സാമൂഹ്യ സേവനം

ഹോമിയോപ്പതി

സംസ്ഥാനത്ത് ഹോമിയോപ്പതി വകുപ്പിന് കീഴില്‍ 659 ഹോമിയോപ്പതി ഡിസ്പെന്‍സറികളും 955 കിടക്കകളുമുള്ള 32 ആശുപത്രികളുമുണ്ട്. കൂടാതെ ഹോമിയോപ്പതി ഡയറക്ടറേറ്റിന് കീഴില്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഹോമിയോപ്പതിക് സഹകരണഫാര്‍മസി (ഹോംകോ) എന്ന മരുന്ന് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഇത് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2015,2016 വര്‍ഷങ്ങളായി ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ജില്ല തിരിച്ചുള്ള സ്ഥാപനങ്ങള്‍, കിടക്കകള്‍, ചികിത്സ നേടിയ രോഗികളുടെ എണ്ണം എന്നിവ അനുബന്ധം 4.61 ല്‍ കൊടുത്തിട്ടുണ്ട്.

ബോക്സ് 4.7
2016 ല്‍ ഹോമിയോപ്പതി വകുപ്പ് കൈവരിച്ച പ്രധാനനേട്ടങ്ങള്‍
  • ഹോമിയോപ്പതി, ആയുർ േവദ, യോഗ, നാച്ചുറോപ്പതി തുടങ്ങിയ വിഭാഗങ്ങളുടെ ഗുണങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി തിരുവനന്തപുരം, കൊല്ലം,എറണാകുളം, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളില്‍ ആയുഷ്ഹോളിസ്റ്റിക് സെന്ററുകള്‍ ആരംഭിച്ചു.
  • സമൂഹത്തില്‍ യാതന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന ലിംഗാധിഷ്ഠിത പദ്ധതിയാണ് സീതാലയം. എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളിലും സ്ത്രീകള്‍ക്കുവേണ്ട പലവിധസഹായം, ക്ഷേമം, ആരോഗ്യപരിരക്ഷാസേവനങ്ങള്‍ എന്നിവ പ്രസ്തുത പദ്ധതിയിലൂടെ നല്‍കുന്നു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി ലഹരി വിമുക്ത കേന്ദ്രങ്ങളും വന്ധ്യതാക്ലിനിക്കുകളും പ്രവര്‍ത്തിച്ചുവരുന്നു.
  • ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടെ തീരപ്രദേശങ്ങളില്‍ ഫ്ലോട്ടിംഗ് ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചിട്ടുണ്ട്.
  • ഹോമിയോപ്പതി സ്പെഷ്യാലിറ്റി കെയര്‍ സെന്റര്‍ പദ്ധതിയ്ക്ക് കീഴില്‍ ഇടുക്കിയില്‍ എന്റേക്രെയിന്‍ ഡിസ് ഓര്‍ഡര്‍ സെന്ററും, കണ്ണൂരില്‍ മാതൃശിശുപരിപാലനകേന്ദ്രവും, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വയോജനപരിപാലനകേന്ദ്രവും, ഇടുക്കിയില്‍ സ്പെഷ്യാലിറ്റി മൊബൈല്‍ ക്ലിനിക് എന്നിവയും ആരംഭിച്ചിട്ടുണ്ട്.
  • ഉത്സവകാലങ്ങളില്‍ വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ 16 താല്കാലിക ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചിട്ടുണ്ട്.
  • ഓരോ ജില്ലയില്‍ ഒന്നുവീതം 14 ഹോമിയോ ഡിസ്പെന്‍സറികളെ മോഡല്‍ ഹോമിയോഡിസ്പെന്‍സറികളായി അപ്ഗ്രേഡ് ചെയ്തും സംസ്ഥാനത്തുടനീളം നിലവിലുള്ള 56 മോഡല്‍ ഹോമിയോ ഡിസ്പെന്‍സറികളുടെ നിലവീരം ഉയര്‍ത്തിയിട്ടുമുണ്ട്.
  • പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ ഒരു ക്ലിനിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്.
  • കോട്ടയം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റീജിയണല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭച്ചിട്ടുണ്ട്.
  • എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളിലും കൗമാര പരിചരണങ്ങളും പെരുമാറ്റ നിയന്ദ്രണ പരിപാടിയും നടപ്പിലാക്കി.
  • ഹോംകോയുടെ രണ്ടാം ഘട്ട് വികസനം ആരംഭിച്ചു.
  • ഹോമിയോപതി ഡയറക്ടറേറ്റിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസം

സര്‍ക്കാര്‍തലത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടുമുള്ള രണ്ട് ഹോമിയോ മെഡിക്കല്‍കോളേജുകള്‍ വഴി ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തി വരുന്നു. ഇവ കൂടാതെ 3 എയ്ഡഡ് കോളേജുകളും ഒരു അണ്‍എയ്ഡഡ് കോളേജും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ ആകെ കിടക്കകള്‍ 108 ഉം 2015-16 ല്‍ ചികിത്സ ലഭിച്ച ഇന്‍പേഷ്യന്റ്സ് 1106 ഉം ഔട്ട് പേഷ്യന്റ്സ് 117433 ഉം ആണ്. കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ ആകെ കിടക്കകള്‍ 100 ഉം 2015-16 ല്‍ ചികിത്സ ലഭിച്ച ഇന്‍പേഷ്യന്റ്സ് 1546 ഉം ഔട്ട് പേഷ്യന്റ്സ് 121442 ഉം ആണ്. 6 ഹോമിയോ മെഡിക്കല്‍ കോളേജുകളിലെയും കോഴ്സുകള്‍, വിദ്യാര്‍ത്ഥികളുടെ എണ്ണം എന്നിവ അനുബന്ധം 4.62ല്‍ കൊടുത്തിരിക്കുന്നു.

രോഗപ്രതിരോധവ്യാപനം

മരുന്നും പ്രതിരോധകുത്തിവയ്പും കൊണ്ട് ഒഴിവാക്കാനാകുന്ന ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന വ്യാധികള്‍, വൈകല്യം, മരണം തുടങ്ങിയവയിലേക്ക് നയിക്കുന്ന രോഗങ്ങളായ ഡിഫ്തീരിയ, ഹെപ്പറ്റൈറ്റീസ് എയും ബിയും, അഞ്ചാം പനി, മുണ്ടിനീര്, ന്യൂമോണിയയും അനുബന്ധരോഗങ്ങളും, പോളിയോ, അതിസാരം, ടെറ്റനസ് തുടങ്ങിയവ ചെറുക്കുന്നതിന് ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ ഇടപെടലാണ് പ്രതിരോധകുത്തിവയ്പുകള്‍. 2011-12 മുതലുള്ള 6 വര്‍ഷങ്ങളിലെ രോഗ പ്രതിരോധ വ്യാപന പരിപാടി അനുബന്ധം 4.63 ല്‍ കാണാം.

സാമ്പത്തിക വികസനം വളരെ പ്രാധാന്യത്തോടെയും ഫലപ്രദമായും സംഭാവന ചെയ്യാന്‍ ഒരു ആരോഗ്യമുള്ള സമൂഹത്തിന് മാത്രമേ കഴിയൂ. നീണ്ടകാലത്തെ രോഗാവസ്ഥയും ചെലവേറിയ ചികിത്സാരീതിയും ധനികരെപോലും ദരിദ്രരാക്കുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും ആസ്വാദ്യമാക്കുന്നതിന് നല്ല ആരോഗ്യം അനിവാര്യമാണ്. കേരളത്തില്‍ നല്ല ആരോഗ്യനിലവാരം നേടിയെടുക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസനിലവാരവും (പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍) ഉയര്‍ന്ന ആരോഗ്യ അവബോധവും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സമീപകാലത്ത് അന്താരാഷ്ട്ര നിലവാരത്തോട് തുല്യമായ ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികളും വിനോദസഞ്ചാരമേഖലയുമായി ചേര്‍ന്നുള്ള ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രിയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും ഗോത്രജനവിഭാഗങ്ങള്‍ക്കിടയിലെ പോഷക അസന്തുലിതാവസ്ഥയും, രണ്ടാം തലമുറപ്രശ്നങ്ങളായ വയോജന സുരക്ഷ, ജീവിത ശൈലി രോഗങ്ങളായ ഹൃദ്രോഗം, ഡയബറ്റിക്സ്, രക്ത സമ്മര്‍ദ്ദം, അമിതവണ്ണം, സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന രോഗവ്യാപനം എന്നിവയും ശ്രദ്ധ കൊടുക്കേണ്ട വിഷയങ്ങളാണ്. ക്യാന്‍സര്‍, ട്രോമകെയര്‍, സാംക്രമിക രോഗങ്ങളുടെ പുനരാവിര്‍ഭാവം എന്നിവയ്ക്കും ഗൌരവമായ പരിഗണന വരും വര്‍ഷങ്ങളില്‍ നല്‍കേണ്ടതുണ്ട്. പതിമൂന്നാം പദ്ധതിക്കാലയളവില്‍ പൊതുജനാരോഗ്യം, ഗ്രാമീണ ആരോഗ്യം, ഗോത്രാരോഗ്യം, സ്ത്രീ ആരോഗ്യം, മാതൃശിശു ആരോഗ്യം, പാരമ്പര്യആരോഗ്യസുരക്ഷാസംവിധാനം, ആരോഗ്യഇന്‍ഷുറന്‍സ് , ആരോഗ്യടൂറിസം എന്നീ വിവിധങ്ങളായ വിഷയങ്ങള്‍ വിവിധതരത്തില്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടാനായിട്ട് ആരോഗ്യസംരക്ഷണസംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്.

To Top