a. സേഫ് കൊല്ലം പദ്ധതി
പരിസ്ഥിതി സുരക്ഷ, ജല സുരക്ഷ/ ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ/ആരോഗ്യം, റോഡ് സുരക്ഷ/ സുരക്ഷിത ഡ്രൈവിംഗ്, കുട്ടികളുടെ സുരക്ഷ എന്നിവയ്ക്കായി നിർദ്ദിഷ്ട മേഖലകളിൽ ആവശ്യമായ ബോധവൽക്കരണം, വിദ്യാഭ്യാസം, നിയമ നടപടികള്‍ എന്നിവ ഉറപ്പുവരുത്തി കൊല്ലം ജില്ലയെ ഒരു മോഡൽ ജില്ലയാക്കി മാറ്റുന്നതിനായി കൊല്ലം ജില്ലാ കളക്ടർ ആവിഷ്കരിച്ച ഒരു പുതു സംരംഭമാണ് സേഫ് കൊല്ലം പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ജില്ലാ വികസന സമിതി യോഗങ്ങളില‍്‍ വിവിധ വകുപ്പുകള്‍ മുഖേന നടത്തിയ സുരക്ഷാനടപടികള്‍ വിലയിരുത്തുകയും തുടര്‍നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവരുന്നു.
b. ഹൈടെക് സെമിനാർ ഹാൾ
കേരള സർക്കാറിന്റെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഓച്ചിറ ഐ.ടി.ഐ യില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ് ആധുനിക സൌകര്യങ്ങളോടുകൂടിയ ഒരു ഹൈടെക് സെമിനാർ ഹാൾ. 2017-18 കാലയളവിൽ ബഹു. രാജ്യസഭ അംഗം ശ്രീ കെ.സോമപ്രസാദ് എംപിയുടെ എംപിലാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യിട്ടുള്ളതാണ് പ്രസ്തുത പദ്ധതി. സിഡ്‌കോ മുഖേനയാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.
c. സാഫല്യം പാര്‍പ്പിട പദ്ധതി
കൊല്ലം ജില്ലാ പഞ്ചായത്ത് ജില്ലയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി 2017-18-ല്‍ വിഭാവനം ചെയ്തിട്ടുള്ള ഒരു നൂതന പാര്‍പ്പിട പദ്ധതിയാണ് സാഫല്യം പദ്ധതി. രണ്ട് ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കി. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചന്‍കോവിലില്‍ 10 വീടുകളും ചിതറ പഞ്ചായത്തിലെ അരിപ്പയില്‍ 5 വീടുകളും കൈമാറിയിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസന ആഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ടി പദ്ധതിയില്‍ ഹൌസിംഗ് ബോര്‍ഡ് മുഖേനയാണ് വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്.
ഡി. ബോക്സിംഗ് അക്കാഡമി
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ബോക്സിംഗ് അക്കാഡമി സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം 2017-18-ല്‍ ആരംഭിച്ച് 2019-20-ല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെരിനാട് ഗവ.ഹയര്‍സെക്കന്ററി സ്കൂളാണ് അക്കാഡമിയുടെ സെന്ററായി തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിലെ ഹൈസ്കൂള്‍/ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയ രീതിയിലൂടെ ബോക്സിംഗ് പരിശീലനം നല്‍കുന്നതിനാണ് പ്രോജക്ട് ലക്ഷ്യമിടുന്നത്. ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലുമായും അമച്വര്‍ ബോക്സിംഗ് അസോസിയേഷനുമായും ചേര്‍ന്നാണ് അക്കാഡമി പ്രവര്‍ത്തിക്കുന്നത്. അക്കാഡമി സൌജന്യമായിട്ടാണ് പരിശീലനം നല്‍കിവരുന്നത്.
ഇ. ഓപ്പണ്‍ ജിംനേഷ്യം
കൊല്ലം ജില്ലാ പഞ്ചായത്തിലെ മറ്റൊരു നൂതന പ്രോജ്ക്ടായ ഓപ്പണ്‍ ജിംനേഷ്യം ജില്ലയിലെ പേരയം, ശൂരനാട് തെക്ക്, കല്ലുവാതുക്കല്‍, നെടുമ്പന, ക്ലാപ്പന എന്നീ 5 പഞ്ചായത്തുകളില്‍ വിജയപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ മൊത്തം അടങ്കല്‍ തുക 50 ലക്ഷം രൂപയാണ് .