സാമൂഹ്യ നീതി- തൊഴിലും തൊഴിലാളിക്ഷേമവും

തൊഴിലാളികളുടെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആയതുകൊണ്ട്തന്നെ തൊഴിൽ തൊഴിലാളി ക്ഷേമ മേഖല വളരെ സുപ്രധാനവും നിർണ്ണായകവുമാണ്. ഈ ആഗോളീകരണ കാലഘട്ടത്തിൽ തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ള ആവശ്യങ്ങളോട് ദേശീയ സമ്പദ് വ്യവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് കേരളം പ്രതികരിച്ചിട്ടുള്ളത്. തൊഴിൽ വിപണിയുടെ മാറുന്ന ആവശ്യങ്ങളോട് ഒരു അവകാശാധിഷ്ഠിത സമീപനമാണ് കേരളം പിന്തുടർന്നിട്ടളളത്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് തുല്യ സംഭാവനകൾ നൽകിയിട്ടുള്ള വ്യവസായ മേഖലയുടേയും ഒപ്പം വ്യക്തിഗത തൊഴിലാളികളുടേയും സർവ്വോന്മുഖ വളർച്ചയ്ക്ക് സഹായിക്കുന്ന രീതിയിലാണ് ഗവണ്‍മെന്റിന്റെ നയപരമായ ഇടപെടലുകൾ. ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിചെയ്യാനുള്ള അവകാശം, വിവേചനത്തിനെതിരെയുള്ള അവകാശം, ബാലവേല തടയൽ, സമൂഹ്യ സുരക്ഷിതത്വം, കൂലിയുടെ സംരക്ഷണം, പരാതികളുടെ പരിഹാരം, ട്രേഡ് യൂണിയനിൽ ചേരാനും സംഘടിക്കാനുമുള്ള അവകാശം, സംഘടിതമായുള്ള വിലപേശൽ, ഭരണത്തിലുള്ള പങ്കാളിത്തം എന്നിങ്ങനെ കേരളത്തിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നിരന്തര ഇടപെടൽ ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്നു. ഓരോ തൊഴിലാളിയും ക്ഷേമ ബോർഡിൽ അംഗമായിരിക്കണമെന്നും അതു വഴിഅവരുടെ ജീവിതം സംരക്ഷിക്കപ്പെടണമെന്നുമുള്ള അഭിപ്രായമാണ് ഗവണ്‍മെന്റിനുള്ളത്. നിലവിൽ 32 തൊഴിലാളിക്ഷേമ ബോർഡുകൾ സംസ്ഥാനത്ത് നിലനിൽക്കുന്നു. അതിൽ 16 എണ്ണവും ലേബർ കമ്മീഷണറേറ്റിന് കീഴിലാണ്.

2002-03 മുതൽ എട്ട് ശതമാനം വാർഷിക വളർച്ചാ നിരക്ക് എന്ന സാഹചര്യം നിൽനിൽക്കുന്നുണ്ടെങ്കിലും ഇന്ന് കേരളം തൊഴിൽ മേഖലയിൽ അഭിമുഖീകരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. അതിന് കാരണം വലിയ തോതിലുള്ള തൊഴിലില്ലായ്മയും, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന അഭ്യസ്ത വിദ്യരും കുറഞ്ഞ ഉല്പാദനക്ഷമതയുള്ള തൊഴിലും, തൊഴിൽ വൈദഗ്ദ്ധ്യത്തിലും പരിശീലനത്തിലുമുള്ള കുറവും, തൊഴിലിൽ പങ്കെടുക്കുവാനുള്ള തൊഴിലാളികളുടെ വൈമുഖ്യുവം, ജനസംഖ്യാനുപാതികമായി തൊഴിലാളികളുടെ കുറവുമാണ്. ചുരുക്കിപറഞ്ഞാൽ തൊഴിലവസരങ്ങളും തൊഴിലധിഷ്ഠിത വളർച്ചയും സംസ്ഥാനം സൃഷ്ടിക്കേണ്ടിയിരിക്കുന്നു എന്നിരുന്നാലും കുറഞ്ഞ മൂല്യ വർദ്ധിത തൊഴിലിൽ നിന്നും കൂടിയ മൂല്യ വർദ്ധിത മേഖലയിലേക്ക് തൊഴിലാളികളെ കരകയറുവാനും തൊഴിൽ അധിഷ്ഠിത വികസനം കൈവരിക്കുവാനും തൊഴിൽ ലഭ്യത ഉറപ്പാക്കുവാനും സർക്കാർ നിർബന്ധിതമാണ്. ഗ്രാമീണ- നഗര മേഖലകളിൽ തൊഴിൽ ഉണ്ടാക്കുന്ന രീതിയിലുളള വികസനം നേടിയെടുക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കായി ഒരു ഏകീകൃതവും സംയോജിതവുമായ നിയമ നിർമ്മാണം നടത്തുക, ദുർബലരായ തൊഴിലാളികൾക്ക് ഗുണകരമാവുംവിധം ധനവിനിയോഗ മുൻഗണനാക്രമം പുനരാവിഷ്ക്കരിച്ചും, ഉല്പാദനക്ഷമതയുമായി ചേർത്ത് ദീർഘകാലാധിഷ്ഠിതമായി തുക വിന്യസിക്കുക, കാലഘട്ടത്തിനനുസൃതമായി തൊഴിൽ നിയമങ്ങളിൽ പരിഷ്ക്കാരം വരുത്തുക, 1947 ലെ വ്യവസായിക തർക്ക നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുക, സിലബസും കരിക്കുലവും നവീകരിക്കുക.വ്യാവസായക പരിശീലന സ്ഥാപനങ്ങളിലെ മേൽനോട്ടം എന്നിവയാണ് നിലവിലുള്ള തൊഴിൽ നിയമം വിഭാവനം ചെയ്യുന്നത്.അന്തർദേശീയ- അന്തർ സംസ്ഥാന തൊഴിലാളി കുടിയേറ്റത്തിന്റെ സാഹചര്യത്തിൽ തൊഴിൽ പരിഷ്ക്കാരങ്ങളുടെ മേൽനോട്ടവും വിലയിരുത്തലും കൂടെ പരിഗണിക്കേണ്ടതാണ്.

ദിവസവേതനനിരക്ക്

രാജ്യത്തിന്റെമറ്റുഭാഗങ്ങളുമായി താരതമ്യംചെയ്യുമ്പോൾ കാർഷിക-കാർഷികേതര മേഖലകളിലെ തൊഴിലാളികളുടെ കൂലിനിരക്ക് കേരളത്തിൽ വളരെ കൂടുതലാണ്. ഇന്ത്യാഗവണ്മെന്റിന്റെ ലേബർ ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തിലെ ഗ്രാമീണമേഖലയിൽ പുരുഷന്മാർക്ക് കാർഷിക ജോലികൾക്ക് ശരാശരി 658.93 രൂപാ ദിവസക്കൂലി ലഭിക്കുന്നു. ഈവിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ദേശീയ ശരാശരികൂലി 265.36 രൂപയാണ്. കേരളത്തിലെ കൂലി നിരക്ക് ദേശീയ ശരാശരിയെക്കാൾ 2.5 ഇരട്ടിയാണ്. ചിത്രം 4.3.12 -ൽ കേരളത്തിലെ പുരുഷന്മാരുടെ ഗ്രാമീണ-കാർഷിക മേഖലയിലെ കൂലിനിരക്ക് ദേശീയ ശരാശരിയുമായും, മറ്റ് തെക്കൻ സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്ത് കാണിച്ചിരിക്കുന്നു.

ചിത്രം 4.3.12
ഗ്രാമീണ കേരളത്തിൽ പുരുഷ കർഷക തൊഴിലാളികൾക്കുളള ശരാശരി കൂലി (ജൂലൈ 2017 അനുസരിച്ച്)
അവലംബം: തൊഴിൽ മന്ത്രാലയം, ഭാരത സർക്കാർ

ദേശീയ ശരാശരി നിരക്കായ 206.59 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സ്ത്രീകളുടെ ഗ്രാമീണ മേഖലയിലെ കാർഷിക കൂലിനിരക്ക് 442.5 രൂപയാണ്. വിതയ്ക്കുകയും, വിളവെടുക്കുകയും ചെയ്യുന്ന തൊഴിലാളികൾക്ക് കേരളത്തിൽ യഥാക്രമം 502.36 രൂപയും, 526.53 രൂപയും വീതം ലഭിക്കുന്നു. ചിത്രം 4.3.13 -ൽ സ്ത്രീ കർഷക തൊഴിലാളികൾക്ക് തെക്കൻ സംസ്ഥാനങ്ങളിൽ ലഭിക്കുന്നകൂലിനിരക്ക് താരതമ്യം ചെയ്ത് കാണിച്ചിരിക്കുന്നു.

ചിത്രം 4.3.13
ഗ്രാമീണ കേരളത്തിൽ സ്ത്രീ കർഷക തൊഴിലാളികൾക്കുളള ശരാശരി കൂലി (2017 ജൂലൈ അനുസരിച്ച്)
അവലംബം: തൊഴിൽ മന്ത്രാലയം, കേരള സർക്കാർ

കേരളത്തിലെ കാർഷിക മേഖലയിലെ കൂലിനിരക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും സ്ത്രീ/പുരുഷ കൂലി നിരക്കിലുള്ള വ്യത്യാസം വളരെ ശ്രദ്ധേയമാണ്. വിളവെടുക്കുന്നതിനും, മെതിക്കുന്നതിനും, അടിച്ചുപെറുക്കുന്നതിനു (പാറ്റുന്നതിനും)മുള്ള, ഗ്രാമീണ മേഖലയിലെ ആണ്-പെണ്ണ് കൂലിനിരക്കിലുള്ള വിടവ് 33 ശതമാനമാണ് ചിത്രം 4.3.14 -ൽ ചേർത്തിരിക്കുന്നു. അതായത് പുരുഷന്മാരുടെ കൂലിയുടെ 67 ശതമാനം മാത്രമേ സ്ത്രീകൾക്ക് ലഭിക്കുന്നുള്ളൂ. കേരളത്തിലെയും മറ്റ് തെക്കൻ സംസ്ഥാനങ്ങളിലെയും കാർഷിക മേഖലയിലെ കൂലിനിരക്കിലുള്ള വ്യത്യാസം ചിത്രം 4.3.15 -ൽ ചേർത്തിരിക്കുന്നു.

ചിത്രം 4.3.14
സ്ത്രീ- പുരുഷ കർഷക തൊഴിലാളികൾക്കുളള കൂലിയിലുളള വിടവ്
അവലംബം: തൊഴിൽ മന്ത്രാലയം, കേരള സർക്കാർ
ചിത്രം 4.3.15
കേരളത്തിലെ കാർഷികേതര ജോലിചെയ്യുന്നവരുടെ ശരാശരി കൂലി ജൂലൈ 2017
അവലംബം: തൊഴിൽ മന്ത്രാലയം, കേരള സർക്കാർ

കാർഷിക തൊഴിലാളികളുടേതുപോലെ തന്നെ കാർഷികേതര ജോലികൾക്കുള്ള കൂലിനിരക്കും കേരളത്തിൽ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളതിനെക്കാൾ കൂടുതലാണ് (ചിത്രം 4.3.16). ഇത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്നു. സ്ത്രീ/പുരുഷ കൂലിയിലുളള വ്യത്യാസം ലിംഗപദവിയിലുളള സമത്വം സാക്ഷാത്കരിക്കുന്നത് അതി വിദൂരമാണ് എന്നതിന്റെ സൂചനയാണ്.

ചിത്രം 4.3.16
ജൂലൈ 2016 മുതൽ ജൂലൈ 2017 വരെയുളള കാലഘട്ടത്തിൽ കേരളത്തിലെ കൂലിയിലുണ്ടായ വളർച്ച
അവലംബം: തൊഴിൽ മന്ത്രാലയം, കേരള സർക്കാർ

തൊഴിൽ ഘടന

കേരളത്തിലെ തൊഴിലാളികൾ പ്രധാനമായും അനൗപചാരികമേഖലയിലും (കയറ്റിറക്ക്, കാഷ്വൽ ജോലി, കെട്ടിട നിർമ്മാണം, തൊഴിൽ, ഇഷ്ടികനിർമ്മാണം, സ്വയംതൊഴിൽ മുതലായവ), പരമ്പരാഗത വ്യവസായത്തിലും (കയർ, കശുവണ്ടി, കൈത്തറി, ബീഡി മുതലായവ), ഉല്പാദന മേഖലയിലും (ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങൾ), ഐ.ടിവ്യവസായത്തിലും കയറ്റുമതി പ്രോത്സാഹന മേഖലകളിലും ചിലകാലങ്ങളിൽ മാത്രം ജോലിചെയ്യുന്നവരും ആകുന്നു.

വ്യവസായബന്ധങ്ങൾ

വ്യാവസായിക വളർച്ചയുടെ പ്രധാനമാർഗ്ഗമാണ് തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള സൗഹാർദ്ദപരമായ അന്തീക്ഷം നിലനിർത്തുക എന്നത്. ആയതിനാൽ വ്യവസായികളായ തൊഴിലുടമയുടേയും തൊഴിലാളികളുടേയും ഇടയിൽ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നത് തൊഴിൽ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. വ്യവസായ മേഖലയിലുളള സമരങ്ങൾ കേരളത്തിൽ സാരമായി കുറഞ്ഞിട്ടുണ്ട്. അത് മൂലം വളർച്ച, വ്യാവസായികാന്തരീക്ഷം, സുസ്ഥിര വികസനം എന്നിവ സാധ്യമാകുന്നു.

സമരംമൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ

2017 -ലെ (ജൂലൈ വരെ) കണക്കു പ്രകാരം 85.120 ആയിരം ആണ്. 2013 -ൽ ഇത് 2.68 ലക്ഷമായിരുന്നു. സമരംമൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ ചിത്രം. 4.3.17 കൊടുത്തിരിക്കുന്നു.

ചിത്രം 4.3.17
സമരം മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍
അവലംബം: തൊഴിൽ മന്ത്രാലയം, കേരള സർക്കാർ
ബോക്സ് 4.3.13
1947-ലെ വ്യവസായ തർക്ക നിയമപ്രകാരമുള്ള ആശയങ്ങളുടെ വിശദാംശങ്ങൾ

സമരം: നിയമത്തിലെ വകുപ്പ് 2(9) അനുസരിച്ച് സമരം എന്നത് ഏതെങ്കിലും വ്യവസായ യൂണിറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾ ജോലിയിൽ നിന്നും സംഘടിതമായി വിട്ടുനിൽക്കുന്നതോ അല്ലെങ്കിൽ പൊതുവായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിട്ടു നിൽക്കുന്നതോ ആണ്.

പണിനിറുത്തൽ: സെക്ഷൻ 2(1) നിർവചിച്ചിരിക്കുന്ന തൊഴിലിടം താൽക്കാലികമായി അടച്ചിടുകയോ, പണിമുടക്കമോ അല്ലെങ്കിൽ തൊഴിലും അയാൾ തൊഴിൽ നൽകുന്ന വ്യക്തികളെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് നിഷേധിക്കുകയോ ചെയ്യുന്നതാണ്.

സാമ്പത്തികമാന്ദ്യവും മറ്റും കാരണം ജോലിക്കാരെ പിരിച്ചുവിടുക: നിയമത്തിലെ സെക്ഷൻ (2kkk) അനുസരിച്ച് പലകാരണങ്ങൾ കൊണ്ട് ജോലിക്കാരെ പിരിച്ചുവിടുക എന്നത് അർത്ഥമാക്കുന്നത് ഇന്ധനങ്ങളുടെ ദൗർലഭ്യം, ഊർജ്ജം, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ദൗർലഭ്യം കാരണവും അല്ലെങ്കിൽ യന്ത്രതകരാർ, പ്രകൃതി ദുരന്തങ്ങൾ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണത്താൽ വ്യവസായ സ്ഥാപനത്തിന്റെ ജോലിക്കാരുടെ പേരുവിവര പട്ടികയിലുൾപ്പെട്ടിട്ടുള്ള ജോലിക്കാരെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുന്നതാണ്.

അവലംബം: 2013 -ൽ ഇന്ത്യയിൽ പണിനിറുത്തലും ജോലിക്കാരെ പിരിച്ചുവിടലും, ലേബർ ബ്യൂറോ, തൊഴിൽ മന്ത്രാലയം, ഭാരതസർക്കാർ

ലോക്ക്ഔട്ട്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ

ലോക്ക്ഔട്ട്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ കൂടുന്നതായിട്ട് കാണുന്നു. ലോക്ക്ഔട്ട്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ 2014-ൽ 2.91 ലക്ഷമാണ്. അത് 2016 പ്രകാരം 5.26 ലക്ഷമായിട്ട് കൂടിയിരിക്കുന്നു. ലോക്ക്ഔട്ട്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ 2017 (ജൂലൈ വരെ)-ലെ കണക്കു പ്രകാരം 3.59 ലക്ഷമാണ്. ചിത്രം 4.3.18 ലോക്ക്ഔട്ട്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങളുടെ വിവരങ്ങൾ നൽകുന്നു.കഴിഞ്ഞ പത്തുവർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫാക്ടറികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുളളത്.

ചിത്രം 4.3.18
ലോക്ക് ഔട്ട്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ
അവലംബം: ലേബർ കമ്മീഷണറേറ്റ് , കേരള സർക്കാർ

ലേ ഓഫ്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ

ലേഓഫ്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ 2014 -ൽ 68,337 ആയിരുന്നു. അത് 2016 പ്രകാരം 424,650 ലക്ഷമായിട്ട് കൂടിയിരിക്കുന്നു. ലേഓഫ്മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ 2017 (ജൂലൈ വരെ) –ലെ കണക്കു പ്രകാരം 3.23 ലക്ഷമാണ്. ചിത്രം 4.3.19 - യിലെ ലേ ഓഫ് മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങളുടെ വിവരങ്ങൾ നൽകുന്നു.

ചിത്രം 4.3.19
ലേ ഓഫ് മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ

2005-ൽ വ്യവസായശാലകളുടെ എണ്ണം 17,641 ആയിരുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറികളുടെ എണ്ണത്തിന്റെ വിശദാംശങ്ങൾ ചിത്രം 4.3.20 -ൽ കൊടുത്തിരിക്കുന്നു. . അത് 2017-ൽ 22,998 ആയി വർദ്ധിച്ചിട്ടുണ്ട്. തത്ഫലമായി തൊഴിലാളികളുടെ തൊഴിൽ ലഭ്യത (ശരാശരി ദിവസ തൊഴിൽ) 2005-06 -ൽ 4.46 ലക്ഷത്തിൽ നിന്നും 7.02 ലക്ഷമായി 2016 -ൽ വർദ്ധിച്ചിട്ടുണ്ട് (ചിത്രം 4.3.21). 2017 (ജൂലൈ വരെ) -ലെ കണക്കു പ്രകാരം 6.78 ലക്ഷമാണ്.

ചിത്രം 4.3.20
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുടെ എണ്ണം
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ
ചിത്രം 4.3.21
ഫാക്ടറി തൊഴിലാളികളുടെ എണ്ണം
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ

വ്യവസായ തർക്കങ്ങൾ

ഒരുക്ഷേമരാഷ്ട്രത്തിന്റെ ആവശ്യം അവരുടെ തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുക എന്നതും ആ ലക്ഷ്യം ഉയർത്തിപ്പിടിക്കുന്നതിനായി തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങളെ രമ്യതയോടും ഇരുകൂട്ടർക്കും ശരിയായരീതിയിലുള്ള പരിഹാരം കണ്ടെത്തുന്നതിനും ഉചിതമായ വേദി ഒരുക്കുക എന്നതുമാണ്. 1947 -ലെ വ്യവസായ തർക്കനിയമം തർക്കപരിഹാരത്തിന്റെ നിയമപരമായ കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. 2012-13 ആരംഭത്തിലുണ്ടായിരുന്ന 3890 തൊഴിൽ തർക്കങ്ങൾ 2016-17 -ൽ 2,913 ആയി കുറഞ്ഞു (ചിത്രം 4.3.22). 2013-14 -ൽ തർക്കപരിഹാരത്തിനായി പരിഗണിക്കപ്പെട്ട 5909 കേസുകളിൽ 2384 കേസുകൾക്കാണ് ഈ കാലയളവിൽ പരിഹാരം നിർദ്ദേശിക്കപ്പെട്ടത് (40.3 ശതമാനം) (ചിത്രം 4.3.23). 2016-17-ൽ ആകട്ടെ 6682 കേസുകൾ തർക്ക പരിഹാരത്തിനുണ്ടായിരുന്നതിൽ 3214 എണ്ണമാണ് പരിഹൃതമായത് (48 ശതമാനം). കേരളത്തിലെ പരാതികളുടെ വിശദാംശം അനുബന്ധം 4.3.61 -ൽ കൊടുത്തിരിക്കുന്നു.

ചിത്രം 4.3.22
കേരളത്തിലെ വ്യവസായ തർക്കങ്ങളുടെ വിവരങ്ങൾ
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ
ചിത്രം 4.3.23
2013-2016 കാലഘട്ടത്തിൽ പരിഹരിക്കപ്പെട്ട കേരളത്തിലെ വ്യവസായ തർക്കങ്ങൾ (ശതമാനത്തിൽ)
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ

വ്യവസായ ശാലകളിലെ തൊഴിലാളികൾക്കുള്ള സുരക്ഷ

വിവിധ നിയമങ്ങൾ നടപ്പാക്കി എല്ലാ തൊഴിലാളികൾക്കും ഫാക്ടറിയുടെ സമീപവാസികൾക്കും സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്ന നിയമ പ്രകാരമുള്ള വകുപ്പാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്. തൊഴിലാളികളുടെ സുരക്ഷയ്ക്കായി വർഷാവർഷം വകുപ്പ് വിവിധ പരിപാടികൾ നടപ്പാക്കുന്നുണ്ട്. 2017-18 (ജൂലൈ വരെ) മുന്തിയ അപകട സാദ്ധ്യതയുള്ള വ്യവസായശാലകളിൽ 28 മുൻഗണനാപരിശോധനകളും, അപകട സാദ്ധ്യതയുള്ള ഫാക്ടറികളിൽ വിദഗ്ദ്ധരായ ഇൻസ്പെക്ടർ മാരെ കൊണ്ട് 112 പരിശോധനകളും 24 വായുപരിശോധന പഠനങ്ങളും ഫാക്ടറി തൊഴിലാളികൾക്കായി ക്രഷർ ഫാക്ടറിയിൽ ഒരു വൈദ്യപരിശോധനാ ക്യാമ്പും നടപ്പിലാക്കിയിട്ടുണ്ട്. ഈ വകുപ്പ് ഒട്ടേറെ പരിശീലന പരിപാടികൾ തൊഴിലാളികൾക്ക് മാത്രമല്ല വ്യവസായശാലകൾക്ക് സമീപമുള്ള സ്കൂൾ കുട്ടികൾ, പൊതുജനങ്ങൾക്കും നൽകിവരുന്നുണ്ട്.വ്യവസായ അപകടങ്ങളും ബാധിക്കപ്പെട്ട സ്ഥാപനങ്ങൾ/തൊഴിലാളികൾ എന്നിവ അനുബന്ധം 4.3.62 ലും അനുബന്ധം 4.3.63 ലും നൽകിയിട്ടുണ്ട്.ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിന്റെ പരിപാടികൾ അനുബന്ധം 4.3.64 നൽകിയിരിക്കുന്നു.

രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആർ.എസ്.ബി.വൈ)

അസംഘടിതമേഖലയിൽ പണിയെടുക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി 2008-09 വർഷത്തിൽ ആരംഭിച്ച കേന്ദ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആർ.എസ്.ബി.വൈ). കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് ആർ.എസ്.ബി.വൈ പദ്ധതി കേരളത്തിലെ 14 ജില്ലകളിലും നടപ്പാക്കുന്നത്. തൊഴിലാളികളുടെ ഭാര്യ/ഭർത്താവ്, കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ ഉൾപ്പെടെ 5 അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ വാർഷിക ഇൻഷ്വറൻസ് പരിരക്ഷ 30,000 രൂപയാണ്. ടെണ്ടർ നടപടിയിലൂടെയാണ് വാർഷിക ഇൻഷ്വറൻസ് പ്രീമിയം തീരുമാനിക്കുന്നത്. കേന്ദ്രഗവൺമെന്റിന്റെ പുതുക്കിയ നിർദ്ദേശം അനുസരിച്ച് പ്രീമിയം തുകയുടെ 60 ശതമാനം കേന്ദ്രഗവൺമെന്റും (സ്മാർട്ട് കാർഡിന്റെ ചെലവ് ഉൾപ്പെടെ) 40 ശതമാനം തുക സംസ്ഥാന സർക്കാരും (പ്രീമിയത്തിന്റെ വിഹിതവും ഭരണ ചെലവുകളും) വഹിക്കണം. ഇത് നടപ്പിലാക്കുന്നത് ചിയാക് എന്ന ഏജൻസി വഴിയാണ്. ഗുണഭോകതാക്കൾ 30 രൂപ രജിസ്ട്രേഷൻ ഫീസായി നൽകേണ്ടതുണ്ട്. ഈ പദ്ധതി സംസ്ഥാനത്ത് ഒക്ടോബർ 2008 മുതൽ നടപ്പിലാക്കിവരുന്നു.

സമഗ്ര ആരോഗ്യ ഇഷ്വറൻസ് പദ്ധതി (ചിസ്)

മുൻകാല ആസൂത്രണ കമ്മീഷന്റെ മാർഗ്ഗരേഖകൾ അനുസരിച്ച് ആർ.എസ്.ബി.വൈ പദ്ധതിയിൽ അംഗമല്ലാത്ത ദാരിദ്ര്യരേഖയ്ക്കു താഴെയല്ലാത്ത എന്നാൽ തീർത്തും നിർദ്ധനരുമായ കുടുംബങ്ങൾക്കായി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (ചിസ്) വ്യാപിപ്പിച്ചിട്ടുണ്ട്. ആർ.എസ്.ബി.വൈ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങളെ രണ്ടായി തിരിക്കുന്നു. എ) ആസൂത്രണ കമ്മീഷന്റെ പട്ടികയിൽ ഉൾപ്പെടാത്തവരും എന്നാൽ സംസഥാന സർക്കാർ തയ്യാറാക്കിയ ദാരിദ്ര്യരേഖ പട്ടികയിൽ ഉൾപ്പെടുന്നവരും. ബി) ആസൂത്രണ കമ്മീഷന്റെ മാർഗ്ഗരേഖ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള പട്ടികയിലും സംസ്ഥാനസർക്കാരിന്റെ പട്ടികയിലും ഉൾപ്പെടാത്ത എ.പി.എൽ കുടുംബങ്ങൾ. എ വിഭാഗത്തിലെ ഗുണഭോക്താക്കൾ 30 രൂപ സ്മാർട്ട് കാർഡിന് സംഭാവനയായി നൽകേണ്ടതാണ്. ആർ.എസ്.ബി.വൈ പോലെ തന്നെ ഒരു കുടുംബത്തിന് 30,000 രൂപയാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്. ഈ പദ്ധതിയുടെ മൊത്ത പ്രീമിയവും സംസ്ഥാന സർക്കാരാണ് നൽകുന്നത്.സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി പദ്ധതിയുടെ നടത്തിപ്പിന്റെ വിവരങ്ങൾ പട്ടിക 4.3.20 -ൽ നൽകിയിട്ടുണ്ട്. അംഗീകരിക്കപ്പെട്ട സ്വകാര്യ, പൊതുമേഖല, സഹകരണ ആശുപത്രിയിൽ കൂടിയാണ് ഈ പദ്ധതി ലഭ്യമാക്കുന്നത്. ഇതിന്റെ പരിധി 100,000 ലക്ഷം രൂപയാക്കാൻ സാദ്ധ്യതയുണ്ട്. ആർ.എസ്.ബി.വൈ- ചിസ് പദ്ധതി കൂടാതെ ചിസ് പ്ലസ് എന്ന പദ്ധതിയുമുണ്ട്.

പട്ടിക 4.3.20
ആർ.എസ്.ബി.വൈ/ചിസ് പദ്ധതികളുടെ ഭൗതിക സാമ്പത്തിക നേട്ടങ്ങൾ
വർഷം രോഗികളുടെ എണ്ണം (ലക്ഷത്തിൽ) തുക (കോടിയിൽ)
പൊതു സ്വകാര്യം ആകെ പൊതു സ്വകാര്യം ആകെ
2015-2016 3.71 1.53 5.24 145.32 60.27 205.59
2016-2017 3.88 1.95 5.83 167.65 91.78 259.43
ആകെ 7.59 3.48 11.07 312.97 152.05 465.02
അവലംബം: ലേബർ കമ്മീഷണറേറ്റ്

ആം ആദ്മിബിമയോജന

രാജ്യത്ത് ആകമാനം 48 വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്ന കേന്ദ്രഗവൺമെന്റിന്റെ ഇൻഷ്വറൻസ് പദ്ധതിയാണ് ആംആദ്മിബീമ യോജന (എ.എ.ബി.വൈ). ഈ പദ്ധതി പ്രകാരം ഗ്രാമീണ ഭൂരഹിത കുടുംബങ്ങളിലെ കുടുംബനാഥനെയോ അല്ലെങ്കിൽ വരുമാനം ആർജ്ജിക്കുന്ന ഒരു വ്യക്തിയെയോ ഇൻഷ്വർ ചെയ്യുന്നു. പ്രാരംഭഘട്ടത്തിൽ ലേബർ കമ്മീഷണർ മുഖേന നടപ്പാക്കിയ ഈ പദ്ധതി ഇപ്പോൾ ചിയാക്കിൽ നിക്ഷിപ്തമാണ്. പദ്ധതിയുടെ പ്രീമിയം തുകയായ 200 രൂപയുടെ 50ശതമാനം കേന്ദ്രസർക്കാർ പദ്ധതിക്കായി രൂപീകരിച്ച ഫണ്ടിൽ നിന്നും സബ്സിഡിയായും ശേഷിക്കുന്ന 50ശതമാനം സംസ്ഥാന ഗവൺമെന്റും നൽകുന്നു.

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതി

അപകടകരമായ അസുഖങ്ങൾ, മെറ്റേണിറ്റി, വൈകല്യം, ജോലി സംബന്ധമായ അപകടമരണങ്ങൾ എന്നിവയിൽ നിന്നും തൊഴിലാളികളെ രക്ഷിക്കുകയും ഇൻഷ്വർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കും കുടുംബത്തിനും ചികിത്സാസഹായം നൽകുകയുമാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിന് സാമൂഹ്യസുരക്ഷാ പദ്ധതി 1948-ലെ ഇ.എസ്.ഐ ആക്ട് അനുസരിച്ചാണ് നടപ്പാക്കിവരുന്നത്. ഈ പദ്ധതി പത്തോ അതിൽ കൂടുതലോ തൊഴിലാളികളെ വച്ച് മുഴുവൻ സമയ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിച്ചു കൊണ്ടുപോകുന്ന സ്ഥാപനങ്ങളിലും, ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികളെ വച്ച് വൈദ്യുതിയില്ലാതെ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളിലുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കടകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, സിനിമാതിയേറ്ററുകൾ, മോട്ടോർ വാഹന വകുപ്പിന്റെകീഴിൽ വരുന്ന സ്ഥാപനങ്ങൾ, പത്രമോഫീസുകൾ എന്നിവയും ഉൾപ്പെടും. ഓരോ തൊഴിലാളിയും അവരുടെ ഉടമയും അവരുടെ ശമ്പളത്തിന്റെ നിശ്ചിത തുക ഓരോമാസവും ഇ.എസ്.ഐ കോർപ്പേറേഷനിൽ നിക്ഷേപിക്കേണ്ടതാണ്. പ്രീമിയംതുക കാലാകാലങ്ങളിൽ‍ മാറ്റി നിശ്ചയിക്കുന്നതാണ്. ഇതൊരു സ്വാശ്രയ പദ്ധതി ആയതുകൊണ്ടും തുക അവരവരുടെ തൊഴിൽ‍ ശമ്പളത്തിന്റെ ഒരു നിശ്ചിതതുക ആയതുകൊണ്ടും നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു തൊഴിലാളി/ ഉദ്യേഗസ്ഥൻ അവരുടെ ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമ 4.75 ശതമാനവും (ആ തൊഴിലാളിയ്ക്ക്) തുക ഇ.എസ്.ഐയിൽ അടയ്ക്കേണ്ടതാണ്. മൊത്തം 6.5ശതമാനം മാസശമ്പളത്തിന്റെ ഭാഗം ഇതിനു വേണ്ടി ഒടുക്കേണ്ടതാണ്. എന്നിരുന്നാലും, ഒരു തൊഴിലാളിയുടെ ദിവസവരുമാനം 50/- രൂപയിൽ താഴെയാണെങ്കിൽ തുക അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യപരിരക്ഷയും സൗജന്യമായാണ് നല്കുന്നത്. അതായത് തൊഴിലാളിയും അവരുടെ കുടുംബവും സൗജന്യമായി മൊത്തം ആരോഗ്യ ചികിത്സക്ക് അർഹരാണ്. ഇ.എസ്.ഐ ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, ഡയഗ്നോസ്റ്റിക്ക് സെന്ററുകൾ, ഇ.എസ്.ഐ ആശുപത്രികൾ എന്നിവ വഴി ചികിത്സ, സംരക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. ചില തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ആറുതരം ആനുകൂല്യങ്ങളാണ് ഈ പദ്ധതി വഴി നല്കുന്നത്. അത് ആരോഗ്യം, അസുഖം, ഗർഭപരിരക്ഷ, വൈകല്യങ്ങൾ, ആശ്രിതരുടെ ആരോഗ്യം അസുഖം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയാണ്. കേരളത്തിൽ 142 ഇ.എസ്.ഐ ആശുപത്രികളാണുള്ളത്. വിശദാംശങ്ങൾ ചിത്രം 4.3.24 നൽകിയിട്ടുണ്ട്.

ചിത്രം 2.3.24
കേരളത്തിലെ ജില്ല തിരിച്ചുള്ള ഇ.എസ്.ഐ. ഡിസ്പെന്‍സറികള്‍
അവലംബം: ഇൻഷൂറൻസ് മെഡിക്കൽ സർവീസിന്റെ ഡയറക്ടറേറ്റ്, തിരുവനന്തപുരം

കുടിയേറ്റതൊഴിലാളികൾ

നിലവിലെ സംസ്ഥാനത്തിന്റെ തൊഴിൽ മേഖലയിൽ ബംഗാൾ, ബീഹാർ, ഒഡീഷ, ഉത്തർപ്രദേശ്, ചത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കൂടി വരുന്നു. കുടിയേറ്റ തൊഴിലാളികളുടെ ജോലി സംബന്ധിച്ച് തൊഴിൽ സാഹചര്യങ്ങളെപറ്റി ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവീസ് ആക്ട് 1979-ലാണ് പരാമർശിക്കുന്നത്. ഈ ആക്ട് പ്രകാരം കോൺട്രാക്ട് തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോൾ കുടിയേറുന്ന സംസ്ഥാനത്തിൽ നിന്ന് ലൈസൻസ് വാങ്ങിയിരിക്കണം. ഇതുപ്രകാരം കോൺട്രാക്ടറും ജോലി നൽകുന്ന വ്യക്തിയും ഈ ആക്ടിലെ നിയമങ്ങൾ അനുസരിക്കേണ്ടതാണ്. നിയമത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്നതിന്റെ പോരായ്മ കാരണം ഈ ആക്ട് ഫലവത്തായി പ്രവർത്തിക്കുന്നില്ല. ഈ തൊഴിലാളികളിൽ പലരും ആരോഗ്യ സംരക്ഷണമില്ലാതെ തുടരുന്ന അവസ്ഥയിൽ ജീവിക്കുന്നവരാണ്. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ താഴെ കാണും പ്രകാരമാണ് കേരളത്തിൽ വിന്യസിച്ചിരിക്കുന്നത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വന്ന കുടിയേറ്റ തൊഴിലാളികളുടെ വിവരം ചിത്രം 4.3.25 –ൽ കൊടുത്തിരിക്കുന്നു. കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളിൽ 47ശതമാനം പശ്ചിമബംഗാളിൽ‍ നിന്നാണ്. 15 ശതമാനം ഒഡീഷയിൽ നിന്നും, 11 ശതമാനം ആസാമിൽ നിന്നുമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ 17ശതമാനംഉം ആയി ഒന്നാംസ്ഥാനത്ത് എറണാകുളവും, അതിനുശേഷം വയനാട് 13ശതമാനം, കണ്ണൂർ 11 ശതമാനം, വയനാട് 13ശതമാനം എന്നീ നിലകളിലാണ്. ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ കാണാവുന്നതാണ്. (ചിത്രം 4.3.26) (കൂടുതൽ വിവരങ്ങൾ അനുബന്ധം 4.3.65 -ൽ കൊടുത്തിരിക്കുന്നു)

ചിത്രം 4.3.25
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിയ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ
ചിത്രം 4.3.26
കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ - ജില്ലാ അടിസ്ഥാനത്തിൽ
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ

ഇവരുടെ തൊഴിൽ പരമായ കണക്കുകളിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് കൂടുതൽ തൊഴിലാളികൾ കൃഷി, കെട്ടിടനിർമ്മാണം, ഹോട്ടൽ വ്യവസായം, ഉത്പാദനം, വ്യാപാരം എന്നീ മേഖലകളിലാണ് പ്രവർത്തിക്കുന്നത് എന്നാണ്. ചിലതിൽ കുടിയേറ്റ തൊഴിലാളികൾ, സ്വദേശതൊഴിലാളികളേക്കാൾ കൂടുതൽ വരും. കണക്കുകൾ പ്രകാരം 60 ശതമാനം കുടിയേറ്റ തൊഴിലാളികൾ നിർമ്മാണ മേഖലയിലും, 8ശതമാനം പേർ ഉത്പാദന മേഖലയിലും, 7ശതമാനം പേർ ഹോട്ടൽ റസ്റ്റോറന്റ് മേഖലയിലും, 2 ശതമാനം പേർ വ്യാപാരവും, കൃഷി മേഖലയിലും ബാക്കി 23 ശതമാനം മറ്റു പല മേഖലകളിലുമായാണ് തൊഴിലെടുക്കുന്നത്.

തൊഴിൽ പങ്കാളിത്തനിരക്ക് (എൽ.എഫ്.പി.ആർ)

എൽ.എഫ്.പി.ആർ, ഡബ്ലിയു.പി.ആർ, ദിവസവേതന നിരക്ക്, വ്യാവസായിക ബന്ധങ്ങളിലെ പ്രവണത തുടങ്ങിയ സൂചകങ്ങളിൽ നിന്നും കേരളത്തിലെ തൊഴിൽ ശക്തിയുടെ അവസ്ഥ അളക്കാൻ കഴിയും. എൽ.എഫ്.പി.ആറിന്റെ കുറഞ്ഞ നിരക്ക്, ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തൊഴിൽ വിപണിയുടെ സ്ഥിരമായി നിലനിൽക്കുന്ന സ്വഭാവമാണ്. നഗര പ്രദേശങ്ങളിലെ എൽ.എഫ്.പി.ആറിലെ നേരിയ വർദ്ധനവ് ഒഴിച്ചുനിറുത്തിയാൽ കഴിഞ്ഞ 2 വർഷമായി തൊഴിൽ ശക്തി പങ്കാളിത്തം സ്ഥിരമായി നിലനിൽക്കുകയാണ്. ഭാരതസർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ ബ്യൂറോ നടത്തിയ 5-ാമത് വാർഷിക തൊഴിലും തൊഴിലില്ലായ്മയും സർവെ (2015-16) പ്രകാരം എൽ.എഫ്.പി.ആർ കേരളത്തിൽ 50 ശതമാനമാണ്. ഇത് 2013-14 വർഷത്തേതിനേക്കാളും 0.3 ശതമാനം നേരിയ വർദ്ധനവ് കാണിക്കുന്നു. ദേശീയ ശരാശരിയോടൊപ്പമാണ് നമ്മൾ എന്നിരുന്നാലും എൽ.എഫ്.പി.ആർ അയൽ സംസ്ഥാനങ്ങളിൽ കൂടുതലാണ്, ആന്ധ്രാപ്രദേശ് 62.5 ശതമാനം, തമിഴ്നാട് 58.1 ശതമാനം, കർണ്ണാടക 55.5 ശതമാനം. അതുപോലെ ഗ്രാമപ്രദേശങ്ങളിൽ നമ്മൾ ദേശീയ ശരാശരിയേക്കാൾ താഴെയാണ് എന്നുമാത്രമല്ല അയൽ സംസ്ഥാനങ്ങളേക്കാളും വളരെ അകലെയാണ്. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ഇത് 69.2, 65.8 ശതമാനം എന്ന നിരക്കുകളിലാണ്. ചിത്രം 4.3.27 കേരളത്തിലെയും തെക്കൻ സംസ്ഥാനങ്ങളിലേയും എൽ.എഫ്.പി.ആർ കാണിക്കുന്നു.

ചിത്രം 4.3.27
15 വയസ്സിന് മുകളിലുളളവരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് (യു.പി.എസ്)
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ

സ്ത്രീതൊഴിൽ ശക്തിപങ്കാളിത്ത നിരക്കിന്റെ കുറവാണ് മറ്റൊരു എടുത്തുപറയേണ്ട കാര്യം. സ്ത്രീതൊഴിൽ പങ്കാളിത്തം പരിഗണിക്കുമ്പോൾ 148 ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 136 ആണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തെക്കൻ സംസ്ഥാനങ്ങളിലും പൊതുവായി തൊഴിൽ ശക്തിപങ്കാളിത്തം വടക്കൻ സംസ്ഥാനങ്ങളേക്കാൾ ഉയർന്ന നിരക്കിലാണ്. കേരളത്തിലെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് 30.81 ആണ്. മറ്റു തെക്കൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ് (46.6 ശതമാനം) തമിഴ്നാട് (39.2) കർണ്ണാടക (32.7) എന്നിവയേക്കാൾ കേരളത്തിലെ നിരക്ക് വളരെ താഴെയാണ്.

തൊഴിലാളി ജനസംഖ്യാ നിരക്ക് (ഡബ്ലിയു.പി.ആർ)

തൊഴിലവസ്ഥ വിശകലനം ചെയ്യുന്നതിനും സമ്പദ് വ്യവസ്ഥയിൽ സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനത്തിൽ ഊർജ്ജസ്വലമായി സംഭാവന ചെയ്യുന്ന ജനസംഖ്യാനുപാതം അറിയുന്നതിനുമുള്ള ഒരു സൂചകമാണ് തൊഴിലാളി ജനസംഖ്യാനിരക്ക് (ഡബ്ലിയു.പി.ആർ). ഭാരതസർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ ബ്യൂറോ നടത്തിയ 5-ാമത് വാർഷിക തൊഴിലും തൊഴിലില്ലായ്മയും സർവേയിൽ കാണിക്കുന്നത് ഡബ്ലിയു.പി.ആർ കുറഞ്ഞുവരുന്ന പ്രവണതയാണ്. ദേശീയ ശരാശരിയോടൊപ്പം ഡബ്ലിയു.പി.ആർ തെക്കൻ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. അഖിലേന്ത്യ ശരാശരി 47.8 ശതമാനമായിരുന്നപ്പോൾ കേരളത്തിന്റേത് 43.8 ശതമാനമാണ് . ആന്ധ്രാപ്രദേശിൽ 60.1 ശതമാനമാണെന്നത് പ്രശംസനീയമാണ്. തൊട്ടടുത്തസ്ഥാനങ്ങളിൽ 54.8 ശതമാനം തമിഴ്നാടിനും 54.7 ശതമാനം കർണ്ണാടകത്തിനുമുണ്ട്. കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ ഡബ്ലിയു.പി.ആർ 44.3 ശതമാനമാണ്. എന്നാൽ ആന്ധ്രാപ്രദേശിൽ ഇത് 66.6 ശതമാനവും തമിഴ്നാട്ടിൽ 62.9 ശതമാനവുമാണ്. ചിത്രം 4.3.28 കേരളത്തിലും മറ്റു തെക്കൻ സംസ്ഥാനങ്ങളിലേയും ഡബ്ലിയു.പി.ആർ പ്രവണതകൾ കാണിക്കുന്നു.

ചിത്രം 4.3.28
15 വയസ്സിന് മുകളിലുളളവരുടെ തൊഴിൽ ജനസംഖ്യ നിരക്ക് (യു.പി.എസ്)
അവലംബം: ലേബർ കമ്മീഷണറേറ്റ്, കേരള സർക്കാർ

തൊഴിൽ ശക്തിയിലെ സ്വയംതൊഴിൽ ചെയ്യുന്നവർ

സംസ്ഥാനത്ത് സ്വയംതൊഴിലിൽ വ്യാപൃതരായ തൊഴിൽ ശക്തി 27 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ 19.6 ശതമാനം കുറവാണ്. സംസ്ഥാനത്തെ തൊഴിൽ ശക്തിയിൽ സ്വയംതൊഴിൽ സ്ത്രീപുരുഷാന്തരം 9.8 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 8.5 ശതമാനത്തിനേക്കാൾ 1.3 ശതമാനം കൂടുതലാണ്. കർണ്ണാടകയിൽ തൊഴിൽ ശക്തിയിൽ സ്വയം തൊഴിലിൽ ഏർപ്പെടുന്നവർ കൂടുതലാണെന്നിരിക്കലും അവരിലെ സ്ത്രീപുരുഷാന്തരം 14.8 ശതമാനം കൂടുതലാണ്. ആന്ധ്രാപ്രദേശിൽ ഈ ലിംഗാന്തരം 4.6 ശതമാനമായി കുറഞ്ഞു കാണപ്പെടുന്നു. തൊഴിൽ ശക്തിയിലെ സ്വയംതൊഴിൽ ചെയ്യുന്നവരുടേയും കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും ലിംഗാന്തരങ്ങളും ചിത്രം 4.3.29 കാണിക്കുന്നു.

ചിത്രം 4.3.29
തൊഴിൽ ശക്തിയിലെ സ്വയം തൊഴിൽ ചെയ്യുന്നവരുടെ ശതമാനം
അവലംബം: ഭാരതസർക്കാർ തൊഴിൽ മന്ത്രാലയത്തിലെലേബർബ്യൂറോ

ലഭ്യമായ തൊഴിലാളികളും യഥാർത്ഥത്തിൽ ജോലിചെയ്തവരും

കേരളത്തിൽ 12 മാസത്തേയ്ക്ക് ലഭ്യമായ ആകെ തൊഴിൽ ശക്തിയിൽ യഥാർത്ഥത്തിൽ 12 മാസത്തേയ്ക്കും തൊഴിലിലേർപ്പെട്ട തൊഴിലാളികളുടെ ശതമാനം 63.4 ആണ്. ഈ നിലവാരം കർണ്ണാടകയിലും, തമിഴ്നാട്ടിലും ക്രമമായി 70.8, 70.7 എന്നിങ്ങനെയാണ്. കേരളത്തിൽ കാലാവധി അനുസരിച്ചുള്ള തരംതിരിക്കൽ കാണിക്കുന്നത് 24.7 ശതമാനം തൊഴിലാളികൾ 6 മുതൽ 11 മാസത്തേയ്ക്ക് തൊഴിലിലേർപ്പെട്ടു എന്നും 10.4 ശതമാനം തൊഴിലാളികൾ 1 മുതൽ 5 മാസത്തേയ്ക്ക് തൊഴിലിലേർപ്പെട്ടു എന്നുമാണ്. ചിത്രം 4.3.30 -ൽ കേരളത്തിലും മറ്റു തെക്കൻ സംസ്ഥാനങ്ങളിലും 12 മാസത്തേയ്ക്ക് ലഭ്യമായ തൊഴിലാളികളിൽ യഥാർത്ഥത്തിൽ ജോലിചെയ്തവരുടെ വിവരങ്ങൾ കാണിക്കുന്നു. കേരളത്തിൽ ലിംഗാടിസ്ഥാനത്തിലുള്ള തരംതിരിക്കൽ കാണിക്കുന്നത് 12 മാസത്തേക്ക് ലഭ്യമായ ജോലികളിൽ യഥാർത്ഥത്തിൽ ഏർപ്പെട്ടിട്ടുള്ള പുരുഷതൊഴിലാളികൾ 69.3 ശതമാനവും സ്ത്രീ തൊഴിലാളികൾ അതേ കാലാവധിയിൽ 50.6 ശതമാനവും ആണെന്നതാണ്. പൊതുവേ സ്ത്രീ തൊഴിലാളികളേക്കാൾ കൂടുതൽ ദിവസം യഥാർത്ഥത്തിൽ തൊഴിൽ ചെയ്തത് പുരുഷ തൊഴിലാളികളാണ്. 12 മാസത്തേക്ക് ലഭ്യമായ തൊഴിലാളികളും യഥാർത്ഥത്തിൽ ജോലി ചെയ്തതുമായ സ്ത്രീ പുരുഷ വ്യത്യാസം കേരളത്തിൽ 18.7 ശതമാനമാണ്. ഇത് കർണ്ണാടകയിലേതിനെക്കാൾ 8 ശതമാനവും തമിഴ്നാടിനേക്കാൾ 4.9 ശതമാനവും ദേശീയ ശരാശരിയേക്കാൾ 14 ശതമാനവും കൂടുതലാണ്. ചിത്രം 4.3.31-ൽ 12 മാസത്തേക്ക് കേരളത്തിലും മറ്റു തെക്കൻ സംസ്ഥാനങ്ങളിലും ലഭ്യമായ സ്ത്രീ പുരുഷ തൊഴിലാളികളിൽ യഥാർത്ഥത്തിൽ ജോലിചെയ്തവരെ കാണിക്കുന്നു.

ചിത്രം 4.3.30
ലഭ്യമായ തൊഴിലാളികളിൽ യഥാർത്ഥത്തിൽ ജോലിചെയ്തവരുടെ വിവരങ്ങൾ
അവലംബം: ലേബർബ്യൂറോ, തൊഴിൽ മന്ത്രാലയം- ഭാരതസർക്കാർ
ചിത്രം 4.3.31
സ്ത്രീ പുരുഷ തൊഴിലാളികളിൽ യഥാർത്ഥത്തിൽ ജോലി ചെയ്തവർ
അവലംബം: ലേബർബ്യൂറോ, തൊഴിൽ മന്ത്രാലയം- ഭാരതസർക്കാർ

സാമൂഹ്യ സുരക്ഷ പ്രയോജനപ്പെടുത്തുന്ന തൊഴിലാളികൾ

ഓരോ തൊഴിലാളികളുടേയും സാമൂഹ്യസാമ്പത്തിക ഉപജീവനത്തിൽ തൊഴിലാളി സാമൂഹിക സുരക്ഷ ഒരു നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. രാജ്യത്തെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഒരു തൊഴിലാളി കൂടുതൽ സുരക്ഷിതനാണ്. 5-ാമത്തെ തൊഴിലും തൊഴിലില്ലായ്മയും സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ സ്വയം തൊഴിലിലേർപ്പെട്ടിരിക്കുന്നവർ ഒഴികെ സാമൂഹിക സുരക്ഷ ഉപയോഗപ്പെടുത്തുന്നവരുടെ ശതമാനം 23.2 ആണ്. ഇത് ദേശീയ ശരാശരിയേക്കാൾ 1.6 ശതമാനവും ആന്ധ്രാപ്രദേശിനേക്കാൾ 9.8 ശതമാനവും തമിഴ്നാടിനേക്കാൾ 2.9 ശതമാനവും കൂടുതലാണ്. തെക്കൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കർണ്ണാടകയിൽ സ്വയം തൊഴിലിലേർപ്പെട്ടവർ ഒഴികെയുള്ള 27.1 ശതമാനം തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ നൽകുന്നു. ഇത് കേരളത്തേക്കാൾ 3.9 ശതമാനം കൂടുതലാണ്. ചിത്രം 4.3.32 കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും സ്വയം തൊഴിലിലേർപ്പെട്ടവർ ഒഴികെയുള്ള, സാമൂഹിക സുരക്ഷ പ്രയോജനപ്പെടുത്തുന്ന തൊഴിലാളികളുടെ വിവരങ്ങൾ കാണിക്കുന്നു.

ചിത്രം 4.3.32
സ്വയം തൊഴിലിലേർപ്പെട്ടവർ ഒഴികെയുള്ള, സാമൂഹിക സുരക്ഷ പ്രയോജനപ്പെടുത്തുന്ന തൊഴിലാളികളുടെ വിവരങ്ങൾ
അവലംബം: ലേബർബ്യൂറോ, തൊഴിൽ മന്ത്രാലയം- ഭാരതസർക്കാർ

ശമ്പളത്തോടെയുള്ള അവധിയും സാമൂഹ്യസുരക്ഷയും ലഭിക്കുന്ന കാഷ്വൽ തൊഴിലാളികൾ

സ്ഥിരമായുള്ള തൊഴിൽ ശക്തിയുടെ ഭാഗമല്ല കാഷ്വൽ തൊഴിലാളികൾ. തൊഴിലാളികളുടെ ചോദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നതിനായി സ്ഥിരമല്ലാതെയോ കുറഞ്ഞകാലത്തേക്കോ സേവനം പ്രദാനം ചെയ്യുന്നവരാണ് അവർ. സമൂഹത്തിലെ തൊഴിൽ സൗഹൃദസമീപനത്തിന്റെ പ്രതിരൂപമാണ് അവിടത്തെ കാഷ്വൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കാഷ്വൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. കേരളത്തിൽ സാമൂഹ്യസുരക്ഷ ലഭിക്കുന്ന കാഷ്വൽ തൊഴിലാളികൾ 5.7 ശതമാനമാണ്. അത് ദേശീയ ശരാശരിയേക്കാൾ 2.9 ശതമാനം കൂടുതലാണ്. ശമ്പളത്തോടെയുള്ള അവധി കേരളത്തിൽ 5.4 ശതമാനം കാഷ്വൽ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. അത് ദേശീയശരാശരിയേക്കാൾ 3.7 ശതമാനവും ആന്ധ്രാപ്രദേശിനേക്കാൾ 4.9 ശതമാനവും കർണ്ണാടകത്തേക്കാൾ 4.2 ശതമാനവും കൂടുതലാണ്. കേരളത്തിലെയും തെക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെയും കാഷ്വൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളത്തോടെയുള്ള അവധിയുടേയും സാമൂഹ്യസുരക്ഷയുടേയും ശതമാനം ചിത്രം 4.3.33 -ൽ കൊടുത്തിരിക്കുന്നു.

ചിത്രം 4.3.33
ശമ്പളത്തോടെയുള്ള അവധിയും സാമൂഹ്യസുരക്ഷയും ലഭിക്കുന്ന കാഷ്വൽ തൊഴിലാളികളുടെ ശതമാനം
അവലംബം: ലേബർബ്യൂറോ, തൊഴിൽ മന്ത്രാലയം- ഭാരതസർക്കാർ

യഥാർത്ഥത്തിൽ കുടിയേറ്റ തൊഴിലാളികളുൾപ്പെടെ എല്ലാ തൊഴിലാളികൾക്കും തൊഴിൽ അവസരം ഒരുക്കുകയും കൂടാതെ മികച്ച കൂലി, തൊഴിൽ സഥലത്തെ സുരക്ഷ, തൊഴിലാളികളുടെ കുടുംബങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷ, വ്യക്തിവികസനം, പൊതുസമൂഹത്തിന്റെ കൂടെചേരാനും, തൊഴിലാളികളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്യം, സംഘടിപ്പിച്ചു തീരുമാനങ്ങളിൽ പങ്കുചേരാനുള്ള അവസരങ്ങൾ എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. ഇത് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഡീസന്റ് വർക്ക് അജണ്ടയിൽ ഉൾപ്പെടുന്ന കാര്യമാണ്. തൊഴിലാളികൾക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്താൻ തൊഴിൽ വകുപ്പിന്റെ പ്രവർത്തനത്തിൽ കുറച്ചുകൂടി മാറ്റം വരുത്തേണ്ടതാണ്.അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടെയുളള തൊഴിലാളികൾക്ക് പ്രേത്യേക ശ്രദ്ധയും സംരക്ഷണവും നൽകേണ്ടതുണ്ട്.