വിലനിലവാരം

വിലയുടെ പ്രവണത- അഖിലേന്ത്യാ തലത്തില്‍

അഖിലേന്ത്യാ തലത്തില്‍ ആകെയുളള ഉപഭോക്തൃ വില സൂചികയും (സി.പി.ഐ.സി) മൊത്ത വില സൂചികയും (ഡബ്ല്യൂ.പി.ഐ) മുന്‍ വര്‍ഷങ്ങളില്‍ ഓരോന്നും ക്രമാതീതമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും പണപ്പെരുപ്പത്തിന്റെ പ്രവണത ആഗോളതലത്തില്‍ ഉള്‍പ്പെടെ കുറഞ്ഞിരുന്നു. ഉപഭോക്തൃ വില സൂചികയും, മൊത്ത വില സൂചികയും പരിശോധിക്കുമ്പോള്‍ എല്ലാ സാധനങ്ങളുടെയും പണപ്പെരുപ്പം പ്രത്യേകിച്ച് ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ അടക്കം ഗ്രാമ /നഗരങ്ങളില്‍ ഈ കുറവ് കാണുന്നുണ്ട്. കൂടാതെ രാജ്യം ഒട്ടാകെയും ഈ പ്രവണത കാണുന്നുണ്ട്. ഇന്ത്യയില്‍ വിവിധ ശ്രേണിയുടെ അടിസ്ഥാനത്തില്‍ പൊതുവായുളള പണപ്പെരു പ്പത്തിന്റെ സൂചിക പട്ടിക 1.12 -ല്‍ കാണാം.

പട്ടിക 1.12
ഇന്ത്യയില്‍ വിവിധ ശ്രേണിയുടെ അടിസ്ഥാനത്തിലുളള പൊതുവായുളള പണപ്പെരുപ്പം (ശതമാനത്തില്‍)
സൂചിക 2012-13 2013-14 2014-15 2015-16 2016-17
മൊത്തവിലസൂചിക 6.9 5.2 1.2 -3.7 1.7
ഉപഭോക്തൃവില സൂചിക (ആകെ) 10.2 9.5 5.9 4.9 4..5
ഉപഭോക്തൃവില സൂചിക (വ്യവസായ തൊഴിലാളികൾ) 10.4 9.7 6.3 5.6 4.1
ഉപഭോക്തൃവില സൂചിക (കാര്‍ഷിക തൊഴിലാളികൾ) 10.0 11.6 6.6 4.4 4.2
ഉപഭോക്തൃവില സൂചിക (ഗ്രാമീണ തൊഴിലാളികൾ) 10.2 11.5 6.9 4.6 4.2
അവലംബം: സാമ്പത്തിക സർവ്വേ 2016-17, അദ്ധ്യായം 2, ധനമന്ത്രാലയം, ഭാരതസര്‍ക്കാര്‍.

2016-17 ലെ മൊത്ത വിലസൂചികയില്‍ എല്ലാ സാധനങ്ങളുടെയും വാര്‍ഷിക ശരാശരി പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമാണ്. ഇത് 2015-16 ല്‍ (അടിസ്ഥാന വര്‍ഷം 2011-12) (-)3.7 ശതമാനമാണ്. പ്രാഥമിക വസ്തുക്കള്‍, ഇന്ധനം, വൈദ്യുതി മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില 2016-17 -ല്‍ വര്‍ദ്ധിച്ചു. എന്നാല്‍, സംയോജിത ഉപഭോക്തൃ വിലസൂചിക (ആകെ) യില്‍ പണപ്പെരുപ്പം (അടിസ്ഥാനം 2012=100) 2014-15 ല്‍ 5.9 ശതമാനമായിരുന്നത് 2015-16 ല്‍ 4.9 ശതമാനമായി കുറഞ്ഞു. ഉപഭോക്തൃ ഭക്ഷ്യ വിലസൂചിക (സി.എഫ്.പി.ഐ) യുടെ അടിസ്ഥാനത്തിലുളള ഭക്ഷ്യ വിലക്കയറ്റം 2014-15 -ല്‍ 6.4 ശതമാനമായിരുന്നത് 2015-16 -ല്‍ 4.9 ശതമാനമായി കുറഞ്ഞു. ഇത് 2016-17 -ല്‍ ശരാശരിയായി 5.1 ശതമാനമാണ് (ഏപ്രില്‍-ഡിസംബര്‍). 2016 ഡിസംബറില്‍ ഇത് 1.4 ശതമാനമായി കുറഞ്ഞു. പുതുക്കിയ പണനയരീതി അനുസരിച്ച്, സര്‍ക്കാര്‍ 2016 ആഗസ്റ്റ് 5 മുതല്‍ 2021 മാര്‍ച്ച് 31 വരെ പണപ്പെരുപ്പ നിരക്ക് 4 ശതമാനമായി നിജപ്പെടുത്തുകയും, കൂടാതെ 2 ശതമാനത്തിന് മുകളിലോ താഴെയോ ആകാം എന്നും നിശ്ചയിച്ചിട്ടുണ്ട്.

മൊത്ത വിലസൂചിക 2011-12=100 അടിസ്ഥാനത്തില്‍ വാര്‍ഷിക പണപ്പെരുപ്പനിരക്ക് ഒക്ടോബര്‍ 2017 -ല്‍ 3.59 ശതമാനമാണ് (താല്‍ക്കാലികം) (2016 ഒക്ടോബറിലും അധികമാണ്). ഇത് കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.60 ശതമാനമാണ് (താല്‍ക്കാലികം). കഴിഞ്ഞ വര്‍ഷം ഇതേ മാസം 1.27 ശതമാനമായുമാണ് കാണപ്പെട്ടത്. ഈ ധനകാര്യ വര്‍ഷത്തില്‍ ഇതുവരെ ആകെ പണപ്പെരുപ്പം 2.03 ശതമാനമായും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 3.53 ശതമാനവുമായിരുന്നു.

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ തലത്തില്‍ പണപ്പെരുപ്പ നിരക്ക് (ഗ്രാമീണ, നഗര, ആകെ) ഒക്ടോബര്‍ 2016മായി താരതമ്യപ്പെടുത്തുമ്പോള്‍, ഒക്ടോബര്‍ 2017-ല്‍ (താത്കാലികം) യഥാക്രമം 3.36, 3.81, 3.58 എന്നീ ശതമാനങ്ങളിലായിരുന്നു. കൂടാതെ അഖിലേന്ത്യാ തലത്തില്‍ ഉപഭോക്തൃ ഭക്ഷ്യ വിലസൂചിക ഗ്രാമീണ, നഗര, ആകെ എന്നിങ്ങനെ ഒക്ടോബര്‍ മാസം യഥാക്രമം 1.75, 2.13, 1.90 ശതമാനമാണ്.

വിലയുടെ പ്രവണത - കേരളത്തില്‍

മൊത്ത വിലസൂചിക

കേരളത്തില്‍ ഭക്ഷ്യ, ഭക്ഷ്യേതര വിളകളുടെ മൊത്ത വിലസൂചിക വര്‍ദ്ധിച്ചു. ഇത് ആഗസ്റ്റ് 2016 -ല്‍ 8,033.23 ആയിരുന്നത് ആഗസ്റ്റ് 2017 ല്‍ 9,837.63 ആയി ഉയര്‍ന്നു. 2012 മുതല്‍ ഭക്ഷ്യവിളകളുടെ മൊത്തവില സൂചിക ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഭക്ഷ്യവിളകളില്‍, അരി, പഴം-പച്ചക്കറികള്‍ എന്നിവയുടെ വില യഥാക്രമം 20.5 ശതമാനമായും 28.9 ശതമാനമായും വര്‍ദ്ധിച്ചു. ഭക്ഷ്യേതര വിളകളുടെ മൊത്ത വിലസൂചിക ആഗസ്റ്റ് 2016 -ല്‍ 5,841.01 ആയിരുന്നത് ആഗസ്റ്റ് 2017 -ല്‍ 6,772.31 ആയി വര്‍ദ്ധിച്ചു. എണ്ണയുടെയും എണ്ണക്കുരുവിന്റെയും മൊത്തവില സൂചിക ആഗസ്റ്റ് 2016 -ല്‍ 6,691.80 ല്‍ നിന്ന് 2017 ആഗസ്റ്റില്‍ 7,919.75 ആയി വര്‍ദ്ധിച്ചു. 18.4 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ആകെ ഭക്ഷ്യ, ഭക്ഷ്യേതര വിളകള്‍ ഉള്‍പ്പെടെയുളളവയുടെ മൊത്തവിലസൂചിക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഗസ്റ്റ് 2017 -ല്‍ വളരെയധികം വര്‍ദ്ധിച്ചു. മൊത്തവിലസൂചിക ആഗസ്റ്റ് 2016 വരെ 7,233.07 ആയിരുന്നത് ആഗസ്റ്റ് 2017 -ല്‍ 8,718.78 ആയി അധികരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഗസ്റ്റ് 2017 -ല്‍ ഏകദേശം 20.5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. 2012 മുതല്‍ 2017 വരെയുളള എല്ലാ വിളകളുടെയും മൊത്ത വില സൂചിക അനുബന്ധം 1.33 -ലും ചിത്രം 1.12 -ലും കൊടുത്തിട്ടുണ്ട്.

ചിത്രം 1.12
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൊത്ത വിലസൂചിക
അവലംബം: സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് (2011)

കേരളത്തിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഓരോ മാസത്തെയും മൊത്ത വിലസൂചിക സൂചിപ്പിക്കുന്നത് 2017 ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളില്‍ ഭക്ഷ്യേതര വിളകളുടെ സൂചിക വര്‍ദ്ധിക്കുകയും ഭക്ഷ്യവിളകളുടെ സൂചിക കുറയുകയുമാണുണ്ടായത്. അരി, പഴങ്ങള്‍, പച്ചക്കറികള്‍, കറിക്കുട്ടുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ സൂചിക ജൂലൈ 2017 മായി താരതമ്യം ചെയ്യുമ്പോള്‍ ആഗസ്റ്റ് 2017 ല്‍ കുറഞ്ഞ് കാണപ്പെട്ടു. എന്നാല്‍ ഈ കാലയളവില്‍ ശര്‍ക്കര, എണ്ണക്കുരു എന്നിവയുടെ സൂചിക വര്‍ദ്ധിക്കുകയാണുണ്ടായത്. എന്നിരുന്നാലും ജനുവരി 2017 മായി താരതമ്യം ചെയ്യുമ്പോള്‍ പഴങ്ങള്‍, പച്ചക്കറികള്‍, തോട്ടവിളകള്‍ എന്നിവ ഒഴികെയുളള സാധനങ്ങളുടെ സൂചിക ആഗസ്റ്റ് 2017 ല്‍ വര്‍ദ്ധിച്ചു. 2016, 2017 (ആഗസ്റ്റ് വരെ) ലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഓരോ മാസത്തെയും മൊത്ത വില സൂചിക അനുബന്ധം 1.34 -ല്‍ കൊടുത്തിട്ടുണ്ട്.

ഉപഭോക്തൃ വില സൂചിക (സി.പി.ഐ)

കേരളത്തിലെ വാര്‍ഷിക ശരാശരി ഉപഭോക്തൃ വില സൂചിക (അടിസ്ഥാനം 1998-99=100) 2016 -ല്‍ 292.1 ഇത് 2015 -ല്‍ 277.3 ആയിരുന്നു. 5.325 ശതമാനമാണ് 2015 നും 2016 നുമുളള വ്യതിയാനം. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനവര്‍ഷം 2011-12=100 ആയി പുതുക്കുകയും 2016 മുതല്‍ പുതുക്കിയ അടിസ്ഥാന ശ്രേണിയില്‍ ലഭ്യമാവുകയും ചെയ്യും. പുതിയ അടിസ്ഥാന വര്‍ഷം കണക്കാക്കി 2016 -ല്‍ സി.പി.ഐ 143.29 ആയും 2017 -ല്‍ (ജൂലൈ 2017 വരെ) 149.34 മാണ്.

ഓരോ കേന്ദ്രത്തിലെയും ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ 2017 -ല്‍ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം ഉപഭോക്തൃവില സൂചികയായ 156.86, ഇവിടെ 2016 ല്‍ 152 ആയിരുന്നു, തൊട്ട് പുറകില്‍ കണ്ണൂര്‍ (155.14), ചാലക്കുടി (153.57) എന്നിങ്ങനെയാണ്. കേരളത്തില്‍ പണപ്പെരുപ്പത്തിന്റെ പ്രവണത 2017 -ല്‍, വിശകലനം ചെയ്യുമ്പോള്‍, ഏറ്റവും അധികം പണപ്പെരുപ്പം മലപ്പുറത്താണ് (5. 27 ശതമാനം) തൊട്ട് പുറകില്‍ എറണാകുളം (5.10 ശതമാനം) കോട്ടയം (5.06 ശതമാനം). ഏറ്റവും കുറവ് ശതമാനം പണപ്പെരുപ്പം അനുഭവപ്പെട്ടത് കാസര്‍ഗോഡാണ് (2.8 ശതമാനം). ഓരോ കേന്ദ്രങ്ങളിലെയും ഉപഭോക്തൃവില സൂചികയും അതിന്റെ ശതമാനത്തിലുണ്ടായ വ്യതിയാനവും അനുബന്ധം 1.35 -ല്‍ കാണിക്കുന്നുണ്ട്. 2009 മുതല്‍ 2016 (അടിസ്ഥാനം 1998-99= 100) വരെയുളള വാര്‍ഷിക ശരാശരി ഉപഭോക്തൃവില സൂചിക ചിത്രം 1.13 -ലും കാണാവുന്നതാണ്.

ചിത്രം 1.13
കേരളത്തിലെ വാര്‍ഷിക ശരാശരി ഉപഭോക്തൃവില സൂചിക

ചില്ലറ വില

അവശ്യ സാധനങ്ങളുടെ വില 2017 ല്‍ വര്‍ദ്ധിച്ച് വരുന്നതായി കാണാന്‍ സാധിക്കും. ഒരു കിലോ ഗ്രാം മട്ട അരിയുടെ വില ജനുവരി 2017 ല്‍ 37.82 രൂപയായിരുന്നു. സെപ്റ്റംബര്‍ 2017 ല്‍ 16 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി 44.02 രൂപയായി. ജനുവരി 2017 നും സെപ്റ്റംബര്‍ 2017 നുമിടക്ക് വിവിധ ബ്രാന്റ്കളിലുള്ള വെളിച്ചെണ്ണയുടെ വില 27 ശതമാനം മുതല്‍ 44 ശതമാനം വരെ വര്‍ദ്ധിച്ചു. ഒരു നാളികേരത്തിന്റെ വില ജനുവരി 2017 ല്‍ 15 രൂപയായിരുന്നത് സെപ്റ്റംബര്‍ 2017 ല്‍ 20 രൂപയായി വര്‍ദ്ധിച്ചു. പഴം, പച്ചക്കറികള്‍ എന്നിവയുടെ കാര്യത്തിലും വിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടു. ഒരു കിലോഗ്രാം സവാളയുടെ വില ജനുവരി 2017 ല്‍ 18.43 രൂപയാണ്. എന്നാല്‍ ഫെബ്രുവരിയില്‍ ഇതിന്റെ വില കുറഞ്ഞതിനു ശേഷം ജൂണ്‍ മാസം വര്‍ദ്ധിക്കുകയും, ആഗസ്റ്റ് 2017 ല്‍ 33 രൂപയില്‍ എത്തിച്ചേരുകയും ചെയ്തു. ഒരു കിലോ ചെറിയ ഉളളിയുടെ വില ജനുവരി 2017 ല്‍ 33 രൂപയായിരുന്നത് 245 ശതമാനം വര്‍ദ്ധിച്ച് ജൂണ്‍ 2017 -ല്‍ 114 രൂപയായി. അതിനു ശേഷം സെപ്റ്റംബര്‍ 2017 -ല്‍ 97.95 രൂപയായി കുറഞ്ഞു. ജനുവരി 2017 മുതല്‍ സെപ്റ്റംബര്‍ 2017 വരെ ഓരോ മാസത്തെയും സംസ്ഥാന ശരാശരി അവശ്യസാധനങ്ങളുടെ വില അനുബന്ധം 1.36 - ല്‍ കൊടുത്തിട്ടുണ്ട്.

വിലസമാനത

വില സമാനത സൂചിക 2016 ല്‍ കണക്കാക്കിയിരുന്നത് 59.83, ഇത് 2014, 2015 എന്നീ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്. ഈ സൂചിക യഥാക്രമം 72.08, 63 എന്നിങ്ങനെയാണ്. കൃഷി ചെലവിന്റെ സൂചിക 2014 ല്‍ നിന്ന് 2015 ല്‍ വര്‍ദ്ധിച്ചു. ഈ കാലയളവില്‍ കര്‍ഷകര്‍ക്ക് ലഭിച്ച വരുമാന സൂചിക കുറയുകയാണുണ്ടായത്. കൃഷി ആവശ്യത്തിനുളള ചെലവ്, വളം, കടത്ത് കൂലി, തൊഴിലാളികളുടെ കൂലി എന്നിവ വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായി കൃഷിയില്‍ നിന്നുളള വരുമാനം ലഭിക്കാതെയുമായി. 2016 -ല്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നുളള വരുമാന സൂചിക 7,730.75, എന്നാല്‍ കൃഷി ചെലവ് സൂചിക 12,936.25 എന്നതാണ്. 2017 കാലയളവില്‍ (മെയ്) കര്‍ഷകരുടെ വരുമാന സൂചിക 8,887.6 ആയി മാത്രമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ അവരുടെ കൃഷി ചെലവ് സൂചിക 13,323.20 ആയി വര്‍ദ്ധിക്കുകയും വില സമാനത 66.6 മാത്രവുമാണ്. ഓരോ വര്‍ഷത്തെയും, കര്‍ഷകര്‍ വാങ്ങിയതും, വിറ്റതുമായ വിലസൂചികയുടെ വാര്‍ഷിക ശരാശരി അനുബന്ധം 1.37 -ല്‍ കൊടുത്തിട്ടുണ്ട്.

വേതനം

കാര്‍ഷിക മേഖലയില്‍ വിദഗ്ധ തൊഴിലാളികളുടെ ദിവസ വേതന നിരക്ക് 2016-17 -ല്‍ അതിന് മുൻവര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു. മരപ്പണിക്കാരുടേയും കല്‍പ്പണിക്കാരുടെയും ദിവസ വേതന നിരക്ക് 2015-16 -ല്‍ 746.17 രൂപയും 753.08 രൂപയുമായിരുന്നത് യഥാക്രമം 792.83 രൂപയായും 789.50 രൂപയായും വര്‍ദ്ധിച്ചു. ശതമാന കണക്കില്‍ മരപ്പണിക്കാരന്റെയും, കല്‍പ്പണിക്കാരന്റെയും ദിവസ വേതന നിരക്ക് 2016-17 -ല്‍ 6.2 ശതമാനമായും, 4.81 ശതമാനമായും വര്‍ദ്ധിച്ചു. കാര്‍ഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ 2005-06 മുതല്‍ 2016-17 വരെയുളള ശരാശരി ദിവസ വേതന നിരക്ക് അനുബന്ധം 1.38 -ല്‍ കൊടുത്തിട്ടുണ്ട്.

അസംഘടിത മേഖലയിലെ പുരുഷ – സ്ത്രീ അവിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് 2016-17 ല്‍ യഥാക്രമം 608.29 രൂപയായും (3.7 ശതമാനം) 447.85 രൂപയായും (6.07 ശതമാനം) വര്‍ദ്ധിച്ചു. 2005-06 മുതല്‍ വേതന നിരക്ക് വര്‍ദ്ധിച്ചിരുന്നെങ്കിലും പാടത്ത് പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ വേതനം പുരുഷ തൊഴിലാളികളെക്കാള്‍ കുറവാണ്. കാര്‍ഷിക മേഖലയിലെ അവിദഗ്ധ തൊഴിലാളികളുടെ 2005-06 മുതല്‍ 2016-17 വരെയുളള ദിവസ വേതന നിരക്ക് അനുബന്ധം 1.39 -ല്‍ കൊടുത്തിട്ടുണ്ട്.

വില നിയന്ത്രണ സംവിധാനം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ രീതിയില്‍ സാധനങ്ങളുടെ വില നിരീക്ഷിച്ച് വരുകയും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍, ശക്തമായ പൊതു വിതരണസമ്പ്രദായം ആവിഷ്കരിക്കുകയും, കൂടാതെ ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ മുഖേന അവശ്യസാധനങ്ങള്‍ മിതമായ വിലയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കുകയും ചെയ്തു. സംസ്ഥാനത്ത് അരിയുടെ ദൗർ‍ലഭ്യം പരിഹരിക്കുന്നതിനും കൂടാതെ മിതമായ വിലയ്ക്ക് വിതരണം ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആന്ധ്രാപ്രദേശില്‍ നിന്ന് അരി ഇറക്കുമതി ചെയ്തിരുന്നു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റത്തിനെതിരെ പല നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രധാനമായും പയർവർഗ്ഗങ്ങള്‍ ആഭ്യന്തരമായി സംഭരിക്കുകയും, ഇറക്കുമതി ചെയ്യുകയും അവ കരുതലായി സൂക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഉരുളക്കിഴങ്ങ്, ഗോതമ്പ്, പാം ഓയില്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുകയും, ആഭ്യന്തര ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, 500,000 ടണ്‍ അസംസ്കൃത പഞ്ചസാര ചുങ്ക രഹിതമായി ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ചു.