വ്യവസായം- ഭക്ഷ്യ സംസ്ക്കരണ മേഖല

ഉല്പാദനം, തൊഴില്‍ സാധ്യത എന്നീ രംഗങ്ങളിൽ ഭക്ഷ്യസംസ്ക്കരണ മേഖലക്ക് മുഖ്യ സ്ഥാനമാണുളളത്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും, സുഗന്ധദ്രവ്യങ്ങള്‍, മാംസാഹാരവും കോഴിയിറച്ചിയും, പാലും പാലുല്പന്നങ്ങളും മദ്യം, മത്സ്യം, ഗ്രെയിന്‍ പ്രോസസ്സിംഗ് തുടങ്ങിയവയാണ് ഇന്ത്യയുടെ ഭക്ഷ്യസംസ്ക്കരണ മേഖലയില്‍പ്പെടുന്നവ.

ശരിയായി വളർച്ച നേടിയ ഭക്ഷ്യസംസ്കരണ മേഖല, ഭക്ഷ്യവസ്തുക്കളുടെയും വ്യാവസായിക ഉത്പന്നങ്ങളുടെയും മൂല്യവർദ്ധനവ് മെച്ചപ്പെടുത്തുകയും, വിളകളുടെ വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും, കർഷകർക്ക് മെച്ചമായ വരുമാനം ഉറപ്പാക്കുകയും, തൊഴിൽ പ്രോത്സാഹിപ്പിക്കുകയും, കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ രജിസ്റ്റർ ചെയ്യപ്പെട്ട ഫാക്ടറികളുടെ സംസ്ഥാനം തിരിച്ചുള്ള വിവരണം

2013-14 ലെ ഏറ്റവും പുതിയ വ്യവസായ വാര്‍ഷിക സർവ്വെ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുടെ ആകെ എണ്ണം 37,445 ആണ്. രജിസ്ട്രേഡ് ഫാക്ടറികള്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് ആന്ധ്രാപ്രദേശിലാണ്. ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുടെ 15.33 ശതമാനമാണ് ഇവിടെ പ്രവർത്തിക്കുന്നത്. തമിഴ്നാട് (13.90 ശതമാനം), തെലുങ്കാന (10.28 ശതമാനം), മഹാരാഷ്ട്ര (8.12 ശതമാനം), പഞ്ചാബ് (7.44 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ട് പിന്നിലുള്ളത് (അവലംബം: വാർഷിക റിപ്പോർട്ട് 2016-17, മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസ്സിംഗ്, ഭാരത സർക്കാർ).

കിന്‍ഫ്ര ഫുഡ് പ്രൊസസ്സിംഗ് പാര്‍ക്ക്, കാക്കൻഞ്ചേരി, മലപ്പുറം

മലപ്പുറം ജില്ലയില്‍ 23.5 ഏക്കർ വിസ്തൃതിയിൽ പ്രവര്‍ത്തിക്കുന്ന കാക്കൻഞ്ചേരി ഫുഡ് പ്രൊസസ്സിംഗ് പാര്‍ക്കില്‍ പ്രവര്‍ത്തന ക്ഷമങ്ങളായ 28 യൂണിറ്റുകളുണ്ട്. 2016-17 -ല്‍ 8,570.4 ലക്ഷം രൂപ നിക്ഷേപം നടത്തിയ ഇവിടെ 815 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, മഴുവന്നൂര്‍, എറണാകുളം

കേന്ദ്ര ഗവണ്മെന്റിന്റെ സംയോജിത പശ്ചാത്തല വികസന പദ്ധതിയിൽ (ഇന്‍ഡഗ്രേറ്റഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ‍് സ്കീം) ഉള്‍പ്പെടുത്തി 67 ഏക്കറിൽ പ്രവര്‍ത്തനം ആരംഭിച്ച പാര്‍ക്ക് ചെറുകിട വ്യവസായങ്ങളേയും ഭക്ഷ്യസംസ്ക്കരണ പ്രവര്‍ത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു. ശൂദ്ധജലം, ഊര്‍ജ്ജം, വികസിത പ്രദേശം എന്നീ പശ്ചാത്തല സൗകര്യങ്ങൾ ഈ പാര്‍ക്ക് പ്രദാനം ചെയ്യുന്നു. ഇതിന് 50 ടൺ ശേഷിയും 250 ടൺ വരെ വികസിപ്പിക്കാൻ ശേഷിയുമുള്ള കോൾഡ് സ്റ്റോറേജ് ഉണ്ട്.

കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക്, പാലക്കാട്

കേന്ദ്ര ഗവണ്‍മെന്റിന്റെ വന്‍കിട ഭക്ഷ്യ പാര്‍ക്ക് പദ്ധതിയില്‍ (എം.എഫ്.പി.എസ്) ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയാണ് പാലക്കാട്ടെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക്. പാലക്കാട് ജില്ലയിലെ വാളയാറില്‍ എലപ്പുള്ളി, പുതുശ്ശേരി എന്നീ ഗ്രാമങ്ങളിലെ 79.42 ഏക്കറില്‍ ഒരു കേന്ദ്രീകൃത സംസ്ക്കരണ യൂണിറ്റ് ആരംഭിക്കുവാനും ഇതിന്റെ പ്രാഥമിക സംസ്ക്കരണ യൂണിറ്റുകൾ ഏറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ തുടങ്ങുവാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കിന്‍ഫ്ര ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ വിശദാംശം അനുബന്ധം 3.1.30 -ല്‍ കൊടുത്തിരിക്കുന്നു.

എൻ സി.എച്ച്.സി. വഴി ഭക്ഷ്യ സുരക്ഷാ സംവിധാനം നടപ്പിലാക്കൽ

നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്.എ.സി.സി.പി സര്‍ട്ടിഫിക്കേഷനും (എന്‍.സി.എച്ച്.സി) കെ-ബിപ്പും സംയുക്തമായി കേരളത്തിനകത്തും മറ്റ് വിവിധ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ ആഡിറ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍, റീ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവ കൈകാര്യം ചെയ്തു വരുന്നു. ഭക്ഷ്യ സംസ്കരണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച അവബോധം നല്‍കുന്നതിന് നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്.എ.സി.സി.പിയുടേയും കേരളത്തിലെ ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിന്റെയും ആഭിമുഖ്യത്തില്‍ 2016 ഏപ്രില്‍ മാസം 29 തീയതി കൊച്ചിയില്‍ ‘ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണം’ എന്ന ശില്പശാല സംഘടിപ്പിച്ചു.