സാമൂഹ്യസേവനം- നൈപുണ്യവികസനം

കഴിഞ്ഞ രണ്ടു ദശാബ്ദ കാലമായി കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയ്ക്കു മുകളില്‍ സ്ഥിരതയോടെ നിലകൊള്ളുന്നു. വന്‍തോതില്‍ സേവന മേഖലയിലധിഷ്ടിതമായ സമ്പദ് വ്യവസ്ഥയിലേക്ക് നയിച്ച ഈ നേട്ടത്തിന് പ്രോത്സാഹനമായത് പ്രധാനമായും സമ്പദ് വ്യവസ്ഥയുടെ ഘടനയിലുണ്ടായ മാറ്റമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാല കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ നിന്നും വളരെ സവിശേഷമായ മാറ്റമാണിത്. 72 ശതമാനത്തിലേറെ നാഗരിക പുരുഷ തൊഴില്‍ ശക്തിയും 68 ശതമാനത്തിലേറെ നാഗരിക സ്ത്രീ തൊഴില്‍ശക്തിയും സേവന മേഖലയിലാണ് (എന്‍.എസ്.എസ് 2009-10), എന്നത് തൊഴില്‍ ഘടനയില്‍ വളരെ വ്യക്തമായി കാണാവുന്നതാണ്. അതിന് തത്തുല്യമായി ഗ്രാമീണ മേഖലയിലെ പുരുഷ/സ്ത്രീ നിരക്ക് യഥാക്രമം 57 ശതമാനവും 38 ശതമാനവുമാണ്. എന്നിരുന്നാലും ഉയര്‍ന്നു വരുന്ന മേഖലകളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സമ്പദ് വ്യവസ്ഥയിലുള്ള ഘടനാപരമായ മാറ്റം പര്യാപ്തമല്ല. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വളര്‍ച്ചയ്ക്കും വികസനത്തിനും സംഭാവന ചെയ്യാന്‍ കഴിയുന്ന നൈപുണ്യവും സാങ്കേതിക യോഗ്യതയുമുള്ള തൊഴില്‍ ശക്തി സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഒപ്പം 2022 ഓടു കൂടി 500 ദശലക്ഷം നൈപുണ്യമുള്ള വ്യക്തികളെ സൃഷ്ടിക്കുക എന്ന ദേശീയ ലക്ഷ്യം നേടാനും ഗുണമേന്മയുള്ള പരിശീലനം നൽകിക്കൊണ്ട് തൊഴിലില്ലായ്മ കുറയ്ക്കാനും ലക്ഷ്യമിടുന്നു. കേരളത്തില്‍ പഠിച്ചിറങ്ങുന്ന ബിരുദ ധാരികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് അടിസ്ഥാനമാക്കി ദേശീയ ലക്ഷ്യത്തിനൊപ്പ മെത്താന്‍ വര്‍ഷം തോറും 1.5 മുതല്‍ 2 ലക്ഷം വരെ മനുഷ്യ വിഭവത്തെ നൈപുണ്യമുള്ളവരാക്കുവാന്‍ പരിശീലിപ്പിക്കേണ്ടതുണ്ട്.

കേരളത്തിന്റെ നൈപുണ്യ വികസന പാന്ഥാവില്‍ സമീപ വര്‍ഷങ്ങളില്‍ മികവ് കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ കേരളത്തിലെ നിലവിലെ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പദവി ഇന്നും അന്തര്‍ദേശീയ നിലവാരത്തെക്കാള്‍ താഴെയാണ്. സംസ്ഥാനത്തിന്റെ വിവിധ നൈപുണ്യ വികസന സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലന്‍സ് (കെയിസ്) എന്ന ലാഭേശ്ചയില്ലാത്ത കമ്പനിയെ കേരള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയാക്കിയിട്ടുണ്ട്. ഇതിലൂടെ കേരളത്തിലെ യുവ തൊഴില്‍ ശക്തിയെ നൈപുണ്യമുള്ളവരാക്കുന്നതിനും ഇന്ത്യയിലും വിദേശത്തും തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തമായ ലോക നിലവാരത്തിലേക്ക് അവരുടെ നൈപുണ്യങ്ങള്‍ ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. മറ്റൊരു സംരംഭമാണ് അധിക കഴിവ് സ്വായത്തമാക്കല്‍ പദ്ധതി (അസാപ്പ്). വ്യാവസായ പ്രാധാന്യമുള്ള തൊഴില്‍ നൈപുണ്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രധാന ആശയ വിനിമയ മേഖലകളില്‍ തൊഴില്‍ സാദ്ധ്യതകള്‍ വിപുലപ്പെടുത്തുന്നതിന് അസാപ്പ് ലക്ഷ്യമിടുന്നു. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളും ഉടന്‍ ജോലി അന്വേഷിക്കുന്ന ബിരുദതലത്തിലെ വിദ്യാര്‍ത്ഥികളുമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. സംസ്ഥാനത്തുടനീളം 949 വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ 25,528 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് 22 വ്യവസായ മേഖലകളിലായി 76 നൈപുണ്യ കോഴ്സുകള്‍ അസാപ്പ് നല്‍കുന്നു. സമീപകാലത്ത് ശ്രദ്ധാര്‍ഹമായ അസാപ്പിന്റെ മറ്റൊരു സംരംഭമാണ് കമ്മ്യുണിറ്റി സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍. സംസ്ഥാനത്തെ ഓരോ നിയമസഭ മണ്ഡലങ്ങളിലും ഓരോ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ഐ.റ്റി.ഐയിലെ വിദ്യാര്‍ഥികള്‍ക്കും എംബ്ലോയ്മെന്റ് എക്സ്ചെഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അധിക കഴിവ് വളര്‍ത്തല്‍ (അസെപ്പ്) പദ്ധതി വികസിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനത്ത് തൊഴില്‍ പരിശീലനം നല്‍കുന്നവരുടെ സഹായത്തോടെ മോഡുലാര്‍ തൊഴില്‍ നൈപുണ്യ പദ്ധതിയും നടത്തുന്നുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന (എന്‍.ആര്‍.എല്‍.എം) മിഷനിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത നൈപുണ്യ വികസന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൌശല്യ യോജന (ഡി.ഡി.യു.-ജി.കെ.വൈ). ഗ്രാമീണ യുവാക്കളുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് വൈവിധ്യം നല്‍കികൊണ്ട് ഗ്രാമീണ കുടുംബങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. 15 നും 35 നും മദ്ധ്യേ പ്രായമുള്ള ഗ്രാമീണ യുവാക്കളെയാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. പരിശീലനം നല്‍കുന്നതിന് വിവിധ വ്യവസായങ്ങളെ തമ്മില്‍ ഈ പദ്ധതി ബന്ധിപ്പിക്കുന്നു. വ്യവസായ കൂടിച്ചേരല്‍ ഉണ്ടാകുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായങ്ങളില്‍ തൊഴില്‍ ലഭിക്കുന്നു.

ക്രാഫ്റ്റ്സ്മാന്‍ ട്രെയിനിംഗ്

വിവിധ പ്രാദേശിക വ്യവസായങ്ങളിലേക്ക് നൈപുണ്യം നേടിയ തൊഴിലാളികളുടെ സ്ഥിരതയാര്‍ന്ന ഒഴിക്കിനു വ്യാവസായിക പരിശീലന വിഭാഗത്തിന് കീഴില്‍ 87 ഗവണ്മെന്റ് ഐ.ടി.ഐ. കളും ഒരു അടിസ്ഥാന പരിശീലന കേന്ദ്രവും, ഒരു സ്റ്റാഫ് പരിശീലന ഇന്‍സ്റ്റിറ്റുട്ടും, രണ്ട് എ.വി.റ്റി.എസ്, 486 സ്വകാര്യ ഐ.റ്റി.ഐകള്‍, പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴില്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള ഐ.റ്റി.ഐ എന്നിങ്ങനെ പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ 44 ഐ.റ്റി.ഐകള്‍ പട്ടിക ജാതിക്കാര്‍ക്ക് മാത്രമായും 2 ഐ.റ്റി.ഐകള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കു മാത്രമായും യഥാക്രമം പട്ടികജാതി വികസന വകുപ്പിന് കീഴിലും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുമുണ്ട്. ഏകദേശം 85 ബ്രാഞ്ചുകളില്‍, മൊത്തം 97,038 സീറ്റുകളില്‍ ക്രാഫ്റ്റ്സ്മാന്‍ ട്രെയിനിംഗിനു മാത്രമായി സീറ്റുകള്‍ മാറ്റി വെച്ചിട്ടുണ്ട്. ഐ.റ്റി.ഐ കളുടെയും അവയുടെ വിവിധ ബ്രാഞ്ചുകളുടെയും വിശദ വിവരങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. അനുബന്ധം 4.1.63, 4.1.64, 4.1.65, 4.1.66, 4.1.67, 4.1.68, 4.1.69.

അപ്പ്രന്റീസ്ഷിപ്പ് പരിശീലനം

1961 ലെ അപ്പ്രന്റീസ്ഷിപ്പ് നിയമം അനുസരിച്ച് അപ്പ്രന്റീസ്ഷിപ്പ് പരിശീലന പരിപാടികള്‍ നടത്തി വരുന്നു. അപ്പ്രന്റീസ്ഷിപ്പ് പരിശീലന പരിപാടികള്‍ നിയിന്ത്രിക്കുകയും അതു വഴി നിലവാരമുള്ള പാഠ്യപദ്ധതി, പരിശീലന കാലയളവ്, നൈപുണ്യങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വ്യവസായങ്ങളില്‍ തൊഴില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യം സാധൂകരിക്കുന്നതിനായി വ്യവസായശാലകളിലെ സൗകര്യം പ്രയോജനപ്പെടുത്തി നൈപുണ്യ പരിശീലനം നല്‍കുന്നു. അപ്പ്രന്റീസ്ഷിപ്പ് എന്നത് അപ്പ്രന്റീസും തൊഴിലുടമയും തമ്മിലുള്ള ഒരു ഉടമ്പടിയാണ്. ഒരു നിശ്ചിത കാലയളവില്‍, ഒരു പ്രത്യേക നൈപുണ്യം വികസിപ്പിച്ചെടുക്കുന്നതിന് പരിശീലിപ്പിക്കുകയും, പ്രസ്തുത കാലയളവില്‍ അപ്പ്രെന്റിസ്ഷിപ്പ് നിയമം അനുസരിച്ചുള്ള ഒരു ധന സഹായം നല്‍കുകയും ചെയ്യുന്നു. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ ഒരു മൂന്നാം കക്ഷിയായി ഈ ഉടമ്പടി നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു. ഈ നിയമം അനുസരിച്ച് വ്യവസായ ശാലകളിലെ നൈപുണ്യ പരിശീലനത്തിനുള്ള സൌകര്യങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തുകയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെര്‍ട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യുന്നു. കേരളത്തിലെ ട്രേഡ് അപ്പ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത മേല്‍നോട്ടത്തില്‍ നടത്തുന്നു. സംസ്ഥാനത്തെ അപ്പ്രന്റീസ്ഷിപ്പ് പദ്ധതികള്‍ 9 ജില്ലകളില്‍ ഇന്‍സ്ട്രക്ഷന്‍ സെന്ററുകള്‍ വഴിയും ബാക്കി 5 ജില്ലകളില്‍ ഐ ടി ഐ മുഖേനയും നടത്തി വരുന്നു.

81 തൊഴിലുകളുടെ ട്രേഡുകള്‍ അപ്പ്രേന്റിസ്ഷിപ്പ് ട്രെയിനിംഗിന് നീക്കി വെച്ചിട്ടുണ്ട്. 10,422 സീറ്റുകള്‍ ഈ പദ്ധതി പ്രകാരം നീക്കി വയ്ക്കുകയും, അതില്‍ 4,328 സീറ്റുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2,000 ത്തോളം ട്രെയിനിംഗ് സെര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരുന്നു. 50 ശതമാനം അപ്പ്രന്റീസ്ഷിപ്പ് നിയമനം സംസ്ഥാനത്ത് ഗവണ്മെന്റ് മേഖലയില്‍ നടത്തി വരുന്നു.

നൈപുണ്യ വികസന പദ്ധതികള്‍

നൈപുണ്യ വികസന പദ്ധതികളുടെ ലക്ഷ്യം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിട്ടുപോന്നവര്‍ക്കും, നിലവില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗജന്യ തൊഴില്‍ വൈദഗ്ധ്യം കൊടുക്കുക എന്നതാണ്. നിലവില്‍ ഉള്ളവരുടെ നൈപുണ്യം/വൈദഗ്ധ്യം ഈ പദ്ധതിയിലൂടെ പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന ട്രെയിനികള്‍ക്ക് എന്‍.സി.വി.റ്റി യുടെ സാക്ഷ്യ പത്രവും നല്‍കുന്നു. കേരളത്തില്‍ നൈപുണ്യ വികസന പരിപാടികള്‍ നടപ്പിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് വ്യാവസായിക പരിശീലന വകുപ്പാണ്.

സ്കില്‍ അപ്പ് ഡേറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാഫ് ട്രെയിനിംഗ്

സാങ്കേതിക വികസനത്തിനനുസരിച്ചു സാങ്കേതിക മികവില്‍ അദ്ധ്യാപകര്‍ക്കും, മറ്റുള്ളവര്‍ക്കും പരിശീലനത്തിനായി കേരളത്തില്‍ സ്റ്റാഫ് ട്രെയിനിംഗിന് ആയുള്ള നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് 1999 ല്‍ തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് ആരംഭിച്ചത്. പരിശീലന കോഴ്സുകള്‍ തയ്യാറാക്കുക, പുതിയ പഠന രീതികള്‍ക്കായി ഗവേഷണം,സാങ്കേതിക ഉദ്യോഗസ്ഥരുടെ നൈപുണ്യ വികസനം, സംസ്ഥാന പരിശീലന നയത്തിന്റെ ഭാഗമായി ഐ.എം.ജി.യില്‍ പരിശീലനം, ഓഫ് ക്യാമ്പസ് പരിശീലനം, വെര്‍ച്വല്‍ ക്ലാസ്സ് ട്രെയിനിംഗ്, ഡി.ജി.ഇ. & റ്റി യുടെ ഡി.എല്‍.പി ട്രെയിനിംഗ് ഏകോപിപ്പിക്കല്‍ എന്നിവയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍.

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെ.എ.എസ്.ഇ)

പൂര്‍ണ്ണമായും കേരളാ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സെക്ഷന്‍ 25 പ്രകാരമുള്ള കമ്പനിയാണ് കേരളാ അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്. സംസ്ഥാനത്തുടനീളം പ്രത്യേക നൈപുണ്യ വികസന കോഴ്സുകള്‍ വഴി മാനവവിഭവ ശേഷി വികസനത്തിന് സൌകര്യമൊരുക്കുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. ആതിഥ്യം, വിനോദസഞ്ചാരം, ഐ.റ്റി ആന്റ് ഐ.റ്റി.ഇ.എസ്, ഫിനാന്‍സ്, റീട്ടെയില്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പ്രമുഖ പൊതു സ്വകാര്യ വ്യവസായങ്ങളുടെ പങ്കാളിത്തത്തോടുകൂടി വിഭാവനം ചെയ്യുന്നത്. വിവിധ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ശാസ്ത്രീയമായി രൂപ കല്പന ചെയ്ത പ്രത്യേക തരം കോഴ്സുകള്‍ വഴി വ്യവസായ സംരംഭങ്ങളിലെ എല്ലാത്തരം ജോലികള്‍ക്കുമായി വളരെ ഉയര്‍ന്ന കാര്യശേഷിയുള്ള പ്രോഫഷണലുകളായ തൊഴിലാളികളെ വാര്‍ത്തെടുക്കുകയാണ് പ്രധാന ലക്ഷ്യം. അനൌദ്യോഗിക കഴിവിനെയും സാങ്കേതിക കഴിവിനെയും ശക്തിപ്പെടുത്തുവാനും പരിശീലനങ്ങള്‍ വഴി സാധ്യമാകുന്നുണ്ട്. തോഴിലാളികളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അനൌദ്യോഗിക കഴിവുകളായ ആശയ വിനിമയ കഴിവുകള്‍, ഭാഷാ നൈപുണ്യം, സുരക്ഷയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമുള്ള അറിവുകള്‍ തുടങ്ങിയവയ്ക്കായുള്ള പരിശീലനം നല്‍കേണ്ടത് ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ നമ്മുടെ തോഴിലാളികളും വിവിധ കോളേജുകളില്‍ നിന്നും പഠിച്ച് ഡിഗ്രി എടുക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ഈ കഴിവുകളുടെ അപര്യാപ്തതയുണ്ട്. മേല്‍നോട്ടം വഹിക്കുന്ന വ്യക്തി മുതല്‍ തൊഴിലാളികള്‍ വരെയുള്ള വിഭാഗക്കാര്‍ക്കായി കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായ പരികല്‍പ്പനാപരവും പ്രായോഗികവുമായ പരിശീലനങ്ങളും നല്‍കുന്നതിനും ഈ സ്ഥാപനം ലക്ഷ്യമിടുന്നു.

ബോക്സ് 4.1.9
പതിമൂന്നാം പദ്ധതി രൂപീകരണത്തിവുമായി ബന്ധപ്പെട്ട് നൈപുണ്യ വികസനത്തിനായുള്ള കര്‍മ്മ സമിതിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍
  • വ്യത്യസ്ത വകുപ്പുകളുടെയും മന്ത്രലയങ്ങളുടെയും കീഴില്‍ നൈപുണ്യ വികസന സംരംഭങ്ങള്‍ക്കായുള്ള വിവിധ പദ്ധതികളും നയങ്ങളും വ്യാപിച്ചു കിടക്കുന്നു. അതിനാല്‍ ആവര്‍ത്തനവും ഏകോപനമില്ലായ്മയും സംസ്ഥാനത്തുടനീളമുള്ള പ്രശ്നങ്ങളാണ്. ഒരേ നൈപുണ്യ മേഖല അല്ലെങ്കില്‍ ഒരേ ഗ്രൂപ്പിനെ ലക്ഷ്യമാക്കിയുള്ള വ്യത്യസ്ത പദ്ധതികളെ ഏകീകരിക്കുന്നതിന് ഒരു ഔദ്യോഗിക കാര്യാലയത്തിന്റെ ആവശ്യകതയുണ്ട്.
  • സംസ്ഥാനത്തെ നൈപുണ്യ പ്രവചന സംവിധാനമായി കേന്ദ്രം പ്രവര്‍ത്തിക്കുകയും പരസ്പരം ബന്ധപ്പെട്ട വകുപ്പുകളെ അവരുടെ പ്രത്യേക നൈപുണ്യ ആവശ്യകതയ്ക്ക് ആവശ്യമായ ഉപദേശം നല്‍കുകയും ചെയ്യും.
  • അന്തര്‍ മേഖല ബന്ധങ്ങളോട് കൂടി സംസ്ഥാനത്ത് പരിശീലന സ്ഥാപനങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കുക.
  • സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് ഐ.റ്റി.ഐ കളെയും അന്താരാഷ്ട്ര പരിശീലന സ്ഥാപനങ്ങളുടെതിന് തുല്യമായ എക്സ്ലലന്റ് നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുക.
  • അനിവാര്യമായ നൈപുണ്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ഫാക്കല്‍റ്റി വികസന കേന്ദ്ര.
  • നൈപുണ്യ വിടവും പരിശീലനത്തിന്റെ ആവശ്യകതയും നിര്‍ണ്ണയിക്കുന്നതിന് വ്യവസായ സംഘത്തിന്റെ സഹായത്തോടെ നൈപുണ്യ നിര്‍ണ്ണയ ഉപാധികള്‍ വികസിപ്പിക്കുക.
  • സംസ്ഥാനത്തെ വ്യത്യസ്ത മണ്ഡലങ്ങളിലെ നൈപുണ്യ ഭൂപടം.
  • വിദ്യാഭ്യാസം, നൈപുണ്യം ആര്‍ജ്ജിക്കല്‍, തൊഴില്‍ അന്വേഷണം എന്നിവയ്ക്കായി തിരികെയെത്തുന്ന പ്രവാസികളുടെ രൂപരേഖ പഠനം.
  • തൊഴില്‍ ശക്തിയിലേക്ക് പുതുതായി പ്രവേശിക്കുന്നവര്‍ക്ക് നൈപുണ്യം നല്‍കുന്നതോടൊപ്പം പ്രധാനമാണ് നിലവിലെ തൊഴില്‍ ശക്തിയില്‍ വ്യവസായ മേഖല ആവശ്യപ്പെടുന്ന പ്രാധാന്യമുള്ള നൈപുണ്യങ്ങള്‍ ആര്‍ജ്ജിക്കല്‍.
  • കേരളത്തിലെ പ്രാദേശിക വ്യവസായങ്ങളെ മൊത്തത്തില്‍ പങ്കെടുപ്പിച്ചു കൊണ്ട് മേഖലാ നൈപുണ്യ കൌണ്‍സിലുകള്‍ വിപുലപ്പെടുത്തല്‍.
  • നൈപുണ്യ വികസന നയം തയ്യാറാക്കല്‍. കേരള സംസ്ഥാന നൈപുണ്യ പദ്ധതി രൂപികരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി (സംസ്ഥാന നൈപുണ്യ പദ്ധതി) എമര്‍ജിംഗ് സ്കില്‍സ് കേരള എന്ന പേരില്‍ ഒരു അന്തര്‍ദേശീയ സെമിനാര്‍ നടത്തുക.
ബോക്സ് 4.1.10
വ്യാവസായിക പരിശീലന വകുപ്പിന്റെ നൂതന സംരംഭം
വെര്‍ച്വല്‍ ക്ലാസ്സ് സംവിധാനം

ഇത് സംസ്ഥാനത്തിന്റെ വികസനത്തില്‍ മാര്‍ഗ്ഗം തെളിക്കുന്ന ഒന്നാണ്. വെര്‍ച്വല്‍ ക്ലാസ്സ് സംവിധാനത്തിലൂടെ ഇ-ലേണിംഗ് പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ഇ-ഗവേണന്‍സ്പ രിപാടിയില്‍ വകുപ്പിന് മൂന്നാം സ്ഥാനം നല്‍കുകയും ചെയ്തു. സംസ്ഥാനത്തുടനീളം ഓരോ ഐ.റ്റി.ഐ കളിലും മൂന്നു സംവിധാനങ്ങളിലായി (രണ്ടു തിയറി ക്ലാസ്സുകളും ഒരു പ്രാക്റ്റി ക്കല്‍ ക്ലാസും) 34 ഐ.റ്റി.ഐ കളിലൂടെ വെര്‍ച്വല്‍ ക്ലാസ്സ് സംവിധാനം നല്‍കുന്നുണ്ട്

ത്രിമാന (ത്രീ ഡി ) ഇന്ററാക്റ്റീവ് അധ്യാപന സഹായി

പരിശീലനത്തില്‍ ത്രിമാന ദൃശ്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി വകുപ്പ് ത്രിമാന ഇന്ററാക്റ്റീവ് അധ്യാപന സഹായികള്‍ വികസിപ്പിച്ചിട്ടുണ്ട്.

  • ഓട്ടോമൊബൈല്‍ മെക്കാനിക് ,എഞ്ചിനീയറിംഗ് ഡ്രോയിംഗ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ആന്‍റ് ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളില്‍ ത്രിമാന (ത്രീ ഡി) ഇന്ററാക്റ്റീവ് അധ്യാപന സഹായി വികസിപ്പിച്ചിട്ടുണ്ട്.
  • ക്ലാസ്സില്‍ സജീവമായി ഇടപഴകുന്നതിനും പഠന പ്രക്രിയയില്‍ കുട്ടികളുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി മുഴുവനും വളരെ പാരസ്പര്യ പ്രവര്‍ത്തനവും ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നവുമായതിനാല്‍ പരിശീലകന് പരിപാടി സഹായിക്കുന്നു.
  • ത്രിമാന (ത്രീ ഡി ) ഇന്ററാക്റ്റീവ് അധ്യാപന സഹായി തിയറിയും പ്രാക്റ്റിക്കലും വളരെ ആഴത്തില്‍ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
  • ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയ ഐ,റ്റി.ഐ കളാണ് നമ്മുടെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളുടെ മുഖമുദ്ര. പരിശീലനങ്ങളില്‍ വിവിധ നൂതന സങ്കേതങ്ങള്‍ അവലംബിച്ചിട്ടുണ്ട്. നമ്മുടെ സ്ഥാപനങ്ങളുടെ പ്രകടനംമെച്ചപ്പെടുത്തി മികച്ച പരീക്ഷാഫലം ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു. വകുപ്പിന്റെ ഇത്തരം സംരംഭങ്ങളെ തിരിച്ചറിഞ്ഞ് 24 ഐ.റ്റി.ഐ കള്‍ക്ക് ഐ.എസ്.ഒ സെര്‍റ്റിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.

ഐ.എസ്.ഒ സെര്‍ട്ടിഫിക്കറ്റ് നേടിയ ഐ.റ്റി.ഐ.കള്‍ ചുവടെ കൊടുക്കുന്നു.

വനിതാ ഐ.റ്റി.ഐ കോഴിക്കോട്, ഏറ്റുമാനൂര്‍ ഐ.റ്റി.ഐ, മാള ഐ.റ്റി.ഐ, വനിതാ ഐ.റ്റി.ഐ കളമശ്ശേരി, കോഴിക്കോട് ഐ.റ്റി.ഐ, കല്‍പെറ്റ ഐ.റ്റി.ഐ, കണ്ണൂര്‍ ഐ.റ്റി.ഐ, വനിതാ ഐ.റ്റി.ഐ കഴക്കുട്ടം, ആറ്റിങ്ങല്‍ ഐ.റ്റി.ഐ, ചെന്നീര്‍കര ഐ.റ്റി.ഐ, കളമശ്ശേരി ഐ.റ്റി.ഐ, വനിത ഐ.റ്റി.ഐ ചാലക്കുടി, അരീക്കോട് ഐ.റ്റി.ഐ, ചെങ്ങന്നൂര്‍ ഐ.റ്റി.ഐ, ധനുവെച്ചപുരം, ചാക്ക ഐ.റ്റി.ഐ, വനിത ഐ.റ്റി.ഐ കൊല്ലം, പള്ളിക്കാത്തോട്, കട്ടപ്പന, ചാലക്കുടി, മലമ്പുഴ ഐ.റ്റി.ഐ, വനിത ഐ.റ്റി.ഐ, കാസര്‍കോട് ഐ.റ്റി.ഐ.

ബയോമെട്രിക് ഹാജര്‍ സംവിധാനം

സ്റ്റേക്ക്ഹോള്‍ഡേഴ്സിന് ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനും അച്ചടക്കമുള്ള തൊഴില്‍ ശക്തിയെ നിലനിര്‍ത്തുന്നതിനും വകുപ്പില്‍ ഒരു ബയോമെട്രിക് ഹാജര്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. അച്ചടക്കമുള്ള പ്രഫഷണലുകളുടെ ഒരു സഞ്ചയം സൃഷ്ടിക്കുന്നതിനായി ട്രെയിനികളെയും ഇതിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്.

ഡിജിറ്റല്‍ ഫയല്‍ മാനേജ്മെന്റ് സിസ്റ്റം

വകുപ്പ്, സമയ ബന്ധിതമായ പ്രവര്‍ത്തനവും മികച്ച സേവനവും നല്‍കുന്ന പേപ്പര്‍ രഹിത ഓഫീസ് സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടുകൂടി വകുപ്പിന്റെ ഡയറക്ടറേറ്റില്‍ ഡിജിറ്റല്‍ ഫയല്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കി.

ഐ.റ്റി.ഐ കളുടെ വെബ്സൈറ്റുകളുടെ വികസനം

ഡി.ജി.ഇ.&റ്റി യുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് സര്‍ക്കാരിന്റെ പ്രത്യേക വിഭാഗങ്ങളുടെ വെബ്സൈറ്റുകള്‍ വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍, കോഴ്സുകള്‍, പ്രവേശന വിവരങ്ങള്‍, ഫാക്കല്‍റ്റി, സേവനങ്ങള്‍, പ്രത്യേകതകള്‍, കണ്‍സള്‍ട്ടന്‍സി, ഭാവി പരിപാടികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റ് നല്‍കുന്നു.

ബോക്സ് 4.1.11
2015-16 ലെ നാഴിക കല്ലുകള്‍
  • വകുപ്പിന്റെ സംരംഭങ്ങള്‍ അംഗീകരിച്ചുകൊണ്ട് ധനുവെച്ചപുരം, ചാക്ക, കൊല്ലം, കൊല്ലം(വനിത), പള്ളിക്കാത്തോട്, കട്ടപ്പന, ചാലക്കുടി, മലമ്പുഴ, കണ്ണൂര്‍ (വനിത), കാസറഗോഡ് എന്നീ 10 ഐ.റ്റി.ഐകള്‍ക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നല്‍കി.
  • സമയ ബന്ധിതമായ പ്രവര്‍ത്തനവും മികച്ച സേവനവും നല്‍കുന്ന പേപ്പര്‍ രഹിത ഓഫീസ് പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് ഡിജിറ്റല്‍ ഫയല്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കി.
  • പോഷകാഹാര പരിപാടി ആരംഭിച്ചു. എല്ലാ ഗവണ്മെന്റ് ഐ.റ്റി.ഐ കളിലെയും ട്രെയിനികള്‍ക്ക് മുട്ടയും പാലും വിതരണം ചെയ്തു.
  • അട്ടപ്പാടി,നിലമ്പൂര്‍ , ആര്യനാട് ഐ.റ്റി.ഐ കളില്‍ ഉച്ച ഭക്ഷണ പരിപാടി ആരംഭിച്ചു.
  • 2017 മാര്‍ച്ചില്‍ മൂന്നു പ്രദേശങ്ങളിലായി തൊഴില്‍ മേള നടത്തി. ഇതിലൂടെ ഐ.റ്റി.ഐ കളില്‍ നിന്നും പഠിച്ചിറങ്ങിയ ഏകദേശം 2800 ട്രെയിനികള്‍ക്ക് ഉദ്യോഗ നിയമനം നല്‍കുവാനായി.
  • കിഫ്ബി ഫണ്ടുപയോഗിച്ച് 10 ഐ.റ്റി.ഐ കളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വകുപ്പ് നടപടികള്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ടഐ.റ്റി.ഐ കളാണ് ഐ.റ്റി.ഐ ധനുവെച്ചപുരം, ഐ.റ്റി.ഐ കൊല്ലം, ഐ.റ്റി.ഐ ചെങ്ങന്നൂര്‍, ഐ.റ്റി.ഐ ഏറ്റുമാനൂര്‍, ഐ.റ്റി.ഐ കട്ടപ്പന.
  • ഐ.റ്റി.ഐ ചാലക്കുടി, ഐ.റ്റി.ഐ മലമ്പുഴ, ഐ.റ്റി.ഐ കൊയിലാണ്ടി, ഐ .റ്റി.ഐ കണ്ണൂര്‍, ഐ.റ്റി.ഐ കയ്യൂര്‍. പദ്ധതിയ്ക്കായുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജോലി പ്രത്യേക ഉദ്ദേശ മാധ്യമമായ കെയിസില്‍ നിക്ഷിപ്തമാണ്.
  • എല്ലാ ഐ.റ്റി.ഐ കളിലും പ്ലയ്സ് മെന്‍റ് സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്, 2017 മാര്‍ച്ചു വരെ 1642 ട്രെയിനി കള്‍ക്ക് ഉദ്യോഗ നിയമനം ലഭിച്ചു.
  • പുതിയ തലമുറയ്ക്കനുയോജ്യമായ സംരംഭങ്ങളിലേക്ക് വഴി നടത്തുന്നതിനാവശ്യമായ നൈപുണ്യങ്ങളും സാങ്കേതിക വിദ്യകളും ആര്‍ജ്ജിക്കുന്നതിനും യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ സംസ്ക്കാരം വളര്‍ത്തുന്നതിനും സംസ്ഥാനത്തു ജില്ലാ വ്യാവസായ കേന്ദ്രങ്ങളുടെ സഹായത്തോടെ എല്ലാ ഐ.റ്റി.ഐ കളിലും സംരംഭകത്വ വികസന ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്.