വ്യവസായം- ഉല്‍പ്പന്ന നിര്‍മ്മാണം

ഒരു ശക്തമായ വ്യാവസായിക ഉല്പന്നനിര്‍മ്മാണ മേഖല, ആഭ്യന്തര ഉല്പാദനം, കയറ്റുമതി, തൊഴിലിന്റെ വളര്‍ച്ച എന്നിവ സമ്പദ് വ്യവസ്ഥയിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിനെ സഹായിക്കുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ താല്‍ക്കാലിക ഡാറ്റയുടെ കണക്കുപ്രകാരം 2016-17 കാലഘട്ടത്തില്‍ ഇന്ത്യയിലെ മൊത്തം മൂല്യവര്‍ദ്ധനവിന്റെ (ജി.വി.എ) വളര്‍ച്ച 6.6 ശതമാനമാണ്. 2015-16 ല്‍ വ്യവസായ മേഖലയുടെ വളര്‍ച്ച 8.8 ശതമാനം ആയിരുന്നത് 2016-17 -ല്‍ 5.6 ശതമാനമായി കുറഞ്ഞു. (പട്ടിക 3.1.2). ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ്.

പട്ടിക. 3.1.2
കൂട്ടിച്ചേര്‍ത്ത മൊത്തം മൂല്യത്തിന്റെ നിരക്ക്, സ്ഥിരവിലയില്‍ (ശതമാനം)
ക്രമ.നം. സബ്സെക്ടര്‍ 2015-16 2016-17
1. മൈനിഗും ക്വാറിയിഗും 10.5 1.8
2. ഉല്പന്ന നിര്‍മ്മാണം 10.8 7.9
3. വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് സേവനങ്ങള്‍ 5 7.2
4. നിര്‍മ്മാണം 5 1.7
ആകെ വ്യവസായം 8.8 5.6
അവലംബം: ഇക്കണോമിക് സർവ്വേ 2016-17

കേരളത്തിന്റെ ഉൽപ്പന്ന നിര്‍മ്മാണ മേഖല

ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കൂട്ടിചേര്‍ക്കപ്പെട്ട മൊത്തം മൂല്യത്തിന്റെ ത്വരിത ഗതിയിലുള്ള കണക്കനുസരിച്ച്, കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖല നടപ്പു വിലയില്‍ മുന്‍ വര്‍ഷത്തെ 9.7 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് 2016-17 -ല്‍ 4.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിര വിലയിലെ (2011-12) കണക്കനുസരിച്ച്, ഈ മേഖലയുടെ വളര്‍ച്ച 2015-16 ലെ 12 ശതമാനത്തില്‍ നിന്നും 2016-17 -ല്‍ 2.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2016-17 -ല്‍ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് ഉല്‍പ്പന്ന നിര്‍‍മ്മാണ മേഖലയുടെ വിഹിതം സ്ഥിര വിലയിലും, നടപ്പു വിലയിലും യഥാക്രമം 10.2 ശതമാനവും 9 ശതമാനവും വീതമാണ്. 2012-13 മുതല്‍ 2016-17 വരെ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്ക് ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വിഹിതം അനുബന്ധം 3.1.1 -ല്‍ ചേര്‍ത്തിരിക്കുന്നു.

2012-13 മുതല്‍ 2016-17 വരെ സ്ഥിര വിലയിലെ മൊത്തം കൂട്ടിചേര്‍ക്കപ്പെട്ട മൂല്യമനുസരിച്ച് കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക് ചിത്രം 3.1.1 -ല്‍ ചേര്‍ത്തിരിക്കുന്നു.

ചിത്രം 3.1.1
കേരളത്തിലെ, ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് സ്ഥിര വിലയില്‍
അവലംബം: ഇക്കണോമിക് സർവ്വേ 2016-17

കേരളത്തിലെ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചാനിരക്ക് 2012-13 -ല്‍ 12.5 ശതമാനമായിരുന്നത് 2013-14 -ല്‍ 4.6 ശതമാനമായി കുറഞ്ഞു. 2014-15 -ല്‍ ഇത് 2.9 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2015-16 -ല്‍ വളര്‍ച്ച നിരക്ക് 12 ശതമാനം രേഖപ്പെടുത്തുകയും 2016-17 ല്‍ ഇത് 2.2 ശതമാനമായി രേഖപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ ഖനന മേഖല

മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പന്നത്തിലേക്ക് മൈനിംഗ് ആന്റ് ക്വാറിയിംഗ് മേഖലയുടെ കൂട്ടിചേര്‍ക്കപ്പെട്ട മൂല്യത്തിലേക്കുള്ള 2016-17 ലെ വിഹിതം സ്ഥിരവിലയില്‍ 2,905 കോടി രൂപയായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60.2 ശതമാനം കൂടുതലാണ്. സ്ഥിര വിലയില്‍ ഈ മേഖലയുടെ വിഹിതം 2015-16 -ല്‍ 0.5 ശതമാനമായിരുന്നത് 2016-17 -ല്‍ 0.7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.

സ്ഥിര വിലയിലെ (2011-12) മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പന്ന കണക്കുകള്‍ പ്രകാരം 2012-13 മുതല്‍ 2016-17 വരെ ഈ മേഖലയില്‍ നിന്ന് സംസ്ഥാനം നേടിയ വരുമാന വളര്‍ച്ച ചിത്രം 3.1.2 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 3.1.2
കേരളത്തിലെ ഖനന ക്വാറി മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക്
അവലംബം: സാമ്പത്തിക സ്ഥിതി വിവര വകുപ്പ്

സംസ്ഥാനത്തെ ഖനന ക്വാറി മേഖലകളുടെ വളര്‍ച്ച നിരക്ക് 2012-13 -ല്‍ 16 ശതമാനമാണ് രേഖപ്പെടുത്തിയത്. 2013-14 -ല്‍ വളര്‍ച്ചാനിരക്ക് 50.1 ശതമാനവും 2014-15 -ല്‍ 60.8 ശതമാനവും 2015-16 -ല്‍ 67.2 ശതമാനവും 2016-17 -ല്‍ 60.2 ശതമാനവുമായിരുന്നു. 2016 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ 64 പ്രധാന ധാതു ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2016-17 കാലയളവില്‍, 64 മേജര്‍ മിനറല്‍ മൈനിംഗ് ലീസുകളും, മൈനര്‍ മിനറല്‍ വിഭാഗത്തില്‍പ്പെട്ട 472 ക്വാറി ലീസുകളും, മൈനര്‍ മിനറലുകള്‍ക്കായുളള 5,860 ക്വാറി പെര്‍മിറ്റുകളും, 1,349 ഡീലര്‍ ലൈസന്‍സുകളും നല്‍കി. 2016-17 ലെ കണക്ക് പ്രകാരം കേരളത്തില്‍ ആകെ 180 അംഗീകൃത മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളുണ്ട്. കൂടാതെ, രണ്ട് മൈനര്‍ മിനറലുകള്‍ക്കുളള ലൈസന്‍സുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

2016 ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം മൈനിംഗ് ലീസുകള്‍ക്കായി നല്‍കിയിട്ടുള്ള ആകെയുളള ഭൂപ്രദേശം 1,128.9 ഹെക്ടറാണ്. ഇതില്‍ ധാതുമണല്‍ 558.4 ഹെക്ടറും, ചുണ്ണാമ്പ് കല്ല് 245.7 ഹെക്ടറും, ലൈംഷെല്‍/സീഷെല്‍ 99.4 ഹെക്ടറും, ഇരുമ്പയിര് 86.1 ഹൈക്ടറും ചൈനാക്ലേ 70.6 ഹെക്ടറും സിലിക്കാസാന്റ് 26.5 ഹെക്ടറും ക്വാര്‍ട്ട്സ് 6.8 ഹെക്ടറുമാണ്. ഗ്രാഫൈറ്റ് ഉള്ള പ്രദേശം 1.3 ഹെക്ടറുമാണ്. ബോക്സൈറ്റ് ഖനനം ഇപ്പോള്‍ കേരളത്തിലില്ല. മൈനിംഗ് ലീസുകള്‍ക്ക് നല്‍കിയിട്ടുള്ള, ധാതുക്കള്‍ തിരിച്ചുള്ള, പ്രദേശങ്ങളുടെ വിവരങ്ങള്‍ അനുബന്ധം 3.1.2 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

2016-17 ലെ ധാതു തിരിച്ചുള്ള ഉല്പാദനവും വരുമാനവും

സര്‍ക്കാരിന് ധാതുക്കളില്‍ നിന്നുള്ള വരുമാനം പ്രധാനമായും റോയല്‍റ്റിരൂപത്തിലാണ് ലഭിക്കുന്നത്. ഏകദേശം 95 ശതമാനം വരുമാനവും മൈനര്‍ മിനറലുകളില്‍ നിന്നും ബാക്കി മേജര്‍ മിനറലുകളില്‍ നിന്നുമാണ് ലഭ്യമാകുന്നത്. 2016-17 -ല്‍ ആകെ ലഭിച്ച വരുമാനം 138.7 കോടി രൂപയാണ്.

കേരളത്തില്‍ 2016-17 വര്‍ഷത്തില്‍ 537.3 ലക്ഷം ടണ്‍ മേജര്‍/മൈനര്‍ മിനറലുകള്‍ ഉല്‍പ്പാദിപ്പിച്ചു. മേജര്‍ മിനറലുകളില്‍ ഒന്നാം സ്ഥാനം ചുണ്ണാമ്പുകല്ല് (4.1 ലക്ഷം ടണ്‍), തുടര്‍ന്ന് ഇല്‍മനൈറ്റ് (1.2 ലക്ഷം ടണ്‍). മൈനര്‍ മിനറലുകളി‍ല്‍ ഏറ്റവും കൂടുതല്‍‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണാണ് (341 ലക്ഷം ടണ്‍), തുടര്‍ന്ന്, ഓര്‍ഡിനറി എര്‍ത്ത് (104.6 ലക്ഷം ടണ്‍) രണ്ടാം സ്ഥാനത്തുണ്ട്.

2015-16 -ല്‍ 119.5 കോടി രൂപ ധാതുക്കളില്‍ നിന്നും വരുമാനമായി ലഭിച്ചു, 2016-17 ആയപ്പോഴേക്കും വരുമാനം 138.7 കോടി രൂപയായി വര്‍ദ്ധിച്ചു. (16 ശതമാനം) ഇതില്‍ 6.5 കോടി രൂപ മേജര്‍ മിനറലുകളില്‍ നിന്നും 132.3 കോടി രൂപ മൈനര്‍ മിനറലുകളില്‍ നിന്നുമാണ്. മേജര്‍ മിനറലുകളില്‍ 2016-17 -ല്‍ ഏറ്റവുമധികം റോയല്‍റ്റി ലഭിച്ചത് ലൈംസ്റ്റോണില്‍ നിന്നാണ് (3.3 കോടി രൂപ) തുടര്‍ന്ന് ഇല്‍മനൈറ്റ് (1.5 കോടി). മൈനര്‍ മിനറലുകളില്‍ ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണില്‍ (81.8 കോടി രൂപ) നിന്നാണ് ഏറ്റവുമധികം റോയല്‍റ്റി 2016-17 വര്‍ഷത്തില്‍ ലഭിച്ചത്. രണ്ടാം സ്ഥാനം ഓര്‍ഡിനറി എര്‍ത്തിനും (20.9 കോടി രൂപ), മൂന്നാം സ്ഥാനം ലാറ്ററൈറ്റ് ബില്‍ഡിംഗ് സ്റ്റോണിനുമാണ് (11.4 കോടി രൂപ). 2016-17 ല്‍ സംസ്ഥാനത്തെ ധാതുക്കളുടെ ഉല്‍പ്പാദനം സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 3.1.3 -ല്‍ ചേര്‍ത്തിരിക്കുന്നു.

മേജര്‍/മൈനര്‍ മിനറലില്‍ നിന്ന് ലഭിച്ച ജില്ല തിരിച്ചുള്ള വരുമാനം

2016-17 ലെ ജില്ല തിരിച്ചുളള വരുമാനം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ജില്ല എറണാകുളമാണ്, 33.9 കോടി രൂപ (ആകെ വരുമാനത്തിന്റെ 24.5 ശതമാനം).രണ്ടാം സ്ഥാനം പാലക്കാടിനും (13.4 കോടി രൂപ, 9.6 ശതമാനം), മൂന്നാം സ്ഥാനം തിരുവനന്തപുരത്തിനുമാണ് (12.4 കോടി രൂപ, 8.9 ശതമാനം). കുറച്ച് വരുമാനം ലഭിച്ചത് വയനാട് ജില്ലയില്‍ നിന്നുമാണ് (1.8 കോടി രൂപ, 1.3 ശതമാനം). ധാതുക്കളില്‍ (മേജര്‍/മൈനര്‍ മിനറലുകള്‍) നിന്നുള്ള വരുമാനം സംബന്ധിച്ച ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ അനുബന്ധം 3.1.4 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഇ-ഗവേര്‍ണന്‍സ് പദ്ധതിയുടെ നടപ്പാക്കല്‍

കേരളാ ഓണ്‍ ലൈൻ മൈനിംഗ് പെര്‍മിറ്റ് അവാര്‍ഡിംഗ് സർവീസസ് (കോംപാസ്) എന്ന ഓണ്‍ ലൈൻ സംവിധാനം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വഴിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ എല്ലാ മോഡ്യൂളുകളും വികസിപ്പിച്ചിട്ടുണ്ട്. നവംബര്‍ 2017 മുതല്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

ശാസ്ത്രീയ മൈനിംഗ് നയം-മുമ്പോട്ടുള്ള പ്രയാണം

കേരളം ശാസ്ത്രീയ മൈനിംഗ് നയം ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടേണ്ടതുണ്ട്.

  • ഖനനം ചെയ്യാന്‍ സാധിക്കുന്ന പ്രകൃതിയിലുള്ള ഭൗതികവസ്തുക്കളായ മിനറലുകളും പാറകളും സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ സാധ്യതകളെപ്പറ്റി വിലയിരുത്തേണ്ടതുണ്ട്.
  • പരിസ്ഥിതിയെ, അഥവാ ജലം, വായു, മണ്ണ്, ജൈവവ്യവസ്ഥ എന്നിവയ്ക്ക് ഏറ്റവും കുറഞ്ഞ തോതിലുള്ള കോട്ടം വരുന്ന ഖനന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സോഷ്യല്‍ ഇംപാക്റ്റ് അസസ്സ്മെന്റ് അല്ലെങ്കില്‍ എസ്.ഐ.എ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുക.
  • സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖനനം ചെയ്യാവുന്ന ധാതുക്കളുടെ വിതരണത്തിന്റെ മാപ്പിംഗിനായുള്ള മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയും ജിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെയും യോജിച്ച ശ്രമങ്ങളുണ്ടാകണം. ജിയോഗ്രഫിക്ക്ഇന്‍ഫര്‍മേഷന്‍ സേവനങ്ങളും ജിയോ ഡാറ്റാ ബേസും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക.
  • പ്രവര്‍ത്തിക്കുന്നഖനികളുടെയും ക്വാറികളുടെയും ഫോട്ടോഗ്രാമെട്രിക് മോണിറ്ററിംഗ് സംവിധാനത്തിലൂടെ കുഴിച്ചെടുത്ത വസ്തുക്കളുടെ അളവ് സംബന്ധിച്ച എസ്റ്റിമേറ്റ് മനസ്സിലാക്കുന്നതിനും അതുവഴി സംസ്ഥാനത്ത് വരുമാനം/റോയല്‍റ്റി നഷ്ടം നികത്തുന്നതിനും സാധിക്കും.
  • ലീസ്/പെര്‍മിറ്റ് നല്‍കുന്നതിനും അടച്ചുപൂട്ടല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആധുനികവല്‍ക്കരിക്കുന്നതിനും, പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും മൈനിംഗ് നടപടി കൈകൊള്ളേണ്ടതുണ്ട്.
  • എന്‍ജിനീയറിംഗ്, അപ്ലൈഡ് ജിയോഫിസിക്സ് എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കേണ്ടതുണ്ട്.
  • മൈനിംഗും ക്വാറിയിങ്ങും പുതിയതായി ആരംഭിക്കുന്നതിനും ലീസ് പെര്‍മിറ്റ് നല്‍കുന്നതിനുമായി ജില്ലാതലത്തില്‍ ജില്ലാകളക്ടര്‍ ചെയര്‍മാനായ ഒരു ഏകജാലക സംവിധാനം ആരംഭിക്കുന്നത് അത്യന്താപേക്ഷിതമാണ്.
  • ജില്ലാതലത്തിലുള്ള തീരുമാനങ്ങളുടെ അവലോകനത്തിനായി സംസ്ഥാന തലത്തില്‍ ഒരു അപ്പലേറ്റ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണ്.
  • സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ഒരു ഉന്നതതല കമ്മിറ്റി നിശ്ചിത സമയപരിധിക്കുള്ളില്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നുവെന്നത് ഉറപ്പു വരുത്തുന്നതിനായി ഉണ്ടായിരിക്കേണ്ടതാണ്.

ഉപസംഹാരം

മൈനിംഗും ക്വാറിയും വളരെ അത്യന്താപേക്ഷിതമായ പ്രവര്‍ത്തനങ്ങളാണെങ്കിലും ഖനനപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്. ആയതിനാല്‍, ഖനന പ്രവര്‍ത്തനങ്ങളുടെ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ആധുനിക സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും ഒരു പരിധിവരെമൈനിംഗ്, ക്വാറിയിംഗ് പ്രവര്‍ത്തനങ്ങള്‍ മൂലം പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന നഷ്ടം കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ട്.