വ്യവസായം- വിവരസാങ്കേതിക വിദ്യ

ആധുനിക വ്യവസായങ്ങളുടെ വികസനത്തിന് മാത്രമല്ല, സംസ്ഥാനത്തിന്റെ പൊതുവായ ക്ഷേമത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യ അനിവാര്യമാണ്. ഒൻപതാം പഞ്ചവത്സര പദ്ധതിക്കാലം മുതൽ സംസ്ഥാന സമ്പദ്ഘടനയുടെ വളർച്ചയെ ശക്തിപ്പെടുത്തുന്ന പ്രധാന മേഖലകളിൽ ഒന്നാണ് വിവര വിനിമയ സാങ്കേതിക വിദ്യ. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വിവരസാങ്കേതിക വിദ്യയുടെ തന്ത്രപ്രധാന പ്രാധാന്യം തിരിച്ചറിഞ്ഞ സർക്കാർ, സംസ്ഥാനത്തെ ഒരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ ഈ മേഖലയിൽ ഒരുക്കുന്നതിനുമായി നടപടികൾ എടുത്തിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യ പദ്ധതികൾ, ഇ-ഗവേണൻസ് സംരംഭങ്ങള്‍, ഇ-സാക്ഷരത പദ്ധതികള്‍ എന്നിവ നടപ്പാക്കുന്നതിനും ഐ.റ്റി. മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും സംസ്ഥാനത്തെ മുൻപന്തിയിൽ ആക്കുന്നതിന് ഈ നയങ്ങൾ സഹായിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തിൽ ദേശീയ തലത്തിൽ 32 ദശലക്ഷം കണക്ഷനോടുകൂടി ഏറ്റവും കൂടുതൽ മൊബൈൽ പേനിട്രേഷനും, 20 ശതമാനം ഭവനങ്ങളിലും ബ്രോഡ്ബാന്റ് കണക്ഷനിലൂടെയും 15 ശതമാനം വീടുകളില്‍ മൊബൈല്‍ വഴിയും ഇന്റര്‍നെറ്റ് വ്യാപനം എത്തിനില്‍ക്കുന്നു. വിവര ശാക്തീകരണ സമ്പദ് വ്യവസ്ഥയായി സംസ്ഥാനത്തെ മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച ഘടകങ്ങളാണിവ. ഇന്ത്യയുടെ പ്രധാന ഐ.റ്റി. കേന്ദ്രങ്ങളിലൊന്നാണ് കേരളം. സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്കുകളിലെ ഐ.റ്റി., ഐ.റ്റി.ഇ.എസ് യൂണിറ്റുകളുടെ കയറ്റുമതിയിൽ എട്ടാംസ്ഥാനം കേരളത്തിനുണ്ട്. ഇന്ത്യയിൽ വേഗത്തിൽ വളർന്നു വരുന്ന ഒരു ഡിജിറ്റൽ സംസ്ഥാനം കൂടിയാണ് കേരളം.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ വിവര സാങ്കേതിക മേഖല സുസ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ വിവര സാങ്കേതിക വിദ്യയുടെ വിവിധ തരത്തിലുള്ള അവസരങ്ങൾ തുറന്നിട്ടിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ സ്വയം നിയന്ത്രിത വാഹനങ്ങൾ വരെയും ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മോഡലുകളുമാണ് ഇവ. സമ്പദ് വ‍‍സ്ഥയിലെ എല്ലാ മേഖലകളെയും ഐ.റ്റി മേഖല വിപ്ലവകരമാക്കി കൊണ്ടിരിക്കുന്നു. ഐറ്റി കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനായി സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്ന മൂല്യവർദ്ധനയെ ഗണ്യമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഐ.ടി. മേഖലകളിലെ വളര്‍ന്നു വരുന്ന മേഖലകളില്‍ നിക്ഷേപം നടത്തുകയും സ്ഥാപിത ഐ.ടി./ഐ.ടി.ഇ.എസ്. പ്രവർത്തനങ്ങളിൽ മാത്രം ആശ്രയിക്കാതെ നില്ക്കുകയുമാണ് വേണ്ടത്. ഇന്ത്യന്‍ ഐ.ടി. മേഖലയിൽ ഫോക്കസ് മാറുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും, ആഗോള ഐ.റ്റി മേഖലയില്‍ ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യൻ ഐ.ടി. മേഖലയെന്ന നിലയിൽ, ഈ മാറ്റങ്ങളെ കേരളം ശ്രദ്ധിക്കേണ്ടതുണ്ട്. അതേ സമയം ജനങ്ങളുടെ ഡിജിറ്റൽ ശാക്തീകരണത്തിലും ഐ.ടി. അവബോധത്തിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം തുടരുകയും കാലാകാലങ്ങളില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉചിതമായ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും നേരത്തെ ഉണ്ടാകുന്ന അറ്റകുറ്റപണികള്‍ ഒഴിവാക്കുന്നതിനും കഴിയുന്നു.

കേരളത്തിന്റെ സമഗ്രമായ വികസനത്തിൽ ഐ.സി.റ്റിക്കുള്ള നിർണായകമായ പ്രാധാന്യം കേരള സർക്കാർ തിരിച്ചറിയുകയും 2017 ലെ ഇൻഫർമേഷൻ ടെക്നോളജി പോളിസിയിൽ സർക്കാരിന്റെ ഈ പ്രതിബദ്ധത ഊന്നിപറയുകയും ചെയ്തു. 2020 ഓടുകൂടി കേരളജനതയെ ഒരു ഡിജിറ്റൽ സമൂഹമാക്കി മാറ്റുക എന്നുള്ളതാണ് കേരളസർക്കാർ വിഭാവന ചെയ്യുന്നത്. ഡിജിറ്റല്‍ പൗരത്വം, ഡിജിറ്റല്‍ ജീവിതരീതി, ഡിജിറ്റല്‍ കൊമേഴ്സ് എന്നീ മേഖലകളില്‍ ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിക്കുകയും സ്വാതന്ത്യം, ഉള്‍പ്പെടുത്തല്‍, സുതാര്യത, എല്ലാവരുടേയും സുരക്ഷ എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായതും സാങ്കേതികവിദ്യ പ്രവണതകള്‍, പൌരന്‍മാര്‍, വ്യവസായ ആവശ്യങ്ങള്‍ എന്നിവയുമായി യോജിച്ച് പൗരന്‍മാര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം എന്നിവയാണ് ഐ.റ്റി പോളിസി ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന തിനായി കേരളത്തിന് ശക്തമായ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവശേഷിയുമുണ്ട്. ഐ.റ്റി മേഖലയില്‍ വന്‍കിട നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും യുവസംരംഭകരെ സ്റ്റാര്‍ട്ട് അപ്പിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മള്‍ മുന്നോട്ട് പോകേണ്ടതുണ്ട്.

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷൻ (കെ.എസ്.ഐ.റ്റി.എം.) ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റ്-കേരള (ഐ.ഐ.ഐ.റ്റി.എം.കെ), ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക്, സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.റ്റി.ഐ.എൽ), ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ (ഐ.സി.ഫോസ്), കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.), സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) എന്നിവയാണ് സംസ്ഥാനത്ത് വിവര സാങ്കേതിക പദ്ധതികൾ നടപ്പാക്കുന്ന, വിവരസാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ഏജൻസികൾ.

സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും നേട്ടമുണ്ടാക്കുന്ന തരത്തിലാണ് സംസ്ഥാന സർക്കാർ, ഐ.റ്റി. വ്യവസായ വികസനത്തിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഒരു ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം (ടെക്നോപാർക്ക്), കൊച്ചി (ഇൻഫോ പാർക്ക്), കോഴിക്കോട് (സൈബര്‍ പാര്‍ക്ക്) എന്നിവ ഹബ്ബുകളായും ബാക്കിയുള്ള ജില്ലകൾ സ്പോക്കുകളായും പ്രവർത്തിക്കുന്നു.

ഐ.റ്റി പശ്ചാത്തലസൌകര്യങ്ങള്‍ക്കം ഐ.റ്റി.ഇ.എസ്, ഇ-ഗവണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുമായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് 1,623.12 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇതില്‍ 1,159.74 കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. (71.5 ശതമാനം). 2017-18 വാര്‍ഷിക പദ്ധതിയില്‍, 549.31 കോടി രൂപ ഈ മേഖലയ്ക്ക് വകയിരുത്തിയിട്ടുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13.76 ശതമാനം കൂടുതലാണ്. പദ്ധതി വിഹിതത്തിന്റെയും ചെലവാക്കിയ തുകയുടെയും വിശദാംശങ്ങൾ പട്ടിക 3.1.17 -ൽ നൽകിയിരിക്കുന്നു.

പട്ടിക 3.1.17
പദ്ധതി വിഹിതവും ചെലവും (രൂപ ലക്ഷത്തില്‍)
ക്രമ നമ്പർ ഏജൻസി 12-ാം പദ്ധതി
(2012-17)
വാർഷിക പദ്ധതി 2016-17 വാർഷിക പദ്ധതി 2017-18
വിഹിതം
ബജറ്റ് വിഹിതം ചെലവ് ബജറ്റ് വിഹിതം ചെലവ്
1 കേരള സ്റ്റേറ്റ് ഐ.റ്റി മിഷൻ (കെ.എസ്.ഐ.റ്റി.എം) 46465 22143.24 13058 6235.04 14748.00
2 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റ് (ഐ.ഐ.ഐ.റ്റി.എം.കെ) 7990 6454.12 2050 2050 5200.00
3 ഐ.സി. ഫോസ് 830 220 220 500.00
4 ടെക്നോപാർക്ക് 32146 64188.04 7600 9552.28 8400.00
5 ഇൻഫോപാർക്ക് 26461 6161 8689.43 6705.00
6 സൈബർപാർക്ക് 9037 2568 2510.57 2569.00
7 കേരള സ്റ്റേറ്റ് ഐ.റ്റി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെ.എസ്.ഐ.റ്റി.ഐ.എൽ) 16485 6575.66 5780 1075.66 5560.00
8 ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കേരള–പാലാ (ഐ.ഐ.ഐ.റ്റി.കെ-പാല) 500 5925.00 500 500 2250.00
9 സ്റ്റാർട്ടപ്പ് മിഷൻ 22295 9320.90 10000 1977.71 7999.00
10 സി-ഡിറ്റ് 1000.00
മറ്റുള്ളവ 103 1367.50 1
ആകെ 162312 115974.46 47938 32810.68 54931.00
അവലംബം: ബജറ്റ് എസ്റ്റിമേറ്റ്

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന്‍ (കെ.എസ്.ഐ.റ്റി.എം)

കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍,തിരുവിതാംകൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക്ക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സൊസൈറ്റി ആണ്. വിവര സാങ്കേതിക വകുപ്പിന്റെ കീഴില്‍ വരുന്ന ഒരു സ്വയംഭരണ ഐ.റ്റി നിർവ്വഹണ ഏജന്‍സിയാണിത്.വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാനേജീരിയല്‍, സാങ്കേതിക സഹായം ഈ സ്ഥാപനം നല്‍കുന്നു.

സര്‍ക്കാരിനും, വ്യവസായത്തിനും ഇടയിലുള്ള മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുക, നിക്ഷേപകരുമായി സംവദിക്കുക, ഐ.റ്റി, ഐ.റ്റി അനുബന്ധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് പ്രചാരണ പ്രവര്‍ത്തനങ്ങല്‍ നടത്തുക, ഡിജിറ്റല്‍ വിടവ് നികത്തുക, ഇ-ഗവേണന്‍സ്, ഐ.റ്റി, ഐ.റ്റി.ഇ.എസ് മേഖലകളില്‍ മനുഷ്യ വിഭവങ്ങല്‍ വികസിപ്പിക്കുക, നയപരകാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കുക എന്നിവയാണ് (കെ.എസ്.ഐ.റ്റി.എം) ന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഈ പ്രോത്സാഹന നയങ്ങളുടേയും പദ്ധതികളുടേയും ഫലമായി കേരളം ഡിജിറ്റല്‍ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ഉയര്‍ന്നു

ചില പ്രധാനപ്പെട്ട നേട്ടങ്ങൾ താഴെപ്പറയുന്നു.

  • 2016 ഫെബ്രുവരിയിൽ ബഹു. ഇന്ത്യൻ പ്രസിഡന്റ് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചു.
  • ഇടുക്കിയിൽ ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് ഗ്രാമീണ ബ്രോഡ്ബാന്റ് ശൃംഖല ഇന്ത്യാ ഗവൺമെന്റ് കമ്മീഷൻ ചെയ്തു.
  • ഇന്ത്യയിൽ 3 കോടിയില്‍ കൂടുതല്‍ ഇ-സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത ആദ്യത്തെ സംസ്ഥാനം.
  • ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് മുഖേന 100 ശതമാനം ഗ്രാമപഞ്ചായത്തുകളേയും ബന്ധിപ്പിച്ചു.
  • സംസ്ഥാനത്ത് 2,600-ൽ അധികം അക്ഷയ സെന്ററുകൾ (പൊതു സേവന കേന്ദ്രങ്ങള്‍) പ്രവർത്തിക്കുന്നു.
  • ആധാറിൽ 3.44 കോടിയിൽ കൂടുതൽ ആളുകൾ എൻറോൾ ചെയ്തു.
  • 100 ശതമാനം സിവിൽ രജിസ്ട്രേഷനുകളും സമയബന്ധിതമായി രജിസ്റ്റർ ചെയ്തു.
  • ബാങ്കിംഗ് എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് സംസ്ഥാനത്താകമാനം 9,000 -ൽ അധികം എ.റ്റി.എമ്മുകൾ.
  • 99 ശതമാനം ടെലിഫോണ്‍ സാന്ദ്രത – സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തിൽ ത്വരിത വർദ്ധനവ്.
  • 40.18 ശതമാനം ഉയർന്ന ഇന്റർനെറ്റ് വ്യാപ്തി
  • സംസ്ഥാനത്ത് 30,000 കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ചു.
  • കഴിഞ്ഞ 3 വർഷങ്ങളായി ഏകജാലക സംവിധാനം വഴി 99,500-ൽ അധികം ഇ-ടെൻണ്ടറുകള്‍ നിർവ്വഹിച്ചു.
  • കേരളത്തിലുടനീളം പൊതുസ്ഥലങ്ങളിൽ 2,000 സൗജന്യ വൈ.ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചു.
ബോക്സ് 3.1.12
കെ.എസ്.ഐ.റ്റി.എം. ന്റെ പ്രധാന പ്രവർത്തനങ്ങൾ
  • ഇ-ഗവേണൻസിനായുള്ള കേന്ദ്രത്തിന്റെ നിർമ്മാണം
  • കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം കേരള (സേർട്ട് കേരള)
  • സിറ്റിസൺ കാൾ സെന്റർ
  • ഡിപ്പാർട്ട്മെന്റ് ഡബ്ല്യു എ.എൻ
  • ഇ-ഡിസ്ട്രിക്ട്
  • ഈ-ഗവൺമെന്റ് പ്രൊക്വയർമെന്റ്(ഇ.ജി.പി.)
  • വെർച്വൽ ഐ.റ്റി. കേഡറിന്റെ സ്ഥാപനം
  • ഇ-ഓഫീസ്
  • ഫ്രണ്ട്സ്
  • ഇൻഫർമേഷൻ ആൻഡ് ഡാറ്റാ എക്സ്ചേഞ്ച് അഡ്വാൻസ്ഡ് സിസ്റ്റം (ഐഡിയാസ്)
  • ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ മാനേജ്മെന്റ് സെൽ (ഐ.പി.എം.സി)
  • ഐ.പി.വി. 4-ൽ നിന്നും ഐ.പി.വി. 6 ലേക്ക് മൈഗ്രേഷൻ
  • കേരള ഈ-ഗവേണൻസ് അവാർഡുകൾ
  • കേരള സ്റ്റേറ്റ് സ്പേഷ്യൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ (കെ.എസ്.ഡി.ഐ)
  • കേരള സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ് വർക്ക് (കെസ്വാൻ)
  • മൊബൈൽ ഗവേണൻസ്
  • ഈ-ഗവേണൻസ് പദ്ധതികളിൽ പി.ജി. ഡിപ്ലോമ
  • സെക്രട്ടേറിയറ്റിലെ റെക്കോർഡുകളുടെ ഡിജിറ്റൈസേഷൻ
  • സെക്രട്ടേറിയറ്റിലെ വൈഡ് ഏരിയ നെറ്റ് വർക്ക് (സെക് വാൻ)
  • സർവ്വീസ് പ്ലസ്
  • സ്റ്റേറ്റ് ഡാറ്റാ സെന്റർ-കോ ബാങ്ക് ടവർ
  • വീഡിയോ കോൺഫറൻസിംഗ്
  • ഡിജിറ്റൽ സാക്ഷരതാ പ്രോഗ്രാം
  • പബ്ലിക് വൈ.ഫൈ. പ്രോജക്ട്
  • എൻ.ഇ.ജി.എ.പി.

കേരള സ്റ്റേറ്റ് ഐ.റ്റി. മിഷന്റെ ഇ-ഗവേണൻസ് പ്രോഗ്രാമുകൾ

സേവനങ്ങൾ നൽകുന്നതിൽ സുതാര്യതയും വിശ്വാസ്യതയും ഉത്തരവാദിത്തവും ഉറപ്പാക്കി സദ്ഭരണം നടപ്പാക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണ് ഇന്ന് ഇ-ഗവേണൻസ്. ഇ-സാക്ഷരതാ പദ്ധതിയും, ഇ-ഗവേണന്‍സ്, മൊബൈൽ ഗവേണൻസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും കേരളം മുന്‍ നിരയില്‍ നില്‍ക്കുന്നു.

ഓഫീസ് നടപടി ക്രമങ്ങൾ ഇലക്ട്രോണിക് ആയി നടപ്പാക്കുന്നതിലൂടെ ഡിജിറ്റൽ വിനിമയത്തിന്റെ ഗുണഫലങ്ങൾ ഉപയോഗിച്ചു കൊണ്ട് സർക്കാർ ഓഫീസുകൾ പേപ്പർ രഹിത ഓഫീസുകളായി പരിവര്‍ത്തനം ചെയ്യുകയും ആശയവിനിമയം വഴി വേഗത്തിൽ തീരുമാനമെടുക്കുന്നതിനുമാണ് ഇ-ഓഫീസ് ലക്ഷ്യമിടുന്നത്. സെക്രട്ടേറിയറ്റിലെ 42 വകുപ്പുകളിൽ 39 വകുപ്പുകളിലും സെക്രട്ടേറിയറ്റിന് പുറത്ത് 22 വകുപ്പുകളിലും ഇത് നടപ്പാക്കി കഴിഞ്ഞു. കൂടാതെ, ജില്ലകളിലും ഡയറക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും ഇ-ഓഫീസ് നടപ്പാക്കുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഐ.റ്റി. മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) രൂപകൽപന ചെയ്ത് വികസിപ്പിച്ച ഒരു സോഫ്റ്റ് വെയറാണ് സർവ്വീസ് പ്ലസ്. ഇതിന്റെ ഫ്ലക്സിബിളായ പ്രവർത്തനം അപേക്ഷാ ഫോമുകൾ ആവശ്യമായ രീതിയിൽ രൂപകല്പന ചെയ്യുന്നതിനും ഇ-സേവനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിനും സഹായിക്കുന്നു.

കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക് (കെസ്വാൻ), സെക്രട്ടേറിയറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക്(സെക്വാന്‍), സ്റ്റേറ്റ് ഡാറ്റാ സെന്റർ, സ്റ്റേറ്റ് സർവ്വീസ് ഡെലിവറി ഗേറ്റ് വേ എന്നിവയാണ് സംസ്ഥാനത്തെ ഇ-ഗവേണൻസ് നടപ്പാക്കുന്നതിനുള്ള പ്രധാന അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ. സംസ്ഥാനത്തെ 14 ജില്ലകളെയും 152 ബ്ലോക്ക് പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കെസ്വാൻ ആണ് സംസ്ഥാന ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ (എസ്.ഐ.ഐ) നട്ടെല്ല്. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ 3500 ഓഫീസുകളെ വയർലെസ്സിലൂടെയും മറ്റനവധി ലീസ്ഡ് ലൈൻ, ലാൻ എന്നിവയിലൂടെയും ഈ ശൃംഖല ബന്ധിപ്പിക്കുന്നു.

വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്ന തരത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനാണ് എം. കേരളം. നൂറോളം സേവനങ്ങളുമായി ഉടന്‍തന്നെ എം-കേരളം ആരംഭിക്കും.

53 സർക്കാർ വകുപ്പുകളും 220 പൊതുമേഖലാ സ്ഥാപനങ്ങളുടെയും/സ്വയംഭരണ സ്ഥാപനങ്ങളുടെയും/സർക്കാർ ഏജൻസികളും ഉപയോഗിക്കുന്ന ഒരു പൊതു പ്രൊക്വയര്‍മെന്റ് സംവിധാനമണ് ഇ-ഗവൺമെന്റ് പ്രൊക്വയർമെന്റ് (ഇ.ജി.പി). 1,764 ഓഫീസുകളെ (വിവിധ സർക്കാർ വകുപ്പുകളും മറ്റു സർക്കാർ സ്ഥാപനങ്ങളും) ഇ-പ്രൊക്വയർമെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരുവാൻ കഴിഞ്ഞിട്ടുണ്ട്.

14 ജില്ലാ ആസ്ഥാനങ്ങളിലും ഫ്രണ്ട്സ് ജനസേവനാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 16.31 ലക്ഷം ഇടപാടുകൾ നടത്തുകയും അതുവഴി 183.48 കോടി രൂപ സർക്കാരിന് വരുമാനം നേടിക്കൊടുക്കുകയും ചെയ്തു.

വിവര സാങ്കേതിക രംഗത്തെ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ അക്ഷയ 2002 നവംബർ 18-ന് ആരംഭിച്ചു. പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലാണ് ‘അക്ഷയ’ പ്രവർത്തിക്കുന്നത്. കുടുംബത്തിലെ ഒരാൾക്കെങ്കിലും ഇ-സാക്ഷരത നൽകുക എന്നതായിരുന്നു. തുടക്കത്തിലെ ഉദ്ദേശ്യം. ക്രമേണ പൗരന്മാർക്ക് സേവനം നൽകുക എന്നതിലേക്ക് അക്ഷയ മാറി. നിലവിൽ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 2,679 അക്ഷയ കേന്ദ്രങ്ങളിലായി 7,774 പേർ ജോലി ചെയ്യുന്നു. സംസ്ഥാനത്തുടനീളം 700-ൽപരം ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നു. വിവിധ ബാങ്കുകൾക്കായി ബാങ്കിംഗ് കിയോസ്ക്കുകളായി പ്രവർത്തിക്കുന്ന 1,700-ൽ അധികം അക്ഷയ കേന്ദ്രങ്ങൾ ഉണ്ട്. അക്ഷയ കേന്ദ്രങ്ങളിലൂടെ യു.ഐ.ഡിയിൽ 5.5 മില്യൺ പൗരന്മാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്ഷയവഴിയുള്ള യു.ഐ.ഡി എൻറോൾമെന്റിൽ ദേശീയ ശരാശരിയായ 62 ശതമാനത്തിനേക്കാളും 92.7 ശതമാനം കേരളത്തിനുണ്ട്. യു.ഐ.ഡി എൻറോൾമെന്റിലെ ഒരു പ്രമുഖ ഏജൻസിയായ അക്ഷയ വഴിയാണ് കേരളത്തിലെ മൊത്തം യു.ഐ.ഡി. കളിൽ 75 ശതമാനവും എന്‍റോള്‍ ചെയ്തത്. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം 3.1.52 -ൽ ചേർത്തിരിക്കുന്നു.

അവാർഡുകളും അംഗീകാരങ്ങളും

  • സ്കോച്ച് അവാർഡ് 2016:- 2016-ലെ ദേശീയ സ്കോച്ച് അവാർഡ് കെ.എസ്.ഐ.റ്റി.എം. കരസ്ഥമാക്കി.
  • പ്ലാറ്റിനം അവാർഡ് – കെ.എസ്.ഐ.റ്റി.എം-ന്റെ ഡിജിറ്റൽ എംപവർമെന്റ് കാമ്പയിൻ പദ്ധതി പ്ലാറ്റിനം അവാർഡ് കരസ്ഥമാക്കി.
  • ഓർഡർ ഓഫ് മെറിറ്റ് അവാർഡ് – ഇ – വോട്ടർ മൊബൈൽ ആപ്ലിക്കേഷൻ, അക്ഷയ സിറ്റിസൺ സേവനങ്ങൾ, അക്ഷയ കിയോക്സ് ബാങ്കിംഗ് എന്നിവയ്ക്ക് ഓർഡർ ഓഫ് മെറിറ്റ് അവാർഡ്.
  • ഐ.റ്റി. ഇന്നവേഷൻ അവാർഡ് 2016 – കെ.എസ്.ഐ.റ്റി.എം. രൂപ കല്പന ചെയ്ത ഇ-വോട്ടർ മൊബൈൽ ആപ്ലിക്കേഷന് നാസ്കോം – കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2016 ഐ.റ്റി. ഇന്നവേഷൻ അവാർഡ്.
  • ഇ-ഇന്ത്യ അവാർഡ് 2016:- സ്റ്റുഡൻസ് പോലീസ് കേഡറ്റ് വഴിയുള്ള ഡിജിറ്റൽ സാക്ഷരതയ്ക്ക്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് - കേരള (ഐ.ഐ.ഐ.റ്റി.എം-കെ)

ശാസ്ത്ര സാങ്കേതിക മാനേജ്മെന്റ് മേഖലകളിൽ ഒരു ഉന്നത സ്ഥാപനമെന്ന നിലയിൽ 2000-ൽ ആരംഭിച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് - കേരള. വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനും, സംരംഭകത്വവും സാമൂഹിക ഉത്തരവാദിത്വവുമുള്ള പ്രൊഫഷണലുകളെയും നേതൃശേഷിയുള്ളവരെയും വളർത്തിയെടുക്കുന്നതിനും ഈ സ്ഥാപനം പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം, ഗവേഷണം, വികസനം, പ്രായോഗിക വിവര സാങ്കേതിക വിദ്യയിലും മാനേജ്മെന്റിലും പരിശീലനം എന്നിവയിലും ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എം.ഫിൽ, എം.എസ്സ്.സി.ബിരുദങ്ങൾ നൽകുന്നത് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയും (കുസാറ്റ്), ബിരുദാനന്തര ഡിപ്ലോമ നൽകുന്നത് കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റുമാണ്. ബയോമെട്രിക് എംബഡഡ് സിസ്റ്റം സെക്യുരിറ്റി ആൻഡ് ഇന്റർനെറ്റ് ഓഫ് എംബഡഡ് തിംഗ്സ്, സോഫ്റ്റ് വെയർ എഞ്ചീനിയറിംഗ് ആൻഡ് സോഫറ്റ് വെയർ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, ലൈബ്രറി ആന്റ് ഇൻഫർമേഷൻ സർവ്വീസ് എന്നിവയാണ് പൂർത്തിയാക്കിയ പ്രധാന പ്രോജക്ടുകള്‍. യു.ജി.സി/എ.ഐ.സി.റ്റി.ഇ. മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ റസിഡൻഷ്യൽ അക്കാദമിക് ക്യാമ്പസിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.

ബോക്സ് 3.1.13
ഐ.ഐ.ഐ.റ്റി.എം.കെ. യുടെ അക്കാദമിക് പരിപാടികൾ
  • മാസ്റ്റേഴ്സ് പ്രോഗ്രാം
  • എം.ഫിൽ പ്രോഗ്രാം
  • പി.എച്ച്.ഡി. പ്രോഗ്രാം
  • ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം

ടെക്നോപാർക്ക്

ടെക്നോപാർക്ക് എന്നപേരിലറിയപ്പെടുന്ന ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക് കേരള സർക്കാരിന്റെ കീഴിൽ വരുന്ന ഒരു സ്വയം ഭരണസ്ഥാപനമാണ്. വിവര സാങ്കേതിക വിദ്യയുടെ വികസനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുകയും ആഗോള നിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 1995 നവംബർ 18-നാണ് ഈ സ്ഥാപനം ഔദ്യോഗികമായി രാഷ്ട്രത്തിന് സമർപ്പിച്ചത്. അന്നു മുതൽ ടെക്നോപാർക്ക് അതിന്റെ വലിപ്പത്തിലും ജീവനക്കാരുടെ എണ്ണത്തിലും വളർന്നുകൊണ്ടേയിരിക്കുന്നു. മൂന്നാം ഘട്ട വികസനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.റ്റി. പാർക്കുകളിൽ ഒന്നായി ടെക്നോപാർക്ക് മാറും. ഇവിടെ 330 ഏക്കർഭൂമിയും 9.3 മില്യൺ ചതുരശ്ര അടി ബിൽറ്റ് അപ്പ് ഏര്യയുമുണ്ട്. ടെക്നോപാർക്കിൽ 53,000 ഐ.റ്റി. ജീവനക്കാർക്ക് നേരിട്ടും 150,000 ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കുന്നു. കഴക്കൂട്ടത്ത് ടെക്നോസിറ്റി പ്രോജക്ട് വരുന്നതോടുകൂടി 424 ഏക്കർ വിസ്തൃതിയിൽ ഒരു ഏകീകൃത ഐ.റ്റി. ടൗൺഷിപ്പാകുകയും, കേരളത്തിലെ തന്നെ ആദ്യത്തെ ഐ.റ്റി. ഇടനാഴിയായി മാറുകയും ചെയ്യും. 2020 ഓടെ 56,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്നോപാർക്ക് ലക്ഷ്യമിടുന്നു. 760 ഏക്കറിലായി വികസനത്തിന്റെ വിവിധ തലത്തിലുള്ള 5 കാമ്പസുകൾ ടെക്നോപാർക്കിനുണ്ട്. ടെക്നോപാർക്കിന്റെ ഭൗതിക നേട്ടങ്ങളും വളർച്ചയും അനുബന്ധം 3.1.53, 3.1.54 -ൽ നൽകിയിരിക്കുന്നു.

ബോക്സ് 3.1.14
സംസ്ഥാന സമ്പദ് ഘടനയിൽ ടെക്നോപാർക്കിന്റെ സംഭാവന
  • ക്യാമ്പസിൽ നിന്നുള്ള വാർഷിക ഉത്പാദനം – 12,000 കോടി രൂപ
  • ക്യാമ്പസിൽ നിന്നുള്ള വാർഷിക കയറ്റുമതി – 50,000 കോടി രൂപ
  • ആകെ ജീവനക്കാർ-52,746
  • കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ അധിഷ്ഠിത ക്യാമ്പസ്.
  • നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലെയും ദ്വിതീയ സേവനങ്ങളായ ചില്ലറവ്യാപാര, ഹോസ്പിറ്റാലിറ്റി, ഗതാഗത, സാമ്പത്തിക സേവനങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
  • 424 ഏക്കറിലായി ടെക്നോസിറ്റി പദ്ധതി വരുന്നതിലൂടെ കഴക്കൂട്ടം – കോവളം (എൻ.എച്ച് 66) കേരളത്തിലെ ആദ്യത്തെ ഐ.റ്റി ഇടനാഴിയാകും.
  • മൂന്നാംഘട്ടം കമ്മീഷന്‍ ചെയ്യുന്നതോടുകൂടി, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.റ്റി പാര്‍ക്കുകളില്‍ ഒന്നായി ടെക്നോപാര്‍ക്ക് മാറും.
അവലംബം: ടെക്നോപാര്‍ക്ക്

ടെക്നോപാര്‍ക്കിനുള്ള ഭൂവിസ്തൃതി

ടെക്നോപാര്‍ക്കിനുള്ള ആകെ ഭൂവിസ്ത്രതി 760 ഏക്കറാണ്. 5 കാമ്പസുകളിലായുള്ള ഭൂവിവരം സംബന്ധിച്ച വിശദാംശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

  • ഘട്ടം I & II - 239.54 ഏക്കര്‍
  • ഘട്ടം III - 90.00 ഏക്കര്‍
  • ടെക്നോസിറ്റി - 424.00 എക്കര്‍

ടെക്നോപാര്‍ക്കിലെ ബില്‍റ്റ് അപ്പ് ഏരിയയുടെ വളര്‍ച്ച

ടെക്നോപാര്‍ക്കിന്റെ ഭൂവിസ്തൃതി 2015-16 ല്‍ 72 ലക്ഷം ചതുരശ്ര അടിയില്‍ നിന്നും 2016-17 ല്‍ 93 ലക്ഷം ചതുരശ്ര അടിയായി വര്‍ദ്ധിച്ചു. ടെക്നോപാര്‍ക്കിലെ ബില്‍റ്റ്അപ് ഏരിയയുടെ വളര്‍ച്ച ചിത്രം 3.1.15- ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 3.1.15
ടെക്നോപാര്‍ക്കിലെ ബില്‍റ്റ് അപ്പ് ഏര്യയുടെ വളര്‍ച്ച
അവലംബം:ടെക്നോപാര്‍ക്ക്

ടെക്നോപാര്‍ക്കിലെ കമ്പനികള്‍

12-ാംപദ്ധതിയുടെ ആദ്യത്തെ 4 വര്‍ഷം കൊണ്ട് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2012-13 ല്‍ ടെക്നോപാര്‍ക്കില്‍ 285 കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. 2015-16 ല്‍ ഇത് 390 ആയിരുന്നത് 2016-17 ൽ 370 ആയി കുറയുകയും ചെയ്തു. ആഗസ്റ്റ് 31, 2017 വരെ ടെക്നോപാര്‍ക്കിലെ കമ്പനികളുടെ എണ്ണം 370 ആയി തുടരുന്നു. 2012-13 മുതല്‍ 2016-17 വരെയുള്ള കമ്പനികളുടെ എണ്ണം സംബന്ധിച്ച വിവരം ചിത്രം 3.1.16 - ല്‍ ചേര്‍ത്തിരിക്കുന്നു.

ചിത്രം 3.1.16
ടെക്നോപാര്‍ക്കിലെ കമ്പനികളുടെ വളര്‍ച്ച
അവലംബം:ടെക്നോപാര്‍ക്ക്

ടെക്നോപാര്‍ക്കില്‍നിന്നുള്ള കയറ്റുമതിയുടെ വളര്‍ച്ച

ടെക്നോപാര്‍ക്കില്‍നിന്നുള്ളകയറ്റുമതി 2012-13 ല്‍ 3,493 കോടിയായിരുന്നത് 2015-16 ആയപ്പോള്‍ 6250 കോടി രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍ 2016-17 ല്‍ ഇത് 5,000 കോടി രൂപയായി കുറഞ്ഞു. അമേരിക്കയിലെ തെരഞ്ഞെടുപ്പു ഫലവും അതിനെത്തുടര്‍ന്നുണ്ടായ അമേരിക്കയുടെ നയ വ്യതിയാനങ്ങളും വലിയ ഒരളവില്‍ ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വർഷമായി ടെക്നോപാർക്കിൽ നിന്നുള്ള കയറ്റുമതി വിവരം ചിത്രം 3.1.17 - ൽ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 3.1.17
ടെക്നോപാർക്കിൽ നിന്നുള്ള കയറ്റുമതി
അവലംബം:ടെക്നോപാര്‍ക്ക്

ടെക്നോപാര്‍ക്കിലെ തൊഴിലിലുണ്ടായ വര്‍ദ്ധനവ്

ടെക്നോപാര്‍ക്കിന്റെ വളര്‍ച്ച ആ സ്ഥാപനത്തിലുണ്ടായ അവസാന അഞ്ച് വര്‍ഷത്തെ തൊഴിലിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യാവുന്നതാണ്. 2012-13 -ല്‍ തൊഴിലവസരങ്ങള്‍ 40,521 ആയിരുന്നത് 2016-17 (ആഗസ്റ്റ് 31, 2017) ആയപ്പോഴേക്കും 52,746 ആയി വര്‍ദ്ധിച്ചു.

കഴിഞ്ഞ 5 വർഷത്തെ തൊഴിലവസരങ്ങളിലുണ്ടായ വർദ്ധന ചിത്രം 3.1.18-ൽ രേഖപ്പെടുത്തിയിരിക്കുന്നു.

ചിത്രം 3.1.18
ടെക്നോപാർക്കിലെ തൊഴിലവസരങ്ങളുടെ വർദ്ധന
അവലംബം:ടെക്നോപാര്‍ക്ക്

ടെക്നോസിറ്റി

ടെക്നോപാർക്ക്, 424 ഏക്കർ ഭൂമി, പള്ളിപ്പുറത്ത് ടെക്നോസിറ്റി പ്രോജക്ടിനുവേണ്ടി ഏറ്റെടുത്തിട്ടുണ്ട്. ടെക്നോപാർക്കിന് ടി.സി.എസ്, ഇൻഫോസിസ്, സൺടെക്, കെ.എ.എസ്.ഇ,ഐ.ഐ.ഐ.ടി.എം.കെ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇൻഫോപാർക്ക്

കേരളത്തിലെ രണ്ടാമത്തെ വലിയ ഐ.റ്റി ഹബ്ബാണ് കൊച്ചിയിലുള്ള ഇൻഫോപാർക്ക്. ഇതിന്റെ സ്പോക്കുകൾ ചേർത്തലയിലും തൃശ്ശൂരിലുമാണ്. ഐ.ടി./ഐ.ടി.ഇ. എസ് കമ്പനികള്‍ക്ക് ആവശ്യമായ വൈദ്യുതി, ജല വിതരണം, കണക്ടിവിറ്റി, തുടങ്ങിയ സ്റ്റേറ്റ് ഓഫ് ആർട്ട് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഇൻഫോപാർക്കിന്റെ ലക്ഷ്യം. നിലവിൽ ഇൻഫോപാർക്കിന്, കൊച്ചി – ഒന്നാം ഘട്ടത്തിലായി 102.82 ഏക്കർ സ്ഥലത്തും, രണ്ടാം ഘട്ടത്തിലായി 160 ഏക്കർ സ്ഥലത്തുമായി ഐ.റ്റി പാര്‍ക്കുകളുണ്ട്. കൊരട്ടിയില്‍ സ്ഥിതിചെയ്യുന്ന തൃശ്ശൂർ ഇൻഫോപാർക്ക് 30 ഏക്കറിലും ചേർത്തല ഇൻഫോപാർക്ക് 66 ഏക്കറിലുമായി സ്ഥിതിചെയ്യുന്നു. ഇൻഫോപാർക്കും അതിന്റെ വികസന പങ്കാളികള്‍ ചേർന്ന് (2004-ൽ ആരംഭിച്ചതു മുതൽ) 66 ലക്ഷം ചതുരശ്ര അടി ബില്‍റ്റ് അപ് സ്ഥലം സൃഷ്ടിക്കുകയും 298 ഐ.ടി കമ്പനികളിലൂടെ 33,116 ലധികം ഐ.ടി പ്രൊഫഷണലുകൾക്ക് തൊഴില്‍ നൽകിയിട്ടുമുണ്ട്. ഇൻഫോപാർക്ക് ടി.ബി.സി. -ൽ 25,845 ചതുരശ്ര അടി വിസ്തീർണമുള്ള കലൂർ അന്തരാഷ്ട്ര സ്റ്റേഡിയത്തിലെ ഭാഗീകമായ ഫിറ്റഡ് സ്ഥലം, 2013 വര്‍ഷത്തില്‍ കെ.എസ്.ഐ.ടി.എം -ൽ നിന്ന് ഏറ്റെടുത്തു. ആവശ്യമായ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നവീകരണവും ഇന്‍ഫോപാര്‍ക്ക് നടത്തി, ഇപ്പോള്‍ ഈ സൌകര്യം സ്റ്റാർട്ട് അപ് കമ്പനികൾക്കുള്ള ഓഫീസുകൾക്കായി നൽകുന്നു. ഇൻഫോപാർക്ക് റ്റി.ബി.സിയിൽ ഏകദേശം 400 ആളുകൾ ജോലിചെയ്യുന്നു. ഇൻഫോപാർക്കിന്റെ ഭൗതിക നേട്ടങ്ങൾ അനുബന്ധം 3.1.55 -ൽ ചേർത്തിരിക്കുന്നു.

സൈബർ പാർക്ക്

കൊച്ചി മുതൽ കാസർഗോഡ് വരെയുള്ള ഐ.റ്റി. അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ വിടവ് നികത്തുന്നതിനായി തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക് എന്നിവയുടെ ഹബ് സ്പോക്ക് മാതൃകയിൽ ആരംഭിച്ചതാണ് സൈബർ പാർക്ക്. കോഴിക്കോട്ടെ സൈബർ പാർക്ക് ഹബ്ബായും കണ്ണൂരും കാസർഗോഡും ഉള്ള പാർക്കുകൾ സ്പോക്കുകളായും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിലെ ഐ.റ്റി. പശ്ചാത്തല സൗകര്യവികസനത്തിനായി പ്രവർത്തിക്കുന്നു. സൗഹൃദവും, ചെലവ് കുറഞ്ഞതും, എന്നാൽ ഉയർന്ന ഗുണനിലവാരത്തിലുള്ളതുമായി അടിസ്ഥാന സൗകര്യങ്ങൾ ഐ.റ്റി./ഐ.റ്റി.ഇ.എസ്സ്. നിക്ഷേപകർക്ക് ലഭ്യമാക്കുക എന്നതാണ് സൈബർ പാർക്കിന്റെ ലക്ഷ്യം. അതുവഴി സോഫ്റ്റ് വെയറുകളുടെയും സോഫ്റ്റ് വെയര്‍ സേവനങ്ങളുടെയും കയറ്റുമതി ത്വരിതപ്പെടുത്തുന്നതിനും തദ്വാര മലബാർ മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

സൈബർ പാർക്കിന്റെ കഴിഞ്ഞ 5 വർഷത്തെ പ്രധാന നേട്ടങ്ങൾ താഴെ കൊടുക്കുന്നു.

  • 2.88 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ആദ്യത്തെ ഐ.റ്റി കെട്ടിടം പൂർത്തിയാക്കി.
  • സി.എഫ്.സി.യിലെ ലീസിന് നല്‍കിയ ഐ.റ്റി സ്ഥലത്ത് ഇക്കാലയളവിൽ പ്രവർത്തനം ആരംഭിച്ചു.
  • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലയളവിൽ കയറ്റുമതി വരുമാനം 5 കോടി രൂപയായി.
  • മൊത്തം 150 ഓളം തൊഴിൽ ഈ കാലയവിൽ സൃഷ്ടിച്ചു.
  • ഭൂമി ഏറ്റെടുക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കുകയും ചെയ്തു.
  • അടിസ്ഥാന പശ്ചാത്തല സൌകര്യ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
  • 50000 ലിറ്റർ വാട്ടർ ടാങ്കും വാട്ടർ ലൈനുകളും കമ്മീഷന്‍ ചെയ്തു.
  • മൊത്തം പാർക്കിലെ വൈദ്യുതി ആവശ്യകതകൾ നിറവേറ്റുന്നതിനായി 200 കെ.വി.എ. എച്ച്.റ്റി. സബ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
  • 11,000 ചതുരശ്ര അടി സി.എഫ് സിപാര്‍ക്ക് സെന്റര്‍ പൂർത്തീകരിക്കുകയും 4 ഐ.ടി യൂണിറ്റുകൾ ഇവിടെ ആരംഭിക്കുകയും 80 പേര്‍ക്ക് തൊഴിലവസരങ്ങൾ നൽകുകയും 3.5 കോടിയുടെ കയറ്റുമതിയും നടത്തി. സൈബർ പാർക്കിന്റെ ഭൗതിക നേട്ടങ്ങൾ അനുബന്ധം 3.1.56 -ൽ ചേർത്തിരിക്കുന്നു.

കേരള സ്റ്റേറ്റ് ഐ.റ്റി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.റ്റി.ഐ.എൽ)

1956-ലെ കമ്പനീസ് ആക്ട് അനുസരിച്ച് രൂപീകരിച്ച പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.റ്റി.ഐ.എൽ) സർക്കാരിന്റെ ഉടമസ്ഥാവകാശത്തിലുള്ള ഭൂമി പാട്ടത്തിന് നൽകുകയോ പ്രായോഗികമായ സാമ്പത്തിക മാതൃകകളിലൂടെ സ്വരൂപിക്കുന്ന ഫണ്ട് ഉപയോഗിച്ച് പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സംസ്ഥാനത്ത് ഐ.റ്റി. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്.

ഭൂമി ഏറ്റെടുത്ത് അതിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, ജലം, റോഡ്, ചുറ്റമതിൽ, സെസ് പദവി, മറ്റു സർക്കാർ അംഗീകാരങ്ങൾ എന്നിവ ലഭ്യമാക്കി, വ്യക്തികൾക്ക് ഐ.റ്റി. (സെസ്) മേഖലകൾ, ഐ.റ്റി. പാർക്കുകൾ എന്നിവ വികസിപ്പിക്കുന്നതിനായി സ്വകാര്യ സംരംഭകര്‍ക്ക് നൽകുകയാണ് കമ്പനിയുടെ ബിസിനസ് മാതൃക.

കോഴിക്കോട് ഐ.റ്റി. പാർക്ക്. കണ്ണൂർ ഐ.റ്റി. പാർക്ക്. കാസർഗോഡ് ഐ.റ്റി പാർക്ക്, കൊല്ലം ഐ.റ്റി. പാർക്ക്, കൊരട്ടി ഐ.റ്റി. പാർക്ക്, ചേർത്തല ഐ.റ്റി. പാർക്ക്, അമ്പലപ്പുഴ ഐ.റ്റി. പാർക്ക്, ഇൻഫോസിറ്റി പാലാ, ഐ.ഐ..ഐ.റ്റി.കെ, ടെക്നോ ലോഡ്ജസ് എന്നിവയാണ് കെ.എസ്.ഐ.റ്റി.ഐ.എൽ നടപ്പിലാക്കുന്ന നിലവിലുള്ള പ്രധാന പദ്ധതികൾ.

ഇന്റർ നാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ (ഐ.സി. ഫോസ്സ്)

ഇന്ത്യയിലെയും വിദേശത്തെയും ഫ്രീ സോഫ്റ്റ് വെയർ സംഘടനകളുമായി ചേർന്ന് ഫ്രീ സോഫ്റ്റ് വെയറുകളുടെ വികസനവും പ്രയോഗവും ഫ്രീനോളഡ്ജും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച അന്താരാഷ്ട്രകേന്ദ്രമാണ് ഐ.സി. ഫോസ്സ്. ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട കൺസൾട്ടൻസി, ഗവേഷണ വികസന പരിപാടികൾ, അക്കാദമിക് പഠനം, സേവനം, പരിശീലനം, പ്രസിദ്ധീകരണം, സർട്ടിഫിക്കേഷൻ, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടേയും നോഡൽ ഏജൻസിയാണ് ഐസിഫോസ്. ഐസിഫോസിന്റെ പ്രധാന പരിപാടികൾ ബോക്സ് 3.1.15 -ൽ ചേർത്തിരിക്കുന്നു.

ബോക്സ് 3.1.15
ഐസിഫോസിന്റെ പ്രധാന പ്രവർത്തനങ്ങൾ
  • ഫോസ് സംരംഭങ്ങളുടെ സ്റ്റാർട്ട് അപ്പ് ആക്സിലറേഷന്‍
  • ഇ-ഗവേണൻസും മറ്റ് ഫോസ് പഠനങ്ങളും
  • അക്കൗണ്ടിങ്ങും മറ്റ് യൂട്ടിലിറ്റി സോഫ്റ്റ് വെയറുകളുടെ പ്രാദേശിക വൽക്കരണവും
  • സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് വിവര സാങ്കേതിക വിദ്യ സഹായം നൽകുക
  • സാങ്കേതിക വർക്ക്ഷോപ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുക
  • ഫോസ് സർട്ടിഫിക്കേഷൻ
  • എഞ്ചിനീയറിംഗ്/സാങ്കേതിക വിഭാഗം വിദ്യാർത്ഥികളുടെ ശേഷി വർദ്ധിപ്പിക്കലും നൈപുണ്യ വികസനവും
  • മലയാളം കമ്പ്യൂട്ടിംഗ്
  • ഗവേഷണ പരിപാടികൾ
അവലംബം: ‍ ഐസിഫോസ്

കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.)

സംരംഭകത്വ വികസനം, ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.). ടെക്നോപാര്‍ക്ക് ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്റര്‍ ആയി അറിയപ്പെട്ടിരുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം.) ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ നോണ്‍ അക്കാദമിക് ബിസിനസ്സ് ഇന്‍കുബേറ്ററാണ്. 2007 ലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

കേരളത്തിലെ യുവാക്കളിലും വിദ്യാര്‍ത്ഥി- കളിലുമുള്ള സംരംഭകത്വ കഴിവുകള്‍ തിരിച്ചറിയുന്നതിനും, വികസിപ്പിക്കുന്നതിനും, കേരളത്തിന്റെ പരമ്പരാഗത മേഖലകളില്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംരംഭകത്വ വികസന ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുക, കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സംസ്ക്കാരത്തിന് അനുയോജ്യമായ തരത്തിലുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യമായ വിപണി കണ്ടെത്തുക, വൈജ്ഞാനിക, ഗവേഷണ വികസന സ്ഥാപനങ്ങളുമായും, വ്യവസായിക സാമ്പത്തിക സ്ഥാപനങ്ങളുമായും ബന്ധം സ്ഥാപിക്കുക, ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും വേഗത്തില്‍ വാണിജ്യവല്‍ക്കരിക്കുന്നതിനും ഒരു വേദി സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തിലെ യുവജനങ്ങളില്‍ സംരംഭകത്വം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ യുവജന സംരംഭകത്വ വികസന പരിപാടി ആരംഭിച്ചിട്ടുണ്ട്. റാസ്ബറി പൈ പ്രോഗ്രാം, സ്റ്റാര്‍ട്ട് അപ്പ് ബോക്സ് ക്യാംപയിന്‍, സ്റ്റാര്‍ട്ട് അപ്പ് ബൂട്ട് ക്യാമ്പ്, സ്റ്റാര്‍ട്ട് അപ്പ് ലീഡര്‍ഷിപ്പ് അക്കാഡമിയും, പരിശീലന പരിപാടിയും, അന്താരാഷ്ട്രാ സംരംഭകത്വ വിനിമയ പരിപാടി, ഫാബ് ലാബ് പ്രോഗ്രാം, സംരംഭകത്വ ഡ്രൈവിംഗ് പ്രോഗ്രാം, പെര്‍ഫോര്‍മന്‍സ് ലിങ്ക്ഡ് സ്കീം, പേറ്റന്‍റ് സപ്പോര്‍ട്ട് സ്കീം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്ന പ്രധാന സംരംഭങ്ങള്‍. കൂടാതെ, കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ വിവിധ മേഖലകളിലെ ഇന്‍കുബേറ്ററുകളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി ഒരു ടെക്നോളജി ഇന്നവേഷന്‍ സോണ്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

  • സ്റ്റുഡന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ 700 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിച്ചു.
  • 4 സ്പെഷ്യലൈസ്ഡ് ഇൻകുബേറ്റർ ഉൾപ്പെടെ 20 ഇൻകുബേറ്റർ/ആക്സിലറേറ്ററുകൾ
  • 12-ാം പഞ്ചവത്സരപദ്ധതിക്കാലയളവിൽ 1,000 കോടി മൊത്ത മൂല്യം സൃഷ്ടിച്ച്കൊണ്ട് 26,500 പേര്‍ക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.
  • കോളേജുകളിൽ 187 ബൂട്ട് ക്യാമ്പുകൾ നടത്തപ്പെട്ടു.
  • ബൂട്ട് ക്യാമ്പിലൂടെ 30 സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകള്‍
  • ഐ.ഇ.ഡി.സി. സംഗമം നടത്തി. (2,000-ൽ അധികം വിദ്യാര്‍ത്ഥികള്‍)
  • ഇൻകുബേറ്ററുകള്‍ക്ക് 84 സ്റ്റാർട്ടപ്പ് ബോക്സുകൾ വിതരണം ചെയ്തു.
  • 20,000 റാസ്പ്ബെറി പൈ കിറ്റുകൾ വിതരണം ചെയ്തു.
  • 5483 ഇലക്ട്രോണിക് കിറ്റുകൾ വിതരണം ചെയ്തു.
  • 2 സിലിക്കൺ വാലി സന്ദർശനവും 17 സ്റ്റാർട്ടപ്പുകള്‍ക്ക് ബൗദ്ധിക സന്ദര്‍ശനത്തിനുള്ള സഹായം നല്‍കി.
  • 2 ഫാബ് ലാബുകളും 20 മിനി ഫാബ് ലാബുകളും സ്ഥാപിച്ചു.
  • 2 ഫാബ് ലാബ് അക്കാദമി കോഴ്സുകള്‍ നടത്തി.
  • 26 സ്റ്റാർട്ടപ്പുകൾക്കുള്ള സീഡ് സഹായം.

സെന്റർ ഫോർ ഡവലപ്പ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്)

കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഒരു സ്വയം ഭരണ ഗവേഷണ പരിശീലന കേന്ദ്രമാണ് സെന്റർ ഫോർ ഡവലപ്പ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) ഇമേജിംഗ് ടെക്നോളജിയിലെ ആശയവിനിമയത്തിന്റെ വികാസം കൂടാതെ ഒരു ഗവേഷണ വികസന സ്ഥാപന സംഘടന എന്ന നിലയിലാണ് സി-ഡിറ്റിന്റെ പ്രാരംഭ പദവി. ഇതില്‍ നിന്നും മാറി കേരളത്തിലെ ഐ.റ്റി. യെ സംയോജിപ്പിച്ച് ഭരണ സംവിധാനത്തില്‍ സംയുക്തമായി പ്രവര്‍ത്തിക്കുകയും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്പ്യൂട്ടർവത്ക്കരണത്തിനായുള്ള ഇൻഫർമേഷൻ കേരള മിഷൻ രൂപീകരിക്കൽ, ഫ്രണ്ട്സ് പൗരസേവന കേന്ദ്രം എന്ന ഫ്ലാഗ്ഷിപ്പ് പരിപാടിയുടെ നടത്തിപ്പ്, സര്‍ക്കാര്‍ വകുപ്പുകളിലും, ഏജന്‍സികളിലും കമ്പ്യൂട്ടര്‍ വല്‍ക്കരണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പരിഹാര പരിപാടി നടപ്പിലാക്കുക എന്നിവ ഉള്‍പ്പടെ പല സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുന്നതിന് സി-ഡിറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഐ.റ്റി. പോളിസി 2017

വിജ്ഞാനത്തില്‍ അടിസ്ഥാനമാക്കിയുള്ള സമൂഹത്തിലേക്ക് കേരളത്തെ രൂപാന്തരപ്പെടുത്തുക എന്നതാണ് സർക്കാർ പ്രഖ്യാപിച്ച പുതിയ ഐ.ടി. നയം 2017 ലക്ഷ്യം വയ്ക്കുന്നത്. കേരളത്തെ ഒരു മുന്‍നിര ഐ.റ്റി കേന്ദ്രമാക്കി മാറ്റുന്നതിനും പ്രത്യക്ഷ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഐ.സി.ടി. വികസനത്തിന് അനുകൂലമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ – വൈദഗ്ധ്യ വികസനത്തിലൂടെ നൂതന സാങ്കേതിക വിദ്യ സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്യേണ്ടതും കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള നിക്ഷേപങ്ങളെ ആകർഷിച്ച് കേരളത്തെ ഒരു ഐ.ടി. വ്യവസായ കേന്ദ്രമാക്കി മാറ്റുക എന്നിവയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം.

  • ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ജി.ഡി.പി.യ്ക്കും തൊഴിലവസരങ്ങള്‍ക്കും ഗണ്യമായി സംഭാവന ചെയ്യുന്നതിനും ഐ.ടി., ഐ.ടി.ഇ.എസ് ഹബ്ബുകളില്‍ മുന്‍ഗണന നല്‍കുന്ന സംസ്ഥാനമാക്കി കേരളത്തെ വളർത്തുക
  • ആഗോള ഐ.ടി. പ്രധാനികളെ പാർക്കിലേക്ക് ആകർഷിക്കാൻ പദ്ധതികള്‍ ആവിഷ്ക്കരിക്കുക.
  • 1 കോടി ചതുരശ്ര അടി ബില്‍റ്റ് അപ്പ് സ്പേസ് സൃഷ്ടിക്കുകയും 2.5 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യുക.
  • കോർപ്പറേറ്റുകളുടെ ശേഷികളും വിദേശ ഇന്ത്യക്കാരില്‍ നിന്നുള്ള മൂലധനവും ഉപയോഗിച്ച് പാർക്കുകള്‍ വികസിപ്പിക്കുക
  • ഐ.ടി., ഐ.ടി.ഇ.എസ് സേവനങ്ങളുടെയും ഉത്പന്നങ്ങളുടെയും കയറ്റുമതിയില്‍ സ്ഥിര വാർഷിക വളർച്ച നിലനിർത്തുക.
  • ഗവേഷണം, വികസനം, നവീകരണം എന്നിവയ്ക്കുവേണ്ടി ഒരു ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു പരിതസ്ഥിതി സൃഷ്ടിക്കുക.
  • ചെറുതും ഇടത്തരവുമായ ഐ.ടി. സ്ഥാപനങ്ങളുടെ വൈദഗ്ധ്യവും, സാമര്‍ത്ഥ്യവും വർദ്ധിപ്പിക്കുകയും അവരെ അന്താരാഷ്ട്ര മാർക്കറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യുക.
  • സാങ്കേതിക സംരംഭകത്വ സംസ്കാരം വളര്‍ത്തുകയും സാങ്കേതിക വിദ്യാ കേന്ദ്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഒരു സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റം രൂപവല്‍ക്കരിക്കുകയും ചെയ്യുക.
  • പൊതു സേവനത്തിന് ഉൾക്കൊള്ളാവുന്ന, താങ്ങാവുന്നതും പ്രാപ്യമായതുമായ ഇലക്ട്രോണിക് സേവന വിതരണ സംവിധാനവും ലഭ്യമാക്കുക
  • ഡിജിറ്റൽ മണ്ഡലത്തില്‍ ഡാറ്റാ, വിവരങ്ങള്‍ വിജ്ഞാന വിഭവങ്ങൾ എന്നിവയ്ക്ക് സാർവത്രികമായ തുറന്ന പ്രവേശനം ഉറപ്പാക്കുക
  • സമൂഹത്തിന്റെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് എല്ലാ മേഖലകളിലും ഐ.സി.ടി. പ്രയോജനപ്പെടുത്തുകയും സമദര്‍ശിയായ വികസനം സാധ്യമാക്കുകയും സംസ്ഥാനത്തെ 100 ശതമാനം ഇ-സാക്ഷരത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യുന്നു.
  • മലയാള ഭാഷാ കമ്പ്യൂട്ടിംഗിൽ ഗവേഷണത്തിനും വികസനത്തിനുമായി പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് ഇതിനായി ‘ടൂളുകള്‍’ വികസിപ്പിക്കുകയും ചെയ്യുക.
  • ഐ.ടി. മേഖലയിലെ ഗവേഷണ വൈദഗ്ധ്യ പഠനത്തിനുള്ള മികവിന്റെ കേന്ദ്രങ്ങളായി ഐ.ഐ.ഐ.ടി.എം.കെ., ഐ.സി. ഫോസ്സ് എന്നിവയെ മാറ്റുക.
  • ഐ.ടി. അറ്റ് സ്കൂൾ ശക്തിപ്പെടുത്തുക
  • സൈബർ സുരക്ഷ, സ്വകാര്യത, ഇന്റർനെറ്റ് സ്വാതന്ത്യം എന്നിങ്ങനെയുള്ള ഡിജിറ്റല്‍ ജീവിതരീതിക്കാവശ്യമായ സുരക്ഷിതമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയും ഇലക്ട്രോണിക് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലന പരിപാടികളും, ബോധവല്ക്കരണ പരിപാടികളും നടത്തുകയും ചെയ്യുക.
  • ദൈനംദിന പ്രവർത്തനങ്ങളിലും ആശുപത്രികളിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഐ.ടി.യുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക.
  • പൊതു മണ്ഡലത്തില്‍ ഓപ്പൺ സോഴ്സും ഓപ്പൺ ടെക്നോളജികളും സ്വീകരിക്കുകയും സൂക്ഷ്മ, ചെറുകിട സംരംഭങ്ങളും വ്യവസായങ്ങളിലും പ്രോത്സാഹിപ്പിക്കുക.
  • ഇലക്ട്രോണിക്സ് സാധനങ്ങൾ/ഘടകങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉല്പാദനം വീട്ടമ്മമാർ ഉള്‍പ്പടെ എല്ലാവരിലും സാധ്യമാക്കുക.
  • കെന്റണിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി മുൻകാലങ്ങളിൽ പ്രാമുഖ്യം നേടിയെടുക്കുക.
  • കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന പഴങ്ങളുടേയും പച്ചക്കറികളുടേയും മത്സ്യത്തിന്റേയും സുഗന്ധ വ്യജ്ഞനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഐ.ടി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയും ജൈവ സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കാനുള്ള മേഖലയിൽ ഗവേഷണ വികസന സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്യുക.
  • ഐ.ടി. മേഖലയിൽ ജോലിചെയ്യാൻ സ്ത്രീകൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ജോലിസ്ഥലത്ത് സുരക്ഷിതമായ ഗതാഗതവും സുരക്ഷിതപരിസ്ഥിതി സൃഷ്ടിക്കുകയും ചെയ്യുക.
ബോക്സ് 3.1.16
പതിമൂന്നാം പഞ്ചവത്സര പദ്ധതി സമീപനം
  • പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഒരു ലക്ഷം തൊഴില്‍ സൃഷ്ടിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക
  • എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ പരിശീലനം സൃഷ്ടിച്ച മനുഷ്യ വിഭവശേഷി ഉറപ്പാക്കുക
  • പുതിയ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ വികസിപ്പിക്കുകയും സ്റ്റാര്‍ട്ട് അപ്പുകളെ തുടര്‍ച്ചയായ ഇന്നവേഷനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വളരുന്നതിനാവശ്യമായ ഒരു പരിസ്ഥിതി സൃഷ്ടിച്ചെടുക്കുകയും ചെയ്യുക
  • സർക്കാറിന്റെ 4 മിഷന്റെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും മോണിറ്ററിംഗിനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ പ്രാപ്തമാക്കുക
  • വൈഫൈ ഹോട്ട്സ്പോട്ട് നല്‍കുന്നതിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുക
  • സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും സ്ഥാപനങ്ങളുടേയും വിവിധങ്ങളായ വിവരങ്ങളെ ഒറ്റ പ്ലാറ്റ് ഫോമില്‍ കൊണ്ടു വരിക

ഉപസംഹാരം

ഐ.ടി. മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലും കഴിഞ്ഞ അഞ്ച് വർഷത്തെ ആസൂത്രണ കാലയളവിൽ കേരളത്തിന് ശ്രദ്ധേയമായ പുരോഗതി നേടി എടുക്കാൻ കഴിഞ്ഞെങ്കിലും, സംസ്ഥാനത്തെ ഒരു നോളഡ്ജ് സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള ഗവേഷണത്തിനും വികസനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സംസ്ഥാനം പിന്നിലാണ്. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പുതിയ വേദികള്‍ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഐ.സി.ടി. അധിഷ്ഠിത വിദ്യാഭ്യാസം, ഗവേഷണം, വികസനം, നവീകരണം എന്നിവയെ പ്രാപ്തമാക്കി അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാരിന്റെ ഊന്നല്‍ ശക്തിപ്പെടുത്തുന്നതിന് മുൻ കൈ എടുക്കാനും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനും മാനവ വിഭവ ശേഷി വികസനത്തിനും സമൂലമായ സാമ്പത്തിക വികസനത്തിനും ഗവൺമെന്റ് കൂടുതൽ ഊന്നൽ കൊടുക്കുകയും വിവര സാങ്കേതിക വിദ്യയുടെ അർത്ഥവത്തായ ഉപയോഗത്തിന് വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യും.