സാമൂഹിക സാമ്പത്തിക ദുരിതമനുഭവിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കലാണ് സാമൂഹ്യസുരക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യം,തൊഴിലില്ലായ്മ, അപകടം തുടങ്ങിയ കാരണത്താല്‍ ജീവിത നിലവാരവും ജീവിതസാഹചര്യവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ ഇതുമൂലം കഴിയുന്നു. കൂടാതെ ഉയര്‍ന്ന ജീവിത നിലവാരം ഒരുക്കിക്കൊടുക്കാനും സ്ഥിരമായ ദാരിദ്ര്യത്തിൽ നിന്ന് ഇവരെ കരകയറ്റ ാനും ഇത് സഹായിക്കുന്നു. ഇത്തരം സാമൂഹ്യ സുരക്ഷ പരിപാടികളും പദ്ധതികളും വെറുതെയുള്ള ഒരു ക്ഷേമ പ്രിസത്തില്‍ ഒതുക്കി നിര്‍ത്താതെ ഈ പരിപാടികളെ അവകാശാടിസ്ഥാനത്തിലുള്ള ചട്ടക്കൂട്ടിലേക്ക് മാറ്റിയെടുക്കണമെന്നുള്ള ആവശ്യം ഇപ്പോള്‍ ഉയര്‍ന്ന് വരുന്നുണ്ട്. അംഗ പരിമിതര്‍, മുതിര്‍ന്നവര്‍, ക്ലേശകരമായ ജീവിതം നയിക്കുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് സാമൂഹ്യ സുരക്ഷാ നടപടികള്‍ കൈെക്കാള്ളുന്ന കാര്യത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്. കേരളത്തില്‍ സാമൂഹ്യനീതി വകുപ്പും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്‍സികളുമാണ് സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സാമൂഹ്യസുരക്ഷാ പരിപാടികള്‍ക്കായി നിലകൊള്ളുന്ന വകുപ്പുകളും ഏജന്‍സികളും അവരുടെ പ്രധാന പ്രവര്‍ത്തനങ്ങളും അനുബന്ധം 4.64 ല്‍ കൊടുത്തിരിക്കുന്നു.
പഞ്ചവത്സര പദ്ധതികളില്‍ സാമൂഹ്യസുരക്ഷാ പരിപാടികള്‍ക്ക് പ്രമുഖ സ്ഥാനം നൽകുന്നു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ (2007-12) സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി അടങ്കലിന്റെ രണ്ട്ശതമാനം തുക പോഷകാഹാര പരിപാടികള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷിതത്വ മേഖലയ്ക്ക് വകയിരുത്തിയിരുന്നു. പന്ത്രണ്ടാം പദ്ധതിയില്‍ (2012-17) ഈ വകയിരുത്തല്‍ 2.37ശതമാനമായി വര്‍ദ്ധിച്ചു. സാമൂഹ്യ സേവന മേഖലയ്ക്ക് മൊത്തത്തില്‍ വകയിരുത്തിയ പദ്ധതി വിഹിതവുമായി തട്ടിച്ച് നോക്കുമ്പോള്‍ സാമൂഹ്യ സുരക്ഷിതത്വ ക്ഷേമ മേഖലയ്ക്ക് പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ വകയിരുത്തിയ വിഹിതം ആറ് ശതമാനം ആയിരുന്നു. ഇത് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവില്‍ 7.5 ശതമാനം കണ്ട് വര്‍ദ്ധിച്ചു. സാമൂഹ്യ സുരക്ഷാ പരിപാടികള്‍ക്ക് പഞ്ചവത്സര പദ്ധതിയിലും വാര്‍ഷിക പദ്ധതിയിലും സംസ്ഥാനം നല്‍കുന്ന ഉയര്‍ന്ന പരിഗണന ഇതിലൂടെ വ്യക്തമാകുന്നു.
കേരളത്തിലെ സാമൂഹ്യ സുരക്ഷാ പരിപാടികളെ രണ്ട് വിഭാഗമായി തരം തിരിക്കാവുന്നതാണ്.
സംസ്ഥാനത്ത്സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് സമൂഹത്തില്‍ ദുര്‍ബലരായവര്‍ക്ക് സ്ഥാപനങ്ങളിലൂടെയുള്ള പരിചരണവും സംരക്ഷണവും നല്‍കുന്നു. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ദുര്‍ബലര്‍ക്ക് പരിചരണവും സംരക്ഷണവും നല്‍കുന്ന 78 ക്ഷേമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 33 സ്ഥാപനങ്ങള്‍ കുട്ടികള്‍ക്കും, 20 എണ്ണം സ്ത്രീകള്‍ക്കും, 12 എണ്ണം വൃദ്ധര്‍ക്കും 13 എണ്ണം അംഗപരിമിതര്‍ക്കുമുള്ളതാണ്. ഈ ക്ഷേമ സ്ഥാപനങ്ങളുടെ ശൃംഖല 2015-ല്‍ 2955 പേര്‍ക്കു പ്രയോജനപ്പെട്ടു. ഇത് 2014-ലെ ഗുണഭോക്താക്കളുടെ എണ്ണത്തേക്കാള്‍ 6 ശതമാനം കൂടുതലാണ്. ഇതിന് പുറമേ സര്‍ക്കാരിതര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 2218 സ്ഥാപനങ്ങള്‍ പ്രവർത്തിച്ചിരുന്നു. ഈ സ്ഥാപനങ്ങളിലൂടെയുള്ള സേവനം 82070 പേര്‍ക്ക് പ്രയോജനപ്പെട്ടു. ഇതില്‍ 16876 പേര്‍ വൃദ്ധരും, 1221 സ്ത്രീകളും, 10017 അംഗപരിമിതരും, 472 ഉപേക്ഷിക്കപ്പെട്ട കുട്ടികളും, 51546 അനാഥ കുട്ടികളും, 770 യാചകരും, 1168 പേര്‍ മറ്റുള്ളവരുമാണ്. ഈ കാലയളവില്‍ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ചില ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ എണ്ണം അനുവദനീയമായ അംഗ സംഖ്യയേക്കാള്‍ കുറവാണെന്ന് കാണാം. കൂടുതല്‍ അന്തേവാസികളെ സംരക്ഷിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഏറി വരുന്നതിനാലാകാം ഒരുപക്ഷെ ഈ സ്ഥാപനങ്ങളില്‍ അനുവദനീയമായ അംഗ സംഖ്യ നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നത്. 2015 വര്‍ഷത്തില്‍ 78 ക്ഷേമ സ്ഥാപനങ്ങളിലും കൂടി അനുവദനീയമായ അന്തേവാസികളുടെ ആകെ അംഗസംഖ്യ 3860 ആയിരിക്കെ ഈ സ്ഥാപനങ്ങളിലുണ്ടായിരുന്ന ആകെ അന്തേവാസികള്‍ 2955 പേര്‍ മാത്രമായിരുന്നു. ഇത് മൊത്തം അനുവദനീയമായ അംഗസംഖ്യയുടെ 77 ശതമാനം വരും. വൃദ്ധസദനം, മഹിളാമന്ദിരം, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, അംഗപരിമിതരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പരിചരണ കേന്ദ്രങ്ങള്‍, റെസ്ക്യൂഹോമുകള്‍ എന്നിവയുടെ കാര്യത്തില്‍ ഈ വിടവ് വളരെ കൂടുതലാണ്. എന്നാല്‍ മാനസിക രോഗികള്‍ക്കുള്ള ആശാഭവന്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുളള പ്രതീക്ഷാഭവന്‍, ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ അന്തേവാസികളുടെ എണ്ണം അനുവദനീയമായ അംഗസംഖ്യയുടെ അടുത്തോ അതില്‍ കൂടുതലോ ആണ്.
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന നിര്‍ഭയാ ഷെല്‍ട്ടര്‍ ഹോമുകളില്‍ അന്തേവാസികളുടെ എണ്ണം അനുവദനീയമായ അംഗസംഖ്യയേക്കാള്‍ കൂടൂതലും അംഗപരിമിതര്‍, വൃദ്ധര്‍, ഇന്റലക്ച്വല്‍ ഡിസബലിറ്റീസ്, അനാഥര്‍ എന്നിവര്‍ക്കുളള സ്ഥാപനങ്ങളില്‍ കുറവും ആയിരുന്നു.
2012-ല്‍ സര്‍ക്കാര്‍ തലത്തില്‍ 74 ക്ഷേമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചത് 2015 ല്‍ 78 ആയി ഉയര്‍ന്നു. ഇന്റലക്ച്വല്‍ ഡിസബലിറ്റീസ്(ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബലിറ്റീസ്, ബുദ്ധിമാന്ദ്യം) ബാധിച്ച കുട്ടികള്‍ക്കുള്ള ഏതെങ്കിലും തരത്തിലുള്ള പരിചരണ സ്ഥാപനങ്ങളോ/അസിസ്റ്റഡ് ലിവിംഗ് ഫോമുകളോ സംസ്ഥാനത്ത് ഇല്ലാത്തത് വളരെ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. മുന്‍പുള്ളതിന് ഉപരിയായി പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരു സംയോജിത സമീപനത്തിലൂന്നിയ നയ രൂപീകരണവും സൂക്ഷമമായ ആസൂത്രണവും ആവശ്യമാണെന്ന് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള പ്രധാന ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ജില്ല തിരിച്ചുള്ള വിവരം അനുബന്ധം 4.65 ലും രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേത് അനുബന്ധം 4.66 ലും ചേര്‍ത്തിട്ടുണ്ട്.
സമൂഹത്തില്‍ ഉപജീവനത്തിന് ത്രാണിയില്ലാത്ത പാവപ്പെട്ടവരുടെ ഇടയില്‍നിന്ന് ദാരിദ്ര്യവും മറ്റ് പിന്നോക്കാവസ്ഥയും തുടച്ച് നീക്കാന്‍ ലക്ഷ്യമിട്ട പരിപാടികളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വിവിധ സാമൂഹ്യ സഹായ പരിപാടികള്‍ ചുവടെ ചേര്‍ക്കുന്നു.
വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സിന് മേലെ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവയാണ് പ്രധാനപ്പെട്ട സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികള്‍. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ ഭാഗമാണ്. ഈ പെന്‍ഷന്‍ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നുണ്ട്. 2015, ഏപ്രില്‍ മാസം മുതല്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) വഴിയാണ് പെന്‍ഷന്‍ വിതരണ നടപടികള്‍ നടത്തുന്നത്. 2016 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 34 ലക്ഷം പെന്‍ഷണേഴ്സ് ഉണ്ടായിരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലുണ്ടായ ആകെ ചെലവ് 3434.50 കോടി രൂപയായിരുന്നു. വാര്‍ദ്ധക്യകാല പെന്‍ഷന്‍ വിഭാഗത്തിലും (40 ശതമാനം) തുടര്‍ന്ന് വിധവാ പെന്‍ഷനിലുമാണ്(33 ശതമാനം) ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാര്‍ ഉള്ളത്(ചിത്രം 4.5).
പെന്‍ഷന്‍ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ തിരുവനന്തപുരം ജില്ല യിലും കുറഞ്ഞത് വയനാട് ജില്ലയിലുമാണ്. സംസ്ഥാനത്തെ എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ഒററ ശീര്‍ഷകത്തില്‍ നിന്നും പ്രവര്‍ത്തിപ്പിക്കുകയും പെന്‍ഷന്‍കാരുടെ സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്താല്‍ പെന്‍ഷന്‍ പദ്ധതികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനും ഇതിന്റെ പരിധിയില്‍ വരാത്ത ദരിദ്രരായവര്‍ക്ക് കൂടി ഈ പദ്ധതിയുടെ ആനുകൂല്യം നല്‍കാനും കഴിയും. ജില്ല തിരിച്ചുള്ള കണക്ക് അനുബന്ധം 4.67 ല്‍ ചേര്‍ത്തിരിക്കുന്നു.
കേരളത്തിന്റെ വൃദ്ധജനസംഖ്യ ഇന്‍ഡ്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാൾ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 13 ശതമാനം 60 വയസ്സിന് മുകളിലുള്ളവരാണ്. 2025 ആകുമ്പോഴേക്കും ഇവര്‍ 20 ശതമാനമാകുമെന്ന് കണക്കാക്കുന്നു. ഇപ്പോള്‍ 42 ലക്ഷം കേരളക്കാര്‍ 60 വയസ്സിന് മുകളിലുളളവരാണ്. ഇതില്‍ 13 ശതമാനം 80 വയസ്സും അതിനു മുകളിലുള്ളവരുമാണ്. മുതിര്‍ന്നവരില്‍ തന്നെ അതിവേഗം വര്‍ദ്ധിച്ച് വരുന്ന വിഭാഗവും ഇതാണ്.
60 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. ഇവരില്‍ തന്നെ കൂടുതല്‍ പേരും വിധവകളാണ്. ഇന്ത്യയില്‍ ആയൂര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് കണ്ട് വരുന്നത്. ഇത് കേരളത്തില്‍ വളരെ കൂടുതലാണ്. പുരുഷന്മാര്‍ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് മുതിര്‍ന്നവരില്‍ വിധവകളുടെ അനുപാതം കൂടാനുള്ള പ്രധാന കാരണം. കൂടാതെ 65 ശതമാനം വരുന്ന മുതിര്‍ന്നവര്‍ രോഗാതുരരാണെന്നുമാണ് 2015 എന്‍.എസ്.എസ് സർവ്വേസൂചിപ്പിക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ പ്രായ സങ്കലനം പട്ടിക 4.18, ചിത്രം 4.6 ല്‍ കൊടുത്തിരിക്കുന്നു.
പ്രായസങ്കലനം | ആകെ | പുരുഷന്‍ | സ്ത്രീ |
ആകെ ജനസംഖ്യ | 33406061 | 16027412 | 17378649 |
ആകെ മുതിര്‍ന്നവരുടെ ജനസംഖ്യ | 4193393 | 1853595 | 2309798 |
60-69 | 2416805 (58 %) | 1114368 (60 %) | 1272437 (55 %) |
70-79 | 1234739 (29 %) | 534879 (29 %) | 699860 (30 %) |
80+ | 541849 (13 %) | 204348 (11 %) | 337501 (15 %) |
കേരളത്തിലെ മുതിര്‍ന്നവരുടെ ദാമ്പത്യാവസ്ഥ പരിശോധിച്ചാല്‍ ഭൂരിപക്ഷം പുരുഷന്മാരുടേയും (89ശതമാനം) ഭാര്യമാര്‍ പ്രായാവസ്ഥയിലും ജീവിച്ചിരിക്കുന്നവരാണ്. എന്നാല്‍ 38 ശതമാനം സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ മാത്രമേ ഈ ഗണത്തില്‍പ്പെടുന്നുള്ളൂ. കൂടാതെ 8.8 ശതമാനം പുരുഷന്മാര്‍ വിഭാര്യരും 57 ശതമാനം സ്ത്രീകള്‍ വിധവകളുമാണ്. 62.2 ശതമാനം മുതിര്‍ന്ന സ്ത്രീകള്‍ പങ്കാളി (വിവാഹം കഴിക്കാത്തവര്‍ വിവാഹമോചിതര്‍/വേറിട്ട് നില്‍ക്കുന്നവര്‍ /വിധവകള്‍)യില്ലാതെ ജീവിക്കുന്നവരാണ് വരും വര്‍ഷങ്ങളില്‍ ഇവര്‍ കൂടുതല്‍ ഏകാന്ത ജീവിതം നയിക്കുന്നവരായി മാറുമെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ ദാമ്പത്യാവസ്ഥ പട്ടിക 4.19 ല്‍ കൊടുത്തിരിക്കുന്നു.
ആകെ | പുരുഷന്‍ | സ്ത്രീ | |
വിവാഹം കഴിക്കാത്തവര്‍ | 2.6 | 1.8 | 3.3 |
നിലവില്‍ വിവാഹിതരായവര്‍ | 60.8 | 88.9 | 37.8 |
വിധവ/വിഭാര്യന്‍ | 35.7 | 8.8 | 57.0 |
മറ്റുള്ളവര്‍ | 0.9 | 0.5 | 1 .9 |
പങ്കാളിയില്ലാത്തവര്‍ | 39.2 | 11.1 | 62.2 |
സാമൂഹ്യനീതി വകുപ്പാണ് മുതിര്‍ന്നവരുടെ ക്ഷേമവും പരിപാലനവുമായി ബന്ധപ്പെട്ട പരിപാടികളും പദ്ധതികളും നടപ്പാക്കുന്നത്. വൃദ്ധസദനങ്ങള്‍, പകല്‍ പരിപാലന കേന്ദ്രങ്ങള്‍, സഞ്ചരിക്കുന്ന ആരോഗ്യ യൂണിറ്റുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് ഇവര്‍ക്ക് ക്ഷേമവും പരിരക്ഷയും ഉറപ്പാക്കുന്നത്.
സംസ്ഥാനത്തെ 6 കോര്‍പ്പറേഷനുകളിലും 38 മുനിസിപ്പാലിറ്റികളിലും ഈ പരിപാടി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കി. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി മരുന്ന്, പാലിയേറ്റീവ് ഹോംകെയര്‍, മെഡിക്കല്‍ ക്യാമ്പ്, ഹെല്‍പ്പ് ഡെസ്ക്ക് എന്നീ സൗകര്യങ്ങള്‍ ഈ പരിപാടിയിലൂടെ നല്‍കുന്നു. 2015-16 കാലയളവില്‍ 833754 മുതിര്‍ന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതില്‍ 49190 പേര്‍ വനിതകളായിരുന്നു.
സംസ്ഥാന വയോജന നയം, 2013 ന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണ് വയോജന സൗഹൃദ പഞ്ചായത്ത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും വയോജന സൗഹൃദ പഞ്ചായത്തുകളായി മാറ്റിയെടുത്ത് വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും പങ്കാളിത്തവും ഉറപ്പാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തിനെ സംസ്ഥാനത്തെ ആദ്യ വയോജന സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുത്തിരുന്നു.
ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസി (ഐ.എസ്.എം) ന്റെ സഹായത്തോടെ 14 വൃദ്ധസദനങ്ങളില്‍ സാമൂഹ്യനീതി വകുപ്പ് ഈ പരിപാടി ഏറ്റെടുത്തു. ഡയബറ്റീസ് മെലിറ്റസ്, ആസ്മ, വാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കുളള ചികിത്സ ഈ പരിപാടിയുടെ ഭാഗമായി നടപ്പാക്കി. 674 അന്തേവാസികള്‍ക്ക് ഈ പരിപാടിയിലൂടെ ആയു ർ േവദ ചികിത്സ നല്‍കി. ഇതില്‍ 372 പേര്‍ സ്ത്രീകളായിരുന്നു.
യൂണൈറ്റഡ് നേഷന്‍സ് റൈറ്റ്സ് ഓഫ് പേഴ്സണ്‍ വിത്ത് ഡിസബിലിറ്റീസ് കൺവ ന്‍ഷന്‍ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍(ഇന്ത്യ ഈ കരാര്‍ സാധുവാക്കിയിരുന്നു) അംഗപരിമിതരുടെ പദവി ഉയര്‍ത്തല്‍, സംരക്ഷണം, സുഖപ്രദായ മനുഷ്യാവകാശം എന്നിവ ഉറപ്പാക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ക്ക് സമത്വം പാലിക്കണമെന്നും ഉദ്ബോധിപ്പിച്ചിരുന്നു. എന്നാല്‍ അംഗപരിമിതര്‍ക്ക് നല്ലനിലയിലുള്ള അടിസ്ഥാനം ഉണ്ടാക്കുന്നതിനോ ഉന്നത വിദ്യാഭ്യാസം നേടുന്നതിനോ പതിവായി അവസരം ലഭിക്കാതെ പോകുന്നു. കേരളത്തില്‍ കേരള സാമൂഹ്യ സുരക്ഷാമിഷന്റെ നേതൃത്വത്തില്‍ 2015 -ല്‍ ഒരു അംഗപരിമിത സർവേ നടത്തുകയുണ്ടായി. 22 തരത്തിലുള്ള വൈകല്യം അടിസ്ഥാനമാക്കി നടത്തിയ ഈ സർ േ വ ഇന്ത്യയിലെ തന്നെ ആദ്യത്തേയാണ്. ഇതനുസരിച്ച് കേരളത്തില്‍ 7.94 ലക്ഷം പേര്‍ അംഗപരിമിതരാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയില്‍ 2.32 ശതമാനം വരും. അംഗപരിമിതരില്‍ സ്ത്രീകള്‍ 44.57 ശതമാനവും, പട്ടികജാതി വിഭാഗത്തിലുള്ളവര്‍ 10.93 ശതമാനവും, പട്ടികവര്‍ഗ്ഗക്കാര്‍ 2.15 ശതമാനവുമാണ്. ഏറ്റവും കൂടുതല്‍ അംഗപരിമിതര്‍ മലപ്പുറം ജില്ലയിലും (12.5 ശതമാനം) തുടര്‍ന്ന് തിരുവനന്തപുരം (9.72 ശതമാനം) ജില്ലയിലും ഏറ്റവും കുറവ് വയനാട് (2.91 ശതമാനം) ജില്ലയിലുമാണ്. വൈകല്യത്തിന്റെ ലക്ഷണം നോക്കിയാല്‍ ചലനവൈകല്യം ഏറ്റവും മുന്നിലും (32.89 ശതമാനം) ബഹുഗുണവൈകല്യം (17.31 ശതമാനം) രണ്ടാമതുമാണ്.
കേരള സര്‍ക്കാര്‍ 2015-ല്‍ വികസന പ്രക്രിയ, പ്രവര്‍ത്തന നടപടി, മറ്റ് പരിപാടികള്‍ തുടങ്ങിയ മേഖലകളില്‍ വൈകല്യത്തിന്റെ മാനം അനിവാര്യവും അത്യന്താപേക്ഷിതവുമാണെന്ന് അംഗീകരിച്ചുകൊണ്ട് അംഗപരിമിതര്‍ക്കായുള്ള ഒരു നയം നിയമമാക്കി. വികസനപ്രക്രിയയില്‍ അംഗപരിമിതരുടെ പങ്കാളിത്തം ഉറപ്പാക്കുക, വൈകല്യം ഒരു മനുഷ്യാവകാശ പ്രശ്നമായി കണക്കാക്കുക, അധിക്ഷേപത്തില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുക, ഉള്‍പ്പെടുത്തല്‍ വികസനത്തില്‍ അനുകൂലമായ സാഹചര്യവും മനോഭാവവും സൃഷ്ടിക്കുക, അംഗപരിമിതരുടെ ശാക്തീകരണം തുടങ്ങിയവയ്ക്ക് ഈ നയം ഊന്നല്‍ കൊടുക്കുന്നു. നിഷ്ക്രിയരായ ഗുണഭോക്താക്കള്‍ എന്നതിലുപരിയായി വികസന രംഗത്ത് തുല്യപങ്ക് വഹിക്കുന്നവരും വേണ്ട സംഭാവന ചെയ്യുന്നവരുമായി അംഗപരിമിതരെ കണക്കാക്കേണ്ടിയിരിക്കുന്നു.
വൈകല്യരംഗത്തെ പ്രമുഖ സ്ഥാപനമായ നിഷ് അംഗപരിമിതരായവര്‍ക്ക് ഉന്നത വിദ്യാഭ്യാസം തേടാന്‍ മികച്ച അവസരം ഒരുക്കുന്നു. നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ ഡിസബിലിറ്റീസ് സ്റ്റഡീസ് ആന്റ് റീഹാബിലിറ്റേഷന്‍ സയന്‍സസ് ആയി നിഷിനെ പ്രഖ്യാപിച്ചിട്ടുണ്ട്. കേൾവിശേഷി വിലയിരുത്തല്‍, സ്പീച്ച് ലാംഗ്വേജ് റീഹാബിലിറ്റേഷന്‍, പ്രീ-സ്ക്കൂള്‍ പരിപാടികള്‍, ഇ.എന്‍.റ്റി. സേവനങ്ങള്‍, മന ശാസ്ത്രസേവനം, സ്പീച്ച് തെറാപ്പി, കേൾവിശേഷിയില്ലാത്തവര്‍ക്കായുള്ള ഡിഗ്രി കോഴ്സുകള്‍, മനുഷ്യവിഭവ വികസനത്തിലുള്ള ഡിഗ്രി, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകള്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ സ്ഥാപനത്തില്‍ ലഭിക്കുന്നു.
2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ നിഷിന്റെ പ്രാരംഭ ഇടപെടല്‍ പരിപാടി 214 കെയ്സുകള്‍ (കുട്ടികളുടെ എണ്ണം) കൈകാര്യം ചെയ്യുന്നതു കൂടാതെ. ഹിയറിംഗ് ആന്റ് സ്പീച്ച് ലാംഗ്വേജ് ഡിസോഡര്‍ പരിപാടിയില്‍ 10787 കെയ്സുകളും ആരോഗ്യ, മന:ശ്ശാസ്ത്ര തുടര്‍ സേവനപരിപാടിയില്‍ 990 കെയ്സുകളും കൈകാര്യം ചെയ്തു. നിഷ് നടത്തിയ അക്കാഡമി പരിപാടികള്‍ 218 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെട്ടു. ഇതില്‍ 160 പേര്‍ പെണ്‍കുട്ടികളാണ്. പരിശീലനം, വ്യാവസായ ഉദ്യോഗ നിയമനം എന്നീ പരിപാടികള്‍ 11 പേര്‍ക്കും വോളണ്ടിയറിംങ്ങ് ആന്റ് ഇന്റേണ്‍ഷിപ്പ് 14 പേര്‍ക്കും അവസരം നല്കി. ഈ വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ 5,13 എന്ന ക്രമത്തിലായിരുന്നു.
അംഗപരിമിതരുടെ സാമ്പത്തിക ഉന്നമനത്തിനും പുനരധിവാസത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നു. 2015-16 കാലയളവില്‍ കോര്‍പ്പറേഷന്‍ 1658 അംഗപരിമിതര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അഡിപ്പ് പദ്ധതിയില്‍പ്പെടുത്തി സഹായ സാമഗ്രികള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി 500 മോട്ടോര്‍ സ്ക്കൂട്ടറുകളും (ജനറല്‍ വിഭാഗം: 384, പട്ടികജാതി വിഭാഗം :16) നല്കി. ട്രൈസൈക്കിള്‍, വീല്‍ചെയര്‍, കേൾവിശേഷിയുള്ള ഉപകരണങ്ങള്‍ എന്നിവ 3928 പേര്‍ക്ക് വിതരണം ചെയ്തു. 47 പേര്‍ക്ക് മോട്ടോറൈസ്ഡ് ട്രൈസൈക്കിള്‍ വാങ്ങാന്‍ 1000/- രൂപ സബ്സിഡി നല്കുകയും ചെയ്തു. ദേശീയ വികലാംഗ സാമ്പത്തിക വികസന കോര്‍പ്പറേഷന്‍ വഴി 123 അംഗപരിമിതര്‍ക്ക് സ്വയം തൊഴിലിനുള്ള വായ്പ അനുവദിച്ചു. ഇതു കൂടാതെ കോര്‍പ്പറേഷന്‍ സ്വന്തമായി 310 പേര്‍ക്ക് സ്വയം തൊഴിലിനുള്ള ബാങ്ക് ലോണ്‍ തരപ്പെടുത്തി. 196 കഠിന വൈകല്യമുള്ള കുട്ടികള്‍ക്ക് (15000/-രൂപ ആണ്‍കുട്ടി, 20,000/-രൂപ പെണ്‍കുട്ടി) സ്ഥിരനിക്ഷേപം നടത്തുകയും ചെയ്തു. ഇതില്‍ 101 പേര്‍ ആണ്‍കുട്ടികളും 95 പേര്‍ പെണ്‍കുട്ടികളുമാണ്.
കേന്ദ്രസര്‍ക്കാരിന്റെ 1995-ലെ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് നിയമപ്രകാരം സ്ഥാപിതമായതാണ് ഈ സ്ഥാപനം. അംഗപരിമിതര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനം, സംസ്ഥാനത്ത് ഇവര്‍ക്ക് വേണ്ടി അനുവദിക്കുന്ന ഫണ്ട് യഥാവിധി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക എന്നതുമാണ് കമ്മിഷണറേറ്റിന്റെ പ്രധാന ചുമതല. ബോധവത്കരണ ക്യാമ്പുകള്‍ നടത്തുക, അംഗപരിമിതരുടെ പരാതികള്‍ക്ക് പരിഹാരം കാണുക, ഇവര്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളില്‍ പരിശേധന നടത്തുക എന്നിവയാണ് കമ്മീഷണറേറ്റിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഒരു പുതിയ സംരംഭമാണ് എന്‍.ഐ.പി.എം.ആര്‍. ബഹുഗുണ വൈകല്യമുള്ള കുട്ടികള്‍ക്കും, സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെ മറ്റ് ക്രമക്കേടുകള്‍ ബാധിച്ച മുതിര്‍ന്നവര്‍ക്കുമുളള രോഗ നിര്‍ണ്ണയം, തെറാപ്പി ചികിത്സ എന്നിവ ഈ സ്ഥാപനത്തിലൂടെ നല്‍കുന്നു. ഈ സ്ഥാപനത്തിന്റെ ആഡിയോളജി സ്പീച്ച് ലാംഗ്വേജ് പാതോളജി ഡിപ്പാര്‍ട്ടുമെന്റ് ശരാശരി 20 ഉപഭോക്താക്കള്‍ക്ക് ഏറെയും കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി നല്‍കുന്നു. സ്ട്രോക്ക്, അപകടം എന്നിവ വന്നവരെയും ഇവിടെ ചികിത്സിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കൊഗനിറ്റീവ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഡിസോഡര്‍ ആന്റ് ന്യൂറോ സയന്‍സും, ചൈല്‍ഡ് ഡവലപ്പ്മെന്റ് സെന്ററും വൈകല്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ പൊതുജനാരോഗ്യ അദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്.
അംഗപരിമിതരുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ നടപ്പാക്കുന്നു. സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യസുരക്ഷാ മിഷനും ഏറ്റെടുക്കുന്ന പരിപാടികള്‍ താഴെ ചേര്‍ക്കുന്നു.
അംഗപരിമിത നിയമം , 1995 പ്രകാരം എല്ലാ അംഗപരിമിതര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്കേണ്ടത് നിര്‍ബന്ധമാണ്. 2009 മുതല്‍ 2015 മാര്‍ച്ച് വരെ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് 2,83,277 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. അംഗപരിമിതരായവര്‍ക്ക് ദൂരെ സ്ഥലത്ത് പോയി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന തടസ്സങ്ങള്‍ ലഘൂകരിക്കാന്‍ ഇത്തരത്തിലുള്ള ക്യാമ്പുകള്‍ സഹായകമായി.
കടുത്ത മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ശാരീരിക വൈകല്യം ബാധിച്ച് ശയ്യാവലംബികളായവര്‍ക്കും കൂടുതലും സ്ത്രീകളായവരെ പരിചരിക്കുന്ന സഹായികള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാമിഷന്‍ വഴി ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. 2015-16 കാലയളവില്‍ 72,350 പരിചരണസഹായികള്‍ക്ക് ധനസഹായം നല്‍കി. ഇതില്‍ 50640 പേര്‍ സ്ത്രീകളായിരുന്നു.
സ്റ്റേറ്റ് ഇനിഷ്യേറ്റീവ്സ് ഓണ്‍ ഡിസബിലിറ്റീസ്(എസ്. ഐ. ഡി) വൈകല്യം തടയുക, നിര്‍ണ്ണയിക്കുക, മുന്‍കൂട്ടി ഇടപെടുക, അംഗപരിമിതര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നിവ ഉറപ്പാക്കാന്‍ വേണ്ടി സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാമൂഹ്യനീതി വകുപ്പാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഈ പരിപാടിയുടെ പ്രധാന നേട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.എം.എം.ആര്‍ വാക്സിനേഷന്‍:- എം.എം.ആര്‍ വാക്സിനേഷന്‍ 2014 ജനുവരി മാസം മുതല്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസവാശുപത്രികളില്‍ പുതുതായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി നല്‍കി. 6 ലക്ഷം ഡോസ് വാക്സിന്‍ ലക്ഷ്യമിട്ട ഈ പരിപാടിയില്‍ 3 ലക്ഷം ഡോസ് വാക്സിന്‍ നല്കി.
റൂബെല്ലാ വാക്സിനേഷന്‍:- സ്ക്കൂളുകളിലെ 544692 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് റുബല്ലാ വാക്സിനേഷന്‍ നടത്തി. എം.എം.ആര്‍, റൂബല്ലാ എന്നീ വാക്സിനേഷന്‍ മൂലം വൈകല്യം ബാധിച്ച് ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നു.
യൂണിവേഴ്സല്‍ ഹിയറിംഗ് സ്ക്രീനിംഗ്:- പുതുതായി ജനിക്കുന്ന കുട്ടികളില്‍ കേൾവിശേഷി പരിശോധിക്കാന്‍ 5 സര്‍ക്കാര്‍ മെഡിക്കള്‍ കോളേജുകളിലും 35 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ഒട്ടോ അക്വസ്റ്റിക് എമിഷന്‍ സ്ക്രീനേഴ്സ് സജ്ജമാക്കി. 2014-15 മുതല്‍ ആരംഭിച്ച ഈ പരിപാടിയിലൂടെ 178,523 നവജാതശിസുക്കളെ സ്ക്രീന്‍ ചെയ്യാന്‍ സാധിച്ചു. ഇതില്‍ 20,514 ശിശുക്കളെ കൂടുതല്‍ പരിശോധനയ്ക്കും പ്രശ്ന പരിഹാരത്തിനുമായി അയച്ചു.
ഡിസ്ട്രിക് ഏർലി ഇന്റെർവന്‍ഷന്‍ സെന്ററുകള്‍:- 14 ജില്ലകളിലും ഡി.ഇ.ഐ.സി കള്‍ തുടങ്ങാന്‍ സ്ഥലം കണ്ടുപിടിച്ചു. അംഗപരിമിതരുടെ വിദ്യാഭ്യാസവും, രക്ഷിതാക്കള്‍ക്കും മറ്റ് തല്പര്യകക്ഷികള്‍ക്കും പരിശീലനം ഏര്‍പ്പെടുത്താനുമുള്ള ഒരു പ്രവേശനസേവന കേന്ദ്രം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഡി.ഇ.ഐ.സിയുടെ പ്രതീക്ഷിത ലക്ഷ്യം.
അംഗപരിമിതരായ പ്രീ-സ്ക്കൂള്‍ കുട്ടികള്‍ക്കുള്ള പ്രത്യേക അംഗ൯വാടി:- ഈ പരിപാടി സാമൂഹ്യനീതി വകുപ്പ് ഒരു പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ കോഴിക്കോട്ട് ആരംഭിച്ചു. കുട്ടികള്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍ സ്വയം നിർവഹിക്കുന്നതിനും തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിന് ഇവരെ പ്രാപ്തരാക്കുന്നതിനും മുഖ്യധാരയിലേക്ക് വരുന്നതിനുള്ള തടസ്സം ഒഴിവാക്കാനും ഈ പരിപാടി സഹായകമാകുന്നു.
മൊബൈല്‍ ഇന്റെർവന്‍ഷന്‍ യൂണിറ്റ്:- മൊബൈല്‍ ഇന്റെർവന്‍ഷന്‍ യൂണിറ്റ് പൈലറ്റ് അടിസ്ഥാനത്തില്‍ കോഴിക്കോട്ടും മലപ്പുറം ജില്ലയിലും ആരംഭിച്ചു. ബുദ്ധിവികാസം തീരെയില്ലാത്ത 1000 കുട്ടികളെ ഈ യൂണിറ്റുകളിലൂടെ പരിശോധിച്ചു.
രോഗികളെ പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിട്ട ഈ പദ്ധതി പ്രകാരം തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒരു ഡേ കെയര്‍ സെന്ററും എടവനക്കാട് വൃദ്ധസദനത്തില്‍ ഒരു പൂര്‍ണ്ണസമയ സെന്ററും സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചു.
കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ആരംഭിച്ച ഈ പദ്ധതി 2013 -ല്‍ സാമൂഹ്യനീതി വകുപ്പിന് കൈമാറി. അന്ധരായ അദ്ധ്യാപകര്‍ക്ക് ഐ.സി.ടി അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി തയ്യാറാക്കുക, അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാഡമിക് ആവശ്യങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കുക, കഴിവ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി അന്ധരായ ഉദ്യോഗസ്ഥര്‍ക്കുളള കണ്‍സള്‍ട്ടന്‍സി സേവനം നടത്തുക തുടങ്ങിയ സേവനങ്ങളാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.
കേരളത്തിലെ സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥാവിശേഷം ജെന്‍ഡര്‍ വികസനം എന്ന അദ്ധ്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നിരുന്നാലും വനിതകളുടെ സാമൂഹ്യ സാമ്പത്തിക പുനരധിവാസം ലക്ഷ്യമാക്കിയുള്ള പ്രധാന പരിപാടികളെക്കുറിച്ചും വനിതാ ശാക്തീകരണത്തിന് നിലകൊള്ളുന്ന സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
19 വയസ്സിന് മുകളില്‍ പ്രായമുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ഈ കേന്ദ്ര പദ്ധതി പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്നു. 2016 മാര്‍ച്ച് വരെ 88,527 പേര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടു.
കേരള സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പാക്കുന്ന ഈ പദ്ധതി മുഖാന്തിരം 1000/- രൂപ ധനസഹായം നല്‍കി അവിവാഹിതരായ അമ്മമാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. 2016 മാര്‍ച്ച് വരെ 6155 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഢനം, ലൈംഗീക അധിക്ഷേപത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുക, പിഢനത്തിന് ഇരയാകുന്നവരുടെ പുനരധിവാസവും, നഷ്ടപരിഹാരവും, വനിത കുടുംബനാഥയായിട്ടുള്ള ബി.പി.എല്‍ കുടുബത്തിലെ വനിതകള്‍ക്കുമുള്ള സഹായം, സ്വയം തൊഴില്‍ ചെയ്യുന്ന കുറഞ്ഞ വേതനം പറ്റുന്ന സ്ത്രീകളുടെ കാര്യശേഷി ഉയര്‍ത്താനുള്ള ധനസഹായം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ഒരു മുഖ്യ പദ്ധതിയാണിത്. 2015-16 -ല്‍ വനിത കുടുംബനാഥയായിട്ടുള്ള 13540 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായം അനുവദിച്ചു.
സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ഭയാ പദ്ധതി ലൈംഗിക പീഢനത്തിന് ഇരയായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാനുള്ള നിര്‍ഭയാകേന്ദ്രങ്ങള്‍ സജ്ജമാക്കുക എന്നതാണ്. 9 ജില്ലകളിലായി 10 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ 200 സ്ത്രീകള്‍ക്ക് സംരംക്ഷണം നല്‍കി വരുന്നു. ഈ പദ്ധതിയുടെ കീഴില്‍ 14 ജില്ലാ ആശുപത്രികളിലും 7 താലൂക്ക് ആശുപത്രികളിലും വണ്‍സ്റ്റോപ്പ് ക്രൈസിസ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ലൈംഗിക പീഢനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് വേണ്ടുന്ന അടിയന്തിര ആരോഗ്യ പരിചരണം, മനഃ ശാസ്ത്ര കൗണ്‍സലിംഗ്, പോലീസ് സഹായം, നിയമസഹായം, സുരക്ഷിത സംരക്ഷണം എന്നിവ ഈ സെല്ലുകളിലൂടെ നല്‍കുന്നു. 18 വയസ്സിനുമുകളില്‍ പ്രായമായ സ്ത്രീകള്‍ക്കും അവരുടെ കൂടെയുള്ള കുട്ടികള്‍ക്കും വേണ്ട പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 11 നിര്‍ഭയ ഷെല്‍റ്റര്‍ കേന്ദ്രങ്ങളും ഈ പദ്ധതി പ്രകാരം ആരംഭിച്ചിട്ടുണ്ട്. 2015-16-ല്‍ ഈ കേന്ദ്ര്ങള്‍ 275 സ്ത്രീകള്‍ക്ക് പ്രയോജനപ്പെട്ടു.
2013-ല്‍ സാമൂഹ്യനീതി വകുപ്പ് കോഴിക്കോട്ട് നിര്‍ദ്ദേശിച്ച ജെന്‍ഡര്‍ പാര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ പഠനഗവേഷണ വിഭാഗം , ജനകീയകൂട്ടായ്മ എന്നിവര്‍ ചേര്‍ന്നുള്ള ഒരു വേദിയാണ്. ലിംഗസമത്വം, വനിതാ ശാക്തീകരണം എന്നിവയെ സംബന്ധിച്ചുള്ള പഠനം, ഗവേഷണം എന്നിവ ഈ വേദിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. സമൂഹം ഉയര്‍ത്തുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കടമ്പകള്‍ തരണം ചെയ്തു. ലിംഗസമത്വത്തിനുള്ള ഒരു പ്രവേശനമാര്‍ഗ്ഗമായി ഈ വേദി പ്രയോജനപ്പെടുന്നു. കൂടാതെ സാമ്പത്തികം, സംസ്ക്കാരം, സാമൂഹികം എന്നീ മേഖലകളില്‍ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടം ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ജെന്‍ഡര്‍പാര്‍ക്ക് ഏറ്റെടുത്ത ഷീ-ടാക്സി പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യത്തെ 24x7 സമയം പ്രവര്‍ത്തിക്കുന്ന വനിതകള്‍ നടത്തുന്നതും തൊഴിലെടുക്കുന്നതുമായ ടാക്സി ശൃംഖലയാണ്. സ്ത്രീകളുടെ സംരംഭകത്വം, സ്വയം തൊഴില്‍, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ഷീ-ടാക്സി പദ്ധതി ലക്ഷ്യമിടുന്നു. നിലവില്‍ മൂന്ന്നഗരങ്ങളിലായി 32 ഷീ-ടാക്സികള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 16 എണ്ണം തിരുവനന്തപുരത്തും 12 എണ്ണം കൊച്ചിയിലും 4 എണ്ണം കോഴിക്കോട്ടുമാണ്. 32 വനിതാ ഡ്രൈവര്‍മാര്‍ക്ക് സംരംഭകത്വ അവസരം നേടാന്‍ ഇതിലൂടെ കഴിഞ്ഞു.
സാമൂഹ്യ നീതി വകുപ്പ് തൃശ്ശൂര്‍ ജില്ലയില്‍ പൈലറ്റ് ആയി ആരംഭിച്ച ഈ പദ്ധതി ഒരു കേന്ദ്ര പദ്ധതിയാണ്. സ്തീകളുടെ പ്രശ്നങ്ങള്‍ക്ക്സുദീര്‍ഘമായി പരിഹാരം കാണുവാനും കുറഞ്ഞുവരുന്ന ആണ്‍-പെണ്‍ അനുപാതത്തിന്റെ ഗതി തിരിച്ചുവിടാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പെണ്‍കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമുള്ള കേന്ദ്രസഹായം ഈ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള ന്യായരഹിതമായ ഏര്‍പ്പാടുകളെപ്പറ്റി അന്വേഷിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും, സ്ത്രീകളുടെ പദവി ഉയര്‍ത്താനുമായി 1996 –ല്‍ കമ്മീഷന്‍ നിലവില്‍ വന്നു. ജെന്‍ഡര്‍ അവബോധന പരിപാടികള്‍, നിയമ പരിശീലനം/സെമിനാര്‍, അദാലത്തുകള്‍ ഡി.എന്‍.എ പരീക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ ഏറ്റെടുക്കുന്നു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റിയുള്ള 154 നിയമപരിശീലനങ്ങള്‍/സെമിനാറുകള്‍, പഞ്ചായത്ത് ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ക്ക് വനിതകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മറ്റ് നിയമ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള 49 കൗണ്‍സലിംഗ്/നൈപുണ്യ പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. കൂടാതെ 143 അദാലത്തുകള്‍ സംഘടിപ്പിച്ച് 5085 പരാതികള്‍ക്ക് തീരുമാനം എടുക്കുകയും ചെയ്തു. ജെന്‍ഡര്‍ അവബോധന പരിപാടികള്‍ പ്രകാരം 27 വിവാഹപൂർവ കൗണ്‍സലിംഗ് പരിപാടികള്‍ വനിതാസംഘടനകളുടെ പങ്കാളിത്തത്തോട് സംസ്ഥാനമൊട്ടാക്കെ നടത്തുകയും, 433 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ സൂക്ഷമബോധന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2015-16 കാലയളവില്‍ കമ്മീഷന് 6377 പരാതികള്‍ ലഭിച്ചു. പരാതികളുടെ സ്വഭാവം പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹികപീഡനം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കുടുംബപ്രശ്നങ്ങള്‍ എന്നിവ മുന്നിലാണെന്ന് കാണാം. പരാതികളുടെ ഇനം തിരിച്ചും ജില്ല തിരിച്ചുമുള്ള വിവരം അനുബന്ധം 4.69 ല്‍ ചേര്‍ത്തിരിക്കുന്നു.
വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി, ജെന്‍ഡര്‍ അവബോധന മുന്‍നിര പരിപാടി, ഫിനിഷിംഗ് സ്ക്കൂള്‍ എന്നിവയാണ് കോര്‍പ്പറേഷന്റെ പ്രധാന പരിപാടികള്‍. നാഷണല്‍ കോര്‍പ്പറേഷന്റെ സ്വയം തൊഴില്‍ വായ്പാപദ്ധതി പ്രകാരം 2280 വനിതകള്‍ക്ക് 2.50 കോടി രൂപ വിതരണം നടത്തി. സംസ്ഥാന പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി 293 പൊതുവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കി. സംസ്ഥാനത്താകെ 49 ഷീ-ടോയിലറ്റ് യൂണിറ്റുകള്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. ഇതില്‍ 8 എണ്ണം പ്രധാന റെയിൽ േവ സ്റ്റേഷനുകളിലായിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആര്‍ത്തവസംബന്ധമായ ആരോഗ്യവും ശുചിത്വവും പാലിക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള സാനിട്ടറി പാഡുകള്‍ മിതമായ വിലയ്ക്ക് നല്‍കുകയും സംസ്ഥാനത്തുടനീളം 623 സ്ക്കൂളുകളില്‍ വെന്‍ഡിംഗ് മെഷിനും ഇന്‍സിനറേറ്ററും സ്ഥാപിക്കുകയും ചെയ്തു. മുന്‍നിര ഫിനിഷിംഗ് സ്ക്രൂള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി, തിരുവനന്തപുരത്തും കണ്ണൂരും പ്രവര്‍ത്തിക്കുന്ന റിസോഴ്സ് എന്‍ഹാന്‍സ്മെന്റ് അക്കാഡമി ഫോര്‍ കരിയര്‍ ഹൈറ്റ്സ് (റീച്ച്) മുഖേന 4157 വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്കി. ഇ.ഡി.പി/സ്വയം തൊഴില്‍ പരിശീലന പരിപാടികള്‍ 64 പഞ്ചായത്തുകളില്‍ 3200 വനിതകള്‍ക്കും വനിതാ കോളേജുകളില്‍ നടത്തിയ ജെന്‍ഡര്‍ അവബോധ പരിപാടി 12,000 പെണ്‍കുട്ടികള്‍ക്കും പ്രയോജനപ്പെട്ടു.
മാര്‍ച്ച് 30, 2016 വരെ 1,70,200 വിമുക്ത ഭടന്മാരും, 57,186 വിധവകളും 290 യുദ്ധാനന്തര വിധവകളുമുണ്ടായിരുന്നു. വിമുക്ത ഭടന്മാര്‍, യുദ്ധാനന്തര വിധവകള്‍ ഇവരുടെ ആശ്രിതര്‍ എന്നിവരെ സന്നദ്ധമാക്കാന്‍ സ്വയം തൊഴില്‍/തൊഴില്‍പരം/സാങ്കേതികപഠനം എന്നിവയിലൂന്നിയുള്ള പുനരധിവാസ പരിശീലനമായിരുന്നു പ്രധാന പ്രവര്‍ത്തനം. 2015-16 കാലയളവില്‍ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പരിശീലന സെന്ററുകള്‍ വഴി 194 പേര്‍ക്ക് പുനരധിവാസ തൊഴില്‍ പരിശീലനം നല്‍കി. ഇതില്‍ 12 പേര്‍ വനിതകളാണ്.
കേരളത്തിന്റെ ജയില്‍ സംവിധാനത്തില്‍ 44 ജയിലുകളും 11 പ്രിസണുകളുമുണ്ട്. 2016 മാര്‍ച്ച് വരെ 7,770 തടവുകാരുണ്ടായിരുന്നു. ഇതില്‍ 213 വനിതാ തടവുകാരാണ്. വനിതാ തടവുകാരുടെ അനുപാതം കേരളത്തില്‍ 3 ശതമാനം ആണെങ്കില്‍ മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ അനുപാതം 4 മുതല്‍ 6 ശതമാനം വരെയാണ്(ചിത്രം 4.7). സംസ്ഥാനത്ത് മിക്ക ജയിലുകളിലും വീണ്ടും തടവുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം സ്ഥലദൗർലഭ്യം അനുഭവപ്പെടുന്നത് സങ്കീര്‍ണ്ണമായ പ്രശ്നമാണ്. ജയിലുകളുടെ ഇപ്പോഴത്തെ സൗകര്യം കണക്കിലെടുത്താല്‍ തടവുകാരെ ഉള്‍ക്കൊള്ളാനുള്ള അംഗീകൃതശേഷി 6217 ആണ്(പുരുഷന്മാര്‍-5840, വനിതകള്‍-377). ജയിലുകളുടെ ആധുനികവല്ക്കരണവും, തടവുകാരുടെ ക്ഷേമവുമാണ് ജയില്‍ വകുപ്പിന്റെ രണ്ട് പ്രധാന പരിപാടികള്‍. ജയിലുകളില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, 31 ജയിലുകളില്‍ സി.സി.ടി.വി സ്ഥാപിക്കല്‍, പേപ്പറില്ലാത്ത ആഫീസ് സംവിധാനം ഒരുക്കല്‍ എന്നിവ പ്രധാനപ്പെട്ട പരിപാടികളായിരുന്നു. ജയിലുകളിലെ തടവുകാരെ സംബന്ധിച്ച വിവരം അനുബന്ധം 4.70 ൽ കൊടുത്തിട്ടുണ്ട്.
കേരളത്തില്‍ പൂജ്യത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യ സംസ്ഥാനത്തെ മൊത്തജനസംഖ്യയുടെ 30 ശതമാനം വരും. ഇതില്‍ പൂജ്യം മുതല്‍ 6 വയസ്സുള്ളവര്‍ 4.36 ശതമാനമാണ്. കുട്ടികളുടെ നിലനില്പ്, വികാസം, സുരക്ഷ, പങ്കാളിത്തം എന്നീ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളം സമഗ്ര പുരോഗതി കൈവരിച്ചിട്ടുണ്ട്.
കുട്ടികളോടുള്ള അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം എന്നിവയില്‍ നിന്ന് അവരെ മോചിപ്പിച്ച് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയെന്നതാണ് കുട്ടികളുടെ സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ തരത്തിലുമുള്ള മോശമായ പെരുമാറ്റത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതില്‍ കേരളം വളരെ മുന്നോട്ട് പോയിട്ടുണ്ട്. എന്നിരുന്നാലും കുട്ടികള്‍ക്ക് സാമൂഹ്യ സുരക്ഷാശൃംഖല പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്ന കാര്യത്തില്‍ താഴെപ്പറയുന്ന പരിമിതികള്‍ തടസ്സമാകുന്നു.
കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തോത് തുടര്‍ച്ചയായി ഉയര്‍ന്നു വരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോവിന്റെ കണക്ക് പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2008-ല്‍ നിന്ന് 2016 ല്‍ 143 ശതമാനം കണ്ട് വര്‍ദ്ധിച്ചു.
ഇന്ത്യയില്‍ പൂജ്യം മുതല്‍ ആറ് വയസ് പ്രായമുള്ള കുട്ടികളുടെ ആണ്‍പെണ്‍ അനുപാതത്തില്‍ പെട്ടെന്ന് വന്നിട്ടുള്ള കുറവ് വനിതാശാക്തീകരണത്തിനെതിരായുള്ള ഒരു പ്രധാന സൂചകമാണ്. 2001-ല്‍ ഈ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികള്‍ എന്ന നിരക്കിലായിരുന്നു. എന്നാല്‍ 2011 ല്‍ ഈ അനുപാതം 919 ആയി താഴ്ന്നു. 2011 സെന്‍സസ് അനുസരിച്ച് കേരളത്തില്‍ പൂജ്യം മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ ആണ്‍പെണ്‍ അനുപാതം (964) 2001 സെന്‍സസിനേക്കാള്‍ (960) നാല് പോയിന്റ് മുകളിലാണ്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഈ അനുപാതം 1000 ല്‍ താഴെയാണ്. എന്നിരുന്നാലും ആലപ്പുഴ (951) , എറണാകുളം (961), കാസര്‍ഗോഡ്(961), തൃശ്ശൂര്‍(950) എന്നീ ജില്ലകളില്‍ ഈ അനുപാതം സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണെന്നുള്ളത് ആപല്‍സൂചകമാണ്. സെക്സ് സെലക്ഷന്‍ ടെക്നിക്കുകള്‍ നിരുത്സാഹപ്പെടുത്തുക, പെണ്‍കുട്ടികള്‍ക്ക് പാരിതോഷികം ഏര്‍പ്പെടുത്തുക, അവബോധനം സൃഷ്ടിക്കുക എന്നീ ഇടപെടലുകളിലൂടെ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണ് ശൈശവ വിവാഹം. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റം കേരളത്തില്‍ ശൈശവവിവാഹം അടുത്തകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് യൂണിസെഫ് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ചില പോക്കറ്റുകളില്‍ പ്രത്യേകിച്ച് പട്ടികവര്‍ഗ്ഗ പ്രദേശങ്ങളില്‍ സാമൂഹ്യ അംഗീകാരത്തോടുകൂടി ഈ പ്രവണത നിലനില്‍ക്കുന്നു.
കുട്ടികള്‍ക്കെതിരെയുള്ള അധിക്ഷേപം പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്ഷേപ സംഭവങ്ങള്‍ കൂടി വരുന്നുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം, കേരളത്തില്‍ 2016 ഒക്ടോബര്‍ വരെ പ്രെട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രം സെക്സ്ച്യുൽ ഒഫന്‍സസ് ആക്ടിന്റെ കീഴില്‍ 1718 ലൈംഗിക അധിക്ഷേപം നടന്നിട്ടുണ്ട്. പദാര്‍ത്ഥദുരുപയോഗം പ്രത്യേകിച്ച് കൗമാര പ്രായക്കാരില്‍ കൂടി വരുന്നു. മദ്യത്തിന്റെ ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ഉല്‍ക്കണ്ഠ ഉളവാക്കുന്ന മറ്റ് പ്രധാന പ്രശ്നങ്ങളാണ്.
നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സ്ട്രാറ്റജിക് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 884 കുട്ടികള്‍ എച്ച്.ഐ.വി അണുബാധിതരാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ആകെമാനം 1.5 ലക്ഷം കുട്ടികൾ ഇത്തരക്കാരാണ്.
കുട്ടികളുടെ ബാല്യകാലം അവരുടെ പുരോഗതിയുടെ ഏറ്റവും പ്രബലമായ കാലഘട്ടമാണ്. 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ശാരീരികം, മാനസികം, വികാരം, സാമൂഹ്യം എന്നീ തലങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമഗ്ര പുരോഗതിയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ നാല് മണ്ഡലങ്ങളിലുമുള്ള കുട്ടികളുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്ന കാര്യത്തില്‍ കേരളം എപ്പോഴും മുന്‍പന്തിയിലാണ്. എന്നിരുന്നാലും കുട്ടികളുടെ ബാല്യകാല വികസനത്തില്‍ ചില തടസ്സങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പ്രതിരോധകുത്തിവയ്പ് എടുക്കുന്ന കാര്യത്തില്‍ സംസ്ഥാനം വളരെ മുന്നിലാണെങ്കിലും (ഡിസ്ട്രിക്ട് ലെവല്‍ ഹെല്‍ത്ത് സർവ്വേ(ഡി.എല്‍.എച്ച്.എസ്) - 4 പ്രകാരം 12 മുതല്‍ 23 മാസംവരെ പ്രതിരോധകുത്തിവെയ്പ് 82.5 ശതമാനം) കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ വാക്സിനേഷനെതിരെയുള്ള ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. അതുപോലെതന്നെ കേരളം പൂര്‍ണ്ണമായ മുലയൂട്ടല്‍ (ആദ്യത്തെ 6 മാസ ശൈശവ ഘട്ടത്തില്‍) നടത്തുന്നതില്‍ സാവധാന പുരോഗതിയാണ് പ്രകടിപ്പിക്കുന്നത് (ഡി.എല്‍.എച്ച്.എസ് -3 പ്രകാരം 0 മുതല്‍ 5 വയസ്സുള്ള കുട്ടികള്‍ക്ക് പൂര്‍ണ്ണമായ മുലയൂട്ടല്‍ നടത്തുന്നതിന്റെ ആധിക്യം 69.1 ശതമാനവും ഡി.എല്‍.എച്ച്.എസ് -4 പ്രകാരം 69.8 ശതമാനവുമാണ്). പാലൂട്ടലിന് മുമ്പായി ആഹാരം നല്‍കല്‍, മുലപ്പാല്‍ നല്‍കുന്നതിനുള്ള കാലതാസം, കുപ്പിപ്പാല്‍ നല്‍കല്‍ തുടങ്ങിയ അനാരോഗ്യപരമായ ആഹാര ഊട്ടല്‍ സമ്പ്രദായം കേരളത്തില്‍ നടക്കുന്നുണ്ടെന്ന് അനവധി ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സാർവലൌകികമായ പ്രീ-സ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ അഭാവം മറ്റൊരു പ്രധാന പ്രശ്നമാണ്. ഇതിന് അടിയന്തിര ശ്രദ്ധ നല്‍കേണ്ടതാണ്.
റാപ്പിഡ് സർവ്വേഓഫ് ചില്‍ഡ്രന്‍ (ആര്‍.എസ്.ഒ.സി)- 14 പ്രകാരം മൂന്ന് വയസ്സിനും 6 വയസ്സിനും ഇടയില്‍ പ്രായമായ 26.2 ശതമാനം കുട്ടികള്‍ക്ക് പ്രീ-സ്ക്കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന് കാണുന്നു. കൂടാതെ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠ്യപദ്ധതിയുടെ അഭാവവും പരിഹാരം കാണേണ്ട വിഷയമാണ്.
ശിശുമരണ നിരക്കും നവജാത ശിശുക്കളുടെ തൂക്കകുറവിന്റെ ബാഹുല്യവും കുട്ടികളുടെ അതിജീവനത്തില്‍ ഉത്കണ്ഠ ജനിപ്പിക്കുന്ന കാര്യങ്ങളാണ്. സംസ്ഥാനത്ത് ശിശുമരണ നിരക്ക് 1000 ജനനത്തിന് 12 എന്നതില്‍ നിന്ന് 8 ആയി കുറയ്ക്കാനാണ് സുസ്ഥിര വകിസന ലക്ഷ്യം (എസ്.ഡി.ജി) വിഭാവനം ചെയ്യുന്നത്. അതുപോലെ 2020 ആകുമ്പോഴേക്കും മാതൃമരണ നിരക്ക് ഒരു ലക്ഷം ജനനത്തിന് 66-ല്‍ നിന്ന് 30 ആയി കുറയ്ക്കാനും 5 വയസ്സിന് താഴെയുള്ള ശിശുമരണ നിരക്ക് 1000 ജനനത്തിന് 9 ആയി കുറയ്ക്കാനും ലക്ഷ്യമിടുന്നു. മുകളില്‍ പറഞ്ഞിട്ടുള്ള രംഗത്തെല്ലാം സംസ്ഥാനം കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, കുട്ടികളിലെ പോഷക വൈകല്യത്തിന്റെ ബാഹുല്യവും (ഡി.എല്‍.എച്ച്-4 പ്രകാരം 5 വയസ്സിന് താഴെ ഉദ്ദേശം 21 ശതമാനം കുട്ടികള്‍ക്ക് തൂക്കകുറവും 19.4 ശതമാനം കുട്ടികള്‍ക്ക് വളര്‍ച്ചാമുരടിപ്പും), കുട്ടികളിലെ വിളര്‍ച്ചയും (ഡി.എല്‍.എച്ച്-4 പ്രകാരം 34.6 ശതമാനം കുട്ടികള്‍ വിളര്‍ച്ചയുള്ളവരും, 2.4 ശതമാനം പേര്‍ കടുത്ത വിളര്‍ച്ച ഉള്ളവരും) പ്രതിരോധകുത്തിവെയ്പ്പിന്റെ സാവധാനത്തിലുള്ള പുരോഗതിയും (സംസ്ഥാനത്ത് ഉദ്ദേശം 17 ശതമാനം കുട്ടികള്‍ക്ക് അവരുടെ ആദ്യ ജന്മദിനത്തിന് മുമ്പായി 5 വാക്സിനുകള്‍ ലഭിക്കുന്നില്ല) സംസ്ഥാനത്ത് ചില ജില്ലകളില്‍ കൂടുതലാണ്. പ്രത്യേകിച്ച് പട്ടിക വര്‍ഗ്ഗക്കാരുടെയിടയില്‍. ഈ പ്രശ്നങ്ങള്‍ എല്ലാം തന്നെ സുസ്ഥിര വികസന ലക്ഷ്യം നേടിയെടുക്കാന്‍ സര്‍ക്കാരിന് ഒരു വെല്ലുവിളിയായി മാറും.
തീരുമാനങ്ങള്‍ എടുക്കുന്ന വേളയില്‍ കുട്ടികളുടെ കാഴ്ചപ്പാട് സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള ഒരു ചുറ്റുപാട് സൃഷ്ടിക്കുകയാണ് കുട്ടികളുടെ പങ്കാളിത്താവകാശം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തിന് സമഗ്ര സംഭാവന ചെയ്യുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള അയല്‍ക്കൂട്ട ശ്യംഖലയായ കേരളാ മോഡല്‍ ബാലസഭകളും ബാലപഞ്ചായത്തുകളും ദേശവ്യാപകമായി അംഗീകാരം പിടിച്ച് പറ്റിയതാണ്. 2015, മാര്‍ച്ച് വരെ, കേരളത്തില്‍ 53792 ബാലസഭകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ 8,21,102 കുട്ടികള്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്.
സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനുമാണ് കുട്ടികളുടെ സുരക്ഷ, പരിചരണം, വളര്‍ച്ച എന്നിവയ്ക്കായുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുന്നത്. കുട്ടികള്‍ക്കുള്ള പ്രധാനപ്പെട്ട നിയമങ്ങൾ, നയങ്ങള്‍, പരിപാടികള്‍ എന്നിവ താഴെ പ്രതിപാദിക്കുന്നു.
കുട്ടികള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെക്കുറിച്ചും ലൈംഗീക കൈയ്യേറ്റം, ലൈംഗീക പീഡനം, അശ്ലീല സാഹചര്യം എന്നിവയില്‍നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഈ നിയമം പ്രതിപാദിക്കുന്നു. പ്രസ്തുത നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനം ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന പരിചരണവും സുരക്ഷയും കുട്ടികള്‍ക്ക് നല്‍കാനായി സംസ്ഥാനത്തെ 9 ജില്ലകള്‍ കേന്ദ്രീകരിച്ച് 11 പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ ജില്ലകളിലും സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ആരംഭിച്ചു. ഈ നിയമത്തിന്റെ കീഴില്‍ വരുന്ന കേസ്സുകള്‍ പെട്ടെന്ന് വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു.
ഈ കമ്മീഷന്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബാലാവകാശം സംരക്ഷിക്കാന്‍ നിലവിലെ നിയമങ്ങള്‍ പരിശോധിച്ച് അവലോകനം നടത്തുക, കുട്ടികളുടെ അവകാശ ലംഘനം നടന്നത് അന്വേഷിക്കുക, കുട്ടികളുടെ അവകാശങ്ങളുടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ കണ്ട് പിടിക്കുക, വസ്തുതകള്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കുക എന്നിവ കമ്മീഷന്റെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളാണ്. 2015-16 കാലയളവില്‍, 1582 പരാതികള്‍ കമ്മീഷന് ലഭിച്ചു. ഇതില്‍ 1042 പരാതികള്‍ക്ക് പരിഹാരം കണ്ടു. പരിഹാരം കണ്ട പരാതികളില്‍ 46 എണ്ണം പോക്സോ ആക്ടുമായി ബന്ധപ്പെട്ടതും, 197 എണ്ണം ആര്‍.റ്റി.ഇമായും ബാക്കിയുള്ളത് കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ടതുമാണ്. ആര്‍.റ്റി.ഇ നിയമം, 2009 ന്റെ നിർവഹണത്തിന്റെ നിലവാരം പരിശോധിക്കുന്നതിന് ഓരോ ജില്ലയിലും 140 സ്ക്കുളുകളില്‍ കമ്മീഷന്‍ വാര്‍ഷിക സർവ്വേ നടത്തി.
കേരളത്തില്‍ 20 പ്രത്യേക ദത്തെടുക്കല്‍ ഏജന്‍സികളും, രാജ്യാന്തര ദത്തെടുക്കലിന് നേതൃത്വം കൊടുക്കുന്ന 5 അംഗീകൃത ദത്തെടുക്കല്‍ ഏജന്‍ജികളും ലൈസന്‍സുള്ള മറ്റ് 20 ദത്തെടുക്കല്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. 2012-13 മുതല്‍ 2015-16 വരെ, 748 രാജ്യത്തിനകത്തുളള ദത്തെടുക്കലും 67 രാജ്യാന്തര ദത്തെടുക്കലും നടന്നു. ദത്തെടുത്ത കുട്ടികളെ സംബന്ധിച്ച വിവരം അനുബന്ധം 4.71 ല്‍ ചേര്‍ത്തിരിക്കുന്നു.
അപകടാവസ്ഥയില്‍പ്പെട്ട കുട്ടികള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ടോള്‍ഫ്രീ ടെലിഫോണ്‍ (1098)സേവനമാണ് ചൈല്‍ഡ് ലൈന്‍. ഇന്‍ഡ്യയില്‍ 278 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്. കേരളത്തില്‍ 15 സ്ഥലത്ത് (ഗ്രാമങ്ങളില്‍ 3-ഉം, നഗരങ്ങളില്‍ - 12 ഉം) ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിത സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
കുട്ടികളുടെ സാഹചര്യം കണക്കിലെടുത്ത് അവര്‍ നേരിടുന്ന തുടര്‍ച്ചയായതും ഉയര്‍ന്നുവരുന്നതുമായ വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി ഒരു പുതിയ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ കുട്ടികളിലും ഉത്തമമായ കഴിവ് വികസിപ്പിച്ച് എടുക്കുക, തുല്യവും പക്ഷപാതരഹിതവുമായ അവകാശങ്ങള്‍ അടിസ്ഥാനമാക്കി ഓരോ കുട്ടിക്കും ജീവിതം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുളള ഒരു സംസ്ഥാനം കെട്ടിപ്പെടുക്കുക എന്നതാണ് ഈ നയത്തിന്റെ കാഴ്ചപ്പാട്. എല്ലാ കുട്ടികള്‍ക്കും ന്യായവും സുരക്ഷിതവുമായ ഒരു സാഹചര്യം ഒരുക്കാന്‍ നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുക, എല്ലാവിധ അതിക്രമങ്ങളില്‍നിന്നും കുട്ടികളെ തടയുകയും സംരക്ഷിക്കുകയും ചെയ്യുക, കുട്ടികളുടെ പങ്കാളത്തം ഉറപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ വേദി ഒരുക്കിയെടുക്കുക എന്നിവയാണ് ഈ നയത്തിന്റെ പ്രത്യേക ലക്ഷ്യങ്ങള്‍. 2013 ലെ ദേശീയ ശിശുനയം അടിസ്ഥാനമാക്കിയാണ് സംസ്ഥാന ശിശുനയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ തത്വങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ നയത്തിന്റെ അടിസ്ഥാന തത്വം ചുവടെ ചേര്‍ക്കുന്നു.
അനാഥര്‍, അഗതികള്‍, ഉപേക്ഷിക്കപ്പെട്ടവര്‍, തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍, പീഡനത്തിന് ഇരയായവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളുടെ മൊത്തത്തിലുള്ള പുരോഗതിക്കും പുനരധിവാസത്തിനുമുള്ള നടപടികള്‍ എടുക്കുകയാണ് ബാലനീതി സേവനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി 9 ബാല കേന്ദ്രങ്ങള്‍ , 7 പ്രത്യേക ബാല കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള 14 നിരീക്ഷണ കേന്ദ്രങ്ങള്‍ 3 ബാലസദനങ്ങള്‍ (ജുവനൈല്‍ഹോം എന്ന് സാക്ഷ്യപ്പെടുത്തിയത്) എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ കേന്ദ്രങ്ങളുടെ അംഗശേഷി 1450 ആണ്. 5 നും 18 നും ഇടയില്‍ പ്രായമുളള 1054 കുട്ടികള്‍ക്ക് ഈ കേന്ദ്രങ്ങള്‍ മുഖേന പരിചരണവും സംരക്ഷണവും നല്‍കാന്‍ കഴിഞ്ഞു. എല്ലാ ജില്ലകളിലും പെണ്‍കുട്ടികള്‍ക്കായി ക്ഷേമസ്ഥാപനങ്ങള്‍ ആരംഭിക്കുക, 18 വയസ്സിന് മുകളില്‍ പ്രായമായ കുട്ടികളെ പുനരധിവസിപ്പിക്കാന്‍ നിലവില്‍ സൗകര്യമില്ലാത്തതിനാല്‍ അവര്‍ക്കായി ആഫ്റ്റര്‍കെയര്‍ ഹോമുകള്‍ തുടങ്ങുക എന്നീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്.
കുട്ടികളുടെ ബാല്ല്യത്തില്‍തന്നെയുള്ള വളര്‍ച്ച സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു ഫ്ലാഗ്ഷിപ്പ് പരിപാടികളിലൊന്നാണിത്. പൂരകപോഷകാഹാരം, പ്രതിരോധകുത്തിവെയ്പ്, ആരോഗ്യപരിശോധന, റഫറല്‍ സീർവസസ്, ആരോഗ്യ പോഷകാഹാര വിദ്യാഭ്യാസം, പ്രീ-സ്ക്കൂള്‍ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്ന ഒരു സമഗ്ര പദ്ധതിയാണിത്. 6 വയസ്സിന് താഴെയുള്ള കുട്ടികള്‍, അമ്മമാര്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2016 മാര്‍ച്ച് വരെ 258 ഐ.സി.ഡി.എസ് കേന്ദ്രങ്ങളും, 33115 അംഗ൯വാടികളും പ്രവര്‍ത്തിച്ചിരുന്നു. ഈ പദ്ധതിയിലൂടെ നടപ്പാക്കുന്ന പൂരകപോഷകാഹാര പരിപാടി 10.20 ലക്ഷം പേര്‍ക്കും, പ്രീ-സ്ക്കൂള്‍ പരിപാടി 3 മുതല്‍ 6 വയസ്സുളള 4.42 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെട്ടു. പൂരകപോഷകാഹാര പരിപാടിയില്‍ 1.67 ലക്ഷം പേര്‍ ഗര്‍ഭിണികളും പാലൂട്ടുന്ന അമ്മമാരും ആയിരുന്നു. പ്രീ-സ്ക്കൂള്‍ വിദ്യാഭ്യാസ പരിപാടിയില്‍ 2.20 ലക്ഷം പേര്‍ 3 വയസ്സിനും 6 വയസ്സിനും ഇടയിലുളള പെണ്‍കുട്ടികളും ആണ്(അനുബന്ധം 4.72) 2015-16 വര്‍ഷത്തില്‍ ഐ.സി.ഡി.എസ്സ് ന്റെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2014-15 വുർവമായി തട്ടിച്ച് നോക്കുമ്പോള്‍ 2015-16 വര്‍ഷം ഗുണഭോക്താക്കള്‍ 1 ശതമാനത്തിന് താഴെ മാത്രമെ വര്‍ദ്ധിച്ചിട്ടുള്ളു. അംഗ൯വാടികളുടെ പരിമിതമായ പശ്ചാത്തല സൗകര്യമാണ് ഈ സെന്ററുകള്‍ വഴിയുളള ഉയര്‍ന്ന സേവനത്തിന് തടസ്സമാകുന്നത്. കേരളത്തില്‍ ആകെയുള്ള 33115 അംഗ൯വാടികളില്‍ 12,718 എണ്ണം മാത്രമാണ് എ-ഗ്രേഡ് പദവിയുള്ളത്. 15,904 എണ്ണം ബി-ഗ്രേഡും, 3979 എണ്ണം സി-ഗ്രേഡും, 512 എണ്ണം ഡി-ഗ്രേഡുമാണ്. ഐ.സി.ഡി.എസ് വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 22,536 അംഗ൯വടി കേന്ദ്രങ്ങള്‍ക്ക് മാത്രമെ സ്വന്തമായി കെട്ടിടം ഉള്ളു. 1,803 കേന്ദ്രങ്ങള്‍ പൊതുകെട്ടിടങ്ങളിലും, 8776 എണ്ണം വാടക കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. 42 ശതമാനം അംഗ൯വാടികള്‍ വൈദ്യുതികരിക്കാത്തതും, 9 ശതമാനം കേന്ദ്രങ്ങളില്‍ വിറക്/മണ്ണെണ്ണ ഉപയോഗിക്കുന്നതും, 87 ശതമാനത്തിന് ശിശുസൗഹൃദ ശുചിമുറികള്‍ ഇല്ലാത്തതും, 28 ശതമാനം കുടിവെളള സൗകര്യമില്ലാത്തതും, 47 ശതമാനം ചുറ്റുമതില്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്നു.
സുരക്ഷയും സംരക്ഷണവും ആവശ്യമുള്ളവരും നിയമക്കുരുക്കില്‍ അകപ്പെട്ടവരുമായ കുട്ടികൾക്ക് പ്രതിരോധം, നിയമ സുരക്ഷ, പുനരധിവാസ സേവനങ്ങൾ എന്നിവ നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. സംസ്ഥാനത്ത് JJ ആക്ടിൽ ഉൾപ്പെട്ട നിബന്ധനകൾ വേഗത്തിൽ നടപ്പിലാക്കുവാനായി ശിശു സംരക്ഷണ യൂണിറ്റുകൾ, ശിശുക്ഷേമ കമ്മറ്റികൾ, പ്രത്യേക ജുവനൈൽ പോലീസ് യൂണിറ്റുകൾ, സംസ്ഥാന ശിശു സംരക്ഷണ സൊസൈറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജെ.ജെ ബോർഡുകൾ എന്നിവ സ്ഥാപിച്ചു. ചൈൽഡ് മാര്യേജ് റീസ്റ്റ്റെയിന്റ് നിയമം, കേരള യാചക നിരോധന നിയമം, ചൈൽഡ് റൈറ്റ്സ് കൺവെൻഷൻ പരിപാടികൾ, ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ പോലുള്ള വിവിധ സാമൂഹ്യ നിയമങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ ഈ പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്നുണ്ട്. 2015-16 കാലയളവിൽ ഈ പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങളിലൂടെ 8120 കുട്ടികൾക്ക് പ്രയോജനം ലഭിച്ചു.
കൊല്ലം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ നടപ്പാക്കുന്ന ഈ കേന്ദ്രാവിഷ്കൃത പദ്ധതി 11 നും 18 നും മിടയ്ക്ക് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ പോഷകാരോഗ്യ നിലവാരം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഈ ജില്ലകളിലുള്ള 84 ഐ.സി.ഡി.എസ് പ്രോജക്ടുകളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് തീരപ്രദേശവും പട്ടികവർഗ്ഗപ്രദേശങ്ങളും ഉൾപ്പെട്ട ജില്ലകളിലേക്കു കൂടി ഈ പദ്ധതി വ്യാപിപ്പിക്കുവാൻ കഴിഞ്ഞത് ഏറ്റവും പുതിയ നേട്ടമാണ്. 2015-16 വരെയുള്ള 12-ാം പദ്ധതി കാലയളവിൽ 5.13 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതു വഴി പ്രയോജനം ലഭിച്ചു.
ഐ.സി.ഡി.എസ് ഉപയോഗിച്ചു കൊണ്ട് 11-18 വയസ്സ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. കൗമാരക്കാരായ പെൺകുട്ടികൾക്കു തൊഴിലധിഷ്ഠിത പരിശീലനം, ആരോഗ്യ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുളള ആരോഗ്യ പോഷകാഹാര ദിനാഘോഷം, വിവിധ തലങ്ങളിലുള്ള നിരീക്ഷണവും വിശകലനവും, നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയുടെ കീഴില്‍ വരുന്നത്. 12-ാം പദ്ധതി കാലയളവിൽ, 2015-16 വരെ 10.61 ലക്ഷം കൗമാര പ്രായത്തിലുള്ള പെൺകുട്ടികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടു.
കാൻസർ, മറ്റു ജീവനു ഭീഷണിയായ രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സർക്കാർ അംഗീകൃത ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ പദ്ധതിയാണിത്. 12-ാം പദ്ധതി കാലയളവിൽ 2015-16 വര്‍ഷം കാൻസർ സുരക്ഷാ പദ്ധതിയിലൂടെ 15273 കുട്ടികൾക്കും താലോലം പദ്ധതിയിലൂടെ 32934 കുട്ടികൾക്കും സഹായം ലഭിച്ചിട്ടുണ്ട്.
മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ടതോ ഒരാളില്ലാത്തതോ മറ്റേയാൾക്ക് കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതോ ആയ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ഒരു പദ്ധതിയാണിത്. മാർച്ച് 2016 വരെ 48,550 കുട്ടികൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ട്. ഇവരിൽ 26046 പേർ പെൺകുട്ടികളാണ്.
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. പോലീസ്, വിദ്യാഭ്യാസ/ആരോഗ്യ വകുപ്പുകൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ മറ്റ് തല്പരകക്ഷികള്‍ എന്നിവരുടെ സഹായത്തോടെ ദ്രവ്യ ദുർവിനിയോഗം പോലുള്ള ഹാനികരമായ സ്വഭാവങ്ങളിൽ നിന്നും കുട്ടികളെ തടഞ്ഞ് അവർക്ക് മന:ശ്ശാസ്ത്ര സാമൂഹ്യ – വൈകാരിക പരമായ പിന്തുണ ഈ പദ്ധതിയിലൂടെ നൽകുന്നു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ 36 തെരഞ്ഞെടുക്കപ്പെട്ട സ്കുളുകളിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
സാമൂഹ്യനീതി വകുപ്പിന്റെ ഈ പദ്ധതി കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, മാർഗ്ഗോപദേശം തുടങ്ങിയ സഹായങ്ങൾ നൽകുന്നു. ബന്ധപ്പെട്ട രക്ഷകർത്തൃ അദ്ധ്യാപക സംഘടനകൾ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെട്ട 807 സ്കൂളുകളിൽ പ്രത്യേക കൗമാര ആരോഗ്യ ക്ലിനിക്കുകൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കിയിട്ടുണ്ട്.
പ്രാദേശിക സംസ്ഥാനതല സാങ്കേതിക കമ്മിറ്റികൾ തെരഞ്ഞെടുത്ത അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് കേരള സാമൂഹ്യ സുരക്ഷാമിഷൻ (കെ.എസ്.എസ്.എം) ഈ പദ്ധതിയിലൂടെ കോക്ലിയർ ഇംപ്ലാന്റേഷന്‍ സര്‍ജറിക്കുളള സഹായം നല്‍കുന്നു. പ്രത്യേക പട്ടികയിലുള്ള ആശുപത്രികളിലൂടെ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾക്ക് ആഡിറ്ററി വെർബൽ ഹബിലിറ്റേഷന്‍ (എ.വി.എച്ച്) വേണ്ടി സാമ്പത്തിക സഹായവും നൽകുന്നു. 2015-16 കാലയളവിൽ 167 കുട്ടികൾക്ക് ഈ പദ്ധതി വഴി സഹായം ലഭിച്ചു. ഇവരിൽ 77 പേർ പെൺകുട്ടികളാണ്.
അട്ടപ്പാടിയിലെ ശിശുക്കൾക്കു വേണ്ടി സാമൂഹ്യ നീതി വകുപ്പിന്റെ ഒരു പ്രത്യേക പരിപാടിയാണിത്. ശിശുക്കൾക്കു നേരത്തേ മുലയൂട്ടലിന് അമ്മമാരെ പ്രേരിപ്പിക്കുക, 6 മാസമാകുമ്പോൾത്തന്നെ മറ്റ് ആഹാരങ്ങൾ യഥാസമയം നൽകുക, മുലപ്പാലിനു പുറമേയുള്ള ആഹാരങ്ങൾ നൽകുമ്പോൾ ശുചിത്വം പാലിക്കുക, എല്ലാ പ്രതിരോധ കുത്തിവയ്പുകളും, വിറ്റാമിൻ-എയും വിരനാശക മരുന്നുകളും നൽകുക, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ജാതക്, ജനനി എന്നീ സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കില്‍ കുട്ടികളുടേയും ഗർഭിണികളുടേയും ആരോഗ്യനില അറിയുന്നതിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ഒരു പ്രാരംഭ പദ്ധതിയാണിത്. മാനന്തവാടി ബ്ലോക്കിലെ 15128 കുട്ടികളുടെ ആരോഗ്യാവസ്ഥ ഈ പദ്ധതിയിലൂടെ നിരീക്ഷിക്കുന്നുണ്ട്.
മുതിർന്ന പൗരന്മാർക്കും, 6 വയസ്സിനു താഴെയുള്ള കുട്ടികൾക്കും, കൗമാരക്കാരായ പെൺകുട്ടികൾക്കും, അമ്മമാർക്കും ഒരു പൊതു കേന്ദ്രത്തിൽ വച്ച് അവരവരുടെ പരിചയം പങ്കുവയ്ക്കുന്നതിനായുള്ള ഒരു അവസരം ഒരുക്കുക എന്ന ആശയമാണ് മാതൃകാ അംഗൻവാടിയുടേത്. ഈ മാതൃകാ അംഗാ൯വാടി കേന്ദ്രങ്ങളിൽ സാധാരണ അംഗൻവാടികളിലെ പോലെ എല്ലാ സൗകര്യങ്ങളും ഉള്ളതിനു പുറമേ മുതിർന്ന പൗരന്മാർക്കായി ഒരു വായനാമുറിയുമുണ്ട്. ഭരണാനുമതി ലഭിച്ച 115 മാതൃകാ അംഗൻവാടികളിൽ 44 എണ്ണം പൂർത്തീകരിച്ചു.
ദുര്‍ബല വിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദീകരിക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായുള്ള പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും സാമ്പത്തിക ഉന്നമനം നേടിയിട്ടില്ല. അവര്‍ തുടര്‍ച്ചയായി വിവേചനം അഭിമുഖീകരിക്കുകയും വിവിധ സേവനങ്ങളിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് കഴിയാതെ പോകുകയും ചെയ്യുന്നു. സാമൂഹിക ബഹിഷ്ക്കരണം, വൈകല്യങ്ങള്‍, പോഷകാഹാരക്കുറവ്, അതിദാരിദ്ര്യം, മാറാവ്യാധികള്‍, ജീവന് ഭീഷണിയായുള്ള രോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പലപ്പോഴും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം മൂലം പദ്ധതികളുടെ ആവര്‍ത്തനവും അര്‍ഹരായ വ്യക്തികള്‍ ഒഴിവാക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സാമൂഹ്യസംരക്ഷണം നല്‍കാന്‍ നുളളിക്കൊടുക്കുന്നതുപോലെയുളള ഒരു സമീപനമാണ് ഇപ്പോള്‍ സംസ്ഥാനം പിന്‍തുടരുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഓരോ വിഭാഗങ്ങള്‍ക്കും അവരുടേതായ ആവശ്യങ്ങളും ആഗ്രഹങ്ങളും ഉള്ളതിനാല്‍ ഇത്തരം വിഭാഗങ്ങള്‍ക്ക് അവശ്യാടിസ്ഥാനത്തില്‍ സഹായം നല്‍കുന്നതിനുള്ള സാമൂഹ്യ സുരക്ഷാ ചട്ടക്കൂട് ഇതുമൂലം നഷ്ടപ്പെടുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍, പാരപ്ലെജിക് രോഗികള്‍, ഡിമെന്‍ഷ്യരോഗികള്‍ തുടങ്ങിയവരെപ്പോലുളള വിഭാഗങ്ങളും ഈ വിഭാഗത്തില്‍ പുതുതായി കടന്നു വരുന്നു. സാമൂഹ്യ സുരക്ഷ ഒരു മനുഷ്യാവകാശവും സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് അടിസ്ഥാനവുമാണെന്ന പ്രമേയം മുന്‍നിര്‍ത്തി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് സാർവത്രിക സംരക്ഷണം നല്‍കാന്‍ സംസ്ഥാനം ഊന്നല്‍ കൊടുക്കേണ്ടതാണ്. സാമൂഹ്യ സുരക്ഷയുടെ ഏറ്റവും കുറഞ്ഞതലമെങ്കിലും ഉറപ്പാക്കി ഒരു പ്രത്യേക സംരക്ഷണ വേദി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുസമൂഹം, സമുദായാടിസ്ഥാനത്തിലുള്ള സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവരുമായുള്ള ഒരു ശരിയായ പങ്കാളിത്ത വേദി ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള ഊര്‍ജ്ജസ്വലമായ ഇടപെടല്‍ ആവശ്യമാണ്. ഈ പങ്കാളിത്തത്തിലൂടെ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായവും ആവശ്യമുള്ളവര്‍ക്ക് സുരക്ഷയും ക്ക ഉറപ്പാക്കാം . ഇത്തരം ഇടപെടലുകള്‍ അവരുടെ ജീവിതത്തെ മാന്യതയും ആത്മാഭിമാനവുമുള്ളതുമാക്കി പുനസ്ഥാപിക്കും.