കേരളത്തില്‍ സാംക്രമിക സാംക്രമികേതര രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കണ്ടുവരുന്നു. ഡെങ്കി, എയ്ഡ്സ്, മലേറിയ, ലെപ്റ്റോസ്പൈറോസിസ്, ഹെപ്പറ്റൈറ്റിസ്, ചിക്കന്‍ഗുനിയ, എച്ച്5 എന്‍1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ നിയന്ത്രി ിക്കപ്പെട്ടിരുന്നുവെങ്കിലും അടുത്ത കാലത്തായി രോഗനിരക്കും മരണനിരക്കും വര്‍ദ്ധിക്കാന്‍ ഈ രോഗങ്ങളുടെ പുനരുജ്ജീവനം നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.
പക്ഷിപ്പനി എന്ന എച്ച്5 എന്‍1 വൈറസ് കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളായ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളെയാണ് ഏറെ ബാധിച്ചത്. ഈ വൈറസ് മനുഷ്യനിലേയ്ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയന്‍ ഇന്‍ഫ്ലുവന്‍സ് പക്ഷികളില്‍ കാണപ്പെടുന്ന ഒരു വൈറസ് രോഗമാണ്. മൃഗങ്ങളില്‍ കാണപ്പെടുന്ന ഇന്‍ഫ്ലുവന്‍സ വൈറസ് മനുഷ്യാരോഗ്യത്തിന് ഭീഷണിയാണ്. മൃഗങ്ങളില്‍നിന്നും മനുഷ്യനിലേയ്ക്ക് വൈറസ് പകരുമ്പോള്‍ മനുഷ്യന്‍ രോഗിയായിമാറുന്നു. മൃഗങ്ങളില്‍ ഇത്തരം വൈറസുകളുടെ വ്യാപനം തടയുകയാണ് മനുഷ്യനിലേയ്ക്ക്പകരാതിരിക്കാനുള്ള പ്രാഥമിക മാര്‍ഗ്ഗം.ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏവിയന്‍ ഇന്‍ഫ്ലുവന്‍സ മുഖേന ലക്ഷക്കണക്കിന് പക്ഷികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ലോകത്താകമാനം 452 മനുഷ്യര്‍ മാത്രമാണ് (ഇന്ത്യയില്‍ പൂജ്യം) 2003-16 കാലഘട്ടത്തില്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ഥിരമായി ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുന്നത് ലെപ്റ്റോസ്പൈറോസിസ് മൂലമാണ്. കേരളത്തില്‍ 2012-ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 510 ലെപ്റ്റോസ്പൈറോസിസ് കേസുകളില്‍ 11 മരണമുണ്ടായെങ്കില്‍ 2013-ല്‍ അത് 613 കേസുകളും 15 മരണവുമായി. 2014-ല്‍ സെപ്റ്റംബര്‍ മാസം വരെ 717 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, 19 പേര്‍ മരിക്കുകയും ചെയ്തു. 2015 സെപ്തംബര്‍ വരെ 666 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, 15 ആളുകള്‍ മരിക്കുകയും ചെയ്തു. ലെപ്റ്റോസ്പൈറോസിസ് രോഗത്തിനായി 2016-ല്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം 13339ഉം മരണം സംഭവിച്ചവരുടെ എണ്ണം 21 ഉം ആണ്. ഇത് മു൯വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ലെപ്റ്റോസ്പൈറോസിസ് രോഗം മൂലം 2016-ല്‍ ചികിത്സ തേടിയവരുടേയും മരണം സംഭവിച്ചവരുടേയും എണ്ണം ജില്ല തിരിച്ച് അനുബന്ധം 4.52-ല്‍ കൊടുത്തിരിക്കുന്നു.
ഇന്ത്യയില്‍ 2.4ദശലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരായി കഴിയുന്നുവെന്ന് കണക്കാക്കപ്പെടുന്നു. എച്ച്.ഐ.വി യുടെ വ്യാപനം നിയന്ത്രിക്കുക, എച്ച്.ഐ.വി/എയ്ഡ്സ് രോഗത്തിനോട് പ്രതികരിക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവ് ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന അഗ്രഗാമിയായ സ്ഥാപനമാണ് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി. ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ പരിപാടി സംസ്ഥാനത്ത് നടപ്പാക്കാനാണ് ഈ സ്ഥാപനം രൂപീകരിച്ചത്.
സംസ്ഥാനത്തെ എച്ച്.ഐ.വി എന്ന പകര്‍ച്ചാവ്യാധി മുഖ്യമായും വ്യാപിച്ചിരിക്കുന്നത്, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍ക്കിടയില്‍ 4.95 ശതമാനം, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരുടെയിടയില്‍ (എം.എസ്.എം) 0.36 ശതമാനം, സ്ത്രീ ലൈംഗിക തൊഴിലാളികളുടെയിടയില്‍(എഫ്.എസ്.ഡബ്ലിയു) 0.73ശതമാനം എന്ന തോതിലാണ്. സ്ത്രീ ലൈംഗികതൊഴിലാളികള്‍ക്കിടയിലും, പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കിടയിലുമുള്ള എച്ച്.ഐ.വി വ്യാപനം ഒരു ശതമാനത്തില്‍ താഴെയും, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍ക്കിടയില്‍ 4.95 ശതമാനവുമാണ് . മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍ക്കിടയിലെ എയ്ഡ്സ് വ്യാപനം 2007-ല്‍ 9.57ശതമാനവും 2008-ല്‍ 5.3 ശതമാനവുംആയിരുന്നു. ഇപ്പോഴുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ എച്ച്.ഐ.വി രോഗ സംക്രമണം മിക്കവാറും ഉയര്‍ന്ന അപകട സാദ്ധ്യതയുള്ള വ്യക്തികളിലും അവരുടെ ലൈംഗിക പങ്കാളികളിലും ഒതുങ്ങി നില്‍ക്കുന്നു എന്നാണ്.
ഇന്ത്യയില്‍ ഇതിവരെ അറിവുള്ള ഏറ്റവും പ്രധാനപ്പെട്ട പകര്‍ച്ചാവ്യാധിയായി ചിക്കന്‍ഗുനിയ വന്നെത്തിയത് 2006-ല്‍ ആണ്. കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങളിലെ 151 ജില്ലകളെ ഇത് ബാധിച്ചു. 2011-ല്‍ കേരളത്തില്‍ 58 ചിക്കന്‍ഗുനിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2013-ല്‍ അത് 169 കേസുകളായി വര്‍ദ്ധിച്ചു. ഇതില്‍ 149 കേസുകള്‍ തിരുവനന്തപുരത്തും, 11 കേസുകള്‍ ഇടുക്കിയിലും ആയിരുന്നു. 2014-ല്‍ 139 ചിക്കന്‍ഗുനിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 106 എണ്ണവും തിരുവനന്തപുരത്താണ്. 2015-ല്‍ 104 കേസുകള്‍റിപ്പോര്‍ട്ട് ചെയ്തതില്‍ 99 കേസുകള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. ഇത് 2016 സെപ്റ്റംബര്‍ വരെ യഥാക്രമം 106 ഉം 77 ഉം ആണ്. കേരളത്തില്‍ ആകെ 2014-ല്‍ (സെപ്റ്റംബര്‍ വരെ) 2046455 വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015-ല്‍ ഇത് 1925690 ആയി. 2016-ല്‍ (സെപ്റ്റംബര്‍ വരെ) ഇത് 2040667 ആണ്. 2016- സെപ്റ്റംബര്‍ വരെ ചിക്കുന്‍ഗുനിയക്കും വൈറല്‍ പനിക്കും ചികിത്സതേടിയവരുടെ ജില്ല തിരിച്ചുള്ള വിവരം അനുബന്ധം 4.53-ല്‍ കൊടുത്തിരിക്കുന്നു.
ഭാരത സര്‍ക്കാരിന്റെ ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടി സംസ്ഥാനത്തുടനീളം കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിനും, നിയന്ത്രണത്തിനുമായി നടപ്പാക്കിയിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് 60% കേന്ദ്രാവിഷ്കൃത പദ്ധതിയാണ്.
കേരളത്തിലെ കുഷ്ഠരോഗ വ്യാപന നിരക്ക് വളരെ കുറവാണ്. പുതിയ കേസുകള്‍ കണ്ടെത്തുന്നതിന്റെ വാര്‍ഷിക നിരക്ക് 1.88/100000, രോഗ ബാധിതരുടെ നിരക്ക് 0.17/10000 (ഒക്ടോബര്‍ 31, 2016 കണക്കു പ്രകാരം)ഉം ആണ്. ഇന്ത്യയില്‍ പുതിയ കേസുകള്‍ കണ്ടെത്തുന്നതിന്റെ വാര്‍ഷിക നിരക്കില്‍ 0.45 ശതമാനം കേരളത്തില്‍ നിന്നാണുള്ളത്. കേരളത്തില്‍ ചികിത്സയില്‍ ഇരിക്കുന്ന കുഷ്ഠരോഗികളുടെ എണ്ണം 2016 സെപ്റ്റംബര്‍ 30 കണക്കു പ്രകാരം 745 ആണ്. 2015-16 സാമ്പത്തിക വര്‍ഷം നടത്തിയ റീകണ്‍സ്ട്രക്റ്റീവ് സര്‍ജറികളുടെ എണ്ണം 26-ഉം 2016-17 സെപ്റ്റബര്‍ വരെ 6-ഉ ആണ്. 2015-16-ല്‍ വിതരണം ചെയ്ത എം.സി.ആര്‍ചെരുപ്പുകള്‍ 587-ഉം സെല്‍ഫ് കെയര്‍ കിറ്റുകള്‍ 230-ഉം ആണ്. ഇത് 2016-17 ഒക്ടോബർവരെ യഥാക്രമം 102-ഉം 89-ഉം ആണ്. നിലവിലെ കുഷ്ഠരോഗ സാഹചര്യം അനുബന്ധം 4.54-ല്‍ കൊടുത്തിട്ടുണ്ട്. കേരളത്തില്‍ 3 കുഷ്ഠരോഗ ചികിത്സാ കേന്ദ്രങ്ങളുണ്ട്. അവിടെ 1692 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. 2016-ലെ കുഷ്ഠരോഗ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ പട്ടിക 4.10-ല്‍ കൊടുത്തിരിക്കുന്നു.
ക്രമ നം. | ജില്ല | സ്ഥാപനങ്ങള്‍ | നിലവിലുള്ള കിടക്കകള്‍ | ചികിത്സയിലുള്ള രോഗികള്‍ |
1 | ആലപ്പുഴ | കുഷ്ഠരോഗ സാനിറ്റോറിയം, നൂറനാട് | 767 | 184 |
2 | തൃശ്ശൂര്‍ | ഗാന്ധിഗ്രാം സര്‍ക്കാര്‍ ആശുപത്രി, കൊരട്ടി | 660 | 173 |
3 | കോഴിക്കോട് | സര്‍ക്കാര്‍ കുഷ്ഠരോഗ ആശുപത്രി, ചേവായൂര്‍ | 265 | 100 |
ആകെ | 1692 | 457 |
മനുഷ്യജീവന് ഭീഷണിയായിട്ടുള്ളത് അര്‍ബുദം, പ്രമേഹം, കാര്‍ഡിയോവാസ്കുലാര്‍ രോഗങ്ങള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നീ സാംക്രമികേതര രോഗങ്ങളാണ്. ഇത്തരം രോഗങ്ങള്‍ നിയന്ത്രി ക്കുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള കഷ്ടനഷ്ടങ്ങള്‍ വളരെ വലുതായിരിക്കും. പ്രായാധിക്യവും ജീവിത രീതികളും ഇതിനെ സ്വാധീനിക്കുന്നു. താഴ്ന്ന വരുമാനക്കാരെ സംബന്ധിച്ച് മരുന്നുകളുടെ ഉയര്‍ന്ന വിലയും ചികിത്സക്കാവശ്യമായ സുദീര്‍ഘമായ കാലപരിധിയും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതുമാണ്.
ജനസംഖ്യയുടെ എല്ലാവിഭാഗങ്ങളെയും ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് അര്‍ബുദം. കേരളത്തില്‍ എല്ലാവര്‍ഷവും 35000 പുതിയ അര്‍ബുദരോഗികള്‍ തങ്ങളുടെ രോഗം തിരിച്ചറിയുന്നു. വര്‍ഷാവര്‍ഷം ഒരു ലക്ഷം പേര്‍ ഇതിനു ചികിത്സ തേടുന്നു. മെഡിക്കല്‍ കോളേജുകള്‍ കൂടാതെ റീജണല്‍ കാന്‍സര്‍ സെന്റര്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നീ സര്‍ക്കാര്‍ മേഖലയിലുള്ള ആശുപത്രികളും അര്‍ബുദത്തിന് ചികിത്സ നല്‍കി വരുന്നു. നേരത്തേ രോഗം തിരിച്ചറിയാതിരിക്കുക, വന്‍ചികിത്സാചെലവ്, തുച്ഛമായ ചികിത്സാ സൗകര്യങ്ങള്‍, അവബോധമില്ലായ്മ എന്നീ കാര്യങ്ങള്‍ ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
കേരള സര്‍ക്കാരിനുകീഴിലുള്ള ഒരു സ്വയംഭരണസ്ഥാപനമാണ് കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ബുദചികിത്സ നല്‍കാന്‍ സ്ഥാപിതമായതാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. ഇവിടെ 200 പേരെ കിടത്തി ചികിത്സിക്കാന്‍ സാധിക്കും. അര്‍ബുദരോഗികളെ ചികിത്സിക്കുന്നതിനായി ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. 2015-16 ല്‍ 60203 രോഗികള്‍ക്ക് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ ലഭിച്ചതില്‍ 3790 പേര്‍ കിടത്തി ചികിത്സ ലഭ്യമായവരും 56413 പേര്‍ ഔട്ട്പേഷ്യന്റ്സുമാണ്. ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ ശരാശരി എണ്ണം 4034 ആണ്.
കേരള സര്‍ക്കാരിനുകീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്കസ്. ഡയബറ്റിക്സ് മെലിറ്റസിനും അനുബന്ധ രോഗങ്ങള്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സ്ഥാപനമാണിത്. ഈ സ്ഥാപനം 2001-ല്‍ ആക്കുളത്തിന് സമീപം പുലയനാര്‍ കോട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്ഥാപനത്തിന് പബ്ലിക് ഹെല്‍ത്ത് ലാബ് പരിസരത്ത് (തിരുവനന്തപുരം, പാറ്റൂര്‍) പ്രവര്‍ത്തിച്ചുവരുന്ന ഒരു ഉപകേന്ദ്രം കൂടിയുണ്ട്. പ്രമേഹരോഗത്തിന് അടിസ്ഥാനമായ ജനിതക/പാരമ്പര്യവിശകലനം, ഡോക്ടര്‍മാര്‍ക്കും, പാരാമെഡിക്കല്‍ സ്റ്റാഫിനുമുള്ള പരിശീലനം, പുതിയ ചികിത്സാരീതികള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണം, ഡയബറ്റിക്സ് പഠനങ്ങള്‍, ഡയബറ്റിക്സ് സംബന്ധിച്ച് കോണ്‍ഫറന്‍സുകള്‍ എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ ആകെ കിടക്കകളുടെ എണ്ണം 60 ആണ്. ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ ശരാശരി എണ്ണം 300നും 350നും ഇടയിലാണ്. 2015-16 ല്‍ ചികിത്സ നേടിയവരില്‍ 43650 പേര്‍ ഔട്ട് പേഷ്യന്‍സും, 102 പേര്‍ കിടത്തി ചികിത്സ ലഭ്യമായവരും, 215 പുതിയ കേസുകളുമാണ്.
2015 ലും 2016 ലും പൊതുജനാരോഗ്യത്തെ ബാധിച്ച അസുഖങ്ങളുടെ ആധിക്യത്തിന്റെ താരതമ്യ വിശകലനം പട്ടിക 4.11 ല്‍ കൊടുത്തിരിക്കുന്നു.
ക്രമ നം. | രോഗങ്ങള്‍ | 2015 | 2016 (സെപ്തംബര്‍ വരെ) | ||
രോഗബാധ | മരണം | രോഗബാധ | മരണം | ||
1 | വയറിളക്കരോഗങ്ങള്‍ | 448374 | 2 | 351427 | 8 |
2 | എന്ററിക് ഫിവര്‍ | 2862 | 0 | 2780 | 4 |
3 | മണ്ണന്‍ | 1782 | 0 | 1197 | 0 |
4 | ചിക്കന്‍പോക്സ് | 17798 | 0 | 14711 | 1 |
ഭാരത സെന്‍സസ് 2011 പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 0.20% മാനസിക രോഗങ്ങളുള്ളവരും 0.20% മാനസികവൈകല്യമുള്ളവരുമാണ്. ദേശീയ ശരാശരി യഥാക്രമം 0.06%വും 0.12%വുമാണ്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ നിരക്ക് വളരെ കൂടുതലാണ്. ശാരീരികാരോഗ്യത്തിന് നല്‍കുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ മാനസികാരോഗ്യത്തിന് കേരളത്തില്‍ പ്രാധാന്യം കുറവാണ്.
ഒരു മാനസികാരോഗ്യ നയത്തിന് സംസ്ഥാനസര്‍ക്കാര്‍ 2013 മെയ് മാസം രൂപം നല്‍കി അംഗീകരിച്ചു. ഈ നയത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന കാര്യങ്ങള്‍ ഇവയാണ്. മാനസികാസ്വസ്ഥ്യത്തിന്റെ ചികിത്സ തുടങ്ങേണ്ടത് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാണ്. സൈക്യാട്രിക് മെഡിസിന്‍ വകുപ്പും മനോരോഗാശുപത്രികളും, റഫറല്‍ സംവിധാനങ്ങളാക്കണം. കൂടാതെ മാനസികരോഗം ചികിത്സിച്ചു ഭേദമാക്കുന്നതിനും തടയുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കണം. നയത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മറ്റൊരു കാര്യം മനോരോഗങ്ങളെപ്പറ്റി പൊതുജന അവബോധം സൃഷ്ടിക്കുന്ന ഒരു ബോധവത്കരണ പരിപാടിയാണ്. പരിശീലനം നേടാന്‍ തയ്യാറായി മുന്നോട്ട് വരുന്ന ഡോക്ടര്‍മാര്‍ക്ക് അവര്‍ സ്വകാര്യ മേഖലയിലായാലും സര്‍ക്കാര്‍ മേഖലയിലായാലും സൗജന്യമായി പരിശീലനം നല്‍കണം. മാനസികരോഗികളുടെ പുനരധിവാസത്തിനും പരിചരണത്തിനും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനവും പുതിയ സംസ്ഥാന മാനസികാരോഗ്യനയം വിഭാവനം ചെയ്യുന്നു.
കേരളത്തില്‍ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലായി 1366 കിടക്കകള്‍ നിലവിലുണ്ട്. മാസംതോറും 10080 ഔട്ട്പേഷ്യന്‍സുമായി എല്ലാ ജില്ലകളിലും ജില്ലാമാനസികാരോഗ്യപരിപാടി പ്രവര്‍ത്തിച്ചുവരുന്നു. പ്രസ്തുത കേന്ദ്രങ്ങളിലൂടെ പുനരധിവാസ സൗകര്യവും നല്കിവരുന്നു. അവബോധമില്ലായ്മ, പൊതുമനോഭാവം, കുടുംബാംഗങ്ങളുടെ ശ്രദ്ധക്കുറവ്, തുടര്‍ നടപടികളുടെ അഭാവം തുടങ്ങിയവയാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള പ്രധാന പ്രശ്നങ്ങള്‍. സംസ്ഥാനസര്‍ക്കാര്‍ 26 പകല്‍വീടുകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗം ഭേദമായ 506 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
2013-14 ല്‍ ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 493534 പ്രസവം നടന്നതില്‍ മരണം സംഭവിച്ചത് 182 ഉം, മാതൃമരണനിരക്ക് 37 ഉം ആണ്. 2012-13-ല്‍ 495613 പ്രസവം നടന്നതില്‍ പ്രസവാനുബന്ധ മരണം 165 ഉം, മാതൃമരണനിരക്ക് 33 ഉം എന്നത് 2013-14 ല്‍ കൂടുതലായി കാണപ്പെടുന്നു. 2014-15 ല്‍ 494479 പ്രസവം നടന്നതില്‍ പ്രസവാനുബന്ധമരണം 158 ഉം മാതൃമരണനിരക്ക് 32 ഉം ആണ്. മു൯വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസവാനുബന്ധമരണവും മാതൃമരണനിരക്കും 2014-15 ല്‍ കുറവായി കാണുന്നു. 2015-16 ല്‍ നടന്ന ആകെ 481388 പ്രസവത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രസവാനുബന്ധമരണം 161 ഉം മാതൃമരണനിരക്ക് 33 ഉം ആണ്.
കേരളത്തില്‍ ആധുനിക വൈദ്യശാസ്ത്രസേവനങ്ങള്‍ ചെയ്യുന്നത് ആരോഗ്യസേവന ഡയറക്ടറേറ്റും (ഡി.എച്ച്.എസ്) അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റു (ഡി.എം.ഇ) മാണ്.
ആരോഗ്യസേവനവകുപ്പിന് കീഴിലുള്ള 1281 ആരോഗ്യപരിരക്ഷാസ്ഥാപനങ്ങളിലായി 38302 കിടക്കകളും 5335 ഡോക്ടര്‍മാരുമാണുള്ളത്. ഇതില്‍ 849 പ്രാഥമികാരോഗ്യകേനങ്ങ്ദ്ര്‍, 79 താലൂക്ക് ആസ്ഥാന ആശുപത്രികള്‍, 18 ജില്ലാആശുപത്രികള്‍, 18 ജനറല്‍ ആശുപത്രികള്‍, 3 മാനസികരോഗാശുപത്രികള്‍, 8 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, 3 കുഷ്ഠരോഗാശുപത്രികള്‍ 17 ക്ഷയരോഗക്ലിനിക്കുകള്‍, 2 ക്ഷയരോഗാശുപത്രികള്‍ 5 മറ്റ് സ്പെഷ്യാലിറ്റി ആശുപത്രികള്‍, 45 മറ്റ് ആശുപത്രികള്‍ എന്നിവയുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെന്നാൽ എല്ലാത്തരം പ്രാഥമികതല സേവനങ്ങളും നല്‍കുന്ന സ്ഥാപനമാണ്. രോഗനിവാരകവും, രോഗഹരവുമായ സേവനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ലഭിക്കും. സാമൂഹ്യാരോഗ്യകേന്ദ്രങ്ങളും, താലൂക്ക് ആസ്ഥാന ആശുപത്രികളും ദ്വിദീയതലപരിചരണം ലഭിക്കുന്നയിടങ്ങളാണ്. സാമൂഹ്യാരോഗ്യകേന്ദ്ര തലം വരെ എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും സ്പെഷ്യാലിറ്റി കേഡര്‍ നടപ്പിലാക്കുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നിവയ്ക്കാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കുന്നത്. കേരളത്തിലെ ജനസംഖ്യാ-കിടക്ക അനുപാതം 872 ഉം ശരാശരി ഡോക്ടര്‍ ബെഡ് അനുപാതം 7.18 ഉം ആണ്. കേരളത്തിലെ പ്രധാന ആരോഗ്യസ്ഥാപനങ്ങളും കിടക്കകളും ഇനം തിരിച്ച്, ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് വിവരങ്ങള്‍ ചെറുതും വലുതുമായി നടത്തിയ സര്‍ജറികള്‍, ഡി.എച്ച്.എസിനും കീഴിലുള്ള മെഡിക്കല്‍ പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, എന്നിവ അനുബന്ധം 4.55, അനുബന്ധം 4.56, അനുബന്ധം 4.57 എന്നിവയില്‍ കൊടുത്തിരിക്കുന്നു.
രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഇത് സമൂഹത്തിലെ ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ കിടത്തി ചികിത്സ ലഭ്യമാക്കുന്നു. ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ പരമാവധി 5 അംഗങ്ങള്‍ക്ക് ഒരു വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട പൊതുസ്വകാര്യ ആശുപത്രികള്‍ മുഖേന മുന്‍ധാരണ പ്രകാരമുള്ള വൈദ്യപരിശോധന ശസ്ത്രക്രിയ നിരക്കുകളില്‍ ജനറല്‍ വാര്‍ഡില്‍ 30000 രൂപ വരെയുള്ള സൗജന്യ കിടത്തി ചികിത്സ ഉറപ്പു വരുത്തുന്നു. ദേശീയആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുറം രോഗികള്‍ക്ക് ചികിത്സ നല്‍കുന്നില്ല. ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ ആവശ്യമാണ്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട നിരക്കില്‍ 1100-ല്‍ അധികം ശസ്ത്രക്രിയകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആകെ ഇന്‍ഷുറന്‍സ് വരി സംഖ്യയുടെ 75 ശതമാനം കേന്ദ്രസര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 3 പ്രധാന സവിശേഷതകള്‍ ഇവയാണ്.
സംസ്ഥാനത്തിന്റെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ നിര്‍ണ്ണയിക്കുന്ന നിർവചന പ്രകാരം പ്ലാനിംഗ്കമ്മീഷന്റെ നിർവചനപ്രകാരമുള്ളതിനേക്കാള്‍ 10 ലക്ഷം കുടുംബങ്ങള്‍ കൂടുതലായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ കുടുംബങ്ങളുടെ ആവശ്യത്തിലേക്കായി പ്രത്യേകം പദ്ധതിയ്ക്ക് രൂപം നല്‍കുകയുണ്ടായി. ഈ രണ്ട് പദ്ധതികളും സമഗ്രആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരില്‍ നടപ്പിലാക്കിവരികയാണ്. ചിയാക്(സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സി, കേരളം)എന്ന് പ്രത്യേകമായി രൂപീകരിച്ച സ്ഥാപനത്തിനാണ് ഈ പദ്ധതി നടപ്പാക്കലിന്റെ ചുമതല.
കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പോയ വര്‍ഷം 15 ദിവസത്തില്‍ കൂടുതല്‍ തൊഴില്‍ ചെയ്തവരുടെ കുടുംബങ്ങളിലേക്കും തെരുവ് കച്ചവടക്കാര്‍, വീട്ടു ജോലിക്കാര്‍ എന്നിവരുടെ കുടുംബങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇതിനുപരി അസംഘടിത മേഖലയിലെ തൊഴിലാളികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരികയാണ്. സംസ്ഥാനത്ത് മറ്റ് വിഭാഗങ്ങളിലുള്ള ജനങ്ങളെയും ചിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. 2014-15 വര്‍ഷത്തില്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളെയും പെന്‍ഷന്‍കാരെയും പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായങ്ങളില്‍പ്പെട്ടവരെയും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍, മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവരെയും ഉള്‍പ്പെടുത്തി. ഈ രണ്ടു പദ്ധതികളും ചേര്‍ന്ന് സംസ്ഥാനത്തെ വളരെ വലിയ ഒരു ജനസമൂഹത്തിന് സംരക്ഷണം നല്കുന്നു. പദ്ധതി പുരോഗതി പട്ടിക 4.12 ല്‍ നല്‍കിയിരുക്കുന്നു. 2016-17 പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ എണ്ണം 32.54 ലക്ഷമായി വര്‍ദ്ധിച്ചു.
വര്‍ഷം | അംഗമാക്കപ്പെട്ട കുടുംബങ്ങളുടെ എണ്ണം (ലക്ഷത്തില്‍) |
പ്രീമിയം തുക (രൂപ കോടിയില്‍) |
നഷ്ടപരിഹാരം നല്‍കിയതിന്റെ എണ്ണം (ലക്ഷത്തില്‍) |
നഷ്ടപരിഹാരം നല്‍കിയത്
(രൂപ കോടിയില്‍) |
2008-10 | 11.78 | 51.27 | 1.64 | 56.00 |
2010-11 | 18.75 | 80.49 | 3.65 | 125.00 |
2011-12 | 28.01 | 205.00 | 6.99 | 211.00 |
2012-13 | 28.28 | 310.00 | 7.00 | 198.00 |
2013-14 | 29.73 | 219.49 | 5.57 | 172.15 |
2014-15 | 31.94 | 235.77 | 5.87 | 194.18 |
2015-16 | 31.94 | 216.48 | 5.25 | 159.92 |
2016-17* | 32.54 | 167.03 | 2.94 | 81.79 |
വര്‍ഷം | മേഖല തിരിച്ചുള്ള നഷ്ടപരിഹാര വിതരണം
(എണ്ണം ലക്ഷത്തിലും തുക കോടിയിലും) |
|||||||
സര്‍ക്കാര്‍ ആശുപത്രികള്‍ | സ്വകാര്യ ആശുപത്രികള്‍ | ആകെ | ||||||
എണ്ണം | തുക | ശതമാനം | എണ്ണം | തുക | ശതമാനം | എണ്ണം | തുക | |
2008-10 | 0.48 | 18 | 40 | 0.95 | 27 | 60 | 1.43 | 45 |
2010-11 | 1.44 | 52 | 46 | 2.16 | 61 | 54 | 3.60 | 113 |
2011-12 | 3.78 | 119 | 56 | 3.20 | 93 | 44 | 7.00 | 212 |
2012-13 | 4.82 | 125 | 70 | 2.18 | 56 | 30 | 7.00 | 181 |
2013-14 | 4.02 | 143.13 | 72 | 1.56 | 55.9 | 28 | 5.58 | 199.03 |
2014-15 | 4.16 | 158.7 | 70 | 1.7 | 69.36 | 30 | 5.86 | 228.06 |
2015-16 | 3.71 | 145.32 | 71 | 1.53 | 60.27 | 29 | 5.24 | 205.59 |
2016-17 | 1.97 | 81 | 64 | 0.98 | 45.02 | 36 | 2.95 | 126.02 |
ആര്‍.എസ്.ബി.വൈ/ചിസ് കാര്‍ഡ് ലഭ്യമാക്കിയിട്ടുള്ള കുടുംബങ്ങള്‍ക്കായി മാരക രോഗങ്ങളായ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ മുതലായവയ്ക്കുള്ള ത്രിതീതതല ചികിത്സ നല്‍കുന്നിനായി ആവിഷ്ക്കരിച്ച പുതിയ പദ്ധതി പ്രകാരം 2010-11 മുതല്‍ 70,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്. ചിസ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2011 ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ചിട്ടുണ്ട്. കരൾ രോഗം മസ്തിഷ്ക്കരോഗം, അപകടങ്ങള്‍ക്കുള്ള അടിയന്തിരചികിത്സ എന്നിവയെകൂടി ഉള്‍പ്പെടുത്തി 2012-ല്‍ ചിസ് പ്ലസ് പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി.
ഈ പദ്ധതി സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകള്‍, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ജില്ലാ സര്‍ക്കാര്‍ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ വഴിയാണ് നടപ്പിലാക്കുന്നത്. കെല്‍ട്രോണ്‍ വികസിപ്പിച്ച ഒരു സോഫ്ട് വെയര്‍ മുഖേനയാണ് ചിയാക് ഈ പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഈ പദ്ധതി ഇന്‍ഷുറന്‍സ് വഴിയല്ലാതെ നടപ്പിലാക്കി വരികയും 2016 സെപ്തംബര്‍ അവസാനം വരെ 291812 രോഗികള്‍ക്ക് പ്രയോജനപ്പെടുകയും ആകെ 312.56 കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.
ത്രിത്രീയതല ചികിത്സ ആര്‍.എസ്.ബി.വൈയുടെ ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നില്ല. ചിസ് പ്ലസ് പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് ചെറിയ തോതില്‍ ത്രിതീയതല ചികിത്സ ലഭ്യമാണ്. ത്രിതീയ ചികിത്സാചെലവ് വഹിക്കാന്‍ കഴിയാത്ത മറ്റ് വിഭാഗങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള ധാരാളം പേര്‍ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ളവരുടെ ആവശ്യം മനസ്സിലാക്കുകയും അര്‍ഹതപ്പെട്ടവരുടെ ത്രിതീയതല ചികിത്സാചെലവ് വഹിക്കുന്നതിനുമായി സംസ്ഥാന ധനകാര്യ മന്ത്രി ആവിഷ്ക്കരിച്ച പുതിയ പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. ഈ പദ്ധതിയില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ നല്‍കുന്ന മതിപ്പ് ചിലവ് ചികിത്സ തേടിയ ആശുപത്രിയിലെ അധികാരപ്പെട്ട വ്യക്തിയുടെ മേലൊപ്പോടു കൂടി മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്നത് പണമില്ലാതെ ചികിത്സ നല്‍കുന്ന ചിസ് പദ്ധതിയില്‍ നിന്നും കാരുണ്യബെനവലന്റ് ഫണ്ടിനെ വ്യത്യസ്തമാക്കുന്നു. വിനിയോഗ സാക്ഷ്യപത്രം ഹാജരാക്കുന്ന മുറയ്ക്ക് ആശുപത്രിയ്ക്ക് തുക കൈമാറുന്നു. ഇതു കൂടാതെ ഒരു കുടുംബത്തിനും ഒറ്റത്തവണ സഹായമായി 3000 രൂപ നല്‍കുന്നതിനും വ്യവസ്ഥയുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സതേടാവുന്നതാണ് (പട്ടിക 4.14).
വര്‍ഷം | രോഗികളുടെ എണ്ണം | തുക (കോടിയില്‍) |
2010-11 | 158 | 0.29 |
2011-12 | 14453 | 26.08 |
2012-13 | 42228 | 56.94 |
2013-14 | 50945 | 53.08 |
2014-15 | 66738 | 68.03 |
2015-16 | 80017 | 73.42 |
2016-17* | 37273 | 34.72 |
കേരളസര്‍ക്കാരിന്റെ പ്രധാന ആരോഗ്യപദ്ധതികളിലൊന്നാണ് ആരോഗ്യകിരണം. ജനനം മുതല്‍ 18 വയസ്സ് വരെയുള്ള അര്‍ഹതപ്പെട്ട എല്ലാരോഗികള്‍ക്കും പദ്ധതി സൗജന്യചികിത്സയും അനുബന്ധവൈദ്യസേവനങ്ങളും നല്കുന്നു. ഈ പദ്ധതിയിലുള്‍പ്പെടുന്നത് ഒ.പി. രജിസ്ട്രേഷന്‍ ചിലവ്, രോഗനിര്‍ണ്ണയം/മരുന്നുകള്‍/ഇംപ്ലാന്റുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്ന വസ്തുക്കള്‍ എന്നീ ചിലവുകള്‍ക്കാണ്. മേല്‍പ്പറഞ്ഞ ചിലവുകള്‍ നിർവഹിക്കുന്നത് ഓരോ ജില്ലയ്ക്കും നല്‍കുന്ന കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ്. 2013 ഒക്ടോബര്‍ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഈ പദ്ധതിയിലൂടെ 1,04,81,613 രോഗികള്‍ക്ക് പ്രയോജനം ലഭിച്ചു.
ആരോഗ്യ മേഖലയിലെ പ്രധാന കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കേരളത്തിന് പ്രസക്തമായതാണ് ദേശീയ ആരോഗ്യദൌത്യം. പ്രസ്തുത പദ്ധതിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധനവിഹിത അനുപാതം 60:40 എന്ന ക്രമത്തില്‍ ‘കോര്‍ സ്കീം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രസ്തുത സമന്വയ പദ്ധതിയില്‍ താഴെപറയുന്ന പദ്ധതികളും ഉള്‍പ്പെടുന്നു.
ദേശീയ ആരോഗ്യമിഷന് അഞ്ച് ധനസഹായഘടകങ്ങള്‍ ഉണ്ട്. ഇവ: 1) എന്‍.ആര്‍.എച്ച്.എം/ ആര്‍.സി.എച്ച് ഫ്ലെക്സി പൂള്‍ 2) എന്‍.യു.എച്ച്.എം ഫ്ലെക്സി പൂള്‍ 3) സാംക്രമിക രോഗങ്ങള്‍ക്കുള്ള ഫ്ലെക്സി പൂള്‍ 4) സാംക്രമികേതര രോഗങ്ങള്‍, അപകടങ്ങള്‍, അടിയന്തിര വൈദ്യസഹായം എന്നിവയ്ക്കുള്ള ഫ്ലെക്സി പൂള്‍ 5)ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ്. ഭരണവും നടത്തിപ്പും (സംസ്ഥാന ജില്ലാതലങ്ങളില്‍ കുടുംബക്ഷേമ ബ്യൂറോകള്‍) സബ്സെന്ററുകള്‍ നഗര കുടുംബക്ഷേമകേന്ദ്രങ്ങൾ, അര്‍ബന്‍ റീവാംബിംഗ് സ്കീം(ഹെല്‍ത്ത് തസ്തികകള്‍)എന്നിവയെല്ലാം ഉള്‍പ്പെടുത്തി അഞ്ചാമത്തെ ഈ ഘടകത്തില്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് വിവിധ പദ്ധതി കാലയളവുകളില്‍ ധനസഹായം ലഭ്യമായിട്ടുണ്ട്. എ.എന്‍.എം/എല്‍.എച്ച്.വി പരിശീലന സ്ക്കൂളുകള്‍ ആരോഗ്യകുടുംബക്ഷേമ ട്രെയിനിംഗ് സെന്റര്‍, പുരുഷതൊഴിലാളികളുടെ പരിശീലനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതിനാണ് തുക അനുവദിക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളുചെ വികസനത്തിന് വേണ്ടിയാണ് എന്‍.എച്ച്.എം സംസ്ഥാനത്ത് ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ആകെ വിഹിതത്തിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കുന്നു. ഹെല്‍ത്ത് സീർവസസ് വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് എന്നിവയ്ക്ക് എന്‍.എച്ച്.എം ധനസഹായം നല്‍കുന്നു. ഒറ്റപ്പെട്ടതും വിദൂരവുമായ പ്രദേശങ്ങളിലുള്ള പാവപ്പെട്ടവര്‍ക്ക് നിലവാരമുള്ളതും അഭികാമ്യമായതും താങ്ങാന്‍ കഴിയുന്നതും തിട്ടപ്പെടുത്താന്‍ കഴിയുന്നതുമായ ആരോഗ്യസേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനാണ് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്. 2014-15 ല്‍ ഭാരതസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത് 224.94 കോടിയും, 2015-16 ല്‍ 219.19 കോടിയും 2016-17 ല്‍(ഒക്ടോബര്‍ 2016 വരെ) 163.51 കോടി രൂപയുമാണ്.
പ്രധാനമന്ത്രി സ്വാസ്ത്യസുരക്ഷായോജന (പി.എം.എസ്.എസ്.വൈ) എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി മെഡിക്കല്‍കോളേജുകളിലെ അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യകളും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇതിന്റെ ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനും, മൂന്നാം ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനും ധനസഹായം ലഭിച്ചു. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍കോളേജിന് മൂന്നാം ഘട്ടത്തില്‍ 150 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ 30 കോടി രൂപ സംസ്ഥാന വിഹിതമാണ്. തിരുവനന്തപുരം മെഡിക്കല്‍കോളേജിന്റ ഒന്നാംഘട്ടം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്നവ 2016-17 ല്‍ തുടരും.
ശിശുസംരക്ഷണവും വിദ്യാഭ്യാസവും, കൗമാരപരിചരണവും വിദ്യാഭ്യാസവും, വിവാഹപൂർവ കൗണ്‍സലിംഗ്, വനിതാക്ഷേമം, ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ശിശുവൈകല്യങ്ങള്‍ ഇല്ലാതാക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്വയം ഭരണാധികാരമുള്ള ഒരു മികവിന്റെ കേന്ദ്രമായാണ് ശിശുവികസനകേന്ദ്രം ആരംഭിച്ചത്. കുട്ടികളെയും കൗമാരക്കാരെയും പൂര്‍ണ്ണ ആരോഗ്യവാന്‍മാരാക്കി വളര്‍ത്തി അവരിലൂടെ ആരോഗ്യകരമായ ഒരു യുവതലമുറയെ സൃഷ്ടിക്കലാണ് ലക്ഷ്യം. 2015-16 ല്‍ ചികിത്സിച്ച രോഗികളുടെ എണ്ണം 14174 ഉം 2016-17 ല്‍ (ഒക്ടോബര്‍ വരെ) 9087 ഉം ആണ്. ഇവിടെ ഔട്ട് പേഷ്യന്റ് സേവനങ്ങള്‍ മാത്രമേ ലഭിക്കു. രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമല്ല.
ഗുണനിലവാരമുള്ള മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, രേഖപ്പെടുത്തിയിരിക്കുന്ന ചില്ലറ വിലയേക്കാള്‍ കൂടുതല്‍ വില മരുന്നുകള്‍ക്ക് ഈടാക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ചുമതലകള്‍. വകുപ്പിന് കീഴില്‍ 6 മേഖലാ ഓഫീസുകള്‍, 11 ജില്ലാ ഓഫീസുകള്‍, 4 ആയുർേവദവിഭാഗങ്ങള്‍, 2 മരുന്ന് പരിശോധനാലബോറട്ടറികള്‍ എന്നിവയുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും മരുന്ന് പരിശോധനാലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നു. 2015-16-ല്‍ വകുപ്പിന്റെ പ്രധാനനേട്ടങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു (പട്ടിക 4.15).
നടത്തിയ പരിശോധനകളുടെ എണ്ണം | 16844 |
എടുത്ത നടപടികളുടെ എണ്ണം | 96 |
വില്‍ക്കാന്‍ അനുവദിക്കുന്ന ലൈസന്‍സ് സസ്പെന്റ് ചെയ്തവരുടെ എണ്ണം | 635 |
ടെസ്റ്റ് ചെയ്ത സാമ്പിളുകളുടെ എണ്ണം | 5528 |
പുതിയ നിര്‍മ്മാണലൈസന്‍സുകള്‍ (അലോപ്പതിയിലും കോസ്മെറ്റിക്സ്) വിതരണം ചെയ്തവയുടെ എണ്ണം | 25 |
അമിതവില ഈടാക്കുന്നത് കണ്ടെത്തുകയും അത് ദേശീയ ഔഷധവില നിയന്ത്രണ അതോറിറ്റിയെ അറിയിച്ചവയുടെയും എണ്ണം | 50 |
പുതിയ ബ്ലഡ് ബാങ്ക് ലൈസന്‍സ് വിതരണം ചെയ്തവരുടെ എണ്ണം | 8 |
തിരുവനന്തപുരം(2), ആലപ്പുഴ, കോഴിക്കോട്, കോട്ടയം, മഞ്ചേരി, ഇടുക്കി, എറണാകുളം, കോന്നി, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിലുള്ള 11 മെഡിക്കല്‍ കോളേജുകളിലൂടെയാണ് കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തി വരുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നഴ്സിംഗ് വിദ്യാഭ്യാസം നല്‍കുന്നതിനായി 6 നഴ്സിംഗം കോളേജുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ 5 ദന്തല്‍കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ 4 ഫാര്‍മസി കോളേജുകളും ഒരു പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളില്‍ 2015-16 ല്‍ നടത്തിവരുന്ന മെഡിക്കല്‍-പാരാമെഡിക്കല്‍ കോഴ്സുകള്‍, വാര്‍ഷിക പ്രവേശനകണക്കുകള്‍, മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറുടെ കീഴിലുള്ള മെഡിക്കല്‍കോളേജുകളിലെ ക്ലിനിക്കല്‍, നോണ്‍ക്ലിനിക്കല്‍ വിഭാഗത്തിലുള്ള ജീവനക്കാരുടെ എണ്ണം എന്നിവയുടെ വിശദാംശങ്ങള്‍ അനുബന്ധം 4.58 ലും അനുബന്ധം 4.59ലും കൊടുത്തിരിക്കുന്നു. 2015-16 വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെയും അനുബന്ധ സ്ഥാനങ്ങളുടെയും ഒരു താരതമ്യേ വിശകലനം പട്ടിക 4.16 ല്‍ കാണാം.
മെഡിക്കല്‍കോളേജ് ആശുപത്രികള്‍ | കിടക്കകള്‍ | ഇന്‍പേഷ്യന്റ് | ഔട്ട് പേഷ്യന്റ് | നടത്തിയ പ്രധാന ശസ്ത്രക്രിയ | ||||
2015 | 2016 | 2015 | 2016 | 2015 | 2016 | 2015 | 2016 | |
മെഡിക്കല്‍കോളേജ് തിരുവനന്തപുരം | 2637 | 2941 | 89826 | 116169 | 1043789 | 368380 | 16716 | 15115 |
എസ്.എ.റ്റി ആശുപത്രി , തിരുവനന്തപുരം | 502 | 502 | 18127 | 13143 | 100201 | 75373 | 990 | 794 |
മെഡിക്കല്‍കോളേജ്, ആലപ്പുഴ | 1125 | 1051 | 62398 | 57134 | 912092 | 909174 | 1743 | 3180 |
മെഡിക്കല്‍കോളേജ്, കോട്ടയം | 1463 | 1722 | 73126 | 74863 | 769027 | 871670 | 5623 | 14765 |
ഐ.സി.എച്ച് കോട്ടയം | 203 | 170 | 9614 | 8454 | 162454 | 173719 | 1289 | 504 |
മെഡിക്കല്‍കോളേജ് തൃശ്ശൂര്‍ | 800 | 1436 | 35427 | 37954 | 193124 | 277943 | 15450 | 7793 |
ഐ.സി.ഡി തൃശ്ശൂര്‍ | 475 | 330 | 29146 | 718 | 325039 | 8681 | Nil | NIL |
മെഡിക്കല്‍കോളേജ് കോഴിക്കോട് | 2200 | 2694 | 81324 | 73927 | 484651 | 1032065 | 8671 | 11788 |
ഐ.എം.സി.എച്ച് കോഴിക്കോട് | 1200 | 740 | 41290 | 39065 | 92456 | 188241 | 2198 | 2076 |
ഐ.സി.ഡി കോഴിക്കോട് | 140 | 110 | 4218 | 3887 | 58901 | 55132 | Nil | Nil |
മെഡിക്കല്‍കോളേജ് ഇടുക്കി | 192 | 192 | 7830 | 20837 | 139185 | 88321 | 928 | 597 |
മെഡിക്കല്‍കോളേജ് എറണാകുളം | 500 | 500 | 4057 | 5537 | 66818 | 75932 | 1244 | 1563 |
മെഡിക്കല്‍കോളേജ്, മഞ്ചേരി | 637 | 637 | 29146 | 29146 | 116791 | 828057 | 6636 | 3841 |
ആകെ | 12074 | 13025 | 485529 | 480834 | 4464528 | 4952688 | 61488 | 62016 |
2015-മായി താരതമ്യം ചെയ്യുമ്പോള്‍ (12074) 2016 ല്‍ 951 കിടക്കകള്‍ മെഡിക്കല്‍കോളേജുകളില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്‍പേഷ്യന്റ്, ഔട്ട്പേഷ്യന്റ് എന്നിവരുടെ എണ്ണത്തിലും പ്രധാന ശസ്ത്രക്രിയകളുടെ എണ്ണത്തിലും 2016-ല്‍ വര്‍ദ്ധനവ് കാണുന്നു. 2016-ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന നേട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആന്റ് അലൈഡ് സയന്‍സസ് നിയമം 2010 പ്രകാരം സ്ഥാപിതമായ ഈ സർവകലാശാല കൃത്യവും ചിട്ടയുള്ളതുമായ വിദ്യാഭ്യാസരീതി ഉറപ്പുവരുത്താനും ആധുനികവൈദ്യശാസ്ത്രം, ഹോമിയോ, ഭാരതീയ ചികിത്സാരീതി തുടങ്ങി എല്ലാ മെഡിക്കല്‍ സമ്പ്രദായങ്ങളിലും പരിശീലന ഗവേഷണപരിപാടികള്‍ നടത്താനും ഉദ്ദേശിച്ചുള്ളതാണ്. 2010-11 അദ്ധ്യയന വര്‍ഷത്തിലാണ് സർവകലാശാലയില്‍ അദ്ധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സർവകലാശാലയ്ക്ക് കീഴില്‍ 2016 ഒക്ടോബര്‍ വരെ 282 പ്രൊഫഷണല്‍ കോളേജുകളാണ് ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 32 സര്‍ക്കാര്‍ കോളേജുകള്‍, 5 സര്‍ക്കാര്‍ ധമസഹായമുള്ള കോളേജുകള്‍ 245 സ്വാശ്രയ കോളേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അലോപ്പതി, ആയു ർ േവദ, സിദ്ധ, യുനാനി, യോഗ, നാച്ചുറോപ്പതി, നഴ്സിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, പാരാമെഡിക്കല്‍ തുടങ്ങി കേരളത്തിലെ എല്ലാ മെഡിക്കല്‍ സമ്പ്രദായങ്ങളിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഈ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. വിവിധ ആരോഗ്യശാസ്ത്ര വിഭാഗങ്ങളിലായി ഏകദേശം 20000 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളുടെ വിശദാംശങ്ങള്‍ (പട്ടിക 4.17) കൊടുത്തിരിക്കുന്നു.
വിഭാഗം | ഗവണ്‍മെന്റ് | എയ്ഡഡ് | അണ്‍എയ്ഡഡ് | ആകെ |
മെഡിസി൯ | 9 | 0 | 24 | 33 |
ആയുർവേദ മെഡിസി൯ | 3 | 2 | 11 | 16 |
ഹോമിയോ മെഡിസി൯ | 2 | 3 | 0 | 5 |
ദന്തല്‍ | 5 | 0 | 20 | 25 |
സിദ്ധ മെഡിസിന്‍ | 0 | 0 | 1 | 1 |
യുനാനി മെഡിസിന്‍ | 0 | 0 | 1 | 1 |
നഴ്സിംഗ് | 5 | 0 | 114 | 119 |
പാരാമെഡിക്കല്‍ | 4 | 0 | 36 | 40 |
ഫാര്‍മസി | 4 | 0 | 37 | 41 |
ആയുർവേദ ഫാര്‍മസി | 0 | 0 | 1 | 1 |
ആകെ | 32 | 5 | 245 | 282 |