ഒരു സമൂഹത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തിന് വലിയ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നു. നല്ല വിദ്യാഭ്യാസമുള്ള തൊഴില്‍മേഖലയുടെ അഭാവത്തില്‍ ഏതൊരു സമ്പദ്ഘടനയ്ക്കും അതിന്റെ മുഴുവന്‍ അവസരങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയില്ല. എന്നിരുന്നാലും ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമ്പദ്ഘടനയുമായും തൊഴിലുമായും മാത്രം ഒതുക്കാനാവില്ല. യോഗ്യരായ തൊഴില്‍ ശക്തി എന്ന നിലയില്‍ മാത്രമല്ല, പക്വതയോടെ സാമൂഹ്യ ആവശ്യങ്ങളെ കൂടി അഭിസംബോധന ചെയ്യുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന വിശാല ലക്ഷ്യം കൂടി ഉന്നത വിദ്യാഭ്യാസത്തിനുണ്ട്.
സംസ്ഥാനത്ത് ആകെ 14 സർവകലാശാലകളുണ്ട്. ഇതില്‍ 4 സർവകലാശാലകള്‍- കേരള, മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ എന്നിവ - പൊതുസ്വഭാവമുള്ളതും, വിവിധ കോഴ്സുകള്‍ നടത്തുന്നവയും ആണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സർവകലാശാല, കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, കേരള കാര്‍ഷികസർവകലാശാല, കേരള ആരോഗ്യ സർവകലാശാല, കേരള മത്സ്യ സമുദ്രോല്പന്ന പഠന സർവകലാശാല, കേരള സാങ്കേതിക സർവകലാശാല തുടങ്ങിയവ പ്രത്യേക വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടുന്നതിന് സഹായകമായ കോഴ്സുകള്‍ നടത്തിവരുന്നു. ഇതുകൂടാതെ 2005-ല്‍ സ്ഥാപിതമായ നുവാല്‍സ് അഥവാ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ്, കാസര്‍ഗോഡ് സ്ഥാപിച്ച കേന്ദ്ര സർവകലാശാല എന്നിവയും പ്രവര്‍ത്തിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിലേയ്ക്കുള്ള പ്രവേശനം ഉറപ്പാക്കാനും നിലവാരം ഉയര്‍ത്താനുമായി സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ എന്ന കേന്ദ്രാവിഷ്കൃത പദ്ധതി ആരംഭിച്ചു. നിലവിലുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി മിഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമന്വയ പദ്ധതിയാണിത്. വ്യക്തമായ കടമകള്‍ നിർവചിക്കപ്പെട്ട് നല്‍കിയിട്ടുള്ള സ്ഥാപന-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള വിവിധ സംഘടനകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യ ഗഡുവായി 4 യൂണിവേഴ്സിറ്റികള്‍ക്ക് -കോഴിക്കോട്, കേരള, മഹാത്മാഗാന്ധി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലകള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.5കോടി വീതം നല്‍കിയിട്ടുണ്ട്. ഈ തുകയില്‍ നിന്ന് പുനരുദ്ധാരണ - അറ്റകുറ്റജോലികള്‍ക്ക് പുറമേ മാതൃകാപദ്ധതികളായ സൗരോര്‍ജ്ജ സംവിധാനങ്ങള്‍, ബയോമെട്രിക് പഞ്ചിംഗ് മെഷീനുകള്‍, ഇ-കാമ്പസ്, ന്യൂക്വിയര്‍ മാഗ്നറ്റിക് റസിഡന്‍സ് സ്പെക്ട്രാ മീറ്ററും, ഡീസല്‍ ജനറേറ്റരും സ്ഥാപിക്കുക എന്നിങ്ങനെയുള്ള പദ്ധതികളും സർവകലാശാലകള്‍ നടപ്പിലാക്കിയിട്ടുണ്ട്. അടിസ്ഥാന വികസന ഗ്രാന്റായി 15 ഗവണ്‍മെന്റ് കോളേജുകള്‍ക്ക് 12.5 ലക്ഷം രൂപ വീതം ലഭിച്ചിട്ടുണ്ട്. റൂസയുടെ പ്രാരംഭ ഗ്രാന്റ് ഉപയോഗിച്ച് സെമിനാറുകള്‍, ശില്പശാലകള്‍ പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്ഥാപനങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനങ്ങള്‍ വിഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ലാപ് ടോപ്പുകള്‍, പ്രത്യേക സോഫ്റ്റ് വെയറുകള്‍ റൂസയ്ക്കുവേണ്ടിയുള്ള ഇ-ജേര്‍ണല്‍ പോര്‍ട്ടല്‍, സംസ്ഥാന റൂസ പ്രോജക്ട് ഡയറക്ടറേറ്റിന് ലൈബ്രറി എന്നീ പദ്ധതികള്‍ സംസ്ഥാന റൂസ പ്രോജക്ട് ഡയറക്ടറേറ്റിന്റെ മികച്ച പദ്ധതികളായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു.സർവകലാശാലയുടെ കീഴിലുള്ള കോളേജുകളുടെ എണ്ണം പരിമിതമായിരുന്നപ്പോഴാണ് ആരംഭ ഘട്ടത്തില്‍ അഫിലിയേറ്റിംഗ് സമ്പ്രദായത്തിന് രൂപം കൊടുത്തത്. ആരംഭ ഘട്ടത്തില്‍ സർവകലാശാലകള്‍ക്ക് കോളേജുകളുടെ പ്രവര്‍ത്തനങ്ങളിലും പരീക്ഷാ നടത്തിപ്പിലും ബിരുദദാനങ്ങളിലും കാര്യക്ഷമമായ മേല്‍നോട്ടം വഹിക്കുവാന്‍ കഴിഞ്ഞിരുന്നു. വിവിധങ്ങളായ കോളേജുകളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങളെ വേണ്ട വിധം കൈകാര്യം ചെയ്യുവാന്‍ ഒരു സർവകലാശാലയ്ക്ക് ബുദ്ധിമുട്ട് നേരിടുന്ന തരത്തില്‍ ഈ സമ്പ്രദായം ഇന്ന് ബൃഹത്തായിരിക്കുന്നു. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് പാഠ്യ പദ്ധതി പരിഷ്ക്കരിക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ കോളേജുകള്‍ക്ക് സ്വാത്യന്ത്ര്യമില്ല. ഓരോ കോളേജുകളുടേയും ശക്തി, ദൗര്‍ബ്ബല്യങ്ങളും പ്രാദേശിക സാഹചര്യങ്ങളും അവയുടെ അക്കാദമിക വികസന കാര്യങ്ങളില്‍ സ്വാധീനിക്കുന്നുണ്ടെന്നിരിക്കെ ഇവയൊന്നും കണക്കിലെടുക്കാതെ എല്ലാ കോളേജുകളെയും ഒരേപോലെ നിയിന്ത്രിക്കുന്ന യൂണിവേഴ്സിറ്റി ചട്ടങ്ങളും പൊതു സമ്പ്രദായങ്ങളുമാണ് നിലവിലുള്ളത്. ഉന്നത നിലവാരമുള്ള പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നല്‍കുവാന്‍ കഴിവുള്ള കോളേജുകള്‍ക്ക് അവ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യമില്ല.
അതിനാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രൈവറ്റ് മേഖലകളില്‍ സ്വയംഭരണം അര്‍ഹിക്കുന്ന കോളേജുകളുണ്ടെന്നും ഉത്തരവാദിത്വ ബോധത്തോടുകൂടിയുള്ള റിസ്ക് എടുക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയാല്‍ ഈ കോളേജുകള്‍ തങ്ങളുടെ അക്കാദമിക സാദ്ധ്യതകള്‍ പൂര്‍ണ്ണമായി തെളിയിക്കുന്നതിന് ശേഷിയുള്ളവരാണെന്നും പറഞ്ഞിരിക്കുന്നു. കേരളം ഈ പരിഷ്ക്കാരം താമസംവിനാ നടപ്പിലാക്കണമെന്ന് കമ്മിറ്റി ശക്തമായി ശുപാര്‍ശ ചെയ്തിരുന്നു. 2014-15 വര്‍ഷം സംസ്ഥാനത്തെ 9 കോളേജുകള്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (UGC) സ്വയംഭരണ പദവി നല്‍കുകയുണ്ടായി. മഹാരാജാസ് കോളേജ് എറണാകുളം, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, ഫാത്തിമ മാതാ നാഷണല്‍ കോളേജ് കൊല്ലം, എസ്.ബി കോളേജ് ചങ്ങനാശ്ശേരി, സെന്റ് തെരേസസ് കോളേജ് എറണാകുളം, സേക്രട്ട് ഹാര്‍ട്ട് കോളേജ് തേവര, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് കൊച്ചി, സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍, സെന്റ് തോമസ് കോളേജ് ദേവഗിരി എന്നിവയാണീ കോളേജുകള്‍.
സംസ്ഥാനത്ത് 213 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ നിലവിലുള്ളതില്‍ 153 സ്വകാര്യ എയ്ഡഡ് കോളേജുകളും 60 സര്‍ക്കാര്‍ കോളേജുകളും ഉണ്ട്. എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉള്ളത് (25 എണ്ണം). തൊട്ടുപുറകില്‍ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍ (22 എണ്ണം) ജില്ലകളാണ്. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ കോളേജുകള്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് (10 എണ്ണം). 2015-16-ല്‍ സംസ്ഥാനത്ത് നിലവിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളുടെ എണ്ണം ജില്ല തിരിച്ച് അനുബന്ധം 4.26 ല്‍ കൊടുത്തിരിക്കുന്നു.
കേരളത്തിലെ നാല് പൊതു സർവകലാശാലയ്ക്കു കീഴിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ 2015-16- ല്‍ 2..7 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട് (അണ്‍ എയ്ഡഡ് കോളേജുകള്‍ ഒഴികെ). ഇതില്‍ 1.89 ലക്ഷം (71.21%) പെണ്‍കുട്ടികളാണ്.
കോഴ്സന്റെ പേര് | ആകെ കുട്ടികള്‍ | പെണ്‍കുട്ടികള്‍ | ആണ്‍കുട്ടികള്‍ | പെണ്‍ട്ടികളുടെ ശതമാനം |
ബി.എ | 96748 | 70035 | 26713 | 72.39 |
ബി.എസ്സ്.സി | 95369 | 69833 | 25536 | 73.22 |
ബി.കോം | 39923 | 24915 | 15008 | 62.41 |
ആകെ | 232040 | 164783 | 67257 | 71.02 |
ബിരുദപഠനത്തിന് പ്രവേശനം നേടിയിട്ടുള്ള കുട്ടികളില്‍ 41.7 ശതമാനം പേര്‍ ബി.എയ്ക്കും, 41.1 ശതമാനം പേര്‍ ബി.എസ്.സിയ്ക്കും, 17.2 ശതമാനം പേര്‍ ബി.കോമിനുമാണ് ചേര്‍ന്നിട്ടുള്ളത്. ബിരുദ പഠനത്തിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ 71.02 പേര്‍ പെണ്‍കുട്ടികളാണ്(പട്ടിക 4.3). ബി.എ. ബിരുദ കോഴ്സിന് ആകെ 27 വിഷയങ്ങളാണുള്ളത്. സാമ്പത്തികശാസ്ത്രമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയ വിഷയം. ബി.എസ്.സി. കോഴ്സിനു കീഴില്‍ ആകെ 31 വിഷയങ്ങള്‍ പഠിക്കാം. ഇവിടെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് ഗണിതശാസ്ത്രത്തിനാണ്. ബി.എ., ബി.എസ്.സി., ബി.കോം കോഴ്സുകളിലായി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ അനുബന്ധം 4.27, അനുബന്ധം 4.28, അനുബന്ധം 4.29 വരെ കൊടുത്തിരിക്കുന്നു. 2015-16 കാലഘട്ടത്തില്‍ കേരളത്തില്‍ 33070 വിദ്യാര്‍ത്ഥികള്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനം നേടി. ഇതില്‍ 72.6 ശതമാനം പെണ്‍കുട്ടികളാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ എം.എ, എം.എസ്.സി., എം.കോം കോഴ്സുകള്‍ക്ക് പ്രവേശനം നേടിയവരുടെ വിശദമായ കണക്കുകള്‍ അനുബന്ധം 4.30, അനുബന്ധം 4.31, അനുബന്ധം 4.32 വരെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ യഥാക്രമം 32002 ഉം 4414 ഉം പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. 2015-16- ല്‍ പ്രവേശനം നേടിയ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 13.74 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരാണ്. ഇങ്ങനെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പ്രവേശനം നേടിയ പട്ടിക വിഭാഗത്തില്‍പ്പെട്ടവരില്‍ 71.1 ശതമാനം പെണ്‍കുട്ടികളാണ് (പട്ടിക 4.4, ചിത്രം 4.4).
കോഴ്സിന്റെ പേര് | ആകെ കുട്ടികളുടെ എണ്ണം | പട്ടിക ജാതി കുട്ടികളുടെ എണ്ണം | പട്ടിക ജാതി കുട്ടികളുടെ ശതമാനം | പട്ടിക വര്‍ഗ്ഗ കുട്ടികളുടെ എണ്ണം | പട്ടിക വര്‍ഗ്ഗ കുട്ടികളുടെ ശതമാനം | ആകെ എസ്.സി-എസ്.റ്റി കുട്ടികള്‍ | എസ്.സി-എസ്.റ്റി കുട്ടികളുടെ ശതമാനം |
ബി.എ | 96748 | 13295 | 13.74 | 2584 | 2.67 | 15879 | 16.41 |
ബി.എസ്സ്.സി | 95369 | 13103 | 13.74 | 890 | 0.93 | 13993 | 14.67 |
ബി.കോം | 39923 | 5604 | 14.04 | 710 | 1.78 | 6314 | 15.82 |
ആകെകുട്ടികള്‍- ബിരുദം | 232040 | 32002 | 13.79 | 4184 | 1.80 | 36186 | 15.59 |
എം.എ | 12602 | 1889 | 14.99 | 594 | 4.71 | 2483 | 19.70 |
എം.എസ്.സി | 15360 | 1853 | 12.06 | 422 | 2.75 | 2275 | 14.81 |
എം.കോം | 5108 | 672 | 13.16 | 121 | 2.37 | 793 | 15.52 |
ആകെകുട്ടികള്‍- ബിരുദാനന്തര ബിരുദം | 33070 | 4414 | 13.35 | 1137 | 3.44 | 5551 | 16.79 |
ആകെ- ബിരുദം, ബിരുദാനന്തര ബിരുദം | 265110 | 36416 | 13.74 | 5321 | 2.01 | 41737 | 15.74 |
2015-16-ല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പ്രവേശനം നേടിയവരില്‍ 5321 പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ 4184 പേര്‍ ബിരുദതലത്തിലും 1137 പേര്‍ ബിരുദാനന്തരബിരുദ തലത്തിലും പഠിക്കുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ 65.9 ശതമാനം പെണ്‍കുട്ടികളാണ്. 2015-16-ല്‍ കേരളത്തിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ ചേര്‍ന്ന പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍
അനുബന്ധം 4.33-ല്‍ കാണാം.
14 തരം കേന്ദ്ര -സംസ്ഥാനതല സ്കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ഇതില്‍ 2015-16 കാലത്ത് നല്‍കിയ സ്കോളര്‍ഷിപ്പുകള്‍ 4000 കേരള സംസ്ഥാന സുവര്‍ണ്ണ ജൂബിലി സ്കോളര്‍ഷിപ്പും 47199 പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പും ഉള്‍പ്പെടും. ഭാരത, കേരള സര്‍ക്കാരുകള്‍ നല്‍കിയ സ്കോളര്‍ഷിപ്പുകളുടെ വിശദാംശങ്ങള്‍ കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാപിച്ചിട്ടുള്ള എല്‍..ഇ.ഡി. ബോര്‍ഡില്‍ നിന്നും ലഭിക്കും. 2013-14 മുതല്‍ 2015-16 വരെ ഇങ്ങനെ നല്‍കിയ സ്കോളര്‍ഷിപ്പുകളുടെ വിവരം അനുബന്ധം 4.34 -ല്‍ കാണാം.
സംസ്ഥാനത്തെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ 2015-16 ലെ അധ്യാപകരുടെ എണ്ണം 9727 ആണ്. ഇതില്‍ 55.2 ശതമാനം സ്ത്രീകളാണ്. 2013-14, 2014-15 ,2015-16 വര്‍ഷങ്ങളില്‍ സര്‍ വകലാശാല തിരിച്ച് കേരളത്തിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ അധ്യാപകരുടെ എണ്ണം അനുബന്ധം 4.35-ല്‍ കാണാം. ഇവരില്‍ 3312 പേര്‍ (34.01 ശതമാനം) പി.എച്ച്ഡി. ബിരുദമുള്ളവരാണ്. വിശദവിവരങ്ങള്‍ അനുബന്ധം 4.36 –ല്‍ കൊടുത്തിട്ടുണ്ട്. 2016-ല്‍ ഇതേ കോളേജുകളില്‍ 2072 പേര്‍ ഗസ്റ്റ് ലക്ചര്‍മാരായി ജോലിചെയ്തിട്ടുണ്ട്. ഇതിന്റെവിശദാംശങ്ങള്‍ അനുബന്ധം 4.37-ല്‍ കാണാം.
ചരിത്രത്തിലും പുരാവസ്തുഗവേഷണത്തിലും മറ്റ് സാമൂഹ്യ ശാസ്ത്രവിഷയങ്ങളിലും ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2001-ല്‍ സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള ചരിത്രഗവേഷണ കൗണ്‍സില്‍. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഗവേഷണസ്ഥാപനങ്ങളുമായി അക്കാദമിക അംഗീകാരമുള്ളതും കേരള സർവകലാശാലയുടെ അംഗീകരിക്കപ്പെട്ട ഗവേഷണ കേന്ദ്രവുമാണ് കേരള ചരിത്രഗവേഷണ കൗണ്‍സില്‍. ചരിത്രാതീതകാലം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കേരളത്തിന്റെ ചരിത്രം ശാസ്ത്രീയമായി തയ്യാറാക്കി ഒരു സമഗ്ര വാല്യമായി പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ തയ്യാറെടുക്കുകയാണ്.
കൊടുങ്ങല്ലൂര്‍-പറവൂര്‍ സോണില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചരിത്ര-ടൂറിസം പ്രോജക്ടിന് സാങ്കേതിക സഹായം നല്‍കുന്ന നോഡല്‍ ഏജന്‍സിയായി ചരിത്രഗവേഷണ കൗണ്‍സിലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2006-07 മുതല്‍ കേരള ചരിത്രഗവേഷണ കൗണ്‍സില്‍ “പട്ടണത്തില്‍” വിവിധ തലങ്ങളിലുള്ള ഗവേഷണങ്ങള്‍ നടത്തി വരികയാണ്. കേരളത്തിന്റെ ആദ്യകാല ചരിത്രത്തെ പുനര്‍ നിര്‍മ്മിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഈ ഗവേഷണങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു.