വ്യവസായം- പൊതുമേഖലാ സ്ഥാപനങ്ങള്‍

ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിനും വ്യവസായവത്കരണത്തിനും കേന്ദ്ര- സംസ്ഥാന തലത്തിലുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ (പി.എസ്സ്.യു) വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമാണ്. ഉത്പാദനത്തിലും സാങ്കേതിക വിദ്യയിലും സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ആരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും ഭരണ നിയന്ത്രണത്തിലായി, 2016 മാര്‍ച്ച് 31 വരെ 320 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ഇതില്‍, 244 സ്ഥാപനങ്ങള്‍ പ്രവര്‍ത്തന ക്ഷമമാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന 165 സ്ഥാപനങ്ങളുടെ അറ്റലാഭം 2015-16 വര്‍ഷത്തില്‍ 1,400 ബില്യന്‍ രൂപയാണ്. അതേ സമയം, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 78 സ്ഥാപനങ്ങളുടെ അറ്റ നഷ്ടം 287.5 ബില്യണ്‍ രൂപ ആണ്.

കേന്ദ്ര മേഖലാ നിക്ഷേപം

ഇന്ത്യയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെയുള്ള യഥാര്‍ത്ഥ നിക്ഷേപം കണക്കാക്കുന്നത് ‘ഗ്രോസ് ബ്ളോക്കുകളിലാണ്. ഇത് 2014-15 -ല്‍ 19,069.3 ബില്യണ്‍ രൂപ ആയിരുന്നത് 2015-16 ല്‍ 20,263.2 ബില്യണ്‍ രൂപ ആയി വര്‍ദ്ധിച്ചു. ഇത് 2014-15 ലെ വളര്‍ച്ചയെ അപേക്ഷിച്ച് 6.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം ‘ഗ്രോസ് ബ്ലോക്കില്‍’ 2014-15 -ല്‍ 380.2 ബില്യണ്‍ രൂപ ആയിരുന്നത് 2015-16 -ല്‍ 433.5 ബില്യണ്‍ രൂപ ആയി ഉയര്‍ന്നു. അതായത്, 14 ശതനമാനം വര്‍ദ്ധനവ്. എന്നാല്‍, ഇന്ത്യയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ യഥാര്‍ത്ഥ മൊത്തം നിക്ഷേപത്തില്‍ നിന്ന് കേരളത്തിന് ലഭിച്ച വിഹിതം 2014-15 ലെ 2 ശതമാനത്തില്‍ നിന്നും 2015-16 -ല്‍ 2.1 ശതമാനം മാത്രമായാണ് വര്‍ദ്ധിച്ചത്. (പബ്ലിക് എന്റര്‍പ്രൈസസ് സർവ്വേ 2015-16). സംസ്ഥാനാടിസ്ഥാനത്തില്‍ പരിശോധിച്ചതില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് മഹാരാഷ്ട്രയിലാണ് (8.8 ശതമാനം), ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനത്തും (6.4 ശതമാനം), തമിഴ്നാടും ഒറീസയും മൂന്നാം സ്ഥാനത്തും (6.1 ശതമാനം) ആണ്. 2012-13 മുതല്‍ 2015-16 വരെ കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 3.1.5 -ല്‍ ചേര്‍ത്തിരിക്കുന്നു. മാര്‍ച്ച് 31, 2016 വരെ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ കേന്ദ്ര മേഖലാ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം 3.1.6 -ല്‍ ചേര്‍ത്തിരിക്കുന്നു.

2012-13 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ കേരളത്തിന് ലഭിച്ച നിക്ഷേപ വിഹിതം ചിത്രം 3.1.3 -ല്‍ ചേര്‍ത്തിരിക്കുന്നു. 2013-14 -ൽ കേരളത്തിന്റെ വിഹിതം കുറയുകയും തുടർന്നുള്ള വർഷങ്ങളിൽ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രം 3.1.3
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേരളത്തിന് ലഭിച്ച നിക്ഷേപ വിഹിതം ശതമാനത്തില്‍

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍

സമ്പദ് ഘടനയുടെ വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയുടെ വികസനത്തില്‍, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വളരെ നിര്‍ണ്ണായകമായ ഒരു പങ്കാണ് വഹിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാന ഗവണ്‍മെന്റ് കമ്പനികളും സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളില്‍പ്പെടുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2016 മാര്‍ച്ച് 31 വരെ കേരളത്തില്‍ ആകെ 128 പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഇതില്‍ 113 എണ്ണം (109 ഗവണ്‍മെന്റ് കമ്പനികളും 4 സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളും) പ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം, 15 എണ്ണം പ്രവര്‍ത്തനം നടക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളാണ്. കേരളത്തിലെ പ്രവര്‍ത്തനം നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ആകെ വില്‍പന 198.7 ബില്യണ്‍ രൂപയായിരേഖപ്പെടുത്തിയിരിക്കുന്നു(ഇത് സംസ്ഥാന ജി.എസ്.ഡി.പി യുടെ 3.4 ശതമാനത്തിന് തുല്യമാണ്). മാര്‍ച്ച് 31, 2016 വരെ 128 പൊതുമേഖല സ്ഥാപനങ്ങളിലെ മൊത്തം നിക്ഷേപം 19,786.9 കോടി രൂപയും പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വരുത്തിയ നഷ്ടം 3,136.8 കോടി രൂപയുമാണ്. സംസ്ഥാനത്തെ, പ്രവര്‍ത്തനക്ഷമമായ പൊതുമേഖല സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 50 പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം ലാഭം 395.5 കോടി രൂപയും 56 പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 1019.3 കോടി രൂപയുമാണ്. പ്രവര്‍ത്തിക്കാത്ത 3 പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ലാഭമോ നഷ്ടമോ ഇല്ല.

വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍

കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴില്‍ 40 പൊതു മേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍, 7 എണ്ണം കെമിക്കല്‍ മേഖല, 4 എണ്ണം ഇലക്ട്രിക്കല്‍, 6 എണ്ണം എഞ്ചിനീയറിംഗ്, 3 എണ്ണം ഇലക്ട്രോണിക്, 8 എണ്ണം ടെക്സ്റ്റയില്‍, 2 എണ്ണം സിറാമിക്, 6 എണ്ണം പരമ്പരാഗത മേഖല, 1 എണ്ണം തടിയുമായി ബന്ധപ്പെട്ട മേഖല, 3 എണ്ണം വികസന മേഖലയിലുമാണ്. 2012-13 മുതല്‍ 2016-17 വരെ 40 സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനഗതി ചിത്രം 3.1.4 -ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 3.1.4
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഗതി
*കിന്‍ഫ്രഒഴികെ, അവലംബം: പബ്ലിക്ക്സെക്റ്റര്‍ റീസ്ട്രെച്ചറിംഗ്ആന്റ‍്ഇന്റേണല്‍ ആഡിറ്റ്ബോര്‍ഡ്

2012-13 മുതല്‍ 2016-17 വരെ വ്യവസായ വകുപ്പിന് കീഴിലുള്ള 40 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനത്തിന്റ‍േയും വിറ്റുവരവിന്റ‍േയും സംയുക്തമൂല്യം ചിത്രം 3.1.5 -ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം 3.1.5
വ്യവസായ വകുപ്പിന് കീഴിലുള്ള 40 കേരള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും ഉല്പ്പാദനത്തിന്റ‍േയും വിറ്റുവരവിന്റ‍േയും മൂല്യം *
*കിന്‍ഫ്ര ഒഴികെ, അവലംബം: പബ്ലിക്ക് സെക്റ്റര്‍ റീ സ്ട്രെച്ചറിംഗ് ആന്റ‍് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ്

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ഉല്‍പ്പാദന മൂല്യത്തിലും വിറ്റുവരവിലും കാര്യമായ വ്യതിയാനങ്ങളൊന്നും വന്നിട്ടില്ലെന്ന് കാണാന്‍ കഴിയും. 2012-13 -ല്‍ വ്യവസായ വകുപ്പിന് കീഴിലുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ അറ്റാദായം 110.41 കോടി രൂപയായിരുന്നു. എന്നിരുന്നാലും, 2013-14 മുതല്‍ ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റലാഭം നെഗറ്റീവായി തുടരുന്നു. 2015-16 -ല്‍ ഇത് (-)131.9 കോടി രൂപ ആയിരുന്നത് 2016-17 -ല്‍ (-)80.7 കോടിരൂപയായി.

കഴിഞ്ഞ 5 വര്‍ഷത്തെ, വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായകണക്ക് അനുബന്ധം 3.1.7 -ല്‍ ചേര്‍ത്തിരിക്കുന്നു.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴിഞ്ഞ 5 വര്‍ഷമായുള്ള അറ്റലാഭം/നഷ്ടക്കണക്ക് ചിത്രം 3.1.6-ല്‍ ചേര്‍ത്തിരിക്കുന്നു. പ്രവര്‍ത്തന മൂലധന നഷ്ടം, സാങ്കേതിക വിദ്യയില്‍ കാലാനുസൃതമായ നവീകരണത്തിന്റെ അഭാവം, ഉല്‍പ്പന്ന വൈവിദ്ധ്യവല്‍ക്കരണത്തിലെ കുറവ്, മാറികൊണ്ടിരിക്കുന്ന കമ്പോളത്തിന്റെ ആവശ്യമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവില്ലായ്മ, ഉല്പ്പാദന ചെലവിലെ വര്‍ദ്ധനവ്, മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള കടുത്ത മത്സരം, വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്ന് നേരിടേണ്ട മത്സരം, വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത (സ്റ്റാറ്റ്യൂട്ടറി പേ ഔട്ട് ഉള്‍പ്പെടെ) എന്നിവ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മേഖല തിരിച്ചുള്ള സാമ്പത്തിക പ്രകടനം പട്ടിക 3.1.3 -ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 3.1.3
വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ മേഖല തിരിച്ചുള്ള സാമ്പത്തിക പ്രകടനം
ഇനങ്ങള്‍ 2012-13 2013-14 2014-15 2015-16 2016-17
കെമിക്കല്‍ മേഖല
ആകെ യൂണിറ്റുകളുടെ എണ്ണം 7 7 7 7 7
പദ്ധതി വിഹിതം
(തുക കോടിയില്‍)
5.5 9.4 22.0 10.0 19.7
ടേണ്‍ ഓവര്‍
(തുക കോടിയില്‍)
1132.9 1216.7 1123.1 1191.5 1324.5
അറ്റാദായം (കോടിയില്‍) 106.1 19.3 (-)43.7 12.9 44.2
ടെക്സ്റ്റയില്‍ മേഖല
ആകെ യൂണിറ്റുകളുടെ എണ്ണം 8 8 8 8 8
പദ്ധതി വിഹിതം
(തുക കോടിയില്‍)
27.6 47.1 24.6 38.1 42.3
ടേണ്‍ ഓവര്‍
(തുക കോടിയില്‍)
167.3 149.5 139.2 96.3 82.2
അറ്റാദായം (കോടിയില്‍) (-)23.1 (-)46.8 (-)58.6 (-)72.2 (-)71.1
ഇനങ്ങള്‍ 2012-13 2013-14 2014-15 2015-16 2016-17
എഞ്ചിനീയറിംഗ് മേഖല
ആകെ യൂണിറ്റുകളുടെ എണ്ണം 6 6 6 6 6
പദ്ധതി വിഹിതം
(തുക കോടിയില്‍)
35.1 20.5 13.7 9.0 24.9
ടേണ്‍ ഓവര്‍
(തുക കോടിയില്‍)
135.0 132.7 131.4 121.5 118.3
അറ്റാദായം (കോടിയില്‍) (-)14.9 (-)18.3 (-)19.9 (-)34.2 (-)23.0
ഇലക്ട്രോണിക്സ് മേഖല
ആകെ യൂണിറ്റുകളുടെ എണ്ണം 3 3 3 3 3
പദ്ധതി വിഹിതം
(തുക കോടിയില്‍)
6.2 11.3 7.0 2.2 5.00
ടേണ്‍ ഓവര്‍
(തുക കോടിയില്‍)
379.5 381.0 368.5 483.9 450.6
അറ്റാദായം (കോടിയില്‍) 4.6 2.8 2.5 0.6 2.4
ഇലക്ട്രിക്കല്‍ മേഖല
ആകെ യൂണിറ്റുകളുടെ എണ്ണം 4 4 4 4 4
പദ്ധതി വിഹിതം
(തുക കോടിയില്‍)
23.1 18.8 14.0 18.5 15.5
ടേണ്‍ ഓവര്‍
(തുക കോടിയില്‍)
262.7 380.0 360.7 398.6 420.2
അറ്റാദായം (കോടിയില്‍) (-)17.2 (-)9.2 (-)46.3 (-)47.2 (-)15.3
പരമ്പരാഗതവും തടി അടിസ്ഥാന മേഖല
ആകെ യൂണിറ്റുകളുടെ എണ്ണം 7 7 7 7 7
പദ്ധതി വിഹിതം
(തുക കോടിയില്‍)
12.3 6.5 7.6 2.4 4.9
ടേണ്‍ ഓവര്‍
(തുക കോടിയില്‍)
91.4 86.8 97.3 102.7 90.95
അറ്റാദായം (കോടിയില്‍) (-)10.0 (-)14.1 (-)15.1 (-)20.2 (-)19.0
സെറാമിക് മേഖല
ആകെ യൂണിറ്റുകളുടെ എണ്ണം 2 2 2 2 2
പദ്ധതി വിഹിതം
(തുക കോടിയില്‍)
6.0 8.6 2.0 7.6 5.1
ടേണ്‍ ഓവര്‍ (തുക കോടിയില്‍) 9.4 12.3 15.2 5.5 4.1
അറ്റാദായം (കോടിയില്‍) (-)3.8 (-)3.5 (-)3.5 (-)11.1 (-)9.7
വികസന മേഖല
ആകെ യൂണിറ്റുകളുടെ എണ്ണം 3 3 3 3 3
പദ്ധതി വിഹിതം
(തുക കോടിയില്‍)
0.0 0.0 0.0 10.71 5.50
ടേണ്‍ ഓവര്‍ (തുക കോടിയില്‍) 321.2 401.5 432.2 393.0 231.8
അറ്റാദായം (കോടിയില്‍) 68.6 45.3 34.7 38.5 10.2
അവലംബം: റിയാബ്
ചിത്രം 3.1.6
വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ അറ്റലാഭം/നഷ്ടം
ചിത്രം 3.3.1
ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം (2012-13 മുതല്‍ 2016-17 വരെ)
അവലംബം: കെ.എസ്.റ്റി.ഇ. ശാസ്ത്ര ഭവന്‍, തിരുവനന്തപുരം

2016-17 കാലയളവില്‍, കെമിക്കല്‍, ഇലക്ട്രോണിക് മേഖലകളിലെ പൊതു മേഖല സ്ഥാപനങ്ങള്‍ നല്ല പ്രകടനമാണ് കാഴ്ച വച്ചത്. അതേസമയം, ടെക്സ്റ്റെല്‍ മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ വലിയ നഷ്ടം മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചു.

വ്യവസായ വകുപ്പിനു കീഴിലുള്ള 40 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്ത ഉല്പാദന മൂല്യം 2015-16 -ല്‍ 2,444.4 കോടി രൂപയില്‍ നിന്നും 2016-17 -ല്‍ 2,421.2 കോടി രൂപയായി കുറഞ്ഞ് 0.9 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2016-17 -ല്‍ 2.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2012-13 മുതല്‍ 2016-17 വരെയും 2017-18 -ല്‍ ആഗസ്റ്റ് വരെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ടേണ്‍ ഓവര്‍, ലാഭം/നഷ്ടം സംബന്ധിച്ച വിശദാംശങ്ങള്‍ അനുബന്ധം 3.1.8 -ല്‍ കൊടുത്തിരിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സംസ്ഥാന ബജറ്റില്‍ വര്‍ധിച്ച ആശ്രിതത്വം, പന്ത്രണ്ടാം പദ്ധതി കാലയളവിലെ പ്രധാന ആശങ്കയായിരുന്നു. എന്നിരുന്നാലും, പന്ത്രണ്ടാം പദ്ധതി കാലത്തെ അവസാന വര്‍ഷം മുതല്‍ (2016-17) വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുനര്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള പ്രധാന നടപടികള്‍ കൈക്കൊണ്ടുവരുന്നു. 2016-17 -ല്‍ തന്നെ അഞ്ച് യൂണിറ്റുകളില്‍ (ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്, സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ്, ട്രാന്‍സ്ഫോമേഴ്സ് ആന്റ‍് ഇലക്ട്രിക്കല്‍ കേരള ലിമിറ്റഡ്) അനുകൂലമായ മാറ്റം വന്നിട്ടുണ്ട്.

2017-18 ല്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. 2017 ആഗസ്റ്റ് 31 വരെ 40 പൊതുമേഖല സ്ഥാപനങ്ങളുടെയും അറ്റാദായം 21.50 കോടി രൂപയാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഈ പൊതുമേഖല സ്ഥാപനങ്ങള്‍ അറ്റനഷ്ടം ഉണ്ടാക്കിയതിനു ശേഷമാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. പ്രവര്‍ത്തനശേഷി വര്‍ദ്ധനയുടെ ഭാഗമായും, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കനുസരിച്ചും 2017-18 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 270 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ശേഷിവര്‍ദ്ധനവിലൂടെയും പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണത്തിലൂടെയും എല്ലാ യൂണിറ്റുകളുടേയും പ്രവര്‍ത്തനങ്ങള്‍ ‘ഒപ്റ്റിമൈസ്’ ചെയ്യുന്നതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി നടപടികള്‍ എടുത്തിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ നടപ്പാക്കി വരുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണ/വിപുലീകരണ പദ്ധതികളുടെ വിശദാംശങ്ങള്‍ അനുബന്ധം 3.1.9 -ല്‍ ചേര്‍ത്തിരിക്കുന്നു.

ബോക്സ് 3.1.2
പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തിലെ പ്രോത്സാഹന പ്രവണതകള്‍

വ്യവസായ വകുപ്പിന് കീഴിലുള്ള 13 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 2016-17 മുതല്‍ മെച്ചപ്പെടുവാനുള്ള സൂചനകള്‍ നല്‍കുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള 13 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 2016-17 ല്‍ ലാഭം കൈവരിച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭവിഹിതം 94.7 കോടിയായിരുന്നത് 2016-17 -ല്‍ 99.8 കോടിയായി. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (40.4 കോടി രൂപ), കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (32.1 കോടി രൂപ) ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ് (8.5 കോടി) എന്നിവയാണ് 2016-17 -ല്‍ ലാഭമുണ്ടാക്കിയ മുഖ്യ യൂണിറ്റുകള്‍.

2015-16-ല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 32 ല്‍ നിന്നും 2016-17 ആയപ്പോള്‍ 27 ആയി കുറഞ്ഞു. 2015-16 ലെ മൊത്തനഷ്ടം 226.6 കോടിരൂപയില്‍ നിന്നും 2016-17 -ല്‍ 180.5 കോടിരൂപയായി കുറഞ്ഞു. കേരള സ്റ്റേറ്റ് ടെക്സ്റ്റെല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (29.4 കോടി), കേരള സ്മാള്‍ ഇന്‍ഡസ്ട്രിസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (16 കോടി), ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് (10.2 കോടി) ഇവയാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ യൂണിറ്റുകള്‍

ബോക്സ് 3.1.3
പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പുരോഗതിക്കായി നടപ്പിലാക്കുന്ന പ്രധാന നടപടികള്‍
  • പ്രൊഫഷണല്‍ മാനേജ്മെന്റ് സ്ഥാപിക്കല്‍
  • ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുക
  • നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണവും സാങ്കേതിക വിദ്യാ നവീകരണവും
  • പൊതുമേഖലാ സ്ഥാപനങ്ങളിലെ മൂലധനച്ചെലവുകള്‍ക്കും കൂട്ട് പ്രവര്‍ത്തനത്തിനും ബജറ്റ് പിന്തുണ.

പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ് (റിയാബ്)

1993 -ല്‍ ആരംഭിച്ച റിയാബിലൂടെയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ നടപടികള്‍ നടപ്പാക്കുന്നത്. വ്യവസായ വകുപ്പിന്റെ കീഴില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവന/പുനരുദ്ധാരണ പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ റിയാബ് ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുക, സ്ഥാപന പുന:നിര്‍മ്മാണം, ശേഷി വികസനം,പൊതു മേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഭരണപരമായ ഉപദേശക സഹായം നല്‍കുക എന്നിവയാണ് ഏജന്‍സിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍.

ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍

2017 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തിലുള്ള 27,305 ജോയിന്റ് സ്റ്റോക്ക് കമ്പനികളില്‍ 25,714 (94.2 ശതമാനം) എണ്ണം പ്രൈവററ് ലിമിറ്റഡും 1,591 (5.8 ശതമാനം)എണ്ണം പബ്ലിക് ലിമിറ്റഡ് കമ്പനികളുമാണ്. 2016-17 കാലയളവില്‍ 3,711 കമ്പനികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. (3,477 പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളും 234 പബ്ലിക് ലിമിറ്റഡ് കമ്പനികളും). 2016-17 ല്‍ 297 കമ്പനികള്‍ പിരിച്ചു വിടുകയോ, പ്രവര്‍ത്തനം നിര്‍ത്തുകയോ, ലയനം നടത്തുകയോ ചെയ്തിട്ടുണ്ട്. 3 പബ്ലിക് കമ്പനികള്‍ പ്രൈവറ്റ് കമ്പനികളായും 3 പ്രൈവറ്റ് കമ്പനികള്‍ പബ്ലിക് കമ്പനികളായും മാറിയിട്ടുണ്ട്. 2017 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ 152 ഗവണ്‍മെന്റ് കമ്പനികള്‍ ഉണ്ടായിരുന്നു. (83 പബ്ലിക് ലിമിറ്റഡും 69 പ്രൈവറ്റ് ലിമിറ്റഡും).

2017 മാര്‍ച്ച് വരെ സ്ത്രീ സംരംഭകര്‍ ആരംഭിച്ച 14,648 ജോയിന്റ് സ്റ്റോക്ക് കമ്പനികളുണ്ട്. (1,285 പ്രൈവറ്റ്, 13,363 പബ്ലിക്ക്). കേരളത്തിലെ ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ വിവരങ്ങള്‍ അനുബന്ധം 3.1.10 -ല്‍ ചേര്‍ത്തിരിക്കുന്നു.

വ്യവസായ ധന സഹായം

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി)

വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലൂടെ കേരളത്തിന്റെ വ്യവസായ വല്‍ക്കരണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒരു എജന്‍സിയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എം.എസ്.എം.ഇ) ഉല്‍പ്പാദന, സേവന മേഖലകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ ത്വരിത വ്യവസായ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) പ്രധാന ലക്ഷ്യം. വായ്പകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍, പ്രത്യേക പദ്ധതികള്‍ എന്നിങ്ങനെയുളള രൂപത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റിലെ അംഗമാണ് കെ.എഫ്.സി. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയാണ്.

  • ഉല്‍പ്പന്ന നിര്‍മ്മാണ സേവന മേഖലകളിലെ പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് വായ്പകള്‍ അനുവദിക്കുക
  • നിലവില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ/സേവന സ്ഥാപനങ്ങള്‍ക്ക് വികസനത്തിനും, ആധുനിക വല്‍ക്കരണത്തിനും/വൈവിദ്ധ്യ വല്‍ക്കരണത്തിനും വേണ്ടിയുള്ള വായ്പ നല്‍കുക
  • വ്യവസായ/സേവന മേഖലയിലുളള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പദ്ധതികളില്‍പ്പെടുത്തി പ്രവര്‍ത്തന മൂലധന വായ്പകള്‍ നല്കുക
  • സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള പ്രത്യേക പദ്ധതികള്‍
  • ഫീച്ചര്‍ ഫിലിമുകളും ടെലിവിഷന്‍ സീരിയലുകളും നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായത്തിനുള്ള പ്രത്യേക പദ്ധതികള്‍
  • നിലവിലുള്ള സിനിമ തീയറ്ററുകളുടെ ആധുനിക വല്‍ക്കരണത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും, വികസനത്തിനും പുതിയ മള്‍ട്ടിപ്ലക്സുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍.
  • ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും/മാലിന്യ സംസ്കരണത്തിനുമുള്ള പ്രത്യേക പദ്ധതികള്‍

2016-17 കാലഘട്ടത്തില്‍ കെ.എഫ്.സി യുടെ പ്രവര്‍ത്തന ലാഭം 7.9 കോടി രൂപയും അറ്റാദായം 5.7 കോടി രൂപയുമാണ്. 2016-17 കാലഘട്ടത്തില്‍ ധനസഹായമായി കോര്‍പ്പറേഷന്‍ 385.3 കോടി രൂപ അനുവദിച്ചു. മുൻവര്‍ഷം ഇത് 1,026 കോടി രൂപയായിരുന്നു. 2015-16 -ല്‍ 838.4 കോടിരൂപയും 2016-17 -ല്‍ 655.3 കോടിരൂപയും കെ.എഫ്.സി വിതരണം ചെയ്തു. സര്‍ക്കാര്‍ നയങ്ങളിലും മറ്റ് ബാഹ്യഘടകങ്ങളിലുമുണ്ടായ വ്യതിയാനം മൂലം ഹോസ്പിറ്റാലിറ്റി, ടൂറിസം, ഖനനം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വ്യവസായ മേഖലകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. 2016-17 -ല്‍ സ്ഥാപനത്തിന്റെ മൊത്തം തിരിച്ചടവ് 874.3 കോടിരൂപയും 2015-16 -ല്‍ 758.2 കോടിരൂപയും ആയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അനുബന്ധം 3.1.11 -ൽ ചേര്‍ത്തിരിക്കുന്നു. 2016-17 വര്‍ഷത്തില്‍ കോര്‍പ്പറേഷന്‍ നടത്തിയ വായ്പാ പ്രവര്‍ത്തനങ്ങളും വായ്പകളുടെ വ്യാവസായിക അടിസ്ഥാനത്തിലെ തരം തിരിവും അനുബന്ധം 3.1.12 ലും 3.1.13 ലും നല്‍കിയിരിക്കുന്നു.

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി)

കേരളത്തില്‍ ഇടത്തര-വന്‍കിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയില്‍ 1961 ല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണ് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി). കേരളത്തിന്റെ വ്യവസായികവും സാമ്പത്തികവുമായ വികസനത്തിന് തന്ത്രപ്രധാനമായ പല വ്യവസായ പശ്ചാത്തല വികസന പദ്ധതികളും കെ.എസ്.ഐ.ഡി.സി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത്, ആഭ്യന്തരവും വിദേശീയവുമായ വ്യവസായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി എന്ന നിലയില്‍ കെ.എസ്.ഐ.ഡി.സി നിക്ഷേപകര്‍ക്ക്സമഗ്രമായ പിന്തുണയും സഹായവും നല്‍കി വരുന്നു. കേരളത്തിലെ സംരംഭകരെ വളര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് കെ.എസ്.ഐ.ഡി.സി വഹിക്കുന്നു. വിവിധ പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക, സര്‍ക്കാരും വ്യവസായ മേഖലയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി കെ.എസ്.ഐ. ഡി. സി 180.5 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 85.8 കോടി രൂപ പ്രത്യക്ഷ ടേം ലോണ്‍ സഹായമാണ്. ഇവയിലൂടെ 1,200 പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേകാലയളവില്‍ 64.1 കോടി രൂപ വിതരണം ചെയ്യുകയും 75.5 കോടി രൂപ മുതലും പലിശയും ഉള്‍പ്പെടെ തിരിച്ചടവ് ലഭിച്ചതായും കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നു. 2016-17 ലെ കോര്‍പ്പറേഷന്റെ ഓപ്പറേറ്റിംഗ് ലാഭം 34.2 കോടി രൂപയാണ്. നിലവില്‍ 4,464.7 കോടി രൂപ നിക്ഷേപമുള്ള 39 പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിലൂടെ 4,500 ഓളം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുവാന്‍ സാധിക്കും. 2016-17 കാലത്തെ കെ.എസ്.ഐ.ഡി സി യുടെ ഭൌതീകവും സാമ്പത്തികവുമായ പ്രകടനത്തിന്റെ വിവരങ്ങള്‍ അനുബന്ധം 3.1.14 -ല്‍ ചേര്‍ത്തിരിക്കുന്നു.

കെ.എസ്.ഐ.ഡി.സി യുടെ 2015-16, 2016-17, 2017-18 വര്‍ഷങ്ങളിലെ പദ്ധതി തുകയും ചെലവ് വിവരങ്ങളും പട്ടിക 3.1.4 -ൽ കൊടുത്തിരിക്കുന്നു.

പട്ടിക 3.1.4
കെ.എസ്.ഐ.ഡി.സി യ്ക്ക് ലഭിച്ച പദ്ധതി തുകയും ചെലവ് വിവരങ്ങളും (രൂപ കോടിയില്‍)
ക്രമ നം. വര്‍ഷം ലഭിച്ച തുക ചെലവ്
1 2015-16 74.0 29.1
2 2016-17 87.5 50.2
3 2017-18* 96.7 119.1
അവലംബം: ബഡ്ജറ്റ് എസ്റ്റിമേറ്റ്, *2017 ഒക്ടോബര്‍ വരെയുള്ള ചെലവുകള്‍
ബോക്സ് 3.1.4
കെ.എസ്.ഐ.ഡി.സി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍
  • മെഗാ ഫുഡ് പാര്‍ക്ക്, ചേര്‍ത്തല (സമുദ്ര ഭക്ഷ്യ വിഭവങ്ങളുടെ പ്രോസസ്സിംഗിനും കയറ്റുമതിക്കും മുന്‍ഗണന നല്‍കി കൊണ്ട്)
  • ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍.
  • സംരംഭക സഹായം.
  • ഏഞ്ചല്‍/സീഡ് ഫണ്ട് പദ്ധതി.
  • ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക്, കൊച്ചി – ഇലക്ട്രോണിക് മേഖലയിലെ ഗവേഷണ വികസന സൗകര്യങ്ങള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള ഉല്പാദനത്തിനും വേണ്ടി
  • ലൈഫ് സയന്‍സ് പാര്‍ക്ക് – ലൈഫ് സയന്‍സ് മേഖലയില്‍ ജ്യോഗ്രഫിക്കല്‍ ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുന്നതിനും ഗവേഷണ വികസന സൗകര്യങ്ങള്‍ക്കും
  • ലൈററ് എഞ്ചിനിയറിംഗ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പാലക്കാട്-രണ്ടാം ഘട്ടം
  • വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങളിലെ പശ്ചാത്തല സൗകര്യ വികസനം
  • ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കു വേണ്ടി ബിസിനസ്സ് ഇന്‍കുബേറ്റര്‍

12 -ാം പഞ്ചവല്‍സര പദ്ധതിക്കാലത്ത് കെ.എസ്. ഐ.ഡി.സി പൂര്‍ത്തിയാക്കിയ പ്രധാന പദ്ധതികള്‍

  • ലൈറ്റ് എഞ്ചിനീയറിംഗ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പാലക്കാട്- ഒന്നാം ഘട്ടം
  • അങ്കമാലിയിലെ മാനുഫാക്ച്ചറിംഗ് ഇന്‍ഡസ്ട്രിയല്‍ സോണ്‍.

കെ.എസ്.ഐ.ഡി.സി. യുടെ പ്രധാന മുന്‍നിര പ്രവര്‍ത്തനങ്ങള്‍

ഈസ് ഓഫ് ഡ്യൂയിംഗ് ബിസ്സിനസ്

ഒരു വ്യവസായ പദ്ധതി ആരംഭിക്കുന്നതിനുളള ക്ലിയറന്‍സ് നടപടികള്‍ ലഘൂകരിക്കുന്നതിനായി ഇന്ത്യാഗവണ്‍മെന്റിന്റെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ്പ്രൊമോഷന്‍ വകുപ്പ് ആരംഭിച്ച ഒരു പദ്ധതിയാണ് ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ് (ഇ.ഒ.ഡി.ബി). കേരളത്തില്‍ ഒരു വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിനായുളള ക്ലിയറന്‍സ് നടപടിക്കായി നിലവിലുളള ചട്ടങ്ങളേയും വകുപ്പുകളേയും പരിഷ്കരിക്കുന്നതിനെപ്പറ്റി പഠിക്കുന്നതിനായി കെ.പി.എം.ജി എന്ന കണ്‍സള്‍ട്ടന്റിനെ കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിരുന്നു. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഈ റിപ്പോര്‍ട്ടില്‍ ഉള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 7 ആക്ടുകളില്‍ ഭേദഗതി വരുത്തുന്നതിനുള്ള തീരുമാനം ക്യാബിനറ്റ് അംഗീകരിക്കുകയും ചെയ്തു. നിലവിലുള്ള 7 നിയമങ്ങളെ ഭേദഗതി ചെയ്ത്‘കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് 2017 ഒക്ടോബര്‍ മാസം കേരള ഗവര്‍ണ്ണര്‍ അംഗീകരിക്കുകയും ചെയ്തു. 10 നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന തീരുമാനം അതാത് വകുപ്പുകള്‍ അംഗീകരിക്കുകയും താമസമില്ലാതെ നിലവിൽവരികയും ചെയ്യും.

ഏകജാലക ക്ലിയറന്‍സ് സംവിധാനം

സംസ്ഥാനത്ത് വ്യവസായ പദ്ധതികള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ ലഘൂകരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ഒരു ‘ഏകജാലക ക്ലിയറന്‍സ് സംവിധാനം’ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയാണ് കെ.എസ്.ഐ.ഡി.സി. ഓണ്‍ലൈൻ ക്ലിയറന്‍സ് സംവിധാനവും ഓണ്‍ലൈൻ പൊതു അപേക്ഷ ഫോമുകളും വികസിപ്പിക്കുന്നതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനെ (എന്‍.ഐ.സി) ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളിലായി 8 പ്രധാന പദ്ധതികള്‍ക്കുള്ള ക്ലിയറന്‍സ് ഈ സംവിധാനത്തിലൂടെ നല്‍കിയിട്ടുണ്ട്.

യുവസംരംഭക സംഗമം (യെസ്-3ഡി)

2017 സെപ്റ്റംബറില്‍ കൊച്ചിയില്‍ യുവസംരംഭക സംഗമത്തിന്റെ മൂന്നാം ഭാഗം നടന്നു. ‘യെസ് ത്രീ ഡി’ എന്ന തലക്കെട്ടായിരുന്നു സംഗമത്തിന് കൊടുത്തത്. അതിന്റെ പ്രമേയം നിലവിലുള്ള പ്രക്രിയകളെ ഭേദിക്കുക, ഇതര സാങ്കേതിക വിദ്യ കണ്ടെത്തുക, മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുക എന്നിവയാണ്. യുവാക്കൾക്കിടയില്‍ സംരംഭകത്വത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും സംരംഭകത്വത്തിന് അനുകൂലമായ ഒരു പരിസ്ഥിതി ത്വരിതപ്പെടുത്തുന്നതിനും ഈ സംഗമം ലക്ഷ്യമിടുന്നു.

ഏയ്ഞ്ചല്‍ ഫണ്ട്/സീഡ് ഫണ്ട്

യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവരെ തൊഴിലന്വേഷകരില്‍ നിന്നും തൊഴിൽ ‍ദാതാക്കളായി മാറ്റുന്നതിനും ഏയ്ഞ്ചല്‍ ഫണ്ട്/സീഡ് ഫണ്ട് എന്നറിയപ്പെടുന്ന പ്രത്യേക ധനസഹായ പദ്ധതി കെ.എസ്.ഐ.ഡി.സി ആരംഭിച്ചു. ശാസ്ത്രീയമായും, സാങ്കേതികപരമായും പുതുമയുള്ളതും, വാണിജ്യാടിസ്ഥാനത്തില്‍ വിജയിക്കാവുന്നതും ചെറുപ്പക്കാരായ യുവസംരംഭകരുടെ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2017 മാര്‍ച്ച് 31, ലെ കണക്കു പ്രകാരം, 58 നൂതന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 12.3 കോടി രൂപക്കുള്ള ധനസഹായം കെ.എസ്.ഐ.ഡി.സി അനുവദിച്ചു.

വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ (ഐ.ജി.സി)

കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങളില്‍ കെ.എസ്.ഐ. ഡി.സി തന്ത്രപ്രധാന പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2017 ഒക്ടോബര്‍ മാസത്തിലെ കണക്ക് പ്രകാരം ഈ വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങളിലെ സൃഷ്ടിച്ച തൊഴില്‍ (1,400), (640), (650) വീതമാണ്. ഇതേ കാലയളവില്‍ വളര്‍ച്ചാ കേന്ദ്രങ്ങളിലെ യൂണിറ്റുകളുടെ എണ്ണം യഥാക്രമം (33), (28), (18 )വീതമാണ്.

കെ.എസ്.ഐ.ഡി.സി യ്ക്ക് ലഭ്യമായിട്ടുള്ള ഭൂമി

കെ.എസ്.ഐ.ഡി.സി യുടെ ഉടമസ്ഥതയിലുള്ള ആകെ ഭൂമി 1,635 ഏക്കറാണ്. ഇതില്‍ വ്യവസായ വികസനത്തിന് ലഭ്യമായ സ്ഥലം 1,078.7 ഏക്കറാണ്. വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള 1,078.7 ഏക്കറില്‍ നിന്നും 364.5 ഏക്കര്‍ സ്ഥലം ഇതിനകം വ്യവസായ യൂണിറ്റുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള (714.3) ഏക്കര്‍ ഭൂമി വ്യവസായിക യൂണിറ്റുകള്‍ക്കായി അനുവദിക്കുന്നതിനായി കെ.എസ്.ഐ.ഡി.സി യുടെ കൈവശമുണ്ട്. കെ.എസ്.ഐ.ഡി.സി വ്യവസായിക പാര്‍ക്കുകള്‍ക്കായി 2017 ജൂലൈ 31 വരെ അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ വിശദാംശങ്ങള്‍ അനുബന്ധം 3.1.15 -ല്‍ കൊടുത്തിരിക്കുന്നു.

കേരള വ്യവസായ പശ്ചാത്തല സൗകര്യ വികസന കോര്‍പ്പേറഷന്‍ (കിന്‍ഫ്ര)

വ്യവസായങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന പശ്ചാത്തല സൌകര്യം വികസിപ്പിക്കുകയും അതുവഴി വ്യവസായ വികസനത്തിന് അനുയോജ്യമായ പരിസ്ഥിതി സൃക്ഷ്ടിക്കുന്നതിനായി 1993 -ല്‍ സര്‍ക്കാര്‍, കേരള വ്യവസായ പശ്ചാത്തല വികസന കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) സ്ഥാപിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഉതകുന്ന തരത്തിലുള്ള വ്യവസായ പാര്‍ക്കുകള്‍, ടൌണ്‍ഷിപ്പുകള്‍, സോണുകള്‍ എന്നിവ വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ സംസ്ഥാനത്ത് വ്യവസായ പശ്ചാത്തല വികസനം സാധ്യമാക്കുക എന്നതാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കിന്‍ഫ്രയുടെ 2015-16, 2016-17, 2017-18 വര്‍ഷങ്ങളിലെ പദ്ധതി വിഹിതവും ചെലവ് വിവരങ്ങളും പട്ടിക 3.1.5 -ല്‍ കൊടുക്കുന്നു

പട്ടിക 3.1.5
കിന്‍ഫ്രയ്ക്ക് ലഭിച്ച പദ്ധതി തുകയും ചെലവ് വിവരങ്ങളും (രൂപ കോടിയില്‍)
ക്രമ നം. വര്‍ഷം ലഭിച്ച തുക ചെലവ്
1 2015-16 55.1 44.8
2 2016-17 101.2 56.0
3 2017-18 * 111.3 13.5
അവലംബം: ബജറ്റ്എസ്റ്റിമേറ്റ്, *(ഒക്ടോബര്‍ 2017 വരെയുള്ള ചെലവ്)

കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കുകളില്‍ സ്ഥല സൗകര്യം, ബില്‍റ്റ്അപ്പ് സ്പേസ്, സമര്‍പ്പിത വൈദ്യുതി, തുടര്‍ച്ചയായ ജല വിതരണം, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ എന്നിവ കൂടാതെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബാങ്ക്, പോസ്റ്റാഫീസ്, സെക്യൂരിറ്റി എന്നിങ്ങനെയുള്ള സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും ലഭ്യമാണ്. കുറഞ്ഞ ചെലവിലും ചുരുങ്ങിയ സമയത്തിലും വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുകൂല അന്തരീക്ഷവും ഈ പാര്‍ക്കുകളില്‍ ഉണ്ട്. 2017 ആഗസ്റ്റ് വരെയുള്ള കിന്‍ഫ്ര വ്യവസായ പാര്‍ക്കുകളുടെ വിശദാംശങ്ങൾ അനുബന്ധം 3.1.16 -ല്‍ കൊടുത്തിരിക്കുന്നു.

കിന്‍ഫ്ര സംസ്ഥാനത്തെ വ്യവസായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും പാര്‍ക്കുകളില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് മികച്ച സംഭാവന നല്കുന്നുണ്ട്. കിന്‍ഫ്രയിലെ വിവിധ വ്യവസായ പാര്‍ക്കുകളില്‍ 715 വ്യവസായ യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിക്കുകയും 1,669.6 കോടി രൂപ ആകെ നിക്ഷേപം നടത്തുകയും 21,581 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, എല്ലാ പാര്‍ക്കുകളിലും ഏക ജാലക ക്ലിയറന്‍സ് സംവിധാനവും കിന്‍ഫ്ര ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ക്കുകളില്‍ യാതൊരു തടസ്സവുമില്ലാതെ നിക്ഷേപകര്‍ക്ക് തങ്ങളുടെ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഈ സംവിധാനം വളരെയധികം സഹായിക്കുന്നു.

കിന്‍ഫ്രയുടെ 22 വ്യവസായ പാര്‍ക്കുകളിലായി 12 പ്രധാന മേഖലയില്‍പെടുന്ന വ്യവസായങ്ങള്‍ക്ക് ലോകോത്തര പശ്ചാത്തല സൗകര്യ വികസനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ 8 എണ്ണം ചെറുകിട, ഇടത്തരം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര അപ്പാരല്‍ പാര്‍ക്ക്, എറണാകുളത്തെ കയറ്റുമതി വികസന വ്യവസായ പാര്‍ക്ക്, ഇന്‍ഫോടെയിന്‍മെന്റ് പാര്‍ക്ക്, തിരുവനന്തപുരത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, മലപ്പുറത്തെ ഭക്ഷ്യ സംസ്കരണ വ്യവസായ പാര്‍ക്ക് എന്നിവ കിന്‍ഫ്രയുടെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ചിലതാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ചെറിയ വ്യവസായ പാര്‍ക്കുകളും കിന്‍ഫ്ര വികസിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ താഴെ പറയുന്ന 3 പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ബില്‍റ്റ് -അപ് സ്പേസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.

  • ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഒറ്റപ്പാലം – സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ബില്‍റ്റ് - അപ് സ്പേസ് അനുവദിക്കല്‍ നടപടി പുരോഗമിക്കുകയും ചെയ്യുന്നു. ആന്തരിക റോഡുകളും മറ്റ് പൊതു സൗകര്യങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.
  • സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികളുടെ നിര്‍മ്മാണം (എസ്.ഡി.എഫ്) - കുന്നന്താനം, കൊരട്ടി, നെല്ലാട് എന്നിവിടങ്ങളില്‍ ചെറിയ വ്യവസായ പാര്‍ക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കൊരട്ടിയിലെ ചെറിയ വ്യവസായ പാര്‍ക്കില്‍ രണ്ടാംഘട്ട കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള തറക്കല്ലിട്ടു.
  • വ്യവസായ പാര്‍ക്ക്, പിറവന്തൂര്‍ - സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ബില്‍റ്റ് അപ്പ് സ്പേസ് അനുവദിക്കല്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.
ബോക്സ് 3.1.5
കിന്‍ഫ്രയുടെ നിലവിലുള്ള പദ്ധതികള്‍
  • ഇന്‍ഡഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റയില്‍ പാര്‍ക്ക്, പാലക്കാട്
  • വ്യവസായ ജലവിതരണ പദ്ധതി, പാലക്കാട്
  • ഒറ്റപ്പാലത്ത് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മ്മാണം.
  • വ്യവസായ പാര്‍ക്ക്, ഒറ്റപ്പാലം
  • ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, കെ.ഇ.പി.ഐ.പി എന്നിവയ്ക്കായുള്ള ജലവിതരണം, റോഡ് നിര്‍മ്മാണം
  • കൊരട്ടിയിലെ കിൻഫ്ര സ്മാള്‍ ഇൻഡസ്ട്രീസ് പാർക്കില്‍ നിലവിലുള്ള വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍
  • ഗ്ലോബല്‍ ആയുർവേദ വില്ലേജ്, തിരുവനന്തപുരം
  • വ്യവസായ പാർക്ക്, മട്ടന്നൂര്‍
  • ഗ്രീന്‍ ഫീൽഡ് ഇലക്ട്രോണിക് പാർക്ക്, എറണാകുളം

സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സി.എം.ഡി)

സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സി.എം.ഡി) വികസന ഏജന്‍സികള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും, ദേശീയ - സംസ്ഥാന- തദ്ദേശ സര്‍ക്കാരുകള്‍ക്കും ഗവേഷണ, വിദഗ്ധാഭിപ്രായ, പരിശീലന സഹായം നല്‍കുന്ന പ്രമുഖമായ സ്വാശ്രയ സ്വയം ഭരണാധികാരമുള്ള ഒരു സ്ഥാപനമാണ്. 1979 -ല്‍ സ്ഥാപിതമായ ഈ സ്ഥാപനം

കേരള സര്‍ക്കാരിന്റെ സ്പോണ്‍സര്‍ഷിപ്പോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായതും പ്രൊഫഷണലുമായ ഒരു രജിസ്റ്റേര്‍ഡ് സൊസൈറ്റിയാണ്. 2016-17 -ല്‍ സി.എം.ഡി. 26 ഗവേഷണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 18 ഗവേഷണ പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. ഇത് കൂടാതെ 2 സംരംഭകത്വ വികസന പരിപാടികളും, 15 മാനേജ്മെന്റ് വികസന വര്‍ക് ഷോപ്പുകള്‍/പരിപാടികളും, 8 സൂക്ഷ്മ സംരംഭക വികസന പരിപാടികളുംസെന്റര്‍ നടത്തി.

ഉപസംഹാരം

കേരളത്തിലെ ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍/വെല്ലുവിളികള്‍- വ്യവസായിക പശ്ചാത്തല സൗകര്യങ്ങളുടെ അഭാവം,വ്യവസായിക വികസനത്തിനുള്ള സ്ഥലത്തിന്റെ അപര്യാപ്തത, നടപടി ക്രമങ്ങള്‍ ഉള്ളതിനാല്‍ പ്രവേശനത്തിലും പുറത്ത്കടക്കുമ്പോഴും ഉള്ള ബുദ്ധിമുട്ട്, താരതമ്യേന വലിയ അളവിലുള്ള വിദഗ്ദ്ധ തൊഴിലാളികളും അവരുടെ വൈദഗ്ധ്യത്തിനുള്ള ആവശ്യകതയുടെ വളര്‍ച്ചയ്ക്കും ഇടയിലുള്ള പൊരുത്തക്കേട്, ഇന്നവേഷന്റെ അഭാവം, സാങ്കേതിക പിന്നോക്കാവസ്ഥ, മോശമായ വിപണന സൗകര്യങ്ങള്‍, പ്രാദേശിക വിഭവ അധിഷ്ഠിത സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക തുടങ്ങിയവയാണ് കേരളത്തിലെ ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍.

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള, പരിസ്ഥിതി സൗഹൃദവും, സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയിലൂടെ കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിമാറ്റുക എന്നതാണ് സംസ്ഥാനത്തിന്റെ ദര്‍ശനം. ഈ മേഖലയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി, ഉത്പാദനം, രൂപകല്‍പ്പന, വിപണനം എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങളില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതായുണ്ട്. പുതിയ പ്രവണതകള്‍ക്കനുസൃതമായി, ഫലപ്രദമായ ഉത്പന്ന വൈവിധ്യവത്കരണ രീതികള്‍ അവലംബിക്കുന്നത് വിജയത്തിലേക്കുള്ള താക്കോലായിരിക്കും.