സാമൂഹ്യ സേവനം

ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം

ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സെക്കണ്ടറി വിദ്യാഭ്യാസം പുനഃക്രമീകരിക്കുന്നതിനുവേണ്ടിയാണ് ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ 1990-91 കാലയളവില്‍ സംസ്ഥാനത്ത് നിലവില്‍ വന്നത്. 2016-ല്‍ സംസ്ഥാനത്ത് 2073 ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ നിലവിലുണ്ട്. അതില്‍ 833 എണ്ണം (40.18 ശതമാനം) സര്‍ക്കാര്‍ സ്കൂളുകളാണ്; 854 എണ്ണം (41.2 ശതമാനം) എയ്ഡഡ് സ്കൂളുകളും ബാക്കി 386 എണ്ണം (18.62 ശതമാനം) അണ്‍എയ്ഡഡ്/ ടെക്നിക്കല്‍ സ്കൂളുകളുമാണ്. ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ മലപ്പുറത്താണ് (248 എണ്ണം), തൊട്ടു പിന്നാലെ യഥാക്രമം എറണാകുളവും (209 എണ്ണം) തൃശൂരുമാണ് (204 എണ്ണം).

2016-ല്‍ 7248 ബാച്ച് ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ ഉണ്ടായിരുന്നു. ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ പ്രവേശനം നേടിയത് 383582 പേരാണ്. ഏറ്റവും കൂടുതല്‍ ബാച്ചുകള്‍ കോഴിക്കോട് ജില്ലയിലാണ് (1051 എണ്ണം). ഇവിടെ 55914 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നു. ജില്ല/ മാനേജ്മെന്റ് തിരിച്ചുള്ള ഹയര്‍സെക്കണ്ടറി സ്കൂളുകളുടെ എണ്ണവും ബാച്ചുകളും അനുബന്ധം 4.17 –ല്‍ കൊടുത്തിട്ടുണ്ട്. ജില്ലതിരിച്ച് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവേശനം നേടിയ കുട്ടികളുടെ കണക്കുകള്‍ അനുബന്ധം 4.18- ല്‍ കാണാം.

ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 2014-15-ല്‍ 74.19 ശതമാനമായിരുന്നത് 2015-16-ല്‍ 73.18 ശതമാനമായി കുറഞ്ഞു. 2016-ല്‍ 10391 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 317887 വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. ഇതിന്റെ വിശദവിവരങ്ങള്‍ അനുബന്ധം 4.19, അനുബന്ധം 4.20 എന്നിവിടങ്ങളില്‍ കൊടുത്തിട്ടുണ്ട്. 2014-15 നെ അപേക്ഷിച്ച് 2015-16-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വിജയശതമാനവും കുറഞ്ഞതായി കാണുന്നു. 2014-15-ലെ 60.84 ശതമാനത്തില്‍ നിന്ന് 2015-16 കാലയളവില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 57.11 ശതമാനമായി കുറഞ്ഞപ്പള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 61.39 ശതമാനത്തില്‍ നിന്നും 58.12 ശതമാനമായി കുറഞ്ഞു. വിശദവിവരങ്ങള്‍ അനുബന്ധം 4.21, 4.22 എന്നിവയിലുണ്ട്.

top