2011- ലെ കാനേഷുമാരി കണക്ക് (സെന്‍സസ്) പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 3039573 ആണ്. ഇത് സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.10 ശതമാനമാണ്. 2006-ലെ ഇന്ത്യന്‍ ഭരണഘടനാ ഭേദഗതി പ്രകാരം കേരളത്തില്‍ 53 സമുദായങ്ങളാണ് പട്ടികജാതി വിഭാഗത്തില്‍ പെടുന്നത്. കേരളത്തിന്റെ ആവാസ വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായതിനാല്‍ പട്ടികജാതിക്കാരിലെ വലിയൊരു ഭാഗം ഇതര ജനസമൂഹവുമായി ഇടകലര്‍ന്ന് ജീവിക്കുന്നു. ഒരു ചെറിയ ശതമാനം മാത്രം കോളനി കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ വലിയൊരു വിഭാഗം മറ്റുള്ളവരുമായി ഇടകലര്‍ന്ന് പലയിടത്തായി ജീവിക്കുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പട്ടികജാതി ജനസംഖ്യയുള്ളത് (13.29 ശതമാനം). തൊട്ടുപിന്നില്‍ തിരുവനന്തപുരം (12.27 ശതമാനം), കൊല്ലം (10.80 ശതമാനം), തൃശൂര്‍ (10.67 ശതമാനം), മലപ്പുറം (10.14 ശതമാനം). സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയില്‍ പകുതിയിലധികം (57.17 ശതമാനം) മേല്പറഞ്ഞ അഞ്ചു ജില്ലകളിലായി കാണുന്നു. പാലക്കാട് ജില്ലയില്‍ ജനസംഖ്യയുടെ 14.37 ശതമാനവും പട്ടികജാതി വിഭാഗക്കാരാണ്. പത്തനംതിട്ട ജില്ലയില്‍ അവരുടെ പ്രാതിനിഥ്യം 13.74 ശതമാനമാണ്. തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ ആകെ ജനസംഖ്യയുടെ 10%ത്തിനേക്കാള്‍ കൂടുതലാണ്. വേടര്‍, വേട്ടുവന്‍, നായാടി, കല്ലാടി, അരുന്ധതിയാര്‍/ചക്ലിയാര്‍ എന്നിവരാണ് പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗക്കാര്‍. അവര്‍ സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യയുടെ 3.65%ത്തോളമുണ്ട്.
2011-ലെ കാനേഷുമാരി കണക്ക് പ്രകാരം കേരളത്തിലെ പട്ടികവര്‍ഗക്കാരുടെ ജനസംഖ്യ 484839 ആണ്. ഇത് സംസ്ഥാന ജനസംഖ്യയുടെ (3.338 കോടി) 1.45 ശതമാനമാണ്. 2001 ലെ സെന്‍സസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവരുടെ സംഖ്യയില്‍ 0.63 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കേരളത്തില്‍ പട്ടികവര്‍ഗക്കാരുടെ ഇടയിലുള്ള സ്ത്രീ-പുരുഷാനുപാതം 1035 ആണ്. കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാക്ഷരത, സ്ത്രീ-പുരുഷാനുപാതം എന്നിവയുടെ ദേശീയതല താരതമ്യം അനുബന്ധം 4.95-ല്‍ കൊടുത്തിട്ടുണ്ട്.
കേരളത്തില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ എല്ലായിടത്തുമില്ലെന്നു മാത്രമല്ല ബഹുഭൂരിപക്ഷവും ഗ്രാമീണരാണ്. ഏറ്റവുമുയര്‍ന്ന പട്ടികവര്‍ഗ ജനസംഖ്യ വയനാട്ടിലാണ് കാണുന്നത് (31.24 ശതമാനം). തൊട്ടുപിന്നില്‍ ഇടുക്കി (11.51 ശതമാനം), പാലക്കാട് (10.10 ശതമാനം), കാസര്‍കോട് (10.08 ശതമാനം) ഈ നാലു ജില്ലകളിലുമായി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ 62.93 ശതമാനം ജീവിക്കുന്നു. തീരദേശ ജില്ലയായ ആലപ്പുഴയിലാണ് ഏറ്റവും കുറഞ്ഞ ശതമാനമുള്ളത് (1.36 ശതമാനം). പട്ടികജാതി പട്ടികവര്‍ഗ വിഭാഗ ജനസംഖ്യയുടെ ജില്ലാതല വിശദാംശങ്ങള്‍ അനുബന്ധം 4.96 ലും, അനുബന്ധം 4.97-ലും നല്‍കിയിട്ടുണ്ട്.
2011-ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം (അനുബന്ധം 4.98) കേരളത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ ശരാശരി പട്ടികജാതി കുടുംബത്തെക്കാള്‍ ബാങ്കിങ് സേവനങ്ങള്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍, കാര്‍ എന്നിവയിലുള്ള പ്രാപ്യത കൂടുതലാണ്. തമിഴ് നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് മുതലായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തമിഴ് നാട്ടിലെ പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ടി.വിയുടെ പ്രാപ്യത കൂടുതലുള്ളത്. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ പട്ടികജാതി കുടുംബങ്ങള്‍ക്കുള്ളതുപോലെ പ്രാപ്യതയില്ല. ഈ ഇനം ആസ്തികളുടെ കാര്യത്തില്‍ ഇന്ത്യയിലെ പട്ടികജാതി കുടുംബങ്ങള്‍ 22 ശതമാനത്തിലധികം പ്രാപ്യതയില്ലാതെ ജീവിക്കുമ്പോള്‍ കേരളത്തില്‍ ഇത് 11 ശതമാനം മാത്രമാണ്.
ഇതുപോലെ ബാങ്കിങ് സേവനങ്ങള്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍, ടെലിഫോണ്‍, കാര്‍ എന്നിവയുടെ പ്രാപ്യതയില്‍ കേരളത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇന്ത്യയിലെ ശരാശരി ഇതേവിഭാഗം കുടുംബങ്ങളെക്കാള്‍ മുന്നിലാണ്. (അനുബന്ധം 4.99) ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഇടയില്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍, ടെലിഫോണ്‍, കാര്‍ എന്നിവയുടെ കാര്യത്തില്‍ കേരളത്തിലേതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതി തമിഴ്നാടിനാണുള്ളത്. ഇന്ത്യയിലെ പട്ടികവര്‍ഗ കുടുംബങ്ങളെയെടുത്താല്‍ കേരളത്തിലേതിനെക്കാള്‍ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ പ്രാപ്യത കൂടുതലാണ്. മേല്പറഞ്ഞ ആസ്തികളില്‍ ഇന്ത്യയില്‍ 37 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പ്രാപ്യതയില്ലാത്തപ്പോള്‍ കേരളത്തില്‍ ഇത് 24 ശമതാനത്തോടടുത്താണ്.പൊതുവെ കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങളുടെ ജീവിതനിലവാരം ഇന്ത്യയുടെ മറ്റിടങ്ങളില്‍നിന്ന് മെച്ചപ്പെട്ടിരിക്കുന്നു. എന്നാല്‍ പട്ടികവര്‍ഗക്കാരുടെ ജീവിത നിലവാരത്തില്‍ തമിഴ് നാട്ടിലെ കുടുംബങ്ങള്‍ കേരളത്തേക്കാള്‍ മുന്നിലാണ്.
കേരളത്തിലെ ജനസംഖ്യയുടെ ദശാബ്ദ വളര്‍ച്ചാ നിരക്ക് 4.9 ശതമാനമെന്ന ഏറ്റവും താഴ്ന്ന നിരക്കാണ്. 2001-11-ല്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിച്ചുവരുന്നതായി കാണാം. ഇതില്‍ മുഖ്യതൊഴിലാളികളുടെ ശതമാനം പരിമിത തൊഴിലുള്ളവരെക്കാളും ഉയര്‍ന്നതാണ്. പട്ടികവര്‍ഗ വിഭാഗത്തിന്റെ കാര്യത്തില്‍, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ ശതമാനം 2001-ല്‍ 19.90 ശതമാനമായിരുന്നത് 2011-ല്‍ 22.71 ശതമാനമായി ഉയര്‍ന്നു. പട്ടികജാതിക്കാരുടെ കാര്യത്തില്‍ ഇത് ഇതേ കാലയളവില്‍ 18.51 ശതമാനത്തില്‍ നിന്ന് 19.59 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 29.90 ശതമാനം പട്ടികജാതിക്കാരും 59.49 ശതമാനം പട്ടികവര്‍ഗ്ഗക്കാരും കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുമ്പോള്‍ പൊതുവിഭാഗത്തില്‍ ഇത് 14.18 ശതമാനമാണ്. തൊഴില്‍ ഘടനയുടെ വിശദാംശങ്ങള്‍ അനുബന്ധം 4.100-ല്‍ കൊടുത്തിട്ടുണ്ട്.
1958 -ലെ കേരള സംസ്ഥാന സബോര്‍ഡിനേറ്റ് സര്‍ വീസ് ചട്ടം 14 (a) പ്രകാരം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 10 ശതമാനം (പട്ടികജാതി വിഭാഗക്കാര്‍ക്ക് 8 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 2 ശതമാനവും) ഗസറ്റഡ്, നോണ്‍-ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം നല്‍കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങള്‍ മുകളിലെ മൂന്നു വിഭാഗങ്ങളിലും എട്ടുശതമാനത്തിലേറെ സംവരണം നേടിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സർവീസില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ 2 ശതമാനം സംവരണം എത്താറായിട്ടുണ്ട്. ഇത് മുന്‍ വര്‍ഷങ്ങളെക്കാള്‍ നല്ല പുരോഗതിയിലാണ്. 01-01-2016-ലെ വാര്‍ഷിക അവലോകന പ്രകാരം 2015 വര്‍ഷത്തില്‍ പൊതുസർവീസില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ മൊത്തം പ്രാതിനിധ്യം 13.25 ശതമാനമാണ്. [പൊതുഭരണ(എംപ്ലോയ്മെന്റ് സെല്‍) വകുപ്പില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ളവിവരങ്ങള്‍. 83 വകുപ്പുകളില്‍ 51 വകുപ്പുകളുടെ അവലോകനം മാത്രമാണ് 2016 ജനുവരി ഒന്ന് വരെ പൂര്‍ത്തീകരിച്ചത്] പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍ വ്വീസിലുള്ള പ്രാതിനിധ്യത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 4.101-ല്‍ കൊടുത്തിട്ടുണ്ട്.
സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്ന് പട്ടികജാതി ജനസംഖ്യയുടെ ശതമാനത്തിന് ആനുപാതികമായി പട്ടികജാതി ഉപപദ്ധതിക്കും, (എസ്.സി.എസ്.പി) പട്ടികവര്‍ഗ ജനസംഖ്യയുടെ ശതമാനത്തില്‍ കൂടുതല്‍ ആനുപാതികമായി പട്ടികവര്‍ഗ ഉപപദ്ധതിക്കും (റ്റി.എസ്.പി) കേരള സര്‍ക്കാര്‍ പണം നീക്കിവെക്കുന്നു. സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് ഒരു ദ്വിമുഖ തന്ത്രമാണ് പിന്തുടരുന്നത്. ഇതില്‍ ഒന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ നല്‍കുന്ന സഹായവും രണ്ട് പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിലൂടെ നല്‍കുന്ന സഹായവും ആകുന്നു. പട്ടികജാതി - പട്ടികവര്‍ഗ ഉപപദ്ധതിയ്ക്ക് പദ്ധതി അടങ്കലില്‍ നിന്നും ഒരു നിശ്ചിത ശതമാനം വികേന്ദ്രീകൃത ആസൂത്രണത്തിന്റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അവശേഷിക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിനും വകയിരുത്തുന്നു. പട്ടികജാതി പദ്ധതിയുടെയും പട്ടികവര്‍ഗ ഉപപദ്ധതിയുടെയും ഒരു നിശ്ചിത ശതമാനം ഫണ്ട് പ്രോജക്ട് സമീപനത്തിന്റെ ഭാഗമായി കൊടുക്കുന്ന പദ്ധതികള്‍ക്ക് നീക്കിവെക്കുന്ന പൂള്‍ഡ് ഫണ്ട്എന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തി. വിഭിന്ന ലക്ഷ്യങ്ങളും ഭൗതിക ലക്ഷ്യങ്ങളും ചേര്‍ന്നുള്ള പദ്ധതികള്‍ ഈ വിഭാഗങ്ങളുടെ സോർവന്മുഖമായ വികസനത്തിന് സഹായകമാകും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ 2016-17 വര്‍ഷം യഥാക്രമം 2354.40 കോടി രൂപയും 682.80 കോടി രൂപയും വകയിരുത്തി. 2012-13 മുതലുള്ള ഓരോ വര്‍ഷത്തെയും വിശദാംശങ്ങള്‍ അനുബന്ധം 4.102 -ലും ചിത്രം 4.13- ലും കൊടുത്തിട്ടുണ്ട്.
പട്ടികജാതി വികസനത്തിനായി നീക്കിവെച്ചിട്ടുള്ള ആകെ പദ്ധതി വിഹിതം പട്ടികജാതി വികസന വകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു മായിട്ടാണ് വകയിരു ത്തിയിട്ടുള്ളത്. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന പദ്ധതിയിലുള്ള പരിപാടികളും പ്രോജക്ടുകളും നടപ്പിലാക്കുന്നത് പട്ടികജാതി വികസന വകുപ്പാണ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ വിവരം ബോക്സ് 4.16-ല്‍ ചേര്‍ക്കുന്നു .
ബോക്സ് 4.16 |
||
ക്രമ നമ്പര്‍ | സ്ഥാപനത്തിന്റെ പേര് | എണ്ണം |
1 | നഴ്സറി സ്കൂളുകള്‍ | 88 |
2 | മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ (അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉള്‍പ്പെടെ) | 10 |
3 | ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രീമെട്രിക് ഹോസ്റ്റലുകള്‍ (തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള സ്ഥാപനങ്ങള്‍) | 87 |
4 | ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായുള്ള പോസ്റ്റ് മെട്രിക് ഹോസ്ററലുകള്‍ | 17 |
5 | പ്രീ എക്സാമിനേഷന്‍ പരിശീലന കേന്ദ്രങ്ങള്‍ | 4 |
6 | ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ സർവീസ് എക്സാമിനേഷന്‍ ട്രയിനിംഗ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി | 1 |
7 | വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ (ഐ.റ്റി.ഐ) | 44 |
8 | ഗവേഷണത്തിനും സാമുഹിക പരിവര്‍ത്തന വിദ്യാഭ്യാസത്തിനുമായി (CREST) കോഴിക്കോടള്ള സ്ഥാപനം (ഒരു സ്വയംഭരണ സ്ഥാപനം) | 1 |
9 | പാലക്കാട് മെഡിക്കല്‍ കോളേജ് | 1 |
10 | പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ | 2 |
11 | മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക്, പാലക്കാട് | 1 |
വിദ്യാഭ്യാസം, സാമ്പത്തിക-സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ പരിപാടികളാണ് പട്ടികജാതിക്കുള്ള ഉപ പദ്ധതിയ്ക്ക് കീഴില്‍ പട്ടികജാതി വികസനത്തിനുള്ളത്. 2015-16, 2016-17 (31.10.2016 വരെ) പട്ടികജാതി ക്ഷേമത്തിനുള്ള പദ്ധതികളുടെ വിഹിതവും ചെലവും കൂടാതെ ഭൗതിക ലക്ഷ്യങ്ങളും നേട്ടങ്ങളും അനുബന്ധം 4.103 ലും അനുബന്ധം 4.104 ലും യഥാക്രമം നല്‍കിയിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളുടെ വിവരങ്ങള്‍ ബോക്സ് 4.17-ല്‍ കൊടുത്തിരിക്കുന്നു.
ബോക്സ് - 4.17 |
||
പദ്ധതികളുടെ പേര് | ലക്ഷ്യം | നേട്ടം |
വിദ്യാഭ്യാസ പദ്ധതികള്‍ | താഴെപറയുന്ന വിഭാഗങ്ങളിലായി വിദ്യാഭ്യാസ സഹായം നല്കല്
|
2015-16 വര്‍ഷം വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 55.70 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2016-17 വര്‍ഷം 31.10.2016 വരെ 30.26 കോടി രൂപ ചെലവുണ്ടായിട്ടുണ്ട് (അനുബന്ധം 4.105) |
ഭവന നിര്‍മ്മാണ പദ്ധതി |
|
2015-16-ല്‍ ആകെ 5215 ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുകയും അവയില്‍ 1183 ഭവനങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2016-17-ല്‍ 31.10.2016 വരെ, 7500 ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുകയുണ്ടായി. അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു(അനുബന്ധം 4.106) |
ഭൂരഹിതര്‍ക്കു ഭൂമി |
|
2015-16-ല്‍ 149.67 കോടി രൂപ നല്‍കുകയും 3767 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു. 2016-17 വര്‍ഷം പ്രസ്തുത പദ്ധതിയ്ക്കായി 31.10.2016 വരെ 160.29 കോടി രൂപ അനുവദിച്ചിട്ടുണ്ട് (അനുബന്ധം 4.107) |
പദ്ധതികളുടെ പേര് | ലക്ഷ്യം | നേട്ടം |
ആരോഗ്യപദ്ധതി ഗുരുതരമായി അസുഖബാധിത രായവര്‍ക്കു സാമ്പത്തിക സഹായം |
|
2015-16ല്‍ 21673 പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും 45.67 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2016-17ല്‍ ടി പദ്ധതിയില്‍ 31.10.2016 വരെ 18.80 കോടിരൂപ ചെലവഴിക്കുകയും 8309 പേര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു. |
പട്ടികജാതിയില്‍പ്പെട്ട ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള വികസന പരിപാടികള്‍ |
|
2015-16-ല്‍ 13.10 കോടി രൂപ ചെലവഴിക്കുകയും 168 പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. 2016-17ല്‍, 31.10.2016 വരെ 2.91 കോടി രൂപ ചെലവഴിക്കുകയും 16 പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. |
സ്വയം തൊഴില്‍ പദ്ധതി |
|
2015-16-ല്‍ 3.70 കോടി രൂപ ചെലവഴിക്കുകയും 569 പേര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു. 2016-17-ല്‍ 31.10.2016 വരെ 1.33 കോടി രൂപ പ്രസ്തുത പദ്ധതിക്ക് ചെലവുണ്ടാകുകയും 309 പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. (അനുബന്ധം 4.108) |
പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹത്തിനു ധനസഹായം |
|
2015-16-ല്‍ 38.33 കോടി രൂപ ചെലവഴിക്കുകയും 7667പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. 2016-17-ല്‍ 37.25 കോടി രൂപ ചെലവുണ്ടാവുകയും 7451 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. |
സ്വയം പര്യാപ്ത ഗ്രാമം പദ്ധതി, പ്രാഥമിക വിദ്യാഭ്യാസ സഹായം, ഹോമിയോ ഹെല്‍ത്ത് സെന്ററുകള്‍, വിദേശത്ത് തൊഴില്‍ തേടുന്നതിനുള്ള സഹായം, സൈബര്‍ശ്രീ, മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ചികിത്സാസഹായം എന്നിവയാണ് പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കി വരുന്ന മറ്റു പദ്ധതികള്‍
2015-16-ല്‍ 1.65 കോടി രൂപ വിദേശത്ത് തൊഴില്‍ തേടുന്നതിന് ധനസഹായമായി ചെലവഴിക്കുകയും 180 പേര്‍ക്ക് ആയത് പ്രയോജനപ്പെടുകയും ചെയ്തു. 2016-17-ല്‍ 31.10.2016 വരെ 0.98 കോടി രൂപ പ്രസ്തുത പദ്ധതിക്ക് ചെലവഴിക്കുകയും 254 പേര്‍ക്ക് പ്രയോജനപ്പെടുകയുംചെയ്തു.
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പാലക്കാട് ജില്ലയില്‍ ഒരു പുതിയ മെഡിക്കല്‍ കോളേജ് 2014-15 ല്‍ ആരംഭിച്ചു. ഇവിടെ ആദ്യ ബാച്ചില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുകയുണ്ടായി. 2015-16 ല്‍ 150 കോടിരൂപ ഇതിലേക്കായി നീക്കിവെച്ചു. 2016-17-ല്‍ പ്രസ്തുത സ്ഥാപനത്തില്‍ 71 പട്ടികജാതിവിദ്യാര്‍ത്ഥികള്‍ക്കും 4 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും, 25 പൊതു വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നല്‍കി.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി 1989-ല്‍ പൗരാവകാശ സംരക്ഷണവും അതിക്രമങ്ങള്‍ തടയാനുള്ള നിയമവും പാര്‍മെന്റ് പാസാക്കി. ഇന്ത്യന്‍ സമൂഹത്തെ അന്ധമായതും യുക്തിരഹിതമായ പരമ്പരാഗത വിശ്വാസങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി ഒരു നിഷ്പക്ഷ സമൂഹം സ്ഥാപിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015-16-ല്‍ 245 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഷ്ടപരിഹാരമായി 54.79 ലക്ഷം രൂപ വിതരണം ചെയ്തു. വിശദാംശങ്ങള്‍ അനുബന്ധം 4.109 -ല്‍ കൊടുത്തിരിക്കുന്നു.മനുഷ്യവിഭവശേഷി വികസനം, അടിസ്ഥാനാവശ്യങ്ങള്‍, സാമ്പത്തിക വികസനം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് പ്രോജക്ട് അടിസ്ഥാനത്തിലുള്ള വിവിധ പദ്ധതികള്‍ പട്ടികജാതി ഉപപദ്ധതിയനുസരിച്ചുള്ള നിര്‍ണായക വിടവു നികത്തലിന് സര്‍ക്കാര്‍ ധനസഹായം വിനിയോഗിക്കുന്നു. 2014-15 മുതല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ജില്ലകള്‍ക്ക് വിഹിതത്തിന്റെ മൂന്നിലൊന്നു തുക അനുവദിക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള ജില്ലാതലസമിതി 25 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകള്‍ അനുവദിക്കുന്നു, 25 ലക്ഷം രൂപയില്‍ മുകളില്‍ വരുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പുകളായിരിക്കും. ചികിത്സാസഹായം, കക്കൂസ് നിര്‍മ്മാണം, എസ്.സി പ്രൊമോട്ടര്‍മാര്‍ക്ക് ഹോണറേറിയം, അപ്രന്റിസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റിനു സ്റ്റൈപ്പന്റ്, വിജാഞാന്‍ വാടി, സ്വയം തൊഴില്‍ സബ്സിഡി, വിഷന്‍ 2013, ശ്മശാനങ്ങളുടെ നവീകരണം, വാണിജ്യ മേള, പൈതൃകോത്സവം എന്നീ പദ്ധതികളാണ് 2015-16-ല്‍ പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ളത്. 2011-12 മുതല്‍ 2015-16 വരെയുള്ള ഈ പദ്ധതിയുടെ വിഹിതവും ചെലവും അനുബന്ധം 4.110 ലും 2015-16 വര്‍ഷം നടപ്പാക്കിയ പരിപാടികളുടെ വിശദാംശം അനുബന്ധം 4.111 -ലും നല്‍കിയിരിക്കുന്നു.
പ്രോജക്ട് അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് വേണ്ടി പട്ടികജാതി ഉപപദ്ധതി പ്രകാരവും പട്ടികവര്‍ഗ ഉപപദ്ധതി പ്രകാരവും പൂള്‍ഡ് ഫണ്ടായി ഒരു വിഹിതം വകയിരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം വിവിധ വികസന വകുപ്പുകളും ഏജന്‍സികളും പ്രോജക്ടുകള്‍ തയ്യാറാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡിനു സമര്‍പ്പിക്കുകയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരിശോധിച്ചശേഷം ഉപയുക്തമായവ സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പുകള്‍/സ്പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്ക് വേണ്ടി പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പുകളിലേക്കയയ്ക്കും. 2011-12 മുതല്‍ 2015-16 വരെയുള്ള ഈ പദ്ധതിയുടെ വിഹിതവും ചെലവും അനുബന്ധം 4.112 -ലും ചിത്രം 4.14-ലും കൊടുത്തിരിക്കുന്നു.
പട്ടികജാതി കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമന പരിപാടികള്‍ക്കായി എല്ലാ വര്‍ഷവും കേന്ദ്രസര്‍ക്കാരില്‍ നിന്നും പട്ടികജാതി ഉപപദ്ധതിക്ക് പ്രത്യേക കേന്ദ്ര സഹായം ലഭിക്കാറുണ്ട്. ഒരു പദ്ധതിയുടെ രീതി ഇതില്‍ വരുന്നില്ല. പട്ടികജാതിക്കാര്‍ക്കുവേണ്ടിയുള്ള വികസന പദ്ധതികള്‍ അവരുടെ ആവശ്യകത അനുസരിച്ച് അര്‍ത്ഥവത്തായും സമഗ്രമായും രൂപീകരിക്കുന്നതിനും കൂടാതെ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയിലെ നിര്‍ണ്ണായക വിടവുനികത്താനും സഹായമാവുന്നു. എസ്.സി.എ റ്റു എസ്.സി.എസ്.പി പദ്ധതി പ്രകാരം ലഭിക്കുന്ന ആകെ ധനസഹായത്തിന്റെ 75 ശതമാനം തുക ജില്ലകളിലെ പട്ടികജാതി ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ശേഷിക്കുന്ന 25 ശതമാനം തുക പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ കൈകാര്യം ചെയ്യും. പട്ടികജാതി കുടുംബങ്ങള്‍ക്ക് സബ്സിഡിയും ധനകാര്യസ്ഥാപന ധനസഹായവും അടങ്ങിയ വരുമാനദായകമായ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിപ്രകാരം ഏറ്റെടുക്കാവുന്നതാണ്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം)ന്റെ കീഴില്‍ അനുവദനീയമായ നിരക്ക് ഈ പദ്ധതിപ്രകാരം കുടുംബങ്ങള്‍ക്ക് നല്‍കാവുന്നതാണ്. 2011-12 മുതല്‍ 2015-16 വരെയുള്ള എസ്.സി.എ റ്റു എസ്.സി.എസ്.പി യുടെ വിഹിതവും ചെലവും അനുബന്ധം 4.113-ല്‍ നല്‍കിയിരിക്കുന്നു.
പട്ടിക വര്‍ഗക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പട്ടികവര്‍ഗ ഉപപദ്ധതി അഞ്ചാം പഞ്ചവത്സര പദ്ധതി (1974-75) മുതലാണ് നിലവില്‍ വന്നത്. പട്ടിക വര്‍ഗ ഉപപദ്ധതിയുടെ ലക്ഷ്യം ഒരു ഉപ പദ്ധതി സമീപനത്തിലൂടെ പട്ടിക വര്‍ഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നതാണ്. 1983-84-ന് ശേഷം പദ്ധതിയുടെ സമീപനത്തില്‍ പലവിധ മാറ്റങ്ങള്‍ വരികയും ഇപ്പോള്‍ അത് ജില്ലാതലത്തില്‍ വികേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 73, 74 എന്നീ ഭരണഘടനാഭേദഗതികള്‍ ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ആരംഭത്തിലാണ് ആവിഷ്കരിച്ചത്. അതുപ്രകാരം പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനവും ക്ഷേമവും സംബന്ധിച്ച വ്യക്തമായ ചുമതലകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയുണ്ടായി.
അട്ടപ്പാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ബ്ലോക്കാണ് കേരളത്തിലെ ആദ്യത്തെ ഐ.റ്റി.ഡി.പി (1976). പിന്നീട് പട്ടിക വര്‍ഗ വിഭാഗത്തിന്റെ പുരോഗതിക്കായി ആറ് ഐ.റ്റി.ഡി.പി-കള്‍ കൂടി രൂപീകരിച്ചു. ഐ.റ്റി.ഡി.പി പ്രദേശത്തിന് പുറമെ അധിവസിക്കുന്ന പട്ടിക വര്‍ഗ ജനങ്ങളുടെ വികസനം 10 ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസുകള്‍ മുഖേനയാണ് നടപ്പിലാക്കുന്നത്.
വളരെ പ്രത്യേകതയുള്ള സങ്കേത ആവാസ രീതികളും, സാംസ്ക്കാരിക ആചാരങ്ങളും, പാരമ്പര്യ സവിശേഷതകളും ഉള്ള പട്ടിക വര്‍ഗ സമൂഹം വനത്തിന്റെ ഉള്‍പ്രദേശങ്ങളിലോ സമീപത്തോ
കേന്ദ്രീകരിച്ച് അധിവസിച്ചുവരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പട്ടികവര്‍ഗക്കാരെ സംരക്ഷിക്കുന്നതിനും അതിലൂടെ അവരുടെ വികസനത്തിനുമുള്ള തന്ത്രങ്ങളാണ് പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവര്‍ഗ ജനസംഖ്യയുടെ (1.45%) അനുപാതത്തിലധികം തുക പട്ടികവര്‍ഗക്കാരുടെ പ്രത്യേക വികസനത്തിനായി വകയിരുത്തുന്നുണ്ട്. ബഡ്ജറ്റില്‍ പട്ടികവര്‍ഗ ഉപപദ്ധതിക്ക് വകയിരുത്തുന്ന തുക സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് മാത്രം ചെലവഴിക്കുന്നതിനു വേണ്ടിയാണ്. 2015-16ല്‍ സംസ്ഥാന ബഡ്ജറ്റിന്റെ 3.02 ശതമാനവും 2016-17-ല്‍ 2.84 ശതമാനവും പട്ടികവര്‍ഗ ഉപപദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന പദ്ധതി വിഹിതം, കേന്ദ്രാവിഷ്കൃത പരിപാടികളിലെ പട്ടിക വര്‍ഗ ഉപപദ്ധതിവിഹിതം, പട്ടികവര്‍ഗ ഉപപദ്ധതിയുടെ പ്രത്യേക കേന്ദ്രവിഹിതം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 275(1) പ്രകാരമുള്ള ധനസഹായം, പട്ടികവര്‍ഗ മാന്ത്രാലയം മുഖേന നടപ്പിലാക്കുന്ന മറ്റു പരിപാടികളുടെ വിഹിതം, ധനകാര്യ സ്ഥാപനങ്ങളുടെ ധനസഹായം എന്നിവയാണ് പട്ടികവര്‍ഗ വികസനത്തിന്റെ പ്രധാന വിഭവ സ്രോതസ്സുകള്‍.
2015-16-ല്‍ പട്ടികവര്‍ഗ വികസനവകുപ്പിന് അനുവദിച്ച 465.28 കോടി രൂപയില്‍ 391.27 കോടി രൂപയാണ്(84.10%) ചെലവഴിച്ചത്. 2016-17-ല്‍ പട്ടികവര്‍ഗ വികസനത്തിനായി നീക്കിവെച്ചിട്ടുള്ള ആകെ സംസ്ഥാന പദ്ധതി വിഹിതം 682.80 കോടി രൂപയാണ്. ഇതില്‍ 526.80 കോടി രൂപ (77.15%) പട്ടികവര്‍ഗ വികസന വകുപ്പിനും 156.00 കോടി രൂപ (22.85%) തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കുകയുണ്ടായി. 50 ശതമാനം, 100 ശതമാനം എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള കേന്ദ്രവിഹിതമായി യഥാക്രമം 20.62 കോടി രൂപയും 95.04 കോടി രൂപയും വകയിരുത്തുകയുണ്ടായി. ഇതുകൂടാതെ 12.00 കോടിരൂപ പട്ടികവര്‍ഗ ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായമായും ഉള്‍പ്പെടുത്തി. 2015-16-ലും 2016-17-ല്‍ ഒക്ടോബര്‍ 31, 2016-വരെയും ചെലവായ തുകയുടെ വിവരങ്ങള്‍ അനുബന്ധം 4.114 -ലും പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കിയ പരിപാടികളുടെ ഭൗതികനേട്ടങ്ങള്‍ അനുബന്ധം 4.115-ലും കൊടുത്തിട്ടുണ്ട്.
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പരിപാടികള്‍ വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം, സാമൂഹിക-സാമ്പത്തിക ഉന്നമനം, നിയമപരിരക്ഷ എന്നിങ്ങനെ പൊതുവായി തരം തിരിക്കാം. 2015-16, 2016-17 (ഒക്ടോബര്‍ 31, 2016 വരെ) എന്നീ വര്‍ഷങ്ങളില്‍ വകുപ്പ് നടപ്പിലാക്കിയ പ്രധാന പരിപാടികളുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും ചുവടെയുള്ളബോക്സ് 4.19-ല്‍ നല്‍കുന്നു.ബോക്സ് 4.19 |
||
പരിപാടിയുടെ പേര് | ലക്ഷ്യങ്ങള്‍ | നേട്ടങ്ങൾ |
വിദ്യാഭ്യാസ പരിപാടികള്‍ |
|
2015-16-ല്‍ പ്രീമെട്രിക് പഠനത്തിന് 3.83 കോടി രൂപ ചെലവഴിച്ച് 14980 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം നല്‍കി. ഇതേ കാലയളവില്‍ 24.99 കോടി രൂപ പോസ്റ്റ് മെട്രിക് പഠനത്തിന് ചെലവഴിച്ച് 13597 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം നല്‍കി. 2016-17ല്‍ (ഒക്ടോബര്‍ 31, 2016) വരെ പ്രീമെട്രിക് പഠനത്തിന് 2.87 കോടി രൂപ ചെലവഴിച്ച് 15210 വിദ്യാര്‍ത്ഥികളെ സഹായിച്ചു. ഇക്കാലയളവല്‍ പോസ്റ്റ് മെട്രിക് പഠനത്തിന് 8.42 കോടി രൂപ ചെലവഴിച്ച് 12612 വിദ്യാര്‍ത്ഥികളെയും സഹായിച്ചു. 2015-16-ല്‍ പട്ടികവര്‍ഗ വികസന വകുപ്പ് വിവിധ വിദ്യാഭ്യാസ പരിപാടികള്‍ നടപ്പിലാക്കുന്നതിനായി 134.80 കോടി രൂപ വകയിരുത്തിയതില്‍ 89.20 കോടി രൂപ ചെലവഴിച്ചു. 2016-17-ല്‍ (ഒക്ടോബര്‍ 31, 2016 വരെ) 155.30 കോടി രൂപ വകയിരുത്തിയതില്‍ 47.07 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. (അനുബന്ധം 4.116, അനുബന്ധം 4.117, അനുബന്ധം 4.118, അനുബന്ധം 4.119 വരെ) |
ഭവന നിര്‍മാണം |
|
2015-16-ല്‍ പൊതു ഭവന നിര്‍മ്മാണ പദ്ധതി പ്രകാരമുള്ള വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് 48.73 കോടി രൂപ വകയിരുത്തുകയുണ്ടായി. കൂടാതെ എ.റ്റി.എസ്.പി. ഫണ്ടില്‍നിന്നും 88.99 കോടി രൂപ വകയിരുത്തി 9448 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയുണ്ടായി. 2016-17-ല്‍ (31.10.2016 വരെ) പൊതു ഭവന നിര്‍മ്മാണ പദ്ധതിക്ക് അനുവദിച്ച 50.47 കോടി രൂപയില്‍ 35.16 കോടി രൂപ ചെലവഴിച്ചു. ഇതേകാലയളവില്‍ എ.റ്റി.എസ്.പി. ഫണ്ടില്‍നിന്നും വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് അനുവദിച്ച 150.00 കോടി രൂപയില്‍ 119.35 കോടി രൂപ ഒക്ടോബര്‍ 31, 2016 വരെ ചെലവഴിച്ചു. (ചിത്രം 4.15, അനുബന്ധം 4.120, അനുബന്ധം 4.121) |
ആരോഗ്യ പരിപാടി |
|
2015-16-ല്‍ 20.85 കോടി രൂപ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി വിഹിതമായി വകയിരുത്തുകയും 20.62 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2016-17-ല്‍ 15.00 കോടിരൂപ വകയിരുത്തിയെങ്കിലും 15.39 കോടിരൂപ (ഒക്ടോബര്‍ 31, 2016 വരെ) ചെലവായിട്ടുണ്ട്. (അനുബന്ധം 4.122) |
പട്ടിക വര്‍ഗക്കാരുടെ ക്ഷേമ പരിപാടികള്‍ |
|
2015-16-ല്‍ (ഒക്ടോബര്‍ 31, 2016 വരെ) 30 പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വിവാഹധനസഹായം നല്‍കിയിട്ടുണ്ട്. ഒരു ഗുണഭോക്താവിന് 50000 രൂപ ക്രമത്തിലാണ് നല്‍കിയത്. 2015-16-ല്‍ 593 അരിവാള്‍ രോഗികള്‍ക്ക് പ്രതിമാസം 2000 രൂപ എന്ന നിരക്കില്‍ ധനസഹായം നല്‍കിയിട്ടുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതിയാണ് ജനനി ജന്മരക്ഷ. ഈ പദ്ധതി പ്രകാരം ഗര്‍ഭധാരണത്തിന്റെ മൂന്നാം മാസം മുതല്‍ കുഞ്ഞിന് ഒരു വയസ്സ് പൂര്‍ത്തിയാകുന്നത് വരെ പ്രതിമാസം 1000 രൂപ നിരക്കില്‍ 18 മാസം വരെ സാമ്പത്തിക സഹായം നല്‍കുന്നതാണ്. ഈ പദ്ധതി മുഖേന തിരഞ്ഞെടുത്ത പരമ്പരാഗത പട്ടികവര്‍ഗ പാരമ്പര്യ വൈദ്യന്മാര്‍ക്ക് 10000 രൂപ വാര്‍ഷിക ഗ്രാന്റായി നല്‍കുന്നുണ്ട്. |
ഭൂരഹിത പട്ടിക വര്‍ഗക്കാരുടെ പുനരധിവാസം |
|
നാളിതുവരെ 7051 കുടുംബങ്ങള്‍ക്ക് 9179.49 ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട്. ഭൂരഹിതരായ 469 കുടുംബങ്ങള്‍ക്ക് 280.313 ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. ജില്ലതിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 4.123-ല്‍ നല്‍കിയിരിക്കുന്നു |
ഈ പരിപാടി പ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ 2015-16-ല്‍ 4924.99 ലക്ഷം രൂപ നീക്കിവയ്ക്കുകയും അതില്‍ 941.10 ലക്ഷം രൂപ (19.11%) ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. സ്വയം തൊഴിലുകള്‍, വൈദഗ്ദ്ധ്യ വികസനം, ജലവിതരണവും ശുചീകരണവും,വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, നടപ്പാലങ്ങള്‍, സാങ്കേതിക വിദ്യ കൈമാറ്റം, വിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍, ആരോഗ്യം തുടങ്ങിയവയാണ് കോര്‍പ്പസ് ഫണ്ടിലെ പ്രധാന ഘടകങ്ങള്‍. 2009-10 മുതല്‍ 2016-17 വരെ (ഒക്ടോബര്‍ 31, 2016 വരെ)ഉള്ള കോര്‍പ്പസ് ഫണ്ടിന്റെ വിഹിതവും ചെലവും സംബന്ധിച്ച വിവരം അനുബന്ധം 4.124 ലും, ചിത്രം 4.16-ലും ജില്ല തിരിച്ചുള്ള 2016-17-ലെ വിവരങ്ങള്‍ അനുബന്ധം 4.125 -ലും നല്‍കിയിരിക്കുന്നു.
മറ്റു വകുപ്പുകള്‍ നിര്‍ദേശിച്ച പ്രത്യേക പദ്ധതികള്‍ക്ക് പൂള്‍ഡ് ഫണ്ടായി 2015-16-ല്‍ 1000 ലക്ഷം രൂപ നീക്കി വച്ചിരുന്നു. ഇതില്‍ 839.00 ലക്ഷം രൂപ വിവിധ പദ്ധതികള്‍ക്ക് അനുവദിക്കുകയും ആ തുക പൂര്‍ണ്ണമായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 2016-17ല്‍ 1000 ലക്ഷം രൂപ വകയിരുത്തിയതില്‍ ഒക്ടോബര്‍ 31, 2016 വരെ 128.58 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 2015-16-ലും 2016-17-ലും (ഒക്ടോബര്‍ 31, 2016 വരെ) പൂള്‍ഡ് ഫണ്ടില്‍ ഏറ്റെടുത്ത പദ്ധതികളുടെ വിശദാശം അനുബന്ധം 4.126-ല്‍ നല്‍കിയിരിക്കുന്നു.
സംസ്ഥാനത്തെ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വസിക്കുന്ന പട്ടികവര്‍ഗക്കാരുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് വേണ്ടി സാധാരണ വകയിരുത്തുന്ന പട്ടികവര്‍ഗ വിഹിതത്തിന് പുറമെ ഒരു പ്രത്യേക പാക്കേജായാണ് എ.റ്റി.എസ്.പി. ഫണ്ട് വകയിരുത്തിയിരിക്കുന്നത്. 2014-15-ല്‍ 150 കോടി രൂപ തിരഞ്ഞെടുത്ത സങ്കേതങ്ങളിലെ പട്ടികവര്‍ഗക്കാരുടെ സംയോജിത സുസ്ഥിര വികസനത്തിനുവേണ്ടിയുള്ള ഒരു പുതിയ ഉദ്യമമായി വകയിരുത്തുകയുണ്ടായി. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 14 പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ഈ പദ്ധതിയുടെ നടത്തിപ്പിന് 135.75 കോടി രൂപ നീക്കിവയ്ക്കുകയുണ്ടായി. 2014-15-ല്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍ ഇപ്പോഴും തുടരുകയും ഒക്ടോബര്‍ 31, 2016- വരെ 37.26 കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 2015-16-ലും ഈ പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യവികസനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം എന്നിവയ്ക്ക ഊന്നല്‍ നല്‍കുകയും 150.00 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. 2016-17-ലും എ.റ്റി.എസ്.പി. പദ്ധതിക്കായി 150.00 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രധാനമായും ഭവന നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയിരുന്നു. അനുവദിച്ച 147.13 കോടി രൂപയില്‍ 120.05 കോടി രൂപ ഒക്ടോബര്‍ 31, 2016 വരെ ചെലവഴിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ അനുബന്ധം 4.127-ല്‍ നല്‍കിയിട്ടുണ്ട്.
ബോക്സ് 4.20 |
|
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ | ആരോഗ്യ സ്ഥാപനങ്ങള്‍ |
|
|
സംസ്ഥാന പദ്ധതികള്‍ക്കു പുറമേ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അധികവിഹിതമായി നല്‍കുന്ന ഫണ്ടാണ് പട്ടിക വര്‍ഗ ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായം. തൊഴിലിലൂടെ വരുമാനദായക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും കുടുംബാധിഷ്ടിത സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യത്തിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ വിഹിതം. വിഹിതത്തിന്റെ 70 ശതമാനം കുടുംബ /സ്വയം സഹായ സംഘങ്ങള്‍/ സാമൂഹിക അടിസ്ഥാന വരുമാനദായക പ്രവര്‍ത്തനങ്ങള്‍ക്കും, 30 ശതമാനം നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, നീര്‍ത്തടവികസനം തുടങ്ങിയവയ്ക്കുമുള്ളതാണ്. ഗുണഭോക്താക്കളില്‍ 30 ശതമാനം സ്ത്രീകളായിരിക്കണം. 2009-10 മുതല്‍ 2016-17 വരെ (ഒക്ടോബര്‍ 31, 2016 വരെ)പട്ടിക വര്‍ഗ ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്ര സഹായത്തിന്റെ വിഹിതവും ചെലവും സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 4.128-ല്‍ കൊടുത്തിരിക്കുന്നു.
1970-ല്‍ ദേശീയ മാതൃകയില്‍ സ്ഥാപിച്ച ട്രൈബല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്ററാണ് പിന്നീട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്റ് ഡവലപ്പ്മെന്റ്സ്റ്റഡീസ് ഫോര്‍ എസ്.സി/എസ്.റ്റി (കിര്‍ത്താഡ്സ്) എന്ന സ്ഥാപനമായി അംഗീകരിച്ചത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തെ പട്ടികജാതി, പട്ടിക വര്‍ഗക്കാരെക്കുറിച്ച് പഠനങ്ങളും ഗവേഷണവും നടത്തുന്നു.
പട്ടികജാതി വികസനവകുപ്പ്, പട്ടികവര്‍ഗ വികസനവകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുടെ ആവശ്യ പ്രകാരം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവരാണോ എന്ന് സംശയിക്കപ്പെടുന്ന കേസുകളില്‍ നരവംശ ശാസ്ത്രപരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട്നല്‍കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍ അനുബന്ധം 4.129-ല്‍ നല്‍കിയിട്ടുണ്ട്.
കിര്‍ത്താഡ്സിന്റെ പരിശീലന വിഭാഗം പട്ടികവര്‍ഗ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികള്‍ ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഈ വിഭാഗം നിരവധി പരിശീലനപരിപാടികളും, കാര്യശേഷി വര്‍ധിപ്പിക്കല്‍ പരിപാടികളും ശാക്തീകരണ പരിപാടികളും വിദ്യാഭ്യാസ പരിപാടികളും നടത്തുന്നു. കൂടാതെ സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പാരമ്പര്യ നൃത്തവും സംഗീതവും പരിപോഷിപ്പിക്കുന്നത്തിന് ആദികലാഗ്രാമം പരിപാടികള്‍ ഊന്നല്‍നല്‍കുന്നുണ്ട്. കിര്‍ത്താഡ്സിന്റെ വിവിധ പരിപാടികളുടെ വിഹിതവും ചെലവും അനുബന്ധം 4.130-ല്‍ നല്‍കിയിട്ടുണ്ട്.
കൃഷിഭൂമി വാങ്ങല്‍, മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ്, ചെറുകിട സംരംഭങ്ങള്‍ക്ക് ലോണ്‍, ചെറുകിട സംരംഭങ്ങള്‍ക്ക് ലോണ്‍, ചെറുകിട സ്ഥാപനങ്ങള്‍ക്ക് വായ്പ, ഭവന വായ്പ, വിദ്യാഭ്യാസ ലോണ്‍, വിവാഹ ധനസഹായം എന്നിവയാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. സ്വന്തം ഓഹരി മൂലധനവും എന്‍.എസ്.എഫ്.ഡി.സി, എന്‍.എസ്.കെ.എഫ്.ഡി.സി, ഹഡ്കോ എന്നിവ പോലുള്ള മറ്റു ദേശീയ ധനകാര്യ ഏജന്‍സികളില്‍ നിന്നുള്ള സഹായവുമാണ് കോര്‍പ്പറേഷന്റെ പ്രധാന സാമ്പത്തിക ഉറവിടം. കോര്‍പ്പറേഷന്റെ പദ്ധതി തിരിച്ചുള്ള കണക്കുകളും ഭൌതിക നേട്ടങ്ങളും അനുബന്ധം 4.131-ല്‍ കൊടുത്തിട്ടുണ്ട്.
സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ക്ഷേമകാര്യങ്ങള്‍ നോക്കുന്നതിന് വേണ്ടി 2011 നവംബറിലാണ് ഒരു പ്രത്യേക വകുപ്പായി പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. 2011-12 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാണ് വകുപ്പ് രൂപീകരിച്ചതെങ്കിലും രണ്ട് പ്രധാന വിദ്യാഭ്യാസ പദ്ധതികളായ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പുകള്‍, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ വകുപ്പ് നടപ്പിലാക്കി.
50 ശതമാനം കേന്ദ്ര സഹായത്തോടെ നടപ്പിലാക്കിയ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയാണ് വകുപ്പിന്റെ പ്രാരംഭ വര്‍ഷത്തെ പ്രധാന നേട്ടം. ഒ.ഇ.സി., ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കായി പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് എന്നിവ വകുപ്പ് നടപ്പിലാക്കുന്നു. ഈ കാലയളവില്‍ വകുപ്പ് നടപ്പിലാക്കിയ മുഖ്യ പരിപാടികളാണ് തൊഴില്‍ വര്‍ദ്ധനവിനുള്ള പരിപാടി, വിദേശ പഠനത്തിനുള്ള സ്ക്കോളര്‍ഷിപ്പ്, ആട്ടോമൊബൈല്‍ വ്യവസായ മേഖലയിലെ തൊഴില്‍, ഹോസ്റ്റല്‍ നിര്‍മ്മാണം, പാരമ്പര്യ തൊഴിലുകള്‍ക്കുള്ള സഹായം എന്നിവ. 2015-16 കാലയളവില്‍ വകുപ്പിന് ലഭിച്ച 90 കോടി രൂപയില്‍ 64.85 കോടി രൂപ (70 ശതമാനം) ചെലവഴിച്ചു. 2016-17 ല്‍ 94 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിനു വകയിരുത്തി. ഇതില്‍ 36 കോടി രൂപ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ സംസ്ഥാന വിഹിതമാണ്. കൂടാതെ 50 കോടി രൂപ 100 ശതമാനം കേന്ദ്രസഹായമായും പ്രതീക്ഷിക്കുന്നു. 31-10-2016 വരെയുള്ള ചെലവ് 26.18 കോടി രൂപയാണ്. 2015-16, 2016-17 (31-10-2016 വരെ) എന്നീ വര്‍ഷങ്ങളില്‍ വകുപ്പ് നടപ്പിലാക്കിയ വിവിധ പരിപാടികളുടെ ചെലവും ഭൗതിക നേട്ടവും അനുബന്ധം 4.132, അനുബന്ധം 4.133ല്‍ ചേര്‍ത്തിരിക്കുന്നു.കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ദേശീയ ധനകാര്യ ഏജന്‍സികളായ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി), ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (എന്‍.എം.ഡി.എഫ്.സി) എന്നിവയുടെ സഹായത്തോടെ ദാരിദ്യരേഖയ്ക്കു താഴെ വസിക്കുന്ന പിന്നാക്ക, ന്യൂനപക്ഷ വിഭാഗക്കാരുടെ സമഗ്ര വികസനത്തിന് വേണ്ടി പരിപാടികള്‍ നടപ്പിലാക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ലോണായി ധനസഹായം നല്‍കുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സഹായവും, കോര്‍പ്പറേഷന്റെ തനത് ഫണ്ടും വിനിയോഗിച്ച് വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നു. 2015-16 കാലയളവില്‍ കോര്‍പ്പറേഷന്‍ 29200 ഗുണഭോക്താക്കള്‍ക്കിടയില്‍ 27602.86 ലക്ഷം രൂപ ലോണായി വിതരണം ചെയ്തു. 31.10.2016 വരെ കോര്‍പ്പറേഷന്‍ 10524 ഗുണഭോക്താക്കള്‍ക്കായി 14917.93 ലക്ഷം രൂപ ലോണായി വിതരണം ചെയ്തിട്ടുണ്ട്. 2015-16, 2016-17 (31.10.2016 വരെ) എന്നീ വര്‍ഷങ്ങളില്‍ കോര്‍പ്പറേഷൻ ചെലവഴിച്ച തുകയുടെ മേഖല തിരിച്ചുള്ള ചെലവുകളും ഭൌതിക നേട്ടങ്ങളും അനുബന്ധം 4.134 ല്‍ ചേര്‍ത്തിരിക്കുന്നു.
പട്ടിക ജാതിയില്‍ നിന്നും, മറ്റു ശുപാര്‍ശിത സമുദായങ്ങളില്‍ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ സാമൂഹ്യ- വിദ്യാഭ്യാസ-സാംസ്ക്കാരിക- സാമ്പത്തിക ഉന്നമനമാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കൃഷിഭൂമി വാങ്ങല്‍, വിദേശ തൊഴില്‍, പാര്‍പ്പിടം, വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം, വിവാഹ വായ്പ, കൃഷിയും മറ്റ് അനുബന്ധ മേഖലയിലും സഹായം, ചെറുകിട കച്ചവടം, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന മുഖ്യ പദ്ധതികള്‍. സംസ്ഥാന സര്‍ക്കാരില്‍ നിന്നും എന്‍.ബി.സി.എഫ്.ഡി.സി യില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കിയ വായ്പാ പദ്ധതികളുടെ വിശദാംശങ്ങള്‍ 2011-12 മുതല്‍ 2016-17 (31.10.2016) വരെ അനുബന്ധം 4.135ല്‍ കൊടുത്തിരിക്കുന്നു. കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളുടെ ഭൌതിക സാമ്പത്തിക നേട്ടങ്ങള്‍ അനുബന്ധം 4.136 ല്‍ കൊടുത്തിരിക്കുന്നു.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ – സാമ്പത്തിക- വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിച്ചത്. 2015-16 കാലയളവില്‍ വകുപ്പ് 8829.13 ലക്ഷം രൂപ ചെലവഴിച്ചു. 2016-17 ല്‍ 8300 ലക്ഷം രൂപ വിവിധ പരിപാടികള്‍ക്കായി വകുപ്പിന് വകയിരുത്തി. വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പരിപാടികള്‍: ബഹുമേഖലാ വികസന പരിപാടി (25 ശതമാനം സംസ്ഥാന വിഹിതം) (എം.എസ്.ഡി.പി), വിവാഹബന്ധം വേര്‍പെടുത്തിയ/ വിധവകളായ/ ഭര്‍ത്താവ് ഉപേക്ഷിച്ച ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്കുള്ള ഭവന പദ്ധതി, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയിലെ കുടിവെള്ള വിതരണ പദ്ധതി എന്നിവയാണ്. 2015-16, 2016-17 (31.10.2016 വരെ) എന്നീ വര്‍ഷങ്ങളില്‍ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളൂടെ ഭൗതിക സാമ്പത്തിക നേട്ടങ്ങള്‍ അനുബന്ധം 4.137 ലും അനുബന്ധം 4.138 ലും ചേര്‍ത്തിരിക്കുന്നു.
വരുമാനദായക പ്രോജക്ടുകള്‍, ഭവന വായ്പ, വിദ്യാഭ്യാസ ലോണുകള്‍, തൊഴില്‍ പരിശീലനം മുതലായവ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചാണ് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. 2016-17 ല്‍ 1500 ലക്ഷം രൂപ ഓഹരി മൂലധനമായി കോര്‍പ്പറേഷന് നല്‍കി. കോര്‍പ്പറേഷന്റെ സാമ്പത്തിക ഭൌതിക നേട്ടങ്ങള്‍ അനുബന്ധം 4.139 ല്‍ നല്‍കിയിരിക്കുന്നു.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അംഗങ്ങളുടെ സമഗ്ര വികസനവും ക്ഷേമ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിച്ചു. 2015-16 ല്‍ സംസ്ഥാന സര്‍ക്കാര്‍ 2140 ലക്ഷം രൂപ മുന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി കോര്‍പ്പറേഷന് വകയിരുത്തിയതില്‍ 2057.44 ലക്ഷം രൂപ ചെലവാക്കി. 2016-17 ല്‍ 2440 ലക്ഷം രൂപ വിവിധ പരിപാടികള്‍ക്കായി കോര്‍പ്പറേഷനായി വകയിരുത്തി. കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രധാന പരിപാടികള്‍ : ജീര്‍ണ്ണിച്ച അഗ്രഹാരങ്ങളുടെ പുനരുദ്ധാരണം, സംരംഭകത്വ, നൈപുണ്യ, വികസന പ്രവര്‍ത്തനങ്ങള്‍, സ്വയം തൊഴിലിന് ധനസഹായം, പരിശീലന ക്ലാസുകളുടെ സംഘാടനവും നടത്തിപ്പും, സ്കോളര്‍ഷിപ്പ്, ഓഹരി മൂലധന സഹായം എന്നിവയാണ്. 2015-16, 2016-17 (31.10.2016 വരെ) എന്നീ വര്‍ഷങ്ങളില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഭൗതിക സാമ്പത്തിക നേട്ടങ്ങള്‍ അനുബന്ധം 4.140 ല്‍ ചേര്‍ത്തിരിക്കുന്നു.