ദുരന്തനിവാരണ മാനേജ് മെന്റ് പ്ലാന്‍
സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളായ വെള്ളപ്പൊക്കം, കടല്‍ക്ഷോഭങ്ങള്‍, വരള്‍ച്ച, മണ്ണൊലിപ്പ്, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം സമ്പത്ത് വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഗുരുതര വെല്ലുവിളികളാണ്. പ്രകൃതിക്ഷോഭങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും മുന്‍കരുതല്‍ എടുക്കുന്നതിനും  രാജ്യത്ത് ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  ദുരന്തനിവാരണ മാനേജ് മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 ജനുവരി മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ മാനേജ് മെന്റ് പ്ലാന്‍ തയ്യാറാക്കി. അത് 2020-21 വാര്‍ഷിക പദ്ധതിയില്‍ സംയോജിപ്പിച്ച് വരുന്നു. പ്രകൃതിക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെങ്കിലും വാര്‍ഷിക പദ്ധതികളില്‍ പ്രത്യേകം പ്രോജക്ടുകളായി ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡീസെന്‍ട്രലൈസേഷന്‍ റൗണ്ട്
വികേന്ദ്രീകരണ റൗണ്ട് എന്നപേരില്‍ ഒരു ഡാറ്റാ ശേഖരണ റൗണ്ട് നടത്താന്‍ സര്‍ക്കാര്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു ചോദ്യാവലിയെ അടിസ്ഥാനമാക്കി ശേഖരിക്കും. നിലവിലെ പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും 2020 നവംബറില്‍ അധികാരമേറ്റ പുതിയ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ സഹായിക്കുന്നതിനും ഭാവി പ്രോഗ്രാമുകളും മുന്‍ഗണനകളും ആസുത്രണം ചെയ്യുന്നതിനും ഈ ഡാറ്റാ ശേഖരണം സഹായിക്കും. മാതൃകാ പ്രോജക്ടുകള്‍ തിരിച്ചറിയുന്നതിനും, മാതൃകാപരമായ പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പഠിക്കുന്നതിനും, മുന്‍കാല അനുഭവങ്ങളില്‍നിന്ന് പഠിക്കുന്നതിനും, പുതിയ അറിവ് നേടുന്നതിനും ഇത് സഹായിക്കും. വിവരശേഖരണവും സമാഹാര ഉത്തരവാദിത്ത്വങ്ങളും ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്ക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഓരോ അഞ്ച് വര്‍ഷത്തിലും ഈ റൗണ്ട് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ജില്ലാ വിഭവ കേന്ദ്രത്തിന്റെ രൂപീകരണം
വിഞ്ജാന ഉള്ളടക്കവും തദ്ദേശ സ്വയംഭരണ പദ്ധതികളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതികളുടെ ആഭിമുഖ്യത്തില്‍ വികസന ഗവേഷണ സ്ഥാപനങ്ങളിലെ പ്രെഫഷണലുകളും, സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള വിരമിച്ച വിദഗ്ദരും അടങ്ങുന്ന ജില്ലാ ആസൂത്രണ സമിതികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ വിഭവകേന്ദ്രം രൂപീകരിക്കാന്‍ ആരംഭിച്ചു.

സുഭിക്ഷകേരളം
കോവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍  ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 2020 ജൂണില്‍ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷകേരളം. ഈ പദ്ധതി പ്രകാരം  കാര്‍ഷിക മേഖലയ്ക്ക് 3860 കോടി രൂപയും, മൃഗസരംക്ഷണത്തിന് 118 കോടി രൂപയും, ക്ഷീരവികസനത്തിന് 215 കോടി രൂപയും, മത്സ്യബന്ധനത്തിന് 2078 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുക
  • ഉത്പാദന വര്‍ദ്ധനവിലൂടെ കര്‍ഷകര്‍ക്ക് കൂടൂതല്‍ വരുമാനം ഉറപ്പാക്കുക
  • യുവാക്കളെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകകയും ചെയ്യുക
  • മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലകളുടെ വികസനം

തദ്ദേശതലത്തിലും വാര്‍ഡ്തലത്തിലും പദ്ധതിയുടെ ഏകോപനം ഉറപ്പാക്കുന്നതിനായി അതാത് വകുപ്പുകളും കോ-ഓപ്പറേറ്റീവ് ബാങ്കും ചേര്‍ന്ന് പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ജില്ലാ ആസൂത്രണ സമിതികളും സംസ്ഥാനതലത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡും ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നു.

ജില്ലാ പ്ലാനുകൾ 
എല്ലാ ജില്ലകളിലും 2018 ൽ ജില്ലാ പദ്ധതികൾ ആവിഷ്കരിച്ചു. ജില്ലാ വികസനത്തിനായി  സമഗ്ര സമീപനം രൂപകൽപ്പന ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതികൾ (ഡിപിസി) ജില്ലാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് (ആർട്ടിക്കിൾ 243 ഡി). ബഹുവിധ ആസൂത്രണം പ്രോത്സാഹിപ്പിക്കുക, വിവിധ തലങ്ങളിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന, ജില്ലാതലത്തിലുള്ള വിവിധ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളുടെ വികസന ആവശ്യങ്ങളും മുൻഗണനകളും തമ്മിൽ കൂടുതൽ സമന്വയം ഉറപ്പാക്കുക എന്നിവ ജില്ലാതല പദ്ധതികളുടെ മറ്റ് ലക്ഷ്യങ്ങളാണ്. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് കേരളത്തിലെ എല്ലാ ഡിപിസികൾക്കും ജില്ലാ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയണം. സംസ്ഥാനത്തെ ഡിപിസികൾ ഇതിനകം തന്നെ ജില്ലാ പദ്ധതികളിൽ ഉയർന്നുവന്ന ചില പ്രധാനപ്പെട്ട പദ്ധതി ആശയങ്ങൾ നടപ്പാക്കാവുന്ന പദ്ധതികളാക്കി മാറ്റി, ഇത് പ്രാദേശിക സർക്കാരുകളും മറ്റ് ഏജൻസികളും സംയുക്തമായി നടപ്പിലാക്കാൻ സഹായിക്കുന്നു. ജില്ലാ പദ്ധതികളിലെ  ഇത്തരം സംയോജിത പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ സർക്കാർ 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് ഏർപ്പെടുത്തിയിരുന്നു. അങ്ങനെ ജില്ലാ പദ്ധതികളെ തദ്ദേശഭരണ പദ്ധതിയുമായി സമന്വയിപ്പിച്ചുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ പ്രാദേശിക സർക്കാരുകൾ ഏറ്റെടുക്കുന്ന സംയോജിത, സംയുക്ത പദ്ധതികൾക്ക് ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചു.