സാമൂഹ്യ സേവനം

കുടിവെള്ളം

സർവ്വ സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും വികസനവുമായി ജലം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, ഈ വികസനങ്ങള്‍ ജലസ്ത്രോതസുകളില്‍ നിര്‍ണ്ണായകമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. ഭൂമുഖത്തെ ജനങ്ങളുടെ അതിജീവനത്തില്‍ ഇത് നിര്‍ണ്ണായകമാവുന്നുണ്ട്. 748 ദശലക്ഷം ജനങ്ങള്‍ക്ക് ഇപ്പോഴും മെച്ചപ്പെട്ട കുടിവെള്ള സ്ത്രോതസ്സുകള്‍ ലഭ്യമല്ലെന്നാണ് 2015 ലെ ലോകജലവികസന റിപ്പോര്‍ട്ട് പറയുന്നത്. ജലവും വികസനവും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണത, ഇപ്പോഴത്തെ വികസന വെല്ലുവിളികളെ ജലദൗർ‍ലഭ്യതയുടെ കണ്ണാടിയിലൂടെ നോക്കുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. ഭൂമിയിലുള്ള ശുദ്ധജല സ്ത്രോതസ്സുകള്‍ പഴയതുപോലെ തന്നെ നിലനില്‍ക്കമ്പോഴും ശുദ്ധജലത്തിന്റെ ചോദനവും പ്രദാനവും തമ്മിലുള്ള വിടവ് ഈ വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ ചോദനവും പരിമിതമായ പ്രദാനവും തമ്മിലുള്ള സന്തുലനം പുനസ്ഥാപിക്കുവാന്‍ നമുക്ക് സാധിക്കാത്ത പക്ഷം കുടിവെള്ള പ്രശ്നം സമീപകാലത്തുതന്നെ ലോകത്തിന് നേരിടേണ്ടിവരും. ജലസ്ത്രോതസുകളുടെ പരിപാലനം ചെലുത്തുന്ന പരിധികളെ ആശ്രയിച്ചാണ് സുസ്ഥിര വികസനത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക അളവുകളുടെ പുരോഗതി നിലകൊള്ളുന്നുത്.

ഉയര്‍ന്ന മഴ ലഭ്യത, നദികള്‍, തടാകങ്ങള്‍, ഉള്‍നാടന്‍ ജലസ്ത്രോതസുകള്‍, നിരവധി അരുവികള്‍ ഇങ്ങനെ ജലവിഭവങ്ങളുടെ ഭൂമിയായാണ് കേരളം കരുതപ്പെടുന്നത്. എന്നാല്‍, കേരളത്തിലെ നിരവധി ജില്ലകളില്‍ വരള്‍ച്ചയും കടുത്ത ജലദൗർ‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്.

ജലസ്ത്രോതസുകള്‍

പശ്ചിമഘട്ടത്തില്‍ ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളുമാണ് കേരളത്തില്‍ ഉള്ളത്. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ നദികളുമായി താരതമ്യം ചെയ്യുമ്പോള്‍,ജലത്തിന്റെ അളവിന്റെ കാര്യത്തില്‍ കേരളത്തിലെ നദികളുടെ പ്രാധാന്യം നാമമാത്രമാണ്. നാല് ഇടത്തരവും നാല്പത് ചെറിയ നദികളുമുള്ള കേരളത്തില്‍ ദേശീയ മാനദണ്ഡങ്ങള്‍ വെച്ച്നോക്കുമ്പോള്‍ ഒരു വലിയ നദിപോലുമില്ല. നിരവധി കായലുകളും ഉള്‍നാടന്‍ ചിറകളും കുളങ്ങളും കേരളത്തിന്റെ ജലസംഭരണികളായി മാറുന്നു.

രണ്ട് മഴക്കാലങ്ങളാണ് കേരളത്തിന് പ്രതിവര്‍ഷം ലഭിക്കുന്നത്. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനപ്രകാരം ജലം വളരെ പെട്ടെന്ന്തന്നെ കടലിലേക്ക് ഒലിച്ചുപോകുന്നു. കേരളത്തിന് ഒരു വര്‍ഷം ലഭിക്കുന്ന ശരാശരി മഴ 3055 മില്ലീമീറ്ററാണ്. ഇത് ദേശീയ ശരാശരിയേക്കാളും രണ്ടിരട്ടി കുടുതലാണ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിലൂടെയാണ്(ജൂണ്‍-സെപ്തംബര്‍) കേരളത്തിന് 69 ശതമാനം മഴയും ലഭിക്കുന്നത്. വടക്ക് കിഴക്കന്‍ കാലവര്‍ഷത്തിലൂടെ (ഒക്ടോബര്‍-ഡിസംബര്‍) പ്രതിവര്‍ഷം 16 ശതമാനവും ബാക്കിയുള്ളത് വേനല്‍ മഴയുമായി ലഭിക്കുന്നു. 2016 കാലയളവില്‍ സംസ്ഥാനത്ത് ലഭിച്ച മഴ സാധാരണ ലഭിക്കാറുള്ളതിനേക്കാള്‍ വളരെ കുറവാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്(59%). ഇത് സംസ്ഥാന ശരാശരിയായ 34 ശതമാനത്തേക്കാളും വളരെ കുറവാണ്. സാധാരണ മഴ ലഭ്യതയേക്കാള്‍ 19 ശതമാനം കൂടുതലോ കുറവോ ആണ് വ്യതിയാനമെങ്കില്‍ അതിനെ സാധാരണ മഴ ലഭ്യതയായി കണക്കാക്കും. കേരളത്തിലെ മഴ ലഭ്യതയുടെ ജില്ല തിരിച്ചുള്ള വ്യതിയാനത്തിന്റെ കണക്കുകള്‍ പ്രകാരം ജില്ലാതലത്തില്‍ താല്ക്കാലിക വ്യതിയാനങ്ങള്‍ ഉയര്‍ന്നതാണെന്ന് കാണാം(പട്ടിക 4.20). മഴ ലഭ്യതയിലെ കുറവ് മൂലം കേരളത്തെ വരള്‍ച്ച ബാധിതപ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി. കുടിവെള്ള ലഭ്യതയിലുള്ള കുറവ് സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം വലിയ പ്രശ്നമായി മാറിയിരിക്കുന്നു. എല്ലാ ജലസ്ത്രോതസ്സുകളുടെയും അടിസ്ഥാന ജലസ്ത്രോതസ്സ് മഴയായതിനാല്‍, ലഭ്യതയിലുണ്ടാവുന്ന കുറവുകള്‍ സംസ്ഥാനത്തിന്റെ കുടിവെള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. മഴ ദിവസങ്ങളുടെ എണ്ണത്തില്‍ വരുന്ന കുറവുകളും കാലം തെറ്റി പെയ്യുന്ന മഴയും കാര്‍ഷിക സമൂഹങ്ങളെ ക്രമാതീതമായ സമ്മര്‍ദ്ദത്തിലാക്കുകയും ഫലത്തില്‍ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

പട്ടിക 4.20
കേരളം-ജില്ലതിരിച്ചുള്ള മഴവെള്ള ലഭ്യത(ശതമാന വ്യതിയാനം) ഒക്ടോബര്‍ 2015 മുതല്‍ സെപ്റ്റംബര്‍ 2016 വരെ
ജില്ല വടക്ക്കിഴക്കന്‍ മണ്‍സൂണ്‍ (ഒക്ടോ-ഡിസം) വിന്റര്‍(ജൂണ്‍-ഫെബ്രു 2016) പ്രീമണ്‍സൂണ്‍ (മാര്‍ച്ച്-മെയ് 2016) തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍)ജൂണ്‍-സെപ്തം)
കേരളം 27 -21 -18 -34
തിരവനന്തപുരം 51 -83 37 -34
കൊല്ലം 19 0 7 -29
പത്തനംതിട്ട 53 -92 11 -36
ആലപ്പുഴ 20 28 -23 -35
കോട്ടയം 35 45 -3 -30
ഇടുക്കി 12 -71 -16 -31
എറണാകുളം 75 187 -17 -24
തൃശ്ശൂര്‍ 18 37 -22 -45
പാലക്കാട് -14 -98 -37 -34
മലപ്പുറം 25 -68 -50 -39
കോഴിക്കോട് 32 -100 -16 -27
വയനാട് -9 -75 -47 -59
കണ്ണൂര്‍ 53 -100 -53 -25
കാസറഗോഡ് 21 3 -49 -25
അവലംബം: - മെറ്റിയോറോളജിക്കല്‍ സെന്റ൪, തിരുവനന്തപുരം

സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായുള്ള ജലവിതരണത്തിന്റെ പ്രധാന സ്ത്രോതസ്സുകളില്‍ ഉപരിതല ജലം പോലെതന്നെ പ്രധാനമായ ഒന്നാണ് ഭൂഗര്‍ഭ ജലവും. തുറന്ന കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവയിലൂടെ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഭൂഗര്‍ഭ ജലത്തെ ചൂഷണം ചെയ്യുന്നു. ജനസംഖ്യയിലുള്ള വര്‍ദ്ധന, ധ്രുതഗതിയിലുള്ള നഗരവത്ക്കരണം, വ്യവസായവല്‍ക്കരണം എന്നിവ മൂലം സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദശകങ്ങളായി ഭൂഗര്‍ഭ ജലസ്ത്രോതസ്സുകളുടെ ചൂഷണം വര്‍ദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള കാലാവസ്ഥ, ഭൂമിയുടെ ഉപരിതല ഭൂഗര്‍ഭ സാഹചര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനുള്ളില്‍തന്നെ വിവിധ സ്ഥലങ്ങളിലെ ഭൂഗര്‍ഭ ജലത്തിന്റെ ഉറവിടവും ലഭ്യതയും വ്യത്യാസപ്പെട്ടിരിക്കും. ലഭ്യമായ വാര്‍ഷിക പുനര്‍ സ്ഥാപനത്തില്‍ നിന്നുള്ള കണക്കില്‍പ്പെടാത്ത നഷ്ടങ്ങളും കാലവര്‍ഷമില്ലാത്ത സമയങ്ങളിലെ സ്വാഭാവിക ബാഷ്പീകരണവും കിഴിച്ചാല്‍ മൊത്തം കേരളത്തിലെ അറ്റ ഭൂഗര്‍ഭ ജല ലഭ്യത 6.07 ബില്ല്യണ്‍ ക്യൂബിക് മീറ്റര്‍(ബി.സി.എം) ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഭാവിയിലെ ജലസേചന വികസനത്തിനുള്ള വാര്‍ഷിക ഭൂഗര്‍ഭജല കരടും അറ്റ ഭൂഗര്‍ഭ ജലലഭ്യതയും യഥാക്രമം 2.84 ബി.സി.എം 3.07 ബി.സി.എം ഉം ആയിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭാവിയിലെ ഉപയോഗത്തിനുളള ഭൂഗര്‍ഭ ജലലഭ്യത, വികസനഘട്ടങ്ങള്‍, ദീര്‍ഘകാല ഭൂഗര്‍ഭ അളവിലുള്ള വ്യതിയാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിലുള്ള ബ്ലോക്കുകളെയാണ് വിലയിരുത്തല്‍ യൂണിറ്റുകളായി കണക്കാക്കിയിട്ടുള്ളത്. 2011മാര്‍ച്ചിലെ ഭൂഗര്‍ഭജല എസ്റ്റിമേഷന്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് കണക്കാക്കപ്പെട്ട 152 യൂണിറ്റുകളില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ യൂണിറ്റ് അമിത ചൂഷണത്തിന് (ഭൂഗര്‍ഭജലവികസനഘട്ടം >100%) വിധേയമായതായും പാലക്കാട് ജില്ലയിലെതന്നെ മലമ്പുഴ ബ്ലോക്കും കാസര്‍ഗോഡ് ജില്ലയിലെ കാസറഗോഡ് ബ്ലോക്കും ഗുരുതരമായ വിഭാഗത്തിലും (ഭൂഗര്‍ഭജലവികസനഘട്ടം >90% വും <=100%), 23 ബ്ലോക്കുകള്‍ അര്‍ദ്ധ ഗുരുതരാവസ്ഥയില്‍പ്പെട്ട വിഭാഗത്തിലും (ഭൂഗര്‍ഭജലവികസനഘട്ടം >70% വും < = 90%), ബാക്കി 126 ബ്ലോക്കുകള്‍ സുരക്ഷിതവും (ഭൂഗര്‍ഭജലവികസനഘട്ടം<=70%), ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.

സ്ത്രോതസ്സുകളുമായും അതുപോലെ തന്നെ വിഭവങ്ങളുമായും ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ ഭൂഗര്‍ഭജല പ്രശ്നങ്ങള്‍ നിലനില്ക്കുന്നത്. കുത്തനെ ചെരിഞ്ഞ പ്രദേശങ്ങളില്‍നിന്നും അതിവേഗത്തില്‍ (48 മണിക്കൂറിനുള്ളില്‍) ജലം അറബിക്കടലിലേക്ക് എത്തുമെന്നതിനാല്‍, ജലം ഊര്‍ന്നിറങ്ങി ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ദ്ധിക്കാനുള്ള പരിമിതമായ സാദ്ധ്യതകള്‍ മാത്രമെ നിലനില്‍ക്കുന്നുള്ളു.

കുടിവെള്ളത്തിന്റെ ലഭ്യത

നാഷണല്‍ സാമ്പിള്‍ സർവ്വേഓര്‍ഗനൈസേഷന്റെ 69-ാം റിപ്പോര്‍ട്ട് പ്രകാരം ഗ്രാമീണ ജനതയുടെ 85.8 ശതമാനത്തിനും ആവശ്യത്തിന് കുടിവെള്ളം ലഭ്യമാണ്. ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ ഇത് 89.6 ശതമാനമാണ്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്ന കുടുംബങ്ങളുടെ ഉയര്‍ന്ന അനുപാതത്തില്‍ ഉത്തര്‍പ്രദേശ് മുന്നിലും (97.1 ശതമാനം) ജാര്‍ഖണ്ഡ് ഏറ്റവും പിന്നിലുമാണ് (70.3 ശതമാനം). അതുപോലെ തന്നെ മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സുകളുടെ കാര്യത്തില്‍ നഗര-ഗ്രാമ മേഖലയില്‍ (യഥാക്രമം 99.7 ശതമാനവും 99.5 ശതമാനവും) പഞ്ചാബാണ് ഏറ്റവും മുന്നില്‍. ഗ്രാമീണ മേഖലയിലും (29.5 ശതമാനം) നഗരമേഖലയിലും (56.8 ശതമാനം) വളരെ കുറഞ്ഞ ശതമാനമാണ് കേരളത്തിന്റേത്. (അനുബന്ധം 4.73 കാണുക). കുടിവെള്ളലഭ്യതയുടെ സ്രോതസ്സിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ല തിരിച്ചുള്ള വിശകലനം അനുബന്ധം 4.74-ല്‍ ചേര്‍ത്തിരിക്കുന്നു.

കേരളത്തിന്റെ തീരപ്രദേശം 570 കിലോമീറ്ററാണ്. സംസ്ഥാനത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 15 ശതമാനത്തോളം വരുമിത്. അശാസ്ത്രീയമായ ശുചിത്വശീലങ്ങളും വിവേചനരഹിതമായ മാലിന്യ നിര്‍മ്മാര്‍ജ്ജനവും നിമിത്തം നമ്മുടെ സംസ്ഥാനത്തിലെ ഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും മലിനീകരിക്കപ്പെട്ടിരിക്കുന്നു. ബാക്ടീരിയകളുടെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം നിമിത്തം കേരളത്തിലെ ഭൂരിപക്ഷം കുടിവെള്ള സ്രോതസ്സുകളും വിഷലിപ്തമായി കഴിഞ്ഞു. ഇ-കോളി, കോളിഫോം ബാക്ടീരിയകളാണ് പ്രധാനമായും കണ്ടുവരുന്നത്. 2015-16 വര്‍ഷത്തിലെ ജില്ലതിരിച്ചുള്ള കേരളത്തിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിന്റെ വിവരം അനുബന്ധം 4.75 ല്‍ നല്‍കിയിട്ടുണ്ട്.

മരണത്തിന് തന്നെ കാരണമായേക്കാവുന്ന നിരവധി ജലജന്യരോഗങ്ങളാണ് മലിനജലം ഉപയോഗത്തിലൂടെ പടരുന്നത്. ജലജന്യരോഗങ്ങളുടെ എണ്ണം പരിശോധിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും അത് വര്‍ദ്ധിച്ച് വരുന്നതായി കാണാം. 2012 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 366463 ആയിരുന്നത് 2016- ല്‍ 461042 ആയി വര്‍ദ്ധിച്ചു. ജനസാന്ദ്രതയും വിവേചനരഹിതമായ ഉപയോഗവും മലിനീകരണവും ജലജന്യരോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ജലജന്യരോഗങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അനുബന്ധം 4.76-ല്‍ ചേര്‍ത്തിരിക്കുന്നു. (ചിത്രം. 4.8).

ചിത്രം. 4.8
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ജലജന്യ രോഗങ്ങളുടെഎണ്ണം

വ്യാപനം

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണനിലവാരവുമുള്ള കുടിവെള്ളം ലഭ്യമാകുക എന്നത് ജലവിതരണമേഖലയിലെ ഒരു പ്രധാന വെല്ലുവിളിയാണ്. കേരള വാട്ടര്‍ അതോറിറ്റിയും (കെ.ഡബ്ല്യൂ.എ) കെ.ആര്‍.ഡബ്ല്യു.എസ്.എ (ജലനിധി) യുമാണ് കേരളത്തില്‍ കുടിവെള്ള വിതരണം നടത്തുന്ന രണ്ട് പ്രധാന ഏജന്‍സികള്‍. നഗരമേഖലയിലെ വന്‍കിട പദ്ധതികള്‍ കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത് നടത്തുമ്പോള്‍ ഗ്രാമീണ മേഖലയിലെ ചെറുകിട ജലവിതരണ പദ്ധതികളിലാണ് ജലനിധി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റിക്ക് മൂന്ന് പ്രാദേശിക ഓഫീസുകളും 15 സര്‍ക്കിളുകളും 51 ഡിവിഷനുകളും 136 സബ്ഡിവിഷനുകളും കേരളത്തില്‍ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന 293 സെക്ഷനുകളുമാണുള്ളത്.

31.03.2016 ലെ കണക്കുകള്‍ പ്രകാരം 3367.13 എം.എല്‍.ഡി ശേഷിയുള്ള 1078 ജലവിതരണ പദ്ധതികളാണ് കെ.ഡബ്ല്യു.എ യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം ശരാശരി 100.79 ലിറ്റര്‍ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാകുന്നുണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം. ഗ്രാമീണമേഖലയില്‍ 100 എല്‍.പി.സി.ഡി യും നഗരപ്രദേശങ്ങളില്‍ 150 എല്‍.പി.സി.ഡി. യുമാണ് പ്രഖ്യാപിത ശരാശരി എല്‍.പി.സി.ഡി. എന്നാല്‍ എല്ലാ ജില്ലകളിലേയും വ്യത്യസ്ത ആവാസ വ്യവസ്ഥകളില്‍ എല്‍.പി.സി.ഡി. വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (ഐ.എ.ഐ.എസ്) കണക്കുകള്‍ പ്രകാരം 2015-16 സാമ്പത്തികവര്‍ഷത്തില്‍ ആകെയുള്ള 11883 ഗ്രാമപ്രദേശങ്ങളിലെ പദ്ധതികളില്‍ 938 പ്രദേശങ്ങളിലെ പൈപ്പ് വഴിയുള്ള കുടവെള്ളവിതരണ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതേ കാലയളവില്‍ തന്നെ ഗുണനിലവാരം പ്രതികൂലമായ പ്രദേശങ്ങളുടെ എണ്ണം 751 ല്‍ നിന്നും 656 ആയി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. നിലവിലുള്ള പദ്ധതികള്‍ പ്രകാരം ജില്ലകളിലുള്ള ഉല്പാദനശേഷിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയിരിക്കുന്ന ശരാശരി എല്‍.പി.സി.ഡി. കണക്കുകള്‍ അനുബന്ധം 4.77- ല്‍ നല്‍കിയിട്ടുണ്ട്. എങ്കിലും വരുമാനരഹിത ജലത്തിന്റെ ഉയര്‍ന്ന ശതമാനം കണക്കിലെടുക്കുമ്പോള്‍ പ്രതിശീര്‍ഷ ലഭ്യത വളരെ കുറവാണ് എന്ന് മാത്രമല്ല ഭൂരിപക്ഷം പദ്ധതികളും നഗര കേന്ദ്രീകൃതവുമാണ്. കേരള വാട്ടര്‍ അതോറിറ്റി ഇതുവരെ നടപ്പിലാക്കിയിട്ടുള്ള മുഴുവന്‍ ജലവിതരണപദ്ധതികളുടെയും ആകെ ഗുണഭോക്താക്കളുടെ എണ്ണം 16627740 ആണ്. ജില്ലതിരിച്ചുള്ള കണക്കുകള്‍ പ്രകാരം ഗുണഭോക്താക്കളുടെ ശതമാനവിഹിതം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലും (16.64%) ഏറ്റവും കുറവ് കാസറഗോഡ് ജില്ലയിലുമാണെന്ന് (1.14%) കാണാം. 31.10.2016 വരെയുള്ള ഗുണഭോക്താക്കളുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ചിത്രം 4.9- ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം. 4.9
കേരളവാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കുടിവെള്ള പദ്ധതികളുടെ ജില്ലാതല ഗുണഭോക്താക്കളുടെ എണ്ണം
അവലംബം: കേരള വാട്ടര്‍ അതോറിറ്റി

കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പദ്ധതികള്‍1.75 കോടി ജനങ്ങളില്‍ എത്തിയിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 52.30 ശതമാനമാണിത്. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വ്യാപനം എറണാകുളം ജില്ലയിലും (81.57%), രണ്ടാമത് തിരുവനന്തപുരത്തും (71.87%) ആണ്. ജലവിതരണ പദ്ധതികളുടെ വ്യാപനം ഏറ്റവും കുറവ് കാസറഗോഡ് ജില്ലയിലാണ് (19.33%). വിശദവിവരങ്ങള്‍ അനുബന്ധം 4.78 - ല്‍ നല്‍കിയിരിക്കുന്നു. 31.03.2016 പ്രകാരമുള്ള കണക്കനുസരിച്ച് കേരള വാട്ടര്‍ അതോറിറ്റിയുടെ മൊത്തം ജലവിതരണ പദ്ധതികളുടെ എണ്ണം 1078 ആണ് ഇവയില്‍ 1029 എണ്ണം ഗ്രാമീണ മേഖലയിലും 49 എണ്ണം നഗരപ്രദേശങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ 104 ജലവിതരണ പദ്ധതികളും തൃശ്ശൂര്‍ ജില്ലയില്‍ 107 പദ്ധതികളുമാണുള്ളത്. കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പദ്ധതികളുടെ വ്യാപനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. (അനുബന്ധം 4.79 കാണുക) കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ സംസ്ഥാനത്ത് 1812528 ജലവിതരണ കണക്ഷനുകളാണുള്ളത്. ഇതില്‍ 93.61 ശതമാനം ഗാര്‍ഹിക കണക്ഷനുകളും 6.3ശതമാനം ഗാര്‍ഹികേതര കണക്ഷനുകളുമാണ്. വ്യവസായികാവശ്യങ്ങള്‍ക്കുള്ള കണക്ഷനുകള്‍ 0.08 ശതമാനം മാത്രമാണ്. കണക്കനുസരിച്ച് ആകെ 208034 തെരുവ് പൈപ്പുകളാണുള്ളത്. ഇതില്‍ 162568 എണ്ണം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും 18131 എണ്ണം കോര്‍പ്പറേഷനുകളിലും 27335 എണ്ണം നഗരസഭയുടെ കീഴിലുമാണുള്ളത് (അനുബന്ധം 4.80 കാണുക)

ഉയര്‍ന്നതലത്തിലുള്ള ശുചിത്വ വ്യാപനത്തിന് ശേഷവും കുടിവെള്ളത്തില്‍ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്നാണ് 2013-ല്‍ കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം കോഴിക്കോട് കോര്‍പ്പറേഷനിലെ തെരെഞ്ഞെടുത്ത പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നത്. പഠനത്തില്‍ കണ്ടെത്തിയ പ്രസക്തമായ കാര്യങ്ങള്‍ ഇവയാണ് : കോഴിക്കോട് കോര്‍പ്പറേഷനിലെ തുറന്ന കിണറുകളില്‍ നിന്നും ശേഖരിച്ച ജലത്തില്‍ ബാക്ടീരിയയുടെ അളവ് കണ്ടെത്തിയിട്ടുണ്ട്. മാലിന്യങ്ങളാണ് ജലത്തില്‍ ബാക്ടീരിയയുടെ അളവ് കൂടുന്നതിനുള്ള കാരണം. ഭൂരിപക്ഷം സാമ്പിളുകളിലും ഇ-കോളിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മലിനീകരിക്കപ്പെട്ടുള്ള പ്രദേശങ്ങളിലെ കിണറുകളില്‍ മലിന രോഗാണുക്കളുടെ സാന്നിദ്ധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ തന്നെ ഇത്തരം പ്രശ്നങ്ങളുടെ വിവിധങ്ങളായ കാരണങ്ങളെക്കുറിച്ച് പഠനം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. ദൂരവും ചരിവും പരിഗണിക്കാതെ കിണറുകളും ശൌചാലയങ്ങളും തെറ്റായ സ്ഥലങ്ങളില്‍ നിര്‍മ്മിച്ചതും ഉയര്‍ന്ന ജലലഭ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെ കനാലുകളിലും ജലസ്രോതസ്സുകളിലും നേരിട്ട് ശൌചാലയ മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതും ഫ്ലാറ്റുകള്‍, ആശുപത്രികള്‍, വ്യാപാരസ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നുമുള്ള ഓടയിലെ മാലിന്യങ്ങള്‍ നേരിട്ട് ജലസ്രോതസ്സുകളില്‍ എത്തുന്നതും മറ്റുമാണ് സ്രോതസ്സുകള്‍ മാലിന്യമായതിന്റെ പ്രധാനഘടകങ്ങള്‍. അഴുക്കുചാല്‍ വ്യാപനത്തിന്റെ കാര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 90000 കണക്ഷനുകള്‍ മാത്രമുള്ളപ്പോള്‍ (37 ശതമാനം) എറണാകുളം ജില്ലയില്‍ ഇത് വെറും 1000 കണക്ഷനുകള്‍ മാത്രമാണ്.

ബോക്സ് 4.10
വര്‍ക്കിംഗ് ഗ്രൂപ്പ്: കുടിവെള്ളവും ശുചിത്വവും

13-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിന്റെ ഭാഗമായി, ജലവിഭവ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. വി.ജെ. കുര്യന്‍ ഐ.എ.എസ്. കോ-ചെയര്‍പേഴ്സണായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് കുടിവെള്ളത്തിനും ശുചിത്വത്തിനുംവേണ്ടി ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. മറ്റ് നിരവധി വിഷയങ്ങള്‍ക്കുപുറമെ മേഖലയുടെ ആത്യന്തിക നേട്ടത്തിനും ഫലങ്ങള്‍ക്കായുള്ള സൂചികകള്‍ കണ്ടെത്താനും രൂപകല്പനചെയ്യാനും പ്രാദേശിക ആവശ്യങ്ങളും പരിഹാരങ്ങളും കണ്ടെത്താനും മഴവെള്ള കൊയ്ത്തിനുള്ള മാനദണ്ഡം നിര്‍ണ്ണയിക്കാനും, ഭൂഗര്‍ഭജലം പുന:രുജ്ജീവിപ്പിക്കുന്നതിനും ഓരോ വ്യക്തിക്കും പ്രാപ്യമായ രീതിയില്‍ ഇവയുടെ ശാസ്ത്രീയമായി നിര്‍ണ്ണയിക്കപ്പെട്ട കണക്കുകള്‍ തയ്യാറാക്കാനും കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.


ബോക്സ് 4.11
ജലം സംരക്ഷിക്കൂ ! ജീവന്‍ രക്ഷിക്കൂ!
പ്രാഥമികമായും മഴലഭ്യതയിലുള്ള കുറവുമൂലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളം കടുത്ത വരള്‍ച്ച അനുഭവിക്കുകയാണ്. കാലാവസ്ഥ, ജലവിഭവം, കാര്‍ഷികം എന്നിങ്ങനെ മൂന്ന് തരത്തിലാണ് വരള്‍ച്ചയെ ശാസ്ത്രസമൂഹം തരംതിരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അതീവ വരള്‍ച്ച സാധ്യത പ്രദേശങ്ങളില്‍ വിളകള്‍ ഉണങ്ങിയതും ജലലഭ്യതയില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കേരളം കാലാവസ്ഥ വരള്‍ച്ചയില്‍ നിന്നും ജലലഭ്യത, കാര്‍ഷിക വരള്‍ച്ചയിലേക്കുള്ള മാറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന് നിസ്സംശയം പറയാം. കേരളത്തിലെ വരള്‍ച്ച അടിസ്ഥാനപരമായി കുടിവെള്ള ദൗർലഭ്യതയുമായി ബന്ധപ്പെട്ടുള്ളതാണ്. വൈദ്യുതി ഉല്പാദനത്തിനായി മുഖ്യമായും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തെ ആശ്രയിക്കുന്ന കേരള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, വരള്‍ച്ച പ്രത്യേകിച്ച് ജലവിഭവ വരള്‍ച്ച സംസ്ഥാനത്തെ കൂടുതല്‍ ദുര്‍ബ്ബലമാക്കുന്നു.



2016 ല്‍ സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ വടക്ക്-കിഴക്കന്‍ കാലവര്‍ഷത്തില്‍ ആശങ്കാജനകമായ 70 ശതമാനത്തിന്റെ കുറവാണ് പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്. സാഹചര്യത്തിന്റെ ഗൌരവം ഉള്‍കൊണ്ട് കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവനും വരള്‍ച്ച ബാധ്യതപ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതീക്ഷിക്കപ്പെടുന്ന കടുത്ത കുടിവെള്ള ക്ഷാമം, ജലസേചനത്തിനുള്ള ജലദൗർലഭ്യത, വൈദ്യൂതി പ്രതിസന്ധിയിലേക്ക് നയിക്കുന്ന വിധത്തില്‍ വൈദ്യുതി ഉല്പാദന കേന്ദ്രത്തിലെ ഡാമുകളിലെ ജലനിരപ്പ് താഴുന്നതും സംസ്ഥാനത്തിലെ ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുണ്ട്.



കാലവര്‍ഷത്തിന്റെ വിടവിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ച് വരുന്നതായും, മഴലഭ്യതയുടെ അളവ് കുറയുന്നതായും കാലവര്‍ഷം വൈകുന്നതായും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രവണതകള്‍ സുസ്ഥിരമല്ലാത്ത ഭൂമിയുടെ ഉപയോഗത്തിലേക്ക് നയിക്കുന്നുമുണ്ട്. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതും ശാശ്വത ജലസ്രോതസ്സുകളിലേക്ക് ഖരമാലിന്യങ്ങള്‍ തള്ളുന്നതും ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. കേരള സംസഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ) പിന്തുണയോടെ വരള്‍ച്ചയുടെ കാഠിന്യം ലഘൂകരിക്കുന്നതിനായി മഴപ്പൊലിമ, ജലവര്‍ഷിണി, റബ്ബര്‍ തടയണകള്‍, അന്തരീക്ഷ ജലനിര്‍മ്മിതി എന്നീ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ ജലസ്രേതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് പുതുതായി പ്രഖ്യാപിക്കപ്പെട്ട ഹരിതകേരള മിഷന്‍ ഊന്നല്‍ നല്‍കുന്നുണ്ട്. വരള്‍ച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ പദ്ധതിയായി ജലകിയോസ്ക് എന്ന ആശയം മാറിയിട്ടുണ്ട്. ഒരു പൊതുസ്ഥലത്ത് 5000 മുതല്‍ 10000 ലിറ്റര്‍ ജലം വരെ സംഭരിച്ച ടാപ്പോടുകൂടിയ പി.വി.സി ജലസംഭരണികളാണ് കിയോസ്കുകള്‍. ജലം നിറയ്ക്കുന്നതും വിതരണം ചെയ്യുന്നതും ജില്ലാ ഭരണകൂടത്തിന്റെ ചുമതലയാണ്. കണ്ണൂര്‍ (355 എണ്ണം), കാസറഗോഡ് (1), തിരുവനന്തപുരം (27), കോഴിക്കോട് (6), ആലപ്പുഴ (264), മലപ്പുറം (34), എറണാകുളം (77) എന്നീ ജില്ലകളില്‍ പദ്ധതി ആവിഷ്കരിച്ച് കഴിഞ്ഞു. ഭൂഗര്‍ജലം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ സംവിധാനമായി മഴപ്പൊലിമ വരുന്നു. ജലത്തിന്റെ ഒഴുക്ക് കുറയ്ക്കുന്നതിനായി അരുവികളില്‍ സ്ഥാപിക്കുന്ന കട്ടിയുള്ളതോ ഊതിവീര്‍പ്പിച്ചതോ ആയ പ്രതിരോധരീതിയാണ് റബ്ബര്‍ തടയണകള്‍. മാതൃക ജലസംരക്ഷണ പദ്ധതികള്‍ കണ്ടെത്താനും അവയ്ക്ക് സാമ്പത്തിക സഹായം നല്‍കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ജലവര്‍ഷിണി. സമാനമനസ്കരായ "അന്‍പോട് കൊച്ചി" എന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ "എന്റെ കുളം എറണാകുളം -2016 " പദ്ധതിയുടെ ഭാഗമായി 51 കുളങ്ങള്‍ വൃത്തിയാക്കുകയുണ്ടായി. കോഴിക്കോട് ജില്ലയില്‍ ആവിഷ്കരിച്ച "കുളം കോരു ബിരിയാണി തരാം" പദ്ധതിയുടെ ഭാഗമായി 26 കുളങ്ങള്‍ വൃത്തിയാക്കി. അന്തരീക്ഷത്തില്‍ നിന്നും ശുദ്ധീകരിച്ചതും ഉപയുകതവുമായ കുടിവെള്ളം വായുവില്‍ നിന്നും ശുദ്ധീകരിച്ച ഉപയോഗപ്രദമായ കുടിവെള്ളം ഉല്പാദിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമാണ് അന്തരീക്ഷ ജലനിര്‍മ്മിതി.

ഒരു "സുരക്ഷിത സംസ്ഥാനം" എന്ന വീക്ഷണത്തിലേക്ക് നമ്മുടെ മേല്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന പ്രതിസന്ധി നേരിടുന്നതിന് മുഴുവന്‍ ആളുകളും സജ്ജമാകേണ്ടിയിരിക്കുന്നു. ഈ പ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ പൗരന്മാരും ഒരുമിച്ച ഒരു സംഘടിതശ്രമം അത്യന്താപേക്ഷിതമാണ്. സംരക്ഷിക്കുന്ന ഓരോ തുള്ളിയും ഒരു ജീവന്‍ സംരക്ഷിക്കുന്നതിന് (രക്ഷിക്കുന്നതിന്) തുല്യമായിരിക്കും. ദീര്‍ഘകാലത്തില്‍, സംസ്ഥാനത്തിന്റെ ജലസുരക്ഷിത ഭാവി ഉറപ്പാക്കുന്നതിനായി ഉപഭോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുന:ചംക്രമണം നടത്തുക എന്ന മൂന്ന് തത്വങ്ങളെ ബഹുമാനിക്കുക, ഉപയോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുന:ചക്രമണം നടത്തുക എന്ന നാല് ചിന്തനങ്ങളായി മാറ്റിയെഴുതാന്‍ യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്

അവലംബം: (സംസ്ഥാനദുരിതനിവാരണ അതേറിറ്റി)

ജലനിധി

2000 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലാണ് ജലനിധിയുടെ ഒന്നാംഘട്ടം നടപ്പിലാക്കിയത്. സാമൂഹിക അടിസ്ഥാനത്തിലുള്ള ജലവിതരണ പദ്ധതികള്‍ ജലനിധിയുടെ കീഴില്‍ ആവിഷ്കരിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കിയിരുന്നത്. ചെറുകിട ജലവിതരണ പദ്ധതികളാണ് പ്രധാനമായും കെ.ഡബ്ല്യു.ആര്‍.എസ്.എ ഏറ്റെടുക്കുന്നതെങ്കിലും ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് വന്‍കിട ജലവിതരണ പദ്ധതികളിലും പങ്കാളിയായിട്ടുണ്ട്. 2000-2008 കാലയളവില്‍ ഒന്നാംഘട്ടത്തില്‍ 10.56 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന 3694 ചെറുകിട ജലവിതരണപദ്ധതികളും 16 വന്‍കിട ജലവിതരണപദ്ധതികളുമാണ് പൂര്‍ത്തിയാക്കിയിരുന്നത്. പദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലും ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്തികൊണ്ട് ജനങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടം (2012-2018) നടപ്പിലാക്കുന്നത്. കേരളത്തിലെ 200 ഗ്രാമപഞ്ചായത്തുകളിലുള്ള 18 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളവിതരണം, ശുചിത്വസേവനങ്ങള്‍ നല്‍കാനാണ് രണ്ടാംഘട്ടം ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍, പഞ്ചായത്ത് ഗുണഭോക്താക്കള്‍ എന്നിവ യഥാക്രമം 75,15,10 ശതമാനം നിരക്കില്‍ വിഹിതം നല്‍കികൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 31.03.2016 വരെ ആകെ 573.09 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ആകെ 729.27 കോടി രൂപ സ്റ്റേക്ക് ഹോള്‍ഡര്‍മാരില്‍ നിന്നും സമാഹരിച്ചിട്ടുണ്ട്. ജലനിധിയുടെ കുടിവെള്ളവിതരണ പദ്ധതികളിലൂടെ 13.65 ലക്ഷം ജനങ്ങളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിച്ചു. വിശദാംശങ്ങള്‍ അനുബന്ധം 4.81 ല്‍ നല്‍കിയിട്ടുണ്ട്. ജലനിധിയുടെ മഴവെള്ളകൊയ്ത്ത് (RWH) നിര്‍മ്മിതികളിലൂടെ, 18239 കുടുംബങ്ങള്‍ക്ക് കടുത്ത വേനല്‍കാലത്ത് തങ്ങളുടെ കുടിവെള്ള ആവശ്യങ്ങള്‍ നിർവഹിക്കാന്‍ സാധിച്ചു. (അനുബന്ധം 4.82 പരിശോധിക്കുക) ജലവിതരണ പദ്ധതികള്‍ക്ക് പുറമെ ഭൂഗര്‍ഭജലവിതരണ പദ്ധതികളും ഭൂഗര്‍ഭജല റീചാര്‍ജ്ജ് പ്രവര്‍ത്തനങ്ങളും KRWSA നിർവഹിച്ചിട്ടുണ്ട്. 30.09.2016 വരെയുള്ള കണക്ക് പ്രകാരം 53 ഭൂഗര്‍ഭജല റീചാര്‍ജ്ജ് നിര്‍മ്മിതികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജലനിധി രണ്ടാംഘട്ടത്തിന്റെ വിശദാംശം അനുബന്ധം 4.83 ല്‍ നല്‍കിയിട്ടുണ്ട്.

ജലനിരക്കുകളില്‍നിന്നുള്ള വരുമാനം

ജലവിതരണത്തിന് ഈടാക്കുന്ന തുകയാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം. രാജ്യത്തിലെ 100 ജലകണക്ഷന്‍ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള ഏകസ്ഥാപനം രാജ്യത്ത് കേരള വാട്ടര്‍ അതോറിറ്റി മാത്രമാണ്. 2015-16 കാലഘട്ടത്തില്‍ ജലനിരക്കുകളില്‍ നിന്നുള്ള വരുമാനമായി KWA 460.25 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. 2007-08 മുതല്‍ 2015-16 വരെ ജലനിരക്കുകളില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ അനുബന്ധം 4.84- ല്‍ നല്‍കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളുടെയും ഉപയോഗത്തിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത നിരക്കുകളാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. 2014- ല്‍ നിശ്ചയിച്ച ജലനിരക്ക് സംബന്ധിച്ച വിവരം അനുബന്ധം 4.85- ല്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കിയ ഗ്രാമ-നഗര കുടിവെള്ളപദ്ധതികളുടെ വിവിധ വിഭാഗത്തിലുള്ള ജില്ലതിരിച്ചുള്ള കണക്കുകളും ജില്ല തിരിച്ച് പിന്നാക്കം പദ്ധതികളുടെയും വിശദാംശങ്ങള്‍ അനുബന്ധം 4.86 ലും അനുബന്ധം 4.87 ലും നല്‍കിയിട്ടുണ്ട്, കേരള വാട്ടര്‍ അതോറിറ്റിക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച ഫണ്ടിന്റേയും അവയുടെ പ്ലാന്‍ നോണ്‍പ്ലാന്‍ ഇനത്തിലുള്ള ചെലവിന്റെയും വിശദാംശങ്ങള്‍ യഥാക്രമം അനുബന്ധം 4.88, അനുബന്ധം 4.89 ല്‍ നല്‍കിയിട്ടുണ്ട്.

പ്രശ്നങ്ങളും ആശങ്കകളും

ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് സുരക്ഷിത കുടിവെള്ളവും മതിയായ ശുചിത്വവും ആവശ്യമാണ്. പൈപ്പുകളില്‍ തുടര്‍ച്ചയായി വിള്ളലുകള്‍ വീഴുന്നത് നിമിത്തം ജലവിതരണത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങളാണ് കേരള ജല അതോറിറ്റി നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. പൈപ്പുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതുമൂലവും കാലപ്പഴക്കം ചെന്നവ മാറ്റി സ്ഥാപിക്കാന്‍ സാധിക്കാതിരുന്നതും മൂലം ഉല്പാദിപ്പിക്കുന്ന ജലത്തിന്റെ ഒരു വലിയ ഭാഗവും വിതരണ നഷ്ടമായി മാറുന്നു. കണക്കുകള്‍ പ്രകാരം ജലത്തിന്റെ വിതരണ നഷ്ടം 40 ശതമാനമാണ്.

മുന്നോട്ടുള്ള വഴി

ഗുണനിലവാരമുള്ള കുടിവെള്ളം പ്രദാനം ചെയ്യുന്നതിന് ജലവിതരണത്തിന് ഒരു സംയോജിത ജല വിഭവ പരിപാലന സംവിധാനം അത്യാന്താപേക്ഷിതമാണ്. ജലവിതരണം പക്ഷപാതരഹിതവും ഉപയോക്താക്കളുടെയിടയില്‍ സുസ്ഥിരവികസന കാഴ്ചപ്പാടുകളെ കുറിച്ചുള്ള ജാഗ്രത ഉയര്‍ന്നു വരുന്ന തരത്തിലുമായിരിക്കണം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ശുദ്ധജലം വിതരണം ചെയ്യുന്നതിനോടൊപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. മെച്ചപ്പെട്ട ജീവിതനിലവാരം നിലനിര്‍ത്തുന്നതിനുതകുന്ന തരത്തില്‍ ഭൂമിയില്‍ ലഭ്യമായ ജലസ്രോതസ്സുകളെ പരിപാലിക്കുകയും അവയെ ഭാവി തലമുറയ്ക്കായി സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. സാന്ദ്ര ദായിക ജലസ്ത്രോതസ്സുകളെ ശ്രദ്ധയോടെ പരിപാലിക്കുകയും മഴവെള്ള കൊയ്ത്ത് സംവിധാനം ശക്തമായി നടപ്പിലാക്കുകയും ചെയ്ത് കൊണ്ട് ജലസ്ത്രോതസ്സുകളെ പോഷിപ്പിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. ഈ ചുമതല നിർവഹിക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്. അതുപോലെ തന്നെ സംസ്ഥാനത്തെ ഭരണ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഒന്നിച്ച് ചേര്‍ന്ന് യത്നിച്ചാല്‍ മാത്രമെ ജലസംരക്ഷണം യാഥാര്‍ത്ഥ്യമാകൂ.

top