സാമൂഹ്യ സേവനം

ലിംഗപദവിയും വികസനവും

പുരുഷന്മാരിലും സ്ത്രീകളിലും ആഴത്തിലുള്ള അവബോധം സൃഷ്ടിച്ചിരിക്കുന്ന, സ്ത്രീകളുടെ പദവിയും അധികാരവും കുറയ്ക്കുന്ന, ലിംഗപദവി അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ്, അവരുടെ ഇടയിലെ ജീവശാസ്ത്രപരമായ വ്യത്യാസത്തിന്റെ സ്വാഭാവികഫലമായിട്ടാണ് പൊതുവെ കാണപ്പെടുന്നത്. മതപരമായ വിശ്വാസങ്ങളും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ രീതിയും ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട്. ഒരു വശത്ത് സാമ്പത്തിക വിഭവം സ്ത്രീകള്‍ക്ക് ഇല്ലാത്തതും അല്ലെങ്കില്‍ പരിധിയുള്ളതും മറുവശത്ത് വീടിനകത്തും പുറത്തും കുറഞ്ഞ വരുമാനമുള്ള അല്ലെങ്കില്‍ വരുമാനമില്ലാത്ത തൊഴില്‍ ചെയ്യേണ്ടി വരുന്നതും നിലവിലുള്ള ലിംഗപദവി അനുസരിച്ചുള്ള സാമ്പത്തിക രാഷ്ട്രീയ അസമത്വവും പുരുഷമേധാവിത്വ രീതികളും സ്ത്രീകളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നവയാണ്. എഴുപതുകളുടെ ആരംഭത്തിലെ ‘കമ്മിറ്റി ഓണ്‍ ദ സ്റ്റാറ്റസ് ഓഫ് വിമണ്‍ ഇന്‍ ഇന്‍ഡ്യ’ (സി.എസ്.ഡബ്ല്യു.ഐ.) റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പ്രകാരം, വികസന പ്രക്രിയയില്‍ സ്ത്രീകളുടെ അനുഭവം അവരുടെ ആവശ്യങ്ങളെയും താല്പര്യങ്ങളെയും വളരെയധികം ദ്രോഹിക്കുന്ന തരത്തിലാണ്. ശരിയായി പറഞ്ഞാല്‍, കമ്മിറ്റിയുടെ ഒരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ എന്തെന്നാല്‍, സ്വാത്യന്ത്രത്തിനുശേഷമുള്ള ഇന്‍ഡ്യയുടെ സാമൂഹ്യമാറ്റത്തിന്റെയും വികസനത്തിന്റെയും ചലനാത്മകത, മൂന്ന് ദശകത്തെ ആസൂത്രിത വികസനം ഉണ്ടായിട്ടും സ്ത്രീകളുടെ ഒരു വലിയ വിഭാഗത്തെ പ്രതികൂലമായി ബാധിക്കുകയും, തൊഴില്‍ പങ്കാളിത്ത നിരക്കിലെ കുറവ്, സ്ത്രീ-പുരുഷ അനുപാതത്തിലെ കുറവ് എന്നിവയില്‍ പ്രകടമായും ഒരു പുതിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്.

തൊഴിലില്ലാത്തവര്‍ക്ക് വരുമാനം ലഭിക്കുന്ന തൊഴില്‍, കുടുംബത്തിന്റെ നിലനില്പിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും, പ്രതിഫലം ലഭിച്ചതും ലഭിക്കാത്തതുമായ സംഭാവനകള്‍ക്കുള്ള അംഗീകാരം, താല്പര്യമില്ലാത്ത തൊഴിലുകള്‍ക്കുള്ള മതിയായ പ്രതിഫലം, രാജ്യത്തിന്റെ പൗരന്‍ എന്ന നിലയില്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കാന്‍ കഴിയുന്ന വികസനത്തില്‍ സാമ്പത്തിക വിഭവത്തിലും നേട്ടങ്ങളിലും തീരുമാനങ്ങളിലും പങ്ക് വഹിക്കുക തുടങ്ങിയ സ്ത്രീകളുടെ അവകാശ വിഷയങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു പക്ഷെ ഏറ്റവും പ്രയോജനപ്രദമായ ചര്‍ച്ച, സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ സംഭാവനകളില്‍ കാണാനാവുന്നത് സ്ത്രീയുടെ തൊഴില്‍ ആണെന്നതാണ്. തൊഴില്‍ മാര്‍ക്കറ്റില്‍ സ്ത്രീകളുടെ താഴ്ന്ന നിലവാരം വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇന്‍ഡ്യയിലെ സ്ത്രീകളില്‍ 60 ശതമാനത്തിനു മുകളില്‍ ഇപ്പോഴും വീട്ടുജോലികള്‍ ചെയ്യുന്നവരും എന്നാല്‍ അവര്‍ തൊഴില്‍ ശക്തിക്ക് പുറത്താണ് താനും. കൂടാതെ സ്വയം തൊഴില്‍ ചെയ്യുന്ന വനിതകളില്‍ 30 മുതല്‍ 40 ശതമാനം പേര്‍ വരുമാനരഹിതരാണ്. തൊഴില്‍ ചെയ്യുന്ന ഗ്രാമീണ വനിതകളില്‍ 75 ശതമാനം പേര്‍ ഇപ്പോഴും കൃഷിയും അനുബന്ധ മേഖലകളിലും തൊഴില്‍ ചെയ്യുന്നവരാണ്. കൂടാതെ തൊഴില്‍ ചെയ്യുന്ന ഗ്രാമീണ വനിതകളില്‍ 81 ശതമാനം സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും അവകാശവാദങ്ങള്‍ ഉന്നയിക്കാത്തവരുമാണ്. സ്ത്രീ തൊഴിലാളികളില്‍ വേതനം ലഭിക്കാത്തവരുടെ എണ്ണം നിരന്തരമായി കൂടുന്നത് ഒരു കീറാമുട്ടിയായി തുടരുകയാണ്.

യു.എന്‍.ഡി.പി, അംഗരാജ്യങ്ങളിലെ ലിംഗ പദവിയിലുള്ള ഈ അസമത്വം മനസ്സിലാക്കുന്നതിനായി 1995 മുതല്‍ മാനവ വികസന സൂചികയോടൊപ്പം (എച്ച്.ഡി.ഐ) ലിംഗപദവി വികസന സൂചികയും (ജി.ഡി.ഐ) ലിംഗ പദവി എംപവര്‍മെന്റ് സൂചികയും (ജി.ഇ.എം) കൂടി പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങി. ഈ സൂചികകള്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക കാര്യങ്ങളിലെ ഉള്‍പ്പെടുത്തല്‍, സാമ്പത്തികവിഭവത്തിലെ നിയന്ത്രണം, രാഷ്ട്രീയത്തിലെ ഉള്‍പ്പെടുത്തല്‍ എന്നീ മേഖലകളില്‍ സ്ത്രീകളുടെ നിലവാരത്തെ കാണിക്കുന്നു.

സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വം അളക്കുന്നതിനായി 2010 മുതല്‍ യു.എന്‍.ഡി.പി മറ്റൊരു സൂചിക കൂടി ആരംഭിച്ചിട്ടുണ്ട്. ലിംഗപദവി അസമത്വസൂചിക(ജി.ഐ.ഐ) എന്നത്, മാനവവികസനത്തിന്റെ മൂന്ന് പ്രധാന മേഖലകളായ പ്രത്യൂത്പാദനശേഷി, എംപവര്‍മെന്റ്, സാമ്പത്തികസ്ഥിതി എന്നിവയിലെ ലിംഗപദവി അസമത്വം മനസ്സിലാക്കുന്നതിനുള്ള ഒരു ശ്രമമാണ്. ജി. ഐ.ഐ യിലെ പ്രകടനം അനുസരിച്ച് ഇന്‍ഡ്യയുടെ നിലവാരം വളരെ അപ്രസന്നമാണ്. 155 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്‍ഡ്യയുടെ സ്ഥാനം ജി.ഐ.ഐ സൂചിക 0.563-ഓടെ 130-ാം സ്ഥാനത്താണ്. എന്നാല്‍ ആദ്യത്തെ 10 രാജ്യങ്ങളുടെ ജി.ഐ.ഐ. സൂചിക 0.05-ന് താഴെയാണ്. ഇത് സൂചിപ്പിക്കുന്നത്, നമ്മുടെ രാജ്യവും വികസനസൊസൈറ്റികളും തമ്മിലുള്ള വലിയ അന്തരത്തെ മാത്രമല്ല, ലിംഗപദവി അസമത്വം ലഘൂകരിക്കുന്നതിനുള്ള പോളിസികളും സംസ്ഥാനം അവ നടപ്പിലാക്കുന്നതിലും ഉള്ള വൈകല്യത്തെയാണ്. 2015-ല്‍ പ്രസിദ്ധീകരിച്ച മാനവവികസന റിപ്പോര്‍ട്ട് അനുസരിച്ചുള്ള സൂചികകള്‍ കാണിക്കുന്നത് നിരൂപണ നയരൂപീകരണം ആവശ്യമുള്ള മേഖലകളെയും സ്ത്രീകള്‍ക്ക് ഗുണകരമല്ലാത്ത രീതികളെ തരണം ചെയ്യുന്നതിനുള്ള പൊതുനയത്തെക്കുറിച്ചുമാണ്.

കേരളത്തിലെ സാമൂഹ്യവികസനമേഖലയിലെ നേട്ടങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ മാനവവികസനസൂചികകള്‍ വളരെ ഉയര്‍ന്നതാണ്. ധാരാളം പണ്ഡിതര്‍, ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ മറ്റു വികസന രാജ്യങ്ങളിലേതുമായി താരതമ്യം ചെയ്യാറുണ്ട്. മുകളില്‍ പറഞ്ഞ ലിംഗപദവി അസമത്വ സൂചികയില്‍ മാതൃമരണനിരക്ക്, കൗമാരക്കാരുടെ ജനനനിരക്ക്, സെക്കന്ററി വിദ്യാഭ്യാസത്തില്‍ സ്ത്രീകളുടെ അനുപാതം എന്നിവയില്‍ സംസ്ഥാനത്തിന്റെ പ്രകടനം പ്രശംസനീയമാണ്. എന്നാല്‍ രണ്ട് കാര്യങ്ങളിലെ പങ്കാളിത്തത്തില്‍ ലിംഗപദവി വ്യത്യാസം വളരെ പ്രകടമാണ്. ഒന്ന്, തൊഴില്‍ പങ്കാളിത്തത്തിലും രണ്ട് രാഷ്ട്രീയ പങ്കാളിത്തത്തിലും, തൊഴില്‍ കമ്പോളത്തിലും സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന വളരെ കുറവാണ്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും സ്ത്രീകളുടെ നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഒരു വിരോധാഭാസമായിട്ടാണ് കാണുന്നത്. ഈ നേട്ടങ്ങളെ, സമ്പദ്ഘടനയിലും (തൊഴില്‍ കമ്പോളം) രാഷ്ട്രീയത്തിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ പ്രകടനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.

ജനസംഖ്യയുടെ 52 ശതമാനം സ്ത്രീകളെന്ന പദവിയോടെ കേരളം പോസിറ്റീവ് സ്ത്രീ-പുരുഷ അനുപാതത്തില്‍ അറിയപ്പെടുന്ന സംസ്ഥാനമാണ്. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നത് 2001-ല്‍ 1058 സ്ത്രീകള്‍ ആയിരുന്നു. കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം 1991-2011 കാലയളവില്‍ ഏറെക്കുറെ സുസ്ഥിരമായിരുന്നെങ്കിലും 2001-ല്‍ 963 ആയിരുന്നത് 2011-ല്‍ 959 ആയത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 0-6 വയസ്സിലെ കുട്ടികളുടെ ജനസംഖ്യയുടെ അനുപാതം 2001-ല്‍ 11.9 ശതമാനമായിരുന്നത് 2011-ല്‍ 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ ആണ്‍കുട്ടികളുടെ അനുപാതം 12.5 ശതമാനത്തില്‍ നിന്നും 10.4 ശതമാനമായും പെണ്‍കുട്ടികളുടെ അനുപാതം 11.3 ശതമാനത്തില്‍ നിന്നും 9.8 ശതമാനമായും കുറഞ്ഞിട്ടുണ്ട്. മധ്യകേരളത്തില്‍ ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്. എന്നിരുന്നാലും കേരളത്തിലെ കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം രാജ്യത്തിലെ ശരാശരിയായ 914-നേക്കാള്‍ മെച്ചപ്പെട്ടതാണ്. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാത/താരതമ്യം അഖിലേന്ത്യ തലത്തിനോടും മറ്റു അയല്‍ സംസ്ഥാനങ്ങളോടുമുള്ളത് അനുബന്ധം 4.90 ല്‍ കൊടുത്തിരിക്കുന്നു.

സാക്ഷരതയും വിദ്യാഭ്യാസവും

കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്കായ 92 ശതമാനം ഇന്‍ഡ്യയിലെ സംസ്ഥാനങ്ങളില്‍‍ ഏറ്റവും ഉയര്‍ന്നതാണ്. എന്നിരുന്നാലും കേരളത്തില്‍ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 96 ശതമാനം ആണെന്നത് ലിംഗപദവിയിലെ വിടവ് നിലനിര്‍ത്തുന്നു. എന്നാല്‍ കഴിഞ്ഞ 6 ദശകങ്ങളില്‍ ഈ വിടവ് കുറഞ്ഞ് വരുന്നതായി കാണാം.

ചിത്രം – 4.10
കേരളത്തിലെ സാക്ഷരതാനിരക്ക്
അവലംബം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രൈമറി തലത്തില്‍ സാർവത്രിക പ്രവേശനം സാധ്യമായിട്ടുണ്ട്. ലിംഗപദവി തുല്യത ഇക്കാര്യത്തില്‍ നേടിയിട്ടുമുണ്ട്. സ്ക്കൂളുകളില്‍ മൊത്തം വിദ്യാര്‍ത്ഥികളില്‍ 49.4 ശതമാനം പെണ്‍കുട്ടികളാണ്. ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ കാര്യത്തില്‍ 52.34 ശതമാനമുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണ്. കൊഴിഞ്ഞുപോക്ക് നിരക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുറവാണ്. വിദ്യാഭ്യാസത്തിന്റെ തൃതീയതലത്തിലും പെണ്‍കുട്ടികളുടെ പ്രവേശനം ആണ്‍കുട്ടികളുടെതിനേക്കാള്‍ കൂടുതലാണ്. ഉദാഹരണത്തിന്, 2015-16 ല്‍ നാല് യൂണിവേഴ്സിറ്റികളിലുമായി ആര്‍ട്സ് ആന്റ് സയന്‍സ് വിഷയങ്ങളിലുള്ള ബിരുദ പ്രവേശനത്തിന് 71.54 ശതമാനം പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ബിരുദാനന്തര ബിരുദം പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ നില 72.61 ശതമാനത്തോടെ ഉയര്‍ന്നു നില്‍ക്കുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ പെണ്‍കുട്ടികളുടെ സ്ഥാനം ഉയര്‍ന്നതാണ്. എന്നാല്‍ എഞ്ചിനീയറിംഗ് കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും പ്രവേശനം പരിഗണിക്കുമ്പോള്‍ , അവസ്ഥ വ്യത്യസ്തമാണ്. എഞ്ചിനീയറിംഗ് കോളേജുകളില്‍ മൊത്തം കുട്ടികളുടെ പ്രവേശനത്തില്‍ 39.87 ശതമാനം പെണ്‍കുട്ടികളും പോളിടെക്നിക്കുകളില്‍ ഇത് 32.76 ശതമാനവുമാണ്(പട്ടിക 4.21). സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന നിലവാരം താഴ്ന്ന നിരക്കിലെ തൊഴില്‍ പങ്കാളിത്തം പ്രതിഫലിക്കുന്ന വിപണന വൈദഗ്ധ്യങ്ങളില്‍ കാണുന്നില്ല.

പട്ടിക 4.21
വിവിധ തലങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രവേശനം-2015-16
  ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ ആകെ പെണ്‍കുട്ടികളുടെ ശതമാനം
സ്ക്കൂള്‍ വിദ്യാഭ്യാസം 1869255 1832322 3701577 49.50
ഹയര്‍സെക്കന്ററി 182826 200756 383582 52.34
ബിരുദം 65564 164783 230347 71.54
ബിരുദാനന്തരബിരുദം 9056 24008 33064 72.61
ബിടെക് 4022 2348 6370 36.86
എം.ടെക് 639 742 1381 53.73
ആകെ എഞ്ചിനീയറിംഗ് 4661 3090 7751 39.87
പോളിടെക്നിക് 21587 10518 32105 32.76
അവലംബം : ഡി.പി.ഐ, ഡി.സി.ഇ, ഡി.റ്റി.ഇ-2015
ബോക്സ് 4.12
പതിമൂന്നാം പഞ്ചവത്സരപദ്ധതി- വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ജന്‍ഡര്‍

ശ്രീ. എ.ഷാജഹാന്‍, ഐ.എ.എസ്., ഗവണ്മെന്റ് സെക്രട്ടറി, സാമൂഹ്യ സുരക്ഷിതത്വ വകുപ്പ്, ശ്രീമതി. മീരാ വേലായുധന്‍, സീനിയര്‍ പോളിസി അനലിസ്റ്റ്, സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് എ൯വയോണ്മെന്റ് കണ്‍സേണ്‍ഡ് (സി.ഇ.എസ്.സി), അഹമ്മദാബാദ് എന്നിവരെ സഹാദ്ധ്യക്ഷര്‍ ആക്കിക്കൊണ്ട് പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ലിംഗപദവിയില്‍ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് സംസ്ഥാന ആസൂത്രണബോര്‍ഡ് രൂപീകരിക്കുകയുണ്ടായി. ഈ മേഖലയില്‍ അവസാനത്തെ രണ്ട് പദ്ധതികാലയളവിലെ പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ചും കൂടാതെ സ്ത്രീകളുടെ നേര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചും, അവരുടെ സാമ്പത്തികമായ പിന്നോക്കാവസ്ഥ, പാര‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹ്യസംഘടനകളുടെ പ്രശ്നങ്ങള്‍, തദ്ദേശതലത്തില്‍ ലിംഗപദവിയനുസരിച്ചുള്ള ഭരണം ശക്തിപ്പെടുത്തല്‍ എന്നിവയെക്കുറിച്ചും വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ച ചെയ്യുകയുണ്ടായി. ട്രാന്‍സ്ജന്‍ഡര്‍ ഉള്‍പ്പെടെയുള്ള ലിംഗപദവി വിഷയം സംബന്ധിച്ച വിവിധ പ്രശ്നങ്ങളിലും വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കേണ്ടുന്ന പ്രോജക്ടുകളിലും ഊന്നല്‍ നല്‍കുന്ന കരട് റിപ്പോര്‍ട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് സമര്‍പ്പിച്ചിട്ടുണ്ട്.

കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസ്ഥിതി

കേരളത്തില്‍ മിക്കവാറും എല്ലാ ആരോഗ്യസൂചികകളും സ്ത്രീകള്‍ക്ക് അനുകൂലമാണ്. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ സൂചികകള്‍ രാജ്യത്തിലെ മറ്റ് സ്ത്രീകളുമായും കേരളത്തിലെ പുരുഷന്മാരുമായും താരതമ്യം ചെയ്യുമ്പോള്‍ വളരെ മെച്ചപ്പെട്ടതാണ്. കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 76.9 വര്‍ഷം എന്നത് ഇന്‍ഡ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ഇന്‍ഡ്യയിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.7 വര്‍ഷമാണ്. രജിസ്ട്രാര്‍ ജനറല്‍ ഓഫ്ഇന്‍ഡ്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ജനസംഖ്യാ ശാസ്ത്രപരമായ എല്ലാ സൂചികകളും കേരളത്തിന് അനുകൂലമാണ്(പട്ടിക 4.22).

പട്ടിക 4.22
ഇന്‍ഡ്യയിലെയും കേരളത്തിലെയും സ്ത്രീകളുടെ ആരോഗ്യസ്ഥിതി
ക്രമ നമ്പര്‍ സൂചിക കേരളം ഇന്‍ഡ്യ
1 മരണനിരക്ക്   6.6 6.5
    പുരഷന്‍ 7.6 6.9
    സ്ത്രീ 5.7 6.1
2 ശിശുമരണനിരക്ക്   12 37
    പുരഷന്‍ 10 35
    സ്ത്രീ 13 39
3 വിവാഹപ്രായം      
    പുരുഷന്‍ 27.3 23.2
    സ്ത്രീ 21.4 20
4 വിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന മരുന്നുകളുടെ അറിവും ഉപയോഗവും   97.3 94.5
  58.7 50.2
5 മാതൃമരണനിരക്ക് 66 66 178
6 ആയുര്‍ദൈര്‍ഘ്യം പുരഷന്‍ 71.4 62.6
    സ്ത്രീ 76.9 67.7
അവലംബം: എസ്. ആര്‍.എസ്. ബുള്ളറ്റിന്‍, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസസ്.

വിവിധ ആശുപത്രികളിലെ രോഗികളുടെ എണ്ണം നോക്കുമ്പോള്‍ (ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സീർവസസ് ഡേറ്റ) സംസ്ഥാനത്ത് അവസാന വര്‍ഷത്തില്‍ ഡയബറ്റിസ്, ബ്ലഡ് പ്രഷര്‍ എന്നീ രോഗങ്ങള്‍ ഒഴികെ മറ്റെല്ലാറ്റിലും സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ് എന്നു കാണാം(പട്ടിക 4.23). പട്ടിക 4.23


രോഗികളുടെ എണ്ണം 2015-16 (നവംബര്‍ വരെ)
രോഗത്തിന്റെ പേര് രോഗികളുടെ എണ്ണം2015 - 2016  
പുരുഷന്മാര്‍ സ്ത്രീകള്‍ ആകെ ശതമാനം
കാന്‍സര്‍ 22911 21368 44279 48.26
ഡയബറ്റിസ് 917276 1002429 1919705 52.22
ബി.പി 1029662 1137907 2167569 52.50
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ 70567 60388 130955 46.11
സ്ട്രോക്ക് 27518 21636 49154 44.02
മാനസീകരോഗം 82082 70412 152494 46.17
ബ്രോണ്‍കൈറ്റിസ് 591373 565245 1156618 48.87
കരള്‍രോഗം 37344 32363 69707 46.43
ആസ്മ 474020 443404 917424 48.33
അവലംബം : ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസസ്, കേരള

എന്നിരുന്നാലും ഉയര്‍ന്ന സമത്വ വികസനത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി, സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം, രാഷ്ട്രീയത്തില്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തിന് വളരെയധികം ചെയ്യാനുണ്ട്. ആരോഗ്യത്തിലും, വിദ്യാഭ്യാസത്തിലും കൈവരിച്ച നേട്ടങ്ങള്‍ വളര്‍ച്ചയുടെ നിബന്ധനകളായും മറ്റു രണ്ടെണ്ണം പാതകളായും പരിഗണിക്കാവുന്നതാണ്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം

ഉയര്‍ന്ന മാനവ വികസനമുള്ള രാജ്യങ്ങളില്‍ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം കൂടുതലാണെന്നു കാണാം. മാനവ വികസന സൂചിക ഏറ്റവും ഉയര്‍ന്ന 10 രാജ്യങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് (എല്‍.പി.ആര്‍) 60 ശതമാനവും പുരുഷന്മാരുടേത് 70 ശതമാനവുമാണ്(മാനവ വികസന റിപ്പോര്‍ട്ട്, 2015). മാനവ വികസന സൂചിക ഇന്‍ഡ്യയുടേതിനേക്കാള്‍ കുറഞ്ഞ ചില അയൽ ‍രാജ്യങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് വളരെ കൂടുതലാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ഉദാഹരണമായി, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഭൂട്ടാനില്‍ 66.4 ഉം കംബോഡിയയില്‍ 78.9 ഉം ബംഗ്ലാദേശില്‍ 57.3 ഉം നേപ്പാളില്‍ 54.3 ഉം മ്യാന്‍മാറില്‍ 85.7 ശതമാനവുമാണ്. (അവലംബം : മാനവ വികസന സൂചിക റിപ്പോര്‍ട്ട് 2014). തൊഴില്‍സേനയില്‍ സ്ത്രീകളുടെ കുറവ് എന്നത്, ഉല്പാദനക്ഷമത, സാമ്പത്തിക നിരക്ക് എന്നിവയെ പിന്നോട്ട് വലിക്കുന്നു. മാനവ വികസനത്തിന്റെ ഉപയോഗക്കുറവ് ആകുമെന്നത് അവഗണിക്കാനാവില്ല.

പല വികസന സൂചികകളിലും കേരളത്തിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കാര്യത്തില്‍ പ്രവര്‍ത്തനഫലം സ്ത്രീകള്‍ക്ക് അനുകൂലമല്ല. തൊഴില്‍ ചെയ്യുന്നവരുടേയും തൊഴിലില്ലാത്തവരുടേയും ഡേറ്റായ്ക്ക് പ്രധാനമായും രണ്ട് ഉറവിടമാണുള്ളത്. ഒന്ന് സെന്‍സസും രണ്ട് എന്‍.എസ്.എസ്.ഒ യുടെ അഞ്ച് വര്‍ഷത്തിലൊരിക്കലുള്ള തൊഴിലും തൊഴിലില്ലായ്മയും റൌണ്ട്സ് ആണ്. ഒരു രാജ്യത്തിലെയോ സംസ്ഥാനത്തിലെയോ, തൊഴില്‍ സ്ഥിതി മനസ്സിലാക്കുന്നതിനായി പൊതുവായി ഉപയോഗിക്കുന്നത് എന്‍.എസ്.എസ്. ഒ യിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള നിർവചനത്തിലൂടെയാണ്. ജില്ലാതലത്തിലോ, അതിലും താഴെയുള്ള തലത്തിലോ ലഭിക്കുന്ന ഡേറ്റയാണ് സെന്‍സസിന്റെ നേട്ടം. ഇവിടെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് എന്‍.എസ്.എസ്.ഒ ഡേറ്റയാണ്.

എന്‍.എസ്.എസ്.ഒയുടെ 68-ാം റൌണ്ട് (2011-12 വര്‍ഷം) അനുസരിച്ച് സംസ്ഥാനത്ത് പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍ പങ്കാളിത്തനിരക്കില്‍ വലിയ വിടവ് ഉള്ളതായി കാണാം. സംസ്ഥാനശരാശരി 40.3 ശതമാനമായിരിക്കെ, കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 24.8 ശതമാനവും (100 ആള്‍ക്കാര്‍ക്ക്) പുരുഷന്മാരുടേത് 57.8 ശതമാനവുമാണ്. കേരളത്തില്‍ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍ പങ്കാളിത്ത നിരക്കില്‍ വലിയ വ്യത്യാസം ഉണ്ട്. സ്ത്രീ തൊഴില്‍സേന പങ്കാളിത്ത നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം 49.8 ശതമാനമുള്ള ഹിമാചല്‍ പ്രദേശാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റ്, സിക്കിം, മണിപ്പൂര്‍, മിസ്സോറാം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കേരളത്തിലേതിനേക്കാള്‍ കൂടുതലാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. അതിനാല്‍ മറ്റു സ്ഥലങ്ങളിലെ അനുഭവങ്ങള്‍ മനസ്സിലാക്കി, ഈ ദിശയില്‍ നമ്മുടെ തന്ത്രങ്ങള്‍ പുതുക്കേണ്ടതുണ്ട്. കേരളത്തിലെ സ്ത്രീകളെ ഉചിതമായ തൊഴില്‍ നല്‍കിക്കൊണ്ട് ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍സേന പങ്കാളിത്തനിരക്ക് ഗ്രാമീണമേഖലയില്‍ ഇന്‍ഡ്യയുടേതിനേക്കാള്‍ കുറവാണ്. എന്നാല്‍ നഗരമേഖലയില്‍ കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍സേന പങ്കാളിത്ത നിരക്ക് അഖിലേന്ത്യാതലത്തേക്കാള്‍ കൂടുതലാണ് (പട്ടിക 4.24).  

പട്ടിക 4.24
ഇന്‍ഡ്യയിലെയും കേരളത്തിലെയും തൊഴില്‍സേന പങ്കാളിത്ത നിരക്ക് (ശതമാനം)- നഗരവും ഗ്രാമപ്രദേശവും
വര്‍ഷം ഗ്രാമം നഗരം
ഇന്‍ഡ്യ കേരളം ഇന്‍ഡ്യ കേരളം
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
1987-88 54.9 33.1 55.8 33.6 53.4 12.9 59 26.1
1993-94 56.1 33 56.8 26.4 54.3 16.5 59.9 25
1999-2000 54 30.2 58.7 27.3 54.2 14.7 59.1 25.4
2004-05 55.5 33.3 58.9 32.1 57 17.8 58.3 30.1
2009-10 55.6 26.5 58.3 26 55.9 14.6 56.4 23.3
2011-12 55.3 25.3 58.3 25.8 56.3 15.5 56.7 22.2
അവലംബം: എന്‍.എസ്.എസ്.ഒ.യുടെ വിവിധ റിപ്പോര്‍ട്ടുകള്‍

കേരളത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍സേന പങ്കാളിത്ത നിരക്ക് താരതമ്യം ചെയ്തുകൊണ്ടുള്ള ചിത്രം 4.11 താഴെ കൊടുത്തിട്ടുണ്ട്. ലിംഗപദവി വ്യത്യാസത്തിലുള്ള വിടവ് നാളുകള്‍ കഴിയുന്തോറും കൂടി വരുന്നതായി കാണാം.

ചിത്രം 4.11
കേരളത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍സേന പങ്കാളിത്ത നിരക്ക്
അവലംബം: എന്‍.എസ്.എസ്.ഒ.യുടെ വിവിധ റിപ്പോര്‍ട്ടുകള്‍

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്, തൊഴിലിലുള്ള ലിംഗപദവി വിടവിനെയും വെളിപ്പെടുത്തുന്നുണ്ട്((പട്ടിക 4.25). പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ചെറിയ ഉയര്‍ച്ച കാണിക്കുമ്പോള്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. അഖിലേന്ത്യാതലത്തില്‍ കാണുന്നത് പോലെ കേരളത്തിലും നഗരപ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് കൂടുതലാണ്.

പട്ടിക 4.25
കേരളത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും തൊഴില്‍ പങ്കാളിത്ത നിരക്ക്
വര്‍ഷം ഗ്രാമം നഗരം
ഇന്‍ഡ്യ കേരളം ഇന്‍ഡ്യ കേരളം
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
1987-88 53.9 32.3 56.7 31.6 50.6 15.2 59.2 21.8
1993-94 55.3 32.8 53.7 23.8 52 15.4 56 20.3
1999-2000 53.1 29.9 55.3 23.8 51.8 13.9 55.8 20.3
2004-05 54.6 32.7 55.9 25.6 54.9 16.6 54.7 20
2009-10 54.7 26.1 56.4 21.8 54.3 13.8 54.7 19.4
2011-12 54.3 24.8 56.5 22.1 54.6 14.7 55.2 19.1
അവലംബം: എന്‍.എസ്.എസ്.ഒ.യുടെ വിവിധ റിപ്പോര്‍ട്ടുകള്‍

2011 സെന്‍സസ് അനുസരിച്ച് സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് അവസാനത്തെ ദശകത്തില്‍ 2.8 പോയിന്റ് വര്‍ദ്ധിച്ചിട്ടുള്ളതായി കാണാം. ഇത് എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് പ്രകാരമുള്ള സ്ത്രീകളുടെ കുറഞ്ഞുവരുന്ന തൊഴില്‍ പങ്കാളിത്ത നിരക്കിന് (പട്ടിക 5 ല്‍ കാണുന്ന പ്രകാരം) വൈരുദ്ധ്യമാണ്, എന്നാല്‍ 1999-2000 മുതല്‍ 2004-05 വരെയുള്ള കാലയളവില്‍ കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് മറ്റ് പല സംസ്ഥാനങ്ങളിലേതുപോലെ വര്‍ദ്ധിച്ചിരുന്ന കാര്യം (എന്‍.എസ്.എസ്.ഒ) ഓര്‍ക്കേണ്ടതുണ്ട്. എങ്കിലും 2009-10 ലെ അടുത്ത റൌണ്ടില്‍ ഈ നിരക്ക് വീണ്ടും കുറഞ്ഞതായി കാണാം. എന്നിരുന്നാലും ഗ്രാമീണ കേരളത്തില്‍ 2009-10 ലെ നിരക്കുകള്‍ 1999-2000-ത്തിലെ നിരക്കുകളേക്കാള്‍ കൂടുതലാണ്. എന്നാല്‍ നഗര മേഖലയില്‍ ലേശം കുറഞ്ഞതായി കാണാം. ഇത് 2001-ലെയും 2011-ലെയും സെന്‍സസ് റിസല്‍ട്ട് അനുസരിച്ചാണ് സംഭവിച്ചിട്ടുള്ളത്. ഏറ്റവും പുതിയ ഡേറ്റാ എടുക്കുകയാണെങ്കില്‍ കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് അഖിലേന്ത്യാതലത്തിലേതുപോലെ കുറയുന്നതായി കാണാം. (പട്ടിക 4.25 ല്‍ കാണുന്നതുപോലെ).

സെന്‍സസ് ഡേറ്റാ അനുസരിച്ച് സംസ്ഥാനത്തെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട എന്നീ നാല് ജില്ലകളിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് സംസ്ഥാനശരാശരിയേക്കാള്‍ കുറവാണെന്നുകാണാം. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളുടെ പ്രകടനം വളരെ മോശമാണ്. വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്ക് അഖിലേന്ത്യാനിരക്കിനേക്കാള്‍ കൂടുതലാണ്. കൃഷിഭൂമി കൂടുതലുള്ള ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സജീവമായതിനാല്‍ ജില്ലയിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തനിരക്ക് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്നതാണ്. ജില്ല തിരിച്ചുള്ള താരതമ്യം അനുബന്ധം 4.91 ല്‍ കൊടുത്തിട്ടുണ്ട്.

സെന്‍സസും എന്‍.എസ്.എസ്.ഒ യും കാണിക്കുന്നത്, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറവാണെന്നാണ്, സ്ത്രീകള്‍ വീടുകളില്‍ ചെയ്യുന്ന അംഗീകാരം ലഭിക്കാത്ത ജോലികള്‍ കൂടി കണക്കാക്കുമ്പോള്‍, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വളരെ കൂടുതലാണെന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. വീട്ട് ജോലിയെക്കുറിച്ചുള്ള ധാരണയുടെ വിശാലതയ്ക്കുവേണ്ടി വളരെയധികം ശ്രമം നടക്കുന്നുണ്ടെങ്കിലും, ഡേറ്റയുടെ സൂക്ഷ്മ പരിശോധകരും (ഔദ്യോഗിക ഡേറ്റാ ശേഖരണം) സ്ത്രീകള്‍ തന്നെയും ആ ജോലിയുടെ പദവിയെക്കുറിച്ച് മനസ്സിലാക്കുന്നില്ല. കോഴിവളര്‍ത്തല്‍, അടുക്കളത്തോട്ടം, തയ്യല്‍ മുതലായ വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന, എന്നാല്‍ സാധാരണയായി വീട്ട് ജോലികള്‍ ചെയ്യുന്ന സ്ത്രീകളായി കണക്കാക്കപ്പെടുന്ന അങ്ങനെ തൊഴിലില്ലാത്തവരാകുന്ന സ്ത്രീകളുടെ അനുപാതം കാണിക്കുന്ന പട്ടിക ഒരു പരിധി വരെ ഇത് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.(പട്ടിക 4.26).

പട്ടിക 4.26
പ്രത്യേക ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ ശതമാനം (വീട്ട് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 5 വയസ്സിനുമുകളിലുള്ളവര്‍)
ക്രമ നമ്പര്‍ പ്രവര്‍ത്തനം അഖിലേന്ത്യാ   അഖിലേന്ത്യാ   കേരളം കേരളം
ഗ്രാമം 2011-12 നഗരം 2011-12 ഗ്രാമം 2011-12 നഗരം 2011-12
1 അടുക്കളത്തോട്ടം നടത്തുക 23.3 7.8 16.5 11.3
2 വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം 21.5 2.4 14.2 5.3
3 വിറക്, പശുവിനുള്ള തീറ്റ ശേഖരിക്കല്‍ 43.5 5.3 16.5 3.6
4 ചാണകപ്പൊടി തയ്യാറാക്കല്‍ 40.9 4.6 0.7 0.1
5 പുറത്തുനിന്നും വെള്ളം കൊണ്ടുവരിക 30.6 9.6 7.7 6.0
6 തയ്യല്‍ 27.3 23.5 10.0 11.7
7 സ്വന്തം കുട്ടികളെയോ മറ്റുകുട്ടികളെയോ പഠിപ്പിക്കുക 6.8 12.0 12.2 13.7
അവലംബം : എന്‍.എസ്.എസ്.ഒ റൌണ്ട് 68-വീട്ടുജോലികള്‍ ഉള്‍പ്പെടെ പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍- റിപ്പോര്‍ട്ട് നമ്പര്‍ 559

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും കുറഞ്ഞ വേതനത്തില്‍ ഔപചാരികമല്ലാത്ത ജോലികള്‍ ചെയ്യാന്‍ താല്പര്യമില്ലാത്തവരുമായ സ്ത്രീകളുള്ള കേരളം പോലൊരു സംസ്ഥാനത്ത് വരുമാനമുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ അനുപാതം കൂട്ടാന്‍ സഹായിക്കുന്ന സ്വയം തൊഴിലിന്റെ പങ്ക് വളരെ പ്രധാന്യമുള്ളതാണ്. ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍, സ്വയം തൊഴിലിന് ധാരാളം അവസരമുണ്ടായിട്ടും സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ അനുപാതം വളരെ കുറവാണെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ (എഫ്.എസ്.ഇ.ഡബ്ല്യൂ) ശതമാനം 36.4 ഉം നഗരമേഖലയിലേത് 36.3 ഉം ആണ്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ശതമാനം അരുണാചല്‍പ്രദേശില്‍ 89.5 ഉം ഹിമാചല്‍ പ്രദേശില്‍ 87.9 ഉം നാഗാലാന്റില്‍ 94.9 ഉം സിക്കിമില്‍ 90.2 ഉം ആണ്. ഈ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്വയം തൊഴില്‍ ചെയ്യുന്ന നിരക്ക് 35 ശതമാനത്തിനു മുകളിലാണ്.(എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട്, റൌണ്ട് 68).

തൊഴിലില്‍ ലിംഗപദവി അനുസരിച്ചുള്ള ഡേറ്റായില്‍ നിന്നും സ്ത്രീകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ശരിയായ രൂപം ലഭിക്കുന്നതാണ്. കേരളത്തിലെ സ്ത്രീകളുടെ മേഖല തിരിച്ചുള്ള തൊഴില്‍ (പട്ടിക 4.27) കാണിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഒരു വലിയ അനുപാതം കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണെന്നാണ്. സേവന മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ശതമാനം സ്ത്രീകളേക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍ വ്യവസായത്തില്‍, സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസം കാണുന്നില്ല. ഇത് എന്തുകൊണ്ടെന്നാല്‍ ഉല്പാദനക്ഷമത കുറഞ്ഞവയിലും കൈത്തറി, ഖാദി, കയര്‍, കശുവണ്ടി മുതലായ തൊഴില്‍ കൂടുതലായുള്ള പരമ്പരാഗത വ്യവസായത്തിലും ധാരാളം സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നതിനാലാണ്.

പട്ടിക 4.27
കേരളത്തിലെ മേഖല തിരിച്ചുള്ള തൊഴില്‍
ആള്‍ക്കാര്‍ കൃഷി വ്യവസായം സേവനം
പുരുഷന്മാര്‍ 22.8 32.4 44.8
സ്ത്രീകള്‍ 31.9 30.4 37.7
ആകെ 25.5 31.8 42.7
അവലംബം: എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട്, 68-ാം റൌണ്ട്

കേരളത്തിലെ വിവിധ ക്ഷേമനിധിബോര്‍ഡുകളിലെ സ്ത്രീകളുടെ അംഗത്വം കാണിക്കുന്നത്, ചില പ്രത്യേക വ്യവസായങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നതായാണ്(അനുബന്ധം 4.92 കാണുക). താരതമ്യേന കുറഞ്ഞ വേതനമുള്ള പരമ്പരാഗത വ്യവസായങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലാണ്. ഉദാഹരണത്തിന്, കശുവണ്ടി തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍ ഇവരുടെയിടയില്‍ സ്ത്രീകളുടെ പങ്കാളിത്തം യഥാക്രമം 95 %, 99 % എന്നിങ്ങനെയാണ്. കേരളത്തില്‍ സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് അവരുടെ സാമ്പത്തികനില മോശമാക്കുകയും പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്ന തൊഴില്‍ എന്നത് കൂടിയാകുമ്പോള്‍ അവരുടെ സാമ്പത്തിക അവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്തിട്ടുണ്ട്. (പട്ടിക 4.28). അതിനാല്‍ ധാരാളം സ്ത്രീകള്‍ ജോലി കണ്ടുപിടിക്കാനാവാതെ ജോലി അന്വേഷിച്ച് നില്‍ക്കുന്നവരാണ്. അടുത്ത കാലത്തായി തൊഴിലില്ലായ്മ നിരക്കും തൊഴില്‍ പങ്കാളിത്തനിരക്കും കുറഞ്ഞു വരുന്നതിന്റെ ഒരു കാരണം, കൂടുതല്‍ നാള്‍ തൊഴില്‍ കമ്പോളത്തില്‍ തൊഴിലിനുവേണ്ടി കാത്തിരുന്നിട്ട് അത് ലഭിക്കാതെ വരുന്നതിന്റെ നിരാശയുടെ ഫലമായി സ്ത്രീകള്‍ തൊഴില്‍ ശക്തിയില്‍ നിന്നും പുറത്താകുന്നതാണ്. ചില വിദഗ്ദ്ധര്‍ വാദിക്കുന്നത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയാനുള്ള കാരണം വീട്ടിലെ വരുമാനത്തിന്റെ വര്‍ദ്ധനവ് മൂലം തൊഴില്‍ ശക്തിയില്‍ നിന്നും സ്ത്രീകള്‍ പി൯വാങ്ങുന്നതിന്റെ ഫലമായിട്ടാണെന്നാണ്. എന്തായാലും ഇതിനെക്കുറിച്ച് കൂടുതല്‍ സൂക്ഷ്മപരിശോധന ആവശ്യമാണ്.

പട്ടിക 4.28
ഇന്ത്യയിലെയും കേരളത്തിലെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴിലില്ലായ്മ (പി.എസ്.എസ്.എസ്)
വര്‍ഷം ഗ്രാമം നഗരം
ഇന്‍ഡ്യ കേരളം ഇന്‍ഡ്യ കേരളം
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
1987-88 1.8 2.4 5.2 6.00 5.2 6.2 6.0 6.3
1993-94 1.4 0.8 5.5 6.6 4.0 6.2 6.6 18.7
1999-2000 1.7 1.0 5.7 5.6 4.5 5.7 5.6 20.0
2004-05 1.6 1.8 5.1 6.2 3.6 6.9 6.2 33.4
2009-10 1.6 1.6 3.2 2.9 2.8 5.7 2.9 16.8
2011-12 1.7 1.7 3.1 14.2 3.0 5.2 2.7 13.9
അവലംബം: എന്‍.എസ്.എസ്.ഒ.യുടെ വിവിധ റിപ്പോര്‍ട്ടുകള്‍
കൂലി നിരക്കിലുള്ള അസമത്വം

ഇന്‍ഡ്യയിലെയും സംസ്ഥാനത്തിലെയും സ്ത്രീകള്‍ കാര്‍ഷിക ജോലിയിലും പരമ്പരാഗത വ്യവസായത്തിലും (പ്രധാനമായും ഔപചാരികമല്ലാത്ത അസംഘടിത മേഖലയില്‍) ആണ് വ്യാപൃതരായിരിക്കുന്നത് (സെന്‍സസ് 2011). എന്നാല്‍ അസംഘടിതമേഖലയില്‍ വേതനത്തിന്റെ കാര്യത്തില്‍ വലിയ ലിംഗപദവി അസമത്വം നിലനില്‍ക്കുന്നുണ്ട്. താഴെ കാണുന്ന പട്ടിക, സംസ്ഥാനത്ത് കാര്‍ഷിക ജോലികള്‍ ചെയ്യുന്നവരുടെ ശരാശരി ദിവസക്കൂലി നിരക്ക് അഖിലേന്ത്യയിലേതുമായി താരതമ്യം ചെയ്ത് കാണിച്ചിരിക്കുന്നു (പട്ടിക 4.29).

പട്ടിക 4.29
ഗ്രാമീണ ഇന്ത്യയിലെ കാര്‍ഷിക ജോലികളിലെ ശരാശരി ദിവസ കൂലി നിരക്ക്-2015 മാര്‍ച്ച്
സംസ്ഥാനം വിത്തുവിതയ്ക്കല്‍(നടീല്‍/പറിച്ചുനടീല്‍/കളപറിക്കല്‍ ഉള്‍പ്പെടെ) ലിംഗപദവി നേട്ട സൂചിക വിളവെടുപ്പ്/തരംതിരിക്കല്‍ /ധാന്യം മെതിക്കല്‍ ലിംഗപദവി നേട്ട സൂചിക
പുരുഷന്‍ സ്ത്രീ പുരുഷന്‍ സ്ത്രീ
അരുണാചല്‍പ്രദേശ് 233.87 163.46 0.70 235.32 192.42 81.77
കേരളം 638.29 446.88 0.70 582.14 439.1 75.43
ബീഹാര്‍ 225.5 185.51 0.82 218.13 196.3 89.99
തമിഴ്നാട് 317.72 233.51 0.73 393.55 201.72 51.26
അഖിലേന്ത്യാ 238.67 194.32 0.81 238.43 203.16 85.21
അവലംബം: ഗ്രാമീണ ഇന്ത്യയിലെ കൂലിനിരക്ക്, തൊഴില്‍ മന്ത്രാലയം, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ

സാമ്പത്തിക ശാക്തീകരണവും സാമൂഹ്യ ശാക്തീകരണവും പരസ്പര പൂരകങ്ങളാണ്. സ്ത്രീകള്‍ സാമ്പത്തിക ശാക്തീകരണം നേടണമെങ്കില്‍ അവര്‍ തൊഴില്‍ സേനയുടെ അവിഭാജ്യഘടകമായി മാറുകയും വീടിന്റെ മുഴുവന്‍ ഭാരവും ചുമതലയും വഹിക്കാതെ വരുമാനമുള്ള ജോലിയിലേര്‍പ്പെടേണ്ടതുമാണ്. ഇത് അംഗീകരിക്കപ്പെടേണ്ടത് ആവശ്യമാണ്. വരുമാനം ലഭിക്കാത്ത വീട്ട്ജോലിയുടെ ഭാരവും സംരക്ഷണ ചുമതലയും കുറയ്ക്കുന്നതിനും വീടിനുള്ളില്‍ തന്നെ അത് പങ്ക് വയ്ക്കുന്നതിനുമുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന പോളിസി/പദ്ധതി രൂപകല്പന ചെയ്യുന്നതിന് സംസ്ഥാനം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സസ്റ്റയിനബിള്‍ ഡവലപ്പ്മെന്റ് ഗോള്‍സിലെ ലിംഗപദവി സമത്വം എന്ന ഗോള്‍ 5-ല്‍, വരുമാനം ലഭിക്കാത്ത വീട്ടുജോലിയുടെ വില അംഗീകരിക്കുന്നുണ്ട്(ബോക്സ് 4.13).

ബോക്സ് 4.13
സുസ്ഥിരവികസന ലക്ഷ്യം-ജന്‍ഡര്‍

ലക്ഷ്യം 5: എല്ലാ വനിതകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണവും അവര്‍ക്ക് ലിംഗസമത്വവും നേടുക.

  • എല്ലായിടത്തും എല്ലാ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള എല്ലാ തരത്തിലുള്ള വിവേചനവും അവസാനിപ്പിക്കുക.
  • എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ പൊതുസ്വകാര്യസ്ഥലങ്ങളില്‍ ഉണ്ടാകുന്ന, ലൈംഗിക ചൂഷണവും മറ്റ് തരത്തിലുള്ള ചൂക്ഷണങ്ങളും ഉള്‍പ്പെടെ എല്ലാതരം അതിക്രമങ്ങളും ഇല്ലാതാക്കുക.
  • ശൈശവവിവാഹം, നേരത്തേയുള്ള വിവാഹം, നിര്‍ബന്ധിത വിവാഹം, പെണ്‍ശിശുഹത്യ, തുടങ്ങിയ ദോഷകരമായ പ്രവണതകളെ ഇല്ലാതാക്കുക.
  • പൊതു സേവനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കിയും, സാമൂഹ്യസുരക്ഷാനയങ്ങളിലൂടെയും ഭവനത്തിലും കുടുംബത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ പങ്ക് വയ്ക്കുന്നത് പ്രോത്സാഹിപ്പിച്ച് വനിതകളുടെ വേതനമില്ലാത്ത ഗാര്‍ഹിക ജോലിയും പരിചരണവും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുക.
  • രാഷ്ട്രീയ, സാമ്പത്തിക, പൊതു ജീവിതത്തില്‍ തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ പൂര്‍ണ്ണവും ഫലപ്രദവുമായപങ്കാളിത്തവും തുല്യ അവസരങ്ങളും ഉറപ്പാക്കുക.
  • ജനസംഖ്യയും വികസനവും എന്ന വിഷയത്തിലുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും ബീജിംഗ് പ്ലാറ്റ്ഫോം ഫോര്‍ ആക്ഷന്‍ എന്നിവയുടെ പദ്ധതികളില്‍ അംഗീകരിച്ചിട്ടുള്ള സാർവത്രിക ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യവും അവകാശവും ഉറപ്പാക്കുക.
  • ദേശീയ നിയമങ്ങള്‍ക്കനുസൃതമായി സ്ത്രീകള്‍ക്ക് സാമ്പത്തിക വിഭവങ്ങള്‍, ഉടമസ്ഥാവകാശ ലഭ്യത, ഭൂമിയിലും മറ്റ് സ്വത്ത് വകകളിലുള്ള അവകാശം, സാമ്പത്തിക സേവനങ്ങള്‍, പിതൃസ്വത്ത് എന്നിവയില്‍ തുല്യ അവകാശം നല്‍കുക.
  • സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗം കാര്യക്ഷമമാക്കണം. പ്രത്യേകിച്ചും, വിവരവിനിമയ സാങ്കേതികവിദ്യ.
  • എല്ലാ നിലയിലും എല്ലാ വനിതകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണവും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി വളരെ ശക്തമായ നയങ്ങളും നിയമ നിര്‍മ്മാണവും സ്വീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണം
അവലംബം: യു. എൻ. ഡി .പി .യുടെ ഔദ്യോഗിക വെബ് സൈറ്റ്

രാഷ്ട്രീയ നേതൃത്വത്തിലെ സ്ത്രീകള്‍

മറ്റ് പല സൂചികകളോടൊപ്പം സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യവും സ്ത്രീ പദവി അളക്കുന്നതിനുള്ള പ്രധാനഘടകമായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന് സ്ത്രീകള്‍ വഹിക്കുന്ന പാ൪ലമെന്ററിസീറ്റിന്റെ അനുപാതമാണ് യു.എന്‍.ഡി.പി വികസിപ്പിച്ചെടുത്ത ലിംഗപദവി അസമത്വസൂചിക പ്രകാരം ശാക്തീകരണം അളക്കുന്നത്. ലോകസാമ്പത്തിക ഫോറം വികസിപ്പിച്ച ആഗോളലിംഗപദവി ന്യൂനത റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ശാക്തീകരണം, സാമ്പത്തിക കാര്യങ്ങളില്‍ അവസരവും പങ്കും, വിദ്യാഭ്യാസനേട്ടം, ആരോഗ്യം, അതിജീവനം എന്നിവ കണക്കാക്കുന്നുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ കേരളത്തിലെ സ്ത്രീകളെ ശാക്തീകരിക്കുകയും ജനാധിപത്യത്തില്‍ പങ്കാളികളാക്കാന്‍ കഴിവുറ്റവരാക്കുകയും ചെയ്തിട്ടുണ്ട്. ഇത് തുല്യമായ ജനാധിപത്യ പൗരത്വത്തിന്റെ അവശ്യനിബന്ധനയാണെങ്കിലും ഇത് സാധ്യമാകണമെങ്കില്‍ സ്ത്രീകള്‍ നേരിട്ട് തീരുമാനങ്ങള്‍ എടുക്കുന്നതിലും തുല്യപങ്കാളികളാകണം. നിയമ നിര്‍മ്മാണനടപടികളിലെ സ്ത്രീ പ്രാതിനിധ്യം പ്രാധാന്യമര്‍ഹിക്കുന്നത് ഇക്കാര്യത്തിലാണ്. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിലേക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. പകരം തീരുമാനങ്ങള്‍ എടുക്കുന്ന സഭകളിലെ നേതൃത്വസ്ഥാനത്ത് തന്നെ സ്ത്രീകള്‍ ഉണ്ടാകണം. നയരൂപീകരണത്തിലുള്ള പങ്കാളിത്തം കൊണ്ട് സംസ്ഥാനത്തെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നു. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം 50% സീറ്റുകള്‍ ഉന്നത സ്ഥാനങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്.

പാ൪ലമെന്റും സംസ്ഥാനനിയമസഭയും പോലെയുള്ള ഉയര്‍ന്ന സഭകളില്‍ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സ്ത്രീകള്‍ക്കുണ്ടായാല്‍ മാത്രമേ ലിംഗപദവി ശാക്തീകരണം രാഷ്ട്രീയത്തില്‍ അര്‍ത്ഥവത്താകൂ. ഉയര്‍ന്ന മാനവവികസനസൂചികയുള്ള വികസിത രാജ്യങ്ങളിലൊക്കെ സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ ഉയര്‍ന്ന പ്രാതിനിധ്യമുണ്ട്. നോർവെ(39.6%), സ്വീഡന്‍ (44.7%), ഐസ് ലാന്റ് (39.1%), ഡെന്‍മാര്‍ക്ക് (39.1%), ബെല്‍ജിയം (38.9%), ഫിന്‍ലാന്റ്(42.5%), നെതര്‍ലാന്റ്(37.8%), ക്യൂബ (48.9%) ഇങ്ങനെ മാനവ വികസനസൂചികയില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള 8 രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ അവയിലൊക്കെ നിയമനിര്‍മ്മാണസഭകളിലെ സ്ത്രീ പ്രാതിനിധ്യം 37% ന് മുകളിലാണെന്ന് കാണാം. (ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് ഓരോ രാജ്യത്തിലെയും ദേശീയ പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യമാണ്.)

സംസ്ഥാന നിയമസഭയിലേക്കും ഇന്ത്യന്‍ പാ൪ലമെന്റിലേക്കുമുള്ള സ്ത്രീ പ്രാതിനിധ്യം കേരളത്തില്‍ വളരെ കുറവാണെന്ന് കാണാം. ഇന്ത്യ മുഴുവനായി എടുക്കുമ്പോഴും സ്ഥിതി ഇതു തന്നെയാണ്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളേക്കാളും ദേശീയ ശരാശരിയേക്കാളും താഴെയാണ് ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ എന്നത് അതിശയിപ്പിക്കുന്നതാണ് (പട്ടിക 4.30.431)

പട്ടിക 4.30
ലോകസഭയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ത്രീ പ്രതിനിധികള്‍
വര്‍ഷം അഖിലേന്ത്യാ കേരളം
ആകെ സീറ്റുകള്‍ സ്ത്രീകള്‍ സ്ത്രീകളുടെ ശതമാനം ആകെ സീറ്റുകള്‍ സ്ത്രീകള്‍ സ്ത്രീകളുടെ ശതമാനം
2009 543 58 10.7 20 0 0
2014 543 62 11.5 20 1 5
പട്ടിക 4.31
നിയമസഭയിലെ സ്ത്രീകളുടെ പ്രാതിനിധ്യം - കേരളം
ക്രമ നമ്പര്‍ നിയമസഭയുടെ പേര് സ്ത്രീകളുടെ എണ്ണം ആകെ സീറ്റുകള്‍ ശതമാനം
കേരള നിയമസഭ
2006 7 140 5
2011 7 140 5
അവലംബം: ലോകസഭ, രാജ്യസഭ, വെബ്സൈറ്റ്, കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ വെബ്സൈറ്റ്
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍

സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകള്‍ കാലാകാലങ്ങളായി കൂടി വരുന്നതായാണ് കാണുന്നത്. ലൈംഗികപീഡന കേസുകളുടെ എണ്ണം 2007-ല്‍ 500 ആയിരുന്നത് 2016-ല്‍ 1319 ആയി കൂടിയിട്ടുണ്ട്(അനുബന്ധം 4.94 കാണുക). സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനങ്ങള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് (ഒരു ലക്ഷം സ്ത്രീ ജനസംഖ്യക്ക് എന്ന നിരക്കില്‍) ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. സ്ത്രീകള്‍ പുറത്തിറങ്ങണമെന്നും ജോലികളില്‍ വ്യാപൃതരാകണമെന്നും നാം ആവശ്യപ്പെടുമ്പോള്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമായി നിലനില്ക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് പുറത്ത് കൂടുതല്‍ അര്‍ത്ഥവത്തായ സാമ്പത്തിക പ്രവൃത്തികള്‍ സ്ത്രീകള്‍ ഏറ്റെടുക്കുന്നതിന് സ്ത്രീകളെ കഴിവുള്ളവരാക്കി മാറ്റുന്നതിന് വേണ്ട വലിയ ശ്രമങ്ങള്‍ അത്യാവശ്യമാണ്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 2007 മുതല്‍ 2014 വരെ കൂടി വരുന്നതായി കാണാം.

ചിത്രം 4.12
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ (2007-14)
അവലംബം: സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ

കേരളത്തിലെ ഭിന്നലിംഗക്കാര്‍ക്കുള്ള നയം

കേരളത്തില്‍ സ്ത്രീകള്‍ക്ക് ധാരാളം കഴിവുകളുണ്ടെന്ന് പരക്കെ അറിയപ്പെടുന്നുണ്ടെങ്കിലും, പലപ്പോഴും അവയെ അഭികാമ്യമായി പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ സാമൂഹികനീതി വകുപ്പ് ഭിന്നലിംഗക്കാര്‍ക്കിടയില്‍ നടത്തിയ സർവ്വേവെളിപ്പെടുത്തുന്നത് മാന്യതയുള്ളതും സൗഖ്യത്തോടുമുള്ള ഒരു ജീവിതത്തിന് അത്യാവശ്യമായ കഴിവുകള്‍ ആര്‍ജ്ജിക്കാന്‍പോലും അവര്‍ക്ക് കഴിയുന്നില്ല എന്നതാണ്. സ്ത്രീകളുടെ താല്പര്യങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങളും ഭാഗികമായെങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അതേ നിലയിലുള്ള താല്പര്യങ്ങളും ആവശ്യങ്ങളും വ്യാപകവും തീവ്രവുമായ യാഥാസ്തികസമൂഹം സാമൂഹികമാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലാത്ത ലൈംഗികത വച്ചു പുലര്‍ത്തുന്നവര്‍ക്ക് (non-normative sexual orientations ) നിയമത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കില്‍ കൂടി ഇവര്‍ കടുത്ത അദൃശ്യതയും അവഹേളനങ്ങളും സഹിക്കേണ്ടി വരുന്നു. കേരളത്തില്‍ (non-normative sexual orientations ) ഇവരുടെ അവസ്ഥ ഇല്ലായ്മകളുടെത് മാത്രമാണെന്നു് പണമില്ലാത്തതിലൂടെ മോശം സ്ഥിതിയിലായത് എന്നു മാത്രം പറയാനാവില്ല. അതിനേക്കാളും അനുയോജ്യമായി പറയാവുന്നത് നികൃഷ്ടമായത് എന്നതാണ്- കാരണം പൗരസമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും കണ്ണില്‍ നിന്ന് ഇവര്‍ നിര്‍ബന്ധിത അദൃശ്യത നേരിടുന്നു. (സംസ്ഥാന ആസൂത്രണബോര്‍ഡ് ലിംഗപദവിയ്ക്കായുള്ള കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ട് 2016).

അതിനാല്‍ ഭിന്നലിംഗകാര്‍ക്കായിട്ടുള്ള ഇടപെടല്‍ സാമ്പത്തിക കാര്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്താനാവില്ല. അടുത്തിടെ സുപ്രീംകോടതി നടത്തിയ വിധിയില്‍ ഭിന്നലിംഗക്കാരുടെ ചില പ്രത്യേക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനും ഇടം നല്‍കിയിട്ടുണ്ട്. സാമൂഹ്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലാത്ത ലൈംഗികത ഉളളവരെ നിയമപരമായി അംഗീകരിക്കല്‍ ഇപ്പോഴും ഒരു വിദൂര സ്വപ്നമായി നിലനില്‍ക്കുന്നു. എന്നിരിക്കെ, ബഹുമാനപ്പെട്ട ഇന്ത്യയുടെ സുപ്രീംകോടതി (2014, ഏപ്രില്‍ 15-ാം തീയതിയിലെ വിധിന്യായപ്രകാരം) ഭിന്നലിംഗക്കാര്‍ക്കും തുല്ല്യഅവകാശവും തുല്ല്യസംരക്ഷണവും വ്യക്തമായി സ്ഥാപിക്കുന്നു, കൂടാതെ അവരുടെ ജീവിക്കാനുള്ള അവകാശത്തില്‍ ലിംഗപദവി എന്ന നിലയ്ക്കുള്ള വിവേചനം പാടില്ല എന്നും ഊന്നല്‍ നല്കിയിരിക്കുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനായി കേരള സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ് അവരുടെ സാമൂഹ്യവ്യക്തിജീവിതത്തിന്റെ വിവിധ തലങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയുന്നതിനായി അവയെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് സർവ്വേ നടത്തി. 4000 ഭിന്നലിംഗവ്യക്തികളുടെ വിവരങ്ങള്‍ സർവ്വേയില്‍ ശേഖരിച്ചു. സർവ്വേ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഭിന്നലിംഗക്കാര്‍ 25000 ത്തിലധികം ഉണ്ട് എന്നാണ്.

ബോക്സ് 4.14
കേരളസര്‍ക്കാരിന്റെ ഭിന്നലിംഗനയം, 2015

2015-ല്‍ ഭിന്നലിംഗനയം പ്രഖ്യാപിച്ച ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളം. ഒരു വ്യക്തമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഭിന്നലിംഗക്കാര്‍ക്ക് അവകാശ അധിഷ്ഠിതമായ ഒരു സംസ്ഥാന നയമാണ് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കൂടാതെ 2014-ലെ സുപ്രീംകോടതി വിധിയ്ക്ക് യോജിച്ച വണ്ണം ഒരു വ്യക്തിയ്ക്ക് ഭിന്നലിംഗം ആണെന്ന് സ്വയം തിരിച്ചറിയുന്നതിന് നയം അനുവദിക്കുന്നു. ഭിന്നലിംഗക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരിച്ചറിയല്‍കാര്‍ഡ് നല്‍കുന്നതിനും ജില്ലാതല ഭിന്നലിംഗബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നയം നിര്‍ദ്ദേശിക്കുന്നു. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അതിനായി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നുണ്ട്.

ജന്‍ഡര്‍ ബഡ്ജറ്റിംഗ്

സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത സ്വാധീനമാണ് നയങ്ങളും പദ്ധതികളും ചെലുത്തുന്നത്. അതുകൊണ്ട് തന്നെ ലിംഗാത്മക ഫലം കാണിക്കുന്ന ബഡ്ജറ്റ് ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. ജന്‍ഡര്‍ ബഡ്ജറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ബഡ്ജറ്റ് എന്നല്ല മറിച്ച് അതില്‍ ലിംഗ പദവിയ്ക്ക് ഊന്നല്‍ നല്‍കുന്നു എന്നാണ്. സ്ത്രീകളുടെ വേതന രഹിത വീട്ടു ജോലിയുടെ സാമ്പത്തിക പ്രാധാന്യം അംഗീകരിച്ചും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പൊതു നിക്ഷേപത്തിന്റെ ആവശ്യകത പരിഗണിച്ചും ബഡ്ജറ്റില്‍ ഒരു ജന്‍ഡര്‍ കാഴ്ചപ്പാട് സമന്വയിപ്പിക്കുന്നതിന് സര്‍ക്കാരുകളെ സഹായിക്കുന്ന ഒരു രീതിശാസ്ത്രമാണ് ഇത്. സ്ത്രീകള്‍ക്കായി വകയിരുത്തിയിട്ടുള്ള തുകയുടെ എല്ലാ വിവരങ്ങളും ഒരുമിച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഉപകരണമാണ് ജന്‍ഡര്‍ ബഡ്ജറ്റ് സ്റ്റേറ്റ്മെന്റ്. ലിംഗ അസമത്വം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമായി ഇതിനെ ഇപ്പോള്‍ കണക്കാക്കുന്നു. കൂടാതെ സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമായി വിഭവങ്ങള്‍ പുനിർവനിയോഗം ചെയ്യുന്നതിനും റിപ്പോര്‍ട്ടിംഗ് രീതിയായും സ്ത്രീകള്‍ക്ക് നീക്കിവച്ചിരിക്കുന്ന ഫണ്ട് സൂചിപ്പിക്കുന്നതിനും കണക്കാക്കുന്നു. പങ്കാളിത്ത വികസനം ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടു വയ്പാണിത്.

ജന്‍ഡര്‍ ബഡ്ജറ്റ് പ്രക്രിയകള്‍ തുടങ്ങുന്നതിനായി ആദ്യമായി ജന്‍ഡര്‍ ബഡ്ജറ്റ് സ്റ്റേറ്റ്മെന്റ് അവതരിപ്പിച്ചത് 2005-06 കേന്ദ്രബഡ്ജറ്റിലാണ്. സ്ത്രീകളുടെ സമഗ്ര മാറ്റത്തിലൂന്നിയ ലിംഗാവബോധ ആസൂത്രണം ഏറ്റെടുത്ത ആദ്യസംസ്ഥാനം കേരളമാണ്. ഒന്‍പതാം പദ്ധതിക്കാലത്ത് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സന്ദര്‍ഭത്തിലാണ് ആദ്യമായി ഇത് ഏറ്റെടുത്തത്. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയില്‍ വനിതാഘടകപദ്ധതി (ഡബ്ല്യൂ.സി.പി)യെ കൂടി ഉള്‍പ്പെടുത്തി ബഡ്ജറ്റിംഗ് പ്രക്രിയയില്‍ ജന്‍ഡര്‍ കൂടി സമന്വയിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇത്. ഒന്‍പതാം പദ്ധതിക്കാലത്ത് തന്നെ ജന്‍ഡര്‍ റെസ്പോന്‍സീവ് ബഡ്ജറ്റിംഗ് കേരള സംസ്ഥാനത്ത് നടപ്പിലാക്കി. സംസ്ഥാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി 35-40% വരെ ഫണ്ട് വിട്ടുനല്‍കി ജന്‍ഡര്‍ ബഡ്ജറ്റിംഗിന്റെ ആദ്യരൂപം കേരളത്തില്‍ ആരംഭിച്ചത് 1996 ലാണ്. അവിടെ ഓരോ പഞ്ചായത്തിനോടും അവിടത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പദ്ധതി രേഖയില്‍ ഒരു അധ്യായം ഉള്‍ക്കൊള്ളിക്കാനും നിര്‍ദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 10% വനിതകളുടെ ആവശ്യങ്ങള്‍ക്കും വനിതകളുടെ പ്രത്യേക പ്രോജക്ടുകള്‍ക്കും മാത്രമായി നീക്കിവച്ചു. പതിനൊന്നും പന്ത്രണ്ടും (ആദ്യമൂന്ന് വര്‍ഷങ്ങളില്‍) പദ്ധതികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ ശതമാനവും വനിതാഘടകപദ്ധതികള്‍ക്കുള്ള ചെലവും ചുവടെയുള്ള പട്ടിക 4.32 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 4.32
ആകെ വിഹിതത്തില്‍ വനിതാഘടക പദ്ധതികള്‍ക്കുള്ള വിഹിതത്തിന്റെയും ചെലവിന്റെയും ശതമാനം
പഞ്ചവത്സരപദ്ധതി വനിതാഘടക പദ്ധതി വിഹിതത്തിന്റെ ശതമാനം വനിതാഘടകപദ്ധതിചെലവ് ശതമാനം
പതിനൊന്നാം പദ്ധതി 13.22 12.35
പന്ത്രണ്ടാം പദ്ധതി-ആദ്യ മൂന്ന് വര്‍ഷങ്ങള്‍ 10.63 10.7
അവലംബം: ഐ.കെ.എം. 2016

പദ്ധതി വിഹിതത്തിന്റെ 10% വനിതകള്‍ക്ക് നിര്‍ബന്ധമായും നീക്കി വയ്ക്കണം, എന്നാല്‍ പട്ടികയില്‍ നിന്നും കാണാന്‍ കഴിയുന്നത് 10% ന് മുകളില്‍ വകയിരുത്തിയിട്ടുണ്ട് എന്നാണ്. പതിനൊന്നാം പദ്ധതിയുമായി താരതമ്യേം ചെയ്യുമ്പോള്‍ പന്ത്രണ്ടാം പദ്ധതിയില്‍ വനിതാഘടകപദ്ധതിയ്ക്കുള്ള വിഹിതവും ചെലവും കുറയുന്നതായാണ് കാണുന്നത്. വിഹിതം 13.22% നിന്നും 10.63% ആയും ചെലവ് 12.35% നിന്നും 10.70% മായും കുറഞ്ഞു. എന്നിരുന്നാലും, അന്നുമുതല്‍ വനിതാഘടകപദ്ധതിയിന്‍കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളെ/പ്രോജക്ടുകളെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മിക്കവയും ജന്‍ഡര്‍ സെന്‍സിറ്റീവ് പദ്ധതികളായിരുന്നില്ല. എന്നാല്‍ വികേന്ദ്രീകൃത ആസൂത്രണത്തില്‍ ജന്‍ഡറിന് നല്‍കിയ പ്രത്യേക പരിഗണന മൂലം സംസ്ഥാനത്തുടനീളം നല്ല ചില മാതൃകാ പദ്ധതികളും ഫലങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലിംഗസമത്വം ഉയര്‍ത്തുന്നതില്‍ വനിതാഘടകപദ്ധതികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ താഴെയാണ്. പതിമൂന്നാം പദ്ധതിയില്‍ ജനകീയ പങ്കാളിത്തത്തിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്ന സന്ദര്‍ഭത്തില്‍ ഇതിനെ വീണ്ടും വിശകലനം ചെയ്യേണ്ടതുണ്ട്.

വാര്‍ഷികപദ്ധതി വിഹിതത്തില്‍ പ്രകടമായ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് സ്ത്രീ സൗഹൃദ അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആസൂത്രണ/ബഡ്ജറ്റിംഗ് പ്രക്രിയകളില്‍ ജന്‍ഡര്‍ സമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന്റെ പതിനൊന്നാം പഞ്ചവത്സരപദ്ധതിയില്‍ ജന്‍ഡര്‍ റസ്പോണ്‍സീവ് ബഡ്ജറ്റിംഗിന് ബോധപൂർവമായ ശ്രമമുണ്ടായി. അന്നുമുതല്‍ ഒരു പ്രശ്നമുള്ളത് സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രയോജനപ്രദമായ ധാരാളം പ്രോജെക്ട്കൾ ഉണ്ടെങ്കിലും ജന്‍ഡര്‍ വേര്‍തിരിച്ചുള്ള ഡേറ്റ ലഭ്യമല്ലാത്തത് കാരണം സ്ത്രീകള്‍ക്ക് മാത്രം പ്രയോജനപ്രദമായ ആകെ ധനവിഹിതം കണ്ടെത്തുക സാധ്യമല്ല എന്നുളളതാണ്.

പന്ത്രണ്ടാം പദ്ധതിയില്‍ ജന്‍ഡര്‍ ബഡ്ജറ്റിംഗിനായി ബോധപൂർവമായ ശ്രമം നടന്നില്ലെങ്കിലും 2015 ല്‍ ജന്‍ഡര്‍ പ്ലാനിംഗും ബഡ്ജറ്റിംഗും (ബോക്സ് 4.15 കാണുക) എന്ന പേരില്‍ ഒരു ലഘുഗ്രന്ഥം തയ്യാറാക്കുകയും ബഡ്ജറ്റ് രേഖയുടെ ഭാഗമായി വനിതകള്‍ക്കായി വകയിരുത്തിയ വിഹിതം സമ്മറി ഡോക്യൂമെന്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ സംസ്ഥാനബഡ്ജറ്റില്‍ നിന്നും തെരഞ്ഞെടുത്ത കുറച്ച് വിവരങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു (പട്ടിക 4.33, അനുബന്ധം 4.94).

ബോക്സ് 4.15
സാമൂഹ്യനീതി വകുപ്പിന്റെ ജന്‍ഡര്‍ പ്ലാനിംഗ്, ബഡ്ജറ്റിംഗ്, ഓഡിറ്റിംഗ് മാന്വല്‍

സാമൂഹ്യനീതി വകുപ്പ് വികസിപ്പിച്ച ജന്‍ഡര്‍ പ്ലാനിംഗ്, ബഡ്ജറ്റിംഗും ഓഡിറ്റിംഗും എന്ന മാന്വല്‍ 2015 ലെ ലിംഗസമത്വം സ്ത്രീ തൊഴില്‍ നയം (GEWE) ത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് വകുപ്പുതലത്തില്‍ ഒരു ജന്‍ഡര്‍ ആക്ഷന്‍ പ്ലാന്‍ എങ്ങനെ വികസിപ്പിക്കണം, നടപ്പിലാക്കണം, വിലയിരുത്തണം എന്നതിന് പൊതുമാര്‍ഗ്ഗനിര്‍ദ്ദേശവും, രീതി ശാസ്ത്രവും, ഉപകരണവും നല്‍കുന്നു. മാന്വല്‍ പ്രകാരം ജന്‍ഡറിനെ മുഖ്യധാരയിലെത്തിക്കുന്നതില്‍ ഓരോ വകുപ്പനുള്ളിലും വകുപ്പ് തലവന് ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി ഓരോ വകുപ്പും ചെയ്യേണ്ടുന്നത്.

  • വകുപ്പ് കേന്ദ്രീകരിച്ച് ഒരു ജന്‍ഡര്‍ റിസോര്‍ഴ്സ് പേഴ്സണെ ചുമതലപ്പെടുത്തണം.
  • ജന്‍ഡര്‍ മുഖ്യധാരയിലെത്തിക്കുന്നതിന് വകുപ്പിന്റെ കഴിവ് ശാക്തീകരിക്കണം.
  • വകുപ്പതലജന്‍ഡര്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും (DGAP) വകുപ്പിനുള്ളില്‍ പരിശീലനത്തിനും
വിലയിരുത്തലിനും ഫണ്ട് വകയിരുത്തുകയും വേണം
  • വികസന ഉദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പര്യാപ്തമായ ബഡ്ജറ്റ് വിഹിതം നീക്കിവയ്ക്കണം.
  • ജന്‍ഡര്‍ അനുബന്ധ പ്രശ്നങ്ങള്‍ യഥാക്രമം നീരീക്ഷിക്കുകയും പ്രോഗ്രാം/പ്രോജക്ട് മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ജന്‍ഡര്‍ ആസൂത്രണവും പരിപാടികള്‍, പ്രോജക്ടുകള്‍, പദ്ധതികള്‍ എന്നിവ രൂപകല്പന ചെയ്യുന്നതിനുള്ള നടപടിയും(PPSs)
  • ഒരു സമഗ്രമായ ജന്‍ഡര്‍ വിശകലനവും ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെയും പരിമിതി (പ്രശ്നങ്ങള്‍)കളെയും കണ്ടെത്തുക.
  • കണ്ടെത്തിയ പ്രതിബന്ധങ്ങളെയും പരിമിതികളും മുഖേനയുള്ള അനന്തരഫലങ്ങള്‍ മനസ്സിലാക്കുക.
  • കണ്ടെത്തിയ പ്രശ്നങ്ങളില്‍ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ കഴിയുന്നവയ്ക്ക് മുന്‍ഗണന നല്‍കി തീരുനാനിക്കുക.
  • ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള ഔട്ട്പുട്ടുകള്‍ കണ്ടെത്തുക.
  • ആവശ്യമുള്ള ഘടകങ്ങള്‍ ഉണ്ടായി കഴിയുമ്പോള്‍ അഭികാമ്യമായ ഫലങ്ങളും സ്വാധീനങ്ങളും ഉണ്ടാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
നിരീക്ഷണവും വിലയിരുത്തലും
  • രണ്ട് തലങ്ങളിലായാണ് നിരീക്ഷണം നടത്തേണ്ടത്-ഗവണ്‍മെന്റ് തലത്തിലും വകുപ്പ് തലത്തിലും വാര്‍ഷിക ജന്‍ഡര്‍ ഓഡിറ്റ് കൂടാതെ ഓരോ വകുപ്പും പദ്ധതി ആരംഭിച്ച് നടപ്പിലാക്കിയതിന് മൂന്ന് വര്‍ഷത്തിനു ശേഷം അതിന്റെ പ്രോജക്ടുകളുടെ സാമ്പിള്‍ പരിശോധിച്ച്, അതില്‍ വനിതകള്‍ക്ക് മാത്രമുള്ളതും(100% പ്രോജക്ടുകള്‍) വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രയോജനം ലഭിക്കുന്ന പ്രോജക്ടുകളും വിലയിരുത്തേണ്ടതാണ്.
ലിംഗസമത്വത്തിനുവേണ്ടിയുള്ള ബഡ്ജറ്റിംഗ്

ജന്‍ഡര്‍ റസ്പോണ്‍സിബിള്‍ ബഡ്ജറ്റിനായുള്ള വിവരശേഖരണം നല്‍കേണ്ടത് മൂന്ന് ഭാഗങ്ങളായാണ്.

  • 100% വിഹിതവും വനിതകള്‍ക്കു മാത്രമായുള്ള പദ്ധതികളുടെ വിവരങ്ങള്‍
  • ആകെ വിഹിതത്തിന് 30% വനിതാ കേന്ദ്രീകൃതപ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിട്ടുള്ള പദ്ധതികള്‍.
  • സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന പൊതു ഉല്‍പ്പന്നത്തിന്റെ രൂപീകരണത്തിനായി രൂപം കൊണ്ടിട്ടുള്ള പദ്ധതികള്‍

ജന്‍ഡര്‍ ഓഡിറ്റ്

ഓരോ വകുപ്പും നയം നടപ്പിലാക്കിയതിന് ഒരു വര്‍ഷത്തിനുശേഷവും അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിലൊരിക്കലും ജന്‍ഡര്‍ ഓഡിറ്റ് നടത്തിയിരിക്കണം.

അവലംബം: സാമൂഹ്യ നീതി വകുപ്പ്
പട്ടിക 4.33
വാര്‍ഷിക പദ്ധതിയില്‍ വനിതകള്‍ക്കുള്ള വിഹിതത്തിന്റെ ശതമാനം (രൂപ കോടിയില്‍)
വാര്‍ഷികപദ്ധതി ആകെ വിഹിതം* വനിതഘടകപദ്ധതിക്കുള്ള വിഹിതം ആകെ വിഹിതത്തിന്റെ ശതമാനം
2014-15 15300 943.18 6.16
2015-16 15200 537.00 3.53
2016-17 18500 747.25 4.03
അവലംബം: പദ്ധതിരേഖ തദ്ദേശസ്വയംഭരണസ്ഥാപനവിഹിതം ഒഴിച്ച്

2016 ല്‍ അധികാരമേറ്റ സര്‍ക്കാര്‍, 2016-17 ലെ പുതുക്കിയ ബഡ്ജറ്റില്‍ പതിമൂന്നാം പദ്ധതിയില്‍ ജന്‍ഡര്‍ ബഡ്ജറ്റിംഗ് പുനരാരംഭിക്കുമെന്ന സൂചന പ്രഖ്യാപിക്കുകയും ആകെ പദ്ധതി വിഹിതത്തിന്റെ 10 ശതമാനമെങ്കിലും വനിതകളുടെ ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും വേണ്ടി വകയിരുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ സ്ത്രീകള്‍ക്ക് പ്രയോജനപ്രദമാകുന്ന പ്രധാന പദ്ധതികള്‍ ചുവടെ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

പട്ടിക 4.34
വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രധാന പദ്ധതികള്‍
ക്രമ നമ്പര്‍ പദ്ധതിയുടെ പേര് പദ്ധതിയുടെ ലക്ഷ്യം
കൃഷിയും അനുബന്ധ മേഖലകളും

1

തീരമൈത്രി, ചെറുസംരഭക പദ്ധതി ഉപജീവന വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യബന്ധന കുടുംബങ്ങളിലെ വനിതാ അംഗങ്ങളുടെ വരുമാന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായുള്ള സുസ്ഥിര പദ്ധതി.
ഗ്രാമവികസനമേഖല
2 ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) ഭാരത സര്‍ക്കാരിന്റെ സമഗ്രഭവനപദ്ധതി ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട ഭവനരഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നു.
3 മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഭാരതസര്‍ക്കാരിന്റെ തൊഴില്‍ സൃഷ്ടിക്കലിനുള്ള ഫ്ലാഗ്ഷിപ്പ് പദ്ധതി. ഗുണഭോക്താക്കള്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
വ്യവസായങ്ങള്‍
4 മഹിളകയര്‍ യോജന കയര്‍ വ്യവസായത്തിലെ ആദ്യ വനിതാകേന്ദ്രീകൃത സ്വയം തൊഴില്‍ പദ്ധതി, അത് ഗ്രാമവനിതാകൈപ്പണിക്കാര്‍ക്ക് സ്വയം തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നു.
ആരോഗ്യമേഖല
5 വനിതകള്‍ക്കുള്ള ആരോഗ്യ പരിചരണകേന്ദ്രങ്ങള്‍ (സീതാലയം) സീതാലയം പദ്ധതിയിലൂടെ സമൂഹത്തില്‍ വേദന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഹോമിയോപ്പതിയിലൂടെ ചികിത്സ നല്‍കുന്നു.
6 ഭൂമിക-ലിംഗാധിഷ്ഠിത അതിക്രമ നിയന്ത്രണ കേന്ദ്രം (GBVMC) ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് കൗണ്‍സലിംഗ്, വൈദ്യ, നിയമ സഹായങ്ങളും നല്കുന്നു
പട്ടികജാതി-പട്ടികവികസന മേഖലകള്‍
7 പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികവര്‍ഗ്ഗ പെണ്‍കുട്ടിയ്ക്ക് വിവാഹത്തിന് 50,000/- രൂപ നല്‍കുന്നു
8 പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം പട്ടികവര്‍ഗ്ഗ പെണ്‍കുട്ടിയുടെ വിവാഹത്തിന് 50,000/- രൂപയും പട്ടികവര്‍ഗ്ഗ അനാഥപെണ്‍കുട്ടിയുടെ വിവാഹത്തിന് 1 ലക്ഷം രൂപയും നല്‍കുന്നു.
9 ജനനി-ജന്‍മരക്ഷ പ്രസവസമയത്തെ പരിചരണത്തിന് സഹായം
10 വിവാഹമോചിതര്‍/വിധവകള്‍/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഭവനപദ്ധതി ഇത്തരം വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതി
വിദ്യാഭ്യാസം
11 സർവ്വശിക്ഷാഅഭിയാന്‍ സമഗ്ര പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കല്‍
സാമൂഹ്യസുരക്ഷയും ക്ഷേമവും മേഖല
12 സുസ്ഥാപിത പരിചരണം സ്ത്രീകള്‍ക്ക് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ 17 ക്ഷേമ സ്ഥാപനങ്ങള്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കുള്ള പരിചരണം, സംരക്ഷണം പുനരധിവാസം എന്നിവയ്ക്കായി നിലകൊള്ളുന്നുണ്ട്.
13 വനിതകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഇന്ദിരാഗാന്ധി ദേശീയ വിധവാപെന്‍ഷനും (IGNWP) അവിവാഹിതരായ 50 വയസ്സിനുമുകളിലുള്ള സ്ത്രീകള്‍ക്കുമുള്ളതാണ് പ്രധാന പെന്‍ഷന്‍ പദ്ധതികള്‍
14 നിര്‍ഭയ ലൈംഗികചൂക്ഷണം നേരിട്ട വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നതിന് നൈപുണ്യപരിശീലനം നല്‍കുവാന്‍ നിര്‍ഭയ ഭവനങ്ങള്‍ ആരംഭിക്കുവാന്‍ വിഭാവനം ചെയ്യുന്നു. 9 ജില്ലകളിലായി അത്തരം 10 ഭവനങ്ങളിലൂടെ 200 പേര്‍ക്ക് ആശ്രയം നല്‍കുന്നു.
15 ജന്‍ഡര്‍ പാര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാരിതര സംഘടനകള്‍, അക്കാദമികള്‍ സിവില്‍ സമൂഹം എന്നിവ ഒത്തൊരുമിച്ച് ലിംഗസമത്വത്തില്‍ പഠനവും ഗവേഷണവും നടത്തുന്നതിനും നൂതനവും പുതിയതുമായ ഇടപെടലുകളിലൂടെ സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും സഹായിക്കുകയും ചെയ്യുന്ന ഒരു വേദിയാണിത്.
16 ബേഠിബചാവോ ബേഠി പഠാവോ സംസ്ഥാനത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസം നല്കുന്നതിനും ധനസഹായം നല്‍കുന്നു.
17 സ്നേഹസ്പര്‍ശം അവിവാഹിതരായ അമ്മമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു.
18 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള രാജീവ്ഗാന്ധി പദ്ധതി ഗ്രൂപ്പില്‍പ്പെട്ട കൗമാരക്കാരായ പെണ്‍കുട്ടികളുടെ പോക്ഷകാഹാരവും ആരോഗ്യനിലയും ശാക്തീകരിക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു.
തദ്ദേശസ്വയംഭരണവകുപ്പ്
19 കുടുംബശ്രി സംസ്ഥാനത്തിന്റെ ദാരിദ്യനിര്‍മ്മാര്‍ജ്ജനപദ്ധതി കുടുംബത്തിലെ വനിതാ അംഗങ്ങളെ കേന്ദ്രീകരിച്ചാണ്. താഴെതട്ടിലുള്ള സാമൂഹ്യസംഘടനയായാണ് ഇത് പ്രവര്‍ത്തിക്കുന്നത്
അവലംബം: പദ്ധതി രേഖകള്‍
മുകളില്‍ വിവരിച്ചതില്‍ നിന്നും കാണാന്‍ കഴിയുന്നത് കേരളത്തിന്റെ വികസനനയത്തില്‍ ലിംഗസമത്വത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട് എന്നതാണ്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന യോഗ്യതകളില്‍ വളരെ കുറഞ്ഞ ജന്‍ഡര്‍ ഗ്യാപ്പ് (ലിംഗവിടവ്) ആണ് മാനവവികസനത്തില്‍ പ്രതിഫലിക്കുന്നത്. എന്നിരുന്നാലും മികച്ച അടിസ്ഥാന യോഗ്യതാസൂചികകള്‍ ഉണ്ടെങ്കിലും അത് സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം മെച്ചപ്പെടുത്തുന്നില്ല. സാക്ഷരതയിലും ആരോഗ്യത്തിലും ഉയര്‍ന്ന നിലവാരമുണ്ടെങ്കിലും അത് സ്ത്രീകള്‍ക്ക് വേതനമുള്ള തൊഴിലിലേക്കോ ഉയര്‍ന്ന ചലനാത്മകമായ തൊഴില്‍ മേഖലയിലേക്കോ ഉള്ള വളര്‍ച്ചയായി പ്രയോഗത്തില്‍ വരുന്നില്ല. കേരളത്തില്‍ വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കിടയിലും ജോലിയില്‍ പങ്കെടുക്കുന്നവരുടെ നിരക്ക് (WPR) തുലോം കുറവാണ്. സ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്ന തോതിലുള്ള ലൈംഗികാതിക്രമങ്ങളും പൊതുസ്ഥലങ്ങളിലെ സുരക്ഷിതമില്ലായ്മയും അലട്ടുന്ന പ്രശ്നങ്ങളായി അവശേഷിക്കുന്നു. സമകാലിക കേരളത്തില്‍ നിലനില്‍ക്കുന്ന പുരുഷനിയന്ത്രിതമായ വ്യവസ്ഥിതിയില്‍ ഗാര്‍ഹിക ജോലികളില്‍ സ്ത്രീകളുടെ സാമൂഹിക പ്രതിബദ്ധത അവരെ തൊഴില്‍ ചെയ്യുന്നതില്‍നിന്നും പി൯വലിക്കുന്നത് മൂലം തൊഴിലില്ലായ്മ കൂടുതലായി വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ചും വിദ്യാസമ്പന്നര്‍ക്കിടയിലെ തൊഴിലില്ലായ്മ. ക്ഷേമത്തില്‍ നിന്നും ‘വികസനം’ , ‘ശാക്തീകരണം’, ഇപ്പോള്‍ ‘സമഗ്രം’ എന്നിങ്ങനെ സ്ത്രീകള്‍ക്കായുള്ള നയസമീപനങ്ങള്‍ കാലങ്ങളായി മാറികൊണ്ടിരിക്കുന്നു. ഇത് പ്രത്യക്ഷത്തില്‍ ലിംഗ അനുകൂലഫലങ്ങള്‍ നല്‍കുന്നു. വനിതകള്‍ക്കായി നയങ്ങള്‍, പരിപാടികള്‍, പദ്ധതികള്‍ എന്നിവ പൊട്ടി മുളയ്ക്കുന്നുണ്ടെങ്കിലും പാവപ്പെട്ട സ്ത്രീകളുടെ സഹായത്തിനോ, സാമൂഹിക, സാമ്പത്തിക, രാഷ്രീയ മേഖലകളിലുള്ള ലിംഗവിടവ് ഇല്ലാതാക്കുന്നതിനോ കഴിയുന്നില്ല. വളരെ വ്യക്തവും ശക്തവും ഊര്‍ജ്ജസ്വലമായി ധാരാളം വനിതാ സംഘടനകളും രാഷ്ട്രീയത്തിന്റെ താഴേതട്ടില്‍ സ്ത്രീകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും, ശക്തമായി സ്ത്രീകളുടെ സാമ്പത്തികസാമൂഹ്യനിലവാരം മെച്ചപ്പെടുത്തുന്നതിനും സമഗ്രമാറ്റത്തിനായുള്ള മുന്നോക്കത്തിനും ലിംഗസമത്വത്തിനും ഊന്നല്‍ നല്‍കുന്നതിനുമുള്ള അടിയന്തിര നയപരിപാടികള്‍ അപര്യാപ്തമാണ്. വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളും, അന്തരാഷ്ട്രസംഘടനകളുടെ വേദികളും ദേശീയ അന്തര്‍ദ്ദേശീയ ചര്‍ച്ചാവേദികളും നടത്തിയ വിവിധ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ പ്രതികരണങ്ങളില്‍ നിന്നും അന്താരാഷ്ട്ര വികസന സ്ഥാപനങ്ങള്‍ മില്ലെനിയം വികസന ലക്ഷ്യത്തില്‍ നിന്നും മാറി 17സുസ്ഥിര വികസനലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്ന 169 ലക്ഷ്യങ്ങള്‍ 2030 ഓടെ നേടുന്നതിന് ഊന്നല്‍ നല്‍കുന്നു. മുന്‍പത്തെ മില്ലെനിയം വികസനലക്ഷ്യത്തോട് താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കാവുന്നതും, സുസ്ഥിരവുമായ വികസനപാത പ്രതിനിധീകരിക്കുന്ന സുസ്ഥിര വികസന ലക്ഷ്യത്തിലേയ്ക്ക് രാഷ്ട്രങ്ങള്‍ നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. “ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും” എന്ന ലക്ഷ്യം 5, സുസ്ഥിരവികസന ലക്ഷ്യത്തിലെ ഭൂരിഭാഗം ലക്ഷ്യങ്ങളും മുഖ്യധാരയിലെത്തിക്കാന്‍ കഴിയുന്ന 9 സമഗ്രലക്ഷ്യങ്ങളുടെ കൂട്ടമാണ്. ലക്ഷ്യം 5.4. പൊതു സേവനങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ നല്‍കിയും, സാമൂഹ്യസുരക്ഷാനയങ്ങളിലൂടെയും ഭവനത്തിലും കുടുംബത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ പങ്ക് വയ്ക്കുന്നത് പ്രോത്സാഹിപ്പിച്ചും വനിതകളുടെ വേതനമില്ലാത്ത ഗാര്‍ഹികജോലിയും പരിചരണവും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുക എന്നതാണ്.
top