ഇന്ത്യൻ സമ്പത്‍വ്യവസ്ഥയുടെ ഊർജ്ജസ്വലവും ചലനാത്മകവുമായ മേഖലയായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) ഉയർന്ന് വന്നിട്ടുണ്ട്. താരതമ്യേന കുറഞ്ഞ മൂലധന ചെലവും മറ്റുളള മേഖലകളുമായിട്ടുള്ള മുന്നാക്ക–പിന്നാക്ക ബന്ധങ്ങളിലൂടെ ഒരു വിഭിന്ന നിര്‍മ്മാണ മേഖല രൂപീകരിക്കുന്നതില്‍ എം.എസ്.എം.ഇ യ്ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും. വലിയ വ്യവസായങ്ങൾക്ക് അനുബന്ധ പരിപൂരക യൂണിറ്റുകളായി ഇവ പ്രവർത്തിക്കുന്നു. ഈ മേഖല രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവന നൽകിവരുന്നു. 36 ദശലക്ഷം യൂണിറ്റുകൾ അടങ്ങിയ ഈ മേഖല ഇന്ന് 80 ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ പ്രദാനം ചെയ്യുന്നു. കൂടാതെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 6 ശതമാനവും, നിർമ്മാണ മേഖലയുടെ 33.0 ശതമാനവും രാജ്യത്തിന്റെ കയറ്റുമതിയുടെ 45 ശതമാനവും സംഭാവന ചെയ്യുന്നു (അവലംബം: വാർഷിക റിപ്പോർട്ട് 2016-17, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം, ഭാരത സർക്കാർ).
ഇന്ത്യയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖല വലിപ്പം, സാങ്കേതികവിദ്യാ വിനിയോഗം, ഉൽപ്പന്നം എന്നിവയിൽ വൈവിദ്ധ്യം പുലർത്തുന്നു. 2013 ലെ ആറാം സാമ്പത്തിക സെൻസസ് (ഇസി), 2006-07 ലെ നാലാം എം.എസ്.എം.ഇ സെൻസസ്, 2005 ലെ സാമ്പത്തിക സെൻസസ് എന്നിവ പ്രകാരം രാജ്യത്തെ ആകെ എം.എസ്.എം.ഇ. കളുടെയും തൊഴിലിന്റെയും എണ്ണം യഥാക്രമം 512.99 ലക്ഷവും 1,112.28 ലക്ഷവുമാണ്. (അവലംബം: വാർഷിക റിപ്പോർട്ട് 2016-17, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം, ഭാരത സർക്കാർ).
2013 ലെ ആറാം സാമ്പത്തിക സെൻസസ് പ്രകാരം, രാജ്യത്ത് ആകെയുള്ള സ്ഥാപനങ്ങളിൽ 77.6 ശതമാനം സംരംഭങ്ങളും കാർഷികേതര മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. എം.എസ്.എം.ഇ.കളിലും കാർഷികേതര സംരംഭങ്ങൾ ഉൾപ്പെടുന്ന മറ്റ് വിവിധ സ്ഥാപനങ്ങളിലുമായി 108.4 മില്ല്യൻ തൊഴിലാളികൾ പണി എടുക്കുന്നുണ്ട്. ഇത് കാർഷിക-കാർഷികേതര സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ 82.6 ശതമാനമാണ്. രാജ്യത്തെ ആദ്യ 10 മികച്ച സംസ്ഥാനങ്ങളിലാണ് (ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം, രാജസ്ഥാൻ, ഗുജറാത്ത്, കർണ്ണാടകം, മധ്യപ്രദേശ്) എം.എസ്.എം.ഇ. മേഖലയിലെ ആകെയുള്ള സ്ഥാപനങ്ങളുടെയും തൊഴിലിന്റെയും 70 ശതമാനവും ഉൾപ്പെടുന്നത്. ഈ മേഖലയിലെ ആകെ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ 50 ശതമാനത്തിലേറെയും ഗ്രാമീണ മേഖലയിലാണ് പ്രവർത്തിച്ചുവരുന്നത് (അവലംബം: വാർഷിക റിപ്പോർട്ട് 2016-17, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം, ഭാരത സർക്കാർ).
കേരളത്തിന്റെ മികച്ച കണക്റ്റിവിറ്റി സൗകര്യം, വാര്‍ത്താ വിനിമയ ശൃംഖല, ലഭ്യമായ വിദഗ്ദ്ധ മനുഷ്യ വിഭവസമ്പത്ത് ഇവ കൂടാതെ താരതമ്യേന മെച്ചപ്പെട്ട വ്യവസായ അടിസ്ഥാന സൗകര്യം എന്നിവ എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്. ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളുടെ വ്യവസായവല്‍ക്കരണത്തിന് എം.എസ്.എം.ഇ കള്‍ പ്രധാന പങ്ക് വഹിക്കുകയും യുവാക്കളെയും സാമൂഹ്യപരമായി അവഗണിക്കപ്പെട്ട വിഭാഗക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാര്‍, വനിതകള്‍, അംഗപരിമിതർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് ഈ മേഖല മുഖ്യമായ പങ്ക് വഹിക്കുന്നു.
2013 ലെ ആറാം സാമ്പത്തിക സെൻസസ് പ്രകാരം, രാജ്യത്ത് ആകെയുള്ള സ്ഥാപനങ്ങളിൽ 77.6 ശതമാനം സംരംഭങ്ങളും കാർഷികേതര മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. എം.എസ്.എം.ഇ.കളിലും കാർഷികേതര സംരംഭങ്ങൾ ഉൾപ്പെടുന്ന മറ്റ് വിവിധ സ്ഥാപനങ്ങളിലുമായി 108.4 മില്ല്യൻ തൊഴിലാളികൾ പണി എടുക്കുന്നുണ്ട്. ഇത് കാർഷിക-കാർഷികേതര സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ 82.6 ശതമാനമാണ്. രാജ്യത്തെ ആദ്യ 10 മികച്ച സംസ്ഥാനങ്ങളിലാണ് (ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം, രാജസ്ഥാൻ, ഗുജറാത്ത്, കർണ്ണാടകം, മധ്യപ്രദേശ്) എം.എസ്.എം.ഇ. മേഖലയിലെ ആകെയുള്ള സ്ഥാപനങ്ങളുടെയും തൊഴിലിന്റെയും 70 ശതമാനവും ഉൾപ്പെടുന്നത്. ഈ മേഖലയിലെ ആകെ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ 50 ശതമാനത്തിലേറെയും ഗ്രാമീണ മേഖലയിലാണ് പ്രവർത്തിച്ചുവരുന്നത്
(അവലംബം: വാർഷിക റിപ്പോർട്ട് 2016-17, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം, ഭാരത സർക്കാർ).സംസ്ഥാന ഗവണ്‍മെന്റിന്റെ വ്യവസായ വാണിജ്യ വകുപ്പിന് (ഡി.ഐ.സി)), വ്യവസായ പ്രോത്സാഹനത്തിനും എം.എസ്.എം.ഇ യുടെയും പരമ്പരാഗത വ്യവസായമേഖലയുടെയും സുസ്ഥിര വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നിർവ്വാഹകന്റെ സ്ഥാനമാണുള്ളത്. ഹാൻഡ്‍ലൂം ആന്റ് ടെക്സ്റ്റൈൽസ്, കയര്‍, ഖാദി ഗ്രാമവികസന വകുപ്പ് എന്നീ സ്ഥാപനങ്ങൾ വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.
സംസ്ഥാനത്തെ ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം (യു.എ.എം)
എം.എസ്.എം.ഇ ഡവലപ്മെന്റ് ആക്ട് 2006 അനുഛേദം 8 അനുസരിച്ച് 2015 സെപ്റ്റംബര്‍ മാസം മുതൽ നടപ്പിലാക്കിയ പദ്ധതിയാണ്, യു.എ.എം. ഇതില്‍ എം.എസ്.എം.ഇ സംരംഭകര്‍ ഒരു പ്രത്യേക ഉദ്യോഗ് ആധാര്‍ നമ്പര്‍ (യു എ എൻ) ലഭിക്കുന്നതിനായി ഓണ്‍ലൈനായി സംരംഭകത്വ ധാരണാപത്രം സമര്‍പ്പിക്കേണ്ടതാണ്.
2015 സെപ്റ്റംബര്‍ 18 മുതൽ വ്യവസായ വാണിജ്യ വകുപ്പ് കേരളത്തിൽ ഇഎം ഭാഗം II സമർപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കുകയും അതിന്റെ സ്ഥാനത്ത് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനമായ ഉദ്യോഗ് ആധാർ ആരംഭിക്കുകയും ചെയ്തു. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഉദ്യോഗ് ആധാറിൽ അപേക്ഷ സമർപ്പിച്ചവരുടെ ആകെ എണ്ണം 34,518 ആണ്. ഇതിൽ നിർമാണ മേഖലയിൽ (21,011), (3,014), (141) എന്നിങ്ങനെ സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകളും (ആകെ 24,166 എണ്ണം) സേവന മേഖലയിൽ (8,341), (1,952), (59) എന്നിങ്ങനെ സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകളും പ്രവർത്തിക്കുന്നു (അവലംബം: www.udyogaadhar.gov.in & വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്) വിശദാംശങ്ങള്‍ അനുബന്ധം 3.1.17 - ല്‍ കൊടുത്തിരിക്കുന്നു.
സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയുടെ സംസ്ഥാനതല പ്രകടനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകളുടെ ആകെ എണ്ണം 15,535 ആണ്.
ഇക്കാലയളവിലെ മൊത്തം നിക്ഷേപം 138,711.73 ലക്ഷവും ആകെ സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം 57,445 ഉം ആണ്. 2,267 പുതിയ യൂണിറ്റുകളും 8,981 തൊഴിലുകളും ആരംഭിച്ച എറണാകുളം ജില്ല ഒന്നാമതും 216 യൂണിറ്റുകളും 634 തൊഴിലുകളും ആരംഭിച്ചു കൊണ്ട് വയനാട് ജില്ല ഏറ്റവും പിന്നിലായും പ്രവർത്തനം കാഴ്ചവച്ചു. വിശദാംശങ്ങള്‍ അനുബന്ധം 3.1.18 -ല്‍ കൊടുത്തിരിക്കുന്നു.
സാമ്പത്തിക അവസ്ഥ
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്ക്ക് പദ്ധതി വിഹിതമായി 1,691.98 കോടി രൂപ അനുവദിച്ചതിൽ ചെലവ് 152.38 കോടി രൂപയാണ് (90.02 ശതമാനം).
സംസ്ഥാന ബജറ്റ് 2017-18
കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മേഖല വ്യവസായ മേഖലയിലെ മറ്റ് ഉപവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിര വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017-18 ലെ സംസ്ഥാന ബജറ്റിൽ ഗ്രാമീണ ചെറുകിട സംരംഭങ്ങൾക്ക് 404.46 കോടി രൂപ പദ്ധതി തുകയായി അനുവദിച്ചതിൽ 2017 ആഗസ്റ്റ് 30 വരെയുള്ള ചെലവ് 132.84 കോടി രൂപയാണ് (32.84 ശതമാനം).
ജെൻഡർ ബഡ്ജറ്റിംഗിന് അർഹമായ പ്രാധാന്യം നൽകിയ 2017-18 ലെ സംസ്ഥാന ബജറ്റിൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലക്ക് പദ്ധതി വിഹിതമായി 404.46 കോടി രൂപ അനുവദിച്ചു. സർവകലാശാലകൾ/ഗവേഷണ സ്ഥാപനങ്ങൾ/വ്യവസായം/സംരംഭകർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്ന പുതിയ പദ്ധതി 2017-18 -ൽ ആരംഭിച്ചു. വിശദാംശങ്ങൾ ചുവടെ പട്ടിക.3.1.6 -ൽ നൽകിയിരിക്കുന്നു.
ക്രമ നം | മേഖല/ഉപമേഖല | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) | വാർഷിക പദ്ധതി(2017-18) | ||
6.1 | ഗ്രാമീണ ചെറുകിട സംരംഭങ്ങൾ | വിഹിതം | ചെലവ് | വിഹിതം | ചെലവ് |
i | ചെറുകിട വ്യവസായം | 39,692.0 | 29,688.9 | 12,806.0 | 3,985.6 |
ii | വാണിജ്യം | 1,015.0 | 1,002.3 | 400.0 | 272.3 |
iii | കരകൗശലം | 2,375.4 | 3950.2 | 595.0 | 206.8 |
ആകെ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) | 43,082.4 | 34,641.4 | 13,801.0 | 4,464.6 | |
iv | കൈത്തറിയും യന്ത്രത്തറിയും | 34,985.5 | 40,440.6 | 7,192.0 | 973.3 |
v | കയർ വ്യവസായം | 56,294.9 | 44,859.9 | 12,812.0 | 1,400.6 |
vi | ഖാദി ഗ്രാമ വ്യവസായം | 6,735.2 | 6,236.2 | 1,691.0 | 31.4 |
vii | കശുവണ്ടി വ്യവസായം | 28,100.0 | 26,149.9 | 4,950.0 | 6,415.0 |
ആകെ മൊത്തം (ഗ്രാമീണ ചെറുകിട സംരംഭങ്ങൾ) | 169,198.0 | 152,328.1 | 40,446.0 | 13,284.9 | |
അവലംബം: ബജറ്റ് 2017-18 & പ്ലാൻസ്പേസ് |
സംസ്ഥാനത്തെ പ്രധാന പദ്ധതികളും നേട്ടങ്ങളും
2015-16 -ല്‍ സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂല സാഹചര്യമൊരുക്കുവാന്‍ പല പരിപാടികളും സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കി. വ്യവസായ ആവശ്യത്തിന് വേണ്ടി അടിസ്ഥാന സൗകര്യമൊരുക്കല്‍, സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, നൈപുണ്യ വികസനം എന്നിവ നടപ്പിലാക്കി. പ്രധാന പരിപാടികളും നേട്ടങ്ങളും താഴെ പറയുന്നു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ
വ്യവസായ പാര്‍ക്കുകള്‍, എസ്റ്റേറ്റുകള്‍, വികസന പ്രദേശങ്ങള്‍/പ്ലോട്ടുകള്‍ എന്നിവിടങ്ങളിലെ റോഡുകള്‍, വൈദ്യുതി, വെളളം, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യം എന്നീ വ്യവസായ വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കലുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. പുതിയ ബഹുനില വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായ പാര്‍ക്കുകള്‍, ക്ലസ്റ്ററുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ എന്നിവയുടെ വികസനവുമായും ബന്ധപ്പെട്ടിരിക്കുന്നു. 2016-17 -ല്‍ വേളി, ഷൊർണൂർ, പുന്നപ്ര, പുഴക്കൽപ്പാടം (രണ്ടാം ഘട്ടം) എന്നീ വ്യവസായ എസ്റ്റേറ്റുകളിൽ 92.83 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 11 ഡിഎ/ഡിപികളിലെ ആന്തരിക റോഡ് നിർമാണം 32 കോടി രൂപ ചെലവിൽ പൂർത്തിയാക്കി. 1,000 പുതിയ സംരംഭങ്ങൾക്ക് ഇത് ഗുണം ചെയ്യും. തൃശ്ശൂർ ജില്ലയിലെ വാരാവൂരിലെ 8.55 ഏക്കർ വ്യവസായ എസ്റ്റേറ്റിലെ രണ്ടാം ഘട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി 4.05 കോടി രൂപ വകയിരുത്തി. 2016-17 കാലയളവിൽ പദ്ധതി വിഹിതമായി 25 കോടി രൂപ വകയിരുത്തി.
കാര്യശേഷി വികസന പരിപാടികള്‍
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സംരംഭകത്വം/വ്യവസായ വികസന പരിപാടികളും നൈപുണ്യ വികസന പരിശീലനവും ഇതിലൂടെ ലഭ്യമാക്കുന്നു. ഇതനുസരിച്ച് താഴെ പറയുന്ന പരിപാടികള്‍ സംഘടിപ്പിച്ചു.
2016-17 -ൽ 750 ലക്ഷം രൂപ പദ്ധതി വിഹിതമായി അനുവദിച്ചിരുന്നു.
സംരംഭക സഹായ പരിപാടി (ഇ.എസ്.എസ്)
ഈ പദ്ധതി പ്രകാരം എം.എസ്.എം.ഇ കള്‍ക്ക് വര്‍ദ്ധിച്ച സഹായവും ഒറ്റത്തവണ തീർപ്പാക്കലും, പ്രത്യേകിച്ചും വനിതകള്‍, പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംരംഭകർ എന്നിവർക്ക് ഇതിലൂടെ പ്രധാനം ചെയ്യുന്നു. 2016-17 -ല്‍ 1,101 സംരംഭങ്ങള്‍ക്കായി 46.32 ലക്ഷം രൂപയും ഈ പദ്ധതി നടപ്പിലാക്കാന്‍ 4,500 ലക്ഷം രൂപയും അനുവദിച്ചു.
വ്യവസായ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍
2017 മാര്‍ച്ച് 31, ലെ കണക്കനുസരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവുകളുടെ ആകെ എണ്ണം 430 ആണ്. മുൻ വര്‍ഷം ഇത് 402 ആയിരുന്നു. മുൻവര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ട്. ഇതിൽ വനിതകള്‍ രജിസ്റ്റര്‍ ചെയ്ത കോ-ഓപ്പറേറ്റീവുകളുടെ എണ്ണം 113 ആണ്. 2016-17 -ല്‍ 13 സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശം അനുബന്ധം 3.1.19 -ല്‍ നല്‍കിയിരിക്കുന്നു.
വ്യവസായ വികസന പ്ലോട്ടുകള്‍/പ്രദേശങ്ങള്‍
സംസ്ഥാനത്തെ ചെറുകിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ വ്യവസായ സൗകര്യങ്ങള്‍ ഒരുക്കുന്നത് വ്യവസായ വാണിജ്യ ഡയറക്ടറേറ്റാണ് (ഡി.ഐ.സി). ഇന്ന്, ഡി.ഐ.സി യുടെ കീഴില്‍ 24,343.57 ഏക്കറിലായി 37 വികസന പ്രദേശങ്ങള്‍/പ്ലോട്ടുകള്‍ഉണ്ട്. മുൻവര്‍ഷത്തെ 2,563 യൂണിറ്റുകളെ അപേക്ഷിച്ച് 2016-17 ല്‍ 2,595 യൂണിറ്റുകള്‍ വ്യവസായ വികസന പ്രദേശങ്ങള്‍/പ്ലോട്ടുകളില്‍ ആരംഭിച്ചു. ഇതിന്റെ വിശദാംശം അനുബന്ധം 3.1.20 -ല്‍ കൊടുത്തിരിക്കുന്നു.
മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍
2017 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 89 മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും അവയില്‍ 777 എസ്.എസ്.ഐ യൂണിറ്റുകളുമുണ്ട്. 3,400 പേർക്ക് വിവിധ യൂണിറ്റുകളിലായി തൊഴിൽ നൽകാൻ കഴിഞ്ഞു. വിശദാംശങ്ങള്‍ അനുബന്ധം 3.1.21 -ല്‍ നല്‍കിയിട്ടുണ്ട്.
സിഡ്കോയുടെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകള്‍
സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയില്‍ ഭൂമി, വര്‍ക്ക് ഷെഡ്, ജലം, അസംസ്കൃത വസ്തുക്കളുടെ വിതരണം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരള ചെറുകിട വ്യവസായ എസ്റ്റേറ്റുകളിലൂടെയും പാര്‍ക്കുകളിലൂടെയും സിഡ്കോ ലഭ്യമാക്കുന്നുണ്ട്. സിഡ്കോയുടെ ഭരണനിയന്ത്രണത്തില്‍ പ്രവര്‍ത്തനക്ഷമങ്ങളായ 857 യൂണിറ്റുകളോട് കൂടിയ 17 വ്യവസായ എസ്റ്റേറ്റുകളുണ്ട്. 2017 സെപ്റ്റംബര്‍ 31 ലെ കണക്കനുസരിച്ച് 7,456 തൊഴിലവസരങ്ങള്‍ ഈ യൂണിറ്റുകള്‍ നൽകിയിട്ടുണ്ട്. കൂടാതെ 1,339 തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന 304 യൂണിറ്റുകളുള്ള 36 മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും 7 ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സിഡ്കോയുടെ കീഴിലുണ്ട്. 2016-17 ലെ മൊത്തം വിറ്റുവരവ് 312.34 കോടി രൂപയാണ്. 2012-13 മുതല്‍ സിഡ്കോ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിശദാംശങ്ങള്‍ അനുബന്ധം 3.1.22, 3.1.23, 3.1.24 എന്നിവയില്‍ കൊടുത്തിരിക്കുന്നു.
പ്രചരണപരിപാടികള്‍/പ്രദര്‍ശനങ്ങള്‍-എം.എസ്.എം.ഇ സെക്ടറിലെ (2016-17) നേട്ടങ്ങള്‍
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കേരളത്തിനകത്ത് 2016-17 -ല്‍ എക്സിബിഷനുകള്‍/ഫെയറുകള്‍ എന്നിങ്ങനെ 16 വിവിധ ഇനം പരിപാടികള്‍ സംഘടിപ്പിക്കുകയോ അവയില്‍ പങ്കെടടുക്കുകയോ ചെയ്യുകയും ആകെ 0.93 കോടി രൂപ വരുമാനം നേടുകയും ചെയ്തു. 3 എക്സിബിഷനുകള്‍ കാസർഗോഡും 2 എണ്ണം തൃശൂരും മറ്റുള്ളവ 12 വിവിധ ജില്ലകളിലുമായും സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ സ്റ്റാളുകളും (422 എണ്ണം) എക്സിബിഷനുകളും (3 എണ്ണം) സംഘടിപ്പിച്ചത് കാസർഗോഡ് ജില്ലയാണ്. ഡി.ഐ.സി കേരളത്തിന് പുറത്ത് 136 സ്റ്റാളുകളുമായി 1 അന്തര്‍ദ്ദേശീയ പ്രദര്‍ശനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ അനുബന്ധം 3.1.25 -ല്‍ കൊടുത്തിരിക്കുന്നു. 2016-17 ല്‍ വ്യവസായ വകുപ്പ് നടപ്പാക്കിയ പ്രധാന പരിപാടികള്‍ താഴെപ്പറയുന്നവയാണ്.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മറ്റി (എസ്.എല്‍.ബി.സി)
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മറ്റിയുടെ (എസ്.എല്‍.ബി.സി) റിപ്പോര്‍ട്ട് പ്രകാരം വിവിധ മേഖലകളിലായി 2017 മാര്‍ച്ച് വരെ കേരളത്തിന് അനുവദിച്ച വായ്പകളിലൂടെ പിരിഞ്ഞു കിട്ടാന്‍ ബാക്കി നില്‍ക്കുന്ന തുക 256,075 കോടി രൂപയാണ്. ഇത്, മുൻവര്‍ഷത്തെ 232,417 കോടി രൂപയേക്കാള്‍ 10.17 ശതമാനം അധികമാണ്. എം.എസ്.എം.ഇ മേഖലയില്‍ 2017 മാര്‍ച്ച് വരെ മാത്രം 39,408 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇത് മുന്‍ വര്‍ഷത്തെ 39,463 കോടി രൂപയേക്കാള്‍ 0.13 ശതമാനം കുറവാണ്. വിവിധ മേഖലകളിലെ വായ്പകളുടെ വിശദാംശങ്ങള്‍ അനുബന്ധം 3.1.26 -ല്‍ നല്കിയിരിക്കുന്നു.
സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി)
സുരക്ഷിതമല്ലാത്ത വായ്പാ സൗകര്യം ലഭ്യമാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ പരിഷ്ക്കാരത്തിന് ഗവണ്മെന്റ് സിഡ്ബിയെ പ്രോത്സാഹിപ്പിക്കുന്നു. ഇതുവഴി ന്യായമായ പലിശ നിരക്കിന്റെയും ഇടപാട് ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ ഇടപാടുകാർക്ക് വായ്പാ സൗകര്യം ഉറപ്പുവരുത്തുന്നു. 2017 മാര്‍ച്ച് 31 ലെ കണക്കുകൾ അനുസരിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്ക്ക് വിവിധ ഉത്പന്നങ്ങളിലൂടെ മൊത്തത്തിൽ ലഭിച്ച ധനസഹായം 4.51 കോടി രൂപയാണ്. വിശദാംശങ്ങള്‍ അനുബന്ധം 3.1.27 -ല്‍ നൽകിയിരിക്കുന്നു.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി)
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും മറ്റ് മേഖലകൾക്കും സാമ്പത്തിക സഹായം നൽകുന്നതിന് കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എഫ്.സി) മറ്റൊരു ഉറവിടമാണ്. ഇക്കാലയളവിൽ കെ.എഫ്.സി ലക്ഷ്യമിടുന്നത് വീണ്ടെടുക്കൽ മേഖലയിൽ ഊന്നിയ സമ്പൂർണ വളർച്ചയാണ്. 2016-17 വർഷത്തിൽ വീണ്ടെടുത്ത ആകെ തുക 874.28 കോടിയും 2015-16-ൽ ഇത് 758.26 കോടി രൂപയും ആയിരുന്നു. 2016-17 -ൽ സാമ്പത്തിക സഹായമായി കെ എഫ് സി അനുവദിച്ചത് 385.31 കോടി രൂപയാണ്. 2015-16 -ൽ ഇത് 1,025.99 കോടി രൂപആയിരുന്നു. കോർപ്പറേഷന്റെ പ്രവർത്തന ലാഭം 7.87 കോടിരൂപയും അറ്റാദായം 5.69 കോടിരൂപയുമാണ് (അവലംബം: വാർഷിക റിപ്പോർട്ട് 2017, കെ എഫ് സി).
വ്യവസായിക ക്ലസ്റ്റര്‍ വികസനം
ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളുടെ വികസനത്തിനും അഭിവൃദ്ധിക്കുമുള്ള ഫലപ്രദമായ മാര്‍ഗ്ഗം എന്ന നിലയില്‍ വ്യാവസായിക ക്ലസ്റ്റര്‍ വികസനം വളരെയധികം അംഗീകരിക്കപ്പെട്ടിരിക്കുന്നു. എം.എസ്.എം.ഇ പങ്കാളികളെ സംബന്ധിച്ചിടത്തോളം ഇന്‍ക്ലൂസീവ്നെസ്, സാങ്കേതിക വിദ്യയുടെ സ്വാംശീകരണം, ശേഷി മെച്ചപ്പെടുത്തല്‍ പൊതുവിഭവങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയില്‍ ക്ലസ്റ്ററുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉത്പാദനക്ഷമത, ശേഷി, മത്സരക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഉപായമായാണ് ക്ലസ്റ്റര്‍ സമീപനത്തെ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
പരമ്പരാഗത രീതിയിലുള്ള പ്രവര്‍ത്തനങ്ങളെയും, വ്യാവസായിക ജില്ലകളെയും മത്സരത്തിന് അനുകൂലമാക്കുന്നതിനും, നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിനുള്ള നവീന ശൃംഖലകളായി രൂപാന്തരപ്പെടുത്തുന്നതിലൂടെ, കൂട്ടായ്മയുടെ (agglomeration) ലാഭം കൊയ്യുന്നതിനായി കേരള സര്‍ക്കാര്‍ വ്യവസായവത്ക്കരണത്തിന് ക്ലസ്റ്റര്‍ വികസന സമീപനം മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്. എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍, കെ-ബിപ് എന്നിവയിലൂടെയാണ് സംസ്ഥാനം ക്ലസ്റ്റര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തടി, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, റബ്ബര്‍, ടെക്സ്റ്റയിൽസ്, അരിമില്‍, പ്ലാസ്റ്റിക് പ്രിന്റേഴ്സ്, എത്നിക് ഫുഡ്, കാര്‍ഷിക ഉപകരണങ്ങള്‍, ജനറല്‍ എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ പൊതുസൗകര്യ സേവന കേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം 19 പൊതു സൗകര്യ സേവന കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി വരുന്നു. സംസ്ഥാന ഗവൺമെന്റും മറ്റ് പങ്കാളികളുമായി ചേർന്ന് തൃശ്ശൂരിലെ എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് തലസ്ഥാനത്ത് ക്ലസ്റ്ററുകളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി സജീവമായി ഇടപെട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ മൂവാറ്റുപുഴയിലെ പ്ലൈവുഡ് ക്ലസ്റ്ററിന്റെ നിർമാണത്തിന് തത്വത്തിലുള്ള അംഗീകാരം ഗവൺമെന്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒകാല കാലടി ഓൾ കേരള സ്റ്റീൽ ഫർണിച്ചർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എം.എസ്. ഇ-സി.ഡി.പി. സ്കീമിൽ പുതിയ ക്ലസ്റ്റർ കൺസോർഷ്യവും ആരംഭിച്ചിട്ടുണ്ട് (അവലംബം: വാർഷിക റിപ്പോർട്ട്, എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍).
വൈദഗ്ദ്യവികസന പ്രോത്സാഹനം
പ്രാദേശിക സംരംഭകരുടെ പ്രോത്സാഹനം കൂടുതൽ സുസ്ഥിര ഉപഭോഗവും ഉത്പാദന സംവിധാനവും മെച്ചപ്പെടുത്താൻ സഹായിക്കും.സംരംഭക വിദ്യാഭ്യാസം നവീനത പ്രോത്സാഹിപ്പിക്കുകയും മികച്ച ഉത്പന്നങ്ങൾ, പദ്ധതികൾ, സേവനങ്ങൾ എന്നിവ ഉണ്ടാക്കാൻ സംരംഭകരെ സഹായിക്കുകയും ചെയ്യുന്നു. വികസനത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സങ്കീർണതയും സുസ്ഥിര മൂല്യങ്ങളും ദീർഘകാല വീക്ഷണം എന്നിവ. കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകിച്ചും ഫലപ്രദമാണ്. കേരളത്തിലെ വൈദഗ്ദ്ധ്യ വികസന പരിശീലന സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ പട്ടിക 3.1.7 -ൽ കാണിച്ചിരിക്കുന്നു.
എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍ (എം.എസ്.എം.ഇ-ഡിഐ) | ഇന്ത്യാ ഗവണ്‍മെന്റിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്, കേരളത്തിനും ലക്ഷദീപുകൾക്കും ടെക്നോ ഇക്കണോമിക് മാനേജീരിയൽ കൺസൾട്ടൻസി സർവിസുകൾ നൽകിവരുന്നു. ഇവിടെ വ്യവസായ ഉത്തേജക ക്യാമ്പെയിനുകൾ, എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം (ഇഡിപി), എന്റർപ്രണർഷിപ്പ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (എസ്എസ്ഡി), മാനേജ്മെൻറ് ഡവലപ്മെൻറ് പ്രോഗ്രാമുകൾ (എം ഡി പി), പിഡി അക്കൗണ്ട് മുഖേനയുള്ള സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ (എസ്.ഡി.പി.കൾ) എന്നീ വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ച് വരുന്നുണ്ട്. |
കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലെന്‍സ് (കെഎഎസ്ഇ) | കേരള സർക്കാർ, കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലെന്‍സിന്റെ (കെഎഎസ്ഇ) നേതൃത്വത്തിൽ യുവ തൊഴിലാളികൾക്ക് തൊഴിൽ മാർഗനിർദേശങ്ങൾ നല്കുന്നതിനും വ്യവസായിക പരിശീലനം തൊഴിൽ ലഭ്യത എന്നിവ ഉറപ്പ് വരുത്തുന്നതിനുമായി കൊല്ലം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ കൗശൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. 2017 ആഗസ്റ്റ് 31 വരെ 245 വിവിധ പരിശീലന പരിപാടികളിലൂടെ 359 പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. |
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) | തൊഴിലും തൊഴിലധിഷ്ഠിതവുമായ മറ്റ് വിഷയങ്ങളിലും പരിശീലനത്തിനും ഗവേഷണത്തിനും ആയിട്ടുള്ള ഈ സ്ഥാപനം, 2016-17 -ല്‍ ട്രെയിനിംഗുകള്‍, വര്‍ക്ക്ഷോപ്പുകള്‍ സെമിനാറുകള്‍, പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ പഠനങ്ങള്‍ എന്നീ വിവിധ കാര്യപരിപാടികള്‍ നടത്തുകയുണ്ടായി. ഇതനുസരിച്ച് 2,251 പേരും 2017-18 -ൽ 13 പരിപാടികൾ നടത്തിയതിൽ (2017 ആഗസ്റ്റ് 31 വരെ) 766 പേരും ഇതിന്റെ ഗുണഭോക്താക്കളായി. ഇത് മുൻ വര്‍ഷത്തെ അപേക്ഷിച്ച് 34.02 ശതമാനം കൂടുതലാണ്. |
ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും തൊഴിലധിഷ്ഠിതവും തുടര്‍ച്ചയായുള്ള ഓണ്‍-ദ-ജോബ് പരിശീലനവും തൊഴിലാളികളുടെ വൈദഗ്ദ്യം ശാശ്വതമായി മെച്ചപ്പെടുത്തുന്നത് ഉറപ്പുവരുത്തുന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം എം.എസ്.എം.ഇ സാങ്കേതിക വിദ്യാവികസനകേന്ദ്രങ്ങള്‍, എം.എസ്.എം.ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.വി.ഐ.സി, കയര്‍ബോര്‍ഡ്, എന്‍.എസ്.ഐ.സി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ സംരംഭകത്വത്തിലും വൈദഗ്ദ്യവികസനത്തിലും പതിനൊന്നാം പദ്ധതികാലത്ത് 1.69 ദശലക്ഷം പേര്‍ക്കും പന്ത്രണ്ടാം പദ്ധതിയുടെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 1.16 ദശലക്ഷം പേര്‍ക്കും പരിശീലനം നല്‍കുകയുണ്ടായി. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ തൃശ്ശൂരിലെ എം.എസ്.എം. ഇ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് (എം.എസ്.എം.ഇ-ഡിഐ) 2016-17 വര്‍ഷത്തില്‍ 49 ആവശ്യാനുസൃത വികസന പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ 9,548 പേര്‍ ഈ പരിപാടിയുടെ ഗുണഭോക്താക്കളായി. 2017-18 -ല്‍ (2017 ആഗസ്റ്റ് 31) 14 നൈപുണ്യ വികസന പരിപാടികൾ നടത്തുകയും 1,582 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ അനുബന്ധം 3.1.28 -ല്‍ നല്കിയിരിക്കുന്നു.
ഗ്രാമീണവ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം - പ്രധാന മന്ത്രിയുടെ തൊഴില്‍ദാന പരിപാടി (പി.എം.ഇ.ജി.പി)
ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷികേതര മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ച് അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദേശീയതലത്തില്‍ ആവിഷ്ക്കരിച്ച വായ്പാധിഷ്ഠിത സബ്സിഡി പദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പരിശീലന പരിപാടി (പി.എം.ഇ.ജി.പി). 2016-17 -ൽ ബാങ്കുകൾ 783 അപേക്ഷകൾ അംഗീകരിച്ച് മാര്‍ജിന്‍ ധനസഹായമായി 991.88 ലക്ഷം രൂപവിതരണം ചെയ്തു. വിശദവിവരങ്ങള്‍ അനുബന്ധം 3.1.29 -ല്‍ കൊടുത്തിരിക്കുന്നു.
വ്യവസായ ജാലകം - കേരള എം.സ്.എം.ഇ. ജിയോ പോർട്ടൽ
വ്യവസായ സംരംഭങ്ങളുടെ വിവര ശേഖരണത്തിനും ഇവർ നേരിടുന്ന പ്രതിബന്ധങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ലക്ഷ്യമിട്ടാണ് വ്യവസായ വാണിജ്യ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഇത് പ്രകാരം വ്യവസായ വികസന ഉദ്യോഗസ്ഥർ സംരംഭങ്ങൾ നേരിട്ട് സന്ദർശിച്ച് വിവരശേഖരണം നടത്തുന്നു. കൂടാതെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് സംരംഭത്തിന്റെ സ്ഥാനം രേഖപ്പെടുത്തുന്നു. ഇതു വരെ 34,420 യൂണിറ്റുകളുടെ വിവരശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്.
കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക് (കെസ്വാൻ) ഏകീകരണ പദ്ധതി
സംസ്ഥാനത്തെ എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും അടിസ്ഥാന വിവര സാങ്കേതിക വിദ്യാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് രൂപകല്പന ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വർക്ക് (കെസ്വാൻ) ഏകീകരണ പദ്ധതി. പദ്ധതി നടപ്പാക്കുന്നതിലൂടെ ഫയൽ കൈകാര്യം ചെയ്യുന്ന ജില്ലാ ഓഫീസിലെ ഓരോ ഉദ്യോഗസ്ഥനും കെ.എസ്.എൻ.എൻ സംവിധാനം, ടെലിഫോൺ കണക്ടിവിറ്റി, യു.പി.എസ് പവർ ബാക്കപ്പ് എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
വ്യവസായ വാണിജ്യ വകുപ്പിന്റെ നവീകരിച്ച വെബ്സൈറ്റ്
വകുപ്പിന്റെ വെബ്സൈറ്റ് (www.industry.kerala.gov.in), ഏകജാലക സംവിധാനം, ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, എം.എസ്.എം.ഇ അവാർഡുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് പുനർരൂപകൽപ്പന ചെയ്തു.കരകൗശല വ്യവസായത്തെ സംബന്ധിച്ച വിശദാംശങ്ങൾ, 14 ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായുള്ള മൈക്രോ വെബ്സൈറ്റ് ലിങ്കുകൾ, വകുപ്പിന്റെ ഓൺലൈൻ പദ്ധതികളുടെ വിശദാംശങ്ങൾ എന്നിവ പുതിയ വെബ്സൈറ്റിൽ ലഭ്യമാണ്.
ലാൻഡ് മാനേജ്മെന്റ് സിസ്റ്റം
വകുപ്പിന്റെ കൈവശമുള്ള 2,500 ഏക്കറിൽ അധികം വരുന്ന ഭൂമിയോ വ്യവസായമോ അനുവദിച്ച് കിട്ടുന്നതിന്, ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ ലാൻഡ് മാനേജ്മെൻറ് സംവിധാനം ആരംഭിച്ചു.
വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അനുബന്ധ പദ്ധതികൾ
ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്നു. പേപ്പർ ഫയലിംഗ് നിർമ്മാർജ്ജനമാണ് ലക്ഷ്യമിടുന്നത്. സംരംഭക സഹായ പദ്ധതിയിൽ അപേക്ഷകൾ സമർപ്പിക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതും ഓൺലൈൻ പ്രക്രിയയിലൂടെയാണ്.