സാമൂഹ്യ സേവനം

ഭാരതീയ വൈദ്യശാസ്ത്ര സമ്പ്രദായം

ആയുർവേദ രോഗങ്ങള്‍ ചികിത്സിക്കാനുള്ള ശാസ്ത്രം മാത്രമല്ല, മറിച്ച് സമ്പൂര്‍ണ്ണമായ ഒരു ജീവിതശൈലി കൂടിയാണ്. ആയുർവേദം ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഗ്രാന്റ്-ഇന്‍-എയ്ഡ് ആയുർവേദ സ്ഥാപനങ്ങള്‍, സിദ്ധ, വൈദ്യ, യുനാനി, വിഷ, നേത്ര, പ്രകൃതിജീവനം എന്നീ ശൃംഖലകളിലൂടെ ആയുർവേദ വകുപ്പ് ജനങ്ങള്‍ക്ക് വൈദ്യ സഹായം നല്കിവരുന്നു. ഈ വകുപ്പിന് കീഴില്‍ മാനസീകരോഗാശുപത്രി, പഞ്ചകര്‍മ്മ, പ്രകൃതി ചികിത്സ, മര്‍മ്മ തുടങ്ങിയ സ്പെഷ്യല്‍ ആശുപത്രികളും പ്രവര്‍ത്തിച്ചു വരുന്നു. ഐ.എസ്.എം.ന്റെ കീഴില്‍ ഇപ്പോള്‍ 125 ആശുപത്രികളും 818 ഡിസ്പെന്‍സറികളുമുണ്ട്. സംസ്ഥാന ഔഷധബോര്‍ഡ്, ഔഷധസസ്യങ്ങളുടെ കൃഷി, സംരക്ഷണം, ഗവേഷണം, വികസനം, വ്യാപനം, എന്നിവ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നു. 2015 ലും 2016ലും ഐ.എസ്.എം.ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനസ്ഥാപനങ്ങള്‍ ജില്ലതിരിച്ച് അനുബന്ധം 4.60 ല്‍ കൊടുത്തിരിക്കുന്നു.

സാധാരണ വൈദ്യചികിത്സയ്ക്കുപുറമേ സ്പെഷ്യല്‍ പ്രോജക്ടുകളും ഭാരതീയ ചികിത്സാവകുപ്പ് നടപ്പിലാക്കി വരുന്നു. 2015-16 ല്‍ നടപ്പിലാക്കിയ അത്തരം പ്രോജക്ടുകളാണ്. (ഗുണഭോക്താക്കളുടെ എണ്ണം ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു) ബാലമുകുളം (2968), ഋതു(3339), പ്രസാദം(2212), സ്നേഹധാര(717), ജറിയാട്രിക് കെയര്‍ (3003), യോഗ(10507), സ്പോര്‍ട്ട് മെഡിസിന്‍ (8505), പഞ്ചകര്‍മ്മ(47322), ക്ഷാരസൂത്ര(9614), മാനസികം(1784), വയോഅമൃതം(651), ഭാമിനി(100).ആയുഷ് (ആയുർവേദ, യോഗ, പ്രകൃതിചികിത്സ, സിദ്ധ, യുനാനി, ഹോമിയോപ്പതി)ഭാരതസര്‍ക്കാര്‍ രണ്ട് നിയന്ത്രണ ഏജന്‍സികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ആദ്യത്തേത് ആയുർവേദം, യുനാനി, സിദ്ധ എന്നീ വൈദ്യശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രാക്ടീഷണര്‍മാരുടേയും നിയന്ത്രണത്തിനായുള്ള ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (ഐ.എം.സി.സി) നിയമം 1970 ന് കീഴില്‍ ആരംഭിച്ച സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ മെഡിസിന്‍ (സി.സി.ഐ.എം) ആണ്. രണ്ടാമത്തേത് ഹോമിയോ മെഡിക്കല്‍ സംവിധാനത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രാക്ടീഷണര്‍മാരുടെയും നിയന്ത്രണത്തിനുള്ള ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ നിയമം 1973 കീഴില്‍ ആരംഭിച്ച സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയാണ്. നിലവില്‍ യോഗയും പ്രകൃതി ചികിത്സയും പ്രത്യേകം മരുന്നുകള്‍ ഉപയോഗിക്കാത്തതിനാല്‍ ഇവയെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നില്ല.

ദേശീയ ആയുഷ് മിഷന്‍

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിലുള്ള ആയുഷ് വകുപ്പ് (ആയുർവേദ, യോഗ, പ്രകൃതിചികിത്സ, സിദ്ധ, യുനാനി, ഹോമിയോപ്പതി) ദേശീയതലത്തില്‍ ആയുഷ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ ആയുഷ്സേവനങ്ങള്‍, വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തല്‍, ആയുർവേദ സിദ്ധ-യുനാനി-ഹോമിയോ മരുന്നുകളുടെ ഗുണനിലവാരം നിയന്ത്രിക്കല്‍, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകളില്‍ ആയുഷ് സംവിധാനം ശക്തിപ്പെടുത്തുകയാണ് ദേശീയ ആയുഷ്മിഷന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ 60:40 എന്ന അനുപാതത്തില്‍ പദ്ധതി വിഹിതം വകയിരുത്തും. 08/08/2015 ന് സംസ്ഥാനത്ത് കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് ആരംഭിച്ചു.

ആയുർവേദ മരുന്ന് നിര്‍മ്മാണം-ഔഷധി

ഇന്ത്യയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ആയുർവേദ മരുന്ന് നിര്‍മ്മാണശാലയാണ് ഔഷധി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം പൊതുമേഖലാസ്ഥാപനങ്ങളിലൊന്നാണിത്. ആയുർവേദ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ആയുർവേദമരുന്നുകള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുന്ന സ്ഥാപനം ഔഷധിയാണ്. കേരളത്തില്‍ മരുന്നുകള്‍ ഔഷധി ആയുർവേദവകുപ്പിന് വിതരണം ചെയ്യുന്നു. ഇത് മാര്‍ക്കറ്റ് വിലയെക്കാളും 30 ശതമാനം വിലക്കുറവിലാണ് നല്കുന്നത്. ഐ.എസ്.എം ഈ മരുന്നുകള്‍ സംസ്ഥാനത്തെ ദരിദ്രരായ രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്നു. സംസ്ഥാനത്തുടനീളം 492 പ്രത്യേക ഏജന്‍സികളിലൂടെ പൊതുജനത്തിനും കമ്പനി മരുന്ന് എത്തിക്കുന്നു. 2015-16 ല്‍ കമ്പനിയുടെ വിറ്റ് വരവ് 925.81 കോടി രൂപയും ലാഭം 20 കോടി രൂപയുമാണ്.

ആയുർവേദ കോളേജുകള്‍

തിരുവനന്തപുരം, തൃപ്പുണിത്തുറ, കണ്ണൂര്‍ എന്നിവിടങ്ങളിലായി 1389 കിടക്കകളുള്ള മൂന്ന് സര്‍ക്കാര്‍ ആയുർവേദ മെഡിക്കല്‍കോളേജുകളുണ്ട്. 2015ല്‍ 6648 ഇന്‍പേഷ്യന്‍സിനും 523915 ഔട്ട്പേഷ്യന്‍സിനും ചികിത്സ നല്‍കുകയുണ്ടായി. ഇത് 2016 ല്‍(നവംബര്‍ വരെ) യഥാക്രമം 13099 ഉം 460581 ഉം ആണ്. തിരുവനന്തപുരം ആയുർവേദ മെഡിക്കല്‍കോളേജിന് കീഴില്‍ പഞ്ചകര്‍മ്മാശുപത്രിയും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുമുണ്ട്. 2 എയ്ഡഡ് ആയുർവേദകോളേജുകളും, 11 സ്വാശ്രയ ആയുർവേദ കോളേജുകളും, ഒരു സ്വാശ്രയസിദ്ധ കോളേജും, ഒരു സ്വാശ്രയ യുനാനി കോളേജും, 6 പാരാമെഡിക്കല്‍ സ്വാശ്രയകോളേജുകളും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ബിരുദ കോഴ്സിന് 980, ബിരുദാനന്തരകോഴ്സിന് 127, പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 700 എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പ്രവേശനം നേടുന്നുണ്ട്.

top