കുറഞ്ഞ പ്രതിശീര്‍ഷവരുമാനത്തോടു കൂടിയ ഉയര്‍ന്ന മാനവ വികസനം എന്ന കേരളത്തിന്റെ അനന്യമായ വികസന രീതി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ നിര്‍ണ്ണായക മേഖലകളില്‍ കേരളം പ്രധാനപ്പെട്ട നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മാനവ വികസന സൂചികകളില്‍ കേരളം നേടിയ അതുല്യ നേട്ടങ്ങള്‍ക്ക് പ്രധാന കാരണം ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍, പ്രത്യേകിച്ചും സ്വാതന്ത്ര്യത്തിനുശേഷം, കേരളം നടത്തിയ പൊതു ഇടപെടലുകളാണ്. സാമൂഹ്യ മേഖലയിലുള്ള കേരളത്തിന്റെ നേട്ടങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ കേന്ദ്രസ്ഥാനം എല്ലായ്പ്പോഴും വിദ്യാഭ്യാസത്തിനുണ്ട്. ആദ്യകാലത്ത് സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുെട ശൃംഖലയും, സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങളും, ഗവണ്‍മെന്റിന്റെ ഇടപെടലും വഴി വിദ്യാഭ്യാസ മേഖലയില്‍ ഒരു ശക്തമായ അടിത്തറയിടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പൂര്‍ണ്ണ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം 1990-ല്‍ മാറി. സ്വാതന്ത്ര്യാനന്തരം സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള നയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടെങ്കിലും, വിദ്യാഭ്യാസ നിലവാരത്തിലുള്ള വലിയ ന്യൂനതകള്‍ കേരളത്തില്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിലെ നേട്ടങ്ങള്‍ക്കിടയിലും ഈ അവസ്ഥ നിലനില്‍ക്കുന്നു. വിദ്യാഭ്യാസ നിലവാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചന്വേഷിക്കുന്നതിന് പന്ത്രണ്ടാം പദ്ധതി കാലത്ത് കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2 വിദഗ്ധ സമിതികളെ നിയോഗിച്ചിരുന്നു. (റിപ്പോര്‍ട്ട് www.spb.kerala.gov.in) എന്ന വെബ്സൈറ്റില്‍ കാണാം. ഈ സാഹചര്യത്തില്‍, സമീപനങ്ങളിലും സ്ഥാപനങ്ങളുടെ സജ്ജീകരണത്തിലും പുനര്‍ക്രമീകരണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് സംസ്ഥാനത്ത് സ്കൂള്‍-ഉന്നത വിദ്യാഭ്യാസ രംഗത്ത് അക്കാദമിക നേട്ടത്തില്‍ ഊന്നിക്കൊണ്ടുള്ള പരിപാടികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു
മേഖലകള്‍ | സ്കൂള്‍ വിദ്യാഭ്യാസം | ഉന്നത വിദ്യാഭ്യാസം | പൊതു വിദ്യാഭ്യാസം | സാങ്കേതിക വിദ്യാഭ്യാസം | ആകെ | |
വാര്‍ഷിക പദ്ധതി 2012-13 | വിഹിതം | 287.15 | 202 | 489.15 | 101.09 | 590.24 |
ചെലവ് | 286.54 | 154.15 | 440.69 | 142.33 | 583.02 | |
ചെലവ് (ശതമാനം) | 99.79 | 76.31 | 90.09 | 140.95 | 98.78 | |
വാര്‍ഷിക പദ്ധതി 2013-14 | വിഹിതം | 333.15 | 247.99 | 581.14 | 117.86 | 699 |
ചെലവ് | 220.2 | 154.15 | 374.35 | 96.95 | 471.3 | |
ചെലവ് (ശതമാനം) | 66.1 | 62.16 | 64.41 | 82.33 | 67.42 | |
വാര്‍ഷിക പദ്ധതി 2014-15 | വിഹിതം | 336.81 | 367.97 | 704.78 | 143.22 | 848 |
ചെലവ് | 226.63 | 207.29 | 433.93 | 106.44 | 540.37 | |
ചെലവ് (ശതമാനം) | 67.29 | 56.34 | 61.57 | 74.32 | 63.72 | |
വാര്‍ഷിക പദ്ധതി 2015-16 | വിഹിതം | 349.75 | 510.42 | 860.17 | 184.45 | 1044.62 |
ചെലവ് | 223.11 | 439.1 | 662.21 | 246 | 908.21 | |
ചെലവ് (ശതമാനം) | 63.79 | 86.03 | 76.99 | 133.37 | 86.94 | |
വാര്‍ഷിക പദ്ധതി 2016-17 | വിഹിതം | 502.51 | 592.87 | 1095.38 | 235.41 | 1330.79 |
* ചെലവ് | 121.68 | 81.97 | 203.65 | 29.94 | 233.59 | |
ചെലവ് (ശതമാനം) | 24.21 | 13.83 | 18.59 | 12.72 | 17.55 |
പന്ത്രണ്ടാം പദ്ധതിയുടെ ആദ്യ വര്‍ഷത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 590.24 കോടി രൂപ മാറ്റിവച്ചിരുന്നതില്‍ 98.78 ശതമാനം ചെലവാക്കിയിട്ടുണ്ട്. ഈ അഞ്ചു വര്‍ഷങ്ങളിലായി തുകയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തുകയും 2016-17-ല്‍ 1330.79 കോടി രൂപ നീക്കി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ 5 വര്‍ഷങ്ങളിലുമായി ഉന്നത വിദ്യാഭ്യാസത്തിന് നീക്കി വച്ചിരിക്കുന്ന തുകയില്‍ കാര്യമായ വര്‍ദ്ധനവും സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള തുകയില്‍ നേരിയ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ഈ അഞ്ചു വര്‍ഷങ്ങളിലും മൊത്തം തുകയുടെ 80% പൊതു വിദ്യാഭ്യാസത്തിനായാണ് നീക്കി വച്ചിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തിന് നീക്കി വച്ചിരിക്കുന്ന തുകയുടെ അനുപാതം കുറവാണെങ്കിലും ചെലവിന്റെ അനുപാതം കൂടുതലാണെന്ന് കാണുന്നു. (പട്ടിക 4.1, ചിത്രം 4.1 കാണുക) ഈ അഞ്ചു വര്‍ഷങ്ങളിലും ഈ മൂന്ന് വിഭാഗങ്ങള്‍ക്കുമായി നീക്കിവെച്ചിരിക്കുന്ന മൊത്തം തുകയില്‍ വര്‍ദ്ധനവുണ്ടെങ്കിലും, സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള തുകയുടെ ശതമാനത്തില്‍ കുറവ് വരുന്നതായി കാണുന്നു. 2012-13-ലെ 56%ത്തില്‍ നിന്ന് 2016-17-ല്‍ 37.8 ശതമാനമായി ഇത് കുറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഈ മൂന്ന് ഉപമേഖലകളിലുമുള്ള പ്രസക്തമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും 13-ാം പഞ്ചവത്സര പദ്ധതിയില്‍ നടപ്പിലാക്കേണ്ട പ്രത്യേക നയങ്ങളും പരിപാടികളും രൂപീരിക്കാനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. (ബോക്സ് 4.1 കാണുക)
സാക്ഷരത കണക്കിലെടുക്കുമ്പോള്‍, 93.91% സാക്ഷരത നേടിക്കൊണ്ട് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ലക്ഷദ്വീപും (92.28%) മിസോറാമും (91.58%) കേരളത്തിന്റെ തൊട്ടു പുറകിലുണ്ട്. (സെന്‍സസ് ഓഫ് ഇന്ത്യ, 2011). 1951-ല്‍ 47.18 ശതമാനമായിരുന്ന കേരളത്തിലെ സാക്ഷരതാനിരക്ക് 2011 ആകുമ്പോള്‍ ഏകദേശം ഇരട്ടിയായിരിക്കുന്നു. 1951-ല്‍ 22% മായിരുന്ന സ്ത്രീ-പുരുഷ സാക്ഷരതാന്തരം 2011-ല്‍ 4.41 ശതമാനമായി താഴ്ന്നു. സ്ത്രീ സാക്ഷരതയില്‍ കേരളം 92 ശതമാനം നിരക്കോടെ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്നു. ഇത് ഏറ്റവും കുറവ് രാജസ്ഥാനിലാണ്(52.66%). 1951 മുതല്‍ 2016 വരെയുള്ള സാക്ഷരതാ നിരക്കുകള്‍ അനുബന്ധം 4.1-ല്‍ കൊടുത്തിരിക്കുന്നു.
സാക്ഷരതാ നിരക്കിന്റെ കാര്യത്തില്‍ ജില്ലകള്‍ തമ്മിലുള്ള വ്യതിയാനം തുലോം കുറവാണ്. കേരളത്തിന്റെ സാക്ഷരതാനിരക്ക് ജില്ലതിരിച്ച് വിശകലനം ചെയ്യുകയാണെങ്കില്‍ 96.93 ശതമാനത്തോടെ പത്തനംതിട്ടയാണ് ഏറ്റവും മുന്നില്‍. 96.41 ശതമാനത്തോടെ കോട്ടയം ജില്ലയും 96.26 ശതമാനത്തോടെ ആലപ്പുഴയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്കുള്ള ജില്ല പാലക്കാടാണ്. 88.49 ശതമാനം. ഇതിനു കാരണം ആകാവുന്ന വസ്തുത, സംസ്ഥാന പട്ടിക വര്‍ഗ്ഗ ജനസംഖ്യയുടെ 11 ശതമാനം ഈ ജില്ലയിലാണുള്ളത്എന്നതാണ് . സംസ്ഥാനത്തില്‍ പട്ടികജാതി ജനസംഖ്യയുടെ അനുപാതം ഏറ്റവും കൂടുതലുള്ളത് പാലക്കാടാണ്. പുരുഷ-സ്ത്രീ വിഭാഗം തിരിച്ചുള്ള ജില്ലകളിലെ സാക്ഷരതാ നിരക്കുകള്‍, 2003, 2015 വര്‍ഷങ്ങളിലേത്, അനുബന്ധം 4.2-ല്‍ കൊടുത്തിരിക്കുന്നു.
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ സാക്ഷരതാ തുല്യതാ പദ്ധതികള്‍ നടപ്പാക്കുന്നത് പ്രേരകുമാരെ ഉപയോഗിച്ചാണ് (തുടര്‍ വിദ്യാഭ്യാസ കേന്ത്രങ്ങളുടെ പ്രതിനിധികള്‍). സാക്ഷരതാ മിഷന്റെ തുല്യതാ പരിപാടിയിലൂടെ 2005 മുതല്‍ 2015 വരെ പ്രയോജനം ലഭിച്ച വ്യക്തികളുടെ എണ്ണം അനുബന്ധം 4.3-ല്‍ കാണാം. 7-ാം തരം തുല്യതാ പരിപാടിയുടെ പരീക്ഷയ്ക്കിരുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണുന്നു. 2005-ല്‍ 11631 ആയിരുന്നത് 2015-ല്‍ 3492 ആയി കുറഞ്ഞു. ഇതിനര്‍ത്ഥം നിരക്ഷരത ഏതാണ്ട് മുഴുവനായിതന്നെ സംസ്ഥാനത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നാണ്.
2015-16-ല്‍ കേരളത്തില്‍ 12882 സ്കൂളുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 4619 (36 ശതമാനം) എണ്ണം സര്‍ക്കാര്‍ സ്കൂളുകളായിരുന്നു. കൂടാതെ 7140 (55 ശതമാനം) എയ്ഡഡ് സ്കൂളുകളും 1123(9 ശതമാനം) അണ്‍ എയ്ഡഡ് സ്കൂളുകളും ഉണ്ട്. സര്‍ക്കാര്‍ തലത്തിലെ അപ്പര്‍ പ്രൈമറി, ഹൈസ്കൂളുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ ലോവര്‍ പ്രൈമറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലും എയ്ഡഡ് സ്കൂളുകളുടെ എണ്ണം സര്‍ക്കാര്‍ സ്കൂളുകളുടേതിനേക്കാള്‍ കൂടുതലാണ് (ചിത്രം 4.2).
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ മലപ്പുറം ജില്ലയിലാണ് (1548 എണ്ണം) തൊട്ടു പിന്നാലെ കണ്ണൂരും (1305 എണ്ണം), കോഴിക്കോടുമാണ് (1269 എണ്ണം). സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകളും (546 എണ്ണം) അണ്‍ എയ്ഡഡ് സ്കൂളുകളും (221 എണ്ണം) ഉള്ളതും മലപ്പുറത്തുതന്നെ. എന്നാല്‍ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എയ്ഡഡ് സ്കൂളുകള്‍ ഉള്ളത് (959 എണ്ണം). അനുബന്ധം 4.4 ല്‍ ജില്ല/മാനേജ്മെന്റ്/തലം തിരിച്ച് 2015-16 ലെ കേരളത്തിലെ സ്കൂളുകളുടെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ 1408 സ്കൂളുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായ പാഠ്യപദ്ധതിയാണ് അനുവര്‍ത്തിച്ചുപോരുന്നത്. ഇതില്‍ 1210 സി.ബി.എസ്.ഇ. സ്കൂളുകളും, 148 ഐ.സി.എസ്.ഇ. സ്കൂളുകളും, 36 കേന്ദ്രീയവിദ്യാലയങ്ങളും, 14 നവോദയ വിദ്യാലയങ്ങളും ഉണ്ട്. എല്ലാ ജില്ലയിലും ഓരോ ജവഹര്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. കേരള സര്‍ക്കാര്‍ പാഠ്യപദ്ധതി അല്ലാത്ത പാഠ്യപദ്ധതി അനുവര്‍ത്തിക്കുന്ന 2015-16 വര്‍ഷത്തിലെ സ്കൂളുകളുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് അനുബന്ധം 4.5-ല്‍ കൊടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും പ്രവര്‍ത്തിക്കുന്നത് ഉറപ്പുള്ള കെട്ടിടങ്ങളിലാണ്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 116 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കേണ്ടതുണ്ട്. കെട്ടിട സൗകര്യമുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് അനുബന്ധം 4.6-ല്‍ കൊടുത്തിട്ടുണ്ട്.
സംസ്ഥാനത്തുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ പശ്ചാത്തലവികസനവും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർവ്വശിക്ഷാ അഭിയാന്‍ പോലുള്ള പരിപാടികളും വളരെയെറെ സഹായിച്ചിട്ടുണ്ട്. കണക്കുപ്രകാരം 99.1 ശതമാനം സര്‍ക്കാര്‍ സ്കൂളുകളില്‍ കുടിവെള്ള സൗകര്യവും, 98.01 ശതമാനം സര്‍ക്കാര്‍ സ്കൂളുകളില്‍ മൂത്രപ്പുര/കക്കൂസ് സൗകര്യങ്ങളുമുണ്ട്. കുടിവെള്ളം/ മൂത്രപ്പുര/കക്കൂസ് സൗകര്യങ്ങളോടുകൂടിയ സര്‍ക്കാര്‍ സ്കൂളുകളുടെ 2015-16 ലെ ജില്ല തിരിച്ചുള്ള കണക്ക് അനുബന്ധം 4.7-ല്‍ കാണാം.
സംസ്ഥാനത്ത് സ്കൂളുകളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി കുറവ് കാണുന്നുണ്ട്. 2015-16-ല്‍ 37.63 ലക്ഷത്തില്‍ നിന്ന് 2016-17 (പ്രൊവിഷണല്‍)-ല്‍ 37.01 ലക്ഷമായി കുറഞ്ഞു. എന്നിരുന്നാലും എല്‍.പി. വിഭാഗത്തില്‍ 2015-16 നെ അപേക്ഷിച്ച് 2016-17 ല്‍ 4840 കുട്ടികളുടെ വര്‍ദ്ധനവ് വന്നിട്ടുണ്ട്. യു.പി. വിഭാഗത്തില്‍ ഇതേ കാലയളവില്‍ കുറഞ്ഞത് 19691 കുട്ടികളാണ്. ഹൈസ്കൂള്‍ വിഭാഗത്തിലാകട്ടെ 46741 കുട്ടികളുടെ കുറവാണ് ഇതേ കാലയളവില്‍ ഉണ്ടായത്. കേരളത്തിലെ സ്കൂളുകളില്‍ പ്രവേശനം ലഭിച്ച കുട്ടികളുടെ എണ്ണം വിഭാഗം തിരിച്ച് 2012-13 മുതല്‍ 2016-17 വരെ അനുബന്ധം 4.8-ല്‍ കൊടുത്തിരിക്കുന്നു. 2016-17-ല്‍ കേരളത്തിലെ സ്കൂളുകളിലെ ഉടമസ്ഥത തിരിച്ചും, ക്ലാസ് തിരിച്ചുമുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ അനുബന്ധം 4.9-ല്‍ കൊടുത്തിരിക്കുന്നു. ജില്ല തിരിച്ച്, ഘട്ടം തിരിച്ച്, ആണ്‍-പെണ്‍ കണക്കുകള്‍ എണ്ണം തിരിച്ച് 2016-17-ല്‍ കേരളത്തിലെ സ്കൂളുകളില്‍ പ്രവേശനം നേടിയവരുടെ വിശദാംശങ്ങള്‍ അനുബന്ധം 4.10-ല്‍ കൊടുത്തിരിക്കുന്നു. സ്കൂള്‍ കുട്ടികളുടെ പ്രവേശനത്തിലെ എണ്ണത്തില്‍ വന്ന കുറവ് ചിത്രം 4.3 ല്‍ കാണിക്കുന്നു.
മാനേജ്മെന്റ് | മറ്റുള്ളവ | പട്ടികജാതി | പട്ടിക വര്‍ഗ്ഗം | ആകെ |
ഗവണ്‍മെന്റ് | 82.69 | 13.46 | 3.85 | 100 |
പ്രൈവറ്റ് എയ്ഡഡ് | 87.89 | 10.56 | 1.55 | 100 |
പ്രൈവറ്റ് അണ്‍എയ്ഡഡ് | 95.43 | 4.11 | 0.46 | 100 |
സംസ്ഥാനത്തെ സ്കൂളുകളിലെ ആകെയുള്ള വിദ്യാര്‍ത്ഥികളില്‍ 49.5 ശതമാനം പെണ്‍കുട്ടികളാണ്. തിരുവനന്തപുരം ജില്ലയില്‍ ഒഴികെ എല്ലാ ജില്ലകളിലും ആണ്‍കുട്ടികളുടെ എണ്ണം പെണ്‍കുട്ടികളുടേതിനേക്കാള്‍ കൂടുതലാണ്. സ്കൂള്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ലിംഗനീതി വിടവ് കേരളത്തില്‍ തുലോം കുറവാണ്.
2016-17ലെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെയുള്ള വിദ്യാര്‍ത്ഥികളില്‍ 10.71 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരാണ്. സര്‍ക്കാര്‍ സ്കൂളുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ അനുപാതം എയ്ഡഡ്-അണ്‍എയ്ഡഡ് സ്കൂളുകളുടേതിനെക്കാള്‍ കൂടുതലാണ്. സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ്, സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ എണ്ണം യഥാക്രമം 13.46, 10.56, 4.11 ശതമാനമാണ് (പട്ടിക 4.2). സര്‍ക്കാര്‍ സ്കൂളുകളിലെ പട്ടികജാതി കുട്ടികളുടെ ശതമാനം പ്രൈവറ്റ് എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലേതിനേക്കാള്‍ കൂടുതലാണ്. പക്ഷേ, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മൊത്തം കുട്ടികളുടെ എണ്ണമെടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉള്ളതിനേക്കാള്‍ 33.44% അധികമായി പ്രൈവറ്റ്-എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയതായി കാണുന്നു.
2016-17-ല്‍ സംസ്ഥാനത്ത് ആകെ സ്കൂള്‍ പ്രവേശനം നേടിയ കുട്ടികളില്‍ 2.12 ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇത് യഥാക്രമം 2016-17-ല്‍ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകളില്‍ 3.85, 1.55, 0.46 ശതമാനം വീതമാണ്. 2016-17 ലെ സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ക്ലാസ് തിരിച്ചുള്ള കണക്ക് അനുബന്ധം 4.11-ല്‍ കൊടുത്തിരിക്കുന്നു. പട്ടിക ജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മൊത്തം കുട്ടികളില്‍ 4.4 ശതമാനം പട്ടികജാതി കുട്ടികളും 2.5 ശതമാനം പട്ടികവര്‍ഗ്ഗ കുട്ടികളും മാത്രമാണ് പ്രൈവറ്റ് അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയിരിക്കുന്നത്. ബാക്കിയുള്ള കുട്ടികള്‍ ഗവണ്‍മെന്റ്- പ്രൈവറ്റ് എയ്ഡഡ് സ്കൂളുകളിലായി പ്രവേശിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ ഏറ്റവും കുറവ് കേരളത്തിലാണ്. 2014-15 ലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ നിരക്ക് 0.34 ശതമാനമാണ്. ഇത് 2013-14-ലെ 0.27 ശതമാനത്തെ അപേക്ഷിച്ച് 0.7 ശതമാനം കൂടുതലാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കണക്കുപ്രകാരം കൊഴിഞ്ഞുപോകല്‍ നിരക്കില്‍ കാണപ്പെടുന്ന ഈ നേരിയ വര്‍ദ്ധനവ് സ്കൂള്‍ പ്രവേശനത്തിലെ എണ്ണത്തില്‍ ചിലയിടത്തുണ്ടായ ഇരട്ടിപ്പ് പരിഹരിച്ചതിനാലാണ്. യു.പി. തലത്തില്‍ ഉള്ളതിനേക്കാള്‍ കൊഴിഞ്ഞുപോകല്‍ നിരക്ക് എല്‍.പി, ഹൈസ്കൂള്‍ തലങ്ങളില്‍ ഉള്ളതായി കാണുന്നു.
സംസ്ഥാനത്തെ ജില്ലകളില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോകല്‍ ഉള്ളത് ഇടുക്കിയിലാണ് (1.06 ശതമാനം). യു.പി. തലത്തിലും (1.05 ശതമാനം) ഹൈസ്കൂള്‍ തലത്തിലും (2.88 ശതമാനം) വയനാട്ടിലാണ് കൊഴിഞ്ഞുപോകല്‍ കൂടുതല്‍. ജില്ല തിരിച്ചും ക്ലാസ് തിരിച്ചും 2014-15 ലെ കൊഴിഞ്ഞുപോകല്‍ നിരക്കുകള്‍ അനുബന്ധം 4.12 -ല്‍ കൊടുത്തിട്ടുണ്ട്. 2014-15 ലെ കണക്കനുസരിച്ച് കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ 0.38 ശതമാനവും, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ കൊഴിഞ്ഞുപോകല്‍ 2.79 ശതമാനവുമാണ്. കേരളത്തിലെ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ 2014-15- ലെ ജില്ല തിരിച്ചും ക്ലാസ് തിരിച്ചുമുള്ള കൊഴിഞ്ഞുപോകലിന്റെ വിശദവിവരങ്ങള്‍ അനുബന്ധം 4.13 ലും അനുബന്ധം 4.14 ലും കൊടുത്തിരിക്കുന്നു.
റ്റി.റ്റി.ഐ. അധ്യാപകര്‍ ഉള്‍പ്പെടെ കേരളത്തില്‍ ആകെ അധ്യാപകരുടെ എണ്ണം 2015-16 -ലെ കണക്കനുസരിച്ച് 164884 ആണ്. ഇതില്‍ 97914 (59.38ശതമാനം) അധ്യാപകര്‍ എയ്ഡഡ് സ്കൂളുകളിലും 14982 (9.09 ശതമാനം)പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്കൂളുകളിലുമാണ് ജോലി ചെയ്യുന്നത്. ബാക്കി 31.53 ശതമാനം അധ്യാപകര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്നു. സംസ്ഥാനത്ത് ആകെയുള്ള അധ്യാപകരില്‍ 51.82 ശതമാനം ഹൈസ്കൂളുകളിലാണ് ജോലി ചെയ്യുന്നത്. ബാക്കിയുള്ളവരില്‍ 24.56 ശതമാനം യു.പി. സ്കൂളുകളിലും, 23.21 ശതമാനം എല്‍.പി. വിഭാഗം സ്കൂളുകളിലും, പിന്നെയും ബാക്കിയുള്ള 0.41 ശതമാനം ടി.ടി.ഐകളിലും പഠിപ്പിക്കുന്നു. സംസ്ഥാനത്ത് ആകെ അധ്യാപകരില്‍ 72.34 ശതമാനം സ്ത്രീകളാണ്. 2015-16-ല്‍ കേരളത്തില്‍ ഘട്ടം തിരിച്ചും മാനേജ്മെന്റ് തിരിച്ചുമുള്ള അധ്യാപകരുടെ എണ്ണം അനുബന്ധം 4.15-ല്‍ കൊടുത്തിരിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ എണ്ണം പര്യാപ്തമല്ലാത്ത സ്കൂളുകളെയാണ് അണ്‍ഇക്കണോമിക് എന്ന് പറയുന്നത്. 2014-15 ലെ കണക്ക് പ്രകാരം കേരളത്തില്‍ 5715 അണ്‍ ഇക്കണോമിക് സ്കൂളുകളുണ്ട്. ഇത് കഴിഞ്ഞവര്‍ഷത്തേക്കാളും 142എണ്ണം കൂടുതലാണ്. ഇതില്‍ 2606 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 3109 എയ്ഡഡ് സ്കൂളുകളുമാണ്. ജില്ല തിരിച്ചുള്ള വിശകലനം കാണിക്കുന്നത് ഏറ്റവും കൂടുതല്‍ അണ്‍ ഇക്കണോമിക് സ്കൂളുകള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണെന്നാണ് (723 എണ്ണം). കോഴിക്കോട് (593), കോട്ടയം (560), പത്തനംതിട്ട (501) എന്നിവയാണ് തൊട്ടു പുറകില്‍. എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ അണ്‍ ഇക്കണോമിക് സ്കൂളുകള്‍ ഉള്ളത് കണ്ണൂരും (583), തൊട്ടുപുറകില്‍ കോഴിക്കോടു(426)മാണ്. സര്‍ക്കാര്‍ മേഖലയില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അണ്‍ ഇക്കണോമിക് സ്കൂളുകളുള്ളത് (279 എണ്ണം), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് (276 എണ്ണം). സര്‍ക്കാര്‍ മേഖലയിലെ അണ്‍ ഇക്കണോമിക് സ്കൂളുകളില്‍ 73.1 ശതമാനം എല്‍.പി. സ്കൂളുകളാണ്. എയ്ഡഡ് മേഖലയിലും 78.7 ശതമാനം അണ്‍ഇക്കണോമിക് സ്കൂളുകള്‍ എല്‍.പി. വിഭാഗത്തിലാണ്. ജില്ല തിരിച്ച് 2015-16 ലെ കേരളത്തിലെ അണ്‍ ഇക്കണോമിക് സ്കൂളുകളുടെ വിശദവിവരങ്ങള്‍ അനുബന്ധം 4.16 ല്‍ കൊടുത്തിരിക്കുന്നു.
കേരള ഗവണ്‍മെന്റിന്റെ അണ്‍ഇക്കണോമിക്- എയ്ഡഡ് സ്കൂളുകളുടെ ഏറ്റെടുക്കല്‍
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന അണ്‍ഇക്കണോമിക് എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് കേരള ഗവണ്‍മെന്റ് 4 അണ്‍ഇക്കണോമിക് സ്കൂളുകള്‍ ഏറ്റെടുത്തു. ഹൈക്കോടതി അടച്ചുപൂട്ടാന്‍ വിധിച്ച കോഴിക്കോട് ജില്ലയിലെ 140 വര്‍ഷം പഴക്കമുള്ള സ്കൂളും ഇതില്‍പ്പെടുന്നു. മലാപ്പറമ്പ് എയ്ഡഡ് അപ്പര്‍പ്രൈമറി സ്കൂള്‍ അടച്ചുപൂട്ടാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ഗവണ്‍മെന്റ് സുപ്രീം കോടതിയിയെ സമീപിച്ചിരുന്നെങ്കിലും ജൂണ്‍ 8-ന് സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി തീരുമാനത്തിനെതിരെയുള്ള ഗവണ്‍മെന്റിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. കുട്ടികളുടെ ഭാവിയും സംസ്ഥാനമെമ്പാടുമുള്ള അടച്ചുപൂട്ടലിനെതിരായ പ്രതിഷേധങ്ങളും കണക്കിലെടുത്തുകൊണ്ട് 4 അണ്‍ഇക്കണോമിക് എയ്ഡഡ് സ്കൂളുകളെ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു6 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഉപയോഗപ്രദവും പ്രസക്തവുമായ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായി 2000-2001-ല്‍ ആവിഷ്ക്കരിച്ചതാണ് സർവ്വ ശിക്ഷാ അഭിയാന്‍. സാമൂഹിക, സാമ്പത്തിക, പ്രാദേശിക, ലിംഗ വ്യത്യാസങ്ങള്‍ തടസ്സമാവാതെ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ സ്കൂളുകളുടെ മാനേജ്മെന്റ് നടപ്പിലാക്കുന്നു. സ്കൂളുകളുടെ ഭൌതിക അടിസ്ഥാന സൗകര്യ വികസനം, കുട്ടികള്‍ക്ക് സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യുക, പെണ്‍കുട്ടികളുടെ സ്കൂള്‍ പ്രവേശനം പ്രോത്സാഹിപ്പിക്കുക, അദ്ധ്യാപക പരിശീലനം തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പത്താം പഞ്ചവത്സര പദ്ധതിയില്‍ 75: 25 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് വകയിരുത്തിയിരുന്നു. ഫണ്ടിങ്ങ് രീതി 60:40 എന്ന അനുപാതത്തിലാക്കി മാറ്റിയിട്ടുണ്ട്.