കേരളത്തിലെ കരകൗശല വ്യവസായം
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നാണ് കരകൗശല വ്യവസായം. ആനക്കൊമ്പ്, മുള, പനയോല, കക്കകള്‍, തടി, ചിരട്ട, കളിമണ്ണ്, തുണി, കയര്‍, ലോഹങ്ങള്‍, കല്ലുകള്‍, ലാക്വയര്‍ വെയര്‍ തുടങ്ങിയവ ഉപയോഗിച്ച് അതിമനോഹരങ്ങളായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പാരമ്പര്യം കേരളത്തിനുണ്ട്. സംസ്ഥാനത്ത് കൊട്ടാരങ്ങളിലും, പുരാതന ഗൃഹങ്ങളിലും, മ്യൂസിയങ്ങളിലും പ്രാചീന കരകൗശല വിസ്മയങ്ങള്‍ കാണാം. ഇതിൽ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം കരകൗശല തൊഴിലാളികളും സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നോക്കാവസ്ഥയിൽപ്പെട്ടവരാണ്.
കരകൗശല വ്യവസായത്തിന്റെ പ്രാധാന്യം
കേരള സംസ്ഥാന കരകൗശല അപ്പെക്സ് സഹകരണ സംഘം (സുരഭി), കരകൗശല വികസന കോര്‍പ്പറേഷന്‍, കേരള ആർട്ടിസാൻസ് വികസന കോര്‍പ്പറേഷന്‍ (കാഡ്കോ) എന്നിവയാണ് കേരളത്തിലെ കരകൗശല വ്യവസായത്തിന്റെ പ്രധാന പ്രോത്സാഹന ഏജന്‍സികള്‍.
കേരള സംസ്ഥാന കരകൗശല അപ്പെക്സ് സഹകരണ സംഘം (സുരഭി)
പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം നടത്തി സംസ്ഥാനത്തെ കരകൗശല തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിക്കപ്പെട്ടതാണ് കേരള സംസ്ഥാന കരകൗശല അപ്പെക്സ് സഹകരണസംഘം (സുരഭി). സുരഭിയുടെ കീഴിൽ 46 സഹകരണ സംഘങ്ങൾ ഉണ്ട്. 2016-17 വര്‍ഷത്തെ അപ്പെക്സ് സഹകരണസംഘത്തിന്റെ ആകെ വിറ്റുവരവ് 280.83 ലക്ഷം രൂപയാണ്. ‘കരകൗശല മേഖല അപ്പെക്സ് സ്ഥാപനങ്ങള്‍ക്ക് സഹായം’ എന്ന പദ്ധതിയില്‍ നിന്ന് അപെക്സ് സ്ഥാപനത്തിന് 255.50 ലക്ഷം രുപ ലഭിച്ചു. ഇത് പ്രധാനമായും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും ഷോറൂമുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് വിനിയോഗിച്ചിട്ടുള്ളത്. 2016-17 വര്‍ഷത്തില്‍ "സുരഭി" 11 എക്സിബിഷനുകൾ സംഘടിപ്പിക്കുകയും 1.25 ലക്ഷം രൂപ ലാഭം നേടുകയും ചെയ്തു. 30,000 തൊഴിലുകൾ ഈ കാലയളവിൽ സൃഷ്ടിച്ചു(അനുബന്ധം 3.1.31 ).
കേരള ഹാന്റീക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (എച്ച്.ഡി.സി.കെ)
കേരള ഹാന്റീക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ഭാരതത്തിലുള്ള കൈരളി എംപോറിയങ്ങളിലൂടെയും ശ്രീ മൂലം ഷഷ്ഠ്യബ്ദി പൂര്‍ത്തി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെയും (എസ്എം എസ്എംഐ) കരകൗശല മേഖലയിലെ തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കിക്കൊണ്ട് ഇവയുടെ സംഭരണവും വിപണനവും നടത്തിവരുന്നു. നിലവില്‍ 19 വിപണന എംപോറിയങ്ങളുടെ ഒരു ശൃംഖല തന്നെ ഈ സ്ഥാപനത്തിനുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ കരകൗശല തൊഴിലാളികള്‍ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എക്സിബിഷന്‍/ക്രാഫ്റ്റ് ഫെയര്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു.
തൊഴിലാളികള്‍ക്ക് വിവിധ കരകൗശല ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിന് വേണ്ടി സൗകര്യമുള്ള ഒരു പൊതു സൗകര്യ സേവന കേന്ദ്രം (സിഎഫ്എസ് സി) കോര്‍പ്പറേഷൻ തിരുവനന്തപുരത്തുണ്ട്. ‘അസിസ്റ്റന്‍സ് ടു അപെക്സ് ഓർഗനൈസേഷൻ’, ‘കോമണ്‍ ഫെസിലിറ്റ് സർവീസ് സെന്റര്‍’ എന്നീ രണ്ട് പദ്ധതികളാണ് 2017-18 ല്‍ എച്ച്.ഡി.സി.കെ. നടപ്പിലാക്കിവരുന്നത്. ഈ കാലയളവിലെ കോർപ്പറേഷന്റെ ആകെ വിറ്റുവരവ് 1,229.35 ലക്ഷം രൂപയാണ്. വിശദവിവരങ്ങള്‍ അനുബന്ധം 3.1.32 -ല്‍ ചേര്‍ത്തിരിക്കുന്നു.
കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കാഡ്കോ)
കരകൗശല വിപണന തൊഴിലാളികള്‍ക്ക് ഉത്പാദന യൂണിറ്റ് ആരംഭിക്കുന്നതിനും, വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും, വ്യാപാര മേളകൾ, വിപണന കേന്ദ്രങ്ങൾ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന സംസ്ഥാന ഏജന്‍സികളിൽ ഒന്നാണ് കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കാഡ്കോ).
ഫലപ്രദവും നവീകരിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഒരു വിഭവമാണ് മുള. പരിസര സുരക്ഷ, പോഷകാഹാരം, ഉയര്‍ന്ന മൂല്യമുള്ള നിര്‍മ്മാണ സാമഗ്രി എന്നിവയ്ക്ക് പുറമെ മറ്റ് 1,500 വിവിധ ആവശ്യങ്ങള്‍ക്കും വര്‍ദ്ധിച്ച തോതില്‍ മുള പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകത്ത് 2.5 ബില്ല്യണ്‍ ആള്‍ക്കാര്‍ വിവിധ രൂപങ്ങളിൽ മുള ഉപയോഗിക്കുന്നതായി കണക്കാക്കിയിട്ടുണ്ട്. ഫലപ്രദമായ ഇന്ധനോല്പാദനത്തിന് മുള ഉപയോഗിക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
കേരളത്തില്‍ 28 വിവിധ ഇനം മുളകള്‍ ലഭ്യമാണ്. കേരളത്തിലെ വനങ്ങളില്‍ നിന്നുള്ള മുള കുറഞ്ഞ നിരക്കില്‍ പ്രാധാനമായും പള്‍പ്പ്, റയോണ്‍ യൂണിറ്റുകളിലാണ് എത്തിച്ചേരുന്നത്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷം ആള്‍ക്കാര്‍ മുള വ്യവസായത്തില്‍ ജീവനോപാധി കണ്ടെത്തുന്നതായാണ് കണക്ക്. പഞ്ചായത്തുകളില്‍ നിന്ന് ഈയിടെ ലഭ്യമായ വിവരങ്ങളനുസരിച്ച് ഈ മേഖലയില്‍ നിന്ന് ധാരാളം തൊഴിലാളികള്‍ നിര്‍മ്മാണ മേഖല പോലെയുള്ള തൃതീയ മേഖലകളിലേയ്ക്ക് ചേക്കേറുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്യവസായ ആവശ്യത്തിനുള്ള 67.3 ശതമാനം മുളയും വനത്തില്‍ നിന്നല്ല മറിച്ച് പുരയിടങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്നു എന്നത് കേരളത്തിലെ മുള വ്യവസായത്തിന്റെ മാത്രം പ്രത്യേകതയാണ് (അവലംബം: കേരള ബാംബൂ മിഷൻ വെബ്സൈറ്റ്).
കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (കെ.എസ്.ബി.എം)
2003 -ല്‍ രൂപീകരിച്ച കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (കെ എസ് ബി എം), സംസ്ഥാനത്തിന്റെ ബാംബൂ വികസന ഏജന്‍സി (ബി ഡി എ) ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു. കെ-ബിപ്പിനു കീഴിൽ കേരള സ്റ്റേറ്റ് ബാംബൂ മിഷൻ രൂപം കൊണ്ടതിന് ശേഷം നടത്തിയ ഇടപെടലുകളിൽ പ്രധാനം മുളയുടെ പ്രചാരണവും, ഇതിന്റെ പ്രചാരത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യയും വികസനവും ഒത്തുചേർന്ന ഉൽപ്പന്നങ്ങളും മാതൃകകളും സൃഷ്ടിക്കൽ എന്നിവയാണ്.
2016-17 -ൽ കേരള സ്റ്റേറ്റ് ബാംബൂ മിഷൻ നടപ്പിലാക്കിയ പ്രധാന പരിപാടികൾ
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍
മുള, ഈറ്റ, ചൂരല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനവും പ്രോത്സാഹനവും ലക്ഷ്യമിട്ട് 1971 -ല്‍ നിലവിൽവന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍. മുള, ഈറ്റ, ചൂരൽ, റാട്ടൺ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും, മേൽപ്പറഞ്ഞ ഉത്പന്നങ്ങളുടെ ഉല്പാദനവും വിപണനവും ഏറ്റെടുത്ത് പരമ്പരാഗത മുള തൊഴിലാളികൾക്ക് സാമ്പത്തിക, സാങ്കേതിക, മാർഗനിർദേശങ്ങൾനൽകുക എന്നതാണ് കോർപ്പറേഷന്റെ പ്രധാനലക്ഷ്യം.വെറും 900 ലക്ഷം രൂപ മാത്രം മൂലധന അടിസ്ഥാനമുള്ള കോർപ്പറേഷൻ ഇന്ന് കേരളത്തിലെ 10,000-ൽ അധികം വരുന്ന മുളതൊഴിലാളികളുടെയും കുടുംബങ്ങളുടെയും ആശ്രയകേന്ദ്രമാണ്.സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്ക, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളിൽ ഭൂരിഭാഗവും ദാരിദ്ര്യ രേഖയ്ക്ക് താഴെയായാണ് കഴിയുന്നത് (ബി പി എൽ).
കോർപ്പറേഷന്റെ പ്രധാന ദൗത്യം പരമ്പരാഗത മുള വ്യവസായ തൊഴിലാളികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും ഉറപ്പുവരുത്തുക എന്നതാണ്. കോർപ്പറേഷൻ, ഗവണ്മെന്റിന്റെ വനം വകുപ്പിന് കീഴിലുള്ള ഭൂമിയിൽ നിന്നും ഗുണമേന്മയേറിയ ഈറ്റ സ്വരൂപിക്കുകയും പരമ്പരാഗത മുള, നെയ്ത്ത് തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇത് വായ്പ്പയായി വിതരണം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് കോർപ്പറേഷൻ നെയ്ത മാറ്റുകളെ നേരിട്ട് സംഭരിക്കുന്നു. ബാംബൂ മാറ്റുകൾ, ബാംബൂ പ്ലൈ, ഫ്ലാറ്റെൻഡ് ബാംബൂ ബോർഡുകൾ, ബാംബൂ ഫ്ലോറിംഗ് ടൈൽ, ബാംബൂ ഫർണിച്ചർ തുടങ്ങിയവയാണ് കോർപ്പറേഷന്റെ പ്രധാന ഉല്പന്നങ്ങൾ.
ബാംബൂ മേഖലയിലെ പ്രശ്നങ്ങള്‍
ഒരു സേവന ദാതാവ് എന്നനിലയിൽ നിന്ന് മാറി ഒരു സംഘാടകന്റെ ഭാഗം കൂടി സര്‍ക്കാര്‍ നിര്‍ഹിവ്വക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ നിക്ഷേപം ഉറപ്പാക്കല്‍, ആധുനികവൽക്കരണം, എം.എസ്.എം. ഇ മേഖലയുടെ വിഭിന്നതയും ആധുനികതയും ഉറപ്പുവരുത്തല്‍ എന്നീ ദൗത്യങ്ങൾ കൂടി സര്‍ക്കാര്‍ നിർവ്വഹിച്ചുവരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിൽ വ്യവസായിക ഉത്പാദനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കയറ്റുമതി വരുമാനം എന്നിവയുടെ സംഭാവന കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ തുണിവ്യവസായം വളരെ വലിയൊരു പങ്ക് വഹിക്കുന്നു. ഈ വ്യവസായത്തിന്റെ മൊത്തത്തിലുള്ള വളർച്ചയും വികാസവും സമ്പദ്ഘടനയുടെ അഭിവൃദ്ധിയെ നേരിട്ട് സ്വാധീനിക്കുന്നു.
ഇന്ത്യയിൽ, കാർഷിക മേഖല കഴിഞ്ഞാല്‍ 43 ലക്ഷത്തിലേറെ പേര്‍ക്ക് നെയ്ത്തിലും അനുബന്ധ ജോലികളിലുമായി പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി മേഖല. രാജ്യത്തെ തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. മാത്രമല്ല, രാജ്യത്തെ കയറ്റുമതി വരുമാനത്തിലും പ്രസ്തുത മേഖലയുടെ സംഭാവന വിലപ്പെട്ടതാണ്. യഥാർത്ഥത്തിൽ കൈത്തറി തുണിത്തരങ്ങളില്‍ ലോകത്തിലെ 95 ശതമാനവും ഉല്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ നിര്‍മ്മാണ ഉത്പാദനത്തില്‍ 10 ശതമാനവും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2 ശതമാനവും രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 13 ശതമാനവും തുണി വ്യവസായത്തിന്റെ സംഭാവനയാണ്. (അവലംബം: വാർഷിക റിപ്പോർട്ട് 2016 -17, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം).
തുണി ഉല്‍പ്പാദനത്തിലും തൊഴിലുല്പാദനത്തിലും പ്രധാന പങ്കു വഹിക്കുന്ന ഒരു മേഖലയാണ് വികേന്ദ്രീകൃത യന്ത്രത്തറി മേഖല. 64.36 ലക്ഷം ജനങ്ങള്‍ക്ക് തൊഴിലും മൊത്തം തുണി ഉല്‍പ്പാദനത്തിന്റെ 60 ശതമാനവും ഈ മേഖല പ്രദാനം ചെയ്യുന്നു.
ചെറുതും വലുതുമായ വ്യവസായ മേഖലകളിലായി 3,400 -ൽ അധികം മില്ലുകള്‍ ടെക്സ്റ്റയില്‍ മേഖലയിലുണ്ട്. ഈ മില്ലുകളിലൂടെ ഏകദേശം 2,500 മില്യണ്‍ ചതുരശ്ര മില്യണ്‍ കിലോഗ്രാം മനുഷ്യനിർമ്മിത ഫൈബറും നൂലും ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ദേശീയ കൈത്തറി വ്യവസായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ വിഹിതം കുറവായിട്ടാണ് കാണുന്നത്. (അവലംബം: വാർഷികറിപ്പോർട്ട് 2016-17, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം).
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ കയര്‍ മേഖല കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കൈത്തറി മേഖലയ്ക്കാണ്. കേരളത്തിലെ തുണി വ്യവസായം പരമ്പരാഗത കൈത്തറി മേഖല, യന്ത്രത്തറി മേഖല, സ്പിന്നിംഗ് മേഖല എന്നീ വിഭാഗങ്ങളിലുള്ളവയാണ്. സംസ്ഥാനത്തെ കൈത്തറി മേഖല പ്രധാനമായും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളുടെ ചില ഭാഗങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലെ 96 ശതമാനം തറികളും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി 4 ശതമാനം വ്യവസായ സംരംഭകരുടെ കൈകളിലാണ്.
മുണ്ടുകള്‍, അലങ്കാര വസ്തുക്കള്‍, ബെഡ്ഷീറ്റുകള്‍, ഷര്‍ട്ടിങ്ങുകള്‍, സാരികള്‍, ലുങ്കികള്‍ എന്നിവയാണ്കൈത്തറി മേഖലയിലെ പ്രധാന ഉത്പന്നങ്ങൾ. കൈത്തറിയുടെ പാരമ്പര്യവും പൈതൃകവും പരിഗണിച്ച് താഴെ പറയുന്ന ഉല്പന്നങ്ങളെ ഇന്ത്യയുടെ ഭൗമ സൂചിക നിയമത്തില്‍ കീഴില്‍ കൊണ്ടു വന്നിട്ടുണ്ട്.
ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റും കൈത്തറി മേഖലയിലെ ഏജന്‍സികളും
സംസ്ഥാന കൈത്തറി–വസ്ത്ര വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും വികസനത്തിനുമായി നയങ്ങള്‍ രൂപീകരിക്കുന്നത് വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹാൻഡ്‍ലൂം ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റാണ്. സംസ്ഥാനത്തെ അപെക്സ് സഹകരണ നെയ്ത്ത് സംഘങ്ങളുടെയും സഹകരണ സ്പിന്നിംഗ് മില്ലുകളുടെയും തലവനായി പ്രവര്‍ത്തിക്കുന്നത്ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറാണ്.
കേരള സംസ്ഥാന കൈത്തറി നെയ്ത്ത് സഹകരണ സംഘം (ഹാന്റെക്സ്)
കേരള സഹകരണ സംഘം നിയമം അനുസരിച്ച് 1961 -ല്‍ കേരള സംസ്ഥാന കൈത്തറിനെയ്ത്തുസഹകരണസംഘം (ഹാന്റെക്സ്) രജിസ്റ്റര്‍ ചെയ്തു. അസംസ്കൃത വസ്തുക്കളുടെ സംഭരണം, പ്രോസ്സസ്സിംഗ്, വിപണനം, ഗുണനിലവാരമുള്ള നൂലുകളുടെ പ്രോസ്സസ്സിംഗ്, കയറ്റുമതിയിലൂടെ കൈത്തറി ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ബിസിനസ്സ് എന്നിങ്ങനെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുന്ന അപെക്സ് സ്ഥാപനമാണ് ഹാന്റെക്സ്. നിലവില്‍ ഹാന്റെക്സില്‍ 518 പ്രാഥമിക സഹകരണ സംഘങ്ങള്‍ അംഗങ്ങളായുണ്ട്. ഇവയില്‍ 350 എണ്ണം ആധുനിക സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യങ്ങളും ഉപയോഗിച്ചുള്ള കര കൗശല തുണിത്തരങ്ങള്‍, അലങ്കാര വസ്തുക്കള്‍, സാരികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവ രാജ്യത്തിനകത്തും പുറത്തുമുള്ള കയറ്റുമതി വിപണി ലക്ഷ്യമാക്കി പരിസ്ഥിതിസൗഹൃദ രീതിയില്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നിലവില്‍ ഹാന്റെക്സിന് 92 വില്പനശാലകള്‍ കേരളത്തിലുണ്ട്. 2015-16 വര്‍ഷം ഹാന്റെക്സിനുണ്ടായ നഷ്ടം 1,998.48 ലക്ഷം രൂപയിൽ നിന്നും 2016-17 വർഷത്തിൽ 1,837.87 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. ഹാന്റെക്സിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ അനുബന്ധം 3.1.33 -ല്‍ ചേര്‍ത്തിരിക്കുന്നു.
സഹകരണ മേഖല
ഫാക്ടറി മാതൃകയിലും കുടില്‍ മാതൃകയിലുമുള്ള സംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സഹകരണ മേഖല. കേരളത്തിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രാഥമിക നെയ്ത്ത് സഹകരണ സംഘങ്ങള്‍, 2016 മാര്‍ച്ചില്‍ 600 ആയിരുന്നത് 2017 സെപ്റ്റംബറിലെ കണക്കനുസരിച്ച് 625 ആണ്. ഇതില്‍ 185 എണ്ണം ഫാക്ടറി മാതൃകയിലും 440 എണ്ണം കുടില്‍ മാതൃകയിലും ഉള്‍പ്പെടുന്നു. സെപ്റ്റംബർ 2017 ലെ കണക്കനുസരിച്ച് ഈ 625 സംഘങ്ങളില്‍ 409 എണ്ണം പ്രവര്‍ത്തനക്ഷമമാണ്. ഫാക്ടറി മാതൃകയിലുള്ളവയില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമായിട്ടുള്ളത് 99 (24.2 ശതമാനം) എണ്ണവും കുടില്‍ മാതൃകയില്‍ 310 (75.8 ശതമാനം) എണ്ണവും ആണ്. വിശദാംശങ്ങള്‍ അനുബന്ധം 3.1.34 -ല്‍ ചേര്‍ത്തിരിക്കുനു.
കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാൻവീവ്)
കൈത്തറി വ്യവസായത്തിലെ അസംഘടിത പരമ്പരാഗത കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിനായി കണ്ണൂര്‍ ആസ്ഥാനമായി 1968 ല്‍ രൂപം കൊണ്ട ഏജന്‍സിയാണ് ഹാൻവീവ്. വിപണി സ്വഭാവം അനുസരിച്ച് വിവിധതരം കൈത്തറി ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് കേരളത്തിലെ വിവിധ വില്പന ശാലകളിലൂടെ വിപണനം ചെയ്യുകയാണ് ഈ ഏജന്‍സിയുടെ ലക്ഷ്യം. നിലവില്‍ കോര്‍പ്പറേഷന് 49 പ്രദര്‍ശന ശാലകളും, 7 എസ്ക്ളൂസീവ് ഏജന്‍സി ഷോറൂമുകളും 32 ഉല്പാദന കേന്ദ്രങ്ങളുമുണ്ട്. ഹാൻവീവിന്റെ പ്രവര്‍ത്തന വിവരങ്ങള്‍ അനുബന്ധം 3.1.35, 3.1.36 -ല്‍ ചേര്‍ത്തിരിക്കുന്നു. 2016-17 കാലയളവില്‍ ഹാൻവീവിന്റെ വിറ്റുവരവ് 1,558.87 ലക്ഷം രൂപയും നഷ്ടം 8,277.16 ലക്ഷം രൂപയുമാണ്. (താത്കാലികം)
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി)
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുകയും കൈത്തറി മേഖലയ്ക്കാവശ്യമായ സാങ്കേതിക വിവരങ്ങള്‍, മനുഷ്യശേഷി സഹായങ്ങൾ എന്നിവ നല്‍കുകയും ചെയ്യുന്ന നോഡല്‍ ഏജന്‍സിയാണ് ഐ.ഐ.എച്ച്.ടി. 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമം അനുസരിച്ച് 1987 -ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി (ഐ.എച്ച്.ടി.ടി) എന്ന പേരില്‍ നിലവില്‍ വന്നു. പിന്നീട് ഈ സ്ഥാപനത്തെ ഭാരതസർക്കാരിന്റെ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയുമായി ലയിപ്പിച്ചു.
കേരളത്തിലെ കൈത്തറി വ്യവസായം
പന്ത്രണ്ടാം പഞ്ചവത്സര കാലയളവില്‍ (2012-17) കൈത്തറി മേഖലയുടെ പദ്ധതി വിഹിതവും പദ്ധതിചെലവും യഥാക്രമം 349.9 കോടി രൂപയും 404.4 കോടി രൂപയും (115.6 ശതമാനം) ആയിരുന്നു. 2017-18 വാര്‍ഷിക പദ്ധതി കാലയളവില്‍ കൈത്തറി മേഖലയ്ക്കനുവദിച്ച പദ്ധതി വിഹിതം 71.9 കോടി രൂപയും 2017 ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് പദ്ധതി ചെലവ് 9.6 കോടി രൂപ(13.3 ശതമാനം) യുമാണ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തും 2017-18 വാര്‍ഷിക പദ്ധതിക്കാലത്തും കൈത്തറി മേഖലയിലെ പ്രധാന പദ്ധതികള്‍ക്കനുവദിച്ച പദ്ധതി വിഹിതവും പദ്ധതിച്ചെലവും പട്ടിക 3.1.8 -ല്‍ കാണിച്ചിരിക്കുന്നു.
ക്രമ. നമ്പർ | പദ്ധതികൾ | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി | വാർഷികപദ്ധതി 2017-18 | ||||
പദ്ധതി വിഹിതം | പദ്ധതിച്ചെലവ് | % | പദ്ധതി വിഹിതം | പദ്ധതിച്ചെലവ് | % | ||
1 | കൈത്തറി സംഘങ്ങളുടെ ആധുനികവല്‍ക്കരണവും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രോത്സാഹനവും | 49.0 | 33.0 | 67.3 | 10.0 | 0.22 | 2.2 |
2 | വൈദഗ്ദ്ധ്യ വികസന/പരിശീലന പദ്ധതികള്‍ | 13.5 | 12.8 | 95.0 | 2.3 | 0.34 | 15.0 |
3 | മൂലധന സഹായ പദ്ധതികള്‍ | 50.2 | 48.6 | 96.8 | 9.1 | 4.5 | 49.0 |
4 | പ്രോത്സാഹന സഹായ പദ്ധതികള്‍ | 49.3 | 39.8 | 81.0 | 1.1 | 0.32 | 29.0 |
5 | വിപണനം, വ്യാപാരം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ | 14.9 | 12.5 | 84.0 | 4.0 | 0.59 | 15.0 |
(അവലംബം: ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, കേരള സർക്കാർ) |
2016-17 കാലയളവില്‍ ഹാൻഡ്‍ലൂം ആന്റ് ടെക്സ്റ്റൈല്‍സ് വകുപ്പുവഴി നടപ്പിലാക്കിയ പ്രധാന പദ്ധതികളും ഭൗതിക നേട്ടങ്ങളും
കേരളത്തിലെ കൈത്തറി മേഖല
കൈത്തറി മേഖലയുടെ വികസനത്തിനായി 2016-17 വര്‍ഷത്തില്‍ വായ്പയായി 74.31 ലക്ഷം രൂപയും ഗ്രാന്റായി 565.00 ലക്ഷം രൂപയും ഗവണ്‍മെന്റ് ധനസഹായം നല്‍കിയിട്ടുണ്ട്. വിശാദാംശങ്ങള്‍ അനുബന്ധം 3.1.37 -ല്‍ നല്കിയിരിക്കുന്നു. കൈത്തറി മേഖലയിലെ മൊത്തം ഉല്പാദന മൂല്യം 2015-16 ല്‍ 339.25 കോടി രൂപയായിരുന്നത് 2016-17 -ൽ 233.55 കോടി രൂപയായി കുറഞ്ഞു. അതായത് 31 ശതമാനം കുറവ് കാണിക്കുന്നു. മൊത്തം തൊഴിലാളികളുടെ എണ്ണം 2015-16 -ല്‍ 20,135 ആയിരുന്നത് 2016-17 -ല്‍ 4 ശതമാനം കുറഞ്ഞ് 19,321 ആയിട്ടുണ്ട്. മൊത്തം സ്ത്രീതൊഴിലാളികളുടെ എണ്ണവും 2015-16 -ൽ 15,093 ആയിരുന്നത് 2016-17 -ൽ 13780 ആയികുറഞ്ഞിട്ടുണ്ട്. മൊത്തം തൊഴില്‍ ദിനങ്ങളുടെ എണ്ണവും 2015-16 -ല്‍ 67.37 ലക്ഷം മനുഷ്യ ദിനങ്ങൾ ആയിരുന്നത് 2016-17 ല്‍ 65.34 ലക്ഷം മനുഷ്യ ദിനങ്ങളായി കുറഞ്ഞു. 2016-17 ലെ മൊത്തം വിറ്റു വരവ് മൂലധന, വേതന ചെലവ് ഉള്‍പ്പടെ 78.94 കോടിയാണ്. കൈത്തറി വ്യവസായത്തിലെ തൊഴിലാളികള്‍ക്ക് ഒരു ദിവസം കിട്ടുന്ന ശരാശരി കൂലി 150 മുതല്‍ 200 രൂപ വരെയാണ്. കേരളത്തിലെ കൈത്തറി വ്യവസായത്തിന്റെ ഉല്പാദന വിവരങ്ങള്‍ അനുബന്ധം 3.1.38 ലും ചിത്രം 3.1.8 ലും ചേര്‍ത്തിരിക്കുന്നു. കൈത്തറി മേഖലയിൽ സൃഷ്ടിക്കപ്പെട്ട തൊഴിൽ (ലക്ഷം മനുഷ്യ ദിനത്തിൽ) ചിത്രം 3.1.9 -ൽ ചേർത്തിരിക്കുന്നു.
കൈത്തറി മേഖലയിലെ ഉല്പാദനത്തിലും ഉല്പാദന ക്ഷമതയിലും 2012-13 മുതൽ 2015-16 വരെ സ്ഥിരമായ വര്‍ദ്ധനവും 2016-17 ൽ കുറവും കാണിക്കുന്നു. ഈ മേഖലയിലെ തൊഴില്‍ സൃഷ്ടിക്കലിന്റെ എണ്ണത്തില്‍ 2012-13 ലും 2013-14 ലും താരതമ്യേന വര്‍ദ്ധനവും, പിന്നീടുള്ള മൂന്ന് വർഷങ്ങളിൽ കുറഞ്ഞു വരുന്നതായും കാണാം.
കൈത്തറി വ്യവസായം നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ടവ കുറഞ്ഞ കൂലി കാരണം കൈത്തറി മേഖലയിലെത്തുന്ന നെയ്ത്തുകാരുടെ കുറവ്, കുറഞ്ഞ ഉല്പാദന ക്ഷമത, സാങ്കേതിക വിദ്യയിലുള്ള ന്യൂനത, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടെക്സ്റ്റൈല്‍ യുണിറ്റുകളില്‍ നിന്നും യന്ത്രത്തറിയില്‍ നിന്നുമുള്ള മത്സരം എന്നിവയാണ്. മാറുന്ന ട്രെന്‍ഡിനനുസരിച്ച് ഉല്പന്ന വൈദഗ്ദ്ധ്യ മില്ലായ്മ, പ്രവര്‍ത്തന മൂലധനദൗർലഭ്യം, കഴിനൂലിനും പരുത്തിക്കുമുള്ള വില വ്യതിയാനം എന്നിവ മറ്റു ചില കാരണങ്ങളാണ്. സങ്കീര്‍ണ്ണമായ നെയ്ത്ത് തുണിത്തരങ്ങള്‍, വിവിധോദ്ദേശ്യ യുക്തമായതും വിഭിന്നങ്ങളുമായ തുണിത്തരങ്ങള്‍, വിവിധങ്ങളായ ഡിസൈനുകൾ, പുതിയ ഡിസൈനിലേക്ക് മാറാനുള്ള കഴിവ് എന്നിവ കൈത്തറി മേഖലയുടെ ശക്തി കേന്ദ്രങ്ങളാണ്.കൈത്തറി മേഖലയിലെ തൊഴിലാളികൾ പ്രത്യേകം വൈദഗ്ധ്യം ലഭിച്ചിട്ടുള്ളവരാണ്. പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യയും സംവിധാനങ്ങളുമാണ് ഈ മേഖലയിൽ ഉപയോഗിച്ചു വരുന്നത്.
ടെക്സ്റ്റൈല്‍ മേഖല – നൂൽനൂൽപിലും നെയ്ത്തിലും ഏർപ്പെട്ടിരിക്കുന്ന മില്ലുകള്‍
കേരളത്തിലെ ടെക്സ്റ്റൈല്‍ മേഖല, പൊതുമേഖല, സഹകരണ മേഖല, പൊതു മേഖലയിലും സഹകരണ മേഖലയിലും ഉള്ള സംയോജിത യൂണിറ്റുകള്‍ എന്നിങ്ങനെയാണ് സംഘടിതമായിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പൊതു/സഹകരണ മേഖലകളിലായി 17 സ്പിന്നിംഗ് മില്ലുകളാണുള്ളത്.
കേരള സംസ്ഥാന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.ടി.സി.)
സംസ്ഥാനത്ത് ടെക്സ്റ്റൈല്‍ മില്ലുകള്‍ സ്ഥാപിച്ച് നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ 1972-ല്‍ ഒരു കേരള സര്‍ക്കാര്‍ സംരംഭമായി കെ.എസ്.ടി.സി നിലവില്‍ വന്നു. കോര്‍പ്പറേഷന്റെ കീഴില്‍ നാല് മില്ലുകളും ഒരു റിസര്‍ച്ച് ആന്റ് ടെസ്റ്റിങ്ങ് സെന്ററും ഉണ്ട്. പ്രഭുറാം മില്‍സ്, കോട്ടയം മില്‍സ്, ഇടരിക്കോട് ടെക്സ്റ്റൈല്‍സ്, മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ് എന്നിവയാണ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മില്ലുകള്‍. മറ്റു രണ്ടു യൂണിറ്റുകളായ സീതാറം ടെക്സ്റ്റൈല്‍സും, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ലിമിറ്റഡും ഇപ്പോള്‍ കെ.എസ്.ടി.സി യുടെ ഭരണത്തിന്‍ കീഴിലാണ്. ഇതു കൂടാതെ കോര്‍പ്പറേഷനു കീഴില്‍ ഒരു റിസര്‍ച്ച് ആന്റ് ടെസ്റ്റിംങ്ങ് (സി.എ. ആർ.ഡി.റ്റി-സെന്റർഫോർ അപ്ളൈഡ് റിസര്‍ച്ച് & ഡെവലെപ്മെന്റ് ഇൻ ടെക്സ്റ്റൈൽസ്) ഡിവിഷനുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കേരള സംസ്ഥാന സഹകരണ ടെക്സ്റ്റൈല്‍ ഫെഡറേഷന്‍ ലിമിറ്റഡ് (ടെക്സ്ഫെഡ്)
കേരളത്തിലെ സഹകരണ മേഖലയിലെ ടെക്സ്റ്റൈല്‍ യൂണിറ്റുകളുടെ സ്ഥാപനം, മാനേജ്മെന്റ് എന്നിവയില്‍ സഹായിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതിനായി 1992 -ല്‍ രൂപം കൊണ്ട സ്ഥാപനമാണ് ടെക്സ്ഫെഡ്. കേരളത്തിലെ സഹകരണ സ്പിന്നിംഗ് മില്ലുകളുടെയും സംയോജിത യന്ത്രത്തറി സഹകരണ സംഘങ്ങളുടെയും ഉന്നതാധികാര സമിതിയാണ് ടെക്സ്ഫെഡ്. ടെക്സ്റ്റൈല്‍ വ്യവസായത്തിലെ വിവിധ ഭാഗങ്ങളായ സ്പിന്നിംഗ്, വീവിംഗ്, പ്രോസ്സസ്സിംഗ്, ഗാര്‍മെന്റിംഗ് എന്നിവയെ സംയോജിപ്പിക്കുന്നത് ടി സ്ഥാപനം വഴിയാണ്. ടെക്സ്ഫെഡിന്റെ കീഴില്‍ ഏഴ് സ്പിന്നിംഗ് മില്ലുകള്‍ അംഗങ്ങളായുണ്ട്. ഇതില്‍ അഞ്ചെണ്ണം സംസ്ഥാന ഗവണ്‍മെന്റിന്റെ ഭരണത്തില്‍ കീഴിലും രണ്ടെണ്ണം തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡിന്റെ കീഴിലുമാണ്. സ്പിന്നിംഗിലും വീവിംഗിലും ഏര്‍പ്പെട്ടിരിക്കുന്ന മില്ലുകള്‍ ഡിമാന്റ്-സപ്ലൈ രംഗങ്ങളില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കാലഹരണപ്പെട്ട യന്ത്രങ്ങള്‍, കടുത്ത മത്സരം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, കുറഞ്ഞ ഉല്പാദന ക്ഷമത, കുറയുന്ന ലാഭം, പ്രവര്‍ത്തന മൂലധന ന്യൂനത എന്നിവയും കേരളത്തിലെ തുണി മില്ലുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം സ്പിന്നിംഗ് മില്ലുകളും ഇരുപത്തിയഞ്ച് വര്‍ഷത്തിലെറെ പഴക്കം ചെന്നതും ഉപയോഗിക്കുന്ന യന്ത്രസാമഗ്രികള്‍ കാലഹരണപ്പെട്ടതുമാണ്. ഭാഗീക ആധുനികവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കാലികമായ വ്യവസായ നിലവാരത്തിലേക്ക് ഈ സ്ഥാപനങ്ങളെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
സഹകരണ സ്പിന്നിംഗ് മില്ലുകളുടെ നവീകരണം
സഹകരണ മേഖലയുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന ഗവണ്‍മെന്റ് പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. നിലവിലെ യന്ത്രങ്ങളും സാങ്കേതിക വിദ്യയും നവീകരിക്കുന്നതിനായി മാളയിലുള്ള കെ. കരുണാകരന്‍ സ്മാരക സ്പിന്നിംഗ് മില്‍ , പ്രിയദര്‍ശനി സഹകരണ സ്പിന്നിംഗ് മില്‍ (പ്രികോമിൽസ്), മലബാര്‍ സഹകരണ സ്പിന്നിംഗ് മില്‍ എന്നിവയ്ക്ക് ഗവണ്‍മെന്റ് ധന സഹായം നല്‍കുന്നുണ്ട്.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്, സഹകരണമേഖലയിലെ സ്പിന്നിംങ്ങ് മില്ലുകളുടെ പുനരുദ്ധാരണത്തിനായി 93.4 കോടി രൂപ വകയിരുത്തുകയും 179.2 കോടി രൂപ ചെലവുണ്ടാകുകയും ചെയ്തു. 2017-18 വാര്‍ഷിക പദ്ധതിയില്‍ സഹകരണ മേഖലയിലെ സ്പിന്നിംഗ് മില്ലുകള്‍ക്കായി 27.00 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ഞിയുടെ ഉയര്‍ന്നവില, നൂലിന്റെ വിലയിലുണ്ടാകുന്ന കുറവ് മൂലം ഉണ്ടാകുന്ന നഷ്ടം എന്നിവ സ്പിന്നിംഗ് മേഖല നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ്. ഇത് എല്ലാ വര്‍ഷവും സര്‍ക്കാര്‍ നല്‍കുന്ന മൂലധന പിന്തുണ, അസംസ്കൃത വസ്തുക്കളുടെ ഉപയോഗശേഷി കുറയുന്നതനുസരിച്ച് കുറയുന്നതിന് ഇടയാക്കും. അതിനാല്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ഈ മില്ലുകളെ ശക്തിപ്പെടുത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്.
യന്ത്രത്തറി വ്യവസായം
കേരളത്തിലെ നെയ്ത്തു മേഖലയിലെ ഉല്പാദനക്ഷമതയുടെ നിലവിലെ സ്ഥിതി അനുസരിച്ചു, ഈ മേഖല അത്രത്തോളംവികാസംപ്രാപിച്ചിട്ടില്ല. വീവിംഗ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് സംയോജിത യന്ത്രത്തറി സഹകരണ സംഘങ്ങള്‍ക്ക് പദ്ധതി സഹായം നല്കുന്നുണ്ട്. നിലവില്‍ 32 യന്ത്രത്തറി സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ 637 യന്ത്രത്തറികളില്‍ 545 എണ്ണം സഹകരണ മേഖലയിലാണ്. 2016-17 -ൽ യന്ത്രത്തറി വ്യവസായത്തിലെ ഉല്പാദനമൂല്യം 19.0 കോടിരൂപയും ഉത്പാദനക്ഷമത 7022 മീറ്റർ/ലും ആണ്. മൊത്തം വിറ്റുവരവ് 827.3 കോടി രൂപയുമാണ്. 2012-13 മുതല്‍ 2016-17 വരെയുള്ള കേരളത്തിലെ യന്ത്രത്തറി വ്യവസായത്തിലെ ഉല്പാദനവും ഉല്പാദന ക്ഷമതയും അനുബന്ധം 3.1.39 -ല്‍ കൊടുത്തിരിക്കുന്നു. പന്ത്രണ്ടാം പഞ്ചവത്സര ക്കാലത്തേയും, 2017-18 വാർഷിക പദ്ധതിക്കാലത്തേയും യന്ത്രത്തറി വ്യവസായത്തിലെ പ്രധാന പദ്ധതികളുടെ പദ്ധതിവിഹിതവും ചെലവും പട്ടിക 3.1.9 -ൽ കാണിച്ചിരിക്കുന്നു.
ക്രമ. നമ്പർ | പദ്ധതികൾ | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി | Annual Plan 2017-18 | ||||
പദ്ധതി വിഹിതം | പദ്ധതി ച്ചെലവ് | % | പദ്ധതി വിഹിതം | പദ്ധതി ച്ചെലവ് | % | ||
1 | യന്ത്രത്തറി വ്യവസായത്തിന്റെ വികസനം | 4.3 | 3.0 | 69.4 | 1.4 | 0.0002 | 0.01 |
2 | യന്ത്രത്തറികളുടെ ആധുനികവത്കരണം | 201.4 | 16.8 | 82.4 | 3.5 | 0.06 | 1.7 |
വിപണനത്തിലുള്ള പ്രശ്നങ്ങൾ, സാമ്പത്തിക ന്യൂനത, അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം, സാങ്കേതിക വിദ്യയിലെ ന്യൂനത, അസംസ്കൃത വസ്തുക്കളെ ഉൽപ്പന്നമായി മാറ്റുന്നതിനുള്ള സൗകര്യക്കുറവ്, വിവിധ സൗകര്യങ്ങളെക്കുറിച്ചു നെയ്ത്തുകാർക്കിടയിലുള്ള അവബോധക്കുറവ് എന്നിവ യന്ത്രത്തറി മേഖലയിൽ നിലനിൽക്കുന്ന ചില പ്രശ്നങ്ങളാണ്.
ഉപസംഹാരം
വസ്ത്ര വ്യവസായത്തിന്റെ ആധുനികവത്കരണത്തിനായി ചില നടപടികള്‍ അവശ്യമായിട്ടുണ്ട്. പ്രധാനമായും ഉല്പന്ന ഗുണ നിലവാരവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുവാനുതകുന്ന തരത്തില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുക, ഉല്പാദനത്തിലും വിപണനത്തിലും ദേശീയ അന്താരാഷ്ട്ര വിപണികളില്‍ പ്രചാരണമുണ്ടാക്കുന്നതിനുമായി വിവര സാങ്കേതിക വിദ്യ സാധ്യത പ്രയോജനപ്പെടുത്തേണ്ടതാണ്. ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നെയ്ത്തുകാര്‍ക്ക് നേരിട്ട് ധന സഹായം ലഭിക്കുന്ന തരത്തില്‍ സഹായ പദ്ധതികള്‍ രൂപീകരിക്കാവുന്നതാണ്. ആധുനികവത്കരണം, യന്ത്രവത്കരണം, മൂല്യ വര്‍ദ്ധനവ്, എന്നിവയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനും അതു വഴി തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും സാധിക്കും. കൈത്തറി മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി ജൈവ തുണിത്തരങ്ങള്‍ ഉല്പാദിപ്പിച്ച് ‘മെയ്ഡ് ഇന്‍ കേരള’ ബ്രാന്റ് പ്രോത്സാഹിപ്പിക്കാവുന്നതാണ്. കൈത്തറി മേഖലയുടെ പാരമ്പര്യ തനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മറ്റു മേഖലകളുടെവികസനവും സാധ്യമാകുന്നു.
ഇന്ത്യയിലെ ഖാദി ഗ്രാമ വ്യവസായം
ഗ്രാമീണ കരകൗശല തൊഴിലാളികൾക്ക് കുറഞ്ഞ മൂലധനനിക്ഷേപത്തിൽ വേണ്ടത്ര തൊഴിൽ അവസരം സൃഷ്ടിക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളത്. ഖാദി ഉൽപ്പന്നങ്ങളുടെ ഉല്പാദനം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിതിന് നിയമപരമായി പ്രവർത്തിക്കുന്നഒരു ഭാരത സർക്കാർ സ്ഥാപനമാണ് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ (കെ.വി.ഐ.സി). ദേശീയതലത്തിൽ 12 ലക്ഷത്തിലധികം പേർ കെ.വി.ഐ.സി.യുടെ കീഴിൽ ഉൽപ്പാദന പ്രക്രിയയിൽ പങ്കാളികളാണ്. ഇതിൽ ഭൂരിഭാഗവും (70 ശതമാനം) സ്ത്രീകളാണ്.
ഇന്ത്യയിലെ ഖാദി ഗ്രമ വ്യവസായ മേഖല ഉൽപ്പാദന രംഗത്ത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സ്ഥിര വളർച്ചനേടിയിട്ടുണ്ട്. 2013-14 ൽ ഉൽപ്പാദനം 811.0 കോടി രൂപയായിരുന്നത് 2015-16 -ൽ 1,066.0 കോടി രൂപയായി വർദ്ധിച്ചു. സമാനമായി ഖാദി വിൽപന 2013-14 -ൽ 1,081.0 കോടി രൂപയായിരുന്നത് 2015-16 -ൽ 1,510.0 കോടി രൂപയായി ഉയർന്നു. ഇന്ത്യയിലെ ഖാദി വ്യവസായ മേഖലയിലെ 2015-16 ലെ തൊഴിൽ സൃഷ്ടിക്കൽ നിരക്ക് 11.1 ലക്ഷമാണ്. 2016-17 -ൽ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ (കെ.വി.ഐ.സി), 130.7 ലക്ഷം പേർക്ക് മൊത്തം തൊഴിലവസരം നൽകുകയും 34,211.6 കോടി രൂപ വിലമതിക്കുന്ന ഉത്പന്നങ്ങൾ ദേശീയ തലത്തിൽ ഉല്പ്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ഖാദി ഗ്രാമ വ്യവസായ മേഖലയിൽ ഉല്പാദനം, വിപണനം, തൊഴിൽ ദാനം എന്നീ രംഗങ്ങളിൽ കേരളത്തിന്റെ പങ്ക് മൊത്തം ഇന്ത്യൻ ജനസംഖ്യയുടെ കേരളത്തിന്റെ വിഹിതത്തേക്കാൾ കുറവാണ് (പട്ടിക 3.1.10 കാണുക).
വർഷം | ഉൽപ്പാദനം (കോടിയിൽ) | വില്പ്പന (കോടിയിൽ) | മൊത്തം തൊഴിൽ സൃഷ്ടി | ||||||
(ലക്ഷം തൊഴിൽ ദിനങ്ങൾ) | |||||||||
ദേശീയം | കേരളം | സംസ്ഥാന വിഹിതം (ശതമാനത്തിൽ) | ദേശീയം | കേരളം | സംസ്ഥാന വിഹിതം (ശതമാനത്തിൽ) | ദേശീയം | കേരളം | സംസ്ഥാന വിഹിതം (ശതമാനത്തിൽ) | |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
2011-12 | 21852.0 | 144.7 | 0.7 | 26797.1 | 167.5 | 0.6 | 119.1 | 1.3 | 1.1 |
2012-13 | 24024.2 | 145.8 | 0.6 | 27839.7 | 170.8 | 0.6 | 124.8 | 1.2 | 1.0 |
2013-14 | 26109.1 | 139.8 | 0.5 | 31152.4 | 172.6 | 0.6 | 140.4 | 1.2 | 0.8 |
2014-15 | 27569.4 | 136.4 | 0.5 | 33135.9 | 170.0 | 0.5 | 134.3 | 1.1 | 0.8 |
2015-16 | 34490.2 | 160.4 | 0.5 | 41894.6 | 161.3 | 0.4 | 137.8 | 1.1 | 0.8 |
*2016-17 (P) | **34211.6 | 171.7 | 0.5 | 41623.6 | 163.5 | 0.4 | 130.7 | 1.1 | 0.8 |
അവലംബം: വാർഷിക റിപ്പോർട്ട് 2015-16 എം.സ്.എം.ഇ മന്ത്രാലയം, ഭാരത സർക്കാർ&ഖാദി ഗ്രാമ വ്യവസായ ബോർഡ്, കേരള സർക്കാർ *താൽക്കാലികം **ഖാദി ഗ്രാമ വ്യവസായ ബോർഡ്, കേരള സർക്കാർ |
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്
കേരള ഖാദി ഗ്രാമ വ്യവസായത്തെ സംഘടിപ്പിക്കൽ, വികസിപ്പിക്കൽ, പരിപോഷിപ്പിക്കൽ എന്നീ ദൗത്യങ്ങൾ നിറവേറ്റുന്നതിന് ഉദ്ദേശിച്ച് രൂപീകരിച്ച നിയമ സ്ഥാപനമാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്. 2016-17 -ൽ കേരളത്തിലെ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നും ആകെ ഉല്പാദിപ്പിച്ച ഉൽപ്പന്ന മൂല്യം 171.7 കോടി രൂപയുടേ താണ്. 2011-12 കാലഘട്ടത്തിൽ കേരളത്തിലെ ഖാദി ഗ്രാമ വ്യവസായ മേഖലയിലെ മൊത്തം തൊഴിലവസരം 1.3 ലക്ഷത്തിൽ നിന്ന് 2015-16 -ൽ 1.1 ലക്ഷമായി കുറഞ്ഞു. ഈ കാലയളവിൽ ഉല്പാദനം വർധിച്ചുവെങ്കിലും സംസ്ഥാനത്തിനകത്തെ വിറ്റുവരവ് കുറഞ്ഞു വരുന്ന പ്രവണത കാണിച്ചു. ഈ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുവരുന്നതിനു പ്രധാന കാരണം മികച്ച തൊഴില്‍ അന്വേഷിച്ചുള്ള തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും ഉന്നതവിദ്യാഭ്യാസ ലക്ഷ്യവുമാണ്. വന്‍തോതില്‍ ഉല്പാദിപ്പിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, രാജ്യത്ത് പവർലൂം മേഖലയുടെ വമ്പിച്ച വളര്‍ച്ച, തുണിത്തരങ്ങളുടെ ആവശ്യത്തിന്‍മേലുള്ള വ്യതിയാനം, ഉല്പാദനക്ഷമമല്ലാത്ത ചര്‍ക്കകളുടേയും തറികളുടേയും ഉപയോഗം എന്നിവ ഈ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തെ പിന്നോട്ടു വലിക്കുന്നതിനുള്ള മറ്റ് പ്രധാന കാരണങ്ങളാണ്.
ഖാദി വ്യവസായ ബോര്‍ഡിന് 2015-16, 2016-17 വര്‍ഷങ്ങളില്‍ വിവിധ തലങ്ങളില്‍ നിന്നു ലഭിച്ച വിഹിതവും അതിന്റെ ചെലവും പട്ടിക 3.1.11 -ല്‍ ചേര്‍ത്തിരിക്കുന്നു.
ഇനം | 2015-16 | 2016-17 | ||
വരവ് | ചെലവ് | വരവ് | ചെലവ് | |
സംസ്ഥാന സർക്കാർ ഗ്രാൻറ്-പദ്ധതി വിഹിതം 1. ഭരണ ചെലവുകൾ (ബജറ്റ് വിഹിതം) 2. ഇൻകം സപ്പോർട്ട് സ്കീം (ഡി ഐ സി വഴിയുള്ള ഫണ്ട്) |
196.0 2700.0 |
196.0 2700.0 |
|
1010.0 2964.5 |
സംസ്ഥാന സർക്കാർ ഗ്രാൻറ്-പദ്ധതിയേതര 1. പദ്ധതിയേതര- ഭരണ ചെലവുകൾ 2. പദ്ധതിയേതര-പ്രതേക ഇളവ് |
3037.2 2213.0 |
3575.3 2213.0 |
3493.0 785.0 |
3845.1 785.0 |
കെ വി ഐ സി ഗ്രാൻറ് 1. പി.എം.ഇ.ജി.പി. -മാർജിൻ മണി സഹായം 2. പി.എം.ഇ.ജി.പി. യുടെ ജില്ലാ തല ബോധവൽക്കരണ ക്യാമ്പിനും ജില്ലാ തല പ്രദർശനങ്ങൾക്കു മുള്ള ഗ്രാൻറ് 3. സ്റ്റേഷനറി, പബ്ലിസിറ്റി, യാത്രാബത്ത, പി.എം.ഇ.ജി.പി. പദ്ധതിച്ചെലവുകൾ എന്നിവയ്ക്കുള്ള ഗ്രാൻറ് |
819.46 1.2 2.2 |
819.5 1.2 2.2 |
848.0 2.2 2.5 |
994.7 2.2 2.5 |
അവലംബം: ഖാദി ഗ്രാമ വ്യവസായ ബോർഡ്, കേരള സർക്കാർ |
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഖാദി ഗ്രാമ വ്യവസായ മേഖലയുടെ പദ്ധതി വിഹിതവും ചെലവും
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഈ മേഖലയ്ക്ക് വകയിരുത്തിയ തുക 6,735.2 ലക്ഷം രൂപയും ചെലവ് 6,236.2 ലക്ഷം രൂപയുമാണ്. 2012-3, 2013-14 വർഷങ്ങളിൽപദ്ധതി വിഹിതത്തെക്കാള്‍ ചെലവ് കൂടുതലായിരുന്നു. എങ്കിലും 2014-15 ലെപദ്ധതിചെലവ് മൊത്തം പദ്ധതി തുകയായ 1,397.6 ലക്ഷം രൂപയുടെ 24 ശതമാനം മാത്രമായിരുന്നു. ഇതിനു പ്രധാന കാരണം സമയബന്ധിതമായി പദ്ധതി വിഹിതം നല്‍കുന്നതിനു നേരിട്ട കാലതാമസമാണ്. എന്നാൽ 2015-16, 2016-17 എന്നീ വർഷങ്ങളിൽ യഥാക്രമം 80 ശതമാനം 72 ശതമാനം എന്നിങ്ങനെ നിരക്ക് വർദ്ധനവ് രേഖപ്പെടുത്തി.പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ സാമ്പത്തിക വിശദാംശങ്ങൾ പട്ടിക 3.1.12 -ൽ കൊടുത്തിരിക്കുന്നു.
വർഷം | വിഹിതം | ചെലവ് | % |
2012-13 | 1210.0 | 1306.0 | 108.0 |
2013-14 | 1331.0 | 2490.0 | 187.0 |
2014-15 | 1397.6 | 341.6 | 24.0 |
2015-16 | 1397.6 | 1114.6 | 80.0 |
2016-17 | 1399.0 | 1010.0 | 72.2 |
ആകെ | 6735.2 | 6262.2 | 93.0 |
അവലംബം: ബജറ്റ് 2012-13 മുതൽ 2015-16 അക്കൗണ്ട്സ് & പ്ലാൻസ്പേസ് |
ബജറ്റ് 2017 -18
2017-18 വാർഷികപദ്ധതിയിൽ വകയിരുത്തിയ പദ്ധതി വിഹിതം 1,691.0 ലക്ഷം രൂപയും ചെലവ് 488.6 ലക്ഷം (നവംബര്‍ 30, 2017 വരെ)രൂപയുമാണ് (28.9 ശതമാനം). ഈ മേഖലയിൽ നടപ്പിലാക്കിയ ആകെ പദ്ധതികളുടെ എണ്ണം 11 ആണ്. ഇതിൽ ‘ഖാദി ഗ്രാമം പരിപാടി’ എന്ന പുതിയ പദ്ധതിയും ഉൾപ്പെടുന്നു.ഇതിലൂടെ 3,000 ചർക്കകളും 2,000 തറികളും സ്ഥാപിക്കാൻ ഉദ്ദേശിക്കുകയും ഗാർഹിക തലത്തിൽഅഞ്ച് വർഷംകൊണ്ട് 5,000 പേർക്ക് തൊഴിൽ നല്കാൻ ലക്ഷ്യമിടുകയും ചെയ്യുന്നു. പദ്ധതി വിഹിതവും ചെലവും അനുബന്ധം 3.1.40 -ൽ നൽകിയിരിക്കുന്നു. കേരളത്തിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കിയ പ്രധാന പദ്ധതികളിൽ ചിലത് താഴെ തന്നിരിക്കുന്നു:
കണ്ണൂർ ജില്ലയിലെ ഏറ്റുകുടുക്കയിൽ പരുത്തി സംസ്കരണ യൂണിറ്റിന്റെ ആധുനിക വൽക്കരണം, നവീകരണം
പരുത്തി സംസ്കരണ യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതിനാൽ കണ്ണൂർ ജില്ലയിലെ ഏറ്റുകുടുക്കയിൽ നിലവിലുള്ള പരുത്തി സംസ്കരണ യൂണിറ്റ് വികസിപ്പിച്ച് സംസ്കരിച്ച പരുത്തിയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും വകുപ്പുതല ഉല്പാദന കേന്ദ്രങ്ങളിലെ നൂൽ നൂൽപ്പുകാർക്ക് ആവശ്യമുള്ളതും ഗുണമേന്മയുള്ളതുമായ സ്ലിവർ താങ്ങാവുന്ന വിലക്ക് നൽകുന്നതിനും ലക്ഷ്യമിടുന്നു. യന്ത്രസമഗ്രഹികൾ വാങ്ങൽ, അസംസ്കൃത വസ്തുക്കളുടെ ശേഖരണം, അടിസ്ഥാന സൗകര്യങ്ങൾ നൽകുക മുതലായവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഖാദി നൂൽ നൂൽപ്പുകാർക്കും നെയ്ത്തുകാർക്കും ഉൽപ്പാദന പ്രോത്സാഹനവും ഉത്സവബത്തയും
നെയ്ത്തുകാർക്കും നൂൽപ്പുകാർക്കും ഉൽപ്പാദന പ്രോത്സാഹനവും ഖാദി തൊഴിലാളികൾക്ക് ഉത്സവബത്തയും നൽകുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
വകുപ്പുതല ഗ്രാമ വ്യവസായ യൂണിറ്റുകളുടെ സ്ഥാപനവും ശക്തിപ്പെടുത്തലും
റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂണിറ്റിന്റെയും കൈക്കടലാസ് നിർമാണ യൂണിറ്റിന്റെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്.
പ്രത്യേകതൊഴിൽ ദാന പരിപാടി
ചെറുകിട സംരംഭകർക്കും പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്കും ബാങ്ക് ബന്ധിത പ്രോജക്ടുകൾക്ക് മാർജിൻ മണി സബ്സിഡി നൽകാൻ ഇത് നിർദേശിക്കുന്നു (പ്രൊജക്ട് വിലയിരുത്താൻ യോഗ്യതയുള്ള അധികാരിയുടെ അടിസ്ഥാനത്തിൽ).
തേനീച്ച വളർത്തൽ വികസനം
തേനീച്ച വളർത്തൽ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി തേനീച്ചപ്പെട്ടികൾ സബ്സിഡി നിരക്കിൽ നൽകുന്നതിനും വ്യവസായ സംരംഭകർക്ക് തേനീച്ച വളർത്തലിൽ പരിശീലനം നൽകുന്നതിനും ഉദ്ദേശിക്കുന്നു.
ഖാദി ഗ്രാമം പരിപാടി
ഇതിലൂടെ 3,000 ചർക്കകളും 2,000 ലേറെ തറികളും സ്ഥാപിക്കാൻ ഉദ്ദേശിക്കുകയും ഗാർഹിക തലത്തിൽ അഞ്ച് വർഷം കൊണ്ട് 5,000 പേർക്ക്
തൊഴിൽ നല്കാൻ ലക്ഷ്യമിടുകയും ചെയ്യുന്നു. ഇതിന് പുറമെ, സ്വാശ്രയ സംഘങ്ങൾ വഴി 582.0 കോടിരൂപ മൂല്യമുള്ള ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുകയും 596.0 കോടി രൂപയുടെ ഉല്പന്നങ്ങൾ വിറ്റഴിച്ചതിലൂടെ 1,47,355 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാൻ കഴിഞ്ഞു. ഖാദി ഗ്രാമ വ്യവസായ എയ്ഡഡ് സംഘങ്ങളുടെ ആളോഹരി ഉല്പാദനക്ഷമത ഖാദിഗ്രാമവ്യവസായവകുപ്പ് യൂണിറ്റുകളുടേതിനേക്കാള്‍ ഉയര്‍ന്നതാണെന്ന് കാണാന്‍ കഴിയും. ഖാദി ബോര്‍ഡിന്റെ 2015-16, 2016-17 വര്‍ഷങ്ങളിലെ ഉല്പാദനം, വിപണനം, കൂലി, തൊഴിൽ ദിനങ്ങളുടെ എണ്ണം എന്നിവയും ജില്ല തിരിച്ചുള്ള വില്പന കേന്ദ്രങ്ങളുടെ വിവരങ്ങളും അനുബന്ധം 3.1.41 അനുബന്ധം 3.1.42 എന്നിവയില്‍ നല്‍കിയിരിക്കുന്നു.
ഗ്രാമ, നഗര പ്രദേശങ്ങളിൽ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പരിപാടി (പി.എം.ഇ.ജി.പി.) ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾ/സംരംഭകർ എന്നിവർക്ക് സംസ്ഥാന സബ്സിഡി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക് വിതരണം ചെയ്യുന്നതാണ്. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പരിപാടിയുടെ ആനുകൂല്യം ലഭിക്കാത്ത ചെറുകിടസംരംഭകരെയും പരമ്പരാഗത തൊഴിലാളികളെയും ഉദ്ദേശിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് പ്രത്യേക തൊഴില്‍ദാന പരിപാടി (എസ്. ഇ.ജി.പി). 2016-17 -ൽ ഖാദി ബോർഡ് ‘എന്റെ ഗ്രാമം’ പദ്ധതിയായി ഇത് നടപ്പിലാക്കി. 2016-17 വർഷത്തെ ഈ പദ്ധതിയുടെ മൊത്തം ചെലവ് 556.0 ലക്ഷം രൂപയാണ്. ഇക്കാലയളവില്‍ 737 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 245 പുതിയ യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. സ്വയം തൊഴില്‍ പദ്ധതി വഴി 2016-17 വര്‍ഷത്തെ നേട്ടങ്ങള്‍ ജില്ല തിരിച്ച്, അനുബന്ധം 3.1.43 -ല്‍ ചേര്‍ത്തിരിക്കുന്നു.
സാങ്കേതികവിദ്യയും മൂല്യവര്‍ദ്ധനവും
ഖാദി തുണിത്തരങ്ങൾ ഉപയോഗിച്ചും റെഡിമെയ്ഡ് വസ്ത്രങ്ങൾ നിർമ്മിച്ചുവരുന്നു. നിലവിലെ സ്ഥാപനങ്ങളുടെ ഉല്പാദനക്ഷമത കൂട്ടുന്നതിന് ഖാദി ബോര്‍ഡ് ഐ.ഐ.ടി മദ്രാസിന്റെ സഹായത്തോടെ പുതിയ സാങ്കേതികവിദ്യാ കൂട്ടിച്ചേര്‍ക്കല്‍ പരിപാടി ആരംഭിച്ചിട്ടുണ്ട്. 13-ാം പഞ്ചവത്സരപദ്ധതി കാലയളവില്‍ 10,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്.
2016-17 ലെ വിപണനം
ഖാദി ബോര്‍ഡിനു കീഴില്‍ 209 വില്പനകേന്ദ്രങ്ങളുണ്ട്. ഇതില്‍ ഖാദി ഗ്രാമ സൗഭാഗ്യ (42), ഖാദി സൗഭാഗ്യ (51), ഗ്രാമസൗഭാഗ്യ (ജി.എസ്.ഡിപ്പോ 116) എന്നിവ കൂടാതെ 3 മൊബൈല്‍ വാനുകളും പ്രവര്‍ത്തിക്കുന്നു. 2016 -ല്‍ ഖാദിബോര്‍ഡ് ഓണം മേള സംഘടിപ്പിച്ചു. ലക്ഷ്യമിട്ടിരുന്ന 27 കോടി രൂപയെ മറികടന്ന് 30.4 കോടിരൂപയുടെ വില്പന നടത്തുവാന്‍ 2016 ഓണം മേളയിലൂടെ സാധിച്ചു. 2016-17 ലെ സംസ്ഥാനതല ഓണം മേള തിരുവനന്തപുരത്ത് നടക്കുകയും അതിലൂടെ 36.5 കോടി രൂപയുടെ വിൽപ്പന നേടുകയും ചെയ്തു. 2016-17 ലെ ജില്ല തിരിച്ചുള്ള വിപണനം (2017 മാർച്ച് 31, വരെ) അനുബന്ധം 3.1.44 -ല്‍ ചേര്‍ത്തിരിക്കുന്നു.
ഖാദിഗ്രാമവ്യവസായ വകുപ്പിലെ പരിമിതികളും ഭാവി തന്ത്രങ്ങളും
ഈ മേഖലയില്‍ നിന്നും തൊഴിലാളികള്‍ കൊഴിഞ്ഞു പോകുന്നതിന് പ്രധാനകാരണം മറ്റുമേഖലകളിലെ ആകര്‍ഷണീയ വരുമാനവും അവസരങ്ങളുമാണ്. വിറ്റഴിക്കാത്ത ഖാദി ഉല്പന്നങ്ങളുടെ അമിതശേഖരം, ബാങ്ക് വായ്പ നേടുന്നതിനുള്ള പ്രയാസം, പുതിയ വിപണന തന്ത്രങ്ങൾ സ്വീകരിക്കുന്നതിലുള്ള പോരായ്മ, ഉല്പന്നവൈവിദ്ധ്യ കുറവ്, ഉല്പന്നങ്ങളുടെ മോശം ഗുണനിലവാരം, ഉയര്‍ന്ന ഉല്പാദനചെലവ് എന്നിവയാണ് ഈ മേഖലയെ നിശ്ചലാവസ്ഥയ്ക്ക് കാരണമാക്കുന്ന മറ്റ് പ്രധാനതടസ്സങ്ങള്‍. മാർക്കറ്റിംഗ് സൗകര്യങ്ങളും, ഗവേഷണ വികസന പരിപാടികളും മറ്റ് പിന്തുണാ സ്ഥാപനങ്ങൾവഴി വർദ്ധിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നതാണ്. പ്രീ-പ്രോസസിങ് ഘട്ടത്തിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും വേണ്ടി ഖാദി ഗ്രാമ വ്യവസായ മേഖലയിൽ സംരംഭകത്വവും തൊഴിൽ സൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികൾ ബോർഡ് സ്വീകരിക്കുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കയര്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ചകിരി ഉല്‍പ്പാദനം ലോക ഉല്‍പ്പാദനത്തിന്റെ 80 ശതമാനത്തില്‍ അധികം വരും. ചൈന, യു.എസ്.എ, നെതർലാന്റ്, സൗത്ത് കൊറിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടെ 116 രാജ്യങ്ങളില്‍ കയറും കയറുത്പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് കേരളത്തില്‍ കയര്‍ വ്യവസായത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തിലെ ദൈര്‍ഘ്യമേറിയ തീരദേശങ്ങള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവ കയര്‍ വ്യവസായത്തിന് അനുകൂലമായ ഘടകങ്ങളായി വര്‍ത്തിക്കുന്നു. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാള്‍, ആസ്സാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാളികേരോത്പാദനം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ കയർ വ്യവസായവും ഉയര്‍ന്നു വരുന്നുണ്ട്.
ഇന്ത്യയുടെ മൊത്തം കയര്‍ ഉത്പാദനത്തിന്റെ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണ്. കയര്‍ വ്യവസായം പ്രധാനമായും നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അവ തൊണ്ട് കുതിര്‍ത്ത് ചകിരി നാര് വേര്‍തിരിച്ചെടുക്കുന്ന മേഖല, പിരി മേഖല, ഉല്പാദന മേഖല, കയറ്റുമതി മേഖല എന്നിവയാണ്. ഈ കൃഷി അധിഷ്ഠിത ഗ്രാമ വ്യവസായം കേരളത്തിന്റെ തീരദേശങ്ങളിലുള്ള ഏകദേശം 2 ലക്ഷത്തോളം കുടുംബങ്ങളുടെ ജീവനോപാധിയാണ്.
ചില കണക്കുകളുടെഅടിസ്ഥാനത്തില്‍ കേരളത്തില്‍ സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലുമായി ഏകദേശം 3.75 ലക്ഷം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 80 ശതമാനത്തോളം സ്ത്രീകളാണ്. കയര്‍ മേഖലയെ സഹകരണ മേഖല വളരെയധികം സ്വാധീനിക്കുന്നുണ്ട്. കയര്‍, യാണ്‍ ഉല്പാദകര്‍, ഉല്പന്ന നിര്‍മ്മാതാക്കള്‍, കയറ്റുമതിക്കാര്‍ എന്നിവരുടെയിടയില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവര്‍ക്ക് വളരെ വലിയൊരു പങ്കുണ്ട്.
കേരളത്തിലെ കയര്‍ മേഖലയ്ക്കാവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്ന ചുമതല കയര്‍ വികസന ഡയറക്ട്രേറ്റിനാണ്. സംസ്ഥാനത്തെ കയര്‍ വ്യവസായത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതും കയര്‍ വികസന ഡയറക്ട്രേറ്റാണ്. കേരള സംസ്ഥാന സഹകരണ കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കയര്‍ ഫെഡ്), കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എസ്.സി.സി), ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് (ഫോമില്‍), ദേശീയ കയര്‍ ഗവേഷണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.സി.ആര്‍.എം.ഐ), സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കയര്‍ ബോര്‍ഡ് എന്നിവയാണ് കയര്‍ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ വികസനത്തിനും പ്രോത്സാഹനത്തിനുമായുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയര്‍ ബോര്‍ഡ് വഴിയാണ് ലഭിക്കുന്നത്.
കേരള സംസ്ഥാന സഹകരണ കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കയര്‍ഫെഡ്)
കേരളത്തിലെ കയര്‍ വ്യവസായ മേഖലയില്‍ വ്യാപിച്ചു കിടക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പെക്സ് ഏജന്‍സിയാണ് കയര്‍ഫെഡ്. അംഗങ്ങളായുള്ള സഹകരണ സംഘങ്ങളില്‍ നിന്നും കയര്‍ ഉത്പന്നങ്ങള്‍ ശേഖരിക്കുകയും വിപണനം ചെയ്യുകയുമാണ് കയര്‍ ഫെഡിന്റെ പ്രധാന പ്രവര്‍ത്തനം. നിലവില്‍ കയര്‍ ഫെഡിന് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങൾ, റബ്ബര്‍ അധിഷ്ഠിത കയര്‍ മാറ്റുകള്‍ എന്നിങ്ങനെ രണ്ട് ഫാക്ടറികളുണ്ട്. കൂടാതെ നാല് ഡീഫൈബറിംഗ് യൂണിറ്റുകളുമുണ്ട്.
കയര്‍ സഹകരണ സംഘങ്ങള്‍
കയറുല്‍പ്പന്ന നിര്‍മ്മാണത്തിനാവശ്യമായ തൊണ്ട്, ചകിരിനാര് ശേഖരണം, സംസ്കരണം, വിവിധങ്ങളായ കയറുല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ പ്രക്രിയകളില്‍, കയര്‍ സഹകരണ സംഘങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നു. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കയര്‍ സഹകരണ സംഘങ്ങളുടെ എണ്ണം 1001 ആണ്. കയര്‍ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് 2016-17 ല്‍ 2015-16-ലേതിനേക്കാള്‍ 7 യൂണിറ്റുകളുടെ കുറവാണ് കാണിച്ചിരിക്കുന്നത്. എന്നാൽ പ്രവർത്തനോന്മുഖമായ സഹകരണ സംഘങ്ങളുടെ എണ്ണം 2015-16 വര്‍ഷത്തില്‍ 544 ആയിരുന്നത് 2016-17 -ൽ 564 ആയി വര്‍ദ്ധിച്ചു. വിശദാംശങ്ങള്‍ അനുബന്ധം 3.1.45 -ല്‍ ചേര്‍ത്തിരിക്കുന്നു.
കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ (കെ.എസ്.സി.സി)
കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ വ്യവസ്ഥാപിതമായ പുരോഗതിക്കായി 1969 ലാണ് കേരള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കപ്പെട്ടത്. ചെറുകിട കയര്‍ ഉല്‍പാദകര്‍ക്ക് ഉല്‍പാദന-വിപണന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നത് കയര്‍ കോര്‍പ്പറേഷനാണ്. കയര്‍ പിരി ഉല്‍പ്പന്നങ്ങളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്പാദനവും കോര്‍പ്പറേഷനില്‍ നിക്ഷിപ്തമാണ്. കയര്‍ മേഖലയില്‍ വില വ്യതിയാന സ്ഥിരതാ ഫണ്ട് (പി.പി.എസ്) പദ്ധതി നടപ്പിലാക്കുന്നത് കയര്‍ കോര്‍പ്പറേഷന്‍ മുഖേനയാണ്. ഈ പദ്ധതി അനുസരിച്ച് ചെറുകിട ഉല്പാദകരില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി കയര്‍ കോര്‍പ്പറേഷന്‍ ശേഖരിക്കുന്നു. കയര്‍ കോര്‍പ്പറേഷന്റെ കയറ്റുമതി മൂല്യം 2015-16 -ല്‍ 8.14 കോടി രൂപയായിരുന്നത് 2016-17 -ല്‍ 10.16 കോടി രൂപയായി വര്‍ദ്ധിച്ചു.
ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് (ഫോമില്‍)
മൂല്യ വര്‍ദ്ധിത കയര്‍ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി 1979 -ല്‍ നിലവില്‍ വന്ന സ്ഥാപനമാണ് ഫോമില്‍. സാങ്കേതിക വിദ്യ, യന്ത്രങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനാണ് ഫോമില്‍ പ്രധാന്യം നല്‍കുന്നത്. യന്ത്രത്തറി മേഖലയിലെ കയറ്റുമതിക്കാരെ സഹായിക്കുന്നതിനായി 2000 -ല്‍ ആധുനിക രീതിയിലുള്ള ഒരു ഡൈ ഹൗസും ആരംഭിച്ചിട്ടുണ്ട്. ഫോമില്ലിന്റെ കയറ്റുമതി മൂല്യം 2015-16 -ല്‍ 13.05 ലക്ഷം രൂപയായിരുന്നത് 2016-17 -ല്‍ 56.41 ലക്ഷം രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.
ദേശീയ കയര്‍ ഗവേഷണ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.സി.ആര്‍.എം.ഐ)
ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലൂടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും രൂപ കല്പനാധിഷ്ഠിത ഉത്പന്നങ്ങളും വികസിപ്പിച്ച്, ‘ന്യായവിലയ്ക്ക് കയര്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക’ എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനം. ദേശീയവും അന്തര്‍ദേശീയവുമായ സമാന ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹ പ്രവര്‍ത്തനത്തിലൂടെ പുതിയ കയര്‍ സാങ്കേതിക വിദ്യകളില്‍ പഠനങ്ങളും എന്‍.സി.ആര്‍.എം.ഐ നടത്തുന്നുണ്ട്.
കേന്ദ്ര കയര്‍ ഗവേഷണ സ്ഥാപനം
കേന്ദ്ര കയര്‍ ബോര്‍ഡിന്റെ പ്രധാനപ്പെട്ട ഒരു കയര്‍ ഗവേഷണ സ്ഥാപനമാണ് ആലപ്പുഴയിലെ കലവൂരിലുള്ള കേന്ദ്ര കയര്‍ ഗവേഷണ സ്ഥാപനം. 1959 -ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിന് ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട ഏല്ലാ ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത് ഈ സ്ഥാപനമാണ്.
കേരള സംസ്ഥാന കയര്‍ യന്ത്രനിര്‍മ്മാണ കമ്പനി ലി. (കെ.എസ്.സി.എം.എം.സി) ആലപ്പുഴ.
കേരളത്തിലെ കയര്‍ മേഖലയ്ക്കാവശ്യമായ യന്ത്രസാമഗ്രികള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ 2014 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ ആരംഭിച്ച സ്ഥാപനമാണ് കെ.എസ്.സി.എം.എം.സി. ഇലക്ട്രോണിക് റാട്ടുകള്‍, ആട്ടോമേററഡ് സ്പിന്നിംഗ് യന്ത്രങ്ങള്‍, ഡി-ഫൈബറിംഗ് യന്ത്രങ്ങള്‍, വില്ലോവിംഗ് യന്ത്രങ്ങള്‍, കയര്‍മേഖലയ്ക്കാവശ്യമായ മറ്റനുബന്ധ യന്ത്രങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുക വഴി കേരളത്തിലെ കയര്‍മേഖലയുടെ വേഗത്തിലുള്ള യന്ത്രവത്ക്കരണം നടപ്പിലാക്കുകയാണ് കെ.എസ്.സി.എം.എം.സി യുടെ ഉദ്ദേശലക്ഷ്യം.
കേരളത്തിലെ കയര്‍ വ്യവസായം
പന്ത്രണ്ടാം പഞ്ചവത്സര കാലയളവില്‍ (2012-17) കയര്‍ മേഖലയുടെ പദ്ധതി വിഹിതവും പദ്ധതിചെലവും യഥാക്രമം 562.95 കോടി രൂപയും 448.6 കോടി രൂപയും (79.7 ശതമാനം) ആയിരുന്നു. 2017-18 വാര്‍ഷിക പദ്ധതി കാലയളവില്‍ കയര്‍ മേഖലയ്ക്കനുവദിച്ച പദ്ധതി വിഹിതം 128.1 കോടി രൂപയും 2017 ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് പദ്ധതി ചെലവ് 14.1 കോടി രൂപ (10.9 ശതമാനം) യുമാണ്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തും 2017-18 വാര്‍ഷിക പദ്ധതിക്കാലത്തും കയര്‍മേഖലയിലെ പ്രധാന പദ്ധതികള്‍ക്കനുവദിച്ച പദ്ധതി വിഹിതവും പദ്ധതി പദ്ധതി ച്ചെലവും പട്ടിക 3.1.13 -ല്‍ കാണിച്ചിരിക്കുന്നു.
ക്രമ. നമ്പർ |
പദ്ധതികൾ | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി | വാർഷിക പദ്ധതി 2017-18 | ||||
പദ്ധതി വിഹിതം | പദ്ധതിച്ചെലവ് | ചെലവ് വിഹിതത്തിന്റെ ശതമാനത്തില്‍ | പദ്ധതി വിഹിതം | പദ്ധതിച്ചെലവ് | ചെലവ് വിഹിതത്തിന്റെ ശതമാനത്തില്‍ | ||
1 | കയർമേഖലയിലെ യന്ത്രവത്കരണവും പശ്ചാത്തലസൗകര്യ വികസനവും | 325.4 | 162.7 | 50.0 | 45.0 | 1.3 | 2.8 |
2 | വിപണനം, പരസ്യ പ്രചാരണ വ്യാപാര പ്രവര്‍ത്തനങ്ങള്‍ മുതലായവയ്ക്കും ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനുമുള്ള ധന സഹായം | 33.5 | 28.7 | 85.7 | 8.8 | 0.03 | 0.3 |
3 | കയര്‍, ചകിരി, നാര് എന്നിവയുടെ വിലസ്ഥിരതയ്ക്ക് വേണ്ടിയുള്ള വില വ്യതിയാന സ്ഥിരത ഫണ്ട് | 95.0 | 148.9 | 156.7 | 48.7 | 2.6 | 5.3 |
4 | കയര്‍ ഭൂവസ്ത്ര വികസന പരിപാടി | 1.5 | 5.0 | 333.0 | 0.30 | 0.15 | 50.0 |
5 | ഉല്പാദനവും വിപണന പ്രചോദനവും | 20.0 | 23.9 | 119.5 | 5.5 | 5.4 | 98.2 |
6 | കയര്‍, കയറുല്പന്നങ്ങള്‍ എന്നിവയുടെ വില്പനയ്ക്കുള്ള വിപണി വികസന സഹായം | 30.0 | 30.0 | 100.0 | 8.8 | 3.3 | 37.5 |
അവലംബം: 2012-13 മുതല്‍ 2016-17 വരെയുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ബഡ്ജറ്റ്, പ്ലാന്‍ സ്പേസ് |
2016-17-ല്‍ കയര്‍ വികസന ഡയറക്ടറേറ്റ് വഴി നടപ്പിലാക്കി വരുന്ന പ്രധാന പദ്ധതികളുടെ അവലോകനം
തൊണ്ട് ശേഖരണവും ചകിരിനാര് നിര്‍മ്മാണവും
കേരളത്തിലെ കയര്‍ സഹകരണ സംഘങ്ങള്‍ 2016-17 -ല്‍ 1.42 കോടി രൂപ ചെലവില്‍ 1.13 കോടി എണ്ണം തൊണ്ടും 22.34 കോടി രൂപ ചെലവില്‍ 11,745.08 ടണ്‍ ചകിരി നാരും സംഭരിച്ചിട്ടുണ്ട്. 42.96 കോടി രൂപ മൂല്യത്തിന് ഏകദേശം 10,740.06 ടണ്‍ കയര്‍ ഉല്പാദിപ്പിച്ചിട്ടുണ്ട്. 2016-17ല്‍ 436 കയര്‍ സഹകരണ സംഘങ്ങള്‍ കയര്‍ ഇഴ നിര്‍മ്മാണ മേഖലയിലും 93 എണ്ണം കയര്‍ ഉല്പന്ന മേഖലയിലും പ്രവര്‍ത്തിക്കുന്നു. 2016-17-ല്‍ കയര്‍ ഉല്പാദക മേഖലയിലും ഉല്പന്ന മേഖലയിലും നല്‍കിയിരിക്കുന്ന മൊത്തം കൂലി യഥാക്രമം 28.94 കോടി രൂപയും 7.53 കോടി രൂപയുമാണ്. ഇത് സംബന്ധിച്ച കഴിഞ്ഞ 6 വര്‍ഷത്തെ വിശദാംശങ്ങള്‍ അനുബന്ധം 3.1.46 -ല്‍ കൊടുത്തിരിക്കുന്നു.
കയര്‍, കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി
2015-16 സാമ്പത്തിക വര്‍ഷം, കയറിന്റെയും കയറുല്‍പ്പന്നങ്ങളുടെയും കയറ്റുമതി മൂല്യവും അളവും 1,901.43 കോടി രൂപയും 752,020 MTയും ആയിരുന്നത് 2016-17ല്‍ 2,281.65 കോടി രൂപയും 957,045 MTയും ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അതായത്, 27.3 ശതമാനം വര്‍ദ്ധനവ് അളവിലും 20 ശതമാനം മൂല്യത്തിലും രേഖപ്പെടുത്തിയതായി കണക്കാക്കുന്നു. കയര്‍നാര്, കയര്‍ റഗ്സ്, കയര്‍ പിത്ത്, കയര്‍ റോപ്പ്, കയര്‍ യാണ്‍, കയര്‍ ജിയോ ടെക്സ്റ്റൈല്‍സ്, കൈത്തറി മാറ്റിങ്ങ്സ്, യന്ത്രത്തറി മാറ്റിങ്ങ്സ്, റബ്ബറൈസ്ഡ് കയര്‍, തുടങ്ങിയവയാണ് 2016-17ല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയര്‍ കയറ്റുമതി ഉല്പന്നങ്ങള്‍. കഴിഞ്ഞ 5 വര്‍ഷത്തെ കേരളത്തിലെ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയുള്ള കയര്‍, കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ അനുബന്ധം 3.1.47 ലും ചിത്രം 3.1.10 ലും കാണിച്ചിരിക്കുന്നു.
കേരളത്തിലെ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറിന്റേയും കയര്‍ ഉല്പന്നങ്ങളുടെയും കയറ്റുമതി 2012-13 മുതൽ 2016-17 വരെ അനുകൂലമായ ഗതിയാണ് കാണിക്കുന്നത്. മുൻവര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-17 -ല്‍ 25 ശതമാനം കയറ്റുമതി വർദ്ധനവാണുള്ളത്.ദേശീയ തലത്തില്‍ പല വര്‍ഷങ്ങളിലും വ്യതിയാനം കാണിക്കുന്നുണ്ടെങ്കിലും ഉല്പാദനത്തിലും കയറ്റുമതിയിലും അനുകൂലമായ ഗതിയാണ് കാണിക്കുന്നത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതിയും ദേശീയ തലത്തിലുള്ള കയറ്റുമതിയും തമ്മിലുള്ള താരതമ്യം ചിത്രം 3.1.11 -ല്‍ കാണിച്ചിരിക്കുന്നു.
മഹിള കയര്‍ യോജന
കയര്‍ വ്യവസായ മേഖലയില്‍ ഗ്രാമീണ വനിതകള്‍ക്ക് ചകിരി ഉല്പാദനമേഖലയിലും അനുബന്ധ മേഖലകളിലും സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രദാനം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നിലവില്‍ വന്ന ആദ്യ പദ്ധതിയാണ് മഹിളാ കയര്‍ യോജന. ഗ്രാമീണ മേഖലയില്‍ ചകിരി പിരിക്കുന്നതിന് യന്ത്രവല്‍കൃത റാട്ടുകള്‍ ഉപയോഗിക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍, ഗുണം, ഉല്പാദനക്ഷമത, മികച്ച ജോലി സാഹചര്യങ്ങള്‍, തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വരുമാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത സൃഷ്ടിക്കപ്പെടുന്നു.
കയര്‍ ഉദ്യമി യോജന
കയര്‍ വ്യവസായ പുനരുദ്ധാരണം, നവീകരണം, നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കല്‍ എന്നിവയിലൂടെ കയര്‍ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പദ്ധതിയാണ് കയര്‍ ഉദ്യമി യോജന. ഇതിലൂടെ സ്ത്രീകള്‍ക്കും ഗ്രാമീണ മേഖലയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അവസരം ഉണ്ടാക്കുന്നു.
കയർ വികാസ് യോജന
അസംസ്കൃത വസ്തുക്കളുടെ ഉയർന്ന ഉപയോഗം, ഗ്രാമീണ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ വൈദഗ്ദ്ധ്യവും തൊഴിലും വികസിപ്പിക്കുക, രാജ്യത്തിനകത്തും പുറത്തും കയർ ഉത്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുക മുതലായ പ്രവർത്തനങ്ങളിലൂടെ കയർ വ്യവസായത്തിന്റെ സുസ്ഥിരമായ വികാസമാണ് ഈ പദ്ധതി കൊണ്ടുദ്ദേശ്ശിക്കുന്നത്.
ഉപസംഹാരം
കയര്‍ പ്രകൃതിദത്ത നാര് ആയതിനാലും പ്രകൃതിയിലേക്ക് മടങ്ങുക എന്ന സമീപകാലത്തെ ആപ്തവാക്യവും കയര്‍ വ്യവസായത്തെ ഭാവിയുടെ പ്രതീക്ഷയാക്കി തീര്‍ത്തിട്ടുണ്ട്. തൊണ്ട് ശേഖരണത്തിലെ കുറവ്, വര്‍ദ്ധിച്ച ഉത്പാദനച്ചെലവ്, ചകിരിനാരിന്റെ ദൗർലഭ്യം, പരമ്പരാഗതരീതിയിലുളള തൊണ്ട് തല്ലലും പിരിക്കലും മൂലമുണ്ടാകുന്ന മലിനീകരണം, കൃത്രിമനാരുകളില്‍ നിന്നുള്ള മത്സരം, മറ്റ് മേഖലകളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്നിവയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍. നവീനവും, ശാസ്ത്രീയവും, ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ പരിമിതികളെ മറികടക്കാവുന്നതാണ്.
ലോക വ്യാപകമായി ഉപയോഗിക്കുന്നതും ഏറ്റവും പ്രിയങ്കരവും ഭക്ഷ്യയോഗ്യവുമായ കശുവണ്ടി പരിപ്പിന്റെ ഉല്പാദനത്തിൽ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. (അവലംബം (www.casheinfo.com/cashew-facts.html). 2014 ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ അസംസ്കൃത കശുവണ്ടി ഉത്പാദനം 737,000 മെട്രിക് ടൺ ആണ്. ഇത് ലോകത്ത് ആകെ ഉല്പാദിപ്പിച്ച 4,092,241 മെട്രിക് ടൺ കശുവണ്ടിയുടെ 18 ശതമാനമാണ്. ലോകത്ത് ഇന്ത്യ ഏറ്റവും കൂടുതല്‍ അസംസ്കൃത കശുവണ്ടി ഉല്‍പ്പാദകരായി തുടരുന്നു. ഐവറികോസ്റ്റ്, വിയറ്റ്നാം, ഗിനി-ബിസൗ, ബ്രസീല്‍, ടാന്‍സാനിയ, മൊസാംബിക്, ഇന്ത്യാനേഷ്യ തുടങ്ങിയവയാണ് മറ്റ് പ്രധാന ഉത്പാദക രാജ്യങ്ങൾ. കശുവണ്ടി കൊക്കോ വികസന ഡയറക്ടറേറ്റിന്റെ (ഡി.സി.സി.ഡി) യുടെ കണക്കു പ്രകാരം 2015-16 കാലഘട്ടത്തില്‍ 670,000 മെട്രിക് ടണ്‍ കശുവണ്ടി ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2016-17 -ല്‍ 779,335 മെട്രിക് ടണ്‍ കശുവണ്ടിയാണ് ഉല്‍പ്പാദിപ്പിച്ചത്. ലോകത്തിലെ തെരഞ്ഞെടുത്ത രാജ്യങ്ങളിലെ കശുവണ്ടി ഉല്പ്പാദനത്തിന്റെ പങ്ക് ചിത്രം 3.1.12 -ല്‍ കൊടുത്തിരിക്കുന്നു. 2011 മുതല്‍ 2014 വരെയുളള തെരഞ്ഞെടുത്ത രാജ്യങ്ങളിലെ കശുവണ്ടി ഉല്പാദനം പട്ടിക 3.1.14 -ല്‍ കൊടുത്തിരിക്കുന്നു.
രാജ്യങ്ങൾ | 2011 | 2012 | 2013 | 2014 |
ഇന്ത്യ | 692,000 | 674,000 | 728,000 | 737,000 |
ഐവറികോസ്റ്റ് | 400,000 | 460,000 | 525,000 | 460,000 |
വിയറ്റ്നാം | 300,002 | 264,810 | 252,000 | 425,000 |
ഗിനി-ബിസൗ | 190,000 | 176,400 | 158,000 | 220,000 |
ടാൻസാനിയ | 149,999 | 130,000 | 126,000 | 120,000 |
അവലംബം: കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ, കൊല്ലം |
ഇന്ത്യയില്‍ കശുവണ്ടി സംസ്കരണത്തിന്റെ 50 ശതമാനവും അസംഘടിത മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 1,800 ഇടത്തരവും 2,200 വലുതുമായിട്ടുള്ള കശുവണ്ടി സംസ്കരണ യൂണിറ്റുകൾ പ്രവര്‍ത്തിക്കുന്നു. പണിയെടുക്കുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, പശ്ചിമ തീരപ്രദേശം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ്സ, (കിഴക്കൻ തീരപ്രദേശം), പശ്ചിമ ബംഗാൾ, ഛത്തിസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ എന്നീ പ്രദേശങ്ങളിലാണ് കശുമാവ് കൃഷി മുഖ്യമായും കണ്ടുവരുന്നത്. നിലവില്‍ 7.8 ലക്ഷം മെട്രിക് ടൺ ഉല്പാദനവും 753 കിലോഗ്രാം/ഹെക്ടർ ഉല്പ്പാദനക്ഷമതയോടും കൂടിയ 10.4 ലക്ഷം ഹെക്ടർ പ്രദേശത്താണ് കശുമാവ് കൃഷി ചെയ്തു വരുന്നത്. ഏകദേശം 16 ലക്ഷം ടണ്‍ അസംസ്കൃത കശുവണ്ടി ആവശ്യമായി വരുന്നത് ഇടത്തരവും വന്‍കിടവുമായ ആകെ 1,800 മെട്രിക് ടൺ 2,200 സംസ്ക്കരണ യൂണിറ്റുകളില്‍ നിന്നാണ്. ഇവയില്‍ കൂടുതലും സ്ത്രീ തൊഴിലാളികളാണ്. ബാക്കിയുള്ള 8.9 ലക്ഷം മെട്രിക് ടണ്‍ അസംസ്കൃത കശുവണ്ടി ആഫ്രിക്കന്‍ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. 2016-17 ലെ ഇന്ത്യയുടെ അസംസ്കൃത കശുവണ്ടി ഇറക്കുമതി 7.7 ലക്ഷം മെട്രിക് ടൺ ആയിരുന്നു. (അവലംബം. DCCD, കൊച്ചി).
ഡി.ജി.സി.ഐ & എസ് കണക്കുകളനുസരിച്ച് (അവലംബം: സിഇപിസിഐ, കൊല്ലം), 2015-16 വർഷകാലയളവിൽ 4,952.1 കോടി രൂപ മൂല്യമുള്ള 96,346 മെട്രിക് ടൺ കശുവണ്ടി പ്പരിപ്പും 2016-17-ൽ 5,168.8 കോടി രൂപ മൂല്യമുള്ള 82,302 മെട്രിക് ടൺ കശുവണ്ടി പ്പരിപ്പും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിട്ടുണ്ട്. 2016-17 ലെ കയറ്റുമതി അളവില്‍ 15 ശതമാനം കുറയുകയും മൂല്യം 4 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന കശുവണ്ടി പരിപ്പിന്റെ പ്രധാന അന്താരാഷ്ട്രാ വിപണി അമേരിക്ക, യൂണൈറ്റഡ് അറബ് എമിറേറ്റ്സ്, ജപ്പാൻ, സൗദി അറേബ്യ, നെതർലാൻഡ്, ഫ്രാൻസ്, കൊറിയ, ജർമ്മനി, ബെൽജിയം, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളാണ്. 2007-08 മുതൽ 2016-17 വരെ കശുവണ്ടി മേഖലയിൽ നിന്നുള്ള വിദേശ നാണ്യ വരുമാനം അനുബന്ധം 3.1.48 -ല്‍ ചേർത്തിരിക്കുന്നു.
പ്രധാന കശുവണ്ടി ഉത്പാദക സംസ്ഥാനങ്ങളിൽ ഉൽപ്പാദനത്തിലും ഉൽപ്പാദനക്ഷമതയിലും മുന്നിൽ മഹാരാഷ്ട്ര സംസ്ഥാനമാണ്. ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള വിത്തിനങ്ങളുടെ ഉപയോഗം, മെച്ചപ്പെട്ട കൃഷി പരിപാലനം, വേണ്ടത്ര ജലസേചന സൗകര്യം എന്നിവയിലൂടെയാണ് മഹാരാഷ്ട്ര ഈ നേട്ടം കൈവരിച്ചത്. ഡി.സി.സി.ഡി കണക്കുകളനുസരിച്ച് 2016-17 -ൽ അസംസ്കൃത കശുവണ്ടി ഉൽപ്പാദനത്തിൽ കേരളം അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ കശുമാവ് കൃഷിയുടെ വിസ്തീര്‍ണ്ണം, ഉല്പാദനക്ഷമത, ആഭ്യന്തര ഉൽപ്പാദനം ഇവ അനുബന്ധം 3.1.49 -ൽ ചേർത്തിരിക്കുന്നു.
കേരളത്തിലെ കശുവണ്ടി വ്യവസായം
കേരളത്തിൽ കശുവണ്ടി വ്യവസായം മുഖ്യമായും കൊല്ലം ജില്ലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൊല്ലത്തെ ‘കശുവണ്ടി വ്യവസായ കേന്ദ്രം’ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ധാരാളം തൊഴിൽ സാദ്ധ്യത നൽകുന്നതും ഏകദേശം 1.5 ലക്ഷത്തോളം പേർ പണിയെടുക്കുന്നതുമായ ഈ മേഖലയിൽ സ്ത്രീ തൊഴിലാളികളാണ് അധികവും (90 ശതമാനത്തിനു മുകളിൽ). താഴ്ന്ന വരുമാനക്കാരായ അനേകം കുടുംബങ്ങളുടെ വരുമാന മാർഗം കൂടിയാണ് ഈ വ്യവസായം.
2016-17 -ൽ കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്ത കശുവണ്ടിയുടെയും കശുവണ്ടിപ്പരിപ്പിന്റെയും മൊത്തം കയറ്റുമതി 38,054 മെട്രിക് ടൺ ആയിരുന്നു. ഇന്ത്യയിലെ ആഭ്യന്തര കശുവണ്ടി ഉൽപ്പാദനത്തിന്റെ 11 ശതമാനവും സംസ്കരണത്തിന്റെ 35 ശതമാനവും കേരളം കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്ന 800 ഫാക്ടറികളുടെ ആവശ്യത്തിന് 6 ലക്ഷം മെട്രിക് ടൺ കശുവണ്ടി പ്രതിവർഷം ആവശ്യമാണ്. കൊച്ചിയില്‍ ഡി.സി.സി.ഡി കണക്ക് പ്രകാരം, നിലവില്‍ കേരളത്തിലെ കശുവണ്ടി മേഖല 90,870 ഹെക്ടറാണ്. ഉല്പ്പാദനം 83,980 മെട്രിക് ടണ്ണും, ഉല്പ്പാദന ക്ഷമത 962 കിലോ ഗ്രാം/ഹെക്ടറും ആണ് (അവലംബം-ഡി.സി.സി.ഡി കൊച്ചി). സാമ്പത്തിക സ്ഥിതി വിവര ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം, കേരളത്തിലെ കശുവണ്ടി മേഖല 41,660 ഹെക്ടറും, ഉല്പാപാദനം 27,944 മെട്രിക് ടണ്ണും, ഉല്പാദനക്ഷമത 671 കിലോ ഗ്രാം ഹെക്ടറുമാണ്. ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട് & കൊക്കോ ഡെവലപ്മെന്റ്, കൊച്ചി കശുവണ്ടിയുടെ യഥാര്‍ത്ഥ ഏര്യ കണ്ടെത്തുന്നതിനായി ഒരു അടിസ്ഥാന സർവ്വെ 1990 -ല്‍ നടത്തി. ഡേറ്റായുടെ അടിസ്ഥാനത്തില്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളുടെ വികസനത്തിനായി പ്രദേശത്ത് കൈവരിച്ച നേട്ടങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കശുവണ്ടിയുടെ മേഖലയിലേക്ക് ചേര്‍ത്തിട്ടുണ്ട്. സാമ്പിള്‍ സർവ്വെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഉല്‍പ്പാദന ഡാറ്റാ ശേഖരിക്കുന്നത്. ഈ രണ്ട് ഡയറക്ടറേറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ കൂട്ടി യോജിപ്പിക്കേണ്ടതുണ്ട്.
അസംസ്കൃത കശുവണ്ടി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് 1990-കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, കര്‍ണ്ണാടകം എന്നിവയ്ക്ക് പിന്നില്‍ അഞ്ചാം സ്ഥാനമാണ് ഇപ്പോള്‍ കേരളത്തിന്റെ സ്ഥാനം. 2010-11 മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തില്‍ കശുമാവ് കൃഷിയുടെ വിസ്തൃതിയുടെയും ഉല്പ്പാദനത്തിന്റേയും വിശദാംശം ചിത്രം 3.1.13 -ല്‍ ചിത്രീകരിച്ചിരിക്കുന്നു.
പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ കശുവണ്ടി വ്യവസായത്തിന് അനുവദിച്ച പദ്ധതിവിഹിതം 186.50 കോടി രൂപയും ചെലവ് 179.10 കോടി രൂപയുമാണ് (96 ശതമാനം).
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ കശുവണ്ടി മേഖലയ്ക്ക് അനുവദിച്ച പദ്ധതി വിഹിതം 281 കോടി രൂപയും ആകെ പദ്ധതി ചെലവ് 261.49 (93.06 ശതമാനം) കോടി രൂപയുമായിരുന്നു. സംസ്ഥാനത്തിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിലും 2017-18 വാര്‍ഷിക പദ്ധതിയിലും കശുവണ്ടി വ്യവസായത്തിന് അനുവദിച്ച പദ്ധതി വിഹിതവും ചെലവും പട്ടിക 3.1.15 -ല്‍ കാണിച്ചിരിക്കുന്നു.
വകുപ്പുകള്‍ | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി | വാര്‍ഷിക പദ്ധതി (2017-18) പദ്ധതിവിഹിതവും ചെലവും % തിരിച്ച് | ||||
വിഹിതം | ചെലവ് | ചെലവ് % | വിഹിതം | ചെലവ് (09-10-2017 വരെ) | % ചെലവ്(09.10.2017 വരെയുള്ളത്) | |
കാപെക്സ് | 6530 | 5529.9 | 84.7 | 225 | 200 | 88.8 |
കെ .എസ്.സി.ഡി.സി | 19260 | 19060 | 98.9 | 4075 | 3000 | 73.6 |
കെ.എസ്.എ.സി.സി | 2310 | 1560 | 67.5 | 650 | 0 | 0 |
ആകെ | 28100 | 26149.9 | 93.06 | 4950 | 3200 | 64.6 |
അവലംബം: അക്കൗണ്ട്സ് & പ്ലാൻസ്പേസ്, സംസ്ഥാന ആസൂത്രണ ബോർഡ് |
കേരളത്തിലെ കശുവണ്ടി സംസ്ക്കരണ ഏജന്‍സികള്‍
കേരളത്തിലെ കശുവണ്ടി സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു പ്രധാന ഏജൻസികളാണ് കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷനും (കെ.എസ്.സി.ഡി.സി) കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി സഹകരണ സംഘം (കാപെക്സ്). മറ്റ് ഏജന്‍സികളാണ് കേരള സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ദി എക്സ്പാന്‍ഷന്‍ ഓഫ് കാഷ്യൂ കള്‍ട്ടിവേഷന്‍ (കെ.എസ്.എ.ഡി.സി), കാഷ്യൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (സി.ഇ.പി.സി.ഐ), ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട് ആന്റ് കൊക്കോ ഡെവലപ്മെന്റ് എന്നിവ.
കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്‍ കെ.എസ്.സി.ഡി.സി)
കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ കീഴില്‍ 30 ഫാക്ടറികളും 11,000 തൊഴിലാളികളുമുണ്ട്. കോര്‍പ്പറേഷന്‍ അസംസ്കത കശുവണ്ടി സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നു. 2015-16 -ൽ ശരാശരി 106 പ്രവര്‍ത്തിദിനങ്ങളേ നല്‍കുവാന്‍ കഴിഞ്ഞുള്ളൂ. 2016-17 -ല്‍ 75 പ്രവര്‍ത്തി ദിനങ്ങളാണ് ഉള്ളത്. 2015-16 -ല്‍ 1,126,992 പേര്‍ക്ക് തൊഴില്‍ നല്‍കിയപ്പോള്‍ 2016-17 ല്‍ 807,675 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കോര്‍പ്പറേഷന് സാധിച്ചു. കോര്‍പ്പറേഷന്റെ ആകെ വിറ്റുവരവ് 8,499 ലക്ഷം രൂപയാണ്. ഇത് മുൻവര്‍ഷത്തെ അപേക്ഷിച്ച് 3,866 ലക്ഷം (119.8 ശതമാനം) കൂടുതലായിരുന്നു. ഇന്ന് കോര്‍പ്പറേഷന്‍ 1,944 ലക്ഷം രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് മുൻവര്‍ഷത്തെ നഷ്ടമായ 2,388 ലക്ഷം രൂപയെ അപേക്ഷിച്ച് 18.59 ശതമാനം കുറവാണ്. കഴിഞ്ഞ 9 വര്‍ഷത്തെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന പുരോഗതി അനുബന്ധം 3.1.50 -ല്‍ കൊടുത്തിരിക്കുന്നു. കശുവണ്ടി മേഖലയുടെ ആധുനിക വൽക്കരണവും ബ്രാന്‍ഡ് ബില്‍ഡിംഗും, നിലവിലെ സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണവും മെച്ചപ്പെടുത്തലും എന്നിവയാണ് കെ.എസ്.സി.ഡി.സി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ.
പ്രവര്‍ത്തനമൂലധനത്തിന്റെ അപര്യാപ്തത, അസംസ്കൃത വസ്തുക്കളുടെ ഉയര്‍ന്ന വില, ഉൽപാദനത്തെ അപേക്ഷിച്ച് ഉയര്‍ന്ന കൂലി നിരക്ക്, ആഭ്യന്തരമായും അന്തര്‍ദേശീയമായും ഈ വ്യവസയത്തിലുണ്ടായിട്ടുള്ള വമ്പിച്ച കിടമത്സരം എന്നിവയാണ് കെ.എസ്.സി.ഡി.സി നേരിടുന്ന ഇന്നത്തെ പ്രധാന വെല്ലുവിളികള്‍.
കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി അപെക്സ് സഹകരണ സംഘം (കാപെക്സ്)
കശുവണ്ടി തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉന്നത സ്ഥപനമാണ് കൊല്ലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി അപെക്സ് സഹകരണ സംഘം (കാപെക്സ്). കശുവണ്ടി മേഖലയെ വാണിജ്യാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുക, അസംസ്കൃത കശുവണ്ടി സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അനുബന്ധ സംഘങ്ങള്‍ക്ക് സഹായം നല്‍കുകയും ഫാക്ടറികളിലും മറ്റ് വിവിധ സംഘങ്ങളിലും ഉത്പാദിപ്പിക്കുന്ന കശുവണ്ടി പരിപ്പിനും ഉല്പന്നങ്ങള്‍ക്കും വേണ്ടത്ര ധനസഹായം ഉറപ്പാക്കുക എന്നിവയാണ് കാപെക്സിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കാപെക്സ് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 1985 ന്റെ മധ്യത്തിലാണ്. കാപെക്സിന്റെ കീഴില്‍ പത്ത് ഫാക്ടറികളും ഒരു പാക്കിങ് സെന്ററും പ്രവര്‍ത്തിക്കുന്നു.
2015-16 -ല്‍ 203 തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്തപ്പോള്‍ 2016-17 -ല്‍ 120 തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യാനേ കാപെക്സിന് കഴിഞ്ഞിട്ടുള്ളൂ. കപെക്സ് ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിതരണത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 സജീവ വിതരണ കേന്ദ്രങ്ങളും കേരളത്തിന് പുറത്ത് മറ്റ് 6 കേന്ദ്രങ്ങളും, പ്രവര്‍ത്തിക്കുന്നു. 462,160 ആളുകള്‍ക്ക് കാപെക്സ് തൊഴില്‍ നല്‍കുന്നു. 2016-17 ലെ മൊത്തം വിററു വരവ് 4,588 ലക്ഷം രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ വിറ്റ് വരവായ 7,371.5 ലക്ഷം രൂപയെ അപേക്ഷിച്ച് 37.76 ശതമാനം കുറവാണ്.
കാപെക്സ് ഫാക്ടറികളുടെ ആധുനികവത്കരണവും, ഭാഗീക യന്ത്രവല്കരണവും, ബ്രാന്‍ഡ് ബില്‍ഡിംഗും ഇന്ത്യയിലും അന്താരാഷ്ട്ര കമ്പോളങ്ങളിലുമുള്ള ബോധവത്ക്കരണ നടപടികളുമാണ് കാപെക്സ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ. കാപെക്സിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി അനുബന്ധം 3.1.51 -ല്‍ കൊടുത്തിരിക്കുന്നു.
നേട്ടങ്ങളും ഭാവിപരിപാടികളും
ആഗോളമായി, പൂര്‍ണ്ണയന്ത്രവത്ക്കരണം വലിയ രീതിയില്‍ പ്രാബല്യത്തിലായിട്ടുണ്ട്. ആഗോളതലത്തില്‍ കശുണ്ടിയുടെ കയറ്റുമതിയില്‍ വിയറ്റ്നം ഇപ്പോള്‍ ഒന്നാം സ്ഥാനത്തേക്ക് വരികയും ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. പരമ്പരാഗത രീതിയിലുള്ള സംസ്ക്കരണത്തിന്റെ ഫലമായി ഇന്ത്യയില്‍ നിന്നുള്ള കശുവണ്ടിയുടെ നിലവാരവും രുചിയും മഹത്തരമായി കണക്കാക്കുന്നു. അതുകൊണ്ട്, കാപ്പെക്സ് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ യന്ത്രവത്ക്കരണം വഴി ഉല്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സാധ്യമായ എല്ലാ വഴികളും പരിശോധിക്കുന്നു. കാപ്പെക്സിന്റെ വില്‍പ്പന, കയറ്റുമതി, അറ്റാദായംഎന്നിവ പട്ടിക 3.1.16 -ല്‍ കൊടുത്തിരിക്കുന്നു.
വർഷം | ആഭ്യന്തര വില്പ്പന | കയറ്റുമതി വില്പ്പന | അറ്റാദായം |
2012-2013 | 5,309.4 | 1,573.6 | 6,883 |
2013-2014 | 4,229.6 | 2,117.4 | 6,347 |
2014-2015 | 5,944.5 | 1,440.5 | 7,385 |
2015-2016 | 5,906.1 | 1,465.9 | 7,372 |
2016-2017 | 2,631.3 | 1,465.9 | 4,588 |
ആകെ | 24,020.9 | 8,079.2 | 32,575 |
അവലംബം: കാപെക്സ്, കൊല്ലം |
പ്രവര്‍ത്തന മൂലധനത്തിന്റയും ബാങ്കിംഗം ധനസഹായത്തിന്റെയും കുറവ് കാപെക്സ് നേരിടുന്നു. ബാങ്ക് വായ്പ പരിമിതപ്പെടുത്തി, പൂര്‍ണ്ണമായും പദ്ധതി വിഹിതത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കാപെക്സ് പ്രവര്‍ത്തിക്കുന്നത്. സമയബന്ധിതമായിട്ടുള്ള പദ്ധതി വിഹിതത്തിന്റെ ലഭ്യത കുറവ് സീസണനുസരിച്ചുള്ള കശുവണ്ടിയുടെ കരുതലിനെ തടസ്സപ്പെടുത്തുന്നു. അസംസ്കൃത പരിപ്പ് സീസണനുസരിച്ചുള്ള കാര്‍ഷിക ഉല്പന്നമാണ്. ഇവ പ്രതേകിച്ചും സീസണനുസരിച്ച് വാങ്ങേണ്ടവയാണ്. ആഭ്യന്തരമായും അന്തർദ്ദേശിയമായും വിപണികളിൽനിന്നും ഉന്നത ഗുണമേന്മയുള്ള അസംസ്കൃത കശുവണ്ടി ലഭ്യമാക്കിയാലെ ഇതിന്റെ പ്രയോജനം കാപെക്സിനും അവിടത്തെ തൊഴിലാളികള്‍ക്കും ലഭിക്കുകയുള്ളൂ. ഇത് സ്ഥാപനത്തിന്റെ നഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും.
250 ദിവസത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നതിന് കുറഞ്ഞത് 13,000 മെട്രിക് ടണ്‍ അസംസ്കൃത കശുവണ്ടി ആവശ്യമാണ്. ആഭ്യന്തര വിപണിയിലൂടെയും ഇറക്കുമതി ചെയ്യുന്നതിലൂടെയും ചലനാത്മക സംഭരണ തന്ത്രങ്ങൾ വഴി അസംസ്കൃത കശുവണ്ടിയുടെ നിരന്തരമായ വിതരണം ഉറപ്പാക്കണം. തൊഴിലാളികള്‍ക്ക് സ്ഥിരമയി തൊഴില്‍ നല്‍കുന്നതിലൂടെ, വ്യവസായത്തിന്റെ പരമ്പരാഗത മേഖലകള്‍ പുനര്‍ജ്ജീവിപ്പിക്കും. ചില്ലറ കശുവണ്ടിയുടെ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട മാര്‍ജ്ജിനോടൊപ്പം കുടുതല്‍ കയറ്റുമതി വിറ്റുവരവ് സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ കാപെക്സ് കാഷ്യൂ ന്റെ നില ഉയർത്തുകയും ആഗോള വിപണിയില്‍ കാപെക്സിന് മെച്ചപ്പെട്ട മത്സരം, മികച്ച മാര്‍ജിന്‍ എന്നിവ ലഭിയ്ക്കും.
കേരള സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ദി എക്സ്പാന്‍ഷന്‍ ഓഫ് കാഷ്യൂ കള്‍ട്ടിവേഷന്‍ (കെ.എസ്.എ.സി.സി)
സംസ്ഥാനത്തിന്റെ കുറഞ്ഞു വരുന്ന കശുവണ്ടി കൃഷിയുടെ വിസ്തൃതി വിപുലീകരിക്കുന്നതിനുദ്ദേശിച്ച് 2007 -ല്‍ കേരള സര്‍ക്കാര്‍ കൊല്ലം ജില്ല ആസ്ഥാനമാക്കി രൂപം നല്കിയ ഏജന്‍സിയാണ് കേരള സംസ്ഥാന കശുവണ്ടി കൃഷി വികസന ഏജന്‍സി (കെ.എസ്.എ.സി.സി). സംസ്ഥാനത്തെ കശുവണ്ടി ഉദ്പ്പാദനം കുറഞ്ഞ സാഹചര്യം മറികടക്കുവാനാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. ഘട്ടംഘട്ടമായി ആഭ്യന്തര അസംസ്കൃത കശുവണ്ടിയുടെ ഉല്പാദനം പ്രതിവര്‍ഷം 65,000 മെട്രിക് ടണ്ണില്‍ നിന്ന് 1,50,000 മെട്രിക് ടണ്‍ ആക്കുക എന്നതാണ് കെ.എസ്.എ.സി.സിയുടെ കാഴ്ചപ്പാട്. ഇതിന് ഉയര്‍ന്ന വിളവ് നല്കുന്ന കശുമാവ് കൃഷിയുടെ വ്യാപനം, സ്ഥിരതയോടുകൂടിയ അസംസ്കൃത കശുവണ്ടിയുടെ ലഭ്യത എന്നിവ ഈ വ്യവസായത്തിന്റെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. 2008 മുതല്‍ കശുമാവ് കര്‍ഷകര്‍ക്കുംസംസ്ഥാനത്തെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഇതര സ്ഥാപനങ്ങള്‍ക്കും അത്യുല്‍പാദനശേഷിയുള്ള തൈകള്‍ വിതരണം ചെയ്തും, കശുമാവ് കൃഷിക്ക് മതിയായ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും കശുമാവ് കൃഷി വിപുലീകരിക്കുന്നതിനുമുള്ള പ്രോത്സാഹന പരിപാടികള്‍ കെ.എസ്.എ.സി.സി നടപ്പിലാക്കി വരുന്നു. 2007-2008 ലാണ് ഏജന്‍സി “കള്‍ട്ടിവേഷന്‍ ഓഫ് ഓര്‍ഗാനിക് കാഷ്യൂ ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് റാ നട്ട് ബാങ്ക്” എന്ന പദ്ധതി ആരംഭിച്ചത്. ഉന്നത സാങ്കേതികവിദ്യയുടെ സഹായത്തോടെ കശുവണ്ടി ആവശ്യം നേരിടുന്നതിനായി ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഉയര്‍ന്ന ഉല്‍പാദനം നല്‍കുന്ന കശുമാവിന്‍ തൈ വിതരണം, സംസ്ക്കരണം, മൂല്യവര്‍ദ്ധനവ്, സ്വയം സഹായ സംഘങ്ങള്‍, സ്ത്രീ ശാക്തീകരണ പരിപാടികള്‍ കശുമാവ് കൃഷിയിലും സംസ്ക്കരണത്തിലും നേരിട്ടും അല്ലാതെയും ഉള്ള അധിക തൊഴില്‍ സൃഷ്ടിക്കല്‍, ഇറക്കുമതി കുറയ്ക്കല്‍ എന്നിവയാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങള്‍. 2008-2009 മുതല്‍ 2017-2018 വരെയുളള കാലഘട്ടത്തില്‍ 33400 ഹെക്ടര്‍ സ്ഥലത്ത് കൂടി കശുമാവിന്‍ കൃഷി തുടങ്ങി.
കശുമാവ് കൃഷി പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ എന്‍.എച്ച്.എം (നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍) ന്റെ അംഗീകരിച്ച നോഡല്‍ ഏജന്‍സിയായി കെ.എസ്.എ.സി.സി പ്രവര്‍ത്തിക്കുന്നു. 2017 ആഗസ്റ്റ് 30 വരെ ഈ പദ്ധതിയിലൂടെ 80,000 എണ്ണം കശുമാവിന്‍ തൈകള്‍ (ഏകദേശം 400 ഹെക്ടര്‍) കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
കേരള സംസ്ഥാന കശുവണ്ടി മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ നേരിടുന്നതിനായി കൊല്ലം ആസ്ഥാനമായി “കേരള കശുവണ്ടി ബോര്‍ഡ് ലിമിറ്റഡ്” എന്ന പേരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ തുല്യത മാനദണ്ഡമനുസരിച്ച് 49 ശതമാനം സര്‍ക്കാരും ബാക്കി 51 ശതമാനം കെ.എസ്.സി.ഡി.സി യും, കാപെക്സും മറ്റു ഏജന്‍സികളും വ്യക്തികളും ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഉദ്യേശയാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.
കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ (സി.ഇ.പി.സി.ഐ)
കശുവണ്ടി പരിപ്പ്, കശുവണ്ടി തോടെണ്ണ എന്നിവയുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിന് ലാഭേച്ഛ കൂടാതെ കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കാഷ്യു എക്സ്പോര്‍ട്ട്പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ (സി.ഇ.പി.സി.ഐ). ഭാരത സര്‍ക്കാരിന്റെ ആസൂത്രണ പദ്ധതികളും കയറ്റുമതി നടത്തുന്ന അംഗങ്ങള്‍ക്ക് വിവിധ സേവനങ്ങളും കൗണ്‍സില്‍ നടപ്പിലാക്കുന്നു. അന്തര്‍ദ്ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ലബോറട്ടറിയും സാങ്കേതിക വിഭാഗവും കൗൺസിൽ സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂര്‍, കേരള സർവകലാശാലകളുടെ അംഗീകാരമുള്ള ഡോക്ടറല്‍ റിസര്‍ച്ച് സെന്ററായി ഇത് പ്രവര്‍ത്തിക്കുന്നു. സി.ഇ.പി.സി ലാബിന്റെ സേവനം കശുവണ്ടി വ്യവസായത്തിന് മാത്രമല്ല, ഇന്‍ഡ്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ ഭക്ഷ്യസംസ്ക്കരണ വ്യവസായങ്ങള്‍ക്കും ലഭ്യമാണ്. ഈ ലബോറട്ടറി വിജയകരമായി ഒരു ലബോറട്ടറി നിലവാര സംവിധാനം സ്ഥാപിച്ചതും ISO-IEC ഗൈഡ് 25 ല്‍ വിശദീകരിച്ചിട്ടുള്ള മാനദണ്ഡപ്രകാരം, കേന്ദ്ര ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ടെസ്റ്റിംഗും കാലിബ്രേഷന്‍ ലബോറട്ടറികളും (എന്‍.എ.ബി.എല്‍) നാഷണല്‍ ബോര്‍ഡ് ഫോര്‍ അക്രിഡിറ്റേഷനും അംഗീകരിച്ചിട്ടുണ്ട്.
കശുവണ്ടിവ്യവസായത്തിലെ പരിമിതികള്‍
അസംസ്കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും, ഉയര്‍ന്ന വേതനവും, ഉല്‍പ്പന്നങ്ങളുടെ മതസരാധിഷ്ഠിതമായ വിപണികളും കേരളത്തിലെ കശുവണ്ടി വ്യവസായത്തെ ബാധിക്കുന്ന പ്രധാന പ്രതിസന്ധികളാണ്. ഇന്ത്യയിലും ലോകത്തിലേക്കും വച്ച് ശ്രേഷ്ഠമായ കേരളം, ഇപ്പോള്‍ കശുവണ്ടി കൃഷിയും കശുവണ്ടി പരിപ്പിന്റെ ഉല്‍പ്പാദനത്തിലും പുറകിലേക്ക് പോകുന്നു. മറ്റ് സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവ അസംസ്കൃത കശുവണ്ടി ഉല്പ്പാദനത്തില്‍ മുന്‍പന്തിയിലേക്ക് വരുന്നു. ഈ സംസ്ഥാനങ്ങള്‍ മെക്കാനിക്കല്‍ പ്രോസ്സസിംഗ് വഴി വലിയ തോതില്‍ കശുവണ്ടി സംസ്ക്കരണത്തിലേക്ക് കടക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ അസംസ്കൃത കശുവണ്ടി കയറ്റുമതിയിലും, കശുവണ്ടി പരിപ്പ് കയറ്റുമതിയില്‍ വിയറ്റ്നാമും മുന്‍പന്തിയിലാണ്. പ്രധാന പ്രശ്നം, അസംസ്കൃത കശുവണ്ടി പരിപ്പിന്റെ കുറവും ഉയര്‍ന്ന വിലയുമാണ്. കേരളത്തില്‍ അസംസ്കൃത കശുവണ്ടിപ്പരിപ്പ് കൃഷിയിറക്കുന്നതിന്റെ അഭാവം കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കുന്നു.തൊഴിലാളികളുടെ വേതനം, ക്ഷേമം, സുരക്ഷ, ആരോഗ്യം, ജോലിസാഹചര്യം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ കൊടുക്കേണ്ടതുണ്ട്.അവശ്യ വിതരണ സംവിധാനത്തിലെ അന്തരം ലഘൂകരിക്കൽ, സംസ്ക്കരണ കേന്ദ്രങ്ങളിലെ വര്‍ദ്ധിച്ച യന്ത്രവല്ക്കരണചെലവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍, എന്നിവയുടെ പരിഹാരം, സംസ്ഥാനത്തിന്റെ കശുവണ്ടി വ്യവസായത്തിന്റെ സുസ്ഥിരവികസനത്തിന് അത്യന്താപേക്ഷിതമാണ്.
വികസനലക്ഷ്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന കശുവണ്ടി ആവശ്യത്തെ മുന്നില്‍ കണ്ട് സംസ്ഥാനത്ത് ഗവേഷണവികസനപരിപാടികള്‍ പുനരാംരംഭിച്ച് കുറവുകള്‍ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കേണ്ടതാണ്. ഇത് സംസ്ഥാനത്തെ കശുവണ്ടി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സഹായിക്കും. കശുവണ്ടിയുടെ ആവശ്യകത വര്‍ദ്ധിക്കുന്നതോടൊപ്പം കശുവണ്ടി വിളകള്‍ക്കാവശ്യമായ പ്രദേശവും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ പ്രവണത തടസ്സപ്പെട്ടു. നല്ല കൃഷിരീതികള്‍, ഉയര്‍ന്ന വിളവിനങ്ങള്‍, കീടപ്രതിരോധമായ വിളകള്‍, മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ ഗവേഷണ വികസനം നടത്തിയാല്‍ ഉല്പ്പാദനക്ഷമത ഗുണനിലവാരമുള്ള കശുവണ്ടി ഉല്പ്പാദിപ്പിക്കാന്‍ സാധിക്കും. കശുവണ്ടി സംസ്ക്കരണ മേഖലയിലെ ഉല്പ്പാദനക്ഷമത, കൃഷിയുടെ രീതികള്‍, വായ്പാ സംവിധാനങ്ങള്‍, വെയര്‍ഹൗസിംഗ് സൗകര്യങ്ങള്‍, ഭക്ഷ്യസുരക്ഷാ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമാണ്. ഗവേഷണത്തിനും വികസനത്തിനും ഊന്നല്‍ നല്‍കല്‍, കശുണ്ടി മേഖലയിലെ മറ്റ് പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും ഒരു സർവെയുടെ ആവശ്യമുണ്ട്. തൊഴില്‍, ന്യായമായ വേതനം, ഉല്പ്പാദനം ഇവയ്ക്ക് ഊന്നല്‍ നല്‍കല്‍, കശുവണ്ടി ഉല്പ്പാദനം വര്‍ദ്ധിപ്പിക്കല്‍, സംസ്ക്കരണം എന്നിവയില്‍ ഗവേഷണ വികസന പരിപാടികള്‍, കാഷ്യൂ ആപ്പിള്‍, ഹാന്റ് ക്രാഫ്റ്റ് കാഷ്യൂ എന്നിവയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, കാഷ്യൂ ആപ്പിള്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ എന്നിവക്കാണ് പ്രധാന ഊന്നല്‍ നല്‍കിയിട്ടുള്ളത്. ആഭ്യന്തര, ഗ്ലോബല്‍ മാര്‍ക്കറ്റുകളില്‍ കേരള കശുവണ്ടിക്ക് വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഈ നടപടികള്‍ കൊണ്ട് സാധിക്കും.