇത് 47.4 ശതമാനമാണ് (ചിത്രം 4.1.7). നൈപുണ്യത്തിന്റെ കുറവും നൂതനമേഖലകളില്‍ പരിചയകുറവുമാണ് യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിലനില്ക്കാന്‍ കാരണം. കൂടുതല്‍ മികച്ചതൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ നിലവിലുള്ള തൊഴില്‍ദായക പദ്ധതികളും നൈപുണ്യവികസന പരിപാടികളും പുനഃക്രമീകരിക്കേണ്ടതായിട്ടുണ്ട്.
കേരളത്തിലെ ഒരു പ്രധാന സവിശേഷത സ്ത്രീകള്‍ പൊതുവെ വിദ്യാഭ്യാസ സമ്പന്നര്‍ ആണെന്നുള്ളതാണ്. എന്നാല്‍ തൊഴില്‍ സേവന പങ്കാളിത്ത നിരക്കിനെപ്പോലെതന്നെ സ്ത്രീകളില്‍ തൊഴില്‍ എടുക്കുന്നവരുടെ അനുപാതം പുരുഷന്‍മാരുടെ അനുപാതത്തേക്കാള്‍ വളരെ കുറവാണ്. വ്യത്യസ്ത സമീപനങ്ങളില്‍ കണക്കാക്കിയ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും തൊഴിലെടുക്കുന്നവരുടെ അനുപാതം ചിത്രം 4.1.8 -ല്‍ കാണാവുന്നതാണ്.
വിവിധ പ്രായവിഭാഗങ്ങളെ അടിസ്ഥാന മാക്കിയുള്ള തൊഴിലെടുക്കുന്നവരുടെ അനുപാതത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഗ്രാമപ്രദേശത്ത് ഏറ്റവും കൂടിയ പങ്കാളിത്തമുള്ളത് 40-44 പ്രായ വിഭാഗത്തിലാണെന്നാണ് (പുരുഷന്‍മാര്‍- 97.8 ശതമാനം, സ്ത്രീകള്‍ 47.0ശതമാനം) അതേസമയം നഗരപ്രദേശത്ത് ഉയര്‍ന്ന് പങ്കാളിത്തമുള്ളത് 35-39 പ്രായവിഭാഗത്തിലാണ് (പുരുഷന്‍മാര്‍ - 96.6 ശതമാനം, സ്ത്രീകള്‍ 39.6 ശതമാനം) വിവിധ പ്രായവിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള തൊഴിലെടുക്കുന്നവരുടെ അനുപാതത്തിന്റെ ഒരു രേഖാചിത്രം ചിത്രം 4.1.9 -ല്‍ നല്‍കിയിട്ടുണ്ട്.
സംഘടിത മേഖലയിലെ തൊഴില്‍
കേരളത്തിലെ സംഘടിത മേഖലയില്‍ തൊഴിലവസരങ്ങള്‍ ഏകദേശം സ്ഥിരമായി നില്‍ക്കുന്ന പ്രവണതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംഘടിത മേഖലയില്‍ നാമമാത്ര വര്‍ദ്ധനവ് മാത്രമാണ് കാണിക്കുന്നത്. 2010 -ല്‍ 11.15 ലക്ഷം തൊഴിലാളികള്‍ പണിയെടുത്തിരുന്നെങ്കില്‍ 2017 ആയപ്പോഴേക്കും അത് 11.73 ലക്ഷമായി. അനൗദ്യോഗിക മേഖലകളായ നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റയില്‍ എന്നീ കൂടുതല്‍ തൊഴില്‍ ദായക മേഖലകളിലേക്ക് തൊഴിലാളികളുടെ മാറ്റമാണ് ഇതിന് കാരണം.
പൊതുമേഖലയും, സ്വകാര്യ മേഖലയും ഉള്‍പ്പെടുന്നതാണ് സംഘടിത മേഖല. 2011-ന് ശേഷം പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിലാണ് തൊഴിലവസരങ്ങൾ കൂടിവരുന്ന പ്രവണത കാണിക്കുന്നത്. 2017 ല്‍ സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന 11.73 ലക്ഷം ആള്‍ക്കാരില്‍ 5.60 ലക്ഷം ആളുകള്‍ (48 ശതമാനം) പൊതുമേഖലയിലും 6.13 ലക്ഷം ആളുകള്‍ (52 ശതമാനം) സ്വകാര്യമേഖലയിലും തൊഴിലെടുക്കുന്നു. (അനുബന്ധം 4.1.55, ചിത്രം 4.1.10 ).
പൊതുമേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 46.2 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാകട്ടെ 10.5 ശതമാനമാണുളളത്. അതേ സമയം സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ 23.7 ശതമാനവും കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ 14.8 ശതമാനവും 4.6 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുമാണ്. (ചിത്രം 4.1.11 അനുബന്ധം 4.1.56).
2017 മാര്‍ച്ചിലെ കണക്കനുസരിച്ച് ജില്ല തിരിച്ചുളള തൊഴിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലെടുക്കുന്നത് എറണാകുളം ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. എറണാകുളം ജില്ലയില്‍ സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നത് 1.89 ലക്ഷം ആളുകളാണ്. ഇത് സംഘടിത മേഖലയിലെ മൊത്തം തൊഴിലിന്റെ 16 ശതമാനം വരും. അതേസമയം വയനാട് ജില്ലയില്‍ സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണം 34,915 ആണ്. ഇതാകട്ടെ സംഘടിത മേഖലയിലെ തൊഴിലിന്റെ കേവലം 3 ശതമാനം മാത്രമേയുളളു. പൊതുമേഖലയിലെ തൊഴിലിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ്. എന്നാല്‍ സ്വകാര്യ മേഖലയിലെ തൊഴിലില്‍ സ്ത്രീകളാണ് എണ്ണത്തില്‍ കൂടുതല്‍. പൊതുമേഖലയിലെ തൊഴിലില്‍ 66 ശതമാനവും പുരുഷന്മാരും സ്വകാര്യ മേഖലയിലെ തൊഴിലില്‍ 52 ശതമാനം സ്ത്രീകളുമാണ് കൈകാര്യം ചെയ്യുന്നത്. (അനുബന്ധം 4.1.57).
സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ മേഖല തിരിച്ചുളള കണക്കുകള്‍ പരിശോധിച്ചാല്‍ സേവന മേഖലയിലെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ കാര്‍ഷിക മേഖലയിലെ എണ്ണം കുറഞ്ഞു വരുന്നതായി കാണാം. നിര്‍മ്മാണം, വിദ്യാഭ്യാസം, ധനകാര്യം, ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലയിലെ തൊഴിലുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ കുറഞ്ഞു വരുന്നതായി കാണാ. (അനുബന്ധം 4.1.58 & ചിത്രം 4.1.12).
അസംഘടിത മേഖലയിലെ തൊഴില്‍
മൊത്തം ആഭ്യന്തര ഉല്പാദനം, തൊഴില്‍, സമ്പാദ്യം, മൂലധന രൂപീകരണം എന്നിവയിലേയ്ക്കുള്ള സംഭാവന കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ അസംഘടിത മേഖല ഒരു പ്രധാന പങ്ക് നിർവ്വഹിക്കുന്നുണ്ട്. തൊഴില്‍ ശക്തിയുടെ 90 ശതമാനത്തിലധികം തൊഴിലിലേര്‍പ്പെട്ടിരിക്കുന്നത് ഈ മേഖലയിലാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ഏതാണ്ട് 50 ശതമാനവും അസംഘടിതമേഖലയുടെ സംഭാവനയാണ്. സമൂഹത്തിലെ സാമ്പത്തികമായും, സാമൂഹ്യമായും പിന്നോക്കം നില്ക്കുന്ന തൊഴിലാളികളില്‍ വലിയൊരു വിഭാഗം, രാജ്യത്തും സംസ്ഥാനത്തും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം. 2011-12-ലെ നാഷണല്‍ സാമ്പിള്‍ സർവ്വേയുടെ അറുപത്തിയെട്ടാം റൗണ്ടിന്റെ ഭാഗമായി എന്‍.എസ്.എസ്.ഒ നടത്തിയ തൊഴിലിനേയും തൊഴിലില്ലായ്മയേയും സംബന്ധിച്ച ഏറ്റവും പുതിയ സർവ്വെ ഫലം അനുസരിച്ച് യു.പി.എസ്.എസ് സമീപനത്തില്‍ കേരളത്തിലെ മൊത്തം തൊഴിലാളികളില്‍ സ്വയംതൊഴില്‍ കണ്ടെത്തിയവരുടെ നിരക്ക് 37.7 ശതമാനമാണ്. സ്ഥിരമായി തൊഴിലും വേതനം/ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ നിരക്ക് 22.5 ശതമാനം വരും. കാഷ്വല്‍ തൊഴിലാളികളുടെ നിരക്ക് 39.8 ശതമാനമാണ്. കുറഞ്ഞ തൊഴില്‍ സുരക്ഷിതത്വം, തൊഴില്‍പരമായി ഉയരുവാനുള്ള സാധ്യത കുറവ്, പൊതു അവധികള്‍ക്ക് ശമ്പളത്തോടെ ലീവില്ലാത്ത അവസ്ഥ, നിയമവിരുദ്ധമായി പെരുമാറുന്ന തൊഴിലുടമകള്‍ക്കെതിരെ സംരക്ഷണമില്ലായ്മ എന്നിവ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെ ചൂഷണംചെയ്യുന്നു. ഔദ്യോഗിക മേഖലകളിലെ തൊഴിലിനോട് സാദൃശ്യമുള്ള തൊഴിലുകള്‍ ആണെങ്കിലും വേതനം വളരെക്കുറവാണ്. അസംഘടിത മേഖലയിൽ നിലനില്‍ക്കുന്ന അനുകരണീയമല്ലാത്ത നടപടികള്‍ കുറയ്ക്കാനും തൊഴിലന്വേഷകര്‍ക്ക് നേട്ടങ്ങളുണ്ടാക്കാനുമായി കേരളത്തിലെ തൊഴിൽ വകുപ്പ് ഈ മേഖലയില്‍ അവസരോചിതമായി ഇടപെട്ടുവരുന്നു. അടുത്തകാലത്തായി അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി നടപടികള്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.
നൈപുണ്യവും തൊഴിലില്ലായ്മയും
കേരളത്തില്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ലഭിച്ചവരിലെ തൊഴിലില്ലായ്മ നിരക്ക് (തൊഴില്‍ ശക്തിയില്‍ തൊഴിലില്ലാത്തവരുടെ ശതമാനം) ബാക്കിയുള്ളവരെക്കാളും വളരെ ഉയര്‍ന്നതാണെന്ന് കാണാം. തൊഴില്‍ ശക്തിയിലെ നാലില്‍ ഒന്ന് ബിരുദാനന്തര ബിരുദക്കാരും ആറിലൊന്ന് വീതം സാങ്കേതിക ബിരുദമുള്ളവരും, വൊക്കോഷണല്‍ പരിശീലനം ലഭിച്ചവരും തൊഴില്‍ രഹിതരാണ്. പട്ടിക 4.1.9 കാണുക
പൊതുവിദ്യാഭ്യാസം | തൊഴിലില്ലായ്മ നിരക്ക് | വൊക്കേഷണല്‍ ട്രയിനിംഗ് | തൊഴിലില്ലായ്മ നിരക്ക് |
നിരക്ഷര്‍ | 4.6 | ഔപചാരികം | 14.9 |
കേവല സാക്ഷര്‍ | 4.1 | അനൗപചാരികം | 3.5 |
പ്രാഥമികം | 2.4 | പരിശീലനം ലഭിക്കാത്തവര്‍ | 9.7 |
മിഡില്‍ | 4.1 | ബിരുദം | 16.2 |
സെക്കണ്ടറി | 10.2 | ഡിപ്ലോമ | 20.3 |
ഹയര്‍ സെക്കണ്ടറി | 18.8 | ബിരുദാനന്തര ബിരുദ ഡിപ്സോമ | 25.7 |
ബിരുദം | 20.0 | ||
ബിരുദാനന്തര ബിരുദം | 23.3 | യോഗ്യതയില്ലാത്തവര്‍ | 7.7 |
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും സേവനങ്ങളും രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ ലൈവ് രജിസ്റ്ററുകളിലെ കണക്കുകളനുസരിച്ച് 2012 ഡിസംബര്‍ 31-ന് 44.99 ലക്ഷം തൊഴിലന്വേഷകരാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2017 ഒക്ടോബര്‍ 31-ന് ഇത് 8.16 ലക്ഷത്തോളം കുറഞ്ഞ് 36.83 ലക്ഷമായിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ അനുബന്ധം 4.1.59 -ല്‍ കൊടുത്തിട്ടുണ്ട്.
അഖിലേന്ത്യാതലത്തിലെ സ്ഥിതിവിവരക്കണക്കിന് വ്യത്യസ്തമായി കേരളത്തില്‍ സ്ത്രീകളാണ് തൊഴിലന്വേഷകരില്‍ കൂടുതല്‍. മൊത്തം തൊഴിലന്വേഷകരില്‍ 60 ശതമാനം സ്ത്രീകളാണ്. നിരക്ഷരരായ 1291തൊഴിലന്വേഷകരുണ്ട്. തൊഴിലന്വേഷകരുടെ വിദ്യാഭ്യാസയോഗ്യതയെ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് എസ്.എസ്.എല്‍.സിക്ക് താഴെ യോഗ്യതയുള്ളവര്‍ 10 ശതമാനം മാത്രമേയുള്ളൂവെന്നാണ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള തൊഴിലന്വേഷകര്‍ 62 ശതമാനമാണ് (അനുബന്ധം 4.1.60). 2017 ജൂണ്‍ 30 ലെ കണക്കനുസരിച്ച് പ്രൊഫഷണല്‍/ സാങ്കേതിക യോഗ്യതയുള്ള തൊഴിലന്വേഷകര്‍ 1.85 ലക്ഷമാണ്. ഇതില്‍ 97 ശതമാനവും ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് /എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ളവര്‍ ആണ്. എഞ്ചിനീയറിംഗ് ബിരുദധാരികളായ 35,541 തൊഴിലന്വേഷകരുണ്ട് (അനുബന്ധം 4.1.61).
കേരളത്തിലെ ഒരു പ്രധാന സവിശേഷത എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളിലെ തൊഴിലന്വേഷകരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നുള്ളതാണ്. കേരളത്തിലെ തൊഴിലന്വേഷകരുടെ ജില്ല തിരിച്ചുള്ള എണ്ണം ചിത്രം 4.1.13 -ല്‍ കൊടുത്തിട്ടുണ്ട്.
2017 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം പൊതു വിഭാഗത്തിലെയും പ്രൊഫഷണല്‍/സാങ്കേതിക വിഭാഗത്തിലെയും തൊഴിലന്വേഷകരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ജില്ലയില്‍ ആകെ 5.19 ലക്ഷം തൊഴിലന്വേഷകര്‍ ഉള്ളതില്‍ 3.11 ലക്ഷം സ്ത്രീകളും 2.07 ലക്ഷം പുരുഷന്മാരുമാണ്. തൊഴിലന്വേഷകരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കൊല്ലം ജില്ലയാണ്. ഈ ജില്ലയില്‍ 4.16 ലക്ഷം തൊഴിലന്വേഷകരാണുള്ളത്. ഏറ്റവും കുറവ് തൊഴിലന്വേഷകരുള്ള ജില്ല വയനാടാണ്. ഇവിടെ 96262 തൊഴിലന്വേഷകര്‍ മാത്രമേയുള്ളു. 97355 തൊഴിലന്വേഷകരുള്ള കാസര്‍ഗോഡ് ജില്ലയാണ് വയനാടിന് തൊട്ട് മുന്നിലുള്ളത്. വിശദാംശങ്ങള്‍ക്ക് (അനുബന്ധം 4.1.62) കാണുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭിന്ന ശേഷിക്കാരായുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍വകുപ്പ് കൈവല്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. (ബോക്സ് 4.1.7 കാണുക)
കേരള സംസ്ഥാന തൊഴില്‍ വകുപ്പ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പട്ടിക ചേര്‍ത്തിട്ടുള്ള വിഭിന്ന ശേഷിക്കാരായുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2016 നവംബറില്‍ അവതരിപ്പിച്ച സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയാണ് കൈവല്യ. വിഭിന്ന ശേഷിക്കാരുടെ പൂര്‍ണ്ണായ പങ്കാളിത്തവും ഏകീകരണവും സാധ്യമാകത്തക്കരീതിയില്‍ ഭൗതിക സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതില്‍ താഴെ പറയുന്ന 4 ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഇതിനായി 2016-17 ല്‍ 168 ലക്ഷം രൂപ 505 വ്യക്തികള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ ചെലവഴിച്ചു. 2017- 18 വര്‍ഷത്തില്‍ 4111 അപേക്ഷകരില്‍ നിന്നും 803 ഗുണഭോക്താക്കള്‍ക്കായി 100 ലക്ഷം രൂപ അനുവദിച്ചുട്ടുണ്ട്.
തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വലിയ നിയമനയജ്ഞമായിരുന്നു നിയുക്തി – 2017. വിദ്യാസമ്പന്നരും, നൈപുണ്യമുള്ളവരുമായ യുവജനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനായ് തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംഘടിപ്പിച്ച ഈ മേളയില്‍ 24824 തൊഴിലന്വേഷകരും 252 തൊഴില്‍ദായകരും പങ്കാളികളാവുകയും 17,641 തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 6817 തൊഴിലവസരങ്ങളിലേക്ക് ഓഫറുകള്‍ നല്‍കുകയും 333 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുകയും ചെയ്തു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചകൾ മുഖേന നടപ്പിലാക്കുന്ന സ്വയം തൊഴിൽ പരിപാടികൾ കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ മുഖേന 3 സ്വയം തൊഴില്‍ പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്.
തൊഴിലില്ലായ്മാവേതനം
കേരള സര്‍ക്കാര്‍ 1982 -ലാണ് തൊഴിലില്ലായ്മാ വേതന പരിപാടി ആരംഭിച്ചത്. ഈ പരിപാടി പ്രകാരം 18 വയസ് പൂര്‍ത്തിയായതും എംപ്ലോയ്മെന്റ് എക്സ് ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയതുമായ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 120 രൂപ വീതം തൊഴില്‍ രഹിത വേതനമായി നല്‍കി വരുന്നു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സംബന്ധിച്ചിടത്തോളം രജിസ്ട്രേഷനുശേഷം രണ്ട് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയാല്‍ മതിയാകും. ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. വിദ്യാഭ്യാസ യോഗ്യത; പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ എസ്.എസ്.എല്‍.സി. വിജയിച്ചിരിക്കണം. പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും സംബന്ധിച്ചിടത്തോളം എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഹാജരായവരായിരുന്നാല്‍ മതിയാകും. വാര്‍ഷിക കുടുംബ വരുമാനം 12,000 രൂപയിലും പ്രതിമാസ വ്യക്തിഗത വരുമാനം 100 രൂപയിലും അധികരിക്കാന്‍ പാടില്ല. കേരള പഞ്ചായത്ത് രാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും നിലവില്‍ വന്നതോടെ ഈ പരിപാടിയുടെ നടത്തിപ്പ് ചുമതല 1998 മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗര തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറുകയുണ്ടായി. അര്‍ഹരായ അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന് സമര്‍പ്പിക്കാവുന്നതാണ്. തദ്ദേശഭരണ സ്ഥാപനത്തിന്റെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അപേക്ഷ പരിശോധിച്ച് അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കുന്നതാണ്. 2017 ഒക്ടോബര്‍ വരെ 193,071 ഗുണഭോക്താക്കള്‍ക്കായി 24.00 കോടി രൂപ തൊഴിലില്ലായ്മ സഹായമായും 5,280 ഗുണഭോക്താക്കള്‍ക്കായു 24 കോടി രൂപ സ്വയം തൊഴില്‍ സഹായവും വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയുള്ള നിയമനങ്ങള്‍
2010-ന് ശേഷം കേരളത്തില്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ വഴിയുള്ള നിയമനങ്ങള്‍ കുറയുന്നതായി തൊഴില്‍ പരിശീലന വകുപ്പ് ലഭ്യമാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2010-ല്‍ 12,643 നിയമനങ്ങള്‍ നടന്നുവെങ്കിലും 2016-ല്‍ 10,212 ആയും 2017 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് 5,437 ആയും കുറഞ്ഞു. താല്‍ക്കാലിക ഒഴിവുകള്‍ ദിവസ വേതന/കരാര്‍ നിയമന വ്യവസ്ഥയില്‍ നികത്തുന്നതുകൊണ്ടോ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നതുകൊണ്ടോ ആകാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയുള്ള നിയമനങ്ങളില്‍ കുറവുണ്ടാകുന്നത്. കേരളത്തില്‍ 2010-നു ശേഷം എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകള്‍ വഴി നടന്ന നിയമനങ്ങള്‍ ചുവടെയുള്ള ഗ്രാഫില്‍ ചിത്രീകരിച്ചിട്ടുണ്ട് (ചിത്രം 4.1.14).