വൈസ് ചെയർപേഴ്സൺ

പ്രൊഫസർ വി കെ രാമചന്ദ്രൻ

വൈസ് ചെയർപേഴ്സൺ

കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണായ പ്രൊഫ. വി കെ രാമചന്ദ്രൻ ഇതിനു മുമ്പ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റിന്റെ മേധാവിയും പ്രൊഫസറും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വികസന സാമ്പത്തിക ശാസ്ത്രം, കാർഷിക ബന്ധങ്ങൾ, കാർഷിക പ്രശ്നങ്ങൾ, ഗ്രാമീണ വികസനം, ഇന്ത്യൻ സാമ്പത്തിക രംഗത്തെ തൊഴിലാളികളുടെ പ്രശ്നങ്ങൾ, വർഗം, ജാതി, ഗോത്രം, ലിംഗ വിവേചനം, ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹിക അടിച്ചമർത്തലുകളുട മറ്റ് രൂപങ്ങൾ എന്നിവ അദ്ദേഹത്തിന് ഗവേഷണ താത്പര്യമുള്ള മേഖലകളാണ്. റിവ്യൂ ഓഫ് അഗ്രെരിയന്‍ സ്റ്റഡിസിന്റെ എഡിറ്റര്‍ ആണ് അദ്ദേഹം.

 

ഡോ മൃദുൽ ഈപ്പൻ

ഡോ മൃദുൽ ഈപ്പൻ

അംഗം

തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഹോണററി  ഫെലോയും ജെൻഡർ പാർക്ക് ബോർഡ് അംഗവുമാണ്. ഡോ. മൃദുൽ ഈപ്പൻ. 2006-11 കാലഘട്ടത്തിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി പ്രവർത്തിച്ചു. പതിന്നൊന്ന്, പന്ത്രണ്ട് പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്തിന് ദേശീയ ആസൂത്രണ കമ്മീഷൻ രൂപീകരിച്ച ഫെമിനിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വർക്കിംഗ് ഗ്രൂപ്പ് അംഗമായിരുന്നു. ഭാരത സർക്കാരിന്റെ വനിതാ-ശിശു വികസന മന്ത്രാലയം രൂപീകരിച്ച ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ഉന്നതതല സമിതിയിലെ (2013-15) അംഗമായിരുന്നു. ഗ്രാമീണ വികസനം, തൊഴിൽ, ലിംഗപഠനം, പ്രത്യേകിച്ചും ലിംഗപരമായ സംവേദന ശേഷിയുള്ള ബജറ്റ് എന്നിവയാണ് ഡോ മൃദ്ദുൽ ഈപ്പന്റെ ഗവേഷണ മേഖലകൾ. സംസ്ഥാന ആസൂത്രണ ബോർഡിൽ സാമൂഹിക ക്ഷേമം (മുതിര്‍ന്നവര്‍, അംഗപരിമിതര്‍, ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടുന്ന),  സ്ത്രീകള്‍, കുട്ടികള്‍ എന്നീ മേഖലകളും, പാർപ്പിടം  എന്നിവയുടെ ചുമതലയുള്ള അംഗമാണ്.

ഡോ. ബി ഇക്ബാൽ

ഡോ. ബി ഇക്ബാൽ

അംഗം

ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ് ഒരു പൊതുജനാരോഗ്യ പ്രവർത്തകനും, ന്യൂറോ സർജനും, ഒരു അക്കാദമിക വിദഗ്ദ്ധനുമാണ്. 1996-2000 കാലയളവിലും അദ്ദേഹം കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായിരുന്നു. ഈ കാലഘട്ടത്തിൽ കേരള സർക്കാറിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ജൻസ്വാസ്ഥ്യ അഭിയാന്റെ (പൊതുജനാരോഗ്യ മുന്നേറ്റം- ഇന്ത്യ) ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു. സംസ്ഥാന ആസൂത്രണ ബോർഡിൽ അദ്ദേഹം പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, മലിനജല നീക്കം, ജല വിതരണം എന്നിവയുടെ ചുമതലയുള്ള അംഗമാണ്.

പ്രൊഫസർ കെ എൻ ഹരിലാൽ

പ്രൊഫസർ കെ എൻ ഹരിലാൽ

അംഗം

തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ആണ് ഡോ. കെ എൻ ഹരിലാൽ. 2006-11 കാലഘട്ടത്തിലും ഇദ്ദേഹം സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായിരുന്നു. 2006-07ൽ കേന്ദ്ര സർക്കാറിനു കീഴിലുള്ള ദേശീയ ആസൂത്രണ കമ്മീഷന്റെ പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കായുള്ള വിദേശ മേഖല സംബന്ധിച്ച വർക്കിംഗ് ഗ്രൂപ്പിൽ അംഗമായിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണ താത്പര്യമേഖലകൾ അന്തർദേശീയ അർഥശാസ്ത്രം, കേരളത്തിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥ, ഗ്രാമീണ വികസനം, കാർഷിക ബന്ധങ്ങൾ, ആസൂത്രണം, ജനാധിപത്യ വികേന്ദ്രീകരണം. സംസ്ഥാന ആസൂത്രണ ബോർഡിൽ അദ്ദേഹം ഗ്രാമീണ വികസനം, നഗരവികസനം, കല, സാംസ്ക്കാരികം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തദ്ദേശ തല ആസൂത്രണം എന്നിവയുടെ ചുമതലയുള്ള അംഗമാണ്.

പ്രൊഫസർ ടി ജയരാമൻ

പ്രൊഫസർ ടി ജയരാമൻ

അംഗം

പ്രൊഫസർ ടി ജയരാമൻ, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സീനിയർ ഫെലോ  ആണ്. മുംബൈയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റേനബിലിറ്റി സ്റ്റഡീസിലെ സ്കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്, സ്കൂൾ ഓഫ് റിസർച്ച് മെത്തഡോളജി എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളായ കാലാവസ്ഥാനയം, ഊർജ്ജ വിഷയങ്ങൾ, ആഗോള ഉപശമനം, കാർബൺ ബജറ്റ്, ദുർബലത്വവും അനുരൂപീകരണവും, സമത്വത്തിനു പ്രത്യേക ഊന്നൽ നൽകി കൊണ്ടുള്ള സുസ്ഥിരത്വ പഠനം, ആണവ നയം ഉൾപെടെയുള്ള ഉയർന്ന ശാസ്ത്ര സാങ്കേതിക വിദ്യാ നയം എന്നിവയാണ് പ്രൊഫസൻ ജയരാമന്റെ ഗവേഷണ മേഖലകൾ. ആസൂത്രണ ബോർഡിൽ അദ്ദേഹം ഊർജ്ജം, വിവര സാങ്കേതികവിദ്യ, ശാസ്ത്രസാങ്കേതിക മേഖല, ശാസ്ത്ര-ഗവേഷണ പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണം എന്നിവയുടെ ചുമതലയുള്ള അംഗമാണ്.

പ്രൊഫസർ ആർ രാമകുമാർ

പ്രൊഫസർ ആർ രാമകുമാർ

അംഗം

പ്രൊഫസർ ആർ രാംകുമാർ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ സ്കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ നബാർഡ് ചെയർ ആണ്. മൈക്രോ ക്രെഡിറ്റ്, ഗ്രാമീണ ദാരിദ്ര്യം, കാർഷിക തൊഴിലാളികൾ എന്നീ മേഖലകളിലെ ഡോ. രാമകുമാറിന്റ രചനകൾ ഇന്ത്യയിൽ വളരെയേറെ ഉദ്ധരിക്കപെടുന്ന ഗവേഷണ പഠനങ്ങളിൽ ഒന്നാണ്. കാർഷിക പഠനം, കാർഷിക സാമ്പത്തിക ശാസ്ത്രം, വികസന സാമ്പത്തിക ശാസ്ത്രം, ഇന്ത്യയിലെ ധന നയം, ദേശീയ തിരിച്ചറിയൽ പദ്ധതികൾ എന്നിവ അദ്ദേഹത്തിന്‍റെ ഗവേഷണ താൽപര്യ മേഖലകളാണ്. സംസ്ഥാന ആസൂത്രണ ബോർഡിൽ, അദ്ദേഹം കൃഷി, കൃഷി അനുബന്ധ സേവനങ്ങൾ, ഭൂപരിഷ്കരണം, സഹകരണ മേഖല, ജലസേചനവും പ്രളയ നിയന്ത്രണവും, വിനോദസഞ്ചാരം, കായികം, യുവജന സേവനങ്ങൾ, തൊഴിൽ നൈപുണ്യ വികസനം എന്നിവയുടെ ചുമതലയുള്ള അംഗമാണ്.

ഡോ. ജയൻ ജോസ് തോമസ്

ഡോ. ജയൻ ജോസ് തോമസ്

അംഗം

ഡോ. ജയൻ ജോസ് തോമസ് നിലവിൽ ഡൽഹിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഇന്ത്യൻ വികസനത്തിന്റെ വിവിധ വശങ്ങൾ, പ്രത്യേകിച്ച് തൊഴിൽ, വ്യവസായവൽക്കരണം, മാക്രോ ഇക്കണോമി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണം കൈകാര്യം ചെയ്തിരിക്കുന്നത്. മാക്രോ ഇക്കണോമിക്സ്, ഇന്ത്യൻ എക്കണോമി, ഇന്റർനാഷണൽ ഇക്കണോമിക്സ്, പ്ലാനിംഗ്, ഡവലപ്മെന്റ് എന്നീ കോഴ്‌സുകൾ അദ്ദേഹം പഠിപ്പിക്കുന്നു. മുംബൈയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ചിൽ (ഐജിഐഡിആർ) നിന്ന് വികസന സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ അദ്ദേഹം കേരള സർവകലാശാലയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. ഇതിനു മുമ്പ് അദ്ദേഹം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത, മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, കേന്ദ്ര സർവകലാശാല, കേരളം എന്നിവിടങ്ങളിൽ അക്കാദമിക് പദവികൾ വഹിച്ചിട്ടുണ്ട്. വികസന സാമ്പത്തിക ശാസ്ത്രം, അർഥശാസ്ത്രം, ഇന്ത്യൻ സമ്പദ് വ്യവസ്ഥ, വ്യവസായവൽകരണം, വരുമാന വളർച്ച, വിവര സാമ്പത്തിക ശാസ്ത്രം, നൂതനതയുടെ സാമ്പത്തികശാസ്ത്രം, മാനവ വികസന വിഷയങ്ങൾ, തൊഴിൽ, ഇകണോമെട്രിക്ക്സ് എന്നിവയാണ് അദ്ദേഹത്തിന്റെ ഗവേഷണ താത്പര്യമേഖലകൾ. സംസ്ഥാന ആസൂത്രണ ബോർഡിൽ അദ്ദേഹം ഗ്രാമീണ ചെറുകിട വ്യവസായങ്ങൾ, ഇടത്തരം, വൻകിട വ്യവസായങ്ങൾ, ഖനനം,  വ്യാവസായിക വളർച്ചയുമായി ബന്ധപ്പെട്ട പരിപാടികളും പ്രശ്നങ്ങളും എന്നിവയുടെ ചുമതലയുള്ള അംഗമാണ്.

ഡോ കെ രവി രാമൻ

ഡോ കെ രവി രാമൻ

അംഗം

സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമൻ, ന്യൂഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ സീനിയർ ഫെലോ ആയിരുന്നു. അദ്ദേഹം ആസൂത്രണ കമ്മീഷനും കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ്  മാൻപവർ റിസേർച്ചിന്റെ ഡയറക്റ്ററും, ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ വിവിധ കാലയളവുകളിൽ സന്ദർശക ഫെല്ലോവും ആയിരുന്നു. അദ്ദേഹം ലണ്ടനിലെ എസ്.ഒ.എ.എസിന്റെ വികസന പഠന വകുപ്പിൽ ഹോണററി ഗവേഷണ ഫെലോ, ബെർഗൻ സർവകലാശാലയിൽ സമത്വവാദം എന്ന വിഷയത്തിലെ അഫിലിയേറ്റഡ് ഗവേഷകൻ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. കാർഷിക-തൊഴിൽ പഠനങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, നയം, വികസനം, ബിസിനസ്, തൊഴിലാളി ചരിത്രം, പാരിസ്ഥിതിക പഠനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.  ഗ്ലോബൽ ക്യാപിറ്റൽ ആന്റ് പെരിഫറൽ ലേബർ (റൂട്ട്‌ലെഡ്ജ്, 2010/2012/2015), ഡെവലപ്മെന്റ്, ഡെമോക്രസി ആൻഡ് സ്റ്റേറ്റ് (റൂട്ട്‌ലെഡ്ജ്, 2010), കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (റോണി ലിപ്‌ഷട്ട്സിനൊപ്പം) (പാൽഗ്രേവ് മാക്മില്ലൻ, 2010) എന്നിവയുടെ രചയിതാവാണ് അദ്ദേഹം. റിവ്യൂ ഓഫ് ഇന്റർനാഷണൽ പൊളിറ്റിക്കൽ ഇക്കണോമി, റാഡിക്കൽ പൊളിറ്റിക്കൽ ഇക്കണോമിക്സിന്റെ അവലോകനം, പ്രകൃതിയും സംസ്കാരവും, സാമൂഹിക വിശകലനം; സോഷ്യോളജി; ഓർഗനൈസേഷനും ഹാർവാർഡ്-കേംബ്രിഡ്ജ് ജേണലുകളായ ബിസിനസ് ഹിസ്റ്ററി റിവ്യൂ, കേംബ്രിഡ്ജ് ജേണൽ ഓഫ് റീജിയൺസ്, ഇക്കണോമി ആൻഡ് സൊസൈറ്റി എന്നീ ജേണലുകളിലേക്ക് പല ലേഖനങ്ങളും സംഭാവന നൽകി. ആസൂത്രണ ബോർഡിൽ അദ്ദേഹം ഗതാഗതം, തൊഴിൽ, തൊഴിലാളി ക്ഷേമം, പൊതുമരാമത്ത്, പൊതു വിതരണം എന്നിവയുടെ ചുമതലയുള്ള അംഗമാണ്.